Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, September 25, 2013

വിവര സുരക്ഷയുടെ പ്രാധാന്യം - ജോസഫ് തോമസ്



Courtesy : Deshabhimani :Posted on: 24-Sep-2013 10:32 PM

എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ചാരനിരീക്ഷണ പരിപാടിക്കും ഇന്റര്‍നെറ്റ് ചോര്‍ത്തലിനുമെതിരെ വമ്പിച്ച പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. അമേരിക്കന്‍ പൗരന്മാരുടെ ഫോണുകളും ലോകമാകെയുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സന്ദേശങ്ങളും നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. മൈക്രോസോഫ്റ്റും ജിമെയിലും ഫേസ്ബുക്കും ട്വിറ്ററും അടക്കം പ്രധാനപ്പെട്ട 10 ഇന്റര്‍നെറ്റ് സന്ദേശവാഹകരുടെ സെര്‍വറുകളില്‍നിന്ന് വിവരംചോര്‍ത്തി നിരീക്ഷിക്കാനുള്ള "പ്രിസം" എന്ന പദ്ധതിയാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറാക്കി പ്രവര്‍ത്തിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര ശൃംഖലകളില്‍നിന്ന് വിവരംചോര്‍ത്തുന്ന എക്സ് കീസ്കോര്‍പോലെ വേറെയുമുണ്ട് അമേരിക്കന്‍ ചാരപരിപാടികള്‍. ലോകമാകെ ടെലി കമ്യൂണിക്കേഷന്‍ ശൃംഖലകളും കേബിള്‍പഥങ്ങളും മൈക്രോവേവ് പ്രസരണപഥങ്ങളും ഉപഗ്രഹ പ്രസരണവും ചോര്‍ത്തുന്ന പരിപാടിയും നടക്കുന്നുണ്ട്. ആയിരത്തഞ്ഞൂറോളം നിരീക്ഷണകേന്ദ്രങ്ങളാണ് ലോകമാകെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ എംബസികളും കോണ്‍സുലേറ്റുകളും അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനികളുമാണ് ആ പണി ചെയ്യുന്നത്. ഇന്ത്യയിലടക്കം ഇത് നടക്കുന്നുണ്ട്.

അമേരിക്കയില്‍ കേന്ദ്രീകരിച്ച ആഗോള വിവരവിനിമയ ശൃംഖലയും കമ്യൂണിക്കേഷന്‍ രംഗത്തെ അമേരിക്കന്‍ മേധാവിത്വവുമാണ് ഇത്തരം ചോര്‍ത്തലിന് അവരെ പ്രാപ്തമാക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചാരനിരീക്ഷണ സമ്പ്രദായം കരുപ്പിടിപ്പിച്ചതെന്നാണ് അമേരിക്കയുടെ ന്യായീകരണം. എന്നാല്‍, ഭീകരവാദവും തീവ്രവാദവും മറയാക്കി തങ്ങളുടെ സാമ്പത്തിക വാണിജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് അമേരിക്ക വിവരം ചോര്‍ത്തുന്നതെന്ന് വ്യക്തമാണ്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും സംബന്ധിച്ചിടത്തോളം വ്യക്തിപരമായ സ്വകാര്യതയിലുപരി സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വവും ദേശീയ പരമാധികാരവുമാണ് ഈ വിഷയത്തില്‍ ഉള്‍പ്പെട്ട പ്രധാന പ്രശ്നം. ഭീകരവാദത്തെക്കുറിച്ചോ തീവ്രവാദത്തെക്കുറിച്ചോ പരാതിപ്പെടാന്‍ അമേരിക്കയ്ക്ക് അര്‍ഹതയില്ല. ലോകമാകെ തീവ്രവാദവും ഭീകരവാദവും വളര്‍ത്തുന്നതില്‍ മറ്റാരേക്കാളും പങ്ക് അമേരിക്കന്‍ ഭരണകൂടത്തിനുണ്ട്. തെമ്മാടിരാഷ്ട്രമായി ഇസ്രയേലിനെ വളര്‍ത്തി നിലനിര്‍ത്തുന്നു. ബിന്‍ലാദനെയും താലിബാനെയും പാലൂട്ടി വളര്‍ത്തി. പാകിസ്ഥാനില്‍ ഐഎസ്ഐയെ ശക്തിപ്പെടുത്തി. ശത്രുരാജ്യമെന്നോ മിത്രരാജ്യമെന്നോ നോക്കാതെ മറ്റെല്ലാ രാജ്യങ്ങളിലും ആജ്ഞാനുവര്‍ത്തികളായ മത-ഭാഷാ തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തി. കോള്‍മാന്‍ ഹെഡ്്ലിയെപ്പോലെ ജനദ്രോഹികളെ സൃഷ്ടിച്ചു. ചില രാജ്യങ്ങളില്‍ ഏകാധിപതികളെ പതിറ്റാണ്ടുകളോളം പിന്തുണച്ച് നിലനിര്‍ത്തിപ്പോന്നു. എത്രയെത്ര ഭരണാധികാരികളെയാണ് അമേരിക്കന്‍ ഭരണകൂടം തീറ്റിപ്പോറ്റുന്ന പട്ടാളം കൊന്നൊടുക്കിയത്.

ലോകത്താകമാനം ആയിരത്തഞ്ഞൂറിലേറെ സൈനിക താവളങ്ങള്‍ അമേരിക്കയും അവര്‍ക്ക് പങ്കാളിത്തമുള്ള സൈനിക സഖ്യങ്ങളും നിലനിര്‍ത്തുന്നുണ്ട്. ഇതെല്ലാം അമേരിക്കയുടെ ദേശീയ സുരക്ഷയുടെ ആവശ്യമാണെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ അതും ലോകമാകെ ചാരപ്പണി നടത്താനും മേധാവിത്വം ഉറപ്പാക്കാനുമുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധിയായി അമേരിക്കയുടെ കൈയിലെത്തി. ലോകത്തെല്ലായിടത്തുനിന്നും വിവരം അവരുടെ കംപ്യൂട്ടറിലേക്ക് ഒഴുകിയെത്തുന്നു. കാരണം അമേരിക്കയിലാണ് ലോകത്ത് മിക്കവരുടെയും വിവര വിനിമയാവശ്യങ്ങള്‍ നിര്‍വഹിക്കുന്ന ഇന്റര്‍നെറ്റിന്റെ പശ്ചാത്തല വിഭവങ്ങളെല്ലാം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സെര്‍വറുകളും മെമ്മറി ഫാമുകളും കേന്ദ്രീകരിച്ചിരിക്കുന്നത് കാലിഫോര്‍ണിയയിലാണ്. ലോകമാകെ കൈകാര്യംചെയ്യപ്പെടുന്ന വിവരമെല്ലാം അവിടെയെത്തിയാണ് വിതരണംചെയ്യപ്പെടുന്നത്. സെര്‍വറുകളില്‍ നിന്ന് ആവശ്യമുള്ളതെടുത്ത് വിശദമായി പരിശോധിച്ചാല്‍ മാത്രംമതി. ഇന്റര്‍നെറ്റ് അമേരിക്കയില്‍ തുടങ്ങിയതാണ്. അമേരിക്കയില്‍ വ്യാപിച്ച് വളര്‍ന്നു, തുടര്‍ന്ന് പുറത്തേക്കും. ഇന്ന് ലോകമാകെ അതില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. അതിന്റെ വ്യാപനം മറ്റെന്തിനേക്കാളും വേഗത്തില്‍ നടക്കുന്നു. അത് വികേന്ദ്രീകൃതമാണെങ്കിലും അമേരിക്കയില്‍ തുടങ്ങിയതായതിനാല്‍ അതിന്റെ കേന്ദ്രം അവിടെയാണെന്ന ധാരണ പരക്കെ നിലനില്‍ക്കുന്നു. ആദ്യ പഥികര്‍ എന്ന നിലയില്‍ അവര്‍ക്ക് കിട്ടിയ മുന്‍കൈ ഒരു യാഥാര്‍ഥ്യമാണ്. അവിടെയാണ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പാദനവും സോഫ്റ്റ്വെയര്‍ വികസനവും സെര്‍വറുകളും വിവരസംഭരണികളും വെബ് ഹോസ്റ്റിങ് സ്ഥാപനവും സാമൂഹ്യ സേവനപ്രദാന സ്ഥാപനങ്ങളും അടക്കം ശൃംഖല വിഭവങ്ങളും ശൃംഖലകളും നിലവില്‍ വന്നിട്ടുള്ളത്്. മറ്റാര്‍ക്കും സ്വന്തം ശൃംഖലകള്‍ കെട്ടിപ്പടുക്കുകയും ശൃംഖലാ വിഭവങ്ങള്‍ സഥാപിച്ചുപയോഗിക്കുകയും ചെയ്യാമെന്നിരിക്കിലും ഇന്നും അമേരിക്കന്‍ വിഭവങ്ങള്‍മാത്രം ഉപയോഗിക്കുക എന്ന ശീലമാണ് നിലനില്‍ക്കുന്നത്. ലോകത്താകെ ജനങ്ങള്‍ അമേരിക്കന്‍ സേവനദാതാക്കളെയും വിഭവങ്ങളെയും ആശ്രയിക്കുന്നതുമൂലം അവര്‍ക്ക് സാമ്പത്തികമായി വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. ഏത് രാജ്യക്കാരും ഉപകരണങ്ങള്‍ വാങ്ങുന്നത് അവിടെനിന്നാണ്. പ്രത്യേകിച്ചും കംപ്യൂട്ടറുകളുടെയും മറ്റിതര വിവര വിനിമയോപകരണങ്ങളുടെയും പ്രധാന ഘടകമായ മൈക്രോ പ്രോസസറുകള്‍. ലോകത്താര് ഇന്റര്‍നെറ്റ് ഉപയോഗിച്ചാലും അമേരിക്കയ്ക്ക് വരുമാനം കിട്ടുന്നു.

ഇന്റര്‍നെറ്റുപയോഗിച്ചുള്ള ചാരപ്പണി അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്നമാണ്. വിജയകരമായി യുദ്ധതന്ത്രങ്ങള്‍ മെനയുന്നതിന് ഇത് അവരെ സഹായിക്കുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. വല്യേട്ടന്റെ കണ്ണുകള്‍ പതിയാത്ത ഇടങ്ങള്‍ ലോകത്തിലില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. അതാകട്ടെ മറ്റ് രാജ്യങ്ങളുടെ വിവരം ചോര്‍ത്തുക മാത്രമല്ല, അമേരിക്കക്കാരുടെ സ്വകാര്യതയും നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെയാണ് എഡ്വേഡ് സ്നോഡന്‍ പ്രതികരിച്ചത്. വ്യക്തിയുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന അമേരിക്കന്‍ സമൂഹത്തിന്റെ ഗണ്യമായ വിഭാഗം സ്നോഡനെ പിന്തുണയ്ക്കാന്‍ രംഗത്തിറങ്ങി. അമേരിക്കന്‍ മാധ്യമങ്ങള്‍ പലതും സ്നോഡനെ പിന്തുണയ്ക്കുന്നു. ലോകമാകെ സ്നോഡന് പിന്തുണ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ ഉരുത്തിരിഞ്ഞു. സ്നോഡനെ പിന്തുണയ്ക്കാന്‍ ലോകജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. കാരണം, അമേരിക്കയുടെ ചാരപ്രവര്‍ത്തനം അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ എന്നതിലുപരി ലോകജനതയ്ക്കും രാഷ്ട്രങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും എതിരെയുള്ളതാണ്.

ഭീകരപ്രവര്‍ത്തനങ്ങളും ശത്രുരാജ്യങ്ങളുടെ നീക്കങ്ങളും കണ്ടറിഞ്ഞ് രാജ്യസുരക്ഷ ഉറപ്പാക്കുക എന്ന സൈനിക വിവര ചോര്‍ത്തലിനുപരി വ്യാവസായിക പ്രാധാന്യമുള്ള വിവരങ്ങളും ചോര്‍ത്തപ്പെടുകയാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും സ്വന്തം താല്‍പ്പര്യംകൂടി സംരക്ഷിച്ചുള്ള ജനാധിപത്യ ലോകക്രമം ആഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. സ്നോഡന് പിന്തുണയും അമേരിക്കന്‍ മേധാവിത്വത്തിനെതിരെ ചെറുത്തുനില്‍പ്പും അമേരിക്കന്‍ നിലപാടുകളെ പിന്തുണയ്ക്കുന്ന സ്വന്തം സര്‍ക്കാരുകള്‍ക്കെതിരായ രാഷ്ട്രീയ സമരങ്ങളും ആവശ്യമാണ്. അവ മാത്രം പോരാ. അവയെല്ലാറ്റിനുമൊപ്പം ആഗോള വിവരവിനിമയ ശൃംഖലയില്‍ അമേരിക്കന്‍ മേധാവിത്വം അവസാനിപ്പിക്കാനാവശ്യമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലും ലോകജനത മുഴുകണം. എങ്കില്‍മാത്രമേ നിലവിലെ സാമ്രാജ്യത്വ മേധാവിത്വത്തിലുള്ള ആഗോള ക്രമത്തിനുപകരം ബഹുധ്രുവലോകം സാധ്യമാകൂ.

ദേശീയ പരമാധികാരവും രാജ്യസുരക്ഷയും മറ്റ് രാജ്യങ്ങളുമായി പരസ്പര ബഹുമാനത്തിന്റെയും സമഭാവനയുടെയും അടിസ്ഥാനത്തിലുള്ള സാര്‍വദേശീയ ബന്ധവും ഭീകരാക്രമണത്തില്‍നിന്നും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍നിന്നും മോചനവും ആഗ്രഹിക്കുന്ന രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും കൂട്ടായ്മയുടെയും മുമ്പില്‍ വിവരം ചോര്‍ത്തല്‍ തടയാന്‍ മാര്‍ഗങ്ങളുണ്ട്. വിവര സാങ്കേതികരംഗത്ത് പ്രത്യേകിച്ച് ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ അമേരിക്കയുടെ മേധാവിത്വം അവസാനിപ്പിക്കുക തന്നെയാണത്. സ്വന്തം വിവര വിനിമയ ശൃംഖലകളും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചുപയോഗിക്കാന്‍ ഓരോ രാജ്യത്തിനും കഴിയും. അവയെ നിലവിലുള്ള ആഗോളശൃംഖലയുമായി ബന്ധപ്പെടുത്തുമ്പോള്‍ ആവശ്യമായ ഉറപ്പുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാകാം. ദേശ രാഷ്ട്രങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും അവയുടെ സ്വന്തം ശൃംഖലകള്‍ സ്ഥാപിച്ചുപയോഗിക്കാം. സ്വന്തമായി ശൃംഖലാവിഭവങ്ങളുണ്ടാക്കാം. അതിനെല്ലാം സഹായിക്കുന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യ സ്വാംശീകരിക്കുകയും പ്രയോഗിക്കുകയുംചെയ്ത് സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചും ശൃംഖലകള്‍ കെട്ടിപ്പടുത്തും സ്വന്തമായി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിവര സുരക്ഷ ഉറപ്പാക്കാം.

(ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റാണ് ലേഖകന്‍)

- See more at: http://www.deshabhimani.com/newscontent.php?id=356580#sthash.zut6bcH3.dpuf

No comments:

Blog Archive