Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, May 20, 2011

അധാര്‍മികം; ജനാധിപത്യവിരുദ്ധം

ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ജനുവരിമുതല്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ജനാധിപത്യവിരുദ്ധവും അധാര്‍മികവും ഭരണഘടനാവിരുദ്ധവുമാണ്. ജനങ്ങള്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത മന്ത്രിസഭതന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാരോഹണത്തിനു മുമ്പ് കേരളത്തിലുണ്ടായിരുന്നത്. ഭരണഘടനാപരമായ സാധുതയുള്ളവയാണ് ആ മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളോരോന്നും. അതെല്ലാം പുനഃപരിശോധിക്കുമെന്നും തിരുത്തുമെന്നും അന്ന് ജനങ്ങളാല്‍ അധികാരത്തിന് പുറത്ത് നിര്‍ത്തപ്പെട്ടിരുന്ന ഒരാള്‍ ഇന്നു വന്ന് പറയുന്നത് ജനാധിപത്യപരമായ ധാര്‍ഷ്ട്യമല്ലാതെ മറ്റൊന്നുമല്ല.



ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി മന്ത്രിസഭയെ കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത് സത്യപ്രതിജ്ഞ ചെയ്ത 2011 മെയ് 18 മുതല്‍ കേരളത്തിന്റെ ഭരണം നടത്താനാണ്. മുന്‍കാല പ്രാബല്യമൊന്നും ഈ ഭരണത്തിനില്ല. മെയ് 17 വരെയുള്ള ഘട്ടത്തില്‍ അധികാരത്തിലുണ്ടായിരുന്ന മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളെ മെയ് 18ന് അധികാരത്തില്‍ വന്ന മന്ത്രിസഭയ്ക്ക് തിരുത്താന്‍ ഒരുവിധ അവകാശവുമില്ല. ഇത് അനുവദിച്ചുകൊടുത്താല്‍ 2006 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ തുടര്‍ന്നുള്ള അഞ്ചുവര്‍ഷങ്ങളില്‍ ചെയ്തതൊക്കെ 2011ല്‍ അധികാരത്തില്‍ വന്നവര്‍ക്ക് തിരുത്താമെന്ന നില വരും. അങ്ങനെ വന്നാല്‍ പിന്നെ ജനാധിപത്യത്തിനെന്താണ് പ്രസക്തി? ജനാധിപത്യം ഒരു പ്രഖ്യാപനമാവുകയേയുള്ളൂ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭ എപ്പോള്‍ അധികാരത്തില്‍ വന്നാലും ഈ അധാര്‍മികതയുടെ വഴിയാണ് തെരഞ്ഞെടുക്കാറുള്ളത്.



1957ലും 67ലും കേരളത്തില്‍ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭ ചെയ്ത നല്ലകാര്യങ്ങളെപ്പോലും തിരുത്താനുള്ള ശ്രമങ്ങള്‍ തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നേതൃത്വ സര്‍ക്കാരുകള്‍ നടത്തിയത് കേരളത്തിന് മറക്കാവുന്നതല്ല. കാര്‍ഷികബന്ധ ബില്‍ , വിദ്യാഭ്യാസ ബില്‍ എന്നിവ നിയമമാക്കുന്നതില്‍ അസഹിഷ്ണുതയുള്ളവരായിരുന്നു കോണ്‍ഗ്രസുകാര്‍ . പിന്നീട് അധികാരത്തില്‍ വന്ന വേളയില്‍ ഇതിലൊക്കെ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയത്. ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സ് നിയമമായപ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. ഭരണത്തിന്റെ അടിസ്ഥാനഘടകം പഞ്ചായത്താക്കുംവിധം ഫലപ്രദമായി അധികാരവികേന്ദ്രീകരണത്തിന് പ്രായോഗിക രൂപം നല്‍കുന്ന നിയമം കൊണ്ടുവന്നതിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. ഈ വഴിക്ക് നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുംവേണ്ടി കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട നടപടികളെയാകെ പൊളിക്കാന്‍ ശ്രമിച്ച ചരിത്രമാണ് തൊട്ടു പിന്നീട് വന്ന കോണ്‍ഗ്രസ് നേതൃത്വ സര്‍ക്കാരുകള്‍ക്കുള്ളത്. 1957ലെ ഭൂപരിഷ്കരണനിയമത്തിലെ പ്രസക്തമായ വകുപ്പുകളെ നിര്‍വീര്യമാക്കാന്‍ എന്തൊരു വ്യഗ്രതയായിരുന്നു പിന്നാലെ വന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്. അന്ന് കൊണ്ടുവന്ന സഹകരണ നിയമത്തില്‍ വെള്ളംചേര്‍ക്കാന്‍ എന്തൊരു താല്‍പ്പര്യമായിരുന്നു പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്. ഭൂപ്രമാണിമാര്‍ക്കും മുതലാളിമാര്‍ക്കുംവേണ്ടി പുരോഗമനനടപടികളെ തിരുത്തിക്കൊടുക്കുന്നതിനുള്ള ഏജന്‍സിപ്പണി ഏറ്റെടുത്തവരാണോ ഇവര്‍ എന്നു തോന്നുമായിരുന്നു അന്നത്തെ ഇവരുടെ ജനാധിപത്യവിരുദ്ധ-പുരോഗമനവിരുദ്ധ വ്യഗ്രതകള്‍ കണ്ടാല്‍ . ആ ദുഷിച്ച രാഷ്ട്രീയപൈതൃകം കൈയൊഴിയാന്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും തയ്യാറാകുന്നില്ല എന്നതിന്റെ വിളംബരമാണ് സത്യപ്രതിജ്ഞചെയ്തയുടന്‍ അദ്ദേഹം പറഞ്ഞ വാക്കുകളില്‍ മുഴങ്ങിനില്‍ക്കുന്നത്. ഏതായാലും ഈ തീരുമാനത്തിനു പിന്നില്‍ ചില ദുരുദ്ദേശ്യങ്ങളുള്ളതായി കാണാന്‍ വിഷമമില്ല. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുനരന്വേഷണമുണ്ടാവുമെന്നു വന്നത് 2011 ജനുവരിക്കുശേഷമുള്ള ഘട്ടത്തിലാണ്. അത് ഇല്ലായ്മചെയ്യാനുള്ള വ്യഗ്രതയാണോ ഈ തീരുമാനത്തിന് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. മുന്‍കാല പ്രാബല്യത്തോടെ ഭരണം നടത്താനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനമെങ്കില്‍ അദ്ദേഹം ആദ്യംചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മന്ത്രിയായിരിക്കെ താന്‍ വഴിവിട്ട് ചിലത് ചെയ്തുവെന്ന് കുറ്റസമ്മതം നടത്തിയ ഒരു വ്യക്തി അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നുണ്ട്. പ്രീതിയോ, ഭീതിയോ കൂടാതെ ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞചെയ്താണ് അദ്ദേഹവും അധികാരത്തില്‍ വന്നത്. ആ സത്യപ്രതിജ്ഞ ലംഘിച്ചുകൊണ്ട് വഴിവിട്ട് ചെയ്ത കാര്യങ്ങള്‍ , തെറ്റുകള്‍ , കുറ്റങ്ങള്‍ ഒക്കെ എന്താണെന്നത് അന്വേഷിക്കേണ്ടതല്ലേ? ഉമ്മന്‍ചാണ്ടിയുടെ പുനഃപരിശോധനാ കാലയളവ്, തെറ്റുചെയ്തയാള്‍തന്നെ ഏറ്റുപറഞ്ഞിട്ട് എന്തുകൊണ്ടാണ് ആ കാലയളവിലേക്ക് നീളാത്തത്? ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണനിവാരണ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ മറവില്‍ 250 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ കെ രാമചന്ദ്രന്‍ പരസ്യമായി പറഞ്ഞത് ഉമ്മന്‍ചാണ്ടി കേട്ടില്ലെന്നുണ്ടോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ താല്‍പ്പര്യത്തിലായിരുന്നു അഴിമതി എന്നും അതിനു കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മന്ത്രിസഭയില്‍നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി എന്നും കെ കെ രാമചന്ദ്രന്‍ വിശദീകരിച്ചു. ആ നടപടിയെക്കുറിച്ച് അന്വേഷിക്കേണ്ടതല്ലേ? പുനഃപരിശോധനയുടെ കാലയളവ് ഉമ്മന്‍ചാണ്ടി അവിടേക്ക് നീട്ടാന്‍ സന്നദ്ധനാവുമോ?



സ്മാര്‍ട്ട് സിറ്റി കരാര്‍ അംഗീകരിച്ചത് 2011 ജനുവരിക്കുശേഷമാണ്. മുമ്പ് ഇതേ പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും അഴിമതി നടത്തിയെന്ന് ആരോപിച്ച ഒരാളും ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലുണ്ട്. സൈന്‍ബോര്‍ഡ് ഇടപാടിലൂടെയും ലോട്ടറി ഇടപാടിലൂടെയും കോടികള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും തട്ടിയെടുത്തു എന്ന് ആക്ഷേപിച്ച വ്യക്തി ഉമ്മന്‍ചാണ്ടിയുടെ സഹമന്ത്രിയായിരുന്ന് ഭരണം നടത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ പുനഃപരിശോധനാ പദ്ധതി യഥാര്‍ഥത്തില്‍ നടപ്പാകേണ്ടത് ആ കാലഘട്ടത്തെ മുന്‍നിര്‍ത്തിയാണ്. അന്വേഷിക്കേണ്ടത് ആ ആരോപണങ്ങളെക്കുറിച്ചാണ്; ഉമ്മന്‍ചാണ്ടിയെക്കുറിച്ചു തന്നെയാണ്. അത് അന്വേഷിക്കാന്‍ കഴിയുമോ ഉമ്മന്‍ചാണ്ടിക്ക്. ആരോപണങ്ങള്‍ നിയമസഭാരേഖകളില്‍തന്നെയുണ്ട്. അഴിമതിക്ക് തെളിവു തരാമെന്നു പറഞ്ഞയാള്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലും! യഥാര്‍ഥത്തില്‍ അന്വേഷണം ആവശ്യമുള്ള ഇതെല്ലാം വിട്ട്, ഉമ്മന്‍ചാണ്ടി മറ്റൊരു വഴിക്ക് നീങ്ങാനാണ് പോവുന്നത്. പതിറ്റാണ്ടുകളായി ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ എവിടെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരെ പിടിച്ചു പുറത്താക്കി ആ തസ്തികകള്‍ ഒഴിച്ചെടുക്കുക; നിയമപ്രകാരം നിയമിതരായ പൊതുമേഖലാസ്ഥാപനങ്ങളിലെ യോഗ്യരെ പുറത്താക്കി സില്‍ബന്തികളെ വയ്ക്കുക തുടങ്ങിയവയ്ക്കുള്ള പദ്ധതികളാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും മനസ്സില്‍ . ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പുനരന്വേഷണം അട്ടിമറിക്കലാണ് ആത്യന്തിക ലക്ഷ്യം. ആ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ പുനരന്വേഷണത്തിലാണ്. പി കെ കുഞ്ഞാലിക്കുട്ടിയുടെയും മറ്റും അനധികൃത സ്വത്തുസമ്പാദനം, പീഡനത്തിനിരയായ റജീനയുടെ മൊഴി മാറ്റിയത് സംബന്ധിച്ച ഗൂഢാലോചന, പീഡനത്തിനിരയായ ബിന്ദുവിന്റെ മൊഴിയില്‍ കള്ളയൊപ്പിട്ടത് എന്നിവ സംബന്ധിച്ചുള്ള കേസുകള്‍ . എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അത് പുരോഗമിക്കവെയാണ് ആ എഡിജിപിക്കും മുകളിലുള്ള മന്ത്രിസ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടിയെ ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയത്. അപ്പോള്‍തന്നെ ആര്‍ക്കും ഊഹിക്കാം അന്വേഷണത്തിന്റെ കഥ എന്താവുമെന്ന്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പുനഃപരിശോധനാ തീരുമാനംകൂടി വന്നപ്പോള്‍ സംശയത്തിനേ ഇട വേണ്ടെന്ന നിലയായി. അന്വേഷണവിധേയരായവരെ, അന്വേഷണ ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കാനധികാരമുള്ള മന്ത്രിസഭയിലെടുത്തതിനെക്കുറിച്ച് വിശദീകരിക്കാന്‍ ബാധ്യസ്ഥനാണ് ഉമ്മന്‍ചാണ്ടി. അത് ചെയ്യാന്‍ അദ്ദേഹത്തിനാവില്ല. കേസുതന്നെ ഇല്ലാതാക്കി അവരെ രക്ഷിക്കാനാണിപ്പോള്‍ വ്യഗ്രത. അതിന്റെ പ്രതിഫലനമാണ് ജനുവരി ഒന്നുമുതലുള്ള തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനത്തിലുള്ളത്. ജനങ്ങള്‍ ഇത് കാണുന്നുണ്ട് എന്നുമാത്രം ഈ വേളയില്‍ പറയട്ടെ!

(കടപ്പാടു് - ദേശാഭിമാനി - മുഖപ്രസംഗം - 20-05-2011)

Tuesday, May 17, 2011

കേരളത്തിലെ വ്യവസായ വികസനം - സംരംഭകത്വവും ചെറുകിട-ഇടത്തരം സ്വകാര്യ സംരംഭങ്ങളും പൊതുമേഖലയും

ഇക്കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലം കേരളത്തിന്റെ വികസന വസന്തമായിരുന്നു എന്ന കാര്യം അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കേന്ദ്ര നിരക്കിനേക്കാളുപരി വളര്‍ച്ച കേരളം കാണിച്ചിരിക്കുന്നു. ഗുജറാത്തിനു് തൊട്ടു് താഴെ കേരളം എത്തിയിരിക്കുന്നു. ഗുജറാത്തിനു് സ്വപ്നം കാണാന്‍ പോലുമാകാത്തത്ര വ്യാപകമായ സാമൂഹ്യ ക്ഷേമ നടപടികള്‍ തുടര്‍ന്നുകൊണ്ടാണു് കേരളം വികസന രംഗത്തും മുന്നേറ്റം കുറിച്ചതു്. സാമൂഹ്യ ക്ഷേമരംഗത്തെന്ന പോലെ വികസന രംഗത്തും തനതു് നിക്ഷേപം ഉയര്‍ത്തിക്കൊണ്ടു് ജനജീവിതം മെച്ചപ്പെടുത്തിയും ജനങ്ങളുടെ ക്രയ ശേഷി ഉയര്‍ത്തിയും കമ്പോള വികസനം സാദ്ധ്യമാക്കുന്നതിലൂടെ സ്വകാര്യ മൂലധന നിക്ഷേപത്തിനു് സ്വാഭാവികമായ പ്രോത്സാഹനം നല്‍കുകയാണു് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നു് വ്യക്തം. അതാണു് വ്യവസായ വികസനത്തിന്റെ ശരിയായ മാര്‍ഗ്ഗം. അതല്ലാതെ, സ്വകാര്യ മൂലധനത്തിനു് മത്സരിച്ചു് ഇളവുകള്‍ നല്‍കി പൊതുപ്പണം ധൂര്‍ത്തടിക്കുകയും ജനങ്ങളെ പാപ്പരാക്കുകയുമല്ല സര്‍ക്കാരിന്റെ ധര്‍മ്മം. ഇക്കാര്യത്തില്‍ വിഎസ് സര്‍ക്കാരിനു് അഭിമാനിക്കാം.

എന്നാല്‍ വ്യവസായ വികസനത്തിന്റെ കാര്യത്തില്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടു്. കേരളത്തില്‍ ബാങ്കുകളുടെ നിക്ഷേപം കുറഞ്ഞു വരുന്ന പ്രവണത ഇന്നും തുടരുന്നു. കേരളത്തില്‍ നിന്നു് വേണ്ടത്ര സംരഭകര്‍ മുന്നോട്ടു് വരുന്നില്ല എന്നു് പറയപ്പെടുന്നു. സംരംഭകത്വത്തിന്റെ അഭാവമാണു് കേരളത്തിലെ വ്യവസായ വികസനത്തിനു് തടസ്സം നില്‍ക്കുന്ന പ്രധാന ഘടകമെന്ന ഒരഭിപ്രായം ശക്തമായി പല കോണുകളില്‍ നിന്നും ഉയര്‍ത്തപ്പെടുന്നുണ്ടു്. മലയാളി പുറത്തു് പോയി പണിയെടുക്കുന്നതില്‍ മുമ്പന്തിയിലാണു്. സ്വന്തം സ്ഥലത്തു് ഒരു പണിയുമെടുക്കില്ല. സംരംഭകത്വം തീരെയില്ല. തുടങ്ങി ഒട്ടേറെ വാദഗതികള്‍ ഉയര്‍ന്നു് കേള്‍ക്കാം.

സംരംഭകത്വമെന്നാല്‍ വ്യവസായ സംരംഭകത്വം മാത്രമാണെന്നു് എങ്ങിനെയോ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.
വ്യവസായ സംരംഭകത്വം പ്രധാനമാണു്. കാരണം കൃഷിയുള്‍പ്പെടെ എല്ലാ ഉല്പാദന-പശ്ചാത്തല നിര്‍മ്മാണ-സേവന പ്രവര്‍ത്തനങ്ങളും (ചുരുക്കത്തില്‍ സമ്പത്തുല്പാദന-വിതരണ പ്രവര്‍ത്തനങ്ങളും) ഇന്നു് വ്യവസായാടിസ്ഥാനത്തിലാണു് നടത്തപ്പെടുന്നതു്. വ്യവസായ സംരംഭത്തിന്റെ ഘടന വ്യത്യസ്ഥമാകാം.

ഉടമസ്ഥതയുടെ കാര്യത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സംയുക്തം, സഹകരണം, ചാരിറ്റബിള്‍ (മഹാത്മാ ഗാന്ധിയുടെ ട്രസ്റ്റീഷിപ്പു്) സ്വകാര്യം തുടങ്ങി ഒട്ടേറെ രൂപങ്ങളുണ്ടു്. ഇനിയും പരീക്ഷിക്കപ്പെടാത്തവയുമാകാം.

നടത്തിപ്പിന്റെ കാര്യത്തില്‍ ഇപ്പോള്‍ നമുക്കു് സുപരിചിതം ഏകാധിപത്യപരമായതു് മാത്രമാണു്. അതില്‍ പോലും താഴെ നിന്നു് പ്രതികരണം എടുക്കുന്നുണ്ടു്. പക്ഷെ, അതു് വികലമായ മൂശയിലാണു് വിശകലനം ചെയ്യപ്പെടുകയും തീരുമാനങ്ങളാക്കപ്പെടുകയും ചെയ്യുന്നതു്. നല്ല സിഇഒ യെ കിട്ടിയാല്‍ (നൂറിലൊന്നു് പോലും കാണാറില്ല) സ്ഥിതി മാറും. ഇതിനെല്ലാമുപരി, വ്യവസ്ഥിതിയുടെ തടവറയിലാണു് പ്രവര്‍ത്തനം എന്ന കാര്യം കാണാതെ പോയിക്കൂടാ.

പക്ഷെ, ഈ വ്യവസ്ഥിതി സൃഷ്ടിച്ചിരിക്കുന്ന തടവറ (ചട്ടക്കൂടു്) പൊളിക്കപ്പെടണമെങ്കില്‍‌ നിലവിലുള്ള ഇതേ വ്യവസ്ഥയില്‍ പുതിയ ഭാവി വ്യവസ്ഥിതിക്കനുയോജ്യമായ ഉള്ളടക്കം (വ്യവസായ ഘടന, നടത്തിപ്പു് രീതികള്‍, തൊഴില്‍ ബന്ധം തുടങ്ങിയവയെല്ലാം) ഉരുത്തിരിച്ചെടുക്കേണ്ടതുണ്ടു്. അവയോടു് സമൂഹ പ്രതികരണത്തിന്റേയും അവയുടെ സ്വീകാര്യതയുടേയും അവയിലുണ്ടാകുന്ന വിശ്വാസത്തിന്റേയും അടിസ്ഥാനത്തില്‍ മാത്രമേ സമൂഹം അതിലേക്കു് നീങ്ങുകയുള്ളു. അങ്ങിനെ ഈ ഘടകങ്ങളെല്ലാം ഒത്തൊരുമിച്ചു് (ഭൂരിപക്ഷമെങ്കിലും) വരികയും നിലവിലുള്ള വ്യവസ്ഥിതിയുടെ ചാക്രിക പ്രതിസന്ധി (അതിനും ചാക്രിക സ്വഭാവമുണ്ടു്) രൂക്ഷമാകുകയും അതു് താങ്ങാനാവാത്ത തലത്തിലേക്കു് എത്തുകയും ചെയ്യുമ്പോളാണു് മാറ്റം ഒരു അനിവാര്യമായ ആവശ്യമായി സമൂഹം ഏറ്റെടുക്കുന്നതും നിലവിലുള്ളവ തച്ചുടക്കപ്പെടുന്നതും പുതിയവ നിലവില്‍ വരുത്തുന്നതും. ഇതിനേയാണു് വിപ്ലവമെന്നു് വിളിക്കുന്നതു്. വിപ്ലവം നശീകരണാത്മകമല്ല, സൃഷ്ടിപരമാണു്. അതിനാകട്ടെ വലിയ തോതില്‍ സംരംഭകത്വം ആവശ്യമാണു്.

ചുരുക്കത്തില്‍ നിലവിലുള്ള സാമൂഹ്യ ചുറ്റുപാടിലും ഘടനയിലും തന്നെ ഭാവി സമൂഹത്തിന്റെ പല ഘടകങ്ങളും ഉരുത്തിരിയേണ്ടതുണ്ടു്. അതിനോടൊപ്പം ഭാവി സമൂഹത്തിനും ആവശ്യമുള്ളതാണു് സംരംഭകത്വം എന്ന മാനുഷിക ശേഷി. അതു് മുതലാളിത്തത്തോടെ മാത്രം സൃഷ്ടിക്കപ്പെട്ടതല്ല. മുതലാളിത്തത്തോടെ സംരംഭകത്വം അവസാനിക്കുന്നതുമല്ല. വ്യവസായ സംരംഭകത്വം മാത്രമാണു് മുതലാളിത്തത്തിന്റെ സൃഷ്ടി. അതില്‍ പോലും തൊഴിലാളിക്കും സംരംഭകത്വമുണ്ടു്. നിലവിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതുപയോഗിച്ചു് തന്റെ അദ്ധ്വാനം ലഘൂകരിക്കാനുള്ള തൊഴിലാളിയുടെ സഹജ വാസനയാണു് ഇന്നു് നാം കാണുന്ന എല്ലാ പുതിയ പരിഷ്കാരങ്ങളുടേയും ഉപകരണങ്ങളുടേയും നവീകരണങ്ങളുടേയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകത്വം. മൂലധന ഉടമയുടെ സംരംഭകത്വം നിര്‍ണ്ണീതമാകുന്നതു് ലാഭം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നവീകരിക്കുന്നതിലാണു്. അതിന്റെ ഭാഗമായി അവര്‍ തൊഴിലാളികള്‍ ഉപയോഗിച്ചു് വന്ന പുതിയ രീതികള്‍ ക്രോഡീകരിച്ചു് നവീകരിച്ച രീതികളും ഉപകരണങ്ങളും വീണ്ടും തൊഴിലാളിയെ ഏല്പിക്കും.

ജന്മിത്വ ഘട്ടത്തിലും സംരംഭകത്വം ഉണ്ടായിരുന്നിരിക്കണം. ജന്മിക്കും കുടിയാനും അടിയാനും അതുണ്ടായിരുന്നേ തീരൂ. അടിമത്ത ഘട്ടത്തില്‍ പോലും അടിമ ഉടമയ്ക്കും അടിമയ്ക്കും അതുണ്ടായിരിക്കണം. ‌അതിനു് മുമ്പു് പ്രാകൃത സമത്വ സമൂഹത്തിലും അതുണ്ടായിരുന്നിരിക്കും. അവരുടെ സംരംഭകത്വവും (ഒരു പക്ഷെ ആ ഘട്ടത്തിലതിനു് പറയേണ്ടതു് സംരംഭകത്വമെന്നു് പോലുമല്ല, ധീരതയെന്നോ മറ്റോ ആണു്) അതിന്റെ നേട്ടങ്ങളുമാണു് പ്രകൃതി പ്രതിഭാസങ്ങളെ വരുതിയിലാക്കാനും ഉല്പാദനം എന്ന പ്രക്രിയ തന്നെ കണ്ടത്താനും സമൂഹത്തെ സഹായിച്ചതു്. സംരംഭകത്വമെന്നതു് ഒരു മാനവിക ശേഷിയാണു്. അതു് പ്രോത്സാഹിപ്പിക്കപ്പെടുക തന്നെ വേണം. എതിര്‍ക്കപ്പെടേണ്ടതു് സംരംഭകത്വം ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ബഹുജനങ്ങളുടെ പാപ്പരീകരണത്തിനുമായി ഉപയോഗിക്കപ്പെടുന്നതാണു്.

വ്യക്തി ഗത സംരംഭകത്വത്തിന്റെ സ്വീകാര്യമായ ഉദാഹരണങ്ങളാണു് സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍. അവര്‍ സാമൂഹ്യ സംരംഭകരായിരുന്നു. ചരിത്രത്തിലുടനീളം നമുക്കവരെ കാണാം. സോക്രട്ടീസും ബുദ്ധനും ക്രിസ്തുവും നബിയും മാര്‍ക്സും ഏംഗത്സും ലെനിനും ഗാന്ധിയും സുബാഷ് ചന്ദ്ര ബോസും വിവേകാനന്ദനും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഏകെജിയും ഇഎംഎസും തുടങ്ങി ആ നിര എത്ര വേണമെങ്കിലും നീട്ടാം. രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനം സംരംഭകത്വം ആവശ്യപ്പെടുന്നു. അതു് ചൂഷകര്‍ക്കു് വേണ്ടിയോ ചൂഷിതര്‍ക്കു് വേണ്ടിയോ ഉപയോഗിക്കപ്പെടുന്നതു് എന്നതിലാണു് വ്യത്യാസം കാണേണ്ടതു്.

സ്വാഗതാര്‍ഹമായ സാമൂഹ്യ സംരംഭകത്വത്തിന്റെ മൂര്‍ത്തമായ രൂപങ്ങളായ പൊതു മേഖലാ സംരംഭങ്ങള്‍ ഇന്നു് സ്വകാര്യ കുത്തകകള്‍ക്കു് തീരെ സ്വീകാര്യമല്ല. അവര്‍ അതു് പൊളിച്ചെടുക്കാന്‍ കയ്യും മെയ്യും മറന്നു് പ്രവര്‍ത്തിക്കുകയാണു്. അതിനു് മൂലധന കുത്തകകള്‍ നയിക്കുന്ന ഭരണ കൂടം കൂട്ടു് നില്കുന്നു. സ്വകാര്യ മൂലധന കുത്തക സ്ഥാപനങ്ങള്‍ സ്വകാര്യ സംരംഭമായി മാത്രമാണു് കണക്കാക്കപ്പെടുന്നെങ്കിലും അതും സാമൂഹ്യ സംരംഭകത്വത്തത്തിന്റെ രൂപം തന്നെയാണു്. പക്ഷെ, അതിന്റെ പ്രവര്‍ത്തന രീതി ബഹുജനങ്ങളുടെ ശോഷണമാണു്. ലക്ഷ്യം ഗുണഫലം വ്യക്തി ഗതമായി കയ്യടക്കലുമാണു്. സ്വാഭാവികമായും അതു് സമൂഹത്തിനു് പൊതുവെ സ്വീകാര്യമാകാന്‍ തരമില്ല. ഇത്തരം സ്വകാര്യ മൂലധന കുത്തകകള്‍ക്കെതിരായ പൊതു ബോധം സ്വകാര്യ സംരംഭകത്വത്തോടുള്ള എതിര്‍പ്പായും സാമൂഹ്യ സംരംഭകത്വത്തോടു് തന്നെയുള്ള എതിര്‍പ്പായും കലാശിക്കുന്നുണ്ടു്.

സംരംഭങ്ങളും അതിനാല്‍ തന്നെ സംരംഭകത്വവും സമൂഹത്തിന്റെ ആവശ്യമാണു്. സ്വകാര്യവും സാമൂഹ്യവുമായ സംരംഭകത്വവും സ്വീകാര്യമാകണം. പക്ഷെ, സംരംഭകത്വമെന്നതു് ചൂഷണത്തിന്റെ പര്യായമായി കണക്കാക്കപ്പെടുന്നതാണു് പ്രശ്നം. സംരംഭകത്വമെന്ന മാനുഷിക മൂല്യമല്ല, ചൂഷണ ത്വരയാണു് എതിര്‍ക്കപ്പെടേണ്ടതു്.

സ്വകാര്യ സംരംഭങ്ങള്‍ ഇന്നു് നമ്മുടെ നാട്ടില്‍ കൂടിയേ തീരൂ. കാരണം സാമൂഹ്യ സംരംഭകത്വം നിര്‍ണ്ണായക വലിപ്പം കൈവരിച്ചിട്ടില്ല. അതിനാല്‍ സാമൂഹ്യ സംരംഭങ്ങളെന്ന നിലയില്‍ പൊതു മേഖല പ്രോത്സാഹിപ്പിക്കപ്പെടുന്നതു് പോലെ തന്നെ ചെറുകിട-ഇടത്തരം സ്വകാര്യ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കപ്പെടണം. പൊതു മേഖലയും ചെറുകിട-ഇടത്തരം സ്വകാര്യ മേഖലയും ആഗോള ധന മൂലധനാധിപത്യത്തിന്റെ കുത്തകക്കെതിരെ ജനങ്ങളുടെ പരിചയായി വര്‍ത്തിക്കണം. അതേ സമയം പൊതു മേഖല ചെറുകിട ഇടത്തരം സംരംഭങ്ങളെ നശിപ്പിക്കരുതു്. മൂലധന കുത്തകക്കെതിരെ ജനങ്ങളുടെ പരിചയായി വര്‍ത്തിക്കുന്നതിന്റെ ഭാഗമായി പൊതു മേഖല ചെറുകിട സംരംഭങ്ങളുടേയും സംരക്ഷണ കവചമായി പ്രവര്‍ത്തിക്കേണ്ടതാണു്.

ഇന്നു് കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുമായി മാത്രം മത്സരത്തിലേര്‍പ്പെടുകയും അവയ്ക്കു് കിട്ടേണ്ട സര്‍ക്കാര്‍ ജോലികള്‍ തങ്ങളുടെ കുത്തകയാക്കി തട്ടിയെടുക്കുകയും ചെയ്യുന്നു. മറുവശത്തു്, സംസ്ഥാനത്തിനു്, സര്‍ക്കാരിനും സമൂഹത്തിനും, ആവശ്യമായ വിപുലമായ പുതിയ അടിസ്ഥാന സേവനങ്ങള്‍ അഖിലേന്ത്യാ കുത്തകകളേയോ ആഗോള കുത്തകകളേയൊ അവര്‍ നിശ്ചയിക്കുന്ന കുത്തക നിരക്കുകളില്‍ ഏല്പിക്കേണ്ട ഗതികേടിലുമാണു് സംസ്ഥാനം എത്തിപ്പെട്ടിട്ടുള്ളതു്. അഖിലേന്ത്യാ കുത്തകകളും ആഗോള കുത്തകകളുമായി മത്സരിച്ചു് സംസ്ഥാനത്തിന്റെ പൊതു താല്പര്യം സംരംക്ഷിക്കാന്‍ ബാധ്യസ്ഥമായ പൊതുമേഖല ഇക്കാര്യത്തില്‍ പിന്നോക്കം പോകുകയും സംസ്ഥാനത്തിനകത്തെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുമായി മാത്രം മത്സരത്തിലേര്‍പ്പെടുകയും ദേശീയ ആഗോള കുത്തകകളുടെ നാടന്‍ ഏജന്‍സിയായി അധ:പതിക്കുകയും ചെയ്യുന്ന സ്ഥിതിയാണിന്നു് നാം കാണുന്നതു്. ഇക്കാര്യത്തില്‍ ഇന്നു് കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളുടെ പങ്കു് വിലയിരുത്തപ്പെടുകയും ആവശ്യമായ മാറ്റങ്ങള്‍ക്കു് അവ തയ്യാറാകുകയും വേണം. സ്വകാര്യ സംരംഭകത്വവും സാമൂഹ്യ സംരംഭകത്വവും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യണം.

ജോസഫ് തോമസ്.

Blog Archive