ത്രിതല പഞ്ചായത്തുകളിലേയ്ക്കും മുനിസിപ്പാലിറ്റികളിലേയ്ക്കും കോര്‍പ്പറേഷനുകളിലേയ്ക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനത്തിനാണു് സ്വാഭാവികമായും മുന്‍തൂക്കം നല്‍കേണ്ടതു്. പ്രാദേശിക വികസനവും ദേശീയ-സംസ്ഥാന വികസന പ്രക്രിയകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, വികസനത്തിനാവശ്യമായ വിഭവങ്ങളും പശ്ചാത്തല സൌകര്യങ്ങളും ഒരുക്കേണ്ടതു് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണു്. അതിനാല്‍ ഏതു് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളാണു് പഞ്ചായത്തില്‍ അധികാരത്തില്‍ വരുന്നതെന്നതും പ്രധാനമാണു്. ഇവിടെ, ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ക്കു് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന രണ്ടു് മുന്നണികളും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ചെറുകിട ഇടത്തരം സംരംഭകര്‍ക്കും വേണ്ടി നിലകൊള്ളുന്ന ഇടതു പക്ഷവും തമ്മിലാണു് പ്രധാനമായും മത്സരം നടക്കുന്നതു്.
കോണ്‍ഗ്രസിന്റെ ജനദ്രോഹങ്ങളും അഴിമതിയും അനുഭവിച്ചും കണ്ടും മടുത്ത ജനങ്ങള്‍ ഗത്യന്തരമില്ലാതെ ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തിലേറ്റി. എന്നാല്‍ ബിജെപി സര്‍ക്കാരും അദാനി-അംബാനി തുടങ്ങിയ കുത്തകകള്‍ക്കു് വേണ്ടിയാണു് ഭരിക്കുന്നതെന്നു് കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ടു് തെളിയിച്ചു. അവര്‍ക്കു് നികുതിയിളവുകളും ബാങ്കു് വായ്പകളും എണ്ണപ്പാടവും കല്‍ക്കരിപ്പാടവും ഖനികളും മറ്റിതര പ്രകൃതി വിഭവങ്ങവും ഇഷ്ടം പോലെ നല്‍കുന്നു. മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വവുമായി വിലപേശി അതിന്റെ ജൂനിയര്‍ പങ്കാളിയാകാനും പകരം അവരുടെ കമ്പോള താല്പര്യങ്ങള്‍ സംരക്ഷിക്കാനും കോണ്‍ഗ്രസിനേക്കാളധികം താല്പര്യമാണു് ബിജെപി കാണിക്കുന്നതു് എന്ന കാര്യവും വ്യക്തമായിരിക്കുന്നു. ആയുധ ഇടപാടുകളും സംയുക്ത ആയുധ സേനാ പ്രകടനങ്ങളും പരിശീലനങ്ങളും ഹെലികോപ്റ്റര്‍ ഇറക്കുമതിയും മറ്റും ഇതിന്റെ ഭാഗമാണു്. അവയും ഇന്ത്യന്‍ കുത്തകകളുടെ വ്യാപാര താല്പര്യം പരിപാലിക്കുന്നതിന്റെ ഭാഗമാണു്. മറുവശത്തു്, ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നാളിതു് വരെ നല്‍കി വന്ന സഹായങ്ങള്‍ പോലും വെട്ടിക്കുറയ്ക്കുന്നു. അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസിനെ പിന്തുടരുക തന്നെയാണു് ബിജെപി ഭരണവും ചെയ്യുന്നതെന്നു് മദ്ധ്യപ്രദേശിലെ വ്യാപം അഴിമതിയും ആ കേസിലെ അമ്പതോളം സാക്ഷികളുടെ കൊലപാതകങ്ങളും ലളിത് മോഡിക്കു് വേണ്ടി നടത്തിയ ഇടപെടലുകളും തെളിയിക്കുന്നു. ബിജെപിയുടെ ജനദ്രോഹ നയങ്ങളില്‍ നിന്നു് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ജാതിയും മതവും ഭക്ഷണവും മറ്റും കരുവാക്കി ജനങ്ങളെ തമ്മിലടിപ്പിക്കുന്നതില്‍ സംഘ പരിവാര്‍ സംഘടനകള്‍ പരസ്പരം മത്സരിക്കുകയാണു്. സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ മൂലം ദളിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും കുട്ടികളും വലിയ തോതില്‍ പീഢിപ്പിക്കപ്പെടുകയാണു്.
കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ആകട്ടെ, അഴിമതിയിലും സ്വജന പക്ഷപാതത്തിലും ജനദ്രോഹ നയങ്ങളിലും കേന്ദ്ര ബിജെപി ഭരണത്തോടു് മത്സരിക്കുകയാണു്. മാത്രമല്ല, ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും സമുദായ സംഘടകളേയും തരാതരം പോലെ പ്രോത്സാഹിപ്പിച്ചും അവയുടെ മുന്നണി രൂപീകരിച്ചുമാണു് യുഡിഎഫ് അധികാരത്തിലെത്തുന്നതും നിലനിര്‍ത്തുന്നതും. സംഘപരിവാറില്‍ പെട്ട അക്രമികള്‍ക്കെതിരെ നിലനിന്ന പോലീസ് കേസുകള്‍ പിന്‍വലിച്ചും അവരില്‍ പെട്ട അക്രമികള്‍ക്കെതിരെ കേസെടുക്കാതെയും അവരെ സഹായിക്കുന്നു. ബഡ്ജറ്റു് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തും ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കി വീണ്ടും നല്‍കുന്നതിനു് കൈക്കൂലി വാങ്ങിയും സോളാര്‍ വൈദ്യൂതി സഹായം സ്വന്തക്കാര്‍ക്കു് നല്‍കാന്‍ കൂട്ടു് നിന്നും ഭൂ മാഫിയകളേയും വിദ്യാഭ്യാസ കച്ചവടക്കാരേയും മരുന്നു് കമ്പനികളേയും വന്‍കിട സ്വകാര്യ ആശുപത്രികളേയും വഴി വിട്ടു് സഹായിച്ചും യുഡിഎഫ് ഭരണം അഴിമതിയില്‍ ആറാടുകയാണു്. മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയും വരെ അഴിമതിക്കാരുടെ താവളമായി മാറി. അഴിമതിയിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു് ചോരുന്ന പണം ജനങ്ങളുടേതാണു്. അഴിമതിയിലൂടെ കുത്തകകള്‍ തടിച്ചു് കൊഴുക്കുമ്പോള്‍ നാം ഓരോരുത്തരും പാപ്പരാകുകയാണു്.
ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അധികാരത്തില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് കോണ്‍ട്രാക്ടര്‍മാരുമായി ചേര്‍ന്നു് വന്‍കിട പദ്ധതികളും നിര്‍മ്മാണങ്ങളും നടത്തി അഴിമതി നടത്തുന്ന കാര്യത്തില്‍ മാത്രമാണു് ശ്രദ്ധിച്ചിരുന്നതു്. പൊതു വിദ്യാഭ്യാസമോ സര്‍ക്കാരാശുപത്രികളോ കൃഷിയോ വ്യവസായമോ ജീവിത സൌകര്യങ്ങളോ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കു് അവര്‍ പ്രാമുഖ്യം നല്കാറില്ല. യുഡിഎഫ് ഭരണത്തില്‍ ഉല്പാദന സേവന മേഖലകളെല്ലാം തകര്‍ന്നടിയുകയാണു്.
വിദ്യാര്‍ത്ഥികള്‍ക്കു് മെച്ചപ്പെട്ട വിദ്യാഭ്യാസവും യുവാക്കള്‍ക്കു് തൊഴിലും ജനങ്ങള്‍ക്കു് ആരോഗ്യവും മെച്ചപ്പെട്ട ചികിത്സയും കുറഞ്ഞ ചെലവില്‍ നല്‍കാന്‍ കഴിയും വിധം ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ വളരെയേറെ വികസിച്ചിട്ടും അവയുപയോഗിച്ചു് പൊതു സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു് പകരം എല്ലാ ജീവിത വ്യവഹാര മേഖലകളും ജാതി-മത-സമുദായ സംഘടനകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും കൈമാറുകയാണു് വലതു് പക്ഷ നയം പിന്തുടരുന്ന കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്നതു്.
ഇടതു് പക്ഷം മാത്രമാണു് ജനകീയവും സാമൂഹ്യവുമായ സംവിധാനങ്ങള്‍ തുടങ്ങിയും വികസിപ്പിച്ചും ജനങ്ങള്‍ക്കു് വരുമാനമാര്‍ഗ്ഗം ഉണ്ടാക്കിയും ജീവിത ചെലവു് കുറച്ചും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതു്. ഇടതു് പക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ചാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും അടുത്ത സ്കൂളില്‍ ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസവും ഏറ്റവും അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ഏറ്റവും നല്ല ചികിത്സയും പ്രാദേശിക കര്‍ഷകര്‍ക്കു് അവരുടെ വിളകള്‍ക്കു് ഏറ്റവും ഉയര്‍ന്ന വിലയും പ്രാദേശിക വ്യവസായ സംരംഭകരുടെ ഉല്പന്നങ്ങള്‍ക്കു് മെച്ചപ്പെട്ട വിലയും കമ്പോളവും ഉറപ്പാക്കുന്നതിനാവശ്യമായ നയ-നടപടികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കും. ഇടതു് പക്ഷം പറയുന്നതു് പോലെ ചെയ്യുമെന്ന കാര്യം ഭൂ പരിഷ്കരണത്തിലൂടെ പാട്ടവ്യവസ്ഥ അവസാനിപ്പിച്ചും കുടികിടപ്പു് നല്‍കിയും സാക്ഷരതാ പരിപാടി ഏറ്റെടുത്തു് നടപ്പാക്കിയും ജനകീയാസൂത്രണത്തിലൂടെ അധികാര വികേന്ദ്രീകരണം നടത്തിയും പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും പൊതു വിതരണവും വ്യാപിപ്പിച്ചും തെളിയിച്ചിട്ടുള്ളതാണു്.
ഈ തെരഞ്ഞെടുപ്പില്‍ നമ്മുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുക മാത്രമല്ല, അതിനു് ശേഷം നമുക്കു് നമ്മുടെ അധികാരം പരസ്പരം സഹകരിച്ചു് ഉപയോഗിച്ചും പ്രയോഗിച്ചും നല്ല വിദ്യാഭ്യാസവും ചികിത്സയും തൊഴിലും വരുമാനവും മറ്റിതര ജീവിതാവശ്യങ്ങളും ലഭ്യമാക്കി നമ്മുടെ വരുമാനം വര്‍ദ്ധിപ്പിച്ചും ജീവിത ചെലവു് കുറച്ചും ജീവിതം മെച്ചപ്പെടുത്താനും ഇടതു് പക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തേണ്ടതുണ്ടു്. കാരണം യുഡിഎഫും ബിജെപിയും അധികാര വികേന്ദ്രീകരണം അനുവദിക്കില്ല. അധികാരം ജനങ്ങള്‍ക്കു് നല്‍കില്ല. കുത്തകവല്കരണവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കോണ്‍ട്രാക്ടും കൈക്കൂലിയും അഴിമതിയും സാമ്രാജ്യത്വ പ്രീണനവുമാണു് അവരുടെ മാര്‍ഗ്ഗം. കാരണം അവര്‍ സാധാരണക്കാര്‍ക്കല്ല, കുത്തകകള്‍ക്കും മേലാളന്മാര്‍ക്കും ജാതിക്കോമരങ്ങള്‍ക്കും വേണ്ടിയാണു് ഭരിക്കുന്നതു്.
ജനങ്ങളുടേയാകെ യഥാര്‍ത്ഥ താല്പര്യം കണക്കിലെടുത്തു്, ഇടതു് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെയാണു് വിജയിപ്പിക്കേണ്ടതെന്ന കാര്യം എല്ലാവരേയും വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.
22-10-2015
No comments:
Post a Comment