(കടപ്പാടു് - മാതൃഭൂമി 03 Apr 2012 ചൊവ്വാഴ്ച)
സി.പി.എമ്മിന്റെ 20-ാം പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ അജന്‍ഡകളില്‍ പ്രധാനപ്പെട്ട ഒന്ന് ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെ സംബന്ധിച്ച പ്രമേയമാണ്. സമകാലീന ആഗോളീകരണത്തിന്റെ സ്വഭാവവും അതു നേരിടുന്ന പ്രതിസന്ധിയുമാണ് ഈ പ്രമേയത്തിലെ ആദ്യത്തെ പരിഗണനാവിഷയം. 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം കോണ്‍ഗ്രസ് പുതിയൊരു പ്രത്യയശാസ്ത്രരേഖയ്ക്ക് രൂപം നല്‍കിയിരുന്നു.അതുകഴിഞ്ഞ് 20 വര്‍ഷത്തിനുശേഷമാണ് മറ്റൊരു പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്
ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായിനടന്ന സമ്മേളനങ്ങളോടു ബന്ധപ്പെട്ടുയര്‍ന്ന ഒരു വിമര്‍ശനം പ്രത്യയശാസ്ത്രസംവാദം സി.പി.എമ്മില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നാണ്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അജന്‍ഡകളില്‍ പ്രധാനപ്പെട്ട ഒന്ന് ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെ സംബന്ധിച്ച പ്രമേയമാണ് എന്ന വസ്തുത വിമര്‍ശകര്‍ ഒരുപക്ഷേ, അറിഞ്ഞിരിക്കില്ല. സുദീര്‍ഘമായ ഇരുവട്ടചര്‍ച്ചകള്‍ക്കുശേഷമാണ് കേന്ദ്രകമ്മിറ്റി കരടുരേഖ അംഗീകരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് ഈ രേഖയ്ക്ക് അവസാനരൂപം നല്കുന്നതിനു മുമ്പ് ഇത് ഇന്ത്യയിലെ എല്ലാ പാര്‍ട്ടി ഘടകങ്ങളും ചര്‍ച്ച ചെയ്യുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ലക്ഷക്കണക്കിന് പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ ഒരു ആശയസംവാദമാണ് ഇതുവഴി നടക്കുന്നത്.
സി.പി.എമ്മിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. 1968-ലാണ് ഇത്തരമൊരു ആശയസംവാദത്തിന് പാര്‍ട്ടി ആദ്യമായി വേദിയൊരുക്കിയത്. അതിവിപുലമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയുടെ അവസാനമാണ് പ്രത്യേയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് ബര്‍ദ്വാനില്‍ ഒരു പ്രത്യേക പ്ലീനം ചേര്‍ന്നത്. ആഗോളവിപ്ലവ പ്രക്രിയയെ സംബന്ധിച്ച് സോവിയറ്റ് യൂണിയന് എടുത്തുവന്ന പല നിലപാടുകളെയും ഈ പ്ലീനം നിശിതമായി വിമര്‍ശിച്ചു. കൂടുതല്‍ അനുഭാവം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനങ്ങളോടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയുടെ പല നിലപാടുകളെയും രേഖ നിരാകരിച്ചു. സ്വതന്ത്രമായഈ നിലപാട് രൂക്ഷമായ ആശയസമരത്തിനിടയാക്കി. ആന്ധ്രയില്‍ നാഗറെഡ്ഡിയുടെയും മറ്റും നേതൃത്വത്തില്‍ എണ്ണായിരത്തില്‍പ്പരം പാര്‍ട്ടി അംഗങ്ങളാണ് സി.പി.എം. വിട്ട് നക്സല്‍ പ്രസ്ഥാനത്തിലേക്കു പോയത്.
സോവിയറ്റ്, ചൈനീസ് പാര്‍ട്ടികളോട് ബഹുമാനം നിലനിര്‍ത്തുമ്പോഴും ആശയപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ സി.പി.എം. സ്വീകരിച്ച സ്വതന്ത്രമായ നിലപാട് അത്യപൂര്‍വമായ ഒരു വ്യക്തിത്വം പാര്‍ട്ടിക്കു നല്കി. സോവിയറ്റ് തകര്‍ച്ചയുടെ ഭൂകമ്പത്തില്‍ വലിയ തളര്‍ച്ച കൂടാതെ മുന്നോട്ടുപോകാന്‍ സി.പി.എമ്മിനു കഴിഞ്ഞത് ഈയൊരു സ്വതന്ത്രമായ നിലപാടിന്റെ പാരമ്പര്യം കൊണ്ടുകൂടിയാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ബര്‍ദ്വാന്‍ പ്ലീനത്തിലെ രേഖയുടെ അന്തര്‍ദേശീയ നിലപാടുകളെ ഏതാണ്ട് അപ്രസക്തമാക്കിത്തീര്‍ത്തു. ഈ പശ്ചാത്തലത്തിലാണ് 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് പുതിയൊരു പ്രത്യയശാസ്ത്ര രേഖയ്ക്കു രൂപം നല്‍കിയത്. മുതലാളിത്തം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് മുതലക്കൂപ്പു നടത്തുകയാണ്; സോഷ്യലിസത്തില്‍ നിന്നുള്ള തിരിച്ചുപോക്ക് അസാധ്യമാണ് എന്നു തുടങ്ങിയ അതിലളിതവത്കരിച്ചതും യാന്ത്രികവുമായ ധാരണകളെ ഈ പ്രമേയം തിരുത്തി. യൂറോപ്പിലെ സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളാണ് ഈ പ്രമേയം മുഖ്യമായും പരിശോധിച്ചത്. മാര്‍ക്സിസത്തിന്റെ പ്രസക്തി ഈ പ്രമേയം ആവര്‍ത്തിച്ചുറപ്പിച്ചു.
അതുകഴിഞ്ഞ് ഇരുപതുവര്‍ഷത്തിനുശേഷമാണ് മറ്റൊരു പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്. സമകാലീന ആഗോളീകരണത്തിന്റെ സ്വഭാവവും അതുനേരിടുന്ന പ്രതിസന്ധിയുമാണ് ഈ പ്രമേയത്തിലെ ആദ്യത്തെ പരിഗണനാവിഷയം. ആഗോളീകരണം നിലവിലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ത്? പുതിയ സാഹചര്യത്തില്‍ ലോക വിപ്ലവപ്രക്രിയയെക്കുറിച്ച് എന്തെല്ലാം പറയാനാകും? അതോടൊപ്പം ഇന്ത്യന്‍ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള സോഷ്യലിസത്തിനായുള്ള പോരാട്ടത്തില്‍ അഭിമുഖീകരിക്കുന്ന ചില സവിശേഷപ്രശ്നങ്ങളെയും രേഖയില്‍ വിശകലനം ചെയ്യുന്നുണ്ട്.
ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണമായ ആധിപത്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് അടുത്തതായി ചര്‍ച്ച ചെയ്യുന്നത്. 16-18 നൂറ്റാണ്ടുകളില്‍ കച്ചവടമൂലധനത്തിനായിരുന്നു ആധിപത്യം. വ്യവസായ വിപ്ലവത്തോടെ വ്യവസായ മൂലധനം ആധിപത്യം നേടി. ഫിനാന്‍സ് മൂലധനത്തിന്റെ യുഗം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. പക്ഷേ, ഇപ്പോഴാണ് ഫിനാന്‍സ് മൂലധനാധിപത്യം സമ്പൂര്‍ണമാകുന്നത്.
എന്നാല്‍, മുന്‍കാലങ്ങളില്‍നിന്ന് രണ്ടു വ്യത്യസ്തതകള്‍ ഇപ്പോഴുണ്ട്. ഒന്നാമത്തേത്, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോളസ്വഭാവമാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങളെ ഇത് അപ്രസക്തമാക്കുന്നില്ലെങ്കിലും അന്തര്‍സാമ്രാജ്യ വൈരുദ്ധ്യങ്ങളെ മെരുക്കുന്നു, ഫിനാന്‍സ് മൂലധന താത്പര്യത്തിനു കീഴില്‍ അവരെ ഏകീകരിക്കുന്നു. രണ്ടാമത്തേത്, ഫിനാന്‍സ് മൂലധനത്തിന് ഉത്പാദനവുമായുള്ള നേരിട്ടുള്ള ബന്ധം അതിദുര്‍ബലമാകുന്നു എന്നതും. ഉത്പാദന പ്രക്രിയയില്‍ നേരിട്ടു പങ്കെടുക്കാതെ വിവിധങ്ങളായ ഊഹക്കച്ചവട വിപണികളിലെയും ഫിനാന്‍സിന്റെയും തിരിമറികളിലൂടെ അവ ലോകത്തെമ്പാടുമുള്ള ഫാക്ടറികളിലും വയലേലകളിലുംസൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യം ഊറ്റിയെടുക്കുന്നു. ഈ വ്യത്യസ്തതകള്‍ മനസ്സിലാക്കാതെ സമകാലീന ആഗോളീകരണത്തെ വിശദീകരിക്കാനാവില്ല. ഏതെങ്കിലും ഒരു രാജ്യത്തിന് ആഗോളക്രമത്തില്‍ നിന്ന് ഒറ്റയ്ക്കു കുതറിമാറാനുള്ള സാധ്യതകള്‍ ഫിനാന്‍സ് മൂലധനാധിപത്യം കര്‍ശനമായി പരിമിതപ്പെടുത്തുന്നു.
ഫിനാന്‍സ് മൂലധനാധിപത്യം മുതലാളിത്തത്തിന്റെ സ്വതഃസിദ്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുകയല്ല, കൂടുതല്‍ രൂക്ഷമാക്കുകയാണ്. 2008-ല്‍ തുടങ്ങിയ ആഗോളസാമ്പത്തികമാന്ദ്യം ഇപ്പോഴും തുടരുന്നു. മാര്‍ക്സ്തെളിയിച്ചതുപോലെ ഉത്പാദന വര്‍ധനയ്ക്ക് അനുസൃതമായി സമ്പദ്ഘടനയുടെ വാങ്ങല്‍ക്കഴിവ് ഉയരുന്നില്ല. ഇതു മറികടക്കാനായി സ്വീകരിച്ച ഉദാരമായ വായ്പനയം ഫിനാന്‍സ് മൂലധനത്തിന് പഥ്യമായി. ഊഹക്കച്ചവടം മാനംമുട്ടെ ഉയര്‍ന്നു. മാനത്തേക്കുയരുന്നതെല്ലാം താഴേക്കു വന്നേ പറ്റൂ. ഭവനവായ്പക്കുമിള പൊട്ടിയതോടെ അമേരിക്കന്‍ സമ്പദ്ഘടനയും മറ്റു പാശ്ചാത്യസമ്പദ്ഘടനകളും കുഴപ്പത്തിലേക്കു വഴുതിവീണു. കുഴപ്പത്തിലും ഫിനാന്‍സ് മൂലധനം തടിച്ചുകൊഴുത്തു. വീടും ജോലിയും നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും കിട്ടിയില്ല. ഈ തിരിച്ചറിവാണ് അമേരിക്കയില്‍പ്പോലും മുതലാളിത്തം കാലഹരണപ്പെട്ടു എന്ന മുറവിളി ഉയര്‍ത്തിയതും വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് രൂപം നല്കിയതും.
ഏറ്റവും പ്രത്യാശാഭരിതമായ സംഭവവികാസം ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റമാണ്. ഏതെങ്കിലും ഏകീകൃതമായ പരിപാടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ സര്‍ക്കാറുകളില്‍ കാണാന്‍ കഴിയില്ല. ക്യൂബയിലെന്നപോലെ സോഷ്യലിസം ആണ് ഭാവി എന്നു തിരിച്ചറിയുന്ന വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ തുടങ്ങിയ രാജ്യങ്ങള്‍ മുതല്‍ ഇന്ത്യയിലേതിനു ഏതാണ്ട് സമാനമായ പലനയങ്ങളും കൈക്കൊള്ളുന്ന ബ്രസീല്‍ വരെയുള്ള രാജ്യങ്ങളെ നമുക്കു കാണാം. പക്ഷേ, ഇവരുടെയെല്ലാം മുഖമുദ്ര അമേരിക്കന്‍ സാമ്രാജ്യത്വവിരോധമാണ്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണസംവിധാനങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പുതിയൊരു സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയ്ക്കു രൂപം നല്കിയിരിക്കുന്നു. ഇന്നത്തെ ആഗോള പരിസ്ഥിതിയില്‍ ഒരു ദേശരാഷ്ട്രത്തിനുള്ളില്‍ എങ്ങനെ ഇടതുപക്ഷ ബദലുകള്‍ക്കു രൂപംനല്കാന് പറ്റും എന്നതിന്റെ ധീരമായ പരീക്ഷണങ്ങളാണ് ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്നത്.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും പ്രത്യയശാസ്ത്രപ്രമേയത്തില്‍ പ്രാധാന പരിഗണന നല്‍കിയിട്ടുണ്ട്. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി മൂര്‍ച്ഛിക്കുന്ന പാരിസ്ഥിതിക തകര്‍ച്ച മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുധ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഉത്പാദനത്തിന്റെ വര്‍ധിച്ചുവരുന്ന സാമൂഹികവത്കൃത സ്വഭാവവും നേട്ടങ്ങളുടെ സ്വകാര്യമായ സ്വായത്തമാക്കലുമാണ് ഈ വൈരുദ്ധ്യം. ഇത് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവികസിത രാജ്യങ്ങളും തമ്മില്‍ പരിസ്ഥിതി സംരക്ഷണ പരിഹാര നടപടികള്‍ സംബന്ധിച്ച് രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴി തെളിക്കുന്നു.
ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ നേടിയത്. ചൈനയിലെ ആഭ്യന്തര- സാമ്പത്തിക പരിഷ്കരണങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. സോവിയറ്റ് യൂണിയന് കമ്യൂണിസത്തിന്റെ പടിവാതുക്കല്‍ ആണെന്നോ, ചൈന ഒരെടുത്തു ചാട്ടത്തോടെ സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്നുവെന്നുമുള്ള നിലപാടുകളെ പണ്ടേ സി.പി.എം. തള്ളിക്കളഞ്ഞതാണ്. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം ദീര്‍ഘനാളുകള്‍ കൊണ്ട് നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്.
വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ പ്രതിവിപ്ലവശക്തികളെ അടിച്ചമര്‍ത്തിക്കഴിഞ്ഞപ്പോള്‍ 'യുദ്ധകാല കമ്യൂണിസ'ത്തെ ലെനിന് തന്നെ തിരുത്തി. ഉത്പാദനശക്തികളെ വളര്‍ത്തുന്നതിനു വേണ്ടി കമ്പോളത്തെയും വിദേശമൂലധനത്തെയുമടക്കം സ്വകാര്യമൂലധനത്തെയും ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ നയം ലെനിന് മുന്നോട്ടുവെച്ചു. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിന്റെ കേളികൊട്ടു തുടങ്ങിയതോടു കൂടി ഈ നയം അവസാനിപ്പിക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. ലെനിന്റെ കാഴ്ചപ്പാടിനെ ചൈനയുടെ സവിശേഷസാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്നത്തെ ആഗോളപരിസ്ഥിതിയില്‍ നടപ്പാക്കുകയാണ് ചൈനീസ് നേതൃത്വം എന്നതായിരുന്നു ഇതുവരെ നല്‍കിവന്ന വിശദീകരണം.
മേല്‍പ്പറഞ്ഞ വിശദീകരണം ഇന്നും സാധുവാണ്. ഇതിന്റെ സദ്ഫലങ്ങള്‍ സാമ്പത്തികവളര്‍ച്ചയില്‍ കാണാനുമാകും. രണ്ടുദശാബ്ദക്കാലമായി ചൈന ശരാശരി പത്തുശതമാനം വേഗത്തില്‍ വളരുകയാണ്. ലോകചരിത്രത്തില്‍ മറ്റൊരു രാജ്യവും ഒരുകാലത്തും ഇതുപോലെ വേഗത്തില്‍ വളര്‍ന്നിട്ടില്ല. മറ്റൊരു രണ്ടുപതിറ്റാണ്ടു കഴിയുമ്പോഴേക്കും ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറും എന്നാണു പ്രവചനം.
മേല്‍പ്പറഞ്ഞ നേട്ടങ്ങളോടൊപ്പം പുതിയ നയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സാമൂഹികവൈരുധ്യങ്ങളിലേക്ക് പ്രമേയം ശ്രദ്ധക്ഷണിക്കുന്നു. വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള അസമത്വവും കുടുംബങ്ങള്‍ തമ്മിലുള്ള വരുമാനാന്തരവും ഞെട്ടിപ്പിക്കുന്ന തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും വ്യാപകമാകുന്നു. ഒരു പുതിയ മുതലാളിവര്‍ഗം വളര്‍ന്നുവരുന്നു. പ്രവാസി ചൈനീസ് മുതലാളിമാരടക്കം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ചൈനയിലാണ്.
ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മറുപടി ഈ സംഭവവികാസങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാധിപത്യത്തിന്റെ ചട്ടക്കൂടിലാണ് നടക്കുന്നത് എന്നാണ്. സോഷ്യലിസത്തിലേക്ക് മുന്നേറും എന്നതിന്റെ ഗ്യാരണ്ടി ഇതാണ്. പക്ഷേ, അടിത്തറയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം മേല്‍പ്പുരയെയും സ്വാധീനിക്കില്ലേ. പ്രത്യേകിച്ച്, പുതിയ സമ്പന്ന വിഭാഗങ്ങള്‍ക്കു കൂടി പാര്‍ട്ടി അംഗത്വം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍?
ഈ പ്രശ്നങ്ങളുടെ അവസാനതീര്‍പ്പ് പ്രമേയം കല്‍പ്പിക്കുന്നില്ല: ''ഈ വൈരുധ്യങ്ങളെ എത്രമാത്രം വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നതും അവയെങ്ങനെ പരിഹൃതമാകുന്നു എന്നതും ചൈനയുടെ ഭാവിഗതിയെ നിര്‍ണയിക്കും'' (ഖണ്ഡിക 6.23) . ക്യൂബയടക്കമുള്ള മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോഴും സമാനമായ പരിഷ്കാരങ്ങള്‍ ഏറിയും കുറഞ്ഞും നടപ്പാക്കിവരുന്നുണ്ട്. ഇതു കാണിക്കുന്നത് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയ എത്രമാത്രം സങ്കീര്‍ണമായി തീരുന്നു എന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് സി.പി.എം. ചൈനയുടെഈ പരിഷ്കാരങ്ങളെ അനുഭാവപൂര്‍വം പരിശോധിക്കാന്‍ തയ്യാറാകുന്നത്.
വിസ്തരഭയത്താല്‍ ഇന്ത്യന്‍ സോഷ്യലിസത്തിന്റെ പ്രത്യേകതകളും അതുസംബന്ധിച്ച വിവിധ മൂര്‍ത്തമായ പ്രശ്നങ്ങളും ഇവിടെ പരിശോധിക്കുന്നില്ല. ഒന്നൊഴികെ, സ്വത്വരാഷ്ട്രീയം. സോഷ്യലിസത്തിനു വേണ്ടിയുള്ള സമരത്തില്‍ പാര്‍ട്ടി ഏറ്റവും ഗൗരവമായി കൈകാര്യം ചെയ്യേണ്ടുന്ന പ്രശ്നങ്ങളായി ജാതീയതയ്ക്കെതിരായ സമരം, സ്ത്രീനീതിയ്ക്കു വേണ്ടിയുളള ഇടപെടല്‍, ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നിവയ്ക്ക് ഈ രേഖ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് എന്നുപറഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നു നടിക്കുകയോ അവഗണിക്കുകയോ അല്ല. ഇവയെല്ലാം സമകാലീന ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. സി.പി.എമ്മിന്റെ വ്യത്യസ്തത ഇത്തരം സ്വത്വബോധത്തെ അടിസ്ഥാനമാക്കി പൊതുരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനു പകരം പൊതു വര്‍ഗരാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സവിശേഷ സ്വത്വപ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ്. സി.പി.എം. അര്‍ഥശങ്കയ്ക്കിടയില്ലാതെ സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ വ്യത്യസ്തസ്വത്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന നാനാവിധ സാമൂഹികപ്രശ്നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെടുകയും ചെയ്യും.
10 comments:
വ്യവസായ മൂലധന ഘട്ടത്തില്‍ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിന്മേലാണു് ലാഭം കണക്കാക്കപ്പെട്ടിരുന്നതു്. ലാഭത്തിനും വ്യവസ്ഥിതിയുടെ നിലനില്പിനും ഉത്തരവാദിത്വം വ്യവസായ മൂലധന ഉടമകള്‍ക്കായിരുന്നു. പലിശ കിട്ടാന്‍ വേണ്ടിയും വായ്പ തിരിയെ കിട്ടാന്‍ വേണ്ടിയും വ്യവസായ താല്പര്യം സംരക്ഷിക്കപ്പെടണമെന്ന താല്പര്യം മാത്രമായിരുന്നു ബാങ്കുകള്‍ക്കുള്ളതു്. വ്യവസായ മൂലധനവും ബാങ്കു് മൂലധനവും തമ്മില്‍ ലയിച്ചു് ധന മൂലധനം രൂപപ്പെടുമ്പോള്‍ രണ്ടു് കൂട്ടര്‍ക്കും ഒരു പൊതു താല്പര്യം രൂപപ്പെടുന്നു. തങ്ങളുടെ ലാഭത്തിനു് വേണ്ടി വ്യവസായ താല്പര്യം മാത്രമല്ല, പൊതുവെ മൂലധന താല്പര്യം സംരക്ഷിക്കപ്പെടണമെന്ന പൊതു താല്പര്യം വ്യവസായ മൂലധനത്തിനും ബാങ്കു് മൂലധനത്തിനും മറ്റിതര മൂലധനവിഭാഗങ്ങള്ക്കും ഉണ്ടായി. ഈ വശം രേഖയില്‍ ശരിയായി തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്. അതായതു് ധന മൂലധന രൂപീകരണത്തിലൂടെ മുതലാളിത്ത വ്യവസ്ഥയ്ക്കു് കൈവന്ന നേട്ടം നിരന്തരം വികസിക്കുന്ന മൂലധനവും അതിനാവശ്യമായ ലാഭ സ്രോതസുകളുമില്ലാതെ ഒരു നിമിഷം പോലും നിലനില്കാനാവില്ലെന്നതിനാല്‍ എല്ലാവരും ചേര്‍ന്നു് മൊത്തം ആഗോള ധന മൂലധനത്തിനും ലാഭം ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കാലാകാലം രൂപപ്പെടുത്തുന്നതില്‍ താല്പര്യ പൊരുത്തം കൈവരിക്കാനായി എന്നതാണു്. എന്നാല്‍, ഇതില്‍ നിന്നുരുത്തിരിയുന്ന പ്രത്യാഘാതം ആഗോള മുതലാളിത്തത്തെ അതി ഗുരുതവും സ്ഥായിയുമായ ഒരു പുതിയ പ്രതിസന്ധിയിലേക്കു് എടുത്തെറിഞ്ഞു എന്നതു് കൂടിയാണു്.
വ്യവസായ മൂലധന ഘട്ടത്തില്‍ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിനു് മാത്രം ലാഭം കണക്കാക്കിയാല്‍ മതിയായിരുന്നു. ഉല്പാദനത്തില് പങ്കാളിത്തമില്ലാത്തതൊന്നും മൂലധനമായി കണക്കാക്കപ്പെടുക പോലുമില്ലായിരുന്നു. ധന മൂലധന രൂപീകരണത്തോടെ പിരിച്ചെടുക്കപ്പെട്ട ഓഹരികള്‍ക്കെല്ലാം ലാഭം വേണം. ബാങ്കില്‍ കെട്ടിക്കിടക്കുന്നതെങ്കിലും നിക്ഷേപങ്ങള്‍ക്കെല്ലാം ലാഭം വേണം. ലാഭമില്ലാതായാല്‍ മാത്രമല്ല, ലാഭ നിരക്കു് കുറവാണെന്നു് വന്നാല്‍ തന്നെ ഓഹരി കമ്പോളത്തില്‍ ഓഹരി വില കുത്തനെ ഇടിയും. അതു് മൊത്തം ആഗോള ധന മൂലധനത്തെ ബാധിക്കും.
കടുത്ത ചൂഷണത്തിലൂടെയും കൊള്ളയിലൂടെയും അതി വേഗത്തിലും ഭീമാകാരമായും വികസിക്കുന്ന മൂലധനത്തിനു് ആനുപാതികമായി ലാഭവും അതിനടിസ്ഥാനമായ മിച്ച മൂല്യവും വര്‍ദ്ധിക്കുന്നില്ല എന്നതാണു് പുതിയ പ്രതിസന്ധി. മൊത്തം ധന മൂലധനത്തിന്മേല് മൊത്തം ലാഭം കണക്കാക്കുമ്പോള്‍ അതു് നിരന്തരം കുറയുന്നു. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടായി തൊഴില്‍ മേഖലയുടെ വളര്‍ച്ച സമ്പദ്ഘടനകളുടേയും മൂലധനത്തിന്റേയും വളര്‍ച്ചയുടെ വളരെ പുറകിലാണു്. തൊഴില്‍ രഹിത വളര്‍ച്ച എന്ന ഓമനപ്പേരും അതിനു് വന്നു് വീണു. തൊഴില്‍ രഹിതമെന്നാല്‍ മിച്ചമൂല്യ സൃഷ്ടി നടക്കുന്നില്ല എന്നു് കൂടിയാണര്‍ത്ഥം. നിലവിലുള്ള തൊഴിലാളികളുടെ അദ്ധ്വാന സമയം വര്‍ദ്ധിപ്പിച്ചും ഉള്ള സമയം തന്നെ കൂടുതല്‍ പണിയെടുപ്പിച്ചും യന്ത്രവല്‍ക്കരണത്തിലൂടെയും മറ്റും മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ അതെല്ലാം ചേര്‍ത്താലും മൂലധന പെരുപ്പത്തിനു് ആനുപാതികമായ മിച്ചമൂല്യ വര്‍ദ്ധനവോ ലാഭ സൃഷ്ടിയോ നടക്കുന്നില്ല. അതു് മൂലം പെരുകുന്ന മൂലധനത്തിന്മേല് അത്ര പെരുകാത്ത ലാഭം ലാഭ നിരക്കില്‍ നിരന്തരമായ ഇടിവുണ്ടാക്കുന്നു. ലാഭ നിരക്കു് ഇടിയാതിരുന്നാല്‍ മാത്രം പോര, കൂടിക്കൊണ്ടിരുന്നാലേ ഓഹരി കമ്പോളത്തില്‍ മത്സര ക്ഷമമാകാന്‍ സ്ഥാപനത്തിനു് കഴിയൂ. അതിനാല്‍ ഓരോ സ്ഥാപനവും ലാഭം ഉണ്ടായാലും കുറഞ്ഞാലും ഇല്ലെങ്കിലും കൂടുതല്‍ ലാഭമുണ്ടെന്നു് കാണിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ലാഭം ഇടിയുന്നു എന്ന വസ്തുത ഓഹരി ഉടമകളില്‍ നിന്നു് മറച്ചു് പിടിക്കാനാകട്ടെ ആസ്തി പെരുപ്പിച്ചു് കാട്ടി കള്ളക്കണക്കുണ്ടാക്കുന്നു. ഓഹരി ഉടമകളെ തന്നെ കബളിപ്പിക്കുന്നു. മുതലാളിത്തം മുതലാളിമാരെ തന്നെ കബളിപ്പിക്കുന്നു.
മേല്‍ പ്രതിസന്ധി മറച്ചു് വെയ്ക്കാനായി മുതലാളിത്തം കണ്ടു് പിടിച്ച മാര്‍ഗ്ഗങ്ങളാണു് മിഥ്യാ ചരക്കുകളും മിഥ്യാ സമ്പദ്ഘടനയും അവയുടെ ഇല്ലാത്ത മൂല്യം ഉണ്ടെന്നു് സമൂഹത്തെ ബോദ്ധ്യപ്പെടുത്താനായി പ്രകൃതി വിഭവങ്ങളുടേയും സാമൂഹ്യ ആസ്ഥികളുടേയും കൊള്ളയും. ഇതെല്ലാം രേഖയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ടു്. പ്രാകൃത മൂലധന സഞ്ചയത്തിന്റെ വര്‍ദ്ധനവു് ശരിയായി തന്നെ വിശദീകരിക്കപ്പെട്ടു. എന്നാല്‍, ഇന്നത്തെ കൊള്ളയുടേയും അതിനായി ന്യായീകരിക്കപ്പെടുന്ന അഴിമതിയുടേയും വ്യാപനത്തിന്റെ കാരണത്തേക്കുറിച്ചും മിഥ്യാ സമ്പദ്ഘടനയുടെ വൈപുല്യത്തേക്കുറിച്ചും അതിന്റെ സ്വതന്ത്രാസ്തിത്വത്തേക്കുറിച്ചും വേണ്ടത്ര ധാരണകള്‍ വെളിവാക്കപ്പെടുന്നില്ല.
മനുഷ്യന്റെ നിത്യ ജീവിതത്തെ ഒരു വിധത്തിലും മെച്ചപ്പെടുത്താന്‍ ഉപകരിക്കാത്തതും എന്നാല്‍ തന്നെപ്പോറ്റികളും തട്ടിത്തീനികളുമായ ഒരു പറ്റം മൂല ധന ഉടമകളായ ഇത്തിക്കണ്ണികള്‍ക്കു് തങ്ങള്‍ തട്ടിച്ചെടുത്ത പണം ഉപയോഗിച്ചു് ചൂതാടാനും അതിലൂടെ മാനസികോല്ലാസം നേടാനും മാത്രം കൊള്ളാവുന്ന മിഥ്യാ ചരക്കുകള്‍ (Virtual Commodities) സൃഷ്ടിക്കുകയും അവയില്‍ ആവര്‍ത്തിച്ചു് ഇടപാടുകള്‍ നടത്തുകയും ചെയ്യുക (ഓഹരികളുടേയും ധനകാര്യ ഉപകരണങ്ങളുടെ വകഭേദങ്ങളുടേയും - derivatives - ആവര്‍ത്തിച്ചുള്ള വില്പന), നിലവിലുള്ള സേവനങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണഗണങ്ങളെ മാത്രം അടര്‍ത്തിയെടുത്തു് പ്രത്യേക സേവനങ്ങളായി പെരുപ്പിച്ചു് സേവനോല്പന്നങ്ങള്‍ സൃഷ്ടിക്കുക, ഒരിയ്ക്കല്‍ ഉല്പാദിപ്പിച്ചു് വരുമാനവും ലാഭവും ഉണ്ടാക്കിയ സോഫ്റ്റ്വെയറുകള് ആവര്‍ത്തിച്ചു് വിറ്റു് അമിത ലാഭം കുന്നുകൂട്ടുക, പരമ്പരാഗത വിവരങ്ങളെ ക്രോഡീകരിച്ചു് പുതിയ കണ്ടു് പിടുത്തമായി അവതരിപ്പിക്കുക, അവ വിറ്റു് പണമുണ്ടാക്കുക തുടങ്ങി ഒട്ടേറെ പുതിയ അയഥാര്‍ത്ഥ ചരക്കുകള്‍ (Virtual Commodities) സൃഷ്ടിച്ചു് ധന മൂലധനത്തിന്റെ നേരിട്ടുള്ള വിഹാര രംഗമായ ഒരു മിഥ്യാ സമ്പദ്ഘടന (Virtual Economy) രൂപപ്പെടുത്തപ്പെട്ടിരിക്കുകയാണിന്നു്. അവിടെ ചിലര്‍ ലാഭമുണ്ടാക്കുന്നുണ്ടു്. അതു് മറ്റു് ചിലരുടെ നഷ്ടമാണു്. അവ തട്ടിക്കിഴിച്ചാല്‍ മൊത്തം ലാഭം ഇല്ല. ആ സമാന്തര സമ്പദ്ഘടന മൊത്തത്തില്‍ ലാഭമുണ്ടാക്കുന്നുണ്ടെങ്കില്‍ അതു് മനുഷ്യന്റെ നിത്യ ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സാധന സാമഗ്രികളും സേവനങ്ങളും ഉല്പാദിപ്പിക്കുന്ന യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വലിച്ചെടുക്കുന്നതാണു്. അതും മൊത്തം സമൂഹത്തില്‍ മിച്ചമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മാത്രമല്ല, ഈ അയഥാര്‍ത്ഥ സമ്പദ്ഘടന അതു് കൈകാര്യം ചെയ്യുന്ന പണത്തിനോ അതു് അവകാശപ്പെടുന്ന മൊത്തം ആഭ്യന്തര ഉല്പാദനത്തിനോ ആനുപാതികമായി തൊഴില്‍ സൃഷ്ടിക്കുന്നുമില്ല. അതായതു്, അതു് അവകാശപ്പെടുന്ന ലാഭത്തിനു് അടിസ്ഥാനമായ മിച്ചമൂല്യം സൃഷ്ടിക്കുന്നില്ല. മറിച്ചു്, മറ്റു് മുതലാളിമാരേയോ മറ്റു് മേഖലകളേയോ തട്ടിച്ചു് പണമുണ്ടാക്കുക മാത്രമാണു് ചെയ്യുന്നതു്. ഇതാണു്, ഇന്നത്തെ, ആഗോള ധന മൂലധന കാലത്തെ, മുതലാളിത്ത സജീവതയുടെ പ്രധാനപ്പെട്ട മേഖല. യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നടക്കുന്ന പണമിടപാടുകളുടെ അന്‍പതിലേറെ മടങ്ങാണു് ഇന്നു് ഓരോ ദിവസവും അയഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നടക്കുന്നതെന്നാണു് ഒരു കണക്കു്.
ഈ മിഥ്യാ സമ്പദ്ഘടനയുടെ സ്വതന്ത്രാസ്തിത്വം വിപ്ലവ ശക്തികള്‍ ശ്രദ്ധിക്കുകയും അതിനെതിരെ ശരിയായ രീതിയില്‍ ശക്തമായ കടന്നാക്രമണം സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ടു്. കുമിളകളേക്കുറിച്ചുള്ള ധാരണയില്‍ നിന്നു് സമാന്തര മിഥ്യാ സമ്പദ്ഘടനയേക്കുറിച്ചു് ധാരണകള്‍ രൂപപ്പെടുത്തേണ്ടതുണ്ടു്.
മിഥ്യാ സമ്പദ്ഘടന സൃഷ്ടിക്കുന്ന സജീവതയുടെ നേരര്‍ത്ഥം കായികവും മാനസികവുമായി അദ്ധ്വാനിച്ചു് യഥാര്‍ത്ഥ ജീവിതോപാധികള്‍ സൃഷ്ടിക്കുന്ന തൊഴിലാളികളുടേയും കൃഷിക്കാരുടേയും സ്വയം തൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരുടേയും അദ്ധ്വാന ഫലം തട്ടിയെടുക്കുന്നു എന്നതു് മാത്രമാണു്. ആ മേഖലകളിലൊന്നും മുതല്‍ മുടക്കാതെ, ആമേഖലകളിലൊന്നും അവരുടെ സംരംഭകത്വ കഴിവു് പ്രകടിപ്പിക്കാതെ പണിയെടുക്കുന്ന വിവിധ വിഭാഗങ്ങളുടെ അദ്ധ്വാന ഫലത്തില്‍ നിന്നു് ആ മേഖലകളിലെ സംരംഭകര്‍ ഊറ്റിയെടുക്കുന്ന മിച്ച മൂല്യം മൊത്തത്തില്‍ തട്ടിയെടുക്കുന്നതു് മുതലാളിത്തത്തിന്റെ സഹജമെന്നു് പറയപ്പെടുന്ന സംരംഭകത്വമോ സജീവതയോ മേന്മയോ ആയി പറയാനാവില്ല. അതു് വെറും കൊള്ള മാത്രമാണു്. മുതലാളിത്തം അതിന്റെ തുടക്കത്തില്‍ മൂലധന രൂപീകരണത്തിനായി അനുവര്‍ത്തിച്ചതും പ്രാകൃത മൂലധന സമാഹരണമെന്നു് മാര്‍ക്സ് വിശേഷിപ്പിച്ചതുമായ കൊള്ളയുടെ പുതിയൊരാവര്ത്തനമോ തുടര്‍ച്ചയോ മാത്രമാണതു്.
ഈ പുത്തന്‍ കൊള്ളയെ ആധാരമാക്കി നടക്കുന്ന മൂലധന മുന്നേറ്റത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ആഗോള ധന മൂലധനത്തിന്റെ വളര്‍ച്ചയും പെരുപ്പവും തന്നെ മുതലാളിത്തത്തിനുള്ളില്‍ പരിഹാരമില്ലാത്ത പുതിയൊരു തുടര്‍ പ്രതിസന്ധിയുടെ കാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്തത്തിന്റെ സഹജമായ പ്രതിസന്ധി എന്നു് പറയുന്നതു് ഉല്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയപ്പെടുന്നില്ല എന്നതാണു്. അതു് എല്ലാക്കാലത്തും ഉണ്ടാകാമെങ്കിലും പ്രതിസന്ധിയായി പൊട്ടിപ്പുറപ്പെടുന്നതു് ഇടവിട്ടു് മാത്രമാണു്. അതു് ചാക്രികമാണു്. അതില്‍ നിന്നു് കര കയറാന്‍ മറ്റു് മാര്‍ഗ്ഗങ്ങള്‍, കയറ്റുമതി, ഉല്പന്നങ്ങളുടേയും ഉല്പാദന ശേഷിയുടേയും നശീകരണം, അതിനായി മനുഷ്യരാശിയെ മുച്ചൂടും കൊന്നൊടുക്കുന്ന യുദ്ധമടക്കം എന്തു് ദ്രോഹവും, വായ്പയിലൂടെയും വര്‍ദ്ധിച്ച സര്‍ക്കാര്‍ ചെലവിലൂടെയും സമൂഹത്തിലേയ്ക്കു് പണമെത്തിച്ചു് പണ പെരുപ്പം സൃഷ്ടിച്ചും മറുവശത്തു് വില കയറ്റി ആ പണം കൂടുതലായി തിരിച്ചു് പിടിച്ചും ജനങ്ങളെ കൂടുതല്‍ പാപ്പരീകരിക്കുക തുടങ്ങി പല മറു പരിഹാര മാര്‍ഗ്ഗങ്ങളും അനുവര്‍ത്തിക്കപ്പെടുകയാണു്. അതിലൂടെ പ്രതിസന്ധികള്‍ മുന്നോട്ടു് തള്ളി നീക്കപ്പെടുക മാത്രമാണു്. പരിഹാരം ഉണ്ടാകുന്നില്ല. വളരെ കുറച്ചാളുകള്‍ പണമുണ്ടാക്കുകയും ബഹുഭൂരിപക്ഷം ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കുകയും മാത്രമാണു് മറു പരിഹാര മാര്‍ഗ്ഗങ്ങളുടെ മൊത്തം ഫലം. കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയും അവയ്ക്കു് പുതിയ മറുവഴികളുമായാണു് മുതലാളിത്തം നാളിതു് വരെ വളര്‍ന്നതും വികസിച്ചതും പിടിച്ചു് നില്കുന്നതും. ചാക്രിക പ്രതിസന്ധി വിവിധ മേഖലകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ വ്യത്യസ്ഥ സമയത്താണു് പൊട്ടിപ്പുറപ്പെടുക. അതിനാല്‍, ആ ഘട്ടത്തില്‍ പൊതുവെ മുതലാളിത്ത വ്യവസ്ഥിതി എല്ലാക്കാലത്തും പൊതുവെ പ്രതിസന്ധിയിലാവില്ല. വ്യവസായ മൂലധന ഘട്ടത്തിലെ അത്തരം ചാക്രിക-പൊതു പ്രതിസന്ധികളില്‍ പരസ്പരം സഹായിച്ചും സ്വന്തം വ്യവസ്ഥ സംരക്ഷിച്ചും വിവിധ മൂലധന വിഭാഗങ്ങള്‍ തകരാതെ പിടിച്ചു് നിന്നു് പോന്നു. തകര്‍ച്ച ഉണ്ടായാല്‍ തന്നെ പ്രത്യേക മേഖലകളിലോ രാജ്യങ്ങളിലോ ഭൂഘണ്ഡങ്ങളിലോ ആയി പരിമിതപ്പെട്ടിരുന്നു. പ്രതിസന്ധിയുടെ ആഘാതമാകട്ടെ, തൊഴിലാളികളടക്കം സാധാരണക്കാരുടേയും അതില്‍ തന്നെ പിന്നോക്ക-അവികസിത-വികസ്വര നാടുകളിലുള്ളവരുടെ മേല്‍ അടിച്ചേല്പിച്ചാണു് മുതലാളിത്തം നാളിതു് വരെ നിലനിന്നതു്.
മുതലാളിത്തത്തിന്റെ അന്ത്യം മാര്‍ക്സും എംഗത്സും പ്രവചിച്ചതു് വിവിധ മേഖലകളിലേയും രാഷ്ട്രങ്ങളിലേയും ചാക്രിക പ്രതിസന്ധി മൂര്‍ച്ഛിച്ചു് ചില ഘട്ടങ്ങളില്‍ വിവിധ മേഖലകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ ഒരേ സമയം പ്രതിസന്ധി പൊട്ടി പുറപ്പെടുന്ന പൊതു പ്രതിസന്ധി ഘട്ടങ്ങളില്‍ ഉരുത്തിരിയുന്ന വിപ്ലവ സാഹചര്യം ഉപയോഗപ്പെടുത്തി ബന്ധപ്പെട്ട തൊഴിലാളി വര്‍ഗ്ഗം അതതു് രാജ്യങ്ങളിലെ മുതലാളിത്ത ഭരണകൂടത്തെ തകര്‍ത്തു് സോഷ്യലിസ്റ്റു് ഭരണ കൂടം സ്ഥാപിക്കുന്നതു് വഴി നടക്കുമെന്നാണു്. സോഷ്യലിസ്റ്റു് വിപ്ലവം സാരാംശത്തില്‍ (ഉള്ളടക്കത്തില്‍) സാര്‍വ്വദേശീയമാണെങ്കിലും പ്രകൃതത്തില്‍ ദേശീയമാണെന്നു് കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ നിരീക്ഷിക്കുന്നതു് ഈ പശ്ചാത്തലത്തിലാണു്. ആ വിശകലനം ശരിയാണെന്നു് മുന്‍ കാല സോഷ്യലിസ്റ്റു് വിപ്ലവങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. റഷ്യന്‍ വിപ്ലവം നടന്നതിനു് മുമ്പുള്ള ഘട്ടവും മുപ്പതുകളിലെ വലിയ മാന്ദ്യവും അത്തരത്തിലുള്ള ചാക്രിക കുഴപ്പങ്ങളുടെ ഒത്തുചേരലിലൂടെ രൂപപ്പെട്ട പൊതു കുഴപ്പങ്ങളായിരുന്നു.
കള്ളക്കണക്കിലൂടെ ഏറെക്കാലം നില നില്‍ക്കാനാവില്ല. വര്‍ദ്ധിച്ചതായി കാണിച്ച കണക്കിലെ ആസ്തിക്കു് ഭൌതികാസ്തികള്‍ ഈടുണ്ടാവണം. അതിനായി സര്‍ക്കാരിനു് മേല്‍ സമ്മര്‍ദ്ദം ചെലുത്തി നികുതി ഇളവുകള്‍ നേടുന്നു. സാമ്പത്തിക സഹായങ്ങള്‍ നേടുന്നു. പശ്ചാത്തല സൌകര്യങ്ങളെന്ന നിലയില്‍ ഭൂമിയും വനവും എണ്ണപ്പാടങ്ങളും ജല സ്രോതസുകളും കയ്യടക്കുന്നു. അവയുടെ മൂല്യം ആസ്തിയായി കാട്ടി ബാക്കി പത്രത്തില്‍ ലാഭം കൂട്ടി കാണിച്ചു് ഓഹരി കമ്പോളത്തില്‍ പിടിച്ചു് നില്കുന്നു. അതു് പക്ഷെ, അതോടൊപ്പം തന്നെ വീണ്ടും ഈ പുതിയ പ്രതിസന്ധി രൂക്ഷമാക്കുക മാത്രമാണു് ചെയ്യുന്നതു്. കാരണം, വര്‍ദ്ധിക്കാതെ തന്നെ വര്‍ദ്ധിച്ചതായി കണക്കില്‍ കാട്ടിയ ആസ്തിയോ സര്‍ക്കാരിലൂടെ നേടിയതോ കൊള്ളയടിച്ചതോ ആയ ആസ്തിയോ ഏതായാലും അതും സ്ഥാപനത്തിന്റെ മൂലധനം കണക്കില്‍ വര്‍ദ്ധിപ്പിക്കുക തന്നെയാണു് ചെയ്യുന്നതു്. അടുത്ത വര്‍ഷത്തെ കണക്കില്‍ അതിനു് കൂടി ലാഭം കാണിക്കണം. ആഗോള വ്യാപാര മാന്ദ്യത്തിന്റെ ഘട്ടമായതു് കൊണ്ടു് മാത്രമല്ല, അല്ലാതെയും കൊള്ളയിലൂടെ നേടിയ മൂലധന പെരുപ്പത്തിനാനുപാതികമായ ലാഭ വര്‍ദ്ധന അസാദ്ധ്യമാണു്. മറിച്ചു്, ഈ കൊള്ളയും പൊതു സമൂഹത്തില്‍ നിന്നു് തട്ടിയെടുക്കുന്ന ലാഭവും സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തേയും പാപ്പരാക്കുകയും വര്‍ദ്ധിച്ച വ്യാപാര മാന്ദ്യത്തിനു് വഴിയൊരുക്കുകയുമാണു്.
മാത്രമല്ല, ധന മൂലധന വ്യവസ്ഥ അതിന്റെ നിലനില്പിനു് വേണ്ടി സമാഹരിക്കുന്ന വിഭവങ്ങള്‍, ഭരണ കൂട സഹായത്തോടെ സ്വന്തമാക്കുന്ന സാമൂഹ്യ സമ്പത്തില്‍ നല്ലൊരോഹരി ധന മൂല ധന കൈകാര്യക്കാര്‍ സ്വന്തം പേരില്‍ അടിച്ചു് മാറ്റിക്കൊണ്ടു് ഓഹരി ഉടമകളെ മൊത്തത്തില്‍ പാപ്പരീകരിക്കുകയും കബളിപ്പിക്കുകയും കൂടിയാണു്. അതായതു്, വ്യവസ്ഥിതിയുടെ നിലനില്പിനെന്ന ന്യായീകരിണത്തോടെ ആരംഭിച്ച കള്ളക്കണക്കു് തുടരുകയും ഓഹരി ഉടമകളുടെ സമ്പത്തു് തട്ടിയെടുക്കാന്‍ കൂടി ഉപയോഗിക്കുകയും ചെയ്യുന്നു. ലാഭ നിരക്കു് ഉയര്‍ത്തി കാട്ടാനും ആസ്തി പെരുപ്പിക്കാനുമായി ഊഹക്കച്ചവടം, അദൃശ്യാസ്തികള്‍, സാമൂഹ്യാസ്തികളുടെ സ്വകാര്യോടമസ്ഥത തുടങ്ങി പല പല മാര്‍ഗ്ഗങ്ങളും നോക്കി അവസാനം തനി കൊള്ള വരെ എത്തി നില്കുന്നു. അതാണു് പ്രകൃതി വിഭവങ്ങളുടേയും സാമൂഹ്യാസ്തികളുടേയും കൊള്ളയിലും അതിനു് കൂട്ടു് നില്കുന്നതിനു് അഴിമതിയുടെ മനം മടുപ്പിക്കുന്ന പെരുപ്പത്തിനും കാരണമാകുന്നതു്.
അഴിമതി ഉദ്യോഗസ്ഥ തലത്തില്‍ നിന്നു് രാഷ്ട്രീയ തലത്തിലേയ്ക്കും തുടര്‍ന്നു് കോര്‍പ്പറേറ്റു് തലത്തിലേയ്ക്കും വ്യാപിച്ചു. അവസാനമിതാ ഈ മൂലധന കൊള്ള വ്യവസ്ഥാപിതമാണെന്നു് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വരെ ശ്രമം നടക്കുന്നു. ആരും കൈക്കൂലിയായി പണം കൈപ്പറ്റുന്നില്ല. പക്ഷെ, ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്നു് കൊള്ള മുതല്‍ പങ്കു് വെച്ചനുഭവിക്കുന്നു. അതിനായി കോര്‍പ്പറേറ്റു് നേതൃത്വം തന്നെ രാഷ്ട്രീയക്കാരായും ഉന്നത ഉദ്യോഗസ്ഥരായും സ്ഥാനമേറ്റെടുക്കുന്നു. അങ്ങിനെ കോര്‍പ്പറേറ്റു്-രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ കൂട്ടു് കെട്ടു് രൂപപ്പെട്ടിരിക്കുന്നു. അതാണിന്നു് ലോകം ഭരിക്കുന്നതു്. ഈ അവിശുദ്ധ കൂട്ടുകെട്ടു് സാമ്രാജ്യത്വ നായക രാഷ്ട്രമായ അമേരിക്കയില്‍ പതിറ്റാണ്ടുകള്‍ക്കു് മുമ്പേ ആരംഭിച്ചതാണു്. മിക്ക വികസിത നാടുകളിലേയ്ക്കും അതു് വ്യാപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിലും അതു് സംഭവച്ചിരിക്കുന്നു. നാളിതു് വരെ കേട്ടു് തഴമ്പിച്ച ഏതാനും കോടികളുടെ കുംഭകോണങ്ങളുടെ സ്ഥാനത്തു് സാധാരണക്കാര്‍ക്കു് വിശ്വസിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിനു് കോടികളുടെ കുഭകോണങ്ങള്‍ - രണ്ടാം തലമുറ മൊബൈല്‍ സ്പെക്ട്രം, സാറ്റലൈറ്റു് ബാന്റു് സ്പെക്ട്രം, കല്‍ക്കരി ഖനി, കെജിബേസിന്‍ എണ്ണപ്പാടം, കോമണ്‍വെല്‍ത്തു് ഗെയിംസ് തുടങ്ങി സിഏജി ഓഡിറ്റിലൂടെ സ്ഥിരീകരിക്കപ്പെട്ട യുപിഎ സര്‍ക്കാരിന്റെ കോഴ ഇടപാടുകളും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ഇരുമ്പയിര് ഖനിയിടപാടുകളും അനധികൃത ഖനനവും ഇരുമ്പയിരിന്റെ അനധികൃത കയറ്റുമതിയും വനം കയ്യേറ്റങ്ങളും - നടക്കുന്നതു് മേല്‍ പറഞ്ഞ മുതലാളിത്ത പൊതു കുഴപ്പം മറച്ചു് പിടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം കൂടിയാണു്.
ഇതെല്ലാം പക്ഷെ, പ്രതിസന്ധിക്കു് പരിഹാരമാകുന്നില്ലെന്നു് മാത്രമല്ല, അതു് പല മടങ്ങു് രൂക്ഷമാക്കുക കൂടിയാണു്. ലാഭം ഇടിയുന്ന പ്രവണത വര്‍ദ്ധിപ്പിക്കുക മാത്രമാണീ കൊള്ളകളുടെ ഫലം. പക്ഷെ, ജനങ്ങള്‍ പാപ്പരാകുന്നു. സാമൂഹ്യ സമ്പത്തു് കൊള്ളയടിക്കപ്പെടുന്നു. സര്‍ക്കാര്‍ പാപ്പരാകുന്നു. മാത്രമല്ല, ലാഭ വര്‍ദ്ധനവിനായി അനാവശ്യമായി ഉപഭോഗം സൃഷ്ടിക്കുന്നതിലൂടെ ഭാവി സമൂഹം അനുഭവിക്കേണ്ട വിഭവങ്ങള്‍ പോലും ധൂര്‍ത്തടിക്കപ്പെടുന്നു. പരിസ്ഥിതി നാശം രൂക്ഷമാകുന്നു. അതിലൂടെയെല്ലാം ഒരു വശത്തു് ജനങ്ങളുടെ ദുരിതവും മറുവശത്തു് ധന മൂലധനവും പെരുകുന്നു.
അതായതു്, ആഗോള ധന മൂലധന ഘട്ടത്തിലെ മുതലാളിത്തം മുതലാളിത്തത്തിന്റെ സഹജ ധര്‍മ്മമെന്നു് വിശേഷിപ്പിക്കപ്പെടുന്ന ഉല്പാദന വര്‍ദ്ധനവിലും തൊഴില്‍ സൃഷ്ടിയിലും മിച്ച മൂല്യ വര്‍ദ്ധനവിലും ലാഭ സൃഷ്ടിയിലും പോലും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. വ്യവസായ മൂലധനം പണ്ടു് ചെയ്തിരുന്ന സാമൂഹ്യമായി പ്രസക്തിയുള്ള ഉല്പാദനവും മിച്ച മൂല്യ സൃഷ്ടിയും ഇന്നു് നടത്തുന്നതു് പ്രായേണ ചെറിയ വ്യവസായ സ്ഥാപനങ്ങളോ പൊതു മേഖലാ സ്ഥാപനങ്ങളോ സ്വയംതൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരോ മാത്രമാണു്. അവരൂറ്റിയെടുക്കുന്ന മിച്ച മൂല്യം തട്ടിയെടുക്കുക എന്ന കൊള്ള മാത്രമാണു് ധന മൂലധന സ്ഥാപനങ്ങളും കുത്തകകളും നിലവില്‍ ചെയ്യുന്നതു്. ധന മൂലധന കുത്തകകളുടെ നിലനില്പിനു് മേലാല്‍ യാതൊരു ന്യായീകരണവുമില്ലാതായിരിക്കുന്നു. ധന മൂലധനം ചൂഷണം ചെയ്യുന്നതു് തൊഴിലാളികളേയല്ല, തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സംരംഭകരെയാകെയാണു്. ഇവിടെ നടക്കുന്നതു് മുതലാളിമാര്‍ തമ്മിലുള്ള മത്സരമായിപ്പോലും കാണാനാവില്ല. യഥാര്‍ത്ഥ സംരംഭകരെ കൊള്ളയടിക്കുന്ന കൊള്ളക്കാരാണു് ധന മൂലധന കുത്തകകള്‍. അവരെന്നോ സംരംഭകത്വം കാണിക്കാതായിരിക്കുന്നു. മറിച്ചു്, കൊള്ളയുടെ രീതികള്‍ ആസൂത്രണം ചെയ്യുന്നതു് സംരംഭകത്വമായെടുത്താല്‍ പോലും അവരുടെ സ്ഥാപനങ്ങളില്‍ തന്നെ ആ ധര്‍മ്മം നിര്‍വഹിക്കുന്നതു് തൊഴിലാളികളാണു്. ധന മൂലധനത്തിലധിഷ്ഠിതമായ മുതലാളിത്തത്തിനു് നിലനില്പിനുള്ള അവകാശം നഷ്ടമായിരിക്കുന്നു.
വ്യവസായ മൂലധനാധിഷ്ഠിത മുതലാളിത്ത ഘട്ടത്തില്‍ മിച്ച മൂല്യം വലിച്ചെടുക്കുന്നതു് മൂലം ഉല്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയപ്പെടാതെ പോകുന്നുവെന്ന മുതലാളിത്തത്തിലെ സഹജ പ്രതിസന്ധി ധന മൂലധന ഘട്ടത്തില്‍ തുടര്‍ച്ചയായി ഇടിയുന്ന ലാഭ നിരക്കെന്ന പൊതുക്കുഴപ്പത്തിനും കൂടി വഴി വെച്ചിരിക്കുന്നു. മുന്‍ കാല പ്രതിസന്ധി ഇടവിട്ടായിരുന്നെങ്കില്‍ ഇന്നു് നിരന്തരം വര്‍ദ്ധിക്കുന്നതും തുടര്‍ച്ചയായതുമാണു്. അതായതു്, വിപ്ലവ പരിതസ്ഥിതി പരിപക്വമായും സ്ഥായിയായും നിലനില്ക്കുന്നു. വസ്തു നിഷ്ഠ ഘടകം പാകമാണു്. ആത്മ നിഷ്ഠ ഘടകം, വിപ്ലവം അടിയന്തിരവശ്യമാണെന്നു് കാണുന്ന വിപ്ലവ ശക്തി തയ്യാറായാല്‍ മതി. വയറ്റാട്ടി രംഗത്തെത്തുകയേ വേണ്ടൂ.
അതാണു് കരടു് രേഖയില്‍ വിപ്ലവത്തിനുള്ള ഭൌതിക സാഹചര്യം രൂപപ്പെട്ടു് സ്ഥിരമായി തുടരുന്നു എന്നും വിപ്ലവ ശക്തികളുടെ വികാസവും ദൃഢീകരണവും ഇടപെടലും നടക്കുകയോ വേണ്ടൂ എന്നു് ഖണ്ഡിതമായി പറയുന്നതിന്റെ പശ്ചാത്തലം.
ഈ വ്യവസ്ഥിതി മാറ്റേണ്ടതിനു് സംരംഭകര്‍ തന്നെ കലാപത്തിനിറങ്ങുന്ന സ്ഥിതി സംജാതമായിക്കൊണ്ടിരിക്കുകയാണു്. എന്നാല്‍, സംഘടിത തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തിലല്ലാതെ അത്തരമൊരു സമരം വിജയിക്കില്ല. തൊഴിലാളി വര്‍ഗ്ഗം ആഗ്രഹിക്കുന്ന മാറ്റം വരുത്താനുള്ള സമയം സമാഗതമായിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗം സ്വയം തൊഴില്‍ സംരംഭകരേയും കൃഷിക്കാരേയും സഖ്യശക്തികളായി സംഘടിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭകര്‍ക്കു് കൂടി സ്വീകാര്യമായ ജനകീയ ജനാധിപത്യ പരിപാടി മുന്നോട്ടു് വെച്ചു് അവരുമായി ഐക്യപ്പെടുകയുമാണു് കൊള്ള മാത്രം ധര്‍മ്മമായി കാണുന്ന ധന മൂലധന മേധാവിത്വം തകര്‍ക്കാനും സമൂഹത്തെ മുന്നോട്ടു് നയിക്കാനും ആവശ്യമായ അടിയന്തിര കര്‍മ്മ പരിപാടി.
സോഷ്യലിസ്റ്റു് വിപ്ലവത്തിനു് പരിപക്വമായ പരിതസ്ഥിതി വിവിധ മേഖലകളിലേയും രാഷ്ട്രങ്ങളിലേയും ചാക്രിക പ്രതിസന്ധി ഒരേ സമയം മൂര്‍ച്ഛിച്ചു് രൂപപ്പെടുന്ന പൊതു പ്രതിസന്ധി ഘട്ടങ്ങളാണെന്ന മാര്‍ക്സിയന്‍ നിരീക്ഷണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പ്രസക്തമായി തുടര്‍ന്നു. എന്നാല്‍ സാമ്രാജ്യത്വം ചാക്രിക പ്രതിസന്ധികള്‍ അത്തരം പൊതു കുഴപ്പങ്ങളായി രൂപപ്പെടാതെ നോക്കുകയും വിപ്ലവ പരിതസ്ഥിതി ഒഴിവാക്കുകയും ചെയ്യുന്നതില്‍ വിജയിച്ചു. അതിനര്‍ത്ഥം മാര്‍ക്സിസം തെറ്റിയെന്നല്ല. മറിച്ചു് മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വിരുദ്ധ ശക്തികളുടെ ഐക്യവും സംഘട്ടനവുമെന്ന പ്രകൃതി-സാമൂഹ്യ നിയമം ശരിയായി തന്നെ പ്രവര്‍ത്തിച്ചു എന്നാണു്. ചാക്രിക പ്രതിസന്ധി ഈട്ടം കൂടിയുണ്ടാകുന്ന പൊതു പ്രതിസന്ധി തള്ളി മാറ്റിയതിലൂടെ സാമ്രാജ്യത്വം ലോക മുതലാളിത്തത്തെ തുടര്‍ച്ചയായി നിലനില്ക്കുന്നതും നിരന്തരം രൂക്ഷമാകുന്നതുമായ മറ്റൊരു പൊതു പ്രതിസന്ധിയിലേയ്ക്കു് തള്ളി വിടുകയാണു് ചെയ്തിരിക്കുന്നതു്. വിപ്ലവ ശക്തികള്‍ക്കു് ഇനിയങ്ങോട്ടു് വിപ്ലവ സാഹചര്യം ഉരുത്തിരിയുന്നതു് നോക്കി കാത്തിരിക്കേണ്ടതില്ല. പകരം, വിപ്ലവത്തില്‍ താല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍ക്കു് തങ്ങളുടെ ശക്തി സമാഹരിച്ചു് അതു് നിര്‍വഹിക്കുക മാത്രമേ വേണ്ടൂ.
വിപ്ലവ പരിതസ്ഥിതി സാര്‍വ്വദേശീയമായി തന്നെ രൂപപ്പെട്ടിട്ടുണ്ടെങ്കിലും സോഷ്യലിസ്റ്റു് വിപ്ലവം പ്രകൃതത്തില്‍ ദേശീയമാണെന്ന കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ നിരീക്ഷണം ശരിയായി തന്നെ തുടരും. കാരണം, ആത്മ നിഷ്ഠ ഘടകമായ വിപ്ലവ ശക്തികളുടെ ഏകീകരണവും ദൃഢീകരണവും ഇപ്പോഴും ദേശീയമായി മാത്രം നടക്കുന്നതിനുള്ള സാഹചര്യമേ രൂപപ്പെട്ടിട്ടുള്ളു.
വിപ്ലവ ശക്തികളുടെ വളര്‍ച്ച തടയുന്നതിനു് സാമ്രാജ്യത്വം ഉപയോഗിച്ച തന്ത്രങ്ങള്‍ വിതരിത ഉല്പാദന കേന്ദ്രങ്ങളിലൂടെ സംഘടിത തൊഴിലാളികളുടെ വളര്‍ച്ച തടയുകയും സംഘടിത മേഖലകളില്‍ പോലും അസംഘടിത തൊഴില്‍ പെരുപ്പിക്കുകയുമാണു്. ഇതു് മിച്ച മൂല്യ നിരക്കു് ഉയര്‍ത്താനും ഉപകരിച്ചിട്ടുണ്ടു്. പക്ഷെ, വിപ്ലവ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാന്‍ ഒരു പരിധി വരെ സാമ്രാജ്യത്വത്തിനു് കഴിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ വിപ്ലവ സ്വഭാവം ഉള്‍ക്കൊള്ളുന്ന തൊഴിലാളി വിഭാഗങ്ങളുടെ വളര്ച്ചയാണു് അതിലൂടെ ഉണ്ടായിരിക്കുന്നതു്. പരമ്പരാഗത ധാരണയനുസരിച്ചു് അസംഘടിതരെങ്കിലും ആധുനിക തൊഴിലാളി വര്‍ഗ്ഗം ഇന്നു് ലഭ്യമായിരിക്കുന്ന ആഗോള വിവര വിനിമയ ശൃംഘലയാല്‍ സ്വയം സംഘടിതരാണു്. അവരുടെ രാഷ്ട്രീയവല്‍ക്കരണം തടയാന്‍ ഇനി മേലാല്‍ സാമ്രാജ്യത്വത്തിനു് കഴിയുകയുമില്ല. കാരണം, പുതിയ മുതലാളിത്ത പൊതു കുഴപ്പം തൊഴിലാളികളുടെ മാത്രമല്ല, ഇതര വിഭാഗം ചൂഷിതരുടേയും ഒത്തു ചേരലിനുള്ള ഭൌതിക സാഹചര്യം സൃഷ്ടിക്കുന്നുണ്ടു്. സംഘടിത തൊഴിലാളി വര്‍ഗ്ഗം അതിന്റെ കടമ, വേണ്ടത്ര മുന്നൊരുക്കങ്ങളോടെ വിപ്ലവം നയിക്കാനുള്ള പ്രാപ്തി നേടുക എന്നതു് നിറവേറ്റി കഴിഞ്ഞിരിക്കുന്നു. അസംഘടിത തൊഴിലാളികളും കൃഷിക്കാരും സ്വയം തൊഴില്‍ സംരംഭകരും ആവാസ കേന്ദ്രാടിസ്ഥാനത്തില്‍ സംഘടിക്കുകയും വിവര വിനിമയ ശൃഖലയില്‍ അവയുടെ കേന്ദ്രീകരണം സാധിക്കുകയും ചെയ്യാമെന്നായിരിക്കുന്നു. വിപ്ലവ ശക്തികളുടെ ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ തൃണമൂല്‍ തലത്തിലുള്ള വിപ്ലവ ശക്തികളുടെ ജനാധിപത്യപരമായ ഐക്യ വേദിയാണു്. വിവര വിനിമയ ശൃംഖലയുടെ സഹായത്തോടെ ഉരുത്തിരിയുന്ന അവയുടെ പ്രാദേശിക-ദേശീയ-സാര്‍വ്വ ദേശീയ കേന്ദ്രീകരണം സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ സംഘടനയാണു്. അതു് വിപ്ലവാനന്തരം സോഷ്യലിസ്റ്റു് ജനാധിപത്യ വികാസത്തിന്റെ ഉപകരണവുമായിരിക്കും.
സോഷ്യലിസ്റ്റു് വിപ്ലവത്തിനും സോഷ്യലിസ്റ്റു് സമൂഹ നിര്‍മ്മാണത്തിനും നേതൃത്വം കൊടുക്കാന്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം ആശയപരമായി ആയുധവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വിപ്ലവ ശക്തികള്‍ കര്‍മ്മ പരിപാടി തയ്യാറാക്കി പ്രവര്‍ത്തനോന്മുഖമാകുകയേ വേണ്ടൂ. നിരന്തരം ചൂഷണവും മര്‍ദ്ദനവും പീഢനവും അനുഭവിക്കേണ്ടി വരുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കും മറ്റു് മാര്‍ഗ്ഗങ്ങളൊന്നും അവശേഷിക്കുന്നില്ല. അതാണു് വിപ്ലവത്തിന്റെ അനിവാര്യത. വിപ്ലവ ശക്തികളുടെ വളര്‍ച്ചയും ദൃഢീകരണവും ദേശീയമായ വ്യത്യസ്തതകളോടെ നടക്കും. അത്തരം ഓരോ മുന്നേറ്റവും ആഗോള സോഷ്യലിസ്റ്റു് വിപ്ലവത്തിനു് ആക്കം കൂട്ടുകയും ചെയ്യും.
ചുരുക്കത്തില്‍, സിപിഐ(എം) ന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന "ചില പ്രത്യയ ശാസ്ത്ര പ്രശ്നങ്ങളേപ്പറ്റിയുള്ള കരടു് പ്രമേയം" വിപ്ലവ പരിതസ്ഥിതി നിലനില്‍ക്കുന്നതായും എന്നാല്‍ അതിനുള്ള ആത്മ നിഷ്ഠ ഘടകമായ വിപ്ലവ ശക്തികളുടെ ദൃഢീകരണവും ഇടപെടലും ഉണ്ടായിട്ടില്ലെന്നും വിലയിരുത്തുന്നു. അതു് വളരെയേറെ ശരിയാണു്. ആ ലക്ഷ്യം നേടാനായി രേഖ മുന്നോട്ടു് വെയ്ക്കുന്ന നിര്‍ദ്ദേശം വിപ്ലവ ബോധത്തിലധിഷ്ഠിതമായ തൊഴിലാളി വര്‍ഗ്ഗ ഐക്യവും തൊഴിലാളി-കര്‍ഷക സഖ്യവും സാധിക്കുക എന്നതാണു്. തൊഴിലാളി വര്‍ഗ്ഗ ഐക്യമെന്നാല്‍ അസംഘടിതരും സ്വയം തൊഴിലെടുക്കുന്നവരുമടക്കം തൊഴിലെടുക്കുന്നവരുടെയാകെ ഐക്യമാണെന്നു് ഖണ്ഡിക 10.14 പറയുന്നു. ഇതിനാവശ്യമാ അടവുകള്‍ രൂപപ്പെടുത്താനാണു് പ്രമേയം ആഹ്വാനം ചെയ്തിരിക്കുന്നതു്.ട്രേഡ് യൂണിയനുകളുടെ സാമ്പത്തിക സമര മാത്ര വാദവും ജനങ്ങളുടെ ഐക്യം ശിഥിലീകരിക്കുന്ന സ്വത്വരാഷ്ട്രീയവും പ്രതിബന്ധങ്ങളായി പ്രമേയം കാണുന്നു.
കേരളത്തില്‍ ജാതി-മത-സമൂദായ സംഘടനകള്‍ക്കു് ലഭിച്ചിരിക്കുന്ന മേല്‍കൈ മൂലം ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുള്ള ഉപാധികള്‍ വളരെ കുറഞ്ഞിരിക്കുന്നു. മതേതര പൊതു ഇടങ്ങള്‍ തീരെ ഇല്ലാതായിരിക്കുന്നു. വിവാഹം, മരണം തുടങ്ങിയ സമൂഹ ചടങ്ങുകളെല്ലാം മത-ജാതി-സാമൂദായിക പൌരോഹിത്യത്തിന്റെ പിടിയിലായിക്കഴിഞ്ഞിരിക്കുന്നു. ദൈനന്തിന ജീവിതോപാധികളുടെ ഉല്പാദനത്തിലും വിതരണത്തിലും മത-ജാതി-സമൂദായ സംഘടനകളാണു് ഇന്നു് രാഷ്ട്രീയ സംഘടനകളേക്കാളും കൂടുതലായി ഇടപെട്ടു് കാണുന്നതു്. മതേതര പൊതു ഇടം തിരിച്ചു് പിടിച്ചു് കൊണ്ടു് മാത്രമേ പുരോഗമന-വിപ്ലവ രാഷ്ട്രീയം മുന്നോട്ടു് കൊണ്ടുപോകാനാകൂ എന്ന കാഴ്ചപ്പാടോടെ വേണം മൂര്‍ത്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം.
പാര്‍ടിയ്ക്കു് സ്വാധീനമുള്ളിടങ്ങളില്‍ അതുറപ്പിക്കുന്നതിനു് സാമൂഹ്യ ജീവിതത്തിന്റെ നാനാ തുറകളിലും അല്ലാത്തിടങ്ങളില്‍ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്ന ജനങ്ങളുടെ അടിയന്തിര പ്രശ്നങ്ങളിലും ഇടപെടുകയായിരിക്കണം പരിപാടിയുടെ പൊതു രൂപം.
പിന്നോക്ക ഗ്രാമീണ മേഖലകളില്‍ കുടിവെള്ളവും സൌരോര്‍ജ്ജവും എത്തിക്കുക തുടങ്ങിയുള്ള തത്സമയ ഫലപ്രാപ്തിയുള്ള ക്രീയാത്മകമായ ജനകീയ ശാസ്ത്ര വ്യാപന-ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളിലേയ്ക്കെത്താനുള്ള ശ്രമം അടിയന്തിരമായി ഏറ്റെടുക്കുകയാണു് ചെയ്യേണ്ടതു്.
ഇന്നു് നിലനില്‍ക്കുന്ന പാര്‍ലമെണ്ടറി പ്രവര്‍ത്തനത്തിനുള്ള വര്‍ദ്ധമാനമായ ഊന്നല്‍ അവസാനിപ്പിച്ചു് പാര്‍ലമെണ്ടറി-പാര്ലമെണ്ടേതര പ്രവര്‍ത്തനങ്ങളെ സാഹചര്യങ്ങള്‍ക്കനുസരിച്ചു് കോര്‍ത്തിണക്കി ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനം ഏറ്റെടുക്കണം. അതില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടു്.
വര്‍ഗ്ഗ ഐക്യം ഊട്ടി ഉറപ്പിക്കുന്നതും സംഘാടനവുമായി ബന്ധപ്പെട്ട മേഖലകളില്‍ അസംഘടിത തൊഴിലാളികളേയും സ്വയം തൊഴില്‍ സംരംഭകരേയും കര്‍ഷകരേയും സംഘടിപ്പിക്കുന്നതിനു് ഊന്നല്‍ നല്‍കണം. കര്‍ഷകരും സ്വയം തൊഴില്‍ സംരംഭകരും ഏകദേശം ഓരേ സ്വഭാവമുള്ളവരാണു്. അവര്‍ക്കു് പണി ഒഴിവാക്കി സമരത്തിനോ മറ്റു് രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കോ വരാനാവില്ല. അതനുസരിച്ചുള്ള പ്രത്യേക പരിപാടികളിലൂടെ വേണം ആ മേഖലയെ സമീപിക്കാന്‍. ഇടതു് പക്ഷം അധികാരത്തിലുള്ളപ്പോള്‍ പൊതു മേഖലയ്ക്കു് പ്രാമുഖ്യം നല്‍കുന്നതിന്റെ പേരില്‍ സ്വയം തൊഴില്‍ സംരംഭകരേയും ചെറുകിട-ഇടത്തരം സംരംഭകരുടേയും താല്പര്യം പരിഗണിക്കാതെ പോകുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. പൊതു മേഖല കുത്തക മൂലധനത്തെ നേരിടാനാവശ്യമായ മേഖലകളിലും സ്വയം തൊഴില്‍, ചെറുകിട-ഇടത്തരം സംരംഭകള്‍ പൊതു മേഖലയുടെ കീഴില്‍ തൊഴില്‍ പ്രധാനമായ ഉല്പാദന മേഖലകളിലും എന്ന തോതിലുള്ള വേര്‍തിരിവും പ്രത്യേക പരിഗണനകളും ആവശ്യമാണു്. പക്ഷെ, സ്വയം തൊഴില്‍ സംരംഭകരുമായും ചെറുകിട ഇടത്തരം സംരംഭകരുമായും മത്സരിക്കുകയും അതിലൂടെ അവരുടെ ജീവനോപാധികള്‍ പിടിച്ചു് പറിക്കുകയും ആഗോള-ദേശീയ കുത്തകകളുടെ ഏജന്‍സിപ്പണി എടുക്കുകയും ചെയ്തുകൊണ്ടു് ആഗോളവല്‍ക്കരണ കാലത്തു് പിടിച്ചു് നില്കാനുള്ള ശ്രമം പൊതുമേഖലാ സ്ഥാപനങ്ങള്‍ അനുവര്‍ത്തിക്കുന്നതു് സ്വയം തൊഴില്‍-ചെറുകിട-ഇടത്തരം സംരംഭകരെ മാത്രമല്ല, ബഹുഭൂരിപക്ഷം തൊഴിലാളികളേയും ദുരന്തത്തിലേയ്ക്കു് തള്ളിയിടുകയാണു് ചെയ്യുന്നതു്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണു്.
Post a Comment