Posted on: 21-Feb-2012 09:32 AM
സെക്രട്ടറിയറ്റ്- കലക്ടറേറ്റ് വളയല്‍ 23ന്
സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും വലുപ്പവും വ്യാപകമായി ചര്‍ച്ചചെയ്യുന്ന കാലമാണിത്. കാര്യക്ഷമതാരാഹിത്യത്തിന്റെ ചില ദുഃസൂചനകള്‍ ഉയരുന്നുമുണ്ട്. എന്നാല്‍ , സ്വകാര്യമുതലാളിമാരോടുള്ള അമിതതാല്‍പ്പര്യം നിമിത്തം സര്‍ക്കാര്‍ മേഖലയില്‍ പണിയെടുക്കുന്നവരെ കൂട്ടപ്പിരിച്ചുവിടലിന് വിധേയമാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം. രാജ്യത്ത് ഉദ്യോഗസ്ഥര്‍ അമിതമാണെന്നും അനാവശ്യചെലവുകള്‍ ഒഴിവാക്കാന്‍ കുറേപ്പേരെ ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് ന്യായവാദം. ഭരണനിര്‍വഹണത്തിന് ആവശ്യമുള്ളതിലേറെ വിപുലവും സാമ്പത്തികബാധ്യതയ്ക്ക് ഇടവരുത്തുന്നതുമായ ഉദ്യോഗസ്ഥവൃന്ദമാണ് രാജ്യത്തിന്റേതെന്നാണ് ഭരണാധികാരികളുടെ കുറ്റപ്പെടുത്തല്‍ . എന്നാല്‍ , എന്താണ് വസ്തുത? 2008ല്‍ സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക സര്‍വേ സത്യം വെളിപ്പെടുത്തുന്നുണ്ട്. ഇതിനുപുറമെ വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകള്‍ , മാധ്യമ റിപ്പോര്‍ട്ടുകള്‍ , 2001ലെ സെന്‍സസ് എന്നിവയെല്ലാം ഇക്കാര്യം തെളിയിക്കുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനസൂചിക ഒരുലക്ഷം ജനങ്ങള്‍ക്ക് 1622 ആണ്. അതായത് ഒരുലക്ഷം ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1622 പേരെ മാത്രം. മുതലാളിത്തരാജ്യമായ അമേരിക്കയില്‍ ഇത് ഒരുലക്ഷം പേര്‍ക്ക് 7681 ആണ്. 31 ലക്ഷം ജീവനക്കാരുള്ള കേന്ദ്ര ഭരണനിര്‍വഹണം ജനങ്ങളിലെത്തിക്കാന്‍ നിയോഗിച്ചിട്ടുള്ളത് ഒരുലക്ഷം ജനങ്ങള്‍ക്ക് 257 ജീവനക്കാരെയാണ്. 1,394,418 റെയില്‍വേ ജീവനക്കാരെ മാറ്റിനിര്‍ത്തിയാല്‍ ഒരുലക്ഷം ജനങ്ങള്‍ക്ക് സര്‍ക്കാര്‍സേവനം എത്തിക്കേണ്ടവരുടെ എണ്ണം 125 ആയി ചുരുങ്ങും. തത്തുല്യമായ ജനസംഖ്യയ്ക്ക് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നിയോഗിച്ചിട്ടുള്ളത് 840 ഉദ്യോഗസ്ഥരെയും.
മറ്റെല്ലാകാര്യത്തിലും അമേരിക്കയെ മാതൃകയാക്കാന്‍ ശ്രമിക്കുന്ന യുപിഎ സര്‍ക്കാര്‍ ഭരണനിര്‍വഹണത്തില്‍ ആ മാതൃക കണ്ടഭാവം പോലും നടിക്കാതെ നിയമനനിരോധം അടിച്ചേല്‍പ്പിക്കുന്നു. സാമ്പത്തികപ്രതിസന്ധിയുടെ പുതിയകാലത്ത് അതിനെ അതിജീവിക്കാന്‍ മാര്‍ക്സിനെ അന്വേഷിക്കുകയും സര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ലോകമാകെ ചെയ്യുന്നതെങ്കില്‍ ഇന്ത്യയില്‍ ഇപ്പോഴും നേരംവെളുത്തിട്ടില്ലെന്ന അവസ്ഥയാണ്. കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്രസര്‍ക്കാരും പൊതുമേഖലാസ്ഥാപനങ്ങളെ കൈയൊഴിയാനുള്ള നീക്കം ഇപ്പോഴും തുടരുന്നു. ബിജെപി നയിച്ച സര്‍ക്കാരാകട്ടെ പൊതുമേഖലാസ്ഥാപനം പിരിച്ചുവിടുന്നതിന് ഒരു വകുപ്പും ഒരു മന്ത്രിയെയും നിശ്ചയിച്ചതിനും രാജ്യം സാക്ഷിയാണ്. ഇതാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം. ജനങ്ങളുടെയും നാടിന്റെയും ക്ഷേമ-ഐശ്വര്യമല്ല കുത്തകകളുടെ അഭിവൃദ്ധിയാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നത്.
സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണസംവിധാനത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഭരണലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥരുടെ അഭാവം കേരളത്തിലും പ്രകടമാണ്. റവന്യൂ, ആരോഗ്യം, പൊതുവിതരണം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ കുറവ് ജനജീവിതം ദുസ്സഹമാക്കുന്നു. ജനാധിപത്യസംവിധാനം വിജയകരമായി മുന്നേറണമെങ്കില്‍ , ഭരണലക്ഷ്യങ്ങള്‍ സമയബന്ധിതമായി കൈവരിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാരും ഭരണാധികാരികളും കൂടിയേതീരൂ. വസ്തുത ഇതായിരിക്കെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ തസ്തിക വെട്ടിക്കുറയ്ക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉന്നതതല സമിതിയെ നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിലെ യുവജനങ്ങളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് തസ്തിക വെട്ടിക്കുറയ്ക്കാനും നിയമനനിരോധം കൊണ്ടുവരാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം. 2001-2006 കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമനനിരോധം ഏര്‍പ്പെടുത്തുകയും 20000ത്തോളം തസ്തികകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. നിരവധിപൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലും ഇതരസേവന മേഖലകളിലും സര്‍ക്കാര്‍ നിക്ഷേപം കുറച്ചു. 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്ന് ഒരുമാസം പൂര്‍ത്തിയാകുന്നതിനുമുമ്പ് ധവളപത്രമിറക്കുകയും നവ ലിബറല്‍ നയങ്ങള്‍ മറയില്ലാതെ നടപ്പാക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. "സര്‍ക്കാരില്‍നിന്ന്് ഇനിയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും, ഒരു ഫെസിലിറ്റേറ്ററുടെ ചുമതല മാത്രമേ നിര്‍വഹിക്കാനാകൂ എന്നും" അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി പ്രസ്താവന നടത്തി. ഈ പ്രസ്താവന വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പ്രതിഷേധത്തെ വഴിതെറ്റിക്കാന്‍ ജീവനക്കാരെയും ജനങ്ങളെയും തമ്മിലടിപ്പിക്കുകയെന്ന ഹീനതന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ ഉത്തരവാദിത്വം ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയും ഇവര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വളരെ ഭീമമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തായിരുന്നു യുഡിഎഫ് നിഗൂഢ അജന്‍ഡ പുറത്തെടുത്തത്. തുടര്‍ന്ന് നിയമന നിരോധം അടിച്ചേല്‍പ്പിക്കുകയും 15000ത്തോളം തസ്തിക അധികമാണെന്നുപറഞ്ഞ് എടുത്തുകളയുകയും ചെയ്തു. പിന്നീട് വന്ന ഇടതുസര്‍ക്കാരാകട്ടെ 35,000 തസ്തിക പുതുതായി സൃഷ്ടിച്ച് യുവജനങ്ങളുടെ തൊഴില്‍സ്വപ്നങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പകരുകയാണ് ചെയ്തത്. യുഡിഎഫ് അടച്ചുപൂട്ടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയും അതിന്റെ ലാഭംകൊണ്ട് 10 പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് എട്ടുമാസത്തെ സര്‍ക്കാരിന്റെ നടപടികളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ ബോധ്യമാകും. പ്രതിവര്‍ഷം രണ്ടു ശതമാനം വീതം തസ്തിക വെട്ടിക്കുറച്ച് അഞ്ചുവര്‍ഷം കൊണ്ട് 10 ശതമാനം തസ്തിക ഇല്ലാതാക്കിയ യുപിഎ സര്‍ക്കാരിന്റെ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ധനമന്ത്രി കെ എം മാണി ആദ്യം രംഗത്തുവന്നു. പിന്നീട് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കെ എം മാണി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച്് രഹസ്യ ഉത്തരവിറക്കി. ഈ രഹസ്യനീക്കത്തെ ഡിവൈഎഫ്ഐ തുറന്നുകാട്ടുകയും മന്ത്രിസഭാ ഉപസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയുമുണ്ടായി. ഭരണപക്ഷാനുകൂല യുവജനസംഘടനകള്‍ക്കുപോലും ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനായില്ല. ഇത് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുകയും ഇപ്പോഴങ്ങനെയൊരു അജന്‍ഡയില്ലെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവരികയും ചെയ്തു.
വ്യക്തിപരമായി പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിന് താന്‍ എതിരല്ലെന്നാണ് ഭരണപക്ഷ അനുകൂലസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനര്‍ഥം പെന്‍ഷന്‍പ്രായം വര്‍ധന യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമല്ലെന്നാണ്. ഈ സാഹചര്യത്തില്‍ വേണം സംസ്ഥാന സര്‍വീസിലെ അധിക തസ്തിക കണ്ടെത്താനും നിര്‍ത്തലാക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയെ കാണാന്‍ . മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തസ്തികകള്‍ കൃത്യമായും തീരുമാനിക്കപ്പെടുന്നതുവരെ നിര്‍ണായകതസ്തികകള്‍ ഒഴിച്ച് നിയമനം നടത്തരുതെന്നാണ് വിവിധവകുപ്പുകള്‍ക്ക് ധനവകുപ്പ് നല്‍കിയ നിര്‍ദേശം. അധിക തസ്തിക കണ്ടെത്തുന്നതിന്റെ മാനദണ്ഡം എന്താണെന്നത് സംബന്ധിച്ച് ഉത്തരവ് വ്യക്തമായി പറയുന്നില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന് സമാനമായ സമ്പൂര്‍ണനിയമന നിരോധമാണ് ലക്ഷ്യമിടുന്നതെന്ന് പകല്‍പോലെ വ്യക്തം. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ഒരുനിയമനവും നടക്കില്ലെന്ന് ഉറപ്പായി.
റാങ്ക്ലിസ്റ്റുകള്‍ക്ക് രണ്ടുതവണ കാലാവധി നീട്ടിയിട്ടും കാര്യമായി നിയമനങ്ങളൊന്നും നടത്താതെ, സര്‍ക്കാര്‍ പിഎസ്സിയുമായി കൊമ്പുകോര്‍ത്ത് നാടകം കളിച്ചത് തങ്ങളുടെ രഹസ്യ അജന്‍ഡ നടപ്പാക്കുന്നതിന് വേണ്ടിയാണെന്നത് വെളിവായിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്ത 10 പൊതുമേഖലാസ്ഥാപനങ്ങളിലെ 1919 തസ്തികയിലേക്ക് തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് വ്യവസായവകുപ്പ് റദ്ദാക്കിയിരിക്കുന്നു. ഈ സ്ഥാനങ്ങളിലേക്ക് അതത് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകള്‍ക്ക് ഒഴിവുകള്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നു. റാങ്ക്ലിസ്റ്റില്‍ പേരുവന്ന് ജോലികാത്തിരുന്ന ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് എല്ലാ പ്രതീക്ഷകളും കീഴ്മേല്‍ മറിക്കുന്നതാണ് ഈ തീരുമാനം. പുതുതായി ആരംഭിച്ച വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഇതിലേക്കായി തയ്യാറാക്കപ്പെട്ട റാങ്കുലിസ്റ്റുകളില്‍ നിന്നുള്ള നിയമനത്തെക്കുറിച്ചും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിക്ക് കടകവിരുദ്ധമായ നിലപാടാണിത്. ധൃതിപിടിച്ച് റാങ്ക്ലിസ്റ്റ് റദ്ദാക്കി നിയമനാധികാരം സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് കൈമാറ്റംചെയ്യാന്‍ തീരുമാനിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിനു പിന്നില്‍ പോസ്റ്റുകള്‍ ലേലം ചെയ്ത് കോടികള്‍ വാരിക്കൂട്ടാനുള്ള വ്യഗ്രതയാണെന്ന് വ്യക്തം.
സിവില്‍ സര്‍വീസില്‍ അധിക തസ്തികയുണ്ടെന്ന് പ്രഖ്യാപിച്ച് അത് കണ്ടെത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായ സമിതിയെയാണ് നിയോഗിച്ചത്. 2012 ജനുവരി ആറിന് ഇറക്കിയ ഉത്തരവില്‍ , ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതിന്റെ ഫലമായി സര്‍ക്കാര്‍ , പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങളില്‍ അധിക തസ്തിക ഉണ്ടായിട്ടുണ്ടെന്നും അത് കണ്ടെത്തി ഇല്ലാതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ മൂന്നുമാസത്തിനുള്ളില്‍ നല്‍കണമെന്നുമാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവിലൂടെ ഫലത്തില്‍ നിയമനനിരോധം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം നടക്കുന്ന കാലയളവില്‍ ഒരു വകുപ്പധ്യക്ഷനും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുകയില്ല എന്നതാണ് വാസ്തവം. പിഎസ്സി അഡൈ്വസ് ചെയ്തവര്‍ക്കുപോലും യഥാസമയം നിയമനം നല്‍കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. ഫലത്തില്‍ നിയമനനിരോധംമൂലം സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചുനില്‍ക്കുന്ന അഭ്യസ്ത വിദ്യരുടെ സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കുക മാത്രമല്ല, സര്‍വീസിലുള്ളവരുടെ ജീവിതംകൂടി ഇല്ലാതാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.
(ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)