Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, November 17, 2011

മാര്‍ക്സിന്റെ സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷണങ്ങളുടെ പൊരുത്തം

- ജോസഫ് തോമസ് -

മാര്‍ക്സിയന്‍ ധന തത്വശാസ്ത്രം ശരിയെന്നു് ഇപ്പോള്‍ മുതലാളിത്താനുകൂലികള്‍ പോലും സമ്മതിച്ചു് തുടങ്ങിയിരിക്കുന്നു. എന്നാല്‍ മാര്‍ക്സിന്റെ രാഷ്ട്രീയ വീക്ഷണം ശരിയാണോ എന്ന സംശയം ഉന്നയിക്കുകയാണു് അവര്‍. മാര്‍ക്സിയന്‍ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റെ ധന തത്വശാസ്ത്ര വിശകലനത്തിന്റെ സ്വാഭാവിക തുടര്‍ച്ചയും വികാസഫലവും മാത്രമായിരുന്നു.

മുന്‍ സോഷ്യലിസ്റ്റു് പരീക്ഷണങ്ങളുടെ പരാജയം മാര്‍ക്സിസത്തിന്റെ കുഴപ്പമല്ല
സോവിയറ്റു് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും ചൈനയിലും ക്യൂബയിലും മറ്റിടങ്ങളിലും നാളിതു് വരെ സോഷ്യലിസം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കു് അതതു് കാലത്തെ ചുറ്റുപാടുകളുടെ പ്രത്യേകതകളും പരിമിതികളും കാരണം പല പ്രശ്നങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടു്. മുന്നനുഭവങ്ങളും ഇല്ലായിരുന്നു. അതു് മൂലം വന്നു് ചേര്‍ന്ന ഒട്ടേറെ വ്യതിയാനങ്ങളോടെ മാത്രമേ അവര്‍ക്കു് സോഷ്യലിസ്റ്റു് ലക്ഷ്യങ്ങളുമായി മുന്നേറാനായിട്ടുള്ളു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായുണ്ടായ വ്യതിയാനങ്ങളെ മാര്‍ക്സിസത്തിന്റെ ചെലവില്‍ എഴുതുന്നതു് കൊണ്ടു് ആര്‍ക്കും പ്രത്യേകിച്ചു് ഗുണമൊന്നുമുണ്ടാവില്ല. അങ്ങിനെ ആരെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ കുറേക്കാലം കൂടി മറ്റുള്ളവരേയെന്നപോലെ സ്വയം തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ.

മാര്‍ക്സിസം പ്രയോഗത്തിലൂടെ തന്നെ പഠിക്കണം
മാര്‍ക്സിനെ ശരിയായി പഠിക്കാനാവശ്യമായതു് ആനുകാലിക മുതലാളിത്തത്തെ അദ്ദേഹം ഉപയോഗിച്ച രീതി ശാസ്ത്രമുപയോഗിച്ചു് ശരിയായി വിശകലനം ചെയ്യുക എന്നതാണു്. അതില്‍ നിന്നു് കിട്ടുന്ന നിഗമനങ്ങള്‍ക്കനുസരിച്ചു് പരിഹാരങ്ങള്‍ കണ്ടെത്തി പ്രയോഗിക്കണം. കാരണം മാര്‍ക്സിസം പ്രയോഗത്തിന്റെ ശാസ്ത്രമാണു്. അല്ലാതെ വരട്ടു് തത്വവാദമല്ല.

മാര്‍ക്സു് പഞ്ഞതു്
എന്നു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവം നടക്കുമെന്നോ (ഇന്നു് ചിലര്‍ അനുമാനിക്കുന്നതു് പോലെ അടുത്ത കാലത്തൊന്നും നടക്കില്ലെന്നോ ഉടന്‍ നടക്കുമെന്നോ) എവിടെ നടക്കുമെന്നോ ഒന്നും മാര്‍ക്സ് ഖണ്ഡിതമായി പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു് അദ്ദേഹം പറഞ്ഞതിനെ താഴെ പറയും പ്രകാരം ക്രോഡീകരിക്കാം.

മുതലാളിത്തം ചരക്കുല്പാദനത്തിന്റെ വ്യവസ്ഥ
ചരക്കുല്പാദനത്തിന്റെ വ്യവസ്ഥയാണു് മുതലാളിത്തം. മുതലാളിത്തത്തില്‍ ഉല്പാദനം സാമൂഹ്യമാക്കപ്പെടുന്നു. എങ്കിലും, ഉല്പന്നങ്ങളുടെ സ്വായത്തമാക്കല്‍ സ്വകാര്യമായി തുടരുന്നു. മുതലാളിത്തം ഉല്പാദനവും ഉല്പാദന ക്ഷമതയും മൂലധനവും മുമ്പില്ലാത്ത വിധം വളര്‍ത്തും. ലാഭം ഉറപ്പാക്കാനായി ഓരോ ഫാക്ടറിയിലും കൃത്യമായ ആസൂത്രണം സാധിക്കും. മുതലാളിമാര്‍ പരസ്പരം മത്സരിക്കും. വിജയിക്കുന്നവര്‍ മറ്റുള്ളവരെ പിന്തള്ളി മൂലധന കേന്ദ്രീകരണത്തിലൂടെ കുത്തക മുതലാളിമാരായി മാറും. അവര്‍ കമ്പോളം നിയന്ത്രിക്കും. ഭരണ കൂടം അവര്‍ക്കു് വിധേയമായിരിക്കും.

മുതലാളിത്ത പ്രതിസന്ധി
ഈ പ്രക്രിയയില്‍ മുതലാളിത്തം ചാക്രിക പ്രതിസന്ധികളിലൂടെ കടന്നു് പോകേണ്ടി വരും. ഓരോ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അതു് പല പുതിയ മാര്‍ഗ്ഗങ്ങളും കണ്ടെത്തും. പക്ഷെ, ഓരോ പരിഹാരവും പുതിയ കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിക്കു് വഴിവെക്കും. പ്രതിസന്ധി ഘട്ടങ്ങള്‍ പല മുതലാളിമാരേയും ദീവാളി കുളിപ്പിക്കും. തൊഴിലാളികളേയും സമൂഹത്തെ പൊതുവേയും പട്ടിണിയിലേയ്ക്കു് തള്ളി വിടും. ഉല്പാദന വര്‍ദ്ധനവു് മൂലം അരാജകത്വം നേരിടുന്ന മുതലാളിത്തത്തെ അദ്ദേഹം ഉപമിച്ചതു് തന്റെ മാന്ത്രിക വിദ്യ കൊണ്ടു് പാതാളത്തില്‍ നിന്നു് ശല്യക്കാരനായ ഭൂതത്തെ ആവാഹിച്ചെടുത്ത മാന്ത്രികനോടാണു്.

തൊഴിലാളി വര്‍ഗ്ഗം പരിഹാരം കാണും
ഈ അരാജകത്വത്തില്‍ നിന്നു് സമൂഹത്തെ രക്ഷിക്കാന്‍ സ്വന്തം താല്‍പര്യത്തില്‍ മുതലാളിത്ത ചൂഷണം അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിതമാകുന്ന തൊഴിലാളി വര്‍ഗ്ഗത്തിനേ കഴിയൂ. അവരാണു് മൂലധന ചൂഷണത്തെ നേര്‍ക്കു് നേര്‍ നേരിടുന്ന ഏറ്റവും വിപ്ലവകാരിയായ വര്‍ഗ്ഗം. മുതലാളിത്തം തന്നെ തൊഴിലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നു, വളര്‍ത്തുന്നു, സംഘടിപ്പിക്കുന്നു, രാഷ്ട്രീയവല്‍ക്കരിക്കുന്നു. തൊഴിലാളിയില്ലാതെ മുതലാളിത്തത്തിനു് നിലനില്പില്ല. ചുരുക്കത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുന്നവരെ സൃഷ്ടിച്ചുകൊണ്ടും വളര്‍ത്തിക്കൊണ്ടും സംഘടിപ്പിച്ചുകൊണ്ടും ശാക്തീകരിച്ചുകൊണ്ടുമല്ലാതെ മുതലാളിക്കു് മിച്ച മൂല്യവും ലാഭവും സൃഷ്ടിക്കാനും മൂലധനം വളര്‍ത്താനുമാവില്ല.

സമൂഹത്തിന്റെയാകെ സുസ്ഥിതി ഉറപ്പാക്കപ്പെടും
തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനമാകട്ടെ, സമൂഹത്തേയാകെ എല്ലാ വിധ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. ഏതെങ്കിലും തരത്തിലുള്ള വര്‍ഗ്ഗ വ്യത്യാസമോ ചൂഷണമോ വൈരുദ്ധ്യമോ നിലനിന്നാല്‍ അതു് തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനമാവില്ല. കാരണം, വീണ്ടും ചൂഷണം നിലനില്‍ക്കും. അതായതു്, അധികാരം പിടിച്ചെടുക്കുന്ന തൊഴിലാളി വര്‍ഗ്ഗം സമൂഹത്തേയാകെ ഏകയോഗ ക്ഷേമത്തിലേയ്ക്കു് നയിച്ചേ തീരൂ. സോഷ്യലിസത്തിന്റേയും അതിന്റെ ഉയര്‍ന്ന ഘട്ടമായ കമ്യൂണിസത്തിന്റേയും മേന്മയ്ക്കുള്ള ഉറപ്പാണതു്. അതല്ലെങ്കില്‍ വര്‍ഗ്ഗ സമരവും ഇന്നു് കാണുന്ന അരാജകത്വവും തുടരുക തന്നെയാണു് ഉണ്ടാവുക.

മുതലാളിത്ത ചൂഷണം
മുതലാളിത്തത്തില്‍ നടക്കുന്ന ഉല്പാദന പ്രക്രിയയുടെ ആഴത്തിലുള്ള വിശകലനത്തിലൂടെ അതിന്റെ സഹജമായ പ്രതിസന്ധിയുടെ കാര്യ കാരണ ബന്ധങ്ങള്‍ അദ്ദേഹം വരച്ചു് കാട്ടി. മുതലാളിത്ത ഉല്പാദന പ്രക്രിയയില്‍ ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും സമാഹരിക്കുന്ന മൂലധന ഉടമ തൊഴിലാളികളുടെ അദ്ധ്വാന ശേഷി വിലയ്ക്കു് വാങ്ങി കൂലി പണമായി കൊടുത്തു് ഉല്പന്നം കയ്യടക്കി കമ്പോളത്തില്‍ വിറ്റു് പണം നേടുകയാണു് നടക്കുന്നതു്. സ്വന്തം ഉപഭോഗത്തിനുള്ള ഉല്പന്നങ്ങളല്ല, വില്പനയ്ക്കുള്ള ചരക്കുകളാണു് മുതലാളിത്തത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നതു് എന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളിയുടെ അദ്ധ്വാനത്തിലൂടെ സൃഷ്ടിക്കപ്പെട്ട മൂല്യവും കൂലിയായി കൊടുത്ത പണത്തിന്റെ മൂല്യവും തമ്മിലുള്ള വ്യത്യാസം മിച്ചമൂല്യമാണെന്നും അതു് മുതലാളി കൈക്കലാക്കുകയാണെന്നും അതാണു് മുതലാളിയുടെ ലാഭത്തിന്നടിസ്ഥാനമെന്നും അദ്ദേഹം കണ്ടെത്തി.

മുതലാളിത്ത പ്രതിസന്ധിയുടെ കാരണം
ഈ ഉല്പാദന പ്രക്രിയയില്‍ പങ്കാളികളാകുന്നതില്‍ അദ്ധ്വാന ശേഷി മാത്രമാണു് അധികമായി പുതിയ മൂല്യം സൃഷ്ടിക്കുന്നതിനു് കഴിവുള്ള സജീവ ഘടകമെന്നും മറ്റുള്ള ഉല്പാദനോപാധികളും ഉപകരണങ്ങളും തനതു് മൂല്യം സംഭാവന ചെയ്യുക മാത്രമേ ചെയ്യുന്നുള്ളു എന്നു് അദ്ദേഹം നിരീക്ഷിച്ചു. സാമൂഹ്യമായ ഉല്പാദന പ്രക്രിയയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന പുതിയ മൂല്യം മുഴുവന്‍ സമൂഹത്തിനും അവകാശപ്പെട്ടതാണു്.മിച്ചമൂല്യം കയ്യടക്കുന്നതിലൂടെ സമൂഹത്തിലേക്കു് വിതരണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മൂല്യം തിരിച്ചെടുക്കപ്പെടുന്നതിനാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കു് മുഴുവന്‍ കമ്പോളത്തില്‍ വിറ്റഴിക്കപ്പെടാതാകും എന്നു് അദ്ദേഹം തന്റെ വിശകലനത്തിലൂടെ വരച്ചു് കാട്ടി. അങ്ങിനെ കമ്പോളത്തില്‍ സൃഷ്ടിക്കപ്പെടുന്ന അമിതോല്പാദനമാണു് മുതലാളിത്ത കുഴപ്പത്തിന്റെ കാരണം. ആവശ്യക്കാരുള്ളപ്പോഴും ഉല്പാദിപ്പിക്കുന്ന ചരക്കുകള്‍ മുഴുവന്‍ ഉപഭോഗം ചെയ്യാന്‍ ആവശ്യക്കാരുടെ വാങ്ങല്‍ കഴിവു് ഇടിയുന്നതു് മൂലം കഴിയുന്നില്ല. അതു് സമൂഹത്തില്‍ ഇടയ്ക്കിടെ അരാജകത്വം സൃഷ്ടിക്കും. പല മേഖലകളില്‍ ഒരേ സമയം കുഴപ്പം പൊട്ടിപ്പുറപ്പെടുമ്പോള്‍ രാജ്യമാകെ കുഴപ്പത്തിലാകും. പല രാജ്യങ്ങളില്‍ ഒരേ സമയം കുഴപ്പം പൊട്ടിപ്പുറപ്പെടുന്ന പൊതു കുഴപ്പം ലോകമാകെ അരാജകത്വം സൃഷ്ടിക്കും.

മുതലാളിത്ത കമ്പോളത്തിലെ അരാജകത്വം നീക്കിയാല്‍ സോഷ്യലിസം
ലാഭം ഉയര്‍ത്താനായി ഓരോ ഉല്പാദകനും കൃത്യമായ ആസൂത്രണം നടത്തും. പക്ഷെ, കമ്പോളത്തില്‍ മൊത്തത്തില്‍ ആസൂത്രണം നടപ്പാക്കിയാല്‍ മുതലാളിത്തത്തിന്റെ ലാഭം എന്നതു് കടങ്കഥയാകും എന്നാണു് അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ അര്‍ത്ഥം. അതായതു് സോഷ്യലിസമെന്നതു് മുതലാളിത്തത്തിലെ സാമൂഹ്യ ഉല്പാദനത്തോടും ഓരോ ഫാക്ടറിയിലേയും ആസൂത്രണത്തോടുമൊപ്പം മൊത്തം കമ്പോളത്തിലെ ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യപ്പെടുന്ന വ്യവസ്ഥിതിയാണെന്നാണു് അദ്ദേഹം വിഭാവനം ചെയ്തതു്. അതിലേയ്ക്കാണു് സമൂഹം നീങ്ങുന്നതു്. ആദ്യ ഘട്ടത്തില്‍, മൊത്തം കമ്പോളാസൂത്രണമെന്നാല്‍ ഉല്പാദനത്തിനു് പ്രോത്സാഹനവും നിയന്ത്രണവും വേണ്ടിവരും. ഉപഭോഗത്തിനും നിയന്ത്രണങ്ങളും പ്രോത്സാഹനവും വേണ്ടി വരും. പക്ഷെ, ആസൂത്രണം സമൂഹ നിയന്ത്രണത്തിലാകുമ്പോള്‍ അവിടെ പീഢനമോ സ്വാതന്ത്ര്യ നിഷേധമോ ഉണ്ടാകാതെ സമൂഹ നന്മ ലക്ഷ്യമാക്കി ബഹുഭൂരിപക്ഷത്തിന്റേയും അറിവോടെ, ബോധ്യത്തോടെ, സമ്മതത്തോടെ നടത്താന്‍ കഴിയും. ക്രമേണ ഉല്പാദന ശക്തികള്‍ ശരിയായ സന്തുലിതാവസ്ഥയിലെത്തുകയും ആവശ്യങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റപ്പെടുകയും ചെയ്യും.

മുതലാളിത്തത്തില്‍ പ്രതിസന്ധിക്കു് പരിഹാരമില്ല, തകര്‍ച്ച നീട്ടിവെയ്ക്കപ്പെടുക മാത്രമാണു്
മുതലാളിത്തം അതിന്റെ വികാസ പരിണാമങ്ങളില്‍ യന്ത്രവല്‍ക്കരണം, വിദേശ കമ്പോളം, കോളനികള്‍, യുദ്ധങ്ങള്‍, കടക്കെണി, ധന മൂലധന വ്യവസ്ഥ, കൃത്രിമ സജീവത സൃഷ്ടിക്കാനുതകുന്ന സമാന്തര സമ്പദ്ഘടന തുടങ്ങി പലതും ഉപയോഗിച്ചു. ഓരോന്നും താല്കാലികമായി പ്രതിസന്ധിയില്‍ നിന്നു് കരകയാറാനുപകരിച്ചു. പക്ഷെ, പ്രതിസന്ധി ആ വ്യവസ്ഥയെ വിടാതെ പിന്തുടരുക തന്നെയാണു്.

മുതലാളിത്തം ഉല്പാദനക്കഴിവുയര്‍ത്തി
എന്നാല്‍ അതു് ഉല്പാദനക്കഴിവും ഉല്പാദനക്ഷമതയും ഉയര്‍ത്തുന്നതില്‍ വലിയ മുന്നേറ്റമാണു് ഉണ്ടാക്കിയിട്ടുള്ളതു്. ശാസ്ത്ര സാങ്കേതിക വളര്‍ച്ച ആവോളം അതു് പ്രോത്സാഹിപ്പിച്ചു. ഓരോ മുതലാളിയും ലാഭം ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തൊഴിലാളിയുടെ ഉല്പാദന ക്ഷമത ഉയര്‍ത്താനും തൊഴിലാളികളുടെ എണ്ണം കുറച്ചു് കൂലികുറയ്ക്കാനും വേണ്ടി യന്ത്രവല്‍ക്കരണം ത്വരിതപ്പെടുത്തി. പക്ഷെ, അതു് മൊത്തം വ്യവസ്ഥയില്‍ തൊഴില്‍ കുറയുന്നതിനും മിച്ചമൂല്യം കുറയുന്നതിലൂടെ ലാഭം ഇടിയുന്നതിനും ഇടവരുത്തിപ്പോന്നു. പക്ഷെ, ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ഓരോ മുതലാളിമാരുടേയും താല്പര്യം അവര്‍ തമ്മിലുള്ള പരസ്പര മത്സരത്തിനും അതില്‍ ജയിക്കാനായി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വമ്പിച്ച വികാസത്തിനും വഴിയൊരുക്കി. ഏതു് പുതിയ സാങ്കേതിക വിദ്യുയും ആദ്യം ഉപയോഗിക്കുന്നവര്‍ക്കു് അതുപയോഗിക്കാത്തവരേക്കാള്‍ മേല്‍ക്കൈ നേടാനായി.

നേട്ടം ഉപയോഗിക്കാനാവുന്നില്ല
ഓരോ ഉല്പാദനശാലയിലും കൃത്യമായ ആസൂത്രണം നടത്തി. ഓരോരുത്തരുടേയും ലാഭം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആസൂത്രിതമായി നടപ്പാക്കി. ലോകമാകെ ക്ഷേമൈശ്വര്യങ്ങള്‍ പുലര്‍ത്താനാവശ്യമായതിലും കൂടുതല്‍ ഉല്പാദനക്കഴിവു് മുതലാളിത്തം നേടിയെടുത്തു. പക്ഷെ, ലാഭേച്ഛമൂലം അതുപയോഗപ്പെടുത്താന്‍ സമൂഹത്തെ അതു് അനുവദിക്കുന്നില്ല. ഉല്പാദനം തികച്ചും സാമൂഹ്യമായിക്കഴിഞ്ഞു. ചുരുക്കം ചില തുരുത്തുകള്‍ മാത്രമാണു് പൊതു കമ്പോളത്തിന്റെ ഭാഗമാകാന്‍ ബാക്കിയുണ്ടാവുക. സ്വായത്തമാക്കല്‍, പക്ഷെ, ഇന്നും സ്വകാര്യമായി തുടരുന്നു. ഉല്പാദനം പോലെ തന്നെ ഉല്പന്നങ്ങളുടെ സ്വായത്തമാക്കല്‍ ഇനിയങ്ങോട്ടു് സാമൂഹ്യമായാല്‍ മുതലാളിത്തം സൃഷ്ടിച്ച നേട്ടങ്ങള്‍ സമൂഹത്തിനു് അനുഭവ വേദ്യമാക്കാം. പ്രതിസന്ധിയും ഒഴിവാക്കാം. മൊത്തം കമ്പോളത്തിലും ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യുക മാത്രമേ വേണ്ടൂ. അതാകട്ടെ, സോഷ്യലിസമാണു്. മുതലാളിത്തം അതു് നടപ്പാക്കില്ല.

മൊത്തം ആസൂത്രണത്തിനുള്ള പശ്ചാത്തലും ഒരുക്കപ്പെട്ടിരിക്കുന്നു
മൊത്തം കമ്പോളത്തിലും അസൂത്രണം സാധിക്കാനുള്ള പശ്ചാത്തലം മുതലാളിത്തം സൃഷ്ടിച്ചു് കഴിഞ്ഞിട്ടുണ്ടു്. വിവര സാങ്കേതിക വിദ്യയുടെ സംഭാവനയായ വിവര ശൃംഘലയില്‍ ഏതു് തലത്തിലും (രാഷ്ട്രമോ ഭൂഖണ്ഡമോ ആഗോളമോ ഏതും) ആസൂത്രണം സാധ്യമായിരിക്കുന്നു. മാത്രമല്ല, ഏതു് കുശിനിക്കാരനും ഭരണ ചക്രം തിരിക്കാനാവും വിധം വിവര സാങ്കേതിക വിദ്യയുടെ വികാസം ഭരണ പ്രക്രിയകള്‍ ലളിതമാക്കി. പക്ഷെ, മുതലാളിത്തം അതു് നടപ്പാക്കില്ല. നടപ്പാക്കിയാല്‍ ലാഭം നിലയ്ക്കും.

ഇന്നു് ലാഭം മാത്രം ആസൂത്രണം ചെയ്യപ്പെടുന്നു
അവര്‍ ഓരോ മുതലാളിയുടേയും ലാഭം ആസൂത്രണം ചെയ്യാന്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ലാഭവും നഷ്ടവും തിരിച്ചറിയുന്നു. ലാഭമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരുകളില്‍ നിന്നു് ഇളവു് നേടുന്നു. സര്‍ക്കാരില്‍ നിന്നു് പ്രകൃതി വിഭവങ്ങളും പൊതു സ്വത്തും ചുളു വിലയ്ക്കു് വാങ്ങി കമ്പോള വില കാട്ടി കണക്കില്‍ ലാഭം കാട്ടുന്നു. അതിലൂടെ ഓഹരി കമ്പോളത്തില്‍ ഓഹരി ഉടമകളെ കബളിപ്പിച്ചു് ഓഹരി വില ഇടിയാതെ പിടിച്ചു് നിര്‍ത്തുന്നു. സമൂഹത്തിനാവശ്യമായ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നില്ല.തൊഴിലും വര്‍ദ്ധിപ്പിക്കുന്നില്ല. ഇതാണു് ഇന്നു് കേള്‍ക്കുന്ന തൊഴില്‍ രഹിത വളര്‍ച്ച.

തൊഴില്‍ വര്‍ദ്ധിക്കാതെ മിച്ചമൂല്യം വര്‍ദ്ധിക്കില്ല
തൊഴില്‍ വര്‍ദ്ധിക്കുന്നില്ല എന്നതിനു് മറ്റൊരു പ്രത്യാഘാതം കൂടിയുണ്ടു്. മിച്ച മൂല്യവും വര്‍ദ്ധിക്കുന്നില്ല. കാരണം, മിച്ചമൂല്യത്തിന്റെ ഉറവിടം തൊഴിലാളികളുടെ അദ്ധ്വാന ശേഷിയാണു്. മറിച്ചു് മേല്പറഞ്ഞ ആസ്തി കയ്യടക്കലിലൂടെ കണക്കില്‍ കാണിച്ച ലാഭം മറ്റെവിടെയോ നഷ്ടമായി മാറിയതാണു്. അതായതു് മുതലാളിമാര്‍ തമ്മിലോ മുതലാളിയും ബഹുജനങ്ങളും തമ്മിലോ ഉള്ള മത്സരത്തിലൂടെ അവരുടെ സ്വത്തു് കയ്യടിക്കിയതാണു്. ഇതിലൂടെ വ്യവസ്ഥിതി ഭദ്രമെന്നു് വിചാരിക്കുന്നതു് മൌഢ്യമാണു്. പ്രാകൃത മൂലധന സഞ്ചയമെന്നു് മാര്‍ക്സ് നിരീക്ഷിച്ച ആദ്യ കാല പ്രവണതയായ കൊള്ളയിലൂടെ മാത്രമാണു് ഇന്നു് മുതലാളിത്തം പിടിച്ചു് നില്കുന്നതു്. പൊതു മുതല്‍ കവര്‍ന്നെടുക്കുക എന്നതോ ധൂര്‍ത്തടിക്കുകയെന്നതോ ഒരു വ്യവസ്ഥിതിയുടെ, ഇവടെ മുതലാളിത്തത്തിന്റെ, മേന്മ തെളിയിക്കുന്നില്ല.

പ്രതിസന്ധി ആഴമേറിയതാകുന്നു
തൊഴില്‍ രഹിത വളര്‍ച്ച പ്രതിസന്ധിയുടെ ആഴം കൂട്ടുക മാത്രമാണു് ചെയ്യുന്നതു്. വലിയൊരു പുതിയ പ്രതിസന്ധിയിലൂടെയാണു് ധനമൂലധനം നയിക്കുന്ന ആധുനിക മുതലാളിത്തം കടന്നു പോകുന്നതു്. പൊതുമുതല്‍ കവര്‍ന്നെടുത്തും കൈക്കലാക്കിയും ആസ്തി വര്‍ദ്ധിപ്പിച്ചു് ലാഭം കാട്ടുന്നതു് ഓരോ മുതലാളിയുടേയും ലാഭമേ ആകുന്നുള്ളു. അങ്ങിനെ ചെയ്യുന്നതിലൂടെ വര്‍ദ്ധിക്കുന്ന മൂലധനത്തിനനുസരിച്ചു് യഥാര്‍ത്ത ലാഭം (മിച്ചമൂല്യമാണു് യഥാര്‍ത്ഥ ലാഭത്തിനടിസ്ഥാനം എന്ന മാര്‍ക്സിയന്‍ നിരീക്ഷണം ഓര്‍ക്കുക) ഉണ്ടാകുന്നില്ല. കൊള്ളയിലൂടെ ആസ്തി നേടി ഓരോരുത്തരുടേയും കണക്കില്‍ ലാഭം കാട്ടി ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്തുമ്പോഴും മറ്റെവിടെയെങ്കിലും നഷ്ടം രേഖപ്പെടുത്തുന്നുണ്ടാവും. ഒന്നുകില്‍ വേറെരു മൂലധന ഉടമ, അല്ലെങ്കില്‍ പൊതു സ്വത്തു്, അല്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവു്, അല്ലെങ്കില്‍ ജനങ്ങള്‍ പൊതുവെ നഷ്ടം സഹിക്കേണ്ടി വരും. അതു് ജനങ്ങളുടെ പാപ്പരീകരണമാണു്. അവരുടെ ദുരിതം കൂടുകയാണു്.

പുതിയൊരു തുടര്‍ പ്രതിസന്ധി മറച്ചു് പിടിക്കപ്പെട്ടിരിക്കുന്നു
മാത്രമല്ല, അതു് മറ്റൊരു പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടു്. അതു് വളരെ ഗൌരവമേറിയ പൊതു മുതലാളിത്ത പ്രതിസന്ധിയാണു്. മാര്‍ക്സിന്റെ കാലത്തു് ഇല്ലാതിരുന്ന ഒന്നാണിതു്. ആകെ മൂലധനത്തിന്മേല്‍ ആകെ ലാഭമാണു് ലാഭനിരക്കു്. കമ്പോളം വികസിക്കുന്നില്ല. ലാഭം കുറയുന്നു. ആസ്തി കൊള്ള ചെയ്തു് ഓരോ മുതലാളിയും കണക്കില്‍ ലാഭം കാട്ടുന്നു. യഥാര്‍ത്ഥ മൊത്തം ലാഭത്തില്‍ വര്‍ദ്ധനവില്ല. കൊള്ളചെയ്തും കള്ളക്കണക്കെഴുതിയും കാട്ടിയ മൂലധനമാകട്ടെ, പലമടങ്ങു് ഉയരുന്നു. ആകെ മൂലധനത്തിന്മേല്‍ ആകെ ലാഭം താഴേയ്ക്കു് ക്രമാനുഗതിമായി ഇടിയുന്നു.

ഈ പ്രവണത മറച്ചു് പിടിക്കപ്പെട്ടിരിക്കുകയാണു്. ഓഹരി കമ്പോളത്തില്‍ കൃത്രിമമായി ഉണ്ടാക്കുന്ന മുന്നേറ്റങ്ങളിലൂടെ ഈ പ്രതിസന്ധി ഓഹരി ഉടമകളെ അറിയിക്കാതിരിക്കാന്‍ നോക്കുന്നു. ഓഹരി ഉടമകളെ വിഡ്ഡികളാക്കുകയാണു്. അതു് തുടരാനായി കൂടുതല്‍ പൊതു മുതല്‍ കൈമാറ്റവും നികുതി ഇളവും പുനരുജ്ജീവന പാക്കേജും ഇന്ത്യയിലെ UID പോലുള്ള പദ്ധതികളും ഭരണ കൂടം നടപ്പിലാക്കുന്നു. ഇതേ കാര്യത്തിനായി ഭരണ കൂടങ്ങള്‍ തമ്മിലുള്ള സഹകരണമാണു് ഇന്തോ-അമേരിക്കന്‍ ആണവ കരാറിലൂടെയും സ്വതന്ത്ര വ്യാപാര കരാറുകളിലൂടെയും മറ്റും നാം കാണുന്നതു്. ഇതിനു് കൂട്ടു് നില്കാന്‍ മുതലാളിത്ത ഭരണ കൂടങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നു.

വൈരുദ്ധ്യങ്ങളുടെ ഐക്യവും സംഘട്ടനവും അവയുടെ നിര്‍ദ്ധാരണത്തിലൂടെ മാറ്റവുമാണു് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അന്തസത്ത
ചുരുക്കത്തില്‍ മാര്‍ക്സ് പ്രവചിച്ച രാഷ്ട്രീയ പ്രതിസന്ധി മാറ്റി വെയ്ക്കാന്‍, മുന്നോട്ടു് തള്ളി നീക്കാന്‍ മുതലാളിത്തം ശ്രമിക്കുകയും അതില്‍ വിജയിക്കുകയുമാണു് ഇതു് വരെയുണ്ടായതു്. വൈരുദ്ധ്യം പരിഹരിക്കാന്‍ മുതലാളിത്തത്തിനു് ഒരിക്കലും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. വൈരുദ്ധ്യങ്ങളേക്കുറിച്ചുള്ള മാര്‍ക്സിയന്‍ ദര്‍ശനം എതിര്‍ ശക്തികളിലൊന്നിന്റെ നിഷ്ക്രിയതയല്ല വിഭാവനം ചെയ്യുന്നതു്. രണ്ടു് ശക്തികളും വളരുകയും വികസിക്കുകയുമാണു്. തൊഴിലാളിവര്‍ഗ്ഗം കൂലിക്കൂടുതലിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുന്നു. അവരുടെ ഏതു് നേട്ടവും ലാഭത്തില്‍ ഇടിവുണ്ടാക്കുന്നു. വിലക്കയറ്റത്തിലൂടെയും പണപ്പെരുപ്പത്തിലൂടെയും യന്ത്രവല്‍ക്കരണം വഴിയും മുതലാളി അതു് തിരിച്ചു് പിടിക്കുന്നു. അതായതു് തൊഴിലാളികളുടെ നേട്ടം താല്കാലികം മാത്രമാണു്. ഈ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സമരം താല്‍ക്കാലിക നേട്ടങ്ങളും താല്കാലിക തിരിച്ചടികളും രണ്ടു് കൂട്ടര്‍ക്കും ഉണ്ടാക്കുന്നുണ്ടു്.

വര്‍ഗ്ഗസമരം രൂക്ഷമാകുക തന്നെയാണു്
സോഷ്യലിസ്റ്റു് വ്യവസ്ഥിതിയുടെ ആവിര്‍ഭാവത്തോടെ സാമ്രാജ്യത്വവും പല രീതികളില്‍ സോഷ്യലിസ്റ്റു് ചേരി എടുക്കുന്ന നിലപാടുകളോടു് സജീവമായി പ്രതികരിക്കുന്നുണ്ടു്. ലോകബാങ്കും ഐഎംഎഫും തുടങ്ങിയ ബ്രെറ്റന്‍വുഡ് സ്ഥാപനങ്ങളുപയോഗിച്ചുള്ള കടക്കെണിയിലൂടെയുള്ള ചൂഷണവും തുടര്‍ന്നു് വിവര സാങ്കേതിക വിദ്യയും സേവന മേഖലയും ഉപയോഗിച്ചുള്ള മേല്‍ക്കൈയും അതുപയോഗിച്ചു് സോവിയറ്റു് യൂണിയനെ തകര്‍ക്കാന്‍ കഴിഞ്ഞതും തുടര്‍ന്നു് നവ ഉദാരവല്‍ക്കരണം വഴി ആഗോള ധന മൂലധന കൊള്ള സാധ്യമായതും പല പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്തതിന്റെ ചരിത്രമാണു്. പ്രതിസന്ധികള്‍ തുടരെ ഉണ്ടായിക്കൊണ്ടിരുന്നിട്ടുണ്ടു്. അവര്‍ താല്കാലിക വിജയങ്ങള്‍ കൊയ്യുകയും ചെയ്തിട്ടുണ്ടു്. പക്ഷെ, ഓരോ മുന്നേറ്റവും പ്രതിസന്ധി കൂടുതല്‍ ആഴത്തിലുള്ളതാക്കുക മാത്രമാണു് ചെയ്തതു്. ഇവിടെ മുതലാളിത്ത തകര്‍ച്ചയുടെ അനിവാര്യത എന്നു് പറയുന്നതു്, തൊഴിലാളി വര്‍ഗ്ഗം മേല്‍ക്കൈ നേടുകയല്ലാതെ മറ്റു് മറുവഴികളില്ലാത്ത വിധം മുതലാളിത്ത പ്രതിസന്ധി ഭീമാകാരം പൂണ്ടു് വളരുന്നു എന്നതാണു്.

പ്രതിസന്ധി മറയ്ക്കാന്‍ സമാന്തര സമ്പദ്ഘടനയ്ക്കും കഴിയുന്നില്ല
മാര്‍ക്സിന്റെ നിരീക്ഷണങ്ങള്‍ തെറ്റെന്നു് തെളിയിക്കാനും മുതലാളിത്തം സജീവവും സക്രിയവുമാണെന്നു് കാണിക്കാനും വേണ്ടി മുതലാളിത്തം സൃഷ്ടിച്ച കൃത്രിമ മുതലാളിത്ത വളര്‍ച്ച വെറും കുമിളകള്‍ മാത്രമാണു്. ഏതു് സമയത്തും തകര്‍ന്നടിയാം. വിവര സാങ്കേതിക വിദ്യ, അതു് സാദ്ധ്യമാക്കിയ അദൃശ്യാസ്തികളുടേയും (Intangible assets), ധനകാര്യ മേഖലയിലെ ധന ഉരുപ്പടികളുടേയും (Derivatives) ഓഹരികളുടേയും ആവര്‍ത്തിച്ചുള്ള വില്പന തുടങ്ങിയവയിലൂടെ സൃഷ്ടിച്ച സമാന്തര സമ്പദ്ഘടനയും (Virtual Economy) യഥാര്‍ത്ത മിച്ച മൂല്യമോ ലാഭമോ സൃഷ്ടിക്കുന്നില്ല. അവ യഥാര്‍ത്ത സമ്പദ്ഘടനയില്‍ നിന്നു് വിഭവം ചോര്‍ത്തുകയും അതിനെ കൂടുതല്‍ കൂടുതല്‍ പാപ്പരീകരിക്കുകയും മാത്രമാണു് ചെയ്യുന്നതു്. ഈ പ്രതിസന്ധി ഇന്നു് നടക്കുന്ന പ്രാകൃത മൂലധന സമാഹരണത്തിലൂടെ മറച്ചു് പിടിക്കപ്പെടുക മാത്രമാണു് ചെയ്യുന്നതു്. ഈ കളവും തട്ടിപ്പും എല്ലാ കാലവും തുടരാനാവില്ല. പരിധി എത്തിക്കൊണ്ടിരിക്കുന്നു. മുതലാളിത്ത കമ്പോളത്തിന്റെ പതനം ആസന്നമായിരിക്കുന്നു.

തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഇടപെടല്‍ അടിയന്തിരമായിരിക്കുന്നു
ഓഹരി ഉടമകള്‍ എന്നു് ഇക്കാര്യം തിരിച്ചറിയുന്നോ അന്നു് ഓഹരി കമ്പോളം തകരുകയായിരിക്കും ഫലം. തുടര്‍ന്നു് തൊഴിലാളികള്‍ മേല്‍ക്കൈ എടുത്തു് സംരംഭകരാകുകയല്ലാതെ ഇനിയൊരു മുതലാളിത്ത കരകയറ്റം ഉണ്ടായിട്ടു് വേണം സമരമെന്നു് പറഞ്ഞിരിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയാതെ വരും. അങ്ങിനെയിരുന്നാല്‍ ഫലം പട്ടിണിയാണു്. ബദല്‍ സാമ്പത്തിക പ്രവര്‍ത്തനത്തിനു് സംരംഭകരായി മാറുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുക എന്നതു് മാത്രമാണു് തൊഴിലാളി വര്‍ഗ്ഗത്തിനു് കരണീയമായിട്ടുള്ളതു്. സ്വാഭാവികമായും രാഷ്ട്രീയാധികാര ഘടനയും തൊഴിലാളി വര്‍ഗ്ഗം ഏറ്റെടുക്കേണ്ടിവരും. എങ്കില്‍ മാത്രമേ ഉല്പാദനവും വിതരണവും ഉപഭോഗവും മാത്രമല്ല, സമൂഹത്തേയാകെ പുതിയ രീതിയില്‍ പുനസംഘടിപ്പിക്കാനാവൂ.ഇതാണു് മാര്‍ക്സിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളുടെ കാതല്‍. ഇതാണു് അനിവാര്യത.

കൊള്ള മുതലാളിത്തം
പൊതു മുതല്‍ തട്ടിയെടുത്തു് ലാഭം കാട്ടുന്നതില്‍ ഒരു മിടുക്കും മുതലാളിത്തത്തിനു് അവകാശപ്പെടാനില്ല. മുതലാളിത്തത്തിന്റെ തനതു് മേന്മയെന്നു് പറയപ്പെട്ടിരുന്നതു് സംരംഭകത്വമായിരുന്നു. അതാണു് ലാഭം സൃഷ്ടിക്കുന്നതെന്നാണു് മുതലാളിത്തം മേനി നടിക്കുന്നതു്. മാര്‍ക്സാകട്ടെ, മിച്ചമൂല്യത്തിനടിസ്ഥാനം തൊഴിലാളിയുടെ അദ്ധ്വാനത്തിന്റെ മൂല്യവും അയാളുടെ അദ്ധ്വാന ശേഷിക്കു് നല്‍കുന്ന കൂലിയും തമ്മിലുള്ള വ്യത്യാസമാണെന്നു് സമര്‍ത്ഥിച്ചു. അതില്ലെങ്കില്‍ പിന്നെ ഉണ്ടാകുന്നതു് മത്സരത്തിലൂടെ ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടം ആയിരിക്കും. അതായതു്, മിച്ചമൂല്യമില്ലെങ്കില്‍ പിന്നെ, മുതലാളിത്ത സമൂഹത്തില്‍ ലാഭം ഉണ്ടാകുന്നില്ല. മിച്ചമൂല്യമെന്നാല്‍ തൊഴിലാളി ചൂഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണു്. ചൂഷണമില്ലാതെ മുതലാളിത്തത്തിനു് നിലനില്പില്ല എന്നു് മാര്‍ക്സ് നിരീക്ഷിച്ചതു് അതു് കൊണ്ടാണു്. ഇന്നു്, അതിനു് ഒരു തിരുത്തല്‍ ആവശ്യമായിരിക്കുന്നു. മുതലാളിത്തത്തിന്റെ ആദ്യ ഘട്ടത്തില്‍ ആദ്യ മൂലധന സമാഹരണം കൊള്ളയിലൂടെ നടന്നതായി അദ്ദേഹം നിരീക്ഷിച്ചിരുന്നു. അതാണു്, പ്രാകൃത മൂലധന സമാഹരണം. ഇന്നു്, ചൂഷണവും തുടര്‍ച്ചയായ കൊള്ളയും കൂടാതെ മുതലാളിത്തത്തിനു് നിലനില്പില്ല എന്നു് വന്നിരിക്കുന്നു.

മുതലാളിത്തം സംരംഭകത്വം കാണിക്കാതായി
സംരംഭകത്വം മുതലാളിത്തത്തിന്റെ ആദ്യ കാലത്തു് പ്രകടിപ്പിച്ചിരുന്നു. ഇന്നു് ഏതെങ്കിലും സംരംഭം തുടങ്ങുമ്പോള്‍ ആരെങ്കിലും അതു് പ്രകടിപ്പിക്കുന്നുണ്ടാവാം. ഒരിക്കല്‍ സംരംഭം നടന്നു് തുടങ്ങിയാല്‍ മൂലധന ഉടമകളുടെ പങ്കും സംരംഭകത്വവുമൊന്നും പിന്നെ കാണാനാവില്ല. ആരെങ്കിലും സംരംഭകത്വം കാണിക്കുന്നുണ്ടെങ്കില്‍ അതു് തൊഴിലാളികള്‍ തന്നെയാണു്. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഏതു് സംരംഭമെടുത്തു് പരിശോധിച്ചാലും അതിന്റെ നടത്തിപ്പു് തൊഴിലാളികളിലാണു് അര്‍പ്പിതമായിട്ടുള്ളതു്. അവര്‍ക്കു് കൂടുതല്‍ കൂലി കൊടുക്കുന്നുണ്ടാവാം. പക്ഷെ, കൂലിത്തൊഴില്ലാതാകുന്നില്ല. അവിടെയും ചൂഷണം, കൂലിയടിമത്തം തന്നെയാണു് നടക്കുന്നതു്. അതായതു് മൂലധന ഉടമകളെന്ന നിലയില്‍ ഓഹരി ഉടമകളോ കമ്പനി ഉടമകളോ സമൂഹത്തിനു് ഗുണകരമായ യാതൊരു കര്‍മ്മവും ചെയ്യുന്നില്ല. ഇതിനെയാണു് മാര്‍ക്സ് പിടിച്ചെടുക്കലിനു് പാകമായ മൂലധന കേന്ദ്രീകരണം എന്നു് വിശേഷിപ്പിച്ചതു്. ഈ കുത്തക മൂലധനം (ഇന്നു് ധന മൂലധനം) കൊണ്ടു് നടത്തപ്പെടുന്ന എല്ലാ സ്ഥാപനങ്ങളും അതതു് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ കൈവശം തുടരുകയും അവയ്ക്കു് മേല്‍ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരികയും ചെയ്യുന്നതിനു് തയ്യാറായിരിക്കുന്നു. ഇതാണു് സോഷ്യലിസ്റ്റു് പരിവര്‍ത്തനം. ചെറുകിട സ്വത്തുടമസ്തത തുടരുകയും അവര്‍‌ക്കു് ആവശ്യമായത്ര ഉല്പാദനോപാധികള്‍ നല്‍കി ഉല്പാദനനം വര്‍ദ്ധിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയുമാണു് സോഷ്യലിസത്തില്‍ നടക്കുക.

തൊഴിലാളികള്‍ സംരംഭകരാകണം
ഉല്പാദനം ഇനിയും ഉയര്‍ത്തേണ്ട സോഷ്യലിസ്റ്റു് ഘട്ടത്തില്‍ സ്വാഭാവികമായും വ്യക്തികളുടേയും കൂട്ടായ്മകളുടേയും സംരംഭകത്വം പരമാവധി ഉപയോഗിക്കപ്പെടണം. യഥാര്‍ത്ഥത്തില്‍ മുതലാളിത്തം പ്രദര്‍ശിപ്പിച്ച ലാഭത്തിനു് വേണ്ടിയെന്നു് പറയപ്പെട്ട സംരംഭകത്വം സ്വന്തം ജീവിതത്തിനും സമൂഹത്തിനും വേണ്ടി എല്ലാക്കാലത്തും പണിയെടുക്കുന്നവര്‍ കാണിച്ചിട്ടുള്ളതാണു്. കൃഷിക്കാരനും ചെറുകിട ഉല്പാദകനുമെല്ലാം അതാണു് ഇന്നും കാട്ടുന്നതു്. അതു് തുടരുക മാത്രമല്ല, വികസിപ്പിക്കുകയാണു് സോഷ്യലിസത്തില്‍ നടക്കുക. ഇന്നത്തെ കൂലിയടിമകളായ തൊഴിലാളികളെല്ലാം ക്രമേണ സംരംഭകരായി മാറ്റപ്പെടും. അതാണു് സോഷ്യലിസം. മുതലാളിയില്ലെങ്കില്‍ തൊഴിലാളി ഉണ്ടാകാനാവില്ല. അപ്പോള്‍ ഇന്നത്തെ തൊഴിലാളിയുടെ ഭാവി രൂപം സംരംഭകനാകാനേ കഴിയൂ.

യഥാര്‍ത്ഥ ഉടമസ്തത
അതിനുള്ള പശ്ചാത്തലവും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. സ്വത്തുടമസ്ഥതയ്ത്തു് പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം രൂപപ്പെട്ടതു്. ഉല്പാദനോപാധികളിലും ഉല്പാദനോപകരണങ്ങളിലും ഉണ്ടായതു് പോലെ മുതലാളിത്തം അറിവിന്റെ മേലും സ്വത്തവകാശം സ്ഥാപിച്ചു് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ പേറ്റന്റു് എന്നതിനെതിരേയാണു് സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ മുതലാളി സ്വന്തമെന്നു് അവകാശപ്പെട്ട സോഫ്റ്റ്‌വെയര്‍ സ്വത്തു് പിടിച്ചെടുക്കാതെ, നാളതു് വരെ പൊതു ഉടമസ്ഥതയില്‍ നിലനിന്നിരുന്ന സോഫ്റ്റ്‌വെയറുകള്‍, മുതലാളി ഉപയോഗിച്ചതു് പോലെ തന്നെ, എടുത്തുപയോഗിച്ചു് സ്വന്തമായി സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിച്ചു് തുടങ്ങി. അതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. ഇവിടെ അതെടുത്തു് ആര്‍ക്കും പഠിക്കാം പകര്‍ത്താം ഉപയോഗിക്കാം വികസിപ്പിക്കാം കൈമാറാം വില്കാം. ബൌദ്ധിക സ്വത്തിന്റെ ഉടമസ്ഥതയാണു് കാര്യം. ഉടമസ്ഥാവകാശമല്ല പ്രധാനം എന്നു് തെളിയിച്ചു.

സ്വത്തുടമസ്ഥാവകാശവും സ്വത്തുടമസ്ഥതയും
മൂലധനാധിപത്യം, മൂലധനത്തിന്റെ ഉടമസ്ഥതയില്‍ അധിഷ്ഠിതമാണു്. മൂലധനത്തിന്റെ ഭൂമി, കെട്ടിടം, ധന മൂലധനം തുടങ്ങി ഉല്പാദനോപാധികളുടെ ഏതു് രൂപമെടുത്തു് പരിശോധിച്ചാലും അവയിലുള്ള ഉടമസ്ഥത സ്വാഭാവികമായി നിലനിന്നു് വന്നതല്ല എന്നു് കാണാം. ഭൌതിക സ്വത്തിന്റെ ഏതു് രൂപത്തിന്റേയും ഉടമസ്ഥാവകാശം കയ്യേറ്റത്തിലൂടെയും കൊള്ളയിലൂടെയും സ്ഥാപിക്കപ്പെട്ടും പാരമ്പര്യമായി കൈമാറിയും കൈവന്നതാണു്. ഉടമസ്ഥതയല്ല, ഉടമസ്ഥാവകാശമാണു് മൂലധനാധിപത്യ വ്യവസ്ഥയുടെ അടിത്തറ. ഉല്പാദനോപകരണങ്ങളുടെ കാര്യത്തിലും വിവര സാങ്കേതിക വിദ്യയടക്കം ബൌദ്ധികോപകരണങ്ങളുടെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും മൂലധനാധിപത്യം കയ്യേറ്റത്തിലൂടെ അവകാശം സ്ഥാപിച്ചതാണു്. സമൂഹം അംഗീകരിക്കുന്നിടത്തോളം മാത്രമേ ഉടമസ്ഥാവകാശത്തിനു് നിലനില്പുള്ളു.

ഉടമസ്ഥാവകാശമല്ല, ഉടമസ്ഥാതയാണു് പ്രധാനം
ഉടമസ്ഥാവകാശം കയ്യേറ്റമാണു്. ആക്രമണമാണു്. സ്വാഭാവികമല്ല. മറിച്ചു് ഉടമസ്ഥത സ്വാഭാവികമാണു്. അറിവിന്റെ ഉടമസ്ഥനു് മാത്രമേ (അറിവു് സ്വായത്തമാക്കിയവനു് മാത്രമേ) അതുപയോഗിക്കാനാവൂ. അറിവിന്റെ ഉടമസ്ഥാവകാശം സ്വയം മൂല്യം സൃഷ്ടിക്കുന്നില്ല. മറിച്ചു് ഉടമസ്ഥത ഉള്ളയാള്‍ക്കു് സ്വയം മൂല്യം സൃഷ്ടിക്കാം. ഇതു് സ്വത്തിന്റെ ഇതര രൂപങ്ങള്‍ക്കും ബാധകമാണു്. അങ്ങിനെ ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും സ്വന്തമായുള്ളതു് ഉപയോഗിച്ചു് ഉല്പാദനം നടത്തുന്നവനാണു് സംരംഭകന്‍. സ്വത്തവകാശം സമൂഹത്തിനാണു്. വ്യക്തികള്‍ക്കല്ല. വ്യക്തികള്‍ക്കു് ഉടമസ്ഥതയാണു്. ഉപയോഗിക്കുവോളം. ഇത്തരം ഒരു ഉല്പാദന ബന്ധം സോഷ്യലിസത്തില്‍ ഉരുത്തിരിയുന്നതോടെയാണു് തൊഴിലാളികള്‍ സംരംഭകരായി മാറ്റപ്പെടുക. ഇതില്‍ ജനാധിപത്യത്തിന്റെ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന നിയമം ബാധകമാകും. ഒരാള്‍ക്കു് ഉപയോഗിക്കാനാവുന്നതിനേക്കാള്‍ കൂടുതള്‍ ഉല്പാദനോപാധികളോ ഉല്പാദനോപകരണങ്ങളോ അയാള്‍ക്കാവശ്യമില്ല. എത്ര അധികം ഉപയോഗിക്കുന്നവോ അത്രമാത്രം സമൂഹം അനുവദിക്കും. കാരണം, സമൂഹ താല്പര്യം ഉല്പാദനം ആവശ്യത്തിനു് ഉയര്‍ത്തുക എന്നതു് തന്നെയാണു്.

അദ്ധ്വാന ശേഷിയുടെ ഉടമസ്തത ഒരു യാഥാര്‍ത്ഥ്യം
ഉല്പാദനോപാധികളും ഭൌതികോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും അറിവും ഉപയോഗിക്കാനുള്ള കഴിവും ഭരണം നടത്താനുള്ള ശേഷിയും അദ്ധ്വാന ശേഷിയ്ക്കു്, തൊഴിലാളികള്‍ക്കു് സ്വന്തമാണു്. ആ കഴിവു് സ്വത്തുടമാവകാശം പോലെ വെറുമൊരു അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണു്. പണിയെടുക്കുന്നവര്‍ ആര്‍ജ്ജിക്കുന്ന കഴിവിലും അറിവിലും അവര്‍ക്കു് പരിപൂര്‍ണ്ണമായ ഉടമസ്ഥതയാണുള്ളതു്. അതാര്‍ക്കും കവര്‍ന്നെടുക്കാനാവില്ല. നിഷേധിക്കാനാവില്ല. ഇന്നു് തൊഴില്‍ നിഷേധിക്കപ്പെടുന്നതു് അന്യായമായി കയ്യടക്കിയ ഭൌതിക സമ്പത്തിലുള്ള അയഥാര്‍ത്ഥമായ ഉടമസ്ഥാവകാശം ഉപയോഗിച്ചാണു്. അതു് നടക്കുന്നതു് സ്വത്തുടമസ്തതയുടെ യഥാര്‍ത്ഥമായ എന്തെങ്കിലും മികവു് കൊണ്ടല്ല. മറിച്ചു് സ്വകാര്യ ഉടമസ്തതയുടെ നിലനില്പും അതുപയോഗിച്ചു് മിച്ചമൂല്യ സൃഷ്ടിയിലൂടെയും പ്രാകൃതമായ കൊള്ളയിലൂടെയും മൂലധന സമാഹരണവും ഭരണ കൂടത്തിന്റെ ദുരുപയോഗത്തിലൂടെയാണു് സാധ്യമാക്കിക്കൊണ്ടിരിക്കുന്നതു്.

മുതലാളിത്തത്തില്‍ നടക്കുന്ന വര്‍ഗ്ഗ സമരം
അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം. ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു.

ഭാവിയെ സ്വന്തമാക്കുന്നതു് തൊഴിലാളി വര്‍ഗ്ഗം
അറിവിന്റെ സ്വാതന്ത്ര്യത്തിനു് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും വ്യാപനവും ഇന്നു് എല്ലാ രൂപത്തിലുള്ള സ്വത്തിനും ബാധകമായ സ്വത്തവകാശമെന്ന സങ്കല്പത്തിലധിഷ്ഠിതമായ കൃത്രിമ വ്യവസ്ഥയ്ക്കു് തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു. മുതലാളിത്ത പ്രതിസന്ധിയ്ക്കു് പരിഹാരം തേടുന്നതിലും പകരം വ്യവസ്ഥ സ്ഥാപിക്കുന്നതിലും വിജ്ഞാന സമ്പത്തിന്റെ മേഖലയില്‍ ഉരുത്തിരിഞ്ഞ അറിവിന്റെ സ്വാതന്ത്ര്യവും അതു് വഴങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉടമസ്ഥതയും തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്തമാക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന്റേയും അവരുടെ മേല്‍ക്കൈയുടേയും ഉപകരണവും ഉറപ്പുമായി വിജ്ഞാന സമ്പത്തിന്റെ ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യം തെളിഞ്ഞു് വരുന്നു. വര്‍ഗ്ഗ വിഭജനവും, ഇന്നു് മുതലാളിത്തവും, സമൂഹത്തിനു് മേല്‍ നാളിതു് വരെ അടിച്ചേല്പിച്ചിരുന്ന സ്വത്തുടമാവകാശം എന്ന സങ്കല്പം അപ്രസക്തമാക്കപ്പെടുന്നു. ഭാവി തൊഴിലാളി വര്‍ഗ്ഗത്തിന്റേതാണു്. പ്രവൃത്തി പരിചയവും സാങ്കേതിക വിജ്ഞാനവും അറിവും ഭരണ നൈപുണ്യവും തൊഴിലാളി വര്‍ഗ്ഗം സ്വായത്തമാക്കുകയേ വേണ്ടൂ.

പുതിയ സമൂഹത്തില്‍ സ്വകാര്യമാക്കലിന്റെ മാനദണ്ഡം
അങ്ങിനെ ശാക്തീകരിക്കപ്പെടുന്ന തൊഴിലാളികളായിരിക്കും ഭാവി സമൂഹത്തിലെ സാമൂഹ്യ സംരംഭകര്‍. ഒരോരുത്തരും അവരാല്‍ കഴിയുന്ന കഴിവു് സ്വായത്തമാക്കുകയും ഐക്യം വിപുലപ്പെടുത്തുകയും ചെയ്താല്‍ മതി. എണ്ണത്തിലുള്ള മേല്‍ക്കൈ വര്‍ഗ്ഗത്തിന്റെ മേല്‍ക്കൈ ഉറപ്പാക്കുന്നു. ഒരോരുത്തരും അവരാല്‍ കഴിയുന്നത്ര അദ്ധ്വാനിക്കുകയും സംരംഭകത്വം കാട്ടുകയും അവര്‍ക്കര്‍ഹതപ്പെട്ടതു് സ്വന്തം ആവശ്യത്തിനെടുക്കുകയും ചെയ്യുക എന്നതായിരിക്കും സോഷ്യലിസത്തിലെ സമഗ്രമായ ആസൂത്രണത്തിന്റെ അടിസ്ഥാന മാനദണ്ഡം.

സോഷ്യലിസം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ
സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത പ്രതിസന്ധിക്കു് നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ പരിഹാരമില്ല. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ അടിസ്ഥാനമാക്കിയതല്ല. ഭൌതികോപകരണങ്ങള്‍ പോലെ തന്നെ ബൌദ്ധികോപകരണങ്ങളും വിജ്ഞാനോപകരണങ്ങളും ഭരണ നൈപുണിയും ഉപയോഗിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമാണു് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം.

വ്യവസ്ഥാ മാറ്റത്തിനു് അക്രമ മാര്‍ഗ്ഗം അനിവാര്യമല്ല
എന്നാല്‍, വ്യവസ്ഥാ മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സങ്കല്പമനുസരിച്ചുള്ള അതേ ജനാധിപത്യ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും ബാധകമാകുകയും ചെയ്യും. ആയുധം പ്രയോഗിക്കുന്നതിലും തൊഴിലാളി വര്‍ഗ്ഗത്തിനു് അവരുടെ എണ്ണം കൊണ്ടു് തന്നെ മേല്‍ക്കൈ ഉണ്ടു്. മുതലാളിത്തത്തിന്റെ അന്ത്യം അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. അതു് സമ്പത്തിന്റെ എല്ലാ രൂപങ്ങളുടേയും യഥാര്‍ത്ഥ ഉടമസ്ഥതയും കൈകാര്യ കര്‍തൃത്വവും ഉപയോഗക്ഷമതയും സ്വന്തമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തില്‍ മാത്രം അര്‍പ്പിതമായ ദൌത്യവുമാണു്.

ഇത്തിക്കണ്ണികള്‍ക്കു് ഭാവിയില്ല
സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ പുതിയ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. അവര്‍ കയ്യടക്കിവെച്ചിരിക്കുന്ന സമ്പത്തെല്ലാം അവര്‍ക്കുപയോഗിക്കാന്‍ കഴിയില്ല. ഒരാള്‍ക്കു് ഉല്പാദന ക്ഷമമായി ഉപയോഗിക്കാവുന്ന സമ്പത്തിന്റെ പരിമിതിയാണതു്. അതിനാല്‍ അവര്‍ സ്വതന്ത്രരല്ല. അവര്‍ക്കു് സമ്പത്തുപയോഗിക്കാനറിയുന്ന മറ്റാളുകളെ ആശ്രയിക്കേണ്ടി വരുന്നു. പൊതു ഉടമസ്ഥത അതി മഹത്തരമാണു്. ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനായിരിക്കും. ഉടമസ്ഥതയും ഉപയോഗത്തിനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമുണ്ടായിരിക്കും. ഈ പുതിയ സമ്പദായത്തില്‍ ഓരോരുത്തരുടേയും വ്യക്തി പരമായ കഴിവുകള്‍ ഉപയോഗപ്പെടുത്താം. ഓരോരുത്തരും സംരംഭകരായി മാറും. ഈ മാറ്റം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടും. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും സാമൂഹ്യാസൂത്രണത്തിനു് വിധേയവുമായിരിക്കും. പ്രതിസന്ധിയില്ല. ദാരിദ്ര്യം എളുപ്പം തുടച്ചു് നീക്കാം. ധൂര്‍ത്തും വിഭവ നാശവുമില്ല. പരിസ്ഥിതി നാശവുമില്ല.

ജനാധിപത്യ വികാസം
പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതവും ഉദാത്തവുമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന (horizontal) മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്കു് ഉണ്ടാവുക.

മുതലാളിത്തം ജനാധിപത്യ വികാസം തടഞ്ഞു
പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായി. മുതലാളിത്തത്തോടൊപ്പം അതു് രൂപപ്പെട്ടതാണു്. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കി ഇതര വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ചാണു് മുതലാളിത്തം ഫ്യൂഡല്‍ ആധിപത്യത്തില്‍ നിന്നു് സ്വതന്ത്രമായതു്. ഫ്യൂഡല്‍ പ്രഭുക്കളുടെ മേധാവിത്യത്തില്‍ നിന്നു് മുതലാളിമാരുടേയും തൊഴിലാളി ലഭ്യതയടക്കം കമ്പോളത്തിന്റേയും സ്വാതന്ത്ര്യത്തിനപ്പുറം പൊതുവെ ജനങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യം മുതലാളിത്തത്തിനു് പ്രശ്നമായിരുന്നുമില്ല. മുതലാളിത്തത്തിന്റെ ചൂഷണം തുടരാനും ആധിപത്യം നിലനിര്‍ത്താനും അവര്‍ക്കു് അധികാര കേന്ദ്രീകരണം ആവശ്യമായും വന്നു. അതിനാല്‍ ഫ്യൂഡല്‍ അധികാരത്തിന്റെ കുത്തനെയുള്ള ബഹുതല പിരമിഡല്‍ ഘടന തന്നെയാണു് ഇന്നു് മുതലാളിത്തവും തുടര്‍ന്നു് വരുന്നതു്. അതില്‍ കീഴ്ത്തട്ടുകളിലുള്ള ആര്‍ക്കും സ്വാതന്ത്ര്യമില്ല.

ജനാധിപത്യത്തിനു് തിരശ്ചീന അധികാര ഘടന
ജനാധിപത്യത്തിനു് അനുസൃതമായ തിരശ്ചീന അധികാര ഘടന പ്രായോഗികമായി സമൂഹത്തിനു് നാളിതു് വരെ അനുഭവപ്പെട്ടിട്ടില്ല. ഇന്നും ഫ്യൂഡല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹമനസില്‍ പ്രബലമായുള്ളതു്. നിലവിലുള്ള അധികാര ഘടനയെ ചോദ്യം ചെയ്യുന്ന സമരങ്ങളില്‍ അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കപ്പെടുന്ന കാഴ്ച കാണാന്‍ കഴിയും. പാരീസ് കമ്യൂണിലും സോവിയറ്റു്-ചൈനീസ്-ക്യൂബന്‍ വിപ്ലവങ്ങളിലും അതു് കണ്ടു. പക്ഷെ, ഇന്നു് വിജ്ഞാന സമൂഹത്തിനു് ലഭ്യമായ ജനാധിപത്യ വികാസത്തിന്റെ ഉപകരണങ്ങള്‍ അന്നു് ലഭ്യമല്ലായിരുന്നു. അതിനാലും സാമ്രാജ്യത്വാക്രമണത്തിന്റെ പശ്ചാത്തലത്തിലും അധികാര കേന്ദ്രീകരണത്തിലേയ്ക്കു് അവ നീങ്ങിപ്പോയിട്ടുണ്ടു്. അവ ഇനി അങ്ങിനെ തന്നെ ആവര്‍ത്തിക്കേണ്ടതില്ല.

അറബ് വസന്തത്തിലും വാള്‍സ്ട്രീറ്റു് കയ്യടക്കലിലും സാമ്രാജ്യാത്വാധിനിവേശത്തിന്റെ പരിമിതികളും ജനാധിപത്യ നിഷേധവും വിവര സാങ്കേതിക വിദ്യ ഒരുക്കിക്കഴിഞ്ഞിരിക്കുന്ന ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളും ഭാവി സമൂഹത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന സുതാര്യതയും കാണാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ പണിയെടുക്കുന്ന എല്ലാവരുടേടേതുമായ (99%) തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ധനമൂലധന ഉടമകള്‍ക്കു് (1%) മേല്‍ ചെലുത്തേണ്ടി വരുമെന്നകാര്യം ഇന്നു് വ്യക്തമാണു്. അതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിലൂടെ പ്രതീകാത്മകമായി നടക്കുന്നതു്. അതു് യാഥാര്‍ത്ഥ്യമാകണം. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. അതു് അനിവാര്യമായിരിക്കുന്നു.

പുതിയൊരു ലോകം സാധ്യമായിരിക്കുന്നു
ജനങ്ങളുടെ മുഴുവന്‍ ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. പണിയെടുക്കുന്ന എല്ലാവരും അടങ്ങുന്ന 99% പേരുടെ സര്‍വ്വാധിപത്യം ഇന്നു് ഒരു ശതമാനം മൂലധന ഉടമകള്‍ക്കു് മാത്രം ഗുണകരമായ ജനാധിപത്യത്തേക്കാള്‍ തൊണ്ണൂറ്റൊമ്പതു് മടങ്ങു് ജനാധിപത്യപരമാണു്. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരണ നിര്‍വഹണത്തിന്റേയും നിയമ നിര്‍മ്മാണത്തിന്റേയും നീതി ന്യായ വ്യവസ്ഥയുടേയും സാമ്പത്തികാസൂത്രണത്തിന്റേയും എല്ലാ ഉത്തരവാദിത്വവും ഏല്പിക്കുന്ന രീതി വളരെ സുതാര്യമായി ഏര്‍പ്പെടുത്തുക തന്നെ വേണം. വിശദാംശങ്ങള്‍ വിവര ശൃംഖലയില്‍ ബന്ധിതരായ പ്രാദേശിക ജനാധിപത്യ കൂട്ടായ്മകളുടേയും അതില്‍ നിന്നുരുത്തിരിയുന്ന ചടുലമായ തിരശ്ചീന ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനത്തിന്റേയും പ്രവര്‍ത്തനാനുഭവങ്ങളുടേയും അതിലൂടെ ഉയര്‍ന്നു് വരുന്ന പുതിയ അറിവിന്റേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ രൂപപ്പെടുത്തിക്കൊള്ളും.

ചെറുകിട ഇടത്തരം സംരംഭകര്‍ പ്രോത്സാഹിപ്പിക്കപ്പെടണം
നിലവിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടരുക തന്നെയാണു് വേണ്ടതു്. യഥാര്‍ത്ഥ സംരംഭകര്‍ക്കു് സോഷ്യലിസ്റ്റു് പരിവര്‍ത്തനത്തിലൂടെ യാതൊരു പീഢനവും ഉണ്ടാകേണ്ടതില്ല. മറിച്ചു് കോര്‍പ്പറേറ്റു് മൂലധനം സമൂഹ ഉടമസ്ഥതയിലാക്കുക മാത്രമാണുണ്ടാവുക. പൊതു മേഖല, സഹകരണ മേഖല, പ്രാദേശിക സംഘങ്ങള്‍ തുടങ്ങി സാമൂഹ്യ ഉടമസ്ഥതയുടെ വിവിധ രൂപങ്ങളെ അതേല്പിക്കണം. അവയെല്ലാം സംരംഭകരായി മാറുന്ന ഇന്നത്തെ തൊഴിലാളികളുടെ കൂട്ടായ്മകളായിരിക്കും നടത്തുക. ഉദ്യോഗസ്ഥ കേന്ദ്രീകൃതമായിരിക്കില്ല അവ. ജനാധിപത്യപരമായി നടത്തപ്പെടും. ഓരോന്നിലും ആസൂത്രണം നന്നായി നടക്കണം. മൊത്തം കമ്പോളത്തിന്റെ ആസൂത്രണം ഭരണ കൂടം ഏറ്റെടുക്കും. ക്രമേണ ഭരണ കൂടത്തിന്റെ കടമ ഈ സാമ്പത്തികാസൂത്രണമായി മാറും.

ഭരണ കൂടത്തിന്റെ സ്വഭാവം മാറും
കൊഴിഞ്ഞു് പോകുന്ന ഭരണ കൂടമെന്നതു് ദീര്‍ഘകാലം കൊണ്ടു് സ്വാഭാവികമായും സംഭവിച്ചു് കൊള്ളും. ഇതാണു് മാര്‍ക്സ് പറഞ്ഞ രാഷ്ട്രീയം. അതു് ശരി തന്നെയാണെന്നു് അടുത്ത കാലം തന്നെ തെളിയിക്കും. അതല്ലാതെ ഇന്നത്തെ മൂലധനാധിപത്യ വ്യവസ്ഥയുടെ പ്രതിസന്ധിക്കു് പരിഹാരം മറ്റൊന്നില്ല. ഇതു് മാര്‍ക്സ് പറഞ്ഞതു് ശരിയെന്നു് ഇന്നു് കണ്ടെത്തിവരുന്ന ധനതത്വശാസ്ത്ര നിരീക്ഷണങ്ങളുടെ സ്വാഭാവിക തുടര്‍ച്ച മാത്രമാണു്. മാര്‍ക്സിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ശൂന്യതയില്‍ നിന്നുരുത്തിരിഞ്ഞവയല്ല, മറിച്ചു് മാറിവരുന്ന സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുടെ പഠനത്തിന്റെ സമഗ്രതയില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു്.

സോഷ്യലിസം
മുതലാളിത്തം സൃഷ്ടിച്ച സാമൂഹ്യോല്പാദന വ്യവസ്ഥയോടൊപ്പം അതു് സൃഷ്ടിച്ച സ്വകാര്യ സ്വായത്തമാക്കല്‍ സമ്പദായത്തിനു് പകരം സാമൂഹ്യമായ സ്വായത്തമാക്കല്‍ ഏര്‍പ്പെടുത്തുകയാണു് സോഷ്യലിസം. ഓരോ വ്യവസായത്തിലും ഏര്‍പ്പെടുത്തിയ ആസൂത്രണം പോലെ മൊത്തം കമ്പോളത്തിലും ഉല്പാദനവും വിതരണവും ഉപഭോഗവും സമഗ്രമായി ആസൂത്രണം ചെയ്യുന്നതിലൂടെ അതു് സാധിക്കാം. അത്തരത്തില്‍ ഉല്പാദനവും സ്വായത്തമാക്കലും സാമൂഹ്യമാക്കുന്നതിലൂടെ അവ തമ്മില്‍ പൊരുത്തപ്പെടുത്തി നിലവിലുള്ള മുതലാളിത്തത്തിലെ വൈരുദ്ധ്യം പരിഹരിക്കുക എന്നതാണു് മാര്‍ക്സിസത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ നിരീക്ഷണങ്ങളുടെ സത്ത. മാര്‍ക്സിയന്‍ ധന തത്വശാസ്ത്ര നിഗമനങ്ങളും രാഷ്ട്രീയ നിഗമനങ്ങളും പൊരുത്തപ്പെടുന്നവ തന്നെയാണു്.

3 comments:

Vivara Vicharam said...

ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുന്ന കാര്യം മാര്‍ക്സിയന്‍ ധനതത്വശാസ്ത്രവും രാഷ്ട്രീയവും തമ്മിലുള്ള പൊരുത്തമാണു്. മാര്‍ക്സിയന്‍ ധന തത്വശാസ്ത്ര നിരീക്ഷണങ്ങളഅ‍ ശരിയെന്നു് ഇന്നു് മൂതലാളിത്ത പക്ഷപാതികള്‍ പോലും സമ്മതിക്കുന്നു. പക്ഷെ, മാര്‍ക്സിന്റെ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയം ശരിയോ എന്ന ചോദ്യം ഉയര്‍ത്തുന്നു. ഇതിനുള്ള വിശദീകരണം രണ്ടും തമ്മിലുള്ള ബന്ധം ഉറപ്പിക്കലാണു്. രണ്ടും ശരിയെന്നു്, ഒന്നിന്റെ സ്വാഭാവിക പരിണാമമാണു് മറ്റേതു് എന്നു് പറയാനാണു് ഞാന്‍ ശ്രമിക്കുന്നതു്.

Vivara Vicharam said...

നെഹൃവിയന്‍ സോഷ്യലിസവും ഇതും തമ്മിലുള്ള വ്യത്യാസം കാണാതെ ഇതിലെ ചില ഘടകങ്ങള്‍ നെഹൃവിന്റെ സോഷ്യലിസ്റ്റു് പരിപാടിയിലുണ്ടായിരുന്നു എന്നു് കണ്ടെത്തി കോണ്‍ഗ്രസിന്റെ ആവഡി സോഷ്യലിസവും ശാസ്ത്രീയ സോഷ്യലിസവും ഒന്നെന്ന നിഗമനത്തില്‍ എത്തുന്നതു് ശരിയല്ല. എന്തുകൊണ്ടെന്നാല്‍, മുമ്പേ നിലനിന്ന ചില സാമ്പത്തിക ഘടകങ്ങള്‍ തുടര്‍ന്നു് വരുന്ന സമൂഹത്തിലും തുടരുക തന്നെ ചെയ്യും. അതു് കണ്ടു് ഇതു് പഴയതു് തന്നെ എന്നു് വിലയിരുത്തുന്നതു് പോലെയാണതു്. ഉദാഹരണത്തിനു്, മുതലാളിത്തം സൃഷ്ടിച്ച ഉല്പാദനക്കഴിവു്, മുതലാളിത്തത്തിന്റെ സംരംഭകത്വം അതു് ജനങ്ങളുടെ അദ്ധ്വാന ശേഷി വിനിയോഗിച്ചതു് തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ (ഇതിനെയെല്ലാം കൂടിയാണു് സാമൂഹ്യമായ ഉല്പാദന പ്രക്രിയ എന്നു് വിവക്ഷിക്കുന്നതു്) സോഷ്യലിസത്തിലും തുടരുക തന്നെ ചെയ്യും. അതൊക്കെ തള്ളിക്കളഞ്ഞു് ശൂന്യതയില്‍ നിന്നു് പുതിയ ഉല്പാദനരിതികളും കഴിവും നേടിയേ സോഷ്യലിസം കെട്ടിപ്പടുക്കൂ എന്നു് ആരെങ്കിലും വാശിപിടിച്ചാല്‍ ആ കഴിവുകള്‍ സൃഷ്ടിച്ചെടുക്കാനാവശ്യമായത്ര കാലം സമൂഹം പട്ടിണി കിടക്കേണ്ടി വരും. അതു കൊണ്ടു് പഴയ വ്യവസ്ഥയിലെ ഗുണകരാമായ ഘടകങ്ങള്‍ തുടരുക തന്നെ വേണം. പിന്നെന്താണു് മാറ്റങ്ങള്‍. പ്രധാനം, മുതലാളിത്തത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നതു് ചരക്കുകളാണു്. അവ മുതലാളി കയ്യടക്കുകയാണു്. അതിന്റെ അളവെത്ര, മൂല്യമെത്ര, കമ്പോളത്തില്‍ എന്തു് വില കിട്ടും എന്നിത്യാദി കാര്യങ്ങള്‍ ഉല്പാദിപ്പിച്ച തൊഴിലാളികളെ അറിയിക്കുന്നില്ല. അവര്‍ക്കു് കൂലി പണമായി കൊടുക്കും. തിരിച്ചു് അവശ്യ സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ കമ്പോളത്തില്‍ ചെല്ലുമ്പോള്‍ അവനു് കിട്ടിയ കൂലിയുമായി അവശ്യ സാധനങ്ങളുടേയും സേവനങ്ങളുടേയും വില പൊരുത്തപ്പെടില്ല. കൂലി കുറവും വില കൂടുതലുമാണു്. ഇതാണു് മുതലാളിത്തത്തിലെ അസംബംന്ധം. ഉല്പന്നങ്ങളുടെ ഉടമസ്ഥത സ്വകാര്യമാണു്. ഇതു് മാറണം. എങ്ങിനെ ? തൊഴിലാളിക്കു് കൂലി നെല്ലായി കിട്ടിയിരുന്ന കാലത്തേയ്ക്കുള്ള തിരിച്ചു് പോക്കല്ല. മറിച്ചു് ഉല്പന്നങ്ങള്‍ സാമൂഹ്യ ഉടമസ്ഥതയില്‍ വരണം. ഇതു് പക്ഷെ, ഒരു ഭരണ മാറ്റം കൊണ്ടു് മാത്രം പൂര്‍ണ്ണമാകില്ല. അതേസമയം സോഷ്യലിസ്റ്റു് വിപ്ളവത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇതു് ധനമൂലധനം നടത്തുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍ നടപ്പാക്കാം. ഇതാണു് തമ്മിലുള്ള വ്യത്യാസം.

Vivara Vicharam said...

നെഹൃവിയന്‍ സോഷ്യലിസത്തില്‍ പൊതു മേഖല ഉണ്ടായിരുന്നെങ്കിലും അവ പോലും സ്വകാര്യ കുത്തക മേഖലയുടെ താല്പര്യത്തിലാണു് ഏര്‍പ്പെടുത്തപ്പെട്ടതു്. സമാന്തരമായി സ്വകാര്യ കുത്തക തുടരുകയാണുണ്ടായതു്. വളരുക കൂടി ചെയ്തു. അവ വളര്‍ന്നു് പൊതു മേഖലകള്‍ പിടിച്ചടക്കി. പൊതു മേഖല അവര്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനു് കീഴ്പ്പെടുത്തിക്കൊണ്ടു് തങ്ങളുടെ വരുതിയിലാക്കി. അതിനെ ക്ഷീണിപ്പിച്ചു. ഇപ്പോള്‍ അതിന്റെ കഴിവു് കേടിന്റെ പേരില്‍ പൊതു മേഖല അവര്‍ തകര്‍ക്കുന്നു.

മറിച്ചു്, സോഷ്യലിസ്റ്റു് വിപ്ലവം തന്നെ കുത്തക മൂലധനം സമൂഹത്തിന്റെ ഉടമസ്ഥതയിലാക്കുകയാണു്. സോഷ്യലിസ്റ്റു് വിപ്ലവാനന്തരം കുത്തക രൂപപ്പെടാതെയും നോക്കും. പൊതു മേഖല ഉദ്യോഗസ്ഥ നിയന്ത്രണത്തില്‍ നിന്നു് സമൂഹ നിയന്ത്രണത്തിലാക്കും. തൊഴിലാളി കൂട്ടായ്മകള്‍, സഹകരണ സംഘങ്ങള്‍, പ്രദേശിക സമൂഹം തുടങ്ങിയവയുടെ ഒട്ടേറെ പുതിയ മാതൃകകള്‍ ഉയര്‍ന്നു് വരും. അതു് ഉത്തരോത്തരം വളര്‍ത്തും. അതുപയോഗിച്ചു് വിതരണവും ഉപഭോഗവും ക്രമീകരിക്കും.അതേ സമയം സ്വകാര്യ സംരംഭകര്‍ നിലനില്‍ക്കും. വ്യക്തി സമൂഹത്തിന്റെ ഭാഗമാണു്. അതിനാല്‍ സ്വകാര്യ സംരംഭകനെ സമൂഹത്തില്‍ നിന്നു് വേറിട്ടു് കാണാനാവില്ല. കൂട്ടായ്മകളും സമൂഹത്തിന്റെ ഭാഗമാണു്. പക്ഷെ, അവര്‍ക്കൊന്നും ഇന്നത്തെ ധനമൂലധന കുത്തകകളേപ്പോലെയോ മുന്‍കാല വ്യവസായ കുത്തകകളേപ്പോലെയോ കമ്പോളത്തെ, സമൂഹത്തെ തന്നെ, നിയന്ത്രിക്കാനാനുള്ള ശക്തിയോ അധികാരമോ കിട്ടാതെ സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ ഉല്പാദന ബന്ധങ്ങളിലുള്ള മാറ്റം സാദ്ധ്യമാകുക തൊഴിലാളികള്‍ സംരംഭകരായി മാറുമ്പോഴാണു്. വ്യക്തികളുടെ സംരംഭകത്വം സാമൂഹ്യ സംരംഭകത്വമായി ഉയരുമ്പോഴാണു്. അതാണു് സോഷ്യലിസത്തില്‍ നടക്കുക. മാത്രമല്ല, മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമാക്കും.

ചുരുക്കി പറഞ്ഞാല്‍ നെഹൃവിന്റെ സോഷ്യലിസം കുത്തക മുതലാളിത്തം വളര്‍ത്താനുള്ള കുത്തകമുതലാളിത്തം നയിക്കുന്ന ഭരണകൂടത്തിന്റെ പരിപാടിയായിരുന്നുവെങ്കില്‍ ശാസ്ത്രീയ സോഷ്യലിസം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം നടപ്പാക്കുന്ന സമൂഹസുസ്ഥിതിക്കായുള്ള പരിപാടിയാണു്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശാരീരികാദ്ധ്വാന ശേഷിയുടേയും ഉപകരണോപയോഗ ശേഷിയുടേയും ബൌദ്ധിക ശേഷിയുടേയും ഭരണ നൈപുണിയുടേയും സംരംഭക കഴിവിന്റേയും അടിസ്ഥാനത്തില്‍ സ്വാഭാവികമായ അവരുടെ മേല്‍ക്കൈയാണു് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം. അവിടെ ബലപ്രയോഗവും ആയൂധോപയോഗവും മുതലാളിത്തം അക്രമം അഴിച്ചു് വിടുമോ എന്നതിനെ മാത്രം ആശ്രയിച്ചിരിക്കും. അതു് 99 ശതമാനം ജനങ്ങളുടേയും ജനാധിപത്യമായിരിക്കും.)

Blog Archive