Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, April 20, 2014

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തും ക്ഷേത്ര നടത്തിപ്പും കൊള്ളക്കാരില്‍ നിന്നു് മാറ്റി സമൂഹത്തോടു് ഉത്തരവാദപ്പെട്ടവരെ ഏല്പിക്കണം



സ്വര്‍ണം ലോറിയില്‍ കടത്തി, വഴിപാടു പണവും വെട്ടിച്ചു

(സാജന്‍ എവുജിന്‍) - Posted on: 20-Apr-2014 12:43 AM

ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം മണ്ണില്‍ കലര്‍ത്തി ലോറികളില്‍ കടത്തിയതായും സംഭാവനയായി ലഭിക്കുന്ന സ്വര്‍ണവും പണവും വന്‍തോതില്‍ വെട്ടിക്കുന്നുണ്ടെന്നുമുള്‍പ്പെടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സ്വര്‍ണം ലോറിയില്‍ കടത്താന്‍ ഒത്താശചെയ്ത രാജു എന്ന സ്വര്‍ണപ്പണിക്കാരന് 20 കിലോ സ്വര്‍ണവും പത്തുലക്ഷം രൂപയും പാരിതോഷികം ലഭിച്ചു. സ്വര്‍ണക്കടത്തിലെ ഉന്നതതലബന്ധത്തിന് തെളിവാണിത്. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സ്വന്തം ജ്വല്ലറി നടത്തുകയാണ് രാജു. "തഞ്ചാവൂര്‍" ജ്വല്ലറിയാണ് ക്ഷേത്രത്തില്‍നിന്ന് ലോറികളില്‍ സ്വര്‍ണം കടത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരനായ രാജുവാണ് ഈ മൊഴി നല്‍കിയതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സംഭാവനയായി ലഭിക്കുന്ന സ്വര്‍ണം കട്ടികളായും പാളികളായും മാറ്റാറുണ്ട്. ഇതാണ് പിന്നീട് കടത്തുന്നത്. ഇതിന് കൂട്ടുനിന്നതിന് പല സമയങ്ങളിലായി രാജുവിന് 17 കിലോഗ്രാം സ്വര്‍ണവും മൂന്നു കിലോയുള്ള ശരപ്പൊളി മാലയും സമ്മാനമായി നല്‍കി. പിന്നീട് പട്ടം പാലസില്‍നിന്ന് 10 ലക്ഷം രൂപയും ലഭിച്ചു. ഇതിനുശേഷം ജോലി വിട്ട് രാജു പഴവങ്ങാടിയില്‍ സ്വന്തമായി ജ്വല്ലറി തുടങ്ങി. സ്വര്‍ണപ്പണി നടക്കുന്ന പുരയുടെ താക്കോല്‍ അമിക്കസ് ക്യൂറി ചോദിച്ചെങ്കിലും ക്ഷേത്രം അധികൃതര്‍ കൈമാറിയില്ല. പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. മണ്ണില്‍ കുഴച്ച് സ്വര്‍ണം വച്ചിരിക്കുന്നത് കണ്ടു. അടുത്ത ദിവസങ്ങളില്‍ പണി നടന്നിട്ടും ഇക്കാര്യം അമിക്കസ് ക്യൂറിയെ അറിയിച്ചില്ല. ഇതില്‍ ദുരൂഹതയുണ്ട്. ഒറ്റക്കല്‍മണ്ഡപം സ്വര്‍ണം പൂശിയതില്‍ ക്രമക്കേട് കണ്ടെത്തി. സ്വര്‍ണത്തിന്റെ അനുപാതം വളരെയധികം കുറച്ചാണ് പണി നടത്തിയത്. "ഡി" നിലവറയ്ക്കുസമീപത്തെ രണ്ടുമുറികളില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാമഗ്രികളും കണ്ടെത്തി.

മുതല്‍പ്പടി- 1, മുതല്‍പ്പടി- 2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ മുറികളുടെ താക്കോലും നല്‍കിയില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. സ്വര്‍ണവും വെള്ളിയും അലക്ഷ്യമായി തള്ളിയിരിക്കുകയാണ് ഇവിടെ. കുലശേഖര രാജാവിന്റെ കോടികള്‍ വിലമതിക്കുന്ന വെള്ളിപ്രതിമയും പകുതിഭാഗം മുറിച്ചുമാറ്റിയ സ്വര്‍ണക്കട്ടികളും കണ്ടെത്തി. ക്ഷേത്രം കൊട്ടാരത്തിലെ ഭൂഗര്‍ഭ അറയില്‍ നൈട്രേറ്റിന്റെ സാന്നിധ്യമുണ്ട്. ഇവിടെ സ്വര്‍ണം സൂക്ഷിച്ചിരുന്നതായി കരുതണം. പത്മനാഭസ്വാമിയെ അലങ്കരിക്കുന്ന കടുശര്‍ക്കരയോഗം കരിഞ്ചന്തയില്‍ വില്‍ക്കുന്നു. 12,008 സാളഗ്രാം ഉള്‍പ്പെടുന്ന അമൂല്യമായ കൂട്ടാണ് കടുശര്‍ക്കരയോഗം. ഇത് നാലമ്പലത്തിലെ കാവല്‍ക്കാരന്റെ മുറിയില്‍ പ്ലാസ്റ്റിക് ചാക്കുകളിലാണ് വച്ചിരിക്കുന്നത്. സംഭാവനയായി ലഭിക്കുന്ന പണം കൃത്യമായി രേഖപ്പെടുത്തുന്നില്ല. ക്ഷേത്രം സംഭാവനയ്ക്ക് ആദായനികുതി ഇളവുനല്‍കുന്നത് നിര്‍ത്തിവയ്ക്കണം. ക്ഷേത്രപ്രവേശനത്തിനായി നല്‍കുന്ന പാസില്‍പ്പോലും വെട്ടിപ്പ് നടക്കുന്നു.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സംഭാവന പിരിക്കുന്നത് ഭരണസമിതിയില്‍ മാറ്റംവരുത്തുന്നതുവരെ നിര്‍ത്തിവയ്ക്കണം. ക്ഷേത്രത്തില്‍ പൂജിക്കാത്ത, പുറത്തുനിന്ന് കൊണ്ടുവരുന്ന പായസവും അപ്പവുമാണ് പ്രസാദമായി നല്‍കുന്നത്. ഭക്തജനങ്ങളെയും വിശ്വാസത്തെയും വഞ്ചിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍തന്നെ ക്ഷേത്രം ഭരണസമിതി പിരിച്ചുവിടേണ്ടതാണ്- അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധി ചോദ്യംചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവെ, ക്ഷേത്രകാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മുന്‍ സോളിസിറ്റര്‍ ജനറല്‍കൂടിയായ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. അഞ്ഞൂറില്‍പ്പരം പേജുള്ള റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി സമര്‍പ്പിച്ചത്. ക്ഷേത്രം ഭരണച്ചുമതലയില്‍നിന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തെ മാറ്റിനിര്‍ത്തണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. കേസ് 23ന് സുപ്രീംകോടതി പരിഗണിക്കും.

- See more at: http://www.deshabhimani.com/newscontent.php?id=445157#sthash.5RSW7AzK.dpuf

രാജകുടുംബവും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധം: വി എസ്

Posted on: 20-Apr-2014 09:52 AM

തിരു: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. രാജകുടുംബവും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളത്.

രാജകുടുംബത്തെ സര്‍ക്കാരിന് ഭയമാണ്. ക്ഷേത്രത്തില്‍നിന്ന് സ്വത്ത് കടത്തികൊണ്ടുപോയതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന് രണ്ടരവര്‍ഷം മുമ്പ് താന്‍ പറഞ്ഞത് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഗുരുവായൂര്‍ മോഡല്‍ ഭരണസമിതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടത്. ഇത്തരം വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന അമിക്കസ് ക്യൂറിയെ അഭിനന്ദിക്കുന്നതായും വി എസ് പറഞ്ഞു.

- See more at: http://www.deshabhimani.com/newscontent.php?id=444908#sthash.CTiygyEz.dpuf

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണാപഹരണം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം

Posted on: 20-Apr-2014 04:01 PM

തിരു: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍തോതില്‍ സ്വര്‍ണാപഹരണം നടന്നതായി സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ക്രമക്കേടുകളെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം സുപ്രീംകോടതിയുടെ മുന്നില്‍ ഉന്നയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മൂല്യനിര്‍ണ്ണയം നടക്കുമ്പോള്‍ പോലും വിദഗ്ദ്ധ സമിതിയെ മറികടന്ന് രാജകുടുംബം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. മണ്ണില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം ലോറികളില്‍ പുറത്തേയ്ക്ക് കടത്തിയെന്നും ഇതെല്ലാം രാജകുടുംബാംഗങ്ങളുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ക്രമക്കേടുകളുടെ ദീര്‍ഘമായ പട്ടികയും നിരത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജകുടുംബത്തെ മാറ്റി നിര്‍ത്തി ക്ഷേത്ര ഭരണത്തിന് സംവിധാനം ഉണ്ടാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ.

മുന്‍സോളിസിറ്റര്‍ ജനറലായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം നീതിന്യായരംഗത്തെ ബഹുമാന്യതയുള്ള വ്യക്തിത്വമാണ്. കോടതിയെ സഹായിക്കാന്‍ കോടതി നിയോഗിച്ച ഈ ഉന്നത അഭിഭാഷകന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ക്ഷേത്രത്തിലെ അമൂല്യസമ്പത്ത് നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ പര്യാപ്തമായ ഭരണസംവിധാനം കാലവിളംബം ഇനിയും വരുത്താതെ രൂപീകരിക്കണം. ഇതിനായി സുപ്രീംകോടതിയുടെ തീര്‍പ്പ് വരുന്നതിന് അനുഗുണമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം.

ഇത്രയും കാലം ക്ഷേത്ര മേല്‍നോട്ടം തിരുവിതാംകൂര്‍ രാജകുടുംബമാണ് നിര്‍വഹിച്ചുപോന്നത്. ഇതിന് മാറ്റം വരുത്തണമെന്നും ദേവസ്വം ബോര്‍ഡ് പോലുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അമൂല്യവസ്തുക്കളുടെ അളവും മൂല്യവും കൃത്യമായി നിശ്ചയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് ഇനിയും കാലതാമസം വരുത്തരുത്.

"ബി" നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്നം വന്നപ്പോള്‍ അന്ധവിശ്വാസവും ക്ഷേത്രസുരക്ഷയും ഒത്തുപോവില്ല എന്ന ധീരമായ നിലപാട് സുപ്രീംകോടതി പ്രകടപ്പിച്ചിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നിരിക്കുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ അമൂല്യ വസ്തുശേഖരത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും ക്ഷേത്ര സുരക്ഷയ്ക്കും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

- See more at: http://www.deshabhimani.com/newscontent.php?id=445244#sthash.MzJD97tp.dpuf

No comments:

Blog Archive