Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, June 6, 2012

അഗ്നിപരീക്ഷകള്‍ അതിജീവിച്ച് - പി കരുണാകരന്‍


(Courtesy : Deshabhimani Daily : Posted on: 06-Jun-2012 12:40 AM) കേരളത്തില്‍ ഒരു മാസത്തിലേറെയായി സിപിഐ എമ്മിനെതിരെ തുടര്‍ച്ചയായ വിമര്‍ശങ്ങളും കള്ളപ്രചാരവേലകളും നടക്കുകയാണ്. ശാസ്ത്രീയമായ തയ്യാറെടുപ്പോടെ കമ്യൂണിസ്റ്റ് വിരുദ്ധ ആശയതരംഗം സൃഷ്ടിക്കുന്നതിന് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഒരുപറ്റം മാധ്യമങ്ങളുടെയും സഹായത്തോടെ ശ്രമം നടക്കുന്നു. ഒഞ്ചിയത്ത് ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടതിനെ ശക്തമായി അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട പാര്‍ടിയാണ് സിപിഐ എം. എന്നാല്‍, കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ടിയായ സിപിഐ എമ്മിനെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള ആയുധമായാണ് ഈ നിര്‍ഭാഗ്യകരമായ കൊലപാതകത്തെ തല്‍പ്പരകക്ഷികള്‍ ഉപയോഗിക്കുന്നത്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ എങ്ങനെ കീഴ്പ്പെടുത്താം, ദുര്‍ബലപ്പെടുത്താം; അതുതന്നെയാണ് ഇതിന്റെ പിന്നിലുള്ള രഹസ്യ അജന്‍ഡ. സിപിഐ എമ്മുകാര്‍ കൊലയാളികളാണെന്നു പറഞ്ഞ് തുടര്‍ച്ചയായ മാധ്യമ വിചാരണയും ചാനല്‍ ചര്‍ച്ചയും നടത്തി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചര്‍ എന്നതുപോലെ പ്രധാന മേഖലയായാണ് മാധ്യമരംഗത്തെയും പരിഗണിക്കുന്നത്. വാര്‍ത്തകള്‍ സത്യസന്ധമായി നല്‍കാനും തെറ്റായ കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരാനും മാധ്യമങ്ങള്‍ക്ക് ചുമതലയുണ്ട്. എന്നാല്‍, അര്‍ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ച് നേതാക്കളെയോ പ്രസ്ഥാനത്തെയോ പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നത് നീതീകരിക്കത്തക്കതല്ല. വ്യത്യസ്ത അഭിപ്രായമുള്ളവരെ ആക്രമിച്ച് കീഴ്പ്പെടുത്തലോ ഇല്ലാതാക്കലോ സിപിഐ എമ്മിന്റെ നയമല്ലെന്ന് പലവട്ടം ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍, ഗീബല്‍സിയന്‍ നുണകള്‍ പ്രചരിപ്പിച്ച് ആടിനെ പട്ടിയെന്നും പട്ടിയെ പേപ്പട്ടിയെന്നും പറഞ്ഞ് തല്ലിക്കൊല്ലുന്ന പ്രചാരണരീതി സമൂഹത്തിന് അപകടകരമാണ്. സഖാക്കള്‍ ജീവന്‍ കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനമാണ് സിപിഐ എം. ആക്രമണങ്ങള്‍കൊണ്ട് തകരുമെങ്കില്‍ സിപിഐ എമ്മിന് കേരളത്തില്‍ നിലനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ മൊയാരത്ത് ശങ്കരന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹത്തെ കോണ്‍ഗ്രസുകാര്‍ അടിച്ചുകൊന്നത്. സര്‍ദാര്‍ ഗോപാലകൃഷ്ണനെ തല്ലിക്കൊന്ന് പുഴയിലിട്ടപ്പോള്‍ സന്തോഷിച്ചത് കോണ്‍ഗ്രസുകാര്‍തന്നെയായിരുന്നു. ഏറനാട്ടില്‍ തോട്ടംതൊഴിലാളികളുടെ കണ്ണിലുണ്ണിയായ കുഞ്ഞാലിയെ വെടിവച്ചുകൊന്നത് കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് സിപിഐ എമ്മില്‍ പ്രവര്‍ത്തിച്ചതിനാണ് കൊടുങ്ങല്ലൂരിലെ അബ്ദുള്‍ ഖാദറിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും അമരക്കാരനായ അഴീക്കോടനെ തീവ്രവാദികള്‍ കൊന്നുതള്ളിയപ്പോള്‍ അവര്‍ക്ക് പിന്തുണയുമായി വന്നത് കോണ്‍ഗ്രസുകാരാണ്. അടിയന്തരാവസ്ഥയില്‍ ബീഡി കമ്പനിക്ക് ബോംബിട്ട് തൊഴിലാളികളെ ആക്രമിച്ച് അവരുടെ നേതാവ് കെളങ്ങരത്ത് ഗോപാലനെ കുത്തി കൊലപ്പെടുത്തിയതില്‍നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ബന്ദ് ദിവസം കണ്ണൂര്‍ ജില്ലയിലെ കുറ്റൂരില്‍ സി പി കരുണാകരനെ കൊലപ്പെടുത്തിയത് ഇതേ അഹിംസാവാദികള്‍തന്നെയാണ്. കര്‍ഷകത്തൊഴിലാളി പ്രവര്‍ത്തകനായ നാല്‍പ്പാടി വാസുവിനെ വെടിവച്ചു കൊന്നു എന്ന് പരസ്യമായി പറഞ്ഞത് മറ്റൊരു കോണ്‍ഗ്രസുകാരനാണെന്ന കാര്യം കേരളത്തിന് മറക്കാന്‍ കഴിയില്ല. പട്ടാപ്പകല്‍ ആളുകള്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് കണ്ണൂര്‍ സേവ്യര്‍ ഹോട്ടലില്‍ കോണ്‍ഗ്രസുകാര്‍ ബോംബെറിഞ്ഞത്. ഈ ആക്രമണത്തിലാണ് ഹോട്ടല്‍ജോലിക്കാരനായ കെ നാണു കൊല ചെയ്യപ്പെട്ടത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസുകാര്‍ക്കുള്‍പ്പെടെ പരിക്ക് പറ്റി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചീമേനി പാര്‍ടി ഓഫീസില്‍ വോട്ട് നില പരിശോധിക്കുന്ന സമയത്ത് ഒരുപറ്റം കോണ്‍ഗ്രസുകാര്‍ ആയുധവുമായി പാര്‍ടി സഖാക്കളെ ആക്രമിച്ചു. കൈയില്‍ പേനയും കടലാസും മാത്രമുള്ള സഖാക്കള്‍ ഓഫീസില്‍ അഭയം തേടി. ആയുധധാരികളായ അക്രമികള്‍ ഓഫീസിനു നേരെ തുടര്‍ച്ചയായി കല്ലേറ് നടത്തി. പിന്നീട് ഓഫീസിനകത്തേക്ക് പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീവച്ചു. ശ്വാസംമുട്ടി വെന്തുമരിക്കുക മാത്രമേ അവര്‍ക്ക് വഴിയുണ്ടായിരുന്നുള്ളൂ. ഓഫീസില്‍നിന്ന് വാതില്‍ തുറന്ന് ഇറങ്ങിയവരെ പുറത്തുനിന്ന സംഘം വെട്ടി നുറുക്കി. ചില സഖാക്കളുടെമേല്‍ പുല്ലിട്ട് തീകൊളുത്തുകയുമാണ് ചെയ്തത്. സ്ഥലം സന്ദര്‍ശിച്ച ഇ എം എസ് ഇതിനെ സാദൃശ്യപ്പെടുത്തിയത് ജാലിയന്‍വാലാബാഗിനോടായിരുന്നു. ഇത്രയും മൃഗീയമായ കൂട്ടക്കൊല സമകാലീന കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ചില സംഭവങ്ങള്‍ മാത്രമാണ് ഇവിടെ അനുസ്മരിച്ചത്. വിദ്യാര്‍ഥി- യുവജന പ്രസ്ഥാനത്തിലെ എത്രയോ ധീരരായ സഖാക്കള്‍ വര്‍ഗീയശക്തികളുടെയും കോണ്‍ഗ്രസിന്റെയും കൊലക്കത്തിക്കിരയായിട്ടുണ്ട്. കൂത്തുപറമ്പിലെ അഞ്ച് ധീരരായ സഖാക്കള്‍ വെടിവെയ്പില്‍ മരിച്ചത് യുഡിഎഫ് ഭരണകാലത്ത് ഒരു മന്ത്രിയുടെ ദുരഭിമാനം സംരക്ഷിക്കാനാണെങ്കില്‍ അതിന് പൂര്‍ണപിന്തുണ നല്‍കിയത് കോണ്‍ഗ്രസ് നേതാവായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ സുവര്‍ണ കാലഘട്ടമായിരുന്നു അടിയന്തരാവസ്ഥ. പൊലീസിന്റെയും സിആര്‍പിയുടെയും അകമ്പടിയോടെ എത്രയെത്ര വായനശാലകളും പാര്‍ടി ഓഫീസുകളുമാണ് അന്ന് തകര്‍ത്തത്. എ കെ ജി ജീവിച്ചിരിക്കുമ്പോള്‍തന്നെ അദ്ദേഹത്തിന്റെ പേരിലുള്ള പെരളശേരി വായനശാല തീയിട്ട് പുസ്തകങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ അവിടെ കത്തിയെരിഞ്ഞത് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആത്മകഥയുടെ ഭാഗങ്ങള്‍കൂടിയാണ്. സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന എ കെ ജിക്കെതിരെ പരസ്യമായി ശകാരവര്‍ഷം മുഴക്കുന്നതിന് അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. ഇത്തരം അതിക്രമങ്ങളെയും കൊലപാതകങ്ങളെയും അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ കായികമായി വകവരുത്തിയ ഒട്ടേറെ സംഭവങ്ങളാണ് കഴിഞ്ഞകാല ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇ പി ജയരാജനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ നടത്തിയ ശ്രമവും പി ജയരാജനെ തിരുവോണദിനത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ വെട്ടി നുറുക്കാന്‍ നടത്തിയ ശ്രമവും പാര്‍ടി നേതാക്കള്‍ക്കെതിരെയുള്ള ആക്രമണങ്ങളല്ലെങ്കില്‍ മറ്റെന്താണ്? അടിയന്തരാവസ്ഥ കാലത്ത് ഇന്നത്തെ പാര്‍ടി സംസ്ഥാന സെക്രട്ടറിയും അന്ന് എംഎല്‍എയുമായിരുന്ന പിണറായി വിജയനെ കണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ ഇഞ്ചിഞ്ചായി മര്‍ദിച്ച് ജയിലില്‍ അടച്ചത് കോണ്‍ഗ്രസ് നയത്തിന്റെ ഭാഗംതന്നെയായിരുന്നു. മുത്തങ്ങ സംഭവത്തില്‍ കേരളത്തിലെ മുന്‍ മന്ത്രികൂടിയായ ടി ശിവദാസമേനോനെയും ഈ ലേഖകനെയും ആയിരക്കണക്കിനു പ്രവര്‍ത്തകരെയും മര്‍ദിച്ചൊതുക്കാന്‍ യുഡിഎഫ് തന്നെയാണ് നേതൃത്വം നല്‍കിയത്. 1974 സെപ്തംബര്‍ നാലിന് നീലേശ്വരം പള്ളിക്കരയില്‍ ബസ് ചാര്‍ജ് വര്‍ധനയ്ക്കെതിരെ നടന്ന സമരത്തെ അതിനിഷ്ഠുരമായി തല്ലിച്ചതച്ച് നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ച അന്നത്തെ കണ്ണൂര്‍ എസ്പി തോമസ് പറഞ്ഞത്- "നിങ്ങളെയൊക്കെ വെടിവച്ചുകൊന്ന് ഞാന്‍ കുറ്റിക്കാട്ടിലെറിയും, ഞാന്‍ കേന്ദ്രത്തില്‍ പോകും. എനിക്കൊരു ചുക്കും വരില്ല. ഇനി ഒരു ചുവന്ന കൊടി ഇവിടെ പറക്കില്ല" എന്നാണ്.&ൃറൂൗീ; പൊലീസിന്റെയും സിആര്‍പിഎഫിന്റെയും തേര്‍വാഴ്ച നടന്ന പിറ്റേദിവസം സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തത്. എസ് പി തോമസിനും ആയുധധാരികളായ സൈനികര്‍ക്കും നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കണ്ണൂരിലും വടകരയിലും കോഴിക്കോട്ടും തൃക്കരിപ്പൂരും നടന്ന അത്യുജ്വല പ്രകടനങ്ങള്‍ തെളിയിക്കുന്നത് ഏത് പ്രതിസന്ധികളെയും അതിജീവിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തിനെയാണ്്. ഏത് കേസിലും പൊലീസുകാര്‍ക്ക് മൊഴിയെടുക്കാം. മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച് കേസ് രജിസ്റ്റര്‍ചെയ്യാം. എന്നാല്‍, മൊഴിയെടുക്കലും വിചാരണ നടത്തലും എഫ്ഐആര്‍ തയ്യാറാക്കലും മാധ്യമങ്ങളുടെ ചുമതലയല്ല. കോടതി വിധിതന്നെ ചൂണ്ടിക്കാണിക്കുന്നത് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേസിന്റെ നിഷ്പക്ഷമായ അന്വേഷണത്തിന് തടസ്സമായിരിക്കും എന്നാണ്. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നത് പിന്നീടാണ് തീരുമാനിക്കുന്നത്. അന്വേഷണം നിഷ്പക്ഷമാണെന്ന് മന്ത്രിമാര്‍ ആണയിട്ട് വ്യക്തമാക്കുന്നു. അന്വേഷണം നടത്തേണ്ടത് ഉദ്യോഗസ്ഥരാണ്, മന്ത്രിമാരല്ല. സംഭവം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ എങ്ങനെയാണ് കേന്ദ്രമന്ത്രിക്കും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സിപിഐ എമ്മിനെ കുറ്റക്കാരാക്കാന്‍ കഴിയുന്നത്? അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിന് നല്‍കുന്ന സന്ദേശമല്ലേ ഇത്. ജനാധിപത്യ സംവിധാനത്തില്‍ ഭരണനിര്‍വഹണം എന്നു പറയുന്നത് മന്ത്രി നേരിട്ടു പോയി അന്വേഷണം നടത്തലല്ല. നീതിന്യായ സംവിധാനത്തിന്റെ സംരക്ഷകരാണ് ജുഡീഷ്യറിയെങ്കില്‍ നീതിനിര്‍വഹണം ഉറപ്പുവരുത്തേണ്ടവരാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും. അതാണിവിടെ ലംഘിക്കപ്പെട്ടത്. ഇത് ഭരണഘടന അനുശാസിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. കുറ്റവാളി ശിക്ഷിക്കപ്പെടണം. എന്നാല്‍, ഇവിടെ ഒരു പാര്‍ടിയുടെ മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കപ്പെടുന്നു. അത് ചെറുത്തില്ലെങ്കില്‍ ഏകാധിപത്യ ഭരണസംവിധാനത്തിലേക്കാണ് ചെന്നെത്തുക. കേരളം ഇന്നനുഭവിക്കുന്ന ഒട്ടേറെ സാമൂഹ്യമാറ്റങ്ങളുടെ ഉടമാവകാശി ആര് എന്ന് ചോദിച്ചാല്‍ ഏത് കമ്യൂണിസ്റ്റ് വിരുദ്ധരും മറുപടി പറയേണ്ടിവരും- കമ്യൂണിസ്റ്റ് പാര്‍ടി ആണെന്ന്. കാര്‍ഷിക പരിഷ്കരണത്തെ, മിച്ചഭൂമി സമരത്തെ, 10 സെന്റിലുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തെ; വിദ്യാഭ്യാസ പരിഷ്കരണത്തെ എതിര്‍ത്തവരും കോടതിയില്‍ പോയവരും ഇന്ന് അതനുഭവിക്കുന്നുണ്ടെങ്കില്‍ ഈ വലിയ പ്രസ്ഥാനത്തിന്റെ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ഭാഗമായാണ്. പരിമിതികളുണ്ടെങ്കിലും കേരളത്തെ മതസൗഹാര്‍ദത്തിന്റെ വേദിയാക്കാന്‍ കഴിഞ്ഞത്, അതിനുവേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായ പ്രസ്ഥാനം ഇവിടെയുള്ളതുകൊണ്ടാണ്. ഇന്ത്യക്ക് മാതൃകയായി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞത് രാഷ്ട്രീയ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന സിപിഐ എമ്മിന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ്. ആ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയെയാണ് തകര്‍ക്കാന്‍ നോക്കുന്നത്.

ഗൂഢാലോചനക്കേസ് : അന്നും ഇന്നും


(Courtesy : Deshabhimani Daily : Posted on: 06-Jun-2012 12:04 AM) കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയെന്ന കുരുട്ടുവിദ്യ പുതിയതല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യ ഭരിക്കുന്ന കാലംമുതല്‍ പയറ്റിനോക്കിയതാണ് ഈ അടവ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി (കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ) യുടെ പിറവി 1920 ഒക്ടോബര്‍ 17ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്കന്‍ഡിലാണ്. രണ്ടുവര്‍ഷം തികയുന്നതിനുമുമ്പ് ശൈശവദശയിലുള്ള പാര്‍ടിയെ ഞെരിച്ചുകൊല്ലാന്‍ 1922ല്‍ പാര്‍ടി നേതാക്കള്‍ക്കെതിരെ പെഷവാര്‍ ഗൂഢാലോചനക്കേസ് കെട്ടിച്ചമച്ചു. നേതാക്കളെ ജയിലിലടച്ചു. 1924ല്‍ കാണ്‍പുര്‍ ഗൂഢാലോചനക്കേസും 1929ല്‍ മീറത്ത് ഗൂഢാലോചനക്കേസും വന്നു. അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിനെ നിയമവിരുദ്ധ മാര്‍ഗത്തിലൂടെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. 1929ലെ മീറത്ത് ഗൂഢാലോചനക്കേസിന്റെ വിചാരണ നാലുവര്‍ഷം നീണ്ടുപോയി. പ്രഗത്ഭരായ അഭിഭാഷകര്‍ കേസ് വാദിച്ചു. കോടതിയില്‍ ആരോപണവിധേയരായ പ്രതികള്‍ എന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ പറഞ്ഞത് അച്ചടിച്ച് രാജ്യത്താകെ ജനങ്ങള്‍ക്കിടയില്‍ പാര്‍ടി പ്രചരിപ്പിച്ചു. പാര്‍ടിയെ തകര്‍ക്കാനാണ് കള്ളക്കേസ് കെട്ടിച്ചമച്ചതെങ്കില്‍ പാര്‍ടി വളര്‍ത്താന്‍ ആ കേസ് ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്. അടിച്ച വടിതന്നെ പിടിച്ചെടുത്ത് ശത്രുവിനെതിരായി ഉപയോഗിച്ച ചരിത്രമാണ് പാര്‍ടിക്കുള്ളത്. കേസ് വാദിക്കാന്‍ സഹായം നല്‍കാനായി രൂപീകരിച്ച ഡിഫന്‍സ് കമ്മിറ്റിയുടെ അധ്യക്ഷന്‍ മോത്തിലാല്‍ നെഹ്റുവായിരുന്നു എന്നും ഓര്‍ക്കണം. ഗൂഢാലോചനക്കേസില്‍ പാര്‍ടി നേതാവായിരുന്ന ജി അധികാരിയെ ജയിലിലടച്ചു. ശക്തിയായി പ്രതികരിച്ചതിലൊരാള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായിരുന്നു. ഗൂഢാലോചനക്കേസില്‍ പ്രതിയാക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അനുകൂലമായിട്ടായിരുന്നു ബുദ്ധിജീവികള്‍ പ്രതികരിച്ചത്. ജര്‍മനിയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീവച്ചത് ഭരണക്കാരായിരുന്നു. കമ്യൂണിസ്റ്റുകാരെ പ്രതികളാക്കി ജയിലിലടയ്ക്കാനായിരുന്നു തീവയ്പ് നടത്തിയത്. മെയ് മൂന്നിന് ചിക്കാഗോയില്‍ തൊഴിലാളികളുടെ ഒരു വമ്പന്‍ പൊതുയോഗം ചേര്‍ന്നു. ഭരണാധികാരികള്‍ ക്രിമിനല്‍ സംഘങ്ങളെ നിയോഗിച്ച് പൊതുയോഗത്തിനുനേരെ ബോംബെറിഞ്ഞു. കുറ്റം ചുമത്തി അറസ്റ്റുചെയ്ത് തൂക്കിലേറ്റിയത് തൊഴിലാളി നേതാക്കളെയായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ കമ്യൂണിസ്റ്റ് നേതാക്കളെ വേട്ടയാടാന്‍ കള്ളക്കേസ് കെട്ടിച്ചമച്ചതിന്റെ ചരിത്രം പരിശോധിക്കുന്നത് രസകരമായിരിക്കും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെതിരെ ലാവ്ലിന്‍ കേസ് കെട്ടിച്ചമച്ചു. കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് വിട്ടു. സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. പിണറായി വിജയന്‍ ലാവ്ലിന്‍ കരാറില്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സിബിഐ പറഞ്ഞു. എന്നാല്‍, ഗൂഢാലോചന നടത്തിയെന്നാണ് കേസുണ്ടാക്കിയത്. ലാവ്ലിന്‍ കേസ് വിചാരണചെയ്യാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയുന്നതല്ല. കേസ് വിചാരണ വര്‍ഷങ്ങള്‍ നീണ്ടുപോകാനിടയുണ്ട്. കേസ് തീരുന്നതുവരെ പിണറായിക്കെതിരെ പുകമറ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കേസുണ്ടാക്കിയവര്‍ കരുതുന്നത്. ഇത്രയും പറയാന്‍ കാരണം ഒഞ്ചിയംകേസാണ്. ആര്‍എംപി എന്നുപറയുന്ന പാര്‍ടിയുടെ നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ അതിക്രൂരമായ രീതിയില്‍ വധിക്കപ്പെട്ടു. ടി പി വധത്തില്‍ സിപിഐ എം പ്രതിഷേധം രേഖപ്പെടുത്തി. ചന്ദ്രശേഖരന്റെ ആകസ്മികമായ കൊലപാതകത്തില്‍ സിപിഐ എം അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊലപാതകത്തിന്റെ അന്വേഷണത്തിനിടയില്‍ പാര്‍ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിക്ക് ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അപ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ പാര്‍ടി മടിക്കുകയില്ലെന്നും വ്യക്തമാക്കപ്പെട്ടു. അതൊന്നും കേട്ടഭാവമില്ലാതെ സിപിഐ എം നേതാക്കളെ പിടികൂടി ജയിലിലടയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും മുഴുകിയിരിക്കുന്നത്. കൊന്നതാരെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. കൊല്ലിച്ചതാരെന്നേ അറിയാന്‍ ബാക്കിയുള്ളൂ എന്നാണ് ഡിജിപി ഒരവസരത്തില്‍ പറഞ്ഞത്. ഈ കൊലപാതകത്തിനു പിറകില്‍ ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. അന്വേഷണസംഘം പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നു. കമ്യൂണിസ്റ്റുകാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സംഘവും പറയുന്നത്. മാത്രമല്ല, ആഭ്യന്തരസഹമന്ത്രി ഇത്രകൂടി പറഞ്ഞു: ചന്ദ്രശേഖരനെ കൊന്നവരെ ഉദ്ദേശിച്ച് മുംബൈയിലെ വ്യവസായിയെ തേടി പോകേണ്ടതില്ല. കമ്യൂണിസ്റ്റുകാരാണ് കൊല്ലിച്ചതെന്ന് ടി പിയുടെ വിധവ രമ പറഞ്ഞിരിക്കുന്നു. ഇതിലധികം എന്ത് തെളിവാണ് വേണ്ടതെന്നാണ് മുല്ലപ്പള്ളി ചോദിച്ചത്. സിപിഐ എമ്മിനെ രാഷ്ട്രീയ ശത്രുവായി കരുതുന്ന ഒരാള്‍ പറയുന്ന മൊഴിയാണ് യഥാര്‍ഥ തെളിവെന്നും അതിലപ്പുറം വേറൊരു തെളിവും ആവശ്യമില്ലെന്നും രാമചന്ദ്രന്‍ പറയുന്നു. എങ്കില്‍ പിന്നെ വിദഗ്ധ അന്വേഷണസംഘം എന്താണ് അന്വേഷണം നടത്തേണ്ടത്. അശോകന്‍ ഗൂഢാലോചനക്കേസില്‍ പ്രതിയാണെന്നാണ് പറയുന്നത്. കൃഷ്ണനും ഗൂഢാലോചനക്കേസില്‍ പ്രതിയാണ്. ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കാന്‍ തെളിവൊന്നും വേണ്ട. ഏത് ഘട്ടത്തില്‍ വേണമെങ്കിലും ഏതൊരാളെയും പ്രതിചേര്‍ക്കാം. സിപിഐ എം നേതാക്കളെ മുഴുവന്‍ വേണമെങ്കില്‍ ചേര്‍ക്കാം. കൊല നടത്തിയത് സിപിഐ എമ്മുകാരാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി തുടക്കത്തിലേ പറഞ്ഞുകഴിഞ്ഞു. വ്യവസായിയാണ് കൊലയ്ക്കു പിന്നിലെന്ന സംശയം ബലപ്പെട്ടുവരുമ്പോള്‍ മന്ത്രി പറയുന്നത് വ്യവസായിയെ തേടി മുംബൈയിലേക്ക് പോകേണ്ടതില്ലെന്നാണ്. വമ്പന്‍ സ്രാവുകളെ ഇനിയും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുണ്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. സിപിഐ എം നേതാക്കളാണ് മന്ത്രിയുടെ മനസ്സിലുള്ളത്. ബ്രിട്ടീഷുകാര്‍ കള്ളക്കേസ് ചുമത്തി ജയിലിലടച്ചിട്ടും വെറും ശൈശവദശയിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി തകര്‍ന്നുപോയിട്ടില്ല. ഇപ്പോള്‍ ഏതെങ്കിലും കുറ്റം ചുമത്തി സിപിഐ എം നേതാക്കളെ കല്‍ത്തുറുങ്കിലടച്ചിടാനാണ് യുഡിഎഫ് സര്‍ക്കാര്‍ കഠിനമായി ശ്രമിക്കുന്നത്. കള്ളക്കേസ് കൊണ്ട് പാര്‍ടി തകരുമെന്ന് കരുതുന്നത് മൗഢ്യമാണ്. പാര്‍ടി പൂര്‍വാധികം ശക്തിപ്പെടുന്നു എന്നതാണ് സത്യം. പൊതു പരിപാടികളില്‍ തെളിഞ്ഞുകാണുന്ന വന്‍തോതിലുള്ള ജനപങ്കാളിത്തം അതിന് തെളിവാണ്. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളെ പിടികൂടി ജയിലിലടയ്ക്കാനുള്ള ഉപകരണമാണ് ഗൂഢാലോചനക്കേസ് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കും കോണ്‍ഗ്രസ് ഭരണാധികാരികള്‍ക്കും ഒരുപോലെ. കൂനന്‍ കുത്തിയാല്‍ ഗോപുരം വീഴില്ലെന്നോര്‍ത്താലും.

Blog Archive