Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, December 19, 2017

പെന്‍ഷന്‍ ദിന ചിന്തകള്‍, 2017 - ജോസഫ് തോമസ്




ഈ വര്‍ഷത്തെ പെന്‍ഷന്‍ ദിന ചിന്തകളില്‍, 1982 ഡിസംബര്‍ 17നു് നകാര കേസ് ഉറപ്പാക്കിയ പെന്‍ഷന്‍ തുല്യതയോടും തൊഴിലാളികള്‍ പൊതുവെ ആവശ്യപ്പെടുന്ന സാര്‍വ്വത്രിക പെന്‍ഷന്‍ ലഭ്യതയോടുമൊപ്പം പെന്‍ഷനടക്കം സാമൂഹ്യ സുരക്ഷിതത്വത്തിന്റേയും തൊഴിലാളികളുടെ വേതനത്തിന്റേയും കര്‍ഷകരുടെ വരുമാനത്തിന്റേയും മാത്രമല്ല, സമൂഹത്തിന്റെയാകെ ജീവിത പ്രശ്നങ്ങള്‍ പരിശോധിക്കേണ്ട അവസ്ഥയാണുള്ളതു്. ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്കു് മേല്‍ വമ്പിച്ച കടന്നാക്രമണമാണു് ആഗോള-ദേശീയ ധന മൂലധന കുത്തകകള്‍ നടത്തിക്കൊണ്ടിരിക്കുന്നതു്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ എന്ന പേരില്‍ നടത്തിയ നോട്ടു് പിന്‍വലിക്കലും നികുതി ഏകീകരണത്തിന്റെ പേരില്‍ നടപ്പാക്കിയ ജിഎസ്ടിയും കൂടി അസംഘടിത മേഖലയെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം സാധാരണക്കാരുടെ ജീവിതമാര്‍ഗ്ഗം തകര്‍ത്തു് തരിപ്പണമാക്കി. പൂട്ടിപ്പോയ വ്യവസായങ്ങളും നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങളും മൂലം സാധാരണക്കാര്‍ക്കുണ്ടായ ക്ഷീണം ധനമൂലധന ശക്തികള്‍ക്കുണ്ടായ നേട്ടത്തിലൂടെ പരിഹരിക്കാനാവുന്നതല്ല. അവിടെ കാര്യമായി തൊഴില്‍ വര്‍ദ്ധിക്കുന്നില്ല എന്നതു് തന്നെ കാരണം. പിന്നീടിതാ ഇടത്തരക്കാരുടെ ജിവിതത്തേയും അവരുടെ നിക്ഷേപത്തേയും കടന്നാക്രമിക്കുന്ന ബാങ്കിങ്ങു് പരിഷ്കരണം വരുന്നു. നാളിതു് വരെ ധനമൂലധന കുത്തകകള്‍ വായ്പകളെടുത്തു് തിരിമറി ചെയ്തു് സമ്പത്തു് കുന്നു് കൂട്ടുന്നതു് മൂലമുണ്ടാകുന്ന കിട്ടാക്കടത്തിന്റെ ബാധ്യതകള്‍ കാരണം തകര്‍ന്നടിയുന്ന ബാങ്കുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ റവന്യൂ വരുമാനം (പൊതുസ്വത്തു്) ഉപയോഗിച്ചു് ജാമ്യ പാക്കേജുകള്‍ നടപ്പാക്കുകയായിരുന്നു ചെയ്തു് പോന്നതു്. എന്നാല്‍ പുതിയ പരിഷ്കാരം നിക്ഷേപകരുടെ സ്ഥിര നിക്ഷേപം ഓഹരിനിക്ഷേപമായി നിര്‍ബ്ബന്ധപൂര്‍വ്വം മാറ്റിക്കൊണ്ടു് ബാങ്കുകളുടെ ധനകാര്യ പ്രതിസന്ധി പരിഹരിക്കുകയാണു്. സാധാരണക്കാരുടെ സ്ഥിര നിക്ഷേപങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ തിരിച്ചു് കിട്ടുമെന്നു് ഉറപ്പില്ലാതാകുമെന്നതാണു് ഫലം. ചുരുക്കത്തില്‍ ജനങ്ങളുടെ സമ്പത്തു് മറയേതുമില്ലാതെ നിര്‍ല്ലജ്ജം ധനമൂലധന കുത്തകകള്‍ക്കു് ചോര്‍ത്തി കൊടുക്കുകയും ചെറുകിട ഇടത്തരം വ്യാവസായ സംരംഭകരേയും സ്വയംതൊഴില്‍ സംരംഭകരേയും തകര്‍ത്തു് കുത്തകകളെ വളര്‍ത്തുകയുമാണു്.

ഇതെല്ലാം നടക്കുന്നതിനുള്ള പശ്ചാത്തലം, നിലവിലുള്ള മൂലധനാധിപത്യ വ്യവസ്ഥ നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധിയാണു്. ഇന്നത്തെ വ്യവസ്ഥയുടെ ശക്തിയല്ല, മറിച്ചു് ദൌര്‍ബ്ബല്യങ്ങളാണു് ഈ പുതിയ കടന്നാക്രമണങ്ങളും നയപരിപാടികളും കാട്ടിത്തരുന്നതു്. ബദല്‍ സംവിധാനത്തേക്കുറിച്ചു് ജനങ്ങള്‍ക്കു് അവബോധമില്ലാത്തതു് മാത്രമാണു് നിലനില്പിനര്‍ഹത നഷ്ടപ്പെട്ട മുതലാളിത്തം തുടരുന്നതിനു് കാരണം.

മുതലാളിത്ത വ്യവസ്ഥ സമൂഹത്തെ അതി ഗുരുതരമായ പ്രതിസന്ധിയിലാണു് കൊണ്ടെത്തിച്ചിരിക്കുന്നതു്. അന്ധമായി പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷിയില്‍ നിന്നു് ഉല്പാദനവര്‍ദ്ധനവിനായി കൃത്രിമ കൃഷിയിലേയ്ക്കുള്ള മാറ്റം മനുഷ്യനെ പ്രകൃതിയുടെ കോപത്തിനു് ഇരയാക്കി മാറ്റുന്നു. ലാഭത്തിനു് വേണ്ടിയുള്ള അത്യാര്‍ത്തി മൂലം പ്രകൃതിയ്ക്കും പരിസ്ഥിതിയക്കും ഉണ്ടാകുന്ന വമ്പിച്ച നാശം മനുഷ്യവംശത്തെ അപകടത്തിലേയ്ക്കു് തള്ളിവിടുന്നു. പ്രകൃതി ദുരന്തങ്ങളുടെ കുറഞ്ഞ ഇടവേളകളിലെ ആവര്‍ത്തനം അനേകരുടെ ജീവിതം തകര്‍ത്തെറിയുന്നു. അതില്‍ നിന്നു് നാം പഠിക്കേണ്ട പാഠം പ്രകൃതിയെ ബോധപൂര്‍വ്വം അനുസരിച്ചും അനുകരിച്ചും പ്രകൃതിയ്ക്കനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍‍ അവലംബിച്ചും അതതു് പ്രദേശത്തു് സാധ്യമായ കാര്‍ഷികോല്പാദനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണു്.

വ്യാവസായികോല്പാദന രംഗത്തു് അതേ പോലെ തന്നെ, മനുഷ്യാദ്ധ്വാന ശേഷി മാത്രം ഉപയോഗിച്ചിരുന്നിടത്തു് നിന്നു് ഉപകരണങ്ങളും യന്ത്രങ്ങളും സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളും കഴിഞ്ഞു് സ്വയം നിയന്ത്രിക്കുന്ന യന്ത്രങ്ങളിലേയ്ക്കു് സമൂഹം വളര്‍ന്നിരിക്കുന്നു. ഇതിന്റെയെല്ലാം ഫലമാകട്ടെ ഉപകരണങ്ങളുടേയും യന്ത്രങ്ങളുടേയും വലിപ്പത്തിലും കഴിവിലുമുള്ള അപാരമായ വര്‍ദ്ധനവും വിഭവങ്ങളുടെ വിനിയോഗത്തിലെ കാര്യക്ഷമതയും ഉല്പന്നങ്ങളുടെ ഗുണമേന്മയും ആണു്. ഇവിടെ അദ്ധ്വാനത്തിന്റെ പ്രയോഗത്തിലുണ്ടാകുന്ന മാറ്റം അതിന്റെ ആവശ്യകതയിലുണ്ടാകുന്ന കുറവു് അദ്ധ്വാനപ്രക്രിയകള്‍ക്കിടയിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനും അദ്ധ്വാന ഭാരം ലഘൂകരിക്കാനും ഉപയോഗിക്കാവുന്നതാണു്. ജനജീവിതം മെച്ചപ്പെടുത്താനുപകരിക്കുന്നതാണു്. പകരം അദ്ധ്വാനിക്കുന്നവരെ തൊഴിലാളികളേയും കര്‍കരേയും സ്വയംതൊഴില്‍ സംരംഭകരേയും പട്ടിണിക്കിടാനും അവരെ തൊഴിലില്‍ നിന്നും സംരംഭങ്ങളില്‍ നിന്നും കാര്‍ഷിക വൃത്തിയില്‍ നിന്നും പുറത്താക്കാനുമാണു് ഇന്നത്തെ സാമൂഹ്യ വ്യവസ്ഥ ഇടവരുത്തുന്നതു്. അതു്വ്യവസ്ഥയുടെനിലനില്പു് തന്നെ ചോദ്യം ചെയ്യുന്ന സാമ്പത്തിക-ഉല്പാദന-വ്യാപാര പ്രതിസന്ധിയായി ഈട്ടം കൂടുകയുമാണു്. ശാസ്ത്രസാങ്കേതിക സിദ്ധികളുപയോഗിച്ചു് ആസൂത്രണം ചെയ്യപ്പെടുകയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന അദ്ധ്വാനശേഷിയുടെ ഉല്പാദനക്ഷമതയിലുള്ള വര്‍ദ്ധനവും ഉല്പാദനവും സമ്പത്തും, അദ്ധ്വാനിക്കുന്ന മനുഷ്യനെ പട്ടിണിക്കിടുകയും സമൂഹത്തെ ദുരിതത്തിലേയ്ക്കും പ്രതിസന്ധിയിലേയ്ക്കും നയിക്കുകയും ചെയ്യുന്ന വൈരുദ്ധ്യം പരിഹരിക്കുകയാണു് വ്യവസ്ഥാ മാറ്റത്തിന്റെ ഉള്ളടക്കം.

വിജ്ഞാനത്തിന്റെ രംഗത്താകട്ടെ, അദ്ധ്വാനത്തിന്റെ ഉല്പന്നമെന്ന നിലയില്‍ സൃഷ്ടിക്കപ്പെടുകയും ഉല്പാദനത്തിന്റെ ആവശ്യകതയ്ക്കനുസരിച്ചു് വളരുകയും പടര്‍ന്നു് പന്തലിക്കുകയും ചെയ്ത അറിവു് ഇന്നു് അദ്ധ്വാനത്തില്‍ നിന്നും ഉല്പാദനത്തില്‍ നിന്നും ആപേക്ഷിക സ്വാതന്ത്ര്യം നേടി സ്വതന്ത്രമായ അസ്ഥിത്വം കൈവരിച്ചിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നു. ഉപകരണങ്ങള്‍ ചെറുതാകുന്നു. യന്ത്രങ്ങള്‍ ചെറുതാകുന്നു. എന്നാല്‍ അവയുടേയെല്ലാം കഴിവും പ്രയോഗക്ഷമതയും ഉയരുന്നു. ഉല്പന്നങ്ങളുടേയും യന്ത്രങ്ങളുടേയും രൂപകല്പനയും ഉല്പാദനവും കൂടുതല്‍ കൂടുതല്‍ അറിവിനെ ആശ്രയിച്ചതാകുന്നു. ഈ പ്രക്രിയകളെല്ലാം സാധാരണക്കാര്‍ക്കു് അന്യമാകുന്നു. വിദ്യാഭ്യാസം ജീവിത പ്രക്രിയകളില്‍ നിന്നു് അന്യവല്കരിക്കപ്പെട്ടിരിക്കുന്നു. അതായതു് കര്‍ഷകരും തൊഴിലാളികളും സൃഷ്ടിച്ചു് അദ്ധ്വാനത്തിന്റെ വികാസത്തിലൂടെ വളര്‍ന്ന അറിവു് ഇന്നു് കര്‍കരേയും തൊഴിലാളികളേയും പട്ടിണിക്കിടാനുള്ള ഉപാധിയായി പ്രയോഗിക്കപ്പെടുന്നു. ഉല്പന്നങ്ങളെന്ന പോലെ അറിവും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അതായതു് സാധാരണക്കാര്‍ക്കു് അന്യമാകുന്നു. അറിവു് ആര്‍ജ്ജിക്കുന്നതിനുള്ള മാര്‍ഗ്ഗമായി വിദ്യാഭ്യാസത്തെ കാണുമ്പോള്‍ തന്നെ അതിനെ നിത്യജീവിതത്തിന്റേയും പ്രായോഗിക പ്രവര്‍ത്തനത്തിന്റേയും ഭാഗമാക്കിക്കൊണ്ടല്ലാതെ അറിവു് നേടുന്നതിലും നമുക്കു് മുന്നേറാനാവില്ല.

സാമൂഹ്യമായി, മനുഷ്യനും ഉല്പന്നങ്ങളും ഉപകരണങ്ങളും യന്ത്രങ്ങളും അറിവും തമ്മിലുള്ള പാരസ്പര്യം വീണ്ടെടുത്തല്ലാതെ ഇന്നു് സൃഷ്ടിക്കപ്പെടുന്ന അന്യവല്കരണത്തിനും അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനാവില്ല. ഇനിയങ്ങോട്ടു് ഇങ്ങിനെ തുടരാനാവില്ല എന്ന സ്ഥിതി സംജാതമായിരിക്കുന്നു.

മേല്പറഞ്ഞ മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ പോയാല്‍ നാം ആഗ്രഹിക്കുന്ന പെന്‍ഷനും പെന്‍ഷന്റെ ഉറപ്പും സാമൂഹ്യ സുരക്ഷിതത്വവും ജീവിത ഗുണമേന്മയും കിട്ടാക്കനിയാകുമെന്നതാണു് ഇന്നു് പെന്‍ഷന്‍ കാര്‍ നേരിടുന്ന പ്രശ്നം. തൊഴിലാളികളാഗ്രഹിക്കുന്ന വേതനവും തൊഴില്‍ സ്ഥിരതയും മെച്ചപ്പെട്ട സേവന വേതനവ്യവസ്ഥകളും അവര്‍ക്കും കിട്ടാതാകും. കര്‍ഷകര്‍ക്കു് വിളവും വിളകള്‍ക്കു് ന്യായമായ വിലയും കിട്ടാതാകും. സ്വയംതൊഴില്‍ സംരംഭകര്‍ കുത്തക മൂലധനത്തിന്റെ ലാഭം വര്‍ദ്ധിപ്പിക്കുന്ന വെറും അടിമകളായി മാറും.

പരിഹാരം പ്രകൃതിയെ അന്ധമായി അനുകരിക്കുന്നതിനു് പകരം പ്രകൃതിയിലുള്ള ആഘാതവും പരിസ്ഥിതി നാശവും ഒഴിവാക്കിക്കൊണ്ടു് നേട്ടങ്ങള്‍ കൊയ്യുക എന്നതാണു്. ഉപകരണങ്ങളേയും യന്ത്രങ്ങളേയും അറിവിനേയും അന്ധമായി പിന്തുടരുന്നതിനു് പകരം തൊഴിലും വരുമാനവും ഉയര്‍ത്താനും തൊഴിലിന്റെ കാഠിന്യവും  തൊഴിലിടങ്ങളിലെ അപകടങ്ങളും കുറയ്ക്കാനുമായി ഉപയോഗിക്കുകയാണു് വേണ്ടതു്. ആസൂത്രിതമായും ബോധപൂര്‍വ്വവും ഉള്ള ഇടപെടലുകളാണു് വേണ്ടതു്. അതിനാവശ്യമായ വിവര സാങ്കേതിക വിദ്യയും ശൃംഖലയും തയ്യാറായി കഴിഞ്ഞിരിക്കുന്നു. വിവര സഞ്ചയത്തിലും ശൃംഖലയിലും കുത്തകയല്ല, മറിച്ചു് സാമൂഹ്യ ഉടമസ്ഥതയാണു് ഉറപ്പിക്കേണ്ടതു്. കേന്ദ്രീകൃകമല്ല, വിതരിത ഘടനയാണു് അവയ്ക്കുണ്ടാകേണ്ടതു്. ഈ പശ്ചാത്തലത്തില്‍ വേണം പെന്‍ഷന്‍കാരുടെ പ്രശ്നവും കാണേണ്ടതു്.

പെന്‍ഷന്‍ കിട്ടണമെങ്കില്‍ സ്ഥാപനം നിലനില്കണം. ബിഎസ്എന്‍എല്‍ നിലനില്കണം. ഇല്ലെങ്കിലും ബിഎസ്എന്‍എല്‍ പെന്‍ഷന്‍കാര്‍ക്കു് പെന്‍ഷന്‍ കിട്ടുമെന്ന ഉറപ്പു് കടലാസില്‍ നിലനില്കുന്നുണ്ടു്. 37A വകുപ്പു് ബിഎസ്എന്‍എല്‍കാര്‍ക്കു് കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ ഉറപ്പാക്കുന്നു. അതു് ചോദിച്ചിട്ടു് കിട്ടിയതല്ലെങ്കിലും ഔദാര്യമായിരുന്നില്ല. അതു് കിട്ടിയതു് തന്നെ, സ്വകാര്യവല്കരണത്തിനെതിരായി തൊഴിലാളികള്‍ നടത്തിയ ധീരോദാത്തമായ സമരങ്ങളുടെ ഫലമായാണു്. അടിസ്ഥാനപരമായ ആവശ്യങ്ങളുന്നയിക്കുമ്പോഴാണു് ഉപരിതലത്തിലുള്ളതെങ്കിലും പല ആവശ്യങ്ങളും അംഗീകരിക്കപ്പെടുന്നതു്.

അതേസമയം, പൊതുമേഖലയ്ക്കെതിരായ സര്‍ക്കാര്‍ നയം ജനങ്ങള്‍ക്കു് വേണ്ടിയല്ല, മറിച്ചു് മൂലധനവളര്‍ച്ചയുടെ താല്പര്യത്തിനു് വേണ്ടിയാണെന്ന കാര്യം കാണാതെ പോയിക്കൂടാ. അങ്ങിനെ വരുമ്പോള്‍ സ്ഥാപനങ്ങളും അതു് വഴി തൊഴില്‍ സംഘടനകളും നശിപ്പിക്കപ്പെട്ടു് കഴിഞ്ഞാല്‍, പിന്നെ അടുത്ത പടി നേരിട്ടു് വേതനവും സേവന വേതന വ്യവസ്ഥകളും തൊഴിലും തന്നെ ആക്രമിക്കപ്പെടുക എന്നതാണു്. പ്രതിരോധത്തിനു് സ്ഥാപനമോ സ്ഥാപനതല സംഘടനകളോ ഇല്ലാത്ത അവസ്ഥയായിരിക്കുമതു്. പിന്നെ ബാക്കിയുണ്ടാകുക സാമൂഹ്യ സംഘടനകളും രാഷ്ട്രീയ സംഘടനകളും മാത്രമായിരിക്കും. അതിനോടാകട്ടെ, തൊഴിലാളികള്‍ക്കു് വിമുഖതയാണിന്നുള്ളതു്. ഇത്തരം അരാഷ്ട്രീയത നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്ന കാര്യം ആലോചിക്കേണ്ടതുണ്ടു്.

സ്ഥാപനം നിലനില്കണമെങ്കില്‍, അതിനു് ജനങ്ങള്‍ക്കു് നല്‍കാന്‍ ഒരു ഉല്പന്നമോ സേവനമോ ഉണ്ടാകണം. ആ സ്ഥാപനം ഒഴിച്ചു് കൂടാനാവത്തതാകണമെങ്കില്‍ മറ്റാര്‍ക്കും കഴിയാത്ത ഉല്പന്നങ്ങളോ സേവനങ്ങളോ അതിനു് നല്‍കാന്‍ കഴിയണം. അങ്ങിനെയാണു് ഒന്നര നൂറ്റാണ്ടോളം ടെലിഗ്രാഫും ടെലിഫോണും സര്‍ക്കാര്‍ പൊതു മേഖലകളില്‍ നിലനിന്നതു്. അന്നു് മറ്റു് വിവര വിനിമയ മാര്‍ഗ്ഗങ്ങളില്ലായിരുന്നു. ഇന്നു് ടെലിഗ്രാഫിനു് പകരം ഇമെയിലും എസ്എംഎസും ചാറ്റു് വേദികളും സുലഭം. ടെലിഗ്രാഫു് ഇല്ലാതാകുകയല്ല, മറിച്ചു് ടെലിഗ്രാമുകളുടെ എണ്ണം ഇ-മെയിലും എസ്എംഎസും ചാറ്റുകളുമായി കോടാനുകോടി മടങ്ങു് പെരുകി വളര്‍ന്നു് വികസിക്കുകയാണു് ചെയ്തതു്. പക്ഷെ, ബിഎസ്എന്‍എല്‍ ആ പുതിയ മേഖല കയ്യൊഴിഞ്ഞു. അതേ പോലെ തന്നെ , ടെലിഫോണും. പണ്ടു് ടെലികോം വകുപ്പോ കമ്മീഷനോ ബിഎസ്എന്‍എലോ ഇല്ലാതെ ടെലിഫോണ്‍ ശൃംഖല സ്ഥാപിക്കുക അസാദ്ധ്യമായിരുന്നു. ഇന്നാകട്ടെ, ഓരോ മെയില്‍ സംവിധാനത്തിലും ചാറ്റിങ്ങു് സംവിധാനത്തിലും പൊതുവെ സാമൂഹ്യ മാധ്യമങ്ങളിലും കൂടി ഉപയോക്താക്കള്‍ക്കു് പരസ്പരം സംസാരിക്കാനുമാവുന്നു. ഇതിന്റെ സാങ്കേതികത ടെലികോം വകുപ്പിന്റെ സംഭാവനയാണു്. പക്ഷെ, അതുപയോഗിക്കുന്നതു് സ്വകാര്യകമ്പനികളാണു്. ഈ മാറ്റമാണു് ബിഎസ്എന്‍എല്‍ ന്റെ ഭാവി അപകടത്തിലാക്കുന്നതു്.

മറ്റൊരു വശത്തു്, ടെലികോം സംവിധാനത്തിന്റെ നട്ടെല്ലായി വളര്‍ന്നു് വന്ന ശൃംഖലയ്ക്കും മാറ്റം വരുന്നു. കമ്പിയ്ക്കു് പകരം കമ്പിയില്ലാകമ്പി (റേഡിയോ) പണ്ടേ തന്നെ നിലവിലുണ്ടായിരുന്നു. അതിന്റെ ഉപകരണങ്ങളുടെ ശേഷിക്കുറവായിരുന്നു അന്നത്തെ പ്രശ്നം. അറുപതുകളിലും എഴുപതുകളിലും പോലും റേഡിയോ ടെലിഗ്രാഫും റേഡിയോ ടെലിഫോണും പ്രവര്‍ത്തിപ്പിച്ചിരുന്നു. കോഴിക്കോട്ടു് നിന്നു മംഗലാപുരവും മംഗലാപുരത്തു് നിന്നു് കവറട്ടിയും തിരുവനന്തപുരത്തു് നിന്നു് മിനിക്കോയിയും തുടങ്ങി പല ടെലിഗ്രാഫു് ടെലിഫോണ്‍ ചാനലുകളും അറുപതുകളില്‍ തന്നെ നിലവില്‍ വന്നിരുന്നു. അങ്ങോട്ടു് കേബിളിടുക ദുഷ്കരമായിരുന്നു. അതിനാല്‍ റോഡിയോ. അതിന്റെ വളര്‍ച്ചയാണു് ഇന്നത്തെ മൊബൈല്‍ സംവിധാനം. സ്പെക്ട്രമാണതിന്റെ മാധ്യമം. സ്പെക്ട്രം അന്നും അലോട്ടു് ചെയ്തിരുന്നു. കമ്പിത്തപാല്‍ വകുപ്പിനും റെയില്‍വേയ്ക്കും കനാല്‍ ശൃംഖലയ്ക്കും പോലീസിനും പ്രതിരോധ വിഭാഗങ്ങള്‍ക്കും മാത്രമായിരുന്നു അന്നു് റോഡിയോ ചാനലുകള്‍ നല്‍കിയിരുന്നതു്. ഇന്നു് അത്തരം ഒരു ചാനലിലൂടെ ലക്ഷക്കണക്കിനു് ലൈനുകള്‍ നിര്‍മ്മിക്കാനാവുന്ന ബഹുചാനല്‍ സംവിധാനങ്ങളും അവ സാധ്യമാക്കുന്ന ഉപകരണങ്ങളും വന്നു എന്നതാണു് മാറ്റം. അതോടെ സ്പെക്ട്രം സ്വകാര്യമേഖലയ്ക്കു് തീറെഴുതി. കമ്പിത്തപാലും റെയില്‍വേയും കനാലും പ്രതിരോധവും സ്പെക്ട്രത്തിന്റെ സ്വകാര്യവല്കരണത്തനു് മൂക സാക്ഷികളായി. അതും കമ്പിത്തപാല്‍ മേഖലയുടെ പരമ്പരാഗത പ്രസക്തി നഷ്ടപ്പെടുത്തി.

ഇന്നിപ്പോള്‍ പ്രസക്തമായ സേവനങ്ങള്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പ്രക്രിയകളും അതിനാവശ്യമായ ശൃംഖലകളുമാണു്. കമ്പിയും ടെലിഫോണും സാമൂഹ്യ മാധ്യമങ്ങളുടെ ഭാഗമായി മാറി. അവയുടെയെല്ലാം നട്ടെല്ലു് കേബിള്‍ ശൃംഖലകളും സ്പെക്ട്രവുമാണു്. അവയുടെ ഏതാനും കണക്ഷനുകള്‍ക്കു് വേണ്ടി ബിഎസ്എന്‍എല്‍ കെഞ്ചുന്ന കാഴ്ചയാണു് നാമിന്നു് കാണുന്നതു്. അതിനു് കാരണം അവയുടെ സ്വകാര്യവല്കരണത്തെ എതിര്‍ക്കാതെ പോയതാണു്. അതു് എതിര്‍ക്കേണ്ടിയിരുന്നതു് ബിഎസ്എന്‍എല്‍ ന്റെ മാത്രം ബാധ്യതയല്ലായിരുന്നു. മൊത്തം സമൂഹത്തിന്റേതുമായിരുന്നു. 176436 കോടി രൂപയുടെ അഴിമതിയില്‍ മാത്രം എതിര്‍പ്പു് ഒതുങ്ങിപ്പോയി. സര്‍ക്കാര്‍ ഖജനാവിലെത്തിയ 200000 കോടി രൂപയുടെ കണക്കു് ആരും വിശകലനം ചെയ്തില്ല. എന്തിനായി പണം ജനങ്ങളെ പിഴിഞ്ഞുണ്ടാക്കി ? അതു് കൊണ്ടെന്തു് ചെയ്തു ? എന്തിനു് ബിഎസ്എന്‍എല്‍ നു് കൊടുക്കാതെ മറ്റു് സ്വകാര്യ കമ്പനികള്‍ക്കു് അതു് വിലയക്കു് നല്കി ? അതാകട്ടെ, അതേവരെ വിലയിടാത്ത പ്രകൃതി വിഭവവും ! എന്തു് കൊണ്ടു് അതു് ജനങ്ങള്‍ക്കു് അവരുടെ വിവര വിനിമയാവശ്യങ്ങള്‍ക്കായി വിലയീടാക്കാതെ കൊടുത്തു് കൂടാ. പുതിയ പ്രകൃതി വിഭവത്തിനു് വിലയിട്ടു് സ്വകാര്യ മൂലധനത്തിനു് കൈമാറിയതിലൂടെ ജനങ്ങളുടെ ഓരോരുത്തരുടേയും കൈവശമുള്ള സ്വത്തിന്റെ വിലയിടിക്കുകയാണു് സര്‍ക്കാര്‍ ചെയ്തതു്. ഇതെല്ലാം സര്‍ക്കാരിന്റെ കുത്തക മൂലധനത്തോടും സാമ്രാജ്യ മൂലധനത്തോടുമുള്ള പക്ഷ പാതിത്വം തെളിയിക്കുക മാത്രമാണു് ചെയ്യുന്നതു്. ജനങ്ങളോടു് പ്രതിബദ്ധതയില്ലായ്മ വെളിവാക്കപ്പെടുകയാണു്.

ബിഎസ്എന്‍എല്‍ ന്റെ കേബിള്‍ ശൃംഖലയും ടവറുകളും അടക്കം കാതലായ ആസ്തികള്‍ പ്രത്യേകം കമ്പനിക്കു് കൈമാറി ബിഎസ്എന്‍എല്‍ നിലവില്‍ ജനങ്ങള്‍ക്കു് കൊടുത്തുവരുന്ന ടെലിഫോണ്‍ സേവനം അടച്ചു് പൂട്ടുക എന്നതാണു് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതു്. അതിനു് പകരം അവ തുടരുന്നതോടൊപ്പം നിലവില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ബിഎസ്എന്‍എല്‍ ന്റെ നിലവിലുള്ള ടെലിഫോണ്‍ എക്സ്ചേഞ്ചുകളിലെ പശ്ചാത്തല സൌകര്യങ്ങള്‍ - സ്ഥലം, കെട്ടിടം, യുപിഎസ്, ജനറേറ്റര്‍, ബാറ്ററി തുടങ്ങിയവ - പുതിയ ഡാറ്റാ കമ്മ്യൂണിക്കേഷന്‍ ശൃംഖലകളുടെ സെര്‍വ്വറുകളും മെമ്മറി ഫാമുകളും സ്ഥാപിച്ചു് ഇന്ത്യയിലെ വിവിധ ഉല്പാദന-വിപണന-സേവന-ഭരണ മേഖലകള്‍ക്കുള്ള ശൃംഖല ഏര്‍പ്പെടുത്തി അതും അതു് വഴി ഇതര സേവനങ്ങളും നല്‍കുന്നതിനായി ഉപയോഗിക്കാവുന്നതാണു്. അതാകട്ടെ, ഈ രംഗത്തെ മൂര്‍ത്തമായ സാമ്രാജ്യത്വമേധാവിത്വത്തിനുള്ള ബദലാണു്. അതിലൂടെ ഇന്ത്യാ മഹാരാജ്യത്തിനു് നിലവില്‍ സാമ്രാജ്യത്വ ശൃംഖലാ കേന്ദ്രങ്ങളിലുള്ള ആശ്രിതത്വം ഇല്ലാതാക്കാം. ജിമെയില്‍, യാഹു, ഫേസ്ബുക്കു് തുടങ്ങി സാമ്രാജ്യത്വത്തിന്റെ ആഗോള ഭരണസംവിധാനത്തിന്റെ രഹസ്യ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലൂടെ മാത്രമല്ല, ഇഭരണം, ഇബാങ്കിങ്ങു്, ഇകൊമേഴ്സു്, ഇട്രേഡു്, ഇമെഡിസിന്‍, ഇവിദ്യാഭ്യാസം തുടങ്ങി സാമൂഹ്യോല്പാദന-വിനിമയ-ഭരണ-സേവനങ്ങളുടെ രംഗത്തും അതി കേന്ദ്രീകൃതമായ ശൃംഖലയിലൂടെ ആഗോളധനമൂലധന മേധാവിത്വം അരക്കിട്ടുറപ്പിച്ചിരിക്കുന്നു. അതവസാനിപ്പിച്ചു് വിതരിത ഘടനയിലുള്ള പ്രാദേശിക-ദേശീയ ശൃംഖല സൃഷ്ടിക്കുക എന്ന മൂര്‍ത്തമായ ബദലാണതു്.

പകരം, ബിഎസ്എന്‍എല്‍ ആഗോള മൂലധന ശക്തികളുടെ ചട്ടുകമായി മാത്രമല്ല അതിന്റെ കമ്പോളമായും മാറുന്ന സ്ഥിതിയാണു് നിലനില്കുന്നതു്. ബിഎസ്എന്‍എല്‍ ഭരണ നിര്‍വ്വഹണത്തിനാവശ്യമായ സോഫ്റ്റ്‌വെയര്‍ വ്യവസ്ഥയും ശൃംഖലയും സ്വന്തമായി സൃഷ്ടിച്ചുപയോഗിക്കാമെന്നിരിക്കെ, ആഗോള കുത്തക ഉല്പന്നങ്ങള്‍ വാങ്ങി വിഭവം പാഴാക്കിയതിന്റെ കഥയാണു് സാപു് (SAP) നടപ്പാക്കിയതിന്റേതു്. 6000 കോടി രൂപ ആദ്യ ചെലവു്. പിന്നീടുള്ള ഓരോ വര്‍ഷവും 600 കോടിയില്‍ തുടങ്ങി നിലവില്‍ 800 കോടി രൂപയിലെത്തി നില്കുന്ന വാര്‍ഷിക സേവന ചെലവു്. പകരം എറണാകുളം എസ്എസ്ഏയില്‍ 2007-2008 കാലത്തു് നടപ്പാക്കിയ അസറ്റു് മാനേജ്മെന്റു് വ്യവസ്ഥ വികസിപ്പിച്ചെടുത്തിരുന്നെങ്കില്‍ രാജ്യമാകെ അതു് നടപ്പാക്കാന്‍ പരമാവധി നാനൂറോ അഞ്ഞൂറോ കോടി രൂപമാത്രമേ ചെലവു് വരുമായിരുന്നുള്ളു. അതും ബിഎസ്എന്‍എല്‍ അതിന്റെ ജീവനക്കാര്‍ക്കും ഉപകരണങ്ങള്‍ക്കും ശൃംഖലയ്ക്കും മറ്റുമായി ചെലവാക്കുന്ന തുക മാത്രം. എറണാകുളം കേന്ദ്രമായി അന്നു് നിലനിന്നിരുന്ന സഹകരണ സംഘം ആ വ്യവസ്ഥ വികസിപ്പിച്ചു് ഉടമസ്ഥതയടക്കം ബിഎസ്എന്‍എല്‍ നു് കൈമാറുകയാണുണ്ടായതു്. അതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മേന്മ. അതു് നശിപ്പിച്ചു് അതിനു് പകരം അതിനേക്കാള്‍ എത്രയോ സൌകര്യം കുറഞ്ഞ സാമ്രാജ്യത്വ കുത്തക സംവിധാനമാണു് പത്തു് മടങ്ങിലേറെ പണം മുടക്കി സ്ഥാപിക്കപ്പെട്ടിട്ടുള്ളതു്. മുടക്കിയ വിഭവത്തിലേറെയും വിദേശത്തേക്കൊഴുകുകയും ചെയ്തു.

എന്തിനേറെ, പടിഞ്ഞാറു് നിന്നായാലും ചൈനയില്‍ നിന്നായാലും ഇറക്കുമതി ചെയ്യുന്ന ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ക്കു് പകരം ഇവിടെ കമ്പ്യൂട്ടറുകള്‍ വാങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സന്നിവേശിപ്പിച്ചു് വികസിപ്പിച്ചുപയോഗിക്കാവുന്നതേയുള്ള. ഇതിനാവശ്യമായ ചെലവിന്റെ പതിന്മടങ്ങു് തുക വിദേശ നാണയം ചെലവഴിച്ചാണു് ഇന്നു് എക്സ്ചേഞ്ചുകള്‍ ഇറക്കുമതി ചെയ്തു് സ്ഥാപിക്കുന്നതു്.

ഇത്തരത്തില്‍ ആഗോള-ദേശീയ കുത്തകകള്‍ക്കു് വേണ്ടിയുള്ള ധൂര്‍ത്തും ദുര്‍ച്ചെലവും അഴിമതിയും മാത്രമല്ല, മാനേജ്മെന്റു് പിടിപ്പു് കേടും കാട്ടുന്ന ഭരണാധികാരികളാണു് വരുമാനക്കുറവിന്റേയും നഷ്ടത്തിന്റേയും പേരു് പറഞ്ഞു് ശമ്പള പരിഷ്കരണവും പെന്‍ഷന്‍ പരിഷ്കരണവും നിഷേധിക്കുന്നതു്. എവിടെ പണമെന്നു് അവര്‍ നമ്മുടെ നേതാക്കളോടു് ചോദിക്കുന്നു. എവിടെ പോയി പണം എന്നു് അവരോടു് തിരിച്ചു് ചോദിക്കാനുള്ള ആര്‍ജ്ജവം നേടാന്‍ സാങ്കേതികവും സാമ്പത്തികവും മാനേജ്മെന്റു് തലത്തിലുമുള്ള വിശകലനങ്ങളും പഠനങ്ങളും നടത്താന്‍ സംഘടനകള്‍ തയ്യാറാകണം.

ഇത്തരം വിശകലനങ്ങളിലൂടെ ബദല്‍ നയപരിപാടികള്‍ ഉരുത്തിരിച്ചെടുക്കാനും അതു് ജനങ്ങളോടു് പറയാനും ബിഎസ്എന്‍എല്‍ അടക്കം പൊതു മേഖലയിലെ സംഘടനകള്‍ തയ്യാറാകണം. അതാണു് പൊതു മേഖലയുടെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്താനും അതിലൂടെ ഇന്നത്തെ വര്‍ഗ്ഗ ഭരണം അവസാനിപ്പിക്കാനും പുതിയ വര്‍ഗ്ഗത്തിന്റെ ഭരണ നയപരിപാടികള്‍ ജനങ്ങളിലെത്തിക്കാനുമുള്ള മാര്‍ഗ്ഗം. അതാണു് പൊതുമേഖലയുടേയും തൊഴിലിന്റേയും തൊഴില്‍ സുരക്ഷിതത്വത്തിന്റേയും സേവന വേതന വ്യവസ്ഥകളുടേയും സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനുമുള്ള ഇന്നത്ത ഘട്ടത്തിലെ മാര്‍ഗ്ഗം. മറ്റു് മാര്‍ഗ്ഗങ്ങളില്ല എന്ന മുതലാളിത്തത്തിന്റെ വാദഗതിയില്‍ കുടുങ്ങി കിടക്കുന്ന ബഹുഭൂരിപക്ഷത്തെ ബദല്‍ മാര്‍ഗ്ഗങ്ങളുടെ പ്രയോഗ ക്ഷമത ബോധ്യപ്പെടുത്താനുള്ള ഇടപെടലുകളും ആവശ്യമാണു്. ധനമൂലധനാധിപത്യത്തിന്റെ ഇടപെടല്‍ മൂലം ഹ്രസ്വകാലത്തില്‍ അവ സ്ഥായിയാകണമെന്നില്ല. പക്ഷെ, ഭാവിയുടെ മാതൃകകള്‍ ഉയര്‍ത്തി ജനങ്ങളെ അണിനിരത്തുന്നതില്‍ അതു് അതി പ്രധാനമായ പങ്കു് വഹിക്കുക തന്നെ ചെയ്യും.

ജോസഫ് തോമസ്,
thomasatps@gmail.com
9447738369

Saturday, January 28, 2017

സ്വതന്ത്രവിജ്ഞാന സമൂഹത്തിലേക്ക് - ജോസഫ് തോമസ്


Courtesy : Deshabhimani  Thursday Jan 26, 2017


ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ രണ്ടാം അഖിലേന്ത്യാസമ്മേളനം ജനുവരി 26മുതല്‍ 29വരെ ചെന്നൈയില്‍ ബി എസ് അബ്ദുറഹ്മാന്‍ സര്‍വകലാശാലയില്‍ നടക്കുകയാണ്്. സാര്‍വദേശീയമായി, സ്വതന്ത്ര സോഫ്റ്റ്വെയര്‍ മുന്നേറ്റത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന വേള കൂടിയാണിത്. ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചത് 1990കളുടെ തുടക്കത്തിലാണ്. ഇന്റര്‍നെറ്റിന്റെ അതിദ്രുതവ്യാപനം ഈ മാറ്റങ്ങള്‍ക്ക് അടിത്തറയേകി. ധനമൂലധനം അതിന്റെ പ്രാദേശിക ബന്ധനങ്ങളില്‍നിന്ന് വിടുതല്‍നേടി ആഗോളവിന്യാസവും വ്യാപനവും കേന്ദ്രീകരണവും ഇതിലൂടെ സാധ്യമാക്കി. മുതലാളിത്ത ഉല്‍പ്പാദനശാലകളുടെ കേന്ദ്രീകരണം ഒഴിവാക്കിത്തുടങ്ങി. ലാഭം കുന്നുകൂട്ടാനുള്ള കമ്പോളങ്ങള്‍, കുറഞ്ഞ വിലയ്ക്ക് അസംസ്കൃത പദാര്‍ഥങ്ങളുടെയും തൊഴില്‍ശേഷിയുടെയും ലഭ്യത എന്നിവ നോക്കിയും മറുവശത്ത് തൊഴില്‍ശേഷിയുടെ കേന്ദ്രീകരണം ഒഴിവാക്കിയും ഉല്‍പ്പാദനത്തിന്റെ വിതരിതവിന്യാസം സാര്‍വദേശീയ ധനമൂലധനം സുഗമമാക്കി. സോഷ്യലിസത്തിന് ചില രാജ്യങ്ങളില്‍ താല്‍ക്കാലികമായി ഉണ്ടായ പിന്നോട്ടടി ആഗോള ധനമൂലധന കുത്തൊഴുക്കിന് രാഷ്ട്രീയസഹായമേകി. ഇന്ത്യയില്‍ ഈ കാലഘട്ടത്തിലാണ് നവ ഉദാരവല്‍ക്കരണത്തിന് തുടക്കംകുറിച്ചത്. ഇങ്ങനെയുള്ള ഒട്ടേറെ മുതലാളിത്ത അനുകൂല മാറ്റങ്ങള്‍ക്കിടയില്‍, തികച്ചും വേറിട്ട് നിന്ന ഒരു കൂട്ടായ്മയാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം. സാമൂഹ്യപുരോഗതിയുടെ കുതിപ്പ് ലക്ഷ്യംവച്ചുള്ള ഒരുപറ്റം കണ്ടെത്തലുകളുടെ സംഭാവനകളാണ് തൊണ്ണുറുകളുടെ തുടക്കത്തില്‍ ആരംഭിച്ച സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ വിജയകരമായ മുന്നേറ്റചരിത്രം.


ആവശ്യമുള്ളവര്‍ക്ക് സ്വതന്ത്രമായി എടുത്ത് ഉപയോഗിക്കാവുന്ന ഗ്നൂ/ലിനക്സ് സോഫ്റ്റ്വെയറുകള്‍ സൃഷ്ടിക്കപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയ്ക്കുപകരം പൊതു ഉടമസ്ഥത ഈ രംഗത്ത് നിര്‍മിക്കപ്പെട്ടു. ജനറല്‍ പബ്ളിക് ലൈസന്‍സ് എന്നപേരില്‍ പുതിയൊരു നിയമവ്യവസ്ഥയും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമൂഹംതന്നെ സൃഷ്ടിച്ച് സമൂഹത്തിന് നല്‍കി. ‘ഭരണ കൂടത്തിന്റെയോ നിയമനിര്‍മാണസഭയുടെയോ പങ്കാളിത്തമില്ലാതെ സൃഷ്ടിക്കപ്പെട്ടതും കോടതികളുടെ ഇടപെടലില്ലാതെ സമൂഹം പൊതുസമ്മതപ്രകാരം നടപ്പാക്കിപ്പോരുന്നതുമാണ് ഈ നിയമം. സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനും പകര്‍ത്താനും പഠിക്കാനും മാറ്റം വരുത്താനും പങ്കുവയ്ക്കാനും കൈമാറാനും വില്‍ക്കാനുമുള്ള അളവില്ലാത്ത സ്വാതന്ത്യ്രം അനുവദിക്കുന്ന നിയമവ്യവസ്ഥയാണത്. സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങളുടെ വ്യാപനത്തിലും ഇന്റര്‍നെറ്റിന്റെയും സാമൂഹ്യമാധ്യമങ്ങളുടെയും വികാസത്തിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ നല്‍കിയ സംഭാവന അളവറ്റതാണ്. എല്ലാ ഉപകരണങ്ങളെയും ബന്ധിപ്പിച്ച് അവയുടെ വിദൂര മാനേജ്മെന്റ് സാധ്യമാക്കുന്ന ‘ഇന്റര്‍നെറ്റ് ഓഫ് തിങ്സ്’ എന്ന സങ്കല്‍പ്പംവരെ സാധ്യമാകുംവിധം ശൃംഖല വിപുലമാക്കപ്പെടുകയാണ്. വിഭവങ്ങളുടെ പൊതു ഉടമസ്ഥത ഒരുക്കുന്ന മേന്മകളും സാധ്യതകളും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ചൂണ്ടിക്കാട്ടുന്നു.


സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സാങ്കേതിക സ്വാംശീകരണം നേടുകയാണ് വികസ്വരഅവികസിത നാടുകളടക്കം ലോകമാകെ ജനങ്ങള്‍ക്ക് വിവരസാങ്കേതിക മുന്നേറ്റം ഒരുക്കുന്ന സാധ്യതകള്‍ അനുഭവവേദ്യമാക്കുന്നതിനുള്ള മാര്‍ഗം. നവഉദാരവല്‍ക്കരണഘട്ടത്തില്‍ ആഗോളമൂലധനം നടപ്പാക്കുന്ന ഉല്‍പ്പാദനത്തിന്റെ വിതരിതഘടനമൂലം തൊഴിലാളി വര്‍ഗം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരവും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്വാംശീകരണവും സംഘാടനത്തിലടക്കം അതുപയോഗിച്ചുള്ള സ്വതന്ത്രമായ ശൃംഖലയുടെ വിപുലമായ ഉപയോഗവുമാണ്.


സോഫ്റ്റ്വെയര്‍രംഗത്ത് സാങ്കേതികവിദ്യ സ്വതന്ത്രമാക്കപ്പെട്ടെങ്കിലും അതിന്റെ ഉപയോഗം ഇന്നും വ്യാപകമായിട്ടില്ല. ഉപകരണങ്ങളുടെ രംഗത്തും ശൃംഖലയുടെ രംഗത്തും കുത്തക നിലനില്‍ക്കുന്നു. ടെലികോം രംഗത്ത് ബിഎസ്എന്‍എല്‍ അടക്കം ഇന്ത്യന്‍ കമ്പനികളാകെ അവയ്ക്കാവശ്യമായ ഉപകരണങ്ങളും വ്യവസ്ഥകളും 87 ശതമാനം ഇറക്കുമതിചെയ്യുകയാണ്. ഇറക്കുമതിച്ചെലവിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ പൊതുകമ്പോളത്തില്‍നിന്നുവാങ്ങുന്ന കംപ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സന്നിവേശിപ്പിച്ച് പുതുതലമുറ ടെലിഫോണ്‍ എക്സ്ചേഞ്ചുകളും മറ്റുപകരണങ്ങളും ആഭ്യന്തരമായിത്തന്നെ ഉല്‍പ്പാദിപ്പിക്കാവുന്നതാണ്. ‘ഡിജിറ്റല്‍ ഇന്ത്യ, മേക് ഇന്‍ ഇന്ത്യ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വെറും കാപട്യങ്ങളാണ്. അവയുടെപേരില്‍ മൂലധനത്തിന്റെ കുത്തൊഴുക്ക് അനുവദിക്കപ്പെടുകമാത്രമാണ് നടക്കുന്നത്. സാങ്കേതികവിദ്യ സ്വാംശീകരിക്കപ്പെടുന്നില്ല. ആഭ്യന്തരമായി ഉല്‍പ്പാദനം വര്‍ധിക്കുന്നുമില്ല. ആഗോള ധനമൂലധനാധിപത്യത്തിന്റെ മേധാവിത്വം ഇന്ത്യയിലും അടിച്ചേല്‍പ്പിക്കപ്പെടുകയാണ്.


അതിന്റെ ‘ഭാഗമായി ‘ഭരണപരിഷ്കാരം സാധ്യമാക്കുന്ന ഇ‘ഭരണം, ഇ സ്ഥാപന‘ഭരണം, ഇ ബാങ്കിങ് തുടങ്ങി മറ്റിതര ഇ സേവനങ്ങള്‍ക്കെല്ലാം ഏറിയകൂറും നിലവില്‍ സ്വകാര്യ കുത്തക സോഫ്റ്റ്വെയറുകളാണ് വിന്യസിക്കപ്പെടുന്നത്. ദേശീയവിഭവം പുറത്തേക്കൊഴുകുന്നു, സാങ്കേതികാടിമത്തം സ്ഥായിയാക്കപ്പെടുന്നു. മുകളില്‍ പ്രതിപാദിച്ച മേഖലകളിലൊക്കെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ സാങ്കേതികസ്വാംശീകരണം സാധിക്കാം. ആഭ്യന്തരമായി തൊഴില്‍ സൃഷ്ടിക്കാം. നമ്മുടെ ജനാധിപത്യാഭിലാഷങ്ങള്‍ക്കനുസരിച്ചുള്ള ‘ഭരണ പരിഷ്കാരം കൊണ്ടുവരാം. സോഫ്റ്റ്വെയറിലും അതുപയോഗിച്ചുള്ള ഉപകരണങ്ങളിലും തുടങ്ങി ക്രമേണ കംപ്യൂട്ടറിന്റെ മൈക്രോപ്രോസസറുകളും മദര്‍ബോര്‍ഡുകളും അടക്കം ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിച്ചുതുടങ്ങാം.

ചൈന വിവരസാങ്കേതികരംഗത്ത് നടത്തിയ മുന്നേറ്റം ഇന്ത്യക്കും മാതൃകയാക്കാവുന്നതാണ്. സര്‍ക്കാരിന്റെ സര്‍വതോമുഖമായ പിന്തുണയാണ് ഈ രംഗത്ത് ചൈന കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയായി വര്‍ത്തിച്ചത്. സാങ്കേതിക സ്വാംശീകരണം നേരിടുന്ന പ്രശ്നം സാങ്കേതികവിദ്യയുടെ അഭാവമോ ലഭ്യതക്കുറവോ അല്ല, മറിച്ച് സാധ്യതകള്‍ ബോധ്യപ്പെടുന്നതിന്റെയും ഇച്ഛാശക്തിയുടെയും സംഘാടനത്തിന്റെയും സാമൂഹ്യപിന്തുണയുടെയും കുറവ് മാത്രമാണ്. മുതലാളിത്തത്തിന്റെ അടിത്തറയായ സ്വകാര്യ സ്വത്തുടമാവകാശത്തോടും മത്സരത്തോടും സ്വകാര്യ കുത്തക സോഫ്റ്റ്വെയറിനോടുമുള്ള ആരാധനയും അവമാത്രം ഉപയോഗിക്കുന്നതും സാങ്കേതികാടിമത്തത്തിന് വഴിവയ്ക്കുന്നു എന്നതാണ് സ്ഥിതി. പകരം പൊതുഉടമസ്ഥതയോടും കൂട്ടായ്മയോടും പങ്കാളിത്തത്തോടും സഹകരണത്തോടും ആഭിമുഖ്യമുണ്ടായാല്‍ സ്വതന്ത്ര സോഫ്റ്റ്വെയറും സ്വതന്ത്രവിജ്ഞാനവും ഉപയോഗിച്ച് വന്‍മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനാകും.


നിലവിലുള്ള നാണയവ്യവസ്ഥതന്നെ എത്രമാത്രം സ്വേച്ഛാപരമായി ഉപയോഗിക്കാമെന്നാണ് നോട്ടുനിരോധനത്തിലൂടെ കാട്ടിത്തന്നത്. ഈ സാഹചര്യത്തില്‍ നാണയാധിഷ്ഠിത ഡിജിറ്റല്‍ ബാങ്കിങ് എത്രമാത്രം സ്വേച്ഛാപരമാകാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. നാണയവ്യവസ്ഥയ്ക്കുപകരം ‘ഭാവിയില്‍ ഡിജിറ്റല്‍ നാണയങ്ങള്‍ (ബിറ്റ് കോയിന്‍ പോലുള്ളവ) നടപ്പായാല്‍ അത്തരം വ്യവസ്ഥകളിന്മേല്‍ ജനങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. ജനങ്ങള്‍ ഇരകള്‍ മാത്രമാകും. ശൃംഖലയുടെ കേന്ദ്രീകൃതഘടന ഉപയോഗിച്ച് ‘ഭരണകൂടത്തിന്റെ വരുതിക്കുനില്‍ക്കുന്ന സമൂഹത്തെ സൃഷ്ടിക്കുകയാണ് മുതലാളിത്തത്തിന്റെ സമകാലിക തന്ത്രം.


അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ശൃംഖലാ വിഭവങ്ങള്‍ (സെര്‍വര്‍, വിവരസംഭരണി, മെമ്മറി ഫാം തുടങ്ങിയവ) ജനങ്ങളാകെ ഉപയോഗിക്കുന്നു എന്നതാണ് നിലവില്‍ ശൃംഖലയുടെ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനം. ശൃംഖലയ്ക്ക് സ്വതവേ വിതരിത ഘടനയാണുള്ളത്. വ്യക്തിപരമായോ പ്രാദേശികമായോ സ്ഥാപനാടിസ്ഥാനത്തിലോ സൃഷ്ടിക്കുന്ന ഏത് ഒറ്റപ്പെട്ട ശൃംഖലയായാലും അതിനെ ഇന്റര്‍നെറ്റിനോട് ബന്ധിപ്പിച്ചാല്‍ അത് ഇന്റര്‍നെറ്റിന്റെ ‘ഭാഗമാണ്. അത്തരം സ്വതന്ത്ര ശൃംഖലകളില്‍ അതിന്റെ ഉടമയ്ക്ക് നിയന്ത്രണമുണ്ടാകും. ശൃംഖലയുമായി ബന്ധിപ്പിച്ച് സാര്‍വദേശീയമായി ഉപയോഗിക്കുകയുംചെയ്യാം. യഥാര്‍ഥത്തില്‍ ഓരോ രാജ്യത്തും ശൃംഖലാവിഭവങ്ങളായ റൂട്ടറുകളും പരസ്പരബന്ധങ്ങളും സൃഷ്ടിക്കുന്നത് തദ്ദേശീയ കമ്യൂണിക്കേഷന്‍ സേവനദാതാക്കളാണ്. കാലിഫോര്‍ണിയയിലെ ആഗോളകേന്ദ്രം ആര്‍ക്കും ഒരു സേവനവും നല്‍കുന്നില്ല. ദേശീയശൃംഖലകളെ ബന്ധിപ്പിക്കുന്നു എന്നതുമാത്രമാണവര്‍ ചെയ്യുന്നത്. ഉപയോഗിക്കുന്നവര്‍ പ്രാദേശിക ജനവിഭാഗമാണ്. വിഭവങ്ങളും പ്രാദേശികമാണ്. പരസ്പരബന്ധംമാത്രം ആഗോളം. അതാണ് നിലവിലുള്ള കേന്ദ്രീകൃതശൃംഖല. മെയില്‍ സെര്‍വറുകളും വിവരസംഭരണികളും തദ്ദേശീയമായി സ്ഥാപിച്ചുപയോഗിക്കാതെ സാമ്രാജ്യത്വകേന്ദ്രീകരണത്തിന് നിന്നു കൊടുക്കുന്നു എന്നതാണ് നിലവില്‍ ശൃംഖലയുടെ കേന്ദ്രീകരണസ്വഭാവത്തിന്റെ കാരണം.

ധനമൂലധനമേധാവിത്വത്തിന്റെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുള്ള ബദല്‍ പ്രാദേശികസമൂഹങ്ങളുടെ സാര്‍വദേശീയ ശൃംഖലാബന്ധമാണ്. സ്വതന്ത്ര സോഫ്റ്റ്വെയറും അത് സാധ്യമാക്കുന്ന സാങ്കേതികവിദ്യയുടെ സാമൂഹ്യസ്വാംശീകരണവും വിതരിതശൃംഖലയും അതിനുള്ള ഉപാധികളാണ്. കാലഹരണപ്പെട്ട മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന അന്ധവും വിഭജിതവുമായ ഡിജിറ്റല്‍ സമൂഹത്തില്‍ നിന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യസമൂഹത്തിലേക്കുള്ള പ്രയാണത്തിന്റെ പാതയാണിത്.

(എഫ്എസ്എംഐ പ്രസിഡന്റാണ് ലേഖകന്‍)

Read more: http://www.deshabhimani.com/articles/free-software-movement-in-india/619541

Blog Archive