അച്ചടിച്ച പ്രസിദ്ധീകരണങ്ങളും ശബ്ദ-ചിത്ര പ്രസരണങ്ങളും ബഹുജനങ്ങളിലേയ്ക്കു്, ഒരേ ദിശയില്‍ മാത്രം വിവരവും വിജ്ഞാനവും എത്തിക്കുന്ന പരമ്പരാഗത മാധ്യമങ്ങളാണു്. അവയില്‍ നിന്നു് വ്യത്യസ്തമായി നവ മാധ്യമശൃംഖല പരസ്പരം ആശയ വിനിമയം സാധ്യമാക്കിയിരിക്കുന്നു. തത്സമയം വ്യക്തിപരമായും കൂട്ടായ്മയിലും പരസ്പരം ആശയവിനിമയം ചെയ്യാനും എഴുത്തും ചിത്രവും ശബ്ദവും അടക്കം വിവരത്തിന്റെ ഏതു് രൂപവും എത്ര അളവിലും എത്ര ദൂരേയ്ക്കും ഒരേ സമയം കൈമാറാനും നവമാധ്യമശൃംഖല അനുവദിക്കുന്നു. പരമ്പരാഗത മാധ്യമങ്ങളുടെ സമയ-ദൂര പരിമിതിയും മറികടക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റും സ്വകാര്യ ശൃംഖലകളും പൊതു ഫോണ്‍ ശൃംഖലകളും വന്‍ വിവര ശേഖരങ്ങള്‍ സൂക്ഷിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളും വ്യക്തിഗത കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും എല്ലാം ഈ ശൃംഖലയുടെ ഭാഗമാണു്. ആര്‍ക്കും എവിടെയിരുന്നും തത്സമയം വിവരം കൈമാറാമെന്നും പ്രക്രിയകളും സ്ഥാപനങ്ങളും യന്ത്രങ്ങളും ഫാക്ടറികളും നിയന്ത്രിക്കാമെന്നുമായിരിക്കുന്നു. വ്യക്തികള്‍ തമ്മിലും വ്യക്തികളും കൂട്ടായ്മകളും തമ്മിലും കൂട്ടായ്മകള്‍ തമ്മില്‍ തമ്മിലും ബഹുമാധ്യമ ആശയ വിനിമയം സാധ്യമായിരിക്കുന്നു. നവമാധ്യമ ശൃംഖല മനുഷ്യ കൂട്ടായ്മയ്ക്കു് 'സൈബര്‍സ്പേസ്' എന്നു് വിളിക്കപ്പെടുന്ന ഒരു സമാന്തര ഇടം നല്‍കിയിരിക്കുന്നു.
അനന്ത സാധ്യതകള്‍, പക്ഷെ ഉപയോഗപ്പെടുത്തുന്നതു് മൂലധനാധിപത്യം
വിവര സാങ്കേതിക വിദ്യാ രംഗത്തു് അടുത്തകാലത്തുണ്ടായ കുതിച്ചു് ചാട്ടം വിവര-വിജ്ഞാന വിസ്ഫോടനത്തിനു് വഴിയൊരുക്കുന്നതാണു്. അതേ സമയം ആ രംഗം മൂലധനാധിപത്യത്തിന്റെ പിടിയിലമരുന്നതും സോഫ്റ്റ്‌വെയറിന്റേയും ഹാര്‍ഡ്‌വെയറിന്റേയും ശൃംഖലാ വിഭവങ്ങളുടേയും രംഗത്തു് കുത്തക നലനില്കുന്നതും ശക്തമാകുന്നതും ഈ വികാസത്തിന്റെ നേട്ടങ്ങളുടെ യഥാര്‍ത്ഥ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നു് സമൂഹത്തെ തടയുകയുമാണു്. ഈ വിവരവിടവു് നിലവിലുള്ള സാമ്പത്തികാസമത്വവും വര്‍ഗ്ഗമേധാവിത്വവും ചൂഷണവും അരക്കിട്ടുറപ്പിക്കാനും മൂലധന ശക്തികള്‍ ഉപയോഗിക്കുന്നുണ്ടു്. മറുവശത്തു്, അതേ വിവര വിടവു് ഇല്ലാതാക്കാനുള്ള സാധ്യതകളും വിവര സാങ്കേതിക വിദ്യ ഒരുക്കുന്നുണ്ടു്.
നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഇന്നു് ഏറിയ കൂറും ഉപയോഗപ്പെടുത്തുന്നതു് മൂലധന ശക്തികളാണു്. വ്യക്തിഗത വിവര വിനിമയമോ വാര്‍ത്താ വിനിമയ-വിതരണ-പ്രക്ഷേപണങ്ങളോ മാത്രമല്ല അതിലൂടെ നടക്കുന്നതു്. എല്ലാ സാമൂഹ്യ പ്രക്രിയകളുടേയും വിവര-വിവരാധിഷ്ഠിത ഘടകങ്ങള്‍ അതിലൂടെ തത്സമയം നടത്തപ്പെടുന്നു. എല്ലാ സാമൂഹ്യ പ്രക്രിയകളും അതിനാല്‍ സമൂഹ സംഘടന തന്നെയും പുതിയൊരു രീതിയില്‍, കൂടുതല്‍ സ്വതന്ത്രവും ജനാധിപത്യപരവും എല്ലാവര്‍ക്കും തുല്യാവസരങ്ങള്‍ ഉറപ്പു് വരുത്തുന്നതും ആയ പുതിയ തിരശ്ചീന ഘടനയിലേയ്ക്കു് പരിവര്‍ത്തിപ്പിക്കാന്‍ ഈ സാധ്യതകള്‍ ഉപകരിക്കും.
ഉല്പാദനം കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും അവ കമ്പോളത്തിലെത്തിക്കാനും ഈ നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ടു്. മൂലധനത്തെ പ്രാദേശിക-ദേശീയ കെട്ടു് പാടുകളില്‍ നിന്നു് മോചിപ്പിച്ചു് സാര്‍വ്വദേശീയ മൂലധന സമാഹരണത്തിനുള്ള മാധ്യമമായി നവമാധ്യമ ശൃംഖല ഉപയോഗിക്കപ്പെടുന്നു. ആഗോള ധന മൂലധനത്തിന്റെ രാജ്യാന്തര ഒഴുക്കു് സാധ്യമാക്കിയിരിക്കുന്ന ഉപാധി ഇതാണു്. അവികസിത-വികസ്വര നാടുകള്‍ക്കു് മേല്‍ സാമ്രാജ്യത്വം അടിച്ചേല്പിക്കുന്ന ആഗോള ധനമൂലധനാധിപത്യത്തിന്റെ അതിവേഗ വ്യാപനത്തിന്റെ ഉപാധിയും ഈ നവമാധ്യമ ശൃംഖലയാണു്.
അതോടൊപ്പം വ്യക്തികളുടെ ഉപയോഗത്തിനായി നവ മാധ്യമ ശൃംഖല തുറന്നു് കൊടുക്കുകയും ചെയ്തിട്ടുണ്ടു്. അതു് യുവാക്കളെ വളരെയേറെ ആകര്‍ഷിക്കുന്നുണ്ടു്. പുതിയ തലമുറ വലിയൊരളവു് നവ മാധ്യമ ശൃംഖലയുടെ ആകര്‍ഷണ വലയത്തിലേയ്ക്കു് നീങ്ങുകയാണു്. മൂലധന ശക്തികളാകട്ടെ, തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യപ്പെടാതെ സൂക്ഷിക്കുന്നതിനായി സമൂഹത്തെയാകെ അരാഷ്ട്രീയവല്കരിക്കുന്നതിനും ചെദ്യം ചെയ്യാന്‍ മുതിരുന്ന പുരോഗമന പ്രസ്ഥാനങ്ങളെ ശിഥിലീകരിക്കുന്നതിനുമായി ജാതി-മത തീവ്രവാദവും ഭീകരവാദവും വിഘടനവാദവും വളര്‍ത്തുകയും യുവ തലമുറയെ വഴി തെറ്റിക്കുകയും രതി വൈകൃതങ്ങളടക്കം സാമൂഹ്യദ്രോഹകരവും സംസ്കാര വിരുദ്ധവുമായ പ്രവണതകള്‍ പോലും പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടു് നവ മാധ്യമ ശൃംഖല തുറന്നു് കൊടുത്തിരിക്കുകയാണു്.
അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു
അതേ സമയം, സാമൂഹ്യവും സാംസ്കാരികവും പുരോഗമനപരവും ജനാധിപത്യപരവും സമത്വാധിഷ്ഠിതവുമായ ലക്ഷ്യങ്ങളോടെ നടക്കുന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും തടയാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും നിലവില്‍ നവ മാധ്യമ ശൃംഖലാ വിഭവങ്ങളുടെ നിയന്ത്രണം കയ്യാളുന്ന മൂലധന ശക്തികള്‍ പ്രയോഗിക്കുന്നുണ്ടു്. അമേരിക്കയില്‍ 'പിപ', 'സോപ' തുടങ്ങിയ നിയമങ്ങളും ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ തുടര്‍ച്ചയായി കൊണ്ടുവന്നിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂളുകളും അഭിപ്രായ സ്വാതന്ത്ര്യമടക്കം ഹനിക്കുന്നതിനു് ലക്ഷ്യം വെച്ചുള്ള വകുപ്പുകള്‍ അടങ്ങിയവയാണു്. അറബ് നാടുകളില്‍ നടന്ന ജനകീയ സമരങ്ങളുടേയും അവയില്‍ പലതിലും നവമാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടതിന്റേയും പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങള്‍ക്കു് നവ മാധ്യമ ശൃംഖലാ സൌകര്യം നിഷേധിക്കുന്നതിനു് 'കില്ലര്‍ സ്വിച്ചു്' ഏര്‍പ്പെടുത്തുന്നതിനേപ്പറ്റി അമേരിക്കന്‍ സ്റ്റേറ്റു് സെക്രട്ടറി സൂചിപ്പിച്ചതിന്റേയും ലക്ഷ്യം മറ്റൊന്നല്ല. നവമാധ്യമ ശൃംഖലയുടെ സാങ്കേതിക നിയന്ത്രണത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന W3C കണ്‍സോര്‍ഷ്യത്തേക്കൊണ്ടു് ശൃംഖലയില്‍ വിവരം കൈകാര്യം ചെയ്യാനുപയോഗിക്കുന്ന 'എച്ടിഎംഎലി'ന്റെ അഞ്ചാം പതിപ്പില്‍ 'ഇഎംഇ' എക്സ്റ്റന്‍ഷന്‍ ചേര്‍ത്തു് വിവര വിനിമയ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ശ്രമവും മൂലധന ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടു്. ഇവയ്ക്കെല്ലാമെതിരെ ശക്തമായ ഇടപെടലും പ്രതിരോധവും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനും വിജ്ഞാന സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തോടെ നടത്തിപ്പോരുകയാണു്.
ആഗോള ധനമൂലധന മേധാവിത്വത്തിനെതിരെ വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനം
ഈ രംഗത്തു് ഉരുത്തരിഞ്ഞ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും തുടര്‍ന്നു് രൂപപ്പെട്ടു് വളര്‍ന്നു് വരുന്ന സ്വതന്ത്ര ഹാര്‍ഡ്‌വെയറിനും സ്വതന്ത്ര ഇന്റര്‍നെറ്റിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളും മാത്രമല്ല, ഇതര മേഖലകളില്‍ ഉയര്‍ന്നു് വരുന്ന ക്രിയേറ്റീവ് കോമണ്‍സ്, ഓപ്പണ്‍ അക്സസ് പബ്ലിക്കേഷന്‍സ്, ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, വിക്കീപീഡിയ തുടങ്ങിയ പ്രസ്ഥാനങ്ങളും വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ചക്രവാളം വികസിപ്പിക്കുകയാണു്. വിവര സാങ്കേതിക വിദ്യാ രംഗത്തു് വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ കാതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നൂ ലിനക്സും സാധാരണ കമ്പ്യൂട്ടറുകളും ഉപയോഗിച്ചു് ആര്‍ക്കും ശൃംഖലാ വിഭവങ്ങളായ സെര്‍വ്വറുകളും വിവര സംഭരണികളും മെമ്മറി ഫാമുകളും സ്വന്തമായി സ്ഥാപിക്കാം. ഇ-മെയില്‍ സെര്‍വ്വറും വെബ്ബു് സെര്‍വ്വറും ഡാറ്റാബേസ് സെര്‍വ്വറും ഫയല്‍ സെര്‍വ്വറും ആപ്ലിക്കേഷന്‍ സെര്‍വ്വറും ഗെയിമിങ്ങു് സെര്‍വ്വറുമെല്ലാം ഉപകരണങ്ങളും ശൃംഖലകളും പ്രവര്‍ത്തിപ്പിക്കാനുതകുന്ന ഓപ്പറേറ്റിങ്ങു് സംവിധനമായ ഗ്നൂ ലിനക്സില്‍ ലഭ്യമാകുന്ന ആന്തരിക സാധ്യതകളാണു്. നവ മാധ്യമ ശൃംഖലയുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സാമൂഹ്യോടമസ്ഥതയില്‍ സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിക്കാന്‍ പ്രാദേശിക-ദേശീയ ജനവിഭാഗങ്ങളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹായിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഈ രംഗത്തു് മൂലധന ശക്തികള്‍ക്കു് മേല്‍ നിര്‍ണ്ണായക വിജയം നേടിക്കഴിഞ്ഞിരിക്കുന്നു. അതിനെ മറികടക്കാനുള്ള ശ്രമം മൂലധന ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നു.
പുരോഗമന പ്രസ്ഥാനങ്ങള്‍ നവമാധ്യമ രംഗത്തു്
നവ മാധ്യമ രംഗത്തു് പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലും പങ്കാളിത്തവും അടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ടു്. അതു് തുടരുക തന്നെ വേണം. അതേ സമയം, നവമാധ്യമ രംഗത്തേയ്ക്കുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ കടന്നു് വരവു് സ്ഥായിയും സാര്‍ത്ഥകവുമാകണമെങ്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് ശൃംഖലാ വിഭവങ്ങള്‍ സ്വന്തമാക്കിയേ തീരൂ. അതു് നടക്കാതെ പോയാല്‍ മൂലധന കുത്തകകള്‍ സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കുന്ന നിലവിലുള്ള ശൃംഖലാ സൌകര്യങ്ങള്‍ ഏതു് സമയവും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു് നിഷേധിക്കപ്പെടാം. അത്തരം പ്രതിസന്ധിക്കെതിരായ ഉറപ്പു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിക്കുകയും പഠിപ്പിക്കുകയും ജനകീയമാക്കുകയും പരസ്പരം പങ്കു് വെച്ചുപയോഗിക്കുകയും അതുപയോഗിച്ചു് ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്വന്തമായി സൃഷ്ടിക്കുകയുമാണു്.
ശൃംഖലയും ശൃംഖലാ വിഭവങ്ങളും കമ്യൂണിക്കേഷന്‍ മേഖലയില്‍ ഒന്നര നൂറ്റാണ്ടിലേറെയായി ഉപയോഗിച്ചു് പോരുന്നതാണു്. 1851 ല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയില്‍ പോലുമെത്തിയ, ഇന്നു് തിരിഞ്ഞു് നോക്കുമ്പോള്‍ ഏറ്റവും പ്രാകൃതമായ, മോഴ്സ് കോഡുപയോഗിച്ച ടെലിഗ്രാഫ് ശൃംഖലയുടെ വികാസ പരിണാമങ്ങളുടെ ഫലമാണു് തുടര്‍ന്നു് വന്ന ഇലക്ട്രോ മെക്കാനിക്കല്‍ ടെലിപ്രിന്റര്‍ ശൃംഖലയും ഇലക്ട്രോണിക് ടെലിപ്രിന്റര്‍ ശൃംഖലയും കമ്പ്യൂട്ടര്‍ ടെലിഗ്രാഫ് ശൃംഖലയും ഇന്നത്തെ ഇന്‍ട്രാനെറ്റും ഇന്റര്‍നെറ്റും. അതേ പോലെ ശബ്ദ വിനിമയത്തിനു് വേണ്ടി ടെലിഫോണ്‍ ശൃംഖലകളുടെ വിവിധ പതിപ്പുകളും വികസിച്ചു് വന്നു. കമ്പ്യൂട്ടര്‍ ഘട്ടത്തിലെത്തിയപ്പോള്‍ ശബ്ദ-ചിത്ര-ലിപി സംയോജനം സാധ്യമായി. ബഹുമാധ്യമം നിലവില്‍ വന്നു. ഇവ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ പൊതു ഉപയോഗത്തിനു് തുറന്നു കൊടുത്തതു് അമേരിക്കയിലാണെന്നതു് അമേരിക്കയ്ക്കു് വാണിജ്യോപയോഗത്തില്‍ മേല്‍ക്കൈ ലഭിക്കുന്നതിനിടയാക്കിയിട്ടുണ്ടു്. ശൃംഖലാ വിഭവങ്ങളെല്ലാം അമേരിക്കയിലാണു് കേന്ദ്രീകരിച്ചിരിക്കുന്നതു്. അതു് കൊണ്ടു് ഇന്റര്‍നെറ്റെന്നാല്‍ അമേരിക്കന്‍ ശൃംഖലയും ശൃംഖലാ വിഭവങ്ങളും മാത്രമാണെന്ന മിഥ്യാ ധാരണ ചരിത്രപരമായി കാര്യങ്ങള്‍ പഠിക്കാത്ത ജനങ്ങള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ടു്. യഥാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റിന്റെ ജനാധിപത്യ സ്വഭാവം മനസിലാക്കാത്തതു് കൊണ്ടും അമേരിക്കയോടുള്ള മൂലധന വിധേയത്വം കൊണ്ടും മാനസികാടിമത്തം കൊണ്ടുമാണീ സ്ഥിതി ഉണ്ടായിട്ടുള്ളതു്. ആര്‍ക്കും സ്വന്തം ശൃംഖലയും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചു് ഉപയോഗിക്കാം. അവയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാല്‍ അതും ഇന്റര്‍നെറ്റിന്റെ ഭാഗമായി.
ശൃംഖലാ വിഭവങ്ങളിന്മേല്‍ അമേരിക്കന്‍ കുത്തക
ലോക കമ്പോളത്തില്‍, അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗമാണു് അവരുടെ ശൃംഖലാ വിഭവങ്ങളും ഉപകരണ നിര്‍മ്മാണവും സോഫ്റ്റ്‌വെയര്‍ വികസനവും അവയുടെ വാടകയും വിലയും ലൈസന്‍സ് ഫീസും. ശൃംഖലാ വിഭവങ്ങള്‍ക്കു് മേല്‍ അമേരിക്കയ്ക്കുള്ള മേല്‍ക്കൈ ഉപയോഗിച്ചു് ലോകമാകെ ശൃംഖലയിലുടെ കടന്നു് പോകുന്ന വിവരങ്ങളെല്ലാം ചോര്‍ത്തി പരിശോധിച്ചു് അമേരിക്കയുടെ വാണിജ്യ-സാമ്പത്തിക-നയതന്ത്ര-രാജ്യരക്ഷാ താല്പര്യങ്ങള്‍ നാളിതു് വരെ സംരക്ഷിച്ചു് പോന്നിട്ടുണ്ടു്. ഏറ്റവും അവസാനം 'പ്രിസം' എന്ന പേരില്‍ ഒരു സമഗ്ര വിവരം ചോര്‍ത്തല്‍ പരിപാടി ആരംഭിച്ച വിവരമാണു് സ്വന്തം ഭാവിയും ജീവനും കുടുംബ താല്പര്യവും അപകടപ്പെടുത്തി അമേരിക്കന്‍ ചെറുപ്പക്കാരനായ എഡ്വേഡ് സ്നോഡന്‍ വെളിപ്പെടുത്തിയതു്.
തീവ്രവാദികളില്‍ നിന്നും ഭീകര വാദികളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങളുടെ പേരില്‍ അമേരിക്കന്‍ രാജ്യ താല്പര്യത്തിലാണു് അമേരിക്കന്‍ പൌരന്മാരുടേയും മറ്റു് രാജ്യങ്ങളടേയും സ്വകാര്യത ലംഘിക്കുന്നതെന്നാണു് അമേരിക്കന്‍ ഭരണ കൂടത്തിന്റെ വാദം. തെമ്മാടി രാഷ്ട്രമായ ഇസ്രയേലിനെ തീറ്റിപ്പോറ്റി സംരക്ഷിച്ചു് നിലനിര്‍ത്തുകയും അല്‍ഖ്വൈദയും ബിന്‍ലാദനുമടക്കം തീവ്രവാദികളേയും സിഐഎയും ഐഎസ്ഐയും അടക്കം ഭീകര സംഘങ്ങളേയും കോള്‍മാന്‍ ഹെഡ്‌ലിയടക്കം ഇരട്ട ചാരന്മാരേയും പോലും സൃഷ്ടിച്ചു് വിടുകയും ചെയ്ത അമേരിക്കയ്ക്കു് ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേയെന്ന പേരില്‍ നടത്തുന്ന വിവര ചോരണത്തിലൂടെ ലോക ജനതയുടെ സ്വകാര്യതയും ഇതര രാജ്യങ്ങളുടെ രാഷ്ട്രീയ-നയപരമായ വിവരങ്ങളും ചോര്‍ത്താന്‍ ധാര്‍മ്മികമായി അര്‍ഹതയില്ല. ലോകമാകെ ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നതും സ്വയം മറ്റു് രാഷ്ട്രങ്ങള്‍ക്കും രാഷ്ട്രനേതൃത്വങ്ങള്‍ക്കമെതിരെ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഏറ്റവും വലിയ ഭീകര രാഷ്ട്രമായി അമേരിക്ക മാറിയിരിക്കുന്നു. അതേ സമയം അമേരിക്കയ്ക്കു് ശൃംഖലാ വിഭവങ്ങളുടെ കാര്യത്തിലുള്ള ഉടമാവകാശം വിവരത്തിന്റെ ഉടമാവകാശവും അവര്‍ക്കു് നല്കിയിട്ടുണ്ടു്. അതൊരു യാഥാര്‍ത്ഥ്യമാണു് അതിനെ മറ്റു് രാജ്യങ്ങളിലെ ജനങ്ങള്‍ ചോദ്യം ചെയ്തിട്ടു് കാര്യവുമില്ല.
ഓരോ രാഷ്ട്രവും അവരവരുടെ സ്വന്തം ആഭ്യന്തര ശൃംഖലയും ശൃംഖലാ വിഭവങ്ങളും സൃഷ്ടിച്ചുപയോഗിക്കുകയും അവയെ ആഭ്യന്തര വിവര സുരക്ഷ ഉറപ്പാക്കിക്കൊണ്ടു് പുറം രാജ്യങ്ങളിലേയ്ക്കുള്ള വിവര വിനിമയത്തിനു് വേണ്ടി ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തുകയുമാണു് വേണ്ടതു്. അതേ സമയം അമേരിക്കന്‍ പൌരന്മാരുടെ സ്വകാര്യത ലംഘിക്കുന്നതിനെതിരെ സ്നോഡന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സമൂഹം നടത്തുന്ന സമരത്തിനു് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതാവശ്യമാണു്. സ്നോഡനെ പിന്തുണച്ചു് അമേരിക്കന്‍ മാധ്യമങ്ങളും നല്ലൊരു വിഭാഗം ജനങ്ങളും രംഗത്തെത്തിയിരിക്കുന്നതു് ശുഭോദര്‍ക്കമായ കാര്യമാണു്. ഇന്ത്യയിലും അമേരിക്കന്‍ മാതൃകയില്‍ വിവര പരിശോധനയ്ക്കുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ടു്. കേന്ദ്രീകൃത പരിശോധനാ സംവിധാനമാണതു്. എല്ലാ സേവന ദാതാക്കളുടേയും സെര്‍വ്വറുകളെ പരിശോധനാ കേന്ദ്രത്തിലേയ്ക്കു് ബന്ധിപ്പിക്കുകയാണു് ചെയ്യുന്നതു്. ഇത്തരം സ്വകാര്യതാ ലംഘനത്തിനെതിരെ ഇന്ത്യയിലും പ്രതികരണങ്ങളുണ്ടാകുന്നുണ്ടു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
നവ മാധ്യമങ്ങളുടെ സാമൂഹ്യോന്മുഖമായ പ്രയോഗമാതൃകകള്‍ സൃഷ്ടിക്കുന്നതിലും ശൃംഖലാ വിഭവങ്ങള്‍ പ്രാദേശികമായി സൃഷ്ടിക്കുന്നതിലും അവയുടെ മേല്‍ സാമൂഹ്യോടമസ്ഥത സ്ഥാപിക്കുന്നതിലും അവയുടെ ലഭ്യത സ്ഥായിയായി ഉറപ്പാക്കുന്നതിലും കേരള സമൂഹത്തിനു് വലിയ സേവനം നല്‍കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും ആ രംഗത്തു് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിനും (ഡിഎകെഎഫ്) കഴിയും. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയുടെ (എഫ് എസ് എം ഐ) കേരളത്തിലെ ഘടക സംഘടനയാണു് ഡിഎകെഎഫ്. ഡിഎകെഎഫില്‍ അംഗങ്ങളായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോക്താക്കളായും സജീവ പ്രവര്‍ത്തകരായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകരായും സാങ്കേതിക വിദഗ്ദ്ധരായും മാറാന്‍ കഴിയുന്നവരെല്ലാം അതിനു് തയ്യാറാകേണ്ടതുണ്ടു്.
ഭരണ നിര്‍വ്വഹണവും പൊതു മേഖലാ സ്ഥാപന ഭരണവും
ധന മൂലധനം കമ്പോളത്തില്‍ ആധിപത്യം ചെലുത്തുന്നതു് ഉല്പാദന രംഗത്തു് കൃത്യമായ ആസൂത്രണം നടത്തിക്കൊണ്ടും കമ്പോളം അരാജകമായി നിലനിര്‍ത്തിക്കൊണ്ടുമാണു്. സമൂഹത്തിനു് മേല്‍ കമ്പോളാധിപത്യം നിലനിര്‍ത്താന്‍ ലക്ഷ്യം വെച്ചാണു് ഈ സങ്കേതങ്ങളെല്ലാം മുതലാളിത്ത സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നതു്. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഇ-ഭരണം സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുപയോഗിച്ചാണു് കരുപ്പിടിപ്പിക്കപ്പെടുന്നതു്. കുത്ത സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ സാങ്കേതിക കൈമാറ്റം നിഷേധിച്ചു് കൊണ്ടു് അവരുടെ ലാഭം മാത്രമല്ല, വിവര വിടവു് സ്ഥായിയാക്കുകയും ചെയ്യുന്നു. അധികാരം ജനങ്ങളിലേയ്ക്കും ജനകീയ സംവിധാനങ്ങളിലേയ്ക്കും എത്താതെ നോക്കുന്നു. എന്തിനേറെ നിലവിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അധികാരം പോലും കവര്‍ന്നെടുക്കുന്നു. അത്തരത്തില്‍, മൂലധനവ്യവസ്ഥയുടെ താല്പര്യം സംരക്ഷിക്കുകയും മേധാവിത്വം അരക്കിട്ടുറപ്പിക്കുകും ചെയ്യുന്നതിനുതകുന്ന ഭരണ നിര്‍വ്വഹണ വ്യവസ്ഥയാണു് പ്രൊപ്രൈറ്ററി സേവന ദാതാക്കള്‍ രൂപകല്പന ചെയ്തു് നടപ്പാക്കി വരുന്നതു്. അധികാരം മൂലധന കുത്തകകളില്‍ കേന്ദ്രീകരിക്കുന്നതിന്റെ പുതിയൊരു രൂപമാണിതു്.
ജനാധിപത്യ വികാസത്തിന്റെ ഈ ഘട്ടത്തില്‍ ആവശ്യമായിട്ടുള്ളതു് പ്രാദേശിക സമൂഹത്തിന്റെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ ഭരണ-ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനങ്ങള്‍ ദേശീയമായും പ്രാദേശികമായും രൂപകല്പന ചെയ്യുകയും അതുപയോഗിച്ചു് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുകയുമാണു്. അതിനാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക വൈദഗ്ദ്ധ്യം സൃഷ്ടിക്കുന്ന ഭരണ സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയാണു് വേണ്ടതു്. അഗോള ധനമൂലധനാധിപത്യത്തിനു് വിട്ടു് കൊടുക്കപ്പെടുന്ന കാര്‍ഷിക-വ്യവസായ-സേവന മേഖലകളിലെല്ലാം, ബാങ്കിങ്ങു്, ഇന്‍ഷുറന്‍സ്, കമ്യൂണിക്കേഷന്‍, ചില്ലറ വ്യാപാരം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയടക്കം എല്ലാ രംഗങ്ങളിലും സമാന സാധ്യതകളാണുള്ളതു്.
പ്രാദേശിക ഭാഷാ വികസനം
പ്രാദേശിക ഭാഷാ വികസനത്തിന്റെ ഉപാധിയുമാണു് നവമാധ്യമ ശൃംഖല. മലയാളം അടക്കം പ്രാദേശിക ഭാഷകള്‍ അവയുടെ സാധ്യതകള്‍ക്കനുസരിച്ചു് വളരാതെ മുരടിച്ചു് നില്കുകയാണു്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേയ്ക്കുള്ള മാറ്റം ഇതിന്റെ കാരണവും കാര്യവുമാണു്. മലയാളം ഭരണ ഭാഷയായിട്ടില്ല. കോടതി ഭാഷയല്ല. ബോധന മാധ്യമമല്ല. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റെയും ഭാഷയായി വളര്‍ന്നിട്ടില്ല. നമ്മുടെ സാഹിത്യം ലോകോത്തരമാണു്. പക്ഷെ, അതിന്റെ ഫലം ഭാഷയുടെ വളര്‍ച്ചയില്‍ വേണ്ടത്ര പ്രതിഫലിക്കുന്നില്ല. ഒറ്റപ്പെട്ട വ്യക്തിഗതമായ വിവര്‍ത്തനങ്ങള്‍ കൊണ്ടു് മാത്രം അതി വേഗം വികസിച്ചു് കൊണ്ടിരിക്കുന്ന ലോക വിജ്ഞാന ഭണ്ഡാരത്തിനു് ഒപ്പമെത്താന്‍ പ്രാദേശിക ഭാഷകള്‍ക്കു് കഴിയില്ല. തത്സമയ വിവര്‍ത്തനം, എഴുത്തു് മൊഴിയായും മൊഴി എഴുത്തായും മാറ്റുക, ഓപ്ടിക് കാരക്ടര്‍ റീഡിങ്ങു് തുടങ്ങിയ ഭാഷാ വിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചു് മാത്രമേ ആവശ്യമായ വേഗത്തില്‍ ഭാഷാ വികസനം സാധ്യമാകൂ. ഭാഷാ വിനിമയ സങ്കേതങ്ങള്‍ വികസിപ്പിക്കുന്ന പണി സ്വകാര്യ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളെ ഏല്പിച്ചു് ഭാഷാ സമൂഹം അലസമായി കഴിയുന്നതാണു് ഭാഷാ വികസനത്തിനു് ഇന്നു് വിഘാതമായിരിക്കുന്നതു്. ലാഭേച്ഛയോടെ കമ്പോള ശക്തികള്‍ ഇക്കാര്യം ചെയ്യുന്നുണ്ടു്. പക്ഷെ, മലയാളം പോലെ ചെറിയ ജനവിഭാഗം ഉപയോഗിക്കുന്ന ഭാഷ എല്ലാക്കാലത്തും പിന്നണിയില്‍ തുടരാനാണു് അതിടവരുത്തുക. ഈ രംഗത്തും പ്രാദേശിക വൈദഗ്ദ്ധ്യം സൃഷ്ടിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിയന്തിരമായി ഉപയോഗിച്ചു് തുടങ്ങണം. അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന പ്രാദേശിക വൈദഗ്ദ്ധ്യവും ഭാഷാ സമൂഹത്തിന്റെ സൃഷ്ട്യൂന്മഖതയും കെട്ടഴിച്ചു് വിട്ടാല്‍ ശരിയായ ആസൂത്രണത്തിലൂടെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളത്തിനു് മറ്റേതൊരു ലോക ഭാഷയുമായി കിടപിടിക്കത്തക്കവിധം വളരാനാവും. മറ്റേതു് പ്രാദേശിക ഭാഷയ്ക്കും ഇതു് ബാധകമാണു്. മേല്‍ സങ്കേതങ്ങളും നവ മാധ്യമ ശൃംഖലയും വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ മലയാളം ഭരണ ഭാഷയായും കോടതി ഭാഷയായും ബോധന മാധ്യമമായും ബന്ധഭാഷയായും വളരും. മലയാള സംസ്കാരവും സംരക്ഷിക്കപ്പെടും.
ഉന്നത വിദ്യാഭ്യാസ രംഗം
ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്കു് വിദേശ സര്‍വ്വകലാശാലകളുടെ കടന്നു് കയറ്റം നടക്കുകയാണു്. ആ കടന്നാക്രമണത്തെ ഇടതു് പക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ ചെറുത്തു് നില്കുന്നുണ്ടു്. പക്ഷെ, അവ കടന്നു വരുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നതു് സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ പ്രയോഗവും മൂലധനാധിപത്യം അടിച്ചേല്പിക്കാനുള്ള ശ്രമവുമാണു്. ഇതു് കണ്ടറിഞ്ഞാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപകമായ പ്രയോഗത്തിലൂടെ സാങ്കേതിക സ്വാംശീകരണവും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളും ഉപയോഗപ്പെടുത്തി പഠന പ്രക്രിയകള്‍ വൈവിദ്ധ്യവല്‍ക്കരിച്ചും കാര്യക്ഷമമാക്കിയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഉല്‍ഗ്രഥിച്ചും നമ്മുടെ സര്‍വ്വകലാശാലകളെ ഏതു് ലോകോത്തര സര്‍വ്വ കലാശാലയുമായി കിടപിടിക്കത്തക്കതാക്കി മാറ്റാന്‍ നമുക്കു് കഴിയും.
സമഗ്ര ആസൂത്രണോപാധി
യഥാര്‍ത്ഥ സമ്പത്തുല്പാദകരും അതിനാല്‍ തന്നെ ധന മൂലധന കോര്‍പ്പറേറ്റുകളുടെ കഠിനമായ ചൂഷണത്തിനു് വിധേയരുമായ കര്‍ഷകരേയും തൊഴിലാളികളേയും സ്വയം തൊഴില്‍-ചെറുകിട-ഇടത്തരം സംരംഭകരേയും അവരുടെ പ്രാദേശിക കൂട്ടായ്മകളേയും കേന്ദ്രീകരിച്ചും അവരുടെ അദ്ധ്വാന ശേഷിയെ പ്രാദേശിക സാമൂഹ്യാവശ്യങ്ങളുമായി കോര്‍ത്തിണക്കിയും അവരുടെ താല്പര്യം സംരക്ഷിക്കുന്നതിനും അതോടൊപ്പം പ്രാദേശികോല്പാദനം വികസിപ്പിക്കുന്നതിനുമുള്ള സൂക്ഷ്മതല ആസൂത്രണോപാധി സൃഷ്ടിക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള നവമാധ്യമ ശൃംഖല ഉപകരിക്കും. അത്തരം സൂക്ഷ്മതലാസൂത്രണ സംവിധാനങ്ങള്‍ കോര്‍ത്തിണക്കി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ആസൂത്രണ-പരിശോധനാ സംവിധനങ്ങളുടെ സ്ഥൂലതല സംവിധാനം സൃഷ്ടിക്കുകയും ചെയ്യാം. അങ്ങിനെ ഉല്പാദനം മാത്രമല്ല, വിതരണവും ഉപഭോഗവും അടക്കം എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഉല്‍ഗ്രഥിപ്പിക്കുന്ന സമഗ്രമായ ആസൂത്രണോപാധി സൃഷ്ടിക്കുന്നതിനും അത്തരത്തില്‍, നിലവില്‍, സമൂഹത്തിനു് മേല്‍ ആധിപത്യം വഹിക്കുന്ന കമ്പോളത്തെ സമൂഹത്തിനു് വിധേയമായി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക കഴിവു് നേടുന്നതിനും ഭാവി സമത്വാധിഷ്ഠിത സമൂഹ സൃഷ്ടിക്കാവശ്യമായ സമഗ്ര ആസൂത്രണ സങ്കേതങ്ങള്‍ സമൂഹത്തിനു് സ്വായത്തമാക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നവ മാധ്യമ ശൃംഖല ഉപകരിക്കും.
കലാ-സാഹിത്യ-സാംസ്കാരിക മുന്നേറ്റം
സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള വിവര സാങ്കേതിക സഹായത്തോടെ തദ്ദേശീയ കലാ-സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ആവിഷ്കാര-ആസ്വാദന സാധ്യതകള്‍ ഉയര്‍ത്തുകയും ആഗോള ധന മൂലധന വ്യാപനത്തിന്റെ ഭാഗമായി നിലവില്‍ നടന്നു് കൊണ്ടിരിക്കുന്ന സാംസ്കാരികാധിനിവേശത്തെ ചെറുത്തു് നില്‍ക്കാന്‍ അവയെ പ്രാപ്തമാക്കുകയും ചെയ്യുന്നതിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നവമാധ്യമ ശൃംഖലയ്ക്കു് പങ്കു് വഹിക്കാനുണ്ടു്. സ്വന്തം മാതൃഭാഷയും ഉല്പാദന-വിതരണ-ഉപഭോഗ രീതികളും അവയെല്ലാം അടക്കം പ്രതിഫലിക്കുന്ന സംസ്കാരവും ഉറപ്പിച്ചു് നിര്‍ത്തുകയെന്നതാണു് പൊതുമേഖല തകര്‍ത്തും ബാങ്കിങ്ങു്-ഇന്‍ഷുറന്‍സ്-കമ്യൂണിക്കേഷന്‍ മേഖലകളും ഉന്നത വിദ്യാഭ്യാസ മേഖലയും ചില്ലറ വില്പന മേഖലയും അതിലൂടെ സ്ഥലവും കെട്ടിടവും സ്പെക്ട്രവും എണ്ണപ്പാടവും ഘനികളും മറ്റിതര പ്രകൃതി വിഭവങ്ങളും അടക്കം ദേശീയ സമ്പത്തു് കയ്യടക്കി സമ്പദ്ഘടനയ്ക്കു് മേല്‍ ധന മൂലധനാധിപത്യവും സാമ്രാജ്യാധിപത്യവും വന്നു് ചേരുന്നതു് ചെറുക്കാനുള്ള ഉപാധി.
വിവര വിടവു് പരിഹരിക്കാനുള്ള ഉപാധി
വര്‍ഗ്ഗപരവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട വിവര വിടവു് മൂലം ഇന്നു് സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥ – സ്ത്രീ-പുരുഷ വ്യത്യാസങ്ങളും നഗര-ഗ്രാമ വ്യത്യാസങ്ങളും മുന്നോക്ക-പിന്നോക്ക ജാതി വ്യത്യാസങ്ങളും എല്ലാം - എത്രയും വേഗം പരിഹരിക്കുന്നതിനുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളില്‍ വിജ്ഞാന വ്യാപനത്തിന്റെ ഫലപ്രദമായ ഉപാധിയായും നവമാധ്യമ ശൃംഖല പ്രയോജനപ്പെടും. ഇത്തരത്തില്‍, വിവര വിനിമയം ആവശ്യമുള്ള എല്ലാ മേഖലകള്‍ക്കും നവമാധ്യമ ശൃംഖലയ്ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറിനും പ്രസക്തിയും പ്രയോഗ സാധ്യതയുമുണ്ടു്.
അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിനു്
സ്പെക്ട്രവും എണ്ണപ്പാടങ്ങളും ഖനികളും ബഡ്ജറ്റു് ധന സഹായങ്ങളും അടക്കം പൊതു ആസ്തികളുടെ കൈമാറ്റത്തിലും എന്തിനേറെ ഉന്നത സ്ഥാനങ്ങളിലേയ്ക്കു് നടത്തപ്പെടുന്ന നിയമനങ്ങളില്‍ പോലും നടമാടുന്ന അഴിമതി ഒഴിവാക്കാനും ഭരണവും ധനകാര്യ മാനേജ്മെന്റും വിഭവ വിനിയോഗവും സുതാര്യമായി നടത്താനും ജനകീയ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് തദ്ദേശീയ ജനസമൂഹത്തിന്റെ സാങ്കേതിക സ്വാംശീകരണത്തിലൂടെയും ഇടപെടലോടെയും നടപ്പാക്കപ്പെടുന്ന നവ മാധ്യമ ശൃംഖല ഉപയോഗിക്കാം.
ഇനിയുമൊട്ടേറെ സാധ്യതകള്‍
അനുഭവത്തിലൂടെ സമൂഹം കൈമാറി വന്ന പ്രാദേശിക വിജ്ഞാനം നഷ്ടപ്പെടാതെ സൂക്ഷിക്കുക, പ്രാദേശിക ഭാഷയും ലോക വിജ്ഞാന ഭണ്ഡാരവുമായുള്ള തത്സമയ ആദാന-പ്രദാനത്തിലുടെ പ്രാദേശിക ഭാഷാ വികസനം, സ്വതന്ത്ര വിശ്വ വിജ്ഞാന കോശമായ വിക്കീ പീഡിയയുടെ വികസനത്തിനു് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളടക്കം പ്രാദേശിക ഭാഷയില്‍ ഉള്ളടക്ക നിര്‍മ്മാണം, ധന മൂലധനത്തിന്റെ പിടിയിലേയ്ക്കു് കൂടുതല്‍ കൂടുതല്‍ വഴുതി പൊയ്ക്കൊണ്ടിരിക്കുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ക്കു് ബദലായി ജനകീയ മാധ്യമ ശൃംഖല രൂപപ്പെടുത്തുക, പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര പ്രചണ-പ്രക്ഷോഭങ്ങള്‍ക്കാവശ്യമായ ശൃംഖലാ വിഭവങ്ങളം ബഹുമാധ്യമ വിവര ശേഖരവും സൃഷ്ടിക്കുക, തത്സമയം ലഭ്യമാക്കുക, ജന ജീവിതം നിര്‍ണ്ണയിക്കുന്ന എല്ലാ പ്രക്രിയകളും കമ്പോളത്തിനു് വിട്ടു് സര്‍ക്കാര്‍ ചുരുങ്ങുക എന്ന ധന മൂലധന പരിപാടിയക്കു് പകരം സര്‍ക്കാര്‍ ജനങ്ങളിലേയ്ക്കു് കൂടുതലായി ഇറങ്ങി വരുകയും വ്യാപിക്കുകയും അതിലൂടെ ജനകീയമാകുകയും ചെയ്യുക, തുടങ്ങി ആഗോള ധന മൂലധനത്തിന്റെ മേധാവിത്വ ശ്രമത്തിനെതിരായ ചെറുത്തു് നില്പിന്റേയും അതിനാവശ്യമായ പ്രദേശിക-ദേശീയ വൈദഗ്ദ്ധ്യ പോഷണത്തിന്റേയും ഉപാധിയായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നവ മാധ്യമ ശൃംഖലയുടെ സാധ്യതകള്‍ ഉപയോഗിക്കാവുന്നതാണു്.
സാങ്കേതിക സ്വാംശീകരണത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
ഇത്തരത്തില്‍ പരിശോധിച്ചാല്‍ ഇന്നു് ധന മൂലധനത്തിന്റെ വിളയാട്ട ഭൂമികകളായ ആരോഗ്യ പരിചരണം അടക്കം വിവിധ വിജ്ഞാന ശാഖകളുടെ സ്വതന്ത്രവും ജനകീയവുമായ ലഭ്യത, ജനങ്ങളുടെ വൈദഗ്ദ്ധ്യ പോഷണവും ജനാധിപത്യ വികാസവും ലക്ഷ്യം വെച്ചു് മാതൃഭാഷയിലുള്ള വിദ്യാഭ്യാസം (ഹിന്ദിയോ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ പഠിക്കുന്നതിനെതിരാകേണ്ടതില്ല, അവയുടെ ശരിയായ പഠനത്തിനുതകുന്നതും മാതൃഭാഷാ വിദ്യാഭ്യാസം തന്നെയാണു്), ശാസ്ത്ര-സാങ്കേതിക ഗവേഷണം, ഭൂമിയടക്കം പ്രകൃതി വിഭവങ്ങളുടെ സാമൂഹ്യോന്മുഖമായ വിനിയോഗം തുടങ്ങിയ മേഖലകളില്‍ ബദലുകള്‍ സൃഷ്ടിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാംശീകരണം അനിവാര്യമാണു്.
ചുരുക്കത്തില്‍, നിലവില്‍, നാശോന്മുഖമായ മുതലാളിത്തം സ്വതന്ത്രവും സമത്വാധിഷ്ഠിതവുമായ സാമൂഹ്യ പുരോഗതിക്കെതിരായാണു് നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു്. നവ മാധ്യമ ശൃംഖലയുടെ പരിമിതികളും ദുരുപയോഗവും മുതലാളിത്ത സൃഷ്ടിയാണു്. അതിനു് പരിഹാരമാകട്ടെ, നവ മാധ്യമ സാങ്കേതിക വിദ്യയുടെ സാമൂഹ്യ സ്വാംശീകരണവും അതിനുപകരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപകമായ പ്രാദേശിക സ്വാംശീകരണവും ഉപയോഗവും നവ മാധ്യമ ശൃംഖലാ വിഭവങ്ങളുടെ സമൂഹ്യമായ ഉടമസ്ഥതയും അതിലൂടെ നവ മാധ്യമ ശൃംഖലയില്‍ സാമൂഹ്യ മേല്‍നോട്ടവും പരിശോധനയും സാധ്യമാക്കുകയാണു്. അതാകട്ടെ, പുതിയ സമത്വാധിഷ്ഠിത സമൂഹത്തിലേയ്ക്കുള്ള മാറ്റത്തെ സഹായിക്കുകയും ചെയ്യും. മുതലാളിത്തത്തില്‍ സമൂഹത്തെ അടക്കി ഭരിക്കുന്ന കമ്പോളത്തിനു് മേല്‍ സോഷ്യലിസത്തില്‍ സമൂഹത്തിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രധാനപ്പെട്ട സാങ്കേതികോപാധിയുമാണു് സമഗ്രാസൂത്രണം സാധ്യമാക്കുന്ന നവ മാധ്യമ ശൃംഖല. നിലവില്‍, വിവിധ അട്ടികള്‍ ഒന്നിനു് മേല്‍ ഒന്നെന്നനിലയില്‍ അടുക്കപ്പെട്ടു്, മുകളിലുള്ള എല്ലാ അട്ടികളേയും തട്ടിത്തെറിപ്പിച്ചാല്‍ മാത്രമേ ഏതൊരട്ടിയിലുള്ളവര്‍ക്കും സ്വാതന്ത്ര്യം കിട്ടൂ എന്ന തരത്തിലുള്ള പിരമിഡു് രൂപത്തിലുള്ള സമൂഹ-സ്ഥാപന മാനേജ്മെന്റു് ഘടന മാറ്റി ആരും ആര്‍ക്കും മേല്‍ തടസ്സങ്ങളോ പ്രതിബന്ധങ്ങളോ സൃഷ്ടിക്കാത്ത സമൂഹത്തിന്റെ തനതു് തിരശ്ചീന ഘടന പുനസ്ഥാപിക്കാനും ഈ നവ മാധ്യമ ശൃംഖല ഉപകരിക്കും. അതിനാല്‍, സാമൂഹ്യ മാറ്റം ആവശ്യപ്പെടുന്ന തൊഴിലാളി വര്‍ഗ്ഗ പുരോഗമന പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി നവമാധ്യമ രംഗത്തു് ഇടപെട്ടു് സാങ്കേതികവിദ്യ സ്വാംശീകരിച്ചും ശൃംഖലാ വിഭവങ്ങള്‍ സ്വന്തമായി സ്ഥാപിച്ചും പുതിയ മാനേജ്മെന്റു് മതൃകകള്‍ സൃഷ്ടിച്ചും ക്രമേണ തൊഴില്‍ സ്ഥാപനത്തിന്റെ മാനേജ്മെന്റു് വിമര്‍ശനപരമായി പഠിച്ചു് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചും സാധ്യമായവ നടപ്പാക്കിച്ചും മുതലാളിത്ത പ്രയോഗങ്ങള്‍ക്കു് ബദലുകള്‍ സൃഷ്ടിച്ചെടുക്കണം.ആ ബദലുകളും അവയിലൂടെ ലഭ്യമാകുന്ന നേട്ടങ്ങളും ഭാവി സമൂഹത്തെ നയിക്കാനുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഴിവും ആര്‍ജ്ജവവും പ്രാപ്തിയും ജനങ്ങളെ ബോധ്യപ്പെടുത്താനുതകും. മാറ്റത്തിനെതിരു് നില്കുന്ന നിക്ഷിപ്ത താല്പര്യക്കാരായ മൂലധന ഉടമകളെ ജന പങ്കാളിത്തത്തോടെ, ജനാധിപത്യ പരമായ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ ഭരണ കൂടത്തിന്റെ നിയന്ത്രണ സ്ഥാനത്തു് നിന്നു് മാറ്റിനിര്‍ത്താന്‍ കഴിയണം. അധികാരം വിട്ടൊഴിയാന്‍ തയ്യാറാകാതെ ഹിംസയ്ക്കും തീവ്രവാദത്തിനും ഭീകരവാദത്തിനും യുദ്ധത്തിനും വരെ പ്രോത്സാഹനം നല്‍കുകയും അവയുടെ മറവില്‍ ജനങ്ങളടെയാകെ മേല്‍ ഭരണ കൂട ഭീകരത അഴിച്ചു് വിട്ടു് ജനാധിപത്യം ധ്വംസിക്കുന്നതിനു് ബലപ്രയോഗം നടത്തുകയും ചെയ്യുന്ന നിക്ഷിപ്ത താല്പര്യക്കാരെ ജനങ്ങള്‍ ചരിത്രത്തിന്റെ ചവറ്റു് കുട്ടയിലേയ്ക്കു് വലിച്ചെറിയുന്ന കാലം അതിവിദൂരമല്ല.
ജോസഫ് തോമസ്
പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ
9447738369/thomas@fsmi.in