സഖാവു് തോമസ് ഐസക്കിനയച്ച ഇ-മെയില്‍
സഖാവിന്റെ മാതൃഭൂമി ലേഖനം വളരെ പ്രസക്തമായ വിഷയങ്ങള്‍ ഉന്നയിക്കുന്നു. പറഞ്ഞിരിക്കുന്ന വസ്തുതകളത്രയും ശരിയാണു്. ബിഎസ്എന്‍എല്‍ എന്ന പൊതു മേഖലാ സ്ഥാപനം തകര്‍ക്കാനുള്ള നീക്കം മൂന്നു് പതിറ്റാണ്ടിലേറെയായി നടക്കുന്നു. സര്‍ക്കാരിന്റെ രാഷ്ട്രീയ നയ-നടപടികളെ തുറന്നു് കാണിക്കുന്നതിനായി മേല്പറഞ്ഞ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ തൊഴിലാളി സംഘടനകള്‍ നിരന്തരം ഉന്നയിച്ചു് പോരുന്നുണ്ടു്. അവയില്‍ പുതുമയൊന്നുമില്ല. പക്ഷെ, ബിഎസ്എന്‍എല്‍ നഷ്ടത്തില്‍ നിന്നു് നഷ്ടത്തിലേയ്ക്കു് കൂപ്പു് കുത്തുന്നു. ശേഷി വര്‍ദ്ധന ആവശ്യമാണു്. പഴകിയ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ടു്. സ്ഥാപനത്തോടു് കൂറുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകണം. ഗ്രാമീണ സേവന ബാധ്യതമൂലം ഉണ്ടാകുന്ന നഷ്ടം നികത്തപ്പെടണം. സ്പെക്ട്രം ലൈസന്‍സ് ഫീസില്‍ ഇളവു് ആവശ്യമാണു്. സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ നിഷേധാത്മക പ്രവണത മാറണം. സര്‍ക്കാരിന്റെ സ്വകാര്യ കോര്‍പ്പറേറ്റ് പ്രീണന നയം തിരുത്തപ്പെടണം. ഇതെല്ലാമായാലും ഇന്നത്തെ സ്ഥിതിയില്‍ കമ്പനി ലാഭത്തിലാക്കാന്‍ കഴിയാത്ത വിധം അതിന്റെ കമ്പോള പങ്കാളിത്തം കുറഞ്ഞിരിക്കുന്നു. വരുമാനം ഗണ്യമായി ഇടിഞ്ഞിരിക്കുന്നു. കേരളവും മറ്റൊരു സംസ്ഥാനവും മാത്രമാണു് ലാഭം കാട്ടുന്നതു്. ബാക്കിയിടങ്ങളിലെല്ലാം ബിഎസ്എന്‍എല്‍ നു് അപ്രസക്തമായ പങ്ക് മാത്രമേ ഇന്നുള്ളു. അതായതു്, വരുമാനം കൂട്ടാനുള്ള സാധ്യത അടച്ചു് കൊണ്ടു് കമ്പോള പങ്കാളിത്തം വളരെ ശുഷ്ടകമായിരിക്കുന്നു. കേരളം മാത്രം ലാഭം കാണിക്കുന്നതു് കേന്ദ്ര ഭരണാധികാരികള്‍ക്കു് നാണക്കേടുണ്ടാക്കുന്നുണ്ടു്. അതിനാല്‍ കേരളത്തേയും നഷ്ടത്തിലേയ്ക്കു് നയിക്കാനായി ബോധ പൂര്‍വ്വമായ ശ്രമവും നടക്കുന്നുണ്ടു്. കേരളത്തിനാവശ്യമായി ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തിലും കേരളത്തിലെ മാനേജ്മെന്റു് ഇടപെടലുകളിലും അതു് പ്രകടമാണു്. കേരള സര്‍ക്കിള്‍ തലവന്‍ തന്നെ അഴിമതി കാട്ടിയിട്ടും അതു് ചോദ്യം ചെയ്യപ്പെടാതെ പോകുന്ന സ്ഥിതിയുമുണ്ടു്. ഇക്കാര്യത്തില്‍ സംഘടനകളുടെ പങ്കു് സംശയാസ്പദമാണെന്നു് ബന്ധപ്പെട്ടവര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടു്. ജവനക്കാരുടെ സംഘടനകള്‍ സമരത്തിനാധാരമായി ഉന്നയിച്ച ആവശ്യങ്ങളില്‍ ലേഖനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങലെല്ലാമുണ്ടു്. അവ വേണ്ടതുമാണു്. എന്നാല്‍ അതു് കൂടാതെ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കുക, ബിഎസ്എന്‍എല്‍ ന്റെ ആസ്തികള്‍ നിലവില്‍ ഇന്ത്യന്‍ പ്രസിഡണ്ടിന്റെ പേരിലുള്ളതു് കമ്പനിയ്ക്കു് കൈമാറുക, ഐടിഐയുടെ ഉപകരണങ്ങള്‍ വാങ്ങുന്നതിലെ എതിര്‍പ്പു് തുടങ്ങിയ ചില ആവശ്യങ്ങളും കാണുന്നു. അതില്‍ മാനേജ്മെന്റില്‍ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ ഇല്ലാത്തതാണു് കമ്പനി നഷ്ടത്തിലായിരിക്കുന്നതിനു് കാരണമെന്നു് ആര്‍ക്കെങ്കിലും പറയാനാകുമോ ? ഉള്ളവര്‍ തന്നെ നശിപ്പിക്കാന്‍ നോക്കുന്നതാണു് പ്രശ്നം. അതിലൊരാള്‍ കൂടി കൂടിയാല്‍ നാശത്തിന്റെ തോതു് കൂടുകയല്ലേ ഉള്ളു ? ഇതിനു് പകരം ആദ്യത്തെ ആവശ്യം മാനേജ്മെന്റില്‍ 50% തൊഴിലാളി പങ്കാളിത്തം ആയിരുന്നെങ്കില്‍ എന്നു് ആശിച്ചു് പോകുന്നു.
ആസ്തികള്‍ കമ്പനിക്കു് കൈമാറിയാല്‍ കമ്പനിക്കും ജീവനക്കാര്‍ക്കും ഗുണമാണെന്ന ധാരണയോടെയാണു് ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നു് വ്യക്തം. ഈടു് വെച്ചു് കടമെടുക്കാം. പക്ഷെ, അതിനു് സര്‍ക്കാര്‍ അംഗീകാരം അപ്പോഴും വേണം. പിന്നെന്തിനു് ഇതു് ചെയ്യണം. പ്രസിഡണ്ടിന്റെ പേരില്‍ തന്നെ ആസ്തികള്‍ കിടക്കട്ടെ. കടത്തിനു് സര്‍ക്കാര്‍ ജാമ്യം (ഗാരണ്ടി) നിന്നാല്‍ മതിയല്ലോ ? അതിനു് പകരം ആസ്തികള്‍ കമ്പനിയുടെ പേരിലായാല്‍ ഷെയര്‍ വില്പനയും കമ്പനിയുടെ സ്വകാര്യ കൈമാറ്റവും എത്രയും വേഗം നടക്കാനുള്ള വഴിയൊരുക്കപ്പെടുകാണു് ചെയ്യുക. അതിനുള്ള നീക്കം ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടു്. വില്ലേജു് ഓഫീസുകളില്‍ തണ്ടപ്പെര്‍ മാറ്റാനുളള ഉത്തരവുമായി അവര്‍ കയറി ഇറങ്ങുന്നുണ്ടു്. അപ്പോഴാണു് യൂണിയനുകള്‍ ആ ആവശ്യം ഉന്നയിച്ചു് സമരം ചെയ്യുന്നതു്. ഇതിനര്‍ത്ഥം ബിഎസ്എന്‍എല്‍ ന്റെ ആസ്തി വില്കാനുള്ള കൂട്ടായ ശ്രമത്തില്‍ സംഘടനകളും പങ്കാളികളാണെന്നാണോ ?
സര്‍ക്കാരിന്റെ കയ്യില്‍ നിന്നു് ആസ്തികള്‍ കൈവശപ്പെടുത്താന്‍ കമ്പനി മാനേജ്മെന്റും തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി നീങ്ങുന്നതു് ജനങ്ങളോടുള്ള വെല്ലുവിളിയാണു്. ബിഎസ്എന്‍എല്‍ ന്റെ ആസ്തികള്‍ ജനങ്ങളുടേതാണു് അതു് പൊതു മേഖലയുടെ കേവലമായ അര്‍ത്ഥത്തില്‍ മാത്രമല്ല. പഴയ സര്‍ക്കാര്‍ വകുപ്പെന്ന നിലയിലും സേവന സ്ഥാപനമെന്ന നിലയിലും സ്ഥലത്തില്‍ നല്ലൊരു പങ്ക് രാജാക്കന്മാരും ഭൂ ഉടമകളും സാധാരണക്കാരും വരെ യാതൊരു പ്രതിഫലവും വാങ്ങാതെ സേവനം കിട്ടാനായി കൈമാറിയതാണു്. എറണാകുളം ബോട്ടു് ജെട്ടി എക്സ്ചേഞ്ചു്, തിരുവനന്തപുരം സ്റ്റാച്യു കമ്പിയാപ്പീസ് തുടങ്ങി ആയിരക്കണക്കിനു്ഏക്കര്‍ സ്ഥലം അത്തരത്തിലുണ്ടു്. അതു് കമ്പനിക്കു് കൊടുക്കുന്നതു് ജനങ്ങളുടെ സമ്പത്തു് സ്വകാര്യ കമ്പനികളുടെ കൈകളിലേയ്ക്കെത്തിക്കുന്ന മാര്‍ഗ്ഗമാണു്
നിലവില്‍ ബിഎസ്എന്‍എല്‍ ഓഹരി വില്പനയും സ്വകാര്യവല്കരണവും തടയപ്പെട്ടിരിക്കുന്നതു് ആസ്തികള്‍ കമ്പനിയുടെ പേരിലല്ല എന്നതു് കൊണ്ടാണു്. ഈ കൈമാറ്റം നടന്നാല്‍ അതോടെ ഓഹരി വില്പനയും മാനേജ്മെന്റു് കൈമാറ്റവും വിഎസ്എന്‍എല്‍ വിറ്റതു് പോലെ വില്പനയും നടക്കും. ഇതാണോ ജീവനക്കാരുടെ താല്പര്യം ? അല്ല തന്നെ. ജീവനക്കാര്‍ അവരുടെ അവകാശ പട്ടിക പുനപരിശോധിക്കണം.
ജീവനക്കാരുടെ താല്പര്യം സര്‍ക്കാരിന്റെ പക്കല്‍ ആസ്തികള്‍ നില്കുക എന്നതു് തന്നെയാണു്. ബിഎസ്എന്‍എല്‍ കമ്പനിയാക്കിയപ്പോള്‍ അന്നത്തെ സംഘടനാ നേതൃത്വവുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചു് ജീവനക്കാരുടെ പെന്‍ഷന്‍ സര്‍ക്കാര്‍ നല്കും എന്ന തീരുമാനം സര്‍ക്കാര്‍ നിയമത്തില്‍ എഴുതി ചേര്‍ത്തിരുന്നു. പെന്‍ഷന്‍ റൂള്‍ 37A വകുപ്പു് ഇതിനായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആസ്തി സര്‍ക്കാരില്‍ നിക്ഷിപ്തമാകുകയും സര്‍ക്കാര്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കുകയും എന്നതാണു് ഈ വകുപ്പു് നിലനില്കാനും അര്‍ത്ഥ പൂര്‍ണ്ണമാകാനും നല്ലതു്. ആസ്തി സര്‍ക്കാരിന്റെ പേരിലാണെങ്കിലും കമ്പനിക്കു് ഉപയോഗ സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല. അന്യാധീനപ്പെടുത്താനവകാശമില്ലെന്നു് മാത്രം. കടമെടുക്കാന്‍ സ്ഥലം ഈടു് നല്‍കേണ്ടതില്ല. സര്‍ക്കാര്‍ ഗാരണ്ടി മതി. അതില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തൊഴിലാളി താല്പര്യവും രാജ്യ താല്പര്യവും സമൂഹ താല്പര്യവും വര്‍ഗ്ഗ താല്പര്യവും മറന്നവരുടേതായിപോയി എന്നു് പറയേണ്ടി വന്നിരിക്കുന്നു.
ഐടിഐയുടെ ഉപകരണങ്ങളുടെ ഗുണമേന്മ മോശമാണെങ്കില്‍ അക്കാര്യം പറയണം. അതു് മെച്ചപ്പെടുത്താന്‍ മാര്‍ഗ്ഗം കണ്ടെത്താന്‍ സര്‍ക്കാരിനു് ബാധ്യതയുണ്ടു് അതാണു് ഉന്നയിക്കപ്പെടേണ്ടതു്. അതല്ലാതെ പൊതു മേഖലയില്‍ നിന്നുള്ള ഉപകരണം പാടില്ലെന്നും മറ്റും അവകാശ പത്രികയില്‍ ഇടം പിടിക്കുന്നതു് പൊതു മേഖലാ സംരക്ഷണത്തിനു് യോജിച്ചതല്ല.
ചെലവു് ചുരുക്കാന്‍ ജീവനക്കാരെ പിടിച്ചു് വിടുക എന്നതല്ലാതെ മറ്റൊട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടു്. ഉദ്യോഗസ്ഥരുടെ ധൂര്‍ത്തും ആസ്തികളുടേയും വിഭവങ്ങളുടേയും ദുര്‍വ്വിനിയോഗവും ചോദ്യം ചെയ്യപ്പെടണം. അതിന്നു് തീരെ ഉണ്ടാകുന്നില്ല ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി ചോദ്യം ചെയ്യപ്പെടുന്നില്ല. മാനേജ്മെന്റില്‍ തൊഴിലാളിളുടെ ശേഷി വളര്‍ത്തുന്നില്ല. ഇടപെടല്‍ വേണ്ടത്ര ഉണ്ടാകുന്നില്ല. സാങ്കേതിക വൈദഗ്ദ്ധ്യ പോഷണം നടക്കുന്നില്ല. അതിനാല്‍ മാനേജ്മെന്റിന്റെ നടപടികലെ ചോദ്യം ചെയ്യാനാവുന്നില്ല. നയനടപടികളേയും ചോദ്യം ചെയ്യുന്നില്ല. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ കേവലമായി ഉരുവിടുക മാത്രമാണിന്നു് നടക്കുന്നതു്. അവയെ മേഖലാതല പ്രശ്നങ്ങളുമായി കൂട്ടിയിണക്കി മാനേജ്മെന്റിനെ നേരെ വഴിക്കു് നയിക്കാനുള്ള ശ്രമം ഉണ്ടാകണം. അതു് തന്നെയാണു് ഈമേഖലയില്‍ ബൂര്‍ഷ്വാ രാഷ്ട്രീയം തുറന്നു് കാണിക്കുന്നതിനുള്ള മാര്‍ഗ്ഗം. നിലവില്‍ അഞ്ചു് വര്‍ഷത്തോളമായി ബോണസ് നിഷേധിച്ചു് വരുന്നു. മെഡിക്കല്‍ സഹായം നിര്‍ത്തലാക്കി. ശമ്പളം കൂട്ടി കിട്ടിയതിനാല്‍ അവ വേണ്ടെന്ന മാനസികാവസ്ഥയിലാണോ നേതാക്കള്‍ ? അല്ലായിരുന്നെങ്കില്‍, എന്തു് കൊണ്ടു് ഈ അവകാശ നിഷേധം ചോദ്യം ചെയ്യപ്പെടാതെ പോകുന്നു ? ഇപ്പോള്‍ 8000 കോടി രൂപയുടെ നഷ്ടക്കണക്കു് കേട്ടിട്ടാണോ നേതാക്കള്‍ ഇത്തരം അവകാശ നിഷേധത്തിനു് വഴങ്ങുന്നതു് ? ഈ അവകാശ നിഷേധം അംഗീകരിച്ചു് കൊടുക്കാമോ ? ബോണസും മെഡിക്കല്‍ അലവന്‍സും നേടിയതിനു് പിന്നില്‍ വലിയ ത്യാഗം മുന്‍ തലമുറ അനുഭവിച്ചിട്ടുണ്ടു്. എല്ലാം പട്ടിക പെടുത്തി അതു് കാട്ടി സ്ഥാനം നേടാന്‍ അന്നത്തെ നേതാക്കളാരും തയ്യാറാകാതെ പോയതു് മൂലം അവ ഇന്നത്തെ നേതാക്കളും അറിയാതെ പോകുന്നുണ്ടോ ?
ഇന്നു് ഇന്ത്യയില്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുന്നില്ല. ഐടിഐയും ടെലികോം ഫാക്ടറികളും ഈ രംഗത്തു് നിന്നു് പുറത്തായി. 85% യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്യുന്നു. ഇതു് ട്രായിയുടെ കണക്കാണു്. ഇന്ത്യന്‍ വ്യവസായികള്‍ പോലും ഇതിനെതിരെ പ്രതികരിക്കുന്നു. എന്നിട്ടും തൊഴിലാളി സംഘടനകള്‍ ഇതേക്കുറിച്ചു് ഒന്നും പറഞ്ഞു് കേള്‍ക്കുന്നില്ല. ഇപ്പോള്‍ ഡിജിറ്റല്‍ സ്വിച്ചുകളും (എക്സ്ചേഞ്ചുകള്‍) മറ്റിതര ഉപകരണങ്ങളും സോഫ്റ്റ്‌വെയര്‍ അധിഷ്ടിതമാണു്. സോഫ്റ്റു് സ്വിച്ചുകള്‍ എന്നാണു് എക്സ്ചേഞ്ചുകള്‍ അറിയപ്പെടുന്നതു് തന്നെ. അവ ഇറക്കുമതി ചെയ്യുന്നതു് ഏതാണ്ടു് നൂറിരട്ടു്യോളം വില അധികം നല്‍കിയാണു്. ആഭ്യന്തര കമ്പോളത്തിലേയ്ക്കു് സാധാരണ മാര്‍ഗ്ഗത്തില്‍ ഇറക്കുമതി ചെയ്യപ്പെട്ടെത്തുന്ന കമ്പ്യൂട്ടറുകള്‍ വാങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചു് ചുരുക്കം ചില മൂല്യ വര്‍ദ്ധന വരുത്തിയാല്‍ എക്സ്ചേഞ്ചുകലും ഇതര ഉപകരണങ്ങളും ആഭ്യന്തരമായി സൃഷ്ടിക്കാവുന്നതാണു്. ഇറക്കുമതി ഏതാണ്ടു് 15% മാത്രമായി ആദ്യ ഘട്ടത്തില്‍ തന്നെ കുറയ്ക്കാം. ഇത്തരത്തില്‍ സാങ്കേതിക സ്വാംശീകരണം വേണമെന്നാവശ്യപ്പെടാന്‍ എന്തു് കൊണ്ടു് യൂണിയനുകള്‍ തയ്യാറാകുന്നില്ല ? ഈ ഒരൊറ്റ മാര്‍ഗ്ഗത്തിലൂടെ തന്നെ നഷ്ടം നികത്തപ്പെടാം.
മാനേജ്മെന്റു് സിസ്റ്റം 'ഇആര്‍പി' ഏര്‍പ്പെടുത്തുന്നിനു് ഇസ്രയേല്‍ കമ്പനിയുടെ നേതൃത്വത്തിലുള്ള ആഗോള കുത്തകയായ 'സാപ്പി'ന്റെ (SAP) വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതിലെ അപകടം സംഘടനകള്‍ ഉന്നയിക്കാത്തതെന്തു് ? ഇതിനായി ആദ്യ ചെലവു് 6000 കോടി രൂപ. വാര്‍ഷിക സേവന പിന്തുണയ്ക്കു് 650 കോടി രൂപ. ഇതൊന്നും സംഘടനാ നേതാക്കള്‍ അറിയുന്നില്ലേ ? ഇആര്‍പി എന്നു് പറയുന്നതു് ബിഎസ്എന്‍എല്‍ വിവരങ്ങള്‍ ഓണ്‍ലൈനായി മാനേജ് ചെയ്യുന്ന വ്യവസ്ഥയാണു്. അതു് ഏറ്റവും നന്നായി ചെയ്യാനാവുന്നതു് ബിഎസ്എന്‍എല്‍ വിദഗ്ദ്ധന്മാര്‍ക്കു് തന്നെയാണു്.
മേല്പറഞ്ഞ പ്രകാരം വിവിധ മേഖലകളില്‍ ചെലവു് ചുരുക്കിയും വരവു് വര്‍ദ്ധിപ്പിച്ചും മാത്രമേ ബിഎസ്എന്‍എല്‍ നിലനിര്‍ത്താന്‍ കഴിയൂ. അതിനുള്ള ശ്രമം സംഘടനകളുടെ ഭാഗത്തു് നിന്നുണ്ടാകണം.
കേവലമായ പാര്‍ലമെണ്ടറി രാഷ്ട്രീയം പറഞ്ഞു് തൊഴിലാളി സംഘടനയും സ്ഥാപനവും കൊണ്ടു് നടത്താന്‍ ദീര്‍ഘകാലത്തില്‍ കഴിയില്ല. അതിനു് വര്‍ഗ്ഗ രാഷ്ട്രീയവും സ്ഥാപനത്തിന്റെ നടത്തിപ്പും സ്വായത്തമാക്കാന്‍ നേതൃത്വം ശ്രമിക്കണം. അങ്ങിനെ മുതലാളിത്തത്തിന്റെ എല്ലാ ഘടകങ്ങളേയും എല്ലാ വിഭാഗങ്ങളേയും അവയുടെ കഴിവുകളും മറികടക്കാനുള്ള ശേഷി തൊഴിലാളി വര്‍ഗ്ഗ നേതൃത്വം ആര്‍ജ്ജിക്കണം. അതിനുള്ള സമ്മര്‍ദ്ദം തൊഴിലാളി വര്‍ഗ്ഗത്തിനു് മേലും നേതൃത്വത്തിനു് മേലും ഉണ്ടാകുന്നു എന്നിടത്താണു് മാറ്റത്തിന്റെ അനിവാര്യത. അതാണിന്നു് പുരോഗമന പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളുടേയും പിന്നോട്ടടിയുടേയും അടിസ്ഥാനം.
No comments:
Post a Comment