ആരോഗ്യ രംഗം ഇന്നു് മറ്റു് പല മേഖലകളും പോലെ ആഗോള പണ മൂലധനാധിപത്യത്തിന്റെ പിടിയിലമരുകയാണു്. ഭൂമി, കെട്ടിടം, വിദ്യാഭ്യാസം, കൃത്രിമാഹാരം, മരുന്നു്, ആശുപത്രി, പരിശോധന തുടങ്ങി പല മേഖലകളിലും ധന മൂലധനത്തിന്റെ വിളയാട്ടം കൊഴുക്കുകയാണു്. അത്തരം മേഖലകളിലെല്ലാം അടിയന്തിരമായ ജനകീയ ഇടപെടല്‍ ആവശ്യപ്പെടുന്നു. 'ആരോഗ്യ കച്ചവടം' പലതു് കൊണ്ടും പ്രത്യേകതകളുള്ളതുമാണു്. മറ്റു് പലതുമായും പാരസ്പര്യവും അതിനുണ്ടു്. ''മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു'' എന്ന പ്രസിദ്ധ മാര്‍ക്സിയന്‍ നിരീക്ഷണം ഇന്നു് ഏറെ പ്രകടമാകുന്നതു് മരുന്നു് വ്യവസായത്തിലും അവയുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുന്നതിലൂമാണു്.
അനുയോജ്യ സാങ്കേതിക വിദ്യ പ്രോത്സാഹക സംഘം ആരോഗ്യ രംഗത്തേക്കുറിച്ചു് ഒരു പഠന പരമ്പര ആരംഭിക്കുകയാണു്. 2001 ല്‍ സംഘം ഏറ്റെടുത്ത ആദ്യ പഠനം 'ജനകീയ വിവര സാങ്കേതിക പദ്ധതി'യിലേയ്ക്കാണു് അതിനെ എത്തിച്ചതു്. അതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും വ്യാപനവും ചെലവു് കുറഞ്ഞ വിവര സാങ്കേതിക പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നതിനും വിവര സാങ്കേതിക വിദ്യാരംഗത്തു് നിലനിന്ന നിഗൂഢത അവസാനിപ്പിക്കുന്നതിനു് തുടക്കമിടാനും ആ പഠന പ്രവര്‍ത്തനവും തുടര്‍ പദ്ധതിയും ഉതകി. ഇന്നു് 'സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും' 'ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും' ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു് കഴിഞ്ഞു. എടിപിഎസ് ആഗോള ധന മൂല ധനത്തിന്റെ മറ്റൊരു വിളയാട്ട രംഗമായ ആരോഗ്യത്തേക്കുറിച്ചു് പഠനം ആരംഭിക്കുകയാണു്.
എല്ലാ വശത്തു് നിന്നും ആരോഗ്യ മേഖലയെ സമീപിക്കുക. വ്യത്യസ്തങ്ങളായ ആരോഗ്യ പരിപാലന വ്യവസ്ഥകളും രോഗ ചികിത്സാ വ്യവസ്ഥകളും പഠിക്കുക. രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ വിലയിരുത്തുക. അവയിലേയെല്ലാം നെല്ലും പതിരും തിരിച്ചെടുക്കുക. ചെലവു് കുറഞ്ഞ ആരോഗ്യ പരിപാലന തന്ത്രം രൂപപ്പെടുത്തുക. ധന മൂല ധനത്തിന്റെ കടന്നു് കയറ്റത്തെ ചെറുക്കാനുതകുന്നതും ഭാവി സമൂഹത്തിനു് അനുവര്‍ത്തിക്കാനാവുന്നതുമായ ബദല്‍ അരോഗ്യ സംവിധാനത്തിന്റെ രൂപ രേഖ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളാണു് ഈ പഠന പ്രക്രിയയ്ക്കുള്ളതു്.
പത്രക്കുറിപ്പു്.
ജനകീയാരോഗ്യ പഠന-ഗവേഷണ പദ്ധതി.
ആരോഗ്യം ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയാണു്. പക്ഷെ, അതിനെ രോഗ ചികിത്സയുടെ പര്യായമായാണു് ഇന്നു് കച്ചവടാധിഷ്ഠിത സമൂഹം കാണുന്നതു്. ആഗോളമായി ധന മൂല ധനത്തിന്റെ മേധാവിത്വം അടിച്ചേല്പിക്കപ്പെടുന്ന ഇന്നു് ആരോഗ്യരംഗവും തനി കച്ചവടമായി മാറിയിരിക്കുന്നു. ധര്‍മ്മാശുപത്രികള്‍ കച്ചവടത്തിനു് വഴിമാറിയിരിക്കുന്നു. മരുന്നു് ഉല്പാദിപ്പിക്കുന്നവര്‍ അവയുടെ ഉപഭോക്താക്കളായ രോഗികളേയും സൃഷ്ടിക്കുന്നു. രോഗീ പരിചരണം നടത്തുന്ന ആശുപത്രികളും രോഗികളെ സൃഷ്ടിക്കുകയും ചികിത്സയ്ക്കു് ചെല്ലുന്നവരെ രോഗികളായി നിലനിര്‍ത്തുകയും ചെയ്യുന്നു. രോഗ പരിശോധകരും ഇതേ പോലെ രോഗികളെ സൃഷ്ടിക്കുന്നതില്‍ താല്പര്യമുള്ളവരായിരിക്കുന്നു. അരോഗ്യ രംഗത്തെ ഈ കച്ചവടക്കാരുടെ കൂട്ടായ്മ ആരോഗ്യ സംരക്ഷണത്തിനു് പകരം രോഗ സംരക്ഷണം നടത്തുന്നതായി അഥപ്പതിച്ചിരിക്കുന്നു. ഈ സാഹചര്യം ആരോഗ്യത്തേപ്പറ്റി മാറി ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നു. ബദല്‍ കണ്ടെത്തലിന്റേയും സൃഷ്ടിയുടേയും ഭാഗമായി അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം 'ആരോഗ്യശ്രീ' എന്ന പേരില്‍ ഒരു പഠന ഗവേഷണ പദ്ധതി ഏറ്റെടുത്തിരിക്കുകയാണു്.
ശുദ്ധവായു, കുടി വെള്ളം, ആഹാരം, പരിസ്ഥിതി, അദ്ധ്വാനം, വ്യായാമം, വിശ്രമം, വിനോദം തുടങ്ങി ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളും അവയുടെ കുറവോ കൂടുതലോ മൂലമുണ്ടാകുന്ന രോഗങ്ങളും അവയുടെ ചികിത്സയും വിശദമായി പഠിച്ചു് മനുഷ്യ ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയ്ക്കാവശ്യമായ സമഗ്ര ധാരണ രൂപപ്പെടുത്തുകയാണു് പഠന ഗവേഷണ പരിപാടിയുടെ ലക്ഷ്യം. സ്വാഭാവികമായും അത്തരം ഒരു ജനകീയ ബദല്‍ ആഗോള ധന മൂല ധനത്തിന്റെ കടന്നാക്രമണത്തിനെതിരായ ചെറുത്തു് നില്പിന്റെ ഒരു രൂപമായിരിക്കും. മാത്രമല്ല, അതു് കുറഞ്ഞ ചെലവിലുള്ള രോഗീ പരിചരണവും യഥാര്‍ത്ഥത്തിലുള്ള ആരോഗ്യ പരിരക്ഷയും താരതമ്യേന രോഗ മുക്തമായ സമൂഹവും ഉറപ്പാക്കുകയും ചെയ്യും.
ബാബു ഡൊമിനിക്
(ഡയറക്ടര്‍, എടിപിഎസ്)
9446564540, babudomnic@gmail.com
12-01-2013
(തുടര്‍ന്നുള്ള നാളുകളില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ വിഷയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്യും.)
സെമിനാറുകള്‍ ചര്‍ച്ചകള്‍ (നടന്നവ)
1. പ്രകൃതി ജീവനത്തിലൂടെ രോഗ മുക്തമായ സമൂഹം - ഡോ. ജേക്കബ് വടക്കഞ്ചേരി - കെ ജി ബോസ് ഭവന്‍ - 08-01-2013 5.30 PM
2. തദ്ദേശീയ ചികിത്സാ പദ്ധതികളുടെ പ്രസക്തി - പ്രൊ. കെ പത്മപാദന്‍ - കെ ജി ബോസ് ഭവന്‍ - 15-01-2013 5.30 PM
08-01-2013
No comments:
Post a Comment