Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, October 15, 2012

ആഗോള ധന മൂലധനം നയിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ അധിനിവേശത്തിനെതിരെ പുതിയൊരു ഐക്യ മലയാളം പ്രസ്ഥാനം ആവശ്യമായിരിക്കുന്നു



"മലയാളം ബോധന മാധ്യമവും ഭരണ ഭാഷയും കോടതി ഭാഷയും ആയി ഉപയോഗിച്ചു് തുടങ്ങുക. മലയാളത്തില്‍ യുണീകോഡുപയോഗിച്ചു് പ്രസിദ്ധീകരണം നടത്തുക.

മലയാളത്തില്‍ ലിപ്യന്തരണം, വിവര്‍ത്തനം, മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റുക തുടങ്ങിയ വിവര സങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരെ സഹായിക്കുക. ഭാഷാ വിദഗ്ദ്ധരുടേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടേയും കൂട്ടായ്മയിലൂടെ മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കുക.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാംശീകരിക്കുകയും അവ വ്യാപകമായി ഉപയോഗിക്കുകയും സ്വയംതൊഴില്‍-ചെറുകിട-ഇടത്തരം സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ഭാഷാ സങ്കേതങ്ങളോടൊപ്പം ഇ-ഭരണം, ഇ-സ്ഥാപനഭരണം, ഇ-വിദ്യാഭ്യാസം, ഇ-ആരോഗ്യ പരിചരണം, ഐടി വ്യവസായ വികസനം തുടങ്ങി കേരളത്തിന്റെ സര്‍വ്വതോമുഖമായ വികസനക്കുതിപ്പിനു് പശ്ചാത്തലമൊരുക്കുകയും ചെയ്യുക.

അതിലൂടെ കേരളത്തിന്റെ വികസനത്തോടൊപ്പവും അതിനു് വേണ്ടിയും ഏതു് മലയാളിക്കും ലോകത്തെ ഏതു് ഭാഷ സംസാരിക്കുന്നവരുമായി തത്സമയം ആശയ വിനിമയം സാധ്യമാക്കുക.

പുതിയ ഭാഷാ സങ്കേതങ്ങളും വിവര വിനിമയ ശൃംഖലയും മൊബൈല്‍ ഫോണ്‍ ശൃംഖലയും ഉപയോഗിച്ചു് ഭരണ രംഗത്തും പൊതു രംഗങ്ങളിലും മലയാളമോ ഹിന്ദിയോ ഇതര ഇന്ത്യന്‍ ഭാഷകളോ ഇംഗ്ലീഷോ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു് അവര്‍ക്കു് എളുപ്പം വഴങ്ങുന്ന ഭാഷയില്‍ സംവദിക്കാന്‍ സഹായിക്കുന്ന പശ്ചാത്തല സംവിധാനം ഒരുക്കുക.

അതിലൂടെ ഭാഷാതര്‍ക്കങ്ങളും അതിന്റെ പേരിലുള്ള കലഹങ്ങളും ഒഴിവാക്കുക. മലയാളികളില്‍ വളര്‍ന്നു് വരുന്ന മലയാളത്തോടുള്ള അവജ്ഞയും അപകര്‍ഷതാ ബോധവും ഒഴിവാക്കി മലയാളികളെ ആത്മാഭിമാനമുള്ള വിശ്വ പൌരന്മാരായി ഉയര്‍ത്തുക.

അതിനായി, നിലവിലുള്ളതും പുതുതായി സൃഷ്ടിക്കപ്പെടുന്നതുമായ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി മലയാളത്തെ ലോക വിജ്ഞാന ഭണ്ഡാരവുമായി ബന്ധിപ്പിക്കുക. അതുമായി ആദാന-പ്രദാനം എളുപ്പമാക്കുക.

അത്തരത്തില്‍ എല്ലാ ശാസ്ത്ര-സാങ്കേതിക-മാനവിക വിഷയങ്ങളും കൈകാര്യം ചെയ്യാനും അവയുടെ ബോധന മാധ്യമം ആകാനും കഴിയത്തക്ക വിധം മലയാള ഭാഷയെ വികസിപ്പിക്കുക"

ധനമൂലധനാധിനിവേശം ചെറുത്തുകൊണ്ടു് ഒരോ പൌരനും അവസര സമത്വവും സ്വാതന്ത്ര്യവും ഉറപ്പു് നല്‍കുന്ന ജനാധിപത്യ വികാസത്തിന്റേയും ബഹു ധൃവ ലോക ക്രമത്തിന്റേയും തുടര്‍ന്നു് സര്‍വ്വ ജന വിഭാഗങ്ങളുടേയും സമത്വത്തിലും സ്വാതന്ത്ര്യത്തിലും പുരോഗതിയിലും അധിഷ്ഠിതമായ സാര്‍വ്വദേശീയതയുടേയും സാംസ്കാരിക പശ്ചാത്തലമൊരുക്കുന്ന ഒരു ക്രീയാത്മക പരിപാടിയാണിതു്.

ഇന്നത്തെ കേരളത്തിന്റെ സൃഷ്ടിയ്ക്കും നാളിതു് വരെ കേരളത്തിലുണ്ടായ പുരോഗതിയ്ക്കും അടിത്തറയിട്ടതു് മലയാളം സംസാരിക്കുന്നവരുടെ സ്വയം ഭരണം സാധ്യമാക്കിയ ഐക്യ കേരള പ്രസ്ഥാനമാണു്. (ഇന്ത്യ മൊത്തത്തിലെടുത്താല്‍ ദേശീയ സ്വാതന്ത്ര്യവും ഭാഷാ സംസ്ഥാന രൂപീകരണവുമായിരുന്നു.)

ഇനിയങ്ങോട്ടു് മുന്നേറാന്‍, എല്ലാ രംഗത്തും നടന്നു് കൊണ്ടിരിക്കുന്ന ധന മൂലധനാധിനിവേശം ചെറുക്കാന്‍, എല്ലാ തദ്ദേശീയ ഭാഷകളുടേയും വികസനം കൂടിയേ തീരൂ. എല്ലാ തദ്ദേശീയ ഭാഷകളും അവയെ അടിസ്ഥാനമാക്കിയുള്ള സംസ്കാരങ്ങളും ഒരു പൊതു സാര്‍വ്വദേശീയ സംസ്കാരത്തിന്റെ ഭാഗമായി വളരണം. അതിനു് എല്ലാ ഇന്ത്യന്‍ ഭാഷകളും ലോക വിജ്ഞാന ഭണ്ഡാരവുമായി ഉല്‍ഗ്രഥിപ്പിക്കപ്പെടണം. അതിനുള്ള സാങ്കേതിക പശ്ചാത്തലം വിവര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും ഒരുക്കിക്കഴിഞ്ഞിട്ടുണ്ടു്. അവയില്‍ ഓരോ ജനവിഭാഗവും സ്വയം ശാക്തീകരിക്കുകയും ഉപയോഗിക്കുകയും ചെയ്താല്‍ മതി.

പുരോഗമന പ്രസ്ഥാനം ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം.

ജോസഫ് തോമസ്.

(കടപ്പാടു് - മഹാനായ മലയാളി സ. ഇ. എം. എസ്, അദ്ദേഹത്തിന്റെ പുസ്തകമായ "കേരളം മലയാളികളുടെ മാതൃഭൂമി", സി.പി.ഐ(എം) പാര്‍ടി പരിപാടി, മഹാത്മാ ഗാന്ധി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, മാര്‍ക്സിസം-ലെനിനിസം)

No comments:

Blog Archive