Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, January 3, 2016

ബിഎസ്എന്‍എല്‍ ന്റെ ഭാവി - പ്രശ്നങ്ങളും സാധ്യതകളും



മൂന്നു് പതിറ്റാണ്ടു് മുമ്പു് വരെ രാജ്യമെമ്പാടും ഒറ്റയ്ക്കു് വിദൂരവിവരവിനിമയ സൌകര്യം സ്ഥാപിച്ചു് വിവിധ സേവനങ്ങള്‍ നല്‍കിയിരുന്ന സര്‍ക്കാര്‍ ഉടമയിലുള്ള സംവിധാനം ബിഎസ്എന്‍എല്‍ എന്ന കമ്പനിയാക്കി മാറ്റപ്പെടുകയും സ്വകാര്യ മേഖലയില്‍ ഒട്ടേറെ കമ്പനികള്‍ അനുവദിക്കപ്പെടുകയും ചെയ്തതിലൂടെ ഇന്നു് ബിഎസ്എന്‍എല്‍ ന്റെ കമ്പോള വിഹിതം വെറും 9% മാത്രമായി കുറഞ്ഞിരിക്കുന്നു. ബിഎസ്എന്‍എല്‍ ന്റെ മത്സര ക്ഷമത കുറവായതാണു് ഈ സ്ഥിതിക്കു് കാരണമെന്നു് പൊതുവെ പറയപ്പെടുന്നു. മത്സര ക്ഷമത കുറയാനുള്ള കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നതു് പോലെ തന്നെ, ബിഎസ്എന്‍എല്‍ ന്റെ നടത്തിപ്പിലുള്ള വിഴ്ചകളും ആണെന്നതു് ഇന്നു് അനുഭവത്തിലൂടെ വ്യക്തമായിരിക്കുന്നു. സര്‍ക്കാര്‍ നയങ്ങള്‍ നടത്തിപ്പിലുള്ള വീഴ്ചകള്‍ക്കു് കാരണമാകുകയും നടത്തിപ്പിലുള്ള വിഴ്ചകള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കുള്ള ന്യായീകരണമാകുകയും ചെയ്യുന്നതിലൂടെ ഇവ രണ്ടും പരസ്പര പൂരകങ്ങളായി ബിഎസ്എന്‍എല്‍ ന്റെ നാശത്തിലേയ്ക്കുള്ള പതനം വേഗത്തിലാക്കുന്നു. സര്‍ക്കാര്‍ നയം രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും വിശദമായി തന്നെ കൈകാര്യം ചെയ്തു് പോരുന്നതിനാല്‍ അതിലേയ്ക്കു് കടക്കാതെ തന്നെ, അവയ്ക്കെതിരായ വിമര്‍ശനം ശരിയാണെന്നു് അംഗീകരിച്ചുകൊണ്ടു്, ബിഎസ്എന്‍എല്‍ ന്റെ നടത്തിപ്പിലുള്ള പ്രധാനപ്പെട്ട ചില വീഴ്ചകളും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും വിശകലനം ചെയ്യുക എന്നതാണു് ഈ രേഖയുടെ ലക്ഷ്യം.

കമ്പനി രൂപീകരണത്തിനു് മുമ്പു്

സര്‍ക്കാര്‍ വകുപ്പെന്ന നിലയില്‍ സ്വാതന്ത്ര്യാനന്തരം കമ്പിത്തപാല്‍ വകുപ്പിന്റെ ഭാഗമായും തുടര്‍ന്നു് ടെലികോം വകുപ്പായും കുറേക്കാലം ടെലികോം കമ്മീഷനായും പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണു് ഇന്ത്യയില്‍ മറ്റേതു് മേഖലയേക്കാളുമുപരി ടെലികോം മേഖല, 25% വരെ, വളര്‍ച്ച കാണിച്ചിരുന്നതു്. ഉയര്‍ന്ന ലാഭനിരക്കിന്റെ കാര്യത്തില്‍ മണ്ണില്‍ നിന്നു് എണ്ണ കുഴിച്ചെടുക്കുന്ന ഒഎന്‍ജിസി കഴിഞ്ഞാല്‍ അടുത്തതു് ടെലികോം മേഖലയായിരുന്നു. അന്നു് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനു് ടെലികോം ഫാക്ടറികളും ഐടിഐയുടെ യൂണിറ്റുകളും നിരന്തരം ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നു. ഇറക്കുമതി വളരെ കുറഞ്ഞ അളവില്‍ മാത്രമാണു് നടന്നിരുന്നതു്. നടന്നതാകട്ടെ പുതിയ സാങ്കേതിക സ്വാംശീകരണം ലക്ഷ്യമാക്കി മാത്രമായിരുന്നു. ടെലിഗ്രാഫിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ ഓരോ സാങ്കേതിക നവീകരണവും ലോകത്തെവിടെയും ആവിര്‍ഭവിച്ചാല്‍ ഏതാണ്ടു് മൂന്നു് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും നടപ്പാക്കപ്പെട്ടു് പോന്നിരുന്നു.

എല്ലാ സേവനങ്ങളും വകുപ്പിലെ തൊഴിലാളികള്‍ തന്നെ നല്‍കിയിരുന്നു. സേവനങ്ങള്‍ നല്‍കുന്നതില്‍ പുറം കരാര്‍ തീരെ ഇല്ലായിരുന്നു. ആകെയുള്ളതു് ടെലിഗ്രാമിന്റേയും പൊതുജനങ്ങള്‍ക്കു് ടെലിഫോണ്‍ കോളുകള്‍ നല്‍കുന്നതിന്റേയും കാര്യത്തില്‍ കൂടുതല്‍ ജനങ്ങളിലേയ്ക്കും പ്രത്യേകിച്ചു് ഗ്രാമങ്ങളിലേയ്ക്കും എത്തുന്നതിനായി തപാല്‍ വകുപ്പുമായുള്ള പങ്കാളിത്തം മാത്രമായിരുന്നു. ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഭാവി ആവശ്യങ്ങള്‍ കണക്കാക്കി പശ്ചാത്തല സൌകര്യങ്ങള്‍ സ്ഥാപിച്ചും അതിലൂടെ സേവനങ്ങള്‍ അതിവേഗം നല്‍കിയും പോന്നിരുന്നു. സമൂഹത്തിന്റെ സേവനാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിമിതികള്‍ ഉണ്ടായി തുടങ്ങിയതു് ഇലക്ട്രിക്കല്‍ സംവിധാനത്തില്‍ നിന്നു് ഇലക്ട്രോണിക്സ് സംവിധാനത്തിലേയ്ക്കുള്ള സാങ്കേതിക നവീകരണത്തിന്റെ ഘട്ടത്തില്‍ (1970 നു് ശേഷം) സര്‍ക്കാര്‍ നയം മാറിയതോടെയാണു്.

സാങ്കേതിക നവീകരണം

മോഴ്സ് കോഡുപയോഗിച്ചു് പരിചയസമ്പന്നരായ വിദഗ്ദ്ധര്‍ പരസ്പരം സന്ദേശം കൈമാറിയിരുന്ന ഒറ്റക്കമ്പി ടെലിഗ്രാഫില്‍ നിന്നു് ഇന്നത്തെ പരസ്പര ബന്ധിതമായ ബഹുചാനല്‍ ബന്ധങ്ങളും ഓപ്ടിക് ഫൈബറും ഇലക്ട്രോ-മാഗ്നറ്റിക് സ്പെക്ട്രവും ഉപയോഗിച്ചുള്ള ആഗോള ശൃഖലയില്‍ കൈമാറപ്പെടുന്ന ഹ്രസ്വ സന്ദേശങ്ങളിലേയ്ക്കും (SMS) ഇ-മെയിലുകളിലേയ്ക്കും ചാറ്റിലേയ്ക്കും അവയിലൂടെ സന്ദേശങ്ങള്‍ കൈമാറുന്ന ശൃംഖലാ കേന്ദ്രങ്ങളും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലേയ്ക്കും മാറിയതു് ഈ രംഗത്തെ സാങ്കേതിക നവീകരണത്തിന്റെ ഫലമായാണു്. അതേ പോലെ, ശബ്ദ വിനിമയ രംഗത്തു് ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യം ചോദിച്ചറിഞ്ഞു് സ്വന്തം കൈകൊണ്ടു് കേബിള്‍ ഊരി മാറ്റി കുത്തി മറ്റുള്ളവരുമായി ഉപഭോക്താക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പഴയ കാല ടെലിഫോണില്‍ നിന്നു് ഇന്നു് ലോകവ്യാപകമായ ഓട്ടോമാറ്റിക്ക് ടെലിഫോണ്‍ സ്വിച്ചിങ്ങിലേയ്ക്കുമുള്ള പുരോഗതിയുടെ ചരിത്രമാണു് ഈ രംഗത്തെ സാങ്കേതിക നവീകരണത്തിന്റേതു്. ടെലിഗ്രാഫും ടെലിഫോണും അടങ്ങുന്ന വിവര വിനിമയ സങ്കേതങ്ങളുടെ വികാസം കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ വികാസത്തേയും തിരിച്ചും സഹായിച്ചു് പോന്നു. രണ്ടും കൂടിയുള്ള ഒത്തു് ചേരല്‍ പല തരം ഡാറ്റാ സെര്‍വ്വറുകളുടേയും ഇന്നത്തെ സോഫ്റ്റ് സ്വിച്ചുകള്‍ എന്നറിയപ്പെടുന്നതും ഡിജിറ്റല്‍ സ്വിച്ചിങ്ങു് നടത്തുന്നതുമായ പുതു തലമുറ ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടേയും സൃഷ്ടിക്കു് വഴിയൊരുക്കി. ഇന്നത്തെ സാര്‍വ്വദേശീയ ശൃംഖലയും എഴുത്തും ചിത്രവും ശബ്ദവും ഒരേ പോലെ ഒരേ സമയം ഒരേ ശൃംഖലയിലൂടെ ലോകത്തെവിടെനിന്നും മറ്റെവിടെയും എത്തിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയും ടെലിഗ്രാഫിന്റേയും ടെലിഫോണിയുടേയും വിവര വിശകലിനിയായ കമ്പ്യൂട്ടറിന്റേയും ഒത്തു് ചേരലിലൂടെ ഉരുത്തിരിഞ്ഞതാണു്. ഇന്നു് ഏതു് വിവര വിനിമയ സംവിധനവും സൂക്ഷ്മ വിവര വിശകലിനി (microprocessor) അടങ്ങിയ ഉപകരണവും അതിനു് നിര്‍ദ്ദേശങ്ങള്‍ നലകുന്ന സോഫ്റ്റ്‌വെയറും (Software) ചേര്‍ന്നതാണെന്നു് കാണാം.

ടെലിഗ്രാഫിന്റെ കാലം മുതല്‍ (1848 ല്‍ കണ്ടു് പിടിച്ചതു് 1951 ല്‍ ഇന്ത്യയില്‍ കല്‍ക്കത്ത മുതല്‍ ഡയമണ്ടു് ഹാര്‍ബ്ബര്‍ വരേയും തുടര്‍ന്നു് കല്‍ക്കത്ത-ബോംബോ-കറാച്ചി-ഫ്രാങ്കു്ഫര്‍ട്ടു്-ലണ്ടന്‍) സാങ്കേതിക വിദ്യ കണ്ടു് പിടിക്കപ്പെട്ടാല്‍ ഉടനുടന്‍ ഇന്ത്യയിലും ഏര്‍പ്പെടുത്തപ്പെട്ടു് പോന്നിട്ടുണ്ടു്. എന്നാല്‍ കമ്മ്യൂണിക്കേഷനും കമ്പ്യൂട്ടറും തമ്മിലുള്ള കൂടിച്ചേരലിലേയ്ക്കു് നയിച്ച ഡിജിറ്റല്‍ സങ്കേതങ്ങളുടെ വികാസ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വ്യതിയാനം മൂലം സാങ്കേതിക സ്വാംശീകരണം നടക്കാതെ പോയി. ഇറക്കുമതിയെ ആശ്രയിച്ചാല്‍ മതിയെന്ന നയപരമായ തീരുമാനമാണു് അന്നെടുത്തതു്. അതിനാലാണു് സാങ്കേതിക സ്വാംശീകരണത്തിനും വികാസത്തിനുമായി 1970 കളില്‍ ഐടിഐ ആവശ്യപ്പെട്ട - 10 വര്‍ഷക്കാലത്തേയ്ക്കു് 15000 കോടി രൂപയുടെ - സഹായം നിഷേധിക്കപ്പെട്ടതു്.

തുടര്‍ന്നിങ്ങോട്ടു് എണ്‍പതുകളിലാരംഭിച്ച ഇറക്കുമതിയാണു് ഇന്ത്യയെ കമ്മ്യൂണിക്കേഷന്‍ രംഗത്ത് മാത്രമല്ല, അതില്‍ നിന്നുരുത്തിരിഞ്ഞു് വികസിച്ച വിവര സാങ്കേതിക മേഖലയിലും ഉല്പാദനക്കഴിവു് നഷ്ടപ്പെട്ടു് തികഞ്ഞ പരാശ്രിതത്വത്തിലേയ്ക്കു് കൊണ്ടെത്തിച്ചതു്. ഉപകരണങ്ങളും സേവന പ്രദാന സംവിധാനങ്ങളുമടക്കം എല്ലാം ഇറക്കുമതി ചെയ്യപ്പെടുകയാണിന്നു്. ടെലികോം രഗത്തെ ആവശ്യങ്ങളുടെ 85% ഇറക്കുമതി ചെയ്യപ്പെടുകയാണെന്നതു് ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്ന പതനത്തിന്റെ ആഴം കാട്ടിത്തരുന്നു. ഇതിന്റെ മറ്റൊരു പ്രത്യാഘാതം ഇന്ത്യയുടെ ടെലികോം ഉപകരണ ഉല്പാദനമേഖലയിലുണ്ടായ ഇടിവാണു്. ഇന്നു് ടെലികോം ഫാക്ടറികളും ഐടിഐയും പ്രധാനപ്പെട്ട ടെലികോം ഉപകരണങ്ങളും ഇതര വിഭവങ്ങളും ഉല്പാദിപ്പിക്കുന്നില്ല. ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള ഘടകങ്ങള്‍ പോലെ വെറും 15% മാത്രം വരുന്ന അപ്രധാന സാമഗ്രികള്‍ മാത്രമാണിന്നു് ടെലികോം ഫാക്ടറികള്‍ ഉല്പാദിപ്പിക്കുന്നതു്. അവയുടെയെല്ലാം നിലനില്പു് തന്നെ അപകടത്തിലാണു്. ബിഎസ്എന്‍എല്‍ ന്റേതും.

ഇറക്കുമതി ചെയ്ത വിഭവങ്ങള്‍ മാത്രം ഉപയോഗിച്ചു് നാട്ടുകാരെ കൊള്ളയടിക്കാന്‍ ആഗോള ധന മൂലധനത്തിന്റെ ഏജന്‍സിയായി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനു് പൊതുമേഖല എന്ന പേരിനു് പോലുമുള്ള അര്‍ഹത നഷ്ടപ്പെടുന്നു. ഇറക്കുമതി ചെയ്യപ്പെടുന്ന ഉപകരണങ്ങളുടേയും സംവിധാനങ്ങളുടേയും വില പത്തും ഇരുപതും ഇരട്ടിയാണെന്നതാണു് നിലവില്‍ ബിഎസ്എന്‍എല്‍ നേരിടുന്ന വരുമാനത്തിലും കമ്പോളപങ്കാളിത്തത്തിലുമുള്ള ഇടിവിന്റേയും അതു് മൂലമുണ്ടാകുന്ന നഷ്ടത്തിന്റേയും യഥാര്‍ത്ഥ കാരണം.

ഇറക്കുമതി ചെലവു് കൂടുതലാണു്. സ്വകാര്യ കമ്പനികളും ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുക തന്നെയാണു്. ബിഎസ്എന്‍എല്‍ നു് കമ്മീഷനും കോഴയും വേണ്ടി വരുമ്പോള്‍, സ്വകാര്യ കമ്പനികള്‍ വിലപേശി കുറഞ്ഞ വിലയ്ക്കു് വാങ്ങുന്നതു് അവരുടെ ചെലവു് കുറയ്ക്കുന്നുണ്ടു്. പക്ഷെ, അവയും കടുത്ത ചൂഷണത്തിനു് വിധേയമാക്കപ്പെടുക തന്നെയാണു്. വരുമാനമാകട്ടെ മറ്റു് കമ്പനികളുമായി താരതമ്യം ചെയ്തു് നിര്‍ണ്ണയിക്കപ്പെടും വിധം മത്സരം നിലനില്കുന്നു. സ്വകാര്യ സേവന ദാതാക്കളാകട്ടെ കൂലിച്ചലവു് തുടങ്ങി പല മേഖലകളിലും അവരുടെ ചെലവു് താരതമ്യേന കുറച്ചു് ലാഭാം നേടുന്നുണ്ടാവാം. അതോ നഷ്ടമാണെങ്കിലും കണക്കില്‍ ലാഭം കാട്ടി, ബിഎസ്എന്‍എല്‍ ന്റെ തകര്‍ച്ചയ്ക്കു് ശേഷം ജനങ്ങളെ കൊള്ളയടിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണോ എന്നതും പരിശോധിക്കപ്പെടേണ്ടതാണു്. (ഇക്കാലത്തു് ഇതു് പല പുതു തലമുറ വ്യവസായ മേഖലകളിലും നിലനില്കുന്ന ഒരു പ്രവണതയാണു്. മൂലധനം ഇറക്കി കമ്പോളത്തില്‍ കുത്തക സ്ഥാപിക്കുക. തുടര്‍ന്നു് ഉപഭോക്താക്കളെ കൊള്ളയടിക്കുക.)

വെറും 9% കമ്പോള പങ്കാളിത്തവുമായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളും വിഭവങ്ങളുമുപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനു് നിലനില്പിനുള്ള അവകാശം നഷ്ടപ്പെടുന്നതില്‍ യാതൊരു അത്ഭുതവുമില്ല. കയ്യിലുള്ള പൊതുമുതലും ജീവനക്കാരുടെ എണ്ണവും അടക്കം ആസ്തി-ബാധ്യതകളുടെ വലിപ്പം മാത്രമാണു് അതിന്റെ നിലനില്പു് ഇന്നേവരെ തുടരുന്നതിന്റെ കാരണം. ആസ്തികള്‍ കൂടി കമ്പനിക്കു് കൈമാറണമെന്നു് ജീവനക്കാരുടെ സംഘടനകള്‍ തന്നെ ആവശ്യപ്പെടുന്ന സ്ഥിതി സംജാതമായിരിക്കുന്നു. അത്തരം ഒരു നീക്കം ബിഎസ്എന്‍എല്‍ ന്റെ അന്ത്യം വേഗത്തിലാക്കും. കാരണം, ബിഎസ്എന്‍എല്‍ ന്റെ ആസ്തികള്‍ ഇന്ത്യന്‍ ധന മൂലധനത്തിന്റെ സ്വൈര വിഹാരത്തിനു് ഏറെ പ്രീയതരമാണു്. ബിഎസ്എന്‍എല്‍ ന്റെ തകര്‍ച്ച വരുത്തിവെയ്ക്കാവുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ ഭയന്നു് കേന്ദ്ര സര്‍ക്കാര്‍ നാളിതു് വരെ അതിനുള്ള തീരുമാനം ഉത്തരവാക്കിയിട്ടില്ലെന്നു് മാത്രം. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍, അനുകൂലമായി ലഭിക്കുന്ന ആദ്യ അവസരത്തില്‍ അതുണ്ടാകുക തന്നെ ചെയ്യും.

ബിഎസ്എന്നലിന്റെ അതിജീവന മാര്‍ഗ്ഗം

സമൂഹത്തിനു് കാലികമായി പ്രസക്തവും അത്യാവശ്യവുമായ സേവനങ്ങള്‍ കണ്ടെത്തി നല്കുമ്പോഴാണു് ഏതൊരു സ്ഥാപനവും പ്രസക്തമാകുന്നതു്. 91% കണക്ഷനുകളും നല്‍കുന്ന സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ 9% മാത്രം കൈകാര്യം ചെയ്യുന്ന ബിഎസ്എന്‍എല്‍ അപ്രസക്തമായിക്കഴിഞ്ഞിരിക്കുന്നു. നിലവില്‍ നേരിടുന്ന പ്രതിസന്ധികളെ ബിഎസ്എന്‍എല്‍ അതിജീവിക്കണമെങ്കില്‍ അതിന്റെ പൊതു മേഖല എന്ന സ്ഥാനം അതിലര്‍പ്പിക്കുന്ന കടമകള്‍ ഏറ്റെടുക്കാന്‍ അതിനു് കഴിയണം. അതില്‍ പ്രധാനം, ആഗോള കുത്തക മൂലധനത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നു് രാജ്യത്തിനും ജനങ്ങള്‍ക്കും സംരക്ഷണം കൊടുക്കുക എന്നതാണു്. അതിനു് വേണ്ടതു് ഉപകരണങ്ങളുടെ ഇറക്കുമതി കുറച്ചു് ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിച്ചു് ചെലവു് കുറച്ചു് കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കുകയാണു്. അതായതു് ഉപകരണങ്ങളുടേയും സേവന വ്യവസ്ഥകളുടേയും ആഭ്യന്തര ഉല്പാദനം, അതിനായി സാങ്കേതിക സ്വാംശീകരണം, അവ ഉപയോഗിച്ചുള്ള പുതിയ സേവനങ്ങള്‍ നല്‍കല്‍, അതിനായി നിലവിലുള്ള പശ്ചാത്തല വിഭവങ്ങളുടെയടക്കം മൂല്യ വര്‍ദ്ധിത ഉപയോഗം തുടങ്ങി പല ഘടകങ്ങളുണ്ടു്.

ചെലവു് ചുരുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ഉപകരണങ്ങളുടെ നിര്‍മ്മാണം - ആഭ്യന്തരമായി

ഇക്കാര്യത്തില്‍ രണ്ടു് പ്രധാന മേഖലകള്‍ പ്രത്യേകമായി സമീപിക്കേണ്ടതുണ്ടു്. ഒന്നു് ടെലികോം ഉപകരണങ്ങളുടെ ഹാര്‍ഡ്‌വെയര്‍ ഭാഗം. രണ്ടു് അതിന്റെ സോഫ്റ്റ്‌വെയര്‍ ഭാഗം. അതു് കൂടാതെ അവ രണ്ടും അടങ്ങുന്ന മൊത്തത്തിലുള്ള ആസൂത്രണവും ഉല്‍ഗ്രഥനവും കൂടിയേ തീരൂ.

ഉപകരണങ്ങളുടെ കാര്യത്തില്‍ രണ്ടു് ഘട്ടമായി മുന്നേറാം

ആദ്യ ഘട്ടത്തില്‍ കമ്പോളത്തില്‍ നിന്നു് ഹാര്‍ഡ്‌വെയര്‍ വാങ്ങുകയും അവയില്‍ മൂലകോഡുകളടക്കം സ്വതന്ത്രമായി ലഭ്യമാകുന്നതും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതും സ്വതന്ത്രമായി വികസിപ്പിക്കാവുന്നതും സ്വതന്ത്രമായി കൈമാറാവുന്നതുമായ സോഫ്റ്റ്‌വെയറുകള്‍ സന്നിവേശിപ്പിച്ചു് അവയുടെ സാങ്കേതിക വിദ്യ സ്വാംശീകരിച്ചും ഉപയോഗിച്ചും പുതു തലമുറ സ്വിച്ചുകളും (എക്സ്ചേഞ്ചുകള്‍) മറ്റു് ഉപകരണങ്ങളും സ്വന്തമായി വികസിപ്പിക്കുകയാണു് വേണ്ടതു്. കമ്മ്യൂണിക്കേഷനുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും മൈക്രോപ്രോസറുകളുടേയും സോഫ്റ്റ്‌വെയര്‍ നിര്‍ദ്ദേശങ്ങളുടേയും ഉല്‍ഗ്രഥനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണു്. ഹാന്റ് സെറ്റു് മുതല്‍ എക്സ്ചേഞ്ചുകള്‍ വരെ അതാണു് വസ്തുത. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം വിജയകരമായി മുന്നേറുന്ന ഇന്നു് സോഫ്റ്റ്‌വെയര്‍ വികസനം എളുപ്പവും സുസാധ്യവുമാണു്. സെര്‍വ്വര്‍ സ്ഥാപിക്കാനുള്ള സങ്കേതങ്ങള്‍ Gnu/Linux നോടൊപ്പം ലഭ്യമാണു്. സ്വിച്ചിങ്ങിനുള്ള അടിസ്ഥാന സങ്കേതങ്ങള്‍ Asterik എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടില്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ടു്. അവ സ്വതന്ത്രമായി ലഭ്യമാണു്. അവ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു് ചിട്ടപ്പെടുത്തുക മാത്രമേ വേണ്ടൂ. നമ്മുടെ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ അടിസ്ഥാന വിവര വിഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു് അതിന്റെ സാങ്കേതിക സ്വാംശീകരണവും അതിനായുള്ള പഠനവും പ്രവര്‍ത്തനവും ആവശ്യമായിവരാം. അതു് ഒരിക്കല്‍ മാത്രം വേണ്ട കാര്യമാണു്. അതു് ചെയ്യുന്നതോടെ പിന്നീടു് അതില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനാവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം നേടുകയും ചെയ്യും. ഇവയ്ക്കാവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം ആഭ്യന്തരമായി തന്നെ സമാഹരിക്കാവുന്നതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ ആഗോള ശൃംഖലയുടെ സഹായവും അതിനു് ലഭിക്കും. ആദ്യം ഒരു സ്വിച്ചിനു് വേണ്ടിയുള്ള പ്രോജക്ടും തുടര്‍ന്നു് അതിന്റെ വ്യാപനവും എന്ന നിലയ്ക്കു് ആസൂത്രണം ചെയ്യാവുന്നതാണു്. ഒരു വര്‍ഷം കൊണ്ടു് തന്നെ പ്രോട്ടോ ടൈപ്പു് സൃഷ്ടിക്കുകയും തുടര്‍ന്നു് ആവശ്യമായി വരുന്നിടങ്ങളിലെല്ലാം ഹാര്‍ഡ്‌വെയര്‍ വാങ്ങി സോഫ്റ്റ്‌വെയര്‍ പകര്‍ത്തി പുതിയ സ്വിച്ചുകള്‍ സ്ഥാപിക്കുകയും ചെയ്യാം. ഇതിലൂടെ മാത്രം ഉപകരണങ്ങളുടെ വില ആദ്യ ഘട്ടത്തില്‍ തന്നെ ഏതാണ്ടു് മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിക്കുമെന്നതാണു് വസ്തുത. തുടര്‍ന്നുള്ള ഉപയോഗത്തിലൂടെ ചെലവു് വീണ്ടും കുറഞ്ഞുകൊണ്ടിരിക്കും.

രണ്ടാം ഘട്ടമായി, ഒന്നാം ഘട്ടത്തിനു് സമാന്തരമായി തന്നെ ഇതു് തുടങ്ങാം, ഹാര്‍ഡ്‌വെയര്‍ ഉല്പാദിപ്പിക്കുന്നവരുമായി കരാറുണ്ടാക്കി അവയുടെ ഉല്പാദനം ടെലികോം ഫാക്ടറികളുടേയും ഐടിഐയുടേയും സംയുക്ത പദ്ധതികളായി ആഭ്യന്തര ഉല്പാദനത്തിനുള്ള നീക്കവും ആരംഭിക്കാം. അതിനു് ഹാര്‍ഡ്‌വെയര്‍ സാങ്കേതിക സ്വാംശീകരണം ആവശ്യമാണു്. സാങ്കേതിക വിദ്യ പങ്കു് വെയ്ക്കാന്‍ നിലവിലുള്ള ഉല്പാദകരുമായി കരാറുണ്ടാക്കേണ്ടിവരും. ഉപകരണത്തിന്റെ വിലയ്ക്കുപരിയായി സാങ്കേതിക വിദ്യയ്ക്കു് തന്നെ ന്യായമായ വില നല്‍കേണ്ടി വരും. അതിനു് അവരെ നിര്‍ബ്ബന്ധിക്കാന്‍ നമ്മുടെ വലിയ കമ്പോളം വിലപേശലിനുള്ള ഉപാധിയായി പ്രയോജനപ്പെടും. വെറും വിദേശ നിക്ഷേപ (FDI) പ്രോത്സാഹനം കൊണ്ടോ 'മേക്കു് ഇന്‍ ഇന്ത്യ' മുദ്രാവാക്യം കൊണ്ടോ മാത്രം നടക്കുന്ന കാര്യമല്ലിതു്. കൃത്യമായ ലക്ഷ്യബോധവും ആസൂത്രണവും പ്രവര്‍ത്തനവും പരിശോധനയും ഇതിനാവശ്യമാണു്. മുന്‍കാലത്തു് ചെയ്തിരുന്നതു് പോലെ, നിലവില്‍ ബിഎസ്എന്‍എല്‍ നു് മാത്രമല്ല, ടെലികോം മേഖലയ്ക്കാകെ ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണം ആഭ്യന്തരമായി ആരംഭിക്കുക എന്നതു് ഇന്ത്യന്‍ ടെലികോം മേഖലയുടെ പൊതുവേയും ബിഎസ്എന്‍എല്‍ ന്റെ പ്രത്യേകിച്ചും സ്ഥായിയായ നിലനില്പിനും വികസനത്തിനുമുള്ള മുന്നുപാധിയാണു്.

സേവനപ്രദാന-മാനേജ്മെന്റു് സംവിധാനങ്ങളുടെ സൃഷ്ടിയും പ്രയോഗവും

ടെലികോം സേവനങ്ങള്‍ തത്സമയം ഉപഭോക്താക്കള്‍ക്കു് ലഭ്യമാക്കുന്നതിനുതകും വിധം ഓണ്‍ലൈന്‍ സേവനങ്ങളും ആഭ്യന്തര സ്ഥാപന മാനേജ്മെന്റിനുള്ള സംവിധാനവും ബിഎസ്എന്‍എല്‍ നു് സ്വന്തമായി സൃഷ്ടിച്ചുപയോഗിക്കാവുന്നതാണു്. ഇത്തരം സംവിധാനങ്ങളെല്ലാം സ്ഥാപനത്തിലെ വിഭവങ്ങള്‍, സേവനങ്ങള്‍, പ്രക്രിയകള്‍ തുടങ്ങിയവയും അവയെ സംബന്ധിക്കുന്ന ആവശ്യമായ വിശദാംശങ്ങളുമടങ്ങുന്ന വിവര ശേഖരം സൃഷ്ടിച്ചു് സ്ഥാപിച്ചു് അവയുപയോഗിച്ചു് സേവനങ്ങള്‍ തത്സമയം ഓണ്‍ലൈന്‍ നല്‍കുകയാണു് ചെയ്യുക. ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ വ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും തന്നെ വലിയ പങ്കു് നിര്‍വ്വഹിക്കാനാകും. കാരണം ബിഎസ്എന്നലിന്റെ സേവനങ്ങളും ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവര്‍ക്കാണു് ഏറ്റവും നന്നായി അറിയുന്നതു്. അവരുടെ പങ്കാളിത്തത്തോടെ സോഫ്റ്റ്‌വെയര്‍ വ്യവസ്ഥ വികസിപ്പിക്കുമ്പോള്‍ വളരെയേറെ അദ്ധ്വാനവും സമയവും ലാഭിക്കാം. ഇക്കാര്യത്തില്‍ ആവശ്യമായതും ബിഎസ്എന്നലിനു് ഇല്ലാത്തതുമായ സാങ്കേതിക വൈദഗ്ദ്ധ്യവും എളുപ്പത്തില്‍ അവ വികസിപ്പിച്ചെടുക്കാനുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ടൂള്‍ ലൈബ്രറികളും രാജ്യത്തു് തന്നെ വികസിപ്പിച്ചവ ലഭ്യമാണു്. സാങ്കേതിക കൈമാറ്റം ചെയ്യാന്‍ തയ്യാറുള്ള സാമൂഹ്യ സംരംഭകരായ സാങ്കേതിക വിദഗ്ദ്ധരും സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന്റെ ഭാഗമായി ലഭ്യമാണു്. അവരുടെ സേവനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറും ഉപയോഗപ്പെടുത്തിയാല്‍ ഇന്നു് SAP നു് നല്കുന്ന വാര്‍ഷിക മെയിന്റനന്‍സ് ചെലവായ 650 കോടി രൂപയുടെ പകുതിയിലും കുറവു് തുക കൊണ്ടു് ബിഎസ്എന്‍എല്‍ ന്റെ സേവനങ്ങളും മാനേജ്മെന്റും ഓണ്‍ലൈനായി നടത്താനാവശ്യമായ എല്ലാ സംവിധാനങ്ങളും സൃഷ്ടിച്ചു് സാങ്കേതിക സ്വാംശീകരണവും നേടാം.

സാങ്കേതിക സ്വാംശീകരണം - മാതൃക ലഭ്യമാണു്

സാങ്കേതിക കൈമാറ്റത്തിനായി അത്തരം സേവന ദാതാക്കളോടൊപ്പം ബിഎസ്എന്‍എല്‍ വിദഗ്ദ്ധരും ഒരു സംയുക്ത പ്രോജക്ടു് സംഘമായി പ്രവര്‍ത്തിച്ചാല്‍ മതി. ഇതിനുള്ള മാതൃക എറണാകുളം എസ്എസ്ഏയില്‍ ആസ്തി മാനേജ്മെന്റു് സംവിധാനം സൃഷ്ടിച്ചതിന്റേതു് ലഭ്യമാണു്. സമാനമായി സ്ഥാപനതലത്തില്‍ എല്ലാ പ്രക്രിയകളും ഉള്‍ക്കൊള്ളിച്ചും മറ്റിതര എസ്എസ്ഏകള്‍ക്കും കൂടി ആവശ്യമായ വിധവും വികസിപ്പിച്ചാല്‍ മതി. ഒരു വര്‍ഷത്തിനുള്ളില്‍ പ്രോട്ടോടൈപ്പു് തയ്യാറാക്കി പ്രവര്‍ത്തന സജ്ജമാക്കാവുന്നതാണു്. അടുത്ത ഒരു വര്‍ഷം കൊണ്ടു് ബിഎസ്എന്‍എല്‍ ലാകെ അതു് പ്രവര്‍ത്തിപ്പിക്കാവുന്നതേയുള്ളു. ഡാറ്റാ സെന്ററും മറ്റും സ്ഥാപിച്ചുപയോഗിക്കാനാവശ്യമായ പശ്ചാത്തല സൌകര്യവും വൈദഗ്ദ്ധ്യവും ബിഎസ്എന്നലില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണു്. ഇത്തരം സാധ്യതകള്‍ പരിശോധിക്കാതെയാണു് SAP എന്ന ERP പാക്കേജ് 6000 കോടി രൂപ മുടക്കി നടപ്പാക്കിയതു്. അതിന്നും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുമില്ല. ഒഴിവാക്കപ്പെടേണ്ട ഇത്തരം ധൂര്‍ത്തും കെടുകാര്യസ്ഥതയും തന്നെയാണു് ബിഎസ്എന്‍എല്‍ ന്റെ പതനത്തിനു് കാരണം.

ബിഎസ്എന്‍എല്‍ ന്റെ നഷ്ടത്തിന്റെ പ്രധാന കാരണങ്ങള്‍ വര്‍ദ്ധിച്ച വില നല്‍കിയുള്ള ഇറക്കുമതിയാണെന്നതു് മേല്പറഞ്ഞ രണ്ടു് പ്രധാന കാര്യങ്ങളില്‍ നിന്നു് തന്നെ വ്യക്തമാണു്. മാത്രമല്ല, ഇറക്കുമതിയിലുള്ള അമിതാശ്രിതത്വം ബിഎസ്എന്‍എല്‍ നു് മാത്രമല്ല, മറ്റു് സേവന ദാതാക്കള്‍ക്കും വലിയ ചെലവു് വരുത്തുന്നതോടൊപ്പം രാജ്യത്തിനു് തന്നെ വിദേശാശ്രിതത്വത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ദൂഷ്യങ്ങള്‍ വരുത്തി വെയ്ക്കുന്നതാണു്. സ്വാഭാവികമായും പലമടങ്ങു് വില നല്‍കി അവ വാങ്ങുമ്പോള്‍ അതില്‍ കമ്മീഷനും കോഴയും ഉള്‍പ്പെട്ടിരിക്കുമെന്നതില്‍ സംശയം വേണ്ട. ഇതേ പോലെ മറ്റിതര മേഖലകളിലും ചെലവു് ചുരുക്കലിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും നടപ്പാക്കുകയും വേണം.

വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങള്‍

ഉപകരണ നിര്‍മ്മാണവും വില്പനയും

മേല്പറഞ്ഞ തരത്തില്‍ സ്വന്തം ആവശ്യത്തിനായി നിര്‍മ്മിക്കുന്ന ടെലികോം ഉപകരണങ്ങളുടെ ഉല്പാദനം ഐടിഐയിലൂടെയും ടെലികോം ഫാക്ടറികളിലൂടെയും വികസിപ്പിച്ചാല്‍ അതു് പുതിയൊരു വരുമാന മാര്‍ഗ്ഗമാകും. അവയുടെ സാങ്കേതിക സ്വാംശീകരണത്തിനും കൈമാറ്റത്തിനുമുള്ള സംവിധാനമായി ബിഎസ്എന്നലില്‍ നിലവിലുള്ള പരിശീലന കേന്ദ്രങ്ങളും മറ്റിതര സ്ഥാപനങ്ങളും ഉപയോഗിക്കുകയും അവയുടെ സേവനങ്ങളുടെ മൂല്യം ഉയര്‍ത്തുകയും ചെയ്യാം. 9% മാത്രം കമ്പോള പങ്കാളിത്തമുള്ള ബിഎസ്എന്നലിനു് എന്തു് കൊണ്ടും വളരെയേറെ സാധ്യതകള്‍ തുറന്നു് നല്‍കുന്ന കമ്പോളമാണു് 91% സേവനങ്ങള്‍ നല്‍കുന്ന സ്വകാര്യ സേവന ദാതാക്കളുടേതു്. മാത്രമല്ല, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന അതേ സങ്കേതങ്ങളാണു് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഇതര മേഖലകളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും ആവശ്യമായിട്ടുള്ളതു്. പ്രതിരോധമടക്കം ഇതര സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലയും സ്വകാര്യ മേഖലയും അടക്കമുള്ളതാണു് ആ വിപുലമായ കമ്പോളം. ഈ രംഗത്തു് ആഭ്യന്തര ഉല്പാദനശേഷി നേടുക എന്നതു് രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സ്വാതന്ത്ര്യവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്ന വിഷയമാണു്.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ഓണ്‍ലൈന്‍ സേവനപ്രദാന സംവിധാനങ്ങളുടെ സൃഷ്ടിയും സേവനങ്ങളും

സ്വന്തം ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്രക്രിയാ മാനേജ്മെന്റിനുള്ള സാങ്കേതിക സ്വാംശീകരണം നടക്കുന്നതോടെ, ഉപകരണങ്ങളുടേതു് പോലെ തന്നെ, സേവന പ്രദാനത്തിനും മാനേജ്മെന്റിനുമുള്ള സംവിധാനങ്ങളുടേയും വലിയൊരു കമ്പോളമാണു് ഇന്ത്യയിലുള്ളതു്. രാജ്യതലത്തിലും സംസ്ഥാനതലത്തിലും വിവിധ വകുപ്പുകള്‍ക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ മാനേജ്മെന്റു് സംവിധാനം ആവശ്യമുണ്ടു്. അവയെല്ലാം ഇന്നു് ഇറക്കുമതി ചെയ്യപ്പെടുന്ന സാങ്കേതികവിദ്യയും സേവനങ്ങളുമാണു് ഉപയോഗിക്കുന്നതു്. ബിഎസ്എന്‍എല്‍ ERP നടപ്പാക്കാന്‍ SAP നു് 6000 കോടി ഒറ്റത്തവണ ചെലവും 650 കോടി വീതം വാര്‍ഷിക ചെലവും ആകുന്ന നിരക്കില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ബിസിനസ് പ്രക്രിയകളുടെ കമ്പോളം അതി വിപുലമാണെന്നു് കാണാം. വളരെ ചുരുക്കം സ്ഥാപനങ്ങളും വകുപ്പുകളും മാത്രമാണു് ഓണ്‍ലൈന്‍ മാനേജ്മെന്റ് സംവിധാനവും സേവന പ്രദാന സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതു്. ബാക്കിയെല്ലായിടങ്ങളിലും മേല്പറഞ്ഞതിനേക്കാള്‍ കുറഞ്ഞ ചെലവിലും മെച്ചപ്പെട്ട കാര്യക്ഷമതയിലും ബിഎസ്എന്നലിനു് അത്തരം സേവനങ്ങള്‍ നല്‍കാനാവും. ബിഎസ്എന്നലില്‍ പ്രവര്‍ത്തന ക്ഷമമായ മാതൃക നിലിവില്‍ വരുന്നതോടെ അവയുടെ മാര്‍ക്കറ്റിങ്ങും നടപ്പാക്കലും എളുപ്പവും ആരേയും ബോധ്യപ്പെടുത്താനാവുന്നതുമാകും.

പശ്ചാത്തല സൌകര്യ വിഭവങ്ങളുടെ മൂല്യ വര്‍ദ്ധിത ഉപയോഗം

മേല്പറഞ്ഞ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്നതോടൊപ്പം അവയ്ക്കാവശ്യമായ ഡാറ്റാ സെന്ററുകളും സെര്‍വ്വറുകളും ലൈനുകളും സ്ഥാപിച്ചു് നല്‍കുന്നതിനായി ബിഎസ്എന്നലിന്റെ കെട്ടിട സ്ഥലവും യുപിഎസും ജനറേറ്ററും അടക്കം വൈദ്യുതി സംവിധാനങ്ങളും ഉപയോഗിക്കുന്നതിലൂടെ അവയുടെ മൂല്യവര്‍ദ്ധിത സേവനം നല്‍കാനാവും. മാത്രമല്ല, ബിഎസ്എന്‍എല്‍ ന്റെ കണക്ടിവിറ്റി സേവനം ഉറപ്പാക്കപ്പെടുകയും ചെയ്യുന്നു. ഇതിലൂടെയെല്ലാം വര്‍ദ്ധിച്ച വരുമാനം നേടാവുന്നതാണു്. ഇതിനു് പകരം മത്സര രംഗത്തുള്ള മറ്റു് സ്വകാര്യ ടെലികോം സേവനദാതാക്കള്‍ക്കു് ബിഎസ്എന്‍എല്‍ ന്റെ ടവറും കെട്ടിടവും വാടകയ്ക്കു് കൊടുത്തു് വരുമാനം സൃഷ്ടിക്കാനുള്ള നീക്കമാണിന്നു് ബിഎസ്എന്‍എല്‍ മാനേജ്മെന്റു് നടത്തുന്നതു്. അതിനേക്കാള്‍ എത്രയോ ഉയര്‍ന്ന മൂല്യവും വരുമാനവും സൃഷ്ടിക്കുന്നതാണു് മേല്പറഞ്ഞ സേവന രംഗം. ക്ലൌഡ് കമ്പ്യൂട്ടിങ്ങെന്ന പേരിലാണീ ബിസിനസ് മേഖല അറിയപ്പെടുന്നതു്.

വിവര സാങ്കേതിക ശൃംഖലാ വിഭവങ്ങളുടെ സൃഷ്ടിയും സേവനങ്ങളും

നിലവില്‍ വിവര വിനിമയ ശൃംഖലാ വിഭവങ്ങളായ സെര്‍വ്വറുകളും വിവര സംഭരണികളും സ്ഥാപിക്കുന്നതിനു് ഇന്ത്യക്കാര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഓര്‍മ്മപ്പാടങ്ങളെയാണു് (Memory Farm) ആശ്രയിച്ചു് വരുന്നതു്. ഈ രംഗത്തു് ബിഎസ്എന്‍എല്‍ ബാംഗ്ലൂരിലടക്കം ഓര്‍മ്മപ്പാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നു് വരുമാനം സൃഷ്ടിക്കുന്നതില്‍ തികച്ചും പരാജയപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണിതെന്നു് പരിശോധിക്കപ്പെടണം. നിരക്കു് കൂടുതലാണെന്നതും ആവശ്യക്കാരായ ഉപഭോക്താക്കള്‍ക്കു് അവ അനാവശ്യ തടസ്സങ്ങളില്ലാതെ നല്‍കുന്നതിനുള്ള സംവിധാനത്തിന്റേയോ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റേയോ അഭാവവും ആണു് കാരണങ്ങളെന്നു് അറിയുന്നു. അവ പരിഹരിക്കുകയും കുറഞ്ഞ നിരക്കിലും ഉപഭോക്തൃസൌഹൃദമായ രീതിയിലും ആ സേവനം വികസിപ്പിക്കുന്നതിലൂടെ ദേശീയ വിവര വിനിമയ ശൃംഖല വികസിപ്പിക്കുന്നതിനും മറ്റൊരു നല്ല വരുമാന മാര്‍ഗ്ഗം സൃഷ്ടിക്കുന്നതിനും വിഭവങ്ങളുടെ പുറത്തേയ്ക്കുള്ള ഒഴുക്കു് തടയുന്നതിനും കഴിയുകയും ചെയ്യും.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും ശൃംഖലാ വിഭവ വികസനവും ഉപഭോഗോപകരണ നിര്‍മ്മാണവും ഇന്ത്യന്‍ വ്യാവസായികാടിത്തറ വികസിപ്പിക്കും മേല്പറഞ്ഞ രണ്ടു് മേഖലകളിലും കമ്മ്യൂണിക്കേഷന്‍ മേഖലയുടെ സ്വാശ്രയ വികസനം നടക്കുന്നതോടെ എല്ലാ വ്യവസായ സേവന മേഖലകള്‍ക്കും ആവശ്യമായ ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളും അവയുടെ സോഫ്റ്റ്‌വെയര്‍ ഘടകങ്ങളും നിര്‍മ്മിക്കുന്നതിനും കൂടുതല്‍ വികസിപ്പിക്കുന്നതിനുമുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും രാജ്യത്തു് നിലവില്‍ വന്നിരിക്കും. അതു് ഇന്ത്യയുടെ വ്യാവസായികാടിത്തറ വികസിപ്പിക്കുന്നതിനും വഴിയൊരുക്കും. കൂടുതല്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകും.

സ്വയംതൊഴില്‍-ചെറുകിട-ഇടത്തരം സംരംഭകരുടെ സംരക്ഷണവും ശാക്തീകരണവും

മേല്‍പ്പറഞ്ഞ ഓരോ ഘട്ടത്തിലും അതതിന്റെ വികസനത്തിനും ഉല്പാദനത്തിനും വിതരണത്തിനും രാജ്യത്തെ സ്വയംതൊഴില്‍ സംരംഭകരേയും ചെറുകിട ഇടത്തരം സംരംഭങ്ങളേയും പങ്കാളികളാക്കുന്നതാണു് ലക്ഷ്യ പ്രാപ്തി എളുപ്പമാക്കാനുള്ള മാര്‍ഗ്ഗം. അതാകട്ടെ, ദേശീയ വ്യവസായാടിത്തറ വികസിപ്പിക്കുകയും ആഭ്യന്തര സംരംഭകരുടെ വൈദഗ്ദ്ധ്യ പോഷണത്തിനും അവരുടെ സാമ്പത്തികോന്നമനത്തിനും ഉപകരിക്കുകയും ചെയ്യും. ഇതും പൊതുമേഖലയുടെ സ്വാഭാവിക ദൌത്യങ്ങളില്‍ പ്രധാനമാണു്. നിലവില്‍ ഈ കടമ നിര്‍വ്വഹിക്കുന്നതിനു് പകരം ആഗോള പണ മൂലധന കോര്‍പ്പറേറ്റുകളുടെ ഏജന്‍സിപ്പണി ഏറ്റെടുത്തുകൊണ്ടു് പ്രാദേശിക സംരംഭകരോടാണു് പൊതു മേഖല മത്സരത്തിലേര്‍പ്പെട്ടിരിക്കുന്നതു്. ഏതു് മേഖലയിലും ഈ പ്രവണത കാണാം. അതെല്ലാം തിരുത്തി രാജ്യ താല്പര്യവും ജനതാല്പര്യവും സംരക്ഷിക്കുന്ന സമീപനമാണു് പൊതു മേഖല അനുവര്‍ത്തിക്കേണ്ടതു്.

മേല്പറഞ്ഞവയോടൊപ്പം ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണരും സാധാരണക്കാരുമായ ഇന്ത്യക്കാര്‍ക്കു് പരമ്പരാഗത ടെലിഫോണ്‍ സേവനങ്ങളും മൊബൈല്‍ ഫോണ്‍ സേവനങ്ങളും ഏതു് വിവര വിനിമയ സേവനങ്ങള്‍ക്കുമുള്ള കണക്ടിവിറ്റിയും നല്‍കുന്നതിലൂടെ ബിഎസ്എന്‍എല്‍ നു് അതിന്റെ നിലനില്പും വളര്‍ച്ചയും സുസ്ഥിരമായ ഭാവിയും ഉറപ്പാക്കാനാവും. അതാകട്ടെ, സര്‍ക്കാരിനും ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ഗുണപ്രദവും രാജ്യത്തിന്റെ പൊതു താല്പര്യവുമായി പൊരുത്തപ്പെടുന്നതുമായിരിക്കും. ബിഎസ്എന്‍എല്‍ തകര്‍ന്നടിഞ്ഞാല്‍ അതു് ജീവനക്കാരുടേയോ പെന്‍ഷന്‍കാരുടേയോ മാത്രം ദുരന്തമായിരിക്കില്ല. ദേശീയ കോര്‍പ്പറേറ്റുകളുടേയും ആഗോള പണ മൂലധനത്തിന്റെ മൊത്തത്തിലും കടുത്ത ചൂഷണത്തിനു് ജനങ്ങളും രാജ്യമാകെയും വിധേയമാക്കപ്പെടുകയുമാണു് ഫലം. അതൊഴിവാക്കാന്‍ ബിഎസ്എന്‍എല്‍ സംരക്ഷിക്കപ്പെടണം. നിലനില്കണം. സുസ്ഥിരമായി വളരണം.

അതിനാവശ്യമായ സമ്മര്‍ദ്ദം മാനേജ്മെന്റിലും സര്‍ക്കാരിലും ചെലുത്താന്‍ ജീവനക്കാരുടെ സംഘടനകളോടൊപ്പം പെന്‍ഷന്‍കാരുടെ സംഘടനകളും പ്രയത്നിക്കേണ്ടതുണ്ടു്. അവരുടെ പ്രചരണ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശരിയായ മാനേജ്മെന്റു് നടപടിക്രമങ്ങളും നയപരിപാടികളും ഉയര്‍ത്തപ്പെടണം. ഒരു പക്ഷെ, ഇന്നു് നടക്കുന്ന സാങ്കേതിക വിപ്ലവത്തിന്റെ ഫല പ്രത്യാഘാതങ്ങള്‍ ഭരണാധികാരികള്‍ക്കു് വേണ്ടത്ര അറിവില്ലായിരിക്കാം. അതുപയോഗിച്ചാണു് ആഗോള പണമൂലധന കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ ചൂഷണം കടുപ്പിക്കുന്നതു്. അതു് തടഞ്ഞു് തദ്ദേശീയ സമൂഹത്തേയും ബിഎസ്എന്‍എല്‍ സ്ഥാപനത്തേയും സംരക്ഷിക്കാനും മുന്നോട്ടു് നയിക്കാനുമുള്ള കടമയാണു് പെന്‍ഷന്‍കാരിലടക്കം തൊഴിലാളി വര്‍ഗ്ഗത്തില്‍ അര്‍പ്പിതമായിരിക്കുന്നതു്.

(ജോസഫ് തോമസ് - thomasatps@gmail.com/9447738369)

Blog Archive