പുതിയ കാലത്ത് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനരീതികളെ സംബന്ധിച്ച് പലതരത്തിലുള്ള പഠനങ്ങളും വിശകലനങ്ങളും നടന്നിട്ടുണ്ട്. ഒരു വിഭാഗം സന്നദ്ധസംഘടനകള്‍ പ്രഷര്‍കുക്കറിലെ സേഫ്റ്റിവാല്‍വ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്. ആഗോളവല്‍ക്കരണനയം സൃഷ്ടിക്കുന്ന സാമൂഹ്യവിപത്തുകള്‍ക്കെതിരെ പൊതുസമൂഹത്തില്‍ ശക്തമായ വികാരം പതുക്കെ ശക്തിപ്പെടാന്‍ തുടങ്ങും. അത് രാഷ്ട്രീയപോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരും. ഈ സമ്മര്‍ദം ശരിയായ ദിശയില്‍ വികസിക്കുകയാണെങ്കില്‍ ഒരുഘട്ടം കഴിയുമ്പോള്‍ പൊട്ടിത്തെറിയിലേക്ക് നയിക്കും. ഇത് ഒഴിവാക്കുന്നതിനായി മര്‍ദം ഇടയ്ക്കിടെ തുറന്നുവിടേണ്ടിവരും. ഇതിനായുള്ള സേഫ്റ്റിവാല്‍വുകളായി പ്രവര്‍ത്തിക്കുന്നത് മിക്കവാറും സന്നദ്ധസംഘടനകളാണ്. ഈ പ്രവര്‍ത്തനം പലതരത്തിലാകാം. ചില സന്നദ്ധസംഘടനകള്‍ ശരിയായ ലക്ഷ്യത്തോടെ രൂപംകൊള്ളുകയും ചില പ്രധാനപ്രശ്നങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവയുമായിരിക്കും. അവയെ കോര്‍പറേറ്റുകളും മറ്റും തന്ത്രപൂര്‍വം തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി പരുവപ്പെടുത്തിയെടുക്കും. ഫണ്ടിങ്ങിലൂടെയും മറ്റു തരത്തിലുള്ള സഹായങ്ങളിലൂടെയുമാണ് ഈ പണി ചെയ്യുന്നത്. ചില സംഘടനകളെയും മുന്നേറ്റങ്ങളെയും കോര്‍പറേറ്റ് ശക്തികള്‍ തന്നെ വളര്‍ത്തിയെടുക്കുകയുംചെയ്യും. ഈ സംഘടനകള്‍ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ മുദ്രാവാക്യങ്ങളാക്കും. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെയും നയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവരുടെയും പിന്തുണ ആര്‍ജിക്കും. ഇവരുടെ ഇടപെടലുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മാധ്യമങ്ങള്‍ നല്ല പ്രചാരം നല്‍കും. എന്നാല്‍, ഇവര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കുതന്നെ കാരണമായ നയങ്ങളെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുകയെന്നത് ഇക്കൂട്ടരുടെ അജന്‍ഡയില്‍പോലും കാണില്ല. അടിസ്ഥാനനയത്തിനെതിരെ ഉയരേണ്ട വികാരത്തെ ഒരു പ്രത്യേക പ്രശ്നത്തില്‍മാത്രം കേന്ദ്രീകരിച്ച് വഴിതിരിച്ചുവിടുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ഉദാഹരണമാണ് അണ്ണ ഹസാരെയുടെ ഉപവാസസമരവും തുടര്‍നടപടികളും.
ഹസാരെ ഉയര്‍ത്തിയ പ്രശ്നത്തിനു സ്വീകാര്യത കിട്ടിയ സാഹചര്യം പ്രധാനമാണ്. രാജ്യത്ത് അഴിമതി ഗൌരവമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. രണ്ടാംതലമുറ സ്പെക്ട്രം, കോമവെല്‍ത്ത് ഗെയിംസ്, ഐഎസ്ആര്‍ഒ എസ് ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ് എന്നിങ്ങനെയുള്ള അഴിമതിയില്‍ ഉള്‍പ്പെട്ട തുക സങ്കല്‍പ്പിക്കാന്‍പോലും പറ്റാത്ത വലുപ്പമുള്ളതാണ്. എന്നാല്‍, ഹസാരെയും മറ്റും ചൂണ്ടിക്കാണിക്കുന്നതുപോലെ അഴിമതി ഒരു ധാര്‍മികപ്രശ്നം മാത്രമല്ല. അതിനു മറ്റുപല തലങ്ങളുമുണ്ട്. രണ്ടാം തലമുറ സ്പെക്ട്രം ഇടപാടിലൂടെ രാജ്യത്തിനു നഷ്ടപ്പെട്ട 1.76 ലക്ഷം കോടി രൂപയെന്നത് കേന്ദ്രവിദ്യാഭ്യാസബജറ്റിന്റെ രണ്ടു മടങ്ങിലധികവും ആരോഗ്യബജറ്റിന്റെ മൂന്നുമടങ്ങിലധികവുമാണ്. വിദ്യാഭ്യാസ, ആരോഗ്യ വകയിരുത്തലുകള്‍ക്ക് പണമില്ലെന്ന പല്ലവി പാടുന്ന സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ ഇത്തരം താരതമ്യം ഒഴിവാക്കാനാകാത്തതാണ്. അതുപോലെ മൂന്നു രൂപ നിരക്കില്‍ അര്‍ഹരായ കുടംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ അരിയോ ഗോതമ്പോ നല്‍കുന്നതിന് രണ്ടുവര്‍ഷത്തേക്ക് ആവശ്യമായതിനേക്കാളും വലിയ തുകയാണ് ഈ ഇടപാടിലൂടെ നഷ്ടപ്പെട്ടത്. മറ്റു താരതമ്യങ്ങള്‍ക്ക് തുനിയുന്നില്ല. ഈ പ്രധാനപ്രശ്നം മറച്ചുവച്ചുകൊണ്ട് അഴിമതിവിരുദ്ധ നിലപാടുകാര്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിമര്‍ശത്തെ ദുര്‍ബലപ്പെടുത്തുന്നു. അതുപോലെതന്നെ സ്വിസ് ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കാനാകാത്തതിനും സര്‍ക്കാരിന്റെ നയംതന്നെയാണ് പ്രധാന കാരണം.
എന്തുകൊണ്ടാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ അഴിമതി ശക്തമായത്? എന്തുകൊണ്ടാണ് അഴിമതിത്തുകകളുടെ വലുപ്പം ഞെട്ടിപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്നത്? ഏതെങ്കിലും വ്യക്തികളുടെ ഒറ്റപ്പെട്ട തെറ്റുകള്‍ മാത്രമായി ഇവയെ പരിമിതപ്പെടുത്താമോ? കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുമാത്രം പ്രശ്നത്തിനു ശാശ്വതപരിഹാരം ഉണ്ടാകുമോ? ഇത്തരം ചോദ്യങ്ങളൊന്നും ഹസാരെ മോഡല്‍ സമരത്തില്‍നിന്ന് ഉയരുന്നില്ല. പ്രകൃതിവിഭവത്തിന്റെ ഉപയോഗത്തില്‍ സ്വകാര്യമേഖലയ്ക്കുള്ള പങ്കിനെ സംബന്ധിച്ച നയത്തില്‍നിന്നാണ് സ്പെക്ട്രം അഴിമതി ഉണ്ടാകുന്നത്. ഉദാരവല്‍ക്കരണനയം അഴിമതിയെ മഹത്വവല്‍ക്കരിച്ചു. രണ്ടു ദശകത്തിനുള്ളില്‍ ഭീമാകാരം പൂണ്ട ഇന്ത്യയിലെ പുതുതലമുറ വ്യവസായങ്ങള്‍ അവിശുദ്ധബന്ധത്തിന്റെ ജാരസന്തതികളാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വളര്‍ച്ചയെയും ഇക്കൂട്ടര്‍ കാണുന്നില്ല. കാടു കാണാതെ ചില മരങ്ങള്‍ മാത്രമാണ് ഇവര്‍ കാണുന്നത്. അഴിമതിക്ക് കൂടുതല്‍ വാതിലുകള്‍ തുറന്നിടുകയും സമ്പദ്ഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നവയാണ് ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളിലെ പുതിയ നിയമ ഭേദഗതികള്‍. ഇത്തരം പുതിയ നിയമനിര്‍മാണങ്ങളെ സംബന്ധിച്ച് ഹസാരെയും സംഘവും ഇതുവരെ അഭിപ്രായമൊന്നും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ട അഴിമതി ജനങ്ങളില്‍ ശക്തമായ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. അതിലേക്ക് നയിക്കുന്ന അടിസ്ഥാനകാരണങ്ങള്‍ തിരിച്ചറിയുന്ന ജനത അവയ്ക്കെതിരായ പ്രക്ഷോഭങ്ങളില്‍ കണ്ണിചേരാനുള്ള സാധ്യതയും അധികമാണ്. ഈ സാധ്യതയെ തകര്‍ക്കാന്‍ ഹസാരെ മോഡല്‍ സമരങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് പല കോര്‍പറേറ്റുകളും ഇവരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്നത്. ജിന്‍ഡാലിനെ പോലുള്ള കോര്‍പറേറ്റുകള്‍ കൈയയച്ച് സംഭാവന നല്‍കുന്നത് ഇത്തരം ധാരണകള്‍ അവര്‍ക്ക് ഉള്ളതുകൊണ്ടാണ്. ആഗോളവല്‍ക്കരണ നയങ്ങളെ അന്ധമായി പിന്തുണയ്ക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങളും ഹസാരെക്ക് ശക്തമായ പിന്തുണ നല്‍കുകയുണ്ടായി. അഴിമതിയെ ധാര്‍മികപ്രശ്നം മാത്രമായി ഇവര്‍ ചുരുക്കി.
ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ട് അതിശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുന്നില്ലെന്ന് ചില നിഷ്കളങ്ക സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ട്. സ്പെക്ട്രം അഴിമതി തുടക്കംമുതല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിച്ചത് ഇടതുപക്ഷം മാത്രമാണ്. എന്നാല്‍, അവയ്ക്ക് മാധ്യമപിന്തുണ ലഭിച്ചില്ലെന്നത് വേറെ കാര്യം. മറ്റൊരു ഉദാഹരണം കൂടി സൂചിപ്പിക്കാം. സമീപകാലത്ത് ഡല്‍ഹി കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു മാര്‍ച്ച് 23ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം. ലക്ഷങ്ങള്‍ അണിനിരന്ന തൊഴിലാളി മുന്നേറ്റം ഒരു ചാനലും തല്‍സമയം സംപ്രേഷണം ചെയ്തില്ല. ഐഎന്‍ടിയുസികൂടി പങ്കെടുക്കുന്നുവെന്നതുകൊണ്ട് സാധാരണഗതിയില്‍ വാര്‍ത്താപ്രാധാന്യം കിട്ടേണ്ട മാര്‍ച്ചിന് ചാനലുകളുടെ പ്രൈം ടൈം ന്യൂസില്‍പോലും ഇടം കിട്ടിയില്ല. അടിസ്ഥാന നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ ഈ മാധ്യമങ്ങളുടെ കണ്ണില്‍ വാര്‍ത്തയല്ല. മധ്യവര്‍ഗ, അരാഷ്ട്രീയ ബുദ്ധിജീവികളുടെ റിയാലിറ്റി ഷോകള്‍ ഇരുപത്തിനാലു മണിക്കൂറും തല്‍സമയം ആഘോഷിക്കുന്നവരുടെ താല്‍പ്പര്യവും തിരിച്ചറിയണം. കോര്‍പറേറ്റ് കുത്തകകളുടെ സംഭാവന തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ടാറ്റ ഒരിക്കല്‍ അയച്ച ചെക്ക് മടക്കി നല്‍കുകയുംചെയ്ത ഇടതുപക്ഷത്തിന്റെ നിലപാടിനേക്കാളും വിശ്വാസ്യതയുള്ളത് കോര്‍പറേറ്റുകള്‍ നല്‍കുന്ന പണത്തിനാല്‍ സംഘടിപ്പിക്കുന്ന സമരങ്ങള്‍ക്കാണെന്നത് വിരോധാഭാസമാണ്.
ഹസാരെയുടെ സമരത്തിന്റെ മറ്റൊരു പ്രധാന പ്രശ്നം അതു ജനാധിപത്യത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന് പുരോഗമന മുഖവും പ്രസക്തിയുമുണ്ട്. അവശ്യഘട്ടങ്ങളില്‍ അത് അതിന്റേതായ പക്വതയും പ്രകടിപ്പിച്ചിട്ടുണ്ട്്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് ഉദാഹരണമാണ്. ജനാധിപത്യത്തെയും ജനങ്ങളെയും സംബന്ധിച്ച് പുച്ഛം നിറഞ്ഞ അഭിപ്രായങ്ങളാണ് ഹസാരെ പരസ്യമായി പ്രകടിപ്പിച്ചത്. ആഗോളവല്‍ക്കരണകാലത്ത് ജനാധിപത്യവും പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്്. പണം നല്‍കി വാര്‍ത്ത നല്‍കലിലും ജനാധിപത്യവേദികളില്‍ കോടിപതികളുടെ എണ്ണം വര്‍ധിക്കുന്നതും ഉദാഹരണമാണ്്. എന്നാല്‍, അതിനുള്ള പരിഹാരം ജനാധിപത്യത്തെ നിഷേധിക്കലല്ല. ജനാധിപത്യത്തില്‍ നിയമനിര്‍മാണത്തിന് നിയതമായ വഴികളുണ്ട്്. മന്ത്രാലയങ്ങള്‍ തയ്യാറാക്കുന്ന കരട് ബില്ലുകള്‍ ചര്‍ച്ചകള്‍ക്കായി നേരത്തെതന്നെ പരസ്യപ്പെടുത്താറുണ്ട്. വിവിധ വിഭാഗങ്ങളുമായും ചര്‍ച്ചകളും നടത്താറുണ്ട്. ഇതിനുശേഷം ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. മൂന്നു വായനകളിലൂടെ കടന്നുപോയാണ് ഒരു ബില്‍ നിയമമാകുന്നത്. അവതരണഘട്ടത്തില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് അംഗങ്ങള്‍ക്ക് അവസരമുണ്ട്. ബില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ സാധാരണഗതിയില്‍ സ്റാന്‍ഡിങ് കമ്മിറ്റികളുടെ പരിഗണനയ്ക്ക് അയക്കാറാണ് പതിവ്്. ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തിന് കേരള നിയമസഭ നല്‍കിയ സംഭാവനയാണ് കമ്മിറ്റി സംവിധാനം. സ്റാന്‍ഡിങ് കമ്മിറ്റി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടും. അവരെ വിളിച്ചുവരുത്തിത്തന്നെ തെളിവെടുപ്പ് നടത്തും. ആവശ്യമായ ഭേദഗതികളോടെ അത് തിരിച്ചയക്കും. ഇതു പരിശോധിച്ച് ആവശ്യമായ ഭേദഗതികളോടെയാണ് വീണ്ടും അവതരിപ്പിക്കുന്നത്. വകുപ്പ് തിരിച്ച് ചര്‍ച്ചയും മറ്റും നടത്തി വോട്ടിനിട്ട് ഒരു ബില്‍ നിയമമാകുന്നതിനിടയില്‍ പൊതുസമൂഹത്തിന് ഇടപെടുന്നതിന് നിരവധി അവസരങ്ങളുണ്ട്. പ്രായോഗികമായി പല പരിമിതികളുമുണ്ടാകാറുണ്ടെങ്കിലും ഈ സാധ്യതകളെ കാണാതിരുന്നുകൂടാ. പാര്‍ലമെന്റിലാണെങ്കില്‍ രണ്ടു സഭയും ബില്‍ പാസാക്കണം. ലോക്സഭ പാസാക്കിയ രണ്ടു നിയമത്തില്‍ രാജ്യസഭ സമീപകാലത്ത് വ്യത്യസ്ത നിലപാട് സ്വീകരിക്കുകയുണ്ടായി. ഹൈക്കോടതിയിലെ വാണിജ്യകാര്യങ്ങള്‍ക്കായുള്ള ബെഞ്ച് സംബന്ധിച്ച നിയമവും ടോര്‍ച്ചര്‍ ബില്ലും ലോക്സഭ ചര്‍ച്ച കൂടാതെ പാസാക്കിയെങ്കിലും രാജ്യസഭ സെലക്ട് കമ്മിറ്റിക്ക് അയക്കുകയും അടിസ്ഥാനപരമായ ഭേദഗതികള്‍ നിര്‍ദേശിക്കുകയുംചെയ്തു. വിദ്യാഭ്യാസ ട്രിബ്യൂണല്‍ ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ ചര്‍ച്ചകള്‍ക്ക് ശേഷം അത് മാറ്റിവച്ചു.
എന്നാല്‍, ഇവിടുത്തെ പ്രധാനപ്രശ്നം ദേശീയതലത്തിലെ രണ്ടു പ്രധാന മുന്നണികളും അഴിമതിക്കും അതിലേക്ക് നയിക്കുന്ന നയങ്ങള്‍ക്കും പിന്തുണ നല്‍കുന്നുവെന്നതാണു്. ഇതിനു സഹായിക്കുന്ന നിയമങ്ങള്‍ പാസാക്കുന്നതില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. ഇതു കാണാതെ അഴിമതിക്കെതിരെ വാചകമടി നടത്തുന്നവര്‍ ജനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പൌരസമൂഹവുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള നിയതമായ മാര്‍ഗങ്ങള്‍ പിന്തുടരുന്നതിനു പകരം അവയുടെ കുത്തകാധികാരം ഹസാരെക്ക് നല്‍കുന്നത് ജനാധിപത്യവിരുദ്ധമാണ്. അഴിമതിക്കെതിരായ സമരത്തെ അടിസ്ഥാന നയങ്ങള്‍ക്കെതിരായ സമരവുമായി കണ്ണിചേര്‍ക്കുകയാണ് ഇന്നത്തെ ഇന്ത്യയില്‍ അത്യാവശ്യമായിട്ടുള്ളത്.
(കടപ്പാടു് - ദേശാഭിമാനി - 22-04-2011)
4 comments:
രണ്ടാംതലമുറ സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഐഎസ്ആര്‍ഒ എസ് ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ് എന്നിങ്ങനെയുള്ള അഴിമതിയില്‍ ഉള്‍പ്പെട്ട തുക സങ്കല്‍പ്പിക്കാന്‍പോലും പറ്റാത്ത വലുപ്പമുള്ളതാണ്. സ്വിസ് ബാങ്കു് അക്കൌണ്ടുകളില്‍ കിടക്കുന്ന ഇന്ത്യന്‍ നിക്ഷേപം അതിലേറെയാണു്. ഹസാരെയും മറ്റും ചൂണ്ടിക്കാണിക്കുന്നതുപോലെ അഴിമതി ഒരു ധാര്‍മികപ്രശ്നം മാത്രമല്ല. അതിനു മറ്റുപല തലങ്ങളുമുണ്ട്.
നിലവിലുള്ള വ്യവസ്ഥിതിയുടെ സൃഷ്ടികളായ സാമൂഹ്യവിപത്തുകള്‍ക്കെതിരെ പൊതുസമൂഹത്തില്‍ ശക്തമായ വികാരം ശക്തിപ്പെടുമ്പോള്‍ അത് സാമൂഹ്യ മാറ്റത്തിനായുള്ള രാഷ്ട്രീയപോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരും. സാമൂഹ്യമാറ്റത്തിനായുള്ള ഈ സമ്മര്‍ദം ശരിയായ ദിശയില്‍ വികസിക്കുകയാണെങ്കില്‍ ഒരുഘട്ടം കഴിയുമ്പോള്‍ പുതിയ സമൂഹത്തിന്റെ സൃഷ്ടിയിലേക്കു് നയിക്കും. അതു് ഒഴിവാക്കുന്നതിനായി ഇടയ്ക്കിടെ മര്‍ദം കുറയ്ക്കുന്നതിനായുള്ള സേഫ്റ്റിവാല്‍വുകളായി അത്തരം സമരങ്ങള്‍ കാലഹരണപ്പെട്ട വ്യവസ്ഥിതിയുടെ നിലനില്പിനെ സഹായിക്കുന്നു. മിക്കവാറും സന്നദ്ധസംഘടനകളാണ് ഇത്തരം സമരങ്ങള്‍ക്കു് പിന്നില്‍ പ്രവര്‍ത്തിക്കുന്നതു്.
ഇന്ത്യയിലെ പ്രധാനപ്രശ്നം ദേശീയതലത്തിലെ രണ്ടു പ്രധാന മുന്നണികളും അഴിമതിക്കും അതിലേക്ക് നയിക്കുന്ന നയങ്ങള്‍ക്കും പിന്തുണ നല്‍കുന്നുവെന്നതാണു്. ഇതിനു സഹായിക്കുന്ന നിയമങ്ങള്‍ പാസാക്കുന്നതില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. ഇതു കാണാതെ അഴിമതിക്കെതിരെ വാചകമടി നടത്തുന്നവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. അഴിമതിക്കു് വഴിയൊരുക്കുന്ന നയ ചട്ടക്കൂടു് മാറ്റാന്‍ തയ്യാറുണ്ടോ എന്നതാണു് പ്രസക്തമായ വിഷയം. രാഷ്ട്രീയ-നൈതിക രംഗങ്ങളില്‍ സമൂഹത്തിന്റെ സൃഷ്ടിന്മുഖ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതിനു് പകരം അവയെ തടയാനായി സാമൂഹ്യമാറ്റത്തിന്റെ കുത്തകാധികാരം ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്ക്കോ പതിച്ചു് നല്‍കുന്നത് ജനാധിപത്യവിരുദ്ധമാണ്. അഴിമതിക്കെതിരായ സമരത്തെ സാമൂഹ്യ മാറ്റങ്ങള്‍ക്കു് വേണ്ടിയുള്ളതു അടിസ്ഥാന സമരവുമായി കണ്ണിചേര്‍ക്കുകയാണ് ഇന്നത്തെ ഇന്ത്യയില്‍ അത്യാവശ്യമായിട്ടുള്ളത്.
ഹസാരെ സമരം ഉന്നയിക്കുന്ന ലോക്പാല്‍ ബില്‍ ഒരു തുടക്കമെന്ന നിലയില്‍ സ്വാഗതാര്‍ഹമാണു്. പക്ഷെ, ലോക്പാല്‍ ബില്‍ മാത്രം കൊണ്ടോ അത്തരത്തിലുള്ള ഏതാനും നിയമ നിര്‍മ്മാണം കൊണ്ടോ അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല മൂലധനാധിപത്യ വ്യവസ്ഥയിലെ അഴിമതി എന്ന തിരിച്ചറിവിലേക്കു് നയിക്കാന്‍ ആ സമരം ഉപയോഗിക്കപ്പെടണം. മൂലധനാധിപത്യം തന്നെയാണു് അഴിമതിയുടെ അടിത്തറ. മൂലധനാധിപത്യത്തിനു് പകരം വിജ്ഞാനാധിഷ്ഠിതവും സമത്വത്തിലൂന്നിയതുമായ വികസിത ജനാധിപത്യം സ്ഥാപിക്കപ്പെടുകയാണു് വേണ്ടതു്.
Post a Comment