Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, January 30, 2015

നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്തായതെങ്ങനെ ? - ഡോ. ടി.എം. തോമസ് ഐസക്‌



ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിക്കുന്ന സമയത്ത് ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണം എന്തുകൊണ്ട് കുറയണം?

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുതുടങ്ങിയ നാള്‍മുതല്‍ ബി.എസ്.എന്‍.എല്ലിന്റെ വരിക്കാരനാണ് ഞാന്‍. മറ്റ് മൊബൈല്‍ കമ്പനികളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിലും മോഹനവാഗ്ദാനങ്ങളിലും വീഴാതെ ഇപ്പോഴും ഈ പൊതുമേഖലാസ്ഥാപനത്തെ ആശ്രയിക്കുന്ന ലക്ഷോപലക്ഷം മലയാളികള്‍ വേറെയുമുണ്ട്. ഞങ്ങളെല്ലാവരും കഴിഞ്ഞ രണ്ടുവര്‍ഷമായി അസംതൃപ്തരാണ്. പലരെയും വിളിച്ചാല്‍ കിട്ടുന്നില്ല. നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌െ്രെകബര്‍ പരിധിക്ക് പുറത്താണെന്ന മറുപടികേട്ട് മടുത്തു. ആളെ കിട്ടിയാല്‍ത്തന്നെ പലപ്പോഴും സംഭാഷണം മുറിഞ്ഞ് നിന്നുപോകുന്നു. ഡല്‍ഹിയിലെ കേരളാഹൗസിലും ആലപ്പുഴ റെസ്റ്റ്ഹൗസിലും ഒരേ അനുഭവം. മറ്റ് സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വരിക്കാര്‍ ബി.എസ്.എന്‍.എല്ലിനെ ഉപേക്ഷിച്ചപ്പോഴും കേരളം വേറിട്ടുനിന്നു. കഴിഞ്ഞവര്‍ഷവും കേരളത്തിലെ ബി.എസ്.എന്‍.എല്‍. 432 കോടി രൂപ ലാഭമുണ്ടാക്കി. പക്ഷേ, സ്ഥിതി അത്ര ഭദ്രമല്ല. ഡിസംബറില്‍ 1408 വരിക്കാര്‍ കുറഞ്ഞു എന്നൊരു വാര്‍ത്തകണ്ടു.

ബി.എസ്.എന്‍.എല്ലിന്റെ സ്വകാര്യവത്കരണത്തെക്കുറിച്ചും സ്വത്തുക്കള്‍ മറ്റൊരു കമ്പനിക്ക് കൈമാറുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ടവറുകളും എക്‌സ്‌ചേഞ്ചുകളും ഔട്ട്‌സോഴ്‌സ് ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കിത്തുടങ്ങിയെന്ന് യൂണിയനുകള്‍ ആക്ഷേപിക്കുന്നു. കമ്പനി രക്ഷപ്പെടണമെങ്കില്‍ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിടണമെന്ന അഭിപ്രായവുമായി ഒരു വിദേശ കണ്‍സള്‍ട്ടന്റും രംഗപ്രവേശം ചെയ്തുകഴിഞ്ഞു.

ജീവനക്കാരുടെ എണ്ണം കൂടിയതാണ് പ്രശ്‌നമെന്ന് വാദിക്കുന്നവര്‍ ഒരുകാര്യം മറക്കുന്നു. മറ്റ് ടെലിഫോണ്‍ കമ്പനികളെ അപേക്ഷിച്ച് അതിവിപുലമായ ലാന്‍ഡ്‌ലൈന്‍ നെറ്റ്വര്‍ക്ക് പരിപാലിക്കേണ്ട ചുമതല ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കുണ്ട്. കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തും ഇത്രയും ജീവനക്കാരുണ്ടായിരുന്നു. മാത്രമല്ല, സമീപകാലത്തൊന്നും ശമ്പളച്ചെലവില്‍ വലിയ വര്‍ധനയൊന്നും ഉണ്ടായിട്ടുമില്ല. 2009'10ല്‍ 13,500 കോടി രൂപയായിരുന്ന ശമ്പളച്ചെലവ് 2012'13ല്‍ 13,700 കോടി രൂപയായി. അതേസമയം, കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. 2007'08ല്‍ 32,800 കോടി രൂപയായിരുന്ന വരുമാനം 2012'13ല്‍ 25,600 കോടി രൂപയായി താണു. കമ്പനി നേരിടുന്ന യഥാര്‍ഥ പ്രശ്‌നം വരുമാനത്തിലുണ്ടായ ഇടിവാണ്.

ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിക്കുന്ന സമയത്ത് ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണം എന്തുകൊണ്ട് കുറയണം? 2008ല്‍ വരിക്കാരുടെ എണ്ണത്തില്‍ ബി.എസ്.എന്‍.എല്ലിന് രണ്ടാംസ്ഥാനമായിരുന്നു. ഇന്നത് അഞ്ചാംസ്ഥാനമായി. താരതമ്യേന മെച്ചപ്പെട്ട റെക്കോഡുള്ള കേരളത്തില്‍പ്പോലും ബി.എസ്.എന്‍.എല്‍. വിഹിതം 2005ല്‍ 47 ശതമാനമായിരുന്നത് 11 ശതമാനമായി താഴ്ന്നിരിക്കുന്നു.

ഉപഭോക്താക്കളുടെ അസംതൃപ്തിക്ക് കാരണം ജീവനക്കാരുടെ കാര്യശേഷിയുടെ കുറവും അര്‍പ്പണബോധമില്ലായ്മയുമാണെന്ന് ഞാന്‍ പറയില്ല. പഴഞ്ചന്‍ സാമഗ്രികളും സാങ്കേതികവിദ്യയുടെ നവീകരണത്തിന്റെ അഭാവവുമാണ് വില്ലന്‍വേഷത്തിലുള്ളത്. ഇന്നത്തെ വമ്പന്‍ സ്വകാര്യകമ്പനികളുടെയെല്ലാം നല്ലൊരു പങ്കും ബി.എസ്.എന്‍.എല്ലില്‍നിന്ന് റാഞ്ചിയതാണ്. സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി അഴിമതിക്കാരായ മേധാവികളും രാഷ്ട്രീയലോബിയുംകൂടി പൊതുമേഖലയുടെ നവീകരണത്തെ തുരങ്കംവെച്ച കഥയാണ് ബി.എസ്.എന്‍.എല്ലിന്റെ ചരിത്രം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റല്‍ സര്‍വീസിനെ 1990കളിലാണ് മൂന്നായി വിഭജിച്ചത്. ബോംബെ, ഡല്‍ഹി നഗരങ്ങള്‍ക്കുവേണ്ടിയുള്ള എം.ടി.എന്‍.എല്‍., മറ്റുനഗരങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള ബി.എസ്.എന്‍.എല്‍., വിദേശ സംവേദനത്തിനുള്ള വി.എസ്.എന്‍.എല്‍. എന്നിവയായിരുന്നു ആ മൂന്ന് കമ്പനികള്‍. വി.എസ്.എന്‍.എല്ലിനെ ചുളുവിലയ്ക്ക് ടാറ്റ തട്ടിയെടുത്തു. ഇന്ത്യയിലെ ടെലികോം കുംഭകോണങ്ങളുടെ ചരിത്രവും പൊതുമേഖലയ്‌ക്കെതിരെയുള്ള ഗൂഢാലോചനയും ഇവിടെ തുടങ്ങുന്നു. മറ്റുരണ്ട് കമ്പനികളും പൊതുമേഖലയില്‍ത്തന്നെ തുടര്‍ന്നു. 1994ല്‍ മൊബൈല്‍ സര്‍വീസിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം നല്‍കി. പക്ഷേ, എട്ടുവര്‍ഷത്തിനുശേഷം 2002ല്‍ മാത്രമേ ബി.എസ്.എന്‍.എല്ലിന് മൊബൈല്‍ ഫോണ്‍ ഇടപാടിനുള്ള അനുവാദം നല്‍കിയുള്ളൂ.

2002ല്‍ മൊബൈല്‍ ഫോണ്‍ മേഖലയിലേക്ക് കാലുവെച്ച ബി.എസ്.എന്‍.എല്‍. സ്വകാര്യ കമ്പനികളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വളരാന്‍ ഏതാനും വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന കണക്കിലെടുത്ത് നാലുകോടി പുതിയ ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കമ്പനി തീരുമാനിച്ചെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. 2010ല്‍ ജീവനക്കാരുടെ പൊതുപണിമുടക്കിനുശേഷമാണ് രണ്ടുകോടി ലൈനുകള്‍ക്കുള്ള അനുമതി നല്‍കിയത്. അപ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു.

അക്കാലത്ത് ബി.എസ്.എന്‍.എല്ലിന് പണത്തിന് പഞ്ഞമുണ്ടായിരുന്നില്ല. 2008'09ലെ ബാലന്‍സ് ഷീറ്റ് പ്രകാരം 70,000 കോടി രൂപ കാഷായിത്തന്നെ കമ്പനിയുടെ കൈവശമുണ്ടായിരുന്നു. ഈ തന്റേടത്തില്‍ ഒമ്പതുകോടി ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചു. ഒരു ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിക്കാണ് ടെന്‍ഡര്‍ കിട്ടിയത്. സുരക്ഷാകാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതേസമയം, ഇതേ കമ്പനിയുമായി സഹകരിച്ചുകൊണ്ട് രാജ്യംമുഴുവന്‍ സേവനദാതാവാകുന്നതിന് റിലയന്‍സിന് അനുവാദവും കൊടുത്തു. റിലയന്‍സ് അതിര്‍ത്തിപ്രദേശങ്ങളില്‍ ലൈനുകള്‍ വലിക്കുന്നില്ല എന്നതാണ് പറഞ്ഞ ന്യായം.

വീണ്ടും ടെന്‍ഡര്‍ വിളിച്ച ബി.എസ്.എന്‍.എല്ലിനെ കേസുകളില്‍ കുരുക്കി കോടതിയില്‍ തളച്ചു. കേസ് തള്ളിയപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനുമുന്നിലായി തര്‍ക്കം. ഇവിടെനിന്ന് ക്ലിയറന്‍സ് കിട്ടിയപ്പോഴേക്കും ആദ്യത്ത ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയോട് നെഗോസിയേഷന്‍ നടത്തി കരാര്‍ ഉറപ്പിക്കാന്‍ പാടില്ല, പിന്നെയും ടെന്‍ഡര്‍ വിളിക്കണമെന്നായി കേന്ദ്രനിര്‍ദേശം. ചുരുക്കത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ നവീകരണത്തെ എല്ലാ നിക്ഷിപ്ത താത്പര്യക്കാരും ഒത്തുചേര്‍ന്ന് തുരങ്കംവെച്ച് കമ്പനിയെ ഇന്നത്തെ ഗതിയിലാക്കി. പൊതുമേഖലയുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ പഠിക്കേണ്ട ചരിത്രമാണിത്.

ലാന്‍ഡ് ലൈനുകളുടെ 85 ശതമാനവും ബി.എസ്.എന്‍.എല്ലിന് തന്നെയാണ്. ഇതില്‍നിന്നുള്ള നഷ്ടം നികത്തിയിരുന്നത് എസ്.ടി.ഡി.യില്‍നിന്നുള്ള ലാഭംകൊണ്ടാണ്. എസ്.ടി.ഡി. സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. പക്ഷേ, ഗ്രാമീണമേഖലയിലെ സേവനത്തിന്റെ ബാധ്യതയില്‍നിന്ന് അവരെ ഒഴിവാക്കി. ആ ചുമതല പൂര്‍ണമായും ബി.എസ്.എന്‍.എല്ലിന് മാത്രമായി. ഈ നഷ്ടം നികത്താന്‍ സ്വകാര്യകമ്പനികളില്‍നിന്ന് ലെവി പിരിച്ച് സബ്‌സിഡിയായി ബി.എസ്.എന്‍.എല്ലിന് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, സ്വകാര്യകമ്പനികളുടെ ഈ ബാധ്യതയും ഒഴിവാക്കിക്കൊടുത്തു. ഇതുകൊണ്ടുമാത്രം 8,000 കോടി രൂപയുടെ നഷ്ടം ബി.എസ്.എന്‍.എല്ലിന് ഉണ്ടായി. ഇതുപോലെ മറ്റ് പല വാഗ്ദാനങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. ലാന്‍ഡ് ലൈനുകള്‍ 2013'14ല്‍ ഏതാണ്ട് 15,000 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്.

ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനുവേണ്ടി ലാന്‍ഡ് ലൈനുകള്‍ ഉപയോഗപ്പെടുന്നത് വലിയ നേട്ടമായിരിക്കും. എന്നാല്‍, ഇതിനുള്ള മൂലധനം മുടക്കുന്നതിന് ഇന്ന് ബി.എസ്.എന്‍.എല്ലിന് കഴിയുന്നില്ല. അതേസമയം, റെയില്‍വേപോലും തങ്ങളുടെ സിഗ്‌നല്‍ ലൈനുകള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് മേഖലയിലേക്ക് കടക്കുകയാണ്. ഇക്കാലയളവില്‍ ഏതാണ്ട് 40,000 കോടി രൂപ ബി.എസ്.എന്‍.എല്ലില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു. ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നിട്ടും ത്രീ സ്‌പെക്ട്രത്തിനും വൈമാക്‌സ് സ്‌പെക്ട്രത്തിനും ഇന്ത്യ മുഴുവന്‍ ലൈസന്‍സ് എന്ന് കണക്കാക്കി 18,500 കോടി രൂപ ഈടാക്കിയതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. ചില സര്‍ക്കിളുകള്‍ക്കുമാത്രം ടെന്‍ഡര്‍ വിളിച്ച സ്വകാര്യകമ്പനികളെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. വൈമാക്‌സ് സ്‌പെക്ട്രം തിരിച്ചുകൊടുത്തെങ്കിലും അടച്ച പണം കേന്ദ്രസര്‍ക്കാര്‍ തിരികെനല്‍കിയില്ല.

ബി.എസ്.എന്‍.എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് റിലയന്‍സ് ഓരോ വര്‍ഷവും സര്‍വീസ് ഫീസ് നല്‍കണം. പക്ഷേ, സേവനങ്ങളില്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ കനത്ത ഫൈന്‍ ബി.എസ്.എന്‍.എല്‍. നല്‍കണം. സര്‍വീസ് ഫീസില്‍നിന്ന് ഫൈന്‍ കിഴിച്ചാല്‍ പിന്നെ ബി.എസ്.എന്‍.എല്ലിന് മിച്ചമൊന്നുമുണ്ടാവില്ല.

അതിഭയങ്കരമായ ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചുകൊണ്ടാണ് ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ കൈമാറുന്നതുവഴി റിലയന്‍സിനെ പൊതുമേഖലാ ആശ്രിതത്വത്തില്‍ നിര്‍ത്താമെന്നാണ് ആ സിദ്ധാന്തം. 2002'08 കാലത്ത് ഇന്ത്യന്‍ മൊബൈല്‍ മേഖല അഭൂതപൂര്‍വമായി വികസിച്ചപ്പോള്‍ പല സ്വകാര്യകമ്പനികളും ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതുകൊണ്ടാണത്രേ തനതായ സൗകര്യങ്ങള്‍ സൃഷ്ടിച്ച് സ്വകാര്യകമ്പനികള്‍ പൊതുമേഖലയ്ക്ക് വെല്ലുവിളിയായത്. ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന് പാട്ടത്തിനുകൊടുക്കുകവഴി പഴയ തന്ത്രപരമായ വീഴ്ച പരിഹരിക്കുകയാണുപോലും. കോഴികള്‍ നേരിടുന്ന പ്രതിസന്ധി എന്നെന്നേക്കുമായി പരിഹരിക്കാനുള്ള എളുപ്പവഴി, കോഴിക്കൂടിന്റെ പൂട്ടും താക്കോലും കുറുക്കന് കൈമാറുകയാണല്ലോ!

എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും 3,000 ഓഫീസുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ നെറ്റ്വര്‍ക്കാണ് ബി.എസ്.എന്‍.എല്‍. നാലുലക്ഷം കോടി രൂപ മതിപ്പുവിലയുള്ള പതിനായിരക്കണക്കിന് ഏക്കറോളം ഭൂമി ഇന്ത്യയുടെ പലഭാഗത്തുമുണ്ട്. മുംബൈയിലെ ഭൂമി മറിച്ചുവിറ്റുകൊണ്ടാണ് വി.എസ്.എന്‍.എല്ലിനെ വിഴുങ്ങിയ ടാറ്റ നേട്ടമുണ്ടാക്കിയത്. ഭൂമിയുടെ വിലകൊണ്ടുമാത്രം കേന്ദ്രസര്‍ക്കാറിനോടുള്ള ബാധ്യതതീര്‍ക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു.

ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്. കമ്പനിക്ക് പൂര്‍ണസമയ ചെയര്‍മാനെ നിയമിക്കണമെന്നും ഡയറക്ടര്‍ ബോര്‍ഡിലെ ഒഴിവുകള്‍ നികത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ടെലികോം സര്‍വീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്ന, ഉയര്‍ന്ന തസ്തികകളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കമ്പനിയില്‍ സ്ഥായിയായ താത്പര്യമില്ലെന്നും സ്വകാര്യവത്കരണത്തിന്റെ വക്താക്കളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും യൂണിയനുകള്‍ ആക്ഷേപിക്കുന്നു. ബി.എസ്.എന്‍.എല്‍. ഒറ്റപ്പെട്ട അനുഭവമല്ല. എല്‍.ഐ.സി.യെ തകര്‍ക്കാനും ഇതേ അടവുകളാണ് പയറ്റുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ കടന്നുവന്ന സ്വകാര്യകുത്തകകള്‍ക്ക് എല്‍.ഐ.സി.യോട് മത്സരിച്ച് മുന്നേറാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് എല്‍.ഐ.സി.യുടെ ഏറ്റവും ജനപ്രിയമായ തനത് പ്ലാനുകളെല്ലാം നിര്‍ത്തലാക്കി. മത്സരയോട്ടത്തില്‍ പിന്നിലായിപ്പോയവരെ സഹായിക്കാന്‍ മുന്നേറിയവരുടെ കൈയും കാലും അടിച്ചൊടിക്കുക എന്ന ഒറ്റമൂലിയേ കേന്ദ്രസര്‍ക്കാറിന്റെ കൈവശമുള്ളൂ. പൊതുമേഖലയുടെ കൈയും കാലും വരിഞ്ഞുകെട്ടി സ്വകാര്യകുത്തകകള്‍ക്ക് മത്സരത്തിനുള്ള തുല്യ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. ഇങ്ങനെ കളിനിയമങ്ങള്‍ തുടര്‍ച്ചയായി അട്ടിമറിച്ചുകൊണ്ടാണ് സ്വതന്ത്രകമ്പോളം സാധ്യമാക്കുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്തുതന്നെ നില്‍ക്കുന്നത്.

Dr. Thomas Isaac

No comments:

Blog Archive