Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, September 18, 2013

വര്‍ത്തമാനകാലത്തെ ജനാധിപത്യവും മാധ്യമവും - പി രാജീവ്



Courtesy : Deshabhimani : Posted on: 17-Sep-2013 11:49 PM

എന്താണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിക്കുന്നത്? എങ്ങനെയാണ് മാധ്യമം ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത്? മാധ്യമത്തിന്റെ സ്വഭാവം, രൂപം, ഉള്ളടക്കം എന്നിവകളില്‍ സമീപകാലത്ത് വന്ന മാറ്റങ്ങള്‍ എന്തൊക്കെ? ഇവ പരിശോധിക്കേണ്ട വിഷയങ്ങളാണ്. ജനാധിപത്യസംവിധാനം തുടര്‍ച്ചയായി നിലകൊള്ളുന്നുവെന്നത് ഇന്ത്യയുടെ പ്രധാന സവിശേഷതയാണ്. പാകിസ്ഥാനില്‍ ആദ്യമായി ഇപ്പോഴാണ് ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. പട്ടാളവിപ്ലവമോ മറ്റെന്തെങ്കിലും അട്ടിമറിയോ ഭരണത്തിന് അന്ത്യംകുറിക്കാറാണ് പതിവ്. ഇന്ത്യയില്‍ 1975-77 കാലത്തുമാത്രമാണ് ഏകാധിപത്യഭരണത്തിന് വഴങ്ങേണ്ടിവന്നത്.

ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയെ 1920കള്‍ക്കുശേഷം ജര്‍മനിയിലുണ്ടായ അവസ്ഥയോടാണ് എന്‍ റാം താരതമ്യംചെയ്യുന്നത്. ഹിറ്റ്ലര്‍ വരുന്നതിനുമുമ്പുള്ള ജര്‍മനിയുടെ അവസ്ഥ. താരതമ്യം എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ കണ്ടേക്കാം. പക്ഷേ, നമ്മുടെ ജനാധിപത്യത്തിന്റെ സ്വഭാവത്തില്‍ എന്തുമാറ്റം വരുന്നു, പാര്‍ലമെന്റിന്റെ ഇന്നത്തെ ഘടന എന്താണ്? ആരാണ് പാര്‍ലമെന്റില്‍ എത്തുന്നത്? പാര്‍ലമെന്റിന്റെ അധികാരങ്ങളില്‍ എന്തുമാറ്റം വരുന്നു? എന്നിവ പ്രധാന ചോദ്യങ്ങളാണ്്. ഇലക്ഷന്‍ വാച്ചിന്റെ ഒടുവിലത്തെ കണക്കനുസരിച്ച് ഈ ലോക്സഭയിലുള്ളത് 306 കോടീശ്വരന്മാരാണ്. കഴിഞ്ഞ പാര്‍ലമെന്റിനേക്കാള്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ നൂറുശതമാനം വര്‍ധന.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ചുകോടിയിലേറെ ആസ്തിയുള്ളവരില്‍ 32 ശതമാനംപേരും വിജയിച്ചു. 50 ലക്ഷത്തിനും അഞ്ചുകോടിക്കും ഇടയില്‍ ആസ്തിയുണ്ടായിരുന്നവരില്‍ 18.6 ശതമാനമാണ് ജയിച്ചത്. പത്തുലക്ഷത്തിനുമുകളിലുള്ളവരില്‍ 2.3 ശതമാനം സഭയില്‍ എത്തി. അതിനുതാഴെയുള്ളവരോ? വെറും 0.4 ശതമാനംമാത്രം. ഇതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. നിങ്ങള്‍ എത്രമാത്രം സമ്പന്നനാണോ അത്രയും നിങ്ങളുടെ വിജയസാധ്യത വര്‍ധിക്കുന്നു. ഇപ്പോള്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അനൗദ്യോഗികകണക്കുകള്‍ സൂചിപ്പിക്കുന്നത്, ഒരു നിയമസഭാഭമണ്ഡലത്തില്‍ നൂറുമുതല്‍ 200 കോടിവരെ സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചെന്നാണ്. പാര്‍ലമെന്റെന്നത് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലെന്നാണ് തെരഞ്ഞെടുപ്പുകണക്കുകള്‍ വ്യക്തമാക്കുന്നത്.

കേന്ദ്രമന്ത്രിമാരില്‍ അഞ്ചുകോടിക്കപ്പുറം സ്വത്തുള്ളവരാണ് 23 പേരും. പത്തുലക്ഷത്തിനുതാഴെ സ്വത്തുള്ള ഒരാള്‍മാത്രമേയുള്ളൂ. സ്വാതന്ത്ര്യത്തിനുശേഷം ജനിച്ച ഒരു പ്രധാനമന്ത്രി ഇതുവരെ നമുക്കുണ്ടായിട്ടില്ല. പാര്‍ലമെന്റാണല്ലോ ജനാധിപത്യത്തിന്റെ കസ്റ്റോഡിയന്‍. ഈ പാര്‍ലമെന്റിന്റെ അധികാരത്തില്‍ എന്തുമാറ്റം സംഭവിക്കുന്നുവെന്നതാണ് ഏറ്റവും ഉല്‍ക്കണ്ഠയുണ്ടാക്കുന്നത്. പാര്‍ലമെന്റിനെക്കുറിച്ച് പറയുമ്പോള്‍ മാധ്യമങ്ങളും മറ്റും എപ്പോഴും ചര്‍ച്ചചെയ്യുന്ന ഒരു കാര്യം പാര്‍ലമെന്റ് സമ്മേളിക്കുന്നത് എത്ര സമയമാണ് എന്നതിനെക്കുറിച്ചാണ്. ഇതേവരെയുള്ളതില്‍ ഏറ്റവും കുറച്ച് സമ്മേളിച്ച പാര്‍ലമെന്റാണ് ഇപ്പോഴത്തേത് എന്നത് ശരിയാണ്. രാജ്യസഭ എന്നത് ഏറ്റവും ഗൗരവമേറിയ ചര്‍ച്ച നടക്കുന്ന വേദിയാണെന്നാണ് ധാരണ. രാജ്യസഭ സമ്മേളിക്കുന്നതും വളരെ കുറവാണെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍ കാണുന്നു. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി നയപരമായ തീരുമാനങ്ങളില്‍ പാര്‍ലമെന്റിന്റെ പങ്ക് കുറഞ്ഞുവരുന്നു എന്നതാണ്.

തൊണ്ണൂറുകള്‍ക്കുമുമ്പ് ബജറ്റ് അവതരണസന്ദര്‍ഭത്തില്‍ ജനം ശ്രദ്ധിച്ചിരുന്നത്, പെട്രോളിനോ പാചകവാതകത്തിനോ വില കൂടുമോ നികുതി കൂടുമോ എന്നൊക്കെയായിരുന്നു. ഇപ്പോഴതെല്ലാം മാറി. ഇതൊന്നും പാര്‍ലമെന്റിന്റെ പരിഗണനയിലേക്ക് വരുന്നേയില്ല. ആദ്യം പലതും എക്സിക്യൂട്ടീവിലേക്ക് മാറി, പിന്നെ കമ്പനികളിലേക്ക് മാറി. റെയില്‍വേ ബജറ്റ് വരുമ്പോള്‍ ചാര്‍ജ് കൂടുമോ ചരക്കുകൂലി കൂടുമോ എന്നൊക്കെയായിരുന്നു ആശങ്കകള്‍. ഇതും ഇപ്പോള്‍ പാര്‍ലമെന്റില്‍ വരുന്നില്ല. എല്ലാറ്റിനും റഗുലേറ്ററി ബോര്‍ഡുകളായി. അവരാണ് എല്ലാം നിശ്ചയിക്കുന്നത്. ആകെ അവശേഷിക്കുന്നത് നികുതിഘടനയില്‍ എന്തുമാറ്റമുണ്ടാകും എന്നതാണ്. ചരക്ക് സേവന നികുതി വരുന്നതോടെ ഇക്കാര്യത്തിലും പാര്‍ലമെന്റിനുള്ള പങ്ക് കുറയും. ഇതിനായി രൂപീകരിക്കുന്ന സമിതിയാണ് ചരക്കുനികുതിയും സേവനനികുതിയും സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നത്. നയപരമായ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുന്നതാകട്ടെ പാര്‍ലമെന്റ് അറിയാതെ അതിന് പുറത്തും. പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരവും അട്ടിമറിക്കപ്പെടുന്നു. നമ്മുടെയെല്ലാം ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നായിരിക്കുന്നു ആധാര്‍. ആധാറിന് ഒരു നിയമത്തിന്റെയും പിന്‍ബലമില്ല. ആധാറിന് പിന്‍ബലമാകേണ്ടിയിരുന്നത് യുഐഡി ബില്ലാണ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ച ബില്ലാണ്. ഈ നിയമം തള്ളിക്കളയേണ്ട ഒന്നാണെന്നമട്ടിലുള്ള നിര്‍ദേശമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയത്. എന്നാല്‍, അതിനുശേഷം ഇതുവരെയും ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചില്ല. ആധാര്‍ പ്രായോഗികമാവുകയും ചെയ്തു. പാര്‍ലമെന്റിന്റെ രണ്ട് സഭകള്‍ ഒരു നിയമം പാസാക്കിയാല്‍ അത് ഇന്ത്യയിലെ പൗരന്മാര്‍ക്കെല്ലാം ബാധകമാണ്. എന്നാല്‍, പാസാക്കിയ നിയമത്തെ അട്ടിമറിക്കുന്ന കാഴ്ച നമുക്കിന്ന് ഇന്ത്യയില്‍ കാണാം.

പൂര്‍വകാലപ്രാബല്യമുള്ള നികുതിസംവിധാനം പ്രണബ് മുഖര്‍ജിയുടെ അവസാനത്തെ ബജറ്റില്‍ അവതരിപ്പിക്കുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. വോഡാഫോണിന് ബാധകമായ ഒരു നികുതിക്കുവേണ്ടിയാണ് അത് നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍, പി ചിദംബരം ധനമന്ത്രിയായപ്പോള്‍ നികുതിവിദഗ്ധന്‍ പാര്‍ഥസാരഥി ഷോമിനെ ഇത് പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തി. അപ്പം ചുടുന്ന വേഗത്തില്‍ മൂന്നാഴ്ചകൊണ്ട് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ നിയമം മൂന്നുവര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. ഏകകണ്ഠമായി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമത്തെ ഒരു വിദഗ്ധന്റെ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ നടപ്പാക്കാതിരിക്കാന്‍ കഴിയുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്ത ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണിത്. ഈ കാലഘട്ടത്തിലെ ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ കടന്നുവരുന്ന ഒരു വാക്കാണ് ക്രോണി ക്യാപ്പിറ്റലിസം. ചങ്ങാത്ത മുതലാളിത്തം എന്നു മലയാളത്തില്‍ പറയാം. ചങ്ങാത്ത മുതലാളിത്തമെന്നത് രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രസിയും കോര്‍പറേറ്റുകളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ടാണ്. ഇതാണ് തീരുമാനങ്ങളെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യയുടെ സവിശേഷത ഈ ചങ്ങാതിമാര്‍ക്കിടയില്‍ മാധ്യമംകൂടി ഉണ്ടെന്നതാണ്. ക്ലാസിക്കല്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമമൊഴിച്ചുള്ള മറ്റു മൂന്നു പങ്കാളികളേ ഉള്ളൂ. ഇന്ത്യന്‍ സാഹചര്യത്തിലാണ് മോഡേണ്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമങ്ങള്‍ കടന്നുവരുന്നത്.

ക്രോണി ക്യാപ്പിറ്റലിസത്തിന്റെ ഒരു പ്രത്യേകത ഇതിലെ പങ്കാളികള്‍ അവരുടെ സ്വന്തം റോളുകളില്‍മാത്രം നില്‍ക്കുന്നില്ല എന്നതാണ്. ഓരോരുത്തരും അവരുടെ പരിധി കടക്കുന്നു. രാഷ്ട്രീയക്കാര്‍ കോര്‍പറേറ്റാകുന്നു, മാധ്യമം നടത്തുന്നു, മാധ്യമക്കാര്‍ രാഷ്ട്രീയക്കാരാകുന്നു, കോര്‍പറേറ്റുകള്‍ രാഷ്ട്രീയക്കാരുമാകുന്നു. ബ്യൂറോക്രസിയും ഇതിലെല്ലാം കടന്നുകയറുന്നു. രാഷ്ട്രീയപാര്‍ടികളുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഒന്നുകില്‍ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ ബ്യൂറോക്രാറ്റുകള്‍ കടന്നുകയറുന്നു. റോളുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറുകയാണ്. നാലാംതൂണിന്റെ ഒരു സവിശേഷത മറ്റു തൂണുകളില്‍നിന്ന് വ്യത്യസ്തമായി ഇത് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇത് സര്‍ക്കാരിന്റെ തൂണല്ല, ചില സൗജന്യങ്ങള്‍ അനുഭവിക്കുന്നുണ്ടാകാം. പക്ഷേ, സര്‍ക്കാരിന്റെ ചെലവിലോ നിയന്ത്രണത്തിലോ അല്ല ഇത് പ്രവര്‍ത്തിക്കുന്നത്.

ഈ കാലഘട്ടത്തില്‍ മാധ്യമത്തിന്റെ രൂപം, ഉള്ളടക്കം, സാങ്കേതികവിദ്യ, ദൗത്യം തുടങ്ങിയ എല്ലാറ്റിലും മാറ്റംവന്നിരിക്കുന്നു. പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ എന്നുള്ളതിന്റെ വ്യത്യാസങ്ങള്‍ മാറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമം ഇപ്പോള്‍ മൊബൈല്‍ഫോണ്‍ ആണ്. മൊബൈല്‍ഫോണില്‍ എല്ലാ മാധ്യമവുമുണ്ട്. പത്രം വായിക്കാം, ടെലിവിഷന്‍ കാണാം, റേഡിയോ കേള്‍ക്കാം, സോഷ്യല്‍ മീഡിയയില്‍ ഇടപെടാം, സിനിമയും കാണാം. അച്ചടിക്കാതെതന്നെ അച്ചടിമാധ്യമം മൊബൈല്‍ഫോണില്‍ വായിക്കാമെന്നത് വലിയ വിപ്ലവംതന്നെയാണ്. ട്രായിയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 90 കോടി മൊബൈല്‍ഫോണാണുള്ളത്. 60 കോടിയില്‍ കുറയില്ല ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം. ഈ 60 കോടിയില്‍ 30 കോടി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവയാണ്. ഇന്ത്യയിലെ മൊത്തം പത്രങ്ങള്‍ എത്തുന്നത് 37 കോടി ആളുകളില്‍മാത്രമാണ്. മാധ്യമത്തിന്റെ ഈ സ്വഭാവമാറ്റം വിശാലമായ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടതാണ്. പക്ഷേ, ഇത് മാധ്യമകേന്ദ്രീകരണത്തിലേക്ക് നയിക്കുന്നു. (അവസാനിക്കുന്നില്ല)

- See more at: http://www.deshabhimani.com/newscontent.php?id=353490#sthash.EO6hoDQZ.dpuf

Sunday, August 18, 2013

ചരിത്രം കുറിച്ചിട്ട് ആഗസ്ത് 12,13 - എം എം നാരായണന്‍



Courtesy Deshabhimani - Posted on: 18-Aug-2013 08:14 AM

ലോകനഗരങ്ങളില്‍ ഉദാരവല്‍ക്കരണത്തിനെതിരായി അതിന്റെ ഇരകളായ ജനങ്ങള്‍ നടത്തിയ സമരങ്ങളോടും പ്രക്ഷോഭങ്ങളോടും നമ്മുടെ തലസ്ഥാനത്ത് ആഗസ്ത് പന്ത്രണ്ടിനും പതിമൂന്നിനുമുണ്ടായ അഭൂതപൂര്‍വമായ ജനമുന്നേറ്റം കൈകോര്‍ക്കുകയും കണ്ണിചേരുകയും ചെയ്യുന്നുണ്ട്

സോളാര്‍ തട്ടിപ്പിലെ നായകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുട്ടുകുത്തിച്ച സെക്രട്ടറിയറ്റ് ഉപരോധം ഉയര്‍ത്തിവിട്ട അലകള്‍ കേരളീയ പൊതുമണ്ഡലത്തില്‍ അത്രവേഗം അടങ്ങുകയില്ല. സമാനതകളില്ലാത്ത ഈ സമരമാതൃക ചരിത്രം രേഖപ്പെടുത്തുകതന്നെചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപകാലത്ത് പൊട്ടിപ്പുറപ്പെട്ട ബഹുജനപ്രക്ഷോഭങ്ങളോട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉപരോധസമരത്തിന് സാദൃശ്യവും ഒപ്പം മൗലികമായ വ്യത്യാസവും ഉണ്ട്. മുല്ലപ്പൂ വിപ്ലവം, അറബ് വസന്തം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, യൂറോപ്യന്‍ നഗരങ്ങളിലെ സമരങ്ങള്‍, അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭം, ഇസ്താംബൂളിലും കെയ്റോവിലും ഡാക്കയിലും ഡമാസ്കസിലും ഇരമ്പി ഉയരുന്ന മതമൗലികശക്തികള്‍ക്കെതിരായ മതേതര ജനമുന്നേറ്റങ്ങള്‍- ഇവയോടെല്ലാമുള്ള സമരസാഹോദര്യം സെക്രട്ടറിയറ്റ് ഉപരോധത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ പ്രതിഷേധക്കൂട്ടായ്മകളില്‍ നഗരവാസികളും അഭ്യസ്തവിദ്യരുമായ മധ്യവര്‍ഗത്തില്‍പെട്ട യുവതീയുവാക്കളുടെ വര്‍ധിച്ച പങ്കാളിത്തം ഒരു പൊതുസവിശേഷതയാണ്.

തിരുവനന്തപുരത്തെ ഉപരോധസമരം പങ്കാളികള്‍ക്കും കാഴ്ചക്കാര്‍ക്കും അവിസ്മരണീയമായ അനുഭവമാണെന്ന് എഴുതിയ ടൈംസ് ഓഫ് ഇന്ത്യ, ബാങ്ക് മാനേജര്‍മാരും അധ്യാപകരുമൊക്കെ അടങ്ങിയ അഭ്യസ്തവിദ്യരായ യുവതയുടെ സജീവസാന്നിധ്യം സമരത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ദശകങ്ങള്‍നീണ്ട പട്ടാളഭരണത്തെപ്പോലും പിടിച്ചുകുലുക്കുംവിധം ജനലക്ഷങ്ങള്‍ വലിയ നഗരചത്വരങ്ങളില്‍ ഒരേ വികാരത്താല്‍ പ്രേരിതരായി രാവും പകലും ഒത്തുകൂടി അവരുടെ സമരശക്തിയും സംഘശേഷിയും സര്‍ഗാത്മകത്വവും സമന്വയിപ്പിച്ച് കാട്ടുകയാണ് കെയ്റോവിലും ന്യൂയോര്‍ക്കിലും ഏഥന്‍സിലുമെല്ലാം ഉണ്ടായത്. നമ്മുടെ തലസ്ഥാനത്ത് ലക്ഷങ്ങള്‍ക്ക് ഒത്തിരിക്കാവുന്ന ചത്വരങ്ങള്‍ ഇല്ലായിരുന്നു. ജനങ്ങള്‍ നഗരവീഥിയില്‍ത്തന്നെ പകലും രാവും കൂടുകയായിരുന്നു. അവര്‍ എന്തിനും സന്നദ്ധരായിരിക്കുമ്പോള്‍ത്തന്നെ പാടുകയും ആടുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും എല്ലാം ചെയ്തുകൊണ്ടിരുന്നു. അറബ് വസന്തം മുതല്‍ അണ്ണാ ഹസാരെ പ്രക്ഷോഭംവരെ ദുര്‍ഭരണത്തിനെതിരായ നൈസര്‍ഗികമായ ജനരോഷത്തിന്റെ തിളച്ചുമറിയലായിരുന്നു. അതിനപ്പുറം നവമാധ്യമങ്ങളുടെ പ്രത്യക്ഷസ്വാധീനവും ആ സമരങ്ങളില്‍ ഉണ്ടായിരുന്നു.

എന്നാല്‍, സെക്രട്ടറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തവര്‍ കേവലം വികാരവായ്പുകൊണ്ട് ഓടിക്കൂടിയ ഒരു ജനസഞ്ചയം ആയിരുന്നില്ല. അവര്‍ ആസൂത്രിതവും സുസംഘടിതവുമായ ഒരു രാഷ്ട്രീയപ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്ത് അയക്കപ്പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രശംസനീയമായ അച്ചടക്കം ആദ്യവസാനം സമരത്തില്‍ പുലര്‍ന്നുകണ്ടത്. മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ഭരണക്കാര്‍ തുനിഞ്ഞെങ്കിലും, ഒരിക്കല്‍പ്പോലും അക്രമമായോ അരാജകത്വമായോ ആള്‍ക്കൂട്ടത്തിന്റെ കലാപമായോ ജനലക്ഷങ്ങളുടെ ഈ സമരം വഴിമാറിപ്പോകാതിരിക്കാനും അതുതന്നെയാണ് കാരണം. "59 ലെ" വിമോചനസമരം മുതല്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തിയ പാഠപുസ്തകസമരംവരെ പല സമരങ്ങളും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നിരപരാധികളായ നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാം എതിരായ തെമ്മാടിത്തരവും കൈയേറ്റവും കലാപവുമായി മാറിയതിന് സമീപഭൂതകാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണത്തിനൊരുങ്ങിയ ഒരു പാവം അധ്യാപകനെ "പാഠപുസ്തകസമര"ത്തിന്റെപേരില്‍ ചവിട്ടിക്കൊന്നത് ഈ നാട്ടിലാണെന്ന് മറക്കരുത്. ഈ പശ്ചാത്തലത്തിലാണ് ഏകദേശം ഒരു ലക്ഷം ആളുകള്‍ തെരുവില്‍ തിങ്ങിനിറഞ്ഞ് ഒരു നഗരത്തില്‍ പകലും രാത്രിയും സമരസജ്ജരായി നിലയുറപ്പിച്ചിട്ടും ഒരനിഷ്ടസംഭവവും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാകുന്നത്. അത്രമേല്‍ സുസംഘടിതരും സുശിക്ഷിതരുമായിരുന്നു സമരവളന്റിയര്‍മാര്‍. പക്വവും സുശക്തവുമായ സമരനേതൃത്വവും ഉണ്ടായിരുന്നു. ഈ അര്‍ഥത്തില്‍ തിരുവനന്തപുരം സമരം മറ്റു മഹാനഗരങ്ങളിലെ ജനമുന്നേറ്റങ്ങളില്‍നിന്ന് വെട്ടിത്തിരിഞ്ഞ് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒന്നാണ്.

എന്നാല്‍, അതേസമയം തലസ്ഥാനത്തെ ഉപരോധസമരം വാള്‍സ്ട്രീറ്റിലേതുപോലുള്ള പ്രക്ഷോഭസമരങ്ങളുടെ നിരയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ സര്‍വഥാ യോഗ്യതയുള്ള ഒന്നാണ്. കേവലം പ്രതിപക്ഷരാഷ്ട്രീയത്തിന്റെ മുറകളിലൊന്നായി അതിനെ വെട്ടിച്ചുരുക്കാന്‍ ആര്‍ക്കും ആകില്ല. ഒരുലക്ഷം ആളുകള്‍ സമരത്തില്‍ പങ്കെടുത്തുവെന്നത് അത്രവലിയ കാര്യമല്ല. എന്നാല്‍, അവര്‍ എന്തിനുവേണ്ടിയാണ് ഒത്തുകൂടിയത് എന്നത് തീര്‍ച്ചയായും പരിഗണിക്കേണ്ട വിഷയമാണ്. "മുഖ്യമന്ത്രി രാജിവയ്ക്കുക" എന്ന ഒരടിയന്തര രാഷ്ട്രീയലക്ഷ്യം" അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ലോകനഗരങ്ങളെ വിറപ്പിച്ച സമരങ്ങള്‍ പലതിനും അധികാരികളെ സ്ഥാനഭ്രഷ്ടമാക്കുക എന്ന അജന്‍ഡ ഉണ്ടായിരുന്നു. എന്നാല്‍, ഒരാള്‍ക്ക് പകരം മറ്റൊരാളെ പ്രതിഷ്ഠിക്കുക, ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുക എന്ന ലളിതമായ ലക്ഷ്യമല്ല ആ സമരങ്ങളൊന്നും ആത്യന്തികമായി മുന്നോട്ടുവച്ചത്. "അധികാരി ആര്" എന്നതിലുപരി "അധികാരം ആര്‍ക്കുവേണ്ടി" എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരോക്ഷമായോ പ്രത്യക്ഷമായോ പ്രസ്തുത സമരങ്ങള്‍ പരിശ്രമിക്കുകയുണ്ടായി. "ഒരു ശതമാനത്തിനെതിരെ തൊണ്ണൂറ്റൊമ്പതുശതമാനം" എന്ന വാള്‍സ്ട്രീറ്റ് "ഫോര്‍മുല" ഈ വിശ്വസമരങ്ങളുടെയെല്ലാം ഉള്‍ക്കാമ്പിലേക്ക് വെളിച്ചംവീഴ്ത്തുന്നുണ്ട്. ഏകാധിപത്യം മാത്രമല്ല ജനാധിപത്യംപോലും "ധനാധിപത്യ"മാണെന്ന്, അധികാരം ഏതും വര്‍ഗാധികാരമാണെന്ന്, വര്‍ഗരാഷ്ട്രീയത്തിന് ഒരു സ്വാധീനവും പാരമ്പര്യവുമില്ലാത്ത അമേരിക്കയില്‍പ്പോലും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരുടെ ആ മുഴങ്ങുന്ന മുദ്രാവാക്യം വെളിപ്പെടുത്തുന്നത്. രാജ്യംഭരിക്കുന്ന വ്യക്തിയോ പാര്‍ടിയോ മുന്നണിയോ മാറിയതുകൊണ്ടായില്ല, നയങ്ങളാണ് മാറേണ്ടത് എന്നൊരു വെളിപാടിലേക്ക് ലോകം പതുക്കെ ഉണരുകയാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ പ്രക്ഷോഭങ്ങളൊന്നും ഭാഷയുടെയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ വംശത്തിന്റെയോ, പൊതുവേ സാംസ്കാരികമെന്ന് വ്യവഹരിക്കാവുന്ന ഏതെങ്കിലും വിഷയങ്ങളെയോ ആധാരമാക്കിയല്ല പൊട്ടിപ്പുറപ്പെട്ടത്. ഭൂമിയുടെ, വേലയുടെ, കൂലിയുടെ, പാര്‍പ്പിടത്തിന്റെ, ജനാധിപത്യത്തിന്റെ, മതേതരത്വത്തിന്റെയൊക്കെ പ്രശ്നങ്ങളാണ് മേല്‍പ്പറഞ്ഞ നഗരചത്വരങ്ങളില്‍നിന്നുയര്‍ന്നത്. ആഗോളവല്‍ക്കരണത്തെ അനുകൂലിക്കുന്ന അധികാരഘടനകളെമാത്രമല്ല അവയെ സാധൂകരിക്കുന്ന ആശയാവലികളെയും ഈ ജനമുന്നേറ്റങ്ങള്‍ വെല്ലുവിളിക്കുകയുണ്ടായി. ഈവിധം പരിശോധിക്കുമ്പോഴും തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് ഉപരോധം സവിശേഷവും അപൂര്‍വവും അധികമാനമാര്‍ന്നതുമാണ്. നടേ പറഞ്ഞവിധം ഒരു ഭരണാധികാരിയുടെ രാജികൊണ്ടുമാത്രം തീര്‍പ്പാകുന്ന പ്രശ്നത്തിന്റെ പേരിലാണ് ഉപരോധസമരമെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍, പരോക്ഷമായും സൂക്ഷ്മമായും നിരീക്ഷിച്ചാല്‍ അതിനെല്ലാമപ്പുറത്തേക്ക് തിരുവനന്തപുരത്തെ വീഥികളെ ജനനിബിഡമാക്കിയ പ്രക്ഷോഭസമരം അലയടിച്ചെത്തുന്നുണ്ട്.

മുമ്പൊക്കെ അഴിമതി വ്യക്തിപരമായ ഒരപഭ്രംശം മാത്രമായിരുന്നു. അയാള്‍ വ്യവസ്ഥകളെ ലംഘിക്കുകയോ മുറ തെറ്റിക്കുകയോ ആണ് ചെയ്യുന്നത്. ആ വ്യക്തിയെ മാറ്റിയാല്‍ അതിന് പരിഹാരമായി. പില്‍ക്കാലത്ത് വ്യവസ്ഥയുടെതന്നെ അപഭ്രംശമായി അത് വികസിച്ചു. അപ്പോള്‍ ചികിത്സ വ്യവസ്ഥയിലേക്ക് വ്യാപിപ്പിക്കണമെന്നുവന്നു. എന്നാലിന്ന് കാര്യങ്ങള്‍ക്ക് മൗലികമായ മാറ്റം ഭവിച്ചിരിക്കുന്നു. ഒരാള്‍ക്ക് "മുറ" തെറ്റുകയോ, "മുറയ്ക്ക്" തെറ്റുപറ്റുകയോ അല്ല തെറ്റുതന്നെ "മുറ"യായിത്തീരുകയാണ് ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് ഇന്ന് അഴിമതി ഒരപഭ്രംശമല്ല, നിയമലംഘനമല്ല നിയമംതന്നെയാണ്. അത് വ്യവസ്ഥയും മുറയുമാണ്. ഭരണഘടനയും ഭരണകൂടവുമാണ്. അപ്പോള്‍ "ആള്" മാറിയതുകൊണ്ടോ "വ്യവസ്ഥ"യ്ക്കകത്ത് ചില മാറ്റംമറിച്ചിലുകളോ കൂട്ടിക്കിഴിക്കലുകളോ സംഭവിച്ചതുകൊണ്ടോ കാര്യങ്ങള്‍ക്ക് ഒരു ഗുണപരിണാമവും വരാന്‍ പോകുന്നില്ല "ലാഭംകിട്ടുമെങ്കില്‍ എന്തും അനുവദനീയമാണ്" എന്നാണ് ഉദാരവല്‍ക്കരണത്തിന്റെ ഉല്‍ബോധനം. അപ്പോള്‍ "എന്തുകിട്ടി" എന്നല്ലാതെ "എങ്ങനെ കിട്ടി" എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല.

മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്ന സമ്പ്രദായം നഗ്നവും വ്യക്തവും ശക്തവുമാക്കിയത് മുതലാളിത്തമാണ്.ആഗോളവല്‍ക്കരണം ലാഭലോഭത്തിന് സര്‍വത്ര കുറുക്കുവഴികള്‍ തുറന്നിട്ടിരിക്കുന്നു. ഈ പ്രകരണത്തിലാണ് പുത്തന്‍ മുതലാളിത്തത്തിന് "ചൂതാട്ട മുതലാളിത്തം" എന്ന സംജ്ഞ സംഗതമാകുന്നത്. ഈ "കാസിനോ കാപ്പിറ്റിലിസ"ത്തിന്റെ കളിവിളയാട്ടങ്ങളാണ് ഡല്‍ഹിയിലെ കല്‍ക്കരി കുംഭകോണം മുതല്‍ കേരളത്തിലെ സോളാര്‍ കുംഭകോണംവരെ എന്ന് തിരിച്ചറിയേണ്ടതുണ്ട്. അപ്പോള്‍ ലോകനഗരങ്ങളില്‍ ഉദാരവല്‍ക്കരണത്തിനെതിരായി അതിന്റെ ഇരകളായ ജനങ്ങള്‍ നടത്തിയ സമരങ്ങളോടും പ്രക്ഷോഭങ്ങളോടും നമ്മുടെ തലസ്ഥാനത്ത് ആഗസ്ത് പന്ത്രണ്ടിനും പതിമൂന്നിനുമുണ്ടായ അഭൂതപൂര്‍വമായ ജനമുന്നേറ്റം കൈകോര്‍ക്കുകയും കണ്ണിചേരുകയും ചെയ്യുന്നുണ്ട്. വാള്‍സ്ട്രീറ്റിലും തഹരീര്‍സ്ക്വയറിലും ജന്തര്‍മന്ദറിലും എല്ലാം അഴിമതിക്കും അത്യാചാരങ്ങള്‍ക്കും എതിരെ ഉയര്‍ന്ന മുഖരമായ മുദ്രാവാക്യങ്ങളില്‍ തിരുവനന്തപുരത്തെ ഭരണഗോപുരനടയില്‍ ഒത്തുകൂടിയ പതിനായിരങ്ങളുടെ ഹൃദയത്തുടിപ്പുകളും ഇടകലരുന്നുണ്ട്.

അഞ്ചാംമന്ത്രി, സമുദായസന്തുലനം, ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍സ്ഥാനം, ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം, മന്ത്രിപുംഗവന്റെ പരഭാര്യാബന്ധവും അതുമൂലമുണ്ടായ കുടുംബശൈഥില്യവും സര്‍വോപരി സകല ചേരുവകളും ചേരുംപടി ചേര്‍ന്ന സോളാര്‍ കുംഭകോണം-തുടങ്ങിയ വൃത്തികേടുകളും ചപ്പുചവറുകളും അടിഞ്ഞുകൂടിയ നമ്മുടെ പൊതുജീവിതത്തിന്റെ തെരുവുകളെ മാലിന്യമുക്തമാക്കാനുള്ള മഹല്‍ സംരംഭമായി ഉപരോധസമരം മാറുകയായിരുന്നു. കേരളരാഷ്ട്രീയത്തിന്റെ അന്തസ്സ് പുനഃസ്ഥാപിക്കാനുള്ള പോരാട്ടമായിരുന്നു അത്. നഷ്ടമായ അതിന്റെ മൂല്യങ്ങളും ആദര്‍ശശോഭയും തിരിച്ചുപിടിക്കുന്നതിന് തിരുവനന്തപുരംസമരം വേദിയൊരുക്കുകയുണ്ടായി. നമ്മുടെ ജനതയുടെ പ്രബുദ്ധമായ സമരത്തിന്റെയും സഹനത്തിന്റെയും സല്‍പാരമ്പര്യങ്ങളെ വീണ്ടെടുക്കുന്നതിന് അത്യപൂര്‍വമായ ഈ സമരം ഒരളവുവരെ വിജയംവരിക്കുകയും ചെയ്തിരിക്കുന്നു.

- See more at: http://www.deshabhimani.com/newscontent.php?id=340707#sthash.CAEEkCSc.dpuf

Monday, July 22, 2013

എഡ്വേഡ് സ്നോഡനെ പിന്തുണയ്ക്കുക - ക്രിയാത്മകമായി പ്രതികരിക്കുക



അടുത്തിടെ നാം കേള്‍ക്കുന്ന ചില വാര്‍ത്തകള്‍ ലോകം ഒരു വലിയ മാറ്റത്തിന്റെ തിരുമുറ്റത്താണെന്ന സൂചനകള്‍ നല്‍കുന്നവയാണു്. വാള്‍സ്ട്രീറ്റു് സമരം. ലോക മുതലാളിത്ത നായക രാഷ്ട്രമായ അമേരിക്കയുടെ ധനകാര്യ സിരാകേന്ദ്രത്തെ മാസങ്ങളോളം വിറപ്പിച്ച സമരം. വിവര സാങ്കേതിക വിദഗ്ദ്ധനായ ജൂലിയന്‍ അസ്സാഞ്ജേ അമേരിക്കന്‍ രഹസ്യ രേഖകള്‍ ചോര്‍ത്തി ലോകത്തിനു് മുമ്പില്‍ അമേരിക്കയെ നാണം കെടുത്തിയതു് മറ്റൊന്നു്. അമേരിക്ക നാളുകളായി ലോക പോലീസുകാരന്‍ ചമഞ്ഞു് നടത്തി വന്ന ചാരപ്പണികളുടേയും അതിലൂടെ ലോകമാകെ ഭരണ കൂടങ്ങള്‍ കാട്ടിയ വൃത്തികേടുകളുടേയും നേര്‍ ചിത്രം ലോകത്തിനു് മുമ്പില്‍ അവയിലൂടെ തുറന്നു് കാട്ടപ്പെട്ടു. ഇപ്പോഴിതാ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്കു് വേണ്ടി പണിയെടുക്കുന്ന കോണ്‍ട്രാക്ടു് സ്ഥാപനത്തിലെ ശൃംഖലാ സുരക്ഷാ വിദഗ്ദ്ധനായിരുന്ന എഡ്വേഡ് സ്നോഡന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചാര നിരീക്ഷണത്തിനായി നടത്തുന്ന വിവരം ചോര്‍ത്തലിന്റേയും അമേരിക്കന്‍ പൌരന്മാര്‍ അനുഭവിക്കുന്ന ഗുരുതരമായ സ്വകാര്യതാ ധ്വംസനത്തിന്റേയും വൈപുല്യം വെളിപ്പടുത്തിയിരിക്കുന്നു. അദ്ദഹം പറയുന്നതു് ലോകത്തെ എല്ലാ രാഷ്ട്രങ്ങളുടേയും വിവരം അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തുന്നുണ്ടെന്നാണു്. അതേ സമയം, റഷ്യയില്‍ നിന്നുള്ളതിനേക്കാള്‍ പോലും കൂടുതല്‍ അമേരിക്കന്‍ പൌരന്മാരുടെ വിവരം അമേരിക്കന്‍ ഭരണകൂടം ചോര്‍ത്തുന്നുണ്ടു്. അമേരിക്കന്‍ പൌരന്മാരുടേതടക്കം സ്വകാര്യത നശിപ്പിക്കുന്ന ഭരണ കൂട പരിപാടി ഇന്റര്‍നെറ്റു് സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നാണു് സ്നോഡന്റെ വെളിപ്പെടുത്തലിനു് അദ്ദേഹത്തെ പ്രേരിപ്പിച്ചതു്. സ്വന്തം ഭാവിയും ജീവനും പണയപ്പെടുത്തിയാണു് ലോക പോലീസുകാരനായ അമേരിക്കന്‍ ഭരണ കൂടത്തിനെതിരെ സ്നോഡന്‍ പ്രതികരിച്ചിട്ടുള്ളതു്. അമേരിക്കന്‍ ഭരണ കൂടത്തെ വലിയൊരു പ്രതിസന്ധിയിലാണു് ഈ സംഭവങ്ങളെല്ലാം കൊണ്ടെത്തിച്ചിരിക്കുന്നതു്.

സ്നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ചാര നിരീക്ഷണ പരിപാടിക്കും ഇന്റര്‍നെറ്റു് ചോര്‍ത്തലിനുമെതിരെ വമ്പിച്ച തോതില്‍ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണു്. അമേരിക്കന്‍പൌരന്മാരുടെ ഫോണുകളും ലോകമാകെയുള്ള ഇന്റര്‍നെറ്റു് ഉപഭോക്താക്കളുടെ സന്ദേശങ്ങളും നിരീക്ഷണത്തിനു് വിധേയമാക്കപ്പെടുന്നുണ്ടു്. മൈക്രോസോഫ്റ്റും ജിമെയിലും ഫേസ്ബുക്കും ട്വിറ്ററും അടക്കം പ്രധാനപ്പെട്ട 10 ഇന്റര്‍നെറ്റു് സന്ദേശ വാഹകരുടേയും സെര്‍വ്വറുകളില്‍ നിന്നു് വിവരം നിരീക്ഷിക്കാനുള്ള 'പ്രിസം' എന്ന പദ്ധതിയാണു് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറാക്കി പ്രവര്‍ത്തിപ്പിച്ചു് പോരുന്നതു്. 2001 സെപ്തംബര്‍ 11 നു് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു് നേരെ നടന്ന ആകാശ ഭീകരാക്രമണമടക്കം ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു് വരുന്ന പശ്ചാത്തലത്തിലാണു് ഈ സമഗ്ര ചാര നിരീക്ഷണ സമ്പ്രദായം കരുപ്പിടിപ്പിച്ചതെന്നാണു് അമേരിക്കയുടെ ന്യായീകരണം.

ഭീകരാക്രമണത്തേക്കുറിച്ചോ ഭീകര വാദത്തേക്കുറിച്ചോ തീവ്രവാദത്തേക്കുറിച്ചോ പരാതിപ്പെടാന്‍ അമേരിക്കയ്ക്കു് അര്‍ഹതയില്ല. ലോകമാകെ തീവ്രവാദവും ഭീകരവാദവും വളര്‍ത്തുന്നതില്‍ മറ്റേതു് രാജ്യത്തിനേക്കാള്‍ കൂടുതല്‍ പങ്കു് അമേരിക്കന്‍ ഭരണകൂടത്തിനുണ്ടു്. തെമ്മാടി രാഷ്ട്രമായി ഇസ്രയേലിനെ വളര്‍ത്തി നിലനിര്‍ത്തി പോരുന്നതു് അമേരിക്കയാണു്. ബിന്‍ലാദനേയും താലിബനേയും പാലൂട്ടി വളര്‍ത്തിയതു് അമേരിക്കന്‍ ഭരണ കൂടമാണു്. അഫ്ഘാനിസ്ഥാനില്‍ അവര്‍ക്കു് താവളമൊരുക്കി കൊടുത്തതു് അമേരിക്കന്‍ ഭരണകൂടമാണു്. പാകിസ്ഥാന്‍ ഐഎസ്ഐ യെ ശക്തിപ്പെടുത്തി നിലനിര്‍ത്തി പോന്നതു് അമേരിക്കന്‍ ഭരണകൂടമാണു്. ശത്രു രാജ്യമെന്നോ മിത്ര രാജ്യമെന്നോ നോക്കാതെ മറ്റെല്ലാ രാജ്യങ്ങളിലും സ്വന്തം ആജ്ഞാനുവര്‍ത്തികളായ മത-ഭാഷാ തീവ്രവാദ-ഭീകരവാദ ഗ്രൂപ്പുകളെ പാലൂട്ടി വളര്‍ത്തി പോരുന്നതു് അമേരിക്കന്‍ ഭരണകൂടമാണു്. ഇരട്ട ചാരനായ കോള്‍മാന്‍ ഹാഡ്ലിയേപ്പോലെ എത്രയോ ജന ദ്രോഹികളെ അമേരിക്കന്‍ ഭരണ നേതൃത്വം സൃഷ്ടിച്ചു് വിട്ടിരിക്കുന്നു ! എത്രയെത്ര രാജ്യങ്ങളില്‍ എത്രയെത്ര ഏകാധിപതികളെ പതിറ്റാണ്ടുകളോളം അമേരിക്ക പിന്തുണച്ചു് നിലനിര്‍ത്തിപ്പോന്നു ! എത്രയെത്ര ജനസേവകരായ ഭരണാധികാരികളേയാണു് അമേരിക്കന്‍ ഭരണകൂടം തീറ്റിപ്പോറ്റുന്ന ചോറ്റു് പട്ടാളം കൊന്നൊടുക്കിയിട്ടുള്ളതു് ! എന്തിനേറെ അമേരിക്ക എന്ന ആധുനിക രാഷ്ട്രം സൃഷ്ടിച്ചതു് തന്നെ ബ്രിട്ടനില്‍ നിന്നു് നാടു് കടത്തപ്പെട്ട കൊലപാതകികളും ക്രിമിനല്‍ കുറ്റവാളികളും ചേര്‍ന്ന് തദ്ദേശീയ ജനവിഭാഗമായ റെഡ്ഡിന്ത്യക്കാരുടെ വംശപരമ്പര തന്നെ ഇല്ലാതാക്കിക്കൊണ്ടാണു്. ലോകമാകെ അമേരിക്കന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു് സര്‍ക്കാരിതര സ്ഥാപനങ്ങളെ ചെല്ലും ചെലവും കൊടുത്തു് തങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി അമേരിക്ക പോറ്റി വളര്‍ത്തി നിലനിര്‍ത്തിപ്പോരുന്നുണ്ടു്. ലോകത്തെല്ലായിടത്തും ആയിരത്തഞ്ഞൂറിലേറെ സൈനിക താവളങ്ങള്‍ അമേരിക്കയും അവര്‍ക്കു് പങ്കാളിത്തമുള്ള സൈനിക സഖ്യങ്ങളും നിലനിര്‍ത്തിപ്പോരുന്നുണ്ടു്. ഇതെല്ലാം അമേരിക്കയുടെ ദേശീയ സുരക്ഷയുടെ ആവശ്യമാണെന്നാണു് വാദം. ഇന്നിപ്പോഴിതാ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ അതും ലോകമാകെ ചാരപ്പണി നടത്താനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധിയായി അമേരിക്കയുടെ കയ്യിലെത്തിയിരിക്കുന്നു. ലോകത്തെല്ലായിടത്തു് നിന്നും വിവരം അവരുടെ കമ്പ്യൂട്ടറിലേയ്ക്കൊഴുകിയെത്തുന്നു. ആവശ്യമുള്ളതെടുത്തു് വിശദമായി പരിശോധിച്ചാല്‍ മാത്രം മതി. മറ്റിതര ചാരപ്പണികള്‍ക്കു് ഇനി മേലാല്‍ വിഭവം മുടക്കേണ്ടതില്ലാത്ത അനുകൂല സാഹചര്യാമാണിതു് സൃഷ്ടിച്ചിട്ടുള്ളതു്.

ഇന്റര്‍നെറ്റു് അമേരിക്കയില്‍ തുടങ്ങിയതാണു്. അമേരിക്കയില്‍ വ്യാപിച്ചു് വളര്‍ന്നു. തുടര്‍ന്നു് പുറത്തേയ്ക്കും. ഇന്നു് ലോകമാകെ അതില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. അതിന്റെ വ്യാപനം മറ്റെന്തിനേക്കാളും വേഗത്തില്‍ നടക്കുന്നു. അതിന്റെ ഉപയോഗം വെറും വ്യക്തിപരമായ ആശയ വിനിമയോപാധി എന്ന നില വിട്ടു് എല്ലാ സാമൂഹ്യ പ്രക്രിയകളുടേയും വിവര വിവരാധിഷ്ഠിത ഘടകങ്ങള്‍ തത്സമയം ദൂര ദേശ പരിധിയില്ലാതെ നടത്താന്‍ പറ്റുന്ന ശൃംഖലയായി വളര്‍ന്നിരിക്കുന്നു. അതു് വികേന്ദ്രീകൃതമാണെങ്കിലും അമേരിക്കയില്‍ തുടങ്ങിയതായതിനാല്‍ അതിന്റെ കേന്ദ്രം അമേരിക്കയാണെന്ന ധാരണ പരക്കെ നിലനില്‍ക്കുന്നു. ആദ്യ പഥികര്‍ എന്ന നിലയില്‍ അമേരിക്കയ്ക്കു് കിട്ടിയ മുന്‍കൈ ഒരു യാഥാര്‍ത്ഥ്യമാണു്. അതിനാല്‍ അവിടെയാണു് ഹാര്‍ഡ്‌വെയര്‍ ഉല്പാദനവും സോഫ്റ്റ്‍വെയര്‍ വികസനവും സെര്‍വ്വറുകളും വിവര സംഭരണികളും വെബ്ബു് ഹോസ്റ്റിങ്ങു് സ്ഥാപനങ്ങളും സാമൂഹ്യ സേവനപ്രദാന സ്ഥാപനങ്ങളും അടക്കം ശൃംഖലാ വിഭവങ്ങളും ശൃംഖലകളും വര്‍ദ്ധിച്ച തോതില്‍, പ്രത്യേകിച്ചും കമ്പോളാടിസ്ഥാനത്തില്‍ നിലവില്‍ വന്നിട്ടുള്ളതു്. എങ്കിലും മറ്റാര്‍ക്കും സ്വന്തം ശൃഖലകള്‍ കെട്ടിപ്പടുക്കുകയും ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചുപയോഗിക്കുകയും ചെയ്യാമെന്നിരിക്കെ ഇന്നും അമേരിക്കന്‍ വിഭവങ്ങള്‍ മാത്രം ഉപയോഗിക്കുക എന്ന ശീലമാണു് നിലനില്‍ക്കുന്നതു്. അതു് മൂലം ഭരണ നിര്‍വ്വഹണത്തിനായി ആധുനിക വിവര സംവിധാനങ്ങളുപയോഗിക്കുന്ന ഏതൊരു രാജ്യത്തേയും വിവരങ്ങളൊന്നും അമേരിക്കയ്ക്കു് രഹസ്യമല്ല. അവയെല്ലാം അമേരിക്കയ്ക്കു് തുറന്നു് കിട്ടുന്നു.

ഇത്തരത്തില്‍ ലോകത്താകെ ജനങ്ങള്‍ അമേരിക്കന്‍ സേവന ദാതാക്കളേയും വിഭവങ്ങളേയും ആശ്രയിച്ചു് പോരുന്നതു് മൂലം അമേരിക്കയ്ക്കു് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടായിട്ടുണ്ടു്. ചാരപ്പണിക്കായി ഉപയോഗിച്ചിരുന്ന വിഭവം സംരക്ഷിക്കാന്‍ കഴിയുന്നതു് മാത്രമല്ല. ഏതു് രാജ്യക്കാരും ഉപകരണങ്ങള്‍ വാങ്ങുന്നതു് അവിടെ നിന്നാണു്. പ്രത്യേകിച്ചും കമ്പ്യൂട്ടറുകളുടേയും മറ്റിതര വിവര വിനിമയോപകരണങ്ങളുടേയും പ്രധാന ഘടകമായ മൈക്രോപ്രോസസറുകള്‍. ലോകത്താരു് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാലും അമേരിക്കയക്കു് കപ്പം കിട്ടും.ലോകത്താരു് ഇന്റര്‍നെറ്റുപയോഗിച്ചാലും അമേരിക്കക്കു് വരുമാനം കിട്ടുന്നു. ലോകത്താരു് വെബ്ബ് സൈറ്റുണ്ടാക്കുമ്പോഴും അമേരിക്കയ്ക്കു് നേട്ടമാണു്. യഥാര്‍ത്ഥത്തില്‍ വിവര സാങ്കേതിക വിദ്യയുടെ വ്യാപനത്തിലൂടെ കിട്ടുന്ന വരുമാനമാണു് ഇന്നും അമേരിക്കയെ ലോക പോലീസുകാരനായി നിലനിര്‍ത്തുന്നതു്.

1970 കളിലും 1980 കളിലും ലോകം ചര്‍ച്ച ചെയ്തിരുന്ന കാര്യമായിരുന്നു ലോക സാമ്രാജ്യ നേതൃത്വം ഇനിയാരു് വഹിക്കുമെന്നതു്. രണ്ടു് നൂറ്റാണ്ടു് സാമ്രാജ്യത്വ നായക സ്ഥാനം വഹിച്ച ബ്രിട്ടന്‍ രണ്ടാം ലോക മഹായുദ്ധത്തോടെ കിരീടം അമേരിക്കയ്ക്കു് കൈമാറി. വെറും നാല്പതു് വര്‍ഷം കൊണ്ടു് അമേരിക്ക ക്ഷീണിച്ചു. ഫോര്‍ഡും റോക്ക്ഫെല്ലറും വിലസിയിരുന്ന വാഹന നിര്‍മ്മാണ വ്യവസായത്തില്‍ ജപ്പാന്‍ അമേരിക്കയെ പിന്നിലാക്കി. യന്ത്ര നിര്‍മ്മാണ രംഗം ജര്‍മ്മനി കയ്യടക്കി. അങ്ങിനെ അമേരിക്കയ്ക്കു് ലോക പോലീസിന്റെ കടമ നിര്‍വ്വഹിക്കാനാവശ്യമായ സാമ്പത്തിക സ്രോതസില്ലാതെ വലഞ്ഞു് തുടങ്ങി. അപ്പോഴാണു് ഇനിയാരു് നേതൃത്വം ഏറ്റെടുക്കും എന്ന പ്രശ്നം സജീവമായതു്. ജപ്പാനു് തന്നെ പറ്റില്ല. ജര്‍മ്മനിക്കു് തന്നെ പറ്റില്ല. രണ്ടു് രാഷ്ട്രങ്ങളും കൂടിയാലും സാധ്യമാവില്ല. ഇതെല്ലാം ലോക മാധ്യമങ്ങള്‍ അന്നു് ചര്‍ച്ച ചെയ്തിരുന്നു. 1990 ഓടെ ചിത്രം മാറി. സോവിയറ്റു് യൂണിയന്‍ തകര്‍ന്നു. പക്ഷെ, അതു് രാഷ്ട്രീയമായ മേല്‍ക്കൈ അമേരിക്കയ്ക്കു് സൃഷ്ടിച്ചപ്പോഴും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയില്ല. എന്നാല്‍ അപ്പോഴേയ്ക്കും വ്യാപകമായി വന്ന വിവര സാങ്കേതിക മേഖലയും ഇന്റര്‍നെറ്റുമാണു് അമേരിക്കയെ സാമ്പത്തികമായി പിടിച്ചു് നില്‍ക്കാന്‍ സഹായിച്ചതു്. അതിന്നും തുടരുന്നു. ധന മൂലധന പ്രതിസന്ധിയും വ്യാപാര മാന്ദ്യവും ഇതിനേയെല്ലാം മറികടക്കുന്ന തരത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനയ്ക്കും ലോക മുതലാളിത്ത വ്യവസ്ഥയ്ക്കും ഭീഷണിയായി മാറിയതു് അടുത്ത കാല സംഭവം. അവയും തുടരുക തന്നെയാണു്..

ചുരുക്കത്തില്‍, ഇന്റര്‍നെറ്റുപയോഗിച്ചുള്ള ചാരപ്പണി അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്പിന്റെ പ്രശ്നമാണു്. അതാകട്ടെ മറ്റു് രാജ്യങ്ങളുടെ വിവരം മാത്രമല്ല, അമേരിക്കക്കാരുടെ സ്വകാര്യതയും നശിപ്പിക്കുന്നുണ്ടു്. ഇതിനെതിരേയാണു് എഡ്വേഡ് സ്നോഡന്‍ പ്രതികരിച്ചിരിക്കുന്നതു്. വ്യക്തിയുടെ സ്വകാര്യതയ്ക്കു് വലിയ പ്രാധാന്യം കൊടുക്കുന്ന അമേരിക്കന്‍ സമൂഹത്തിന്റെ ഗണ്യമായ വിഭാഗം സ്നോഡനെ പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ടു്. അമേരിക്കന്‍ മാധ്യമങ്ങള്‍ പലതും സ്നോഡനെ പിന്തുണയ്ക്കുന്നു. ലോകമാകെ സ്നോഡനു് പിന്തുണ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ ഉരുത്തിരിയുകയാണു്. സര്‍വ്വ ശക്തമായ അമേരിക്കന്‍ ഭരണകൂടം ഇക്കാര്യത്തില്‍ എന്തും ചെയ്യാന്‍ തയ്യാറാകും. അതിനെ പ്രതിരോധിക്കാന്‍ ലോക ബഹുജനാഭിപ്രായം ഉണരണം.

മാത്രമല്ല, ദേശീയ പരമാധികാരവും രാജ്യ സുരക്ഷയും ആഗ്രഹിക്കുന്നവരും ഭീകരാക്രമണത്തില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരുമായ രാഷ്ട്രങ്ങളുടെ മുമ്പില്‍ വിവര ചോര്‍ച്ച തടയാന്‍ മാര്‍ഗ്ഗങ്ങളുണ്ടു്. വിവര സാങ്കേതിക രംഗത്തും പ്രത്യേകിച്ചു് ഇന്റര്‍നെറ്റിന്റെ കാര്യത്തിലും അമേരിക്കയുടെ മേധാവിത്വം അവസാനിപ്പിക്കുക തന്നെയാണതു്. ഇന്റര്‍നെറ്റിനു് ഒരു വശത്തു് സമഗ്രതയും കേന്ദ്രീകരണ സ്വഭാവവും ഉള്ളപ്പോള്‍ തന്നെ അതിനു് ജനാധിപത്യ സ്വഭാവവുമുണ്ടു്. വളരെ ഉയര്‍ന്ന തോതിലുള്ള ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ സാധ്യതകളുമുണ്ടു്. സ്വന്തം വിവര വിനിമയ ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചുപയോഗിക്കാന്‍ ഓരോ രാജ്യത്തിനും കഴിയും. അവയെ സാര്‍വ്വദേശീയ ശൃംഖലയുമായി ബന്ധപ്പെടുത്തുമ്പോള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാകാം. ദേശ രാഷ്ട്രങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും അവയുടെ സ്വന്തം ശൃഖലകള്‍ സ്ഥാപിച്ചുപയോഗിക്കാം. സ്വന്തമായി ശൃംഖലാ വിഭവങ്ങളുണ്ടാക്കാം.

അതിനെല്ലാം സഹായിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ സ്വാംശീകരിക്കുകയും പ്രയോഗിക്കുകയും ചെയ്തു് കൊണ്ടു് സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചും ശൃംഖലകള്‍ കെട്ടിപ്പടുത്തും സ്വന്തമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിവര സുരക്ഷ ഉറപ്പാക്കാം. രാഷ്ട്രങ്ങള്‍ക്കു് അമേരിക്കയുടെ ലോക പോലീസിങ്ങിനു് കീഴ്പ്പെടാതെ സ്വന്തം ദേശീയ പരമാധികാരം സംരക്ഷിക്കാം. ജന സമൂഹങ്ങള്‍ക്കു് സാമ്രാജ്യത്വ മേധാവിത്വം വലിച്ചെറിഞ്ഞു് സ്വതന്ത്രരാകാം. സ്വന്തം കാലില്‍ വളരാനുള്ള പശ്ചാത്തലമൊരുക്കാം. അതാകട്ടെ, അമേരിക്കയെ സാര്‍വ്വദേശീയ സമൂഹത്തില്‍ അമേരിക്കയുടെ യഥാര്‍ത്ഥ സ്ഥാനവും പങ്കും ബോധ്യപ്പെടുത്താനുതകുകയും ചെയ്യും. അത്തരം ഒരു തീരമാനമാകട്ടെ സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും ദേശീയ പരമാധികാരവും സ്വകാര്യതയും ആഗ്രഹിക്കുന്ന ലോക ജനത സ്വന്തം ജീവന്‍ കൊണ്ടു് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച എഡ്വേഡ് സ്നോഡന്‍ എന്ന ചെറുപ്പക്കാരനു് നല്‍കുന്ന ഉപഹാരം.

സ്നോഡന്‍ ഇന്റര്‍നെറ്റു് സ്വാതന്ത്ര്യത്തിനു് വേണ്ടി പ്രവര്‍ത്തിക്കുന്ന 'ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൌണ്ടേഷന്റെ' പ്രവര്‍ത്തകനുമായിരുന്നു. അതാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഭാഗവും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമ്രാജ്യ വിരുദ്ധ രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ വെളിവായിവരുന്നു. സാമ്രാജ്യത്വം സ്വയം തകരുകയില്ല. തകര്‍ക്കപ്പെടാതെ തൊഴിലാളി വര്‍ഗ്ഗത്തിനു് മോചനമില്ല. തകര്‍ക്കാന്‍ തൊഴിലാളി വര്‍ഗ്ഗം നിര്‍ബ്ബന്ധിക്കപ്പെടുന്നിടത്താണു് സാമ്രാജ്യത്വത്തിന്റേയും മുതലാളിത്തത്തിന്റേയും നാശത്തിന്റെ അനിവാര്യത. അതായതു് സാമ്രാജ്യത്വം തകര്‍ക്കപ്പെടുകയാണു് വേണ്ടതു്. അതിനുള്ള ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്നാണു് വിവര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയറും. നിലവില്‍ സാമ്രാജ്യത്വ നായകനായ അമേരിക്കയുടെ തകര്‍ച്ച ലോക മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാക്കുകയും ചെയ്യും.

സാമ്രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കും ചെറുത്തു് നില്പു് സമരങ്ങള്‍ക്കും ഒപ്പം സാധ്യമായ സമരായുധങ്ങളെല്ലാം സ്വായത്തമാക്കുകയും പ്രയോഗിക്കുകയുമാണു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ കാലിക കടമ. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള വിവര സാങ്കേതിക വിദ്യ അതില്‍ പ്രധാനമാണു്.



ജോസഫ് തോമസ് 19-07-2013

Monday, July 1, 2013

എന്താണു് വിപ്ലവം ? - ഭഗത്‌ സിങ്ങു് കോടതിയില്‍ നല്‍കിയ സ്റ്റേറ്റു്മെന്റു്



(ജോബി ജോണിന്റെ മെയില്‍ വഴി കിട്ടിയതു്)

എന്താണ് വിപ്ലവം എന്ന് ബോംബ് കേസിന്റെ വിചാരണവേളയില്‍ ജഡ്ജി ഭഗത്‌സിങ്ങിനോടു ചോദിച്ചിരുന്നു. അതിനു മറുപടിയായി ഭഗത്‌സിങ്ങും ബി.കെ. ദത്തും കൂടി ഒരു സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു.

അതിങ്ങനെയായിരുന്നു:

'അനീതിയില്‍ മുങ്ങിയ ഇന്നത്തെ സാമൂഹികവ്യവസ്ഥയ്ക്കു മാറ്റം വരുത്തി സമത്വാധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കുകയാണ് വിപ്ലവത്തിന്റെ ഉദ്ദേശ്യം. ഉത്പാദകരായ തൊഴിലാളിവര്‍ഗം സമൂഹത്തില്‍ ആവശ്യമായ ഘടകമാണെങ്കിലും അവരെ കൊള്ളയടിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. നാടിനുവേണ്ടി ധാന്യം ഉത്പാദിപ്പിക്കുന്ന കൃഷിക്കാരും അവരുടെ കുടുംബവും ഒന്നാകെ പട്ടിണിയിലാണ്. തുണി നെയ്യുന്ന നെയ്ത്തുകാര്‍ക്ക് സ്വന്തമാവശ്യത്തിനു വേണ്ട തുണി കിട്ടുന്നില്ല. കല്പണിക്കാരനും കൊല്ലനും ആശാരിയും കൊട്ടാരങ്ങള്‍ പണിയുന്നു. പക്ഷേ, അവര്‍ക്കു തലചായ്ക്കാന്‍ വീടില്ല. അവര്‍ ചേരികളില്‍ അന്തിയുറങ്ങുന്നു. സമൂഹത്തിലെ ഇത്തിക്കണ്ണികള്‍ കോടികള്‍ കൊള്ളയടിക്കുന്നു. ഇവിടെ കാണുന്ന അസമത്വങ്ങള്‍ ഭയാനകമാണ്. പാവപ്പെട്ടവന് അവസരങ്ങളില്ല. ഈ അനീതി അധികകാലം നിലനില്ക്കാന്‍ അനുവദിച്ചുകൂടാ. ഒരഗ്നിപര്‍വതത്തിന്റെ മുകളിലിരുന്നാണ് ചൂഷകവര്‍ഗം തങ്ങളുടെ ഉത്സവാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ഈ എടുപ്പിനെ ഇപ്പോള്‍ നമുക്ക് രക്ഷപ്പെടുത്താനായില്ലെങ്കില്‍ അതു തകര്‍ന്നുവീഴും. സമൂലമായ ഒരു മാറ്റം ആവശ്യമാണ്. ഇന്നത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ബോധമുള്ളവര്‍ സമൂഹത്തെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പുനഃസംഘടിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യന്‍ മനുഷ്യരോടും രാഷ്ട്രം രാഷ്ട്രത്തോടും ചെയ്യുന്ന ഈ ചൂഷണം അവസാനിപ്പിക്കുന്നില്ലെങ്കില്‍ സമൂഹത്തെ പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങളെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇവിടെ സൃഷ്ടിക്കുക, അതു നിലനിര്‍ത്താനാവശ്യമായ സാഹചര്യം ഒരുക്കുക, തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള മുതലാളിത്തത്തിന്റെ ബന്ധനങ്ങളില്ലാത്ത സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയുണ്ടാകാത്ത ഒരു ലോക ഫെഡറേഷന്‍ രൂപീകരിക്കുക - അതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം.

ഞങ്ങള്‍ ആവശ്യത്തിലേറെ മുന്നറിയിപ്പുകള്‍ നല്കിക്കഴിഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അന്തിമസമരത്തിനു ഞങ്ങള്‍ തയ്യാറാവും. എല്ലാ തടസ്സങ്ങളും ഞങ്ങള്‍ പിഴുതെറിയും. തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള ഒരു ഭരണം ഞങ്ങള്‍ ഇവിടെ സ്ഥാപിക്കും.

മനുഷ്യന്റെ ജന്മാവകാശമാണ് സ്വാതന്ത്ര്യം. സമൂഹത്തെ നിലനിര്‍ത്തുന്നത് തൊഴിലാളിയാണ്. ജനങ്ങളുടെ പരമാധികാരം സ്ഥാപിക്കുക തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള സമരത്തില്‍ എന്തു കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാലും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

രാജ്യത്തെ മുഴുവന്‍ യുവജനങ്ങളെയും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ഞങ്ങള്‍ അണിനിരത്തും. വിപ്ലവത്തിന്റെ പുലരിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. വിപ്ലവം നീണാള്‍ വാഴട്ടെ!

വിപ്ലവം എന്ന പദത്തിന് അര്‍ഥം നല്കുന്നതിലും പല താത്പര്യങ്ങളും കടന്നുവരാറുണ്ട്. രക്തരൂഷിതഭീകരതയായി പലരും ഇതിനെ ചിത്രീകരിച്ചിട്ടുണ്ട്. വിപ്ലവകാരികള്‍ക്ക് ഈ പദം വിശുദ്ധമാണ്. വിപ്ലവകാരികള്‍ ബോംബിന്റെയോ തോക്കിന്റെയോ ആരാധകരല്ല. വിപ്ലവം നേടാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് ഇവ.

ഒരു നല്ല നാളേക്കുവേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് വിപ്ലവം. അതിനു നിലവിലുള്ള വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാക്കണം. നിലവില്‍ എന്താണോ ഉള്ളത്, അതു മുറുകെ പിടിക്കാനാണ് ജനം ഇഷ്ടപ്പെടുന്നത്. മാറ്റം എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണ്. ഈ ഒരു ചിന്താഗതി മാറിയാലേ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂ. അല്ലെങ്കില്‍ ജീര്‍ണതയായിരിക്കും ഫലം. അതോടെ മനുഷ്യപുരോഗതിതന്നെ സ്തംഭിക്കും. മനുഷ്യന്റെ ആത്മാവിലേക്കായിരിക്കണം വിപ്ലവത്തിന്റെ സൂര്യകിരണങ്ങള്‍ കടന്നുചെല്ലേണ്ടത്. അല്ലെങ്കില്‍ പ്രതിലോമശക്തികള്‍ വിപ്ലവത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു തടസ്സം സൃഷ്ടിക്കും.

ഈ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ക്കു ദുഃഖമുണ്ട്. പക്ഷേ, കൊല്ലപ്പെട്ടയാള്‍ പ്രതിനിധീകരിക്കുന്ന ഭരണകൂടം ദുഷിച്ചുപോയിരുന്നു. അതു നശിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. മനുഷ്യന്റെ മരണത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭീകരവാഴ്ചയുടെ മരണമണിയാണ് നാം കേട്ടത്. ലോകത്തെ ഏറ്റവും ഭീകരമായ ഒരു ഭരണത്തിന്റെ അവകാശികളാണ് ബ്രിട്ടീഷുകാര്‍. ഒരു മനുഷ്യന്റെ ജീവരക്തം ഇവിടെ ചൊരിയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. വ്യക്തികളുടെ ത്യാഗങ്ങളിലൂടെയേ ഒരു രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കൂ എന്ന ആശ്വാസം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്.

വിപ്ലവം നീണാള്‍ വാഴട്ടെ!'

Saturday, June 22, 2013

നവമാധ്യമ ശൃംഖലയുടെ സാധ്യതകളും പരിമിതികളും പരിഹാര നിര്‍ദ്ദേശങ്ങളും



അച്ചടിച്ച പ്രസിദ്ധീകരണങ്ങളും ശബ്ദ-ചിത്ര പ്രസരണങ്ങളും ബഹുജനങ്ങളിലേയ്ക്കു്, ഒരേ ദിശയില്‍ മാത്രം വിവരവും വിജ്ഞാനവും എത്തിക്കുന്ന പരമ്പരാഗത മാധ്യമങ്ങളാണു്. അവയില്‍ നിന്നു് വ്യത്യസ്തമായി നവ മാധ്യമശൃംഖല പരസ്പരം ആശയ വിനിമയം സാധ്യമാക്കിയിരിക്കുന്നു. തത്സമയം വ്യക്തിപരമായും കൂട്ടായ്മയിലും പരസ്പരം ആശയവിനിമയം ചെയ്യാനും എഴുത്തും ചിത്രവും ശബ്ദവും അടക്കം വിവരത്തിന്റെ ഏതു് രൂപവും എത്ര അളവിലും എത്ര ദൂരേയ്ക്കും ഒരേ സമയം കൈമാറാനും നവമാധ്യമശൃംഖല അനുവദിക്കുന്നു. പരമ്പരാഗത മാധ്യമങ്ങളുടെ സമയ-ദൂര പരിമിതിയും മറികടക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റും സ്വകാര്യ ശൃംഖലകളും പൊതു ഫോണ്‍ ശൃംഖലകളും വന്‍ വിവര ശേഖരങ്ങള്‍ സൂക്ഷിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളും വ്യക്തിഗത കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും എല്ലാം ഈ ശൃംഖലയുടെ ഭാഗമാണു്. ആര്‍ക്കും എവിടെയിരുന്നും തത്സമയം വിവരം കൈമാറാമെന്നും പ്രക്രിയകളും സ്ഥാപനങ്ങളും യന്ത്രങ്ങളും ഫാക്ടറികളും നിയന്ത്രിക്കാമെന്നുമായിരിക്കുന്നു. വ്യക്തികള്‍ തമ്മിലും വ്യക്തികളും കൂട്ടായ്മകളും തമ്മിലും കൂട്ടായ്മകള്‍ തമ്മില്‍ തമ്മിലും ബഹുമാധ്യമ ആശയ വിനിമയം സാധ്യമായിരിക്കുന്നു. നവമാധ്യമ ശൃംഖല മനുഷ്യ കൂട്ടായ്മയ്ക്കു് 'സൈബര്‍സ്പേസ്' എന്നു് വിളിക്കപ്പെടുന്ന ഒരു സമാന്തര ഇടം നല്‍കിയിരിക്കുന്നു.

അനന്ത സാധ്യതകള്‍, പക്ഷെ ഉപയോഗപ്പെടുത്തുന്നതു് മൂലധനാധിപത്യം

വിവര സാങ്കേതിക വിദ്യാ രംഗത്തു് അടുത്തകാലത്തുണ്ടായ കുതിച്ചു് ചാട്ടം വിവര-വിജ്ഞാന വിസ്ഫോടനത്തിനു് വഴിയൊരുക്കുന്നതാണു്. അതേ സമയം ആ രംഗം മൂലധനാധിപത്യത്തിന്റെ പിടിയിലമരുന്നതും സോഫ്റ്റ്‌വെയറിന്റേയും ഹാര്‍ഡ്‌വെയറിന്റേയും ശൃംഖലാ വിഭവങ്ങളുടേയും രംഗത്തു് കുത്തക നലനില്കുന്നതും ശക്തമാകുന്നതും ഈ വികാസത്തിന്റെ നേട്ടങ്ങളുടെ യഥാര്‍ത്ഥ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നു് സമൂഹത്തെ തടയുകയുമാണു്. ഈ വിവരവിടവു് നിലവിലുള്ള സാമ്പത്തികാസമത്വവും വര്‍ഗ്ഗമേധാവിത്വവും ചൂഷണവും അരക്കിട്ടുറപ്പിക്കാനും മൂലധന ശക്തികള്‍ ഉപയോഗിക്കുന്നുണ്ടു്. മറുവശത്തു്, അതേ വിവര വിടവു് ഇല്ലാതാക്കാനുള്ള സാധ്യതകളും വിവര സാങ്കേതിക വിദ്യ ഒരുക്കുന്നുണ്ടു്.

നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഇന്നു് ഏറിയ കൂറും ഉപയോഗപ്പെടുത്തുന്നതു് മൂലധന ശക്തികളാണു്. വ്യക്തിഗത വിവര വിനിമയമോ വാര്‍ത്താ വിനിമയ-വിതരണ-പ്രക്ഷേപണങ്ങളോ മാത്രമല്ല അതിലൂടെ നടക്കുന്നതു്. എല്ലാ സാമൂഹ്യ പ്രക്രിയകളുടേയും വിവര-വിവരാധിഷ്ഠിത ഘടകങ്ങള്‍ അതിലൂടെ തത്സമയം നടത്തപ്പെടുന്നു. എല്ലാ സാമൂഹ്യ പ്രക്രിയകളും അതിനാല്‍ സമൂഹ സംഘടന തന്നെയും പുതിയൊരു രീതിയില്‍, കൂടുതല്‍ സ്വതന്ത്രവും ജനാധിപത്യപരവും എല്ലാവര്‍ക്കും തുല്യാവസരങ്ങള്‍ ഉറപ്പു് വരുത്തുന്നതും ആയ പുതിയ തിരശ്ചീന ഘടനയിലേയ്ക്കു് പരിവര്‍ത്തിപ്പിക്കാന്‍ ഈ സാധ്യതകള്‍ ഉപകരിക്കും.

ഉല്പാദനം കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും അവ കമ്പോളത്തിലെത്തിക്കാനും ഈ നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ടു്. മൂലധനത്തെ പ്രാദേശിക-ദേശീയ കെട്ടു് പാടുകളില്‍ നിന്നു് മോചിപ്പിച്ചു് സാര്‍വ്വദേശീയ മൂലധന സമാഹരണത്തിനുള്ള മാധ്യമമായി നവമാധ്യമ ശൃംഖല ഉപയോഗിക്കപ്പെടുന്നു. ആഗോള ധന മൂലധനത്തിന്റെ രാജ്യാന്തര ഒഴുക്കു് സാധ്യമാക്കിയിരിക്കുന്ന ഉപാധി ഇതാണു്. അവികസിത-വികസ്വര നാടുകള്‍ക്കു് മേല്‍ സാമ്രാജ്യത്വം അടിച്ചേല്പിക്കുന്ന ആഗോള ധനമൂലധനാധിപത്യത്തിന്റെ അതിവേഗ വ്യാപനത്തിന്റെ ഉപാധിയും ഈ നവമാധ്യമ ശൃംഖലയാണു്.

അതോടൊപ്പം വ്യക്തികളുടെ ഉപയോഗത്തിനായി നവ മാധ്യമ ശൃംഖല തുറന്നു് കൊടുക്കുകയും ചെയ്തിട്ടുണ്ടു്. അതു് യുവാക്കളെ വളരെയേറെ ആകര്‍ഷിക്കുന്നുണ്ടു്. പുതിയ തലമുറ വലിയൊരളവു് നവ മാധ്യമ ശൃംഖലയുടെ ആകര്‍ഷണ വലയത്തിലേയ്ക്കു് നീങ്ങുകയാണു്. മൂലധന ശക്തികളാകട്ടെ, തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യപ്പെടാതെ സൂക്ഷിക്കുന്നതിനായി സമൂഹത്തെയാകെ അരാഷ്ട്രീയവല്കരിക്കുന്നതിനും ചെദ്യം ചെയ്യാന്‍ മുതിരുന്ന പുരോഗമന പ്രസ്ഥാനങ്ങളെ ശിഥിലീകരിക്കുന്നതിനുമായി ജാതി-മത തീവ്രവാദവും ഭീകരവാദവും വിഘടനവാദവും വളര്‍ത്തുകയും യുവ തലമുറയെ വഴി തെറ്റിക്കുകയും രതി വൈകൃതങ്ങളടക്കം സാമൂഹ്യദ്രോഹകരവും സംസ്കാര വിരുദ്ധവുമായ പ്രവണതകള്‍ പോലും പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടു് നവ മാധ്യമ ശൃംഖല തുറന്നു് കൊടുത്തിരിക്കുകയാണു്.

അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു

അതേ സമയം, സാമൂഹ്യവും സാംസ്കാരികവും പുരോഗമനപരവും ജനാധിപത്യപരവും സമത്വാധിഷ്ഠിതവുമായ ലക്ഷ്യങ്ങളോടെ നടക്കുന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും തടയാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും നിലവില്‍ നവ മാധ്യമ ശൃംഖലാ വിഭവങ്ങളുടെ നിയന്ത്രണം കയ്യാളുന്ന മൂലധന ശക്തികള്‍ പ്രയോഗിക്കുന്നുണ്ടു്. അമേരിക്കയില്‍ 'പിപ', 'സോപ' തുടങ്ങിയ നിയമങ്ങളും ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ തുടര്‍ച്ചയായി കൊണ്ടുവന്നിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂളുകളും അഭിപ്രായ സ്വാതന്ത്ര്യമടക്കം ഹനിക്കുന്നതിനു് ലക്ഷ്യം വെച്ചുള്ള വകുപ്പുകള്‍ അടങ്ങിയവയാണു്. അറബ് നാടുകളില്‍ നടന്ന ജനകീയ സമരങ്ങളുടേയും അവയില്‍ പലതിലും നവമാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടതിന്റേയും പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങള്‍ക്കു് നവ മാധ്യമ ശൃംഖലാ സൌകര്യം നിഷേധിക്കുന്നതിനു് 'കില്ലര്‍ സ്വിച്ചു്' ഏര്‍പ്പെടുത്തുന്നതിനേപ്പറ്റി അമേരിക്കന്‍ സ്റ്റേറ്റു് സെക്രട്ടറി സൂചിപ്പിച്ചതിന്റേയും ലക്ഷ്യം മറ്റൊന്നല്ല. നവമാധ്യമ ശൃംഖലയുടെ സാങ്കേതിക നിയന്ത്രണത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന W3C കണ്‍സോര്‍ഷ്യത്തേക്കൊണ്ടു് ശൃംഖലയില്‍ വിവരം കൈകാര്യം ചെയ്യാനുപയോഗിക്കുന്ന 'എച്ടിഎംഎലി'ന്റെ അഞ്ചാം പതിപ്പില്‍ 'ഇഎംഇ' എക്സ്റ്റന്‍ഷന്‍ ചേര്‍ത്തു് വിവര വിനിമയ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ശ്രമവും മൂലധന ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടു്. ഇവയ്ക്കെല്ലാമെതിരെ ശക്തമായ ഇടപെടലും പ്രതിരോധവും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനും വിജ്ഞാന സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തോടെ നടത്തിപ്പോരുകയാണു്.

ആഗോള ധനമൂലധന മേധാവിത്വത്തിനെതിരെ വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനം

ഈ രംഗത്തു് ഉരുത്തരിഞ്ഞ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും തുടര്‍ന്നു് രൂപപ്പെട്ടു് വളര്‍ന്നു് വരുന്ന സ്വതന്ത്ര ഹാര്‍ഡ്‌വെയറിനും സ്വതന്ത്ര ഇന്റര്‍നെറ്റിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളും മാത്രമല്ല, ഇതര മേഖലകളില്‍ ഉയര്‍ന്നു് വരുന്ന ക്രിയേറ്റീവ് കോമണ്‍സ്, ഓപ്പണ്‍ അക്സസ് പബ്ലിക്കേഷന്‍സ്, ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, വിക്കീപീഡിയ തുടങ്ങിയ പ്രസ്ഥാനങ്ങളും വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ചക്രവാളം വികസിപ്പിക്കുകയാണു്. വിവര സാങ്കേതിക വിദ്യാ രംഗത്തു് വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ കാതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നൂ ലിനക്സും സാധാരണ കമ്പ്യൂട്ടറുകളും ഉപയോഗിച്ചു് ആര്‍ക്കും ശൃംഖലാ വിഭവങ്ങളായ സെര്‍വ്വറുകളും വിവര സംഭരണികളും മെമ്മറി ഫാമുകളും സ്വന്തമായി സ്ഥാപിക്കാം. ഇ-മെയില്‍ സെര്‍വ്വറും വെബ്ബു് സെര്‍വ്വറും ഡാറ്റാബേസ് സെര്‍വ്വറും ഫയല്‍ സെര്‍വ്വറും ആപ്ലിക്കേഷന്‍ സെര്‍വ്വറും ഗെയിമിങ്ങു് സെര്‍വ്വറുമെല്ലാം ഉപകരണങ്ങളും ശൃംഖലകളും പ്രവര്‍ത്തിപ്പിക്കാനുതകുന്ന ഓപ്പറേറ്റിങ്ങു് സംവിധനമായ ഗ്നൂ ലിനക്സില്‍ ലഭ്യമാകുന്ന ആന്തരിക സാധ്യതകളാണു്. നവ മാധ്യമ ശൃംഖലയുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സാമൂഹ്യോടമസ്ഥതയില്‍ സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിക്കാന്‍ പ്രാദേശിക-ദേശീയ ജനവിഭാഗങ്ങളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹായിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഈ രംഗത്തു് മൂലധന ശക്തികള്‍ക്കു് മേല്‍ നിര്‍ണ്ണായക വിജയം നേടിക്കഴിഞ്ഞിരിക്കുന്നു. അതിനെ മറികടക്കാനുള്ള ശ്രമം മൂലധന ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നു.

പുരോഗമന പ്രസ്ഥാനങ്ങള്‍ നവമാധ്യമ രംഗത്തു്

നവ മാധ്യമ രംഗത്തു് പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലും പങ്കാളിത്തവും അടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ടു്. അതു് തുടരുക തന്നെ വേണം. അതേ സമയം, നവമാധ്യമ രംഗത്തേയ്ക്കുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ കടന്നു് വരവു് സ്ഥായിയും സാര്‍ത്ഥകവുമാകണമെങ്കില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് ശൃംഖലാ വിഭവങ്ങള്‍ സ്വന്തമാക്കിയേ തീരൂ. അതു് നടക്കാതെ പോയാല്‍ മൂലധന കുത്തകകള്‍ സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കുന്ന നിലവിലുള്ള ശൃംഖലാ സൌകര്യങ്ങള്‍ ഏതു് സമയവും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു് നിഷേധിക്കപ്പെടാം. അത്തരം പ്രതിസന്ധിക്കെതിരായ ഉറപ്പു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിക്കുകയും പഠിപ്പിക്കുകയും ജനകീയമാക്കുകയും പരസ്പരം പങ്കു് വെച്ചുപയോഗിക്കുകയും അതുപയോഗിച്ചു് ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്വന്തമായി സൃഷ്ടിക്കുകയുമാണു്.

ശൃംഖലയും ശൃംഖലാ വിഭവങ്ങളും കമ്യൂണിക്കേഷന്‍ മേഖലയില്‍ ഒന്നര നൂറ്റാണ്ടിലേറെയായി ഉപയോഗിച്ചു് പോരുന്നതാണു്. 1851 ല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയില്‍ പോലുമെത്തിയ, ഇന്നു് തിരിഞ്ഞു് നോക്കുമ്പോള്‍ ഏറ്റവും പ്രാകൃതമായ, മോഴ്സ് കോഡുപയോഗിച്ച ടെലിഗ്രാഫ് ശൃംഖലയുടെ വികാസ പരിണാമങ്ങളുടെ ഫലമാണു് തുടര്‍ന്നു് വന്ന ഇലക്ട്രോ മെക്കാനിക്കല്‍ ടെലിപ്രിന്റര്‍ ശൃംഖലയും ഇലക്ട്രോണിക് ടെലിപ്രിന്റര്‍ ശൃംഖലയും കമ്പ്യൂട്ടര്‍ ടെലിഗ്രാഫ് ശൃംഖലയും ഇന്നത്തെ ഇന്‍ട്രാനെറ്റും ഇന്റര്‍നെറ്റും. അതേ പോലെ ശബ്ദ വിനിമയത്തിനു് വേണ്ടി ടെലിഫോണ്‍ ശൃംഖലകളുടെ വിവിധ പതിപ്പുകളും വികസിച്ചു് വന്നു. കമ്പ്യൂട്ടര്‍ ഘട്ടത്തിലെത്തിയപ്പോള്‍ ശബ്ദ-ചിത്ര-ലിപി സംയോജനം സാധ്യമായി. ബഹുമാധ്യമം നിലവില്‍ വന്നു. ഇവ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ പൊതു ഉപയോഗത്തിനു് തുറന്നു കൊടുത്തതു് അമേരിക്കയിലാണെന്നതു് അമേരിക്കയ്ക്കു് വാണിജ്യോപയോഗത്തില്‍ മേല്‍ക്കൈ ലഭിക്കുന്നതിനിടയാക്കിയിട്ടുണ്ടു്. ശൃംഖലാ വിഭവങ്ങളെല്ലാം അമേരിക്കയിലാണു് കേന്ദ്രീകരിച്ചിരിക്കുന്നതു്. അതു് കൊണ്ടു് ഇന്റര്‍നെറ്റെന്നാല്‍ അമേരിക്കന്‍ ശൃംഖലയും ശൃംഖലാ വിഭവങ്ങളും മാത്രമാണെന്ന മിഥ്യാ ധാരണ ചരിത്രപരമായി കാര്യങ്ങള്‍ പഠിക്കാത്ത ജനങ്ങള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ടു്. യഥാര്‍ത്ഥത്തില്‍ ഇന്റര്‍നെറ്റിന്റെ ജനാധിപത്യ സ്വഭാവം മനസിലാക്കാത്തതു് കൊണ്ടും അമേരിക്കയോടുള്ള മൂലധന വിധേയത്വം കൊണ്ടും മാനസികാടിമത്തം കൊണ്ടുമാണീ സ്ഥിതി ഉണ്ടായിട്ടുള്ളതു്. ആര്‍ക്കും സ്വന്തം ശൃംഖലയും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചു് ഉപയോഗിക്കാം. അവയെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാല്‍ അതും ഇന്റര്‍നെറ്റിന്റെ ഭാഗമായി.

ശൃംഖലാ വിഭവങ്ങളിന്മേല്‍ അമേരിക്കന്‍ കുത്തക

ലോക കമ്പോളത്തില്‍, അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗമാണു് അവരുടെ ശൃംഖലാ വിഭവങ്ങളും ഉപകരണ നിര്‍മ്മാണവും സോഫ്റ്റ്‌വെയര്‍ വികസനവും അവയുടെ വാടകയും വിലയും ലൈസന്‍സ് ഫീസും. ശൃംഖലാ വിഭവങ്ങള്‍ക്കു് മേല്‍ അമേരിക്കയ്ക്കുള്ള മേല്‍ക്കൈ ഉപയോഗിച്ചു് ലോകമാകെ ശൃംഖലയിലുടെ കടന്നു് പോകുന്ന വിവരങ്ങളെല്ലാം ചോര്‍ത്തി പരിശോധിച്ചു് അമേരിക്കയുടെ വാണിജ്യ-സാമ്പത്തിക-നയതന്ത്ര-രാജ്യരക്ഷാ താല്പര്യങ്ങള്‍ നാളിതു് വരെ സംരക്ഷിച്ചു് പോന്നിട്ടുണ്ടു്. ഏറ്റവും അവസാനം 'പ്രിസം' എന്ന പേരില്‍ ഒരു സമഗ്ര വിവരം ചോര്‍ത്തല്‍ പരിപാടി ആരംഭിച്ച വിവരമാണു് സ്വന്തം ഭാവിയും ജീവനും കുടുംബ താല്പര്യവും അപകടപ്പെടുത്തി അമേരിക്കന്‍ ചെറുപ്പക്കാരനായ എഡ്വേഡ് സ്നോഡന്‍ വെളിപ്പെടുത്തിയതു്.

തീവ്രവാദികളില്‍ നിന്നും ഭീകര വാദികളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങളുടെ പേരില്‍ അമേരിക്കന്‍ രാജ്യ താല്പര്യത്തിലാണു് അമേരിക്കന്‍ പൌരന്മാരുടേയും മറ്റു് രാജ്യങ്ങളടേയും സ്വകാര്യത ലംഘിക്കുന്നതെന്നാണു് അമേരിക്കന്‍ ഭരണ കൂടത്തിന്റെ വാദം. തെമ്മാടി രാഷ്ട്രമായ ഇസ്രയേലിനെ തീറ്റിപ്പോറ്റി സംരക്ഷിച്ചു് നിലനിര്‍ത്തുകയും അല്‍ഖ്വൈദയും ബിന്‍ലാദനുമടക്കം തീവ്രവാദികളേയും സിഐഎയും ഐഎസ്ഐയും അടക്കം ഭീകര സംഘങ്ങളേയും കോള്‍മാന്‍ ഹെഡ്‌ലിയടക്കം ഇരട്ട ചാരന്മാരേയും പോലും സൃഷ്ടിച്ചു് വിടുകയും ചെയ്ത അമേരിക്കയ്ക്കു് ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരേയെന്ന പേരില്‍ നടത്തുന്ന വിവര ചോരണത്തിലൂടെ ലോക ജനതയുടെ സ്വകാര്യതയും ഇതര രാജ്യങ്ങളുടെ രാഷ്ട്രീയ-നയപരമായ വിവരങ്ങളും ചോര്‍ത്താന്‍ ധാര്‍മ്മികമായി അര്‍ഹതയില്ല. ലോകമാകെ ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നതും സ്വയം മറ്റു് രാഷ്ട്രങ്ങള്‍ക്കും രാഷ്ട്രനേതൃത്വങ്ങള്‍ക്കമെതിരെ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഏറ്റവും വലിയ ഭീകര രാഷ്ട്രമായി അമേരിക്ക മാറിയിരിക്കുന്നു. അതേ സമയം അമേരിക്കയ്ക്കു് ശൃംഖലാ വിഭവങ്ങളുടെ കാര്യത്തിലുള്ള ഉടമാവകാശം വിവരത്തിന്റെ ഉടമാവകാശവും അവര്‍ക്കു് നല്കിയിട്ടുണ്ടു്. അതൊരു യാഥാര്‍ത്ഥ്യമാണു് അതിനെ മറ്റു് രാജ്യങ്ങളിലെ ജനങ്ങള്‍ ചോദ്യം ചെയ്തിട്ടു് കാര്യവുമില്ല.

ഓരോ രാഷ്ട്രവും അവരവരുടെ സ്വന്തം ആഭ്യന്തര ശൃംഖലയും ശൃംഖലാ വിഭവങ്ങളും സൃഷ്ടിച്ചുപയോഗിക്കുകയും അവയെ ആഭ്യന്തര വിവര സുരക്ഷ ഉറപ്പാക്കിക്കൊണ്ടു് പുറം രാജ്യങ്ങളിലേയ്ക്കുള്ള വിവര വിനിമയത്തിനു് വേണ്ടി ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തുകയുമാണു് വേണ്ടതു്. അതേ സമയം അമേരിക്കന്‍ പൌരന്മാരുടെ സ്വകാര്യത ലംഘിക്കുന്നതിനെതിരെ സ്നോഡന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സമൂഹം നടത്തുന്ന സമരത്തിനു് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതാവശ്യമാണു്. സ്നോഡനെ പിന്തുണച്ചു് അമേരിക്കന്‍ മാധ്യമങ്ങളും നല്ലൊരു വിഭാഗം ജനങ്ങളും രംഗത്തെത്തിയിരിക്കുന്നതു് ശുഭോദര്‍ക്കമായ കാര്യമാണു്. ഇന്ത്യയിലും അമേരിക്കന്‍ മാതൃകയില്‍ വിവര പരിശോധനയ്ക്കുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ടു്. കേന്ദ്രീകൃത പരിശോധനാ സംവിധാനമാണതു്. എല്ലാ സേവന ദാതാക്കളുടേയും സെര്‍വ്വറുകളെ പരിശോധനാ കേന്ദ്രത്തിലേയ്ക്കു് ബന്ധിപ്പിക്കുകയാണു് ചെയ്യുന്നതു്. ഇത്തരം സ്വകാര്യതാ ലംഘനത്തിനെതിരെ ഇന്ത്യയിലും പ്രതികരണങ്ങളുണ്ടാകുന്നുണ്ടു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം

നവ മാധ്യമങ്ങളുടെ സാമൂഹ്യോന്മുഖമായ പ്രയോഗമാതൃകകള്‍ സൃഷ്ടിക്കുന്നതിലും ശൃംഖലാ വിഭവങ്ങള്‍ പ്രാദേശികമായി സൃഷ്ടിക്കുന്നതിലും അവയുടെ മേല്‍ സാമൂഹ്യോടമസ്ഥത സ്ഥാപിക്കുന്നതിലും അവയുടെ ലഭ്യത സ്ഥായിയായി ഉറപ്പാക്കുന്നതിലും കേരള സമൂഹത്തിനു് വലിയ സേവനം നല്‍കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും ആ രംഗത്തു് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിനും (ഡിഎകെഎഫ്) കഴിയും. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയുടെ (എഫ് എസ് എം ഐ) കേരളത്തിലെ ഘടക സംഘടനയാണു് ഡിഎകെഎഫ്. ഡിഎകെഎഫില്‍ അംഗങ്ങളായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോക്താക്കളായും സജീവ പ്രവര്‍ത്തകരായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകരായും സാങ്കേതിക വിദഗ്ദ്ധരായും മാറാന്‍ കഴിയുന്നവരെല്ലാം അതിനു് തയ്യാറാകേണ്ടതുണ്ടു്.

ഭരണ നിര്‍വ്വഹണവും പൊതു മേഖലാ സ്ഥാപന ഭരണവും

ധന മൂലധനം കമ്പോളത്തില്‍ ആധിപത്യം ചെലുത്തുന്നതു് ഉല്പാദന രംഗത്തു് കൃത്യമായ ആസൂത്രണം നടത്തിക്കൊണ്ടും കമ്പോളം അരാജകമായി നിലനിര്‍ത്തിക്കൊണ്ടുമാണു്. സമൂഹത്തിനു് മേല്‍ കമ്പോളാധിപത്യം നിലനിര്‍ത്താന്‍ ലക്ഷ്യം വെച്ചാണു് ഈ സങ്കേതങ്ങളെല്ലാം മുതലാളിത്ത സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നതു്. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഇ-ഭരണം സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുപയോഗിച്ചാണു് കരുപ്പിടിപ്പിക്കപ്പെടുന്നതു്. കുത്ത സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ സാങ്കേതിക കൈമാറ്റം നിഷേധിച്ചു് കൊണ്ടു് അവരുടെ ലാഭം മാത്രമല്ല, വിവര വിടവു് സ്ഥായിയാക്കുകയും ചെയ്യുന്നു. അധികാരം ജനങ്ങളിലേയ്ക്കും ജനകീയ സംവിധാനങ്ങളിലേയ്ക്കും എത്താതെ നോക്കുന്നു. എന്തിനേറെ നിലവിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അധികാരം പോലും കവര്‍ന്നെടുക്കുന്നു. അത്തരത്തില്‍, മൂലധനവ്യവസ്ഥയുടെ താല്പര്യം സംരക്ഷിക്കുകയും മേധാവിത്വം അരക്കിട്ടുറപ്പിക്കുകും ചെയ്യുന്നതിനുതകുന്ന ഭരണ നിര്‍വ്വഹണ വ്യവസ്ഥയാണു് പ്രൊപ്രൈറ്ററി സേവന ദാതാക്കള്‍ രൂപകല്പന ചെയ്തു് നടപ്പാക്കി വരുന്നതു്. അധികാരം മൂലധന കുത്തകകളില്‍ കേന്ദ്രീകരിക്കുന്നതിന്റെ പുതിയൊരു രൂപമാണിതു്.

ജനാധിപത്യ വികാസത്തിന്റെ ഈ ഘട്ടത്തില്‍ ആവശ്യമായിട്ടുള്ളതു് പ്രാദേശിക സമൂഹത്തിന്റെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ ഭരണ-ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനങ്ങള്‍ ദേശീയമായും പ്രാദേശികമായും രൂപകല്പന ചെയ്യുകയും അതുപയോഗിച്ചു് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുകയുമാണു്. അതിനാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക വൈദഗ്ദ്ധ്യം സൃഷ്ടിക്കുന്ന ഭരണ സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയാണു് വേണ്ടതു്. അഗോള ധനമൂലധനാധിപത്യത്തിനു് വിട്ടു് കൊടുക്കപ്പെടുന്ന കാര്‍ഷിക-വ്യവസായ-സേവന മേഖലകളിലെല്ലാം, ബാങ്കിങ്ങു്, ഇന്‍ഷുറന്‍സ്, കമ്യൂണിക്കേഷന്‍, ചില്ലറ വ്യാപാരം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയവയടക്കം എല്ലാ രംഗങ്ങളിലും സമാന സാധ്യതകളാണുള്ളതു്.

പ്രാദേശിക ഭാഷാ വികസനം

പ്രാദേശിക ഭാഷാ വികസനത്തിന്റെ ഉപാധിയുമാണു് നവമാധ്യമ ശൃംഖല. മലയാളം അടക്കം പ്രാദേശിക ഭാഷകള്‍ അവയുടെ സാധ്യതകള്‍ക്കനുസരിച്ചു് വളരാതെ മുരടിച്ചു് നില്കുകയാണു്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേയ്ക്കുള്ള മാറ്റം ഇതിന്റെ കാരണവും കാര്യവുമാണു്. മലയാളം ഭരണ ഭാഷയായിട്ടില്ല. കോടതി ഭാഷയല്ല. ബോധന മാധ്യമമല്ല. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റെയും ഭാഷയായി വളര്‍ന്നിട്ടില്ല. നമ്മുടെ സാഹിത്യം ലോകോത്തരമാണു്. പക്ഷെ, അതിന്റെ ഫലം ഭാഷയുടെ വളര്‍ച്ചയില്‍ വേണ്ടത്ര പ്രതിഫലിക്കുന്നില്ല. ഒറ്റപ്പെട്ട വ്യക്തിഗതമായ വിവര്‍ത്തനങ്ങള്‍ കൊണ്ടു് മാത്രം അതി വേഗം വികസിച്ചു് കൊണ്ടിരിക്കുന്ന ലോക വിജ്ഞാന ഭണ്ഡാരത്തിനു് ഒപ്പമെത്താന്‍ പ്രാദേശിക ഭാഷകള്‍ക്കു് കഴിയില്ല. തത്സമയ വിവര്‍ത്തനം, എഴുത്തു് മൊഴിയായും മൊഴി എഴുത്തായും മാറ്റുക, ഓപ്ടിക് കാരക്ടര്‍ റീഡിങ്ങു് തുടങ്ങിയ ഭാഷാ വിനിമയ സങ്കേതങ്ങള്‍ ഉപയോഗിച്ചു് മാത്രമേ ആവശ്യമായ വേഗത്തില്‍ ഭാഷാ വികസനം സാധ്യമാകൂ. ഭാഷാ വിനിമയ സങ്കേതങ്ങള്‍ വികസിപ്പിക്കുന്ന പണി സ്വകാര്യ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളെ ഏല്പിച്ചു് ഭാഷാ സമൂഹം അലസമായി കഴിയുന്നതാണു് ഭാഷാ വികസനത്തിനു് ഇന്നു് വിഘാതമായിരിക്കുന്നതു്. ലാഭേച്ഛയോടെ കമ്പോള ശക്തികള്‍ ഇക്കാര്യം ചെയ്യുന്നുണ്ടു്. പക്ഷെ, മലയാളം പോലെ ചെറിയ ജനവിഭാഗം ഉപയോഗിക്കുന്ന ഭാഷ എല്ലാക്കാലത്തും പിന്നണിയില്‍ തുടരാനാണു് അതിടവരുത്തുക. ഈ രംഗത്തും പ്രാദേശിക വൈദഗ്ദ്ധ്യം സൃഷ്ടിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിയന്തിരമായി ഉപയോഗിച്ചു് തുടങ്ങണം. അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന പ്രാദേശിക വൈദഗ്ദ്ധ്യവും ഭാഷാ സമൂഹത്തിന്റെ സൃഷ്ട്യൂന്മഖതയും കെട്ടഴിച്ചു് വിട്ടാല്‍ ശരിയായ ആസൂത്രണത്തിലൂടെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളത്തിനു് മറ്റേതൊരു ലോക ഭാഷയുമായി കിടപിടിക്കത്തക്കവിധം വളരാനാവും. മറ്റേതു് പ്രാദേശിക ഭാഷയ്ക്കും ഇതു് ബാധകമാണു്. മേല്‍ സങ്കേതങ്ങളും നവ മാധ്യമ ശൃംഖലയും വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ മലയാളം ഭരണ ഭാഷയായും കോടതി ഭാഷയായും ബോധന മാധ്യമമായും ബന്ധഭാഷയായും വളരും. മലയാള സംസ്കാരവും സംരക്ഷിക്കപ്പെടും.

ഉന്നത വിദ്യാഭ്യാസ രംഗം

ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്കു് വിദേശ സര്‍വ്വകലാശാലകളുടെ കടന്നു് കയറ്റം നടക്കുകയാണു്. ആ കടന്നാക്രമണത്തെ ഇടതു് പക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ ചെറുത്തു് നില്കുന്നുണ്ടു്. പക്ഷെ, അവ കടന്നു വരുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നതു് സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ പ്രയോഗവും മൂലധനാധിപത്യം അടിച്ചേല്പിക്കാനുള്ള ശ്രമവുമാണു്. ഇതു് കണ്ടറിഞ്ഞാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപകമായ പ്രയോഗത്തിലൂടെ സാങ്കേതിക സ്വാംശീകരണവും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളും ഉപയോഗപ്പെടുത്തി പഠന പ്രക്രിയകള്‍ വൈവിദ്ധ്യവല്‍ക്കരിച്ചും കാര്യക്ഷമമാക്കിയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഉല്‍ഗ്രഥിച്ചും നമ്മുടെ സര്‍വ്വകലാശാലകളെ ഏതു് ലോകോത്തര സര്‍വ്വ കലാശാലയുമായി കിടപിടിക്കത്തക്കതാക്കി മാറ്റാന്‍ നമുക്കു് കഴിയും.

സമഗ്ര ആസൂത്രണോപാധി

യഥാര്‍ത്ഥ സമ്പത്തുല്പാദകരും അതിനാല്‍ തന്നെ ധന മൂലധന കോര്‍പ്പറേറ്റുകളുടെ കഠിനമായ ചൂഷണത്തിനു് വിധേയരുമായ കര്‍ഷകരേയും തൊഴിലാളികളേയും സ്വയം തൊഴില്‍-ചെറുകിട-ഇടത്തരം സംരംഭകരേയും അവരുടെ പ്രാദേശിക കൂട്ടായ്മകളേയും കേന്ദ്രീകരിച്ചും അവരുടെ അദ്ധ്വാന ശേഷിയെ പ്രാദേശിക സാമൂഹ്യാവശ്യങ്ങളുമായി കോര്‍ത്തിണക്കിയും അവരുടെ താല്പര്യം സംരക്ഷിക്കുന്നതിനും അതോടൊപ്പം പ്രാദേശികോല്പാദനം വികസിപ്പിക്കുന്നതിനുമുള്ള സൂക്ഷ്മതല ആസൂത്രണോപാധി സൃഷ്ടിക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള നവമാധ്യമ ശൃംഖല ഉപകരിക്കും. അത്തരം സൂക്ഷ്മതലാസൂത്രണ സംവിധാനങ്ങള്‍ കോര്‍ത്തിണക്കി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ആസൂത്രണ-പരിശോധനാ സംവിധനങ്ങളുടെ സ്ഥൂലതല സംവിധാനം സൃഷ്ടിക്കുകയും ചെയ്യാം. അങ്ങിനെ ഉല്പാദനം മാത്രമല്ല, വിതരണവും ഉപഭോഗവും അടക്കം എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഉല്‍ഗ്രഥിപ്പിക്കുന്ന സമഗ്രമായ ആസൂത്രണോപാധി സൃഷ്ടിക്കുന്നതിനും അത്തരത്തില്‍, നിലവില്‍, സമൂഹത്തിനു് മേല്‍ ആധിപത്യം വഹിക്കുന്ന കമ്പോളത്തെ സമൂഹത്തിനു് വിധേയമായി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക കഴിവു് നേടുന്നതിനും ഭാവി സമത്വാധിഷ്ഠിത സമൂഹ സൃഷ്ടിക്കാവശ്യമായ സമഗ്ര ആസൂത്രണ സങ്കേതങ്ങള്‍ സമൂഹത്തിനു് സ്വായത്തമാക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നവ മാധ്യമ ശൃംഖല ഉപകരിക്കും.

കലാ-സാഹിത്യ-സാംസ്കാരിക മുന്നേറ്റം

സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചുള്ള വിവര സാങ്കേതിക സഹായത്തോടെ തദ്ദേശീയ കലാ-സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ആവിഷ്കാര-ആസ്വാദന സാധ്യതകള്‍ ഉയര്‍ത്തുകയും ആഗോള ധന മൂലധന വ്യാപനത്തിന്റെ ഭാഗമായി നിലവില്‍ നടന്നു് കൊണ്ടിരിക്കുന്ന സാംസ്കാരികാധിനിവേശത്തെ ചെറുത്തു് നില്‍ക്കാന്‍ അവയെ പ്രാപ്തമാക്കുകയും ചെയ്യുന്നതിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നവമാധ്യമ ശൃംഖലയ്ക്കു് പങ്കു് വഹിക്കാനുണ്ടു്. സ്വന്തം മാതൃഭാഷയും ഉല്പാദന-വിതരണ-ഉപഭോഗ രീതികളും അവയെല്ലാം അടക്കം പ്രതിഫലിക്കുന്ന സംസ്കാരവും ഉറപ്പിച്ചു് നിര്‍ത്തുകയെന്നതാണു് പൊതുമേഖല തകര്‍ത്തും ബാങ്കിങ്ങു്-ഇന്‍ഷുറന്‍സ്-കമ്യൂണിക്കേഷന്‍ മേഖലകളും ഉന്നത വിദ്യാഭ്യാസ മേഖലയും ചില്ലറ വില്പന മേഖലയും അതിലൂടെ സ്ഥലവും കെട്ടിടവും സ്പെക്ട്രവും എണ്ണപ്പാടവും ഘനികളും മറ്റിതര പ്രകൃതി വിഭവങ്ങളും അടക്കം ദേശീയ സമ്പത്തു് കയ്യടക്കി സമ്പദ്ഘടനയ്ക്കു് മേല്‍ ധന മൂലധനാധിപത്യവും സാമ്രാജ്യാധിപത്യവും വന്നു് ചേരുന്നതു് ചെറുക്കാനുള്ള ഉപാധി.

വിവര വിടവു് പരിഹരിക്കാനുള്ള ഉപാധി

വര്‍ഗ്ഗപരവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട വിവര വിടവു് മൂലം ഇന്നു് സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥ – സ്ത്രീ-പുരുഷ വ്യത്യാസങ്ങളും നഗര-ഗ്രാമ വ്യത്യാസങ്ങളും മുന്നോക്ക-പിന്നോക്ക ജാതി വ്യത്യാസങ്ങളും എല്ലാം - എത്രയും വേഗം പരിഹരിക്കുന്നതിനുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളില്‍ വിജ്ഞാന വ്യാപനത്തിന്റെ ഫലപ്രദമായ ഉപാധിയായും നവമാധ്യമ ശൃംഖല പ്രയോജനപ്പെടും. ഇത്തരത്തില്‍, വിവര വിനിമയം ആവശ്യമുള്ള എല്ലാ മേഖലകള്‍ക്കും നവമാധ്യമ ശൃംഖലയ്ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറിനും പ്രസക്തിയും പ്രയോഗ സാധ്യതയുമുണ്ടു്.

അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിനു്

സ്പെക്ട്രവും എണ്ണപ്പാടങ്ങളും ഖനികളും ബഡ്ജറ്റു് ധന സഹായങ്ങളും അടക്കം പൊതു ആസ്തികളുടെ കൈമാറ്റത്തിലും എന്തിനേറെ ഉന്നത സ്ഥാനങ്ങളിലേയ്ക്കു് നടത്തപ്പെടുന്ന നിയമനങ്ങളില്‍ പോലും നടമാടുന്ന അഴിമതി ഒഴിവാക്കാനും ഭരണവും ധനകാര്യ മാനേജ്മെന്റും വിഭവ വിനിയോഗവും സുതാര്യമായി നടത്താനും ജനകീയ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് തദ്ദേശീയ ജനസമൂഹത്തിന്റെ സാങ്കേതിക സ്വാംശീകരണത്തിലൂടെയും ഇടപെടലോടെയും നടപ്പാക്കപ്പെടുന്ന നവ മാധ്യമ ശൃംഖല ഉപയോഗിക്കാം.

ഇനിയുമൊട്ടേറെ സാധ്യതകള്‍

അനുഭവത്തിലൂടെ സമൂഹം കൈമാറി വന്ന പ്രാദേശിക വിജ്ഞാനം നഷ്ടപ്പെടാതെ സൂക്ഷിക്കുക, പ്രാദേശിക ഭാഷയും ലോക വിജ്ഞാന ഭണ്ഡാരവുമായുള്ള തത്സമയ ആദാന-പ്രദാനത്തിലുടെ പ്രാദേശിക ഭാഷാ വികസനം, സ്വതന്ത്ര വിശ്വ വിജ്ഞാന കോശമായ വിക്കീ പീഡിയയുടെ വികസനത്തിനു് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളടക്കം പ്രാദേശിക ഭാഷയില്‍ ഉള്ളടക്ക നിര്‍മ്മാണം, ധന മൂലധനത്തിന്റെ പിടിയിലേയ്ക്കു് കൂടുതല്‍ കൂടുതല്‍ വഴുതി പൊയ്ക്കൊണ്ടിരിക്കുന്ന മുഖ്യ ധാരാ മാധ്യമങ്ങള്‍ക്കു് ബദലായി ജനകീയ മാധ്യമ ശൃംഖല രൂപപ്പെടുത്തുക, പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര പ്രചണ-പ്രക്ഷോഭങ്ങള്‍ക്കാവശ്യമായ ശൃംഖലാ വിഭവങ്ങളം ബഹുമാധ്യമ വിവര ശേഖരവും സൃഷ്ടിക്കുക, തത്സമയം ലഭ്യമാക്കുക, ജന ജീവിതം നിര്‍ണ്ണയിക്കുന്ന എല്ലാ പ്രക്രിയകളും കമ്പോളത്തിനു് വിട്ടു് സര്‍ക്കാര്‍ ചുരുങ്ങുക എന്ന ധന മൂലധന പരിപാടിയക്കു് പകരം സര്‍ക്കാര്‍ ജനങ്ങളിലേയ്ക്കു് കൂടുതലായി ഇറങ്ങി വരുകയും വ്യാപിക്കുകയും അതിലൂടെ ജനകീയമാകുകയും ചെയ്യുക, തുടങ്ങി ആഗോള ധന മൂലധനത്തിന്റെ മേധാവിത്വ ശ്രമത്തിനെതിരായ ചെറുത്തു് നില്പിന്റേയും അതിനാവശ്യമായ പ്രദേശിക-ദേശീയ വൈദഗ്ദ്ധ്യ പോഷണത്തിന്റേയും ഉപാധിയായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നവ മാധ്യമ ശൃംഖലയുടെ സാധ്യതകള്‍ ഉപയോഗിക്കാവുന്നതാണു്.

സാങ്കേതിക സ്വാംശീകരണത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

ഇത്തരത്തില്‍ പരിശോധിച്ചാല്‍ ഇന്നു് ധന മൂലധനത്തിന്റെ വിളയാട്ട ഭൂമികകളായ ആരോഗ്യ പരിചരണം അടക്കം വിവിധ വിജ്ഞാന ശാഖകളുടെ സ്വതന്ത്രവും ജനകീയവുമായ ലഭ്യത, ജനങ്ങളുടെ വൈദഗ്ദ്ധ്യ പോഷണവും ജനാധിപത്യ വികാസവും ലക്ഷ്യം വെച്ചു് മാതൃഭാഷയിലുള്ള വിദ്യാഭ്യാസം (ഹിന്ദിയോ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ പഠിക്കുന്നതിനെതിരാകേണ്ടതില്ല, അവയുടെ ശരിയായ പഠനത്തിനുതകുന്നതും മാതൃഭാഷാ വിദ്യാഭ്യാസം തന്നെയാണു്), ശാസ്ത്ര-സാങ്കേതിക ഗവേഷണം, ഭൂമിയടക്കം പ്രകൃതി വിഭവങ്ങളുടെ സാമൂഹ്യോന്മുഖമായ വിനിയോഗം തുടങ്ങിയ മേഖലകളില്‍ ബദലുകള്‍ സൃഷ്ടിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാംശീകരണം അനിവാര്യമാണു്.

ചുരുക്കത്തില്‍, നിലവില്‍, നാശോന്മുഖമായ മുതലാളിത്തം സ്വതന്ത്രവും സമത്വാധിഷ്ഠിതവുമായ സാമൂഹ്യ പുരോഗതിക്കെതിരായാണു് നവ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു്. നവ മാധ്യമ ശൃംഖലയുടെ പരിമിതികളും ദുരുപയോഗവും മുതലാളിത്ത സൃഷ്ടിയാണു്. അതിനു് പരിഹാരമാകട്ടെ, നവ മാധ്യമ സാങ്കേതിക വിദ്യയുടെ സാമൂഹ്യ സ്വാംശീകരണവും അതിനുപകരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപകമായ പ്രാദേശിക സ്വാംശീകരണവും ഉപയോഗവും നവ മാധ്യമ ശൃംഖലാ വിഭവങ്ങളുടെ സമൂഹ്യമായ ഉടമസ്ഥതയും അതിലൂടെ നവ മാധ്യമ ശൃംഖലയില്‍ സാമൂഹ്യ മേല്‍നോട്ടവും പരിശോധനയും സാധ്യമാക്കുകയാണു്. അതാകട്ടെ, പുതിയ സമത്വാധിഷ്ഠിത സമൂഹത്തിലേയ്ക്കുള്ള മാറ്റത്തെ സഹായിക്കുകയും ചെയ്യും. മുതലാളിത്തത്തില്‍ സമൂഹത്തെ അടക്കി ഭരിക്കുന്ന കമ്പോളത്തിനു് മേല്‍ സോഷ്യലിസത്തില്‍ സമൂഹത്തിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രധാനപ്പെട്ട സാങ്കേതികോപാധിയുമാണു് സമഗ്രാസൂത്രണം സാധ്യമാക്കുന്ന നവ മാധ്യമ ശൃംഖല. നിലവില്‍, വിവിധ അട്ടികള്‍ ഒന്നിനു് മേല്‍ ഒന്നെന്നനിലയില്‍ അടുക്കപ്പെട്ടു്, മുകളിലുള്ള എല്ലാ അട്ടികളേയും തട്ടിത്തെറിപ്പിച്ചാല്‍ മാത്രമേ ഏതൊരട്ടിയിലുള്ളവര്‍ക്കും സ്വാതന്ത്ര്യം കിട്ടൂ എന്ന തരത്തിലുള്ള പിരമിഡു് രൂപത്തിലുള്ള സമൂഹ-സ്ഥാപന മാനേജ്മെന്റു് ഘടന മാറ്റി ആരും ആര്‍ക്കും മേല്‍ തടസ്സങ്ങളോ പ്രതിബന്ധങ്ങളോ സൃഷ്ടിക്കാത്ത സമൂഹത്തിന്റെ തനതു് തിരശ്ചീന ഘടന പുനസ്ഥാപിക്കാനും ഈ നവ മാധ്യമ ശൃംഖല ഉപകരിക്കും. അതിനാല്‍, സാമൂഹ്യ മാറ്റം ആവശ്യപ്പെടുന്ന തൊഴിലാളി വര്‍ഗ്ഗ പുരോഗമന പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി നവമാധ്യമ രംഗത്തു് ഇടപെട്ടു് സാങ്കേതികവിദ്യ സ്വാംശീകരിച്ചും ശൃംഖലാ വിഭവങ്ങള്‍ സ്വന്തമായി സ്ഥാപിച്ചും പുതിയ മാനേജ്മെന്റു് മതൃകകള്‍ സൃഷ്ടിച്ചും ക്രമേണ തൊഴില്‍ സ്ഥാപനത്തിന്റെ മാനേജ്മെന്റു് വിമര്‍ശനപരമായി പഠിച്ചു് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചും സാധ്യമായവ നടപ്പാക്കിച്ചും മുതലാളിത്ത പ്രയോഗങ്ങള്‍ക്കു് ബദലുകള്‍ സൃഷ്ടിച്ചെടുക്കണം.ആ ബദലുകളും അവയിലൂടെ ലഭ്യമാകുന്ന നേട്ടങ്ങളും ഭാവി സമൂഹത്തെ നയിക്കാനുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഴിവും ആര്‍ജ്ജവവും പ്രാപ്തിയും ജനങ്ങളെ ബോധ്യപ്പെടുത്താനുതകും. മാറ്റത്തിനെതിരു് നില്കുന്ന നിക്ഷിപ്ത താല്പര്യക്കാരായ മൂലധന ഉടമകളെ ജന പങ്കാളിത്തത്തോടെ, ജനാധിപത്യ പരമായ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ ഭരണ കൂടത്തിന്റെ നിയന്ത്രണ സ്ഥാനത്തു് നിന്നു് മാറ്റിനിര്‍ത്താന്‍ കഴിയണം. അധികാരം വിട്ടൊഴിയാന്‍ തയ്യാറാകാതെ ഹിംസയ്ക്കും തീവ്രവാദത്തിനും ഭീകരവാദത്തിനും യുദ്ധത്തിനും വരെ പ്രോത്സാഹനം നല്‍കുകയും അവയുടെ മറവില്‍ ജനങ്ങളടെയാകെ മേല്‍ ഭരണ കൂട ഭീകരത അഴിച്ചു് വിട്ടു് ജനാധിപത്യം ധ്വംസിക്കുന്നതിനു് ബലപ്രയോഗം നടത്തുകയും ചെയ്യുന്ന നിക്ഷിപ്ത താല്പര്യക്കാരെ ജനങ്ങള്‍ ചരിത്രത്തിന്റെ ചവറ്റു് കുട്ടയിലേയ്ക്കു് വലിച്ചെറിയുന്ന കാലം അതിവിദൂരമല്ല.

ജോസഫ് തോമസ്

പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ

9447738369/thomas@fsmi.in

Monday, June 3, 2013

അട്ടപ്പാടിയിലെ ആദിവാസികള്‍ കേരളീയരല്ലേ ?



(Courtesy : Deshabhimani - Posted on: 29-May-2013 10:54 PM)

രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിക്കുന്ന ഭരണാധികാരി എന്നത് കേരളത്തിലിപ്പോള്‍ സങ്കല്‍പ്പമല്ല; യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ ഒരുഭാഗത്ത് പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ ഓരോ ആഴ്ചയും മരിക്കുന്നു. മറ്റൊരു ഭാഗത്ത് ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികള്‍ക്കിരയായി ജനങ്ങള്‍ ഒടുങ്ങുന്നു. എന്നാല്‍, ഇതിലൊന്നും തെല്ലും ഉല്‍ക്കണ്ഠയില്ലാതെ കേരളത്തിന്റെ ഭരണാധികാരികള്‍ ഉപമുഖ്യമന്ത്രിസ്ഥാനമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നിലാവത്ത് ഉലാത്തുന്നു.

രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിയാവാന്‍ പറ്റുമോ? തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ പറ്റുമോ? മുഖ്യമന്ത്രിക്ക് വകുപ്പുകള്‍ വല്ലതും നഷ്ടമാവുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് അധികാരകേന്ദ്രങ്ങളില്‍ ചര്‍ച്ച. മരുന്നും ആഹാരവും കിട്ടാതെ മരിച്ചുവീഴുകയാണ് നിത്യവും ഈ കേരളത്തില്‍ പാവപ്പെട്ട മനുഷ്യര്‍. അതിവര്‍ക്ക് പ്രശ്നമേയല്ല. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലാകെ പരിഭ്രാന്തി പടര്‍ത്തി ഡെങ്കിപ്പനിയും മറ്റും പടരുന്നു. പന്ത്രണ്ട് പഞ്ചായത്തുകളില്‍ വ്യാപകമായിരിക്കുന്നു പകര്‍ച്ചവ്യാധി. 1300 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരന്‍കൂടി മരിച്ചതോടെ ഏഴായി മരണസംഖ്യ. എത്രപേര്‍ ആശുപത്രിയിലുണ്ട് എന്നതിന്റെ കണക്കെടുക്കാന്‍പോലും ഭരണസംവിധാനത്തിന് കഴിയുന്നില്ല. എന്ത് സജ്ജീകരണങ്ങളാണ് ഇതിനെ നേരിടാന്‍ ഒരുക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സമയമില്ല. അവരൊക്കെ തിരുവനന്തപുരത്ത് ഗ്രൂപ്പുചര്‍ച്ചയുടെ തിരക്കിലാണ്.

അട്ടപ്പാടിയില്‍ ഇതേക്കാള്‍ ഗുരുതരമാണ് സ്ഥിതി. ഈ മെയ്മാസത്തില്‍തന്നെ ആറ് കുഞ്ഞുങ്ങള്‍ മരിച്ചു. ഒന്നരവര്‍ഷത്തിനിടെ മരിക്കുന്ന കുട്ടികളുടെ എണ്ണം 43 ആയി. ആഹാരമില്ല. പോഷകാഹാരമില്ല, മരുന്നില്ല. തുടരെ മരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ ഇത്രകാലത്തിനിടെ ഒരിക്കലെങ്കിലും അവിടേക്ക് തിരിഞ്ഞുനോക്കാന്‍ തോന്നിയിട്ടില്ല. മൂന്നുതവണ പാലക്കാടുവരെ ചെന്നിട്ടും അട്ടപ്പാടിയില്‍ പോയി ആദിവാസികള്‍ എങ്ങനെ കഴിയുന്നുവെന്ന് പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലെങ്കിലും നേരിട്ടു ചെന്ന് അന്വേഷിക്കണമെന്നു തോന്നിയില്ല. തന്റെ മുഖ്യമന്ത്രിക്കസേരയ്ക്ക് ഭീഷണിയുണ്ടാകാതിരിക്കാനുള്ള ഗ്രൂപ്പ് ഉപജാപങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിനു നേരമില്ല. നീറോ ചക്രവര്‍ത്തി തോറ്റുപോകും ഇവരുടെ ജനദ്രോഹപരമായ നിര്‍വികാരതയ്ക്കു മുന്നില്‍. അട്ടപ്പാടിക്കായി പേരിനൊരു പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാവുന്നുണ്ടോ എന്നു നോക്കാന്‍ സംവിധാനമില്ല.

ആരോഗ്യം, കൃഷി, സാമൂഹ്യനീതി, പട്ടികവര്‍ഗം, എക്സൈസ് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ ഒരു ഏര്‍പ്പാടുമില്ല. മരുന്നോ പോഷകാഹാരങ്ങളോ ഊരുകളിലെത്തുന്നില്ല. ചെയ്യേണ്ട കാര്യങ്ങള്‍ ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അട്ടപ്പാടിയില്‍ ദിവസങ്ങള്‍ ചെലവഴിച്ച് മനസിലാക്കി സര്‍ക്കാരിനെ എണ്ണമിട്ട് അറിയിച്ചു. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ടികള്‍ അറിയിച്ചു. പക്ഷേ, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇതൊക്കെ നോക്കാന്‍ സമയമെവിടെ? ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഇളം കുഞ്ഞുങ്ങള്‍- ഇവര്‍ക്കൊക്കെ പോഷക മരുന്നു വേണം; പൂരകപോഷകം വേണം, ഇതര വൈദ്യസഹായങ്ങള്‍ വേണം- ഒന്നിനും സംവിധാനമില്ല. ഊരുകളിലൊന്നും തൊഴിലില്ല.

അഹാഡ്്സ് നിര്‍ത്തി. തൊഴിലുറപ്പുപദ്ധതി ഇല്ലാതാക്കി. ചെയ്ത തൊഴിലുറപ്പുപദ്ധതികള്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട 25 ലക്ഷം കുടിശ്ശികയാക്കി. ജനങ്ങളുടെ വിഷമങ്ങളുടെ എരിതീയില്‍ ഇങ്ങനെ എണ്ണയൊഴിച്ചുകൊണ്ടേയിരിക്കുന്നു ഈ സര്‍ക്കാര്‍. റാഗി- ചാമ- ചോളം- വെരക്- തുവര- തിന തുടങ്ങിയവ ഊരുകളിലെത്തിക്കണം. ഒരു നടപടിയുമില്ല. ആശ വര്‍ക്കേഴ്സ്, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആരോഗ്യ സബ്സെന്ററുകളിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് പുനഃപരിശീലനം നല്‍കണം. അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ക്ക് വിവിധ സൗകര്യം നല്‍കണം. ഊരുകളിലെ കുട്ടികള്‍ക്ക് അങ്കണവാടിയില്‍നിന്ന് നല്‍കുന്ന ആഹാരത്തിനുള്ള ആറുരൂപ പന്ത്രണ്ടാക്കി ഉയര്‍ത്തണം. ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കണം. പ്രാഥമിക ആശുപത്രികളെ ശക്തിപ്പെടുത്തണം. ആദിവാസികളെ കൃഷിക്കാരാക്കാന്‍ പാകത്തില്‍ പരമ്പരാഗതരീതികള്‍ കൂടി സ്വാംശീകരിച്ചു പദ്ധതിയുണ്ടാക്കണം.

ആവശ്യങ്ങള്‍ നിരവധിയാണ്. പരിഹരിക്കുന്ന കാര്യമിരിക്കട്ടെ; പരാതി കേള്‍ക്കാന്‍പോലും ആരുമില്ല എന്നതാണ് സ്ഥിതി. പട്ടികവര്‍ഗമന്ത്രി പേരിന് ഒന്നു സന്ദര്‍ശിച്ചു തിരിച്ചുപോയി. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. സര്‍ക്കാരിന്റെ ക്രൂരമായ മനുഷ്യത്വമില്ലായ്മയില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന നില തുടരാനനുവദിച്ചുകൂടാ. കേരളത്തിന്റെ പൊതുബോധം ഇക്കാര്യത്തില്‍ ഉണരണം. കോട്ടയം ജില്ലയില്‍നിന്നുള്ള വാര്‍ത്തകളും ആശങ്കപ്പെടുത്തുന്നതാണ്. മെഡിക്കല്‍കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമൊക്കെ പനിവാര്‍ഡുകള്‍ നിറഞ്ഞുകവിയുന്നു. രോഗം പടരുന്നത് തടയാനും രോഗികളെ രക്ഷിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി നീങ്ങേണ്ട ഘട്ടമാണ്. എന്നാല്‍, അത് ഏകോപിപ്പിക്കേണ്ടവര്‍ മന്ത്രിസ്ഥാനമാറ്റങ്ങളുടെ ഏകോപനത്തിലാണ്.

ആരോഗ്യമന്ത്രി ഒരു യോഗപ്രഹസനം നടത്തി. അതും രണ്ടാഴ്ചമുമ്പ്. ജില്ലാപഞ്ചായത്തിനെപ്പോലും അറിയിക്കാതെ പേരിന് ഒരു യോഗം. അതില്‍തന്നെ അവലോകനമോ ആസൂത്രണമോ ഇല്ല. മന്ത്രിയുടെ ഒരു പ്രസംഗം. പിന്നെ യോഗം പിരിയല്‍. അത്രമാത്രം. രോഗികള്‍ വന്നുനിറയുമ്പോഴും ജില്ലാ ആശുപത്രിയില്‍ പുതുതായി പണിത വാര്‍ഡ് തുറന്നുകൊടുക്കാന്‍ തയ്യാറാവുന്നില്ല. അതിന് മന്ത്രിയുടെ നാടമുറിക്കല്‍ വേണം. അതിന് മന്ത്രിക്ക് സമയമുണ്ടാകുന്ന കാലമാവുമ്പോഴേക്ക് എത്രപേര്‍ മരിച്ചുവീഴും? അതാണ് ഉല്‍ക്കണ്ഠപ്പെടുത്തുന്ന ചോദ്യം. കൊടിവച്ച കാറില്‍ പറന്നുനടന്ന് മന്ത്രിസ്ഥാന സംരക്ഷണചര്‍ച്ച നടത്തുകയല്ല, മറിച്ച് ദുരിതത്തില്‍പ്പെട്ട ജനതയെ രക്ഷിക്കാനുള്ള ചര്‍ച്ച നടത്തുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നിര്‍വികാരജീവികളായ ഈ ആധുനിക നീറോമാര്‍ക്ക് ഇത് ജനങ്ങള്‍തന്നെ മനസിലാക്കിക്കൊടുക്കേണ്ടിയിരിക്കുന്നു.

- See more at: http://www.deshabhimani.com/newscontent.php?id=304289#sthash.22MHiHIt.dpuf

കോണ്‍ഗ്രസുകാര്‍ക്കോ ജനങ്ങള്‍ക്കോ വേണ്ടിയാണോ രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയതു് ?



(Courtesy : Deshabhimani - Posted on: 31-May-2013 09:00 PM)

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത് കോണ്‍ഗ്രസാണ്. ആ പാര്‍ടിയെ നയിക്കുന്നത് നിയമസഭാ സാമാജികന്‍കൂടിയായ രമേശ് ചെന്നിത്തല എന്ന പിസിസി പ്രസിഡന്റാണ്. ആ രമേശ് ചെന്നിത്തലയുടെ ഫോണ്‍സംഭാഷണം അനധികൃതമായി പൊലീസ് ചോര്‍ത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കൈമെയ്മറന്ന് സഹായിച്ച എന്‍എസ്എസിന്റെ പരമോന്നത നേതാവുതന്നെയാണ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് തുറന്നടിച്ചത്. തന്നെ ഇക്കാര്യം അറിയിച്ചത് ചെന്നിത്തലതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തല അത് നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് പ്രതികരണമില്ല. ആഭ്യന്തരമന്ത്രി മിണ്ടുന്നില്ല. എന്‍എസ്എസ് ജനറല്‍സെക്രട്ടറിയുടെ ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ചുയര്‍ന്ന പരാതിക്ക്, പൊലീസിലെതന്നെ ഒരുദ്യോഗസ്ഥനെക്കൊണ്ട് നിഷേധ റിപ്പോര്‍ട്ട് എഴുതിപ്പിച്ച് പരിഹാസ്യമായ പരിഹാരം കാണാനാണ് ആഭ്യന്തരമന്ത്രി ശ്രമിച്ചുകാണുന്നത്.

നിയമപ്രകാരം, അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ഒരു പൗരന്റെയും ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഒരാള്‍ക്കുമില്ല. കൊടും കുറ്റവാളികളുടെ ഫോണ്‍ സംഭാഷണമാണ് അങ്ങനെ ചോര്‍ത്തുന്നത്. അതിന് അനേകം നടപടിക്രമങ്ങളുണ്ട്. ഇവിടെ, രാഷ്ട്രീയ- സമുദായ നേതാക്കളുടെ സ്വകാര്യതയിലേക്ക് അധികാരത്തിന്റെ സൗകര്യമുപയോഗിച്ച് പൊലീസ് ചാരന്മാരെ നിയോഗിക്കുക എന്ന അധമവൃത്തിയാണ് അരങ്ങേറിയത്. പെരുകിവരുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തി അറുതിവരുത്തേണ്ട പൊലീസ് ഹൈടെക് സെല്ലിനെയും സൈബര്‍ സെല്ലുകളെയും ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്റെ വിറകുവെട്ടികളും വെള്ളംകോരികളുമാക്കി മാറ്റിയിരിക്കുന്നു.

പ്രതിപക്ഷ നേതാക്കളുടെയും പൊതു പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിയമവിരുദ്ധമായി ചോര്‍ത്തുന്നു എന്ന പരാതി നേരത്തെ ഉയര്‍ന്നതാണ്. അധികാര രാഷ്ട്രീയത്തിന്റെ നിലനില്‍പ്പുതന്നെ പൊലീസിനെ ഉപയോഗിച്ചാണ് എന്ന് പലവട്ടം തെളിയിച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയില്‍ ഇന്നു നടക്കുന്ന യുദ്ധം ആഭ്യന്തരവകുപ്പിനെച്ചൊല്ലിയാണ്. പൊലീസ് വകുപ്പ് വേണമെന്നും തരില്ലെന്നും രണ്ടു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വാശിപിടിക്കുന്നു; യുദ്ധം ചെയ്യുന്നു. ആ വകുപ്പ് കൈയിലെത്തിയാല്‍ എതിരാളികളെ അടിച്ചൊതുക്കാമെന്ന ധാരണയിലാണിത്. പാര്‍ടിക്കകത്തെ എതിര്‍വിഭാഗങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമര്‍ത്താനുള്ള ഉപകരണമായി പൊലീസിനെ യുഡിഎഫ് മാറ്റിയിരിക്കുന്നു എന്ന് തെളിയിക്കാന്‍ ഈ തര്‍ക്കംതന്നെ ധാരാളം.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ പത്രസമ്മേളനം വിളിച്ചാണ്, ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ആക്ഷേപമുന്നയിച്ചത്. തന്റെ ഫോണ്‍ മാത്രമല്ല, ഒരുവര്‍ഷത്തോളമായി രമേശ് ചെന്നിത്തലയുടെ ഫോണും ചോര്‍ത്തുകയാണെന്നു പറഞ്ഞ അദ്ദേഹം, വിരല്‍ചൂണ്ടിയത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെയാണ്. തിരുവഞ്ചൂരും അദ്ദേഹത്തെ നയിക്കുന്ന മുഖ്യമന്ത്രിയും തൊടുന്യായങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട വിഷയമല്ലിത്. ഭീകരരുടെയും സാമ്പത്തിക കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും കള്ളക്കടത്തുകാരുടെയും ഫോണുകളാണ് നിയമപ്രകാരം ചോര്‍ത്താന്‍ കഴിയുക എന്നിരിക്കെ, ഇതില്‍ ഏതു പട്ടികയിലാണ് രമേശ് ചെന്നിത്തലയും സുകുമാരന്‍നായരും പെടുന്നത് എന്ന് വിശദീകരിക്കാനുള്ള ബാധ്യത ഉമ്മന്‍ചാണ്ടിക്കുണ്ട്. ഔദ്യോഗികമായി ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് പറഞ്ഞോ, അന്വേഷണ പ്രഹസനം നടത്തിയോ രക്ഷപ്പെടാനാകുന്ന വിഷയമല്ലിത്. രാജീവ്ഗാന്ധിയുടെ വീടിനടുത്ത് രണ്ടു പൊലീസുകാരെ കണ്ടു എന്ന കാരണം പറഞ്ഞ് ഒരു കേന്ദ്രമന്ത്രിസഭയെത്തന്നെ മറിച്ചിട്ട പാരമ്പര്യമുള്ള പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയില്‍ ആത്മാഭിമാനമുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍, തിരുവഞ്ചൂരിനെയും ഉമ്മന്‍ചാണ്ടിയെയും പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കാനുള്ള ബാധ്യത അവര്‍ക്കുമുണ്ട്. കെപിസിസി അധ്യക്ഷന്റെ ഫോണ്‍ ചോര്‍ത്തി എന്ത് വിവരമാണ് നിങ്ങള്‍ക്ക് എടുക്കാനുള്ളത് എന്ന് ചോദിച്ച് ഉത്തരം വാങ്ങാനുള്ള അവകാശം ഓരോ കോണ്‍ഗ്രസുകാരനുമുണ്ട്; എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുണ്ട്; ഇന്നാട്ടിലെ ഓരോ പൗരനുമുണ്ട്.

യുഡിഎഫിനകത്തെ വഴക്ക് എന്നോ, കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് എന്നോ, കോണ്‍ഗ്രസും സമുദായ സംഘടനകളുമായുള്ള പ്രശ്നമെന്നോ ലളിതവല്‍ക്കരിച്ചു കാണേണ്ട വിഷയമല്ലിത്. അതിനപ്പുറം, ജനാധിപത്യ ധ്വംസനത്തിന്റെയും നിയമലംഘനത്തിന്റെയും സ്വകാര്യതയിലേക്കുള്ള നികൃഷ്ടമായ കടന്നുകയറ്റത്തിന്റെയും അസാമാന്യമായ അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വഭാവമുള്ള അക്ഷന്തവ്യമായ കുറ്റകൃത്യംതന്നെയാണിത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിക്കും സ്വേച്ഛാനുസൃതം ചാടിക്കാനുള്ള വളര്‍ത്തുമൃഗങ്ങളല്ല കേരളത്തിലെ പൊലീസ്. കോണ്‍ഗ്രസിലെ ചിലരുടെ അടുക്കളപ്പണിക്കുപയോഗിക്കേണ്ടതല്ല പൊലീസിന്റെ സാങ്കേതിക സംവിധാനങ്ങള്‍. പ്രതിപക്ഷകക്ഷികളെ വേട്ടയാടാന്‍ അമ്പരപ്പിക്കുന്ന നുണക്കഥകള്‍ സൃഷ്ടിച്ച് അതിന്റെ മറവില്‍ പൊലീസിനെ കയറൂരിവിട്ട അനുഭവം ഈ ഭരണത്തിലുണ്ടായിട്ടുണ്ട്. "തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ വധം, പാര്‍ടി കോടതിയുടെ തീര്‍പ്പിന്റെ ഫലമാണ്" എന്ന കഥ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. അതിന്റെ പേരില്‍, സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ തയ്യാറായി. ആ നുണക്കഥ ഇന്ന്് തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. പൊലീസ് കെട്ടിച്ചമച്ചതാണ് സാക്ഷികളും മൊഴികളുമെന്ന് കോടതിയില്‍ത്തന്നെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കളുടെ അഴിമതിക്കേസുകളും ക്രിമിനല്‍കേസുകളും "അന്വേഷിച്ച്" കുറ്റവിമുക്തി നേടിക്കൊടുക്കുക എന്ന നാണംകെട്ട പണിയും പൊലീസിനെക്കൊണ്ട് ആവര്‍ത്തിച്ച് ചെയ്യിക്കുന്നു. വര്‍ഗീയകലാപക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ കമീഷനെത്തന്നെ പിരിച്ചുവിടാനും ഈ സര്‍ക്കാര്‍ തയ്യാറായി. അതിന്റെയൊക്കെ തുടര്‍ച്ചയാണ്, സ്വന്തം നേതാവിന്റെതന്നെ ഫോണ്‍ചോര്‍ത്തല്‍. ഈ സര്‍ക്കാരില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ആ ദുര്‍ഗന്ധഭാണ്ഡം ചുമലിലേറ്റുന്ന കോണ്‍ഗ്രസുകാരെയോര്‍ത്ത് ഞങ്ങള്‍ സഹതപിക്കട്ടെ.

- See more at: http://www.deshabhimani.com/newscontent.php?id=305069#sthash.mTV7rDJt.dpuf

Blog Archive