നൂറ്റാണ്ടുകള്‍ക്കു് മുമ്പു് തന്നെ സ്വകാര്യ സ്വത്തുടമസ്ഥതയില്‍ അധിഷ്ഠിതമായ മൂലധനാധിപത്യ വ്യവസ്ഥയുടെ മരണ മണി മുഴക്കപ്പെട്ടിരുന്നു. അതു് ചെയ്തതു് മുതലാളിത്ത വികാസത്തിനൊപ്പം വളര്‍ന്നു് വന്ന തൊഴിലാളി വര്‍ഗ്ഗമാണു്. തുടര്‍ന്നിങ്ങോട്ടു്, മുതലാളിത്ത വളര്‍ച്ചക്കൊപ്പം തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റത്തിന്റെ ചരിത്രമാണു് നാം കാണുന്നതു്. മുതലാളിത്തത്തിന്റെ അന്ത്യം ഒന്നര നൂറ്റാണ്ടു് മുമ്പേ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ലവാചാര്യന്മാര്‍ പ്രവചിച്ചിരുന്നു. ശാസ്ത്രീയമായ യുക്തിയുടെ പിന്‍ബലത്തിലാണു് അവരതു് ചെയ്തതു്. അവരുടെ പ്രവചനം സാര്‍ഥകമാക്കിക്കൊണ്ടു് 72 ദിവസം പാരീസ് കമ്യൂണും 72 വര്‍ഷക്കാലം സോവിയറ്റ് യൂണിയനും കുറഞ്ഞ കാലയളവില്‍ മറ്റു് പല രാജ്യങ്ങളും മുതലാളിത്തേതരമായ, സോഷ്യലിസ്റ്റു്, പരീക്ഷണങ്ങള്‍ നടത്തി അതിന്റെ മേന്മകള്‍ ലോകത്തിനു് കാണിച്ചു തന്നതാണു്. എന്നാല്‍, നടത്തിപ്പിലുണ്ടായ പിഴവുകള്‍ കാരണം സോവിയറ്റു് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും മറ്റു് പല രാജ്യങ്ങളിലും സോഷ്യലിസത്തിനു് പിന്നോട്ടടി ഉണ്ടായ സാഹചര്യത്തില്‍ സോഷ്യലിസത്തേക്കുറിച്ചു് പലര്‍ക്കും സംശയം ബാക്കി നില്‍ക്കുന്നു. ഇന്നും സ്വകാര്യ സ്വത്തുടമസ്ഥത അവസാനിപ്പിക്കാന്‍ കഴിയുമെന്നു് വിശ്വസിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല.
പൊതു സ്വത്തുടമസ്ഥതയുടെ മേന്മ തെളിയിക്കപ്പെട്ടിരിക്കുന്നു
ഇന്നു്, സ്വകാര്യ സ്വത്തുടമസ്ഥതയില്‍ അധിഷ്ഠിതമായ മൂലധനാധിപത്യ വ്യവസ്ഥയുടെ അന്ത്യം പ്രായോഗികമാണെന്നു് നമുക്കു് ആധുനിക തൊഴിലാളി വര്‍ഗ്ഗം കാണിച്ചു് തന്നിരിക്കുന്നു. സ്വകാര്യ സ്വത്തുടമസ്ഥതയുടെ വൈകല്യങ്ങളൊന്നുമില്ലാത്തതും ജനാധിപത്യത്തിനും സമത്വാധിഷ്ഠിത സാമൂഹ്യ നിര്‍മ്മിതിക്കും ഉപകരിക്കുന്നതുമായ സ്വത്തുടമസ്ഥതാ രൂപം അവര്‍ സൃഷ്ടിച്ചിരിക്കുന്നു. മറ്റാരുമല്ല, അതു് ചെയ്തിരിക്കുന്നതു്, തൊഴില്‍ വൈദഗ്ദ്ധ്യത്തില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്ന, അറിവിന്റെ മേഖലയില്‍ പണിയെടുക്കുന്ന, സോഫ്റ്റ്‌വെയര്‍ തൊഴിലാളികളാണു്.
പൊതു സ്വത്തായിരുന്ന ഭൂമി വളച്ചു് കെട്ടി സ്വകാര്യ സ്വത്താക്കിയതു് പോലെ, മധ്യകാല ഘട്ടത്തില്‍ സ്വന്തമായിരുന്ന തൊഴിലുപകരണങ്ങള്‍ ഉപയോഗിച്ചിരുന്ന കൈത്തൊഴിലുകാരെ ഫാക്ടറി മുതലാളിമാര്‍ നിരാലംബരാക്കിയതു് പോലെ സോഫ്റ്റ്‌വെയര്‍, മാത്രമല്ല അറിവിന്റെ ലോകമാകെ, കയ്യടക്കാനുള്ള ആധുനിക സാമ്രാജ്യത്വ കുത്തകകളുടെ ശ്രമം സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ പരാജയപ്പെടുത്തിയതിനെയാണു് ഇവടെ സൂചിപ്പിക്കുന്നതു്. ക്രീയാത്മകമായി ഇടപെട്ടുകൊണ്ടാണവര്‍ അതു് സാധിച്ചതു്. സ്വതന്ത്രമായി ഉപയോഗിക്കാനും പകര്‍ത്താനും പഠിക്കാനും വികസിപ്പിക്കാനും കൈമാറാനും കഴിയുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചു് സാമൂഹ്യ ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ടാണു് അവര്‍ സ്വകാര്യ സ്വത്തുടമസ്ഥതയുടെ ഏറ്റവും സാന്ദ്രീകൃത രൂപമായ ബഹുരാഷ്ട്ര മൂലധനത്തിനു് മേല്‍ വിജയം നേടിയതു്.
ഇന്നു്, സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളേക്കാള്‍ മികച്ചതായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സാമൂഹ്യ ഉടമസ്ഥതയുടെ മേന്മകള്‍ ഒന്നൊന്നായി സമൂഹത്തിനു് അനുഭവവേദ്യമാക്കുന്നു. ഉപയോഗിക്കുന്നവര്‍ക്കു് സ്വാതന്ത്ര്യം. ആര്‍ക്കും ആരുടെമേലും ആശ്രിതത്വമില്ല. വിദ്യാര്‍ത്ഥികള്‍ക്കു്, സംരംഭകര്‍ക്കു്, ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കു്, പൊതു സ്ഥാപനങ്ങള്‍ക്കു്, സര്‍ക്കാരുകള്‍ക്കു് എന്നു് വേണ്ട കുത്തക കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കു് പോലും സ്വതന്ത്ര വികസനത്തിനു് ഏറെ ആവശ്യമായതു്. വിവര സുരക്ഷിതത്വം ഉറപ്പാക്കാം. ശൃംഖലാ സുരക്ഷിതത്വം കൂടുതല്‍. അമിത വിലയോ ലൈസന്‍സ് ഫീയോ ഇല്ലാത്തതിനാല്‍ കുറഞ്ഞ ചെലവില്‍ ആര്‍ക്കും വിവരാവശ്യങ്ങള്‍ നിര്‍വഹിക്കാം. സാധാരണ ജനങ്ങളുടെ ശാക്തീകരണത്തിനും വിവര വിടവു് കുറയ്ക്കാനും ഉപകരിക്കുന്നു.
സംശയാലുക്കളെയടക്കം സ്വകാര്യ സ്വത്തുടമസ്ഥതയുടെ വൈകല്യങ്ങളും പൊതു സ്വത്തുടമസ്ഥതയുടെ മേന്മകളും ബോദ്ധ്യപ്പെടുത്തുന്ന തരത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമല്ല, സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനം തന്നെ ശക്തമായി മുന്നേറുന്ന കാഴ്ച തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനു് അവേശകരമായ അനുഭവമാണു്.
പൊതു സ്വത്തുടമസ്ഥതയുടെ നിയമ ചട്ടക്കൂടും ഭാവി സംരംഭകത്വത്തിന്റെ മാതൃകയും
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും പൊതു ഉടമസ്ഥതയുടെ നിയമ ചട്ടക്കൂടായ ജനറല്‍ പബ്ലിക് ലൈസന്‍സും (General Public Licence – GPL) പൊതു സ്വത്തുടമസ്ഥതയുടെ മാത്രമല്ല, ഭാവി സമൂഹത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ദിശാ സൂചന നല്‍കുന്ന, ശിഥിലങ്ങളെങ്കിലും, ചില ചിത്രങ്ങള്‍ അനാവരണം ചെയ്യുന്നു. തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിലൂടെ മുതലാളിത്തം അവസാനിപ്പിച്ചാല്‍, പിന്നെ, തുടര്‍ന്നു് വരുന്ന സമൂഹത്തില്‍ പണിയെടുക്കുന്നവരുടെ നില എന്തായിരിക്കുമെന്നതിനു് മാതൃകകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ നമുക്കു് കാട്ടിത്തരുന്നു. അവരുടെ അരാജകവാദ പ്രവണതകളല്ല, മറിച്ചു് അവര്‍ പ്രകടിപ്പിക്കുന്ന സാമൂഹ്യ സംരംഭകത്വമാണു് ഇവിടെ സൂചിപ്പിക്കുന്നതു്. മുതലാളിത്തം അവസാനിച്ചിട്ടില്ലാത്തതിനാല്‍ പൂര്‍ണ്ണമായിട്ടല്ലെങ്കിലും, നിലവിലുള്ള സമൂഹത്തില്‍ തന്നെ ഭാവി സമൂഹത്തിന്റെ പല ഘടകങ്ങളും രൂപപ്പെടുന്നുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധര്‍ പ്രകടിപ്പിക്കുന്ന സാമൂഹ്യ സംരംഭകത്വം തൊഴിലാളികളുടെ ഭാവി തലമുറ എങ്ങിനെയായിരിക്കാമെന്നതിന്റെ രൂപരേഖ കോറിയിടുന്നു.
മൂലധനാധിപത്യ വ്യവസ്ഥയുടെ ആഭ്യന്തര വൈരുദ്ധ്യം
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ മുന്നേറ്റം കുത്തക ലാഭത്തില്‍ ഇടിവുണ്ടാക്കുന്നതാണു്. ഈ തിരിച്ചടി മൂതലാളിത്ത കുഴപ്പം മൂര്‍ച്ഛിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നു കൂടിയാണു്. ലോക മുതലാളിത്ത സാമ്പത്തിക ക്രമം അതി ഗുരുതരമായ പ്രതിസന്ധി നേരിടുകയാണു്. തൊഴില്‍ സ്ഥാപനങ്ങള്‍ തകര്‍ന്നടിയുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ പാപ്പരാകുന്നു. ഇവയ്ക്കൊന്നും ഉത്തരവാദികള്‍ അവകാശങ്ങള്‍ക്കു് വേണ്ടി പോരാടുന്ന തൊഴിലാളികളല്ല. മൂലധനത്തിന്റെ ലാഭക്കൊതി മാത്രമാണു്. പക്ഷെ, ഇന്നും തൊഴിലാളികളേയും അവരുടെ സംഘടനകളേയും കുറ്റം പറഞ്ഞുകൊണ്ടു് മൂലധനാധിപത്യത്തെ കുറ്റ വിമുക്തമാക്കാനാണു് സമൂഹത്തിന്റെ പൊതു ബോധം ഉപയോഗിക്കപ്പെടുന്നതു്.
ആര്‍ക്കും ന്യായീകരിക്കാനാവാത്ത ജനാധിപത്യ ധ്വംസനം, നഗ്നമായ പൊതുമുതല്‍ കൊള്ള
ആഭ്യന്തര വൈരുദ്ധ്യം കൊണ്ടു് പ്രതിസന്ധിയിലായ, കാലഹരണപ്പെട്ട മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പു് നീട്ടാനാവുമോ എന്ന ശ്രമത്തിലാണു് മൂലധന മേധാവിത്വം ഏര്‍പ്പെട്ടിട്ടുള്ളതു്. വ്യവസ്ഥിതിയുടെ നിലനില്പിന്നായി, തകര്‍ന്നടിയുന്ന കുത്തകകളെ രക്ഷിക്കാനായി ഭരണകൂടം ഇടപെടുന്നു. ഈ ഇടപെടല്‍ ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്കു് ഒരു വിധത്തിലും ചേരാത്ത പ്രാകൃത കൊള്ളയുടേയും തനി പിടിച്ചുപറിയുടേയും രൂപം കൈക്കൊണ്ടിരിക്കുന്നു. നഗ്നമായ അഴിമതിയും അതിലൂടെ നടക്കുന്ന പൊതു മുതലിന്റെ കൊള്ളയും പ്രാകൃത മൂലധന രീതികളായി അറിയപ്പെടുന്ന തനി കടല്‍ കൊള്ളയെ പോലും നാണിപ്പിക്കുന്നതായി മാറിയിരിക്കുന്നു. എന്നിട്ടും അവയെ ന്യായീകരിക്കന്‍ ആധുനിക ജനാധിപത്യം ആണയിടുന്ന സര്‍ക്കാരുകളും അവയെ പിന്തുണക്കുന്നവരും തയ്യാറാകുന്നു.
സര്‍ക്കാരുകള്‍ തൊഴിലാളികളുടെ ആനുകൂല്യം പിടിച്ചെടുത്തു് മൂലധന ശക്തികള്‍ക്കു് നല്‍കുന്നു. ബഹുജനങ്ങളെ മൊത്തത്തില്‍ പാപ്പരീകരിച്ചുകൊണ്ടു് മൂലധന കുത്തകകള്‍ക്കു് പിടിച്ചു് നില്‍ക്കാന്‍ സര്‍ക്കാര്‍ സഹായം വാരിക്കോരി നല്‍കുന്നു. എന്നിട്ടും മൂലധന വിപണി കൊടുങ്കാറ്റിലകപ്പെട്ട പായക്കപ്പല്‍ പോലെ ചാഞ്ചാടുന്നു. കുത്തകകള്‍ തന്നെ പാപ്പരാകുന്നു. പരിസ്ഥിതിനാശവും പ്രകൃതി വിഭവ ശോഷണവും ആശങ്കാകുലമാം വണ്ണം നടക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഉല്പാദന വ്യവസ്ഥയെ തകിടം മറിക്കുന്ന തരത്തില്‍ അപകടകരമായ സ്ഥിതിയിലേയ്ക്കെത്തിയിരിക്കുന്നു. ഒരു തകര്‍ച്ചയുടെ വക്കിലാണതു്. ഈ പ്രശ്നങ്ങള്‍ക്കൊന്നും സ്വകാര്യ സ്വത്തുടമസ്ഥതയുടെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ മുതലാളിത്തത്തിനു് പരിഹാരം കാണാന്‍ കഴിയുന്നില്ല. പരിഹാരം നിര്‍ദ്ദേശിക്കാന്‍ പോലും കഴിയുന്നില്ല. അവരടക്കം, ഇന്നു്, ഇനിയെന്തെങ്കിലും വക്രീകരണങ്ങള്‍ സാധ്യമാകുമോ എന്ന അന്വേഷണത്തിന്റെ ഭാഗമായി മാര്‍ക്സിസം-ലെനിനിസം പഠിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. വ്യവസ്ഥാമാറ്റം അടിയന്തിരവും അനിവര്യവുമാണെന്നു് ഈ പ്രതിസന്ധി വെളിപ്പെടുത്തുന്നു.
സോഷ്യലിസ്റ്റു് തിരിച്ചടി മുതലെടുത്തു് മൂലധനാധിപത്യത്തിന്റെ ആഗോളവല്കരണം
പക്ഷെ, രാഷ്ട്രീയമായി മുതലാളിത്ത വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവാക്കാന്‍ എല്ലാ ശക്തിയും സമാഹരിച്ചു് പൊരുതുകയാണു് ലോക മുതലാളിത്തം. സോവിയറ്റു് യൂണിയന്റെ തകര്‍ച്ചയോടെ കൈവന്ന അവസരം ഉപയോഗിച്ചു് അവര്‍ തൊഴിലാളികള്‍ക്കെതിരെ കടന്നാക്രമണം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 19-ആം നൂറ്റാണ്ടില്‍ നേടിയെടുത്ത 8 മണിക്കൂര്‍ നിയമാധിഷ്ഠിത തൊഴില്‍ ദിനം പോലും അപ്രസക്തമാക്കപ്പെടുന്നു. അതു് നേടുമ്പോള്‍ മൂലധന രൂപീകരണം പ്രാകൃതാവസ്ഥ മറികടന്നിരുന്നില്ല. വന്‍കിട ഫാക്ടറികളും ആവി യന്ത്രങ്ങളും രംഗത്തു് വരുന്നതേയുണ്ടായിരുന്നുള്ളു. കല്‍ക്കരിയായിരുന്നു, പ്രധാന ഇന്ധനം. ഗതാഗതം വളരെ സമയമെടുത്തിരുന്നു. വിവര വിനിമയം വളരെ പ്രാകൃതാവസ്ഥയിലായിരുന്നു. മോഴ്സ് കോഡും ടെലിഫോണും അപ്പോള്‍ മാത്രം രംഗത്തെത്തിയതേയുണ്ടായിരുന്നുള്ളു. പ്രാകൃത മാനേജ്മെന്റ് സംവിധാനമാണു് നിലനിന്നിരുന്നതു്. ശാസ്ത്രം വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരുന്നതേയുള്ളു. സാങ്കേതിക വിദ്യ ശൈശവദശയിലായിരുന്നു. എന്നിട്ടും നിയമാധിഷ്ഠിതമായി തൊഴില്‍ ദിനം 8 മണിക്കൂറാക്കിയെടുക്കാന്‍ തൊഴിലാളികള്‍ക്കു് കഴിഞ്ഞു.
ഇന്നു്, 2011 ല്‍ തൊഴിലാളികളുടെ സ്ഥിതി 1886 ലെ സ്ഥിതിയെ അപേക്ഷിച്ചു് വളരെ മെച്ചപ്പെട്ടിരിക്കുന്നതു് മുതലാളിത്തത്തിന്റെ ഔദാര്യം കൊണ്ടല്ല. തൊഴിലാളി വര്‍ഗ്ഗം നടത്തിയ ധീരോദാത്തമായ സമരങ്ങളിലൂടെ മെച്ചപ്പെടുത്തിയതാണു്. സോവിയറ്റു് യൂണിയനിലും തുടര്‍ന്നു് കിഴക്കന്‍ യൂറോപ്പിലും ചൈനയിലും ക്യൂബയിലും വിയറ്റ്നാമിലുമൊക്കെ തൊഴിലാളി വര്‍ഗ്ഗം അധികാരത്തിലെത്തുകയും ഇന്ത്യയല്‍ കേരളവും ബംഗാളും ത്രിപുരയും പോലെ പല പ്രദേശങ്ങളിലും തൊഴിലാളി വര്‍ഗ്ഗ പാര്‍ടികള്‍ നിര്‍ണ്ണായക ശക്തിയായി മാറുകയും പ്രാദേശിക ഭരണത്തില്‍ മുതലാളിത്ത ബദലുകള്‍ ഉയര്‍ത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മുതലാളിത്തത്തിനു് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നു. പക്ഷ, മൂലധനത്തിന്റേയും മിച്ചമൂല്യത്തിന്റേയും വളര്‍ച്ചയും വികാസവുമായി തട്ടിച്ചു് നോക്കുമ്പോള്‍ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളിലുണ്ടായ മെച്ചപ്പെടല്‍ വെറും നാമ മാത്രമാണു്.
മാത്രമല്ല, ഇന്നു്, നിയമാധിഷ്ഠിതമായി അനുവദിക്കപ്പെട്ട 8 മണിക്കൂര്‍ തൊഴില്‍ ദിനം പോലും തിരിച്ചു് പിടിക്കപ്പെടുന്നു. 20-ആം നൂറ്റാണ്ടില്‍ നേടിയെടുത്ത തൊഴില്‍ സ്ഥിരത നഷ്ടപ്പെടുന്നു. സ്ഥിരം തൊഴിലിനു് പകരം താല്‍ക്കാലിക-പാര്‍ട്‌ടൈം-മണിക്കൂര്‍ നിരക്കില്‍-കുടില്‍ തൊഴില്‍ വര്‍ദ്ധിക്കുന്നു, എന്നിട്ടും തൊഴിലില്ലായ്മ ഉയര്‍ന്നു് തന്നെ നില്‍ക്കുന്നു. ബഹു ഭൂരിപക്ഷത്തിനും പട്ടിണിക്കൂലി മാത്രമാണു് ലഭിക്കുന്നതു്. ചെറു ന്യൂനപക്ഷത്തിനു് മാത്രമാണു് താരതമ്യേന ന്യായമായ വേതനം കിട്ടുന്നതു്. മെച്ചപ്പെട്ട വേതനം കിട്ടുന്നവരാകട്ടെ കടുത്ത തൊഴില്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടിരിക്കുന്നു. മാനേജ്മെന്റിന്റെ ഭാഗമെന്ന പേരില്‍ തൊഴില്‍ സമയത്തിനു് യാതൊരു ക്രമീകരണവുമില്ലാതാക്കിയിരിക്കുന്നു.
മുതലാളിത്ത പ്രതിസന്ധിയുടെ പരിഹാരവും മാനവ മോചനവും വ്യവസ്ഥാമാറ്റത്തിലൂടെ മാത്രം
ബഹുഭൂരിപക്ഷം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാണു് കഴിയുന്നതു്. മുതലാളിത്ത സൃഷ്ടിയായ അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും അവരെ നിത്യ ദുരിതത്തിലേയ്ക്കു് തള്ളിവിടുന്നു. അവരനുഭവിക്കുന്ന ദുരിതങ്ങളുടെ പേരില്‍, ജാതിയുടേയും മതത്തിന്റേയും വര്‍ഗ്ഗീയതയുടേയും പ്രാദേശിക വാദത്തിന്റേയും ആടക്കം സ്വത്വ ബോധത്തിന്റെ അടിസ്ഥാനത്തില്‍ ബഹുജനങ്ങളേയും അസംഘടിത തൊഴിലാളികളേയും സംഘടിത തൊഴിലാളികള്‍ക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമം മുതലാളിത്തം നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണു്. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളെ ക്ഷീണിപ്പിക്കുക എന്നതൊഴിച്ചു്, ബഹുജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം ഈ പ്രചരണത്തിനു് പിന്നിലില്ല. അതിനാല്‍, തൊഴിലാളിവര്‍ഗ്ഗം തങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള വിലപേശലുകളില്‍ വിട്ടു് വീഴ്ച ചെയ്തിട്ടു് യാതൊരു നേട്ടവും ബഹുജനങ്ങള്‍ക്കുണ്ടാകുന്നില്ല. പകരം, തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങളുടെ ഭാഗമായി അവരുടെ തനതു് നില മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം ബഹുജനങ്ങളുടെ നില മെച്ചപ്പെടുത്തുക എന്നതു് കൂടി ഏറ്റെടുക്കുക മാത്രമാണു് വേണ്ടതു്. കാരണം, മുതലാളിത്തം സൃഷ്ടിക്കുന്ന ദൂരിതം പേറുന്നവരാണവരും. മുതലാളിത്തം അവസാനിപ്പിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്കാകെ മോചനമുള്ളു എന്ന അവസ്ഥയാണിന്നുള്ളതു്. സമൂഹത്തെയാകെ എല്ലാ വിധ ദുരിതങ്ങളില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കുക എന്നതു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനത്തിനുള്ള മുന്നുപാധിയുമാണു്.
മൂലധനാധിപത്യത്തിന്റെ ആഗോളവല്‍ക്കരണത്തിനു് ബദല്‍ തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയത
ഇന്നു്, 2011 ല്‍ - ശാസ്ത്ര-സാങ്കേതിക രംഗത്തു് വമ്പിച്ച പുരോഗതി കൈവരിച്ചു. ആഗോളമായി, ഗതാഗത സൌകര്യം സാര്‍വ്വത്രികമായി. പെട്രോളിയത്തിന്റേയും വൈദ്യൂതിയുടേയും ഉപയോഗം വ്യാപകമായി. വിവര സാങ്കേതിക വിദ്യ മറ്റെല്ലാ മേഖലകളേയും ഇളക്കി മറിക്കുന്നു. അവ ഉപയോഗിച്ചു് ഇന്നു് വ്യവസായങ്ങള്‍ കൂടുതല്‍ ലാഭകരമായി പുനസംഘടിപ്പിക്കപ്പെടുകയും ലാഭം കുന്നു കൂട്ടപ്പെടുകയുമാണു്. ഉല്പാദന ക്ഷമത നൂറുകണക്കിനു് മടങ്ങായി വര്‍ദ്ധിച്ചു. മൂലധനം ആയിരക്കണക്കിനു് മടങ്ങു് പെരുകി. മൂലധനം ദേശീയാതിര്‍ത്തികള്‍ വിട്ടു് സ്വതന്ത്രമായി. ലാഭവും ലാഭ സാദ്ധ്യതകളും (ചൂഷണവും ചൂഷണ സാദ്ധ്യതകളും) പല മടങ്ങായി ഉയര്‍ന്നു. ഇന്ത്യയില്‍ പോലും കോടിപതികള്‍ വര്‍ദ്ധിക്കുന്നു. അവരുടെ കൈപ്പിടിയിലാണു് ഇന്ത്യന്‍ ഭരണ കൂടം. മുതലാളിത്ത ആഗോളവല്‍ക്കരണത്തിനു് അനുകൂലികളായി അവര്‍ നിലകൊള്ളുന്നതു് തികച്ചും സ്വാഭാവികം. മുതലാളിത്ത വ്യവസ്ഥയുടെ അതിജീവന ത്വരയുടെ ഭാഗം മാത്രമാണതു്.
വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ആഗോളമായി വിവര വിനിമയം മതിയാവോളം സാദ്ധ്യമായിരിക്കുന്നു. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളുടെ അക്ഷയ ഖനികള്‍ സമൂഹത്തിനു് തുറന്നു് കിട്ടിയിരിക്കുന്നു. ബയോടെക്നോളജിയും നാനോ ടെക്നോളജിയും കടന്നു് വരുന്നു. പരിസ്ഥിതി നാശം സൃഷ്ടിക്കുന്ന പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം ഒഴിവാക്കിക്കൊണ്ടു് തന്നെ സാമൂഹ്യ പുരോഗതി ഉറപ്പാക്കാനും ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയുമെന്നായിരിക്കുന്നു. തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വ ദേശീയത ഒരു യാഥാര്‍ത്ഥ്യമായി നമ്മുടെ കണ്‍മുമ്പില്‍ വെളിവാക്കപ്പെടുന്നു.
പൊതു മുതല്‍ കൊള്ളക്കെതിരായ സമരം മൂലധനാധിപത്യത്തിനെതിരായ ശക്തമായ സമര മുഖം
ഇതിനര്‍ത്ഥം, വര്‍ഗ്ഗ സമരം അവസാനിച്ചു എന്നല്ല. അതു് തീക്ഷ്ണമാകുന്നു എന്നു് തന്നെയാണു്. ഇന്നു്, സാമൂഹ്യ പുരോഗതിക്കു് തടസ്സം നില്‍ക്കുന്നതു് സ്വകാര്യ സ്വത്തുടമസ്ഥതയിലൂന്നിയ മുതലാളിത്തമാണു്. ആദ്യ കാലത്തു് ഭൂമി വളച്ചു് കെട്ടിയതു് പോലെ, തുടര്‍ന്നു് ഉല്പാദനോപകരണങ്ങള്‍ സ്വന്തമാക്കിയതു് പോലെ ഇന്നു് അറിവും സ്വകാര്യമാക്കപ്പെടുന്നതു് പോലെ പ്രാകൃത മൂലധന സമാഹരണ പ്രക്രിയ ശക്തമായി തുടരുക തന്നെയാണു്. പൊതു സ്വത്തുക്കളുടെ കൊള്ള, ഖനികള്‍, എണ്ണപ്പാടങ്ങള്‍, മറ്റിന്ധന സ്രോതസുകള്‍, വായു, വെള്ളം, ഇലക്ട്രോ-മാഗ്നറ്റിക് സ്പെക്ട്രം അടക്കം പ്രകൃതി വിഭവങ്ങളെല്ലാം കൊള്ളയടിക്കപ്പെടുകയാണു്. ധന-ഇന്‍ഷുറന്‍സ്-പ്രൊവിഡണ്ടു് ഫണ്ടു് മേഖലകളിലെ നിക്ഷേപങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു ആസ്തികളെല്ലാം കൊള്ളയാടിക്കപ്പെടുന്നു, സ്വകാര്യമാക്കപ്പെടുന്നു. ഈ കൊള്ളക്കു് ജനാധിപത്യ ലേബലുള്ളവയെങ്കിലും മുതലാളിത്ത സര്‍ക്കാരുകള്‍ കൂട്ടു് നില്‍ക്കുന്നു. ഇത്തരം പ്രാകൃത മൂലധന സമാഹരണത്തിന്റെ മാര്‍ഗ്ഗമായ നഗ്നമായ കൊള്ള നടത്തുന്നതിലൂടെയാണു് മുതലാളിത്തം അതിന്റെ പ്രതിസന്ധി താല്താലികമായി മുറിച്ചു് കടക്കുന്നതു്. എന്നാല്‍, ഈ കൊള്ള മറുവശത്തു് സമൂഹത്തെ പാപ്പരാക്കുകയും പ്രതിസന്ധി ആഴമേറിയതാക്കുകയും ചെയ്യുന്നുണ്ടു്. കൊള്ളയുടെ തോതു് വര്‍ദ്ധിപ്പിച്ചുകൊണ്ടു് മുതലാളിത്തം നിലനില്‍പ്പിന്റെ നാളുകള്‍ നീട്ടുകയാണു്. ഈ കൊള്ള അവസാനിപ്പിച്ചു് നാളിതു് വരെ കൊള്ളയടിച്ച മുതലെല്ലാം പിടിച്ചെടുത്തു് സാമൂഹ്യ ഉടമസ്ഥതയിലാക്കുന്നതിലൂടെ മാത്രമേ സമൂഹം ഇന്നു് എത്തിപ്പെട്ടിട്ടുള്ള പതനത്തില്‍ നിന്നു് രക്ഷപെടാന്‍ കഴിയൂ.കുത്തക മൂലധനം പിടിച്ചെടുക്കപ്പെടുന്നതില്‍ അന്യായമായി ഒന്നുമില്ലെന്നു്, ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ക്കും കൂടി, ഇന്നു് നടക്കുന്ന പൊതു മുതലിന്റെ കൊള്ള ബോധ്യപ്പെടുത്തുന്നു. ആ കടമ നിര്‍വ്വഹിക്കാന്‍ ഇന്നും തൊഴിലാളി വര്‍ഗ്ഗത്തിനു് മാത്രമേ കഴിയൂ. ഇക്കാര്യത്തില്‍ യാതൊരു മാറ്റവും കഴിഞ്ഞ നൂറ്റാണ്ടുകളിലും ഉണ്ടായിട്ടില്ല. മാത്രമല്ല, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വാഭാവികമായ നൈര്‍മ്മല്യം കൈമുതലായുള്ളവരാണു് ആധുനിക തൊഴിലാളി വര്‍ഗ്ഗമെന്നും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കളും സാമൂഹ്യ സംരംഭകരുമായ വിവര സാങ്കേതിക തൊഴിലാളികള്‍ സമൂഹത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
സോഫ്റ്റ്‌വെയര്‍ കുത്തകകളെ വെല്ലുവിളിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം അക്കാര്യത്തില്‍ വിജയിച്ചെങ്കില്‍, കുത്തക മൂലധനം ആ രംഗത്തും മറ്റു് മാര്‍ഗ്ഗങ്ങള്‍ തേടാതിരിക്കുന്നില്ല. ക്ലൌഡ് കമ്പ്യൂട്ടിങ്ങു് തുടങ്ങിയ പുതിയ കുത്തക രൂപങ്ങള്‍ അവര്‍ സൃഷ്ടിക്കുകയും സമൂഹത്തെ കൊള്ളയടിക്കാനുള്ള ശ്രമം തുടരുകയും തന്നെയാണു്. പക്ഷെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കാട്ടിത്തന്ന മാര്‍ഗ്ഗം, പൊതു ഉടമസ്ഥതയുടെ മാര്‍ഗ്ഗം അത്തരം കുത്തകവല്‍ക്കരണത്തിനെതിരെ സമൂഹത്തിനു് കൈമുതലായുണ്ടു്. ഈ രംഗത്തും വര്‍ഗ്ഗ സമരം തുടരുക തന്നെ ചെയ്യും.
ആധുനിക തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശ പത്രിക
ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ അവകാശ പത്രികയും പരിഷ്കരിക്കപ്പെടണം. അന്നു്, 1886 ലെ 8 മണിക്കൂറിന്റെ ആശ്വാസം കിട്ടാന്‍ ഇന്നു് തൊഴില്‍ സമയം എത്രകണ്ടു് കുറയണം ? വേതനം എത്ര കണ്ടു് ഉയരണം ? സേവന വ്യവസ്ഥകള്‍ എത്ര കണ്ടു് മെച്ചപ്പെടണം ? ഇത്തരം ഒട്ടേറെ പ്രായോഗിക പ്രശ്നങ്ങള്‍ക്കു് ഉത്തരം തേടേണ്ടതുണ്ടു്. എടുക്കേണ്ട നിലപാടുകള്‍ സുവ്യക്തമാണു്. കമ്പോളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു് തന്നെ, ഉല്പാദിപ്പിക്കപ്പെടുന്ന സമ്പത്തില്‍ മൂലധനത്തിന്റെ ഓഹരിക്കു് (ലാഭത്തിനു്) നിയന്ത്രണം വേണം, അദ്ധ്വാന ശക്തിയുടെ ഓഹരി (കൂലി) വര്‍ദ്ധിപ്പിക്കണം. ഇന്നത്തെ മൂലധനാധിപത്യ വ്യവസ്ഥയുടെ കമ്പോള പ്രതിസന്ധിക്കു് കാരണം കമ്പോള മാന്ദ്യം തന്നെയാണെന്നു് എല്ലാവരും സമ്മതിക്കുന്നു. അതിനായി വേതനം കുറയ്ക്കാതെ തന്നെ തൊഴില്‍ ദിനം കുറയ്ക്കണം. തൊഴിലാളികള്‍ക്കടക്കം ബഹുജനങ്ങള്‍ക്കാകെ സ്വസ്ഥമായ കുടുംബ ജീവിതവും ക്രീയാത്മകമായ സാമൂഹ്യ ജീവിതവും ഫലപ്രദമായ ഭരണ പങ്കാളിത്തവും തുടര്‍ വിദ്യാഭ്യാസവും വിനോദവും ഉറപ്പുവരുത്തണം. ആദ്യ പടിയെന്ന നിലയില്‍, ജീവിത വരുമാനത്തിനു് 4 മണിക്കൂര്‍ അദ്ധ്വാനം മതി എന്നതാകാം തൊഴിലാളികളുടെ അവകാശ പത്രികയിലെ ആദ്യ ഇനം. ബാക്കിസമയത്തില്‍, 4 മണിക്കൂര്‍ അന്നാദ്ധ്വാനത്തിനും (എല്ലാവരും സ്വന്തം ഭക്ഷണത്തിനു് അദ്ധ്വാനിക്കണമെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാടു് പൊലൊന്നു് ആരോഗ്യ പരിരക്ഷക്കാവശ്യമായ വ്യായാമത്തിനും ഉതകും) സാമൂഹ്യ സേവനത്തിനും സ്വയംഭരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നു് ആവശ്യമാണു്. ഇതു് സാമൂഹ്യ സമ്പത്തു് വര്‍ദ്ധിപ്പിക്കാനുള്ളതാണു്. 4 മണിക്കൂര്‍ തുടര്‍ വിദ്യാഭ്യാസത്തിനും വിനോദത്തിനുമായി വേണം. 4 മണിക്കൂര്‍ കുടുംബ/സ്വകാര്യ ജീവിതത്തിനു് ആവശ്യമാണു്. 8 മണിക്കൂര്‍ വിശ്രമവും. നിലവിലുള്ള തൊഴിലാളികളുടെ തൊഴില്‍ ദിനം 4 മണിക്കൂറായി നിജപ്പെടുത്തുമ്പോള്‍ പണിശാലയുടേയും സംവന സ്ഥാപനങ്ങളുടേയും പ്രവൃത്തി സമയം കുറയ്ക്കുകയല്ല, മറിച്ചു്, ഉല്പാദന-സേവന സമയം കൂട്ടുകയും കൂടുതല്‍ മെച്ചപ്പെട്ടതും ഗുണമേന്മയുള്ളതുമായ ഉല്പന്നങ്ങളും സേവനവും നല്‍കുകയുമാണു് വേണ്ടതു്. അവശ്യ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കപ്പെടണം. മറ്റ് സേവനങ്ങള്‍, ആവശ്യാനുസരണം 16 ഓ 12 ഓ 10 ഓ 8 ഓ മണിക്കൂറായി നിജപ്പെടുത്തപ്പെടണം. സേവനം മെച്ചപ്പെടുത്താനും കൂടുതല്‍ സമയം സേവനം നല്‍കാനും നിലവിലുള്ളവരുടെ അദ്ധ്വാന സമയം കുറയ്ക്കാനും കൂടുതലാളെ പണിക്കെടുക്കണം. അതു് തൊഴിലില്ലായ്മക്കു് പരിഹാരവുമാകും. എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കണം. ഏതാനും പേര്‍ പണിയെടുക്കുകയും മറ്റുള്ളവര്‍ അവരെ ആശ്രയിച്ചു് ജീവിക്കുകയുമെന്ന സ്ഥിതി മാറണം.
തൊഴിലാളി വര്‍ഗ്ഗ സംഘടനകള്‍ പുതിയ മുന്നേറ്റങ്ങള്‍ക്കു് പാകത്തില്‍ സക്രിയവും ചലനാത്മകവും ചടുലവുമാകണം
അസംഘടിത തൊഴിലാളികളേയും ഒരു കാലത്തു് സംഘടിത മേഖലയിലായിരുന്നെങ്കിലും ഇന്നു്, അസംഘടിതരാക്കപ്പെടുന്നവരേയുമടക്കം സംഘടിപ്പിക്കാന്‍ വിവര സാങ്കേതിക വിദ്യയുടെ സിദ്ധികള്‍ ഉപയോഗിക്കപ്പെടണം. നിലവില്‍ സംഘടിതരായ തൊഴിലാളികളുടെ സംഘടനകള്‍ ആധുനിക വിവര സങ്കേതങ്ങളുപയോഗിച്ചു് മെച്ചപ്പെട്ട ചലനാത്മകത കൈവരിക്കണം. കര്‍ഷക തൊഴിലാളികളും മറ്റിതര ജനവിഭാഗങ്ങളും അസംഘടിതരായി തുടരാന്‍ കാരണം അവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മൂലം അവര്‍ ചിതറിക്കുടക്കുന്നു എന്നതാണു്. അത്തരത്തിലുള്ള തൊഴിലാളികളേയും ഗിരിജന-ഹരിജന-ഗ്രാമീണ-നഗര ദരിദ്ര ജനവിഭാഗങ്ങളേയും സംഘടിപ്പിക്കുന്നതിനു് ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള കൂട്ടായ്മകളിലൂടെ കഴിയണം. അവരുടെ വിവരങ്ങള്‍ ശേഖരിച്ചു് സംഭരിച്ചു് സമാന സ്വഭാവമുള്ള വിവിധ ട്രേഡുകളുടേയും മേഖലകളുടേയും വിഭാഗങ്ങളുടേയും സംഘടനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം.
വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കി സ്വയം ശാക്തീകരിക്കുന്നതോടൊപ്പം സമൂഹത്തെയാകെ ശാക്തീകരിക്കണം
സാമൂഹ്യ വികാസത്തിന്റെ ശ്രേണിയില്‍ തൊഴിലാളികള്‍, പ്രത്യേകിച്ചും, സാങ്കേതിക രംഗത്തും ഭരണ നിര്‍വഹണ രംഗത്തുമുള്ളവര്‍ പരമ്പരാഗത വിവര സാങ്കേതിക വിദ്യയുടെ ഘട്ടത്തില്‍ ഉയര്‍ന്ന പടവുകളിലെത്തിയിരുന്നു. എന്നാലിന്നു്, വിവര സാങ്കേതിക വിദ്യയുലുണ്ടായിരിക്കുന്ന വിപ്ലവകരമായ കുതിച്ചുചാട്ടം അത്തരം തൊഴിലാളികളെ മാത്രമല്ല, വിവര സാങ്കേതിക രംഗത്തുള്ള വളരെ കുറച്ചു് പേരൊഴിച്ചു്, എല്ലാ വിഭാഗം ജനങ്ങളേയും പിന്നോക്കാവസ്ഥയിലേയ്ക്കു് തള്ളി വിട്ടിരിക്കുകയാണു്. മുതലാളിത്ത ശക്തികള്‍ കയ്യാളുന്നവയും സമൂഹത്തിനു് സാദ്ധ്യവുമായ കഴിവുകളുമായി താരതമ്യം ചെയ്യുമ്പോള്‍, തൊഴിലാളികളേയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഗിരിജന-ഹരിജന-ഗ്രാമീണ-നഗര ദരിദ്ര ജനവിഭാഗങ്ങളോടൊപ്പം എത്തിച്ചിരിക്കുന്നതായി കാണാം. സംഘടിത തൊഴിലാളി വിഭാഗങ്ങള്‍ക്കും ശാക്തീകരണം ആവശ്യമായിരിക്കുന്നു. സംഘടിതരായതിനാല്‍ അവര്‍ക്കതു് എളുപ്പത്തില്‍ നേടാന്‍ കഴിയും. എന്നാല്‍, തൊഴിലാളികളുടെ ഭാവി താല്പര്യം, കൂലിയടിമത്തം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുക എന്നതു്, നേടാനായി സഖ്യ ശക്തികളായ വിവിധ വിഭാഗം ജനങ്ങളെക്കൂടി കൂട്ടത്തില്‍ ശാക്തീകരിക്കേണ്ട ചുമതലയും ബാധ്യതയും സംഘടിത തൊഴിലാളി വര്‍ഗ്ഗം ഏറ്റെടുക്കേണ്ട ഒരു നിര്‍ണ്ണായക ദശാസന്ധിയിലാണിന്നു് സമൂഹം എത്തി നില്‍ക്കുന്നതു്. പ്രാദേശിക സാമൂഹ്യ പഠന കേന്ദ്രങ്ങള്‍ തൊഴിലാളി സംഘടനകള്‍ക്കു് ഏറ്റെടുത്തു് നടത്താവുന്നതാണു്. സ്വയം ശാക്തീകരണത്തോടൊപ്പം പ്രാദേശിക ശാക്തീകരണവും സാധിക്കാം. അവയുടെ ശൃംഖല മൊത്തം സമൂഹത്തിന്റെ ശാക്തീകരണത്തിനുള്ള ഉപകരണവുമാകും.
ബൌദ്ധിക സ്വത്തു് ആര്‍ജ്ജിക്കണം, ബൌദ്ധിക സ്വത്തവകാശം പാടില്ല
എല്ലാവരുടേയും ശാക്തീകരണം ഉറപ്പാക്കുക, എല്ലാവര്‍ക്കും ഡിജിറ്റല്‍ സംവിധാനങ്ങളില്‍ പ്രാഥമിക കഴിവു് ലഭ്യമാക്കുക, കമ്മ്യൂണിക്കേഷന്‍ സൌകര്യങ്ങള്‍ സാര്‍വ്വത്രികമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ആവാസ കേന്ദ്രാടിസ്ഥാനത്തില്‍ നടത്തപ്പെടണം. മാതൃ ഭാഷയും കണക്കും അടിസ്ഥാന കഴിവായി പരിഗണിച്ചു് അവയിലൂന്നിയ പ്രാഥമിക ശാക്തീകരണം നടക്കണം. അതോടൊപ്പം ലോക വിജ്ഞാന ഭണ്ഡാരം തുറന്നു് കിട്ടുന്നതിനു് ഇംഗ്ലീഷ് പഠനവും ദേശീയൈക്യത്തിനായി ഹിന്ദി പരിചയപ്പെടലും വേണം. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള കഴിവു് നേടുകയും അതുപയോഗിച്ചു് പഠനം സാധ്യമാക്കുകയും വേണം. സ്വതന്ത്ര സോഫ്റ്റ്‌വെയറും ഓപ്പണ്‍ ഡോക്യുമെന്റ് ഫോര്‍മാറ്റുകളും മാത്രമേ അവിടെ ഉപയോഗിക്കപ്പെടാന്‍ പാടുള്ളു. എങ്കില്‍ മാത്രമേ അവിടെ സൃഷ്ടിക്കപ്പെടുന്ന അറിവും സ്വതന്ത്രമായി സമൂഹത്തിനു് ഉപയോഗിക്കാന്‍ കഴിയൂ.
മാതൃഭാഷയും കണക്കും പ്രധാനം
മാതൃഭാഷയും കണക്കും അടിസ്ഥാന കഴിവായി കണക്കാക്കി അവയിലൂന്നിയ പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്നു് അവയോടൊപ്പം മറ്റു് ബന്ധഭാഷകളും സാമൂഹ്യ ശാസ്ത്രവും പ്രകൃതി ശാസ്ത്രവും സാങ്കതിക വിദ്യയും പഠിപ്പിക്കുന്ന മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത ഹൈസ്കൂള്‍ വിദ്യാഭ്യാസവും പ്രത്യേക വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസവും എന്ന നിലയില്‍ വിദ്യാഭ്യാസ പരിഷ്കാരം നടപ്പാക്കുക, എല്ലാവര്‍ക്കും തൊഴില്‍, ആരോഗ്യപരിരക്ഷ, കിടപ്പാടം, കുടിവെള്ളം, സാനിറ്റേഷന്‍ എന്നിവ സാര്‍വ്വത്രികമായി ഉറപ്പാക്കുക, അതിനെല്ലാമായി തൊഴിലാളി വര്‍ഗ്ഗ ശക്തികളെ വളര്‍ത്തുകയും സാധ്യമായിടങ്ങളിലെല്ലാം അധികാരത്തിലെത്തിക്കുകയും, അങ്ങിനെ എത്തിയിടങ്ങളിലെല്ലാം, അവയെ സംരക്ഷിക്കുകയും ശരിയായ ദിശയില്‍ നയിക്കുകയും ചെയ്യുക തുടങ്ങിയവയ്ക്കായി ജനങ്ങളോടൊപ്പം നിന്നു് പോരാടുന്നതിനുള്ള സംഘടനാ കേന്ദ്രങ്ങളായി ഈ പ്രാദേശിക പാഠശാലകള്‍ മാറണം.
ബൌദ്ധിക സ്വത്തു് തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിജയത്തിന്നടിസ്ഥാനം
ഇത്തരത്തില്‍ ശാക്തീകരിക്കപ്പെടുന്ന തൊഴിലാളിവര്‍ഗ്ഗത്തെ വെല്ലുവിളിക്കാന്‍ മൂലധന ശക്തികള്‍ക്കു് കഴിയാതെ വരും. കാരണം ഇന്നു് അധികാരമാണു് ശക്തി എന്ന സ്ഥിതി മൂലധനം സൃഷ്ടിച്ചിട്ടുണ്ടു്. അറിവാണു് ആ അധികാരം നിര്‍ണ്ണയിക്കുന്നതു് എന്ന സ്ഥിതിയും നിലവില്‍ വന്നിരിക്കുന്നു. അറിവിനു് മേലുള്ള അവകാശം (ബൌദ്ധിക സ്വത്തവകാശം) മാത്രമാണു് മൂലധനശക്തികള്‍ കയ്യടക്കിയിട്ടുള്ളതു്. അറിവു് വ്യക്തികളുടെ തലച്ചോറിലാണു് കുടികൊള്ളുന്നതു്. അതു് മൂലധന ശക്തികളേക്കാള്‍ വഴങ്ങുന്നതു് അദ്ധ്വാനശക്തിക്കാണു്. കാരണം അവര്‍ എണ്ണത്തില്‍ പലമടങ്ങാണു്. അറിവു് ഉപയോഗിക്കുന്നതിലുള്ള പരിചയത്തില്‍ അവര്‍ മൂലധന ഉടമകളേക്കാള്‍ ബഹുകാതം മുമ്പിലാണു്. അദ്ധ്വാനശക്തി അതിനു് സ്വന്തമായതും വഴങ്ങുന്നതുമായ അറിവു് ഉപയോഗിക്കുമ്പോള്‍ മൂലധന ശക്തികളുടെ കയ്യിലുണ്ടെന്നു് അവര്‍ അഹങ്കരിക്കുന്ന ബൌദ്ധിക സ്വത്തവകാശം വെറും അസംബന്ധമാണെന്നു് ബോദ്ധ്യപ്പെടും. ഇതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ രംഗത്തുണ്ടായതു്. ഈ ശാക്തീകരണവും ആത്മവിശ്വാസവും തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും കൈമാറാനും ഇത്തരം പ്രാദേശിക പാഠശാലകള്‍ ഉപകരിക്കപ്പെടണം.
തൊഴിലാളി പഠന കേന്ദ്രങ്ങള്‍ - സാമൂഹ്യ പഠന കേന്ദ്രങ്ങളാകണം
തൊഴിലാളി സംഘടനകള്‍ അവര്‍ക്കു് രാഷ്ട്രീയം (ജനാധിപത്യം, സോഷ്യലിസം) പഠിക്കാനുള്ള കളരികളാണെന്നു് മാര്‍ക്സും എംഗല്‍സും നിരീക്ഷിച്ചതു് ഇന്നും പ്രസക്തമാണു്. സംഘടനകളിലൂടെ ദൈനംദിന ജീവിതാവശ്യങ്ങള്‍ താരതമ്യേന നിറവേറ്റപ്പെടുമ്പോഴും രാഷ്ട്രീയാധികാരം കൈയ്യിലേന്തുന്ന മൂലധന ശക്തികള്‍ക്കു് അദ്ധ്വാന ശേഷിയെ ചൂഷണ വ്യവസ്ഥിതിയില്‍ തളച്ചിടാന്‍ കഴിയുന്നു. തൊഴിലാളികളുടെ നില മെച്ചപ്പെടുമ്പോഴും, സാധാരണ ഗതിയില്‍, ചൂഷണത്തിന്റെ ഭാരം പൊതുവെ ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെടുകയാണു്. എന്നാല്‍, നിര്‍ണ്ണായകമായ വ്യവസ്ഥാ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രതിസന്ധിയുടെ ഭാരം പ്രത്യേകമായി തൊഴിലാളികളുടെ മേലും വന്നു പതിക്കുന്നു. വ്യവസായ തകര്‍ച്ച, കമ്പോള മത്സരം, പ്രകൃതിവിഭവ ചൂഷണം, മൂലധന വെട്ടിപ്പിടുത്തം, അവയ്ക്കെല്ലാം വേണ്ടി നടത്തപ്പെടുന്ന യുദ്ധം തുടങ്ങി അത്തരം പല ദശാസന്ധികളിലും ജനജീവിതം പാടെ ദുഷ്കരമാക്കുക മാത്രമല്ല, തൊഴിലാളി വിഭാഗങ്ങള്‍ ഒന്നടങ്കം തൊഴിലില്‍ നിന്നു് പറിച്ചെറിയപ്പെടുകയും ചെയ്യുന്നു. അങ്ങിനെ തൊഴിലാളികളും ദുരിതം പേറേണ്ടിവരുന്നു. അനാവശ്യമായ ഈ ഭ്രാന്തന്‍ കളി അവസാനിപ്പിക്കാന്‍ തൊഴിലാളി വര്‍ഗ്ഗം മൂലധനാധിപത്യത്തിന്റേതായ ഭരണകൂടത്തിനു് പകരം തൊഴിലാളി വര്‍ഗ്ഗത്തിന്റേതായ ഭരണകൂടം സ്ഥാപിക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ലെന്നു് കൂടുതല്‍ കൂടുതല്‍ വെളിവാക്കപ്പെടുന്നു.
തൊഴിലാളി വര്‍ഗ്ഗ ഭരണ കൂടം ഏറ്റവും വികസിത ജനാധിപത്യം
തൊഴിലാളി വര്‍ഗ്ഗ ഭരണകൂടമാകട്ടെ മൂലധനാധിപത്യത്തേക്കാള്‍ വളരെയേറെ വിപുലമായ ജനാധിപത്യമല്ലാതെ മറ്റൊന്നാകാന്‍ കഴിയില്ല. മുതലാളിത്ത ജനാധിപത്യം എത്ര പ്രാകൃതമാണെന്നതു് അതു് ഇന്നും നിലനിര്‍ത്തിപ്പോരുന്ന സാമൂഹ്യ ഘടനയുടെ സ്തൂപികാ രൂപം തെളിയിക്കുന്നു.
ജനാധിപത്യ ഭരണ കൂടത്തിനു് സ്തൂപികാ ഘടന അനുയോജ്യമല്ല
ജനാധിപത്യം ലോകത്തു് പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലെറെ ആയെങ്കിലും ജനാധിപത്യത്തിനു് സ്വാഭാവികമായും അനുയോജ്യമായ സാമൂഹ്യ ഘടന നാളിതു് വരെ ഉപയോഗിക്കപ്പെട്ടിട്ടില്ല, രൂപപ്പെട്ടിട്ടു് പോലുമില്ല. ജന്മിത്ത കാലഘട്ടത്തില്‍ രൂപപ്പെട്ട അധികാരത്തിന്റെ സ്തൂപികാ രൂപം നിലനിര്‍ത്തപ്പെടുകയാണിന്നും. വ്യത്യസ്താധികാരങ്ങളുള്ള വിവിധ അട്ടികള്‍ ജനങ്ങള്‍ക്കു് മേല്‍ വര്‍ഗ്ഗ ഭരണത്തിന്റെ ഭാരം അടിച്ചേല്പിക്കാനുപയോഗിക്കുന്ന സ്തൂപികാ ഘടനയാണതു്. ജനാധിപത്യത്തിനു് ഒരു കാരണവശാലും അതു് അനുയോജ്യമല്ല. എങ്കിലും ജനാധിപത്യം ആഗ്രഹിക്കുന്നവര്‍ പോലും അട്ടികളായുള്ള അധികാരസ്ഥാനങ്ങളുടെ സ്തൂപികാ രൂപമാണു് മനസില്‍ പേറുന്നതു്. കൂടുതലാളുകള്‍ക്കു് അധികാരം എന്നതു് മാത്രമാണു് അവര്‍ വിഭാവനം ചെയ്യുന്നതു്. മാതൃകയായി മറ്റൊന്നു് നിലവിലില്ല എന്ന പരിമിതി മൂലമാണതു്. അധികാരം എത്ര താഴേക്കു് കൊടുത്താലും ഈ സ്തൂപികാ ഘടന തിരിച്ചാക്കാന്‍ കഴിയില്ല തന്നെ.
തൊഴിലാളി വര്‍ഗ്ഗ ഭരണ കൂടത്തിനു് വിവര സാങ്കേതിക വിദ്യയും തിരശ്ചീന ഘടനയും
ജനാധിപത്യത്തിനു് യോജിച്ചതു് അരും അരുടെമേലും മര്‍ദ്ദനമോ ഭാരമോ ഏല്പിക്കാത്ത തിരശ്ചീന സാമൂഹ്യ ഘടനയാണു്. സമൂഹത്തിലെ ഏതൊരംഗത്തിനും മറ്റൊരംഗത്തിന്റേയോ വര്‍ഗത്തിന്റേയോ തടസപ്പെടുത്തല്‍ കൂടാതെ സാമൂഹ്യ ജീവിതം നയിക്കാന്‍ കഴിയുന്നതാണു് തിരശ്ചീന ഘടന. അത്തരം സാമൂഹ്യ ഘടനയില്‍ സാമൂഹ്യ ജീവിതത്തിലിടപെടാന്‍ എല്ലാവരും ഒരേ പോലെ സ്വതന്ത്രരാണു്. ഓരോരുത്തര്‍ക്കും അവരുടെ കഴിവിനും പ്രാപ്തിക്കും അഭിരുചിക്കും പരിചയത്തിനും അനുസരിച്ചു് പങ്കു് വഹിക്കാനുണ്ടാകും. എല്ലാവരുടേയും കഴിവുകളും ശേഷിയും ഉപയോഗിക്കേണ്ടതു് സമൂഹത്തിന്റെ പുരോഗതിക്കു് അവശ്യം ആവശ്യമാണു്. ഇത്തരം ജനാധിപത്യ വികാസത്തിനു് വിവര ലഭ്യതയും (Availability) പ്രാപ്യതയും (Accessibility) അതി പ്രധാനമാണു്. ഏതു് പ്രശ്നവും, ഏതു് മുന്‍ഗണനയില്‍, എങ്ങിനെ, എപ്പോള്‍, എവിടെ നിന്നുള്ള, ഏതെല്ലാം വിഭവം ഉപയോഗിച്ചു് പരിഹരിക്കണമെന്ന ഭരണ തീരുമാനങ്ങള്‍ എടുക്കാന്‍ ആസൂത്രകര്‍ക്കും നിര്‍വാഹകര്‍ക്കും പരിശോധകര്‍ക്കും ഗുണഭോക്താക്കള്‍ക്കും കഴിയുന്നിടത്താണു് ജനാധിപത്യം സാര്‍ത്ഥകമാകുന്നതു്. അതിനു് അനുരൂപമായ വിവര വിനിമയ സാങ്കേതിക സംവിധാനം സമൂഹത്തിനു് കൈവശമായിട്ടുമുണ്ടു്. വ്യക്തികള്‍ തമ്മിലും വ്യക്തികളും സമൂഹവും തമ്മിലും സമൂഹങ്ങള്‍ തമ്മിലും തടസ്സങ്ങളേതുമില്ലാതെ വിവരം കൈമാറാന്‍ പുതിയ ശൃംഖലാധിഷ്ഠിത സംവിധാനം പര്യാപ്തമാണു്. അവ എല്ലാവരും ഉപയോഗിച്ചു് തുടങ്ങുകയേ ഇനി വേണ്ടൂ.
ജനാധിപത്യത്തിന്റെ (സോഷ്യലിസത്തിന്റേയും തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയാധികാരത്തിന്റേയും) ഈ പുതിയ സങ്കല്പനങ്ങള്‍ പ്രായോഗികമാക്കാനും പരിശീലിക്കാനും സമൂഹത്തേയാകെ പഠിപ്പിക്കാനും കൂടി തൊഴിലാളി സംഘടനകളും അവകളുടെ പ്രാദേശിക പഠന കേന്ദ്രങ്ങളും പ്രയോജനപ്പെടണം.
ആധുനിക തൊഴിലാളി വര്‍ഗ്ഗം ഈ കടമ നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരാണു്
മാനവ മോചനത്തിന്റെ ഈ ദൌത്യം ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ട വര്‍ഗ്ഗം ആധുനിക തൊഴിലാളി വര്‍ഗ്ഗം മാത്രമാണു്. കാരണം, എണ്ണത്തില്‍ നിരന്തരം പെരുകുന്നതു് അവര്‍ മാത്രമാണു്. എണ്ണത്തില്‍ ചൂഷകരേക്കാള്‍ പലമടങ്ങാണവര്‍. അവര്‍ മാത്രമാണു് മൂലധന ശക്തികളാല്‍ തന്നെ അവരുടെ ചൂഷണാവശ്യങ്ങള്‍ക്കായി ബൌദ്ധികമായി ശാക്തീകരിക്കപ്പെടുന്നവര്‍. തൊഴിലിടങ്ങളുടെ വിതരിത പുനസംഘടനയിലൂടെ അവരുടെ പരമ്പരാഗത സംഘടനകളെ ശിഥിലീകരിക്കാനോ ക്ഷീണിപ്പിക്കാനോ മൂലധന ശക്തികള്‍ക്കു് കഴിയുന്നുണ്ടെങ്കിലും അവര്‍ ആധുനിക വിവര വിനിമയ ശൃഖലയിലൂടെ സ്വാഭാവികമായും കൂടുതല്‍ സംഘടിതരാകുകയാണു്. അവര്‍ക്കു് മാത്രമാണു് ആ ശൃംഖലയുടെ അടിത്തറയായി വര്‍ത്തിക്കുന്ന ബൌദ്ധിക സ്വത്തു് സ്വാഭാവികമായി വഴങ്ങുന്നതു്. മൂലധന ശക്തികള്‍ കയ്യാളുന്ന ബൌദ്ധിക സ്വത്തവകാശം സ്വയം പ്രയോഗ ക്ഷമമല്ല. തൊഴിലാളികളുടെ ബൌദ്ധിക സ്വത്തു് സ്വയം പ്രയോഗ ക്ഷമമാണു്. മുതലാളിത്തത്തിന്റെ അന്ത്യവും തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയവുമാണു് ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികാസവും വ്യാപനവും അവയുടെ ഫലങ്ങളും പ്രത്യാഘാതങ്ങളും വിളിച്ചോതുന്നതു്. ജനാധിപത്യത്തിന്റേയും സോഷ്യലിസത്തിന്റേയും പുരോഗതിയുടേയും കാഹളമാണു് മുഴക്കപ്പെടുന്നതു്. സാങ്കേതിക വിദ്യ സ്വയം സാമൂഹ്യമാറ്റം കൊണ്ടുവരികയല്ല, അതുപയോഗിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട, അതുപയോഗിച്ചു് ശാക്തീകരിക്കപ്പെടുന്ന, ആധുനിക തൊഴിലാളി വര്‍ഗ്ഗം സ്വന്തം ജീവിത സാഹചര്യങ്ങളാല്‍ തങ്ങളുടെ മേല്‍ താങ്ങാനാവാത്ത ഭാരം അടിച്ചേല്പിക്കുന്ന നാശോന്മുഖമായ ഈ വ്യവസ്ഥ മാറ്റാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയാണു് ചെയ്യുന്നതു്.
ജോസഫ് തോമസ്, പ്രസിഡണ്ടു്, എഫ്.എസ്.എം.ഐ.
Saturday, April 16, 2011
മൂലധനാധിപത്യ വ്യവസ്ഥയുടെ സൃഷ്ടിയിലും വികാസത്തിലും നിലനില്പിലും അഴിമതിയുടേയും പൊതു മുതല്‍ കൊള്ളയുടേയും പങ്കും ജനാധിപത്യ വികാസത്തിലും തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയുടെ മുന്നേറ്റത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റേയും വിവര സാങ്കേതിക വിദ്യയുടേയും സാധ്യതകളും
Subscribe to:
Post Comments (Atom)
No comments:
Post a Comment