Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, July 26, 2016

അദ്ധ്വാനമാണു് ഏറ്റവും മെച്ചപ്പെട്ട വ്യായാമവും യോഗവും, കാല്‍നട യാത്ര ഏറ്റവും സന്തുലിതമായ വ്യായാമവും



നരേന്ദ്ര മോദി സര്‍ക്കാരിന്റെ യോഗ പ്രോത്സാഹന പരിപാടി ഏറ്റെടുത്തു് പലരും അതിന്റെ പുറകേ പോകുന്ന അവസ്ഥയുടെ പശ്ചാത്തലത്തിലാകാം "യോഗയല്ല, യോഗമാണു്" എന്ന ഡോ. മഹേശ്വരന്‍ നായരുടെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതു്.

ശാരീരികവും മാനസികവുമായ ഒരു വ്യായാമ മുറ എന്ന നിലയിലാണു് യോഗം വിലയിരുത്തപ്പെടേണ്ടതു്. എല്ലാ വ്യായാമ മുറകളിലും ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നുണ്ടു്, ഏറ്റക്കുറച്ചിലുണ്ടാകുമെന്നു് മാത്രം.

വൃഥാ വ്യായാമമോ യോഗയോ യോഗമോ അല്ല, അദ്ധ്വാനമാണു് പ്രാഥമികവും പ്രധാനവുമെന്ന കാര്യം സമൂഹം മറന്നേ പോയിരിക്കുന്നതായി കാണുന്നു. യോഗവും അതിന്റെ പേരിലുള്ള ആത്മീയാതിപ്രസരവും ഒരു മേലാള താല്പര്യ സംരക്ഷണത്തിന്റെ ഭാഗമായി കാണേണ്ടതാണു്. കാരണം, അദ്ധ്വാനത്തിലാണു് ശരീരവും മനസും ലയിച്ചു് യോഗം പ്രായോഗികമാകുന്നതോടൊപ്പം ഫലദായകവുമാകുന്നതു്. അദ്ധ്വാനത്തിലൂടെ സിദ്ധിക്കുന്ന യോഗഫലങ്ങള്‍ പണിയെടുക്കാത്ത ചൂഷകര്‍ക്കു് ലഭ്യമാക്കാനും അദ്ധ്വാനിക്കുന്നവരെ കൂലിയടിമത്തത്തില്‍ തുടര്‍ന്നും തളച്ചിടാനുമുള്ള വക്രബുദ്ധിയുടെ ഭാഗമായാണു് വീണ്ടും യോഗയും യോഗവുമൊക്കെയായി ചൂഷകര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതു്.

രാജയോഗവും ഹഠയോഗവും കര്‍മ്മയോഗവും ജ്ഞാനയോഗവുമെല്ലാം അദ്ധ്വാനിത്തിലടങ്ങിയിട്ടുണ്ടു്. അവയിലെല്ലാം മനസും ശ്വാസവും ശരീരവും തമ്മിലുള്ള പാരസ്പര്യം പരമാവധി പൊരുത്തപ്പെടുത്തപ്പെടുകയാണു്. അദ്ധ്വാനത്തിലും ഇതെല്ലാമുണ്ടു്. അദ്ധ്വാനിക്കുന്നവര്‍ക്കു് അവയുടേയെല്ലാം ഗുണം കിട്ടുന്നുമുണ്ടു്. ബോധപൂര്‍വ്വം ശ്വാസോച്ഛ്വാസം ചെയ്താല്‍ മനസ് പ്രവര്‍ത്തന രഹിതമാകും. ഇതു് ആര്‍ക്കും ഒരൊറ്റ ശ്വാസം കൊണ്ടു് തന്നെ ബോധ്യപ്പെടാവുന്നതാണു്. ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ടു് ശ്വാസോച്ഛ്വാസം ചെയ്യുക എന്നതാണു് ബോധപൂര്‍വ്വം എന്നതുകൊണ്ടുദ്ദേശിക്കുന്നതു്. യോഗാസനങ്ങള്‍ വ്യായാമത്തിനുള്ള വിധികളാണു്.

അദ്ധ്വാനിക്കുന്നവര്‍ക്കു്, പക്ഷെ, യോഗങ്ങളുടെ ഗുണം കിട്ടുമ്പോഴും അവര്‍ക്കു് അവകാശപ്പെട്ട അദ്ധ്വാനഫലം ചൂഷകര്‍ തട്ടിയെടുക്കുന്നതിലൂടെ അവരുടെ ജീവിതം എല്ലാക്കാലത്തും ദുരിതപൂര്‍ണ്ണമായി തുടരുകയും യോഗത്തിന്റെ ഇതര ഗുണഫലങ്ങള്‍ പോലും അനുഭവവേദ്യമല്ലാതായി തീരുകയും ചെയ്യുന്നു. അപരന്റെ അദ്ധ്വാനഫലം ചൂ‍ണം ചെയ്യുന്നതു് അവസാനിപ്പിക്കുകയും എല്ലാവരും അദ്ധ്വാനിക്കുകയുമാണു് വേണ്ടതു്. അദ്ധ്വാനമല്ല, വ്യായാമവും യോഗവുമാണു് മെച്ചമെന്ന വാദം നിലവിലുള്ള സമൂഹത്തിനു് അദ്ധ്വാനത്തോടുള്ള അവജ്ഞ സ്ഥായിയാക്കാനേ ഉപകരിക്കൂ.

നാളിതു് വരെ യോഗികളെന്നു് സ്വയം വിശേഷിപ്പിക്കുന്ന ചിലരും ചികിത്സയുടെ ഭാഗമായി ചികിത്സകരും രോഗികളും മാത്രമാണു് യോഗം കൊണ്ടു് നടന്നിരുന്നതു്. ഇന്നു് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടര്‍ന്നു് രാഷ്ട്രീയക്കാരും യുവജന സംഘടനകളും വിദ്യാര്‍ത്ഥികളുമെല്ലാം അതിലേയ്ക്കു് തിരിയുന്ന കാഴ്ചയാണുള്ളതു്. അവരും രോഗികളായി മാറുന്നതിന്റെ പശ്ചാത്തലത്തിലാകാം യോഗങ്ങള്‍ പ്രസക്തമായി അവര്‍ക്കും തോന്നിത്തുടങ്ങിയതു്. വര്‍ഗ്ഗീയതയെ പ്രതിരോധിക്കാനും യോഗയുടെ മതേതര മൂല്യം ഉയര്‍ത്താനും ഇത്തരത്തിലുള്ള ഇടപെടല്‍ അനിവാര്യമാണെന്ന വാദം ഉയര്‍ത്തപ്പെടുന്നുണ്ടു്. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം. പക്ഷെ, അതു് സാധ്യമാകുന്നതു് മതാന്ധരും വര്‍ഗ്ഗീയ വാദികളും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുചെ പിന്നാലെ പായുകയും അവരുന്നയിക്കുന്ന അജണ്ട ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ വര്‍ഗ്ഗീയത ഇല്ലാതാകുകയല്ല, അതു് കൂടുതല്‍ അപകടകരമായി വളരുകയാണു് ചെയ്യുന്നതെന്ന കാര്യം ബന്ധപ്പെട്ടവര്‍ കാണുന്നില്ല. ഇതിന്റേയെല്ലാം ആത്യന്തിക ഫലം, അദ്ധ്വാനിക്കുന്നവരുടെ തലയില്‍ വീണ്ടും ഭാരം കയറ്റപ്പെടുക എന്നതു് മാത്രമാണു്. ചൂഷണം തുടരുക എന്നതാണു്.

അദ്ധ്വാനത്തിന്റെ മഹത്വം എല്ലാവരും മനസിലാക്കുകയും അതു് വീടുകളിലും സ്കൂളുകളിലും തൊഴിലിടങ്ങളിലും നിത്യ ജീവിതത്തിന്റെ ഭാഗമായി ഒരു നിശ്ചിത സമയം ശാരീരികവും മാനസികവുമായ അദ്ധ്വാനം നിര്‍ബ്ബന്ധമായും ചെയ്യുകയുമാണു് വേണ്ടതു്.

എല്ലാവരും അദ്ധ്വാനിക്കുക. ഓരോരുത്തര്‍ക്കും രണ്ടു് മണിക്കൂര്‍ ശാരീരികാദ്ധ്വാനവും രണ്ടു് മണിക്കൂര്‍ മാനസികാദ്ധ്വാനവും മുക്കാല്‍ മണിക്കൂറെങ്കിലും നടപ്പും എന്നതാവണം സമൂഹത്തിന്റെ പൊതു നിയമം. ആരും എട്ടുമണിക്കൂറും അദ്ധ്വാനിക്കേണ്ട ആവശ്യം ഇന്നില്ല. ഇത്തിക്കണ്ണികളെ തീറ്റിപ്പോറ്റാനായി ഒരു പിടി ആളുകള്‍ പകലന്തിയോളം പണിയെടുക്കുന്ന അവസ്ഥ മാറണം.

എട്ടുമണിക്കൂര്‍ അദ്ധ്വാനം എട്ടുമണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന 1886 ലെ ലോക തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുദ്രാവാക്യത്തിന്റേയും ചിക്കാഗോ പണിമുടക്കിന്റെ ആവശ്യത്തിന്റേയും സ്ഥാനത്തു് ഇന്നു് അതു് രണ്ടു് മണിക്കൂറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അദ്ധ്വാനത്തിന്റെ ഫലദാതകത്വം അത്രയോറെ ഉയര്‍ന്നിരിക്കുന്നു ഇന്നു്.

അതേ പോലെ തന്നെ പ്രധാനപ്പെട്ട ഒരു വ്യായാമ മുറയാണു് നടപ്പു്. ജീവിതായോധനത്തിന്റെ ഭാഗമായി മുക്കാല്‍ മണിക്കൂറെങ്കിലും തുടര്‍ച്ചയായി ദിവസേന നടക്കുന്നവര്‍ക്കു് ശാരീരിക പ്രവര്‍ത്തനങ്ങളെല്ലാം ശരിയാം വണ്ണം നടക്കും. നടക്കുമ്പോഴും ഓടുമ്പോഴും രണ്ടു കാലുകളും ഹൃദയത്തെ സഹായിക്കുന്ന രണ്ടു് പമ്പുകളായി പ്രവര്‍ത്തിക്കുകയാണു് ചെയ്യുന്നതു്. ഹൃദയം ഇടതടവില്ലാതെ രക്തം പമ്പു് ചെയ്യുന്നുണ്ടെങ്കിലും ജീവിത ശൈലികളിലുള്ള വ്യത്യസ്തതകള്‍ കാരണം എല്ലാ ശരീര ഭാഗങ്ങള്‍ക്കും രക്തം ആവശ്യാനുസരണം കിട്ടിക്കൊള്ളണമെന്നില്ല. പ്രവര്‍ത്തനം നടക്കുന്ന ശരീര ഭാഗങ്ങള്‍ക്കു് കൂടുതല്‍ രക്തം കൊടുക്കാനുതകുന്ന വിധമാണു് രക്തചംക്രമണം ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നതു്. ആഹാരം കഴിച്ചു് കഴിഞ്ഞാല്‍ ആമാശയത്തിനും പചന വ്യൂഹത്തിനും കൂടുതല്‍ രക്തം കിട്ടും. അതാണു് വയറു നിറച്ചു് ആഹാരം കഴിച്ചു് കഴിഞ്ഞാല്‍ ഉടന്‍ ക്ഷീണം തോന്നുന്നതിനും ഉറക്കം വരുന്നതിനും കാരണം. പണിയെടുക്കുമ്പോള്‍ കൈകാലുകള്‍ക്കും ബന്ധപ്പെട്ട ഇതര ശരീര ഭാഗങ്ങള്‍ക്കും കൂടുതല്‍ രക്തം കിട്ടും. അപ്പോഴെല്ലാം മറ്റു് ഭാഗങ്ങള്‍ക്കും, പ്രത്യേകിച്ചു്, ആന്തരികാവയവങ്ങള്‍ക്കും വേണ്ടത്ര രക്തം കിട്ടുന്നില്ല. വിശ്രമത്തിലാണു് അവയ്ക്കെല്ലാം ആവശ്യാനുസരണം രക്തം കിട്ടുക. ആധുനിക സമൂഹത്തില്‍ മതിയായ വിശ്രമമില്ലാതെ നെട്ടോട്ടമോടുന്നതിനാല്‍ ആന്തരികാവയവങ്ങള്‍ക്കു് ആവശ്യമായ തോതില്‍ പോഷണം ലഭിക്കാത്തതും അവിടെ നിന്നു് മാലിന്യം നീക്കം ചെയ്യപ്പെടാത്തതും മൂലമാണു് പ്രമേഹവും കരള്‍-വൃക്ക-ശ്വാസകോശ രോഗങ്ങളും രക്താതി സമ്മര്‍ദ്ദവും മറ്റും പെരുകി വരുന്നതു്.

മനുഷ്യന്‍ മനുഷ്യനായതു് രണ്ടു് കാലില്‍ നടന്നും അങ്ങിനെ സ്വതന്ത്രമായി കിട്ടിയ കൈകള്‍കൊണ്ടു് പണിയെടുത്തുമാണെന്നതു് ചരിത്രം. പണിയെടുക്കുമ്പോള്‍ കൂടുതല്‍ വിജ്ഞാനം നേടുകയും തലച്ചോറു് വികസിക്കുകയും അവയില്‍ നിന്നു് കൂടുതല്‍ ഫലപ്രദമായും കാര്യക്ഷ്മമായും പണിയെടുക്കാനുള്ള കഴിവും ശേഷിയും ശരീര ഭാഗങ്ങള്‍ക്കു് ലഭിക്കുകയും ചെയ്യുന്നു. അവ തുടരേണ്ടതു് ആരോഗ്യമുള്ള മനുഷ്യനായി തുടരാന്‍ ആവശ്യമാണു്. ആരോഗ്യമുള്ള സമൂഹ സൃഷ്ടിക്കു് മുക്കാല്‍ മണിക്കൂര്‍ നടപ്പും രണ്ടു് മണിക്കൂര്‍ ശാരീരികാദ്ധ്വാനവും രണ്ടു് മണിക്കൂര്‍ മാനസികാദ്ധ്വാനവും ആവശ്യം ആവശ്യമാണു്. ബാക്കി സമയം സാമൂഹ്യാവശ്യങ്ങള്‍ക്കും വിനോദത്തിനും വിശ്രമത്തിനുമാകണം.

യോഗയും യോഗവുമല്ല അദ്ധ്വാനവും കാല്‍നട യാത്രയുമാണു് ചര്‍ച്ച ചെയ്യേണ്ടതും പ്രയോഗത്തിലാക്കേണ്ടതും. ഗാന്ധിജിയുടെ 'അന്നാദ്ധ്വാനം' എന്ന സങ്കല്പവും മാര്‍ക്സിന്റെ 'സോഷ്യലിസ്റ്റു് പരിവര്‍ത്തനത്തിലൂടെ അദ്ധ്വാനിക്കുന്നവരുടെ മോചനം' എന്ന ശാസ്ത്രീയ സോഷ്യലിസ്റ്റു് സിദ്ധാന്തവും പൊരുത്തപ്പെടുന്നതിവിടെയാണു്.

No comments:

Blog Archive