Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, August 20, 2014

തൊഴിലാളി വര്‍ഗ്ഗ വിപ്ലവ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം



ഇടതു് പക്ഷം പൊതുവെ പിന്നോട്ടടി നേരിടുന്ന പശ്ചാത്തലത്തില്‍, ഇനിയെന്തു് എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നു് വരുന്നുണ്ടു്. അവയോടു് പല പ്രതികരണങ്ങളും കാണുന്നുമുണ്ടു്. ഇടതു് പക്ഷ പാര്‍ടികളുടെ ലയനം, പുതിയ ഇടതു് പക്ഷപ്രസ്ഥാനം തുടങ്ങിയുള്ള കക്ഷിരാഷ്ട്രീയ ഇടപെടലോ ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിനു് പകരം പുത്തന്‍ സോഷ്യലിസ്റ്റു് മാതൃക തുടങ്ങിയ അമൂര്‍ത്താശയമോ നവ മാധ്യമം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പു് പ്രചരണം തുടങ്ങിയ വൃഥാ വ്യായാമമോ മാത്രമായി ഒതുങ്ങി നില്കുന്നു. നിലവില്‍ ഇടതു് പക്ഷം എത്തി നില്കുന്ന സാഹചര്യം മൂര്‍ത്തമായി വിലയിരുത്തി വരും കാല പ്രവര്‍ത്തന പന്ഥാവു് വെട്ടിത്തെളിക്കുകയാണു് വേണ്ടതു്. അതാകട്ടെ, അധികാരത്തിലിരിക്കുന്ന ഇടതു് പക്ഷ പാര്‍ടികള്‍ക്കും അധികാരത്തിനു് വേണ്ടി പരിശ്രമിക്കുന്നവര്‍ക്കും ആവശ്യമായ മാറ്റങ്ങളോടെ ഉപയോഗിക്കുകയും ചെയ്യാം.

നിലവില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ മൂലധന ശക്തികളുടെ മേധാവിത്വത്തിനെതിരായ ചെറുത്തു് നില്പു് സമരങ്ങളിലാണു് ഏര്‍പ്പെട്ടിരിക്കുന്നതു്. അതിലൂടെ അവര്‍ ഒട്ടേറെ ഇടങ്ങളിലും തലങ്ങളിലും സംഘടിതരാകുകയും ശക്തി സംഭരിക്കുകയും ചെയ്തിട്ടുണ്ടു്. ചിലയിടങ്ങളില്‍ അധികാരത്തിലും എത്തിയിട്ടുണ്ടു്. മൂലധന ശക്തികള്‍ തൊഴിലാളി മുന്നേറ്റങ്ങള്‍ക്കെതിരായി തന്ത്രങ്ങള്‍ മെനഞ്ഞു് വരികയും ചെയ്യുന്നുണ്ടു്. നിലവില്‍, ശിഥിലമായ നിലകൊള്ളുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ സംഘടിത ശേഷിയെ കൂടുതല്‍ ശിഥിലമാക്കാനും പിന്നോട്ടടിപ്പിക്കാനും മൂലധനത്തിനു് കഴിയുന്നു. അതായതു്, മൂലധന ശക്തികളെ മറികടക്കാന്‍ ഇത്തരം ഒറ്റപ്പെട്ട ചെറുത്തുനില്പു് സമരങ്ങള്‍ കൊണ്ടു് മാത്രം കഴിയില്ല. ചെറുത്തു് നില്പു് സമരങ്ങള്‍ തന്നെ കൂടുതല്‍ വ്യാപകവും ശക്തവുമാകേണ്ടതുണ്ടു്. ചെറുത്തു് നില്പു് സമരങ്ങള്‍ ശക്തമാക്കപ്പെടണമെങ്കില്‍ തന്നെ, അതോടൊപ്പം മുതലാളിത്തത്തെ അധികാരത്തില്‍ നിന്നു് നിഷ്കാസനം ചെയ്യാനുള്ള മൂര്‍ത്തമായ പ്രോജക്ടുകളും രൂപീകരിക്കപ്പെടണം. അവ മൂര്‍ത്തമായ മാതൃകകളായി വികസിപ്പിക്കപ്പെടണം. അവകളിലൂടെ മുതലാളിത്തത്തേക്കാള്‍ മേന്മയുള്ളതാണു് തൊഴിലാളി വര്‍ഗ്ഗ-വിപ്ലവ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു് വെയ്ക്കുന്ന ഭാവി സമൂഹത്തിന്റെ ഘടനയെന്നു് അവയെ ബോധ്യപ്പെടുത്തണം. മൂലധനാധിപത്യം മാറ്റി സോഷ്യലിസം കൈവരിക്കുക സാധ്യമാണെന്നു് തൊഴിലാളി വിഭാഗങ്ങളേയും സഖ്യ ശക്തികളേയും ബോധ്യപ്പെടുത്താന്‍ അതു് മാത്രമേ മാര്‍ഗ്ഗമുള്ളു.

കാലം മാറിയതു് കണക്കിലെടുക്കപ്പെടണം. മുന്‍കാലത്തു് നിന്നു് വ്യത്യസ്തമായ ഘടകങ്ങളില്‍ പ്രധാനം ശാസ്ത്ര സാങ്കേതിക വിദ്യകളിലുള്ള കുതിച്ചു് ചാട്ടവും അതു് മൂലമുണ്ടായ ഫല-പ്രത്യാഘാതങ്ങളുമാണു്. മൊത്തത്തില്‍ ശാസ്ത്ര സാങ്കേതിക വികാസത്തിലൂടെ ഏതളവിലും ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയും നേടിക്കഴിഞ്ഞിരിക്കുന്നു. കടലാസിനു് പകരം ഡിജിറ്റല്‍ വിവര കൈകാര്യ രീതികളും തുടര്‍ന്നു് ശൃംഖലയിലൂടെ തത്സമയം എവിടെയിരുന്നും എവിടെയും അവ നടത്തുന്ന സിദ്ധിയും സമൂഹത്തിനു് കരഗതമായിരിക്കുന്നു എന്നതാണു് അവയില്‍ തന്നെ പ്രധാനം. അതാകട്ടെ, സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളേയും വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കുന്നതിനു് ഉപാധിയായി നിലകൊള്ളുകയും ചെയ്യുന്നു. അവ കൂടി പരിഗണിച്ചുള്ള മൂര്‍ത്തമായ പരിപാടി തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. അതു് നവ മാധ്യമങ്ങളും കൂടി ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പു് പ്രചരണത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ മതിയാവില്ല. ഭാവി സമൂഹ സൃഷ്ടിക്കായുള്ള പുത്തന്‍ മാതൃകകള്‍ സൃഷ്ടിക്കുന്നതിനു് ഉപയോഗിക്കപ്പെടുകയാണു് വേണ്ടതു്.

വിവര സാങ്കേതിക വിദ്യ, നിലവില്‍, ധന മൂലധന ചൂഷണത്തിന്റെ പ്രധാന ഉപാധികളിലൊന്നായി മാറിയിരിക്കുകയാണു്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ജോലിക്കാരനായിരുന്ന ഐടി വിദഗ്ദ്ധന്‍ എഡ്‌വേഡ് സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ ഇക്കാര്യം ആരേയും ബോധ്യപ്പെടുത്തുന്നു. ലോകമാകെയുള്ള രാഷ്ട്രങ്ങളേയും ജനങ്ങളേയും നിരീക്ഷണത്തിനു് വിധേയമാക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിനു് കഴിയുന്നതു് നിലവിലുള്ള ഇന്റര്‍നെറ്റു് അമേരിക്കയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാലാണു്. ഇന്റര്‍നെറ്റെന്നാല്‍, സാങ്കേതിക നിര്‍വ്വചന പ്രകാരം, "ശൃംഖലകളുടെ സാര്‍വ്വദേശീയ ശൃംഖലയാണു്". അതായതു് ആര്‍ക്കും ഇന്റര്‍നെറ്റിനു് സമാനമായ ശൃംഖല സ്ഥാപിച്ചു് അതിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചും ബന്ധിപ്പിക്കാതെയും ഉപയോഗിക്കാവുന്നതാണു്. അത്തരം ശൃംഖലകളും ശൃംഖലാ വിഭവങ്ങളായ സെര്‍വ്വറുകളും വിവര സംഭരണികളും സ്ഥാപിക്കുന്നതിനും ഉപയോഗിക്കുന്നതിനും അവയ്ക്കു് മേല്‍ പൂര്‍ണ്ണമായ നിയന്ത്രണം സാധിക്കുന്നതിനും ആരേയും സഹായിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍.

സാമ്രാജ്യത്വവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ലോകമാകെ സര്‍ക്കാരുകള്‍ക്കു് മേലും പൊതുവെ സമൂഹത്തിനു് മേലും അതിന്റെ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനും വിവര സാങ്കേതിക വിദ്യയില്‍ അവയ്ക്കുള്ള മേല്‍ക്കൈ ഉപയോഗപ്പെടുത്തുകയാണു്. മൂലധനത്തിന്റെ പ്രാദേശിക-ദേശീയ കെട്ടുപാടുകളറുത്തു് ആഗോള വ്യാപനവും ഒഴുക്കും സുഗമമാക്കപ്പെടുന്നതു് സാര്‍വ്വദേശീയ ശൃംഖല ഉപയോഗിച്ചാണു്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ പ്രധാന വാഹനങ്ങളിലൊന്നാണതു്. വിവര സാങ്കേതിക വിദ്യയില്‍ സാമ്രാജ്യത്വവും കോര്‍പ്പറേറ്റു് സ്ഥാപനങ്ങളും അവയുടെ മേധാവിത്വം സ്ഥാപിക്കുന്നതു് അതിന്റെ വിവിധ ഘടകങ്ങളിലുള്ള വിജ്ഞാനം സമൂഹത്തിനു് നിഷേധിക്കുന്ന തരത്തില്‍ അവയില്‍ ഉടമാവകാശം സ്ഥാപിച്ചെടുത്തുകൊണ്ടാണു്.

അതേ സമയം കോര്‍പ്പറേറ്റു് ആധിപത്യത്തില്‍ നിന്നു് സാങ്കേതിക വിജ്ഞാനം മോചിപ്പിക്കാനുള്ള പരിശ്രമം വിജയകരമായി മുന്നറിക്കൊണ്ടിരിക്കുന്നുമുണ്ടു്. സാമ്രാജ്യ വിരുദ്ധ സമരത്തില്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിജയിച്ച മാതൃകയാണു്. ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍, ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, ഫ്രീഡം ബോക്സു്, ക്രീയേറ്റീവ് കോമണ്‍സ്, ഓപ്പണ്‍ അക്സസ് പ്രസിദ്ധീകരണങ്ങള്‍, വിക്കീ പീഡിയ തുടങ്ങിയ മറ്റു് ശാസ്ത്ര-സാങ്കേതിക-വിജ്ഞാന സ്വാതന്ത്ര്യ സംരംഭങ്ങള്‍ നിലവില്‍ അതിന്റെ വിജയത്തിന്റെ വിവിധ ഘട്ടങ്ങളിലാണു്. അവയെ പ്രോത്സാഹിപ്പിക്കുകയും അവ പ്രയോഗിക്കുകയും അവ സ്വാംശീകരിക്കുകയും ചെയ്യുന്നതു് പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനു് സഹായകമാണു്, അനിവാര്യ ഘടകം കൂടിയാണു്.

നിലവില്‍ പേറ്റന്റ് ചെയ്യപ്പെട്ട കോര്‍പ്പറേറ്റു് ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയറുകളേക്കാള്‍ മെച്ചപ്പെട്ട വികാസവും പുരോഗതിയും നേടിക്കഴിഞ്ഞ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോഗിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷവും സംഘടിത തൊഴിലാളി വര്‍ഗ്ഗ-പുരോഗമന പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ടു്. അവയുടെ പ്രയോഗത്തിലൂടെ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമൂഹ്യ സ്വാംശീകരണം വിവര സാങ്കേതിക വിദ്യാ മേഖലയില്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് മൂലധന ശക്തികളുടെ മേല്‍ വിജയം നേടാന്‍ സഹായിക്കുന്ന ഒരുപാധിയാണു്.

വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യ ഉപയോഗങ്ങള്‍ക്കെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ തെരഞ്ഞെടുക്കാവൂ. അതു് മാത്രമേ ഉപയോക്താക്കള്‍ക്കു് വ്യക്തിപരമായും സ്ഥാപനതലത്തിലും സാമൂഹ്യമായും സാങ്കേതിക സ്വാംശീകരണം അനുവദിക്കുന്നുള്ളു. അത്തരത്തില്‍ സാങ്കേതിക സ്വാംശീകരണം ഉറപ്പാക്കിക്കൊണ്ടു് മാത്രമേ തൊഴിലാളികളും സംഘടനകളും അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും വിവര സാങ്കേതിക പ്രോജക്ടുകള്‍ നടപ്പാക്കാവൂ. അതിനായി തദ്ദേശീയ പൊതു മേഖലാ സ്ഥാപനങ്ങളുടേയോ ചെറുകിട-ഇടത്തരം സംരംഭകരുടേയോ സ്വയം തൊഴില്‍ സംരംഭകരുടേയോ മുന്‍കൈയ്യോടെയും പങ്കാളിത്തത്തോടെയും മാത്രമേ അവ നടപ്പാക്കാവൂ. പൊതു മേഖലാ സ്ഥാപനങ്ങള്‍ സാങ്കേതിക സ്വാംശീകരണം നേടുകയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും അവ പകര്‍ന്നു് നല്‍കുകയും അവയുടെ സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കുകയും വേണം. അതിനാവശ്യമായ തരത്തില്‍ പൊതു മേഖലാ മാനേജ്മെന്റു് പുനസംഘടിപ്പിക്കപ്പെടണം. അവയുടെ പ്രവര്‍ത്തന രീതികള്‍ പുനരാവിഷ്കരിക്കപ്പെടണം. ഇത്തരം ആവശ്യങ്ങള്‍ മാനേജ്മെന്റിനു് മുമ്പില്‍ അവതരിപ്പിക്കാന്‍ ബന്ധപ്പെട്ട തൊഴിലാളി സംഘടനകള്‍ തയ്യാറാകണം. അവരെല്ലാം സ്വയം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ ഉപയോഗിക്കൂ എന്നു് തീരുമാനിക്കണം. അവ മാത്രമേ ഉപയോഗിക്കാവൂ.

വിവിധ മേഖലകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് ബന്ധപ്പെട്ടവരുടെ സാങ്കേതിക സ്വാംശീകരണം ഉറപ്പാക്കിക്കൊണ്ടുള്ള വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകള്‍ താഴെ കൊടുക്കുന്നു.

1. തൊഴിലാളി വര്‍ഗ്ഗ-ബഹുജന സംഘടനകള്‍ക്കു് സംയുക്തമായി അവയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള വിവര വിനിമയ ശൃംഖലയും സെര്‍വ്വറുകളും വിവര സംഭരണികളുമടക്കം സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചുപയോഗിക്കാം.

2. തദ്ദേശീയ സമൂഹത്തിന്റെ ഉപയോഗത്തിനായി സാമൂഹ്യ ശൃംഖലയും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചുപയോഗിക്കാം.

3. അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ നടത്തിപ്പും അവയുടെ കൂടുതല്‍ ഫലപ്രദമായ വാര്‍ത്താ വിനിമയവും സാധിക്കാം. തൊഴിലാളി വര്‍ഗ്ഗ-പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു് അവയുടെ ആഭിമുഖ്യത്തിലുള്ള മാധ്യമ സ്ഥാപനങ്ങളുടെ വര്‍ദ്ധിച്ച വ്യാപ്തി, കുറഞ്ഞ ചെലവില്‍ നേടാം. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ ശൃംഖലയും സംയോജിപ്പിച്ചുള്ള ബദല്‍ വാര്‍ത്താ വിനിമയ ശൃംഖല മൂലധന കുത്തകകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെ മേധാവിത്വം ഫലപ്രദമായി നേരിടാനുള്ള ഉപാധിയാക്കാം.

4. മലയാളം ഉപയോഗിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഉല്‍ഗ്രഥിപ്പിച്ചുകൊണ്ടുമുള്ള സമഗ്ര ഇ-ഭരണം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മാത്രം ഉപയോഗിച്ചു് നടത്താം. പ്രക്രിയകളെല്ലാം ശൃംഖലയില്‍ തത്സമയം നടത്താം. ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍, സേവന പ്രദാനം, നികുതി പിരിവു്, ഉല്പാദന-വിതരണ-വിനിമയം അടക്കം കമ്പോളത്തിന്റെ സമഗ്രാസൂത്രണം എല്ലാം കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാര്യക്ഷമമാക്കാം.

5. പൊതു മേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പു് ശൃംഖലയില്‍ സാധ്യമാക്കാം. പൊതുവെ ERP യെന്നു് പറയപ്പെടുന്നു. വിഭവങ്ങളും പ്രക്രിയകളും അവയുടെ വിവരങ്ങളുപയോഗിച്ചു് ഓണ്‍ലൈനായി തത്സമയം നടത്തുകയും അങ്ങിനെ കാലികമായി നിലനിര്‍ത്തപ്പെടുന്ന വിവരങ്ങളുപയോഗിച്ചു് എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി ആസൂത്രണത്തിനു് വിധേയമാക്കുകയും ചെയ്യാം.

6. മലയാള ഭാഷയെ മറ്റേതു് ലോക ഭാഷയ്ക്കുമൊപ്പം വികസിപ്പിക്കാം. മറ്റേതു് വികസിത പ്രാദേശിക ഭാഷയ്ക്കും ഇതു് ബാധകമാണു്. യാന്ത്രിക തര്‍ജ്ജമ, മൊഴി എഴുത്തായും എഴുത്ത് മൊഴിയായും മാറ്റുക, ഓപ്ടിക്കല്‍ വായന – OCR തുടങ്ങിയ ഭാഷാ വിനിമയ സങ്കേതങ്ങള്‍ പ്രാദേശികമായി വികസിപ്പിച്ചു് അവയുടെ വ്യാപകമായ സാമൂഹ്യോപയോഗത്തിലൂടെ എല്ലാ വിജ്ഞാനവും മലയാളത്തില്‍ ലഭ്യമാക്കി മലയാളത്തെ ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റേയും ഭാഷയാക്കി ഉയര്‍ത്തുകയും അതിലൂടെ ഉന്നത വിദ്യാഭ്യാസത്തിലടക്കം ബോധന മാധ്യമമായും ഭരണ ഭാഷയായും എന്തിനേറെ ബന്ധഭാഷയായും വികസിപ്പിക്കാം. അത്തരത്തില്‍ മാതൃഭാഷയുടെ പഠനവും അതിലൂടെ ഇംഗ്ലീഷടക്കം മറ്റു് ഭാഷാ പഠനവും എളുപ്പവും കൂടുതല്‍ താര്യക്ഷമവുമാക്കാം.

7. ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഖല കുറഞ്ഞ ചെലവില്‍ സ്ഥാപിക്കുകയും സേവനം നല്‍കുകയും നടത്തുകയും ചെയ്യാം. പുതു തലമുറ സ്വിച്ചുകള്‍ (എക്സ്ചേഞ്ചുകള്‍) പൊതു ഉപയോഗ കമ്പ്യൂട്ടറുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് സ്ഥാപിച്ചു് ചെലവു് ചുരുക്കാം. സേവന പ്രദാനത്തിനും സ്ഥാപന ഭരണത്തിനും ഇസ്രയേലി-അമേരിക്കന്‍ ആധിപത്യത്തിലുള്ള SAP ഉം ഒറാക്കിളും പോലുള്ള കുത്തക സോഫ്റ്റ്‌വെയറുകള്‍ ഒഴിവാക്കാം. കമ്യൂണിക്കേഷന്‍ ശൃംഖല ഉപയോഗിച്ചു് നടക്കുന്ന അമേരിക്കന്‍ ചാര നിരീക്ഷണം ഒഴിവാക്കാനുള്ള വിവിധ നടപടികളില്‍ പെടുന്ന ഒന്നുമാണിതു്.

8. ബാങ്കിങ്ങു്-ഇന്‍ഷുറന്‍സ് മേഖലകള്‍ക്കാവശ്യമായ ശൃംഖല കുറഞ്ഞ ചെലവിലും കൂടുതല്‍ ഫലപ്രദമായും സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.

9. വിദ്യാഭ്യാസവും ആരോഗ്യവും അടക്കം സേവന മേഖലകളുടെ ഉള്ളടക്കവും സേവനപ്രദാനവും വിപുലപ്പെടുത്തിക്കൊണ്ടും കൂടുതല്‍ ഫലപ്രാപ്തി ഉറപ്പാക്കിക്കൊണ്ടുമുള്ള പുനസംഘാടനത്തിനുള്ള ഉപാധിയാക്കാം.

10. വിപുലമായ സഹകരണ ശൃംഖല സ്ഥാപിച്ചുപയോഗിക്കാം. സഹകരണ സ്ഥാപനങ്ങളുടെ അംഗങ്ങളുടെ ജനാധിപത്യപരവും സാമ്പത്തികവുമായ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അധികാരം അവരില്‍ നിലനിര്‍ത്തിക്കൊണ്ടു് തന്നെ കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കു് ലഭ്യമാകുന്ന സേവനങ്ങളും വിഭവങ്ങളും സ്വായത്തമാക്കാന്‍ എല്ലാ സഹകരണ സ്ഥാപനങ്ങളേയും ബന്ധിപ്പിക്കുന്നതും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഉല്‍ഗ്രഥിപ്പിക്കുന്നതുമായ ശൃംഖലയായി അതിനെ ഉപയോഗിക്കാം.

11. ആഭ്യന്തര ചെറുകിട-ഇടത്തരം വ്യവസായങ്ങളുടേയും സ്വയംതൊഴില്‍ സംരംഭകരുടേയും പരമ്പരാഗത വ്യവസായങ്ങളുടേയും കാര്‍ഷിക മേഖലയുടേയും ഉല്പാദന-വിപണന-കമ്പോളം കണ്ടെത്തല്‍ പ്രക്രിയകള്‍ക്കു് വിവര സാങ്കേതിക ശൃംഖലയുടെ ചെലവു് കുറഞ്ഞതും കാര്യക്ഷമവുമായ പ്രയോഗം സാധ്യമാക്കാം.

12. നീര്‍ത്തടാധിഷ്ഠിത വികസനം, ഭൂവിനിയോഗം, പ്രകൃതി വിഭവ വിനിയോഗം (ജലസ്രോതസുകള്‍, വനം, ഖനികള്‍, ഇന്ധന സ്രോതസുകള്‍ തുടങ്ങിയവ), പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്കാവശ്യമായ സൂക്ഷ്മ-ഭൂതല വിവരാസൂത്രണം. അതിലൂടെ പ്രാദേശിക വിഭവങ്ങളുടെ മെച്ചപ്പെട്ട വിനിയോഗവും പ്രാദേശികോല്പാദന വര്‍ദ്ധനവും കുറഞ്ഞ ചെലവിലുള്ള ഉപഭോഗവും.

13. തദ്ദേശീയ കലാ സാംസ്കാരിക രൂപങ്ങളുടെ വര്‍ദ്ധിച്ച ആവിഷ്കാര-വിനിമയ-ആസ്വാദന സാദ്ധ്യതകളുപയോഗിച്ചു് അവയുടെ കാലാനുസൃതമായ രൂപഭാവങ്ങളിലുള്ള പുനരുജ്ജീവനവും ഇതര സംസ്കാര സരണികളുമായുള്ള ആദാന-പ്രദാനവും ഉറപ്പാക്കിക്കൊണ്ടു് ആഗോള സാമ്രാജ്യത്വ സാംസ്കാരികാധിനിവേശത്തെ ചെറുക്കാം.

14. വര്‍ഗ്ഗ-ബഹുജന കൂട്ടായ്മകളുടെ കൂടുതല്‍ ഫലപ്രദമായ സംഘാടനവും ഇടപെടലും പ്രഹരശേഷിയും നേടാം. നിലവില്‍ അസാധ്യമെന്നു് കരുതപ്പെടുന്ന അംസഘടിത വിഭാഗങ്ങളുടെയടക്കം സംഘാടനത്തിനു് ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള പൊതു കൂട്ടായ്മകളും അവിടെ ശേഖരിക്കപ്പെടുന്ന സുസംഘടിത വിവര ശേഖരവും ഉപയോഗിച്ചു് വ്യവസായാടിസ്ഥാനത്തിലും പ്രാദേശിക-ജില്ലാ-സംസ്ഥാന-ദേശീയ-സാര്‍വ്വദേശീയാടിസ്ഥാന ത്തിലുള്ള കേന്ദ്രീകരണവും സമഗ്ര വിവര വിനിമയവും പാരസ്പര്യവും സാധ്യമാക്കാം.

15. സമഗ്രമായ ഉല്പാദന-വിനിമയ-വിതരണാസൂത്രണത്തിലൂടെ കമ്പോളത്തിലെ അരാജകത്വം അവസാനിപ്പിച്ചു് അതിനെ സമൂഹത്തിനു് വിധേയമക്കുന്നതിലൂടെ കമ്പോളം സമൂഹത്തെ നിയന്ത്രിക്കുന്ന സ്ഥിതിക്കു് പരിഹാരം കാണാനുള്ള ഉപാധിയാക്കാം. കമ്പോളത്തെ സമൂഹത്തിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ഉപാധിയാണിതു്. നാളിതു് വരെയുള്ള സോഷ്യലിസ്റ്റു് പരീക്ഷണങ്ങള്‍ മുതലാളിത്തം സൃഷ്ടിച്ചുപയോഗിക്കുന്ന കേന്ദ്രീകൃതാസൂത്രണം എന്ന സങ്കല്പനം തന്നെ ഉപയോഗിച്ചു് പോന്നിട്ടുള്ളതായാണു് കാണുന്നതു്. കേന്ദ്രീകൃതാസൂത്രണം മുതലാളിത്തത്തില്‍ കമ്പോളത്തെ മൂലധനത്തിന്റെ പിടിയിലമര്‍ത്തും. സോഷ്യലിസത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനു് വഴിവെയ്ക്കും. സൂക്ഷമ തലത്തിലുള്ള ആസൂത്രണത്തിനായി ശേഖരിച്ചു് സംഭരിക്കപ്പെടുന്ന വിവരങ്ങള്‍ ശൃംഖലയില്‍ ക്രോഡീകരിച്ചു് സ്ഥൂല തലത്തിലുള്ള ആസൂത്രണത്തിനായി വിവരം കേന്ദ്രീകരിക്കുകയും സ്ഥൂലതലാസൂത്രണങ്ങളുടെ നടത്തിപ്പിനായി വിവരം സൂക്ഷമ തലത്തിലെത്തിക്കുകയും ചെയ്യുന്ന വിധത്തില്‍ ലംബമാനവും തിരശ്ചീനവുമടക്കം ഏതു് തലങ്ങളിലും പരസ്പര വിവര വിനിമയം സാധ്യമാക്കുന്ന വിതരിത ഘടനയിലുള്ള (Distributed Architecture) ശൃംഖലയില്‍ ആസൂത്രണം സമഗ്രമാക്കുക എന്നതാണു് വേണ്ടതു്. ഭാവിയില്‍ നടക്കാന്‍ പോകുന്ന സോഷ്യലിസ്റ്റാസൂത്രണത്തിനുപയോഗപ്പെടുത്താവുന്ന മാതൃകയാണിതു്. ചെറുമാതൃകകള്‍ പരീക്ഷിച്ചു് തുടങ്ങാം.

മറ്റിതര മേഖലകളിലും ശാസ്ത്ര സാങ്കേതിക സിദ്ധികളുപയോഗിച്ചു് സമാനമായ പ്രയോഗ സാധ്യതകളുണ്ടു്. മേല്പറഞ്ഞവയെല്ലാം ആഗോള ധന മൂലധനാധിനിവേശത്തെ ചെറുക്കാനുള്ള ഉപാധികളും കൂടിയാണെന്നു് കാണാവുന്നതാണു്. മേല്പറഞ്ഞ പരിപാടികളിലെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലൂടെ സാമൂഹ്യമായി സാങ്കേതിക സ്വാംശീകരണവും തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇടപെടല്‍ ശേഷിയും ഉറപ്പാക്കാനുള്ള മാര്‍ഗ്ഗവും കൂടിയാണു്.

അതിനാവശ്യമായതു്, നിലവില്‍ സാധ്യമായ തോതിലുള്ള ചെറുത്തു് നില്പു് തുടരുന്നതോടൊപ്പം അതിന്റെ ശക്തിയും വ്യാപ്തിയും ഫലപ്രാപ്തിയും ഉയര്‍ത്തുക കൂടി ചെയ്യുന്നതിനും അതിലൂടെ മൂലധന ശക്തികളില്‍ നിന്നു് സമൂഹത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അടക്കം ഉല്പാദന-വിതരണ-വിനിമയ പ്രക്രികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുമുള്ള പ്രാപ്തി നേടുകയും അങ്ങിനെ സമൂഹത്തെയാകെ നല്ല ഭാവിയിലേയ്ക്കു് നയിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയുമെന്ന കാര്യം പ്രായോഗിക ഉദാഹരണങ്ങളിലൂടെ കര്‍ഷകരും ചെറുകിട-ഇടത്തരം സംരംഭകരുമടക്കം സഖ്യ ശക്തികളെ ബോധ്യപ്പെടുത്തുകയും അവരെ കൂടെവരാന്‍ പ്രേരിപ്പിക്കുകയും കൂടിയാണു്.

അതിനാകട്ടെ, ചെറുത്തു് നില്പു് സമരങ്ങള്‍ക്കൊപ്പം ക്രിയാത്മകമായ ഇടപെടലുകള്‍ കൂടി വേണം. തൊഴിലാളി വര്‍ഗ്ഗം ചെറുത്തു നില്പുകളിലൂടെ ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ നിലനിര്‍ത്താനാവണമെങ്കില്‍ തന്നെ, അത്തരം ക്രിയാത്മകമായ ഇടപെടല്‍ മാതൃകകള്‍ സൃഷ്ടിക്കപ്പെട്ടേ തീരൂ. ജനകീയ ജനാധിപത്യത്തിന്റേയും ദേശീയ ജനാധിപത്യത്തിന്റേയും മറ്റിതര ഇടതു് പക്ഷ സരണികളുടേയും പരിപാടികളുടേയും ഭാഗമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നവയടക്കം പുതിയ കാലഘട്ടത്തിനാവശ്യമായ ബദല്‍ നയങ്ങളും പരിപാടികളും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ മൂര്‍ത്ത മാതൃകകളായി വികസിപ്പിക്കണം. അവയെ സാധ്യമാകുന്നിടത്തോളെ സ്ഥാപനവല്കരിക്കുകയും ചെയ്യണം.

ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനു് വേണ്ടിവരുന്ന പരമാവധി വിഭവങ്ങളുടെ തദ്ദേശീയ ഉല്പാദനവും ഉപഭോഗവും നിര്‍വ്വഹിക്കുന്ന പ്രാദേശിക കൂട്ടായ്മകള്‍ സൃഷ്ടിക്കുകയും അവയുടെ ദേശീയവും സാര്‍വ്വദേശീയവുമായ ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യാവുന്നതാണു്. അതിനു് തൊഴിലാളികള്‍ മുന്‍കൈഎടുക്കുകയും കര്‍ഷകരുടേയും സ്വയംതൊഴില്‍ സംരംഭകരുടേയും ഉല്പന്നങ്ങള്‍ അവര്‍ക്കു് ആദായ വില നല്‍കി ഏറ്റെടുത്തു് ഉപയോഗിക്കുകയും ചെയ്യണം. അവരുടെ മിച്ചോല്പന്നങ്ങള്‍ക്കു് പുറം വിപണി കണ്ടെത്താനും പ്രാദേശികമായി ലഭ്യമല്ലാത്ത അവശ്യവസ്തുക്കള്‍ മറ്റു് പ്രാദേശിക കൂട്ടായ്മകളില്‍ നിന്നു് സംഭരിക്കാനും ശൃംഖല ഉപയോഗിക്കപ്പെടണം. ഇത്തരം പ്രാദേശിക ഉല്പാദന-ഉപഭോഗ കൂട്ടായ്മ തൊഴിലാളി-കര്‍ഷക-സ്വയംതൊഴില്‍ സംരംഭക ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഉപാധിയായി മാറും. അവര്‍ക്കു് നല്‍കേണ്ടി വരുന്ന വര്‍ദ്ധിച്ച വില കടത്തു് കൂലി, വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളൊഴിവാകുന്നതു് മൂലമുള്ള കുറഞ്ഞ രോഗ ചികിത്സ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഇനങ്ങളിലുള്ള നേട്ടത്തിലൂടെ പരിഹരിക്കാനാകും. ഇതാകട്ടെ, ധനമൂലധന കോര്‍പ്പറേറ്റുകളുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിന്മേലുള്ള ആശ്രിതത്വം പരമാവധി കുറയ്ക്കാനും ഉപകരിക്കപ്പെടും.

എല്ലാ തലങ്ങളിലും മാതൃഭാഷ ബോധന മാധ്യമമായുപയോഗിക്കുകയും സ്വന്തം ചുറ്റുപാടുകളില്‍ നിന്നു് പ്രായോഗിക പരിചയം നേടുന്നതിലൂടെ ശരിയായ വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന പ്രാദേശിക മാതൃകാ സ്ഥാപനങ്ങളും രോഗ ചികിത്സയ്ക്കുപരി ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കുന്ന ആരോഗ്യസംരക്ഷണ വ്യവസ്ഥയും കര്‍ഷകരേയും സ്വയം തൊഴില്‍ സംരംഭകരേയും ചെറുകിട ഇടത്തരം സംരംഭകരേയും പ്രോത്സാഹിപ്പിക്കുകുയും അവരുടെ സംരക്ഷണം ലക്ഷ്യമാക്കുകയും ചെയ്യുന്ന പൊതു മേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും വിവിധ തൊഴിലാളിവര്‍ഗ്ഗ പുരോഗമന സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സ്ഥാപിച്ചു് നടത്താവുന്നതേയുള്ളു.

കോര്‍പ്പറേറ്റു് ബാങ്കിങ്ങു് മേഖല പ്രാദേശിക ജനവിഭാഗങ്ങളോടും പിന്നോക്ക പ്രദേശങ്ങളോടും വിവേചനപരമായി പെരുമാറുന്ന സാഹചര്യത്തില്‍ സഹകരണ സംഘങ്ങളുടെ വ്യാപനവും അവയെല്ലാം ചേര്‍ത്തുള്ള വിപുലമായ ശൃംഖലയും പിന്നോക്ക ജനവിഭാഗങ്ങളുടേയും പ്രദേശങ്ങളുടേയും പുരോഗതിയ്ക്കു് നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കെല്പുള്ളതാണു്. അവയെ മുകളില്‍ സൂചിപ്പിച്ച 'സഹകരണ ശൃംഖല'യില്‍ കോര്‍ത്തിണക്കിയാല്‍ മറ്റേതൊരു കോര്‍പ്പറേറ്റു് ബാങ്കിനേക്കാളും വിപുലവും മൂലധന ശേഷിയുള്ളതും ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ബാങ്കിങ്ങു് ഇന്‍ഷുറന്‍സ് മേഖല രൂപപ്പെടുത്താം. പ്രാദേശിക-സംസ്ഥാന ഭരണ സംവിധാനങ്ങളുടെ ബാങ്കായി അതിനെ ഉയര്‍ത്താം. റിസര്‍വ്വു് ബാങ്കുമായി ഏറ്റുമുട്ടല്‍ വേണ്ടി വരാം. അതു് അടുത്ത ഘട്ടം സമരത്തിന്റെ ഒരു മൂര്‍ത്ത രൂപവുമാണു്.

വാര്‍ത്താ വിനിമയം, ബാങ്കിങ്ങു്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിര്‍ണ്ണായക മേഖലകളില്‍ കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കു് മേലുള്ള പ്രാദേശിക സമൂഹത്തിനുണ്ടാകുന്ന ആശ്രിതത്വം സാമൂഹ്യ മാറ്റം അസാദ്ധ്യമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറുന്നു. കോര്‍പ്പറേറ്റു് മൂലധനാധിപത്യത്തിന്മേലുള്ള പ്രാദേശിക സമൂഹത്തിന്റെ ആശ്രിതത്വം അവസാനിപ്പിക്കണം. അത്തരത്തില്‍, വാര്‍ത്താ വിനിമയം, ബാങ്കിങ്ങു്, ഇന്‍ഷുറന്‍സ്, മാധ്യമം, സംസ്കാരം, ഭരണം, ആസൂത്രണം തുടങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രയോഗ സാധ്യതകളേക്കുറിച്ചു് മേല്പറഞ്ഞ ഓരോ നിര്‍ദ്ദേശവും നിലവിലുള്ള കോര്‍പ്പറേറ്റു്-ധനമൂലധന ആധിപത്യത്തിന്റെ കെട്ടു് വിടുവിക്കാവുന്ന ബദല്‍ മാതൃകകളാക്കാവുന്നതാണു്.

അതേപോലെ തന്നെ, പരിസ്ഥിതി, സ്ത്രീകള്‍, കുട്ടികള്‍, ആദിവാസികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, വിഭിന്ന ശേഷിയുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളില്‍ സമൂഹത്തിന്റെ ഇടപെടല്‍ ഉറപ്പു് വരുത്തുന്നതിനായുള്ള പ്രത്യേക സംരക്ഷണ സേന സംഘടിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. സ്ത്രീകളുടേയും ആദിവാസികളുടേയും സ്വയം സംരക്ഷണത്തിനുള്ള പ്രത്യേക പരിശീലനം അടക്കം ക്രമ സമാധാന പാലനത്തിനും ശുചിത്വ പരിപാലനത്തിനും (ശുദ്ധവായു, ശുദ്ധജലം, ഫലപുഷ്ടിയുള്ള ഭൂമി തുടങ്ങിയവ) പ്രകൃതി വിഭവങ്ങളുടേയും പൊതു സ്വത്തുക്കളുടേയും സംരക്ഷണത്തിനുമുള്ള സാമൂഹ്യ ഇടപെടലും സംഘടിതമായി ഉണ്ടാകേണ്ടതുണ്ടു്. സമൂഹത്തില്‍ പകുതിയിലേറെ വരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം തൊഴിലാളി വര്‍ഗ്ഗത്തിന്റേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണു്. അവരുടെ സ്വരക്ഷയ്ക്കായി കായികാഭ്യാസവും കരാട്ടേയും അടക്കം ആയോധന കലകള്‍ പരിശീപിലിപ്പിക്കുന്ന ഒരു വിപുലമായ പരിപാടി ഏറ്റെടുക്കാവുന്നതാണ്. അതവരെ സംഘടിപ്പിക്കുന്നതിനുള്ള ഉപാധിയുമാണു്.

മേല്പറഞ്ഞവയാകട്ടെ, തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടുത്ത ഘട്ടം മുന്നേറ്റത്തിന്റെ അടിയന്തിരോപാധികളായി മാറുകയും ചെയ്യും. ന്യൂനപക്ഷത്തിന്റേമാത്രം പ്രാകൃത ജനാധിപത്യമായ നിലവിലുള്ള മൂലധനസര്‍വ്വാധിപത്യത്തിനു് പകരം ബഹു ഭൂരിപക്ഷത്തിന്റേയും ജനാധിപത്യമായ അദ്ധ്വാശേഷിയുടെ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നതിനു് കാലഘട്ടം ആവശ്യപ്പെടുന്ന പ്രവര്‍ത്തന മാര്‍ഗ്ഗം കൂടിയാണിതു്.

ജോസഫ് തോമസ്.

Blog Archive