Monday Nov 7, 2016
(കടപ്പാടു് : http://www.deshabhimani.com/articles/october-revolution/601178)
ഇന്ന് ഒക്ടോബര്‍വിപ്ളവത്തിന്റെ വിജയഭേരിയുടെ നൂറാം വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. മാനവിക സംസ്കൃതിയുടെ മുന്നേറ്റത്തിന്റെ സഞ്ചാരപഥത്തെ ഗുണപരമായി മാറ്റിമറിച്ചതിലൂടെ ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രഗതിയെ ആഴത്തില്‍ സ്വാധീനിച്ച സംഭവമാണിത്. ഐതിഹാസികമായ വിപ്ളവം മാര്‍ക്സിസത്തിന്റെ സര്‍ഗാത്മക ശാസ്ത്രത്തെയും അത് വിഭാവനംചെയ്യുന്ന ചൂഷണമുക്ത സാമൂഹ്യ വ്യവസ്ഥിതിയിലേക്കുള്ള മാനവരാശിയുടെ അനിവാര്യ പ്രയാണത്തെയും സമര്‍ഥിച്ചു. ഒക്ടോബര്‍ വിപ്ളവത്തിന്റെ ശാശ്വത പ്രസക്തിയതാണ്.
ചുരുക്കത്തില്‍ ഒക്ടോബര്‍വിപ്ളവത്തിന്റെ നേട്ടം ഇതാണ്. 'ചൂഷണത്തില്‍നിന്നുള്ള സമൂഹത്തിന്റെയാകെ മോചനം'– സ്വാഭാവികമായും അന്താരാഷ്ട്രശക്തികള്‍ മാര്‍ക്സിസത്തെ കടന്നാക്രമിച്ചു. അയഥാര്‍ഥമായ സ്വപ്നം എന്നായിരുന്നു വിമര്‍ശം. റഷ്യന്‍വിപ്ളവവും തുടര്‍ന്ന് സ്ഥാപിതമായ സോവിയറ്റ് യൂണിയനും മാര്‍ക്സിസം ശാസ്ത്രസത്യത്തില്‍ അധിഷ്ഠിതമായ സൃഷ്ടിപരമായ ശാസ്ത്രമാണെന്ന് വ്യക്തമാക്കി. അതുവരെ അജ്ഞാതമായിരുന്ന ദിശകളിലേക്ക് മനുഷ്യന്റെ സൃഷ്ടിപരതയെ തുറന്നുവിട്ട ചൂഷണമുക്തമായ സാമൂഹ്യക്രമം സാധ്യമാക്കി എന്നതാണ് ഒക്ടോബര്‍വിപ്ളവത്തിന്റെ പ്രസക്തി. ഒരിക്കല്‍ പിന്നോക്കമായിരുന്ന സമ്പദ്വ്യവസ്ഥയെ ശക്തമായ സാമ്പത്തിക, സൈനികകോട്ടയാക്കി സാമ്രാജ്യത്വത്തെ എതിരിടാന്‍ പ്രാപ്തമാക്കിയത് സോഷ്യലിസത്തിന്റെ നേട്ടമായി. ദ്രുതഗതിയിലുള്ള ഈ പുരോഗതി സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അധീശത്വം ഉറപ്പിച്ചു. മനുഷ്യപ്രയത്നത്തിന്റെ ഐതിഹാസികമായ വീരഗാഥയാണ് സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് നിര്‍മിതി.
ഒക്ടോബര്‍വിപ്ളവാനന്തരം സോഷ്യലിസം സ്ഥാപിച്ചതാണ് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ പ്രധാനമായും നിശ്ചയിച്ചത്. ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ യുഎസ്എസ്ആര്‍ വഹിച്ച നിര്‍ണായക പങ്കും പരിണതഫലമായി കിഴക്കന്‍ യൂറോപ്പില്‍ സോഷ്യലിസ്റ്റ രാജ്യങ്ങള്‍ ആവിര്‍ഭവിച്ചതും ലോകസംഭവവികാസങ്ങളെ കാര്യമായി സ്വാധീനിച്ചു. രണ്ടാംലോകയുദ്ധത്തില്‍ ഫാസിസത്തിനെതിരായ വിജയത്തില്‍ സോവിയറ്റ് ചെമ്പടയുടെ പങ്ക് ഏറ്റവും പ്രധാനമായിരുന്നു. നിരവധി രാജ്യങ്ങള്‍ക്ക് കൊളോണിയല്‍ ചൂഷണത്തില്‍നിന്ന് വിമോചനം നേടാനുള്ള പ്രക്രിയക്ക് ഇത് പ്രചോദനമായി. ചൈനീസ് വിപ്ളവത്തിന്റെ ചരിത്രവിജയവും വിയ്തനാമിലെ ജനങ്ങളുടെയും കൊറിയന്‍ ജനതയുടെയും വീരോചിതപോരാട്ടവും ക്യൂബന്‍ വിപ്ളവവിജയവും ലോകഗതിയില്‍ അതിശക്തമായ സ്വാധീനംചൊലുത്തി.
ദാരിദ്യ്രവും നിരക്ഷരതയും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്തതും വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ വിശാലമായ സാമൂഹ്യസുരക്ഷാ ശൃംഖല സാധ്യമാക്കിയതും ഉള്‍പ്പെടെ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തെങ്ങുമുള്ള തൊഴിലാളിവര്‍ഗത്തിന് ആത്മവിശ്വാസത്തിന്റെ സ്രോതസ്സും പോരാട്ടങ്ങള്‍ക്ക് പ്രചോദനവുമായി. സോഷ്യലിസം ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ ലോക മുതലാളിത്തത്തിനും ചില ക്ഷേമപരിപാടികള്‍ നടപ്പാക്കേണ്ടിവന്നു. സാധാരണജനങ്ങള്‍ക്ക് അതുവരെ ഇല്ലാതിരുന്ന പല അവകാശങ്ങളും അവര്‍ അനുവദിച്ചു നല്‍കി. രണ്ടാം ലോകയുദ്ധാനന്തരം മുതലാളിത്ത രാജ്യങ്ങളില്‍ നിലവില്‍വന്ന ക്ഷേമ–സാമൂഹ്യസുരക്ഷാ സങ്കല്‍പ്പം സോവിയറ്റ് യൂണിയന്റെ നേട്ടത്തില്‍ പ്രചോദിതരായ തൊഴിലാളിവര്‍ഗത്തിന്റെ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു. ഇന്ന് മാറ്റിനിര്‍ത്താനാകാത്ത ജനാധിപത്യ അവകാശങ്ങളും പൌരസ്വാതന്ത്യ്രവും ബൂര്‍ഷ്വാസിയുടെ ഔദാര്യമല്ല; സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ജനങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണത്.
തിരിച്ചടികള്‍ ഇരുപതാം നൂറ്റാണ്ടിലെ മാനവരാശിക്കുമേല്‍ അതിഗംഭീരമായ നേട്ടങ്ങളും മായ്ചുകളയാനാകാത്ത മുദ്രകളും ചാര്‍ത്തിയിട്ടും സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അവിടെ സോഷ്യലിസത്തിനും അന്ത്യമായി. ഇതിന്റെ കാരണങ്ങള്‍ 1992ല്‍ സിപിഐ എമ്മിന്റെ പതിനാലാം പാര്‍ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പ്രമേയത്തില്‍ വിലയിരുത്തിയിട്ടുണ്ട്.
ഒരിക്കല്‍ സോഷ്യലിസം സ്ഥാപിക്കപ്പെട്ടാല്‍ അതില്‍നിന്ന് പിന്നോട്ടുപോക്ക് ഉണ്ടാകില്ലെന്നത് അബദ്ധ ധാരണയാണ്. രണ്ടാംലോകയുദ്ധാനന്തരം ലോകരാജ്യങ്ങളില്‍ മൂന്നിലൊന്നും സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കു കീഴിലായെങ്കിലും ശേഷിക്കുന്ന മൂന്നില്‍ രണ്ട് ഭാഗവും ആധുനിക മുതലാളിത്തത്തിന് കീഴില്‍ തന്നെയായിരുന്നു. ലോക സോഷ്യലിസം ലോക മുതലാളിത്തത്തിന്റെ വലയത്തിനുള്ളില്‍ തന്നെയായിരുന്നു എന്നര്‍ത്ഥം. നഷ്ടപ്പെട്ട മൂന്നിലൊന്ന് ഭാഗത്ത് അധിശീത്വം വീണ്ടെടുക്കാന്‍ മുതലാളിത്തം നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. സോഷ്യലിസം മുതലാളിത്തത്തിന്റെ പരാജയത്തെ അടയാളപ്പെടുത്തി. പക്ഷേ, വര്‍ഗചൂഷണത്തില്‍ അധിഷ്ഠിതമായ മുതലാളിത്തത്തില്‍നിന്ന് വര്‍ഗരഹിത സമൂഹമായ കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടം മാത്രമാണത്. അതുകൊണ്ടുതന്നെ സോഷ്യലിസത്തിന്റെ പരിവര്‍ത്തനഘട്ടം അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുതലാളിത്തവുമായുള്ള രൂക്ഷമായ വര്‍ഗസമരങ്ങളുടെ ഘട്ടമാണ്. ഈ ഘട്ടത്തില്‍ സോഷ്യലിസ്റ്റ് ശാക്തീകരണത്തെ ആശ്രയിച്ച് വര്‍ഗശക്തികള്‍ തമ്മിലുള്ള ബന്ധം മാറിമറിയാം.
വര്‍ഗശക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ അവയുടെ ശക്തിയെക്കുറിച്ച് തെറ്റായ കണക്കുകൂട്ടലുണ്ടായാല്‍ സ്വാഭാവികമായും അത് സോഷ്യലിസത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കും. ഫാസിസത്തിന്റെ തകര്‍ച്ചയും സോഷ്യലിസ്റ്റ് വിപ്ളവങ്ങളുടെ വിജയവും ഇത്തരത്തില്‍ തെറ്റായ ധാരണയ്ക്കിടയാക്കി. സോഷ്യലിസത്തിന്റെ ശക്തിയെ കണക്കിലേറെ മതിക്കുകയും മുതലാളിത്തത്തിന്റെ ശേഷിയെ വിലകുറച്ചുകാണുകയും ചെയ്യുന്നതായിരുന്നു ആ പ്രവണത. വികസിതമുതലാളിത്ത രാജ്യങ്ങളില്‍ മുതലാളിത്തം അവശേഷിക്കുകയും ലോകത്തിലെ മൂന്നില്‍രണ്ട് രാജ്യങ്ങളും അതിനുകീഴില്‍ നില്‍ക്കുകയും ചെയ്യുന്നതിന്റെ അര്‍ഥം ഉല്‍പ്പാദകശക്തികള്‍ക്കുമേല്‍ മുതാലാളിത്തത്തിന്റെ നിയന്ത്രണം നിലനില്‍ക്കുന്നു എന്നാണ്. മാറിയ ആഗോളവ്യവസ്ഥയിലേക്ക് സ്വയം അനുരൂപമായ മുതലാളിത്തം സോഷ്യലിസത്തിത്തെ സൈനികമായും രാഷ്ട്രീയമായും സാമ്പത്തികമായും എതിരിടാനും ആശയപ്രചാരണം നടത്താനും തുടങ്ങി. ഈ രണ്ടാം ലോകയുദ്ധാനന്തര ഘട്ടമാണ് ശീതയുദ്ധകാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്നത്.
സാമ്രാജ്യത്വത്തിന്റെ ഈ വെല്ലുവിളിയെ സോവിയറ്റ് യൂണിയനും ലോക സോഷ്യലിസവും നേരിട്ടപ്പോള്‍ അതിന്റെ ഉള്‍ക്കരുത്ത് ചില പിശകുകളാലും സോഷ്യലിസ്റ്റ് നിര്‍മിതിയിലെ കൃത്യവിലോപത്താലും ക്ഷയിച്ചു. സിപിഐ എം പതിനാലാം പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുള്ളതുപോലെ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ വര്‍ഗസ്വഭാവം, സോഷ്യലിസ്റ്റ് ജനാധിപത്യസ്ഥാപനം, സോഷ്യലിസ്റ്റ് സാമ്പത്തിക നിര്‍മിതി, സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കു കീഴില്‍ ജനങ്ങളെ ആശയപരമായി ബോധവല്‍ക്കരിക്കല്‍ എന്നീ നാല് മേഖലയിലാണ് പ്രധാനമായും വീഴ്ച സംഭവിച്ചത്.
സോഷ്യലിസത്തിന് തിരിച്ചടി നേരിട്ടത് മാര്‍ക്സിസം– ലെനിനിസത്തിന്റെ വിപ്ളവതത്വങ്ങളുടെ അപര്യാപ്തതകൊണ്ടല്ല. മറിച്ച്, മാര്‍ക്സിസം–ലെനിനിസത്തിന്റെ ശാസ്ത്രീയവും വിപ്ളവാത്മകവുമായ അന്തഃസത്തയില്‍നിന്ന് വേര്‍പെട്ടുപോയതുകൊണ്ടാണ്. അതിനാല്‍, ഈ തിരിച്ചടി മാര്‍ക്സിസം– ലെനിനിസത്തിന്റെയോ സോഷ്യലിസ്റ്റ് മാതൃകയുടെയോ നിരാകരണമല്ല.
മുതലാളിത്തത്തിന്റെ പ്രതിസന്ധിയും സോഷ്യലിസ്റ്റ് ബദലും
ആഗോള മുതലാളിത്തം കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ മാനവരാശിക്ക് ചൂഷണത്തില്‍നിന്ന് മുക്തിനേടാനുള്ള ഏകമാര്‍ഗമായി ശേഷിക്കുന്നത് സോഷ്യലിസമാണ്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യംമുതല്‍ മുതലാളിത്തം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. പ്രതിസന്ധിയുടെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നാലും മുതലാളിത്തം ഒരിക്കലും സ്വയംതകരില്ല. വെല്ലുവിളിക്കാന്‍ ഒരു രാഷ്ട്രീയബദല്‍ ഉയര്‍ന്നുവന്നില്ലെങ്കില്‍ അത് പ്രതിസന്ധിയെ അതിജീവിക്കുകയും ചൂഷണം തുടരുകയുംചെയ്യും. അതിനാല്‍, സോഷ്യലിസ്റ്റ് രാഷ്ട്രീയ ബദല്‍ വിപുലമായി വളര്‍ത്തേണ്ടതുണ്ട്.
മുതാലളിത്തത്തിന്റെ കൊള്ളയ്ക്കെതിരെ ലോകത്താകമാനം സമരങ്ങള്‍ വളരുകയാണ്. അത്തരം സമരങ്ങളെ ഒന്നിച്ചുചേര്‍ത്ത് മുതലാളിത്ത ഭരണത്തിനെതിരായ വര്‍ഗസമരമാക്കി മാറ്റണം. ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പ്രമേയത്തില്‍ വ്യക്തമാക്കിയപോലെ വിപ്ളവപാര്‍ടിയുടെ ശേഷി വര്‍ധിപ്പിച്ച് പ്രക്ഷോഭങ്ങളില്‍ ജനങ്ങളെ അണിനിരത്തിയാല്‍മാത്രമേ ഓരോ രാജ്യത്തും മുതലാളിത്തത്തിന് പ്രഹരമേല്‍പ്പിക്കാന്‍ കഴിയൂ. ഇതാണ് ഇന്ത്യയില്‍ സിപിഐ എം ഇന്ന് ഏര്‍പ്പെട്ടിരിക്കുന്ന ദൌത്യം. ഈ ലക്ഷ്യം നേടാനുള്ള പ്രവര്‍ത്തനത്തിലാണ് ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസും സംഘടനാ പ്ളീനവും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇന്ത്യന്‍ സാഹചര്യത്തിലെ സോഷ്യലിസം
ജനകീയ ജനാധിപത്യ വിപ്ളവത്തിന്റെ പൂര്‍ത്തീകരണത്തിനുശേഷമേ ഇന്ത്യയിലെ സോഷ്യലിസത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ. എങ്കിലും ഇന്ത്യയില്‍ സോഷ്യലിസം അര്‍ഥമാക്കുന്നത് ഇതാണ്:
* എല്ലാ മനുഷ്യര്‍ക്കും ഭക്ഷ്യസുരക്ഷ, എല്ലാവര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നിവയ്ക്കുള്ള സാര്‍വത്രിക അവകാശം. തൊഴിലാളികളുടെയും കര്‍ഷകരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ജീവിതനിലവാരം ഉയര്‍ത്തി ജനങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ ശാക്തീകരണം.
* മറ്റെന്തിലുമുപരി ജനങ്ങളുടെ ശക്തിക്കാകും പരമാധികാരം. ജനാധിപത്യം, അതിന്റെ അവകാശങ്ങള്‍, പൌരസ്വാതന്ത്യ്രം എന്നിവ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിയമ, രാഷ്ട്രീയ, സാമൂഹ്യക്രമത്തിന്റെ അവിഭാജ്യ ഘടകങ്ങളാകും. ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ ഭ്രമാത്മകമായ ഔപചാരിക അവകാശങ്ങള്‍ നിലവിലുണ്ടാകുമെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അവ ലഭ്യമാകുന്നില്ല. എന്നാല്‍, എല്ലാ പൌരന്മാരുടെയും സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ ശക്തീകരണത്തെ അടിസ്ഥാനമാക്കിയാകും സോഷ്യലിസത്തിനു കീഴിലെ ജനാധിപത്യം. വിയോജിക്കാനുള്ള അവകാശവും ആവിഷ്കാര സ്വാതന്ത്യ്രവും അഭിപ്രായങ്ങളിലെ ബഹുസ്വരതയും പുഷ്ടിപ്പെടും.
* ജാതിവ്യവസ്ഥ ഉന്മൂലനംചെയ്യുന്നതിലൂടെ ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തല്‍ ഇല്ലാതാകും. എല്ലാ ഭാഷാസമൂഹങ്ങള്‍ക്കും തുല്യസ്ഥാനമാകും. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും തുല്യത ലഭിക്കുകയും ലിംഗവിവേചനം ഇല്ലാതാവുകയുംചെയ്യും.
* സാമൂഹ്യമായ ഉല്‍പ്പാദനത്തിലൂടെയും കേന്ദ്ര (?) ആസൂത്രണത്തിലൂടെയുമാകും സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുക. പല തരത്തിലുള്ള ആസ്തികള്‍ നിലനില്‍ക്കുമെങ്കിലും ഉല്‍പ്പാദനപ്രക്രിയയുടെ സാമൂഹ്യ ഉടമസ്ഥതയാകും നിര്‍ണായക ശക്തിയാവുക. രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സുപ്രധാന പങ്ക് നിര്‍വഹിക്കുമ്പോള്‍ത്തന്നെ സംഘടിതവും സഹകരണാടിസ്ഥാനത്തിലുള്ളതുമായ ഉടമസ്ഥതയും സാമ്പത്തികനയങ്ങളിലെ സര്‍ക്കാരിന്റെ നിയന്ത്രണവും നിലനില്‍ക്കും.
(20–ാം പാര്‍ടി കോണ്‍ഗ്രസ്, ചില പ്രത്യയശാസ്ത്ര വിഷയങ്ങളെക്കുറിച്ചുള്ള പ്രമേയം)
ലോകത്തെ മാറ്റാനാകും
കാള്‍ മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞു: 'തത്വചിന്തകര്‍ ലോകത്തെ പല തരത്തില്‍ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ലോകത്തെ മാറ്റിമറിക്കുകയാണ് പ്രധാനം'. ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് ഒക്ടോബര്‍ വിപ്ളവം തെളിയിച്ചു. അതുതന്നെയാണ് ഈ മഹത്തായ വിപ്ളവത്തിന്റെ ശാശ്വതപ്രസക്തി. തിരിച്ചടി ഉണ്ടായിട്ടുണ്ടെങ്കിലും ഒക്ടോബര്‍വിപ്ളവവും അതിന്റെ സംഭാവനകളും മാനവരാശിയുടെ പുരോഗതിയുടെ പാതയെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. വിപ്ളവപോരാട്ടത്തിന്റെ വഴിതേടുന്ന എല്ലാവര്‍ക്കും പ്രചോദനമാണത്.
ഒക്ടോബര്‍വിപ്ളവത്തിന് ലോകത്തെ മാറ്റിമറിക്കാനായെങ്കില്‍ ഇന്ത്യന്‍വിപ്ളവത്തിനും അത് സാധിക്കും. ഈ സാധ്യതയെ യാഥാര്‍ഥ്യമാക്കിമാറ്റാന്‍ നാം സ്വയം സജ്ജമാകേണ്ടതുണ്ട്.
Read more: http://www.deshabhimani.com/articles/october-revolution/601178
No comments:
Post a Comment