Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, December 29, 2013

മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു' എന്ന മാര്‍ക്സിന്റെ നിരീക്ഷണം ഇന്നു് വളരെയേറെ പ്രസക്തമാണു്


ഓരോ വ്യവസായ മേഖലയുടേയും വളര്‍ച്ചയ്ക്കു് ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്ന മുതലാളിത്ത താല്പര്യം ആരോഗ്യ രംഗത്തു് (ചികിത്സയ്ക്കെത്തുന്നവരെ ആശ്വാസം നല്‍കുകയും അതേ സമയം മറ്റു് രോഗം സൃഷ്ടിച്ചും രോഗങ്ങള്‍ പെരുപ്പിച്ചും രോഗികളാക്കി നിലനിര്‍ത്തുക) മാത്രമല്ല വിദ്യാഭ്യാസ രംഗത്തും നടക്കുന്നുണ്ടു്. സാക്ഷരനെ നിരക്ഷരനാക്കാനാവില്ലെന്ന നിരീക്ഷണം ശരിയാണു്. വളര്‍ന്നു് വരുന്ന വരേണ്യ വിദ്യാഭ്യാസ രംഗം അതിന്റെ ഉപഭോക്താക്കള്‍ക്കു് യഥാര്‍ത്ഥ വിജ്ഞാനം ആര്‍ജ്ജിക്കാനുള്ള കഴിവും അവസരവും നല്‍കാതെ (അതായതു് 'സാക്ഷരനാ'ക്കാതെ) അവരെ ദീര്‍ഘകാലം ഉപഭോക്താക്കളാക്കി നിലനിര്‍ത്തുന്ന പ്രവണത കാണാവുന്നതാണു്. ഇതു് നടക്കുന്നതു് വൈദ്യരംഗത്തേക്കാള്‍ വളരെ സങ്കീര്‍ണ്ണമായ രീതിയിലാണെന്നു് മാത്രം. മാതൃഭാഷയ്ക്കു് പകരം ഇംഗ്ലീഷ് ബോധന മാധ്യമം ആക്കുന്നതിലൂടെ അതു് തുടങ്ങുന്നു. കുട്ടിയക്കു് അതിന്റെ മാതാപിതാക്കളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും അതു് വരെ കിട്ടിയ പ്രാഥമിക വിവരങ്ങളുമായി ബന്ധമില്ലാത്ത ഒറ്റപ്പെട്ടു് വേറിട്ടു് നില്‍ക്കുന്ന വിവര വ്യവസ്ഥയാണു് പകര്‌‍ന്നു് നല്‍കപ്പെടുന്നതു്. അതു് വേറിട്ടു് തന്നെ പഠിതാവിന്റെ തലച്ചോറിലും നില്‍ക്കും. അവ ആവര്‍ത്തിക്കാനും കേവലമായി ഉപയോഗിക്കാനുമുള്ള ശേഷി കിട്ടും. പക്ഷെ, അവയെ പൂര്‍ണ്ണമായി എല്ലാ തലങ്ങളിലും ഉപയോഗിക്കാന്‍ കഴിയാതെ പോകും. സ്വന്തം ചിന്തയിലൂടെ വിശകലനം ചെയ്തു് വിജ്ഞാനാര്‍ജ്ജനത്തിന്റേയും പ്രയോഗത്തിന്റേയും വിവിധങ്ങളായ (അറിവിന്റേയും വിമര്‍ശനത്തിന്റേയും വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പ്രയോഗത്തിന്റേയും) തലങ്ങളിലേയ്ക്കുയര്‍ത്താന്‍ പഠിതാവിനു് കഴിയാതെ പോകുന്നുണ്ടു്. പ്രത്യേകിച്ചും വിമര്‍ശനത്തിന്റെ തലം വളരെ പിന്നോട്ടു് പോകുന്നു. നിലവിലുള്ള ചൂഷണ വ്യവസ്ഥയെ വിമര്‍ശന ബുദ്ധിയോടു് കൂടി പരിശോധിക്കുന്നതിനു് അശക്തരായ, എന്തെല്ലാം ഗതികേടനുഭവിക്കേണ്ടി വന്നാലും നിലവിലുള്ളതു് തന്നെയാണു് ശാശ്വത സത്യമെന്ന ബോധത്തില്‍ അവരെ തളച്ചിടാനതുപകരിക്കുന്നു. മുതലാളിത്തം അവസാന വ്യവസ്ഥയാണെന്ന ധന മൂലധനാധിപത്യത്തിന്റെ അടുത്തകാല മുദ്രാവാക്യം ഇന്നു് പറയാന്‍ ആളു് കുറവാണെങ്കിലും അതു് ഇത്തരം വിദ്യാഭ്യാസം നേടിയവരെ വളരെയേറെ സ്വാധീനിക്കുന്നുണ്ടു്. മാത്രമല്ല, പഠന രീതികളും ഇത്തരത്തില്‍ കരുപ്പിടിപ്പിക്കപ്പെടുന്നതാണു്. ഉദാഹരണത്തിനു് മാതൃ ഭാഷയും കണക്കുമാണു് പ്രാഥമികമായ പഠനത്തിലൂടെയും പ്രയോഗത്തിലൂടെയും സ്വാംശീകരിക്കപ്പെടേണ്ടതെങ്കിലും അതു് നടക്കാതെ പോകും വിധം അതിനേക്കാള്‍ പ്രധാനമാണു് ശാസ്ത്രവും സാങ്കേതിക വിദ്യയും അടക്കം ഇതര വിഷയങ്ങളെന്ന ധാരണയിലാണു് പാഠ്യക്രമം രൂപപ്പെടുത്തപ്പെടുന്നതു്. അവയെല്ലാം ഭാഷയും കണക്കും സ്വാംശീകരിക്കപ്പെട്ടാല്‍ പിന്നെ പഠിതാവിനു് സ്വയം കണ്ടെത്തി ആര്‍ജ്ജിക്കാനും സ്വാംശീകരിക്കാനും പ്രയോഗത്തിലൂടെ വൈദഗ്ദ്ധ്യം നേടാനും കഴിയുന്ന വെറും വിവരങ്ങള്‍ മാത്രമാണു്. കണക്കിന്റെ കാര്യത്തില്‍ ഇന്നു് വളരെ പുറകോട്ടു് പോകുന്ന സ്ഥിതി കാണാം. കണക്കു് പഠിക്കുന്നതിന്റേയും പഠിപ്പിക്കുന്നതിന്റേയും രീതികള്‍ പ്രധാനമാണു്. പ്രീ പ്രൈമറി ക്ലാസുകളില്‍ മൂര്‍ത്തമായ എണ്ണത്തിന്റെ ധാരണ നല്‍കപ്പെടുന്നുണ്ടെങ്കിലും തുടര്‍ന്നു് എണ്ണുക എന്ന പ്രക്രിയയുടെ സങ്കീര്‍ണ്ണ മാര്‍ഗ്ഗങ്ങളായ കൂട്ടുക (മുന്നോട്ടെണ്ണുക), കുറയ്ക്കുക (പുറകോട്ടെണ്ണുക), ഗുണിക്കുക (കൂട്ടങ്ങളായി മുന്നോട്ടെണ്ണുക), ഹരിക്കുക (കൂട്ടങ്ങളായി പുറകോട്ടെണ്ണുക) തുടങ്ങിയവയൊന്നും മൂര്‍ത്തമായ ധാരണകിലൂടെ സ്വാംശീകരിക്കാനുള്ള അവസരം നല്‍കാതെ അമൂര്‍ത്തമായ അക്കങ്ങളുടെ വിന്യാസത്തിലൂടെ കൈകാര്യത്തിലൂടെയും മാത്രം കണക്കു് പഠിപ്പിക്കുന്നതു് മൂലം പതിറ്റാണ്ടുകള്‍ പഠിച്ചു് വരുന്നവര്‍ക്കു് പോലും ആ ലളിതമായ ഗണിത ക്രിയകളുടെ യുക്തിയും പ്രയോഗവും സ്വാംശകരിക്കാനാവതെ പോകുന്നുണ്ടു്. ചുരുക്കം ചിലര്‍ സ്വയം ബോധത്തിലൂടെ അവ മനസിലാക്കുകയും കണക്കില്‍ വിദഗ്ദ്ധരായി മാറുകയുമാണു് ഇന്നു് നടക്കുന്നതു്. ഭാഷയുടേയും കണക്കിന്റേയും യുക്തിയാണു് ശാസ്ത്ര ബോധത്തിന്റെ അടിത്തറ. ശാസ്ത്ര ശാഖകളെല്ലാം പിന്നെ വിവര വ്യവസ്ഥ മാത്രമാണു്. ആര്‍ക്കും എപ്പോഴും വായനയിലൂടെയും പ്രയോഗത്തിലൂടെയും സ്വായത്തമാക്കാവുന്നതു് മാത്രമാണു്. തൊഴിലധിഷ്ഠിതമായി വിദ്യാഭ്യാസം നല്‍കാതെ സിദ്ധാന്തവും പ്രയോഗവും വേര്‍പെടുത്തി പഠന കാലം ദീര്‍ഘിപ്പിക്കുന്നതും ഇക്കാലത്തെ പ്രവണതയാണു്. ഇവയെല്ലാം അവഗണിക്കപ്പെടുകയും അവയ്ക്കായി വിദ്യാര്‍ത്ഥി ജീവിതം നീട്ടിക്കൊണ്ടു് പോകുകയും വ്യവസായം തഴയ്ക്കുകയും ചെയ്യുന്നുണ്ടു്. ഇതേപോലെ വളരെ സങ്കീര്‍ണ്ണമായ തരത്തില്‍ മറ്റിതര വ്യവസായമേഖലകളിലും ഉപഭോക്താക്കള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടു്. 'മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു' എന്ന മാര്‍ക്സിന്റെ നിരീക്ഷണം വളരെ പ്രസക്തമാണു്. കേരള വികസന പരിപ്രേക്ഷഅയം 2030 ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു് സൃഷ്ടിക്കപ്പെട്ടതു് തന്നെയാണു്.

Friday, December 6, 2013

അമേരിക്കന്‍ നിരീക്ഷണവും ഇന്ത്യയുടെ കീഴടങ്ങലും - പ്രകാശ് കാരാട്ട്



(Courtesy : Deshabhimani : Posted on: 04-Dec-2013 11:13 PM)

പ്രിസം എന്ന പദ്ധതിയിലൂടെ ലോകമെമ്പാടും അമേരിക്ക നടത്തിയ ചാരപ്രവൃത്തി ദേശീയ സുരക്ഷാ എജന്‍സിയുടെ (എന്‍എസ്എ) മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡെന്‍ പുറത്തുകൊണ്ടുവന്നിട്ട് ആറുമാസമായി. അമേരിക്കന്‍ ടെലികോം- ഇന്റര്‍നെറ്റ് കമ്പനികളായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എടി ആന്‍ഡ് ടി, യാഹു വഴിയുള്ള എല്ലാ ഇ മെയിലുകളും മൊബൈല്‍ ഫോണ്‍കോളുകളും എസ്എംഎസുകളും എന്‍എസ്എയ്ക്ക് ലഭിക്കുകയായിരുന്നു. ഇതുമാത്രമല്ല സ്നോഡെന്‍തന്നെ 2013 മാര്‍ച്ചില്‍ പുറത്തുവിട്ട ഫയലുകള്‍ വ്യക്തമാക്കുന്നത്, ആഗോളനിരീക്ഷണത്തിലൂടെ 97 ശതകോടി രഹസ്യാന്വേഷണ വിവരങ്ങള്‍ എന്‍എസ്എ ശേഖരിച്ചെന്നാണ്. അനധികൃത നിരീക്ഷണത്തിലൂടെ എറ്റവും കൂടുതല്‍ വസ്തുതകള്‍ ശേഖരിക്കപ്പെട്ട അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. 6.3 ശതകോടി വസ്തുതകളാണ് ഇന്ത്യയില്‍നിന്ന് ശേഖരിച്ചത്. ചൈനയില്‍നിന്നും റഷ്യയില്‍നിന്നും ശേഖരിച്ചതിനേക്കാള്‍ കൂടുതലാണിത്. ഇതിനുശേഷമാണ് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ വിവരം പുറത്തുവന്നത്. മറ്റ് എംബസികളുടെയും എല്ലാ വിവരവിനിമയങ്ങളും അമേരിക്ക നിരീക്ഷിച്ചു.

സ്നോഡെന്‍ നല്‍കിയ ഫയലുകളാണ് ബ്രിട്ടനിലെ "ദ ഗാര്‍ഡിയ"ന്റെയും യൂറോപ്പിലും ലാറ്റിനമേരിക്കയിലുമുള്ള പ്രധാന ദിനപത്രങ്ങളുടെയും വാര്‍ത്തകള്‍ക്ക് അടിസ്ഥാനമായത്. അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളായ ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും രഹസ്യങ്ങള്‍പോലും ചോര്‍ത്തുകയാണെന്ന് ഈ വാര്‍ത്തകള്‍ വ്യക്തമാക്കി. ജര്‍മനിയിലെയും ഫ്രാന്‍സിലെയും ദശലക്ഷകണക്കിന് ഫോണ്‍കോളുകളും ഇ മെയിലുകളും ചോര്‍ത്തപ്പെട്ടു. ഇതോടെ ഫ്രഞ്ച്, ജര്‍മന്‍ സര്‍ക്കാരുകള്‍ ശക്തമായ പ്രതിഷേധവുമായി അമേരിക്കയ്ക്കെതിരെ രംഗത്തുവന്നു.

തുടര്‍ന്നാണ് ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലിന്റെ ഫോണ്‍ 2002 മുതല്‍ ചോര്‍ത്തുകയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 35 ലോകനേതാക്കളുടെ ഇ മെയിലുകളും ഫോണ്‍കോളുകളും നിരീക്ഷണം നടത്തുന്നതില്‍ മെര്‍ക്കലിന്റേതും ഉള്‍പ്പെടും. ക്ഷുഭിതയായ മെര്‍ക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ ടെലിഫോണില്‍ വിളിച്ച് വിശദീകരണംതേടി. ഒക്ടോബറില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ അമേരിക്കയുമായി പുതിയൊരു ഇന്റലിജന്‍സ് കരാര്‍ വേണമെന്ന് ജര്‍മന്‍ ചാന്‍സലറും ഫ്രഞ്ച് പ്രസിഡന്റും സംയുക്തമായി വാദിച്ചു. അമേരിക്കന്‍ ചാരപ്രവൃത്തിയില്‍നിന്ന് മോചനം ഉറപ്പാക്കുന്ന വ്യവസ്ഥകൂടി ഉള്‍ക്കൊള്ളുന്ന കരാറായിരുന്നു വിഭാവനംചെയ്തത്. ഇതിനുപിന്നാലെ യൂറോപ്യന്‍ പാര്‍ലമെന്റ് സ്വകാര്യത സംരക്ഷിക്കാനുള്ള നിയമം പാസാക്കി. യുറോപ്യന്‍ വസ്തുതകള്‍ വിദേശത്തേക്ക് കൈമാറുന്ന അമേരിക്കന്‍ ടെലികോം കമ്പനികളുടെ നീക്കത്തെ നിയന്ത്രിക്കുന്നതായിരുന്നു ഈ നിയമം. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

അടുത്തതായി ലാറ്റിനമേരിക്കയില്‍ നടത്തിയ അനധികൃത നിരീക്ഷണ വാര്‍ത്ത പറത്തുവന്നു. ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസേഫിന്റെയും അടുത്ത അനുയായികളുടെയും ഫോണ്‍ എന്‍എസ്എ ചോര്‍ത്തിയെന്നായിരുന്നു വാര്‍ത്ത. ഇത് ബ്രസീലിലുണ്ടാക്കിയ പ്രതിഷേധത്തിന്റെ ഫലമായി പ്രസിഡന്റ് ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. അമേരിക്കയുടെ അടുത്ത അനുയായിയായിട്ടും മെക്സിക്കോയുടെ പ്രസിഡന്റിനെയും മുന്‍ പ്രസിഡന്റുമാരെയും എന്‍എസ്എ നിരീക്ഷിച്ചതായും കണ്ടെത്തി.

വ്യക്തിഗത രാജ്യങ്ങളെ മാത്രമല്ല, അന്താരാഷ്ട്ര സമ്മേളനങ്ങളും നിരീക്ഷണവലയത്തിലായിരുന്നു. 2009ല്‍ ലണ്ടനില്‍ ചേര്‍ന്ന ജി-20 യോഗം ബ്രിട്ടനിലെ ചാര ഏജന്‍സിയായ ജനറല്‍ കമ്യൂണിക്കേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ നീരീക്ഷണവലയത്തിലായിരുന്നു. അമേരിക്കന്‍ ഏജന്‍സിയുമായി അടുത്തബന്ധമുള്ള ഏജന്‍സിയാണിത്. ആഗോള ചാരവൃത്തിക്ക് അമേരിക്ക പ്രധാനമായും ആശ്രയിച്ചത് ഇംഗ്ലീഷ് സംസാരിക്കുന്ന നാല് വെള്ളക്കാരുടെ രാഷ്ട്രങ്ങളെയായിരുന്നു. യുണൈറ്റഡ് കിങ്ഡം, ക്യാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവയാണ് ഈ രാജ്യങ്ങള്‍. ഓസ്ട്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് യുദ്ധോയോനോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരീക്ഷിച്ചത്.

അമേരിക്കന്‍ ചാരവൃത്തിക്കെതിരെ യൂറോപ്യന്‍ സഖ്യകക്ഷികളും ബ്രസീലും ശക്തമായി പ്രതിഷേധിച്ചപ്പോള്‍ ഇന്ത്യയുടെ പ്രതികരണം അത്ഭുതമുളവാക്കുന്നതും കീഴടങ്ങല്‍ സ്വഭാവമുള്ളതുമായി. വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഗൗരവമുള്ള ഈ വിഷയത്തെ ചെറുതാക്കി ചിത്രീകരിച്ചായിരുന്നു തുടക്കം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ വിശദീകരണം തൃപ്തികരമാണെന്നായിരുന്നു ഖുര്‍ഷിദിന്റെ വിശദീകരണം. കെറിയുടെ വിശദീകരണത്തെക്കുറിച്ച് ഖുര്‍ഷിദ് പറഞ്ഞതിങ്ങനെ- "ഇ മെയിലിന്റെ ഉള്ളടക്കം തേടുകയോ കണ്ടെത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം വ്യക്തമായി വിശദീകരിച്ചു... അതിനാല്‍ നമ്മളെ സംബന്ധിച്ച് ഒരു വിഷയവും അവശേഷിക്കുന്നില്ല". ഇതിന് തൊട്ടുപിന്നാലെയാണ് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയിലെ വിവരങ്ങള്‍ ചോര്‍ത്തിയ കാര്യം പുറത്തുവന്നത്. അപ്പോള്‍ ഖുര്‍ഷിദിന്റെ പ്രതികരണം "അത് യഥാര്‍ഥ ചോര്‍ത്തലല്ലെ"ന്നായിരുന്നു.

ലോകനേതാക്കളെ അമേരിക്ക നിരീക്ഷിക്കുകയാണെന്ന വിവരം വന്നപ്പോള്‍ പ്രധാനമന്ത്രികാര്യാലയം പുറത്തുവിട്ട വാര്‍ത്ത, പ്രധാനമന്ത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അതിനാല്‍ ഫോണ്‍ ചോര്‍ത്താനുള്ള സാധ്യതയില്ലെന്നുമായിരുന്നു. ദുര്‍ബലമായ വാദമാണിത്. പ്രധാനമന്ത്രിയുടെ അടുത്ത അനുയായികളായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിമാരും മൊബൈല്‍ ഫോണും ഇ മെയിലും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ ലംഘിച്ച് അനധികൃതമായി നിരീക്ഷണം നടത്തിയ അമേരിക്കയുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള ഗതികെട്ട നീക്കമാണ് മന്‍മോഹന്‍സിങ്ങും കൂട്ടരും നടത്തിയത്. ബ്രിക്സില്‍ അംഗമായ ബ്രസീലിയന്‍ പ്രസിഡന്റിന്റെ സമീപനത്തില്‍നിന്ന് എന്തുമാത്രം വ്യത്യസ്തമാണ് ഈ സമീപനം! ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തില്‍ അമേരിക്കയുടെ അനധികൃത നിരീക്ഷണത്തെ അപലപിച്ച അവര്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കുത്തകയില്ലാത്ത ഇന്റര്‍നെറ്റ് ക്രമം വേണമെന്ന് വാദിച്ചു. അമേരിക്കയും ബ്രിട്ടനും ഇന്ത്യന്‍ ഉപയോക്താക്കളില്‍നിന്നും സൈറ്റുകളില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ വിമുഖത കാട്ടുന്നതായി ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോന്‍ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കുറിപ്പില്‍ പരാതിപ്പെടുകയുണ്ടായി. ഈ വിവരങ്ങള്‍ സുരക്ഷയ്ക്ക് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അതായത്, ഇന്ത്യന്‍ പൗരന്മാരില്‍നിന്നും രാജ്യത്തുനിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിലല്ല പരാതി, മറിച്ച് ആ വിവരങ്ങള്‍ പങ്കുവയ്ക്കാത്തതിലാണെന്ന്!

അമേരിക്ക ഇന്ത്യന്‍ പരമാധികാരത്തിന്മേല്‍ വന്‍കൈയേറ്റം നടത്തിയിട്ടും അവര്‍ക്ക് യുപിഎ സര്‍ക്കാര്‍ വഴങ്ങി നില്‍ക്കുന്നതിന് ഒരു കാരണം ഇന്ത്യാ ഗവണ്‍മെന്റ് തന്നെ തങ്ങളുടെ പൗരന്മാരെ നിരീക്ഷിച്ചു വരികയാണെന്നതിനാലാണ്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഏപ്രില്‍മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സംവിധാനമനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഫോണ്‍കോളുകളും ഇ മെയിലുകളും നിരീക്ഷണത്തിനായി ശേഖരിക്കും. ഈ സംവിധാനത്തിന് ഏതാണ്ട് 8000 കോടി രൂപ ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു ബൃഹത്തായ നിരീക്ഷണ സംവിധാനത്തിന് നിയമപരമായ ഒരടിസ്ഥാനവുമില്ല. പൗരന്മാരുടെ സ്വകാര്യതയ്ക്കെതിരെയുള്ള ആക്രമണം മാത്രമല്ലിത്; ജനങ്ങളുടെ അവകാശങ്ങള്‍ക്കുനേരേയുള്ള കൈയേറ്റംകൂടിയാണ്. പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും ഇപ്പോള്‍തന്നെ അധികാര ദുര്‍വിനിയോഗത്തിലൂടെ ഫോണ്‍കോളുകളും മറ്റും ചോര്‍ത്തുന്നുണ്ട്. ഗുജറാത്ത് പൊലീസ് ഒരു യുവതിയെ അന്നത്തെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദേശത്തെതുടര്‍ന്ന് നിരീക്ഷണം നടത്തിയതാണ് ഏറ്റവും അവസാനത്തെ സംഭവം. നരേന്ദ്രമോഡിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

അമേരിക്ക അവരുടെ സാങ്കേതിക മികവും ഇന്റര്‍നെറ്റ് മേഖലയിലെ ആധിപത്യവും ആഗോള ചാരവൃത്തിക്കായി ഉപയോഗിക്കുകയാണ്. അമേരിക്കന്‍ നിരീക്ഷണം ജൂണില്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയില്‍ സിപിഐ എം മാത്രമാണ് അതിനെ എതിര്‍ത്ത് രംഗത്തുവന്നത്. അമേരിക്കയുടെ അനധികൃത നിരീക്ഷണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. അമേരിക്കന്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യാഹു, ഫേസ്ബുക്ക് എന്നിവ അവരുടെ സര്‍വീസ് ഉപയോഗിക്കുന്നവരോട് ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ ഇന്ത്യ മറ്റ് ലോകരാജ്യങ്ങളുമായി കൈകോര്‍ക്കണം. ബ്രസീലും മറ്റു രാജ്യങ്ങളും നിര്‍ദേശിക്കുന്നതുപോലെ അമേരിക്കയുടെ നിയന്ത്രണത്തിന് പുറത്തുള്ള ഇന്റര്‍നെറ്റ് സംവിധാനവും നടത്തിപ്പും ഇന്ത്യയും സ്വായത്തമാക്കണം.

- See more at: http://www.deshabhimani.com/newscontent.php?id=387960#sthash.oBHESjoU.dpuf

Blog Archive