Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, October 31, 2012

മലയാളം പരിഷ്കരിച്ചു് വികലമാക്കാതെ തന്നെ മറ്റേതൊരു ഭാഷയ്ക്കുമൊപ്പം വികസിപ്പിക്കാം



മലയാളം ബോധന മാധ്യമമായും ഭരണ ഭാഷയായും കോടതി ഭാഷയായും ഉയര്‍ത്താം. ആര്‍ക്കും പീഢനമില്ലാതെ ആരും എതിര്‍ക്കാനുള്ള ന്യായമായ കാരണങ്ങളില്ലാതെ അതു് നടപ്പിലാക്കാം. മലയാളം ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റേയും ഭാഷയായി വികസിപ്പിക്കാം. ഏതു് മലയാളിക്കും ലോകത്തു് ഏതു് ഭാഷക്കാരുമായും മലയാളത്തില്‍ സംവദിക്കാം. ഭരണത്തിലും കോടതികളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ബന്ധപ്പെട്ടവര്‍ക്കെല്ലാം അവരവര്‍ക്കു് വഴങ്ങുന്ന ഭാഷ ഉപയോഗിക്കാം. മറ്റുള്ളവര്‍ക്കു് തത്സമയം അവര്‍ക്കു് വഴങ്ങുന്ന ഭാഷയില്‍ ലഭ്യമാകും. കേള്‍ക്കാം. കാണാം. പഠിക്കാം. മലയാളികളെല്ലാം മലയാളം മാധ്യമത്തില്‍ പഠിക്കുന്നതു് മെച്ചപ്പെട്ട കാര്യമാണെന്നു് തിരിച്ചറിയുകയും ചെയ്യും.

ആധുനിക വിവര സാങ്കേതിക വിദ്യയുടെ വരദാനമായ തത്സമയ വിവര്‍ത്തനം, മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റുക തുടങ്ങിയ ഭാഷാ സങ്കേതങ്ങള്‍ മലയാളത്തിലും ലഭ്യാമാക്കുകയും അതിനാവശ്യമായ വിവര വിനിമയ ശൃംഖല സ്ഥാപിക്കുകയും ചെയ്താല്‍ മതി. ലിപ്യന്തരണത്തിലൂടെ മലയാളികള്‍ക്കു് മറ്റേതു് ഭാഷയും അനായാസം പഠിക്കാനും കഴിയും. പ്രസിദ്ധീകരണം യുണീക്കോഡിലാക്കുന്നതിലൂടെ മലയാളത്തിലുള്ള ഡിജിറ്റല്‍ ഉള്ളടക്കം വര്‍ദ്ധിപ്പിക്കുകയും ജനങ്ങളുടെ വിവര ലഭ്യത ഉയര്‍ത്തുകയും മറ്റു് ഭാഷോപകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പശ്ചാത്തലം ഒരുക്കുകയും ചെയ്യാം. ഈ രംഗത്തു് മലയാളം പുറകിലാണു്. തമിഴും കന്നടയും തെലുഗും ഹിന്ദിയും ഗുജറാത്തിയും ബംഗാളിയും മേല്‍ പ്രവര്‍ത്തനങ്ങളില്‍ മുന്നേറുകയാണു്. ഗൂഗിള്‍ വിവര്‍ത്തനം ആ ഭാഷകളില്‍ ലഭ്യമാണു്. മലയാളത്തില്‍ ഇല്ല. ഇതു് ആര്‍ക്കും ഇന്റര്‍ നെറ്റില്‍ ബോധ്യപ്പെടാവുന്നതാണു്.

നമ്മുടെ ഭരണവകുപ്പുകളും സ്ഥാപനങ്ങളും സാഹിത്യകാരന്മാരും അവരവരുടെ സൃഷ്ടികള്‍ക്കു് അവരുടെ ന്യായമായ താല്പര്യം സംരക്ഷിക്കുതിനു് അനുയോജ്യമായ വ്യവസ്ഥകളോടെ ഒരു സ്വതന്ത്ര വിജ്ഞാന വിനിയോഗാനുമതി നല്‍കാന്‍ തയ്യാറായാല്‍ മലയാളത്തിന്റെ വികാസം അതി വേഗത്തില്‍ സമകാലികമാക്കുകയും ചെയ്യാം.

ഇംഗ്ലീഷിനു് 26 അക്ഷരങ്ങള്‍ മാത്രമേയുള്ളു. മലയാളത്തെ അപേക്ഷിച്ചു് അതൊരു മേന്മയാണെന്നു് സാങ്കേതിക വികാസത്തിന്റെ മുന്‍ ഘട്ടങ്ങളില്‍ (ടൈപ്പു് റൈറ്റര്‍, ടൈപ്പു് നിരത്തിയുള്ള അച്ചടി) അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു് സാങ്കേതിക വിദ്യ വികസിച്ചപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഇന്നു്, മലയാളത്തിനു് അതിന്റെ വലിയ അക്ഷര മാലയും കൂട്ടക്ഷര സഞ്ചയവും വലിയ മേന്മയാണു്. അതും, എഴുതുന്നതു് പോലെ തന്നെ വായിക്കാന്‍ കഴിയുന്നു എന്നതും ചേര്‍ന്നു് മലയാള ഭാഷാ പഠനം എളുപ്പമാക്കിയിരിക്കുന്നു. എത്ര വലിയ അക്ഷരമാലയും കൈകാര്യം ചെയ്യാന്‍ വിവര സാങ്കേതിക വിദ്യ സുസജ്ജമാണെന്നു് പഴയ മലയാളം ലിപി തിരിച്ചു് നല്‍കിയതിലൂടെ തെളിയിച്ചിരിക്കുന്നു. എഴുതുന്നതല്ല വായിക്കുന്നതെന്നതിനാല്‍ ഇംഗ്ലീഷ് പഠനം ദുഷ്കരമാണു്. മലയാളം നന്നായി പഠിച്ചവര്‍ക്കു് ഇംഗ്ലീഷ് പഠനം താരതമ്യേന എളുപ്പമാക്കുകയും ചെയ്യും.

വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ അനുഭവവേദ്യമാക്കാന്‍ മലയാള ഭാഷയോ ലിപിയോ വികലമാക്കേണ്ട ആവശ്യമില്ല. മലയാളത്തിന്റെ നിയമങ്ങളോ ഘടനയോ സാങ്കേതിക വിദ്യയ്ക്കനുസരിച്ചു് മാറ്റണമെന്ന വാദം സ്വകാര്യ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവരും ഭാഷാ സാങ്കേതിക വിദ്യ വശമില്ലാത്തവരും ഉന്നയിക്കുന്നതാണു്. മലയാളത്തിനു് ഭാഷാ സാങ്കേതിക വിദ്യ വഴങ്ങും. മലയാളം ഭാഷാ സമൂഹം നിര്‍ണ്ണയിക്കുന്ന ഭാഷാ നിയമങ്ങള്‍ നടപ്പാക്കാനാവശ്യമായ സങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ സാങ്കേതിക വിദ്യ പര്യാപ്തമാണു്. പഴയ ലിപിയോ പുതിയ ലിപിയോ ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. ഏതാണു് മലയാളത്തിനു് അനുയോജ്യം എന്നു് ഭാഷാ സമൂഹം തീരുമാനിച്ചാല്‍ മതി.

കേന്ദ്ര ഭരണത്തിലുള്ള ഏതാനും സ്ഥാപനങ്ങളൊഴിച്ചു്, അവരുടെ മുന്‍ഗണനയില്‍ മലയാളം വരുന്നില്ല, മലയാളത്തിന്റെ വളര്‍ച്ചയ്ക്കു് ഉത്തരവാദപ്പെട്ട സംസ്ഥാന വകുപ്പോ സ്ഥാപനമോ മലയാളം ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതില്‍ നാളിതു് വരെ ശ്രദ്ധിച്ചിട്ടില്ലെന്നു് കാണാം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ സന്നദ്ധ കൂട്ടായ്മയാണു് ആദ്യമായി ഈ രംഗത്തു് ഇടപെട്ടു് തുടങ്ങിയതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കുന്ന അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം എന്ന ധര്‍മ്മ സ്ഥാപനവും മലയാളം ഭാഷാ സാങ്കേതികോപകരണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തങ്ങളുടെ കഴിവു് വിനിയോഗിച്ചു് പോരുന്നുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദഗ്ദ്ധരായ മഹേഷ് മങ്ങലാട്ടും സന്തോഷ് തോട്ടിങ്ങലും കെ വി അനില്‍കുമാറും ജഗന്നാഥ് ഗോപിനാഥും മറ്റും ഇക്കാര്യത്തില്‍ പ്രാഥമിക ധാരണകള്‍ രൂപപ്പെടുത്താന്‍ മുന്‍കൈ എടുത്തിട്ടുള്ളവരാണു്.

വിശ്വ മലയാളം സമ്മേളനത്തിനു് ചെലവഴിക്കുന്ന ആറു് കോടി രൂപയുടെ പകുതി തുക ഒരു പങ്കാളിത്ത സാമൂഹ്യ പദ്ധതിയ്ക്കു് അനുവദിക്കുകയും ഏതെങ്കിലും സര്‍വ്വകലാശാലയോ ഭാഷാ ഇന്‍സ്റ്റിട്യൂട്ടോ അതിന്റെ നിര്‍വ്വഹണം ഏറ്റെടുക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദഗ്ദ്ധരുടേയും മലയാളം ഭാഷാ നിയമ വിദഗ്ദ്ധരുടേയും സേവനം ഈ പ്രോജക്ടിനു് വേണ്ടി ഉപയോഗിക്കുകയും ജനങ്ങളുടെ പങ്കാളിത്തം സമാഹരിക്കുകയും ചെയ്താല്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മേല്പറഞ്ഞ ഭാഷാ സാങ്കേതികോപകരണങ്ങളുടെ പ്രാഥമിക രൂപം സമൂഹത്തിനു് ഉപയോഗത്തിനു് നല്‍കാം. അവയുടെ ഉപയോഗത്തിലൂടെ അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു് മലയാളത്തെ ഏതു് ലോകോത്തര ഭാഷയ്ക്കുമൊപ്പം എത്തിക്കാം. അത്രയ്ക്കു് സാധ്യതകളാണു് വിവര സാങ്കേതിക വിദ്യ ഒരുക്കിത്തന്നിരിക്കുന്നതു്. അതു് ശരിയായി ഉപയോഗിക്കുന്നതിലൂടെ മലയാളികള്‍ക്കു് മലയാളികളായി തന്നെ വിശ്വ പൌരന്മാരായി തല ഉയര്‍ത്തി നില്‍ക്കാം.

ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്കും പദ്ധതി തയ്യാറാക്കാനുള്ള സാങ്കേതിക സഹായം സമാഹരിക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും സന്നദ്ധമാണു്. സര്‍ക്കാരിന്റെ മുന്‍കൈയ്യും ഭാഷാ സമൂഹത്തിന്റെ സഹകരണവും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടാകണം.

പശ്ചാത്തല രേഖ

മലയാളം ബോധന മാധ്യമം ആകണം. അതു് ഭരണ ഭാഷയാകണം. കോടതി ഭാഷയാകണം. മലയാളം ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും ഭാഷയാകണം. എല്ലാ വിജ്ഞാന മേഖലകളും ഫലപ്രദവും അനായാസവുമായി കൈകാര്യം ചെയ്യാന്‍ കഴിയത്തക്ക വിധം മലയാളത്തില്‍ പദാവലി ഉണ്ടാകണം. മലയാളത്തിനു് ക്ലാസിക്കല്‍ പദവി വേണം. ഇവയെല്ലാം മാതൃഭാഷയെ സ്നേഹിക്കുന്ന മലയാളികള്‍ വളരെക്കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളാണു്.

മലയാളം വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. ഭരണ പ്രക്രിയകള്‍ ഏറെയും ഇംഗ്ലീഷിലാണു് ഇന്നും കൈകാര്യം ചെയ്യപ്പെടുന്നതു്. ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട അറിവു് ബഹുഭൂരിപക്ഷം ജനങ്ങളിലേയ്ക്കം എത്തുന്നില്ല. വിവരാവകാശ നിയമവും വിവര സാങ്കേതിക ശൃംഖലയും നല്‍കുന്ന വിവര ലഭ്യത പോലും ഉപയോഗപ്പെടുത്താന്‍ ബഹു ഭൂരിപക്ഷം ജനങ്ങള്‍ക്കും അന്യ ഭാഷാ ഭരണം തടസ്സമാകുന്നു. കോടതികളില്‍ ഇംഗ്ലീഷാണു് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതു്. നീതി തേടി വരുന്നവര്‍ക്കു് അവിടെ നടക്കുന്നതെന്തെന്നോ നടന്നതെന്തെന്നോ മനസിലാകുന്നില്ല. തങ്ങള്‍ക്കു് നീതി ലഭിച്ചുവോ എന്നു് പോലും അവര്‍ക്കറിയാന്‍ കഴിയാതെ പോകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇംഗ്ലീഷ് തന്നെയാണു് പഠന മാധ്യമം. സാമ്പത്തിക ശേഷിയുള്ളവര്‍ക്കും മുന്നോക്കക്കാര്‍ക്കും അനുകൂലമായ സാഹചര്യം അന്യ ഭാഷാ പ്രയോഗത്തിലൂടെ നിലനിര്‍ത്തപ്പെടുകയാണു്. അവസാനമിതാ, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മാധ്യമവും ഇംഗ്ലീഷായി മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക ശേഷിയുള്ളവരെല്ലാം ഇംഗ്ലീഷ് മാധ്യമത്തിലേയ്ക്കു് കുട്ടികളെ മാറ്റുന്നു. അതു് കണ്ടു് സാമ്പത്തിക ശേഷിയില്ലാത്തവരും പട്ടിണി കിടന്നു് അവരുടെ കുട്ടികളേയും ഇംഗ്ലീഷ് മാധ്യമം ഉപയോഗിക്കുന്ന പാഠശാലകളിലേയ്ക്കു് മാറ്റുന്നു. ഇംഗ്ലീഷ് മാധ്യമത്തിലുള്ള അദ്ധ്യാപനം പൊതുവെ കുട്ടികളെ പഠനത്തില്‍ പിന്നോട്ടടിപ്പിക്കുന്നു. അതു് മറികടക്കാന്‍ ട്യൂഷന്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നു. പണമുള്ളവര്‍ക്കു് അതു് താങ്ങാം. എന്നാല്‍ ധന ശേഷിയില്ലാത്തവര്‍ ഇതു് മൂലം കടുത്ത ദാരിദ്ര്യത്തിലേയക്കു് തള്ളിയിടപ്പെടുന്നു. തങ്ങളുടെ മക്കളുടെ ഭാവിക്കു് വേണ്ടി മാതാപിതാക്കള്‍ ഈ ദുരിതം പേറാന്‍ തയ്യാറാകുന്നു. ഉല്ലാസമായിരിക്കേണ്ട പഠനം കുട്ടികള്‍ക്കു് വിരസവും പീഢനവുമായി മാറ്റപ്പെട്ടിരിക്കുന്നു. അതിലൂടെ ധനാധിപത്യവും വര്‍ഗ്ഗ വിഭജനവും നിലനിര്‍ത്തുന്നു.

മലയാളം മീഡിയത്തില്‍ പഠിക്കുന്നവരേക്കാള്‍ മെച്ചപ്പെട്ട കഴിവോ പ്രാപ്തിയോ അറിവോ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവര്‍ക്കു് കിട്ടുന്നില്ല. പക്ഷെ, പരീക്ഷാ സമ്പ്രദായം അന്യഭാഷയില്‍ കാണാതെ പഠിക്കുന്നവര്‍ക്കനുകൂലമായി ആവിഷ്കരിച്ചിരിക്കുന്നതിലൂടെ അവര്‍ക്കു് മാര്‍ക്കു് കൂടുതല്‍ നല്‍കി അവരുടെ ജോലി സാധ്യത ഉയര്‍ത്തിയിരിക്കുന്നു. പക്ഷെ, അവരൊന്നും യാഥാര്‍ത്ഥ അറിവിന്റെ ഉടമകളാകുന്നില്ല. വിവരങ്ങള്‍ മനപാഠമാക്കിയിട്ടുണ്ടാകാം. വിജ്ഞാന സൃഷ്ടി നടത്താന്‍ പ്രാപ്തരാകുന്നില്ല. മാതൃഭാഷയില്‍ കാര്യങ്ങള്‍ മനസിലാക്കുമ്പോഴാണു് അതു് വിജ്ഞാനമായി സ്വാംശീകരിക്കപ്പെടുന്നതു്. അങ്ങിനെ മാറുമ്പോളേ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന പശ്ചാത്തല വിവരവും വിജ്ഞാനവും ഉപയോഗപ്പെടുത്തി അമൂര്‍ത്തമായ ചിന്തയിലൂടെ വിജ്ഞാന സൃഷ്ടി നടത്താനാവൂ. അപ്പോള്‍ മാത്രമേ അമൂര്‍ത്തമായ ചിന്തയുടെ ഉപകരണം എന്ന ഭാഷയുടെ ധര്‍മ്മം ഉപയോഗപ്പെടുത്താനാവൂ. ബുദ്ധി വികാസത്തിന്റെ അവശ്യോപാധിയാണു് മാതൃഭാഷയുടെ പ്രയോഗവും അതു് ബോധനമാധ്യമം ആയിരിക്കേണ്ടതും. പുതിയ ചിന്തയ്ക്കു് മാതൃഭാഷാ മാധ്യമത്തിലുള്ള വിദ്യാഭ്യാസം അവശ്യം ആവശ്യമാണു്. കണക്കിന്റേയും ശാസ്ത്രത്തിന്റേയും യുക്തി മനസിലാക്കാനും സാങ്കേതിക വിദ്യയുടെ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളാനും മാതൃഭാഷ തന്നെ ബോധന മാധ്യമമാകണം. മറ്റു് ഭാഷകള്‍ നന്നായി പഠിക്കാനും മാതൃഭാഷയിലുള്ള കഴിവു് കൂടിയേ തീരൂ. സ്വാഭാവികമായും ബോധന മാധ്യമം മാതൃഭാഷ ആകുന്നതു് കൊണ്ടു് മറ്റു് ഭാഷാ പഠനത്തില്‍ പുറകോട്ടടിക്കപ്പെടുകയോ പുറം രാജ്യങ്ങളിലെ തൊഴിലിലോ തൊഴില്‍ ലഭ്യതയിലോ പിന്തള്ളപ്പെടുകയോ ഇല്ല. ഇതേവരെ അത്തരം പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതു് വിദ്യാഭ്യാസ രംഗത്തു് നിലനില്‍ക്കുന്ന മറ്റു് പിഴവുകള്‍ കൊണ്ടാണു്. ബോധന മാധ്യമം മാതൃഭാഷയായതുകൊണ്ടല്ല. മലയാളം പോലും ശരിയായി പഠിക്കാത്തതു് കൊണ്ടാണു്.

മലയാളത്തിനു് ഇംഗ്ലീഷിന്റെ മേന്മകളില്ല എന്ന അധമ ബോധം മലയാളികളെ വേട്ടയാടുന്നുണ്ടു്. ഇംഗ്ലീഷിനു് 26 അക്ഷരങ്ങള്‍ മാത്രമേയുള്ളു. അതൊരു മേന്മയാണെന്നു് സാങ്കേതിക വികാസത്തിന്റെ മുന്‍ ഘട്ടങ്ങളില്‍ (ടൈപ്പു് റൈറ്റര്‍, ടൈപ്പു് നിരത്തിയുള്ള അച്ചടി) അനുഭവപ്പെട്ടതാണു് അതിനു് കാരണം. എന്നാല്‍ ഇന്നു് സാങ്കേതിക വിദ്യ വികസിച്ചപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഇന്നു്, മലയാളത്തിനു് അതിന്റെ വലിയ അക്ഷര മാലയും കൂട്ടക്ഷര സഞ്ചയവും വലിയ മേന്മയാണു്. അതും, എഴുതുന്നതു് വായിക്കാന്‍ കഴിയുന്നു എന്നതും ചേര്‍ന്നു് മലയാള ഭാഷാ പഠനം എളുപ്പമാക്കിയിരിക്കുന്നു. എഴുതുന്നതല്ല വായിക്കുന്നതെന്നതിനാല്‍ ഇംഗ്ലീഷ് പഠനം ദുഷ്കരമാണു്. മലയാളം നന്നായി പഠിച്ചവര്‍ക്കു് ഇംഗ്ലീഷ് പഠനം എളുപ്പമാക്കുകയും ചെയ്യും.

ചുരുക്കത്തില്‍, വ്യാപകമായ പ്രയോഗത്തിന്റെ അഭാവത്തില്‍ മലയാളം മുരടിപ്പു് നേരിടുന്നു. സാഹിത്യ കൃതികള്‍ ഉണ്ടാകുന്നില്ല എന്നോ അവയുടെ ഗുണം കുറവാണെന്നോ അല്ല, ഇതുകൊണ്ടുദ്ദേശിക്കുന്നതു്. നിയമമോ ശാസ്ത്ര വിഷയങ്ങളോ സാങ്കേതിക വിദ്യയോ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഭാഷയായി മലയാളം വളരുന്നില്ല. ആഗോള ഗ്രാമത്തിലേയ്ക്കു് ഉള്‍ച്ചേര്‍ക്കപ്പെടുന്ന കേരളത്തിന്റേയും, ആഗോള പൌരനായി മാറാന്‍ വിധിക്കപ്പെട്ട മലയാളിയുടേയും ഭാവി താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടത്തക്ക വിധം മലയാളം വളരുന്നില്ല എന്നതാണു് ഈ വിമര്‍ശനം. അതിനു് കേരള സമൂഹം മുന്‍കൈ എടുക്കുന്നില്ല എന്നതാണു് വസ്തുത.

ബ്രിട്ടീഷ് ഭരണ കാലത്തു് പോലും മലയാളം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. പക്ഷെ, സ്വാതന്ത്ര്യാനന്തരം, ഭരണ ഭാഷയല്ലാതായി. കോടതി ഭാഷയും അല്ലാതായി. ബോധന മാധ്യമം അല്ലാതായി. കൂടുതല്‍ കൂടുതല്‍ മലയാളികള്‍ ഇംഗ്ലീഷു് മാധ്യമത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി വരുന്നു. കാര്‍ഷിക വ്യാവസായിക രംഗങ്ങള്‍ മുരടിച്ചിരിക്കുന്നു. നാട്ടില്‍ ജോലി കിട്ടുന്നവരുടെ എണ്ണം വളരെ കുറവു്. ജോലി തേടി വിദേശത്തു് പോകുന്നവര്‍ ധാരാളം. വിദേശത്തു് ജോലിക്കു് പോകുന്നവര്‍ക്കു് ബന്ധഭാഷ ഇംഗ്ലീഷാണു്. അവിടെ സ്ഥിര താമസമാക്കുന്നു. മലയാളം ബോധന മാധ്യമം ആകുന്നതു് പോയിട്ടു് മലയാളം ഒരു ക്ലാസിലും പഠിക്കുക പോലും ചെയ്യാത്ത മലയാളികളുടെ എണ്ണം കൂടിവരുന്നു. ഈ സാഹചര്യത്തില്‍ മലയാളം പ്രയോഗത്തിലൂടെ വികസിക്കാത്തതില്‍ അത്ഭുതമില്ല.

ഭരണാധികാരികളാകട്ടെ, ഭരണ ഭാഷയും കോടതി ഭാഷയും ബോധന മാധ്യമവും മലയാളമാക്കാനുള്ള തീരുമാനം നടപ്പാക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഇവയ്ക്കെല്ലാമായി ഒട്ടേറെ പഠനങ്ങളും റിപ്പോര്‍ടുകളും ഉണ്ടായിട്ടുണ്ടു്. വകുപ്പുകളും സ്ഥാപനങ്ങളും നിലവിലുണ്ടു്. സാംസ്കാരിക വകുപ്പുണ്ടു്. ഒട്ടേറെ പേര്‍ ഈ പേരു് പറഞ്ഞു് ശമ്പളം പറ്റുന്നുണ്ടു്. ഒട്ടേറെ വിഭവം പാഴാക്കപ്പെടുന്നുമുണ്ടു്. എങ്കിലും, ഈ സ്ഥിതി എന്നു് മാറുമെന്നതിനു് യാതൊരു നിശ്ചയവുമില്ല.

ബോധന മാധ്യമവും നിയമ-കോടതി-ഭരണ ഭാഷയും ആക്കപ്പെട്ടു് മലയാളത്തിന്റെ വ്യാപകമായ ഉപയോഗമാണോ അതോ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ തരത്തില്‍ മലയാളത്തിന്റെ വളര്‍ച്ചയാണോ ആദ്യം നടക്കേണ്ടതു് എന്ന തര്‍ക്കത്തിലാണു് നാമിന്നു് ഏര്‍പ്പെട്ടിട്ടുള്ളതു്. ഇവ രണ്ടും ഇന്നു് നടക്കുന്നില്ല. പ്രയോഗത്തിലൂടെയേ വളരൂ. വളര്‍ന്നാലേ പ്രയോഗ ക്ഷമമാകൂ. ഈ വിഷമ വൃത്തം ഭേദിച്ചാല്‍ മാത്രമേ പരിഹാരം കാണാനാകൂ. എങ്ങിനെ ഇതു് സാധ്യമാകുമെന്നതാണു് കേരള സമൂഹം നേരിടുന്ന പ്രശ്നം.

നമ്മള്‍ മലയാളികള്‍ തന്നെയാണീ പതനത്തിനു് ഉത്തര വാദികള്‍. യൂറോപ്യന്‍ ബൈബിള്‍ പ്രേഷിത പ്രവര്‍ത്തകരും കൃസ്ത്യന്‍ മിഷണറിമാരും എന്തിനേറെ കച്ചവടക്കാരായി വന്നു് തുടര്‍ന്നു് കോളനി ഭരണം കയ്യാളിയവര്‍ പോലും കേരളത്തിലെത്തിയപ്പോള്‍ അവര്‍ മലയാളം പഠിച്ചു് മലയാളത്തെ ധന്യമാക്കുകയും മലയാളത്തിനു് ആദ്യത്തെ നിഘണ്ടു പോലും സംഭാവന നല്‍കുകയും ചെയ്തവരാണു്. അവരുടെ ഇന്നത്തെ പിന്തുടര്‍ച്ചക്കാരായ മലയാളികളായ കൃസ്ത്യന്‍ സഭാ നേതൃത്വങ്ങളും ഭരണക്കാരും മലയാളം ഉപേക്ഷിച്ചു് ഇംഗ്ലീഷ് വരിക്കാന്‍ ജനങ്ങള്‍ക്കായി ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം ഏര്‍പ്പെടുത്താന്‍ മുന്‍കൈ എടുക്കുകയാണു്. മത്സരാധിഷ്ഠിത കമ്പോളത്തില്‍ ഇതര നാടന്‍ മത-ജാതി വിഭാഗങ്ങളും ഇംഗ്ലീഷ് മാധ്യമത്തില്‍ വിദ്യാഭ്യാസം നേടാന്‍ അവരവരുടെ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നു. എന്തിനേറെ, ഭാരതീയത ഉയര്‍ത്തിപ്പിടിക്കുന്നവരെന്നു് അഭിമാനിച്ചു് ഹിന്ദു വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നവരും ഇംഗ്ലീഷ് മാധ്യമം സ്കൂളുകളാണു് സ്ഥാപിക്കുന്നതു്. ഭരണാധികാരികളും ജാതി-മത-വര്‍ഗ്ഗീയ സംഘടനകളും നേതൃത്വവുമാണു് ഇതിനു് ഉത്തരവാദികള്‍.

ആധുനിക വിവര സാങ്കേതിക വിദ്യ ഏതു് ഭാഷയ്ക്കും തുല്യ അളവില്‍ വികസിക്കാനുള്ള പശ്ചാത്തലം ഒരുക്കിയിട്ടുണ്ടു്. ആ സാധ്യത ഉപയോഗിക്കാന്‍ നാം ആ സാങ്കേതിക വിദ്യ സ്വാംശീകരിക്കേണ്ടതുണ്ടു്. പക്ഷെ, അത്തരം സാങ്കേതിക സ്വാംശീകരണം അസാദ്ധ്യമാക്കിയിരിക്കുന്ന സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളാണു് കേരളീയര്‍ വ്യാപകമായി ഉപയോഗിക്കുന്നതു്. സോഫ്റ്റ്‌വെയറിന്റെ സ്വകാര്യ ഉടമസ്ഥത ഇടക്കാലത്തു് ലാഭക്കൊതിയന്മാര്‍ ഉണ്ടാക്കിയതാണു്. പൊതു ഉടമസ്ഥതയില്‍ സോഫ്റ്റ്‌വെയറുകള്‍ എല്ലാക്കാലത്തും ലഭ്യമായിരുന്നു. പൊതു വിജ്ഞാന സമ്പത്തു് സംരക്ഷിക്കാനായി പുതിയൊരു പൊതു ഉടമസ്ഥതാ രൂപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപകനായ മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ സൃഷ്ടിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമാണു് ഉപയോഗിക്കാനും പകര്‍ത്താനും പഠിക്കാനും വികസിപ്പിക്കാനും പങ്കു് വെച്ചുപയോഗിക്കാനും സമാന നിബന്ധനകളോടെ വില്കാനും ഓരോരുത്തര്‍ക്കും അവകാശം നല്‍കുന്നതു്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ സ്വകാര്യ മൂലധനത്തോടും ലാഭത്തോടുമുള്ള ആസക്തി മൂലം മിക്കവാറും മലയാളികള്‍ തയ്യാറായിട്ടില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്കൂള്‍ തലത്തില്‍ പഠിപ്പിച്ചിട്ടും തുടര്‍ന്നു് പഠിപ്പിക്കാനോ പഠിക്കാനോ തയ്യാറാകുന്നില്ല. സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകള്‍ അവയുടെ മൂല രോഖകള്‍ ഉപയോക്താക്കള്‍ക്കു് നല്‍കുന്നില്ല. മാത്രമല്ല, മൂല രേഖകള്‍ പഠിക്കാനോ മാറ്റം വരുത്താനോ പങ്കു് വെയ്ക്കാനോ ഉള്ള അനുവാദം നിഷേധിച്ചു്, വെറും ഉപയോഗാനുമതി മാത്രമാണു് നല്‍കുന്നതു്. അതു് മൂലം സ്വകാര്യ സോഫ്റ്റ്‌വെയറുകളഅ‍ ഉപയോഗിച്ചു് മലയാളത്തിനാവശ്യമായ ഭാഷാ സാങ്കേതികോപകരണങ്ങള്‍ സൃഷ്ടിക്കാന്‍ മലയാളി സമൂഹത്തിനു് ആവുന്നില്ല. സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു് ശീലിച്ചവര്‍ക്കു് അതിനാവില്ല. അക്കാര്യം നിര്‍വഹിക്കാന്‍ ബന്ധപ്പെട്ട കമ്പനിക്കു് മാത്രമേ കഴിയൂ. അവരാകട്ടെ, ലാഭ സാധ്യത മാത്രം നോക്കിയാണു് അതു് ചെയ്യുന്നതു്. സ്വാഭാവികമായും പ്രാദേശിക ഭാഷാ സമൂഹങ്ങള്‍ക്കു് അവരുടെ ജനാധിപത്യ സ്വാതന്ത്ര്യം അര്‍ത്ഥമില്ലാത്തതാക്കിയിരിക്കുന്നു. അവരെന്നും വലിയ ഭാഷാ സമൂഹങ്ങള്‍ക്കു് പിന്നണിയില്‍ തന്നെ തുടരും. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുപയോഗിച്ചാല്‍ സങ്കേതങ്ങള്‍ ലഭ്യമാണു്. അവ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടു് താനും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് മലയാളത്തിനാവശ്യമായ ഭാഷാ സങ്കേതങ്ങള്‍ നമുക്കു് തന്നെ നിര്‍മ്മിക്കാം. അങ്ങിനെ മലയാള ഭാഷാ സമൂഹത്തിനു് ജനാധിപത്യ സ്വാതന്ത്ര്യം അന്വര്‍ത്ഥമാക്കാം. മറ്റേതു് ഭാഷയ്ക്കുമൊപ്പം തങ്ങളുടെ ഭാഷ വികസിപ്പിക്കാം.

വിവര സാങ്കേതിക വികാസം ലഭ്യമാക്കിയിരിക്കുന്ന സാധ്യതകളോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടി ഉപയോഗിച്ചു് ഇംഗ്ലീഷിനും മറ്റേതു് ലോക ഭാഷയ്ക്കുമൊപ്പം മലയാളവും വികസിപ്പിക്കുകയാണു് മലയാളത്തിന്റെ മുരടിപ്പു് മറികടക്കാനുള്ള മാര്‍ഗ്ഗം. പ്രസിദ്ധീകരണം, ലിപ്യന്തരണം, വിവര്‍ത്തനം, മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റം തുടങ്ങിയ വിവര വിനിമയ സങ്കേതങ്ങള്‍ മലയാളത്തിലും വികസിപ്പിക്കണം. സാങ്കേതിക വിദ്യ ഇന്നു് ലഭ്യമാണു്. ഭാഷാ സങ്കേതികോപകരണങ്ങള്‍ മലയാളത്തിലും വികസിപ്പിക്കുകയാണു് നാം ചെയ്യേണ്ടതു്. അതു് മലയാളികള്‍ക്കാണു് ഫലപ്രദമായി ചെയ്യാന്‍ കഴിയുക. കാരണം മലയാള ഭാഷയുടെ യുക്തിയും നിയമങ്ങളും മലയാളികള്‍ക്കാണു് നന്നായറിയാവുന്നതു്. ചുരുങ്ങിയ കാലം കൊണ്ടു് ചെയ്യാവുന്നതാണു്. പ്രാദേശികമായി തന്നെ സാദ്ധ്യവുമാണു്. തുടര്‍ന്നു് പ്രയോഗത്തിലൂടെ മലയാളം വളര്‍ന്നു് കൊള്ളും.

മലയാള ഭാഷാ പോഷക സ്ഥാപനങ്ങളും വകുപ്പുകളും ഉടച്ചു് വാര്‍ക്കപ്പെടണം. ഇന്നവ സാഹിത്യ സൃഷ്ടിയിലും അച്ചടിയിലും ഭാഷാ വിദഗ്ദ്ധര്‍ മാത്രമായി നടത്തുന്ന ഭാഷാ വികസനത്തിലും അധിഷ്ഠിതമാണു്. അതു് മലയാളത്തില്‍ ഭാഷോപകരണങ്ങളുടെ വികാസവും അതിനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടേയും സ്വതന്ത്ര വിജ്ഞാന പ്രവര്‍ത്തകരുടേയും ഭാഷാ വിദഗ്ദ്ധരുടേയും കൂട്ടായ ഇടപെടലിനു് വേദികളൊരുക്കുകയും ഭരണത്തിലും കോടതികളിലും ബോധന മാധ്യമമായും മലയാളത്തിന്റെ പ്രയോഗം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യണം. അതിനാവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്തു് നടപ്പാക്കണം.

കേരളത്തില്‍ മലയാളത്തിനായി ഭാഷാ വിവര സാങ്കേതങ്ങളുടെ വികസനത്തില്‍ നാളിതു് വരെ ഒദ്യോഗിക സംവിധാനങ്ങളുടെ പങ്കു് ഉണ്ടായി കാണുന്നില്ല. കേന്ദ്ര ഭരണത്തിലുള്ള ചില സ്ഥാപനങ്ങള്‍ ദീര്‍ഘ കാലമായി ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ടു്. പക്ഷെ, അവരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് വേഗത്തില്‍ ഭാഷോപകരണങ്ങള്‍ സമൂഹത്തിനു് ലഭ്യമാക്കി സമൂഹ പങ്കാളിത്തത്തോടെ അവ കാര്യക്ഷമമാക്കാനുള്ള നടപടി എടുക്കുന്നില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് (എസ്എംസി) എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സന്നദ്ധ പ്രവര്‍ത്തകരായ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയും അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം എന്ന ചാരിറ്റബിള്‍ സൊസൈറ്റിയും മാത്രമാണു് ഈ രംഗത്തു് മൂന്‍കൈകള്‍ എടുത്തിട്ടുള്ളതു്. ലിനക്സ് ഡെസ്ക്ടോപ്പിന്റെ മലയാളം പതിപ്പു് എസ്എംസിയാണു് തയ്യാറാക്കിയതു്. എഴുത്തു് മൊഴിയായും മൊഴി എഴുത്തായും മാറ്റുന്നതിനുള്ള ശ്രമങ്ങളും എസ്എംസിയുടെ ആഭിമുഖ്യത്തില്‍ ശ്രീ മഹേഷ് മങ്ങലാട്ടും ശ്രീ സന്തോഷ് തോട്ടിങ്ങലും മറ്റും തുടങ്ങിയിരുന്നെങ്കിലും വരുമാനമാര്‍ഗ്ഗമായി ഏറ്റെടുത്ത മറ്റു് ജോലികളുടെ തിരക്കില്‍ അതു് മുന്നോട്ടു് നീക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു് അറിയുന്നതു്. ശ്രീ കെ വി അനില്‍കുമാര്‍ പ്രജാശക്തി എന്ന തെലുങ്കു് പത്രത്തിനു് വേണ്ടി നടത്തിയ സാങ്കേതിക വികസനത്തിന്റെ ഭാഗമായി 'സ്ക്രൈബസ്' എന്ന പേജ് തയ്യാറാക്കല്‍ പ്രോഗ്രാമിന്റെ ഇന്‍ഡിക് ഭാഷകള്‍ക്കുള്ള യുണിക്കോഡ് പതിപ്പു് വികസിപ്പിക്കുകയുണ്ടായി. അതു് മലയാളത്തിനും അദ്ദേഹത്തിന്റെ സംഘം സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ടു. ഈ നേട്ടങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് മാത്രം കൈമുതലായ പ്രാദേശിക ഇടപെടല്‍ സാധ്യതയും സാങ്കേതിക സ്വാംശീകരണ സാധ്യതയും തെളിയിക്കുന്നതാണു്. മേല്പറഞ്ഞവരടക്കം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഭാഷാ പോഷക സ്ഥാപനങ്ങളും സംഘടനകളും തയ്യാറായാല്‍ മലയാളത്തില്‍ ഭാഷാ വിവര സാങ്കേതിക വൈദഗ്ദ്ധ്യം നേടിയവരുടെ ഒരു നിരയെ പരിശീലിപ്പിക്കാനും ഭാഷാ സാങ്കേതികോപകരണങ്ങളുടെ വികസനം വളരെ കുറഞ്ഞ ചെലവില്‍ അതി വേഗം നടത്താനും കഴിയും.

മലയാളം ലിപി പരിഷ്കാരം പുനപരിശോധിക്കപ്പെടണം. ഇന്നു് ടൈപ് റൈറ്ററുകളില്ല, കമ്പ്യൂട്ടറുകളാണുപയോഗിക്കപ്പെടുന്നതു് കമ്പ്യൂട്ടറുകള്‍ക്കു് പഴയ ലിപിയും പുതിയ ലിപിയും വഴങ്ങും. യുക്തമായ തീരുമാനം ഉണ്ടാകണം. സാങ്കേതിക വിദ്യ പ്രയോഗിക്കാനായി ഭാഷയെ വികലമാക്കേണ്ടതില്ല. മറിച്ചു്, ഭാഷയുടെ വളര്‍ച്ചയ്ക്കായി സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണു് വേണ്ടതു്. മലയാളത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടും സാങ്കേതിക വിദ്യ ഉപയോഗിച്ചും മലയാളത്തെ ഇംഗ്ലീഷിനും മറ്റേതു് ലോക ഭാഷയ്ക്കുമൊപ്പം വികസിപ്പിക്കണം.

മലയാളം പ്രസിദ്ധീകരണം യുണീകോഡിലാകണം. ഏറിയ കൂറും ഇന്നും അതങ്ങിനെയല്ല. യുണീകോഡിലായാല്‍ അതു് മലയാളത്തിലുള്ള ഉള്ളടക്കം വിവര വിനിമയ ശൃംഖലയില്‍ വര്‍ദ്ധിച്ച തോതില്‍ ലഭ്യമാക്കാന്‍ സഹായിക്കും. ഹിന്ദിയ്ക്കും ഗുജറാത്തിയ്ക്കും ബംഗാളിയ്ക്കും തമിഴിനും തെലുങ്കിനും കന്നഡയ്ക്കും ഉള്ളതു് പോലെ ഇതര ഭാഷകളുമായി ലിപിമാറ്റവും വിവര്‍ത്തനവും മൊഴി ലിപിയായും ലിപി മൊഴിയായും മാറ്റുക തുടങ്ങിയ ഭാഷാ സങ്കേതങ്ങള്‍ മലയാളത്തില്‍ വികസിപ്പിക്കണം. നമ്മുടെ ഭാഷാപോഷക വകുപ്പുകളും സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുമായി ചേര്‍ന്നു് അടിയന്തിരമായി ഈ കടമ ഏറ്റെടുക്കണം. അതിലൂടെ മലയാളികള്‍ക്കു് ഏതു് ഭാഷക്കാരുമായും തത്സമയം മലയാളത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയും. ഏതു് ഭാഷയിലും എഴുതപ്പെടുന്ന ഏതു് ശാസ്ത്ര-സാങ്കേതിക കൃതികളും തത്സമയം മലയാളത്തില്‍ ലഭ്യാമാക്കാനും അങ്ങിനെ മലയാളം മറ്റേതു് ഭാഷയ്ക്കുമൊപ്പം വളരുന്നു എന്നു് ഉറപ്പാക്കാനും കഴിയും. കോടതിയില്‍ ഏതു് ഭാഷയില്‍ വാദം നടന്നാലും ഓരോരുത്തര്‍ക്കും തത്സമയം തങ്ങളുടെ ഭാഷയില്‍ അവ കേള്‍ക്കാനും പകര്‍പ്പുകള്‍ ലഭ്യമാക്കാനും സാധിക്കും. സര്‍ക്കാര്‍ ഭരണ പ്രക്രിയകളും നടപടികളും ഏതു് ഭാഷയില്‍ കൈകാര്യം ചെയ്യപ്പെട്ടാലും മലയാളത്തില്‍ അവ തത്സമയം ലഭ്യാമാകും.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വ്യാപകമായി ഉപയോഗിക്കണം. അവയുടെ വ്യാപകമായ ഉപയോഗത്തിലൂടെ മാത്രമേ വിവര സാങ്കേതിക വിദ്യ സ്വാംശീകരിക്കാനും സ്വായത്തമാക്കാനും മലയാളികള്‍ക്കു് കഴിയൂ. സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലാ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ ആവശ്യങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ ഉപയോഗിക്കൂ എന്ന തീരുമാനം അടിയന്തിരമായി എടുക്കുകയും നടപ്പാക്കുകയും വേണം. സംസ്ഥാന ഭരണത്തില്‍ കേരളീയരായ ജനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും മുന്‍കൈ നിലനിര്‍ത്താനും വൈദഗ്ദ്ധ്യ പോഷണത്തിനും ഫലപ്രദമായ ഗവേഷണ വികസനത്തിനും ജനാധിപത്യ വികാസത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അവശ്യോപാധിയാണു്. അതു് പ്രാദേശിക സാങ്കേതിക വൈദഗ്ദ്ധ്യ പോഷണത്തിനും വ്യവസായ വികസനത്തിനും വഴിയൊരുക്കുകയും ചെയ്യും.

സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും മലയാളം വകുപ്പുകളും മലയാളം ഭാഷാ പോഷക വകുപ്പുകളും സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയും അവയുടെ വരുതിയിലുള്ള മനുഷ്യ-പണ വിഭവം സമാഹരിച്ചു് സഹകരിച്ചു് പ്രവര്‍ത്തിച്ചാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മലയാളം ഭാഷാ സങ്കേതങ്ങള്‍ക്കു് അടിത്തറയിടാം. തുടര്‍ന്നു് അവ ഉപയോഗത്തിലൂടെ മെച്ചപ്പെടും. വര്‍ദ്ധിച്ച സാമൂഹ്യമായ ഇടപെടല്‍ ഉറപ്പാക്കിക്കൊണ്ടു്, മലയാളത്തെ ഭാവിയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുതകും വിധം വികസിപ്പിക്കാം. അതിനുള്ള സമ്മര്‍ദ്ദം സര്‍ക്കാരില്‍ സൃഷ്ടിക്കപ്പെടണം. അതിനാവശ്യമായ ശക്തി സംഭരിക്കാന്‍ മലയാളത്തിലും മലയാളികളുടെ ഭാവിയിലും കേരളീയ സംസ്കാരം നിലനിന്നു് കാണുന്നതിലും താല്പര്യമുള്ളവരെല്ലാം സംഘര്‍ഷങ്ങള്‍ക്കു് പകരം സമവായത്തിന്റെ മാര്‍ഗ്ഗം അവലംബിക്കണം, പരിപാടി തയ്യാറാക്കണം, സഹകരിച്ചു് പ്രവര്‍ത്തിക്കണം. ആര്‍ക്കും പീഢനമില്ലാതെ എല്ലാവരുടേയും സഹകരണത്തോടെ മലയാളത്തെ കോടതി ഭാഷയായും ഭരണ ഭാഷയായും ഉയര്‍ത്താനും മലയാളികള്‍ മലയാളം മാധ്യമത്തില്‍ പഠിച്ചു് തുടങ്ങാനും വഴിയൊരുക്കുന്നതിനു് മേല്‍ പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന ഒരു പങ്കാളിത്ത സാമൂഹ്യ പദ്ധതിയിലൂടെ കഴിയും. ഈ പദ്ധതി കേരളത്തിലെ ഏതൊരു സര്‍വ്വ കലാശാലയ്ക്കും ഭാഷാ പോഷക സ്ഥാപനത്തിനും സാംസ്കാരിക വകുപ്പിനും ഏറ്റെടുക്കാം. കേന്ദ്ര സര്‍വ്വകലാശാലയോ സ്ഥാപനമോ ഏതെങ്കിലും പ്രവര്‍ത്തനം ഈ രംഗത്തു് നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ മേല്പറഞ്ഞ പങ്കാളിത്ത സാമൂഹ്യ പദ്ധതി വേണ്ടെന്നു് വെയ്ക്കേണ്ട ആവശ്യമില്ല. കാരണം, അത്തരം ഒറ്റപ്പെട്ട ഗവേഷണ പദ്ധതികള്‍ സമയ ബന്ധിതമായി തീരില്ല. അവ ഒന്നിനു് പുറകേ ഒന്നെന്ന തരത്തില്‍ ദീര്‍ഘ കാലത്തില്‍ മാത്രമേ ഫലം കാണൂ. അവയില്‍ നിന്നുള്ള ഏതെങ്കിലും നേട്ടം ലഭ്യാമാക്കാന്‍ കേന്ദ്ര സ്ഥാപനങ്ങള്‍ തയ്യാറാകുമെങ്കില്‍ ഉപയോഗിക്കുകയുമാകാം. അവര്‍ക്കും ഈ പങ്കാളിത്ത പദ്ധതിയില്‍ സഹകരിക്കുകയുമാകാം.

ഇക്കാര്യങ്ങളിലെല്ലാം മലയാളി സമൂഹത്തില്‍ സമവായം ഉണ്ടാകുകയാണു് പ്രധാനം. അതിനുള്ള പശ്ചാത്തലം ഒരുങ്ങിയിരിക്കുന്നു. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. അതിനാവശ്യമായ ജനകീയ സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടണം.

ജോസഫ് തോമസ്

പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ

9447738369, thomasatps@gmail.com, thomas@fsmi.in

Monday, October 22, 2012

കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ കയ്യിട്ടു് വാരാനുള്ള മൂലധന-ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ നീക്കം ചെറുക്കുക



കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന


കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്നും ഇ. ശ്രീധരനെയും ഡി.എം.ആര്‍.സിയെയും പുറത്താക്കാനുള്ള നിഗൂഢയജ്‌ഞത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന്‌ ന്യായമായി സംശയിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ശ്രീധരനെയും ഡിഎംആര്‍സിയെയും പദ്ധതി ഏല്‍പിക്കാനാണ്‌ സര്‍ക്കാര്‍ താല്‍പര്യമെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്‌ വിപരീതമായ ദിശയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്‌. അതുകൊണ്ടാണ്‌ എമര്‍ജിങ്‌ കേരളയില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിന്‌ സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തക്കരാറിനായി പരിശ്രമിച്ചത്‌. അതുപോലെ ഗവണ്‍മെന്റ്‌ ചീഫ്‌ സെക്രട്ടറിയും പൊതുമരാമത്ത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്വകാര്യ നിര്‍മ്മാണക്കരാറിനായി വിദേശ കമ്പനികളുമായി നടത്തിയ ചര്‍ച്ചകളും മറ്റ്‌ ഇടപെടലുകളും മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ നടക്കില്ലായെന്ന്‌ ഭരണനടപടിക്രമങ്ങളുടെ ഹരിശ്രീ അറിയാവുന്ന ആര്‍ക്കും മനസ്സിലാകും. കൊച്ചി മെട്രോക്കുവേണ്ടി നിര്‍മ്മാണക്കരാറും കണ്‍സള്‍ട്ടന്‍സി കരാറുമുണ്ടാക്കുന്നതിന്‌ മലേഷ്യന്‍-സിംഗപ്പൂര്‍ കമ്പനികളുമായി ചീഫ്‌ സെക്രട്ടറി കെ ജയകുമാറും പൊതുമരാമത്ത്‌ പ്രിന്‍സപ്പല്‍ സെക്രട്ടറി ടോം ജോസും നടത്തിയ ചര്‍ച്ചകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. ചില വിദേശകമ്പനിപ്രതിനിധികള്‍ മുഖ്യമന്ത്രിയെത്തന്നെ സന്ദര്‍ശിച്ച്‌ ആശയവിനിമയം നടത്തിയ വാര്‍ത്തയും വെളിപ്പെട്ടിട്ടുണ്ട്‌. വിദേശകമ്പനിയുമായി ചര്‍ച്ച നടത്താന്‍ ചീഫ്‌ സെക്രട്ടറി വിദേശത്തേക്ക്‌ പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള അനുവാദം കൂടിയേ കഴിയൂ.

6000 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണച്ചുമതല ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സിയെ ഏല്‍പിച്ചാല്‍ ചില കേന്ദ്രങ്ങള്‍ക്ക്‌ ലാഭമുണ്ടാകില്ല എന്ന താല്‍പര്യത്താലാണ്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ കരാര്‍ നല്‍കാന്‍ സര്‍ക്കാര്‍ നീങ്ങുന്നത്‌. ഇതിനുവേണ്ടി കൊച്ചി മെട്രോ എന്ന ആശയം അവതരിപ്പിച്ച്‌ ഒരു വ്യാഴവട്ടമായി അതിനായി യത്‌നിക്കുന്ന ശ്രീധരനെ പുറത്താക്കണം. അതിനുവേണ്ടി കേന്ദ്രസര്‍ക്കാരിനെ കൂട്ടുപിടിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളി നടത്തിയിരിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ നിര്‍മാണം സംബന്ധിച്ച ഉത്തരവാദിത്തം ശ്രീധരനെ ഏല്‍പിച്ചിട്ടുണ്ടോ എന്ന്‌ ആരാഞ്ഞ്‌ ഡിഎംആര്‍സിയുടെ ചെയര്‍മാനും നഗരവികസന മന്ത്രാലയം പ്രിന്‍സപ്പല്‍ സെക്രട്ടറിയുമായ സുധീര്‍ കൃഷ്‌ണക്ക്‌ ടോം ജോസ്‌ കത്തയച്ചത്‌. കൊച്ചി മെട്രോറെയിലിന്റെ ചുമതലയില്‍നിന്നും മാറിയശേഷം പൊതുമരാമത്ത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ഉപയോഗിച്ചാണ്‌ ഇടംകോലിടീല്‍ നടത്തിയിരിക്കുന്നത്‌. കൊച്ചി മെട്രോയുടെ നാല്‌ മേഖലകളിലെ സുപ്രധാന ചുമതലകള്‍ ശ്രീധരനെ ഏല്‍പിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാക്കി ഡിഎംആര്‍സിയുടെ മാനേജിങ്‌ ഡയറക്‌ടര്‍ നേരത്തേ അയച്ച കത്ത്‌ സംസ്ഥാനത്തിന്‌ ലഭിച്ചിട്ടുണ്ട്‌. അതിനെ മറികടന്ന്‌ കേന്ദ്രസര്‍ക്കാരിലേക്ക്‌ ഒരു ഗവണ്‍മെന്റ്‌ സെക്രട്ടറി ദുരുദ്ദേശ്യത്തോടെ കത്തയക്കണമെങ്കില്‍ സംസ്ഥാന ഭരണമേധാവികളുടെ മനസ്സമ്മതം ലഭിച്ചിരിക്കണം. ആഗോള ടെണ്ടര്‍ വിളിച്ചില്ലെങ്കില്‍ ജപ്പാന്‍ ബാങ്കില്‍നിന്നുള്ള വായ്‌പ ലഭിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ തള്ളി വായ്‌പ ഉറപ്പാക്കിയത്‌ ശ്രീധരന്റെയും ബഹുജനപ്രസ്ഥാനങ്ങളുടെയും ഇടപെടലിലൂടെയാണ്‌. പിന്നീട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുത്ത കമ്പനിക്ക്‌ നിര്‍മ്മാണച്ചുമതല നല്‍കാന്‍ പറ്റില്ലെന്ന വാദവുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടുവന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിന്‌ ഇത്‌ പ്രശ്‌നമല്ലെന്ന്‌ വ്യക്തമാക്കി. ഇങ്ങനെ മെട്രോറെയിലിന്റെ കരാര്‍ സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അടിക്കടി പരാജയപ്പെട്ടപ്പോഴാണ്‌ കേന്ദ്രസര്‍ക്കാരിനെ കൂട്ടുപിടിച്ച്‌ പദ്ധതിക്ക്‌ കാലവിളംബം വരുത്താനും അട്ടിമറിക്കാനും വേണ്ടി ശ്രീധരനെയും ഡിഎംആര്‍സിയെയും പുറംതള്ളാനുള്ള ഹീനനീക്കം ശക്തിപ്പെടുത്തിയിരിക്കുന്നത്‌. സംസ്ഥാനസര്‍ക്കാരിന്റെ വഴിപിഴച്ച ഈ നടപടി എത്രയും വേഗം അവസാനിപ്പിക്കാന്‍ ശക്തമായ ബഹുജനപ്രതിഷേധമുയരണമെന്നും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.



തിരുവനന്തപുരം

22.10.2012

Monday, October 15, 2012

ആഗോള ധന മൂലധനം നയിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ അധിനിവേശത്തിനെതിരെ പുതിയൊരു ഐക്യ മലയാളം പ്രസ്ഥാനം ആവശ്യമായിരിക്കുന്നു



"മലയാളം ബോധന മാധ്യമവും ഭരണ ഭാഷയും കോടതി ഭാഷയും ആയി ഉപയോഗിച്ചു് തുടങ്ങുക. മലയാളത്തില്‍ യുണീകോഡുപയോഗിച്ചു് പ്രസിദ്ധീകരണം നടത്തുക.

മലയാളത്തില്‍ ലിപ്യന്തരണം, വിവര്‍ത്തനം, മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റുക തുടങ്ങിയ വിവര സങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരെ സഹായിക്കുക. ഭാഷാ വിദഗ്ദ്ധരുടേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടേയും കൂട്ടായ്മയിലൂടെ മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കുക.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാംശീകരിക്കുകയും അവ വ്യാപകമായി ഉപയോഗിക്കുകയും സ്വയംതൊഴില്‍-ചെറുകിട-ഇടത്തരം സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ഭാഷാ സങ്കേതങ്ങളോടൊപ്പം ഇ-ഭരണം, ഇ-സ്ഥാപനഭരണം, ഇ-വിദ്യാഭ്യാസം, ഇ-ആരോഗ്യ പരിചരണം, ഐടി വ്യവസായ വികസനം തുടങ്ങി കേരളത്തിന്റെ സര്‍വ്വതോമുഖമായ വികസനക്കുതിപ്പിനു് പശ്ചാത്തലമൊരുക്കുകയും ചെയ്യുക.

അതിലൂടെ കേരളത്തിന്റെ വികസനത്തോടൊപ്പവും അതിനു് വേണ്ടിയും ഏതു് മലയാളിക്കും ലോകത്തെ ഏതു് ഭാഷ സംസാരിക്കുന്നവരുമായി തത്സമയം ആശയ വിനിമയം സാധ്യമാക്കുക.

പുതിയ ഭാഷാ സങ്കേതങ്ങളും വിവര വിനിമയ ശൃംഖലയും മൊബൈല്‍ ഫോണ്‍ ശൃംഖലയും ഉപയോഗിച്ചു് ഭരണ രംഗത്തും പൊതു രംഗങ്ങളിലും മലയാളമോ ഹിന്ദിയോ ഇതര ഇന്ത്യന്‍ ഭാഷകളോ ഇംഗ്ലീഷോ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു് അവര്‍ക്കു് എളുപ്പം വഴങ്ങുന്ന ഭാഷയില്‍ സംവദിക്കാന്‍ സഹായിക്കുന്ന പശ്ചാത്തല സംവിധാനം ഒരുക്കുക.

അതിലൂടെ ഭാഷാതര്‍ക്കങ്ങളും അതിന്റെ പേരിലുള്ള കലഹങ്ങളും ഒഴിവാക്കുക. മലയാളികളില്‍ വളര്‍ന്നു് വരുന്ന മലയാളത്തോടുള്ള അവജ്ഞയും അപകര്‍ഷതാ ബോധവും ഒഴിവാക്കി മലയാളികളെ ആത്മാഭിമാനമുള്ള വിശ്വ പൌരന്മാരായി ഉയര്‍ത്തുക.

അതിനായി, നിലവിലുള്ളതും പുതുതായി സൃഷ്ടിക്കപ്പെടുന്നതുമായ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി മലയാളത്തെ ലോക വിജ്ഞാന ഭണ്ഡാരവുമായി ബന്ധിപ്പിക്കുക. അതുമായി ആദാന-പ്രദാനം എളുപ്പമാക്കുക.

അത്തരത്തില്‍ എല്ലാ ശാസ്ത്ര-സാങ്കേതിക-മാനവിക വിഷയങ്ങളും കൈകാര്യം ചെയ്യാനും അവയുടെ ബോധന മാധ്യമം ആകാനും കഴിയത്തക്ക വിധം മലയാള ഭാഷയെ വികസിപ്പിക്കുക"

ധനമൂലധനാധിനിവേശം ചെറുത്തുകൊണ്ടു് ഒരോ പൌരനും അവസര സമത്വവും സ്വാതന്ത്ര്യവും ഉറപ്പു് നല്‍കുന്ന ജനാധിപത്യ വികാസത്തിന്റേയും ബഹു ധൃവ ലോക ക്രമത്തിന്റേയും തുടര്‍ന്നു് സര്‍വ്വ ജന വിഭാഗങ്ങളുടേയും സമത്വത്തിലും സ്വാതന്ത്ര്യത്തിലും പുരോഗതിയിലും അധിഷ്ഠിതമായ സാര്‍വ്വദേശീയതയുടേയും സാംസ്കാരിക പശ്ചാത്തലമൊരുക്കുന്ന ഒരു ക്രീയാത്മക പരിപാടിയാണിതു്.

ഇന്നത്തെ കേരളത്തിന്റെ സൃഷ്ടിയ്ക്കും നാളിതു് വരെ കേരളത്തിലുണ്ടായ പുരോഗതിയ്ക്കും അടിത്തറയിട്ടതു് മലയാളം സംസാരിക്കുന്നവരുടെ സ്വയം ഭരണം സാധ്യമാക്കിയ ഐക്യ കേരള പ്രസ്ഥാനമാണു്. (ഇന്ത്യ മൊത്തത്തിലെടുത്താല്‍ ദേശീയ സ്വാതന്ത്ര്യവും ഭാഷാ സംസ്ഥാന രൂപീകരണവുമായിരുന്നു.)

ഇനിയങ്ങോട്ടു് മുന്നേറാന്‍, എല്ലാ രംഗത്തും നടന്നു് കൊണ്ടിരിക്കുന്ന ധന മൂലധനാധിനിവേശം ചെറുക്കാന്‍, എല്ലാ തദ്ദേശീയ ഭാഷകളുടേയും വികസനം കൂടിയേ തീരൂ. എല്ലാ തദ്ദേശീയ ഭാഷകളും അവയെ അടിസ്ഥാനമാക്കിയുള്ള സംസ്കാരങ്ങളും ഒരു പൊതു സാര്‍വ്വദേശീയ സംസ്കാരത്തിന്റെ ഭാഗമായി വളരണം. അതിനു് എല്ലാ ഇന്ത്യന്‍ ഭാഷകളും ലോക വിജ്ഞാന ഭണ്ഡാരവുമായി ഉല്‍ഗ്രഥിപ്പിക്കപ്പെടണം. അതിനുള്ള സാങ്കേതിക പശ്ചാത്തലം വിവര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും ഒരുക്കിക്കഴിഞ്ഞിട്ടുണ്ടു്. അവയില്‍ ഓരോ ജനവിഭാഗവും സ്വയം ശാക്തീകരിക്കുകയും ഉപയോഗിക്കുകയും ചെയ്താല്‍ മതി.

പുരോഗമന പ്രസ്ഥാനം ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം.

ജോസഫ് തോമസ്.

(കടപ്പാടു് - മഹാനായ മലയാളി സ. ഇ. എം. എസ്, അദ്ദേഹത്തിന്റെ പുസ്തകമായ "കേരളം മലയാളികളുടെ മാതൃഭൂമി", സി.പി.ഐ(എം) പാര്‍ടി പരിപാടി, മഹാത്മാ ഗാന്ധി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, മാര്‍ക്സിസം-ലെനിനിസം)

Sunday, October 14, 2012

കോടതി ഭാഷ മലയാളം ആക്കുക



കേരളത്തിലെ കോടതി നടപടികളും ഭരണനിര്‍വ്വഹണവും മലയാളത്തിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ വിജ്ഞാന വ്യാപനത്തിനും സംസ്ഥാനത്തിന്റെ സമഗ്രവും സ്ഥായിയുമായ പുരോഗതിക്കും അതു് അത്യാവശ്യമാണു്. ആറര പതിറ്റാണ്ടിന്റെ സ്വയം ഭരണത്തിനു് ശേഷവും ഭരണ കാര്യങ്ങളും നിയമവും സാധാരണക്കാര്‍ക്കു് മനസിലാക്കാന്‍ കഴിയാതെ പോകുന്നതു് നിലവില്‍ അവ അന്യ ഭാഷയില്‍ കൈകാര്യം ചെയ്യപ്പെടുന്നതുകൊണ്ടാണു്. 'തുടക്കമെന്ന നിലയില്‍ കീഴ്ക്കോടതി നടപടികള്‍ മലയാളത്തിലാക്കണം' എന്ന മലയാളം ഐക്യ പ്രസ്ഥാനത്തിന്റെ ആവശ്യത്തോടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മ പൂര്‍ണ്ണമായും യോജിക്കുന്നു. ഭരണ ഭാഷയും കോടതിഭാഷയും മലയാളം ആയിരിക്കേണ്ടതു് ജനാധിപത്യ വികാസവും ബഹുജനങ്ങളുടെ വിവര സ്വാതന്ത്ര്യവും പോലെ തന്നെ സമൂഹത്തിന്റെ വിജ്ഞാന സ്വാതന്ത്ര്യത്തിന്റേയും ആവശ്യമാണു്. അതാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ വേദിയുടേയും കാഴ്ചപ്പാടു്.

നിലവില്‍ ഇംഗ്ലീഷിനു് അനുകൂലമായ വാദഗതികള്‍ ശക്തമാണു് ഇംഗ്ലീഷിലാണു് നിയമപുസ്തകങ്ങള്‍ ലഭ്യമാകുന്നതും ആ ഭാഷയിലാണു് പഠിക്കുന്നതു് എന്നതുമാണു് അവ. സ്വാഭാവികമായും ഇന്നു് അവ ഇംഗ്ലീഷില്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു് മാറ്റം പീഢനമാകും, അവര്‍ മലയാളത്തിലേയ്ക്കുള്ള മാറ്റത്തെ എതിര്‍ക്കുന്നു. ഭരണ രംഗത്തും ഇതേ സമീപനം കാണുന്നു. ഈ പ്രശ്നത്തിനു് പരിഹാരം കാണണം.

മലയാളം നിയമ ഭാഷയും കൂടിയായി വളരണം നിയമങ്ങള്‍ മലയാളത്തിലേയ്ക്കു് തര്‍ജ്ജമ ചെയ്യപ്പെടണം, നിയമ പുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കപ്പെടണം, നിയമ പഠനത്തിന്റെ ബോധന മാധ്യമം മലയാളമാകണം. ഇവയെല്ലാം സര്‍ക്കാരിന്റെ കടമകളാണു്. ടൈപ്പ്റൈറ്ററുകളില്ലാത്തതിനാലാണു് മലയാളം കോടതി ഭാഷയാക്കാന്‍ കഴിയാത്തതെന്ന വാദം നിലനില്‍ക്കില്ല. കാരണം, ഇന്നു് ടൈപ്പ് റൈറ്ററുകള്‍ക്കു് പകരം കമ്പ്യൂട്ടറുകളാണുപയോഗിക്കുന്നതു് കമ്പ്യൂട്ടറുകളില്‍ മറ്റേതു് ഭാഷയും പോലെ മലയാളവും ഉപയോഗിക്കാം.

സര്‍ക്കാരിനു് മേല്‍ ജനാധിപത്യ സമ്മര്‍ദ്ദം ആവശ്യമാണു് അതിനു് ജനങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാകണം, പൊതു നിലപാടു് രൂപപ്പെടണം. മലയാളം ഇംഗ്ലീഷ് ഭാഷ പോലെ വികസിക്കുന്നില്ല എന്ന പ്രശ്നം നിലനില്‍ക്കുന്നു. വികസിക്കാത്തതിനു് കാരണം ഉപയോഗിക്കപ്പെടാത്തതാണു്. പ്രായോഗികതാവാദവും വികലമായ ധാരണകളും പലരേയും നയിക്കുന്നു. ജനകീയ സമ്മര്‍ദ്ദത്തിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു.

സമൂഹം മലയാളത്തേക്കാള്‍ ഇംഗ്ലീഷിനു് മേന്മകള്‍ കാണുന്നു വിദേശത്തു് ജോലിക്കു് ബന്ധഭാഷ ഇംഗ്ലീഷാണു്. വിവര സാങ്കേതിക വിദ്യയുടെ ഭാഷ, ശാസ്ത്രത്തിന്റെ ഭാഷ, സാങ്കേതിക വിദ്യയുടെ ഭാഷ, നിയമത്തിന്റെ ഭാഷ ഇവയെല്ലാം ഇംഗ്ലീഷാണെന്നു് സമൂഹം കാണുന്നു. മലയാളികള്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഭരണ ഭാഷയും കോടതി ഭാഷയും ഇംഗ്ലീഷ് ഭാഷതന്നെയായി തുടരുന്നു. ഇംഗ്ലീഷിനൊപ്പം മലയാളവും വികസിപ്പിക്കുകയാണു് പരിഹാരം. വിവര വിനിമയ സങ്കേതങ്ങള്‍ മലയാളത്തിലും വികസിപ്പിക്കണം. അതു് പ്രാദേശികമായി തന്നെ സാദ്ധ്യവുമാണു്.

നിലവില്‍ മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിക്കുന്നില്ല കാരണം, സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകള്‍ മാത്രം ഉപയോഗിക്കുന്നതാണു് അവയുടെ മൂലകോഡുകള്‍ ഉപഭോക്താക്കള്‍ക്കു് ലഭ്യമല്ല. അവയുടെ ലൈസന്‍സ് വ്യവസ്ഥകള്‍ പ്രകാരം പകര്‍ത്തുന്നതും പഠിക്കുന്നതും മാറ്റം വരുത്തുന്നതും പങ്കു് വെയ്ക്കുന്നതും തടയപ്പെട്ടിരിക്കുന്നു. അതിനാല്‍, അവയില്‍ പ്രാദേശിക ഭാഷാ സമൂഹത്തിനു് സ്വന്തമായി ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കാനാവില്ല. ഒപ്പം മലയാളത്തോടുള്ള താല്പര്യക്കുറവും. ഇതൊരു വിഷമ വൃത്തമാണു്. ഫലം, മലയാളം സ്തംഭനാവസ്ഥ നേരിടുകയാണു്.

മാതൃഭാഷയിലാണു് കാര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ കഴിയുന്നതു് പശ്ചാത്തല വിവരവും വിജ്ഞാനവും പുതിയ ചിന്തയ്ക്കാവശ്യമാണു്. അമൂര്‍ത്തമായ ചിന്തയുടെ ഉപകരണം കൂടിയാണല്ലോ ഭാഷ. മാതൃഭാഷാ വിദ്യാഭ്യാസം ബുദ്ധിവികാസത്തിന്റെ അടിസ്ഥാന ഘടകമാണു്. മറ്റു് ഭാഷകള്‍ നന്നായി പഠിക്കാനും മാതൃഭാഷയിലുള്ള കഴിവു് കൂടിയേ തീരൂ. പുതിയ കാര്യങ്ങള്‍ ചിന്തിച്ചെടുക്കാനുള്ള കഴിവുണ്ടാകാന്‍ ബോധന ഭാഷ മാതൃഭാഷയായിരിക്കുന്നതാണു് നല്ലതു്.

മലയാളത്തിനു് അനുകൂലമായ സമവായം ഉണ്ടാകണം മലയാളത്തിന്റെ പിന്നോക്കാവസ്ഥ തുടരുന്നേടത്തോളം അതു് സാധ്യമല്ല. പിന്നോക്കാവസ്ഥ മാറ്റാനുള്ള സമയബന്ധിത പരിപാടിയാണാവശ്യം. മലയാളികളുടെ സംസ്കാരം സംരക്ഷിക്കാനും വിജ്ഞാനവ്യാപനത്തിനും ഭാഷാശേഷി ഉയര്‍ത്താനും കണക്കും ശാസ്ത്രവും നന്നായി പഠിക്കാനും സാങ്കേതികമികവും തൊഴില്‍ ശേഷിയും കൈവരിക്കാനും ജോലി സാദ്ധ്യത ഉയര്‍ത്താനും ശരിയായ യുക്തി ചിന്ത വളര്‍ത്താനും മലയാളം എല്ലാ രംഗത്തും ബോധന മാധ്യമം ആകണം.

മലയാളത്തെ ഏതൊരു ലോക ഭാഷയ്ക്കുമൊപ്പം വികസിപ്പിക്കണം. ചില അടിയന്തിര നടപടികള്‍ കേരള സമൂഹം ഏറ്റെടുക്കണം. മലയാളം ലിപി പരിഷ്കാരം പുനപരിശോധിക്കപ്പെടണം. ഇന്നു് ടൈപ് റൈറ്ററുകളില്ല, കമ്പ്യൂട്ടറുകളാണുപയോഗിക്കപ്പെടുന്നതു് കമ്പ്യൂട്ടറുകള്‍ക്കു് പഴയ ലിപി വഴങ്ങും. മലയാളത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടും സാങ്കേതിക വിദ്യ ഉപയോഗിച്ചും മലയാളത്തെ ഇംഗ്ലീഷിനൊപ്പം വികസിപ്പിക്കണം. അതിനാവശ്യം മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കുകയും അവ ഉപയോഗിക്കുകയുമാണു്. അതിലൂടെ ഏതു് പ്രധാന ലോക ഭാഷയുമായും മലയാളികള്‍ക്കു് എളുപ്പത്തില്‍ സംവദിക്കാന്‍ കഴിയും.

ഭാഷാ സ്നേഹികളും സര്‍ക്കാരും ഏറ്റെടുക്കേണ്ട കടമകള്‍ മലയാളം പ്രസിദ്ധീകരണം യുണീകോഡിലാകണം. ഹിന്ദിയ്ക്കും ഗുജറാത്തിയ്ക്കും ബംഗാളിയ്ക്കും ഉള്ളതു് പോലെ ഇതര ഭാഷകളുമായി ലിപിമാറ്റവും വിവര്‍ത്തനവും മൊഴി ലിപിയായും ലിപി മൊഴിയായും മാറ്റുക തുടങ്ങിയ ഭാഷാ സങ്കേതങ്ങള്‍ മലയാളത്തില്‍ വികസിപ്പിക്കണം നമ്മുടെ ഭാഷാപോഷക വകുപ്പുകളും സ്ഥാപനങ്ങളും അടിയന്തിരമായി ഈ കടമ ഏറ്റെടുക്കണം. അതിലൂടെ മലയാളികള്‍ക്കു് ഏതു് ഭാഷക്കാരുമായും തത്സമയം മലയാളത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയും. കോടതിയില്‍ ഏതു് ഭാഷയില്‍ വാദം നടന്നാലും ഓരോരുത്തര്‍ക്കും തത്സമയം തങ്ങളുടെ ഭാഷയില്‍ അവ കേള്‍ക്കാനും പകര്‍പ്പുകള്‍ ലഭ്യമാക്കാനും സാധിക്കും.

മലയാളം ഭാഷാ സങ്കേതങ്ങള്‍ നമുക്കു് തന്നെ വികസിപ്പിക്കാം സാങ്കേതിക വിദ്യ ലഭ്യമാണു്. ആര്‍ക്കും ഉപയോഗിക്കാനും പഠിക്കാനും വികസിപ്പിക്കാനും പങ്കിട്ടുപയോഗിക്കാനും കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വെറും ലഭ്യമാണു്. അവ ഉപയോഗിച്ചു് മലയാളികളായ വിവര സാങ്കേതിക വിദഗ്ദ്ധര്‍ക്കു് മലയാളം ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കാം. ഭാഷാ വിദഗ്ദ്ധര്‍ അതിനു് സഹകരിക്കുകയും സഹായിക്കുകയും വേണം. സര്‍ക്കാര്‍ അതിനുള്ള സംവിധാനവും വിഭവവും ലഭ്യമാക്കണം.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വ്യാപകമാക്കണം അവ മാത്രമാണു് പ്രാദേശിക-തദ്ദേശീയ ഭാഷാ വികസനവും ജനാധിപത്യ വികാസവും വൈദഗ്ദ്ധ്യ പോഷണവും വ്യവസായവല്കരണവും നേടാനും സാംസ്കാരവും ദേശീയ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാനും ഉതകുന്നതു്. അടിയന്തിരമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വ്യാപകമായി ഉപയോഗിച്ചു് തുടങ്ങണം.

സമവായവും സഹകരണവും മൂര്‍ത്തമായ പ്രവര്‍ത്തന പരിപാടിയുമാണാവശ്യം വര്‍ദ്ധിച്ച സാമൂഹ്യമായ ഇടപെടല്‍ ഉറപ്പാക്കിക്കൊണ്ടു്, മലയാളത്തെ ഭാവിയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുതകും വിധം വികസിപ്പിക്കണം. അതിനുള്ള സമ്മര്‍ദ്ദം സര്‍ക്കാരില്‍ സൃഷ്ടിക്കപ്പെടണം. അതിനാവശ്യമായ ശക്തി സംഭരിക്കാന്‍ സംഘര്‍ഷങ്ങള്‍ക്കു് പകരം സമവായത്തിന്റെ മാര്‍ഗ്ഗം അവലംബിക്കണം, പരിപാടി തയ്യാറാക്കണം, സഹകരിച്ചു് പ്രവര്‍ത്തിക്കണം.

ആര്‍ക്കും പീഢനമില്ലാതെ എല്ലാവരുടേയും സഹകരണത്തോടെ മലയാളത്തെ കോടതി ഭാഷയായും ഭരണ ഭാഷയായും ഉയര്‍ത്താനും മലയാളികള്‍ മലയാളത്തില്‍ പഠിച്ചും തുടങ്ങാനും വഴിയൊരുക്കുന്നതിനു് മലയാളത്തില്‍ വിവര സങ്കേതങ്ങളുടെ വികസനം അടിയന്തിര കടമയായി ഏറ്റെടുക്കണം സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും മലയാളം വകുപ്പുകളും മലയാളം ഭാഷാ പോഷക വകുപ്പുകളും സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയും അവയുടെ വരുതിയിലുള്ള മനുഷ്യ-പണ വിഭവം സമാഹരിച്ചു് സഹകരിച്ചു് പ്രവര്‍ത്തിച്ചാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മലയാളം ഭാഷാ സങ്കേതങ്ങള്‍ക്കു് അടിത്തറയിടാം. മൂര്‍ത്തമായ പ്രവര്‍ത്തന പരിപാടികള്‍ ഏറ്റെടുക്കണം. അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന സൌകര്യങ്ങള്‍ പ്രയോഗിച്ചു് മെച്ചപ്പെടുത്തുക എന്ന കടമ കേരള സമൂഹവും ഏറ്റെടുക്കണം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് മലയാളത്തില്‍ വിവര സങ്കേതങ്ങള്‍ വികസിപ്പിക്കുക എന്ന ആവശ്യവും കൂടി ഉള്‍പ്പെടുത്തി സര്‍ക്കാരിനു് കൂട്ടായ നിവേദനം നല്‍കുന്നതിനും സര്‍ക്കാരിനു് മേല്‍ ശക്തമായ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിനായി ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചു് മലയാളികളുടെ ഇടയില്‍ മലയാളം ബോധന മാധ്യമമായും ഭരണഭാഷയായും കോടതി ഭാഷയായും മാറ്റുന്നതിനാവശ്യമായ സമവായം സൃഷ്ടിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഐക്യ മലയാള പ്രസ്ഥാനം അടിയന്തിരമായി ഏറ്റെടുക്കണം.

ജോസഫ് തോമസ്

പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ

9447738369, thomasatps@gmail.com, thomas@fsmi.in

Blog Archive