Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, February 3, 2013

ഐടി @ സ്കൂള്‍ അവതാളത്തില്‍



എം ഷാജഹാന്‍

Courtesy : Deshabhimani : Posted on: 31-Jan-2013 10:53 PM

2001ല്‍ രൂപീകൃതമായ ഐടി അറ്റ് സ്കൂള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കിയിരുന്നു. വിദ്യാഭ്യാസരംഗത്ത് ഐസിടി അധിഷ്ഠിത പഠനത്തിന് ലോകോത്തര മാതൃക സംഭാവന ചെയ്യാന്‍ ഐടി അറ്റ് സ്കൂളിനു കഴിഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ വ്യാപനം, സ്വന്തമായി വിദ്യാഭ്യാസ പാക്കേജുകള്‍ തയ്യാറാക്കാന്‍ കെല്‍പ്പുള്ള രീതിയില്‍ അധ്യാപകരെ ശാക്തീകരിക്കല്‍, പാഠപുസ്തകം തയ്യാറാക്കല്‍, അധ്യാപക പരിശീലനം, ഇ-ഗവേണന്‍സ്, ഹാര്‍ഡ് വെയര്‍ വിതരണവും പരിപാലനവും, എല്ലാ സ്കൂളിലും ബ്രോഡ്ബാന്‍ഡ് നല്‍കല്‍ തുടങ്ങി ക്രിയാത്മകമായ ഇടപെടലുകളാണ് കഴിഞ്ഞ കാലങ്ങളില്‍ ഐടി അറ്റ് സ്കൂള്‍ നിര്‍വഹിച്ചുപോന്നത്. വിവേചനങ്ങളില്ലാതെ അധ്യാപക സമൂഹത്തെ അണിനിരത്താന്‍ കഴിഞ്ഞു എന്നതിനാലാണ് ഐടി അറ്റ് സ്കൂളിന് ഇത് സാധ്യമായത്.

എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഐടി അറ്റ് സ്കൂള്‍ അതിവേഗത്തില്‍ പിന്നോട്ട് പോകുകയാണ്. ഈ സ്ഥാപനം ചെയ്തുവന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുപകരം പക്ഷപാതപരമായി സ്വന്തക്കാരെ ഐടി സ്കൂളില്‍ കുത്തിനിറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകം കഴിഞ്ഞവര്‍ഷത്തില്‍തന്നെ തയ്യാറാക്കിയിരുന്നു. ഈ പാഠഭാഗം കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ ഓപ്പറേറ്റിങ് സിസ്റ്റം അധ്യാപകരുടെ സഹായത്തോടെ കസ്റ്റമൈസ് ചെയ്തെടുക്കാനും കഴിഞ്ഞു. എന്നാല്‍, അതിനെ ഫലപ്രദമായി കുട്ടികളില്‍ എത്തിക്കാനുള്ള ഒരു നടപടിയും കഴിഞ്ഞവര്‍ഷം ഐടി അറ്റ് സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നാമമാത്രമായ എല്‍പി അധ്യാപക പരിശീലനത്തിനപ്പുറത്തേക്ക് ഇതിനെ വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒന്നുമുതല്‍ നാലുവരെ ക്ലാസിലെ പാഠപുസ്തകം അച്ചടിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച പണത്തെ സംബന്ധിച്ച് ഐടി അറ്റ് സ്കൂളിന് ഒരു വേവലാതിയും ഇല്ല.

യുപി സ്കൂള്‍ കുട്ടികള്‍ക്കായി 2009ല്‍ തയ്യാറാക്കിയ പാഠപുസ്തകം പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റം, സാങ്കേതിക വിദ്യ എന്നിവയില്‍ വന്ന മാറ്റം പാഠപുസ്തകത്തില്‍ പ്രതിഫലിക്കാത്തത് നമ്മുടെ പാഠപുസ്തക നിലവാരത്തെ പിന്നോട്ടടിപ്പിച്ചു. എല്‍പി ക്ലാസുകളില്‍ എന്നതുപോലെ യുപി ക്ലാസുകളിലും ഐസിടി പഠനം തുടരാന്‍ കഴിഞ്ഞിട്ടില്ല. ഹൈസ്കൂള്‍ ക്ലാസുകള്‍ക്കാവശ്യമായ ഐസിടി വിഭവങ്ങള്‍ തയ്യാറാക്കി, അത് റിസോഴ്സ് പോര്‍ട്ടല്‍വഴി വിതരണംചെയ്യാനുള്ള ശ്രമം കഴിഞ്ഞ കാലങ്ങളില്‍ വിജയകരമായി നടന്നു. ഇതിന്റെ ഫലമായി വിദ്യാര്‍ഥി- അധ്യാപക സമൂഹം നിരന്തരം പ്രയോജനപ്പെടുത്തുന്ന ഒരു റിസോഴ്സ് പോര്‍ട്ടല്‍ 2011 ല്‍ സജ്ജമാക്കാന്‍ ഐടി അറ്റ് സ്കൂളിനു കഴിഞ്ഞു. ഇത് വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുകയുംചെയ്തു. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ഈ പോര്‍ട്ടല്‍ നോക്കുകുത്തിയായി മാറി. പുതിയ ഉള്ളടക്കം ചേര്‍ക്കാനോ ഉള്ളവ മെച്ചപ്പെടുത്താനോ ഒരു ശ്രമവും കഴിഞ്ഞ വര്‍ഷം നടന്നിട്ടില്ല. എന്നുമാത്രമല്ല ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്ന അധ്യാപകരെ സങ്കുചിത താല്‍പ്പര്യത്തിന്റെ പേരില്‍ ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് വിലക്കുകയുംചെയ്തു. ഹൈസ്കൂള്‍ ക്ലാസുകള്‍ക്കാവശ്യമായ പാഠപുസ്തകത്തില്‍ ഒട്ടനവധി ഐസിടി സോഫ്റ്റ്വെയറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കാര്യക്ഷമമായ വിനിമയത്തിന് അധ്യാപക പരിശീലനം ആവശ്യമായിരുന്നു. എന്നാല്‍, ഇത് നാമമാത്രമായിമാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. ഈ പാഠപുസ്തകത്തിന്റെ ധനാത്മകമായ വിനിമയത്തിന് വിദ്യാര്‍ഥികളെക്കൂടി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥി പരിശീലനം ആസൂത്രണംചെയ്തിരുന്നു. ഇവയില്‍ രണ്ടു പരിശീലനങ്ങള്‍മാത്രം നടത്താനാണ് ഐടി അറ്റ് സ്കൂളിന് കഴിഞ്ഞത്. നടന്ന പരിശീലനങ്ങളുടെ മോണിറ്ററിങ്ങോ തുടര്‍പരിശീലനങ്ങളോ സംഘടിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ അവസരത്തിലാണ് പുതിയ മാതൃകയിലുള്ള ഐസിടി പരീക്ഷ എത്തുന്നത്. പരീക്ഷയുടെ സമയം ഒന്നര മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. പരീക്ഷ കാര്യക്ഷമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഈ വൈകിയ വേളയിലും ഐടി അറ്റ് സ്കൂള്‍ പരാജയപ്പെടുകയാണ്. പരീക്ഷാ സമയ വര്‍ധന, പുതിയ പരീക്ഷാരീതി എന്നിവ ഇതാദ്യമായാണ് പരീക്ഷിക്കുന്നത്.

പല സ്കൂളിലും രണ്ടാം പാദവാര്‍ഷിക പരീക്ഷ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനുവരി 28ന് ആരംഭിക്കും എന്നറിയിച്ച എസ്എസ്എല്‍സി ഐടി മോഡല്‍ പരീക്ഷാ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടില്ല. ഫെബ്രുവരി ആദ്യവാരം ഈ പ്രായോഗിക പരീക്ഷ ആരംഭിച്ചാലും മറ്റുവിഷയങ്ങളുടെ മോഡല്‍ പരീക്ഷയ്ക്കു മുമ്പായി പൂര്‍ത്തീകരിക്കാനാവില്ല. ചുരുക്കത്തില്‍ ഒരു പുതിയ പരീക്ഷാരീതിയിലേക്ക് മോഡല്‍ പരീക്ഷപോലും ഇല്ലാതെ കുട്ടികളെ തള്ളിവിടുകയാണ്. പരീക്ഷാ സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വരുന്ന കാലതാമസം അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഹാര്‍ഡ്വെയര്‍ വിതരണത്തിലും പരിപാലനത്തിലും ഐടി അറ്റ് സ്കൂള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ഹാര്‍ഡ്വെയര്‍ വിതരണം നടന്നിട്ടില്ല. മാത്രമല്ല, നിലവിലുള്ള ഹാര്‍ഡ്വെയര്‍ പരിപാലിക്കുന്നതിന് നടത്തിവന്നിരുന്ന ഹാര്‍ഡ്വെയര്‍ ക്ലിനിക്കുകള്‍ ഇതുവരെ നടന്നിട്ടില്ല. ഇത് സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അധ്യാപകര്‍ക്ക് ഹാര്‍ഡ്വെയര്‍ പരിശീലനം നല്‍കുന്നതുവഴി സ്കൂളുകളിലെ കംപ്യൂട്ടര്‍ തകരാര്‍ പരിഹരിക്കാം എന്ന ആശയം കാഴ്ചപ്പാടില്ലാത്ത ഇടപെടല്‍മൂലം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഐടി സ്കൂളുകളില്‍ ഇന്നു നടക്കുന്ന പുതിയ നിയമനങ്ങള്‍ എല്ലാം ഒരു മാനദണ്ഡവും പാലിക്കാതെ നിക്ഷിപ്ത താല്‍പ്പര്യത്തോടെ മാത്രമാണ്. ഐടി അറ്റ് സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തില്‍ മൂന്ന് പ്രോഗ്രാമര്‍മാരെയും വിക്ടേഴ്സ് ചാനല്‍ മാനേജരെയും നിയമിച്ച രീതിയില്‍ ഒരു മാനദണ്ഡവും പാലിച്ചിട്ടില്ല. ഐടി സ്കൂള്‍ ഡയറക്ടറുടെ നിയമനംപോലും ഇത്തരത്തിലുള്ള ഒന്നാണ്. ലക്ഷക്കണക്കിനു രൂപ പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചാണ് കുറ്റമറ്റ രീതിയില്‍ "സമ്പൂര്‍ണ" എന്ന സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയത്. ഇത് വേണ്ടരീതിയില്‍ നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനം തുടങ്ങി എസ്എസ്എല്‍സി പരീക്ഷയ്ക്കാവശ്യമായ കുട്ടികളെ സംബന്ധിക്കുന്ന വിവര ശേഖരണംവരെ ചെയ്യാന്‍ കഴിയുന്ന ഈ സോഫ്റ്റ്വെയര്‍ ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കേവലം എസ്എസ്എല്‍സി പരീക്ഷയ്ക്കാവശ്യമായ വിവരശേഖരണത്തിനപ്പുറത്തേക്ക് ഇതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഈ സോഫ്റ്റ് വെയര്‍ കാര്യക്ഷമമായി ഉപയോഗിച്ചിരുന്നെങ്കില്‍ യുഐഡിയുമായി ബന്ധപ്പെട്ട് ഇന്ന് സ്കൂളുകളില്‍ നടക്കുന്ന പൂര്‍ത്തീകരിക്കാനാകാത്ത പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ ആകുമായിരുന്നു.

ലോകത്തിനുതന്നെ മാതൃകയായ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള പൊതുവിദ്യാലയ പഠനങ്ങള്‍ ഇന്ന് അട്ടിമറിയുടെ വക്കിലാണ്. ഇതിന്റെ ഭാഗമായാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ ഐടി അറ്റ് സ്കൂളില്‍നിന്ന് സമരത്തിന്റെ പേരില്‍ ഒഴിവാക്കിയിരിക്കുന്നത്. നിലവില്‍ അധ്യാപകര്‍തന്നെ സോഫ്റ്റ്വെയര്‍ നമുക്കാവശ്യമായ രീതിയില്‍ തയ്യാറാക്കുന്നത് പൊതുഖജനാവിന് വന്‍ലാഭമാണ് നല്‍കുന്നത്. ഇവരെ ഒഴിവാക്കുന്നതുവഴി പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുതുടങ്ങിയാല്‍ അത് വലിയ കച്ചവടത്തിന് വഴിവയ്ക്കും. ഈ രൂപത്തില്‍ ഗൗരവമായ വീഴ്ചകളിലേക്ക് കൂപ്പുകുത്തുന്ന ഐടി അറ്റ് സ്കൂളിനെ ശരിയായ ദിശയിലേക്ക് എത്തിക്കുക എന്നതാണ് കെഎസ്ടിഎ ഏറ്റെടുത്തിരിക്കുന്ന സേവ് ഐടി അറ്റ് സ്കൂള്‍ എന്ന ക്യാമ്പയിന്റെ ലക്ഷ്യം. (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)





കേരളത്തിന്റെ "ലിന്ക്സ് " ഒഴിവാക്കാന്‍ നീക്കം

എം വി പ്രദീപ് Posted on: 02-Feb-2013 10:18 PM

തിരു: ഐടി വിദ്യാഭ്യാസത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറായ "ലിനക്സ്" ഫലപ്രദമായി ഉപയോഗിച്ച് കേരളം ലോകത്തിനു കാണിച്ചുകൊടുത്ത മാതൃക അട്ടിമറിക്കാന്‍ നീക്കം. പൊതുഖജനാവിന് ഓരോ അധ്യയനവര്‍ഷവും കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുന്ന സോഫ്റ്റ്വെയര്‍ ഒഴിവാക്കി ഉടമസ്ഥാവകാശ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതുവഴി വന്‍ കച്ചവടത്തിന് കളമൊരുങ്ങും. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ ടാബ്ലറ്റ് നല്‍കി അതിന്റെ മറവില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപേക്ഷിക്കാനാണ് നീക്കം. വിദ്യാഭ്യാസവകുപ്പിലെ പല കച്ചവടപരിഷ്കാരങ്ങളും എതിര്‍ക്കുന്ന ഡിപിഐയെ വകവയ്ക്കാത്ത ഐടി അറ്റ് സ്കൂള്‍ പദ്ധതി മേധാവിയെയാണ് ഭരണക്കാര്‍ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്തിരുന്ന പ്രോഗ്രാം ഓഫീസര്‍മാരെ കഴിഞ്ഞദിവസം കൂട്ടത്തോടെ പിരിച്ചുവിട്ടു. പണിമുടക്കില്‍ പങ്കെടുത്തത് പിരിച്ചുവിടാനുള്ള കാരണമാക്കി. ലക്ഷ്യം ലിനക്സ് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുകയായിരുന്നു. പരീക്ഷാ സോഫ്റ്റ്വെയര്‍ തയ്യാറാക്കാത്തതിനാല്‍ എസ്എസ്എല്‍സി ഐടി മോഡല്‍പരീക്ഷ തുടങ്ങാനായിട്ടില്ല. 2005ല്‍ ഇ ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ഘട്ടത്തിലാണ് ഐടി അറ്റ് സ്കൂള്‍ പദ്ധതിയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ നടപ്പാക്കിയത്. അന്ന് ഉടമസ്ഥാവകാശ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ നീക്കം നടന്നെങ്കിലും അധ്യാപക സംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തു. അടുത്ത അധ്യയനവര്‍ഷംമുതല്‍ എട്ടം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ ടാബ്ലറ്റ് നല്‍കാനുള്ള കരാര്‍ ബംഗളൂരുവിലെ ഒരു കമ്പനിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. കമ്പനിയുടെ ടാബ്ലറ്റില്‍ സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കാനാകില്ല. പകരം, ടാബ്ലറ്റില്‍ ഉപയോഗിക്കുന്ന ഉടമസ്ഥാവകാശ സോഫ്റ്റ്വെയറിന്റെ ചെലവുകള്‍ നിശ്ചിത വര്‍ഷത്തേക്ക് കമ്പനിതന്നെ വഹിക്കാമെന്നാണ് വാഗ്ദാനം. അതോടെ ഐടി അറ്റ് സ്കൂള്‍ ലിനക്സ് ഉപേക്ഷിക്കേണ്ടി വരും. എല്ലാം വിന്‍ഡോസിലേക്ക് മാറുന്നതോടെ മൈക്രോസോഫ്റ്റിന്റെ ഓരോ സോഫ്റ്റ്വെയറിനും 6000 രൂപവരെ ചെലവഴിക്കേണ്ടിവരും. ഇത് കോടികളുടെ സാമ്പത്തികബാധ്യത വരുത്തും. ഇപ്പോള്‍ ഉപയോഗിക്കുന്ന ലിനക്സ് സോഫ്റ്റ്വെയര്‍ മലയാളികളായ ഐടി വിദഗ്ധര്‍ തയ്യാറാക്കിയതാണ്. പൊതുവിദ്യാഭ്യാസത്തിന്റെ മുഴുവന്‍ പ്രൊജക്ടറുകളുടെയും വരാനിരിക്കുന്ന പദ്ധതികളുടെയും സോഫ്റ്റവെയര്‍ ലിനക്സില്‍ തയ്യാറാക്കാമെന്നിരിക്കെയാണ് ഇതുപേക്ഷിക്കുന്നത്.

No comments:

Blog Archive