Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, November 7, 2016

വിപ്ളവത്തിന്റെ നാള്‍വഴി



(കടപ്പാടു് : http://www.deshabhimani.com/articles/october-revolution/601178)

ഇംഗ്ളീഷ് (1688), അമേരിക്കന്‍ (1776) ഫ്രഞ്ച് (1789) വിപ്ളങ്ങള്‍ക്കുശേഷം ലോകത്ത് നടന്ന സുപ്രധാന വിപ്ളവമായിരുന്നു റഷ്യയിലേത്. ആദ്യം നടന്ന മൂന്ന് വിപ്ളവത്തില്‍നിന്ന് 1917ല്‍ നടന്ന റഷ്യന്‍വിപ്ളവത്തിന്റെ ചരിത്രപ്രാധാന്യം ലോകത്ത് ആദ്യമായി ചൂഷകര്‍ക്കു പകരം ചൂഷിതര്‍ അധികാരമേറിയ വിപ്ളവമായിരുന്നു റഷ്യിലേത്. സോഷ്യലിസ്റ്റ് വിപ്ളവങ്ങള്‍ക്കും കൊളോണിയല്‍ വിമോചന പ്രസ്ഥാനങ്ങള്‍ക്കും ശക്തി പകര്‍ന്ന വിപ്ളവംകൂടിയായിരുന്നു റഷ്യയിലേത്.

വിപ്ളവത്തിന്റെ നാള്‍വഴി:

1870: തൊഴിലാളി വിമോചന ലീഗിന് പ്ളെഹാനോവ് രൂപം നല്‍കി. ലെനിന്റെ ജനനം.

1898: വ്ളാദിമിര്‍ ലെനിന്റെ നേതൃത്വത്തില്‍ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിക്ക് രൂപം നല്‍കി. ഇതോടെ സെന്റ്പീറ്റേഴ്സ് ബര്‍ഗിലും മോസ്കോയിലും ടെക്സ്റ്റൈല്‍– മെറ്റല്‍ തൊഴിലാളികള്‍ പ്രക്ഷോഭരംഗത്തേക്ക് വന്നു. മണ്ണില്‍പണിയെടുക്കുന്ന കര്‍ഷകന് ഭൂമി വേണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭവും ശക്തമായി. അരാജകവാദികള്‍ക്കും നരോദ്നിക്കുകള്‍ക്കും ഇടതുപക്ഷ സാഹസികര്‍ക്കുമെതിരെ ലെനിന്‍ ഇക്കാലത്ത് നിരന്തരമായ ആശയമസമരത്തിലേര്‍പ്പെട്ടു. ആദ്യം ബൂര്‍ഷ്വാ ജനാധിപത്യവിപ്ളവം തുടര്‍ന്ന് സോഷ്യലിസ്റ്റ് വിപ്ളവം എന്ന ലെനിന്റെ സിദ്ധാന്തത്തിനെതിരെ പലരും രംഗത്തുവന്നു.

1903: റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി മെന്‍ഷെവിക്കുകള്‍ (ന്യൂനപക്ഷക്കാര്‍) എന്നും ബോള്‍ഷെവിക്കുകളെന്നും (ഭൂരിപക്ഷക്കാര്‍) രണ്ടായി പിരിഞ്ഞു. പ്ളെഹാനോവായിരുന്നു മെന്‍ഷെവിക്കുകളുടെ നേതാവ്. ലെനിന്‍ ബോള്‍ഷെവിക്കുകളുടെയും.

1905 വിപ്ളവം:

സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ പാടിലോവ് അയണിലെ തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് റഷ്യയിലെങ്ങും വ്യാപിച്ചു. കൂലിവര്‍ധനയും മെച്ചപ്പെട്ട തൊഴില്‍സാഹചര്യവും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. വിന്റര്‍ പാലസിലേക്ക് ഫാദര്‍ ഗപ്പോണിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസും കൊസ്സാക്കുകളും ആക്രമണം നടത്തി. 100 പേര്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേറ്റു. റഷ്യന്‍ ചരിത്ത്രില്‍ ഈ സംഭവം 'ബ്ളഡി സണ്‍ഡേ' എന്നപേരില്‍ അറിയപ്പെടുന്നു. സാര്‍ ചക്രവര്‍ത്തി നിക്കോളസ് രണ്ടാമനെ താഴയിെറക്കുന്നതില്‍ ഈ വിപ്ളവം വിജയിച്ചില്ല. വിപ്ളവം പരാജയപ്പെട്ടെങ്കിലും റഷ്യന്‍ ജനപ്രതിനിധിസഭയായ ഡ്യൂമയ്ക്ക് രൂപം നല്‍കാന്‍ സാര്‍ ചക്രവര്‍ത്തി തയ്യാറായി. എന്നാല്‍, ഡ്യൂമയെ വരുതിയില്‍നിര്‍ത്താനായി നാലുതവണ ഇതിനെ പുനഃസംഘടിപ്പിച്ചു.

1914: ഒന്നാംലോകയുദ്ധത്തിന്റെ ആരംഭം. ജര്‍മനിയും ഓസ്ട്രിയയും തുര്‍ക്കിയും ഒരുവശത്തും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും മറുവശത്തുമായാണ് യുദ്ധം. യുദ്ധത്തിലുള്ള റഷ്യന്‍ പങ്കാളിത്തത്തെ ബോള്‍ഷെവിക്കുകള്‍ ശക്തമായി എതിര്‍ത്തു. അതോടൊപ്പം ജര്‍മന്‍വിരുദ്ധ വികാരവും റഷ്യയില്‍ അലയടിച്ചു. സാര്‍ ചക്രവര്‍ത്തിയുടെ ഭാര്യ ജര്‍മന്‍വംശജയാണെന്നതും സെന്റ് പിറ്റേഴ്സ് ബര്‍ഗിന് പെട്രോഗ്രാഡ് എന്ന ജര്‍മന്‍ പേര് നല്‍കിയതും റാസ്പുടിന്‍ എന്ന സന്യാസിയുമായുള്ള സാറിന്റെ ചങ്ങാത്തവും രാജഭരണത്തിനെതിരായ വികാരം ആളിക്കത്തിച്ചു. ജര്‍മനിയോടും ഓസ്ട്രിയയോടും റഷ്യന്‍സേന പരാജയപ്പെട്ടു. 70 ലക്ഷംപേരാണ് റഷ്യക്ക് ഈ യുദ്ധത്തില്‍ നഷ്ടമായത്. റഷ്യയില്‍ അപ്പത്തിനുവേണ്ടിയുള്ള കലാപം സര്‍വസാധാരണമായി. യുദ്ധം മടുത്ത സൈനികരും കലാപക്കൊടി ഉയര്‍ത്തി. മുതലാളിത്തത്തിന്റെ ഉയര്‍ന്ന രൂപമാണ് സാമ്രാജ്യ്രത്വമെന്നും സാമ്രാജ്യത്വചങ്ങലയിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് റഷ്യയിലേതെന്നുമുള്ള സിദ്ധാന്തം ലെനിന്‍ അവതരിപ്പിച്ചു.

1917 മാര്‍ച്ച്: റഷ്യന്‍വിപ്ളവത്തിന്റെ ആദ്യഘട്ടം. ഡ്യൂമ പിരിച്ചുവിട്ടതിനെതിരെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വന്‍ പ്രക്ഷോഭം. പൊലീസ് ആസ്ഥാനം വിപ്ളവകാരികള്‍ പിടിച്ചെടുത്തു. പ്രക്ഷോഭകര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ സൈന്യം വിസമ്മതിച്ചു. നേവ നദിക്കരയിലെ ഡ്യൂമ ആസ്ഥാനം പെട്രോഗ്രാഡ് സോവിയറ്റുകള്‍ പിടിച്ചെടുത്തു. സാര്‍ ചക്രവര്‍ത്തി അധികാരമൊഴിഞ്ഞു. കെറന്‍സ്കിയുടെ നേതൃത്വത്തില്‍ മെന്‍ഷെവിക്കുകള്‍ അധികാരത്തില്‍ വന്നു. റഷ്യന്‍വിപ്ളവത്തിന്റെ ബൂര്‍ഷ്വാ ജനാധിപത്യഘട്ടമായിരുന്നു ഇത്.

1917 ഏപ്രില്‍: ലെനിന്‍ പ്രവാസജീവിതം അവസാനിപ്പിച്ച് റഷ്യയിലെത്തി. പ്രസിദ്ധമായ 'ഏപ്രില്‍ തിസീസ്' പുറത്തിറക്കി. ലോകയുദ്ധത്തില്‍നിന്ന് പിന്മാറുക, മണ്ണില്‍ പണിയുന്നവന് ഭൂമി, ബാങ്ക് ദേശസാല്‍ക്കരണം എന്നതായിരുന്നു ഏപ്രില്‍ തിസീസിന്റെ അന്തഃസത്ത. സോഷ്യിലസിസ്റ്റ് വിപ്ളവം പൂര്‍ത്തിയാക്കാനായിരുന്നു ലെനിന്റെ ആഹ്വാനം.

1917 നവംബര്‍ 7: റഷ്യന്‍ ഭരണാധികാരം ബോള്‍ഷെവിക്കുകള്‍ നേടി. ഓള്‍ റഷ്യ എക്സിക്യൂട്ടീവ് ഓഫ് സോവിയറ്റ്സിന്റെ നിയന്ത്രണത്തിലായി ഭരണം. സോഷ്യലിസ്റ്റ് വിപ്ളവം വിജയിച്ചു. യാക്കോവ് സെര്‍ദലോവ് പ്രസിഡന്റായും ലെനിന്‍ സേവിയറ്റ് യൂണിയന്‍ കമ്മിസാറായും(പ്രധാനമന്ത്രി) അധികാരമേറ്റു. ആദ്യ ഉത്തരവ് സമാധാനവും ഭൂമിയും ഭക്ഷണവും ഉറപ്പുവരുത്തുമെന്നതായിരുന്നു.

1918: ജര്‍മനിയുമായി ബ്രെസ്റ്റ് ലിറ്റോവാസ്ക് സന്ധി ഒപ്പിട്ട് റഷ്യ യുദ്ധത്തില്‍നിന്ന് പിന്മാറി. പ്രധാന വ്യവസായങ്ങളും ബാങ്കുകളും ദേശസാല്‍ക്കരിച്ചു. ഭൂമി പുനര്‍വിതരണം ചെയ്ത് കൂട്ടുകൃഷിക്കളങ്ങള്‍ ആരംഭിച്ചു. തൊഴിലാളികളുടെ ജോലി എട്ട് മണിക്കൂറാക്കി. വിദ്യാഭ്യാസവും ആരോഗ്യസേവനവും സൌജന്യമാക്കി.

1918–19: ആഭ്യന്തരയുദ്ധം. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ജപ്പാനും പിന്തുണച്ച പ്രതിവിപ്ളകാരികളായ 'വൈറ്റ് ആര്‍മിയും' കമ്യൂണിസ്റ്റ് 'റെഡ് ആര്‍മിയും' തമ്മിലുള്ള ഏറ്റുമുട്ടലില്‍ കമ്യൂണിസ്റ്റ് സേന അന്തിമവിജയം നേടി.

1921: പുത്തന്‍ സാമ്പത്തികനയത്തിന് ലെനിന്‍ തുടക്കമിട്ടു. മുതലാളിത്തത്തില്‍നിന്ന് സോഷ്യലിസത്തിലേക്കുള്ള മാറ്റം സുഗമമാക്കാനായിരുന്നു ഈ പദ്ധതി.

1922 ഡിസംബര്‍ 28: യൂണിയന്‍ സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ളിക് (യുഎസ്എസ്ആര്‍) സ്ഥാപിതമായി.

1924 ജനുവരി 21: ലെനിന്‍ അന്തരിച്ചു. സ്റ്റാലിന്‍ പുതിയ സാരഥി.

1928: പഞ്ചവത്സരപദ്ധതിക്ക് തുടക്കം.

1941: നാസി ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചു. മഹത്തായ ദേശാഭിമാനയുദ്ധത്തിന് തുടക്കം. സ്റ്റാലിന്‍ഗ്രാഡ് യുദ്ധവിജയത്തിലൂടെ സേവിയറ്റ് യൂണിയന്‍ ഹിറ്റ്ലറുടെ ഫാസിസ്റ്റ് ജര്‍മനിയെ മുട്ടുകുത്തിച്ചു. ഇതോടെ കിഴക്കന്‍ യൂറോപ്പും ഇടത്തോട്ട് നീങ്ങി.

നെഹ്റുവിന്റെ റഷ്യന്‍ സന്ദര്‍ശനം

ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ പത്താം വാര്‍ഷികവേളയിലാണ് 1927ല്‍ ജവാഹര്‍ലാല്‍ നെഹ്റു ആദ്യമായി സോവിയറ്റ് യൂണിയനിലെത്തുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായശേഷം അദ്ദേഹം 1955ലും 1961ലും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചു. 1927ലെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

ഒക്ടോബര്‍ വിപ്ളവത്തിന്റെ ആദ്യനാളുകളില്‍ ത്തന്നെ അതേക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കാനും സോവിയറ്റ് റഷ്യയിലെ സോഷ്യലിസ്റ്റ് മാറ്റത്തെക്കുറിച്ച് പഠിക്കാനും അത് ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ വിജയത്തിനായി ഉപയോഗിക്കാനും താല്‍പ്പര്യംകാട്ടിയ നേതാവായിരുന്നു നെഹ്റു. ലോക വിപ്ളവപ്രക്രിയയുടെ ഗതിയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നതിനായി നെഹ്റു മാര്‍ക്സിന്റെയും ലെനിന്റെയും കൃതികള്‍ പഠിച്ചു. ലോകസാമൂഹ്യമാറ്റത്തിന്റെ നിയമങ്ങള്‍ മനസ്സിലാക്കുന്നതിനും തന്റെ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഈ പഠനം സഹായിച്ചുവെന്ന് പിന്നീട് നെഹ്റുതന്നെ തുറന്നുസമ്മതിച്ചിട്ടുമുണ്ട്. 'സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഉയര്‍ന്ന രൂപം' എന്ന ലെനിന്റെ കൃതിയും അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് എഴുതിയ 'ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങള്‍' എന്ന കൃതിയും ഏറെ സ്വാധീനിച്ചതായി നെഹ്റു രേഖപ്പെടുത്തി. നെഹ്റു ഇത്രയുംകൂടി കുറിച്ചിട്ടു.'ഞങ്ങള്‍ മഹാനായ ലെനിനെ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ മാതൃക ഞങ്ങളെ ഏറെ സ്വാധീനിച്ചു.' സോവിയറ്റ് യൂണിയനില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നെഹ്റു തയ്യാറായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത്തരമൊരു അവസരം 1927 നവംബറില്‍ നെഹ്റുവിന് കൈവന്നു. ഒക്ടോബര്‍ വിപ്ളവത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി നെഹ്റുവിനെയും പിതാവ് മോത്തിലാല്‍ നെഹ്റുവിനെയും യുഎസ്എസ്ആര്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ക്ഷണിച്ചു.

അങ്ങനെ 1927 നവംബര്‍ ഏഴിന് ജവാഹര്‍ലാല്‍ നെഹ്റു അച്ഛനും ഭാര്യക്കും സഹോദരിക്കുമൊപ്പം അതിര്‍ത്തി റെയില്‍വേ സ്റ്റേഷനായ നെഗോറിലോയെയില്‍ തീവണ്ടിയിറങ്ങി (ബര്‍ലിനില്‍നിന്നായിരുന്നു നെഹ്റു വന്നത്). സ്ഥലവാസികളാണ് നെഹ്റുവിനെ അന്ന് സ്വീകരിച്ചത്. ഇന്ത്യയെ പ്രതിനിധാനംചെയ്ത് ചില വിപ്ളവ–ജനാധിപത്യ കക്ഷി നേതാക്കളും മോസ്കോയിലെത്തിയിരുന്നു. ഇന്ത്യന്‍ നേതാക്കള്‍ക്ക് എങ്ങനെയാണ് ക്ഷണക്കത്ത് അയച്ചതെന്നും അതിനോട് ബ്രിട്ടീഷ് കൊളോണിയല്‍ അധികാരികള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നും ബോള്‍ഷെവിക് പാര്‍ടി മുഖപത്രം പ്രവ്ദ നവംബര്‍ അഞ്ചിന് പ്രത്യേകം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ബംഗാള്‍, ബോംബെ, മദ്രാസ്, രജ്പുത്താന എന്നിവിടങ്ങളിലെ തൊഴിലാളി കര്‍ഷക പാര്‍ടികള്‍ക്ക് അയച്ച ക്ഷണക്കത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ പിടിച്ചെടുത്തെന്നും ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയില്ലെന്നും ഈ ലേഖനത്തില്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് വിലക്കുണ്ടായിട്ടും സാമ്രാജ്യത്വവിരുദ്ധ ലീഗിന്റെ മൂന്ന് പ്രതിനിധികളും പ്രസിദ്ധ ഇന്ത്യന്‍ വിപ്ളവകാരി സക്ളത്ത്വാലയും പങ്കെടുത്തു. നെഹ്റു എത്തുന്നതിന് ഏതാനുംദിവസം മുമ്പുതന്നെ അദ്ദേഹം എത്തിയിരുന്നു. സോവിയറ്റ് മാധ്യമങ്ങള്‍ വന്‍ പ്രചാരണമാണ് നെഹ്റുവിന്റെ സന്ദര്‍ശനത്തിന് നല്‍കിയത്. ജവാഹര്‍ലാലിന്റെയും മോത്തിലാല്‍ നെഹ്റുവിന്റെയും ജീവചരിത്രക്കുറിപ്പ് പ്രവ്ദ പ്രസിദ്ധീകരിച്ചു. 1927 ഫെബ്രുവരിയില്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന സാമ്രാജ്യത്വവിരുദ്ധ ലീഗില്‍ ജവാഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും പ്രവ്ദ വിശദമായി റിപ്പോര്‍ട്ട് ചെയ്തു. യുഎസ്എസ്ആര്‍ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ മിഖായേല്‍ കാലിനിന്‍ ആണ് ജവാഹര്‍ലാലിനെ ക്രംലിനിലേക്ക് സ്വീകരിച്ചത്. നിരവധി ഫാക്ടറികളും പ്ളാന്റുകളും സന്ദര്‍ശിച്ച നെഹ്റു ഒക്ടോബര്‍ വിപ്ളവ മ്യൂസിയവും ബോള്‍ഹോയ് തിയറ്ററും വി പുഡോവ്കിന്റെ 'ദ എന്റ് ഓഫ് സെയിന്റ് പീറ്റേഴ്സ്ബര്‍ഗ്' എന്ന സിനിമയും കണ്ടു. നവംബര്‍ എട്ടിന് ട്രേഡ് യൂണിയന്‍ ഹൌസില്‍ ചേര്‍ന്ന വിപ്ളവാഘോഷച്ചടങ്ങിന് അല്‍പ്പം വൈകിയാണ് ജവാഹര്‍ലാലും മോത്തിലാലും എത്തിയത്. ഹാളിലെത്തിയ ഇരുവരെയും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സദസ്സിന് പരിചയപ്പെടുത്തിയപ്പോള്‍ എല്ലാവരും എഴുന്നേറ്റുനിന്ന് സ്വീകരിച്ചു. നിരവധി സോവിയറ്റ് നേതാക്കളുമായും നെഹ്റു കൂടിക്കാഴ്ച നടത്തി. മിഖായേല്‍ കലിനിനു പുറമെ ഫസ്റ്റ് എഡുക്കേഷന്‍ കമ്മീസാര്‍ ലുണാചാര്‍സ്കി, സുപ്രീം നാഷണല്‍ എക്കോണമിക് കൌണ്‍സില്‍ ചെയര്‍മാന്‍ വി കുയിബിഷേവ്, ആരോഗ്യമന്ത്രി സെമാഷ്കോ, ഫ്രഞ്ച് എഴുത്തുകാരന്‍ ഹെന്റി ബര്‍ബൂസേ, ജര്‍മന്‍ സാര്‍വദേശീയവാദി ക്ളാര സേത്കിന്‍, സണ്‍യാത് സെന്നിന്റെ വിധവ സൂങ് ചിങ് ലിങ്, മെക്സിക്കന്‍ എഴുത്തുകാരന്‍ ഡീഗോ റിവേറ എന്നിവരുമായാണ് നെഹ്റു കൂടിക്കാഴ്ച നടത്തിയത്. പാരീസ് കമ്യൂണില്‍ പങ്കെടുത്ത എണ്‍പത്തിരണ്ടുകാരന്‍ അന്റോയലിന്‍ ഗ്യൂക്സ്, ഹംഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് ബെലാകുന്‍, ജപ്പാന്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപകന്‍ സെന്‍ കതയാമ, സ്കോട്ട്ലന്‍ഡ് കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് വില്യം ഗല്ലാച്ചാര്‍ തുടങ്ങിയവരും പങ്കെടുത്തു. അവിസ്മരണീയമായ ഈ കൂടിക്കാഴ്ചകളെക്കുറിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹ്റു വിശദമായി ത്തന്നെ എഴുതുകയുണ്ടായി. സോവിയറ്റ് യൂണിയനെക്കുറിച്ച് ഒരു പുസ്തകംതന്നെ പ്രസിദ്ധീകരിച്ചു(സോവിയറ്റ് റഷ്യ: സം റാന്‍ഡം സ്കെച്ചസ് ആന്‍ഡ് ഇംപ്രഷന്‍സ്). 'ഫ്രഞ്ച് വിപ്ളവത്തിനുശേഷം ലോകചരിത്രത്തിലെ സുപ്രധാനസംഭവമാണ് ഒക്ടോബര്‍ വിപ്ളവം. ലോകം മുഴുവന്‍ സോവിയറ്റ് യൂണിയനെ വീക്ഷിക്കുകയാണ.്' നെഹ്റു എഴുതി. മോസ്കോ തെരുവില്‍ ദാരിദ്യ്രവും ആര്‍ഭാടവും തമ്മിലുള്ള വൈരുധ്യമില്ലാത്തതിനെക്കുറിച്ചും നെഹ്റു എഴുതി. മിഖായേല്‍ കാലിനിന്‍ കീഴ്ജീവനക്കാരോടൊപ്പം കര്‍ഷകവേഷമണിഞ്ഞ് ശമ്പളം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത് നെഹ്റുവിനെ അത്ഭുതപരതന്ത്രനാക്കി. വിപ്ളവത്തിന്റെ നാലാംദിവസംതന്നെ തൊഴിലാളികള്‍ക്ക് എട്ടു മണിക്കൂര്‍ ജോലിസമയം പ്രഖ്യാപിച്ചതും ദേശീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടതും നെഹ്റുവിനെ ഹഠാദാകര്‍ഷിച്ചു.

(മെയിന്‍സ്ട്രീം വാരികയോട് കടപ്പാട്)

പിന്‍കുറിപ്പ് 1955ല്‍ നെഹ്റു രണ്ടാമതും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച്:

നെഹ്റു എവിടെയൊക്കെയാണോ പോയത് അവിടെയെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു. ആയിരക്കണക്കിന് ഫാക്ടറി തൊഴിലാളികള്‍ അദ്ദേഹത്തെ ഒരുനോക്കുകാണാനായി തടിച്ചുകൂടി. മോസ്കോ സര്‍വകലാശാലയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ക്ളാസ് ബഹിഷ്കരിച്ച് എത്തി. അതില്‍ ഒരു വിദ്യാര്‍ഥി മിഖായേല്‍ ഗൊര്‍ബച്ചേവായിരുന്നു (ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി എന്ന പുസ്തകത്തില്‍നിന്ന്)

Read more: http://www.deshabhimani.com/articles/october-revolution/601178

No comments:

Blog Archive