Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, July 23, 2012

"ദൈവകണം" - വി ബി ചെറിയാന്‍



Courtesy : Deshabhimani : Posted on: 21-Jul-2012 11:27 AM



ഹിഗ്സ് ബോസോണ്‍ കണ്ടെത്തിയെന്ന വാര്‍ത്ത ലോകമെങ്ങും ശാസ്ത്രകുതുകികളെ മാത്രമല്ല സാധാരണക്കാരെപ്പോലും ആകര്‍ഷിച്ചു. സാധാരണ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കുള്ള സങ്കീര്‍ണ ഫോര്‍മുലകളൊന്നുമില്ലാതെ ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്നതാണെന്നതായിരിക്കും ഒരു കാരണം. "ദൈവകണം" എന്ന് ഹിഗ്സ് ബോസോണ് മാധ്യമങ്ങള്‍ നല്‍കിയ പേരും ആളുകളെ ആകര്‍ഷിക്കും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സമകാലികനായിരുന്ന സത്യേന്ദ്രനാഥ് ബോസാണ് ക്വാണ്ടം മെക്കാനിക്സ് അടിസ്ഥാനമാക്കിയ കണികാസങ്കല്‍പ്പം മുന്നോട്ടുവച്ചത്. ക്വാണ്ടം മെക്കാനിക്സില്‍ ബോസിന്റെ സംഭാവനയെ ഐന്‍സ്റ്റീനും അംഗീകരിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ബോസ് ഐന്‍സ്റ്റീന്‍ സാംഖ്യകം (ബോസ് ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റം).



ബോസിന്റെ സംഭാവനകള്‍ക്കുകൂടിയുള്ള അംഗീകാരം എന്ന നിലയ്ക്കാണ് ഹിഗ്സ് ബോസോണ്‍ എന്ന പേര് നല്‍കപ്പെട്ടത്. തന്റെ പേര് ചേര്‍ത്ത് വിളിക്കുന്നത് പീറ്റര്‍ ഹിഗ്സ് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ അതൃപ്തി വകവയ്ക്കാതെ യൂറോപ്യന്‍ ശാസ്ത്രജ്ഞരാണ് ഹിഗ്സ് ബോസോണ്‍ എന്ന പേര് പ്രചരിപ്പിച്ചത്. അമേരിക്കയിലെ ഇല്ലിനോയ്സിലുള്ള ഫെര്‍മിനാഷണല്‍ ആക്സലറേറ്റര്‍ ലാബിന്റെ തലവന്‍ ലിയോണ്‍ മാക്സ് ലെഡര്‍മാന്‍ ഹിഗ്സ് ബോസോണെപ്പറ്റി കൂടുതല്‍ പഠനം നടത്തി. അദ്ദേഹമാണ് അതിന്റെ സവിശേഷതകള്‍ മനസ്സിലാക്കി നാശംപിടിച്ചത് എന്ന അര്‍ഥത്തില്‍ God Damn (ഗോഡ് ഡാം) പാര്‍ട്ടിക്കിള്‍ എന്ന് അതിനെ വിളിച്ചത്. അദ്ദേഹം എഴുതിയ ലേഖനത്തിന്റെ പ്രസാധകരാണ് വായനക്കാര്‍ക്ക് സ്വീകാര്യമാകാനെന്ന പേരില്‍ അതിനെ ഗോഡ് പാര്‍ട്ടിക്കിള്‍ (ദൈവകണം) എന്നാക്കി മാറ്റിയത്. അത് കണ്ടുപിടിക്കാനുള്ള പരീക്ഷണമാണ് സമീപഭാവിയില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന വിശ്വാസത്തില്‍ ഇന്ന് എത്തിനില്‍ക്കുന്നത്. പ്രകൃതിശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും ചരിത്രം നോക്കിയാല്‍ പ്രാധാന്യമുള്ള ഇത്തരം ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ നടന്നിട്ടുണ്ടെന്നു കാണാന്‍ കഴിയും. ഈ ഓരോ സന്ദര്‍ഭത്തിലും അത്തരം കണ്ടുപിടിത്തങ്ങളെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്തവണ്ണം ദുര്‍വ്യാഖ്യാനിക്കാന്‍ ചൂഷകവര്‍ഗം ശ്രമിച്ചിട്ടുണ്ട്. പൊതുവില്‍ പറഞ്ഞാല്‍ ആത്മീയവാദത്തെയാണ് അതിന് അവര്‍ ആയുധമാക്കിയത്. അതിനെ ചെറുക്കാന്‍ ഭൗതികവാദത്തെ പൊതുവില്‍ ചൂഷിതരും ഉപയോഗിച്ചു. എന്നാല്‍, ഈ പൊതു നിയമത്തിന് പലപ്പോഴും അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കാണാം. മാര്‍ക്സിന്റെ കാലംമുതല്‍ ഈ തര്‍ക്കത്തില്‍ വൈരുധ്യാത്മക ഭൗതികവാദ വീക്ഷണത്തോടെ ഇടപെട്ട് ശാസ്ത്രീയമായ സമീപനം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമമാരംഭിച്ചു. പിന്നീട് ലെനിനും സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് ശാസ്ത്രജ്ഞരും ആ ശ്രമം തുടര്‍ന്നു.



ഐസക് ന്യൂട്ടണ്‍ മെക്കാനിക്സിലെ യാന്ത്രികചലന നിയമങ്ങളാണ് ശാസ്ത്രീയമായി തെളിയിച്ചത്. അത് ദൈവസങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തെ സാരമായി പിടിച്ചുലച്ചു. ശാസ്ത്രജ്ഞനായ ന്യൂട്ടണ്‍ പരീക്ഷണശാലയിലെ ഗവേഷണങ്ങളിലൂടെ എത്തിച്ചേര്‍ന്ന ശാസ്ത്രീയ നിഗമനങ്ങള്‍ അദ്ദേഹത്തിലെ ഈശ്വരവിശ്വാസിയെ അത്യന്തം അസ്വസ്ഥനാക്കി. ഈ വൈരുദ്ധ്യത്തിനൊരു പരിഹാരം കണ്ടെത്താനും സ്വന്തം മനസ്സിന് സ്വസ്ഥത നല്‍കാനും അദ്ദേഹത്തിന് ഒടുവില്‍ ഈശ്വരനെ ഇറക്കുമതി ചെയ്യേണ്ടിവന്നു. ചലനരഹിതമായിരുന്ന പദാര്‍ഥത്തെ ചലിപ്പിച്ച് ചൈതന്യവത്താക്കാന്‍ അതിനൊരു ആദ്യതാക്കോല്‍ (ക്ലോക്കിന്റെ സങ്കല്‍പ്പം) കൊടുത്തതുപോലെയോ, നിശ്ചലമായ പദാര്‍ഥത്തെ ചലിപ്പിക്കാന്‍ ആദ്യത്തെ ഉന്ത് കൊടുത്തതുപോലെയോ, പ്രകൃതിയില്‍ ആദ്യചലനത്തിന് ഈശ്വരന്‍ കാരണക്കാരനായി എന്നാണതിന് അദ്ദേഹം നല്‍കിയ ന്യായം. ഇപ്രകാരം ഈശ്വര സങ്കല്‍പ്പത്തിന്റെ കള്ളക്കടത്ത് നടത്തുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് പദാര്‍ഥചലനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ അന്നത്തെ പരിമിതിയായിരുന്നെന്നു ചൂണ്ടിക്കാണിച്ചത് മാര്‍ക്സും എംഗല്‍സുമാണ്. പദാര്‍ഥത്തിന്റെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള സ്ഥാനമാറ്റംപോലെയുള്ള ചലനത്തിന്റെ യാന്ത്രികരൂപം (മെക്കാനിക്കല്‍ ഫോം ഓഫ് മോഷന്‍) മാത്രം മനസ്സിലുണ്ടായിരുന്നതാണ് ന്യൂട്ടന്റെ പരിമിതിയെന്നും ചലനത്തെ യാന്ത്രികരൂപത്തില്‍ മാത്രമല്ല മറ്റു കൂടുതല്‍ രൂപത്തിലും നിരീക്ഷിക്കാന്‍ കഴിയുമെന്നു സമര്‍ഥിക്കാന്‍ മാര്‍ക്സിനും എംഗല്‍സിനും കഴിഞ്ഞു. വലിയ പദാര്‍ഥരൂപത്തിന്റെ ചലനത്തിനാണ് യാന്ത്രികചലനം (മെക്കാനിക്കല്‍ ഫോം ഓഫ് മോഷന്‍) എന്ന് പറയുന്നത്. പദാര്‍ഥവലുപ്പം തന്മാത്രയിലേക്ക് എത്തുമ്പോള്‍ അത് മെക്കാനിക്സ് ഓഫ് മോളിക്യൂള്‍ അഥവാ ഫിസിക്സ് ആകും. ആറ്റം തലത്തിലേക്കെത്തുമ്പോള്‍ ഫിസിക്സ് ഓഫ് ആറ്റം അഥവാ കെമിസ്ട്രിയാകും.



ജീവശാസ്ത്രതലത്തിലേക്കെത്തുമ്പോള്‍ അതിലെ ചലനപ്രക്രിയകളെ മനസ്സിലാക്കാന്‍ അത് ബയോളജിയായും ജന്തുലോകത്തില്‍ സുവോളജിയായും സസ്യലോകത്തില്‍ ബോട്ടണിയായും മാറുന്നു. ഭൗതികവിജ്ഞാനത്തിലും അതിന്റെ ഭാഗമായി ഊര്‍ജതന്ത്രത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. ആറ്റം ആണ് പദാര്‍ഥകണികകളുടെ ഏറ്റവും ചെറിയ രൂപമെന്നും ആറ്റം അവിഭാജ്യമാണെന്നുമുള്ള ധാരണ ചോദ്യംചെയ്യപ്പെട്ടു. കൂടുതല്‍ സൂക്ഷ്മകണങ്ങളെ ശാസ്ത്രം കണ്ടെത്തി. ശാസ്ത്രത്തിന്റെ ഈ പുരോഗതിയെ ദ്രവ്യസങ്കല്‍പ്പത്തെയും ഭൗതികവാദത്തെയും ചോദ്യംചെയ്യാന്‍ ആത്മീയവാദ ദാര്‍ശനികര്‍ ഉപയോഗപ്പെടുത്തി. അവരുടെ വാദത്തെ നിരാകരിച്ച് ലെനിന്‍ നടത്തിയ ദാര്‍ശനിക ഇടപെടലാണ് "ഭൗതികവാദവും അതിഭൗതിക വിമര്‍ശനവും" (മെറ്റീരിയലിസം & എംപീരിയോ ക്രിട്ടിസിസം) എന്ന കൃതി. ആറ്റം വിഭജിച്ചുണ്ടായ കണങ്ങള്‍ വീണ്ടും വിഭജിക്കപ്പെടാമെന്നും ആ വിഭജനസാധ്യതയ്ക്ക് അന്ത്യമില്ലെന്നും ലെനിന്‍ ചൂണ്ടിക്കാട്ടി. ദ്രവ്യത്തിന്റെ ഇതുവരെ അജ്ഞാതമായിരുന്ന പ്രത്യേകതകളാണ് അതില്‍ക്കൂടി പുറത്തുവരുന്നതെന്നും അതുകൊണ്ട് ദ്രവ്യത്തിന്റെ നിലനില്‍പ്പ് നിഷേധിക്കപ്പെടുന്നില്ലെന്നും നമ്മുടെ ബോധത്തിനു പുറത്ത് അസ്തിത്വമുള്ളതെന്തോ അതാണ് ദ്രവ്യമെന്നും ലെനിന്‍ കൂട്ടിച്ചേര്‍ത്തു. ഭൗതികവാദിയും നിരീശ്വരവാദിയും ആണെങ്കിലും ഐന്‍സ്റ്റീന് ഈ വൈരുധ്യാത്മക സമീപനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന്റെ പരിമിതിയെന്നും ലെനിന്‍ വിമര്‍ശനപരമായി ചൂണ്ടിക്കാട്ടി. ഐന്‍സ്റ്റീന്‍ ഊര്‍ജത്തിന്റെ ദ്രവ്യ സമവാക്യം ((E = mC2) ) കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് പദാര്‍ഥം ജനിക്കുന്നുവെന്നും നശിക്കുന്നുവെന്നുമാണ് ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തം തെളിയിക്കുന്നതെന്ന എതിര്‍വാദവുമായി അന്നത്തെ കത്തോലിക്കാസഭയുടെ തത്വചിന്തകരായിരുന്ന നിയോതോമിസ്റ്റുകള്‍ രംഗത്തെത്തി. സ്റ്റാലിന്‍ നേതൃത്വം നല്‍കിയിരുന്ന അന്നത്തെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് ശാസ്ത്രജ്ഞരാണ് ഇതിനെതിരെ രംഗത്തെത്തിയത്. പദാര്‍ഥവും ഊര്‍ജവും (പ്രഭാവവും) ദ്രവ്യം എന്ന വസ്തുനിഷ്ഠയാഥാര്‍ഥ്യത്തിന്റെ വ്യത്യസ്ത രൂപങ്ങളാണെന്നും അതുകൊണ്ട് ദ്രവ്യം ഇല്ലാതാകുന്നില്ലെന്നും രൂപമാറ്റം സംഭവിക്കുകമാത്രമാണ് ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സോവിയറ്റ് ശാസ്ത്രജ്ഞര്‍ അണുകേന്ദ്രത്തില്‍ 33 കണികകളെകൂടി കണ്ടെത്തി. ആ എണ്ണം അന്തിമമാണെന്നു കരുതുന്നില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഭൗതികശാസ്ത്രം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന മഹാവിസ്ഫോടനത്തോടെയാണ് പ്രപഞ്ചോല്‍പ്പത്തി എന്നാണ് പൊതുവില്‍ ഭൗതികശാസ്ത്രജ്ഞര്‍ കരുതുന്നത്. 1928ല്‍ ജോര്‍ജ് ലെമൈറ്റര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ പ്രപഞ്ചസിദ്ധാന്തം ആവിഷ്കരിച്ചത്. അത്യന്തം സാന്ദ്രീകൃതമായ ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയിരുന്ന പ്രപഞ്ചമാണ് മഹാസ്ഫോടനത്തോടെ വികസിക്കാനാരംഭിച്ചതെന്നാണ് ഈ സിദ്ധാന്തം കരുതുന്നത്. ഇന്നത്തെ രൂപത്തിലുള്ള പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി എന്നുമാത്രമേ പ്രപഞ്ചോല്‍പ്പത്തി എന്നു പറയുമ്പോള്‍ അര്‍ഥമാക്കേണ്ടതുള്ളൂ. കാരണം, ദ്രവ്യം കാലത്തില്‍ നിത്യവും സ്ഥലത്തില്‍ അതിരുകളില്ലാത്തത് എന്ന അര്‍ഥത്തില്‍ അപാരവുമാണ്. ദ്രവ്യമില്ലാത്ത സ്ഥലവും കാലവുമില്ല. അതായത്, ദ്രവ്യത്തിന് കേവലം നീളം, വീതി, കനം എന്നീ ത്രിമാന സങ്കല്‍പ്പം പോരെന്നും അത് സ്ഥലകാല നിബദ്ധംകൂടിയാണെന്നും സാരം.



പ്രപഞ്ചത്തില്‍ എവിടെയും ഭൗതികപദാര്‍ഥം ഉണ്ടെന്ന അര്‍ഥത്തില്‍ ശൂന്യത എന്നൊന്നില്ല. ഭൗതികതയാണ് പ്രപഞ്ചത്തിന്റെ ഏകത്വത്തിന് ആധാരം. പദാര്‍ഥങ്ങളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള കൂടുതല്‍ അന്വേഷണം പാര്‍ടിക്കിള്‍ ഫിസിക്സ് (കണികാ ഭൗതികം) എന്ന സൂക്ഷ്മകണ ശാസ്ത്രശാഖയ്ക്ക് വഴിതെളിച്ചു. സ്ഥൂലതലങ്ങളിലേക്കുള്ള അന്വേഷണം സൗര കടാഹത്തിലേക്കും നക്ഷത്രഗാലക്സികളിലേക്കും നമ്മെ നയിക്കും. സൗക്ഷ്മ്യത്തിലേക്കും സ്ഥൗല്യത്തിലേക്കും ഉള്ള അന്വേഷണത്തില്‍നിന്ന് സിദ്ധിക്കുന്ന ഒരു കാര്യമുണ്ട്- പദാര്‍ഥം അതിന്റെ സൂക്ഷ്മതലങ്ങളിലും സ്ഥൂലതലങ്ങളിലും നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുതയാണത്. ചലനരഹിതമായ പദാര്‍ഥസങ്കല്‍പ്പത്തിന് ഒരടിസ്ഥാനവുമില്ലെന്നും പദാര്‍ഥവും ചലനവും ഭിന്നരൂപങ്ങളാണെങ്കിലും ദ്രവ്യത്തിന്റെ വിഭജിച്ച് മാറ്റാനാകാത്ത സ്വഭാവമാണ് ചലനമെന്നും അങ്ങനെ ദ്രവ്യം ചലനാത്മകമാണെന്നും സംശയലേശമന്യേ തെളിയിക്കപ്പെടുന്നു.



പദാര്‍ഥത്തിന്റെ സ്വഭാവവിശേഷങ്ങളെപ്പറ്റിയുള്ള ആഴത്തിലുള്ള ഈ പഠനങ്ങള്‍ എല്ലാ പദാര്‍ഥങ്ങളിലുമുള്ള ഏറ്റവും പൊതുവായതിനെ പ്രതിനിധാനം ചെയ്യുന്നത് എന്ന നിലയ്ക്ക് ദ്രവ്യസങ്കല്‍പ്പത്തെ ഒരു ദാര്‍ശനിക തലത്തിലേക്ക് ഉയര്‍ത്താന്‍, മാറ്ററിന്റെ അര്‍ഥകല്‍പ്പന ആ തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായകരമായി. അതായത് വിഭിന്ന രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിവിധ പദാര്‍ഥങ്ങളിലെ ഏറ്റവും സാമാന്യമായതിനെ പ്രതിനിധീകരിക്കുന്ന ഗണമായി ദ്രവ്യത്തെ (മാറ്ററിനെ) കാണാന്‍ ആരംഭിച്ചു. ഈ കാഴ്ചപ്പാടുള്‍ക്കൊള്ളാന്‍ കഴിയാതെ പോയതിന്റെ ഫലമായി 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ അന്ത്യപാദങ്ങളില്‍ (1917-18) പ്രകടമായ ഐന്‍സ്റ്റീന്റെ പരിമിതികളെ ചൂണ്ടിക്കാണിച്ച് വിമര്‍ശം നടത്താന്‍ കഴിഞ്ഞത് വൈരുധ്യാത്മക ഭൗതികവാദിയായ ലെനിന്റെ ശാസ്ത്രബോധത്തിനാണ്. വൈരുധ്യാത്മക ഭൗതികവാദത്തില്‍ എന്തുകൊണ്ട് മാറ്റം? എങ്ങനെ മാറുന്നു? ഏത് ദിശയിലേക്ക് മാറുന്നു? (Why? How? and to which direction?) ഈ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പ്രധാനം.



എന്തുകൊണ്ട് മാറ്റം എന്നതിനുത്തരം വൈരുധ്യംമൂലമെന്നാണ്. എങ്ങനെ മാറുന്നു എന്നതിനുത്തരം അളവ് ഗുണമാകുന്നതിലൂടെ എന്നതാണ്. ഏത് ദിശയിലേക്ക് മാറുന്നു എന്നതിനുത്തരം നിഷേധ, നിഷേധത്തിലേക്ക്, താരതമ്യേന ലളിതമായതില്‍നിന്നും കൂടുതല്‍ സങ്കീര്‍ണമായതിലേക്ക് എന്നാണ്. ഈ മുഖ്യ നിയമങ്ങള്‍ക്കു പുറമെ പ്രധാന ദാര്‍ശനിക ഗണങ്ങള്‍കൂടി മനസ്സിലാക്കിയാല്‍ മാത്രമേ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെ ലളിതമായി ഉള്‍ക്കൊള്ളാനും സാധാരണക്കാര്‍ക്കുപോലും മനസ്സിലാക്കാന്‍ കഴിയുംവിധം വിശദമാക്കിക്കൊടുക്കാനും കഴിയൂ. കാര്യകാരണ ബന്ധം അത്തരം ഒരു ദാര്‍ശനിക ഗണമാണ്.



ഏത് കാര്യത്തിനും ഒരു കാരണമുണ്ടാകും. ആ കാര്യമാകട്ടെ മറ്റൊരു കാര്യത്തിന്റെ കാരണമാകും. അതായത് ഏതും ഒരേ സമയം കാര്യവും കാരണവുമാണെന്നുകാണാം. കാരണം മാത്രമായോ, കാര്യം മാത്രമായോ ഒന്നുമില്ല. അങ്ങനെ മനസ്സിലാക്കാത്തവരാണ് ആദ്യകാരണം തേടി പോകുന്നത്. രൂപം- ഉള്ളടക്കം, പ്രതിഭാസം-സത്ത, മൂര്‍ത്തം- അമൂര്‍ത്തം, ആവശ്യകത- യാദൃച്ഛികത തുടങ്ങിയ ദാര്‍ശനിക ഗണദ്വയങ്ങള്‍ വേറെയുമുണ്ട്. ഇതെല്ലാംവഴി വൈരുധ്യാത്മക ഭൗതികവാദത്തെ സ്വന്തം ബോധമായി മാറ്റാന്‍ കഴിയുന്നവര്‍ക്ക് വളരെവേഗം പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് സോഷ്യലിസ്റ്റ് ശക്തികളുടെ ആദ്യഘട്ടത്തിലെ വേഗത്തിലുള്ള വളര്‍ച്ച.



ശാസ്ത്ര മുന്നേറ്റത്തിന്റെ ശാസ്ത്രീയ വീക്ഷണം -

വി ബി ചെറിയാന്‍


Posted on: 22-Jul-2012 10:11 PM



പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം നല്‍കുന്നത് ഹിഗ്സ് ബോസോണ്‍ എന്ന സവിശേഷ കണികയാണെന്ന സങ്കല്‍പ്പം 1964ല്‍ മുന്നോട്ടുവയ്ക്കുന്നത് പീറ്റര്‍ ഹിഗ്സ് ഉള്‍പ്പെടെയുള്ള ആറ് ഭൗതിക ശാസ്ത്രജ്ഞരാണ്. അന്നുമുതല്‍ ശാസ്ത്രജ്ഞര്‍ അതിനെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ശ്രമം സഫലമാകുന്നതിന് തൊട്ടടുത്തെത്തിയിരിക്കുന്നെന്ന വിശ്വാസമാണ് ജനീവയിലെ യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരെയും ലോകമെങ്ങുമുള്ള ഭൗതിക ശാസ്ത്രജ്ഞരെയും ഇപ്പോള്‍ ആവേശം കൊള്ളിച്ചിരിക്കുന്നത്. ഇവിടെ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ എന്ന ലോകത്തെ ഏറ്റവും ചെലവേറിയ പരീക്ഷണയന്ത്രത്തിന്റെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ ഹിഗ്സ് ബോസോണ് സമാനമായ വസ്തു കണ്ടെത്താന്‍ കഴിഞ്ഞെന്നതാണ് ആവേശത്തിനാധാരമായ പുതിയ സംഭവവികാസം.



ജനീവയ്ക്കടുത്ത് ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂനിരപ്പില്‍ നിന്ന് താഴെയുള്ള തുരങ്കത്തിലാണ് ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ സ്ഥാപിച്ചത്. 27 കിലോമീറ്റര്‍ (17 മൈല്‍) നീളമുള്ള കുഴലാണ് യന്ത്രത്തിന്റെ പ്രധാനഭാഗം. 1998 മുതല്‍ 2008 വരെ 10 വര്‍ഷംകൊണ്ടാണ് യന്ത്രം സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയത്. ഈ കുഴലിനുള്ളില്‍ അത്യുന്നത ഊര്‍ജത്തില്‍ എതിര്‍ദിശകളില്‍ പ്രോട്ടോണ്‍ കണങ്ങളെ പ്രവഹിപ്പിച്ച് ഓരോ സെക്കന്‍ഡിലും 14 ലക്ഷം കോടി വോള്‍ട്ടില്‍ കോടിക്കണക്കിന് കൂട്ടിയിടികള്‍ സൃഷ്ടിച്ചാണ് പരീക്ഷണം നടത്തിയത്. ഈ കൂട്ടിയിടിയില്‍ പ്രോട്ടോണുകള്‍ തകരുകയും അവയിലെ സൂക്ഷ്മതരങ്ങളായ കണികകള്‍ ചിതറിത്തെറിക്കുകയും ചെയ്യും. കൂട്ടിയിടിയില്‍ സൃഷ്ടിക്കപ്പെടുന്ന ഉന്നതതാപനിലയും കൂടിയാകുമ്പോള്‍ ഇന്നത്തെ രൂപത്തിലുള്ള പ്രപഞ്ചത്തിന്റെ ആരംഭത്തിന് തൊട്ടുശേഷമുള്ള സന്ദര്‍ഭത്തിന് സമാനമായ സ്ഥിതി രൂപപ്പെടും. ആ സ്ഥിതിവിശേഷത്തില്‍ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന വസ്തുവിനെ സ്വതന്ത്രമായി കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷ സഫലമായെന്നാണ് ജൂലൈ നാലിന് സേണിലെ ഇരു ഗവേഷണസംഘങ്ങളുടെയും തലവന്മാര്‍ (ജോ ഇന്‍കാന്‍ഡലയും ഫാബിയോള ജിയോനാറ്റിയും) സംയുക്തമായി അറിയിച്ചത്. ഇന്ത്യയടക്കം നൂറിലധികം രാജ്യത്തെ മൂവായിരത്തിലധികം ശാസ്ത്രജ്ഞരും ആയിരത്തോളം ശാസ്ത്രവിദ്യാര്‍ഥികളുമാണ് ഈ അന്താരാഷ്ട്രസംരംഭത്തില്‍ പങ്കാളികളായത്. ഗവേഷണഫലത്തെ "5 സിഗ്മ"&ൃെൂൗീ;എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. അതായത് പിഴവിനുള്ള സാധ്യത 0.00006ന് ശതമാനം മാത്രം. കഴിഞ്ഞ ഡിസംബറില്‍ പരീക്ഷണം ബോസോണ്‍ കണത്തിനടുത്ത് എത്തിയെന്ന് പ്രഖ്യാപിച്ചിരുന്നു. വീണ്ടും ആറുമാസം കൂടി നടത്തിയ ഗവേഷണങ്ങള്‍ വിജയത്തിന് കൂടുതല്‍ അടുത്തേക്ക് നയിച്ചിരിക്കുന്നുവെന്നുള്ളതാണ് ഇപ്പോഴത്തെ പ്രഖ്യാപനം വ്യക്തമാക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ ഹിഗ്സ് ബോസോണ്‍ കൂടുതല്‍ സ്ഥിരീകരണം നേടാനാകുമെന്നാണ് ഈ ഗവേഷണസംഘങ്ങളുടെ പ്രതീക്ഷ.



പ്രപഞ്ചത്തില്‍ കണികകളുടെ പ്രവര്‍ത്തന- പ്രതിപ്രവര്‍ത്തനം സംബന്ധിച്ച് ശാസ്ത്രലോകം അംഗീകരിച്ച ഗണിതമാതൃകയാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. ഇപ്രകാരം വസ്തുക്കളുടെയും ഊര്‍ജത്തിന്റെയും അടിസ്ഥാനമായി 18 മൂലകമാണ് ഉള്ളതെന്നാണ് അവകാശവാദം. അതില്‍ ആറുതരം ക്വാര്‍ക്കും ആറുതരം ലെപ്ടോണുകളും പെടുമത്രേ. പ്രകാശത്തിന്റെ അടിസ്ഥാന കണമായി കരുതപ്പെടുന്ന ഫോട്ടോണുകള്‍ക്ക് പിണ്ഡമില്ല. അതില്‍നിന്ന് വ്യത്യസ്തമായി ക്വാര്‍ക്കുകള്‍ക്കും ലെപ്ടോണുകള്‍ക്കും പിണ്ഡം ലഭിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ഗണിതമാതൃകയ്ക്ക് കഴിഞ്ഞില്ല. ഈ കുറവ് പരിഹരിക്കാനാണ് 1964ല്‍ പീറ്റര്‍ ഹിഗ്സും കൂട്ടരും ഹിഗ്സ് ഫീല്‍ഡ് എന്ന സങ്കല്‍പ്പം കൊണ്ടുവന്നത്. ഹിഗ്സ് ഫീല്‍ഡിന് അടിസ്ഥാനമായ കണങ്ങളാണ് ഹിഗ്സ് ബോസോണുകള്‍.



പ്രതിസന്ധിയില്‍പ്പെട്ട് തകരുന്ന സാമ്രാജ്യത്വം ഇന്ന് പിടിച്ചുനില്‍ക്കാന്‍ എല്ലാ സങ്കുചിതബോധങ്ങളെയും മതബോധങ്ങളെയുമാണ് ആയുധമാക്കുന്നത്. ശാസ്ത്രത്തിന്റെ വമ്പിച്ച പുരോഗതിയിലൂടെ അനാവരണം ചെയ്യപ്പെടുന്ന ഭൗതികചലനിയമങ്ങള്‍ ഈ സാമ്രാജ്യത്വശ്രമങ്ങളെ ചെറുക്കാന്‍ പറ്റുന്ന ആയുധങ്ങളാണ്. അത് സാധ്യമാകണമെങ്കില്‍ പ്രകൃതിയെ യഥാതഥം ചിത്രീകരിക്കുന്ന വൈരുധ്യാത്മക ഭൗതികവാദ അടിത്തറയില്‍ നിന്ന് ശാസ്ത്രത്തിന്റെ ഓരോ കാല്‍വയ്പുകളെയും വിശദീകരിക്കാന്‍ കഴിയണം. സാമ്പത്തികരംഗത്തെയും രാഷ്ട്രീയരംഗത്തെയും എന്നപോലെ ആശയ സാംസ്കാരികരംഗത്തെ വര്‍ഗസമരവും പ്രധാനമാണ്. സാമ്പത്തിക വര്‍ഗസമരമാണ് അടിസ്ഥാനപരമെന്നും രാഷ്ട്രീയരംഗത്തെ വര്‍ഗസമരമാണ് നിര്‍ണായകമെന്നും അംഗീകരിക്കുമ്പോള്‍ തന്നെ ഈ രണ്ടു രംഗത്തെയും വര്‍ഗസമരം വിജയിക്കണമെങ്കില്‍ അതിന് സാംസ്കാരികരംഗത്തെ വര്‍ഗസമരത്തിന്റെ പിന്തുണ ആവശ്യമാണെന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്.



മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യത്തെ ഹനിക്കുന്ന ഒന്നെന്ന നിലയ്ക്ക് മുതലാളിത്തവ്യവസ്ഥയുടെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഭാവം ഇന്നത്തെ ലോക സാമ്പത്തിക കുഴപ്പം മറനീക്കി കാണിക്കുകയാണ്. 99 ശതമാനത്തിനെതിരായ ഒരുശതമാനം സമ്പന്നരുടെ ആധിപത്യമെന്ന നിലയ്ക്ക് വാള്‍സ്ട്രീറ്റ് സമരം അമേരിക്കന്‍ മുതലാളിത്തത്തെ ലോകസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടി. അത് ലോകമുതലാളിത്തത്തെ പിടിച്ചുലയ്ക്കുകയാണ്. ഇതാകട്ടെ അവികസിത മുതലാളിത്തലോകത്തെ ചൂഷിത ജനസാമാന്യത്തിനാകെ പുത്തനുണര്‍വ് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു.



പ്രപഞ്ചത്തിനുള്ള സാര്‍വലൗകിക പ്രസക്തങ്ങളായ നിയമങ്ങളെയാണ് പ്രകൃതിനിയമങ്ങളെന്ന് മനസ്സിലാക്കേണ്ടത്. നിയമനിര്‍മാണസഭകള്‍ക്കോ അവയുണ്ടാക്കുന്ന നിയമങ്ങളെ ആസ്പദമാക്കി വിധിന്യായം പുറപ്പെടുവിക്കുന്ന കോടതിക്കോ ആധാരമാകുന്ന നിയമബോധങ്ങളെല്ലാം പ്രകൃതിനിയമങ്ങള്‍ക്ക് വഴങ്ങുന്നവയാകണം. പ്രകൃതിനിയമങ്ങള്‍ പ്രകൃതിയുടെ ഭാഗമായ സമൂഹത്തിനും സമൂഹത്തിന്റെ അവിഭാജ്യഭാഗമായ സാമൂഹ്യമനസ്സിനും അഥവാ ബോധത്തിനും അഥവാ ചിന്തയ്ക്കും ഒരുപോലെ ബാധകവുമായിരിക്കും. പ്രകൃതിനിയമവുമായി പൊരുത്തപ്പെടാത്ത ഏത് സാമൂഹ്യനിയമവും ഏത് ചിന്താപദ്ധതിയും ഒരു നീതിന്യായകോടതിക്കും എത്ര ശ്രമിച്ചാലും സംരക്ഷിക്കാനാകില്ല. ആയതിനാല്‍ പ്രകൃതി, സമൂഹം, ചിന്ത ഇവയെല്ലാം എങ്ങനെ പരസ്പരം ബന്ധപ്പെട്ട് തുടര്‍ചലനങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവില്ലാത്ത എന്തു പ്രവൃത്തികള്‍ക്കും ചിന്താപദ്ധതികള്‍ക്കും മാറ്റങ്ങളുടെ തുടര്‍പ്രവാഹത്തിന്റെ കുത്തൊഴുക്കായ കാലത്തിനു മുന്നില്‍ നിലനില്‍പ്പ് നഷ്ടമാകുമെന്നത് തെളിഞ്ഞുതെളിഞ്ഞു വരുന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണ്. ഈ വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുന്ന ഒന്നാണ് സോഷ്യലിസ്റ്റ് നിയമങ്ങള്‍. സോഷ്യലിസ്റ്റ് ശക്തികള്‍ സോഷ്യലിസ്റ്റ് നിയമങ്ങളെ ലംഘിച്ചാല്‍ അങ്ങനെ ലംഘിക്കുന്ന ഇടങ്ങളില്‍ അത്തരം സോഷ്യലിസ്റ്റ് പരീക്ഷണങ്ങളും തിരസ്കരിക്കപ്പെടുമെന്നുള്ളത് കാലം തെളിയിച്ചല്ലോ? ആയതിനാല്‍ സോഷ്യലിസ്റ്റ് ശക്തികള്‍ വസ്തുനിഷ്ഠസ്വഭാവമുള്ള സോഷ്യലിസ്റ്റ് നിയമങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും ഒരിക്കലും അവയെ ലംഘിക്കരുതെന്നും സാമൂഹ്യവികാസത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ക്കേണ്ടതുണ്ട്.

Thursday, July 19, 2012

കേരള ഭരണം ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു് പോലെയോ - മന്ത്രിമാര്‍ കുറ്റവാളികളെ കണ്ടെത്തുന്നു





ഇന്ത്യന്‍ ഭരണ ഘടന പ്രകാരം സര്‍ക്കാരിന്റെ ഓരോ അംഗത്തിനും അധികാര ശ്രേണിയുടെ ഓരോ തട്ടിനും അതിന്റെ തനതായ പങ്കുണ്ടു്. പരസ്പരം കയ്യേറ്റം നിയമ വ്യവസ്ഥ തകിടം മറിക്കും. അന്വേഷണോദ്യോഗസ്ഥന്‍ കുറ്റവിചാരണ നടത്തിയാല്‍, പരിശോധനാ കോടതി കുറ്റാരോപണം നടത്തുകയും ശിക്ഷ വിധിച്ചു് തുടങ്ങുകയും ചെയ്താല്‍ നീതി എവിടെ നിന്നു് ലഭിക്കും ? നിയമ വ്യവസ്ഥ എന്താകും ? സമാനമായ സ്ഥിതിയാണു് ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടു് കേരളത്തിലുണ്ടായിട്ടുള്ളതു്. ഇത്തരം നടപടിക്കുള്ള 'മോട്ടീവു്' എന്താണു് ?



മുഖ്യ മന്ത്രിയുടെ ഉത്തരവാദിത്വം പൊതു ഭരണമാണു്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കടമ കുറ്റവാളികളെ കണ്ടു് പിടിച്ചു് നിയമത്തിനു് മുമ്പില്‍ കൊണ്ടുവരാന്‍ നിയമ പാലകരെ സഹായിക്കുകയും നിയമ വ്യവസ്ഥയെ പ്രാപ്തമാക്കുകയുമാണു്. അല്ലാതെ, അവരെ വഴി തെറ്റിക്കുകയും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഉപയോഗിക്കുകയുമല്ല. കുറ്റ കൃത്യത്തിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ പ്രതിയോഗികളില്‍ ആരോപിച്ചു് ഭരണത്തിലിരിക്കുന്നവര്‍ക്കു് രക്ഷപ്പെടാനാവില്ല. കുറ്റ കൃത്യം തെളിയിക്കപ്പെടാതെ പോയാല്‍, കുറ്റവാളികള്‍ രക്ഷപ്പെട്ടാല്‍ അതിനുത്തരവാദികള്‍ പ്രതിപക്ഷത്തിരിക്കുന്നവരല്ല, മറിച്ചു്, അന്വേഷണം വഴി തെറ്റിച്ച ഭരണക്കാരാണു്. കുറ്റകൃത്യം തെളിയിക്കപ്പെടാതെ പോകുന്നതിനു് സാക്ഷികളേയോ പ്രതികളേയോ രാഷ്ട്രീയ എതിരാളികളേയോ പ്രതി പക്ഷത്തേയോ കുറ്റം പറഞ്ഞു് ഭരണാധികാരികള്‍ക്കു് രക്ഷപ്പെടാനാവില്ല. ഭരണാധികാരികള്‍ ഈ വധക്കേസില്‍ നേരിട്ടു് ഇടപെട്ടതിനാല്‍ ഇക്കാര്യത്തിലുള്ള ഉത്തര വാദിത്വം പതിന്മടങ്ങു് വര്‍ദ്ധിക്കുകയാണു്. കുറ്റ കൃത്യം തെളിയിക്കേണ്ട ബാധ്യത പോലീസില്‍ നിന്നു് പോലും യുഡിഎഫ് ഭരണവും യുപിഎ ഭരണവും ഏറ്റെടുക്കുകയാണു് മുഖ്യ മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുടേയും പ്രഖ്യാപനങ്ങളിലൂടെ ചെയ്തതു്.



അതു് അന്വേഷണം വഴി തെറ്റിക്കാനുള്ള ഭരണക്കാരുടെ ശ്രമമായിരുന്നോ എന്ന സംശയം ഇപ്പോള്‍ രൂഢമൂലമാകുകയാണു്. അങ്ങിനെയായാല്‍ ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ യുഡിഎഫിനുള്ള പങ്കാണു് വെളിപ്പെടുത്തുന്നതു്. ഏതു് വധക്കേസിലും ആ വധത്തിനു് പ്രേരകമായ ഘടകം പ്രധാന തെളിവാണു്. ഇവിടെ അതു് രാഷ്ട്രീയ നേട്ടമാണോ എന്നതാണു് ഉയരുന്ന ചോദ്യം.



ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടു് പ്രഭാവര്‍മ്മ ദേശാഭിമാനിയില്‍ എഴുതിയ വിശകലനം ആ വധത്തോടു് യുഡിഎഫ് ഭരണത്തിന്റെ സമീപനം യുക്തിരഹിതമാണെന്നു് വിശദമാക്കപ്പെടുന്നു. യുഡിഎഫ് ഭരണം കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിനെ അനുവദിക്കുകയല്ല, മറിച്ചു്, പോലീസിനെ വഴിതെറ്റിക്കുകയാണു് ചെയ്തതെന്നു് വ്യക്തമായിരിക്കുന്നു. യൂഡിഎഫിന്റെ ചന്ദ്രശേഖരന്‍ വധത്തോടുള്ള സമീപനം അവര്‍ക്കെന്തോ മറയ്ക്കാനുണ്ടെന്ന തോന്നല്‍ ശക്തമാക്കുന്നു.



ചന്ദ്ര ശേഖരന്‍ വധത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു എന്ന യുഡിഎഫ് നിലപാടു് തെളിയിക്കപ്പെടാതെ പോയാല്‍ അതു് പോലീസിന്റേയോ ഭരണത്തിന്റേയോ പിടിപ്പു് കേടു് മാത്രമായി എഴുതിത്തള്ളാന്‍ കഴിയില്ല. അത്തരം ഒരു നിലപാടു് ഭരണവും യുഡിഎഫ് നേതൃത്വവും എടുത്തതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണു്.



ഒന്നു് - യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നു.



രണ്ടു് - തെളിയിക്കപ്പെടാത്ത കുറ്റാരോപണത്തിനു് വിധേയരായ സിപിഐ(എം) നും പ്രവര്‍ത്തകര്‍ക്കും നേരിടേണ്ടി വന്ന മാനസികവും ശാരീരികവും സാമ്പത്തികവുമായ കഷ്ട-നഷ്ടങ്ങള്‍.



മൂന്നു് - സിപിഐ(എം) നും ഇടതു് പക്ഷത്തിനുമെതിരെ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട മുന്‍വിധി മൂലം കേരള രാഷ്ട്രീയത്തിലുണ്ടായ ഗതിവിഗതികളും അവയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും.



ഈ കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ആരോപിക്കപ്പെട്ടതും പോലീസിന്റെ അന്വേഷണം വഴിതിരിച്ചു് വിടപ്പെട്ടതും മറ്റൊരു വലിയ ഗൂഢാലോചനയും അതു് തന്നെ ടി പി ചന്ദ്ര ശേഖരനെ കൊലപ്പെടുത്തിയ മൂന്നാമതൊരു കുടില രാഷ്ട്രീയ ഗൂഢാലോചനയ്ക്കു് മറയിടാനായി ഉയര്‍ത്തിയതാണോ എന്നും ന്യായമായ സംശയം ജനിപ്പിക്കുന്നതാണു് പുറത്തു് വരുന്ന വിവരങ്ങള്‍.



കേരളം ഭരിക്കാന്‍ വയറ്റില്‍ പിഴപ്പു് രാഷ്ട്രീയക്കാരെ അനുവദിക്കുന്നതിന്റെ ദുരന്തമാണു് കേരളീയര്‍ ഇന്നനുഭവിക്കുന്ന ഓരോ പ്രശ്നവുമെന്നു് തെളിയിക്കപ്പെടുന്നതിന്റെ അവസാനത്തെ ഉദാഹരണം മാത്രമാകാം ഇതു്.



-----------------------------------------------



ദേശാഭിമാനി ലേഖനം ഇവിടെ വായിക്കുക



-----------------------------------------------



ചന്ദ്രശേഖരന്‍ വധക്കേസിന്റെ രൂപപരിണാമങ്ങള്‍ പ്രഭാവര്‍മ



(Courtesy Deshabhimani : Posted on: 17-Jul-2012 12:52 AM)



കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് അടിമുടി നീറിപ്പുകഞ്ഞുനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സമസ്ത പൊലീസ്- ഭരണസംവിധാനവും നിരന്തരം ഉപയോഗിച്ച് രണ്ടരമാസത്തോളം ഭഗീരഥപ്രയത്നം നടത്തിയിട്ടും ടി പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലുണ്ടെന്ന് ആരോപിക്കപ്പെട്ട സിപിഐ എം ബന്ധം തെളിയിക്കാനാകാതെ ഉഴലുകയാണ്. വധത്തിനു പിന്നില്‍ സിപിഐ എം ആയിരുന്നെങ്കില്‍ എല്ലാ അധികാരസംവിധാനങ്ങളും കൈവശമുള്ള യുഡിഎഫ് സര്‍ക്കാരിന് അതെല്ലാം രണ്ടരദിവസംകൊണ്ട് തെളിയിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അന്വേഷണം രണ്ടരമാസമാകുമ്പോഴും കൊലനടത്തിയവരില്‍ ഒരു സിപിഐ എംകാരനെങ്കിലും ഉണ്ടെന്ന് തെളിവോടെ സ്ഥിരീകരിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.



കൊലചെയ്യപ്പെട്ടയാളുടെ ചോരയുണങ്ങുംമുമ്പുതന്നെ സിപിഐ എംകാരാണ് ഇത് ചെയ്തതെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഈ അവസ്ഥമൂലമുള്ള ജാള്യം ചെറുതല്ല. ഇത് മറയ്ക്കാനും മാനംരക്ഷിക്കാനും ഒടുവില്‍ ഇവര്‍ കണ്ട പോംവഴിയാണ് കേസില്‍ ഗൂഢാലോചനക്കുറ്റത്തിനുള്ള വകുപ്പുചേര്‍ക്കുക എന്നത്. അങ്ങനെയൊരു വകുപ്പുചേര്‍ത്താല്‍ ആരെയും അതിലേക്ക് പിടിച്ചിടാം; തങ്ങള്‍ പറഞ്ഞതാണ് ശരി എന്ന പ്രതീതി വരുത്തി സിപിഐ എമ്മിനെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തുകയും ചെയ്യാം. ഈ അടവാണ് ഇപ്പോള്‍ പയറ്റുന്നത്. സിപിഐ എമ്മിന്റെ ഏരിയ സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയറ്റ് അംഗത്തെയുമൊക്കെ കൊലപാതകവുമായി ഒരു വിധത്തിലും ബന്ധിപ്പിക്കാന്‍ കൃത്രിമ തെളിവുകള്‍ക്കുപോലും സാധിക്കുന്നില്ല എന്നുബോധ്യമായപ്പോഴാണ് ഇവരൊക്കെ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിലേക്ക് പൊലീസും സര്‍ക്കാരും തെന്നിമാറിയത്.



തെങ്ങിനെക്കുറിച്ച് ഉപന്യസിക്കാനറിയാത്ത കുട്ടി തെങ്ങില്‍ പശുവിനെ കെട്ടിയിടാറുണ്ട് എന്ന് പരാമര്‍ശിച്ച് പശുവിനെക്കുറിച്ച് ഉപന്യസിക്കുന്നതുപോലുള്ള പരിപാടി. പശുവിനെക്കുറിച്ചുള്ള ഉപന്യാസം തെങ്ങിനെക്കുറിച്ചാകില്ല എന്ന സത്യം അപ്പോഴും ബാക്കിനില്‍ക്കും. എണ്‍പതുപേരെ പ്രതിയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും പ്രിയപ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ പറയുന്നത്. അപ്പോള്‍ 80 പേര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയോ? ഇത്രയേറെപ്പേര്‍ ചേര്‍ന്നാല്‍ അത് രഹസ്യയോഗമല്ല, പൊതുയോഗമേ ആകൂ. പൊതുയോഗത്തില്‍ ഗൂഢാലോചന നടക്കില്ലല്ലോ. "ഗൂഢാലോച" എന്നത് കമ്യൂണിസ്റ്റുകാരെ ആക്രമിക്കാന്‍ ബ്രിട്ടീഷ് ഭരണകാലംതൊട്ട് ഉപയോഗിക്കപ്പെട്ടുപോരുന്ന വകുപ്പാണ്. കമ്യൂണിസ്റ്റുകാര്‍ യോഗം ചേര്‍ന്നതിന്റെ പേരില്‍ മാത്രമുണ്ടായ ലാഹോര്‍- കാണ്‍പുര്‍- മീററ്റ് ഗൂഢാലോചന കേസുകളെക്കുറിച്ച് ഓര്‍മിക്കുക. അതേ ആയുധംതന്നെ ഇന്നും പ്രയോഗിക്കപ്പെടുന്നു. അറിഞ്ഞു, സഹായിച്ചു എന്നും മറ്റുമുള്ള അവ്യക്തമായ കഥമെനയല്‍ മാത്രമാണ് പലര്‍ക്കുമെതിരെ നടക്കുന്നത്. ഈ കുറ്റാരോപണങ്ങളൊന്നും കോടതിയില്‍ നിലനില്‍ക്കുന്നതല്ല എന്ന് പൊലീസിനും ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കുമറിയാം. നിലനിന്നേ പറ്റൂ എന്ന് അവര്‍ക്ക് നിര്‍ബന്ധവുമില്ല. ആകെ വേണ്ടത് സിപിഐ എമ്മിനെതിരായി പൊതുജനാഭിപ്രായത്തെ തിരിച്ചുവിട്ട് കമ്യൂണിസ്റ്റ്വിരുദ്ധ അപസ്മാരാന്തരീക്ഷം സമൂഹത്തിലുണ്ടാക്കുക എന്നതുമാത്രമാണ്.



പൊലീസും വലതുപക്ഷ മാധ്യമങ്ങളും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനെതിരായി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ട നിമിഷംമുതല്‍ ഈ കേസ് വഴിതെറ്റുകയായിരുന്നു. കല്യാണവീട്ടില്‍ നില്‍ക്കുമ്പോള്‍ ടി പി ചന്ദ്രശേഖരന് ഒരു ഫോണ്‍ വന്നുവെന്നും ആ ഫോണിന്റെ തുടര്‍ച്ചയെന്നോണം അദ്ദേഹം ബൈക്ക് ഓടിച്ചുപോവുകയായിരുന്നുവെന്നുമാണ് ആദ്യദിവസം പത്രങ്ങള്‍ എഴുതിയത്. ചന്ദ്രശേഖരന്‍ പോയതാകട്ടെ, തന്റെ വീടുള്ള വഴിക്കല്ല, നേരെ എതിര്‍ദിശയിലേക്കാണ്. ചന്ദ്രശേഖരനെ ആ വഴിക്കുതിരിച്ചുവിട്ട് കൊലപാതകസംഘത്തിന്റെ മുന്നിലെത്തിച്ചുകൊടുത്ത ഫോണ്‍കോള്‍ ആരുടേതായിരുന്നു? ആ വഴിക്ക് സ്വാഭാവികമായും അന്വേഷണം നീങ്ങേണ്ടതാണ്. അതുണ്ടായില്ല. കാരണം, അപ്പോഴേക്ക് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്വേഷണസംഘം പോകേണ്ട ദിശ ഏതെന്ന് പരസ്യമായിത്തന്നെ നിര്‍ണയിച്ചുകൊടുത്തുകഴിഞ്ഞിരുന്നു. രാഷ്ട്രീയമല്ല, മറിച്ച് സ്വകാര്യതാല്‍പര്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ രാവിലെ പറഞ്ഞു. രാഷ്ട്രീയവിരോധമാണ് കൊലയ്ക്കു പിന്നിലെന്ന് വൈകിട്ടായപ്പോള്‍ ആഭ്യന്തരമന്ത്രി ഡിജിപിയെ തിരുത്തി. അതോടെ, അതുവരെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായി നീങ്ങേണ്ട ദിശയില്‍നിന്ന് അന്വേഷണം വീണ്ടും വഴിതെറ്റി. ഇതിനിടെ, കൊല നടത്തിയവര്‍ എന്ന് പൊലീസ് തന്നെ പറയുന്ന ചിലര്‍ അറസ്റ്റുചെയ്യപ്പെട്ടു. അപ്പോഴാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി, അവരൊക്കെ പരല്‍മീനുകളാണെന്നും വമ്പന്‍ സ്രാവുകള്‍ വേറെയുണ്ടെന്നും പ്രഖ്യാപിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സഹമന്ത്രി ഇതുപറഞ്ഞത്?



ഏതായാലും പിറ്റേന്നുതന്നെ കേസില്‍ അതുവരെ ഇല്ലാതിരുന്ന ഒരു വകുപ്പ് (120 ബി) കൂടി ചേര്‍ക്കപ്പെട്ടു- ഗൂഢാലോചനക്കുറ്റം. ആഭ്യന്തര സഹമന്ത്രിയുടെ പ്രീതിക്കായി വമ്പന്‍സ്രാവുകളുടെ പേര് ലിസ്റ്റില്‍ കയറ്റണമെങ്കില്‍ അതല്ലേയുള്ളൂവഴി- അന്വേഷണം വീണ്ടും വഴിതിരിഞ്ഞു. സത്യത്തെ വഴിയില്‍വിട്ട്, അന്വേഷണത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിട്ടത് സംസ്ഥാന ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുമാണ്. ഇവരുടെ പരസ്യ പ്രഖ്യാപനങ്ങളോടെയാണ് സി എച്ച് അശോകനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതും ഒരുമടിയും കൂടാതെ സ്റ്റേഷനില്‍ ചെന്ന അദ്ദേഹത്തെ ലോക്കപ്പിലടയ്ക്കുന്നതും. തുടര്‍ന്ന് മറ്റ് സിപിഐ എം നേതാക്കളുടെ പേര് അശോകനില്‍നിന്നുകിട്ടി എന്ന കഥയുണ്ടാക്കി അവരെക്കൂടി കസ്റ്റഡിയിലെടുക്കുന്നതും നേതാക്കളുടെ പേര് പറയിക്കാനായി പലരെയും അതിക്രൂരമാംവിധം ഭേദ്യംചെയ്യുന്നതും.



2010ല്‍ പൊലീസ് നിയമം ഭേദഗതിചെയ്ത് ഭേദ്യംചെയ്യല്‍ നിരോധിച്ചതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. നിരോധിക്കപ്പെട്ട ആ ഭേദ്യമുറകള്‍ ലോക്കപ്പുകളില്‍ വീണ്ടും വരുമ്പോഴും മനുഷ്യത്വത്തിന്റെ മഹാപ്രവാചകരായി മറ്റു ഘട്ടങ്ങളില്‍ അവതരിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. ഇതിനെല്ലാം അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കുക എന്നതായി വലതുപക്ഷ മാധ്യമങ്ങളുടെ റോള്‍. കസ്റ്റഡിയില്‍ ആയവര്‍ പറഞ്ഞതായി അവര്‍ പറയാത്ത കഥകള്‍ നിത്യേന പൊലീസ് ചോര്‍ത്തിക്കൊടുക്കുക; പത്രങ്ങള്‍ അവയൊക്കെ പൊടിപ്പും തൊങ്ങലുംവച്ച് എഴുതിത്തകര്‍ക്കുക. ഇതായി പിന്നീട് പരിപാടി. കസ്റ്റഡിയിലായവര്‍ക്ക് തങ്ങള്‍ ഇങ്ങനെയൊന്നും മൊഴി നല്‍കിയിട്ടില്ല എന്ന് വിശദീകരിക്കാനുള്ള അവകാശം നിഷേധിച്ചു. അവരുടെ അഭിഭാഷകര്‍ പത്രത്തില്‍ വരുന്നതൊന്നും സത്യമല്ല എന്ന് അവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചതൊക്കെ പത്രങ്ങള്‍ തമസ്കരിക്കുകയും ചെയ്തു. പൊലീസ് ഓഫീസര്‍മാര്‍ നൂറുകണക്കിനു തവണ പത്രങ്ങളുടെയും ചാനലുകളുടെയും ലേഖകന്മാരെ വിളിച്ചതിന്റെ തെളിവുകള്‍ ഇതിനിടെ ദേശാഭിമാനി പുറത്തുകൊണ്ടുവന്നു.



അന്വേഷണം നടക്കുന്നതിനിടെ അതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. അങ്ങനെ ചെയ്യുന്നത് നീതിപൂര്‍വകമായ അന്വേഷണത്തെ അനീതി നിറഞ്ഞതാക്കാനുള്ള ഇടപെടലാണ്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഇക്കാര്യത്തില്‍ സുവ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാംവച്ചു നോക്കിയാല്‍ നൂറുകണക്കിനു തവണ ചാനല്‍- പത്ര റിപ്പോര്‍ട്ടര്‍മാരെ വിളിച്ച പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകേണ്ടതാണ്. എന്നാലിവിടെ, നടപടി കുറ്റംചെയ്ത പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയല്ല, മറിച്ച് അത് പുറത്തുകൊണ്ടുവന്ന ദേശാഭിമാനിക്കെതിരെയാണ്. ഈ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഡിപ്പാര്‍ട്മെന്റ് മൊബൈല്‍ ഫോണ്‍ കൊടുത്തിട്ടുള്ളതും അതിന്റെ ബില്‍ തുക സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നതും ഈ പണിക്കാണോ? ഈ ചോദ്യം പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റു സന്ദര്‍ഭങ്ങളില്‍ ഗിരിപ്രഭാഷണം നടത്താറുള്ള ഒരു മാധ്യമവും ചോദിക്കുന്നില്ല. മാധ്യമ- പൊലീസ് അവിശുദ്ധ ബന്ധത്തിന്റെ ക്ലാസിക് ദൃഷ്ടാന്തമാണിത്.



ദേശാഭിമാനിക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുന്നത് തീര്‍ത്തും സത്യവിരുദ്ധമായ ഒരു തലത്തില്‍നിന്നുകൊണ്ടാണ്. ദേശാഭിമാനി അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കേസ്. അവര്‍ ഫോണില്‍ സംസാരിച്ച ഒരു വാക്കുപോലും ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ചത് അവര്‍ വിളിച്ച ഫോണ്‍ നമ്പരുകളാണ്. ആ നമ്പരുകള്‍ പുറത്തുവരുമ്പോള്‍ പൊലീസ് വകുപ്പ് എന്തിനാണ് നടുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് വിവരം കൊടുക്കരുതെന്ന സുപ്രീംകോടതിയുടെവരെ വിലക്ക് ലംഘിച്ച് നിരന്തരം മാധ്യമങ്ങളെ ബന്ധപ്പെട്ടത് എന്തിന് എന്ന് അവരോട് വിശദീകരണം തേടുകയല്ലേ ഡിജിപി ചെയ്യേണ്ടത്? പക്ഷേ, അതുചെയ്യാന്‍ പോലും കഴിയാത്തവിധം ഡിപ്പാര്‍ട്മെന്റിന്റെയാകെ കൈകെട്ടിയിരിക്കുന്നു ഈ ഭരണം. ഇടുക്കിയില്‍ എം എം മണി ഒരു പ്രസംഗംചെയ്തു. അതിന്റെ ആദ്യഭാഗം മാധ്യമങ്ങള്‍ അപ്പാടെ തമസ്കരിച്ചു. എങ്കിലും, പൊലീസിന്റെ പക്കല്‍ ആ ആദ്യഭാഗവുമുണ്ട്. എന്തായിരുന്നു ആ ആദ്യഭാഗം? പീരുമേട്ടിലെ തോട്ടംതൊഴിലാളി സ്ത്രീകളെ എസ്റ്റേറ്റ് ഉടമകളും അവരുടെ ഏജന്റുമാരായ കോണ്‍ഗ്രസ് നേതാക്കളും രാത്രികാലങ്ങളില്‍ മാനഭംഗപ്പെടുത്താന്‍ ചെല്ലുമായിരുന്നതിന്റെയും അതിനെ എതിര്‍ത്ത ആങ്ങളമാരെയും ഭര്‍ത്താക്കന്മാരെയും ആ പ്രമാണിമാര്‍ കൊന്നൊടുക്കിയതിന്റെയും കഥയായിരുന്നു അത്. പീരുമേട്ടില്‍ തോട്ടം തൊഴിലാളികള്‍ സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനും തങ്ങളുടെ അവകാശം നേടലിനുംവേണ്ടി യൂണിയനുണ്ടാക്കിത്തുടങ്ങിയപ്പോള്‍ അതിനുമുന്‍നിന്നു പ്രവര്‍ത്തിച്ച തൊഴിലാളി നേതാക്കളെ ഒന്നൊന്നായി എസ്റ്റേറ്റ് മുതലാളിമാരും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതിന്റെ ലിസ്റ്റായിരുന്നു അതില്‍. ആ കൊലപാതകങ്ങളുടെ ലിസ്റ്റിനെക്കുറിച്ച് അന്വേഷണമില്ല. അത് പുറത്തുവരാതെ നോക്കാന്‍ മാധ്യമങ്ങളുടെ ജാഗ്രതാപൂര്‍ണമായ തമസ്കരണം! ആ കൊലപാതകങ്ങളുടെ ലിസ്റ്റ് കാണുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തിനാണ് നടുങ്ങുന്നത്? മാധ്യമങ്ങള്‍ എന്തിനാണ് ആ ലിസ്റ്റ് മറയ്ക്കാന്‍ ഇത്ര താല്‍പ്പര്യം കാണിക്കുന്നത്?



പൊലീസും വലതുപക്ഷ മാധ്യമങ്ങളും എങ്ങനെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നു നോക്കുക! മുസ്ലിംലീഗ് നേതാവ് പി കെ ബഷീറും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും നടത്തിയ ഭീഷണിപ്രസംഗങ്ങള്‍ പുറത്തുവന്നു. ആ ഭീഷണിപ്രസംഗങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. വലതുപക്ഷമാധ്യമങ്ങള്‍ക്കാകട്ടെ, അതില്‍ ഒരു പരാതിയുമില്ല. എം എം മണിയുടെ കാര്യമാകുമ്പോള്‍, അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ വ്യാപരിക്കുമ്പോഴും ""ഒളിവില്‍"" എന്ന് എഴുതി മണിയെ അറസ്റ്റ് ചെയ്യണമെന്ന് മുറവിളി കൂട്ടാന്‍ ഇവര്‍ക്ക് മടിയുമില്ല. ഈ മുറവിളി എന്തേ പി കെ ബഷീറിന്റെയും കെ സുധാകരന്റെയും കാര്യത്തില്‍ കണ്ടില്ല? കഴിഞ്ഞ ലോക്സഭാ തെഞ്ഞെടുപ്പുഘട്ടത്തില്‍ താന്‍ കണ്ണൂരില്‍ കൊണ്ടുവന്ന ക്വട്ടേഷന്‍സംഘത്തെ വിടുവിച്ചെടുക്കാന്‍ പകലന്തിയോളം കെ സുധാകരന്‍ പൊലീസ്സ്റ്റേഷനില്‍ ഉറഞ്ഞുതുള്ളി. ഇതില്‍ കാണാത്ത "നീതിപാലനത്തിലെ ഇടപെടല്‍" എസ്എഫ്ഐ കുട്ടികളെ സ്റ്റേഷനില്‍കൊണ്ടുപോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന എം വി ജയരാജന്റെ കേവലമായ അന്വേഷണത്തില്‍ ഇതേ മാധ്യമങ്ങള്‍ കണ്ടെത്തുന്നു.



എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് ഈ ഇരട്ടത്താപ്പ്? പി കെ ബഷീര്‍ നടത്തിയ വധഭീഷണി പ്രസംഗത്തില്‍ കേസെടുക്കാന്‍വേണ്ട കാര്യങ്ങള്‍ കാണാത്ത പൊലീസ് ക്രൂരഭേദ്യങ്ങള്‍ നടത്തുന്ന പൊലീസുകാരെ സുപ്രീംകോടതി ശിക്ഷിച്ചിട്ടുണ്ടെന്ന് എളമരം കരീം പ്രസംഗിച്ചതായി കേള്‍ക്കുമ്പോള്‍ തുടര്‍കേസുകളുമായി എത്തുന്നു- പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസ്! ഇക്കണക്കിനുപോയാല്‍ "ഇക്കളി തീക്കളി സൂക്ഷിച്ചോ" എന്നു പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നാല്‍ പ്രകടനത്തെ അപ്പാടെ ഈ സര്‍ക്കാര്‍ തടവറയിലാക്കും. വിയോജനാഭിപ്രായങ്ങളെയാകെ ഈ വിധത്തില്‍ ഞെരിച്ചമര്‍ത്തുമ്പോഴും ജനാധിപത്യ സ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റു വേളകളില്‍ മഹാപ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഒരു എതിരഭിപ്രായവുമില്ല! ജഡ്ജിയാകേണ്ടയാള്‍ക്കെതിരെ വ്യാജപേരില്‍ പരാതി അയച്ച ദല്ലാള്‍ നന്ദകുമാറിനെതിരായ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനം പൂഴ്ത്തിവച്ച് ദല്ലാള്‍ നന്ദകുമാറിന് ഇടക്കാല സ്റ്റേനേടാന്‍ അവസരമുണ്ടാക്കിക്കൊടുത്ത ആഭ്യന്തരമന്ത്രിയാണ് പൊലീസിനെ ഭരിക്കുന്നത്. സിബിഐ അന്വേഷണത്തിനുള്ള തുടര്‍നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ദല്ലാള്‍ കോടതിയില്‍ പോയപ്പോള്‍ എതിര്‍വാദത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതും ഫെബ്രുവരി 22ന്റെ സിബിഐ അന്വേഷണ വിജ്ഞാപനം നിരവധി മാസങ്ങള്‍ ആഭ്യന്തരമന്ത്രി കേന്ദ്രത്തിനയക്കാതെ പൂഴ്ത്തിവച്ചതും കൂട്ടിവായിക്കാന്‍ വിഷമമില്ല. നാഴികയ്ക്ക് നാല്‍പ്പതുവട്ടം നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആവര്‍ത്തിക്കുന്ന ആഭ്യന്തരമന്ത്രി നിയമത്തെ ഈ വിധത്തില്‍ തടസ്സപ്പെടുത്തിയത് ആര്‍ക്കുവേണ്ടി എന്ന ചോദ്യം വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നതേയില്ല.



കെ സുധാകരനെതിരെ സിബിഐ കേസുണ്ടെന്നു പറഞ്ഞാണല്ലോ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ കേസ് ഇല്ലാതാക്കാന്‍ കോടതിയെ സമീപിച്ചത്. എവിടെയാണ് ആ സിബിഐ കേസ്? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി പറയണം. ജഡ്ജിക്ക് കൈക്കൂലികൊടുത്തെന്ന് കെ സുധാകരന്‍ പ്രസംഗിച്ച കേസില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്ന കള്ള നിലപാടിന്റെ അടിസ്ഥാനത്തില്‍ ഇവിടത്തെ പൊലീസ്- വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കാന്‍ കോടതിയെ സര്‍ക്കാര്‍ സമീപിച്ചു. കോടതിയെ കബളിപ്പിച്ച് കേസ് ഇല്ലായ്മചെയ്ത് സുധാകരനെ രക്ഷപ്പെടുത്തിയെടുക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വകുപ്പ് ശ്രമിച്ചതെന്തിനെന്ന ചോദ്യം വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നതേയില്ല. ഇങ്ങനെ നോക്കിയാല്‍, കേരളത്തിലെ കേസുകളെയെല്ലാം തങ്ങള്‍ക്ക് രാഷ്ട്രീയമായി അനുകൂലമായത്, പ്രതികൂലമായത് എന്ന നിലയ്ക്ക് കേരളത്തിന്റെ ആഭ്യന്തരവകുപ്പ് വേര്‍തിരിക്കുന്നതാണ് ബോധ്യമാവുക. രാഷ്ട്രീയമായി പ്രതികൂലമാകുന്ന കേസുകളെല്ലാം നിയമവിരുദ്ധമായ വഴിക്കുപോലും പോയി ഇല്ലായ്മചെയ്യുക. മറുവശത്ത്, രാഷ്ട്രീയമായി ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാവുന്നതെന്ന് ലിസ്റ്റുചെയ്തിട്ടുള്ള കേസുകളിലെല്ലാം കൃത്രിമമായി തെളിവുകളുണ്ടാക്കിയെടുത്ത് വൈരനിര്യാതനം നടത്തുക. ഇതാണ് ആഭ്യന്തരവകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാപ്പുസാക്ഷികളെ ഉണ്ടാക്കി രാഷ്ട്രീയ ലക്ഷ്യം നേടാന്‍ നോക്കുന്ന നെറികേടാണ് ഇവര്‍ ഏറ്റവുമൊടുവില്‍ പ്രകടിപ്പിക്കുന്നത്. ഇതിനൊക്കെ കുടപിടിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍.



കസ്റ്റഡിയില്‍പ്പെട്ട കാരായി രാജനെയും മറ്റും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചതിനെ വലതുപക്ഷ മാധ്യമങ്ങള്‍ വിമര്‍ശിച്ചു. അന്യായമായി പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായാല്‍ ആ നേതാവിനെ കൈയൊഴിയുക എന്നതല്ല സിപിഐ എം രീതി. പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ചെയ്യാത്ത കുറ്റത്തിന് കാരായി രാജനും മറ്റും ജയിലിലടയ്ക്കപ്പെട്ടത്. ഇങ്ങനെ ജയിലിലായവരെ മാത്രമല്ല, വധശിക്ഷയ്ക്കു കാത്തുകഴിഞ്ഞവരെവരെ സന്ദര്‍ശിച്ച ചരിത്രമാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട കയ്യൂര്‍ സഖാക്കളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി സന്ദര്‍ശിച്ച പി സി ജോഷിയുടെയും പി കൃഷ്ണപിള്ളയുടെയും പാരമ്പര്യമാണ് അത്. അത് ഉയര്‍ത്തിപ്പിടിക്കുക എന്നതുതന്നെയാണ് സിപിഐ എം നേതാവിന്റെ കര്‍ത്തവ്യം. അത് ആ നിലയ്ക്ക് കാണാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിയില്ല. കാരണം ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന കനത്ത ദൗത്യം ഏറ്റെടുക്കാന്‍ നടക്കുന്നവരാണല്ലോ അവര്‍! (അവസാനിക്കുന്നില്ല)

Sunday, July 1, 2012

കര്‍ഷകന് വട്ടപ്പൂജ്യം ഐഎംഎഫിന് 56000 കോടി


(Courtesy Deshabhimani Editorial : Posted on: 01-Jul-2012 09:23 AM) സ്വന്തം ജനത പട്ടിണിയിലും ദാരിദ്ര്യത്തിലുംപെട്ട് ഉഴലുന്നതിലല്ല, മറിച്ച് യൂറോമേഖല സാമ്പത്തികപ്രതിസന്ധി നേരിടുന്നതിലാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കുണ്ഠിതം. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഫണ്ട് അനുവദിക്കുന്നതിലല്ല, യൂറോമേഖലയെ കരകയറ്റാന്‍ വന്‍തുക അനുവദിക്കുന്നതിലാണ് അദ്ദേഹത്തിന് താല്‍പ്പര്യം. മെക്സിക്കോയിലെ ലോസ് കാബോസില്‍ നടന്ന ജി- 20 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗം ഇന്ത്യക്ക് പത്തു ബില്യണ്‍ ഡോളറാണ് നഷ്ടപ്പെടുത്തുന്നത്. അന്താരാഷ്ട്ര നാണയനിധിക്ക് പത്തു ബില്യണ്‍ ഇന്ത്യയുടെ സംഭാവനയായി നല്‍കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. യൂറോമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനാണ് ഇത്. പത്തു ബില്യണ്‍ ഡോളര്‍ എന്നുപറഞ്ഞാല്‍ 56,000 കോടി രൂപ! ഇന്ത്യക്ക് താങ്ങാവുന്ന തുകയാണോ ഇത്? യൂറോമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിന് ആരും എതിരല്ല. കരകയറ്റുന്നത് സ്വയം കരകയറിയിട്ടാകണം; സ്വയം മുങ്ങിത്താഴ്ന്നുകൊണ്ടാകരുത് എന്നുമാത്രം. ഐഎംഎഫിലേക്ക് ഇന്ത്യ അടയ്ക്കാനുള്ള തുകയില്‍ വീഴ്ചവരുത്തിയാല്‍ ആ നിമിഷം ഐഎംഎഫ് ഇന്ത്യയുടെ കഴുത്തിനുപിടിക്കും. ഈ അവസ്ഥ നിലനില്‍ക്കെയാണ് ഇന്ത്യ ഐഎംഎഫിലേക്ക് നിരുപാധികമായ ദാനം നടത്തുന്നത്! സായിപ്പന്മാരുടെ നിരയില്‍ ചെന്നുനിന്ന വേളയില്‍ കോട്ടും സ്യൂട്ടുമിട്ട നമ്മുടെ പ്രധാനമന്ത്രിക്ക് ദാനധര്‍മിഷ്ഠന്‍ എന്ന ഖ്യാതി കിട്ടിയാല്‍ കൊള്ളാമെന്നുതോന്നി. സമ്പന്ന രാഷ്ട്രങ്ങള്‍ കാട്ടാത്ത ദാനധര്‍മാദികള്‍ ഇന്ത്യക്കുവേണ്ടിയെന്നോണം മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. എത്ര കരുണാമയനായ പ്രധാനമന്ത്രി എന്ന് ഐഎംഎഫ് തലവന്മാര്‍ മന്‍മോഹന്‍സിങ്ങിനെ ശ്ലാഘിച്ചു. ഇന്ത്യയിലെ സാധാരണക്കാരന്റെയും അതിദരിദ്രന്റെയും പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയെടുക്കുന്ന പണമാണ് ഡോളറാക്കി ഐഎംഎഫിനു മുമ്പില്‍ അന്താരാഷ്ട്രവേദിയില്‍വച്ച് മന്‍മോഹന്‍സിങ് വാരിവിതറിയത്. വിലക്കയറ്റംകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നു; കടക്കെണിയില്‍പ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുന്നു. പൊള്ളുന്ന ഈ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന് മറയിടാന്‍ മന്‍മോഹന്‍സിങ് കണ്ട മാര്‍ഗംകൊള്ളാം. ലോകത്തെ മൊത്തം വരുമാനത്തിന്റെ 80 ശതമാനം കൈയടക്കിവച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ തലവന്മാര്‍ നിശബ്ദരായിരിക്കുന്ന വേളയിലാണ് ഈ ദരിദ്രരാജ്യത്തുനിന്ന് ചെന്ന് 56,000 കോടിയുടെ സഹായപ്രഖ്യാപനം നടത്തി മന്‍മോഹന്‍സിങ് കൈയടി വാങ്ങാന്‍ ശ്രമിച്ചത്. ആ കൈയടിയില്‍ അമര്‍ന്നുതാഴുന്നതല്ല ഇന്ത്യയില്‍ ജീവിക്കാന്‍ പെടാപ്പാടുപെടുന്നവരുടെ കൂട്ടനിലവിളി. ഇപ്പോള്‍ ഐഎംഎഫിന് നല്‍കുന്ന ഭീമമായ തുകയുടെ പകുതി മതിയായിരുന്നു ഇന്ത്യയിലെ വെട്ടിക്കുറച്ച പ്രധാന സബ്സിഡികളാകെ പുനഃസ്ഥാപിക്കാന്‍. കഴിഞ്ഞ പൊതുബജറ്റിലൂടെ പെട്രോളിയംരംഗത്ത് 24,901 കോടി രൂപയുടെ സബ്സിഡിയാണ് വെട്ടിക്കുറച്ചത്. രാസവളരംഗത്ത് 6225 കോടിയുടെയും ഭക്ഷ്യധാന്യരംഗത്ത് 2177 കോടിയുടെയും സബ്സിഡിയാണ് വെട്ടിക്കുറച്ചത്. ഇപ്പോള്‍ 56,000 കോടി രൂപയാണല്ലോ യൂറോമേഖലയെ രക്ഷിക്കാന്‍ ദാനംചെയ്യുന്നത്. 28,929 കോടി രൂപയുണ്ടായിരുന്നെങ്കില്‍ ഈ സബ്സിഡികളെല്ലാം പൂര്‍ണമായും പുനഃസ്ഥാപിക്കാമായിരുന്നു. രാസവളത്തിന്റെയും പാചകവാതകത്തിന്റെയും ഭക്ഷ്യധാന്യത്തിന്റെയും ഒക്കെ വിലക്കയറ്റം പിടിച്ചുനിര്‍ത്താമായിരുന്നു; പട്ടിണി നിയന്ത്രിക്കാമായിരുന്നു; കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് രക്ഷിക്കാമായിരുന്നു. പക്ഷേ, ഐഎംഎഫിന് ദാനംചെയ്യാനല്ലാതെ മന്‍മോഹന്‍സിങ്ങിന്റെ കൈവശം പണമില്ല ഇക്കാര്യങ്ങള്‍ക്കൊന്നും! ഡോ. മന്‍മോഹന്‍സിങ് രാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ ജീവിതസാഹചര്യമറിഞ്ഞ് വളര്‍ന്നുവന്നയാളല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വ്യക്തിപരമായി ജനങ്ങളുടെ നാഡിമിടിപ്പ് അറിഞ്ഞുകൂടാ. ജനജീവിത ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുമില്ല. ഇത് വ്യക്തിപരമായി അദ്ദേഹത്തിന്റെ നില. ഇനി രാഷ്ട്രീയം നോക്കിയാലോ? കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് അദ്ദേഹത്തെ നയിക്കുന്നത്. ആ രാഷ്ട്രീയം സാധാരണക്കാരെയും പാവപ്പെട്ടവരെയുംകുറിച്ച് അല്‍പ്പമെങ്കിലും കരുതലുള്ള ഒന്നല്ല. ഇത് രണ്ടുംചേര്‍ന്നാല്‍ എന്താപത്താണുണ്ടാവുക എന്നത് ആവര്‍ത്തിച്ച് തെളിയുകയാണിവിടെ. യൂറോമേഖലയ്ക്ക് എന്നുപറഞ്ഞ് ഐഎംഎഫിനെ കൊഴുപ്പിക്കാന്‍ ശ്രമിക്കുന്ന മന്‍മോഹന്‍സിങ് കോര്‍പറേറ്റ് മേഖലയെയും അതേപോലെ കൊഴുപ്പിക്കുന്നുണ്ട്. പെട്രോളിയം, രാസവളം, ഭക്ഷ്യധാന്യം എന്നീ ഇനങ്ങളില്‍ മാത്രമായി 28,929 കോടിയുടെ സബ്സിഡി ഒറ്റവര്‍ഷംകൊണ്ട് വെട്ടിക്കുറച്ച ഇതേ മന്‍മോഹന്‍സിങ് ഭരണമാണ് ഒറ്റവര്‍ഷംകൊണ്ടുതന്നെ കോര്‍പറേറ്റ് മേഖലയ്ക്കുള്ള സബ്സിഡി 69,727 കോടി രൂപ കണ്ട് ഉയര്‍ത്തിക്കൊടുത്തത്. കര്‍ഷകനില്ലാത്ത സബ്സിഡി കോര്‍പറേറ്റ് വമ്പന്മാര്‍ക്ക്! ഉപഭോക്താക്കളുടെമേല്‍ വന്നുവീഴുന്ന പരോക്ഷനികുതിയില്‍ ഒറ്റ ബജറ്റിലൂടെ 45,940 കോടി രൂപയുടെ വര്‍ധന വരുത്തിയ സര്‍ക്കാരാണിത്. പ്രോവിഡന്റ് ഫണ്ട് പലിശ 9.5 ശതമാനമായിരുന്നത് 8.25 ശതമാനമാക്കിച്ചുരുക്കി ജീവനക്കാരുടെ വിയര്‍പ്പുകാശുപോലും കൊള്ളയടിക്കുന്ന സര്‍ക്കാര്‍. അങ്ങനെ ജനങ്ങള്‍ക്ക് ദുസ്സഹഭാരങ്ങളല്ലാതെ തരിമ്പും ഇളവുനല്‍കാത്ത ഭരണമാണിത്. കോര്‍പറേറ്റുകള്‍ക്കുള്ള സബ്സിഡി 69,727 കോടികണ്ട് വര്‍ധിപ്പിച്ചു. അവരില്‍നിന്നുകിട്ടേണ്ട 5,29,432 കോടി രൂപ ഒറ്റയടിക്ക് എഴുതിത്തള്ളിയും ഈ ഭരണം അതിന്റെ കോര്‍പറേറ്റ് പക്ഷപാതിത്വം പ്രകടമാക്കി. ഇപ്പോഴിതാ പാവപ്പെട്ട ഇന്ത്യക്കാരെ പിഴിഞ്ഞുണ്ടാക്കുന്ന സത്തില്‍നിന്ന് 56,000 കോടിയെടുത്ത് ഐഎംഎഫിന് ദാനംചെയ്ത് അന്താരാഷ്ട്രവേദിയില്‍ പ്രധാനമന്ത്രി തന്റെ പേരും പെരുമയും വര്‍ധിപ്പിക്കാന്‍ നോക്കുകകൂടി ചെയ്യുന്നു. തിരിച്ചറിയപ്പെടേണ്ടതാണ് യുപിഎ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങളും പക്ഷപാതിത്വങ്ങളും.

Blog Archive