Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, August 15, 2018

കേരളം നേരിടുന്ന പ്രതിസന്ധി - സാമൂഹ്യ മാറ്റം അനിവാര്യമാക്കുന്ന പശ്ചാത്തലം. - ജോസഫ് തോമസ്


കേരളം അക്ഷരാര്‍ത്ഥത്തില്‍ 'ദൈവത്തിന്റെ' നാടായി മാറിയിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ പണിയെടുക്കാതെ ദൈവാനുഗ്രഹം പ്രതീക്ഷിച്ചു് കഴിയുന്നവരായി മാറുന്നു. ആരാധനാലയങ്ങള്‍ക്കും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കും പിന്നാലെ പായുന്നു. ഭൂമി, കെട്ടിടം, ഭക്ഷണം, വിദ്യാഭ്യാസം, രോഗ ചികിത്സ തുടങ്ങിയവയുടെ ഊഹക്കച്ചവടം നടത്തി അതിവേഗം പണം സമ്പാദിക്കുകയാണു് വര്‍ദ്ധിച്ചു് വരുന്ന ജീവിത മാര്‍ഗ്ഗം. അദ്ധ്വാനിച്ചു് സമ്പത്തുണ്ടാക്കുന്നവരേക്കാള്‍ കൂടുതല്‍ തട്ടിപ്പു് കൊണ്ടു് വരുമാനം നേടാനാവുമ്പോള്‍ സാധ്യമായവരൊക്കെ ആ മേഖലയിലേയ്ക്കു് മാറുക സ്വാഭാവികം.

ഭൂമിയുടെ വില കൂട്ടാനായി നിലവും തണ്ണീര്‍ തടങ്ങളും നീര്‍ച്ചാലുകളും ജല സ്രോതസുകളും നികത്തുന്നു. അതിനായി ജല സംഭരണികളായ തണ്ണീര്‍പ്പാടങ്ങള്‍ സംരക്ഷിച്ചു് നിര്‍ത്തുന്ന മലകള്‍ ഇടിച്ചു് നിരത്തുന്നു. മഴക്കാലത്തു് മണ്ണൊലിപ്പു് കൂടുന്നു. വെള്ളം കുത്തിയൊലിച്ചു് മണ്ണിലിറങ്ങാതെ അതി വേഗം കടലിലെത്തുന്നു. തണ്ണീര്‍ തടങ്ങള്‍ നികത്തപ്പെടുന്നതു് മൂലം താമസ സ്ഥലത്തും റോഡുകളിലും മഴക്കാലത്തു്, അല്പ സമയത്തേയ്ക്കോ ഏതാനും ദിവസങ്ങളോ ആണെങ്കിലും വെള്ളക്കെട്ടു് പ്രശ്നം സൃഷ്ടിക്കുന്നു. വേനലായാല്‍ കുടി വെള്ള ക്ഷാമം തുടങ്ങുന്നു. കിണറുകള്‍ വറ്റി വരളുന്നു. ആശ്രയമോ, ടാങ്കര്‍ വെള്ളം. പൈപ്പു് വെള്ളം. കുപ്പി വെള്ളം. കുടിവെള്ള കച്ചവടം പൊടി പൊടിക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും വെള്ളക്കെട്ടും കുടിവെള്ള ക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്നു.

കൃഷി ഒരു കൂട്ടായ്മയാണു്. ചിലര്‍ ഭൂമി നികത്തുന്നതു് മറ്റുള്ളവരേയും കൃഷിയില്‍ നിന്നു് പിന്തിരിപ്പിക്കുന്നു. കൃഷി അസാദ്ധ്യമാകുന്നു. ഭക്ഷണത്തിനു് അന്യ പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഭക്ഷ്യ വസ്തുക്കളുടെ വില ക്രമാതീതമായി ഉയരുന്നു. അതു് ജീവിത ചെലവു് ഉയര്‍ത്തുന്നു. ഭൂമിയുടെ ഊഹക്കച്ചവടം മൂലം വില വര്‍ദ്ധിക്കുന്നതു് സാധാരണക്കാര്‍ക്കു് കിടപ്പാടം അപ്രാപ്യമാക്കുകയും ചെയ്യുന്നു. ക്രമേണ കേരളത്തിന്റെ സവിശേഷതയായ ആണ്ടോടാണ്ടു് വറ്റാത്ത നീര്‍ച്ചാലുകളും പച്ചപ്പും തന്നെ അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം കേരളം ഏറ്റെടുക്കേണ്ട ഒരു അടിയന്തിര പരിപാടിയാണു്. കേരളത്തിനു് അതിനായി ഒരു മാസ്റ്റര്‍പ്ലാന്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

ഉല്പാദന രംഗം പ്രതിസന്ധിയിലാണു്. കൃഷി നാശോന്മുഖമാണു്. ഭൂമി ഭൂമാഫിയകള്‍ തട്ടിയെടുക്കുന്നു. കെട്ടിടനിര്‍മ്മാണം മാത്രമാണു് വികസിക്കുന്ന ഒരു മേഖല. പക്ഷെ, അതും ആരോഗ്യകരമായ പ്രവണതയല്ല കാട്ടുന്നതു്. ഭൂമിയിലും കെട്ടിടത്തിലും നടക്കുന്ന ഊഹക്കച്ചവടം വില ക്രമാതീതമായി ഉയര്‍ത്തുന്നു. അതു് ധനമൂലധന വിളയാട്ടത്തിന്റെ മേഖലയായി മാറിയിരിക്കുന്നു. നടക്കുന്ന നിര്‍മ്മാണ പ്രോജക്ടുകള്‍ തന്നെ വാങ്ങുന്നവരെ കൊള്ളയടിക്കുന്നവ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. ആവശ്യമായ നിയമം പതിറ്റാണ്ടുകള്‍ക്കു് മുമ്പു് നിലവിലുണ്ടായിരുന്നിട്ടും, ഫ്ലാറ്റുകളുടെ ഉടമസ്ഥത വാങ്ങുന്നവരിലേയ്ക്കു് ബില്‍ഡര്‍മാര്‍ കൈമാറുന്നില്ല.  ഉടമസ്ഥത കൈവശം വെച്ചു് ചൂഷണം സ്ഥായിയി തുടരാന്‍, ബില്‍ഡര്‍മാരെ, അവരും, അഴിമതിക്കാരായ, ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന കേരളം ഭരിക്കുന്ന, അവിഹിത, കൂട്ടു്കെട്ടു് അനുവദിച്ചിരിക്കുന്നു. വാങ്ങുന്നവര്‍ പൂര്‍ണ്ണ അവകാശം തങ്ങള്‍ക്കുണ്ടെന്നു് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു.

വ്യവസായങ്ങളെല്ലാം തകര്‍ച്ച നേരിടുകയാണു്. കേന്ദ്ര പൊതു മേഖലയും സംസ്ഥാന പൊതു മേഖലയും നഷ്ടത്തിലേയ്ക്കു് മുതലക്കൂപ്പു് കുത്തുന്നു. ലാഭം കാട്ടുന്നവ തന്നെ കണക്കിലെ കളികളിലൂടെയാണു്. വിവര സാങ്കേതിക വ്യവസായം വികസിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും അതു് വിജയിക്കുന്നില്ല. പുറം കരാര്‍ പണികളല്ലാതെ മറ്റൊന്നും രക്ഷപ്പെടുന്നില്ല. വ്യവസായാടിത്തറ വികസിപ്പിക്കത്തക്ക തരത്തില്‍ സാങ്കേതിക വിദ്യ സ്വാംശീകരിക്കപ്പെടുന്നില്ല. സാങ്കേതിക വിദ്യാ സ്വാംശീകരണം അസാദ്ധ്യമായ സ്വകാര്യ കുത്തക സാങ്കേതികോപകരണങ്ങളാണു് മലയാളികള്‍ കൂടുതലായി ഉപയോഗിക്കുന്നതു്. നിക്ഷേപ മൂലധനത്തിന്റെ ഒഴുക്കു് ലാഭ സാധ്യതയെ ആശ്രയിച്ചാണിരിക്കുന്നതു്. യാഥാര്‍ത്ഥ്യങ്ങള്‍ക്കു് നിരക്കാത്ത വ്യവസായവികസന പരിപാടികള്‍ വ്യവസായം കൊണ്ടുവരാന്‍ പര്യാപ്തമല്ല. അവ ആഗോള ധന മൂലധനകുത്തകകളുടെ വ്യാപനത്തെ സഹായിക്കുകയേ ഉള്ളുധനമൂലധന നിക്ഷേപത്തെ ആശ്രയിച്ചുള്ള വ്യവസായ വികസന പരിപ്രേക്ഷ്യം കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാന്‍ ഉതകുന്നതുമല്ല. പ്രാദേശിക സമ്പത്തുല്പാദനത്തിലും ഉപഭോഗത്തിലും ഊന്നിയ ഒരു വികസന സംസ്കാരം കേരളത്തിനുണ്ടാകണം.

മിക്ക സേവന മേഖലകളും മാഫിയകളുടെ പിടിയിലമരുന്നു. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, ഉല്ലാസ മാധ്യമങ്ങള്‍ തുടങ്ങി ഏതെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. സര്‍ക്കാര്‍ വകുപ്പുകളാകട്ടെ അഴിമതിയുടെ കൂത്തരങ്ങാണു്. അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ അതിന്റെ ഏറ്റവും ഉയര്‍ന്ന തോതിലാണു്. തൊഴിലില്ലാത്തവര്‍ പൊതുവെ 'കമ്മീഷന്‍ ഏജന്‍സി' വരുമാന മാര്‍ഗ്ഗമായി കാണുന്നു. ഇതു് ധന മൂലധന വിളയാട്ടത്തിനു് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടു്. കേരളത്തില്‍ ഇന്നു് ശാരീരികാദ്ധ്വാനം ആവശ്യമുള്ള തൊഴിലെടുക്കുന്നതു്, ഏറിയ കൂറും, മറ്റു് സംസ്ഥാനക്കാരാണു്.

ആരോഗ്യത്തിന്റെ അടിസ്ഥാനം ഭക്ഷണവും രോഗചികിത്സയും മാത്രമായി സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു. ഒരു നല്ല ശതമാനം ജനങ്ങള്‍ പോഷകഗുണം കൂടിയ ചില ഭക്ഷണവിഭവങ്ങള്‍, പ്രത്യേകിച്ചു് മാംസവും മത്സ്യവും കൊഴുപ്പും അമിതമായി കഴിക്കുന്നു. ഗണ്യമായ മറ്റൊരു വിഭാഗം പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്നു. ആരും തന്നെ അവശ്യ ജീവകങ്ങളും പോഷണങ്ങളും സമീകൃതമായി കഴിക്കുന്നില്ല. കൃത്രിമ ഭക്ഷ്യങ്ങളോടുള്ള ആസക്തി വര്‍ദ്ധിക്കുന്നു. പ്രകൃതി വിഭവങ്ങളോടുള്ള താല്പര്യം കുറഞ്ഞു് വരുന്നു. ചക്കയും മാങ്ങയും വാഴപ്പഴവും കരിക്കും തേങ്ങയും മറ്റിതര കായ് കനികളും അപ്രത്യക്ഷമാകുന്നു. ഇന്നുള്ളവ ഉപയോഗിക്കാതെ നശിക്കുന്നു. ഫല വൃക്ഷങ്ങള്‍ നശിപ്പിച്ചു് റബ്ബര്‍ പിടിപ്പിക്കുന്നു. പച്ചക്കറി കൃഷിയ്ക്കു് പകരം കൃത്രിമ കോഴി വളര്‍ത്തല്‍ വ്യാപകമാകുന്നു. പോരാത്തവ അന്യ സംസ്ഥാനങ്ങളില്‍ നിന്നു് കൊണ്ടു് വരുന്നു. തയ്യാറാക്കി മാസങ്ങളോളവും വര്‍ഷങ്ങളായും സൂക്ഷിക്കുന്ന കൃത്രിമ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നു. ഭക്ഷണത്തിലെ മായം ചേര്‍ക്കല്‍ വ്യാപകമായിരിക്കുന്നു. അതു് മൂലവും രോഗം പെരുകുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നു.

ആരോഗ്യ രംഗത്തു് ലാഭം ഉയര്‍ത്താനായി സ്ഥാനത്തും അസ്ഥാനത്തും പരിശോധനകളും രാസ മരുന്നും പ്രയോഗിക്കപ്പെടുന്നു. ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു് മുക്തി നേടാന്‍ ജീവിത ശൈലി ക്രമീകരിക്കാതെ രാസ മരുന്നു് പ്രയോഗം മാത്രം നടത്തുന്നതു് മൂലം രോഗം മാറാതെ നില നില്‍ക്കുന്നതിനിടയാക്കുന്നു. മരുന്നു് പ്രയോഗത്തിലൂടെ രോഗ ലക്ഷണം മാറി നില്കുന്നതേ ഉള്ളു. രോഗകാരണങ്ങളും രോഗങ്ങളും വഷളാകുന്നു. പുതിയ രോഗങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടുന്നു. രോഗികള്‍ പെരുകുന്നു. രോഗാതുരത വര്‍ദ്ധിക്കുന്നു. ആധുനിക രാസ വൈദ്യത്തെ അനുകരിച്ചു് ആയൂര്‍വ്വേദവും ഹോമിയോപ്പതിയും സ്വയം അധപ്പതിക്കുന്നു.

നടന്നെത്താവുന്നിടത്തേയ്ക്കു് പോലും വാഹനങ്ങളില്‍ പോകുന്നു. വാഹന പെരുപ്പം റോഡുകളെ ശ്വാസം മുട്ടിക്കുന്നു. ഗതാഗതം മെല്ലെയാകുന്നു. സമയവും ഊര്‍ജ്ജവും വിഭവവും പാഴാക്കുന്നു. നടത്തമാണു് ഏറ്റവും നല്ല വ്യായാമമെന്നിരിക്കേ, നടത്തത്തിന്റെ അഭാവത്തില്‍ ശരിയായ വ്യായാമമില്ലാതെ സമൂഹം രോഗഗ്രസ്തമാകുന്നു. ആരോഗ്യ രംഗമാകട്ടെ മൂലധനാധിപത്യത്തിന്റെ പിടിയിലാണു്. അതിനെ ആശ്രയിച്ചുള്ള ആരോഗ്യ സംരക്ഷണം മൂലധനാശ്രിതത്വം അവസാനിപ്പിക്കാനുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ പരിശ്രമങ്ങള്‍ക്കു് വിലങ്ങുതടിയായി മാറുന്നു. പരിസ്ഥിതി സംരക്ഷണത്തിലും ഭക്ഷണത്തിലും അദ്ധ്വാനത്തിലും ഉല്ലാസത്തിലും വിശ്രമത്തിലും അധിഷ്ഠിതമായ, സാമൂഹ്യോത്മുഖമായ ആരോഗ്യ പരിരക്ഷാ സമ്പ്രദായം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസ രംഗം വഷളാക്കപ്പെട്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസം തകര്‍ക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടം പൊടി പൊടിക്കുന്നു. കപട വിദ്യാലയങ്ങളും കോഴ്സുകളും വ്യാപകമാകുന്നു. അവയില്‍ പഠിപ്പിച്ചു് ചിന്താശൂന്യമായ തലമുറയെ സൃഷ്ടിക്കുന്നു. മാതൃഭാഷാ വിദ്യാഭ്യാസം തകകര്‍ക്കപ്പെട്ടിരിക്കുന്നു. ആശയ വിനിമയത്തോടൊപ്പം വിജ്ഞാന സ്വാംശീകരണത്തിന്റേയും സംഭരണത്തിന്റേയും മാത്രമല്ല, അമൂര്‍ത്ത ചിന്തയുടേയും മാധ്യമം കൂടിയാണു് ഭാഷ എന്ന കാര്യം തന്നെ സമൂഹം മറിന്നിരിക്കുന്നു. വിജ്ഞാന സ്വാംശീകരണം എളുപ്പത്തില്‍ സാധ്യമാകുന്നതു് മാതൃഭാഷയിലാണെന്ന അനുഭവ പാഠം നഷ്ടപ്പെട്ട തലമുറ മൂലധനാധിപത്യത്തിന്റെ ഇരകളായി മാറിയിരിക്കുന്നു. കണക്കിന്റെ യുക്തി പോലും ശരിയായി മനസിലാക്കുന്നതില്‍ നിന്നു് ഇംഗ്ലീഷ് മാധ്യമത്തിലുള്ള പഠനം മലയാളികളെ വിലക്കിയിരിക്കുന്നു. അതാകട്ടെ, നമ്മുടെ എഞ്ചിനിയറിങ്ങു് പഠനത്തിന്റേയും ശാസ്ത്ര പഠനത്തിന്റേയും ഗുണ മേന്മ ഇടിച്ചുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ മക്കള്‍ അവരുടെ സംസ്കാരമല്ല സ്കൂളുകളില്‍ നിന്നാര്‍ജ്ജിക്കുന്നതു്. മുതലാളിത്തത്തിനു് എല്ലാക്കാലത്തും വിടുപണി ചെയ്യാനുള്ള കരുക്കള്‍ മാത്രമാണവിടെ നിന്നു് വിദ്യാര്‍ത്ഥികള്‍ക്കു് കിട്ടുന്നതു്. ഈ സ്ഥിതി മാറണം. ചുറ്റുപാടുകളില്‍ നിന്നും അനുഭവത്തിലൂടെ കുട്ടികളെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന തരത്തില്‍ വിദ്യാഭ്യാസവും പ്രായോഗികവും സാമൂഹ്യോത്മുഖമാക്കുന്നതിലൂടെയും മാത്രമേ കേരളത്തിനു് ഇനിയൊരടി മുന്നോട്ടു് പോകാനാവൂ.

പുതിയ ആശയം സൃഷ്ടിക്കാന്‍ മാതൃഭാഷയാണു് സഹായിക്കുക. പുതിയ ചിന്തകള്‍ക്കു് രൂപം നല്‍കാന്‍ കഴിയുന്നതു് സ്വാംശീകരിക്കപ്പെട്ട വിജ്ഞാനത്തിന്റെ അടിത്തറയിന്മേലാണു്. വിജ്ഞാന സ്വാംശീകരണം അതിന്റെ പരമാവധി നടക്കുന്നതു് മാതൃഭാഷയിലാണു്. കാരണം, മുമ്പു് സ്വാംശീകരിക്കപ്പെട്ട അറിവുകളുമായി ബന്ധിപ്പിച്ചാണു് പുതിയ അറിവുകള്‍ സംഭരിക്കപ്പെടുന്നതു്. അതായതു്, മാതൃഭാഷയിലാണു് കാര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ കഴിയുന്നതു്. സമഗ്രമായ അറിവില്‍ നിന്നേ ശരിയായ പുതിയ ചിന്ത ഉരുത്തിരിയുകയുള്ളു. സമഗ്രമായ അറിവു് മാതൃഭാഷയില്‍ മാത്രമേ സാധ്യമാകൂ. അന്യ ഭാഷയിലുള്ള വിദ്യാഭ്യാസം ഭാഗിക ഫലമേ തരൂ. പുതിയ തലമുറയിലെ മലയാളികള്‍ ഏറെയും അത്തരത്തില്‍ അല്പ വിദ്യരായി മാറ്റപ്പെട്ടു് കഴിഞ്ഞിരിക്കുന്നു.

അന്യ ഭാഷാ വിദ്യാഭ്യാസത്തിനു് പ്രേരണയായതു് ഭരണ ഭാഷയും കോടതി ഭാഷയും ബോധന മാധ്യമവും ഇംഗ്ലീഷായതിനാലാണു്. ഭരണാധികാരികളുടെ വീഴ്ച ഇവിടെ പ്രകടമാണു്. സ്വാതന്ത്ര്യാനന്തരം, പുതുതായി ഉയര്‍ന്നു് വന്ന ഭരണവര്‍ഗ്ഗത്തിലേയ്ക്കു് ചേക്കേറാന്‍ കഴിഞ്ഞ മുറി ഇംഗ്ലീഷുകാരാണു് ഈ ദുസ്ഥിതിക്കു് കാരണം. അവരെ നയിക്കുന്നതു് വിദ്യാദരിദ്രരെ ഭരിക്കാനും അവരുടെ മേല്‍ ആധിപത്യം നിലനിര്‍ത്താനും തങ്ങള്‍ക്കറിയുന്ന മുറി ഇംഗ്ലീഷാണു് മലയാളത്തേക്കാള്‍ നല്ലതെന്ന വികലമായ സ്വാര്‍ത്ഥ താല്പര്യത്തിലൂന്നിയ കാഴ്ചപ്പാടാണു്. മാത്രമല്ല, കേരളത്തിലും രാജ്യത്തു് തന്നെയും തൊഴിലവസര സൃഷ്ടി ഗണ്യമായി കുറഞ്ഞിരിക്കുന്നു. തൊഴിലന്വേഷിച്ചു് നാടു് വിടാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്ന യുവതലമുറ എന്തിനു് മലയാളം പഠിക്കണമെന്ന കാര്യത്തില്‍ സംശയാലുക്കളാകുന്നതില്‍ അവരെ കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല.

ബ്രിട്ടീഷ് ഭരണകാലത്തു് പോലും ഭരണവും കോടതിയും വിദ്യാഭ്യാസവും മലയാളത്തില്‍ നടന്നിരുന്നു. യൂറോപ്യന്‍ മിഷണറിമാര്‍ ഇവിടെ വന്നു് പ്രേഷിത പ്രവര്‍ത്തനം നടത്തിയതു് പോലും മലയാളം പഠിച്ചായിരുന്നു. അവര്‍ മലയാളത്തിന്റെ വളര്‍ച്ചയ്ക്കു് വലിയ സംഭാവന നല്‍കുകയും ചെയ്തു. മലയാളത്തിനു് ആദ്യമായി നിഘണ്ഡു നിര്‍മ്മിച്ചു് നല്‍കിയതു് പോലും അവരാണു്. എന്നാല്‍, അവരുടെ നാടന്‍ പിന്മുറക്കാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേയ്ക്കു് കേരളത്തെ നയിക്കുന്നതിനു് കാരണക്കാരായി. അവരെ അനുകരികരിച്ചു് ഇതര മത-ജാതി-സമുദായ സംഘടനകളും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു. ചിന്താ ദരിദ്രരായവരുടെ തലമുറയെ വാര്‍ത്തെടുക്കുന്നു. ഇതു് സാമ്രാജ്യത്വ സാംസ്കാരികാധിനിവേശത്തിന്റെ സുഗമ മാര്‍ഗ്ഗമായും മാറിയിരിക്കുന്നു. അതിനു് ദേശീയ-പ്രാദേശിക മൂലധനവും മത-ജാതി-സമുദായ സംഘടനകളും മാധ്യമങ്ങളും കൂട്ടു് നില്കുകയാണു്. ഒരു സമൂഹത്തിനു് അതിന്റെ ഭാഷ നഷ്ടമായാല്‍ ആ സമൂഹം രക്ഷപ്പെടില്ല എന്നാണു് ചൊല്ലു്. ഭാഷ നഷ്ടപ്പെട്ട സമൂഹങ്ങള്‍ക്കു് ധന മൂല ധനം നയിക്കുന്ന ആഗോള മുതലാളിത്ത സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു് കഴിയുക മാത്രമേ വഴിയുള്ളു. കാരണം, സ്വന്തം മാതൃ ഭാഷ ഉപയോഗിക്കുന്നവരോടൊപ്പമെത്താന്‍ ഒരിക്കലും അന്യ ഭാഷ ഉപയോഗിക്കുന്നവര്‍ക്കു് കഴിയില്ല തന്നെ.

ഭാഷ വളരുന്നതു് പ്രയോഗത്തിലൂടെയാണു്. പ്രയോഗത്തില്‍ പുറകോട്ടു് പോയതു് മൂലം മലയാളത്തിന്റെ (പ്രാദേശിക ഭാഷകളുടേയെല്ലാം സ്ഥിതിയിതാണു്) വികാസം തടയപ്പെട്ടു. ഇന്നതു് മുരടിച്ചു് നില്കുന്നു. ഇംഗ്ലീഷ് ഭാഷ ആധുനിക വിവര സങ്കേതങ്ങള്‍ ഉപയോഗിച്ചു് വികസിക്കുമ്പോള്‍ മലയാളം ഇക്കാര്യത്തില്‍ വളരെ പിന്നിലാണു്. എല്ലാക്കാലവും മലയാളത്തേയും മലയാളികളേയും പിന്നണിയില്‍ തളച്ചിടും വിധത്തില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിവര സാങ്കേതികാധിഷ്ഠിത വിജ്ഞാനോപകരണങ്ങളാണു് മലയാളികള്‍ പഠിക്കുന്നതും ഉപയോഗിക്കുന്നതും. മലയാളികള്‍ ഉപയോഗിക്കുന്ന വിവര-വിജ്ഞാന-വിനിമയ സങ്കേതങ്ങള്‍ പരിഷ്കരിക്കാനോ മെച്ചപ്പെടുത്താനോ വികസിപ്പിക്കാനോ മലയാളികള്‍ക്കാവുന്നില്ല. ഉപയോഗിക്കാനുള്ള ലൈസന്‍സ് മാത്രമാണു് സമൂഹത്തിനുള്ളതു്. ഉടമകളായ കമ്പനികള്‍ക്കു് മാത്രമേ അവ ചെയ്യാനാവൂ. ഇങ്ങിനെ പോയാല്‍, വിദേശികളായ സ്വകാര്യ കുത്തക കമ്പനികളുടെ ലാഭ സാധ്യത നോക്കിയുള്ള മുന്‍ഗണനയില്‍ മാത്രമേ മലയാളവും മലയാളികളും വളരുകയുള്ളു.

കലയും സാഹിത്യവും ഭൌതിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണു്. ഓരോ കാലത്തും സൃഷ്ടിക്കപ്പെടുന്ന കലാ സാഹിത്യ സൃഷ്ടികള്‍ അതതു് കാലഘട്ടത്തിലെ ഭൌതിക ജീവിതത്തേയും അതു് സാധ്യമാക്കുന്ന സാഹചര്യങ്ങളേയും പ്രതിഫലപ്പിക്കും. മേല്പറഞ്ഞ ഭൌതിക ജീവിത സാഹചര്യങ്ങള്‍ നന്നായി തന്നെ പ്രതിഫലിക്കുന്നതാണു് നിലവിലുള്ള കലയും സാഹിത്യവുമെല്ലാം. യഥാര്‍ത്ഥ ഭൌതിക സാഹചര്യങ്ങള്‍ക്കുപരി ആ സാഹചര്യം സൃഷ്ടിക്കുന്ന ധന മൂലധനത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിനാണു് ധന മൂലധന ശക്തികള്‍ നിയന്ത്രിക്കുന്ന അച്ചടി-ദൃശ്യ-സ്രാവ്യ മാധ്യമങ്ങള്‍ ശ്രമിക്കുന്നതു്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസം ദൃശ്യ-സ്രാവ്യ മാധ്യമങ്ങളുടെ പങ്കു് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അവ വെറും വാര്‍ത്താ മാധ്യമങ്ങളല്ല, ഇന്നറിയപ്പെടുന്നതു് പോലെ ഉല്ലാസ മാധ്യമങ്ങള്‍ മാത്രവുമല്ല, മറിച്ചു്, സമൂഹവുമായി ഇഴുകിച്ചേര്‍ന്നു് സമൂഹ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാനും മാറ്റിത്തീര്‍ക്കാനും കഴിയുന്ന സാംസ്കാരിക മാധ്യമങ്ങളാണു്. നിലവില്‍ നമ്മുടെ ദൃശ്യ സ്രാവ്യ മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മം ആഗോള ധന മൂലധന താല്പര്യാര്‍ത്ഥം സാമ്രാജ്യത്വ സംസ്കാരം ലോകമാകെ വ്യാപിപ്പിക്കുക എന്നതാണു്. എല്ലാ തിന്മകളേയും എതിര്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുമ്പോള്‍ തന്നെ, അവ മൂലധനാധിപത്യം സംരക്ഷിക്കാനായി പ്രത്യേക ശ്രദ്ധ കാണിക്കുന്നു. അതിന്റെ ഭാഗമായി ആഗോള ധന മൂല ധന താല്പര്യം നടപ്പാക്കുന്നതിനാവശ്യമായ സാംസ്കാരിക പരിതോവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.

ശാസ്ത്ര സാങ്കേതിക വികാസം വളരെയേറെ നേടിയ ഇക്കാലത്തും ശാസ്ത്രീയ കാഴ്ചപ്പാടോ സാങ്കേതിക വിദ്യയുടെ ശരിയായ പ്രയോഗമോ സമൂഹം സ്വാംശീകരിച്ചിട്ടില്ല. എന്താണു് ശാസ്ത്രീയമെന്നതു് പലപ്പോഴും കാണാതെ പോകുന്നു. യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണു് ശാസ്ത്രീയം. അതിനു് പകരം, പൊതുവെ, കൃത്രിമമായി ഉണ്ടാക്കപ്പെടുന്നവയെല്ലാം ശാസ്ത്രീയമായതാണെന്നു് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു് ലാഭം നേടാന്‍ ധന മൂല ധനാധിപത്യത്തിനു് കഴിയുന്നു. അത്തരത്തിലാണു് സമ്പദ്ഘടനയും ആഹാര രീതികളും വിദ്യാഭ്യാസവും ആരോഗ്യ പരിചരണവും പരിസ്ഥിതിബോധവും സംസ്കാരവും മറ്റും ധന മൂലധന താല്പര്യത്തില്‍ വികലമാക്കപ്പെടുന്നതു്.

കായിക രംഗം സമൂഹത്തിന്റെ ആരോഗ്യ പരിചരണവുമായി നേരിട്ടു് ബന്ധപ്പെട്ട കാര്യമാണു്. പക്ഷെ, അതിന്നു് വെറും ധന മൂലധന വിളയാട്ടത്തിന്റെ വേദിയായി മാത്രമാണു് കരുതപ്പെടുന്നതു്. ക്രിക്കറ്റു് പോലുള്ള ചില കളികള്‍ക്കു് അമിത പ്രാധാന്യവും വിജയികള്‍ക്കു് വമ്പിച്ച സമ്മാനങ്ങളും മറ്റുമായി ഏതാനും ചിലര്‍ പങ്കെടുക്കുകയും മറ്റുള്ളവരെല്ലാം കാഴ്ചക്കാരായി മാറുകയും ചെയ്യുന്ന അവസ്ഥയാണിന്നുള്ളതു്. കായിക പ്രകടനങ്ങള്‍ കാണുന്നതു് കൊണ്ടു് ആരുടേയും ആരോഗ്യം മെച്ചപ്പെടില്ല. കായിക പ്രക്രിയകളില്‍ ഏര്‍പ്പെടുക എന്നതാണു് വേണ്ടതു്. അതില്‍ മികവിനു് വേണ്ടിയുള്ള മത്സരങ്ങളാണു് അഭികാമ്യം. മൊത്തം സമൂഹത്തിന്റേയും പങ്കാളിത്തമാണു് ഉണ്ടാകേണ്ടതു്.

സ്ത്രീ പീഢനവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ വരെ ലൈംഗികാതിക്രമവും പെരുകി വരുന്നു. ഇതു് പൊതുവെ സാംസ്കാരികാധപതനത്തിന്റെ നേര്‍ ലക്ഷണമാണു്. മാത്രമല്ല, അതു് പണാധിപത്യ സമൂഹത്തിന്റെ സ്വഭാവവുമാണു്. കേരളത്തേ സംബന്ധിച്ചിടത്തോളം വലതു് പക്ഷ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ഭാഗവുമാണതു്. സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും നീതി ന്യായ വ്യവസ്ഥയും ഇതിനുത്തരവാദികളാണു്. ആദ്യമായി കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സൂര്യ നെല്ലി കേസ് കൈകാര്യം ചെയ്ത രീതിയും അതിന്റെ പരിണിതിയും കേരളത്തില്‍ തുടര്‍ന്നുണ്ടായ ബാലികാ പീഢനങ്ങളുടെ വേലിയേറ്റത്തിനു് വഴിവെച്ചു. സൂര്യ നെല്ലി കേസില്‍ ആരോപണ വിധേയരായ ഉന്നത കോണ്‍ഗ്രസ് നേതാക്കളും അവരെ നിയമത്തിന്റെ മാര്‍ഗ്ഗത്തിലൂടെ കുറ്റക്കാരല്ലെന്നു് തെളിയിക്കാനുള്ള അവസരം ഉപയോഗിക്കാതെ നിയമത്തിനു് വിധേയരാകാതെ രക്ഷിക്കാനായി നിയമ പാലകരും നീതിന്യായ വ്യവസ്ഥയും ആ കേസിനെ വളച്ചൊടിച്ചതും അത്തരം കേസുകള്‍ വര്‍ദ്ധിക്കാനിടയായിട്ടുണ്ടു്. തുടര്‍ന്നു് വന്ന കേസുകളിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെ പങ്കു് വ്യക്തമാണു്. കേസു് തേച്ചു് മാച്ചു് കളയുന്നതില്‍ അവര്‍ വിജയിക്കുന്നു. സൂര്യ നെല്ലി കേസില്‍ കേരള ഹൈക്കോടതിയുടെ ആദ്യ വിധി ന്യായം ഒരു പരിഷ്കൃത സമൂഹത്തിനു് നേരെയുള്ള വെല്ലുവിളിയായി ഇന്നും നിലനില്കുന്നു. സൂര്യ നെല്ലി പെണ്‍കുട്ടി സ്വയം ഇറങ്ങി പുറപ്പെട്ടതു് കൊണ്ടാണു് അത്തരത്തില്‍ സംഭവിച്ചതെന്നും അതിനാല്‍ ആ കുട്ടിയെ പീഢനപ്പിച്ച 42 കശ്മലന്മാരും കുറ്റക്കാരല്ലെന്നുമുള്ള കണ്ടെത്തലാണു് വിധിന്യായത്തിലുള്ളതു്. പെണ്‍കുട്ടി സ്വമേധയാ ഇറങ്ങി പുറപ്പെട്ടാല്‍ 42 പേര്‍ക്കു് ആ കുട്ടിയെ പീഢിപ്പിക്കാനുള്ള അവകാശം ഏതു് നിയമ വകുപ്പു് പ്രകാരമാണു് ലഭിക്കുന്നതെന്നു് വിധി ന്യായം എങ്ങും പറഞ്ഞു് കണ്ടില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു് വിശേഷിപ്പിക്കപ്പെടുന്ന രാജ്യ സഭയുടെ ഉപാദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന ഉന്നത കോണ്‍ഗ്രസ് നേതാവടക്കം കുറ്റാരോപിതനായ ആ കേസിലെ പ്രതികളാരും ശിക്ഷിക്കപ്പെടാതെ പോയതിന്റെ അനന്തര ഫലമാണു് ഇന്നു് കേരളത്തില്‍ പെരുകി വരുന്ന സ്ത്രീപീഢനവും ബാലികാ പീഢനവും. അതാകട്ടെ വര്‍ഗ്ഗാധിപത്യം നിലനിര്‍ത്താനായി ബഹുജനങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഒരു പ്രധാനപ്പെട്ട മാര്‍ഗ്ഗമായി പരിണമിച്ചിരിക്കുന്നു. കേരളം പിന്നോട്ടു് പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നു് അതു് പ്രദര്‍ശിപ്പിക്കുന്ന ഈ സ്ത്രീ വിരുദ്ധതയാണു്.

കേരളത്തെപ്പോലെ വിദ്യാഭ്യാസവ്യാപനത്തിലും സമ്പത്തിന്റെ വിതരണത്തിലും അതിലൂടെ ജീവിത ഗുണപരതയിലും നേട്ടം കൈവരിച്ച പ്രദേശത്തു് ഇന്നും അമ്പതു് ശതമാനത്തിലധികം വരുന്ന സമൂഹത്തിലെ അംഗങ്ങള്‍ സ്ത്രീകളാണെന്ന പേരില്‍ അടിമത്തം പേറുന്നതിനു് യാതൊരു നീതീകരണവുമില്ല. ഏറ്റവും സുരക്ഷിതമാകേണ്ട കുടുംബത്തിനുള്ളില്‍ സ്വന്തം മാതാപിതാക്കളില്‍ നിന്നു് തന്നെ ലൈംഗിക പീഠനം ഏറ്റു് വാങ്ങി ദുരിതം പേറുന്ന പിഞ്ചു് ബാല്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണോ കുറയുകയാണോ എന്നതു് പഠനാര്‍ഹമാണു്. സ്ത്രീ പീഠകര്‍ക്കു് രാഷ്ട്രീയാതിര്‍വരമ്പുകളൊന്നുമില്ല. അതിനു് ഇടതു് പക്ഷമെന്നോ വലതു് പക്ഷമെന്നോ വ്യത്യാസവുമില്ല. പുരുഷാധിപത്യം എല്ലായിടത്തും അരങ്ങു് വാഴുകയാണു്. കേരളത്തിനു് ഈ പ്രാകൃതാവസ്ഥ താങ്ങാനാവില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യം കേരള സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ അടിയന്തിരോപാധിയായി മാറിയിരിക്കുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും സ്വയം സംരക്ഷണമാര്‍ഗ്ഗങ്ങള്‍ വ്യാപകമാക്കിയും അവരുടെ സംരക്ഷണത്തിനായി ചൂഷണം അവസാനിപ്പിക്കാനാഗ്രഹിക്കുന്ന ജനങ്ങളൊന്നാകെ രംഗത്തിറങ്ങിയും മാത്രമേ ഈ വിപത്തു് തടയാനാവൂ. പകുതിയിലേറെ വരുന്ന സ്ത്രീകളേയും ഭാവി സമൂഹത്തെ മുന്നോട്ടു് നയിക്കേണ്ട കുഞ്ഞുങ്ങളേയും അടിച്ചമര്‍ത്തിയും ഒരു സമൂഹത്തിനു് പുരോഗമിക്കാനാവില്ല തന്നെ.

ചുരുക്കത്തില്‍, കേരളത്തിനു് ഇങ്ങിനെ തുടരാനാവില്ല.


7 comments:

വെള്ളി രേഖ said...

ഇത്രത്തോളം മോശമൊന്നുമല്ല കേരളത്തിന്റെ സ്ഥിതി. തികച്ചും ദോഷൈകദൃക്കിന്റെ അത്യുക്തികലർന്ന അഭിപ്രായങ്ങൾ

വെള്ളി രേഖ said...

ഇത്രത്തോളം മോശമൊന്നുമല്ല കേരളത്തിന്റെ സ്ഥിതി. തികച്ചും ദോഷൈകദൃക്കിന്റെ അത്യുക്തികലർന്ന അഭിപ്രായങ്ങൾ

Vivara Vicharam said...
This comment has been removed by the author.
Vivara Vicharam said...
This comment has been removed by the author.
Vivara Vicharam said...
This comment has been removed by the author.
Vivara Vicharam said...

നമ്മുടെ നേട്ടങ്ങൾ ധാരാളം. അവയല്ല പ്രതിപാദ്യ വിഷയം. പ്രതിസന്ധി നിലനില്ക്കുന്നു, അവ സാമൂഹ്യ മാറ്റം ഒഴിച്ചുകൂടാനാവാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് പ്രതിപാദ്യ വിഷയം. അതാകട്ടെ, നേട്ടങ്ങളുടെ ഫലവും അതിന്റെ തുടർച്ചയുമാണ്. നേട്ടങ്ങളുടെ മേന്മയുടെ ബലത്തിൽ മാത്രം ദീർഘകാലം സമൂഹത്തിന് മാറ്റമില്ലാതെ തുടരാനാവില്ല. പ്രത്യേകിച്ചും, ലോകമാകെ വലിയൊരു മാറ്റത്തിന്റ തിരുമുറ്റത്ത് എത്തി നില്ക്കുമ്പോൾ.

Vivara Vicharam said...

മറ്റു് സംസ്ഥാനങ്ങളേയും പല രാജ്യങ്ങളേയും തന്നെ അപേക്ഷിച്ചു്, വികസിത നാടുകള്‍ക്കപ്പം എത്തി നില്‍ക്കുന്ന മാനവ വികസന നിലവാരത്തിലേയ്ക്കു് കേരളം വികസിച്ചതു് സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടേയും അവയുടെ തുടര്‍ച്ചയില്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ മുന്‍കൈ മൂലമാണെന്നതു് അനിഷേധ്യമായ വസ്തുതയാണു്. വികസനത്തിന്റെ തുടര്‍ച്ചയ്ക്കു് കേരളം ഇന്നു് മറ്റു് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായുള്ള താരതമ്യം ചെയ്യപ്പെടുന്നതു് വികസന മുരടിപ്പിനും വലിയ പിന്നോട്ടടിക്കും തന്നെ കാരണമാകും. മുന്നോട്ടല്ലാതെ പിന്നോട്ടു് പോകാന്‍ അനുവദിക്കില്ലെന്നതു് വര്‍‍ഗ്ഗ സമരത്തിന്റെ സാമാന്യ നിയമമാണു്.

പുരോഗമനോന്മുഖ കേരളത്തിന്റെ മുന്നേറ്റത്തില്‍ തങ്ങള്‍ക്കു് നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചു് പിടിക്കാന്‍ മൂലധന ശക്തികള്‍ കിണഞ്ഞു് പരിശ്രമിക്കുന്നതാണു് കേരളം ഇന്നനുഭവിക്കുന്ന വികസന പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. അതാകട്ടെ വര്‍ഗ്ഗ സമരത്തിന്റെ തീക്ഷ്ണതയാണു് വെളിവാക്കുന്നതു്. മുന്നോട്ടുള്ള മാര്‍ഗ്ഗം വര്‍ഗ്ഗ സഹകരണമോ വിട്ടു് വീഴ്തകളോ കീഴടങ്ങലോ അല്ല. സമര പാതയിലൂടെയുള്ള മുന്നേറ്റം തന്നെയാണു്. പക്ഷെ, കഴിഞ്ഞകാല നേട്ടങ്ങള്‍ പഴയ സമര പഥങ്ങള്‍ നിലവിലില്ലാതാക്കിയിരിക്കുന്നു. പുതിയ വഴിത്താരകള്‍ തെളിയിച്ചെടുക്കുകയല്ലാത്തെ വിപ്ലവ പ്രസ്ഥാനത്തിനു് മറ്റു് പോംവഴികളില്ല. അതിനാകട്ടെ, പ്രശ്നങ്ങള്‍ പഠിച്ചു് പരിഹാരം കണ്ടെത്തുകയാണു് വേണ്ടതു്. കഴിഞ്ഞകാല നേട്ടങ്ങളുടെ മേന്മ പറഞ്ഞു് അധിക കാലം ആലസ്യത്തിലഭിരമിക്കാന്‍ വര്‍ഗ്ഗ സമരത്തിന്റെ തീക്ഷ്ണത വിപ്ലവ പ്രസ്ഥാനത്തെ അനുവദിക്കില്ല. അതവാ അതിനു് ശ്രമിച്ചാല്‍ പ്രസ്ഥാനത്തിനു് തിരിച്ചടിയുണ്ടാകും. അതിനാല്‍, നിലവിലുള്ള പ്രശ്നങ്ങള്‍ അപഗ്രഥിച്ചു് പുത്തന്‍ വഴിത്താരകള്‍ തെളിയിച്ചേ തീരൂ.

Blog Archive