Courtesy : Deshabhimani : Posted on: 20-May-2012 01:51 AM
വിമോചനസമര കാലത്തെ ഓര്‍മിപ്പിക്കുന്നതരത്തിലുള്ള മക്കാര്‍ത്തിയന്‍ മാതൃകയിലുള്ള കമ്യൂണിസ്റ്റുവിരുദ്ധജ്വരം കേരളത്തിലാകെ പടര്‍ത്താനുള്ള വിഷലിപ്തമായ പ്രചാരണങ്ങളാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഇതിന്റെ പ്ലാറ്റ്ഫോം അന്നത്തേതിനേക്കാള്‍ വിശാലമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഏറെ ജാഗ്രത ആവശ്യമാകുന്ന സമയമാണിത്.
സാമ്രാജ്യത്വ ഏജന്‍സികള്‍, വലതുപക്ഷ രാഷ്ട്രീയക്കാര്‍, മുന്‍ നക്സലൈറ്റുകള്‍, അരാഷ്ട്രീയ ബുദ്ധിജീവികള്‍, അരാജക രാഷ്ട്രീയക്കാര്‍, വര്‍ഗീയ ശക്തികള്‍, മാധ്യമ ദുഷ്പ്രഭുക്കന്മാര്‍, മുന്‍ കമ്യൂണിസ്റ്റുകാര്‍, കമ്യൂണിസ്റ്റ് വിരുദ്ധര്‍ എന്നിവരെല്ലാം ഒത്തുചേര്‍ന്ന ഒരു മാര്‍ക്സിസ്റ്റുവിരുദ്ധ മഹാസഖ്യം രൂപപ്പെടുത്തിയെടുക്കാനും സിപിഐ എമ്മിനെ വളഞ്ഞുവച്ച് ആക്രമിക്കാനുമുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ഈ ഒത്തുചേരലിനുള്ള അരങ്ങൊരുക്കാനുള്ളതായിരുന്നോ ടി പി ചന്ദ്രശേഖരന്റെ വധം എന്നുപോലും സംശയിക്കേണ്ട സാഹചര്യം.
ഈ കടന്നാക്രമണത്തിന് ബുദ്ധിജീവിവിഭാഗത്തിന്റെ പിന്തുണ വേണ്ടത്ര കിട്ടാത്തതിലുള്ള അമര്‍ഷമാണ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എം പി വീരേന്ദ്രകുമാറിനെയും പി സി ജോര്‍ജിനെയുംപോലുള്ളവര്‍ക്ക് കേരളത്തിന്റെ സാംസ്കാരികനായകരെവരെ കടന്നാക്രമിക്കാനുള്ള പ്രകോപനമാകുന്നത്. കേരളത്തിന്റെ ജനാധിപത്യ പൊതുമണ്ഡലത്തില്‍നിന്ന് സിപിഐ എമ്മിനെ നീക്കിനിര്‍ത്തണമെന്ന് ഒരാള്‍. സിപിഐ എമ്മിനെ കേരളത്തില്‍നിന്ന് തുടച്ചുനീക്കണമെന്ന് മറ്റൊരാള്‍. ഈ നീക്കങ്ങള്‍ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, ജനാധിപത്യ മൂല്യങ്ങളെയാകെ അപകടപ്പെടുത്താനുള്ളതും സമൂഹം കൈവരിച്ച പുരോഗതിയെ ഇല്ലാതാക്കി 19-ാംനൂറ്റാണ്ടിനുമുമ്പത്തെ ഇരുട്ടിന്റെ ലോകത്തേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനുള്ളതുമാണ്. ഇത് ഈവിധത്തില്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്; ചെറുത്തുതോല്‍പ്പിക്കപ്പെടേണ്ടതുണ്ട്.
തങ്ങള്‍ പടര്‍ത്തുന്ന തീയിലേക്ക് എണ്ണ പകരാന്‍ ഒ എന്‍ വിയും എം ടിയും അടക്കമുള്ള കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകന്മാര്‍ എത്താത്തത് എന്തുകൊണ്ടാകാം എന്ന് സമചിത്തതയോടെ മുഖ്യമന്ത്രിയും കൂട്ടരും അല്‍പ്പമൊന്ന് ആലോചിക്കുമെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയത്തിന്റെ തിമിരം മാറി വിവേകത്തിന്റെ കാഴ്ച തിരിച്ചുകിട്ടും. പക്ഷേ, രാഷ്ട്രീയ ഗൂഢതാല്‍പ്പര്യങ്ങള്‍ അവരെ അതിനുവദിക്കുകയില്ല.
ഈ നാടിനെ ആധുനിക കേരളമാക്കിത്തീര്‍ക്കുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് എന്താണെന്ന് നേരിട്ടറിഞ്ഞിട്ടുള്ളവരാണ് ഒ എന്‍ വിയും എംടിയുമൊക്കെ. സാമുദായികമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പരിമിതപ്പെട്ടുനിന്ന നവോത്ഥാനപ്രസ്ഥാന പൈതൃകത്തെ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ കൂടി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കംകൊടുത്ത് മുമ്പോട്ടുകൊണ്ടുപോയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. പാടത്ത് കളകള്‍ക്കൊപ്പം ചവിട്ടിത്താഴ്ത്തപ്പെട്ട കര്‍ഷകത്തൊഴിലാളിക്ക് അന്തിമയങ്ങുന്ന നേരത്ത് കരയ്ക്കുകയറി നട്ടെല്ലുനിവര്‍ത്തി നിന്നുകൊണ്ട് കൂലി ചോദിക്കാനുള്ള പ്രാപ്തിയുണ്ടാക്കിക്കൊടുത്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ഫാക്ടറികളില്‍ പുകയ്ക്കൊപ്പം എരിഞ്ഞുതീര്‍ന്നിരുന്ന വ്യവസായത്തൊഴിലാളികളെ അവകാശബോധമുള്ള സംഘടിതശക്തിയാക്കി വളര്‍ത്തിയെടുത്തത് ഈ പ്രസ്ഥാനമാണ്. അങ്ങനെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയെടുത്തത് ഈ പ്രസ്ഥാനമാണ്. സര്‍ സിപിയുടെ കിരാതഭരണത്തിനെതിരെ അയാളുടെ ചോറ്റുപട്ടാളത്തോട് നെഞ്ചുവിരിച്ചേറ്റുമുട്ടി സായുധസമരം നടത്തിയതും രാജാവിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിമിത ജനാധിപത്യഭരണം മതിയെന്ന് കോണ്‍ഗ്രസുപോലും സമ്മതിച്ചിടത്ത്, രാജാവിനെ നീക്കിനിര്‍ത്തിയുള്ള സമ്പൂര്‍ണ ജനാധിപത്യഭരണം വേണമെന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയതും ഈ പ്രസ്ഥാനമാണ്. കേരളത്തിന്റെ ആധുനികകാല ചരിത്രത്തിന് ചാലുകീറിയത് ഈ പ്രസ്ഥാനമാണ്. തെളിഞ്ഞിട്ടില്ലാത്ത ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്തം അതിന്മേല്‍ വച്ചുകെട്ടി അതിനെ തകര്‍ത്താല്‍ പിന്നെയുള്ളത് വലിയ ഒരു ശൂന്യതയാണ്. വിപല്‍ക്കരമായ ശൂന്യത. ഇത് തിരിച്ചറിയുന്നതുകൊണ്ടുതന്നെയാകാം യുഡിഎഫിന്റെ പ്രചണ്ഡമായ സിപിഐ എം വിരുദ്ധ പ്രചാരണത്തിനുമുമ്പില്‍ ബാനര്‍പിടിക്കാന്‍ പ്രമുഖരായ സാംസ്കാരികനായകര്‍ തയ്യാറാകാത്തത്.
കേരളമെന്താണെന്നും ഇവിടെ നടക്കുന്ന കാര്യങ്ങളെന്താണെന്നും കാണാന്‍ മഹാശ്വേതാദേവിക്ക് അവരെ കണ്ണാടിക്കൂട്ടിലെന്നോണം കൊണ്ടുനടക്കുന്നവര്‍ നീട്ടുന്ന കണ്ണട വേണം. കേരളത്തിന്റെ പ്രമുഖ സാംസ്കാരികനായകരെല്ലാം ഇവിടെ ജനിച്ചുവളര്‍ന്ന് ഇവിടത്തെ എല്ലാ കാര്യങ്ങളും നേരിട്ട് കണ്ടറിഞ്ഞ് കഴിയുന്നവരാണ്. മഹാശ്വേതാദേവിക്ക് കേട്ടറിവുകളെ ആശ്രയിക്കണമെങ്കില്‍ ഇവര്‍ക്ക് കേട്ടറിവിനെയല്ല, കണ്ടറിവിനെത്തന്നെ ആശ്രയിക്കാം. "കണ്ട നീ നില്‍ക്ക്! കേട്ട മഹാശ്വേതാദേവി പറയട്ടെ" എന്ന് സാംസ്കാരിക ദല്ലാളന്മാര്‍ പറയുമ്പോള്‍ അങ്ങനെയാകട്ടെ, എന്ന് തലകുലുക്കി സമ്മതിച്ചുകൊടുക്കാന്‍ ഇവര്‍ക്കാവുകയില്ല. വ്യത്യസ്താഭിപ്രായങ്ങള്‍ പുലര്‍ത്തുന്ന കേരളത്തിന്റെ പൊതുമണ്ഡലവുമായി ഒരുവിധത്തിലും ഇടപഴകാനുവദിക്കാതെ കണ്ണാടിക്കൂട്ടിലടച്ച് എന്നവണ്ണം തങ്ങളുടെ ബ്രീഫിങ്ങുകളാല്‍മാത്രം മനസ്സ് കുത്തിനിറച്ച് കൊണ്ടുനടക്കുകയായിരുന്നു ഇവര്‍ മഹാശ്വേതാദേവിയെ എന്ന് ഓര്‍ക്കുക.
കേരളത്തിലിതാ ആദ്യമായി ഒരു കൊലപാതകമുണ്ടായിരിക്കുന്നുവെന്ന മട്ടില്‍ എം പി വീരേന്ദ്രകുമാറും സംഘവും പ്രചാരണത്തിന്റെ പെരുമ്പറ മുഴക്കുമ്പോള്‍ കേരളത്തില്‍ കൊലപാതകമല്ല, മറിച്ച് അത് മുന്‍നിര്‍ത്തിയുള്ള ഇവരുടെ പെരുമ്പറമുഴക്കലാണ് ആദ്യത്തേത് എന്ന് തിരിച്ചറിയാനുള്ള വിവേകവും ഇതെന്തുകൊണ്ട് ഇപ്പോള്‍ മാത്രമിങ്ങനെ എന്ന് ആരായാനുള്ള ബുദ്ധിയും കേരളത്തിലെ സാംസ്കാരികനായകര്‍ക്കുണ്ട്.
ജീവിച്ച് തുടങ്ങുംമുമ്പ് മുളയിലേ എരിച്ചുകളഞ്ഞ എത്രയോ ജീവനുണ്ടായിട്ടുണ്ടിവിടെ. 20 വയസ്സുപോലും തികയാത്ത ഇളംപ്രായത്തില്‍ കോണ്‍ഗ്രസുകാരാലും വര്‍ഗീയശക്തികളാലും നീചമായി കൊലചെയ്യപ്പെട്ടവര്‍. പന്തളം എന്‍എസ്എസ് കോളേജിലിട്ട് ജി ഭുവനേശ്വരനെ വെട്ടിക്കീറിക്കൊന്നപ്പോള്‍ ആ കുട്ടിക്ക് കഷ്ടിച്ച് 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സി വി ജോസ്, തിരുവോണനാളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോള്‍ കൊലചെയ്യപ്പെട്ട എം എസ് പ്രസാദ്, ചിറ്റാറിലെ സ്കൂള്‍വിദ്യാര്‍ഥിയായ അനില്‍, പട്ടാമ്പി കോളേജിലെ സെയ്താലി, മുസ്തഫ അങ്ങനെ എത്രയോ കുട്ടികള്‍. 20 തികയുംമുമ്പ് വെട്ടിക്കീറി കൊല്ലുകയായിരുന്നു ഇവരെയൊക്കെ. നട്ടെല്ലില്‍ കുത്തി രക്തസാക്ഷിത്വത്തിന്റെ വക്കിലുപേക്ഷിച്ചതാണ് സൈമണ്‍ ബ്രിട്ടോയെ. ഇങ്ങനെ എത്രയോപേര്‍. ഇതൊക്കെ ഇവിടെ നടന്ന ഒരു ഘട്ടത്തിലും പ്രതികരിക്കൂ എന്ന വീരേന്ദ്രകുമാറിന്റെ ആക്രോശം കേട്ടില്ലല്ലോ. ദേശീയതലത്തില്‍ പ്രാധാന്യമുള്ള ഔദ്യോഗികപരിപാടി ഉപേക്ഷിച്ച് സംഭവസ്ഥലത്തേക്ക്പറക്കുന്ന ഉമ്മന്‍ചാണ്ടിയെ കണ്ടില്ലല്ലോ. അന്നൊക്കെ ഒന്നും കാണാതെയും ഒന്നും കേള്‍ക്കാതെയും മുനിയെപ്പോലിരുന്നവര്‍ ഒഞ്ചിയത്തെ കൊലപാതകഘട്ടത്തില്‍മാത്രം കണ്ണീരൊഴുക്കി വരുന്നതെന്തുകൊണ്ടാണ്? ഈ ചോദ്യം സാംസ്കാരികനായകരുടെ മനസ്സില്‍ മുഴങ്ങുന്നുണ്ടാകാം. ഉമ്മന്‍ചാണ്ടിക്കും വീരേന്ദ്രകുമാറിനും എന്തുണ്ട് മറുപടി? അവരുടെയൊന്നും ചോര ചോരയല്ലേ? അവരുടെയൊന്നും ജീവന്‍ ജീവനല്ലേ? അന്നൊന്നും ഒഴുകാത്ത കണ്ണീര്‍ ഇന്ന് ഒഴുകുന്നുവെങ്കില്‍ അതിനുപിന്നിലുള്ളത് കരുണയല്ല, മറ്റെന്തോ വികാരമാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി സാംസ്കാരികനായകര്‍ക്കുണ്ടെന്ന് മനസ്സിലാക്കാന്‍ മുഖ്യമന്ത്രിക്കും വീരേന്ദ്രകുമാറിനും ഉണ്ടാകണം. ടി പി ചന്ദ്രശേഖരന്‍ ജീവിതത്തിന്റെ ഏറിയപങ്കും ഏത് പ്രസ്ഥാനത്തിനുവേണ്ടിയാണോ പ്രവര്‍ത്തിച്ചത്, ആ പ്രസ്ഥാനത്തെത്തന്നെ തകര്‍ക്കാന്‍ ചന്ദ്രശേഖരന്റെ രക്തം ഉപയോഗിക്കാമെന്ന് കരുതുന്നവരാണ് യുഡിഎഫുകാര്‍. അതിന്റെ ആഹ്ലാദമാണ് കൊലപാതകവാര്‍ത്ത കേട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ ഒഞ്ചിയത്തെത്തിച്ചത്. ജീവിതത്തിലുടനീളം ഏത് ശക്തിയെ എതിര്‍ത്തോ അതേശക്തിയുടെ പ്രതീകങ്ങളുടെ അന്ത്യാഞ്ജലിയാണ് അവസാനം ഏറ്റുവാങ്ങേണ്ടിവന്നത് എന്നത് ടി പി ചന്ദ്രശേഖരന്റെ നിര്‍ഭാഗ്യം. യുഡിഎഫുകാര്‍ അര്‍പ്പിച്ച അന്ത്യാഞ്ജലി കേരളം കണ്ട ഏറ്റവും വലിയ കാപട്യം. ഇത് തിരിച്ചറിയാന്‍ കഴിയാത്തവരല്ല കേരളത്തിലെ സാംസ്കാരികസമൂഹത്തിലുള്ളത് എന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചറിയണം.
ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജനങ്ങളില്‍നിന്നുയരുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറാനുള്ള മറയായി ഈ കൊലപാതകത്തെ ഉപയോഗിക്കുകയാണ് യുഡിഎഫ്. അഴിമതിക്കേസുകളില്‍ പ്രതിയായുള്ളവര്‍ മന്ത്രിസഭയില്‍ തുടരുന്നതെങ്ങനെ? അവര്‍ സ്വന്തം അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനുള്ള ആയുധമായി മന്ത്രിസ്ഥാനത്തെ ഉപയോഗിക്കുന്നത് ഉചിതമോ? ഒരുവര്‍ഷംമുമ്പ് ഏത് ചിഹ്നത്തിനെതിരെ മത്സരിച്ചോ അതേചിഹ്നത്തില്‍ വോട്ടുചോദിച്ച് ഇപ്പോള്‍ വരാന്‍ സെല്‍വരാജിന് ലജ്ജയില്ലേ? അത്തരമൊരാളെ കാലുമാറ്റിച്ച് സ്ഥാനാര്‍ഥിയാക്കിച്ചത് രാഷ്ട്രീയമായ പാപ്പരത്തമല്ലേ? മന്ത്രിസ്ഥാനങ്ങള്‍ ജാതിയും മതവും പറഞ്ഞ് വീതംവയ്ക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് ചേര്‍ന്നതാണോ? ഇങ്ങനെ കേരളരാഷ്ട്രീയത്തില്‍നിന്നുതന്നെ നൂറുകണക്കിന് ചോദ്യങ്ങള്‍ യുഡിഎഫിനുനേര്‍ക്ക് ഉയരുന്നുണ്ട്. ഒന്നിനും മറുപടിയില്ല.
ഒറ്റ പാര്‍ലമെന്റ് സെഷനിലൂടെ 5,60,000 കോടി രൂപയ്ക്കുള്ള ഇളവുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയതിനെ എങ്ങനെ ന്യായീകരിക്കും? മന്ത്രിമാരെയും അവരുടെ വകുപ്പുകളും നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയല്ല, മറിച്ച് കോര്‍പറേറ്റ് വമ്പന്മാരാണെന്ന് നീരാ റാഡിയ ടേപ്പിലൂടെ തെളിഞ്ഞതിന് എന്ത് സമാധാനം പറയും? വിശ്വാസവോട്ടുഘട്ടത്തില്‍ കൈമാറാനുള്ള കോടികളുടെ നോട്ടുകെട്ടുകള്‍ യുഎസ് എംബസിയിലെ നയതന്ത്രപ്രതിനിധിക്ക് ബോധ്യപ്പെടുത്തിക്കൊടുത്തതിന് എന്ത് സമാധാനം പറയും? സ്പെക്ട്രംമുതല്‍ കല്‍ക്കരിപ്പാടംവരെയുള്ള കുംഭകോണപരമ്പരകള്‍ക്ക് എന്ത് മറുപടി പറയും? ഇറ്റലിക്കാരനായ ഒക്ടോവിയോ ക്വട്റോച്ചിമുതല്‍ ഭീകരനായ ഡേവിഡ് ഹെഡ്ലിവരെയുള്ളവരെ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുത്തി വിട്ടതിന് എന്തുണ്ട് വിശദീകരണം? അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ യുദ്ധം ഇന്ത്യന്‍ പട്ടാളത്തെക്കൊണ്ട് ചെയ്യിക്കാമെന്നും ഇറാനെതിരായ അമേരിക്കന്‍ ആക്രമണനീക്കത്തിന് താവളമൊരുക്കിക്കൊടുക്കാമെന്നും ഇന്ത്യാ ഗവണ്‍മെന്റ് ബുഷിനോട് സമ്മതിച്ചതിന് എന്ത് ന്യായം പറയും? പെട്രോളിന്റെയും മറ്റും വിലനിര്‍ണയാധികാരം സര്‍ക്കാരില്‍നിന്ന് എണ്ണക്കമ്പനിയിലേക്ക് മാറ്റിയതിന് എന്ത് വിശദീകരണം നല്‍കും? അസൗകര്യകരമായ ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ ദേശീയരാഷ്ട്രീയം മുന്‍നിര്‍ത്തിയും യുഡിഎഫിന് നേരിടേണ്ടിവരും. ഇതിനൊക്കെയുള്ള മറുപടി ഒഴിവാക്കാനാണ് "കൊലപാതകം" എന്ന ഈ മുറവിളിയെന്ന് സാംസ്കാരികനായകര്‍ തിരിച്ചറിയില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്?
രാഷ്ട്രീയമാനങ്ങളുള്ള കൊലപാതകങ്ങളുടെ പിന്നിലെ സത്യം ലളിതമായ ചിന്തകള്‍കൊണ്ടോ പ്രത്യക്ഷത്തിലുണ്ടാകുന്ന തോന്നലുകള്‍കൊണ്ടോ കണ്ടെത്താനാകുന്നതല്ല. ഏത് കൊലപാതകത്തിനും ഒരു ഗുണഭോക്താവുണ്ടാകും. ആ ഗുണഭോക്താവാകും യഥാര്‍ഥ കൊലപാതകി. ഇവിടെ ഗുണഭോക്താക്കള്‍ ആരെന്ന് കേരളം കാണുന്നുണ്ട്. സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിച്ചുതകര്‍ക്കാന്‍ വ്യഗ്രതപ്പെടുന്നവരാണവര്‍. പൊലീസ് ഇപ്പോള്‍ ചോദ്യംചെയ്യുന്നതാരെ എന്ന് നോക്കി കൊലപാതകത്തിന്റെ ശക്തികളെ തിരിച്ചറിയാനാകില്ല. ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുന്‍നിര്‍ത്തി തെറ്റിദ്ധാരണയുടെ പുകപടലം സൃഷ്ടിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്കുള്ള ചട്ടുകങ്ങളാകാം പൊലീസുകാര്‍. ഫോര്‍വേഡ്ബ്ലോക്ക് നേതാവ് ഹേമന്ത് ബസുവിന്റെ കൊലപാതകംമുതല്‍ കേന്ദ്ര റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് നടത്തിയിട്ടുള്ള ഗൂഢപദ്ധതികള്‍വരെ എത്രയോ എണ്ണം ജനങ്ങളുടെ മുമ്പിലുണ്ട്. എല്ലാം രാഷ്ട്രീയലക്ഷ്യത്തോടെ ചെയ്തവ. ഋജുവായ ചിന്തയിലൂടെ സഞ്ചരിക്കുന്ന ലളിതമനസ്കര്‍ക്ക് സങ്കല്‍പ്പിക്കാനാകാത്തതാണിതെല്ലാം. സ്വകാര്യലാഭത്തിനുവേണ്ടി ആരോ ചെയ്തതെന്ന് ഡിജിപി വിശേഷിപ്പിച്ചിടത്തുനിന്ന് കേസ് മറ്റുവഴിക്ക് നയിക്കപ്പെടുന്നതും അതിനിടെ ആഭ്യന്തരമന്ത്രി ഉന്നത പൊലീസ് ഓഫീസര്‍മാരോട് സംസാരിക്കുന്നിടത്ത് പിസിസി പ്രസിഡന്റ് ചെന്നതുമൊക്കെ കൂട്ടിവായിക്കാന്‍ സാംസ്കാരികനായകര്‍ക്ക് കഴിയില്ലെന്ന് കരുതേണ്ടതില്ല.
ആണവക്കരാര്‍ കാര്യത്തില്‍ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ ഇടപെട്ട ഇടതുപക്ഷത്തെ ദേശീയ രാഷ്ട്രീയത്തില്‍നിന്നുതന്നെ തുടച്ചു നീക്കാന്‍ വ്യഗ്രതപ്പെട്ടു നില്‍ക്കുന്ന സാമ്രാജ്യത്വ ഏജന്‍സികളുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനു തൊട്ടുമുമ്പ് ചെറുകക്ഷികളുടെ നേതാക്കളെ യുഎസ് എംബസിയിലേക്ക് വിളിപ്പിച്ച് ഇടതുപക്ഷ പിന്തുണയില്ലാത്ത സര്‍ക്കാറുാക്കാന്‍ സഹകരിക്കണമെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് മറക്കാറായിട്ടില്ല. പശ്ചിമ ബംഗാളില്‍ വിദേശ വിമാനം വന്ന് ആയുധങ്ങള്‍ വര്‍ഷിച്ചിട്ടുപോയതും മറക്കാറായിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നുവരെ ഇടതുപക്ഷത്തെയും അതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന സിപിഐ എമ്മിനെയും തുടച്ചു നീക്കാന്‍ ദത്തശ്രദ്ധരാണവര്‍. ഈ പശ്ചാത്തലത്തില്‍ സിപിഐ എമ്മിനെ തകര്‍ക്കാര്‍ ശ്രമിക്കുന്നത് യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കലാണ് എന്ന് അറിയാനുള്ള വിവേകം കേരളത്തിലെ സാംസ്കാരിക നായകര്‍ക്കുണ്ട്.
മുന്‍ നക്സലൈറ്റുകളും അരാഷ്ട്രീയവാദികളും അരാജകവാദികളും നിഷ്പക്ഷ നിരീക്ഷകരുടെ വേഷമണിഞ്ഞ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് നടത്തുന്ന അഭിപ്രായങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ കഴിയുന്നവരാണവര്‍. സിപിഐ എമ്മിന് വിപ്ലവവീര്യം പോരാ എന്നുപറഞ്ഞ് വഴിമാറി പോയി ഒരു തലമുറയെയാകെ ചോരക്കളങ്ങളിലൂടെ നടത്തിച്ചിട്ട് യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച വ്യക്തിമുതല്‍ "മാതൃഭൂമി"യുടെ ഫണ്ട് ഉപയോഗിച്ച് വിദേശപര്യടനം നടത്തുന്നയാളും മാതൃഭൂമി ഇല്ലെങ്കില്‍ എഴുത്തുകാരനല്ലാതായി പോകുമെന്ന് ഭയക്കുന്നയാളും സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവരുമൊക്കെ അടങ്ങുന്ന ഒരു സംഘമാണ് ചാനല്‍ വിളമ്പുകാരായി പറന്നുനടന്ന് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്. ഇവര്‍ സിപിഐ എമ്മിന് അനുകൂലമായി ഒരു വാക്കെങ്കിലും പറയുമെന്ന് ബോധത്തെളിമയുള്ള ആരും കരുതുകയില്ല. അവരുടെ നിരയിലേക്ക് കേരളത്തിന്റെ യശസ്തംഭങ്ങളായ ആത്മാഭിമാനമുള്ള എഴുത്തുകാര്‍ അധഃപതിച്ച് കാണണമെന്ന് മുഖ്യമന്ത്രിക്കും വീരേന്ദ്രകുമാറിനും പി സി ജോര്‍ജിനുമൊക്കെ ആഗ്രഹിക്കാം. എന്നാല്‍, ആ ആഗ്രഹം നിറവേറ്റിക്കൊടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ആ സാംസ്കാരികനായകര്‍ക്കുണ്ട്. അതിനെ ഭീഷണിപ്പെടുത്തി തകര്‍ക്കാനുള്ള വ്യഗ്രതയെ പ്രബുദ്ധ സാംസ്കാരികകേരളം ചെറുത്തുതോല്‍പ്പിക്കുകതന്നെ ചെയ്യും.