Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, October 27, 2015

സ്വയംഭരണ സമൂഹങ്ങള്‍ - ആഗോള ധനമൂലധനം നിയന്ത്രിക്കുന്ന കമ്പോളത്തിനു് ബദല്‍ മാതൃകകള്‍ - (പുതിയ കാലഘട്ടത്തിലെ സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ ഒരു കരടു് പരിപ്രേക്ഷ്യം)



കേരളത്തില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും അതില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഴുവനായും ബോധ്യപ്പെടുന്നതു് തദ്ദേശ സ്വയംഭരണത്തിന്റെ വിപ്ലവകരമായ ഉള്ളടക്കം തിരിച്ചറിയുമ്പോഴാണു്. ജനങ്ങള്‍ക്കു് തങ്ങളുടെ ജനാധിപത്യാവകാശം വെറും വോട്ടു് ദാനം മാത്രമായി പരിമിതപ്പെട്ടു് പോകുന്ന സ്ഥിതി മാറ്റി പകരം പങ്കാളിത്ത ജനാധിപത്യം വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളും രണ്ടു് പതിറ്റാണ്ടു് മുമ്പു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണഘടനാദത്തമായ അധികാരലബ്ദിയും ഇടതു് പക്ഷ സര്‍ക്കാരിന്റെ വിപ്ലവകരമായ വിഭവ വിതരണവും ജനകീയാസൂത്രണ പദ്ധതിക്കാലത്തു് തെളിയിച്ചിട്ടുള്ളതാണു്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതു് പക്ഷം ആധികാരത്തില്‍ വന്നെങ്കില്‍ മാത്രമേ അതു് എളുപ്പത്തില്‍ തുടരാനാകൂ. അതല്ലാത്തിടങ്ങളില്‍ ജനങ്ങള്‍ മുന്‍കൈ എടുത്തു് സ്വയംഭരണം സ്ഥാപിക്കാനാവശ്യമായ ഭരണഘടനാദത്തമായ അധികാരം വിനിയോഗിക്കാം. പക്ഷെ, രണ്ടായാലും സ്വയംഭരണ മേഖലകള്‍ സൃഷ്ടിക്കും വിധം പങ്കാളിത്ത ഭരണ സംവിധാനം രൂപപ്പെടുത്താന്‍ ഒരു വിപ്ലവ പരിപ്രേക്ഷ്യം കൂടി ഉരുത്തിരിയേണ്ടതുണ്ടു്. അതില്ലാതെ പോയാല്‍ വലതു് പക്ഷ ഭരണം പോലെ, അതിനേക്കാള്‍ സ്വല്പം മെച്ചപ്പെട്ട പദ്ധതികളുമായി, ഇടതു് പക്ഷ ഭരണവും കാലം കഴിക്കും. അതൊഴിവാക്കാന്‍ തദ്ദേശ സ്വയംഭരണത്തേക്കുറിച്ചു് ആഴത്തിലുള്ള വിലയിരുത്തല്‍ ആവശ്യമായിരിക്കുന്നു. മാത്രമല്ല, ഇന്നു് തെരഞ്ഞെടുപ്പില്‍ മത-ജാതി-സമുദായ വര്‍ഗ്ഗീയതകളുടെ അതിപ്രസരം ഉണ്ടായിരിക്കുകയും അതേക്കുറിച്ചു് വ്യാപകമായ ചര്‍ച്ച നടക്കുകയും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം വ്യവസ്ഥാ സംരക്ഷകരുടെ ഭാഗത്തു് ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മതവും വിപ്ലവപരമായ സാമൂഹ്യ പരിവര്‍ത്തനവും കൂടി ഈ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചാ വിഷയമാകേണ്ടതുണ്ടു്. അതിനുള്ള ശ്രമമാണീ രേഖ.

ആയിരക്കണക്കിനു് വര്‍ഷങ്ങളായി വിവിധ മതങ്ങള്‍ നിലനിന്നിട്ടും പ്രയത്നിച്ചിട്ടും മതവിശ്വാസികളില്‍ ബഹുഭൂരിപക്ഷവും ഇന്നും ദുരിതത്തിലും ദുഖത്തിലും 'പാപങ്ങളിലും' കൂടുതല്‍ കൂടുതല്‍ ആണ്ടു് പോകുകയാണു്. മത വിശ്വാസികളും ഇക്കാര്യം സമ്മതിക്കേണ്ടിയിരിക്കുന്നു.

മതം മനുഷ്യനു് തന്റെ ദുരിതം മാറ്റുകയല്ല, ദുരിതം കൂട്ടുകയും അവ അനുഭവിക്കുമ്പോള്‍ ആശ്വാസം പകരുകയും മാത്രമാണു് ചെയ്യുന്നതു്.

എന്നിട്ടാണിന്നു് മതത്തിന്റെ പേരില്‍ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതു്. ഇന്നേവരെ ഒരു മതാധിഷ്ഠിത രാഷ്ട്രവും മനുഷ്യന്റെ ദുരിതത്തിനു് അറുതി വരുത്തിയതിന്റെ ചരിത്രമില്ല.

ശാസ്ത്രബോധവും ശരിയായ യുക്തിചിന്തയും (അതു് കേവല യുക്തിവാദമാകരുതു്, പ്രകൃതിയിലും സമൂഹത്തിലും ചിന്തയിലും പ്രകടമാകുന്ന വൈരുദ്ധ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള യുക്തി ചിന്തയാകണം) മാത്രമാണ് മനുഷ്യനെ ദുരിതങ്ങളില്‍ നിന്നും ഇല്ലായ്മകളില്‍ നിന്നും അടിമത്തത്തില്‍ നിന്നും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും സ്വതന്ത്രനാക്കുന്നതു്.

അതിനാല്‍, ആവശ്യമുള്ളവര്‍ ആവശ്യമുള്ള കാലത്തോളം അവരവരുടെ മത വിശ്വാസം വെച്ചു് പുലര്‍ത്തട്ടെ. പ്രാര്‍ത്ഥിക്കട്ടെ. അവരുടെ ദുരിതങ്ങളില്‍ നിന്നു് താല്കാലികാശ്വാസം കണ്ടെത്തട്ടെ.

ആരും ആരേയും മതം മാറ്റാനും മറ്റു് മതങ്ങളെ ഇകഴ്ത്താനും മതത്തെ രാഷ്ട്രീയത്തിലേയ്ക്കു് വലിച്ചിഴക്കാനും ശ്രമിക്കാതിരുന്നാല്‍ മതി. മതാത്മകമോ ആത്മീയമോ ആയ ലക്ഷ്യമല്ല, മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നവര്‍ക്കുള്ളതു്. അതു് വെറും അധികാര രാഷ്ട്രീയത്തിന്റേതു് മാത്രമല്ല, തികച്ചും, തകര്‍ച്ചയെ നേരിട്ടു് കൊണ്ടിരിക്കുന്ന മൂലധനവര്‍ഗ്ഗാധിപത്യം സംരക്ഷിച്ചു് നിര്‍ത്താനുള്ള പാഴ്ശ്രമത്തിന്റെ ഭാഗമാണു്. അതിനാല്‍, വര്‍ഗ്ഗീയ ശക്തികളെ തളക്കുന്നതിനു് തന്നെയും, അതോടൊപ്പവും അതിനു് വേണ്ടിയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കുന്നതിനും തദ്ദേശ ഭരണത്തിന്റെ വിപ്ലവകരമായ വിലയിരുത്തലും പ്രയോഗവും ആവശ്യമായിരിക്കുന്നു. മത-ജാതി-സമുദായ വിഷയങ്ങളിലേയ്ക്കു് മാത്രമായി ചര്‍ച്ച തളച്ചിടപ്പെടാതെ നോക്കേണ്ടതുണ്ടു്. പ്രായോഗിക വിപ്ലവ മാതൃകകള്‍ സൃഷ്ടിക്കുന്നതിനു് കൂടി ശ്രമിക്കേണ്ടതുണ്ടു്.

മതം അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കട്ടെ. വര്‍ഗ്ഗീയത ചെറുക്കപ്പെടുകയും ചെയ്യണം. അതോടൊപ്പം എല്ലാവരും ചേര്‍ന്നു് ശാസ്ത്ര ബോധവും ശരിയായ വൈരുദ്ധ്യാത്മക യുക്തിയും ഉള്‍ക്കൊണ്ടു് സഹകരിച്ചു് പ്രവര്‍ത്തിച്ചു് എല്ലാവരുടേയും ജീവിതം പരമാവധി സുഖ സമ്പൂര്‍ണ്ണമാക്കാം. അതിനാകട്ടെ, എല്ലാവരുടേയും പരിശ്രമം. അതിനുള്ള അവസരമാകട്ടെ ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും അതില്‍ ഇടതു് പക്ഷത്തിനുണ്ടാകുന്ന വിജയവും.

മതബോധം നിലനില്ക്കമ്പോഴും, ശാസ്ത്രബോധവും വൈരുദ്ധ്യാത്മക യുക്തിബോധവും ഉണ്ടായാല്‍ തന്നെ നിലവിലുള്ള വ്യവസ്ഥയുടെ പരിമിതി, കമ്പോളം നിയന്ത്രിക്കുന്നതു് മൂലധനമാണെന്നുള്ള കാര്യം, ബോധ്യപ്പെടും. മൂലധനം മുടക്കുന്നു എന്ന അവകാശവാദത്തിന്റെ പേരില്‍ സാമൂഹ്യമായി ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ മൂലധന ഉടമകളുടെ സ്വകാര്യ സ്വത്താക്കപ്പെടുന്നതാണു് ഇന്നത്തെ പ്രശ്നം. മൂലധനം തന്നെ സാമൂഹ്യ സൃഷ്ടിയാണു്. മൂലധനം സാമൂഹ്യമാക്കപ്പെടുകയും സമൂഹം മൂലധനത്തേയും കമ്പോളത്തേയും നിയന്ത്രണ വിധേയമാക്കുകയും ചെയ്താല്‍ സമൂഹത്തിന്റെ ദുരിതം പഴങ്കഥയാക്കി മാറ്റാം. അതാണു് ശരിയായ യുക്തിയുടെ പ്രയോഗം നമ്മെ കൊണ്ടെത്തിക്കുന്ന നിഗമനം. ഇക്കാര്യം തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനു് ബോധ്യമുള്ളതാണു്. തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രത്തിന്റെ പാഠമാണിതു്.

മതാധിഷ്ഠിത രാഷ്ട്രമല്ല, സാമൂഹ്യ നിയന്ത്രണത്തിലുള്ള സമ്പദ്ഘടനയും കമ്പോളവുമാണു് ഇന്നത്തെ ആവശ്യം. അതിനുള്ള ആശയാടിത്തറ ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ടു. ഒട്ടേറെ പ്രയോഗങ്ങളും പരീക്ഷണങ്ങളും നടന്നു. പശ്ചാത്തല സൌകര്യമായ സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖല കാല്‍ നൂറ്റാണ്ടു് മുമ്പു് തയ്യാറാക്കപ്പെട്ടിരിക്കുന്നു. അവ ഉപയോഗിച്ചു് സ്വതന്ത്രരാകാന്‍ സമൂഹം കൂട്ടായി സഹകരിച്ചു് പ്രവര്‍ത്തിച്ചു് തുടങ്ങുകയാണു് വേണ്ടതു്. ഇക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാമൂഹ്യ മാറ്റത്തിനു് താല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍, മൂലധനത്തിന്റെ അടിമകളായി നരകിക്കുന്ന വര്‍ഗ്ഗങ്ങള്‍, മര്‍ദ്ദനവും ചൂഷണവും അനുഭവിക്കുന്ന വര്‍ഗ്ഗങ്ങള്‍, പ്രത്യേകിച്ചും വിപ്ലവകാരിയായ തൊഴിലാളിവര്‍ഗ്ഗം, ധന മൂലധന മേധാവിത്വത്തിനു് ബദല്‍ മാതൃകകള്‍ സൃഷ്ടിച്ചേ തീരൂ. അതിനുള്ള ശേഷി നേടാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയും. തൊഴിലാളി വര്‍ഗ്ഗത്തിനേ അതിനു് കഴിയൂ. അതിനുള്ള ഉപാധികൂടിയാണു് സാര്‍വ്വദേശീയ വിജ്ഞാന ശൃംഖല.

ആഗോള കമ്പോളത്തിനു് ബദലായി പ്രാദേശിക ഉല്പാദന-വിനിമയ-ഉപഭോഗ സമൂഹങ്ങള്‍ ഇന്നു് സാദ്ധ്യമാണു്. അതു് മഹാത്മാ ഗാന്ധി മുന്നോട്ടു് വെച്ച സ്വയം സമ്പൂര്‍ണ്ണ ഗ്രാമം എന്നതിന്റെ തനിയാവര്‍ത്തനമല്ല, അതിന്റെ വികസിതമായ ഉയര്‍ന്ന രൂപമാണു്. സ്വതന്ത്ര സ്രഷ്ടാക്കളുടെ സൃഷ്ടികള്‍ സ്വതന്ത്ര ഉപഭോക്താക്കള്‍ പങ്കു് വെച്ചുപയോഗിക്കുന്നു. മത്സരമല്ല, സഹകരണമാണു് സ്വതന്ത്ര സമൂഹത്തിലെ അടിസ്ഥാന നിയമം. അധികോല്പന്നങ്ങളുടെ വിപണനം ശൃംഖലയിലൂടെ നേരിട്ടു് ഉപഭോക്തൃ സമൂഹങ്ങളുമായി നടത്താം. ‌പ്രാദേശിക സമൂഹത്തിനു് ഉല്പാദിപ്പിക്കാനാവാത്ത അവശ്യ വസ്തുക്കള്‍ ഉല്പാദനകേന്ദ്രങ്ങളില്‍ നിന്നു് ശൃംഖല വഴി നേരിട്ടു് വാങ്ങുകയും ചെയ്യാം. സ്വയംഭരണ സമൂഹങ്ങള്‍ക്കകത്തു് സഹകരണം സ്ഥായിയാരിക്കുമ്പോഴും അത്തരം സമൂഹങ്ങള്‍ക്കിടയില്‍ നടക്കുന്ന വിനിമയങ്ങളില്‍ മത്സരം തുടര്‍ന്നും നിലനില്കും. പക്ഷെ, ഇടനിലക്കാരായ കുത്തകകളെല്ലാം ഒഴിവാക്കപ്പെടുന്നു. കുത്തകകള്‍ക്കെതിരെ സ്വയംഭരണ സമൂഹങ്ങളുടെ സഹകരണം ശക്തിപ്പെടുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും പകരം സ്വതന്ത്ര സൃഷ്ടാക്കളുടെ സ്വയംഭരണ സമൂഹവും ഉപഭോക്താക്കളുടെ സ്വയംഭരണ സമൂഹവും ബന്ധിപ്പിക്കപ്പെടുന്ന ശൃംഖല സ്വതന്ത്ര കമ്പോളത്തിന്റെ ഉപാധിയാകും. കമ്പോളം അപ്പോള്‍ മാത്രമാണു് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാകുന്നതു്.

ഓരോ സ്വയംഭരണ സമൂഹവും അതിന്റേതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തണം. പ്രാഥമിക തലത്തില്‍ സ്വന്തം ഭാഷയ്ക്കും കണക്കിനും പ്രാധാന്യം നല്‍കണം. തുടര്‍ന്നു്, സ്വന്തം ഭാഷയിലൂടെ മറ്റു് ഭാഷകളും ശാസ്ത്രങ്ങളും പഠിക്കണം. തൊഴിലധിഷ്ഠിതമാകണം ഹൈസ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്നുള്ള ഉന്നത വിദ്യാഭ്യാസവും ഗവേഷണവും വരെ ശൃംഖലാ വിഭവങ്ങളുപയോഗപ്പെടുത്തിക്കൊണ്ടു് അതേ സ്കൂളില്‍ നടത്താം. തൊഴിലെടുത്തു് കൊണ്ടു് തന്നെ അതിലേര്‍പ്പെടാം. എല്ലാ തലങ്ങളിലും വിജ്ഞാനം ശൃംഖലയിലൂടെ ലഭ്യമാക്കിക്കൊണ്ടു് ഓരോ സ്വയംഭരണ സമൂഹത്തിനും ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വന്തം പ്രദേശത്തു് ലഭ്യമാക്കാം. നിലവില്‍, വിദ്യാഭ്യാസ രംഗത്തു് പുളയ്ക്കുന്ന ധന മൂലധന ശക്തികളെ ഇത്തരത്തില്‍ ഒഴിവാക്കാം.

ഓരോ സ്വയംഭരണ സമൂഹത്തിലും അതിന്റേതായ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. സുരക്ഷിതമായ വായുവും വെള്ളവും ഭക്ഷണവും മതിയായ അദ്ധ്വാനവും വിശ്രമവും വിനോദവും അടക്കം രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കു് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം രോഗ ചികിത്സയ്ക്കു് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വേണം. അതിലൂടെ ധനമൂലധനാധിഷ്ഠിതമായ നിലവിലുള്ള വ്യവസ്ഥയിന്മേല്‍ ആരോഗ്യ കാര്യത്തിലുണ്ടാകുന്ന ആശ്രിതത്വം ഒഴിവാക്കാം. ആരോഗ്യ വ്യവസായത്തിന്റെ കമ്പോളം വികസിപ്പിക്കുന്നതിന്റെ ഭാഗമായി രോഗികളെ സൃഷ്ടിച്ചുകൊണ്ടാണു് ആ രംഗത്തു് ധന മൂലധനം അതിന്റെ ലാഭം പെരുപ്പിക്കുന്നതു്. നിലവില്‍ ഉള്ളതില്‍ നിന്നു് ഒരു ചെറിയ ശതമാനം രോഗം നിയന്ത്രിക്കാനായാല്‍ തന്നെ ധനമൂലധന കുത്തകകള്‍ നയിക്കുന്ന കാപട്യപൂര്‍ണ്ണമായ ആരോഗ്യ വ്യവസായം തകര്‍ന്നടിയും. അതു് നിലവിലുള്ള ചൂഷണ വ്യവസ്ഥയുടെ തകര്‍ച്ച വേഗത്തിലാക്കും.

ഓരോ സ്വയംഭരണ സമൂഹവും സ്വന്തം ശൃംഖലാ കേന്ദ്രങ്ങളും അതുപയോഗിച്ചു് സ്വന്തം വിവര വിനിമയ ശൃംഖലയും വിജ്ഞാന ശൃംഖലയും സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യണം. ഏറ്റവും കുറഞ്ഞ വിലയുള്ള മൈക്രോപ്രോസസറുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് പുതു തലമുറ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്വയംഭരണ സമൂഹത്തിനു് സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കാം. അവയുപയോഗിച്ചു് വാര്‍ത്താവിനിമയ-വിനോദ മാദ്ധ്യമങ്ങളും സൃഷ്ടിച്ചുപയോഗിക്കാം. ഇതും ആഗോള ധന മൂലധന കുത്തകകളെ തകര്‍ച്ചയിലേയ്ക്കു് നയിക്കും.

ഓരോ സ്വയംഭരണ സമൂഹത്തിനും അതിന്റേതായ സാംസ്കാരിക കേന്ദ്രങ്ങളും പൈതൃക സംരക്ഷണ വ്യവസ്ഥയും വിനിമയ സംവിധാനങ്ങളും സൃഷ്ടിച്ചുപയോഗിക്കാം. അതിനും ശൃംഖല ഉപകരിക്കും. ശൃംഖലയില്‍ സ്വയംഭരണ സമൂഹങ്ങള്‍ കോര്‍ത്തിണക്കപ്പെടുമ്പോള്‍ ദേശീയവും സാര്‍വ്വദേശീയവുമായ സാംസ്കാരിക വിനിമയ സംവിധാനം രൂപപ്പെടും. അങ്ങിനെ സാംസ്കാരിക കുത്തകകളുടെ ആധിപത്യം തകര്‍ക്കാം.

ഒരേ ഭാഷ ഉപയോഗിക്കുന്ന സ്വയംഭരണ സമൂഹങ്ങള്‍ക്കു് കൂട്ടായി സഹകരിച്ചു് സ്വന്തം ഭാഷയുടേയും സംസ്കാരത്തിന്റേയും വികാസത്തിനായി മറ്റു് ലോക ഭാഷകളിലുള്ള വിജ്ഞാന സംഭരണികളുമായി ശൃംഖലാ ബന്ധം സ്ഥാപിക്കുകയും അവയുമായി വിജ്ഞാനത്തിന്റെ ആദാന പ്രദാനം ശൃംഖലയില്‍ സാധ്യമാകും വിധം ഭാഷാ വിനിമയ സങ്കേതങ്ങള്‍ വികസിപ്പിക്കുകയും ചെയ്യാം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ക്കു് ഒട്ടേറെ സമാനതകളുള്ളതിനാല്‍ ഇന്ത്യന്‍ ഭാഷകളുടെ കൂട്ടായ്മയ്ക്കും പ്രസക്തിയുണ്ടു്. ഒരു ഇന്ത്യന്‍ ഭാഷയിലുള്ള ഭാഷാ വിനിമയ സങ്കേതങ്ങളുടെ വികാസം മറ്റു് ഭാഷകള്‍ക്കും ഉപയോഗിക്കാം. സഹകരിച്ചു് കൂടുതല്‍ വേഗത്തില്‍ ലക്ഷ്യം നേടാം. ഇതു് ആഗോള ധന മൂലധനാധിപത്യത്തിന്റെ സാമ്പത്തിക-സാംസ്കാരിക കടന്നു് കയറ്റത്തിനെതിരായ ഫലപ്രദമായ ചെറുത്തു് നില്പിന്റെ ഉപാധിയുമാണു്.

സാമൂഹ്യ ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും ഇത്തരം ബദലുകള്‍ സാദ്ധ്യമാണിന്നു്.

ഇത്തരത്തില്‍ ധനമൂലധനാധിപത്യത്തിനെതിരായ ചെറുത്തു് നില്പു് പ്രസ്ഥാനത്തിന്റെ വികാസത്തോടാനുപാതികമായി ധന മൂലധന വ്യവസ്ഥ തകര്‍ന്നടിയും. ഇന്നു് ധനമൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ ഉറപ്പു് തൊഴിലാളിവര്‍ഗ്ഗമടക്കം ചൂഷിത വര്‍ഗ്ഗങ്ങളാകെ ആ വ്യവസ്ഥയുടെ ആശ്രിതരാണെന്നതാണു്, അടിമകളാണെന്നതാണു്. ഈ പുതിയ അടിമ വ്യവസ്ഥയുടെ ഏറ്റവും പ്രധാന ഉപാധികള്‍ ധന മൂലധനം നിയന്ത്രിക്കുന്ന വിതരിത ഉല്പാദന-വിനിമയ വ്യവസ്ഥയും ആധുനിക വിവര വിനിമയ വ്യവസായവും അതിന്റെ ബലത്തില്‍ നിലനില്കുന്ന ബാങ്കിങ്ങും ആധുനിക ദൃശ്യ-സ്രാവ്യ-അച്ചടി മാധ്യമങ്ങളും വിദ്യാഭ്യാസവും രോഗചികിത്സാ വ്യവസ്ഥയും മറ്റിതര മേഖലകളും അടക്കം ധനമൂലധനാധിപത്യത്തിലുള്ള കമ്പോളവും അവ സൃഷ്ടിക്കുന്ന സാംസ്കാരികാടിമത്തവുമാണു്. വര്‍ഗ്ഗ ബോധത്താല്‍ നയിക്കപ്പെടേണ്ട തൊഴിലാളികളും പരസ്യങ്ങള്‍ സൃഷ്ടിക്കുന്ന ഉപഭോഗ തൃഷ്ണയുടെ അടിമകളാണിന്നു്. ആ അടിമത്തത്തില്‍ നിന്നു് ഭാഗികമായി പോലും കുതറി മാറിയാല്‍ തന്നെ, നിലവില്‍ അതില്ലാതെ പോലും പ്രതിസന്ധി നേരിടുന്ന ധനമൂലധനാധിപത്യത്തിലുള്ള കമ്പോളം അതി ഗുരുതരമായ തകര്‍ച്ച നേരിടും. തകര്‍ന്നടിയുന്ന ഓരോ വന്‍കിട വ്യവസായവും അതതിടങ്ങളിലെ തൊഴിലാളി വിഭാഗങ്ങള്‍ ഏറ്റെടുത്തു് സാമൂഹ്യ സംരംഭങ്ങളായി നടത്തണം.

സാമൂഹ്യ വിപ്ലവത്തിന്റെ ഈയൊരു പരിപ്രേക്ഷ്യത്തില്‍ ആയുധമേന്തിയ സമരത്തിനുള്ള പ്രസക്തി മുന്‍കാലത്തെ അപേക്ഷിച്ചു് വളരെ വളരെ കുറവാണു്. ഇനി അതു് വേണ്ടിവന്നാല്‍ തന്നെ അതിനു് കാരണക്കാര്‍ തൊഴിലാളി വര്‍ഗ്ഗമല്ല. അക്രമത്തിനു് തുനിയുന്ന മേധാവി വര്‍ഗ്ഗം മാത്രമായിരിക്കും. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന ജനാധിപത്യ തത്വത്തിനു് സമാനമായി അദ്ധ്വാന ശേഷിയും അറിവും ഭരണ പാടവവും സ്വന്തമായി സ്വായത്തവും പ്രയോഗിക്കാനുമറിയുന്ന സ്വതന്ത്ര സ്രഷ്ടാവിനു് മൂലധനവും അറിവും ഭരണപാടവവും സ്വകാര്യസ്വത്തായി കൂട്ടിവെച്ചിട്ടുണ്ടെങ്കിലും കൂലിത്തൊഴിലാളിയെ ആശ്രയിക്കാതെ നിലനില്പില്ലാത്ത മുതലാളിയെ നേരിടാന്‍ ആയുധം പ്രയോഗിക്കുന്നതിലും യാതൊരു തടസ്സവുമുണ്ടാവില്ല. എണ്ണത്തിലും അദ്ധ്വാന ശേഷിയിലും അറിവിലും ഭരണ പാടവത്തിലും മേല്‍ക്കൈയ്യുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയം സുനിശ്ചിതമാണു്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയത്തിന്റെ നിലവിലില്ലാത്ത രണ്ടു് മുന്നുപാധികള്‍ തൊഴിലാളി വര്‍ഗ്ഗം സ്വതന്ത്ര സ്രഷ്ടാക്കളായി മാറാനും സഖ്യ ശക്തികളുമായി ഐക്യപ്പെടാനും ബോധ പൂര്‍വ്വം തയ്യാറാകണം എന്നതു് മാത്രമാണു്. അതിനുള്ള സമ്മര്‍ദ്ദം, നിലവിലുള്ള വ്യവസ്ഥയുടെ ആഴമേറിവരുന്ന പ്രതിസന്ധിയും അതു് മറികടക്കാനായി ധനമൂലധന മേധാവിത്വം അനുവര്‍ത്തിക്കുന്ന തന്ത്രങ്ങളും മൂലം, തൊഴിലാളി വര്‍ഗ്ഗത്തിനു് മേല്‍ അതിവേഗം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതാണു് ദേശീയവും സാര്‍വ്വദേശീയവുമായ സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ ആധുനിക പാത.

സാമ്രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വെറും ശബ്ദവിസ്ഫോടനങ്ങളായി പൊലിഞ്ഞു് തീരുന്നതിനു് പകരം മൂര്‍ത്തമായ പ്രായോഗിക ബദലുകളാക്കി വികസിപ്പിക്കാനുള്ള എല്ലാ പശ്ചാത്തലവും ഒരുക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനത്തില്‍ അതിന്റെ വിജയകരമായ മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര സ്രഷ്ടാക്കളും സ്വതന്ത്ര ഉപഭോക്താക്കളും നേരിട്ടു് ബന്ധപ്പെടുന്ന സമൂഹങ്ങളുടെ സാര്‍വ്വദേശീയ ശൃംഖല കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിജയകരമായി നിലനിന്നും വികസിച്ചും വരുന്നു. വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ്ഗം അതു് ഉള്‍ക്കൊള്ളുകയും സഖ്യ ശക്തികളായ കര്‍ഷകരോടും സ്വയം തൊഴില്‍ സംരംഭകരോടും ഐക്യപ്പെടുകയും ചെയ്തു് കൊണ്ടു് സ്വയം ഭരണ സമൂഹങ്ങള്‍ സൃഷ്ടിക്കുകയേ വേണ്ടൂ. അവ മുതലാളിത്തത്തില്‍ നിന്നു് സോഷ്യലിസത്തിലേയ്ക്കുള്ള വിപ്ലവകരമായ പരിവര്‍ത്തനത്തിന്റെ അവശ്യോപാധിയായ വിപ്ല സംഘടനയുടെ അടിസ്ഥാനഘടകങ്ങളായിരിക്കും.

ആയതിനാല്‍ പരമാവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കാനും തുടര്‍ന്നു് ജയപരാജയങ്ങള്‍ നോക്കാതെ സ്വയംഭരണ സമൂഹങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു് തുടക്കം കുറിക്കാനുമുള്ള സുവര്‍ണ്ണാവസരമായും ഈ തെരഞ്ഞെടുപ്പിനെ കാണണം.

Thursday, October 22, 2015

ഇടതു് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക



ത്രിതല പഞ്ചായത്തുകളിലേയ്ക്കും മുനിസിപ്പാലിറ്റികളിലേയ്ക്കും കോര്‍പ്പറേഷനുകളിലേയ്ക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനത്തിനാണു് സ്വാഭാവികമായും മുന്‍തൂക്കം നല്‍കേണ്ടതു്. പ്രാദേശിക വികസനവും ദേശീയ-സംസ്ഥാന വികസന പ്രക്രിയകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, വികസനത്തിനാവശ്യമായ വിഭവങ്ങളും പശ്ചാത്തല സൌകര്യങ്ങളും ഒരുക്കേണ്ടതു് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണു്. അതിനാല്‍ ഏതു് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളാണു് പഞ്ചായത്തില്‍ അധികാരത്തില്‍ വരുന്നതെന്നതും പ്രധാനമാണു്. ഇവിടെ, ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ക്കു് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന രണ്ടു് മുന്നണികളും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ചെറുകിട ഇടത്തരം സംരംഭകര്‍ക്കും വേണ്ടി നിലകൊള്ളുന്ന ഇടതു പക്ഷവും തമ്മിലാണു് പ്രധാനമായും മത്സരം നടക്കുന്നതു്.

കോണ്‍ഗ്രസിന്റെ ജനദ്രോഹങ്ങളും അഴിമതിയും അനുഭവിച്ചും കണ്ടും മടുത്ത ജനങ്ങള്‍ ഗത്യന്തരമില്ലാതെ ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തിലേറ്റി. എന്നാല്‍ ബിജെപി സര്‍ക്കാരും അദാനി-അംബാനി തുടങ്ങിയ കുത്തകകള്‍ക്കു് വേണ്ടിയാണു് ഭരിക്കുന്നതെന്നു് കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ടു് തെളിയിച്ചു. അവര്‍ക്കു് നികുതിയിളവുകളും ബാങ്കു് വായ്പകളും എണ്ണപ്പാടവും കല്‍ക്കരിപ്പാടവും ഖനികളും മറ്റിതര പ്രകൃതി വിഭവങ്ങവും ഇഷ്ടം പോലെ നല്‍കുന്നു. മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വവുമായി വിലപേശി അതിന്റെ ജൂനിയര്‍ പങ്കാളിയാകാനും പകരം അവരുടെ കമ്പോള താല്പര്യങ്ങള്‍ സംരക്ഷിക്കാനും കോണ്‍ഗ്രസിനേക്കാളധികം താല്പര്യമാണു് ബിജെപി കാണിക്കുന്നതു് എന്ന കാര്യവും വ്യക്തമായിരിക്കുന്നു. ആയുധ ഇടപാടുകളും സംയുക്ത ആയുധ സേനാ പ്രകടനങ്ങളും പരിശീലനങ്ങളും ഹെലികോപ്റ്റര്‍ ഇറക്കുമതിയും മറ്റും ഇതിന്റെ ഭാഗമാണു്. അവയും ഇന്ത്യന്‍ കുത്തകകളുടെ വ്യാപാര താല്പര്യം പരിപാലിക്കുന്നതിന്റെ ഭാഗമാണു്. മറുവശത്തു്, ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നാളിതു് വരെ നല്‍കി വന്ന സഹായങ്ങള്‍ പോലും വെട്ടിക്കുറയ്ക്കുന്നു. അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസിനെ പിന്തുടരുക തന്നെയാണു് ബിജെപി ഭരണവും ചെയ്യുന്നതെന്നു് മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയും ആ കേസിലെ അമ്പതോളം സാക്ഷികളുടെ കൊലപാതകങ്ങളും ലളിത് മോഡിക്കു് വേണ്ടി നടത്തിയ ഇടപെടലുകളും തെളിയിക്കുന്നു. ബിജെപിയുടെ ജനദ്രോഹ നയങ്ങളില്‍ നിന്നു് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ജാതിയും മതവും ഭക്ഷണവും മറ്റും കരുവാക്കി ജനങ്ങളെ തമ്മിലടിപ്പിക്കുന്നതില്‍ സംഘ പരിവാര്‍ സംഘടനകള്‍ പരസ്പരം മത്സരിക്കുകയാണു്. സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ മൂലം ദളിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും കുട്ടികളും വലിയ തോതില്‍ പീഢിപ്പിക്കപ്പെടുകയാണു്.

കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ആകട്ടെ, അഴിമതിയിലും സ്വജന പക്ഷപാതത്തിലും ജനദ്രോഹ നയങ്ങളിലും കേന്ദ്ര ബിജെപി ഭരണത്തോടു് മത്സരിക്കുകയാണു്. മാത്രമല്ല, ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും സമുദായ സംഘടകളേയും തരാതരം പോലെ പ്രോത്സാഹിപ്പിച്ചും അവയുടെ മുന്നണി രൂപീകരിച്ചുമാണു് യുഡിഎഫ് അധികാരത്തിലെത്തുന്നതും നിലനിര്‍ത്തുന്നതും. സംഘപരിവാറില്‍ പെട്ട അക്രമികള്‍ക്കെതിരെ നിലനിന്ന പോലീസ് കേസുകള്‍ പിന്‍വലിച്ചും അവരില്‍ പെട്ട അക്രമികള്‍ക്കെതിരെ കേസെടുക്കാതെയും അവരെ സഹായിക്കുന്നു. ബഡ്ജറ്റു് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തും ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കി വീണ്ടും നല്‍കുന്നതിനു് കൈക്കൂലി വാങ്ങിയും സോളാര്‍ വൈദ്യൂതി സഹായം സ്വന്തക്കാര്‍ക്കു് നല്‍കാന്‍ കൂട്ടു് നിന്നും ഭൂ മാഫിയകളേയും വിദ്യാഭ്യാസ കച്ചവടക്കാരേയും മരുന്നു് കമ്പനികളേയും വന്‍കിട സ്വകാര്യ ആശുപത്രികളേയും വഴി വിട്ടു് സഹായിച്ചും യുഡിഎഫ് ഭരണം അഴിമതിയില്‍ ആറാടുകയാണു്. മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയും വരെ അഴിമതിക്കാരുടെ താവളമായി മാറി. അഴിമതിയിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു് ചോരുന്ന പണം ജനങ്ങളുടേതാണു്. അഴിമതിയിലൂടെ കുത്തകകള്‍ തടിച്ചു് കൊഴുക്കുമ്പോള്‍ നാം ഓരോരുത്തരും പാപ്പരാകുകയാണു്.

ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അധികാരത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് കോണ്‍ട്രാക്ടര്‍മാരുമായി ചേര്‍ന്നു് വന്‍കിട പദ്ധതികളും നിര്‍മ്മാണങ്ങളും നടത്തി അഴിമതി നടത്തുന്ന കാര്യത്തില്‍ മാത്രമാണു് ശ്രദ്ധിച്ചിരുന്നതു്. പൊതു വിദ്യാഭ്യാസമോ സര്‍ക്കാരാശുപത്രികളോ കൃഷിയോ വ്യവസായമോ ജീവിത സൌകര്യങ്ങളോ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കു് അവര്‍ പ്രാമുഖ്യം നല്കാറില്ല. യുഡിഎഫ് ഭരണത്തില്‍ ഉല്പാദന സേവന മേഖലകളെല്ലാം തകര്‍ന്നടിയുകയാണു്.

വിദ്യാര്‍ത്ഥികള്‍ക്കു് മെച്ചപ്പെട്ട വിദ്യാഭ്യാസവും യുവാക്കള്‍ക്കു് തൊഴിലും ജനങ്ങള്‍ക്കു് ആരോഗ്യവും മെച്ചപ്പെട്ട ചികിത്സയും കുറഞ്ഞ ചെലവില്‍ നല്‍കാന്‍ കഴിയും വിധം ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ വളരെയേറെ വികസിച്ചിട്ടും അവയുപയോഗിച്ചു് പൊതു സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു് പകരം എല്ലാ ജീവിത വ്യവഹാര മേഖലകളും ജാതി-മത-സമുദായ സംഘടനകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും കൈമാറുകയാണു് വലതു് പക്ഷ നയം പിന്തുടരുന്ന കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്നതു്.

ഇടതു് പക്ഷം മാത്രമാണു് ജനകീയവും സാമൂഹ്യവുമായ സംവിധാനങ്ങള്‍ തുടങ്ങിയും വികസിപ്പിച്ചും ജനങ്ങള്‍ക്കു് വരുമാനമാര്‍ഗ്ഗം ഉണ്ടാക്കിയും ജീവിത ചെലവു് കുറച്ചും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതു്. ഇടതു് പക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ചാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും അടുത്ത സ്കൂളില്‍ ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസവും ഏറ്റവും അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ഏറ്റവും നല്ല ചികിത്സയും പ്രാദേശിക കര്‍ഷകര്‍ക്കു് അവരുടെ വിളകള്‍ക്കു് ഏറ്റവും ഉയര്‍ന്ന വിലയും പ്രാദേശിക വ്യവസായ സംരംഭകരുടെ ഉല്പന്നങ്ങള്‍ക്കു് മെച്ചപ്പെട്ട വിലയും കമ്പോളവും ഉറപ്പാക്കുന്നതിനാവശ്യമായ നയ-നടപടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കും. ഇടതു് പക്ഷം പറയുന്നതു് പോലെ ചെയ്യുമെന്ന കാര്യം ഭൂ പരിഷ്കരണത്തിലൂടെ പാട്ടവ്യവസ്ഥ അവസാനിപ്പിച്ചും കുടികിടപ്പു് നല്‍കിയും സാക്ഷരതാ പരിപാടി ഏറ്റെടുത്തു് നടപ്പാക്കിയും ജനകീയാസൂത്രണത്തിലൂടെ അധികാര വികേന്ദ്രീകരണം നടത്തിയും പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും പൊതു വിതരണവും വ്യാപിപ്പിച്ചും തെളിയിച്ചിട്ടുള്ളതാണു്.

ഈ തെരഞ്ഞെടുപ്പില്‍ നമ്മുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുക മാത്രമല്ല, അതിനു് ശേഷം നമുക്കു് നമ്മുടെ അധികാരം പരസ്പരം സഹകരിച്ചു് ഉപയോഗിച്ചും പ്രയോഗിച്ചും നല്ല വിദ്യാഭ്യാസവും ചികിത്സയും തൊഴിലും വരുമാനവും മറ്റിതര ജീവിതാവശ്യങ്ങളും ലഭ്യമാക്കി നമ്മുടെ വരുമാനം വര്‍ദ്ധിപ്പിച്ചും ജീവിത ചെലവു് കുറച്ചും ജീവിതം മെച്ചപ്പെടുത്താനും ഇടതു് പക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തേണ്ടതുണ്ടു്. കാരണം യുഡിഎഫും ബിജെപിയും അധികാര വികേന്ദ്രീകരണം അനുവദിക്കില്ല. അധികാരം ജനങ്ങള്‍ക്കു് നല്‍കില്ല. കുത്തകവല്കരണവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കോണ്‍ട്രാക്ടും കൈക്കൂലിയും അഴിമതിയും സാമ്രാജ്യത്വ പ്രീണനവുമാണു് അവരുടെ മാര്‍ഗ്ഗം. കാരണം അവര്‍ സാധാരണക്കാര്‍ക്കല്ല, കുത്തകകള്‍ക്കും മേലാളന്മാര്‍ക്കും ജാതിക്കോമരങ്ങള്‍ക്കും വേണ്ടിയാണു് ഭരിക്കുന്നതു്.

ജനങ്ങളുടേയാകെ യഥാര്‍ത്ഥ താല്പര്യം കണക്കിലെടുത്തു്, ഇടതു് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെയാണു് വിജയിപ്പിക്കേണ്ടതെന്ന കാര്യം എല്ലാവരേയും വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.

22-10-2015

Saturday, October 3, 2015

കേരളം മതേതര-ജനകീയ-ജനാധിപത്യത്തിലേയ്ക്കു് മുന്നേറണം



പുരോഗമന കേരളം ജനദ്രോഹികളായ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകളേയും സ്ഥാപിത താല്പര്യക്കാരായ സമുദായ സംഘടനാ നേതൃത്വങ്ങളേയും സമൂഹദ്രോഹകരമായ ധനമൂലധന താല്പര്യങ്ങളേയും അകറ്റി നിര്‍ത്തി മതേതര-ജനകീയ-ജനാധിപത്യം ഉറപ്പിച്ചു് മുന്നേറേണ്ട സവിശേഷ സാഹചര്യമാണു് ഇന്നു് ഉരുത്തിരിയുന്നതു്. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനെ ഫലപ്രദമായി ഉപയോഗിക്കണം. സാമ്രാജ്യത്വത്തിന്റേയും ധന മൂലധനത്തിന്റേയും മേധാവിത്വം ഒഴിവാക്കാനും മത-ജാതി-സമൂദായ ശക്തികളുടെ പിടി വിടുവിക്കാനും ജനകീയ-ജനാധിപത്യ പരിപാടികളുടെ മൂര്‍ത്ത രൂപങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കണം.

കേരള രാഷ്ട്രീയം ബിജെപിയെ ചുറ്റി തിരിയുന്ന അപകടകരമായ പുതിയ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണു് പിന്തിരിപ്പന്‍ ശക്തികളെല്ലാം നിലവില്‍ ഏര്‍പ്പെട്ടിട്ടുള്ളതു്. കേന്ദ്രം ഭരിക്കുന്ന ബിജെപി അതിന്റെ പുതിയ സാധ്യതകളുപയോഗിച്ചു് കേരളത്തില്‍ പിടി മുറുക്കാനുള്ള ശ്രമത്തിലാണു് ഏര്‍പ്പെട്ടിട്ടുള്ളതു്. ഇക്കാര്യത്തില്‍ മത-സമൂദായ സംഘടനകളും അവയുടെ കോണ്‍ഫെഡറേഷനായ യുഡിഎഫും അതിനു് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും പല വിധങ്ങളിലായി സംഭാവന ചെയ്യുന്നുണ്ടു്. കോണ്ഡഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ പിന്തുടര്‍ന്നു് ബിജെപിയും മത-ജാതി-സമുദായ സംഘടനകളുടെ മുന്നണിയുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. ജാതി-മത-സമുദായ നേതൃത്വങ്ങളുടെ സ്ഥാപിത താല്പര്യങ്ങളും അവര്‍ കഴിഞ്ഞ കാലത്തു് നടത്തിപ്പോന്നിട്ടുള്ള ധനാപഹരണവും മറ്റിതര നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കാട്ടി ഭീഷണിപ്പെടുത്തി അവരെ കൂടെ നിര്‍ത്താന്‍ അധികാരം ഉപയോഗിക്കുകയാണു് കോണ്‍ഗ്രസ് പണ്ടേ ചെയ്തു് പോന്നതു്. അതു് തന്നെ ഇപ്പോള്‍ ബിജെപിയും പ്രയോഗിക്കുന്നു. നേര്‍ വിപരീത താല്പര്യങ്ങളുടെ ഒത്തു് ചേരലാണതെങ്കിലും അവരെല്ലാം സങ്കുചിത താല്പര്യത്തിനു് അടിപറയുന്നതില്‍ ഒറ്റക്കെട്ടാണു്. പിന്നോക്ക സമൂദായാംഗങ്ങളുടെ പൊതു താല്പര്യമല്ല, സമൂദായ സംഘടനാ നേതൃത്വങ്ങളുടെ സ്ഥാപിത താല്പര്യങ്ങളാണു് അവരെ ബിജെപി പാളയത്തിലെത്തിച്ചിരിക്കുന്നതു്.

കേരള രാഷ്ട്രീയത്തിലെ ന്യൂനപക്ഷ പ്രീണനമാണു് ഭൂരിപക്ഷ മതത്തിന്റെ ഏകീകരണത്തിനു് തങ്ങള്‍ നിര്‍ബ്ബന്ധിതരാകാന്‍ കാരണമെന്നവര്‍ പറയുന്നു. അവരുദ്ദേശിക്കുന്നതു് കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തുന്ന വിലപേശലുകളും നേടുന്ന അവിഹിതമായ ആനുകല്യങ്ങളുമാണു്. പക്ഷെ, രാഷ്ട്രീയ വിലപേശലിലൂടെയും ഭരണ പങ്കാളിത്തത്തിലൂടെയും അവരുണ്ടാക്കുന്ന നേട്ടങ്ങള്‍ ആ മത വിഭാഗങ്ങളിലെ ചെറു ന്യൂനപക്ഷം വരുന്ന സാമ്പത്തികമായി മുന്നോക്കം നില്കുന്നവരുടെ മാത്രം പിടിയിലൊതുങ്ങുകയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം ഇതര വിഭാഗങ്ങളുടേതു് പോലെ തന്നെ പിന്നോക്കാവസ്ഥയില്‍ തുടരുകയുമാണു്. പക്ഷെ, ന്യൂനപക്ഷ വിഭാഗങ്ങളിലെ മേധാവികള്‍ യുഡിഎഫ് ഭരണത്തിലുണ്ടാക്കുന്ന നേട്ടങ്ങള്‍ ഇതര ജാതി സമുദായ നേതാക്കളുടെ ഉറക്കം കെടുത്തുന്നവ തന്നെയാണു്. ഈ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളതു് കോര്‍പ്പറേറ്റുകള്‍ക്കും ധന മൂലധനാധിപത്യത്തിനും വേണ്ടി അധികാരം വിനിയോഗിക്കുകയും അതു് നിലനിര്‍ത്തുന്നതിനായി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചു് കൂടെ നിര്‍ത്തി അവിശുദ്ധ രാഷ്ട്രീയ കൂട്ടു് കോണ്‍ഗ്രസ് തുടരുന്നതിന്റെ ഫലമാണു്.

അധികാരം നിലനിര്‍ത്താനായി യൂഡിഎഫ് ഭരണ സംവിധാനത്തിനു് മേല്‍ കേരള കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും നീരാളി പിടുത്തത്തിനു് അനുവദിച്ചു് കൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബ്ബന്ധിതമാകുകയാണു്. കോണ്‍ഗ്രസിനു് ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പിന്നോട്ടടി മറികടക്കാന്‍ അതു് എല്ലാ പിന്തിരിപ്പന്‍ സംഘടനകളുമായി ഒത്തു് തീര്‍പ്പുണ്ടാക്കുന്നു. യുഡിഎഫ് കേരളത്തിലെ എല്ലാ ജാതി-മത പിന്തിരിപ്പന്‍ സംഘടനകളുടേയും അഴിമതിക്കാരുടേയും കോണ്‍ഫെഡറേഷനായി അധ:പതിച്ചിരിക്കുന്നു. എന്നാല്‍ ഘടക സംഘടനകളില്‍ കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും മാത്രമാണു് വിലപേശലില്‍ വിജയിക്കുന്നതു്. മറ്റു് സമൂദായ സംഘടനകള്‍ക്കൊന്നിനും യുഡിഎഫ് ഭരണത്തില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്താനുള്ള ശേഷിയില്ലാത്തതാണു് അതിനു് കാരണമെന്നും പിന്നോക്ക സമുദായ സംഘടനകളുടെ നേതൃത്വം കാണുന്നു. അതാണു് അവരുടെ പുതിയ രാഷ്ട്രീയ പ്രവേശത്തിന്റെ പിന്നിലെ വികാരം.

എസ്എന്‍ഡിപി നേതൃത്വം മുമ്പും പാര്‍ടിയുണ്ടാക്കുന്ന പരീക്ഷണം നടത്തിയിട്ടുണ്ടു്. എസ്ആര്‍പി. അതു് പരാജയപ്പെടുകയും ചെയ്തിട്ടുണ്ടു്. ബിജെപി കേന്ദ്രത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട തടസ്സങ്ങളില്ലാതെ നടപ്പാക്കുകയും ചെയ്യുന്ന പുതിയ സാഹചര്യം ഇന്നു് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയ്ക്കായി ശ്രമിക്കാന്‍ അനുയോജ്യമായ അവസരം വീണു് കിട്ടിയതു് അവര്‍ നന്നായി ഉപയോഗപ്പെടുത്തുകയാണു്. ഇതു് എസ്എന്‍ഡിപി നേതൃത്വവും പുതിയ അവസരമായി മുതലെടുക്കുന്നു. മറ്റു് സമൂദായ നേതൃത്വങ്ങളും ഈ മാര്‍ഗ്ഗം പിന്തുടരാന്‍ പ്രേരിപ്പിക്കപ്പെടുന്നു.

രാഷ്ട്രീയ നേട്ടത്തിനായി ഇടതു്-വലതു് പാര്‍ടികളുടെ ന്യൂനപക്ഷ പ്രീണനം എന്നു് പറയുമ്പോഴും എസ്എന്‍ഡിപി നേതൃത്വത്തിനു് നീരസം യുഡിഎഫിനോടാണെന്നു് വ്യക്തം. കാരണം അവര്‍ കേരള കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും പ്രീണിപ്പിക്കുന്നതിനായി വിദ്യാഭ്യാസമടക്കം സര്‍വ്വ മേഖലകളിലും കമ്മീഷന്‍ കച്ചവടം അനുവദിച്ചു് കൊടുത്തിരിക്കുന്നതും അതിനുള്ള അവസരം എസ്എന്‍ഡിപി നേതൃത്വത്തിനു് ആ അളവില്‍ കിട്ടാത്തതുമാണു് എസ്എന്‍ഡിപി നേതൃത്വത്തിന്റെ അസംതൃപ്തിക്കു് കാരണം.

കേരളം മതേതര സ്വഭാവം പൊതുവെ വെച്ചു് പുലര്‍ത്തുന്നു എന്നതു് ബിജെപിയുടെ വളര്‍ച്ചയ്ക്കു് പ്രതികൂല സാഹചര്യമാണു് സൃഷ്ടിച്ചിട്ടുള്ളതു്. എന്നാല്‍ കോണ്‍ഗ്രസു് നേതൃത്വം നല്‍കുന്ന യുഡിഎഫു് ന്യൂനപക്ഷങ്ങളുടേയും എല്ലാ ജാതി മത സംഘടനകളുടേയും മുന്നണിയായിരുന്നിട്ടും അവരുടെ ശക്തി ക്ഷയിക്കുന്നതു് അവര്‍ കാണുന്നുണ്ടു്. യുഡിഎഫിന്റെ ശക്തി ചോരുന്നതിനു് കാരണം ന്യൂനപക്ഷങ്ങളുടെ കുത്തക അവകാശപ്പെടുന്ന മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളില്‍ സാമ്പത്തിക സ്വാധീനമുള്ള ചെറിയൊരു വിഭാഗത്തിന്റെ താല്പര്യം മാത്രമാണു് പരിരക്ഷിക്കുന്നതു് എന്നതാണു്. കോണ്‍ഗ്രസിന്റെ കുത്തക മുതലാളിത്ത പ്രീണനത്തിനോടു് യോജിച്ചു് പോകാന്‍ കേരള കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും ഈ സ്ഥാപിത താല്പര്യം അനുവദിക്കുകയും ചെയ്യുന്നു. മുസ്ലിം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും സ്വാധീന വലയത്തില്‍ നിന്നു് ബന്ധപ്പെട്ട ജനവിഭാഗങ്ങളിലെ സാധാരണക്കാര്‍ അസംതൃപ്തരായി പുറത്തേയ്ക്കു് വന്നുകൊണ്ടിരിക്കുകയാണു്. അതിലൂടെ നഷ്ടപ്പെടുന്ന രാഷ്ട്രീയ സ്വാധീനം തിരിച്ചു് പിടിക്കാന്‍ യുഡിഎഫ് ബിജെപിയുടെ വളര്‍ച്ചയുടെ ഭീഷണി മുഴക്കി ന്യൂനപക്ഷ മത വിഭാഗങ്ങളേയും അവരുടെ സംഘടനകളേയും മത നേതൃത്വങ്ങളേയും വരുതിയില്‍ നിര്‍ത്തുക എന്ന അടവു് പയറ്റുകയും ചെയ്യുന്നു. അതാണു്, കേരളത്തില്‍ എല്‍ഡിഎഫിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു എന്നും ബിജെപിയുമായാണു് യുഡിഎഫ് മത്സരിക്കേണ്ടി വരുന്നതെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു്. അരുവിക്കര ഉപ തെരഞ്ഞെടുപ്പില്‍ ഈ തന്ത്രം ഉമ്മന്‍ചാണ്ടി പ്രയോഗിച്ചു് വിജയിച്ചു. അരുവിക്കരയല്ല കേരളമെങ്കിലും അതേ പല്ലവി ഉമ്മന്‍ ചാണ്ടിയും കൂട്ടരും തുടരുന്നു. ഇതിലെ അപകടം കണ്ടറിയുന്ന സുധീരനും എ കെ ആന്റണിയും കേരളത്തിലെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും എന്നാല്‍ എല്‍ഡിഎഫ് ക്ഷയിക്കുകയാണെന്നും മറുവാദവും ഉന്നയിക്കുന്നുണ്ടു്. അതും പക്ഷെ, ഇടതു് പക്ഷത്തിനെ നിര്‍വ്വീര്യമാക്കുക എന്ന തന്ത്രം തന്നെയാണു്.

ഇതിന്റേയെല്ലാം ഫലം കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ഭൂരി പക്ഷ വര്‍ഗ്ഗീയതയുടെ വളര്‍ച്ചയുമാണു്. ഇന്ത്യയിലാകെ, കോണ്‍ഗ്രസ് അതിന്റെ വികല സാമ്പത്തിക നയങ്ങളിലൂടെയും ന്യൂനപക്ഷ പ്രീണനത്തിലൂടെയും ഭൂരിപക്ഷ വര്‍ഗ്ഗയതയോടു് വിട്ടുവീഴ്ച ചെയ്യുന്ന മൃദു സമീപനത്തിലൂടെയും കോര്‍പ്പറേറ്റ് പ്രീണനത്തിലൂടെയും ജനങ്ങളെ അകറ്റി ബിജെപിയുടെ വിജയത്തിനുള്ള അവസരം ഒരുക്കുകയാണുണ്ടായതു്. അതു് കേരളത്തിലും സംഭവിക്കുകയാണു് യുഡിഎഫിന്റെ ഇന്നു് തുടരുന്ന നയത്തിന്റേയും രാഷ്ട്രീയ പാപ്പരത്തത്തിന്റേയും ഫലം. ഇടതു് പക്ഷത്തെ ക്ഷീണിപ്പിക്കാന്‍ ഇടതു് പക്ഷത്തിനെതിരെ നടത്തുന്ന ആക്രമണം ഫലത്തില്‍ ബിജെപിയുടെ നേട്ടമായി മാറുകയും ചെയ്യും.

കേരളത്തില്‍ ഇടതു് പക്ഷം വളരെയേറെ മുന്നേറിയിട്ടുണ്ടു്. ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കുന്ന വികസന സമീപനം പിന്തുടരാന്‍ വലതു് പക്ഷവും പൊതുവെ നിര്‍ബ്ബന്ധിക്കപ്പെടുന്നു. കുത്തക മൂലധന താല്പര്യം സംരക്ഷിക്കാന്‍ നിലനില്കുന്നതെങ്കിലും കോണ്‍ഗ്രസിനും ബിജെപിയ്ക്കും പോലും മറ്റു് സംസ്ഥാനങ്ങളില്‍ നിന്നു് വിഭിന്നമായി, ഒട്ടേറെ വക്രീകരണങ്ങളോടെയാണെങ്കിലും, ജനക്ഷേമകരമായ ഇടതു് പക്ഷ പരിപാടികള്‍ അനുകരിക്കാനും പിന്തുടരാനും പലതും മുന്നോട്ടു് വെയ്ക്കാനും തയ്യാറാകേണ്ടി വരുന്നു. ഇതു് കേരളത്തില്‍ ഇടതു് പക്ഷം സൃഷ്ടിച്ചിട്ടുള്ളതും ഇന്നും നിലനില്കുന്നതുമായ പൊതു ഇടതു് പക്ഷ സംസ്കാരത്തിന്റെ പ്രതിഫലനം തന്നെയാണു്. പലതും വളരെയേറെ വികലമായ സമീപനം കൈക്കൊള്ളുന്നുണ്ടെങ്കിലും ഇവിടെ ഉരുത്തിരിയുന്ന പരിപാടികളിലും സമരങ്ങളിലും സോഷ്യലിസത്തോടുള്ള കേരളീയരുടെ ആഭിമുഖ്യം പ്രകടമാണു്. സോഷ്യലിസത്തേക്കുറിച്ചുള്ള വികലമായ ധാരണകളും പലപ്പോഴും സങ്കുചിത സമീപനങ്ങളും ശരിയായ നിലപാടെടുക്കുന്ന ഇടതു് പക്ഷത്തിനെതിരെ വലതു് പക്ഷത്തോടൊപ്പം നില്കാന്‍ പലരേയും പ്രേരിപ്പിക്കുന്നുണ്ടു്. മത-ജാതി സമുദായങ്ങളുടെ സ്വാധീനം അതിനവരെ നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്നു. പക്ഷെ, എല്ലാവരും സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സുതാര്യതയക്കും വേണ്ടി വാദിക്കുന്നു. മറ്റു് ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ കാണുന്ന ഈ വ്യത്യാസം ഇടതു് പക്ഷത്തിന്റെ മുന്നേറ്റത്തിന്റേയും നേട്ടത്തിന്റേയും വിജയത്തിന്റേയും തെളിവാണു്.

ഇടതു് പക്ഷത്തിനു് ഇനിയും വലിയ മുന്നേറ്റ സാദ്ധ്യതകളാണു് പുതിയ സാഹചര്യം തുറന്നു് തരുന്നതു്. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ധന മൂലധന പ്രീണനവും ജാതി-മത വര്‍ഗ്ഗീയ പ്രീണനവും ഇടതു് പക്ഷത്തിന്റെ വളര്‍ച്ചയ്ക്കുള്ള പുതിയ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. യുഡിഎഫിനോടു് മത്സരിച്ചു് ജയിക്കാനോ ബിജെപിയെ പ്രതിരോധിക്കാനോ ഉള്ള ആകാംക്ഷയില്‍ മത-സമൂദായ നേതൃത്വങ്ങളോടു് വിട്ടു് വീഴ്ച ചെയ്യുകയോ അവരോടു് കലഹിക്കുകയോ ചെയ്തു് സമയം പാഴാക്കുകയല്ല ഇടതു് പക്ഷം ഇന്നു് ചെയ്യേണ്ടതു്. ഇടതു് പക്ഷം ഇക്കാലമത്രയും മുന്നോട്ടു് വെച്ച മതനിരപേക്ഷ ജനപക്ഷ രാഷ്ട്രീയം ശക്തമായി തുടരുകയും അതിന്റെ ഭാഗമായി ജന ക്ഷേമത്തിനാവശ്യമായ മൂര്‍ത്തവും ക്രീയാത്മകവുമായ സാമ്രാജ്യവിരുദ്ധ-കോര്‍പ്പറേറ്റു് വിരുദ്ധ-ധനമൂലധന വിരുദ്ധ പരിപാടികള്‍ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നോട്ടു് വെച്ചു് പ്രവര്‍ത്തിക്കുകയുമാണു് വേണ്ടതു്. ഇത്തരം പുതിയ പരിപാടികള്‍ മുന്നോട്ടു് വെച്ചാണു് തെരഞ്ഞെടുപ്പുകളേയും നേരിടേണ്ടതു്. തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങള്‍ നോക്കാതെ തന്നെ അത്തരം ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാനുള്ള ശേഷി ഇടതു് പക്ഷത്തിനു് കേരളത്തില്‍ ഇന്നുണ്ടു്. അതു് ഇടതു് പക്ഷത്തിന്റെ വളര്‍ച്ചയുടെ തെളിവും കൂടിയാണു്. ജനകീയ പച്ചക്കറി കൃഷിയും ഉറവിട മാലിന്യ സംസ്കരണവും രോഗീ പരിചരണവും പോലുള്ള അടുത്ത കാല പരിപാടികള്‍ അതാണു് കാണിക്കുന്നതു്.

ജനകീയാസൂത്രണ കാലത്തു് സൃഷ്ടിക്കപ്പെട്ട അസംഖ്യം മാതൃകകളില്‍ ചിലവ മാത്രമാണവ. അന്നതിനോടു് ക്രീയാത്മകമായി പ്രതികരിക്കാന്‍ തയ്യാറാകാത്തവരടക്കം ഇന്നു് അവയോടു് സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടു്. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഏറ്റെടുക്കാന്‍ ഇടതു് പക്ഷം തയ്യാറാകണം. ജനങ്ങള്‍ അവയോടും ക്രീയാത്മകമായി പ്രതികരിക്കുക തന്നെ ചെയ്യും.

പ്രാദേശിക ഉല്പാദന-വിതരണ-ഉപഭോഗ സംവിധാനം ഓരോ പഞ്ചായത്തിലും സൃഷ്ടിച്ചു് പ്രവര്‍ത്തിപ്പിക്കാന്‍ ഇടതു് പക്ഷത്തിനു് കഴിയും. ഓരോ പ്രദേശത്തിന്റേയും ഉല്പാദന ശേഷി പ്രാദേശിക ഉപഭോഗാവശ്യങ്ങളുമായി പൊരുത്തപ്പെടുത്തുകയും ഉല്പന്നങ്ങള്‍ പ്രാദേശികമായി ഉപഭോഗം ചെയ്യുകയുമാണു് ഏറ്റവും കാര്യക്ഷമമായിട്ടുള്ളതു്. അത്തരത്തില്‍ ഭൂമിയടക്കം വിഭവങ്ങളുടെ വിനിയോഗം പരിസ്ഥിതി സംരക്ഷണവും വായു, ജലം, മണ്ണു് എന്നീ അടിസ്ഥാന ജീവിതോപാധികള്‍ സംശുദ്ധമായി സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗമായി മാറുകയും ചെയ്യും. ഇത്തരം സമീപനം ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി ഇതര സേവനങ്ങളുടേയും സംസ്കാരത്തിന്റേയും മെച്ചപ്പെട്ട വ്യവസ്ഥ രൂപപ്പെടുന്നതിനും ഇടയാക്കും. പ്രാദേശികമായി തീരെ ലഭ്യമല്ലാത്ത അവശ്യ വസ്തുക്കള്‍ മാത്രം അവയുടെ സ്രോതസുകളില്‍ നിന്നു് നേരിട്ടു് ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ചു് വാങ്ങുകയും പ്രാദേശിക മിച്ചോല്പന്നങ്ങള്‍ അതേ വിധം നേരിട്ടു് ഉപഭോക്തൃ കമ്പോളത്തിലെത്തിക്കുകയും ചെയ്യാം. പ്രാദേശിക വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം സാധ്യമാക്കാം. അതിലൂടെ കുത്തകകളുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളെ അപ്രസക്തമാക്കാനുമാവും. ഇതെല്ലാം ജനങ്ങളുടെ ജീവിത ചെലവു് കുറയ്ക്കാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും അറിവും പരിചയവും വര്‍ദ്ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പരിസ്ഥിതി സംരക്ഷിക്കാനും അത്തരത്തില്‍ ജനജീവിതം പൊതുവെ മെച്ചപ്പെടുത്താനും ഉപകരിക്കുകയും ചെയ്യും.

ചെലവേറിയതും ജനങ്ങളെ കൂടുതല്‍ കൂടുതല്‍ രോഗികളാക്കുന്നതും ധനമൂലധനം നിയന്ത്രിക്കുന്നതുമായ ആരോഗ്യ വ്യവസായത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നു് രക്ഷപ്പെടാനായി രോഗ പ്രതിരോധത്തിനും മതിയായ അദ്ധ്വാനത്തിനും വ്യായാമത്തിനും വേണ്ടത്ര നടപ്പിനും സൂര്യപ്രകാശമേല്കുന്നതിനും സമീകൃതവും മിതവുമായ ആഹാര ശീലത്തിനും ശരിയായ വിശ്രമത്തിനും ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും ഊന്നല്‍ നല്‍കുന്ന ആരോഗ്യ പരിരക്ഷാപദ്ധതി നടപ്പാക്കാം. സാമൂഹ്യ മേല്‍നോട്ടത്തില്‍ മാത്രം നടത്തപ്പെടുന്ന റെസ്റ്റോറന്റുകളോ പങ്കാളിത്തത്തോടെ പ്രവര്‍ത്തിപ്പിക്കപ്പെടുന്ന അടുക്കളകളോ പ്രോത്സാഹിപ്പിച്ചു് ആരോഗ്യകരമായ ആഹാരം ലഭ്യമാക്കാവുന്നതാണു്. അതാകട്ടെ, സ്ത്രീകളെ അടുക്കളയില്‍ നിന്നു് മോചിപ്പിക്കുന്നതിനുതകുകയും ചെയ്യും.

മാതൃഭാഷാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായി വിദ്യാഭ്യാസം പുനസംഘടിപ്പിക്കാന്‍ അയല്‍വക്ക സ്കൂളുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനു് ഇടതു് പക്ഷം മുന്‍കൈ എടുക്കേണ്ടതുണ്ടു്. ആധുനിക വിവര സാങ്കേതിക വിദ്യ ഒരുക്കുന്ന ശൃംഖല ഫലപ്രദമായി ഉപയോഗിച്ചു് ഏതു് തലം വരേയുള്ള ഉന്നത വിദ്യാഭ്യാസവും അയല്‍വക്കത്തു് തന്നെ സാധ്യമാക്കാം. വിദ്യാഭ്യാസത്തിന്റെ ചെലവു് കുറയ്ക്കാനും വര്‍ഗ്ഗതാല്പര്യം സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസത്തെ പല തട്ടുകളിലായി തിരിക്കുകയും ലാഭാധിഷ്ഠിതമാക്കി മാറ്റുകയും ചെയ്യുന്ന ധന മൂലധനത്തിന്റെ പിടി വിടുവിക്കുന്നതിനും അങ്ങിനെ ശരിയായൊരു വിദ്യാഭ്യാസ സമ്പ്രദായം ഉരുത്തിരിച്ചെടുക്കുന്നതിനും ഇതു് സഹായിക്കും.

സഹകരണ മേഖലയും സംസ്ഥാന പൊതു മേഖലയും സാമ്രാജ്യവിരുദ്ധ-ധനമൂലധന വിരുദ്ധ നിലപാടുകളില്‍ ഉറപ്പിച്ചു് നിര്‍ത്തി കൊണ്ടും പ്രാദേശിക സംരംഭകരുടെ സംരക്ഷണം ഏറ്റെടുത്തു് കൊണ്ടും ആഗോള ധന മൂലധനത്തിന്റെ കടന്നാക്രമങ്ങളില്‍ നിന്നു് ജനങ്ങളേയാകെയും പ്രാദേശിക സംരംഭകരേയും പൊതു മേഖലയെ തന്നെയും വലിയൊരളവു് സംരക്ഷിക്കാനാവും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള സ്വതന്ത്ര വിവര സാങ്കേതിക വിദ്യയുടെ വ്യാപകമായ സ്വാംശീകരണത്തിലൂടെ ചെലവു് കുറഞ്ഞ ടെലിഫോണ്‍ ശൃംഖലയും സ്വന്തമായ വിവര വിനിമയ ശൃംഖലയും ജനകീയ മാധ്യമ ശൃംഖലയും സൃഷ്ടിച്ചുപയോഗിക്കാം. ഈ മേഖലയിലുള്ള സാമ്രാജ്യത്വ മേധാവിത്വത്തില്‍ നിന്നു് സ്വയം മോചിതരാകാം.

മേല്പറഞ്ഞവയോടൊപ്പം മറ്റിതര സ്വതന്ത്ര പരിപാടികളും വ്യാപകമായി നടപ്പാക്കുന്നതിനാവശ്യമായ ജനകീയ കൂട്ടായ്മ സൃഷ്ടിക്കുന്നതിലൂടെ മതേതര-ജനകീയ-ജനാധിപത്യ സംസ്കാരത്തിന്റേതായ പുതിയൊരുണര്‍വ്വും സംഘടനാ രൂപങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കാനും വര്‍ഗ്ഗയതയേയും കോര്‍പ്പറേറ്റു് താല്പര്യങ്ങളേയും സാമ്രാജ്യത്വത്തേയും ദൂരത്തു് നിര്‍ത്താനും കഴിയും.

ഇവയെല്ലാം ധനമൂലധനത്തെ നേരിട്ടു് കടന്നാക്രമിക്കുന്നതും വര്‍ഗ്ഗീയതയുടേയും ജാതീയതയുടേയും വളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കാനും ജനങ്ങളുടെ ജീവിതവും തൊഴിലും പരിസ്ഥിതിയും സംരക്ഷിക്കാനും ഉതകുന്നതുമാണു്. അത്തരം പരിപാടികളിലൂടെ ഇടതു് പക്ഷത്തിനു് വളരാനും ജനങ്ങള്‍ക്കു് നല്ല ജീവിതം ഉറപ്പു് വരുത്താനും സമൂഹത്തെ പുരോഗതിയിലേയ്ക്കു് നയിക്കാനും കഴിയുകയും ചെയ്യും.

Blog Archive