(Courtesy : Deshabhimani - Wednesday Dec 21, 2016)
പൊതുമേഖലാ ബാങ്കുകളില്‍ സംസ്ഥാനത്ത് ആകെയുള്ള നിക്ഷേപത്തിന്റെ മൂന്നിലൊന്നും (33.36 ശതമാനം) അവര്‍ നല്‍കിയ ആകെ വായ്പയുടെ നാലിലൊന്നില്‍ അധികവും (25.62 ശതമാനം) കൈകാര്യം ചെയ്യുന്ന എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന പിടിവാശിയുടെ പിന്നിലെ രാഷ്ട്രീയം പരിശോധനാ വിധേയമാക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ലയനനീക്കം. ട്രാവന്‍കൂര്‍ ബാങ്ക് എന്ന പേരില്‍ 1946ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ബാങ്ക്, 1960ലാണ് എസ്ബിടിയായി മാറുന്നത്. വിവിധ കാലങ്ങളിലായി പ്രവര്‍ത്തനം നിലച്ച ട്രാവന്‍കൂര്‍ ഫോര്‍വേര്‍ഡ് ബാങ്ക്, കോട്ടയം ഓറിയന്റ് ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ, കൊച്ചിന്‍ നായര്‍ ബാങ്ക്, ലാറ്റിന്‍ ക്രിസ്ത്യന്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഏറ്റെടുത്താണ് ഇന്നത്തെ നിലയിലേക്ക് എസ്ബിടി വളര്‍ന്നത്. ആകെ 1177 ശാഖയും 1707 എടിഎം സെന്ററുമുള്ള ഈ ബാങ്ക് 1,01,119 കോടി രൂപയുടെ നിക്ഷേപവും 67,004 കോടി രൂപയുടെ വായ്പയുമായി സംസ്ഥാനത്തിന്റെ പുരോഗതിയില്‍ ഗണ്യമായ പങ്കുവഹിക്കുന്നു. എസ്ബിടിക്ക് സംസ്ഥാനത്ത് 852 ശാഖയാണുള്ളത്; എസ്ബിഐക്കാകട്ടെ 500ല്‍ താഴെയും. നിക്ഷേപത്തിന്റെ കാര്യത്തിലും എസ്ബിടിക്ക് നേടാന്‍ കഴിഞ്ഞതിന്റെ പകുതിമാത്രമാണ് എസ്ബിഐയുടെ നിക്ഷേപം. പ്രവാസികളുടെ ഇടയിലും എസ്ബിഐയേക്കാള്‍ ഏറെ വിശ്വാസ്യത നേടിയത് എസ്ബിടിയാണ്. അങ്ങനെയായതുകൊണ്ട് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ ബാങ്ക് ചെറുതില്‍ ലയിപ്പിക്കുന്നുവെന്ന വിരോധാഭാസവുമുണ്ട്. അതുകൊണ്ടുതന്നെ ലയനം എന്നതിലുപരി പിടിച്ചെടുക്കലായി വേണം ഈ നീക്കത്തെ കാണാന്‍.
സംസ്ഥാനത്തിന്റെ പണമിടപാട് ആവശ്യത്തിനായി ബന്ധപ്പെടുത്തിയിരിക്കുന്ന എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കരുതെന്ന സംസ്ഥാനത്തിന്റെ വികാരം ഒരൊറ്റ എംഎല്‍എയുടെമാത്രം എതിര്‍പ്പോടെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതിന് ഫെഡറല്‍ തത്വത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട പരിഗണന ലഭിച്ചില്ല. ലയനത്തിനെതിരായ വികാരം കമ്യൂണിസ്റ്റുകാരുടെ ഗൂഢാലോചനയെന്നും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമെന്നുമുള്ള കോര്‍പറേറ്റ് സേവയായിരുന്നു ബിജെപി അംഗത്തിന്റേത്. സ്വയംഭരണാധികാരം ലഭിച്ചിരുന്ന സബ്സിഡിയറി ബാങ്കെന്ന നിലയില്‍ എസ്ബിടി മാനേജ്മെന്റ് ഈ നീക്കത്തിന് എതിരായിരുന്നു. ചീഫ് ജനറല്‍ മാനേജരെ മാറ്റിക്കൊണ്ട് എതിര്‍പ്പ് ഇല്ലാതാക്കി. എസ്ബിഐയുടെ ചെയര്‍പേഴ്സനായ അരുന്ധതി ഭട്ടാചാര്യ ലയനം മുന്‍ഗണനാ വിഷയം അല്ലെന്ന് 2015 ആഗസ്തില്‍ വ്യക്തമാക്കിയെങ്കിലും കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനയെതുടര്‍ന്ന് നിലപാട് മാറ്റി.
ഗുണഭോക്താക്കളായ സംസ്ഥാനത്തെ ജനങ്ങളുടെയും ബാങ്ക് മാനേജ്മെന്റിന്റെയും താല്‍പ്പര്യത്തിനുവിരുദ്ധമായി ലയനം എന്തിനെന്ന് പരിശോധിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണനത്തിന്റെ കഥ ചുരുളഴിയുന്നത്. പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായാണ് കുത്തക വ്യവസായി അദാനി ക്യൂന്‍സ് ലാന്‍ഡിലെ കല്‍ക്കരി ഖനന പദ്ധതി നേടിയെടുത്തത്. ഇതിനായി അദാനി ആവശ്യപ്പെട്ട എണ്ണായിരത്തോളം കോടി രൂപ നല്‍കാനായി അരുന്ധതി ഭട്ടാചാര്യയെ ഓസ്ട്രേലിയയിലേക്ക് വിളിച്ചുവരുത്തുകയും അതിന് അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍, എസ്ബിഐ ഡയറക്ടര്‍മാരുടെ പരിശോധനയില്‍ അത്രയും തുക നല്‍കാനാകില്ലെന്ന് വ്യക്തമാക്കി. 6000 കോടി രൂപമാത്രമേ നിയമാനുസൃതമായി നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും കണ്ടെത്തി (ബാങ്കിന്റെ മൂലധനത്തിന്റെയും മിച്ച ധനത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ അനുവദിക്കാവുന്ന പരമാവധി വായ്പപരിധി നിശ്ചയിക്കുന്നു). അസോസിയറ്റ് ബാങ്കുകളെക്കൂടി ലയിപ്പിച്ചാല്‍ വായ്പപരിധി 12,000 കോടിയായി ഉയരും. ഇതാണ് ലയനത്തിനുള്ള ധൃതിയുടെ ഒരു കാരണം. നരേന്ദ്ര മോഡി അധികാരത്തിലെത്തിയശേഷം അദാനിയുടെ വരുമാനത്തിലുണ്ടായ വര്‍ധന 85 ശതമാനമാണ്. അദാനിക്ക് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയിട്ടുള്ളത് 72,000 കോടി രൂപ- ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള ആകെ കാര്‍ഷികവായ്പയ്ക്ക് തുല്യമായിട്ടുള്ള തുക! മറ്റ് കോര്‍പറേറ്റുകള്‍ക്കും ഇതുപോലുള്ള പരിഗണനതന്നെയാണ് ലഭിക്കുന്നത്.
ബാങ്കുകള്‍ ലയിച്ച് ലോകത്തിലെ വലിയ ബാങ്കുകളിലൊന്നായി മാറിയാല്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഏതുവിധത്തിലുള്ള നേട്ടമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണം. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വിദേശവിപണിയില്‍ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാന്‍ കഴിയുമെന്ന കാര്യം വിസ്മരിക്കുന്നില്ല. അമേരിക്കയിലെ വന്‍കിട ബാങ്കായ ലേമാന്‍ ബ്രദേഴ്സ് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞ് പാവപ്പെട്ട നിക്ഷേപകരെ ദുരിതത്തിലാഴ്ത്തിയത് ജനങ്ങളുടെ മുന്നിലുണ്ട്. നോട്ടുനിരോധത്തിന്റെ മറപറ്റി സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ ആര്‍ബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. പാവപ്പെട്ടവന്റെ തുച്ഛസമ്പാദ്യമെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കാഴ്ചവയ്ക്കാന്‍ രാഷ്ട്രീയാധികാരം കേന്ദ്രീകരിച്ചാല്‍മാത്രം മതിയാകില്ലെന്ന് മനസ്സിലാക്കിയതിന്റെ ഭാഗമായിത്തന്നെയാണ് ധനനയം നിശ്ചയിക്കാനുള്ള അധികാരം ഭരണഘടനാ സ്ഥാപനമായ ആര്‍ബിഐയില്‍നിന്ന് കവര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന സാമ്പത്തിക നയരൂപീകരണസമിതിക്ക് (മണിറ്ററി പോളിസി കമ്മിറ്റി) നല്‍കിയത്. അതുവഴി ആര്‍ബിഐയെ ഒരു കേന്ദ്ര സര്‍ക്കാര്‍ വകുപ്പാക്കി ദുര്‍ബലപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായിത്തന്നെയാണ് ബാങ്ക് ബോര്‍ഡ് ബ്യൂറോ രൂപീകരിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്ക് തലവന്മാരെ ഇനി ഈ ബ്യൂറോ നിശ്ചയിക്കും. ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുകയാണത്രേ ലക്ഷ്യം. ബ്യൂറോ ചെയര്‍മാനായി നിയമിച്ച വിനോദ്റായിയുടെ ആദ്യപ്രതികരണങ്ങളിലൊന്ന്, നിഷ്ക്രിയ ആസ്തി വര്‍ധിക്കുന്നതുസംബന്ധിച്ച് വിവരമില്ലാത്തവര്‍ ഉയര്‍ത്തുന്ന കോലാഹലം ബാങ്ക് ഉദ്യോഗസ്ഥരെ തീരുമാനമെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കരുതെന്നാണ്. 2014ല്‍ മോഡി അധികാരത്തില്‍ എത്തുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ ആകെ നിഷ്ക്രിയ ആസ്തി രണ്ടുലക്ഷം കോടി രൂപയ്ക്ക് അടുത്തായിരുന്നെങ്കില്‍, 2016 മാര്‍ച്ചായപ്പോള്‍ അത് ആറുലക്ഷം കോടി കഴിഞ്ഞു. മൂന്നിരട്ടി വര്‍ധന. സാധാരണക്കാരന് നല്‍കുന്ന വായ്പ സര്‍ഫെയ്സി’നിയമത്തിന്റെ അടിസ്ഥാനത്തിലും റിലയന്‍സിനെ ഉപയോഗിച്ചും പിരിച്ചെടുക്കുന്നവര്‍ വിജയ് മല്യമാരെ സുരക്ഷിതമായ വിദേശവാസത്തിന് അയക്കുന്നു. 2013-15 കാലഘട്ടത്തില്‍മാത്രം എഴുതിത്തള്ളിയ കിട്ടാക്കടം 1.14 ലക്ഷം കോടിയാണ്. എസ്ബിഐമാത്രം എഴുതിത്തള്ളിയത് 40,084 കോടിയാണ്.
കോടീശ്വരന്മാരും വ്യവസായികളുമാണ് ബിജെപി എംപിമാരില്‍ മഹാഭൂരിപക്ഷവും എന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനനയങ്ങള്‍ സ്വാഭാവികമായും സമ്പന്നാനുകൂലമായി മാറുന്നു. കേരളത്തിലെ ബിജെപിക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയും മനസ്സിലാക്കാതെയും അവര്‍ക്കായി കര്‍സേവ നടത്തുകയാണ്. കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്ക് ഇല്ലാതാകുന്നത് വായ്പനയങ്ങളിലും തന്ത്രങ്ങളിലും സംസ്ഥാനതാല്‍പ്പര്യം ഹനിക്കാന്‍ ഇടയാക്കും. കോര്‍പറേറ്റുകള്‍ക്കായി സംസ്ഥാനത്തെ മുഖ്യബാങ്കായ എസ്ബിടിയെ അടിയറവയ്ക്കുന്ന കേന്ദ്രനയം തിരുത്തിക്കുന്നതിന് ആവശ്യമായ ജനകീയ പോരാട്ടം ഉയര്‍ന്നുവരേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്ന അനിവാര്യതയാണ്
Read more: http://www.deshabhimani.com/articles/news-articles-21-12-2016/611589
No comments:
Post a Comment