Courtesy : Deshabhimani : Posted on: 22-Oct-2013 10:53 PM
കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക എന്നൊരു പ്രയോഗമുണ്ട്. മഹാഭിഷഗ്വരന്‍ മന്ത്രസിദ്ധിയാല്‍ പാമ്പിനെ ആവാഹിച്ചുവരുത്തി മുറിവില്‍നിന്ന് വിഷം ഊറ്റിയെടുപ്പിച്ച് ദംശനമേറ്റയാളെ മരണത്തില്‍നിന്ന് രക്ഷിക്കുമത്രെ! പക്ഷേ, പാമ്പ് തലതല്ലിച്ചത്തുകളയും എന്നാണ് ഐതിഹ്യം. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലറായ സംസ്ഥാനഗവര്‍ണര്‍ അത്തരമൊരു ദുരവസ്ഥയിലാണ്. അദ്ദേഹം നിയമിച്ച ഒരു വൈസ്ചാന്‍സലര്‍ വ്യാജപ്രമാണം ചമച്ച് നിയമനം നേടിയെന്ന് തെളിഞ്ഞതിനാല്‍ അയാള്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കണ്ടെത്തിയതായാണ് വാര്‍ത്ത. യോഗ്യതയുള്ള മറ്റുപലരുമുണ്ടെന്നും ഇയാള്‍ വ്യാജനാണെന്നും യുജിസി പ്രതിനിധി ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടും ഇയാളെത്തന്നെ സര്‍വകലാശാലയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചത് മറ്റ് പരിഗണനകളാലായിരുന്നു.
വ്യാജനാണെന്ന് അറിയാമായിരുന്നിട്ടും ഒരു വ്യക്തിയെ ഉന്നതസ്ഥാനത്ത് നിയമിച്ച ചാന്‍സലറും അത്തരമൊരുവനെ ശുപാര്‍ശചെയ്ത ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരും കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തോട് കൊടുംപാതകമാണ് ചെയ്തത്. ഏറ്റവും ചുരുങ്ങിയത് ഒരു ഖേദപ്രകടനമെങ്കിലും കേരളജനതയോടവര്‍ ചെയ്യേണ്ടതാണ്. പശ്ചാത്താപം പ്രായച്ഛിത്തമെന്നാണ് യേശു മദ്ലനമറിയത്തോട് പറഞ്ഞത്. കുരിശിന്റെ വഴിയില്‍ സഞ്ചരിക്കുന്നവര്‍ യേശുവചനം മറക്കാതിരിക്കുക.
ഗവര്‍ണര്‍ക്കുള്ള കത്തുകളും ശുപാര്‍ശകളും പോകേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണ്. വൈസ്ചാന്‍സലറായി ഒരാളെ നിയമിക്കാനുള്ള ശുപാര്‍ശക്കത്തില്‍ ഒപ്പുവയ്ക്കേണ്ടത് മുഖ്യമന്ത്രിയാണ്. കേരള മുഖ്യമന്ത്രി പശ്ചാത്തപിക്കണമെന്ന് ആരും പറയില്ല. കാരണം, ഇന്നേവരെ തന്റെ പ്രവൃത്തികളുടെ പേരില്‍ അദ്ദേഹം പശ്ചാത്തപിച്ചിട്ടില്ലെന്ന കാര്യം സുതാര്യമാണ്. കേരളത്തിലെ സര്‍വകലാശാലാമുത്തശ്ശിക്ക് നാഥനില്ലാതായിട്ട് മാസങ്ങളായി. ചിലരുടെ ദുര്‍ഭരണത്തിലമര്‍ന്നിരിക്കയാണ് ആ സര്‍വകലാശാല. ഈയൊരവസ്ഥയില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസം എങ്ങനെ ഗുണംപിടിക്കും? വിശ്വപ്രസിദ്ധ അര്‍ഥശാസ്ത്രകാരനും നൊബേല്‍ജേതാവുമായ അമര്‍ത്യസെന്നും ജന്മംകൊണ്ട് ഫ്രഞ്ചുകാരനും പൗരത്വംകൊണ്ട് ഭാരതീയനുമായ ഴാങ്ദ്രസേയും ചേര്‍ന്ന് രചിച്ച "സന്ദിഗ്ധ മാഹാത്മ്യം" (ഡിരലൃമേശി ഏഹീൃ്യ) എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഒരു പാശ്ചാത്യ പ്രസിദ്ധീകരണം ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി നടത്തിയ പഠനത്തിലെ ചില വസ്തുതകള്‍ ഗ്രന്ഥകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതനിലവാരം പുലര്‍ത്തുന്ന 200 സര്‍വകലാശാലകളില്‍ ഒരെണ്ണംപോലും ഇന്ത്യയിലില്ല. ആദ്യത്തെ അഞ്ചെണ്ണം അമേരിക്കയിലാണ്. ആദ്യത്തെ ഇരുപതെണ്ണത്തില്‍ ഒന്നുപോലും ഏഷ്യന്‍ രാജ്യങ്ങളിലില്ല. പ്രശസ്തങ്ങളെന്ന് നമ്മള്‍ കരുതുന്ന ഇന്ത്യയിലെ ജെഎന്‍യുവും ഡല്‍ഹി-അലിഗര്‍-ബനാറസ് സര്‍വകലാശാലകളും ഐഐടികളും ഇരുനൂറിനകത്ത് സ്ഥാനം പിടിച്ചിട്ടില്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി നമ്മള്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
നിലവാര നിര്‍ണയത്തിനായി പഠനം നടത്തിയവര്‍ സ്വീകരിച്ച മാനദണ്ഡങ്ങളും മറ്റ് പരിഗണനകളും ഏഷ്യന്‍ സര്‍വകലാശാലകളുടെ നിലവാരം കണ്ടെത്തുന്നതിനെ പ്രതികൂലമായി ബാധിച്ചിരിക്കാം എന്ന് ഗ്രന്ഥകാരന്‍ സന്ദേഹിക്കുന്നുണ്ട്. എന്നാല്‍, അവര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുതയുണ്ട്. ഉന്നതനിലവാരം പുലര്‍ത്തുന്നതെന്ന് അംഗീകരിക്കപ്പെട്ട സര്‍വകലാശാലകളില്‍നിന്ന് പ്രശസ്തവിജയം നേടി പുറത്തുവരുന്നവരില്‍ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. അപ്പോള്‍ പ്രശ്നം വിദ്യാര്‍ഥികളുടേതല്ല. മറിച്ച് സര്‍വകലാശാലകളുടെ ഭരണം നിര്‍വഹിക്കുന്ന അധ്യാപകരടക്കമുള്ള ഭരണകര്‍ത്താക്കളുടെ നിലവാരത്തകര്‍ച്ചയാണ് കാരണം.
കേരളത്തിന്റെ സമീപകാലാനുഭവങ്ങളില്‍നിന്ന് നമുക്കറിയാം ഒരിക്കലും ഇവിടത്തെ ഉന്നതവിദ്യാഭ്യാസത്തിന് അഖിലേന്ത്യാനിലവാരംപോലും കൈവരിക്കാന്‍ കഴിയില്ലായെന്ന്. ആദ്യത്തെ ഇരുപതിനകത്തെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലകളേക്കാള്‍ എത്രയോ കേമമാണ് സിംഗപ്പുര്‍, ഹോങ്കോങ്, ബീജിങ്, ടോക്യോ, ക്യോട്ടോ തുടങ്ങിയ ഏഷ്യന്‍ സര്‍വകലാശാലകള്‍. അവര്‍ക്ക് ഈ നിലവാരത്തിലെത്താന്‍ കഴിഞ്ഞത് പാശ്ചാത്യമാതൃക അനുകരിച്ചതുകൊണ്ടാണോ, പാശ്ചാത്യസര്‍വകലാശാലകളുടെ ഓഫ് ക്യാമ്പസ്സെന്ററുകള്‍ ആരംഭിച്ചതുകൊണ്ടാണോ, അധ്യയനമാധ്യമം പാശ്ചാത്യഭാഷയിലായതുകൊണ്ടാണോ, സെമസ്റ്റര്‍ സമ്പ്രദായത്തിനുപകരം വാര്‍ഷികപ്പരീക്ഷ നടത്തുന്നതുകൊണ്ടാണോ, വ്യാജന്മാരെ വൈസ്ചാന്‍സലര്‍മാരാക്കുന്നതുകൊണ്ടാണോ എന്നൊക്കെ അന്വേഷിക്കുന്നത് ഉചിതമായിരിക്കും.
അമര്‍ത്യസെന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദേശസര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശസ്തവിജയം നേടാന്‍ കഴിയുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് ഈ വിദ്യാര്‍ഥികളിലൂടെ നിലവാരം നേടാന്‍ കഴിയുന്നില്ല? പഠിതാവിന്റെ ധൈഷണികമായ മികവിനെ മുരടിപ്പിക്കുന്ന എന്ത് ഘടകമാണ് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്നത്. കൊളോണിയല്‍ മൂശയില്‍ വാര്‍ത്തെടുത്തതാണ് ഇന്ത്യന്‍ സര്‍വകലാശാലാസമ്പ്രദായം. ഭരണകര്‍ത്താവിനെ ചോദ്യംചെയ്യുന്ന പ്രജകളെ ഉല്‍പ്പാദിപ്പിക്കലല്ല അതിന്റെ ലക്ഷ്യം. വിധേയന്മാരെ സൃഷ്ടിക്കലായിരുന്നു. സര്‍വകലാശാലകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബുദ്ധിജീവികളാണ് ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നതിനാവശ്യമായ പൊതുജനാഭിപ്രായം നിര്‍മിക്കുന്നത്. ഇന്നും ആ ധര്‍മംതന്നെയാണ് സര്‍വകലാശാലകളും ബുദ്ധിജീവികളും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കൊളോണിയല്‍ ചട്ടക്കൂടുതന്നെയാണ് ഇപ്പോഴും സര്‍വകലാശാലകള്‍ക്കുള്ളത്. ബിരുദധാരികളും വിദ്യാര്‍ഥികളും അധ്യാപകരും ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും സാമൂഹികപ്രവര്‍ത്തകരും ഭരണസമിതികളായ സെനറ്റിലും സിന്‍ഡിക്കറ്റിലുമെത്തിയിട്ടും നിലവാരമുയരാത്തതിനു കാരണം ചട്ടക്കൂടിന്റെ പ്രശ്നംതന്നെയാണ്. ഘടന ഗുണത്തെ ബാധിക്കുമെന്നത് ശാസ്ത്രസത്യമാണ്. അത് സര്‍വകലാശാലാഭരണത്തിലും പ്രതിഫലിക്കുന്നു. വിദ്യാഭ്യാസത്തിന്റെ നിലവാരം ആരെ ആശ്രയിച്ചാണിരിക്കുന്നത്? വിദ്യാര്‍ഥികളിലാണോ, അധ്യാപകരിലാണോ, ഭരണകര്‍ത്താക്കളിലാണോ അതിന്റെ കടിഞ്ഞാണ്‍? അതോ ഈ മൂവര്‍ക്കുമാണോ?
ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് നിലവാരമുള്ള ബിരുദധാരികളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനര്‍ഥം ഇവിടത്തെ അധ്യാപകര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും അഭിഭാഷകര്‍ക്കും ന്യായാധിപന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിലവാരം കുറഞ്ഞുപോകുമെന്നല്ലേ? മൊത്തത്തില്‍ ഭരണസംവിധാനത്തിന്റെയാകെ നിലവാരം താണുപോകുമെന്നല്ലേ? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവാരം എന്താണ്? ഊര്‍ധ്വന്‍ വലിക്കുന്ന ഉന്നതവിദ്യാഭ്യാസത്തിന് ഉയിരേകാന്‍ ഒറ്റമൂലികളില്ലതന്നെ.
- See more at: http://deshabhimani.com/newscontent.php?id=369113#sthash.UU7knL53.dpuf