Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, November 10, 2011

കോടതിയലക്ഷ്യം - തേടി നടക്കുന്ന കോടതി - ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ പ്രതിസന്ധി

ശിക്ഷ സ്റ്റേചെയ്യാഞ്ഞത് ഖേദം പ്രകടിപ്പിക്കാത്തതിനാലെന്ന്

(Deshabhimani - Posted on: 10-Nov-2011 12:31 AM)
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം വി ജയരാജന്റെ ശിക്ഷ നടപ്പാക്കുന്നത് തടയാതിരുന്നത് പരാമര്‍ശങ്ങളില്‍ ഖേദംപ്രകടിപ്പിക്കാതെ ഉറച്ചുനിന്നതിനാലാണെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസില്‍ നടപടികളിലുടനീളം ജഡ്ജിമാരെ നിയമം അറിയാത്ത വിഡ്ഡികളെന്ന് വിശേഷിപ്പിക്കുകയും ആത്മാഭിമാനമുണ്ടെങ്കില്‍ പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ന്യായാധിപര്‍ രാജിവച്ചുപോകണമെന്ന നിലപാടില്‍ ജയരാജന്‍ ഉറച്ചുനില്‍ക്കുകയും ചെയ്തുവെന്ന് കോടതി പറഞ്ഞു. ഈ നിലപാട് മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാനാവില്ലെന്ന് ജസ്റ്റിസുമാരായ വി രാംകുമാര്‍ , പി ക്യു ബര്‍ക്കത്ത്അലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിധി പ്രസ്താവനയ്ക്കുശേഷം എം വി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നായിരുന്നു ജയരാജന്റെ ആവശ്യം. സമാനസാഹചര്യത്തില്‍ ഉണ്ടായ മുംബൈ ഹൈക്കോടതിയുടെ വിധിയും ഹാജരാക്കിയിരുന്നു. എന്നാല്‍ , ഈ വിധി ജയരാജന്റെ കേസില്‍ പിന്തുടരാന്‍ ആവില്ലെന്ന് ഡിവിഷന്‍ബെഞ്ച് പറഞ്ഞു. ശിക്ഷാ വിധി നടപ്പാക്കുന്നത് തടയണമെന്ന ജയരാജന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവ് ബുധനാഴ്ചയാണ് പുറത്തുവന്നത്.

കോടതി അനധികൃതമായി കോടതിയലക്ഷ്യ കേസെടുത്തു് കെണിയിലായി. ഇക്കാര്യം അംഗീകരിച്ചു് മാന്യമായി അതില്‍ നിന്നു് പുറത്തു് കടക്കാന്‍ ശ്രമിക്കുകയാണു് വേണ്ടതു്. പരിഹാര കര്‍മ്മം ചെയ്യുന്നതിനു് പകരം വീണ്ടും വിഡ്ഡിത്തരങ്ങളുമായി മുന്നോട്ടു് തന്നെയെന്നാണു് ഈ വിശദീകരണം കാണിക്കുന്നതു്.


വിമര്‍ശനങ്ങളുടെ പേരില്‍ ശിക്ഷിക്കരുത്: ജ. കട്ജു
എം പ്രശാന്ത്
(Deshabhimani - Posted on: 10-Nov-2011 12:46 AM)
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ പ്രവര്‍ത്തനം അസാധ്യമാക്കുകയോ അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാക്കുകയോ ചെയ്താല്‍ മാത്രമേ കോടതിയലക്ഷ്യ നടപടി ആവശ്യമുള്ളുവെന്ന്് പ്രസ്കൗണ്‍സില്‍ അധ്യക്ഷനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഈ സാഹചര്യമില്ലെങ്കില്‍ കടുത്ത വിമര്‍ശമായാലും നടപടി ആവശ്യമില്ലെന്ന് കോടതിയലക്ഷ്യം അനിവാര്യമോ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ കട്ജു പറഞ്ഞു. സുപ്രീംകോടതി ജഡ്ജിയായിരിക്കെ മാസങ്ങള്‍ക്കുമുമ്പ് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജഡ്ജിയുടെ ഇരിപ്പിടത്തിലേക്ക് ചാടിക്കയറുക, ഫയലുകള്‍ തട്ടിയെടുക്കുക, കോടതിയില്‍ ബഹളമുണ്ടാക്കുക, സാക്ഷിയെയോ കക്ഷിയെയോ ഭീഷണിപ്പെടുത്തുക തുടങ്ങിയ ഘട്ടങ്ങളിലെ കോടതിയലക്ഷ്യം ആവശ്യമുള്ളൂ. കോടതിപ്രവര്‍ത്തനം തടസ്സപ്പെടുത്താത്ത അഭിപ്രായപ്രകടനങ്ങളുടെയോ വിമര്‍ശങ്ങളുടെയോ പേരില്‍ നടപടി ആവശ്യമില്ല. ഇന്ത്യയില്‍ ജനങ്ങളാണ് പരമോന്നതം. കോടതിയും മറ്റുഭഭരണഘടനാ സ്ഥാപനങ്ങളും ജനങ്ങളുടെ സേവകര്‍ മാത്രം. സേവകര്‍ വേണ്ടവിധം പ്രവൃത്തിച്ചില്ലെങ്കില്‍ ഉടമകള്‍ക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ട്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ജഡ്ജിമാരെ വിമര്‍ശിക്കാം. അതുകൊണ്ട് തന്നെ ജഡ്ജിമാരെ വിമര്‍ശിക്കുന്നതില്‍നിന്നും ജനങ്ങളെ വിലക്കുന്ന കോടതിയലക്ഷ്യനിയമത്തിന്റെ ആവശ്യമുണ്ടോയെന്ന് ചോദ്യം പ്രസക്തമാണ്. ജനങ്ങള്‍ക്ക് സ്വതന്ത്രഅഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതാണ്ഭഭരണഘടനയുടെ 19(1)(എ) വകുപ്പ്. 129, 215 വകുപ്പുകള്‍ ഉന്നത നീതിപീഠങ്ങള്‍ക്ക് കോടതിയലക്ഷ്യ നടപടിക്ക് അധികാരം നല്‍കുന്നു. എന്നാല്‍ , ഒരു ജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ 19(1)(എ) വകുപ്പിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ജഡ്ജിമാരെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കണം. എന്തൊക്കെയാണ് കോടതിയലക്ഷ്യമെന്ന കാര്യത്തില്‍ കോടതികള്‍ക്ക് വ്യക്തതയോ ഏക നിലപാടോ ഇല്ല. കോടതികള്‍ സമ്പന്നര്‍ക്ക് അനുകൂലമാണെന്ന് വിമര്‍ശിച്ച ഇ എം എസിനെ കുറ്റക്കാരനായി വിധിച്ചു. ഇതേ വിമര്‍ശം ഉന്നയിച്ച മുന്‍ കേന്ദ്രമന്ത്രി പി ശിവശങ്കറിനെതിരെ നടപടിയുണ്ടായില്ല. എന്താണ് കോടതിയലക്ഷ്യമെന്ന് ആദ്യം നിര്‍വചനമില്ലായിരുന്നു. അപകീര്‍ത്തി, കോടതിപ്രവര്‍ത്തനത്തില്‍ ഇടപെടല്‍ എന്നൊക്കെ പിന്നീട് ഭേദഗതി വന്നെങ്കിലും എന്തൊക്കെയാണ് അപകീര്‍ത്തികരം എന്ന നിര്‍വചനമില്ല. ഇന്നത്തെ അപകീര്‍ത്തിപരമായി കാണുന്നത് നാളെ അങ്ങനെയാകണമെന്നില്ല. ബ്രിട്ടനിലെ ഡെയ്ലിമിറര്‍ പത്രം ഒരു വിധിയെ വിമര്‍ശിച്ച് നിങ്ങള്‍ വിഡ്ഢികള്‍ എന്ന തലക്കെട്ടോടെ ജഡ്ജിമാരുടെ ചിത്രംവച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ , ബ്രിട്ടീഷ് കോടതി നടപടിയെടുത്തില്ല. ഇതേക്കുറിച്ച് വിധി പുറപ്പെടുവിച്ച ബെഞ്ചിലെ സീനിയറായ ലോര്‍ഡ് ടെംപിള്‍മാന്റെ പ്രതികരിച്ചത് താന്‍ വിഡ്ഢിയല്ലെന്ന് തനിക്ക് വിശ്വാസമുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് അവരുടെ നിലപാട് അറിയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ്. ഇംഗ്ലണ്ടിലെ ജഡ്ജിമാര്‍ ഇത്തരം വ്യക്തിഗത വിമര്‍ശങ്ങള്‍ കണക്കിലെടുക്കാറില്ല. ആരെങ്കിലും കോടതിക്ക് അകത്തോ പുറത്തോ തന്നെ വിഡ്ഢിയെന്ന് വിളിച്ചാല്‍ താന്‍ നടപടിക്ക് മുതിരില്ല. കാരണം അത് തന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതല്ല. എന്തായാലും വാക്കുകള്‍ക്ക് ഒരിക്കലും എല്ലൊടിക്കാനാകില്ല. ഒരിക്കലും വിമര്‍ശങ്ങളുടെ പേരില്‍ കോടതിയലക്ഷ്യം പാടില്ല- ജസ്റ്റിസ് കട്ജു പറഞ്ഞു.

ശുംഭനെന്നൊരു വാക്കിന്റെ പേരില്‍ (അതു് എത്രമേല്‍ അവഹേളനപരമായാലും) ഒരു കോടതി ഒരു പൌരനെ ആറു് മാസത്തേയ്ക്കു് ജയിലിലയച്ചതിലൂടെ ആ കോടതി ജയരാജന്‍ വിളിച്ച ശുംഭന്‍ എന്ന പദത്തിനര്‍ഹത തെളിയിക്കുക മാത്രമാണു് ചെയ്തതു്.

നിലവിലുള്ള നിയമപ്രകാരം കോടതി വിധിയെ ചോദ്യം ചെയ്തു എന്ന അര്‍ത്ഥത്തില്‍ ജയരാജന്‍ നടത്തിയതു് കോടതിയലക്ഷ്യം തന്നെയാണു്. കോടതി വിധിയെ ജന മദ്ധ്യത്തില്‍ ചോദ്യം ചെയ്യുകയാണു് ജയരാജന്‍ ചെയ്തതു്. അതു് ചോദ്യം ചെയ്യപ്പെടേണ്ടതുമായിരുന്നു. ചോദ്യം ചെയ്തതു് ശരിയുമായിരുന്നു.അങ്ങിനെ മാറ്റപ്പെടേണ്ട നിലവിലുള്ള നിയമങ്ങളേയും വ്യവസ്ഥിതിയേത്തന്നേയും ചോദ്യം ചെയ്തും ശിക്ഷ അനുഭവിച്ചും തന്നെയാണു് നാളിതു് വരെ കണ്ട മാറ്റങ്ങളിലൂടെ നാം ഇന്നു് കാണുന്ന അവസ്ഥ നിലവില്‍ വന്നതു്.

കോടതിയെ ചോദ്യം ചെയ്യുന്നതിനെതിരെ കേസെടുക്കാനും വിചാരണ ചെയ്യാനും സമചിത്തതയോടെ നിലപാടെടുത്തു് ശിക്ഷിക്കാനും കോടതിക്കു് അധികാരവുമുണ്ടു്. പക്ഷെ, കോടതി വിവേചന ബുദ്ധിയുള്ളതുമായിരിക്കണം. കോടതി നടപടികളെ തടസ്സപ്പെടുത്തുന്നതോ കോടതിയെ കോടതിയില്‍ നേരിട്ടവഹേളിക്കുന്നതോ പൊലൊന്നല്ല ജയരാജന്റെ പരാമര്‍ശം. അതു് കോടതിയുടെ സമീപനത്തെ, നിയമ വ്യാഖ്യാനത്തെ, അധികാര പ്രയോഗരീതിയെ ചോദ്യം ചെയ്തതാണു്. യഥാര്‍ത്ഥത്തില്‍ കോടതിയേയല്ല, കോടതി നടത്തിയ പരാമര്‍ശത്തിലെ അപാകതയേയാണു് ജയരാജന്‍ വിമര്‍ശിച്ചതു്. അതിനെ കോടതിയലക്ഷ്യമായി വ്യാഖ്യാനിച്ചു് കോസെടുക്കാം. വാദം നടത്താം. അതു് കോടതിയുടെ നിലപാടിന്റെ സാധൂകരണമോ നിരാകരണമോ നടത്തുന്നതിനുള്ള അവസരമായി ഉപയോഗിക്കുകയും ചെയ്യാം. അത്തരം വാക്കുകളോ പ്രസ്താവനയുടെ ഉള്ളടക്കം തന്നെയോ കോടതിക്കു് ശരിയല്ലെന്നു് കണ്ടാല്‍ ജയരാജനെ ചെറിയ ശിക്ഷ നല്‍കി, താക്കീതു് ചെയ്തോ പണ്ടു് ഇഎംഎസിനു് നല്‍കിയതു് പോലെ ചെറിയ പിഴയോ മറ്റോ നല്‍കി വിടുകയായിരുന്നു വേണ്ടതു്. അതു് ചെയ്തിരുന്നെങ്കില്‍ കോടതിയുടെ മഹത്വം ഉയരുമായിരുന്നു. മറിച്ചു് കോടതിക്കു് തെറ്റിയെന്നു് കണ്ടാല്‍ അതു് തിരുത്തുകയും ചെയ്യാം. തെറ്റു് പറ്റാത്ത കോടതി എന്ന അഹന്ത കോടതിക്കു് ചേര്‍ന്നതല്ല.

അത്തരം അധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ക്കു് ശിക്ഷ അര്‍ഹതപ്പെട്ടതാണു്. കോടതികള്‍ ചോദ്യം ചെയ്യപ്പെടുന്നതില്‍ കുഴപ്പമൊന്നുമില്ല. ശിക്ഷ ഏറ്റുവാങ്ങി അത്തരത്തില്‍ അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്തു് തന്നെയാണു് ജനാധിപത്യം ഇതു് വരെ വികസിച്ചതു്. ഇന്നും ഫ്യൂഡല്‍ അധികാരത്തിന്റെ പിരമിഡല്‍ ഘടന നിലനിര്‍ത്തുന്ന ഇവിടത്തെ ജനാധിപത്യത്തിന്റെ പരിതാപകരമായ അവസ്ഥയുടെ പ്രതിഫലനം തന്നെയാണു് ഈ കോടതി വിധി. ചോദ്യം ചെയ്യപ്പെടാത്ത കോടതികളെന്നതു് ജനാധിപത്യത്തിനു് നിരക്കുന്നതുമല്ല. കോടതി ഇവിടെ പ്രതികാര ബുദ്ധിയാണു് കാട്ടിയതു്. അതു് തന്നെ കോടതി ഉയര്‍ത്തിപ്പിടിക്കുന്ന നിയമ വ്യവസ്ഥയോടുള്ള അവഹേളനമാണതു്.

മുഖ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും പറയുന്നതു് പാതയോര യോഗം നിരോധിച്ചതിനെ അപ്പീലിലൂടെ ചോദ്യം ചെയ്യുകയാണു് വേണ്ടതു് എന്നാണു്. കോടതി വിധിയെ ചോദ്യം ചെയ്യാന്‍ പാടില്ല പോലും. അവര്‍ ചെയ്യുന്നതു് പോലെ വളഞ്ഞ വഴിയിലൂടെ മറികടക്കാം ! അപ്പീലിനു് വിധേയമാകേണ്ടതു് ഇത്തരം പൊതു കാര്യങ്ങളല്ല. ഇതൊരു ജനാധിപത്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണു്. അതു്ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു് കോടതിക്കും തോന്നണം. മാത്രമല്ല, പൊതു നിരത്തിലോ നിരത്തു് വക്കത്തോ പൊതു യോഗം ചേരുന്നതു് അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യേണ്ടതു് കോടതിയല്ല. ക്രമ സമാധാന പാലകരാണു്. ഇവിടെ കോടതി പോലീസിന്റെ അധികാരം കയ്യേറുകയാണു് ചെയ്തതു്. അതു് ശുംഭത്തരം തന്നെയാണു്. യഥാര്‍ത്ഥത്തില്‍ ജയരാജന്റെ കേസില്‍ കോടതിയുടെ പാതയോര യോഗത്തേക്കുറിച്ചുള്ള മുന്‍ വിധി തിരുത്തി ജയരാജനെ അഭിനന്ദിച്ചു് വിട്ടിരുന്നെങ്കില്‍ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ മഹത്വം വാനോളം ഉയരുമായിരുന്നു.

അപ്പീലിലൂടെ ജനയരാജന്‍ അനുഭവിച്ച ജയില്‍ വാസം ഇല്ലാതാകില്ല. അതിനു് പരിഹാരമില്ല. കോടതി കുറ്റകരമായ നടപടിയാണെടുത്തതു്.

മുഖ്യമന്ത്രിയും യുഡിഎഫ് കൂട്ടാളികളും ജയരാജന്റേയും സിപിഐ(എം) നേതാക്കളുടേയും അഹന്തയേക്കുറിച്ചാണു് അവര്‍ത്തിച്ചു് പറഞ്ഞുകൊണ്ടിരിക്കുന്നതു്. രണ്ടു് എംഎല്‍എ മാരെ പുറത്താക്കിയതു് പോലെ അവരുടെ ആവശ്യപ്രകാരമാണോ ഈ കോടതിയലക്ഷ്യ നടപടിയും വിധിയും ജയിലില്‍ അടയ്ക്കലും ഉണ്ടായതെന്ന സംശയം ഉണര്‍ത്തുന്നതാണു് അവരുടെ വാക്കുകള്‍. ഇടമലയാര്‍ കേസ് വിധിയും ഈ കോടതിയലക്ഷ്യ വിധിയും തമ്മിലുള്ള മുഖ്യമന്ത്രിയുടെ താരതമ്യം കേല്‍ക്കുമ്പോള്‍ അതു് ഉറപ്പാകുന്നു.

മാത്രമല്ല, ഇടമലയാര്‍ കെസിലും തുടര്‍ന്നു് ബാല കൃഷ്ണപിള്ളയുടെ ജയില്‍ വാസ കാലത്തും ഇന്ത്യന്‍ പൌരനെന്ന നിലയില്‍ അദ്ദേഹത്തിനര്‍ഹതപ്പെട്ട സ്വൈര വിഹാരം തടയാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് കോടതിയില്‍ കേസു് കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ശിക്ഷാ ഇളവുകളെ ചോദ്യ ചെയ്യുന്നതിലൂടെയും ശ്രമിച്ചതിനെ കുറ്റപ്പെടുത്തുന്നതു് ജനങ്ങള്‍ കേട്ടതാണു്. ഇന്നിപ്പോള്‍ ജയരാജന്റെ ജയില്‍വാസം ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസവുമായി താരതമ്യം ചെയ്യുന്നതിലൂടെ ബാലകൃഷ്ണപിള്ളയുടെ അഴിമതിയ്ക്ക് ശിക്ഷ കിട്ടിയതിലുള്ള ജാള്യം മറയ്ക്കാന്‍ ജയരാജനെ ശിക്ഷിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ഇടപെട്ടുവെന്ന തോന്നലാണു് ഉണ്ടാക്കുന്നതു്.

കോടതിയലക്ഷ്യത്തിനു് ശിക്ഷിക്കപ്പെട്ട ജയരാജന്റെ ജയില്‍ വാസത്തെ എതിര്‍ക്കുന്നതും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയുടെ ജയില്‍ വാസം ഇളവു് ചെയ്യുന്നതിനെ എതിര്‍ക്കുന്നതും ഇരട്ടത്താപ്പാണെന്നും ചില യുഡിഎഫ് നേതാക്കള്‍ പ്രസ്താവിച്ചു് കണ്ടു. പൌര സ്വാതന്ത്ര്യം രണ്ടിടത്തും ഓരേ പോലെ യാണു് പോലും. അപാരം തന്നെയീ യൂഡിഎഫ് ബുദ്ധി. സമൂഹത്തെ കൊള്ളയടിക്കുന്നവനും സമൂഹത്തിന്റെ സുസ്ഥിതിക്കു് വേണ്ടി വാദിക്കുന്നവനും ഒരുപോലല്ല. ഒന്നു് ജനദ്രോഹമാണു്. ശിക്ഷാര്‍ഹമാണു്. രണ്ടാമത്തേതു് ജനോപകാരപ്രദമാണു്. അഭിനന്ദനീയമാണു്.

പ്രായപൂര്‍ത്തിയാകാത്ത സൂര്യ നെല്ലി പെണ്‍കുട്ടി സ്വയം ഇറങ്ങിച്ചെന്നതു് കൊണ്ടാണു് 42 കശ്മലന്മാര്‍ ആ കുട്ടിയെ പീഢിപ്പിച്ചതെന്നു് കണ്ടെത്തി അവരെ വിട്ടയച്ച കേരള ഹൈക്കോടതി വിധിയും അത്തരം കോടതി നടപടികളും ജന മദ്ധ്യത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടവ തന്നെയാണു്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി
സ്വമേധയാ ഇറങ്ങിച്ചെന്നതാണെങ്കിലും 42 കശ്മലന്മാര്‍ ചെയ്ത അപരാധം അതല്ലാതാവുന്നില്ല. അതു് കാണാന്‍ പുരുഷ മേധാവിത്വ സമൂഹത്തിന്റെ നാറുന്ന പ്രതിനിധികളായ കോടതി മേലാളന്മാര്‍ക്കു് കഴിയാതെ പോയി.

ഇത്തരം ചോദ്യം ചെയ്യലിലൂടെ ഉണ്ടാകുന്നതിനേക്കാല്‍ വലിയ അവഹേളനമാണു് ഒരു വാക്കിന്റേയോ ഒരു വിമര്‍ശനത്തിന്റേയോ പേരില്‍ അഹന്തയില്‍ നിന്നുത്ഭവിച്ച ഈ ശിക്ഷ വിധിച്ച കോടതി ഇന്ത്യന്‍ ജുഡീഷ്യറിയോടു് കാട്ടിയിരിക്കുന്നതു്. കോടതിയലക്ഷ്യം ഇത്തരത്തില്‍ പ്രതികാര ബുദ്ധിയോടെ ശിക്ഷിക്കപ്പെടേണ്ട കുറ്റമാണെന്നു് കാണുന്ന കോടതി സ്വയം അവഹേളനാ പാത്രമായിരിക്കുകയാണു്.

ആറു് മാസം അദ്ദേഹം ജയിലില്‍ കിടക്കുന്നതിലൂടെ ഇന്ത്യന്‍ ജുഡീഷ്യറയുടെ ഈ കളങ്കം എന്നെന്നേയ്ക്കും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാക്കി മാറ്റുകയും ഇതു് തിരുത്തിക്കാന്‍ ഇടയാക്കുകയും ചെയ്യുമെങ്കില്‍, പ്രിയ ജയരാജാ അങ്ങു് ജയിലില്‍ കിടക്കണം. അങ്ങേയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ പിഴച്ച കോടതിക്കു് വേണ്ടി അങ്ങയോടു് മാപ്പിരക്കുന്നു. ഇനി മേലാല്‍ ഒരു കോടതിയും ഇത്തരം അഹന്ത കാണിക്കാന്‍ തോന്നാതിരിക്കത്തക്ക സാഹചര്യമുണ്ടാക്കാന്‍ ഇതു് വഴിയൊരുക്കണം.

ജയരാജനെ നിയമവിരുദ്ധമായി സ്വതന്ത്ര ജീവിതം തടഞ്ഞു് ജയിലടച്ച കോടതി ശിക്ഷാര്‍ഹമായ കുറ്റമാണു് ചെയ്തിട്ടുള്ളതു്. ജഡ്ജിയെ ക്രിമിനല്‍ നിയമ നടപടിക്കു് വിധേയമാക്കേണ്ടതാണു്. കോടതിയുടെ നീതി നിര്‍വ്വഹണ സ്വാതന്ത്ര്യം സംരക്ഷിക്കാനായി നിലവിലുള്ള നിയമം അതു് അനുവദിക്കുന്നില്ല. അതിനാവശ്യമായ നിയമം ഉണ്ടാകണം. ഇവിടെ സ്ഥിരമായ കഷ്ട നഷ്ടം ജയരാജനും അദ്ദേഹം പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ സേവനം നല്‍കുന്ന ജനവിഭാഗങ്ങള്‍ക്കും സംഘടനകള്‍ക്കും രാഷ്ട്രീയ നേതാവെന്ന നിലയില്‍ രാഷ്ട്രത്തിനും ഉണ്ടായിരിക്കുകയാണു്.

അപ്പീലില്‍ വിധി ഇളവു് ചെയ്യപ്പെടുകയോ കുറ്റവിമുക്തനാക്കപ്പെടുകയോ ചെയ്താല്‍ പോലും തടവും അസ്വാതന്ത്ര്യവും ജയരാജനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടായ കഷ്ട-നഷ്ടങ്ങളും ഇല്ലാതാക്കാന്‍ കോടതിക്കോ ദൈവത്തിനു് പോലുമോ കഴിയില്ല. ഇക്കാര്യം കോടതി പരിഗണിച്ചില്ല. ഖേദം പ്രകടിപ്പിക്കാത്തതു് കൊണ്ടാണു് ജയിലിലടച്ചതെന്ന വാദം അസ്ഥാനത്താണു്. ഖേദം പ്രകടിപ്പിച്ചാല്‍ തീരുമാനമായി. ഖേദം തോന്നാതെ പ്രകടിപ്പിക്കണമെന്നു് പറയുന്നതില്‍ അര്‍ത്ഥമില്ല.

ജയരാജനെതിരെ നിയമ വിരുദ്ധമായി നീങ്ങിയതിലൂടെ കോടതി എത്തിപ്പെട്ട വിഷമ സന്ധിയാണിവിടെ നിര്‍ണ്ണീതമാകുന്നതു്. കോടതി എന്തെല്ലാം വിശദീകരണം നല്‍കിയാലും ഇതില്‍ നിന്നു് പുറത്തു് കടക്കാനാവില്ല. ജയരാജന്‍ ക്ഷമ പറഞ്ഞു് തങ്ങളുടെ അപ്രമാദിത്വവും പാതയോര യോഗം തടയുന്നതും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തടവില്‍ പാര്‍പ്പിച്ചു് ബലാല്‍ സംഗം ചെയ്യുന്നവരെ കുട്ടി ആദ്യം സ്വമേധയാ ഇറങ്ങിച്ചെന്നതാണെന്നതിന്റെ പേരില്‍ ശിക്ഷിക്കാതിരിക്കുന്നതുമായ വിധികളും അംഗീകരിച്ചു് സമൂഹം പഞ്ചപുച്ഛമടക്കി ജീവിക്കണമെന്നു് കോടതി കണ്ടു. അതംഗീകരിക്കാന്‍ സമൂഹത്തിനാവില്ല. കോടതിയുടെ ആ അപ്രമാദിത്വ പ്രവണതയാണു് പ്രതിസന്ധി സൃഷ്ടിച്ചതു്. അഹങ്കാരം വീഴ്ചയുടെ മുന്നോടിയാണു്.

ഇവിടെ പ്രസക്തമായ വിഷയം കോടതിയലക്ഷ്യം നിയമ നടപടി എന്തിനു് വേണ്ടി എന്നതാണു്. അതു് കോടതി വിധികളോടുള്ള ജനങ്ങളുടെ വിമര്‍ശനം ഒഴിവാക്കാനല്ല. അത്തരം വിമര്‍ശനം തെറ്റായി നടത്തിയാല്‍ തീര്‍ച്ചയായും അതു് ശിക്ഷിക്കപ്പെടാവുന്നതാണു്. അതല്ല വിമര്‍ശനം ശരിയെന്നു് കണ്ടാല്‍ അതു് തിരുത്താന്‍ കോടതിയ്ക്കവസരം കിട്ടുകയുമാണു്. അതു് നിലനില്‍ക്കേ തന്നെ, കോടതിയലക്ഷ്യ നടപടികളുടെ യഥാര്‍ത്ഥ ലക്ഷ്യം കോടതിയുടെ നടത്തിപ്പു് സുഗമമാക്കാന്‍ അദ്ധ്യക്ഷനുള്ള സഹായമാണു്. കോടതിയുടെ നടത്തിപ്പിനെ ആരെങ്കിലും നിയമവിരുദ്ധമായി ചോദ്യം ചെയ്താല്‍, ബന്ധപ്പെട്ടവര്‍ കോടതിയുടെ ഉത്തരവു് അംഗീകരിച്ചു് നടപ്പാക്കാതിരുന്നാല്‍, കോടതി മുറിയില്‍ അലങ്കോലം സൃഷ്ടിച്ചോ ശാരീരികാക്രമണത്തിലൂടെയോ കോടതി നടപടികള്‍ തടസ്സപ്പെടുത്തിയാല്‍ അതിനെ നേരിടാനുള്ളതാണു് കോടതിയലക്ഷ്യ നിയമ വകുപ്പുകള്‍. അതല്ലാതെ കോടതി വിധിയെ വിമര്‍ശിക്കുന്നവരെ നേരിടാനുള്ളതല്ല. അതു് വേണമെങ്കില്‍ സാധാരണ നിയമ നടപടികളിലൂടെ നടത്താം.

കോടതിയലക്ഷ്യ നടപടിക്രമം ജഡ്ജിതന്നെ നടത്തുന്നതാണു്. കുറ്റപത്രം കൊടുക്കുക (നിയമ പാലനം), കുറ്റം ചെയ്തുവെന്നു് തെളിവു് നിരത്തി സ്ഥാപിക്കുക (പ്രോസിക്യൂഷന്‍), വിധി എന്നീ മൂന്നു് വ്യത്യസ്ത ഏജന്‍സികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ജഡ്ജി തന്നെ ചെയ്യുകയാണു് കോടതിയലക്ഷ്യ നടപടി ക്രമത്തില്‍ നടക്കുന്നതു്. കുറ്റാരോപിതനു് പ്രതിരോധത്തിനുള്ള അവകാശം മറ്റേതു് കേസുപോലെയും ഉണ്ടായിരിക്കും. അതൊഴിച്ചാല്‍ ജഡ്ജിയുടെ ഏകാധിപത്യമാണു് കോടതിയലക്ഷ്യ നടപടി. അതു് ശരിയുമാണു്. കാരണം, കോടതി, സഭ, ഏതു് യോഗവും നടത്തിക്കൊണ്ടു് പോകാന്‍ അദ്ധ്യക്ഷനുള്ള പ്രത്യേക അധികാരമാണു് ഇവിടെ നടപ്പാക്കപ്പെടുന്നതു്. മറ്റു് യോഗങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നവരെ പുറത്താക്കുകയാണു് പരിഹാരം. കോടതില്‍ നിന്നു് പ്രതിയേയോ, സാക്ഷിയേയോ വക്കീലന്മാരേയോ പ്രോസിക്യൂഷനേയോ പുറത്താക്കിയാല്‍ കോടതി നടപടി നടപ്പാക്കാനാവാതെ വരും. അതിനാല്‍ കടുത്ത ശിക്ഷയായ ആറു് മാസത്തെ തടവു് വരെ അതിനു് നല്‍കിയിരിക്കുന്നു. അതു് കോടതി മുറികളിലെ തടസ്സപ്പെടുത്തലുകള്‍ക്കു് മാത്രം ബാധകമായതാണു്.

ഇവിടെ ജയരാജന്‍ അത്തരം ഒരു തടസ്സം ഉണ്ടാക്കിയിട്ടില്ല. ശുംഭന്‍ പ്രയോഗം കോടത്തിക്കു് അവമതിപ്പുണ്ടാക്കി. ഉറപ്പാണു്. അതിനുള്ള പരിഹാരം ഒന്നുകില്‍ കോടതിയലക്ഷ്യ നിയമപ്രകാരം പരിശോധിച്ചു് ജയരാജന്‍ കുറ്റക്കാരനല്ലെന്നു് കണ്ടാല്‍ അതായതു് കോടതി വിധി തെറ്റിപ്പോയി എന്നു് കണ്ടാല്‍ അതു് തിരുത്തി ജയരാജന്റെ ആര്‍ജ്ജവത്തില്‍ മതിപ്പുളവാക്കുകയും അതേ സമയം ഇക്കാര്യത്തില്‍ എടുക്കേണ്ട നിയമപരമായ നടപടിക്രമം മേല്‍ കോടതിയില്‍ അപ്പീല്‍ പോകുകയാണെന്ന കാര്യം ചൂണ്ടിക്കാട്ടുകയുമാണു്. ജയരാജന്‍ കുറ്റക്കാരനെന്നു് കണ്ടാല്‍ ചെറിയ പിഴയോ ശിക്ഷയോ (താക്കീതു്, കോടതി പിരിയുന്നതു് വരെ തടവു് തുടങ്ങിയവ) നല്‍കുകയും മേലാല്‍ എന്താണു് പ്രതിവിധി എന്ന കാര്യം (കോടതിയില്‍ അപ്പീല്‍ നല്‍കുക) ധരിപ്പിച്ചു് വിടുകയുമാണു്.

ജയരാജന്‍ തെറ്റായ പ്രസ്താവനയാണു് ചെയ്തിരിക്കുന്നതെന്നും അതു് അപരിഹാര്യമായ കോട്ടം നിയമ വ്യവസ്ഥക്കും സമൂഹത്തിനും ഉണ്ടാക്കുമെന്നും കോടതിക്കു് തോന്നുകയും ജയരാജന്‍ ഖേദം പ്രകടിപ്പിക്കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍, മറ്റൊരു മാര്‍ഗ്ഗം, മറ്റേതൊരു കേസും പോലെ അന്വേഷണവും കുറ്റവിചാരണയും അതാതു് ഏജന്‍സികളെ ഏല്പിച്ചു് കോടതി അവസാന വിധി മാത്രം പറയുക എന്ന മാര്‍ഗ്ഗം അവലംബിക്കുക എന്നതാണു്.

കോടതി നടപടി തടസ്സപ്പെടുത്തുന്നതു് ഒഴിവാക്കാന്‍ മാത്രമാണു് കോടതിയുടെ സമ്മറി നടപടിയിലൂടെ കോടതിയലക്ഷ്യം നേരിടേണ്ടതു്.

കോടതിയുടെ വിധിയില്‍ ശിക്ഷ ആറു് മാസത്തേയ്ക്കു് കഠിന തടവായിരുന്നു എന്ന കാര്യം കാണിക്കുന്നതു് കോടതി സമചിത്തതയോടെയല്ല ഈ കേസ് കൈകാര്യം ചെയ്തിരുന്നതു് എന്നു് തന്നെയാണു്.

അപ്പീലിനു് വേണ്ടി ശിക്ഷ നടപ്പാക്കുന്നതില്‍ സാവകാശം കൊടുക്കാതിരുന്നതും കോടതിയുടെ സമ ചിത്തതയില്ലായ്മ തന്നെയാണു് കാട്ടിയതു്. ഖേദം പ്രകടിപ്പിച്ചെങ്കിലേ അപ്പീലിനു് വേണ്ടി ശിക്ഷ നടപ്പാക്കുന്നതില്‍ സാവകാശം അനുവദിക്കൂ എന്ന വാദം നിലനില്‍ക്കില്ല. മുമ്പു് ചര്‍ച്ച ചെയ്തതാണു്. ഖേദം പ്രകടിപ്പിച്ചാല്‍ അതോടെ കേസ് കഴിയണം. പിന്നീടെന്തിനു് അപ്പീല്‍ പോകോണ്ട കാര്യമില്ല.

ജനാധിപത്യത്തില്‍ ജനങ്ങളാണു് അവസാന വാക്കു്. ഭരണ ഘടന ജനങ്ങള്‍ക്കു് വേണ്ടിയാണു്. പൌര സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ ജനങ്ങളുടെ ജീവ വായുവാണു്. ജയരാജന്റെ ആറു് മാസം ജയരാജനു് മാത്രമല്ല, സമൂഹത്തിനും വളരെ പ്രധാനപ്പെട്ടതാണു്. അതു് തടഞ്ഞു് വെയക്കാന്‍ വാക്കുകള്‍ കൊണ്ടുള്ള ഒരധിക്ഷേപവും മതിയായ കുറ്റമല്ല. ഇവിടെ ജഡ്ജിമാര്‍ തങ്ങള്‍ക്കുള്ള സ്ഥാനം, അധികാരം, കടമ, ഉത്തരവാദിത്വം എല്ലാം മറന്നു്, അവ തങ്ങള്‍ക്കു് നല്‍കിയ ജനങ്ങളോടും ഭരണ ഘടനയോടും അവര്‍ക്കുള്ള ഉത്തരവാദിത്വം പോലും മറന്നു് പ്രവര്‍ത്തിച്ചതു് ആ സ്ഥാനത്തിനോ നിയമ വ്യവസ്ഥയ്ക്കോ ഭരണ നിലവിലുള്ള ഭരണ കൂടത്തിനോ ഘടനയ്ക്കോ ഭൂഷണമായില്ല.

മാത്രമല്ല, യജമാന മനോ ഭാവം കോടതിയെ കൊണ്ടെത്തിച്ചതു് വല്ലാത്തൊരു പതനത്തിലാണു്. സ്വന്തം യഥാര്‍ത്ഥ യജമാനന്മാരായ ജനങ്ങളെ കീടമെന്നും പുഴുവെന്നുമൊക്കെ വിളിക്കുന്ന സ്ഥിതിയെത്തി. യഥാര്‍ത്ഥത്തില്‍ ജയരാജന്‍ പ്രയോഗിച്ച ശുംഭന്‍ എന്ന പേരിനു് അര്‍ഹരാണവരെന്നു് ഇതിലൂടെ ആവര്‍ത്തിച്ചുറപ്പിക്കുകയാണു് നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ ജയരാജനുള്ള കഴിവു് കേടിനേക്കുറിച്ചു് തങ്ങളുടെ മുമ്പില്‍ ജയരാജന്‍ വെറും കീടമാണെന്ന പ്രയോഗത്തിലൂടെയും കോടതി ചെയ്തതു്.

കോടതിയലക്ഷ്യ നിയമ നടപടികളുടെ ആവശ്യകതയും സാംഗത്യവും പ്രസക്തിയും അറിയാതെ പോയ പാവം ജഡ്ജിമാരുടെ വിക്രസുകളായി മാറിയിരിക്കുകയാണു് ജയരാജന്‍ കോടതിയലക്ഷ്യ വിധി.

നിയമ വ്യവസ്ഥയിലും ഭരണ ഘടനയിലും ഭരണ കൂട സ്വഭാവത്തിലും വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചു് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കോടതിയുടെ ഈ വിധി ഉപകരിക്കുമെന്നതു് മാത്രമാണു് സ്വാഗതാര്‍ഹമായ ഒരേ ഒരു കാര്യം.



സുധാകരന്റെ കോടതിയലക്ഷ്യം


മേല്‍ക്കാണിച്ച ലിങ്കില്‍ സൂധാകരന്‍ ഉന്നയിക്കുന്ന പ്രശ്നം കോടതിയോടുള്ള അവജ്ഞയല്ല, മറിച്ചു് ജഡ്ജിമാര്‍ വ്യക്തികളെന്ന നിലയ്ക്കു് കാണിക്കുന്ന ക്രിമിനല്‍ പ്രവൃത്തികളോടുള്ള രോഷം ആണു്. സൂധാകരന്‍ നടത്തുന്ന ഈ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ ഒരു നീതി ന്യായ നിര്‍വഹണ സംവിധാനവും കേട്ടതായി കാണുന്നില്ല.

ഇവിടെ വേണ്ടതു് ജയരാജനെതിരെ നടത്തിയതു് പോലെ കോടതി അലക്ഷ്യ നടപടികള്‍ കോടതി തന്നെ നടത്തലല്ല, മറിച്ചു് അന്വേഷണം ഉത്തരവിട്ടു് യുക്തമായ ഏജന്‍സിയേക്കൊണ്ടു് അന്വേഷിപ്പിച്ചു് ബന്ധപ്പെട്ട ജഡ്ജിമാര്‍ക്കും കൈക്കൂലി കൊടുത്ത ബാറുകാര്‍ക്കും അവര്‍ക്കു് ലൈസന്‍സ് കൊടുത്ത സര്‍ക്കാര്‍ അധികാരികള്‍ക്കും എതിരെ പ്രത്യേകം പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു് തെളിയിക്കപ്പെട്ടാല്‍ ശിക്ഷിക്കുകയാണു്.

സുധാകരന്‍ സാക്ഷിയാണു്. അതു് പരഞ്ഞതു് സാധൂകരിക്കാന്‍ സുധാകരനു് കഴിയുന്നില്ലെങ്കില്‍ സുധാകരനെതിരെ കേസെടുത്തു് നടപടി എടുക്കണം. അതാണു് നിയമാനുസൃത പരിഹാരം. അല്ലാതെ കോടതിയുടെ അഹന്ത ശമിപ്പിക്കാന്‍ ജയരാജനെതിരെ നടപടി എടുത്തതു് പോലെ സുധാകരനെതിരെ നടപടി എടുക്കുകയല്ല.

ഇതു് നടക്കുന്നില്ല എന്നു് നമുക്കറിയാം.

അതു് കാണിക്കുന്നതു്, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗമായി കോടതിയും അപചയം നേരിട്ടിരിക്കുന്നു എന്നാണു്. ഭരണഘടനയും അതനുസരിച്ചു് രൂപപ്പെടുന്ന ഭരണ കൂടവും അതിന്റെ ഭാഗങ്ങളായ നിര്‍വഹണ വിഭാഗവും നിയമ നിര്‍മ്മാണ സഭയും കോടതിയും ഭരണ ഘടന അനുസരിക്കുന്നില്ലെങ്കില്‍ അതിനു് പരിഹാരം ജനങ്ങള്‍ കാണണം.

തീരെ നിവൃത്തിയില്ലാതെ വരുമ്പോള്‍ ജനങ്ങള്‍ക്കു് റോഡരുകിലല്ല, റോഡ് നിറയെ അണിനിരക്കാനുള്ള അധികാരം മാത്രമല്ല അവകാശവും കടമയുമുണ്ടു്. ഭരണ ഘടന സംരക്ഷിക്കേണ്ടവര്‍ അവരുടെ കടമ നിര്‍വ്വഹിക്കാതിരുന്നാല്‍ ആ ഭരണ ഘടന തുടരണമെങ്കില്‍ ജനങ്ങള്‍ റോഡിലിറങ്ങുക തന്നെ വേണ്ടിവരും. അതല്ലെങ്കില്‍ ജനങ്ങള്‍ക്കു് ആ ഭരണ ഘടന നഷ്ടപ്പെടും.

റോഡ് പൊതു സ്ഥലമാണു്. ഏതു് പൌരനും ഒരു പോലെ അവകാശപ്പെട്ടതു്. പക്ഷെ, അതു് മുമ്പു് എത്തിയ ആളിനെ ഉപദ്രവിക്കുന്നതാകരുതു് എന്നു് മാത്രം. അതായതു് മറ്റുള്ളവരുടെ സ്വാതന്ത്ര്യം കവരരുതു്. അതിനര്‍ത്ഥം അതിലൂടെ ഭാവിയില്‍ വരാന്‍ പോകുന്നവരെ കണ്ടു് ഒഴിഞ്ഞു് കൊടുക്കണമെന്നല്ല. മറിച്ചു് മുമ്പു് എത്തിയവരെ ഒഴിപ്പിക്കരുതെന്നു് മാത്രമാണു്.ഇതെല്ലാം നോക്കി വേണ്ടതു് ചെയ്യേണ്ടതു് പോലീസിന്റെ കടമയാണു്. കോടതിയുടേതല്ല. കോടതി അധികാരം കയ്യേറിയതു് ഭരണ ഘടനാ വിരുദ്ധമാണു്.

പൌരന്റെ ഈ അവകാശമാണു് ജയരാജന്‍ ശുംഭന്മാരെന്നു് വിളിച്ച ജഡ്ജിമാര്‍ നിഷേധിച്ചതു്. അതും തിരുത്തപ്പെടണം.

ഇ എം എസ് ചൂണ്ടിക്കാണിച്ച ഈ കുടവയര്‍ സ്നേഹം ഇന്നും ജുഡീഷ്യറിക്കുണ്ടു് എന്നതിനാലാണു് ജയരാജനെ കീടമെന്നും പുഴുവെന്നും മറ്റും വിളിച്ചതു്. അത്തര്‍ പൂശി നടക്കുന്ന കുഞ്ഞാലിക്കുട്ടിയേയോ കള്ളച്ചിരിയുമായി നടക്കുന്ന ഉമ്മന്‍ താണ്ടിയേയോ കുറിച്ചു് അവര്‍ ഞങ്ങളുടെ മുമ്പില്‍ പുഴുവാണെന്നു് പറയാന്‍ ഏതെങ്കിലും ജഡ്ജി മുതിരുമോ ? അദ്ധ്വാനിക്കുന്നവന്റെ വിയര്‍പ്പു് നാറുന്നതു കൊണ്ടാണു് ജയരാജനെക്കുറിച്ചു് ജുഡീഷ്യറിയെ നന്നാക്കാന്‍ കെല്പുള്ളവനല്ല മറിച്ചു് തങ്ങളുടെ മുമ്പില്‍ വെറും പുഴുവാണു് ജയരാജനെന്നു് വിധിന്യായത്തില്‍ പറയുന്നതു്.

ഇന്ത്യന്‍ ജുഡീഷ്യറി അടക്കം ഭരണകൂടം അനതിവിദൂരഭാവിയില്‍ തച്ചുടയ്ക്കപ്പെടേണ്ടതാണെന്നും പുതിയ സാമൂഹ്യ ക്രമം നിലവില്‍ വരുത്തേണ്ടതാണെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന വിധിയാണിതു്.

ജോസഫ് തോമസ്.

No comments:

Blog Archive