(കടപ്പാടു് : http://www.deshabhimani.com/special/news-06-11-2016/600919)
സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്നെങ്കില്‍, എന്ന ചോദ്യം പിന്നിട്ട രണ്ടര ദശകങ്ങളില്‍ എത്രതവണ നമ്മള്‍ കേട്ടിട്ടുണ്ടാകും. എണ്ണിയാലൊടുങ്ങാത്ത എത്രയോ സന്ദര്‍ഭങ്ങളില്‍ അതിരുകളും വംശങ്ങളും അപ്രസക്തമാക്കി മനുഷ്യകുലം ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഒരു നൂറ്റാണ്ടിലേക്ക് കടക്കുന്ന വിപ്ളവാനുഭവ ഓര്‍മകളുടെ വീണ്ടെടുക്കല്‍ പുതിയ ഊര്‍ജമായി മാറട്ടെ
സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്നെങ്കില്‍, എന്ന ചോദ്യം പിന്നിട്ട രണ്ടര ദശകങ്ങളില്‍ എത്രതവണ നമ്മള്‍ കേട്ടിട്ടുണ്ടാകും. ഇറാഖിലേക്ക് അമേരിക്കയുടെ സൈന്യം ഇരമ്പിക്കയറുമ്പോള്‍, സദ്ദാംഹുസൈനെന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെ അതിക്രൂരമായി കൊലപ്പെടുത്തുമ്പോള്‍, പലസ്തീനില്‍ ഉന്മാദനൃത്തം ചവിട്ടുന്ന ഇസ്രയേല്‍ പട്ടാളത്തിന്റെ ബൂട്ടിലരയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ചിതറിവീണ ചോരത്തുള്ളികള്‍ കാണുമ്പോള്‍, ലോകത്തെ ഏകക്രമമാക്കുന്നതിനുള്ള മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങള്‍ കാണുമ്പോള്‍... എണ്ണിയാലൊടുങ്ങാത്ത എത്രയോ സന്ദര്‍ഭങ്ങളില്‍ അതിരുകളും വംശങ്ങളും അപ്രസക്തമാക്കി മനുഷ്യകുലം ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു. ചരിത്രത്തില്‍ സോവിയറ്റ് യൂണിയന്‍ എന്ന രാജ്യത്തിന്റെ നിര്‍ണായകമായ പ്രസക്തിയെ വായിച്ചെടുക്കുന്നതിന് ഹിറ്റ്ലറുടെ ഫാസിസ്റ്റ് ആധിപത്യശ്രമത്തില്‍നിന്ന് ലോകത്തെ രക്ഷപ്പെടുത്തിയ ഐതിഹാസികമായ യുദ്ധവിജയംമാത്രംമതി. ലോകത്തെ കീഴടക്കുന്നതിനടുത്തെത്തിയ ജര്‍മന്‍സഖ്യത്തെ ചെമ്പട ചെറുത്തുതോല്‍പ്പിച്ചത് അതിശക്തമായ സമര്‍പ്പണത്തിലൂടെയാണ്. ക്യൂബയെ ആക്രമിക്കുന്നതിനായി പോയ അമേരിക്കയുടെ നാവികസേനയുടെ നിര്‍ബന്ധിതമായ മടക്കം മൂന്നാം ലോകരാജ്യങ്ങളുടെയും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും നിലനില്‍പ്പിന് സോവിയറ്റ് യൂണിയന്‍ വഹിച്ച പങ്കിന്റെ ചെറിയ ഉദാഹരണമാണ്. ലോകത്ത് എവിടെയൊക്കെ സാമ്രാജ്യത്വം അതിന്റെ ആധിപത്യം സ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നുവോ അവിടെയെല്ലാം പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും മഹാദുര്‍ഗമായി സോവിയറ്റ് യൂണിയന്‍ മാറി.
ആ പൂവ് കൊഴിഞ്ഞുവീണതിന്റെ വേദന ചരിത്രത്തിലേക്ക് പലതലങ്ങളില്‍ പടര്‍ന്നുകയറുന്നു. സോവിയറ്റ് യൂണിയന്‍ ലോകത്തിനു പുതിയ അനുഭവമായിരുന്നു. ലെനിന്റെ നേതൃത്വത്തില്‍ ഇരമ്പിക്കയറിയ വിപ്ളവസേന ലോകചരിത്രത്തില്‍ ആദ്യമായി തൊഴിലാളിവര്‍ഗ അധികാരം സ്ഥാപിച്ചു. ഭൂരിപക്ഷത്തിന്റെ ആദ്യഭരണകൂടത്തെ ലെനിന്‍ നയിച്ചു. ഒരു നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ അത് ഓര്‍മയായി ചരിത്രത്തിലേക്ക് മറഞ്ഞു. എന്തുകൊണ്ട് ഏഴുപതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും സോവിയറ്റ് യൂണിയന്‍ തകര്‍ന്നുപോയിയെന്നത് പ്രസക്തമായ ചോദ്യമാണ്. എന്നാല്‍, അതോടൊപ്പം ചുറ്റും ശത്രുക്കളാല്‍ വളയപ്പെട്ട, മുന്‍ മാതൃകകളില്ലാത്ത സോഷ്യലിസ്റ്റ് മാതൃകയ്ക്ക് എങ്ങനെ ഏഴുപതിറ്റാണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുവെന്ന കുറെക്കൂടി പ്രസക്തമായ ചോദ്യം നിങ്ങള്‍ എന്തുകൊണ്ട് ഉന്നയിക്കുന്നില്ലെന്ന് ഒരിക്കല്‍ സീതാറാം യെച്ചൂരി ചോദിക്കുകയുണ്ടായി. അത്രമാത്രം കഠിനമായ സാഹചര്യങ്ങളിലാണ് റഷ്യയില്‍ മുന്‍ മാതൃകകളില്ലാത്ത സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനായി കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിച്ചത്.
വിപ്ളവം ഓര്‍മയായി മാറിത്തുടങ്ങുന്ന പിറകോട്ടുള്ള നടത്തത്തിന്റെ കാലത്താണ് ഞങ്ങള്‍ റഷ്യയില്‍ ചെന്നിറങ്ങിയത്. ക്യൂബയിലേക്കുള്ള യാത്രയിലെ ഇടത്താവളം. ബാലഗോപാലും മത്തായിചാക്കോയും സി എച്ച് ആഷിക്കും സി എന്‍ മോഹനനും മറ്റും അടങ്ങുന്ന സംഘം ഹോട്ടലായി പരിവര്‍ത്തനം ചെയ്യപ്പെട്ട വിദ്യാര്‍ഥി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. റിസ്പഷനില്‍ ഇരുന്ന മെറ്റലര്‍ജിയില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ നടാഷ വളരെ ലളിതമായി രണ്ടുകാലത്തിന്റെ വ്യത്യസ്തതകള്‍ പങ്കുവച്ചത് ഇപ്പോഴും ഓര്‍മയിലുണ്ട്. സോഷ്യലിസത്തിന്റെ അവസാനനാളുകളില്‍ അതിരുകള്‍ കടന്ന് പലപ്പോഴും കടന്നുവരുന്ന പരസ്യങ്ങളില്‍ മോഹിപ്പിക്കുന്ന പലതുമുണ്ടായിരുന്നു. കൈയില്‍ ആവശ്യത്തിനു പണമുണ്ടായിരുന്നെങ്കിലും ആകര്‍ഷകമായ അവയൊന്നും അവിടെ വിപണിയില്‍ ലഭ്യമായിരുന്നില്ല. അന്ന് കണ്ടതിനുമപ്പുറം കൊതിപ്പിച്ചുകൊണ്ട് എല്ലാം വിപണിയിലുണ്ട്. എന്നാല്‍, റൊട്ടി വാങ്ങാന്‍പോലും പണം ഇപ്പോള്‍ കൈയിലില്ല. നടാഷയുടെ ഭര്‍ത്താവും എന്‍ജിനിയറാണ്. പ്രതിവിപ്ളവം അവരെ തൊഴിലില്ലാത്തവരാക്കി.
സോഷ്യലിസം, തൊഴിലില്ലായ്മ എന്ന പദം അപരിചിതമാക്കിയ അനുഭവമായിരുന്നു സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്നത്. ഓരോ ഫാക്ടറിക്കുമുമ്പിലും ഉല്‍പ്പാദനത്തില്‍ ഓരോ ഗ്രൂപ്പും സംഭാവനചെയ്ത അധ്വാനശക്തിയുടെ മൂല്യം പ്രദര്‍ശിപ്പിക്കുമായിരുന്നു. അതില്‍നിന്ന് പൊതുഫണ്ടിലേക്ക് പോകുന്നതുള്‍പ്പെടെ സുതാര്യമായ കാഴ്ചയായിരുന്നു. എന്നാല്‍, പതുക്കെ പതുക്കെ അതെല്ലാം മാറിയെന്നതും യാഥാര്‍ഥ്യം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തൊഴില്‍ തകര്‍ച്ചയുടെയും അസമത്വത്തിന്റെയും അനുഭവമാണ് നല്‍കിയത്.
റോഡിലൂടെയുള്ള യാത്രയില്‍ ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ ശീതളപാനീയത്തിന്റെ പാത്രം നാട്ടില്‍ചെയ്യുന്നതുപോലെ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. അതുവഴി നടന്നുപോയൊരാള്‍ ദേഷ്യത്തോടെ നോക്കി ആ പാത്രമെടുത്ത് വേസ്റ്റ് ബിന്നിലിട്ടു. പഴയ പട്ടാളക്കുപ്പായമാണ് അദ്ദേഹം ധരിച്ചിരുന്നത്. അതില്‍ നിറച്ചും പഴയകാല പോരാട്ടത്തിന്റെ നേര്‍പ്പടമായി ബാഡ്ജുകള്‍. സോഷ്യലിസം സൃഷ്ടിച്ച സാമൂഹ്യബോധം എല്ലായിടത്തും ശക്തമാണ്. അതിനുമാത്രമായി ദീര്‍ഘകാലം നില്‍ക്കാന്‍ കഴിയില്ലെന്നത് മറ്റൊരു യാഥാര്‍ഥ്യം. ആള്‍ ദേഷ്യത്തിലായിരുന്നെങ്കിലും ഞങ്ങള്‍ ആ പട്ടാളക്കാരനുമായി സൌഹാര്‍ദം സ്ഥാപിച്ചു. സിരകളില്‍ വിപ്ളവത്തിന്റെ അതിശക്തമായ ഊര്‍ജപ്രവാഹം. ഹിറ്റ്ലറുടെ ഫാസിസ്റ്റ് സേനയെ മുമ്പില്‍നിന്ന് നയിച്ച് പരാജയപ്പെടുത്തിയതിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അദ്ദേഹം അയവിറക്കി. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന്റെ വേദനകള്‍ കരച്ചിലിലേക്ക് മാറാതിരിക്കാന്‍ ആ സൈനികന്‍ കഠിനാധ്വാനംചെയ്തു. ചിതറിപ്പോയ റിപ്പബ്ളിക്കുകളിലെ മനുഷ്യജീവിതങ്ങളടെ വര്‍ത്തമാനകാല അവസ്ഥയെ സംബന്ധിച്ചും വിതുമ്പലുകള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.
എത്രമാത്രം നവ്യാനുഭവങ്ങളാണ് സോവിയറ്റ് യൂണിയന്‍ ലോകത്തിന് നല്‍കിയത്. ലോകത്ത് ആദ്യമായി സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കപ്പെടാനുമുള്ള അവകാശം നല്‍കിയത് ജനാധിപത്യരാജ്യങ്ങളെന്ന് അഭിമാനിക്കുന്നവയല്ല മറിച്ച് സോവിയറ്റ് യൂണിയനാണ്. ഭരണനിര്‍വഹണത്തിന്റെ എല്ലാതലങ്ങളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ലെനിന്റെ കാലത്ത് സോവിയറ്റ് യൂണിയന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുതലാളിത്തത്തിന് നൂറ്റാണ്ടുകള്‍കൊണ്ട് ആര്‍ജിക്കാന്‍ കഴിയാത്ത പലതും ദശകങ്ങള്‍ക്കുള്ളില്‍ നേടിയെടുത്ത് ലോകത്തെ യുഎസ്എസ്ആര്‍ അമ്പരപ്പിച്ചു. യൂറിഗഗാറിന്‍ ശൂന്യകാശത്തേക്ക് പറന്നപ്പോള്‍ അതിനായി അഹങ്കാരപൂര്‍വം ശ്രമിച്ചുകൊണ്ടിരുന്ന അമേരിക്ക അമ്പരന്നുപോയി. ശാസ്ത്രസാങ്കേതികരംഗത്തെ കുതിച്ചുചാട്ടം ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു. കലയും സംസ്കാരവും ഔന്നത്യം നേടിയ കാലംകൂടിയായിരുന്നുവത്. ഐസന്‍സ്റ്റിനും മറ്റും സൃഷ്ടിച്ച സിനിമകള്‍ നവ്യമായ സാംസ്കാരികാനുഭവമായി മാറി. ഇങ്ങനെ എഴുതിയാല്‍തീരാത്ത എത്രമാത്രം ഇടപെടലുകള്‍. എന്നാല്‍, ഗൌരവമായ പാളിച്ചകളുമുണ്ടായി. അതിന്റെ ഫലംകൂടിയായ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സോഷ്യലിസത്തെ പുറകോട്ടടിച്ചു.
പ്രയോഗത്തിന്റെ തകര്‍ച്ച പ്രത്യയശാസ്ത്രത്തിന്റെ തകര്‍ച്ചയല്ലെന്ന് ചരിത്രം തെളിയിച്ചുകൊണ്ടിരിക്കുന്നു. മുതലാളിത്തമാണ് ചരിത്രത്തിന്റെ അന്ത്യമെന്ന് പ്രവചിച്ചവര്‍ക്ക് പലതും വിഴുങ്ങേണ്ടിവന്നു. സാമ്രാജ്യത്വനയങ്ങള്‍ക്കെതിരെ പണിയെടുക്കുന്നവന്റെ ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ചരിത്രം ഒരിക്കലും നേര്‍വരയിലൂടെമാത്രം സഞ്ചരിക്കുന്നയൊന്നല്ലെന്ന പാഠം ഓര്‍ത്തുകൊണ്ടേയിരിക്കാം. കയറ്റിറക്കങ്ങളും വളവുതിരിവുകളുമെല്ലാം ഉള്ള പിരിയന്‍ഗോവണിപോലെ ചരിത്രം അതിന്റെ പ്രയാണം തുടരുന്നു. ഓരോ അനുഭവവും പുതിയ പാഠങ്ങള്‍ തുറക്കും. വിജയംപോലെ പരാജയവും. ഒന്നില്‍ എല്ലാം ഒടുങ്ങുന്നില്ല. പലതും പുതിയ കുതിപ്പിന്റെ ഊര്‍ജമായി മാറും. അത് പഴയതിന്റെ തനിയാവര്‍ത്തനത്തിനാകില്ല. അനുഭവങ്ങള്‍ നല്‍കിയ പുതിയ പാഠങ്ങളാല്‍ പുതുക്കിപ്പണിത പുതിയ മാതൃകകള്‍ക്കായി ലോകം കാത്തിരിക്കുന്നു. സമ്പന്നമായ ഇന്നലെകളെക്കുറിച്ച് നടാഷയും ഭര്‍ത്താവും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നായിരിക്കും തങ്ങളുടെ ജീവിതം തിരിച്ചുകിട്ടുകയെന്ന് ആത്മഗതംപോലെ ചോദിച്ചിട്ട് രണ്ടു ദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവര്‍ ജീവിതത്തെ എങ്ങനെയായിരിക്കും അനുഭവിക്കുന്നത്? ഒരു നൂറ്റാണ്ടിലേക്ക് കടക്കുന്ന വിപ്ളവാനുഭവ ഓര്‍മകളുടെ വീണ്ടെടുക്കല്‍ പുതിയ ഊര്‍ജമായി മാറട്ടെ.
prajeevcpm@gmail.com
Read more: http://www.deshabhimani.com/special/news-06-11-2016/600919
No comments:
Post a Comment