Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, April 20, 2014

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്


ഉള്ളാഴങ്ങളുടെ മാന്ത്രികമായ ആഗോളവല്‍ക്കരണം സി രാധാകൃഷ്ണന്‍ Posted on: 18-Apr-2014 11:47 PM മാര്‍ക്വേസ് ഓര്‍മയാവുമ്പോള്‍ ഒട്ടേറെ നഷ്ടമാവുന്നു എന്നല്ലാതെ കൃത്യമായും എന്താണ് നഷ്ടമാകുന്നത് എന്നു പെട്ടെന്നു പറയാന്‍ പ്രയാസമാണ്. അദ്ദേഹവും പോയി എന്നൊരു തോന്നലാണ് ഈ നിമിഷത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതിനു തൊട്ടു പിന്നാലെ വരുന്ന തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ കൃതികള്‍ നല്‍കിയ അനുഭൂതികളുടെ ശേഷിപ്പുകള്‍മാത്രം. ആ അനുഭൂതികളുടെ പൊതുസ്വഭാവങ്ങള്‍ മനസ്സില്‍ പെട്ടെന്നു നിറയുകയുംചെയ്യുന്നു. ഈ നിറവിന്റെ പ്രധാനസവിശേഷത, ഞാന്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരാളാണ് ഇത് എന്ന തോന്നലേ ജനിപ്പിക്കുന്നില്ല എന്നതത്രെ. വളരെ അടുത്തറിഞ്ഞ ആരോ ആണ് എന്നതാണ് പ്രതീതി. കൃതികളിലൂടെയുള്ള പരിചയം അത്രത്തോളം മിഴിവുള്ളതായതുതന്നെ കാരണം. ഇതുതന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എഴുത്തിലൂടെ പുറകോട്ടു നടന്ന് കണ്ടെത്തി അറിയാന്‍ കഴിയുന്നവരും അതു സാധിക്കാന്‍ ഇടം തരാത്തവരും എന്ന് എഴുത്തുകാരെ രണ്ടായി തിരിക്കാം. രണ്ടാമത്തെ തരക്കാരാണ് കൂടുതലും. കൃതിയും കര്‍ത്താവും ഒന്നുതന്നെ ആവുന്ന അവസ്ഥ അത്ര സുലഭമല്ല. ആയാലും, ആ തനിമ വായനക്കാരന് അനുഭവവേദ്യമാക്കാന്‍ കൈത്തഴക്കമുള്ളവരും ചുരുക്കം. രണ്ടും മതിയാവോളം ഒത്തുവരുന്നതോ വളരെ വിരളം. തനിക്കു മുമ്പില്ലാതിരുന്ന എന്താണ് ഒരു കലാകാരന്‍ സൃഷ്ടിച്ചത് എന്നതാണല്ലോ ചരിത്രത്തിലെ നാഴികക്കല്ലാകാനുള്ള യോഗ്യതയ്ക്കുള്ള അര്‍ഹത. മനുഷ്യാവസ്ഥയുടെ അടിസ്ഥാനപരങ്ങളായ അങ്കലാപ്പുകളില്‍നിന്ന് രക്ഷാമാര്‍ഗങ്ങള്‍ പുതുതായി തുറന്നതാണ് മാര്‍ക്വേസിന്റെ തച്ചുപണി. ഓരോന്നും ഓരോ പുതുതുരങ്കത്തിന്റെ ഫലം ചെയ്തു. അമ്പരപ്പും ആശ്വാസവും അത്ഭുതവും പ്രതീക്ഷയും ഭയവും എല്ലാം ഒരുമിച്ചുളവാക്കുന്നവയായിരുന്നു ഈ വഴികളിലൂടെയുള്ള യാത്രകള്‍. എല്ലാം വിചിത്രങ്ങളായ സ്വപ്നങ്ങള്‍. പേക്കിനാവുകളെന്നോ സുന്ദരസ്വപ്നങ്ങളെന്നോ തീര്‍ച്ചപ്പെടുത്താനാവാത്ത സങ്കരക്കിനാവുകള്‍. അതും, ചലിക്കുന്ന ചിത്രങ്ങള്‍. എന്തോ മാന്ത്രികവിദ്യയാലെന്നപോലെ സംഭവ്യങ്ങളായി മാറുന്ന അസംഭവ്യതകള്‍. ലോകം അതിനെ മാജിക്കല്‍ റിയലിസം എന്നു വിളിച്ചു. വേദനയുടെ സുഖം എന്നു പറയുന്ന രീതിയില്‍ ഒരു ഓമനപ്പേര്. സത്യത്തില്‍ ഒരു മാജിക്കും അതിലില്ല, റിയലായ ലോകവുമില്ല. പക്ഷേ, റിയലായ ലോകത്തിന്റെ അസുഖകരങ്ങളായ സുഖങ്ങള്‍ അഥവാ സുഖകരങ്ങളായ അസുഖങ്ങള്‍ ഇവയുമായുള്ള വായനാവേഴ്ചയിലൂടെ അനുഭവിക്കാം. അദ്ദേഹത്തിന്റെ കൃതികളിലെ യഥാര്‍ഥലോകം നമ്മുടെയൊക്കെ ഉള്ളില്‍ എന്നോ ഉള്ളതാണ്. അതെല്ലാം അവിടെ ഉണ്ടെന്ന് നാം അറിഞ്ഞേ ഇല്ലായിരുന്നെന്നുമാത്രം. അകത്തുനിന്ന് വീണ്ടും വീണ്ടും അകത്തേക്ക് കുറെ വാതിലുകള്‍ കടന്നാണ് അവയില്‍ എത്തുന്നത്. ആ എത്തിപ്പെടലിലുമുണ്ട് അന്യമായ നാടകീയത. കൃതി വായിക്കുന്നതിലൂടെ നാം നമ്മെ കൂടുതല്‍ നന്നായി അറിയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ കാണാന്‍ കിട്ടിയ വായനാനുഭവസ്വപ്നങ്ങള്‍ നമ്മെ മാറ്റിത്തീര്‍ക്കുന്നു. ഗുണപരമാണ് ആ മാറ്റം. കാരണം, അതിന്റെ ഫലശ്രുതി പ്രത്യാശയും നിഷ്കളങ്കതയുമത്രെ. എത്ര അനായാസമാണ് മാര്‍ക്വേസ് കഥ പറയുന്നതെന്ന അത്ഭുതമാണ് ആ എഴുത്തിലേക്ക് എന്നെ ആകര്‍ഷിച്ച ആദ്യഘടകം. വെറും രണ്ടു വാചകംകൊണ്ട് ഒരു സ്വപ്നലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്നപോലെ. അവിടന്നങ്ങോട്ട്, ഒരു പ്രിയങ്കരനായ മുതിര്‍ന്ന സുഹൃത്തിന്റെ വിരലില്‍ തൂങ്ങി നടക്കുന്ന കൊച്ചുകുട്ടിയായി മാറുകയാണ് വായനക്കാരന്‍. പത്തടി പോകുന്നതോടെ, ആ വിരല്‍ത്തുമ്പ് പിടിവിട്ടുപോകുന്നു. പിന്നെ, നാം തുടര്‍ന്നും നടന്നു കാണുന്നത് നാംതന്നെ നിര്‍മിക്കുന്ന സ്വപ്നമാണ്. നിറഞ്ഞ അറിവില്‍ അഴുക്കില്ലാത്ത നര്‍മം ചാലിച്ച ഒരു ചെറുചിരി പശ്ചാത്തലത്തില്‍ ചിറ്റോളമായി നിലനില്‍ക്കുന്നതുമാത്രമാണ് നമ്മെ അവിടെ കൊണ്ടെത്തിച്ച ആ പ്രിയസുഹൃത്തിന്റെ സാന്നിധ്യത്തിനു തെളിവ്. ഈ കഥനരീതി മലയാളത്തില്‍ വളരെപണ്ടേ ഭംഗിയായി ഉപയോഗിച്ച ഒരാളുണ്ട്. വേറെ ആരുമല്ല, നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സ്വപ്നാട്ടിലെ സിംഹാസനമില്ലാസുല്‍ത്താന്‍. വായനക്കാരന്റെ അകത്തു കയറിക്കൂടി അവനെക്കൊണ്ടുതന്നെ കഥ തുടര്‍ന്നു പറയിക്കുക എന്ന ഇന്ദ്രജാലം അദ്ദേഹം തന്റെ മിക്ക രചനകളിലും കാണിച്ചുവല്ലോ. അതിനു പക്ഷേ, നൊബേല്‍ സമ്മാനമൊന്നും കിട്ടിയില്ല. സാരമില്ല, മേലങ്കിയില്ലെന്നാലും അങ്കിയെങ്കിലും ഉണ്ടല്ലോ. മനുഷ്യനില്‍ പരിവര്‍ത്തിക്കുന്നതും പരിവര്‍ത്തിക്കാത്തതുമായ രണ്ടു വശങ്ങളുണ്ടെന്ന് മാര്‍ക്വേസിനെ വായിക്കുമ്പോള്‍ തോന്നും. ഇതും രണ്ടും തമ്മില്‍ സദാ മല്‍പ്പിടിത്തവും നടക്കുന്നു. ഒന്നു മറ്റേതിനെ തന്റെകൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ ഫലമാണിത്. ഈ മല്‍പ്പിടിത്തത്തിന്റെ തുടര്‍ക്കഥയാണ് മനുഷ്യചരിത്രം. വിപ്ലവങ്ങള്‍ ഉണ്ടാകുന്നതും ജയിക്കുന്നതും തോല്‍ക്കുന്നതുമെല്ലാം ഈ പോരിന്റെ ഫലനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. പല അവസ്ഥാന്തരങ്ങളുള്ളതാണ് ഈ പോര്. വെറും സൗഹൃദമത്സരംപോലെ ഒരു തമാശയ്ക്കാവാം, പാരമ്പര്യത്തിന്റെ കടുംപിടിത്തത്തിനെതിരെ വ്യതിയാനത്തിന്റെ പടവെട്ടായിരിക്കാം, വ്യതിയാനത്തിനെതിരെ പാരമ്പര്യം ദാക്ഷിണ്യമില്ലാതെ നടത്തുന്ന കുതിരകയറ്റമാകാം, ദുര്‍വാരമായ കാലത്തിനെതിരെ അന്തഃസത്തയുടെ നിത്യത ജീവന്‍മരണപോരാട്ടം നടത്തുന്നതുമാവാം. ഏതായാലും, മനുഷ്യജീവിതത്തിലെ സുകൃതവും പോഴത്തവും വെല്ലുവിളിയും ധന്യതയും എല്ലാം ഈ അനിവാര്യമായ അങ്കമാണ്. എല്ലാതരം വിപ്ലവങ്ങളും ഇതിന്റെ രൂപാന്തരങ്ങളേ ആയിരിക്കുന്നുള്ളൂ. എന്നുവച്ചാല്‍, ഓരോ വ്യക്തിയും ഓരോ പ്രത്യേകവിപ്ലവമാണ് അരങ്ങേറ്റുന്നത്. വിപ്ലവത്തിന്റെ അനന്തരഫലം, അതിനാല്‍, പ്രവചനക്ഷമമല്ല, ഒരാള്‍ക്കും അത് പൂര്‍ണതൃപ്തി നല്‍കുന്നുമില്ല. ഇക്കാരണങ്ങളാല്‍, മനുഷ്യലോകത്ത് എക്കാലത്തെയും അനിവാര്യതയായിത്തീരുന്നു വിപ്ലവം. കാലത്തെ ഇന്ദ്രജാലക്കാരന്റെ കൈയിലെ മാന്ത്രികവടിയായി മാര്‍ക്വേസ് അനായാസം ഉപയോഗിക്കുന്നു. അതിനെ ചുഴറ്റുകയും ചൂണ്ടുകയും വിറപ്പിക്കുകയും തല തിരിക്കുകയും ഒക്കെ ചെയ്യുന്നതിലൂടെ അഖിലാണ്ഡബ്രഹ്മാണ്ഡഭൂമിമലയാളം ആകെ തൂവാലയായും പ്രാവായും ബലൂണായും ശൂന്യതയായും, മറ്റെന്തു വെണമെങ്കില്‍ അതായും, രൂപാന്തരപ്പെടുന്നു. നീണ്ട തൊപ്പിയില്‍നിന്ന് ചെവി പിടിച്ചു പൊക്കിയെടുക്കുന്ന മുയല്‍ ഇത്ര നേരവും അതില്‍ എങ്ങനെ ശാന്തമായി കുടികൊണ്ടു എന്ന് വിസ്മയിക്കാതിരിക്കുന്നതെങ്ങനെ? എഴുത്തിന്റെ ആസ്വാദ്യതയ്ക്ക് എല്ലാ ദേശാതിര്‍ത്തികളെയും ലംഘിക്കാന്‍ നിഷ്പ്രയാസം കഴിയുമെന്നും, ഭാഷ എന്ന മാധ്യമത്തിന്റെ പരിമിതിപോലും ഇതിന് ഒരു തടസ്സമാകേണ്ടതില്ല എന്നും തെളിയിച്ച് വിശ്വത്തെ മുഴുവന്‍ വിരുന്നൂട്ടിയ ആ മഹാമാന്ത്രികന് പ്രണാമം! ഇനിയുള്ള നൂറുനൂറു വര്‍ഷങ്ങളില്‍ ലോകത്തിന് ഈ വിയോഗം സ്വകാര്യമായ ഏകാന്തതയുളവാക്കും. - See more at: http://www.deshabhimani.com/newscontent.php?id=444694#sthash.3awK31RP.dpuf ഹൃദയത്തിലേറിയ എഴുത്തുകാരന്‍ എം മുകുന്ദന്‍ Posted on: 18-Apr-2014 11:54 PM ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ നിര്യാണത്തില്‍ കൊളംബിയക്കാരെപ്പോലെതന്നെ നമ്മള്‍ മലയാളികളും ദുഃഖിതരായിരിക്കും. കാരണം മാര്‍ക്വേസ്, നമ്മള്‍ അത്രയധികം ഹൃദയത്തില്‍ ഏറ്റെടുത്ത ഒരെഴുത്തുകാരനാണ്. ഏകദേശം പതിനഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം അര്‍ബുദ ബാധിതനായിരുന്നു. എന്നാല്‍, ലോകത്തിലെ മുഴുവന്‍ അക്ഷരസ്നേഹികളുടെയും പ്രാര്‍ഥനകളുടെ ഫലമായിട്ടായിരിക്കണം അദ്ദേഹം അതിനെ അതിജീവിച്ചു. അതിനുശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം മറവിരോഗവും മാനസിക വിഭ്രാന്തികളും കാരണം ദുരിതം അനുഭവിക്കുകയായിരുന്നു. അറുപതുകള്‍ നമുക്ക് സാര്‍ത്രിന്റെയും കമ്യുവിന്റെയും കാലമായിരുന്നു. അസ്തിത്വവാദത്തിന്റെയും നിരര്‍ഥകതാ വാദത്തിന്റെയും അശാന്തികളില്‍നിന്നു നമ്മെ മോചിപ്പിക്കുന്നതില്‍ മാര്‍ക്വേസിന്റെ കൃതികളും ചിന്തകളും വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിലവിലുള്ളതിനു പകരം വയ്ക്കുവാന്‍ എന്തെങ്കിലും ഒന്നുണ്ടാകുമ്പോഴാണ് സാഹിത്യം മുന്നോട്ടു പോകുന്നത്. നമ്മള്‍ സാര്‍ത്രിനും കമ്യൂവിനും പകരം വയ്ക്കാന്‍ കണ്ടെത്തിയത് മാര്‍ക്വേസിനെയായിരുന്നു. 1982ല്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന അദ്ദേഹത്തിന്റെ നോവലിന് നൊബേല്‍ സമ്മാനം ലഭിച്ചതോടെയാണ് മാര്‍ക്വേസ് നമ്മുടെ ഇടയില്‍ പ്രശസ്തനായത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ള നോവലുകളില്‍ ഒന്നാണിത്. നമ്മുടെ നോവല്‍സങ്കല്‍പ്പങ്ങളെ അതാകെ മാറ്റിമറിച്ചു. മാജിക് റിയലിസം എന്ന അത്ഭുതകരമായ ഒരു രചനാരീതി അദ്ദേഹം വളര്‍ത്തിയെടുത്തു. ലാറ്റിനമേരിക്കയിലെ ക്രൂരരായ ഏകാധിപതികളില്‍നിന്നും വിപ്ലവകാരികളില്‍നിന്നും കൊടുംദാരിദ്ര്യത്തില്‍ നിന്നും ഹിംസയില്‍നിന്നും രൂപംകൊണ്ട ഒന്നായിരുന്നു മാജിക് റിയലിസം. അതിലൂടെ അദ്ദേഹം സമാന്തരമായ ഒരു ലാറ്റിനമേരിക്കന്‍ ലോകം സൃഷ്ടിച്ചു. ദൈവങ്ങളെപ്പോലും അമ്പരപ്പിച്ച ഭാവനയുടെ ഒരു മഹാവിസ്ഫോടനമായിരുന്നു മാജിക് റിയലിസം. ആ ലോകം ലാറ്റിനമേരിക്കയുടേതു മാത്രമല്ല, ലോകത്തിന്റെ മുഴുവനുമായി മാറി. നമ്മള്‍ മലയാളികളുടേതും. മാര്‍ക്വേസിന്റെ ലോകവീക്ഷണം ഇടതുപക്ഷത്തിന്റേതായിരുന്നു. ചിലിയന്‍ ഏകാധിപതി പിനോഷെയുടെ വലതുപക്ഷ കാഴ്ചപ്പാടുകള്‍ക്കു വിരുദ്ധമായി വികസിച്ചതായിരുന്നു അത്. ഫിദെല്‍ കാസ്ട്രോയുടെ ആത്മസുഹൃത്തായിരുന്നു മാര്‍ക്വേസ്. അവര്‍ ഒന്നിച്ചായിരുന്നു ഡല്‍ഹി സന്ദര്‍ശിച്ചത്. പാവങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന ഓള്‍ഡ് ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ സൈക്കിള്‍ റിക്ഷയില്‍ കയറി സഞ്ചരിക്കുന്ന മാര്‍ക്വേസിനെക്കുറിച്ച് ഡല്‍ഹിയിലെ പത്രങ്ങള്‍ അന്ന് എഴുതുകയുണ്ടായി. എത്രയോ എഴുത്തുകാര്‍ മരിച്ചിരിക്കുന്നു. വിസ്മൃതിയില്‍ ആണ്ടുപോയിരിക്കുന്നു. അങ്ങനെയായിരിക്കില്ല മാര്‍ക്വേസ്. ധിഷണപരമായി ഉന്നതങ്ങളില്‍ വിഹരിക്കുമ്പോഴും ജനങ്ങളുടെ ഇടയിലായിരുന്നു മാര്‍ക്വേസിന്റെ മനസ്സ്. ബുദ്ധിജീവികളും സാധാരണക്കാരും ഒരേ ആവേശത്തോടെ വായിച്ച എഴുത്തുകാരനായിരുന്നു മാര്‍ക്വേസ്. അതുകൊണ്ടുതന്നെ അദ്ദേഹം അനശ്വരനായിരിക്കും. - See more at: http://www.deshabhimani.com/newscontent.php?id=444720#sthash.HAfFbkMP.dpuf മാര്‍ക്വേസും മാജിക്കല്‍ റിയലിസവും വി സുകുമാരന്‍ Posted on: 18-Apr-2014 11:44 PM ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് എന്ന അതികായനായ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റിന്റെ പേര് മിക്കപ്പോഴും പൊന്തിവരുന്നത് മാജിക് റിയലിസം എന്നും മാജിക്കല്‍ റിയലിസമെന്നും വ്യവഹരിക്കപ്പെടുന്ന രചനാ രീതിയെക്കുറിച്ചുള്ള ആലോചനകളിലാണ്. ഈ ആഖ്യാന സവിശേഷതയുടെ ഉപയോഗത്തിന് ഉദാഹരണമായി പൊതുവെ എടുത്തുകാട്ടപ്പെടുന്ന നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്ന് വാഴ്ത്തപ്പെടുന്ന One Hundred years of solitude എന്ന ത്രോഡിക്കിള്‍ നോവലുമാണ്. പലരും കരുതുന്നതുപോലെ Magic realism എന്ന പദം/പ്രയോഗം കൊണ്ടുവന്നത് Garcia Marquez അല്ല. Franz Rosh എന്ന ജര്‍മന്‍ കലാനിരൂപകനായിരുന്നു. Magic realism എന്ന് അദ്ദേഹം ഉപയോഗിച്ചത് ഒരു പുസ്തകത്തിന്റെ ശീര്‍ഷകത്തിലായിരുന്നു. സാഹിത്യമെഴുത്തില്‍ ഇത് കടന്നുവരുംമുമ്പേതന്നെ കലാനിരൂപണത്തിലും ശില്‍പ്പശാസ്ത്രത്തിലും Magic realism എന്നതിന്റെ സാന്നിധ്യം കാണാമായിരുന്നു. പല ചിത്രകാരന്മാരും Magic Realist വര്‍ഗീകരിക്കപ്പെട്ടു. Edward hoppes, Charles sheeler എന്നീ പുകഴാര്‍ന്ന ചിത്രമെഴുത്തുകാരെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു. ആദ്യത്തെ മാജിക്ക് റിയലിസ്റ്റ് നോവല്‍ Luis Bolger എന്ന വിഖ്യാത അര്‍ജന്റീനിയന്‍ നോവലിസ്റ്റിന്റെ 1935ല്‍ പുറത്തുവന്ന Historia Universal de la Infamia എന്ന ബൃഹദ്കൃതിയാണ്. അദ്ദേഹത്തിന്റെ പുതിയ ആഖ്യാനരീതിയില്‍ ആകൃഷ്ടനായിട്ടാണ് താന്‍ മാജിക് റിയലിസം പരീക്ഷിച്ച് തുടങ്ങിയതെന്ന് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് പലതവണ പറഞ്ഞിട്ടുണ്ട്. മാര്‍ക്വേസിനെപ്പോലെ മാജിക് (മാജിക്കല്‍) റിയലിസത്തിന്റെ അപാര സാധ്യതയുള്ള ആകാവുന്നത്ര പ്രയോജനപ്പെടുത്തിയ എഴുത്തുകാരനാണ് ക്യൂബന്‍നോലിസ്റ്റായ Alejo carpentier. Italo Carvino, John Fowles, Gunter gras, Angela Carter, Salman Rushdie എന്നീ പ്രാമാണികരായ കഥാകാരന്മാര്‍ മാജിക് റിയലിസത്തിന്റെ പ്രയോക്താക്കളാണ്. Milan Kundera യുടെ പേരും മറക്കാന്‍ വയ്യ. റിയലിസവും കല്‍പ്പനയും തമ്മില്‍ എന്നും നിലനില്‍ക്കുന്ന പിരിമുറുക്കം ഉണ്ടല്ലോ. അതിനെ സര്‍ഗാത്മകമായി മറികടക്കാനും ഒരു വ്യത്യസ്ത കാഴ്ച കണ്ടെത്താനുമുള്ള പരിശ്രമം. അതാണ് മാജിക് റിയലിസമെന്നും മാര്‍ക്സിസ്റ്റ് സാഹിത്യ ചിന്തകനായ ടെറി ഈഗിള്‍ടണ്‍ നിരീക്ഷിക്കുകയുണ്ടായി. മാജിക് റിയലിസം യാഥാര്‍ഥ്യത്തിന്റെ നിഷേധമല്ല. പുനര്‍നിര്‍മിതിയാണ്. മിത്തും ചരിത്രവുമൊക്കെ അതില്‍ പങ്കുചേരുന്നുണ്ട്. ഓര്‍മയുടെ ഇടനാഴികളെ അത് കലാത്മകമായി യോജിപ്പിക്കുന്നു. "മഹാഭാരതം" വാസ്തവത്തില്‍ മാജിക് റിയലിസത്തിന്റെ പ്രസരം ശക്തിയായുള്ള ഒരു ഇതിഹാസ കാവ്യമാണ്. Magic realism എന്നതിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തിയെന്നതാണ് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ എടുത്തുപറയേണ്ട നേട്ടം. അദ്ദേഹത്തിന് അനുകര്‍ത്താക്കള്‍ പലരുമുണ്ടായി. പഠിച്ച ആര്‍ക്കും ആ ആചാര്യനെ മറികടക്കാന്‍ കഴിഞ്ഞില്ല. - See more at: http://www.deshabhimani.com/newscontent.php?id=444679#sthash.U27uyJSk.dpuf അത്ഭുതപ്പിറവിയായി ഒരു നോവല്‍ എം ടി വാസുദേവന്‍നായര്‍ Posted on: 18-Apr-2014 11:56 PM മലയാളിയെ ഇത്രമേല്‍ സ്വാധീനിച്ച വിദേശ എഴുത്തുകാരന്‍ മാര്‍ക്വേസിനെപ്പോലെ മറ്റൊരാളുണ്ടാകുമോ... സംശയമാണ്. മറവിരോഗം ബാധിച്ച മാര്‍ക്വേസിനായി പ്രാര്‍ഥനാനിരതരായി നമ്മള്‍ മലയാളികളും. മലയാളിക്ക് ആ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനോടുള്ള ആരാധന, ആഭിമുഖ്യം എല്ലാം പ്രകടമായിരുന്നു ആ പ്രാര്‍ഥനകളില്‍. എഴുത്തിലൂടെ ലോകം കീഴടക്കിയ പ്രതിഭയായിരുന്നു ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്. സമകാലിക എഴുത്തുകാരില്‍നിന്ന് ഏറെ വ്യത്യസ്തനായ മഹാപ്രതിഭാശാലി. 1970 ലാണ് മാര്‍ക്വേസിന്റെ രചന പരിചയപ്പെടാന്‍ സാധിക്കുന്നത്. ആദ്യ അമേരിക്കന്‍ യാത്രയിലായിരുന്നു അത്. യാത്രയില്‍ കൂടെയുണ്ടായിരുന്ന ആന്‍തണി ബാണി എന്ന ചെറുപ്പക്കാരനാണ് എന്നോട് മാര്‍ക്വേസിനെപ്പറ്റി പറയുന്നത്. സ്പാനിഷ് ഭാഷയില്‍ സ്വാധീനമുള്ള ആന്‍തണി "ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍" സ്പാനിഷ് ഭാഷയിലാണ് വായിച്ചത്. ഇംഗ്ലീഷ് പരിഭാഷ ഇറങ്ങിയ സമയമായിരുന്നു അത്. എനിക്കൊരു കോപ്പി സമ്മാനമായി തന്ന് ആന്‍തണി ഇങ്ങനെ പറഞ്ഞു ""ഇതാ, നാം വളരെക്കാലമായി കാത്തിരുന്ന മഹത്തായ കൃതി"". നാട്ടിലെത്തി ഞാനാ പുസ്തകം വായിച്ചു. സാവകാശത്തിലായിരുന്നു വായന. പക്ഷേ, അതൊരു അനുഭവമായിരുന്നു. വേറിട്ടതും വ്യത്യസ്തവുമായ സാഹിത്യാനുഭൂതി പകര്‍ന്ന വായന. സാഹിത്യപ്രേമിയായ ആന്‍തണി പറഞ്ഞതില്‍ തെല്ലും അതിശയോക്തിയില്ലെന്ന് എനിക്ക് ബോധ്യമായി. കുറച്ചുവര്‍ഷം മുമ്പ്, 2008ലാണെന്ന് തോന്നുന്നു "മെമ്മറീസ് ഓഫ് മൈ മെലന്‍കളി ഹോഴ്സ്" എന്ന ചെറുനോവല്‍ എന്റെ പുസ്തകശേഖരത്തിലെത്തി. അല്‍പ്പം ആശങ്കയോടെയാണ് ഞാനാ നോവല്‍ തുറന്നത്. വായന തുടങ്ങുമ്പോഴും എന്തോ ഒരു പരിഭ്രമമുണ്ടായിരുന്നു. "70 തൊട്ട് എന്നെ അത്ഭുതപ്പെടുത്തിയ, വിസ്മയിപ്പിച്ച മാസ്മരവിദ്യ, കൈയടക്കം, രചനാസവിശേഷത എല്ലാം ഒട്ടും കുറവ് വരുത്താതെ നിലനിര്‍ത്തുന്നു എന്ന് കണ്ട് ഞാന്‍ ആ മഹാനായ എഴത്തുകാരനെ മനസ്സാ നമിച്ചു. ഭാവനയുടെ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു സാമുവല്‍ റിച്ചാര്‍ഡ്സന്റെ പമേലയുടെ പ്രസിദ്ധീകരണം. നോവലിന്റെ തുടക്കമായിരുന്നു റിച്ചാര്‍ഡ്സണ്‍ പമേലയിലൂടെ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് റൂസോയുടെ ജൂലിയ വന്നപ്പോള്‍ നോവല്‍ മഹാസംഭവമായി. എന്നാല്‍, ഒരു നോവല്‍ അത്ഭുതപ്പിറവിയായിത്തീരുന്നത് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം 1970ല്‍ പുറത്തുവന്നപ്പോഴാണ്. അന്നുമുതല്‍ ലോകമാകെ ആഹ്ലാദകരമായ നടുക്കത്തോടെയും ഞെട്ടലോടെയും മാര്‍ക്വേസിനെ ആരാധിക്കാനും തുടങ്ങി. കാര്‍ലോസ് ഫുവേന്തസും മാറിയോ വര്‍ഗാസ് ലോസയും ഇതേകാലത്ത് ലാറ്റിനമേരിക്കയില്‍നിന്ന് പ്രസിദ്ധരായ മഹാന്മാരായ സ്പാനിഷ് എഴുത്തുകാരാണ്. ഇക്കൂട്ടത്തില്‍ ലാറ്റിനമേരിക്കയിലെ സ്പാനിഷ് എഴുത്തുകാരിലേക്ക് പ്രതീക്ഷാഭരിതരായി കടന്നുചെല്ലാന്‍ നമ്മെ പ്രേരിപ്പിച്ചത് മാര്‍ക്വേസിന്റെ രചനകളാണ്. കെട്ടുകഥകളല്ല, ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളാണ് തന്റെ സൃഷ്ടികളെന്ന് മാര്‍ക്വേസ് പറഞ്ഞിട്ടുണ്ട്. ഭീകരരായ ഏകാധിപതികളെ കൃതികളില്‍ മാര്‍ക്വേസ് അവതരിപ്പിച്ചു. ഈ സ്വേച്ഛാധിപതികള്‍ ചരിത്രത്തില്‍ യഥാര്‍ഥത്തിലുള്ളവരായിരുന്നു. ബുദ്ധിയും ധിഷണയുമൊന്നും പ്രസക്തമല്ലാത്തതും ആവശ്യമില്ലാത്തതുമായ വിനോദങ്ങള്‍ ചുറ്റിലും പെരുകുകയാണിന്ന്. പുതിയ സങ്കേതങ്ങള്‍ കണ്ടെത്തി എഴുത്തുകാര്‍ ഈ കാലത്തെ സാഹസികമായി അതിജീവിക്കുന്നു. ഭാവനയുടെ സമൃദ്ധിയാലവര്‍ വായനക്കാരന്റെ ഹൃദയം കീഴടക്കുന്നു. കഥ പറയുന്ന കല എന്നും നിലനില്‍ക്കുന്നുവെന്ന് അവര്‍ പ്രതിഭയാല്‍ തെളിയിക്കുന്നു. ഇങ്ങനെ കഥയെ, നോവലിനെ കലയാക്കി മാറ്റിയ കലാകാരനായിരുന്നു മാര്‍ക്വേസ്. ഏതുകാര്യം, എന്ത് വിഷയം മാര്‍ക്വേസ് എഴുതിയാലും മതിവരാത്ത മനംകവരുന്ന വായനാനുഭവമായി അത് മാറുന്നു. പത്രറിപ്പോര്‍ട്ടര്‍, ചലച്ചിത്രകാരന്‍, കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ച, കൈവച്ച മണ്ഡലങ്ങളിലെല്ലാം വിജയത്തിന്റെ അടയാളമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായ ഗാബോ അതിനാല്‍തന്നെ ഈ മലയാളക്കരയ്ക്കും മലയാളിക്കും എന്നും പ്രിയങ്കരനാകുന്നു. - See more at: http://www.deshabhimani.com/newscontent.php?id=444730#sthash.CtE02s0b.dpuf ദേശത്തിന്റെ മുദ്രകള്‍ ഡോ. എന്‍ ജെ നടരാജന്‍ Posted on: 19-Apr-2014 01:08 AM ബ്യൂണേഴ്സ് അയേഴ്സിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് ഓസ്കാര്‍ മറീസിയെ പരിചയപ്പെടുന്നത്. ഞാന്‍ വായിച്ചുകൊണ്ടിരുന്ന ങലാീൃശലെ ീള ങ്യ ങലഹമിരവീഹ്യ ണവീൃലെ ശ്രദ്ധിച്ച അദ്ദേഹം, മാര്‍ക്വേസിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. വളരെയധികം എന്ന സ്പാനിഷ് മറുപടി അദ്ദേഹത്തെ സന്തോഷിപ്പിച്ചു. താനും കൊളംബിയക്കാരന്‍ തന്നെ, ഓസ്കാര്‍ തുടര്‍ന്നു, താമസം മെക്സിക്കോ സിറ്റിയില്‍. തൊട്ടടുത്ത് മകന്‍ ഫാബിയോ. ഞാന്‍ തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വിപുലമായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊളംബിയയില്‍ പോയിട്ടില്ല. അവിടെ നിന്നുള്ളവരെ പരിചയവുമില്ല. മാര്‍ക്വേസും മെക്സിക്കോ സിറ്റിയിലല്ലേ താമസം എന്ന ചോദ്യത്തിന്, ഞങ്ങള്‍ അയല്‍വാസികളാണെന്നായിരുന്നു ഓസ്കാറിന്റെ മറുപടി. പിന്നെ തിരുത്തി. തൊട്ടടുത്ത വീടല്ല, ഒരേ നഗരത്തിലാണെന്നുമാത്രം. മാര്‍ക്വേസിന്റെ സാഹിത്യ കാര്യങ്ങള്‍ അറിയാന്‍ കാര്യമായി ബാക്കിയുണ്ടായിരുന്നില്ല. ഓസ്കാറിന് കൂടുതല്‍ അറിയാമെന്ന് തോന്നിയതുമില്ല. അദ്ദേഹം കൊളംബിയക്കാരനാണെന്ന് കേട്ടതുമുതല്‍ മറ്റൊരു കൗതുകം ബാക്കിനിന്നു. മാര്‍ക്വേസും ഓസ്കാറുമൊക്കെ ബാല്യം ചെലവിട്ട കൊളംബിയ എങ്ങനെയായിരുന്നു? മാര്‍ക്വേസിന്റെ സാഹിത്യ ജീവിതത്തില്‍ എന്തുമാത്രം പ്രാഭവം ആ ബാല്യകൗമാരയൗവനങ്ങള്‍ ചെലുത്തിക്കാണണം! വ്യക്തി- കഥാജീവിതത്തില്‍ വല്ലാതെ സ്വാധീനിച്ച സംഭവങ്ങള്‍ മാര്‍ക്വേസ് ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ സുപ്രധാനം 1950 ഫെബ്രുവരിയില്‍ 22-ാം വയസ്സില്‍ അരാക്കതാക്ക ഗ്രാമത്തിലേക്കുള്ള വരവായിരുന്നു. പൊടിനിറഞ്ഞ തീരെ ചെറിയ കരീബിയന്‍ കടല്‍തീര ഗ്രാമമായിരുന്നു അന്ന്. അതാണ് മാന്ത്രിക തൂലികാസ്പര്‍ശമേറ്റ് മകോണ്ടോ എന്ന അത്ഭുത സ്ഥലമായത്. ആളുകള്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ, വൃത്തികെട്ട ആ പരിസരത്തിന്റെ ഒരേയൊരു പ്രാധാന്യം 1928-ലെ ബനാന സ്ട്രൈക്ക് മസാക്കര്‍ എന്ന നരഹത്യ. സമാധാനപരമായി പ്രകടനം നടത്തിയ കര്‍ഷകരെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനി പട്ടാളക്കാരെകൊണ്ട് കൊന്നൊടുക്കിയ സ്ഥലം. ആ അഗ്നിസ്ഫുലിംഗങ്ങള്‍ക്ക് നടുവിലാണ് മാര്‍ക്വേസ് ജനിച്ചത്. ആ കാലഘട്ടത്തിലെ മറ്റു ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളെപ്പോലെ കൊളംബിയന്‍ ചരിത്രവും അനിശ്ചിതത്വത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും അധികാര കൈമാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും വിളനിലമായിരുന്നു. പൊതുവില്‍ സ്ഥിതി അതായിരുന്നെങ്കിലും മാര്‍ക്വേസിന് തന്റെ ഗ്രാമത്തിന് മായിക ഭാവം തോന്നിച്ചിരുന്നു. കാരണം മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പും ചെലവിട്ട നാളുകളുടെ, മനോഹാരിതയായിരുന്നു. തികഞ്ഞ സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്നു അമ്മയുടെ അച്ഛന്‍. 1899-1902 വരെ നിണ്ട &ഹറൂൗീ;ആയിരം ദിന യുദ്ധത്തില്‍ പങ്കെടുത്തയാള്‍. ഈ മുത്തച്ഛനെ "ആരും എഴുതാത്ത കേണലി"ല്‍ അനശ്വരനാക്കുന്നുണ്ട്. അമ്മയുടെ അമ്മയാകട്ടെ കഥാകഥനത്തെ കലയുടെ തലത്തിലേക്കുയര്‍ത്തിയവര്‍. യക്ഷികളുടെയും പ്രേതങ്ങളുടെയും അത്ഭുതങ്ങള്‍ യാഥാര്‍ഥ്യത്തോടൊട്ടി നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വിദഗ്ധ. കഥ പറയാനുള്ള കലയും വൈദഗ്ധ്യവും ചെറുപ്പത്തില്‍ മാര്‍ക്വേസിന് സ്വായത്തമായതിന്റെ കാരണവും ആ സ്വാധീനം. മുത്തച്ഛന്റെ വീട് വില്‍ക്കുകയായിരുന്നു അരാക്കതാക്ക വരവിന്റെ ഉദ്ദേശ്യമെങ്കിലും, അതിനകത്ത് കാലുകുത്തിയ നിമിഷം പ്രജ്ഞ നഷ്ടപ്പട്ട് പ്രത്യേകതരം ബോധോദയം വന്നുനിറഞ്ഞു; വീടും മണ്ണും വിണ്ണും നാട്ടുകാരും സര്‍വചരാചരങ്ങളും ഫോക് വിശ്വാസങ്ങളും കെട്ടുപിണഞ്ഞ കൃതികള്‍ ബീജവാപം ചെയ്യുന്നത് ഈ സ്വാധീനത്തില്‍ നിന്നാണ്. മാസ്റ്റര്‍പീസായ മാജിക്കല്‍ റിയലിസം ഉത്ഭവിച്ചതും ഈ വഴി. എഴുത്തില്‍ അനുഭവിച്ച ഏറ്റവും വിഷമമേറിയ പ്രശ്നം സത്യമായ ലോകവും അസത്യമായ കാല്‍പനിക ലോകവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കുകയായിരുന്നു എന്ന് മാര്‍ക്വേസ് വ്യക്തമാക്കിയിട്ടുണ്ട്. ബൊഗോട്ടയില്‍ പഠിക്കാന്‍ എത്തുന്നതോടെയാണ് യൗവനഘട്ടം തുടങ്ങുന്നത്. വിപുലമായ വായനയിലൂടെ സഹപാഠികളില്‍നിന്ന് ബഹുദൂരം മുന്നിലായി. അക്കാലത്താണ് കാഫ്കയുടെ മെറ്റമോര്‍ഫോസിസ് വായിക്കുന്നത്. അസ്വസ്ഥമായ സ്വപ്നങ്ങളില്‍നിന്ന് ഉണരുന്ന ഗ്രിഗോര്‍ സംസ എന്ന ട്രാവലിങ് സെയില്‍സ്മാന്‍, കിടക്കയില്‍ ഭീമാകാരന്‍ പ്രാണിയായി രൂപാന്തരം പ്രാപിക്കുന്നതോടെയാണ് കഥയുടെ ആരംഭം. ആ വായന അടിമുടി പിടിച്ചുലച്ചു. എഴുത്തിന് ഇത്തരം മാനങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത് ഇതോടെ. ഇതിനിടയിലാണ് ജെയിംസ് ജോയ്സ്, വില്യം ഫോക്നര്‍, വിര്‍ജീനിയ വൂള്‍ഫ്, ഏണസ്റ്റ് ഹെമിങ്വേ എന്നിവരെ വായിക്കുന്നത്. ഫോക്നറുടെയും ഹെമിങ്വേയുടെയും ശൈലികള്‍ സ്വാധീനിച്ചു. പക്ഷേ നിക്കാരാഗ്വന്‍ കവി റൂബന്‍ ദാരിയോ ആയിരുന്നു പ്രചോദനം. കാല്‍പനികതയും അതിഭൗതികതയും തിങ്ങിയ ദാരിയോ കവിതകള്‍ നിതാന്ത സഹചാരിയായി. ഓസ്കാര്‍ നിര്‍ത്താതെ സംസാരിക്കുകയാണ്. ഞാന്‍ വാച്ചില്‍ നോക്കി. ബ്യൂണേഴ്സ് അയേഴ്സില്‍ എത്താറായിരിക്കുന്നു. മനസ്സില്‍ തികട്ടിനിന്ന ചില കാര്യങ്ങള്‍ ചോദിക്കാനായിട്ടില്ല. ഇപ്പോള്‍ മാര്‍ക്വേസിന്റെ സ്ഥിതി എന്താണ്? ആത്മകഥയുടെ രണ്ടാംഭാഗം പുറത്തുവരുമോ? മാര്‍ക്വേസിന് മറവിരോഗം ബാധിച്ചിരിക്കുന്നുവെന്നും എഴുത്ത് എന്ന കല ഇനി അസാധ്യമാണ് എന്നതും സത്യമാണോ? തൃപ്തികരമായ മറുപടി ഉണ്ടായിരുന്നില്ല. - See more at: http://www.deshabhimani.com/newscontent.php?id=444840#sthash.c84IrX1h.dpuf നൂറ്റാണ്ടിന്റെ സ്മൃതിനാശം മിര്‍സാ ഗാലിബ് Posted on: 19-Apr-2014 01:10 AM ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിെന്‍റ രചനകളിലൂടെയാണ് മാജിക്കല്‍ റിയലിസം സാഹിത്യ ചര്‍ച്ചകളില്‍ സജീവമായത്. യഥാര്‍ഥ ജീവിതത്തില്‍ ഒളിഞ്ഞ, വിശദീകരണത്തിനു വഴങ്ങാത്ത അനുഭവങ്ങളുടെ ആവിഷ്കാരം എന്ന നിലയിലാണ് ആ ശൈലി അറിയപ്പെടുന്നതും. 1920കളില്‍ ചിത്രകലയെക്കുറിച്ചുള്ള പഠനത്തില്‍ ഫ്രാന്‍സ് റൂഹ് അത് ആദ്യമായി പരിചയപ്പെടുത്തി. എന്നാല്‍ ഈ ശൈലി സര്‍വ സൗന്ദര്യത്തോടെയും വികസിച്ചത് 1980കള്‍ക്കു ശേഷം. ശാസ്ത്രവാദത്തിലും കൊളോണിയല്‍ യുക്തിയിലും നഷ്ടപ്പെട്ട മനുഷ്യജീവിതമാണ് അതു വീണ്ടെടുക്കാന്‍ ശ്രമിച്ചത്. മാര്‍ക്വേസിനെ കൂടാതെ, ലൂസിയ വെര്‍ഗോസ് ലോസ, ജൂലിയോ കോര്‍ട്ടാസ എന്നിവരുടെ രചനകള്‍ ഈ ശൈലിക്കു പ്രചാരം നല്‍കി. സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ് ചില്‍ഡ്രന്‍ ഇതിനെ പിന്തുടര്‍ന്ന ഇന്തോ-ആംഗ്ലിയന്‍ നോവലാണ്. മലയാളത്തിലും മാജിക്കല്‍ റിയലിസം എന്നു വിളിക്കാവുന്ന കൃതികള്‍ ഉണ്ടായി . വൈക്കം മുഹമ്മദ് ബഷീറിെന്‍റ വിശ്വവിഖ്യാതമായ മൂക്ക്, നീലവെളിച്ചം എന്നിവ പൂര്‍ണ അര്‍ഥത്തിലല്ലെങ്കിലും അതിെന്‍റ ഘടകങ്ങള്‍ ഉള്‍കൊണ്ടു. ഒ വി വിജയന്റെ പല കൃതികളും അതോട് സാമ്യമുള്ള ശൈലിയായിരുന്നു. മാര്‍ക്വേസിന്റെ "ഏകാന്തതയുടെ നൂറു വര്‍ഷങ്ങ"ളുടെ വിവര്‍ത്തനത്തോടെയാണ് മലയാളികള്‍ മാജിക്കല്‍ റിയലിസത്തെ തൊട്ടറിഞ്ഞത്. ലാറ്റിനമേരിക്കന്‍ ജീവിതം വിശ്വാസയോഗ്യമായി അവതരിപ്പിക്കാന്‍ അസാധാരണ ആഖ്യാന രീതി ആവശ്യമായിരുന്നു എന്നാണ് മാര്‍ക്വേസ് പറഞ്ഞത്. മക്കണ്ടോ ഗ്രാമത്തിെന്‍റയും ബുവേണ്ടിയ എന്ന കുടുംബത്തിെന്‍റയും കഥയാണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍. മുഖ്യധാരാ എഴുത്തിന് യോഗ്യമല്ല എന്നു തോന്നിച്ച, സാധാരണ കുടുംബത്തിെന്‍റയും ഗ്രാമത്തിെന്‍റയും കഥ. വെളുവെളുത്ത കോഴിമുട്ട പോലുള്ള കല്ലിന്‍ മുകളിലൂടെ വെള്ളമൊഴുകിയിരുന്ന മക്കണ്ടോയിലെ നദി, വിവിധ ചരിത്ര ഘട്ടങ്ങളില്‍ മലിനമാക്കപ്പെടുന്ന രൂപകവുമായാണ് നോവല്‍ ആരംഭിക്കുന്നത്. കഥാവസാനം മക്കണ്ടോ കാറ്റില്‍ മാഞ്ഞുപോകുന്നു. കൊളോണിയല്‍ അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്ന മക്കണ്ടോ ജനത താമസിയാതെ വീണ്ടും വൈദേശിക ആധിപത്യത്തിനു കീഴിലാകുന്നു. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ സ്ഥാപിക്കുന്ന വാഴപ്പഴ കമ്പനിയുടെ, കര്‍ഷകരംഗത്തെയും തൊഴിലാളികള്‍ക്കിടയിലെയും മോശം ചെയ്തികള്‍ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളെ, ലഹളക്കാര്‍ എന്നാക്ഷേപിച്ച് അടിച്ചമര്‍ത്തി. അതിന് പ്രാദേശിക സര്‍ക്കാരിെന്‍റ പിന്തുണ തേടി. എല്ലാ കാലത്തെയും ദേശത്തെയും സാമ്രാജ്യത്വ ഇടപെടലിെന്‍റ സ്വഭാവത്തെയാണ് മാര്‍ക്വേസ് ചിത്രീകരിച്ചത്. സമരം ചെയ്യുന്ന ജനങ്ങളെ കൂട്ടക്കൊല ചെയ്ത് അധിനിവേശ ശക്തികള്‍ വീണ്ടും അധികാരത്തിലേറുന്നു. തൊട്ടടുത്ത ദിവസം ആ ഓര്‍മ മക്കണ്ടോവാസികളില്‍നിന്ന് ഒഴിഞ്ഞുപോകുന്നു. അത്തരമൊരു സംഭവമേ നടന്നിട്ടില്ല എന്ന പ്രാദേശിക സര്‍ക്കാരിെന്‍റ വിശദീകരണത്തില്‍ തൃപ്തരായി. നിലനില്‍പ് സംബന്ധിച്ച ഭയം, മാധ്യമങ്ങളുടെ പ്രചാരം, ചരിത്ര പുസ്തകങ്ങളുടെ തിരുത്തല്‍ എന്നിവ വഴി സാധ്യമാക്കിയ സമരഭൂതങ്ങളുടെ മറവിയെയാണ്, മാര്‍ക്വേസ് സവിശേഷത ശൈലികൊണ്ട് പുനര്‍നിര്‍മ്മിച്ചത്. മാജിക്കല്‍ റിയലിസം ചരിത്രത്തെ വീണ്ടെടുക്കുന്ന രാഷ്ട്രീയ ഉപകരണമാണ് അദ്ദേഹത്തിെന്‍റ എഴുത്തില്‍. "ബനാന മസാക്കര്‍" എന്ന ഭാഗത്ത് , സ്വാതന്ത്ര്യാനന്തര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സാമ്രാജ്യത്വം എങ്ങിനെ ഇടപെടുന്നുവെന്നും ഭൂതകാലം മറക്കുംവിധം ഭരണകൂടം ഓര്‍മകളുടെ നിരാസം സാധിച്ചെടുക്കുന്നത് എങ്ങനെയെന്നും മാര്‍ക്വേസ് കാണിച്ചുതന്നു. മക്കണ്ടോയില്‍ ആകസ്മികമായി വന്ന ജിപ്സികള്‍, അവര്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍, നാലു കൊല്ലം നീളുന്ന പേമാരി എന്നിവ വിവരിക്കുമ്പോള്‍, മാജിക്കല്‍ റിയലിസം പൂര്‍ണാര്‍ഥത്തില്‍ അനുഭവവേദ്യമാകുന്നു. - See more at: http://www.deshabhimani.com/newscontent.php?id=444841#sthash.CufYg62Q.dpuf

No comments:

Blog Archive