കേരള വാട്ടര്‍ അതോറിറ്റി സ്ഥാപന ശാക്തീകരണത്തിന്റെ പേരില്‍ മൈക്രോസോഫ്റ്റു്, ഒറാക്കിള്‍, സാപ് (SAP) തുടങ്ങിയ ബഹുരാഷ്ട്ര സോഫ്റ്റു്വെയര്‍ കുത്തകകളുടെ പ്രൊപ്രൈറ്റി സേവന സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നതായി അറിയുന്നു. സംവിധാനത്തിന്റെ പ്രവര്‍ത്തന രീതികളൊഴിച്ചു് മൂല കോഡുകളും (Source code) സാങ്കേതിക വിദ്യയും വിവരങ്ങളുമൊന്നും വാട്ടര്‍ അതോറിറ്റിക്കു് അവര്‍ ഫലത്തില്‍ കൈമാറില്ല. സ്ഥിരമായി ബഹുരാഷ്ട്ര സോഫ്റ്റു്വെയര്‍ ഭീമന്മാരോടു് ആശ്രിതത്വം സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും വാട്ടര്‍ അതോറിറ്റിയുടെ വിഭവം ചോര്‍ത്തപ്പെടുകയുമാണു് ഉണ്ടാകാന്‍ പോകുന്നതു്. 35 കോടിയോളം രൂപ ആദ്യ ചെലവും 22% വാര്‍ഷിക മെയിന്റനന്‍സു് സേവനച്ചെലവുമാണു് ഈ പദ്ധതിക്കു് വിഭാവനം ചെയ്തിരിക്കുന്നതു്. ഭാവിയില്‍ നിര്‍ബന്ധമായും അടിച്ചേല്‍പ്പിക്കപ്പെടാന്‍ പോകുന്ന വേര്‍ഷന്‍ പുതുക്കലിനും മറ്റും ആവശ്യമായി വരുന്ന ചെലവു് വേറെ വേണ്ടി വരും. ഡാറ്റാ സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക സോഫ്റ്റു് വെയറുകളും നെറ്റു് വര്‍ക്കു് സുരക്ഷയ്ക്കാവശ്യമായ പ്രത്യേക സംവിധാനങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ ചെലവും ഭാവിയില്‍ വര്‍ദ്ധിപ്പിക്കും.
കേരളത്തില്‍ തന്നെ ലഭ്യമായ സാങ്കേതിക കഴിവും സ്വതന്ത്ര സോഫ്റ്റുവെയറും ഉപയോഗിക്കാന്‍ തയ്യാറായാല്‍ ബഹുരാഷ്ട്ര കുത്തകകളിലുള്ള സ്ഥായിയായ ആശ്രിതത്വം ഒഴിവാക്കാം. വാട്ടര്‍ അതോറിറ്റി ഒഫീസര്‍മാരുടേയും ജീവനക്കാരുടേയും ഒരു സംഘം സേവനം നല്‍കുന്നവരോടൊപ്പം ആദ്യം മുതല്‍ തന്നെ പ്രവര്‍ത്തിച്ചു് തുടങ്ങിയാല്‍ ആദ്യ സേവന കരാര്‍ കാലം തീരുമ്പോഴേയ്ക്കും പൂര്‍ണ്ണമായ നടത്തിപ്പിനും സാധാരണ ഗതിയിലുള്ള മാറ്റങ്ങള്‍ക്കും മെച്ചപ്പെടുത്തലിനും വികസനത്തിനുമുള്ള സാങ്കേതിക വിദ്യ സ്വാംശീകരിക്കാന്‍ കഴിയും. സഹകരണ സംഘമടക്കം പ്രാദേശിക സേവന ദാതാക്കളാകട്ടെ അത്തരം സംയുക്ത പ്രോജക്ടിനും അതിലൂടെയുള്ള സാങ്കേതിക കൈമാറ്റത്തിനും തയ്യാറാണു് താനും. സ്ഥാപന ശാക്തീകരണത്തോടൊപ്പം നിലവിലുള്ള മുഴുവന്‍ ജീവനക്കാരുടേയും ശാക്തീകരണവും എളുപ്പത്തില്‍ നടക്കുന്നു. സ്വതന്ത്ര സോഫ്റ്റു് വെയര്‍ പ്ളാറ്റു്ഫോമുകള്‍ ലൈസന്‍സില്ലാതെയും മൂലകോഡുകളോടു് കൂടിയും ലഭ്യമാകുന്നതിനാല്‍ മുഴുവന്‍ കാര്യങ്ങളും പഠിക്കാനും സ്ഥിരമായ ആശ്രിതത്വം ഒഴിവാക്കാനും സ്വശ്രയത്വം കൈവരിക്കാനും കഴിയും. ആവര്‍ത്തിച്ചുള്ള ലൈസന്‍സു് ഫീ ആവശ്യമില്ല. നെറ്റു്വര്‍ക്കു് സുരക്ഷയും വിവര സുരക്ഷയും സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ സ്വാഭാവിക സാങ്കേതിക മികവിന്റെ ഭാഗമെന്നതു് പോലെ തന്നെ പ്രാദേശിക സേവന ദാതാക്കള്‍ക്കു് പ്രത്യേക സംവിധാനങ്ങളൊരുക്കാന്‍ കഴിയുന്നതുമാണു്. ഭാവിയില്‍ പ്രത്യേക ചെലവു് വേണ്ടിവരുന്നില്ല. കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ ചെലവും ഗണ്യമായി കുറയും. ചുരുക്കത്തില്‍ ഇന്നു് വേണ്ടിവരുമെന്നു് കണക്കാക്കപ്പെട്ടിട്ടുള്ള 35 കോടി രൂപയുടെ പകുതിയിലും താഴെ മാത്രം തുക കൊണ്ടു് ഒറാക്കിളോ സാപ്പോ അവരുടെ നിലവിലുള്ള മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട പാക്കേജു് വഴി ലഭ്യമാകുന്നതിനേക്കാള്‍ കൂടുതലും (പൈപ്പു് ലൈനുകളുടെ കിടപ്പു് ഓണ്‍ലൈന്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഭൂതല വിവര സംവിധാനമടക്കം) മെച്ചപ്പെട്ടതുമായ സേവനം സ്വതന്ത്ര സോഫ്റ്റു്വെയറുപയോഗിച്ചു് പ്രാദേശിക സേവന ദാതാക്കള്‍ക്കു് നല്‍കാന്‍ കഴിയും. സ്വാഭാവികമായും വാര്‍ഷിക മെയിന്റനന്‍സു് ചെലവും പകുതിയിലും താഴെയായി കുറയും.
വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സംഘടനകള്‍ സ്ഥാപന ശാക്തീകരണ പരിപാടിയോടു് ക്രിയാത്മകമയി പ്രതികരിച്ചിട്ടുള്ളതു് സ്ഥാപനത്തിന്റെ ശരിയായ താല്പര്യം മുന്‍ നിര്‍ത്തി മാനേജു്മെന്റു് പ്രവര്‍ത്തിക്കും എന്ന ധാരണയോടെയാണു്. അതിന്നാധാരമായി അവര്‍ കണ്ടിരുന്നതു് ഇടതു്പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത ഐറ്റി നയവും അതില്‍ സ്വതന്ത്ര സോഫ്റ്റു്വെയറിനു് നല്‍കിയിരുന്ന പ്രത്യേക പരിഗണനയുമാണു്. അതിനെയെല്ലാം കാറ്റില്‍ പറത്തി ബഹുരാഷ്ട്ര കുത്തക സോഫ്റ്റു്വെയര്‍ കമ്പനികളെ സഹായിക്കുകയും പ്രാദേശിക ശാക്തീകരണവും വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശാക്തീകരണവും അസാധ്യമാക്കുകയും ചെയ്യുന്ന നടപടികളുമായി വാട്ടര്‍ അതോറിറ്റി അധികാരികള്‍ മുന്നോട്ടു് പോകുന്നതു് തടയണമെന്നു് കേരള സര്‍ക്കാരിനോടും ഐറ്റി വകുപ്പധികാരികളോടും ജലവിഭവ വകുപ്പു് മന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു.
ജോസഫു് തോമസു്
Tuesday, July 6, 2010
വാട്ടര്‍ അതോറിറ്റി സ്ഥാപന ശാക്തീകരണ പരിപാടിക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment