Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, December 6, 2015

ട്വന്റി ട്വന്റി : കോര്‍പറേറ്റ് രാഷ്ട്രീയരൂപം - പി രാജീവ്



(Courtesy : Deshabhimani : 03-December-2015)

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ഇത്തവണ വിജയിച്ചത് ട്വന്റി ട്വന്റി എന്ന സന്നദ്ധസംഘടനയാണ്. എല്ലാ രാഷ്ട്രീയമുന്നണികളെയും പരാജയപ്പെടുത്തി വിജയിച്ച സംഘടന കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിറ്റക്സ് എന്ന കോര്‍പറേറ്റിന്റെ രാഷ്ട്രീയമുഖമാണ്. ആദ്യത്തെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാകാം സ്വന്തമായി രാഷ്ട്രീയ പാര്‍ടി രൂപീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷയും സമര്‍പ്പിച്ചുകഴിഞ്ഞു. പ്രമുഖരായ പല വിദേശമലയാളികളുമായി ചേര്‍ന്ന് തൊട്ടടുത്ത പഞ്ചായത്തുകളിലേക്കുകൂടി തങ്ങളുടെ പരീക്ഷണം വ്യാപിപ്പിക്കാനും അവര്‍ ഉദ്ദേശിക്കുന്നതായി, രൂപീകരിക്കാന്‍ പോകുന്ന പാര്‍ടിയുടെ നിയുക്ത പ്രസിഡന്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. മറ്റു പല കോര്‍പറേറ്റുകളും ഇതേ മാതൃക തങ്ങളുടെ പ്രദേശങ്ങളിലും നടപ്പാക്കാനുള്ള പഠനങ്ങള്‍ക്കായി കിഴക്കമ്പലത്ത് വരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനാധിപത്യസംവിധാനത്തില്‍ അങ്ങേയറ്റം അപകടകരമായ പ്രവണതയാണ് കിഴക്കമ്പലം പഞ്ചായത്തില്‍ നടന്നത്. അടുത്തിടെ ഭേദഗതിചെയ്ത കമ്പനിനിയമം അനുസരിച്ച് 1000 കോടിയിലധികം വിറ്റുവരവോ 500 കോടി രൂപ അറ്റാദായമോ അഞ്ചുകോടി രൂപയിലധികം ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടുശതമാനം സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണത്തിനായി ചെലവഴിക്കണം. കോര്‍പറേറ്റ് ലോകം ആദ്യം ഈ വ്യവസ്ഥയ്ക്ക് എതിരായിരുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശക്തമായ നിലപാട് ഏകകണ്ഠമായി സ്വീകരിച്ചു. അതോടെ സര്‍ക്കാരിനും നില്‍ക്കക്കള്ളിയില്ലാതായി. പാര്‍ലമെന്റ് കൂടി അംഗീകരിച്ചതോടെ സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ലാഭത്തിന്റെ ഒരു വിഹിതം സമൂഹത്തിന്റെ ക്ഷേമത്തിന് മാറ്റിവയ്ക്കേണ്ടി വന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തും അതിന്റെ പരിസരത്തുമാകണം ഈ പണം ചെലവഴിക്കേണ്ടതെന്നും നിയമം വ്യവസ്ഥചെയ്യുന്നു. 2014 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് ചട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തി. നിയമമനുസരിച്ച് സിഎസ്ആര്‍ ചെലവഴിക്കുന്നതിനായി പ്രത്യേക വ്യവസ്ഥകളും രൂപപ്പെടുത്തി. കമ്പനിക്ക് വേണമെങ്കില്‍ നേരിട്ടുതന്നെ പണം ചെലവഴിക്കാം. എന്നാല്‍, കമ്പനിയുടെ സാധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമോ കമ്പനിജീവനക്കാര്‍ക്ക് നേട്ടമുണ്ടാക്കുന്ന പദ്ധതികളോ ആകാന്‍ പാടില്ല. അല്ലെങ്കില്‍ കമ്പനികള്‍ക്ക് ട്രസ്റ്റോ സൊസൈറ്റിയോ രൂപീകരിച്ച് പണം ചെലവഴിക്കാം. കിറ്റക്സ് കമ്പനിയുടെ സിഎസ്ആര്‍ നിര്‍വഹണത്തിനായി രൂപംനല്‍കിയ സംവിധാനമാണ് ട്വന്റി ട്വന്റി എന്ന് കമ്പനിയുടെ മാനേജ്മെന്റുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണം രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടാകരുതെന്ന കാഴ്ചപ്പാടാണ് നിയമത്തിന്റെയും ചട്ടത്തിന്റെയും രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ചട്ടം 4(7) ല്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ നല്‍കുന്ന സംഭാവനകള്‍ സിഎസ്ആറായി പരിഗണിക്കില്ലെന്ന് അര്‍ഥശങ്കയ്ക്കിടമില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരം ചെലവഴിക്കാനുള്ള ബാധ്യതയെ രാഷ്ട്രീയ അധികാരത്തിനായി പ്രത്യക്ഷത്തില്‍ത്തന്നെ ഉപയോഗിക്കുകയാണ് കിറ്റക്സ് ട്വന്റി ട്വന്റിയിലൂടെ ചെയ്തത്. പഞ്ചായത്ത് അധികാരം മുന്‍കൂട്ടികണ്ട് ബൃഹത്തായ പദ്ധതിക്കാണ് അവര്‍ നേതൃത്വം നല്‍കിയത്. ആനുകൂല്യം ലഭിക്കേണ്ടവരെല്ലം ഇവരുടെ മുമ്പില്‍ രജിസ്റ്റര്‍ചെയ്യണം. സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ നാലുതരമായി കുടുംബങ്ങളെ തിരിച്ച് അവര്‍ക്ക് വ്യത്യസ്ത ആനുകൂല്യങ്ങള്‍ നല്‍കി. കുടിവെള്ളത്തിനും റോഡിനും പദ്ധതികള്‍ നടപ്പാക്കി. വീടും ആടും പശുവും ഉള്‍പ്പെടെ നല്‍കി. ന്യായവില കടകള്‍ ആരംഭിച്ചു. പഞ്ചായത്തിന്റെ മൊത്തം ബജറ്റിന്റെ നിരവധി മടങ്ങ് ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിച്ചെന്നാണ് അവര്‍തന്നെ അവകാശപ്പെടുന്നത്്. ഭാവിയിലുള്ള നേട്ടങ്ങള്‍കൂടി മുന്‍കൂട്ടികണ്ട് സിഎസ്ആര്‍ ഉത്തരവാദിത്തത്തേക്കാള്‍ അധികം പണം ഇവര്‍ ചെലവഴിച്ചു.

നൂറിലധികം ജോലിക്കാരെയാണ് ശമ്പളംനല്‍കി സര്‍വേമുതല്‍ നടത്തിപ്പുവരെയുള്ള കാര്യങ്ങള്‍ക്കായി കമ്പനി നിയോഗിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ക്കും കമ്പനി ശമ്പളവും വാഹനവും സ്റ്റാഫിനെയും നല്‍കുമത്രേ. ഫലത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജനങ്ങളോടായിരിക്കില്ല ഉത്തരവാദിത്തം, പകരം കമ്പനിയോട് ആയിരിക്കുമെന്ന് ഉറപ്പ്. ജനാധിപത്യത്തെ സമര്‍ഥമായി കോര്‍പറേറ്റ് ഹൈജാക്ക് ചെയ്തുവെന്നര്‍ഥം. ജനങ്ങള്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന പൊതുതത്വമാണ് തുടക്കത്തില്‍ ഭൂരിപക്ഷമാളുകളും സ്വീകരിച്ചത്. ഇന്ത്യക്കുതന്നെ അഭിമാനമായി മാറി ഫോബ്സ് ഗ്രൂപ്പില്‍വരെ ഇടംകണ്ടെത്തിയ കമ്പനി തങ്ങളുടെ നാടിന്റെ വികസനത്തില്‍ താല്‍പ്പര്യം കാണിക്കുന്നതിനെ പലരും അഭിനന്ദിക്കുകയുംചെയ്തു. സമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണ പ്രക്രിയ സമര്‍ഥമായി നിര്‍വഹിക്കുന്ന ശ്രമത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയസമൂഹത്തിന് പാളിച്ചയുണ്ടായി. ജനങ്ങളുടെ ബുദ്ധിമുട്ടും ദാരിദ്യ്രവും ദുരിതവും തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിനുള്ള പരിസരമായി ഇവര്‍ കണ്ടു. ജനകീയാസൂത്രണത്തിന്റെ ശരിയായ തുടര്‍ച്ചയില്ലാതെ പോയത് ഇതിന്റെ ഒരു കാരണമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ തയ്യാറായില്ല. ഇത് ജനങ്ങളുടെ എതിര്‍പ്പിന് ഇടയാക്കി. ഈ വിയോജിപ്പിനെ ട്വന്റി ട്വന്റി തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള ഇന്ധനമായി കാണുകയുംചെയ്തു. പഞ്ചായത്ത് ചെയ്യാന്‍ തയ്യാറാകാത്ത കാര്യങ്ങള്‍ തങ്ങളുടെ പണം മുടക്കി ചെയ്തുകൊടുത്ത് ജനങ്ങളെ മോഹവലയില്‍ കുരുക്കാനാണ് ഇവര്‍ ശ്രമിച്ചതും വിജയിച്ചതും.

ചങ്ങാത്ത മുതലാളിത്തമെന്നത് ക്ളാസിക്കല്‍ മുതലാളിത്ത ഘട്ടംമുതല്‍ കാണുന്ന പ്രവണതയാണെങ്കിലും നവ ഉദാരവല്‍ക്കരണകാലത്താണ് ഈ പ്രവണത ശക്തിപ്പെട്ടത്. കോര്‍പറേറ്റും രാഷ്ട്രീയനേതൃത്വവും ബൂര്‍ഷ്വാസിയും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് അഴിമതിയുടെ പുതിയ ഭൂമികകള്‍ തീര്‍ക്കുന്നത് ഇന്നത്തെ കാലത്ത് നിത്യകാഴ്ചയാണ്. ഉദാരവല്‍ക്കരണകാലത്തെ രാഷ്ട്രീയത്തില്‍ കോര്‍പറേറ്റുകള്‍ ജനപ്രതിനിധികള്‍ ആകുന്നത് വന്‍തോതില്‍ പണം ചെലവഴിച്ചാണ്്. പലരും ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ടികളുടെ സ്ഥാനാര്‍ഥികളായി നിയമനിര്‍മാണസഭകളിലേക്ക് എത്തുന്നവരാണ്. അപൂര്‍വം ചിലര്‍ പണംമുടക്കി രാജ്യസഭയിലോ ലെജിസ്ളേറ്റീവ് കൌണ്‍സിലിലോ അംഗമാകുന്നുണ്ട്്. അതിനെയെല്ലാം മറികടക്കുന്നതാണ് ഈ പരീക്ഷണം. തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിയമപരമായാണെന്ന് ഉറപ്പുവരുത്തി അനുമതി നല്‍കുകയും തുടര്‍ച്ചയായ വിലയിരുത്തല്‍ നടത്തുകയും ചെയ്യേണ്ട ജനാധിപത്യസംവിധാനത്തെ കമ്പനിതന്നെ നിയന്ത്രിക്കുന്നുവെന്ന അത്യപൂര്‍വ പരീക്ഷണത്തിനാണ് കിഴക്കമ്പലം വേദിയാകുന്നത്. സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ മണ്ഡലങ്ങള്‍ വീതംവച്ച് എടുത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ത്തന്നെ ട്വന്റി ട്വന്റി ഒരു മണ്ഡലം കേന്ദ്രീകരിച്ചതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കോര്‍പറേറ്റുകള്‍ ക്വാര്‍ട്ടലുകള്‍ രൂപീകരിച്ച് സംസ്ഥാന അധികാരം പിടിക്കാന്‍തന്നെ ശ്രമിച്ചെന്നുവരാം. അദാനിയും അംബാനിയും പാര്‍ലമെന്റും പിടിക്കാന്‍ നോക്കിയെന്നു വരാം. രാഷ്ട്രീയ പാര്‍ടികള്‍ വഴി തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിനു പകരം തങ്ങള്‍തന്നെ നേരിട്ട് നിയമനിര്‍മാണവും ഭരണവും നടത്തി അജന്‍ഡ നിര്‍വഹിക്കാം എന്നാണ് കിഴക്കമ്പലം പ്രഖ്യാപിക്കുന്നത്.

ഇത്തരം പ്രതിഭാസങ്ങള്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, അപകടകരമായ പ്രവണത തനിയെ അവസാനിക്കുമെന്നു കരുതി ആശ്വസിച്ചിരിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണവും കോര്‍പറേറ്റിന്റെ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലും ഇഴുകിച്ചേരുന്ന അസാധാരണചേരുവയെ രാഷ്ട്രീയവല്‍ക്കരണത്തിലൂടെമാത്രമേ ചെറുക്കാന്‍ കഴിയൂ. കോര്‍പറേറ്റിന്റെ സാമൂഹ്യ ഉത്തരവാദിത്തമെന്ന നിയമവ്യവസ്ഥ കൊണ്ടുവന്നത് രാഷ്ട്രീയമായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റാണെങ്കില്‍ ഇനി നിയമങ്ങള്‍ തങ്ങള്‍തന്നെ നിര്‍മിക്കാമെന്ന പ്രഖ്യാപനമാണ് ട്വന്റി ട്വന്റിയിലുള്ളത്. ഫലത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന എല്ലാ സൌകര്യങ്ങളും സ്വാതന്ത്യ്രവും ഇല്ലാതാക്കാനുള്ള ശ്രമത്തെ സമൂഹം ചെറുത്തുതോല്‍പ്പിക്കേണ്ടതാണ്. തങ്ങളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും രാഷ്ട്രീയം നിര്‍ണയിക്കുമ്പോള്‍ അതില്‍നിന്ന് അടര്‍ത്തിയെടുത്ത് കോര്‍പറേറ്റ് താല്‍പ്പര്യങ്ങളുടെ ഭാഗമാക്കി മാറ്റുന്നത് ആധുനിക അടിമത്തമാണ്.

- See more at: http://deshabhimani.com/news-articles-all-latest_news-521511.html#sthash.KXz0qkNs.dpuf

No comments:

Blog Archive