ഓരോ വ്യവസായ മേഖലയുടേയും വളര്‍ച്ചയ്ക്കു് ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്ന മുതലാളിത്ത താല്പര്യം ആരോഗ്യ രംഗത്തു് (ചികിത്സയ്ക്കെത്തുന്നവരെ ആശ്വാസം നല്‍കുകയും അതേ സമയം മറ്റു് രോഗം സൃഷ്ടിച്ചും രോഗങ്ങള്‍ പെരുപ്പിച്ചും രോഗികളാക്കി നിലനിര്‍ത്തുക) മാത്രമല്ല വിദ്യാഭ്യാസ രംഗത്തും നടക്കുന്നുണ്ടു്. സാക്ഷരനെ നിരക്ഷരനാക്കാനാവില്ലെന്ന നിരീക്ഷണം ശരിയാണു്. വളര്‍ന്നു് വരുന്ന വരേണ്യ വിദ്യാഭ്യാസ രംഗം അതിന്റെ ഉപഭോക്താക്കള്‍ക്കു് യഥാര്‍ത്ഥ വിജ്ഞാനം ആര്‍ജ്ജിക്കാനുള്ള കഴിവും അവസരവും നല്‍കാതെ (അതായതു് 'സാക്ഷരനാ'ക്കാതെ) അവരെ ദീര്‍ഘകാലം ഉപഭോക്താക്കളാക്കി നിലനിര്‍ത്തുന്ന പ്രവണത കാണാവുന്നതാണു്. ഇതു് നടക്കുന്നതു് വൈദ്യരംഗത്തേക്കാള്‍ വളരെ സങ്കീര്‍ണ്ണമായ രീതിയിലാണെന്നു് മാത്രം.
മാതൃഭാഷയ്ക്കു് പകരം ഇംഗ്ലീഷ് ബോധന മാധ്യമം ആക്കുന്നതിലൂടെ അതു് തുടങ്ങുന്നു. കുട്ടിയക്കു് അതിന്റെ മാതാപിതാക്കളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും അതു് വരെ കിട്ടിയ പ്രാഥമിക വിവരങ്ങളുമായി ബന്ധമില്ലാത്ത ഒറ്റപ്പെട്ടു് വേറിട്ടു് നില്‍ക്കുന്ന വിവര വ്യവസ്ഥയാണു് പകര്‌ന്നു് നല്‍കപ്പെടുന്നതു്. അതു് വേറിട്ടു് തന്നെ പഠിതാവിന്റെ തലച്ചോറിലും നില്‍ക്കും. അവ ആവര്‍ത്തിക്കാനും കേവലമായി ഉപയോഗിക്കാനുമുള്ള ശേഷി കിട്ടും. പക്ഷെ, അവയെ പൂര്‍ണ്ണമായി എല്ലാ തലങ്ങളിലും ഉപയോഗിക്കാന്‍ കഴിയാതെ പോകും. സ്വന്തം ചിന്തയിലൂടെ വിശകലനം ചെയ്തു് വിജ്ഞാനാര്‍ജ്ജനത്തിന്റേയും പ്രയോഗത്തിന്റേയും വിവിധങ്ങളായ (അറിവിന്റേയും വിമര്‍ശനത്തിന്റേയും വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പ്രയോഗത്തിന്റേയും) തലങ്ങളിലേയ്ക്കുയര്‍ത്താന്‍ പഠിതാവിനു് കഴിയാതെ പോകുന്നുണ്ടു്. പ്രത്യേകിച്ചും വിമര്‍ശനത്തിന്റെ തലം വളരെ പിന്നോട്ടു് പോകുന്നു. നിലവിലുള്ള ചൂഷണ വ്യവസ്ഥയെ വിമര്‍ശന ബുദ്ധിയോടു് കൂടി പരിശോധിക്കുന്നതിനു് അശക്തരായ, എന്തെല്ലാം ഗതികേടനുഭവിക്കേണ്ടി വന്നാലും നിലവിലുള്ളതു് തന്നെയാണു് ശാശ്വത സത്യമെന്ന ബോധത്തില്‍ അവരെ തളച്ചിടാനതുപകരിക്കുന്നു. മുതലാളിത്തം അവസാന വ്യവസ്ഥയാണെന്ന ധന മൂലധനാധിപത്യത്തിന്റെ അടുത്തകാല മുദ്രാവാക്യം ഇന്നു് പറയാന്‍ ആളു് കുറവാണെങ്കിലും അതു് ഇത്തരം വിദ്യാഭ്യാസം നേടിയവരെ വളരെയേറെ സ്വാധീനിക്കുന്നുണ്ടു്. മാത്രമല്ല, പഠന രീതികളും ഇത്തരത്തില്‍ കരുപ്പിടിപ്പിക്കപ്പെടുന്നതാണു്. ഉദാഹരണത്തിനു് മാതൃ ഭാഷയും കണക്കുമാണു് പ്രാഥമികമായ പഠനത്തിലൂടെയും പ്രയോഗത്തിലൂടെയും സ്വാംശീകരിക്കപ്പെടേണ്ടതെങ്കിലും അതു് നടക്കാതെ പോകും വിധം അതിനേക്കാള്‍ പ്രധാനമാണു് ശാസ്ത്രവും സാങ്കേതിക വിദ്യയും അടക്കം ഇതര വിഷയങ്ങളെന്ന ധാരണയിലാണു് പാഠ്യക്രമം രൂപപ്പെടുത്തപ്പെടുന്നതു്. അവയെല്ലാം ഭാഷയും കണക്കും സ്വാംശീകരിക്കപ്പെട്ടാല്‍ പിന്നെ പഠിതാവിനു് സ്വയം കണ്ടെത്തി ആര്‍ജ്ജിക്കാനും സ്വാംശീകരിക്കാനും പ്രയോഗത്തിലൂടെ വൈദഗ്ദ്ധ്യം നേടാനും കഴിയുന്ന വെറും വിവരങ്ങള്‍ മാത്രമാണു്. കണക്കിന്റെ കാര്യത്തില്‍ ഇന്നു് വളരെ പുറകോട്ടു് പോകുന്ന സ്ഥിതി കാണാം. കണക്കു് പഠിക്കുന്നതിന്റേയും പഠിപ്പിക്കുന്നതിന്റേയും രീതികള്‍ പ്രധാനമാണു്. പ്രീ പ്രൈമറി ക്ലാസുകളില്‍ മൂര്‍ത്തമായ എണ്ണത്തിന്റെ ധാരണ നല്‍കപ്പെടുന്നുണ്ടെങ്കിലും തുടര്‍ന്നു് എണ്ണുക എന്ന പ്രക്രിയയുടെ സങ്കീര്‍ണ്ണ മാര്‍ഗ്ഗങ്ങളായ കൂട്ടുക (മുന്നോട്ടെണ്ണുക), കുറയ്ക്കുക (പുറകോട്ടെണ്ണുക), ഗുണിക്കുക (കൂട്ടങ്ങളായി മുന്നോട്ടെണ്ണുക), ഹരിക്കുക (കൂട്ടങ്ങളായി പുറകോട്ടെണ്ണുക) തുടങ്ങിയവയൊന്നും മൂര്‍ത്തമായ ധാരണകിലൂടെ സ്വാംശീകരിക്കാനുള്ള അവസരം നല്‍കാതെ അമൂര്‍ത്തമായ അക്കങ്ങളുടെ വിന്യാസത്തിലൂടെ കൈകാര്യത്തിലൂടെയും മാത്രം കണക്കു് പഠിപ്പിക്കുന്നതു് മൂലം പതിറ്റാണ്ടുകള്‍ പഠിച്ചു് വരുന്നവര്‍ക്കു് പോലും ആ ലളിതമായ ഗണിത ക്രിയകളുടെ യുക്തിയും പ്രയോഗവും സ്വാംശകരിക്കാനാവതെ പോകുന്നുണ്ടു്. ചുരുക്കം ചിലര്‍ സ്വയം ബോധത്തിലൂടെ അവ മനസിലാക്കുകയും കണക്കില്‍ വിദഗ്ദ്ധരായി മാറുകയുമാണു് ഇന്നു് നടക്കുന്നതു്. ഭാഷയുടേയും കണക്കിന്റേയും യുക്തിയാണു് ശാസ്ത്ര ബോധത്തിന്റെ അടിത്തറ. ശാസ്ത്ര ശാഖകളെല്ലാം പിന്നെ വിവര വ്യവസ്ഥ മാത്രമാണു്. ആര്‍ക്കും എപ്പോഴും വായനയിലൂടെയും പ്രയോഗത്തിലൂടെയും സ്വായത്തമാക്കാവുന്നതു് മാത്രമാണു്. തൊഴിലധിഷ്ഠിതമായി വിദ്യാഭ്യാസം നല്‍കാതെ സിദ്ധാന്തവും പ്രയോഗവും വേര്‍പെടുത്തി പഠന കാലം ദീര്‍ഘിപ്പിക്കുന്നതും ഇക്കാലത്തെ പ്രവണതയാണു്. ഇവയെല്ലാം അവഗണിക്കപ്പെടുകയും അവയ്ക്കായി വിദ്യാര്‍ത്ഥി ജീവിതം നീട്ടിക്കൊണ്ടു് പോകുകയും വ്യവസായം തഴയ്ക്കുകയും ചെയ്യുന്നുണ്ടു്.
ഇതേപോലെ വളരെ സങ്കീര്‍ണ്ണമായ തരത്തില്‍ മറ്റിതര വ്യവസായമേഖലകളിലും ഉപഭോക്താക്കള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടു്. 'മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു' എന്ന മാര്‍ക്സിന്റെ നിരീക്ഷണം വളരെ പ്രസക്തമാണു്.
കേരള വികസന പരിപ്രേക്ഷഅയം 2030 ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു് സൃഷ്ടിക്കപ്പെട്ടതു് തന്നെയാണു്.
No comments:
Post a Comment