(കടപ്പാടു് - മാതൃഭൂമി 15-03-2013)
നമ്മുടെ മാതൃഭാഷ കോടതിയില്‍ ഉപയോഗിക്കപ്പെടാത്തതിലെ അനീതി എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന യാഥാര്‍ഥ്യം മാത്രമാണ്. താന്‍ പണം കൊടുത്ത് നിയമിച്ച വക്കീല്‍ എന്താണ് തനിക്കു വേണ്ടി വാദിക്കുന്നത് എന്നും ആ വാദത്തിന്റെ അടിസ്ഥാനത്തില്‍ എന്താണ് ന്യായാധിപന്‍ വിധിച്ചത് എന്നും അറിയാനുള്ള അവകാശം പൗരാവകാശമാണ്.
കണ്ണൂര്‍ ജയിലിലെ തടവുകാരെ സംബോധന ചെയ്ത് ഭാഷാപ്രേമിയായ ഒരു ഉദ്യോഗസ്ഥന്‍ 'നിങ്ങളുടെ ഇടയില്‍ നിങ്ങളെ ശിക്ഷിച്ച വിധി വായിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞവര്‍ കൈപൊക്കുക' എന്നു പറഞ്ഞപ്പോള്‍ ഒരൊറ്റ കൈയും പൊങ്ങുകയുണ്ടായില്ല. ഒരു കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ തന്നെ ശിക്ഷിച്ച ന്യായാധിപന് തടവില്‍ കിടന്ന് ഒരു കത്തെഴുതി. സംഭവം നടക്കുന്ന സമയത്ത് ആ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നും തനിക്കറിയാത്ത ഭാഷയിലാണ് വാദം നടന്നത് എന്നതിനാലാണ് തനിക്ക് അത് അവിടെ പറയാന്‍ കഴിയാതെ പോയത് എന്നും കാണിച്ചായിരുന്നു കത്ത്. അന്ന് താന്‍ എവിടെയായിരുന്നു എന്നതിന്റെ രേഖ ഇന്ന സ്ഥലത്തുണ്ടെന്നും കത്ത് സൂചിപ്പിച്ചിരുന്നു. മനുഷ്യത്വമുള്ള ഈ ന്യായാധിപന്‍ അയാള്‍ സൂചിപ്പിച്ച രേഖ കാണാന്‍ വേണ്ടി മാത്രം ആ സ്ഥലത്തേക്ക് യാത്ര ചെയ്തു. രേഖ പരിശോധിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. വിധി പ്രസ്താവിച്ചു കഴിഞ്ഞതിനാല്‍ ആ നീതിമാന് തന്റെ സര്‍വീസ് ജീവിതത്തിലെ ഒരു നോവായി അത് മനസ്സില്‍ സൂക്ഷിക്കാനേ കഴിഞ്ഞുള്ളൂ.
ഭരണഭാഷ ഭരിക്കപ്പെടുന്നവരുടെ ഭാഷയാകണമെന്നത് ജനാധിപത്യത്തിന്റെ പ്രാഥമികമായ പാഠമാണ്. ലോകത്തിലെ എല്ലാ ജനതയും ജനാധിപത്യത്തിലേക്കുള്ള അവരുടെ യാത്രയില്‍ ഭാഷാപരമായ ഈ ഘട്ടം പിന്നിട്ടിട്ടുണ്ട്. നമ്മെ രണ്ടു നൂറ്റാണ്ടോളം അടക്കി ഭരിച്ച ഇംഗ്ലീഷുകാര്‍ തന്നെ അവരുടെ ചരിത്രത്തിലെ ഒരു ഘട്ടത്തില്‍ മാതൃഭാഷ ഭരണഭാഷയും കോടതിഭാഷയുമാക്കുന്നതിന് വേണ്ടി തെരുവിലിറങ്ങിയിട്ടുണ്ട്. എ.ഡി 1066- ല്‍ ഇംഗ്ലീഷുകാര്‍ ഫ്രഞ്ചുഭാഷ സംസാരിക്കുന്ന നോര്‍മന്‍കാരുടെ ആധിപത്യത്തിന് കീഴിലായി. രണ്ടു നൂറ്റാണ്ടോളം അവര്‍ ഭരിച്ചു. ഭരണവും കോടതിയും വിദ്യാഭ്യാസവുമെല്ലാം ഫ്രഞ്ചിലായി. അവരുടെ ഭരണം അവസാനിച്ച് നാലു നൂറ്റാണ്ടോളം പിന്നിട്ടപ്പോഴും അവര്‍ക്ക് പൂര്‍ണമായും കോടതി ഭാഷ ഇംഗ്ലീഷാക്കാന്‍ കഴിഞ്ഞില്ല. രേഖകള്‍ ലത്തീനിലും വാദങ്ങള്‍ ഫ്രഞ്ചിലും തുടര്‍ന്നു. ഇംഗ്ലീഷ് മൂന്നാംഭാഷ പോലുമായിരുന്നില്ല. നിരവധി ഇടപെടലുകള്‍ക്ക് ശേഷം 1731- ല്‍ ഇംഗ്ലണ്ടില്‍ ജോര്‍ജ് രണ്ടാമന്റെ കാലത്ത് ഒരു നിയമം വന്നു. ഇനി ആരെങ്കിലും ഇംഗ്ലണ്ടിലെ കോടതികളില്‍ ഫ്രഞ്ചോ ലാറ്റിനോ സംസാരിച്ചാല്‍ വാക്കൊന്നിന് അമ്പതു പവന്‍ പിഴയടയ്‌ക്കേണ്ടിവരും! ഇംഗ്ലണ്ടില്‍ അങ്ങനെയാണ് ഇംഗ്ലീഷ് പൂര്‍ണമായും കോടതി ഭാഷയാകുന്നത്.
ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു കാലത്ത് ഇംഗ്ലണ്ടിലെ രാജസദസ്സിലും പ്രവേശനമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് കവിതയുടെ തുടക്കക്കാരില്‍ ഏറ്റവും പ്രമുഖനായ ജെഫ്രി ചോസറാണ് രാജസദസ്സില്‍ ആദ്യമായി ഇംഗ്ലീഷ് ഭാഷയില്‍ 1397-ല്‍ ഒരു കവിത വായിക്കുന്നത്. രാജഭാഷ മാതൃഭാഷയാക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടലായിരുന്നു ചോസറുടേത്. രണ്ടു വര്‍ഷത്തിന് ശേഷം ഒരു രാജാവ് അധികാരത്തിലേറുന്നതിനുള്ള പ്രതിജ്ഞ മാതൃഭാഷയായ ഇംഗ്ലീഷില്‍ ചൊല്ലി. പിന്നീട് വിജ്ഞാനമണ്ഡലത്തിലും മാതൃഭാഷയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ഇംഗ്ലണ്ടില്‍ ഐസക് ന്യൂട്ടന്‍ ഇംഗ്ലീഷില്‍ ശാസ്ത്രകൃതികള്‍ രചിച്ചു തുടങ്ങുന്നതും. പ്രിന്‍കിപ്പിയ എന്ന കൃതി ലത്തീനില്‍ രചിച്ച ന്യൂട്ടന്‍ പ്രകാശശാസ്ത്രത്തെ കുറിച്ചുള്ള കൃതി ഇംഗ്ലീഷില്‍ എഴുതി. അങ്ങനെ ഇംഗ്ലീഷ് ശാസ്ത്രഭാഷയായിത്തുടങ്ങി.
ഇംഗ്ലണ്ടിന്റെയും അമേരിക്കയുടെയും ജനാധിപത്യസംവിധാനങ്ങളിലെ നല്ല വശങ്ങള്‍ പലതും സ്വീകരിച്ചാണ് നമ്മുടെ ഭരണക്രമം രൂപപ്പെടുത്തിയത്. എന്നാല്‍ അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജനങ്ങളുടെ ഭാഷയിലാണ് ഭരിക്കേണ്ടതെന്ന കാര്യം പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ നാം പരാജയപ്പെട്ടു. ഇംഗ്ലീഷുകാര്‍ ഭരിക്കുന്ന കാലത്തു പോലും കോടതിഭാഷയും ഭരണഭാഷയും കേരളത്തില്‍ പലയിടത്തും മാതൃഭാഷയായ മലയാളമായിരുന്നു. കറുത്ത സായ്പന്മാര്‍ അധികാരത്തിലെത്തിയപ്പോഴാണ് അത് പൂര്‍ണമായും ഇംഗ്ലീഷായത്.
കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള കോമാട്ടില്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിക്കുന്നത് 1957-ലാണ്. ഡോ.കെ.ഭാസ്‌കരന്‍ നായര്‍, എല്‍.സി. ഐസക്, കെ.ദാമോദരന്‍, പി.ടി.ഭാസ്‌കരപ്പണിക്കര്‍ എന്നിവര്‍ അംഗങ്ങള്‍. അടുത്തവര്‍ഷം കമ്മിറ്റി റിപ്പോര്‍ട്ട് കൊടുത്തു. 1969-ല്‍ മലയാളം ഭരണഭാഷയാക്കി. മലയാളമോ ഇംഗ്ലീഷോ എന്നത് പിന്നീട് മലയാളവും ഇംഗ്ലീഷും എന്ന് മാറ്റം വരുത്തി. മറ്റനേകം സംസ്ഥാനങ്ങള്‍ അവരുടെ മാതൃഭാഷ പൂര്‍ണമായും ഭരണഭാഷയാക്കിയപ്പോള്‍ ഭരണഭാഷാ ഉത്തരവ് ശരിയായി പുറപ്പെടുവിക്കാന്‍പ്പോലും ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല.
കോടതിയും ഭരണസംവിധാനത്തിന്റെ ഭാഗമായതിനാല്‍ 1969-ലെ ഉത്തരവിന്റെ തുടര്‍ച്ചയില്‍ കീഴ്‌ക്കോടതി നടപടികള്‍ മലയാളമാക്കാനുള്ള ഉത്തരവ് 1973-ല്‍ വന്നു. മലയാളത്തില്‍ പലരും വിധികളെഴുതി. എന്നാല്‍ കൊളോണിയല്‍ഭൂതം അത്ര വേഗം വിട്ടുപോയില്ല. വീണ്ടും കോടതികള്‍ മെല്ലെ ഇംഗ്ലീഷിലേക്ക് മടങ്ങി. ഇതു പരിഹരിച്ച് കോടതിഭാഷ മലയാളത്തിലാക്കുന്നതിനെ കുറിച്ച് പഠിക്കാനും നിര്‍ദേശം സമര്‍പ്പിക്കാനും ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അധ്യക്ഷനായി 1985-ല്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. 1987-ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടു വര്‍ഷം കൊണ്ട് കേരളത്തില്‍ ഹൈക്കോടതിക്ക് കീഴിലുള്ള എല്ലാ കോടതികളിലും നടപടികള്‍ പൂര്‍ണമായി മലയാളത്തിലാക്കാമെന്ന് കമ്മീഷന്‍ പറഞ്ഞു. (കന്നഡ ന്യൂനപക്ഷമുള്ള കാസര്‍കോട് ജില്ലയില്‍ ഒഴികെ. അവിടെ ജനവികാരം മാനിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടു മാത്രം അതാലോചിച്ചാല്‍ മതി എന്നാണ് കമ്മീഷന്റെ നിര്‍ദേശം). അതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നടപടികളെ കുറിച്ച് ആലോചിക്കാമെന്നും പറഞ്ഞുവെച്ചു. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി ഇരുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
1978-ല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനുള്ള അഞ്ചുവര്‍ഷത്തെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഉത്തരവും ഇറക്കി. 1980-81-ല്‍ കോടതി നടപടികള്‍ പൂര്‍ണമായും മലയാളത്തിലാക്കണമെന്നാണ് ഇതില്‍ നിര്‍ദേശിച്ചത്. ഇതിനായി സര്‍ക്കാര്‍ വിജ്ഞാപനം നടത്താന്‍ പോകുകയാണെന്നും ഈ മാറ്റത്തിനായി കീഴ്‌ക്കോടതികളെ സജ്ജമാക്കുന്നതിനായി പഠനം നടത്താനും റിപ്പോര്‍ട്ട് നല്‍കാനും ആരെയെങ്കിലും നിയമിക്കണമെന്ന് ഹൈക്കോടതി കരുതുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്താല്‍ കൊള്ളാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിക്ക് എഴുതി. അതിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രന്‍ കമ്മീഷന്‍ രൂപവത്കരിക്കപ്പെട്ടത്.
ജ.നരേന്ദ്രന്‍ കമ്മീഷന്റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. കോടതിനടപടികള്‍ മാതൃഭാഷയിലാക്കുന്ന കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്നത് കേരളമാണ് എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 'സാധാരണക്കാരനായ വ്യവഹാരിക്കും കോടതി നടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ലീഷ് ഭാഷയാകുന്ന ഇരുമ്പു മറ മാറിയാലല്ലാതെ സാധാരണക്കാര്‍ക്ക് നമ്മുടെ കോടതി നടപടികളില്‍ കൂടുതല്‍ സജീവമായി സഹകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും അതൊക്കെ തരണം ചെയ്ത് കോടതി ഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിക്കാതെ നിവൃത്തിയില്ല' എന്നും കമ്മീഷന്‍ പ്രഖ്യാപിച്ചു. ആധുനിക ഇന്ത്യന്‍ ഭരണഘടന തന്നെ കോടതി നടപടികള്‍ മാതൃഭാഷയിലാക്കുന്നതിനു വേണ്ടിയാണ് നിലകൊണ്ടത്. ഭരണം ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അറിയാവുന്ന അവരുടെ മാതൃഭാഷയിലായിരിക്കണമെന്ന ഉറച്ച അഭിപ്രായമാണ് ഭരണഘടനാനിര്‍മാണ സമിതിക്കുണ്ടായിരുന്നത് എന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ 17-ാം ഭാഗത്തിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ചുള്ള അനുച്ഛേദങ്ങള്‍ വ്യക്തമാക്കുന്നത്' എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
മറ്റു ചില കാര്യങ്ങളും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു: 1973-ലെ ഉത്തരവനുസരിച്ച് ഇപ്പോള്‍ തന്നെ കീഴ്‌ക്കോടതികള്‍ക്ക് വിധിന്യായങ്ങള്‍ മലയാളത്തില്‍ പുറപ്പെടുവിക്കാനുള്ള അവസരമുണ്ട്. അത് ന്യായാധിപന്മാര്‍ ഉപയോഗിക്കണം. മലയാളത്തില്‍ നല്ല വിധിന്യായങ്ങളും കൂടുതല്‍ വിധിന്യായങ്ങളും എഴുതുന്ന ന്യായാധിപന്മാര്‍ക്ക് പ്രോത്സാഹനമായി പ്രതിഫലം നല്‍കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുന്നതു നന്നായിരിക്കും. പ്രോത്സാഹന പ്രതിഫലം നല്‍കുന്നതിന്റെ എല്ലാ ചുമതലയും ഹൈക്കോടതിക്കായിരിക്കണം.
ന്യായാധിപന്മാര്‍ക്കുള്ള പരിശീലനത്തില്‍ മലയാളത്തില്‍ വിധിന്യായങ്ങള്‍ എഴുതുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്നുള്ളതാണ് കമ്മീഷന്‍ വെച്ച മറ്റൊരു നിര്‍ദേശം. ഈ പരിശീലനത്തിന് ന്യായാധിപന്മാരുടെ പട്ടിക ഉണ്ടാക്കുമ്പോള്‍ മലയാളം മാതൃഭാഷയല്ലാത്തവര്‍ക്കു മുന്‍ഗണന നല്‍കുകയും ചെയ്യണം. മേലാല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് തസ്തികകളിലേക്ക് നിയമനം നടത്തുമ്പോള്‍ മലയാളത്തില്‍ വിധിന്യായങ്ങളും മറ്റും എഴുതുന്നതിനുള്ള കഴിവു കൂടി പരീക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
മാറി മാറി വന്ന സര്‍ക്കാറുകളൊന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടതായി നടിച്ചില്ല. ഒടുവില്‍ രണ്ടു വര്‍ഷം മുമ്പ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ഇരുപത്തയ്യായിരത്തോളം പേര്‍ ഒപ്പിട്ട ഒരു നിവേദനം സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ടു. ഇതിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഈ വര്‍ഷം ഭരണഭാഷാവര്‍ഷമായി പ്രഖ്യാപിച്ചിരിക്കയാണ്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് കാല്‍നൂറ്റാണ്ടിന്റെ മൂപ്പു വന്നിരിക്കുന്നു. ക്ലാസിക്കല്‍ പദവി ഇതാ ഒരു വിളിപ്പാടു മാത്രം അകലെയും. കോടതി ഭാഷ മലയാളമാക്കുന്നതിന് ഇതില്‍പ്പരം അനുകൂലമായ സാഹചര്യം വരാനില്ല. കോടതിമുറികളില്‍ ജനാധിപത്യപരമായ ഭാഷാനുഭവമായി ക്ലാസിക്കല്‍ പദവി കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കട്ടെ.