Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, January 17, 2011

വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദി

സാമൂഹ്യ പ്രതിബദ്ധതയോടെ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ വ്യാപനം ത്വരിതപ്പെടുത്തുക, വിവര സാങ്കേതിക വിദ്യയുടെ ജനപക്ഷ പ്രയോഗം സാധ്യമാക്കുക, അതിലൂടെ വിവര സാങ്കേതികവിദ്യയുടെ പ്രയോജനം പിന്നോക്ക ജന വിഭാഗങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അതി വേഗം ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ ഒരു സംസ്ഥാനതല കൂട്ടായ്മ ആവശ്യമാണെന്ന കാര്യം 2008 നവമ്പര്‍ 15-16 തീയതികളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തോടെ പല കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നു.
21-12-2008 ല്‍ എറണാകുളത്തു് BEFI ഓഫീസിലെ നരേഷു് പാല്‍ സെന്ററില്‍ ചേര്‍ന്ന ഐറ്റി പ്രോഫഷണലുകളുടേയും ഉപഭോക്താക്കളുടേയും സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രവര്‍ത്തകരുടേയും സംയുക്ത യോഗം സാമൂഹ്യ പ്രതിബദ്ധതയോടെ സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപനവും വിവര സാങ്കേതിക വിദ്യയുടെ ജനപക്ഷ പ്രയോഗവും ലക്ഷ്യം വെച്ചു് സംസ്ഥാന വ്യാപകമായ ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പ്രസ്തുത യോഗം ഈ കൂട്ടായ്മയുടേയും അതിലൂടെ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ വ്യാപനത്തിനും വിവര സാങ്കേതിക വിദ്യയുടെ ജന പക്ഷ പ്രയോഗത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കു് മുന്‍കൈയെടുക്കാന്‍ 21 പേരടങ്ങുന്ന സംഘാടക സമിതിയും പ്രചരണത്തിനും പ്രോജക്ടു് രൂപീകരണത്തിനും വേണ്ടി രണ്ടു് കമ്മിറ്റികളും രൂപീകരിച്ചു. സംഘാടക സമിതിയുടെ 23-05-2009 ല്‍ എറണാകുളത്തു് നരേഷു്പാല്‍ സെന്ററില്‍ ചേര്‍ന്ന യോഗം താഴെപ്പറയുന്ന നയപരിപാടി പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഈ കൂട്ടായ്മ പ്രവര്‍ത്തിക്കണമെന്നും ഇക്കാര്യങ്ങള്‍ വിശദീകരിച്ചു് കൊണ്ടുള്ള നയപരിപാടി പ്രമേയം പ്രസിദ്ധീകരിക്കണമെന്നും ജില്ലാ തല കണ്‍വെന്‍ഷനുകളിലും തുടര്‍ന്നു് സംസ്ഥാന കണ്‍വെന്‍ഷനിലും ചര്‍ച്ച ചെയ്തു് അവസാന രൂപം നല്‍കണമെന്നും തീരുമാനിച്ചു.
സംഘടനാ പ്രമാണങ്ങള്‍.
സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രവര്‍ത്തകരും പ്രൊപ്രൈറ്ററി സോഫ്റ്റു്വെയറുകള്‍ ഉപയോഗിക്കുന്നവരെങ്കിലും സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപനം ലക്ഷ്യമായി അംഗീകരിക്കുന്ന ഐറ്റി പ്രൊഫഷണലുകളും തൊഴിലാളികളും വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരും ഈ പ്രസ്ഥാനത്തോടൊപ്പം ഉണ്ടായിരിക്കുന്നതാണു്.
ജില്ലാതലത്തിലും പ്രാദേശിക തലത്തിലും സ്ഥാപന തലത്തിലും കൂട്ടായ്മകള്‍ രൂപീകരിക്കാവുന്നതാണു്. സ്ഥാപന തലത്തിലും പ്രാദേശിക തലത്തിലുമുള്ള കൂട്ടായ്മകള്‍ ജില്ലാ തലത്തിലും അവ സംസ്ഥാന തലത്തിലും കേന്ദ്രീകരിക്കപ്പെടും.
വര്‍ഷത്തിലൊരിക്കലെങ്കിലും യോഗം ചേരുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും വേണം.
മേല്‍ ലക്ഷ്യങ്ങള്‍ നേടാനാവശ്യമായ ഫണ്ടു് ശേഖരിക്കുകയും പൊതു ഫണ്ടെന്ന നിലയില്‍ ഉത്തര വാദിത്വത്തോടെ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുക.
ഉദ്ദേശ ലക്ഷ്യങ്ങള്‍.
സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും വികാസവും സ്വതന്ത്ര സോഫ്റ്റു്വെയറിന്റേയും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡിന്റേയും ജനറല്‍ പബ്ലിക് ലൈസന്‍സ് സംവിധാനത്തിന്റേയും വികാസവും വര്‍ദ്ധിച്ചതും വ്യാപകവുമായ ഉപയോഗവും അതിലൂടെ വിവര സാങ്കേതിക വിദ്യയില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ശാക്തീകരണവും സമത്വാധിഷ്ഠിത പുരോഗതിയും ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമാണു്.
ഈ കൂട്ടായ്മ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ പ്രയോഗം വ്യാപിപ്പിക്കുന്നതിനു് വേണ്ടി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുകയും കേരളത്തിലെ ഇടതു് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വതന്ത്ര സോഫ്റ്റു്വെയറിന്റേയും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡിന്റേയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന "കേരള ഐറ്റി പോളിസി 2007” ന്റെ ശരിയായ പ്രയോഗത്തിനു് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യുന്നതാണു്.
ഈ കൂട്ടായ്മ സര്‍ക്കാര്‍ വകുപ്പുകളിലും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സാമൂഹ്യ സ്ഥാപനങ്ങളിലും സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിക്കുന്നു എന്നുറപ്പാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കും.
സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ ഉപയോഗവും പൊതു മേഖലയിലും സ്വകാര്യ മേഖലയിലും സ്വതന്ത്ര സോഫ്റ്റു്വെയര്‍ അധിഷ്ഠിതമായ വ്യവസായ യൂണിറ്റുകളും പ്രോത്സാഹിപ്പിക്കും.
സ്വതന്ത്ര സോഫ്റ്റു്വെയര്‍ സാങ്കേതിക വിദ്യയുടെ സാധ്യതകളുപയോഗപ്പെടുത്തി കൂട്ടായ്മയിലുള്ളവരെ ശാക്തീകരിക്കുകയും സംസ്ഥാനത്തു് മനുഷ്യവിഭവ വികസനവും സാങ്കേതിക വികസനവും നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യും
പൊതുവെ ഐറ്റി വ്യവസായ യൂണിറ്റുകള്‍ക്കു് നല്‍കപ്പെട്ട സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍ക്കു് പുറമേ സ്വതന്ത്ര സോഫ്റ്റു്വെയറധിഷ്ഠിത വ്യവസായ യൂണിറ്റുകള്‍ക്കു് കൂടുതലായി സര്‍ക്കാര്‍ പ്രോത്സാഹനം തേടും.
സംസ്ഥാനത്തിനകത്തു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രോത്സാഹനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളും ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുകയും അവരുമായി ചേര്‍ന്നു് അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും.
പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരുമായി യോജിച്ചു് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വ്യാപനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുകയും വിവര സാങ്കേതിക രംഗത്തുള്ളവരെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു് പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കനുകൂലമായി വിര്‍ച്ച്വല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിക്കും.
വിര്‍ച്ച്വല്‍ മീഡിയയില്‍ കൂട്ടായ്മയുടെ സാന്നിദ്ധ്യവും ബന്ധങ്ങളും വ്യാപിപ്പിക്കും.
വിവര സാങ്കേതിക മേഖലയിലെ പ്രശ്നങ്ങളില്‍ സാമൂഹ്യോത്തരവാദിത്വത്തോടെ ഇടപെടുക.
സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ സാധ്യതകളുപയോഗപ്പെടുത്തി പ്രാദേശിക-ദേശീയ ശാക്തീകരണവും ഐറ്റി പ്രൊഫഷണലുകളുടേയും തൊഴിലാളികളുടേയും ക്ഷേമവും വൈദഗ്ദ്ധ്യപോഷണവും പൊതുവെ സാങ്കേതിക വിദ്യാ വികാസവും വിവരാധിഷ്ഠിത സേവനങ്ങളുടെ വികാസവും ലക്ഷ്യം വെച്ചു് വിവര സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുക.
മേല്‍ ലക്ഷ്യങ്ങള്‍ നേടാനായി സ്വതന്ത്ര സോഫ്റ്റു്വെയര്‍ കൂട്ടായ്മ വളര്‍ത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുക.
പ്രവര്‍ത്തന പരിപാടികള്‍
ജില്ലാ തല കണ്‍വെന്‍ഷനുകള്‍/ഘടകങ്ങള്‍
പ്രാദേശിക/സ്ഥാപന തല യോഗങ്ങള്‍/ഘടകങ്ങള്‍
സംസ്ഥാനതല കണ്‍വെന്‍ഷന്‍
സര്‍ക്കാര്‍ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ ഉപയോഗം വേഗത്തിലും കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങുന്ന മെമ്മോറാണ്ടം.
സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യവസായ യൂണിറ്റുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രോത്സാഹന നിര്‍ദ്ദേശങ്ങളടങ്ങുന്ന മെമ്മോറാണ്ടം.
ഇ-പബ്ലിക്കേഷന്‍
സംസ്ഥാനത്തെ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രൊപ്രൈറ്ററി പരിഹാരങ്ങള്‍ക്കു് പോകുന്നതിനെതിരായ ഇടപെടലുകള്‍
ജില്ലാ/പ്രാദേശിക/സ്ഥാപന തല സ്വതന്ത്ര സോഫ്റ്റു്വെയര്‍ പരിശീലന പരിപാടി
വിര്‍ച്ച്വല്‍ മീഡിയയിലെ ഇടപെടലുകള്‍
pragoti.org പോലെ മലയാളം വിജ്ഞാന കേന്ദ്രം സ്ഥാപിക്കുക (www.vivaravicharam.....)
ഐറ്റി പ്രൊഫഷനല്‍/തൊഴിലാളി ക്ഷേമ സംവിധാനം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനം

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളേക്കാല്‍ വേഗം മെച്ചപ്പെടുന്നു
ശൃംഖലാ സുരക്ഷിതത്വവും വിവര സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതില്‍ സ്വതന്ത്ര സോഫ്റ്റു്വെയറിനുള്ള മികവു് പ്രൊപ്രൈറ്റി സോഫ്റ്റു്വെയറുകള്‍ക്കില്ല. സാങ്കേതിക വിദ്യയും മൂല കോഡുകളും (Source Code) പഠനത്തിനും ഉപയോഗത്തിനും ലഭ്യമായതിനാല്‍ അതുപയോഗിക്കുന്നവര്‍ക്ക് പുറത്താര്‍ക്കും അറിയാത്ത സ്വന്തം സുരക്ഷാ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാം. ഉപയോഗിക്കാം. സ്വകാര്യ കമ്പനികള്‍ക്കുള്ളിലെ ജയില്‍ സമാനമായ പരിതോവസ്ഥയില്‍ പണിയെടുക്കുന്ന പരിമിതമായ മനുഷ്യ വിഭവത്തിനുണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തിലും കാര്യക്ഷമതയിലും സ്വതന്ത്രമായ ചുറ്റുപാടില്‍ തങ്ങളുടെ സൃഷ്ടിപരമായ കഴിവ് വിനിയോഗിക്കുന്ന എണ്ണമില്ലാത്ത സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകളുടെ ആഗോള വിവര ശൃംഖലയാല്‍ കോര്‍ത്തിണക്കപ്പെട്ട കൂട്ടായ്മയ്ക്ക് പ്രശ്ന പരിഹാരം കാണാനും സോഫ്റ്റു്വെയര്‍ വികസിപ്പിക്കാനും കഴിയും. സ്വതന്ത്ര സോഫ്റ്റു്വെയറിന്‍റ മികവിനുള്ള അംഗീകാരമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പോലും അവയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് ശൃംഖലാ-വിവര-സുരക്ഷിതത്വമടക്കം ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതില്‍ ചെറുകിട സംരംഭകരുടെ സാധ്യതകളും സ്വാതന്ത്ര്യത്തിന്‍റേയും ജനാധിപത്യത്തിന്‍റേയും മേന്മകളും ഇത് വെളിവാക്കുന്നു.
ഉല്പന്നങ്ങളും സേവനങ്ങളും സാമ്പത്തിക ബന്ധങ്ങളുമെന്ന പോലെ സാങ്കേതിക വിദ്യയും സാമ്രാജ്യത്വ അധിനിവേശത്തിന്റെ മാര്‍ഗമായി മാറിയിരിക്കുന്ന ഇന്നു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപകമായി ഉപയോഗിക്കുക എന്നതു് വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ സാമ്പത്തിക സ്വാതന്ത്ര്യവും രാഷ്ട്രീയ പരമാധികാരവും സംരക്ഷിക്കുന്നതിനു് ആവശ്യമായി വന്നിരിക്കുന്നു. പ്രത്യേകിച്ചും, ഭരണ രംഗത്തടക്കം പ്രസക്തമായ വിവര സാങ്കേതിക വിദ്യയുടെ നിയന്ത്രണം സോഫ്റ്റു്വെയറിലൂടെ ആയിരിക്കെ.
പക്ഷെ, സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ വ്യാപനത്തിനു് തടസം സൃഷ്ടിക്കുന്ന ചില മുന്‍വിധികള്‍ സമൂഹത്തില്‍ പൊതുവെ നിലനില്‍ക്കുന്നുണ്ടു്. അതിലൊന്നു്, Free Software എന്ന അതിന്റെ പേരില്‍ നിന്നു് ഉളവാകുന്ന അര്‍ത്ഥ വ്യതിയാനമാണു്. അതു് വിലയില്ലാതെ കിട്ടുമെന്ന അര്‍ത്ഥം ആ പേരു് ധ്വനിപ്പിക്കുന്നു. അറിവായതു് കൊണ്ടു് തന്നെ അങ്ങിനെ ലഭിക്കുമെന്ന ധാരണ ഉണ്ടാകുക സ്വാഭാവികമായി ഉണ്ടാകാവുന്നതുമാണു്. നിലവില്‍ വികസിപ്പിക്കപ്പെട്ടു് സ്വതന്ത്ര സോഫ്റ്റു്വെയറുകളായി പ്രഖ്യാപിക്കപ്പെട്ടവ വിലയില്ലാതെ കിട്ടുകയും ചെയ്യും. അങ്ങിനെ ലഭിക്കണമെന്നതു് തന്നെയാണു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനം മുന്നോട്ടു് വെയ്ക്കുന്ന സങ്കല്പവും. പക്ഷെ, സ്വതന്ത്ര സോഫ്റ്റു്വെയറുകള്‍ ഉപയോഗിച്ചുള്ള സേവനം ലഭിക്കാന്‍ വില നല്‍കേണ്ടിവരും. കാരണം അതില്‍ വന്‍തോതില്‍ അദ്ധ്വാനം ചെലുത്തേണ്ടി വരുന്നതു് തന്നെ. പ്രൊപ്രൈറ്ററി സോഫ്റ്റു്വെയറില്‍ സേവനം ലഭ്യമാക്കുമ്പോള്‍ അതിനു് വരുന്ന ചെലവില്‍ രണ്ടു് ഭാഗമുണ്ടു്. ഒന്നു്, അതിനുപയോഗിക്കുന്ന സോഫ്റ്റു്വെയറുകളുടെ ലൈസന്‍സ് ഫീ. മറ്റൊന്നു്, അവയുപയോഗിച്ചു് ലഭ്യമാക്കുന്ന സേവനങ്ങളുടെ വില. ഇതില്‍ ഒന്നാമത്തെ ഭാഗം, ലൈസന്‍സ് ഫീ, സ്വതന്ത്ര സോഫ്റ്റു്വെയറിനു് ആവശ്യമില്ല. കാരണം അതിന്റെ ഉടമസ്ഥത സമൂഹത്തിനാണു്. പക്ഷെ, അവ ലഭ്യമാക്കുന്നതിനുള്ള ചെലവു്, അവ പഠിച്ചു്, ആവശ്യമെങ്കില്‍ മാറ്റം വരുത്തി, അവയുപയോഗിച്ചു് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ചെലവു്, സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിക്കുമ്പോഴും വരും. അതു് പക്ഷെ, പ്രാദേശിക അദ്ധ്വാനത്തിന്റെ വിലയാക്കി മാറ്റാന്‍ കഴിയുമെന്നതും അതിലൂടെ പ്രാദേശിക സമ്പദ്ഘടനയില്‍ നിലനിര്‍ത്താനാവുമെന്നതുമാണു് സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ മേന്മകളില്‍ ഒന്നു്. രണ്ടാമത്തെ ഭാഗമായ സേവനങ്ങളുടെ വില പ്രൊപ്രൈറ്ററി സോഫ്റ്റു്വെയറിനെന്നപോലെ സ്വതന്ത്ര സോഫ്റ്റു്വെയറിനും ആവശ്യമാണു്. സേവനത്തിന്റെ സ്വഭാവത്തിനനുസരിച്ചു് ഏറിയോ കുറഞ്ഞോ വരാം. പലപ്പോഴും ഈ ഭാഗം ചെലവു് സ്വതന്ത്ര സോഫ്റ്റു്വെയറുപയോഗിക്കുമ്പോള്‍ കൂടുതലുമാകാം. കാരണം അവ മെച്ചപ്പെടുത്താനായി മാറ്റങ്ങള്‍ വരുത്തേണ്ടതായി വരുന്നതാണു്. ചുരുക്കത്തില്‍ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ മേന്മ വിലയില്ലെന്നുള്ളതല്ല, ലൈസന്‍സ് ഫീ ഇല്ലെന്നതും പ്രൊപ്രൈറ്ററി ലൈസന്‍സിലൂടെ ഉളവാകുന്ന അസ്വാതന്ത്ര്യങ്ങള്‍ ഇല്ലെന്നതുമാണു്. വിലയല്ല, സ്വാതന്ത്ര്യമാണു് സ്വതന്ത്ര സോഫ്റ്റു്വെയറുമായി ബന്ധപ്പെട്ടു് കാണേണ്ട മേന്മ. ഇതാകട്ടെ, സാമ്പത്തികമെന്നതിനേക്കാള്‍ അറിവിന്റെ സാമൂഹ്യോടമസ്ഥതയുടെ, അതായതു് ധാര്‍മ്മികതയുടെ, പ്രശ്നമായാണു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രസ്ഥാനം കാണുന്നതു്.
ഇതിനര്‍ത്ഥം സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിക്കുന്നതു മൂലം ചെലവു് കൂടുമെന്നല്ല. മൊത്തം ചെലവു് എല്ലായ്പോഴും വളരെ കുറഞ്ഞിരിക്കും. ഇതിനു് കാരണം, അതനുവദിക്കുന്ന മറ്റു് സ്വാതന്ത്ര്യങ്ങളാണു്. എത്ര കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാം. പ്രൊപ്രൈറ്ററി സോഫ്റ്റു്വെയറാകുമ്പോള്‍ കമ്പ്യൂട്ടര്‍ എണ്ണം കൂടുന്നതനുസരിച്ചു് ലൈസന്‍സ് ഫീ കൂടുതല്‍ വേണം. ഒരിക്കല്‍ ചെയ്തെടുത്ത കാര്യം മറ്റോരു സ്ഥാപനത്തിനായി പകര്‍ത്തുമ്പോള്‍ അതിനു് ചെലവു് ഗണ്യമായി കുറയും. പ്രൊപ്രൈറ്ററി സോഫ്റ്റു്വെയറോ സേവനമോ ആകുമ്പോള്‍ അതിനു് സാധ്യമല്ല. അഥവാ ലൈസന്‍സ് ഫീയുടെ അധികച്ചെലവു് വരാം. മറ്റുള്ളവരുമായി ചേര്‍ന്നു് ചെലവു് വീതിക്കാം. ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്കു് സേവനം നല്‍കുന്നതിലൂടെ വരുമാനവും ഉണ്ടാക്കാം. സ്വന്തമായി സുരക്ഷിതത്വ സംവിധാനം രൂപകല്പന ചെയ്യാനനുവദിക്കുന്ന സ്വാതന്ത്ര്യം സുരക്ഷിതത്വത്തിനു് വേണ്ടി വേറെ സോഫ്റ്റു്വെയര്‍ വാങ്ങുന്നതടക്കമുള്ള വലിയ ചെലവു് ഒഴിവാക്കുന്നു. സ്വതന്ത്ര സോഫ്റ്റു്വെയറനുവദിക്കുന്ന സ്വാതന്ത്ര്യം ഉപകരണങ്ങളുടെ ചെലവു് കുറയ്ക്കാനും ഉപകരിക്കുന്ന ഒന്നാണു്. സോഫ്റ്റു്വെയറില്‍ മാറ്റം വരുത്തി ആവശ്യം ആവശ്യമുള്ള സോഫ്റ്റു്വെയര്‍ ഭാഗം മാത്രം എടുത്തു് അതിനു് പാകത്തിലുള്ള വില കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിച്ചു് ആവശ്യം നിര്‍വഹിക്കാം. അനവധി ടെര്‍മിനലുകളുള്ള ശൃംഖല സൃഷ്ടിക്കുമ്പോള്‍ ഇതു് വളരെ പ്രധാന നേട്ടമാണു്.
ഇന്നു്, സ്വാതന്ത്ര്യം പോലെ തന്നെ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ സാങ്കേതിക മേന്മയും ചെലവു് കുറയ്ക്കുന്ന ഘടകമാണു്. വൈറസു് ബാധയില്ലെന്നതു് ആന്റി വൈറസു് പ്രോഗ്രാമുകള്‍ക്കു് വേണ്ടി വരുന്ന ചെലവു് കുറയ്ക്കുന്നു. ഉപകരണങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുന്നു. ശൃംഖലാ സുരക്ഷിതത്വവും ശേഷിയും (Network security and stability) സ്വതന്ത്ര സോഫ്റ്റു്വെയറുകളുടെ സാങ്കേതിക മേന്മകളാണു്. സുരക്ഷിതത്വത്തിനു് വേണ്ടിവരുന്ന വിലകൂടിയ ഉപകരണങ്ങള്‍ക്കു് വേണ്ടി വരുന്ന ചെലവു് കുറയ്ക്കുന്നു. ശൃഖലാ തകരാറുകള്‍ മൂലമുള്ള സമയ നഷ്ടവും അതുവഴിയുള്ള വിഭവ നഷ്ടവും ഒഴിവാക്കുന്നു.
പരിശോധന ആവശ്യമായ ചില പരിമിതികള്‍
സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ വ്യാപനത്തിനു് തടസം സൃഷ്ടിക്കുന്ന മറ്റൊരു മുന്‍വിധി സ്വാതന്ത്ര്യത്തിന്റെ ധാര്‍മ്മികതയുടെ വശത്തിനു് അമിതമായ ഊന്നല്‍ കൊടുക്കുന്നതു് മൂലം അതു് വ്യവസായാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനെതിരെ ചില സന്നദ്ധ കൂട്ടായ്മകള്‍ എടുത്തു പോരുന്ന നിലപാടുകളാണു്. ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ ചെറിയ സ്ഥാപനങ്ങള്‍ക്കോ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ സേവനം എത്തിക്കാനും പരിശീലനം നല്‍കി അവരെ തുടര്‍ പ്രവര്‍ത്തനം നടത്താന്‍ പ്രാപ്തരാക്കാനും കഴിഞ്ഞേക്കും. പക്ഷെ, സോഫ്റ്റു്വെയര്‍ രംഗത്തെ ചൂഷണം വ്യക്തികളേക്കാളേറെ സമൂഹങ്ങളെ ബാധിക്കുന്നതാണു്. രാഷ്ട്രങ്ങളെ ബാധിക്കുന്നതാണു്. ഉദാഹരണത്തിനു് കേരള സംസ്ഥാന സര്‍ക്കാരിന്റെ നൂറിലേറെ വകുപ്പുകള്‍ക്കും അത്ര തന്നെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സ്വതന്ത്ര സോഫ്റ്റു്വെയര്‍ സേവനം നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ കഴിയില്ല. മാത്രമല്ല, സന്നദ്ധ പ്രവര്‍ത്തകരുടെ സൌകര്യാനുസരണം മാത്രം നല്‍കപ്പെടുന്ന സേവനത്തെ ആശ്രയിച്ചു് വലിയ പൊതു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നീക്കാന്‍ അതിന്റെ മാനേജു്മെന്റിനു് തീരുമാനമെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. അവര്‍ക്കു് ഉത്തരവാദിത്വ പൂര്‍വം സമയബന്ധിതമായി സേവനം നല്‍കുന്ന സംരംഭകരെത്തന്നെ മാത്രമേ ആശ്രയിക്കാന്‍ കഴിയു. മറ്റൊരു സാദ്ധ്യത പൊതുമേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയാണു്. ഇന്നത്തെ സ്വത്തുടമാ വ്യവസ്ഥയില്‍ നിലവിലുള്ള സര്‍ക്കാരുകള്‍ക്കു് സാമൂഹ്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു് പരിമിതികളുണ്ടു്. അവയെ ഏല്പിച്ചു് കൊടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ പോലും നിര്‍വഹിക്കാന്‍ നിരന്തരം നടക്കുന്ന സാങ്കേതിക നവീകരണം തല്‍സമയം ഉള്‍ക്കൊള്ളാനുള്ള വൈദഗ്ദ്ധ്യക്കുറവു് മൂലം കഴിയാതെ പോകുന്നുമുണ്ടു്. സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും ആശ്രയം വിദേശ ബഹുരാഷ്ട്ര കുത്തകകളുടെ പ്രൊപ്രൈറ്ററി പരിഹാരം മാത്രമായിത്തീരുന്ന സ്ഥിതിയാണിന്നു് സന്നദ്ധ സേവനത്തിലൂടെ മാത്രം സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപനമെന്ന ക്ഴ്ചപ്പാടു് കൊണ്ടെത്തിച്ചിട്ടുള്ളതു്.
ഐറ്റി സേവന ദാതാക്കളായി ബഹുരാഷ്ട്ര കമ്പനികള്‍ക്കു് പകരം വെയ്ക്കാന്‍ തദ്ദേശീയ പൊതുമേഖലാ സ്ഥാപനങ്ങളെ ശാക്തീകരിച്ചും അവരെ പുതിയ മേഖലകളിലേയ്ക്കു് കടക്കാന്‍ പ്രേരിപ്പിച്ചും പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിച്ചു് അവരുടെ കഴിവുകളും വിഭവങ്ങളും കൂടി ഉപയോഗിച്ചും പ്രാദേശിക-ദേശീയ ശാക്തീകരണത്തിലൂടെ ആഭ്യന്തര സേവന സംവിധാനം സൃഷ്ടിക്കുക എന്നതാണു്. ഇതിനായി ചെയ്യേണ്ടതു് പൊതുമേഖലാ സ്ഥാപനങ്ങളെ സേവന ദാതാക്കളായി തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ നല്‍കുന്ന സേവനങ്ങള്‍ സ്വതന്ത്ര സോഫ്റ്റു്വെയറില്‍ തന്നെയായിരിക്കണം എന്നു് ഉറപ്പു വരുത്തുകയും സ്വകാര്യ സംരംഭകരെ മത്സരാധിഷ്ഠിത ടെണ്ടറിലൂടെ പണി ഏല്പിക്കുകയുമാണു്. അങ്ങിനെ ചെയ്യുമ്പോള്‍, വലിയ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും സമഗ്ര ഭരണ സംവിധാനം മാതിരിയുള്ളവ (e-governance, ERP തുടങ്ങിയവ) പല ഘട്ടങ്ങളായി തിരിച്ചു് പൊതുമേഖലാ ഐറ്റി സേവന ദാതാക്കളേയും സ്വകാര്യ സംരംഭകരേയും അവരുടെ മുന്‍പരിചയമോ വലിപ്പമോ സാമ്പത്തിക ശേഷിയോ നോക്കാതെ തന്നെ ഏല്പിക്കേണ്ടതാണു്. വിവര വിനിമയ ശൃംഖലാധിഷ്ഠിത ഭരണ സംവിധാനം വികസിപ്പിക്കുകയും സ്ഥാപിക്കുകയുമെന്നതു് സ്ഥാപനത്തിന്റെ വലിപ്പത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. സാങ്കേതിക പരിജ്ഞാനവും സംരംഭകത്വവും സ്വതന്ത്ര സോഫ്റ്റു്വെയറിനോടുള്ള ആഭിമുഖ്യവുമാണു് കൂടുതല്‍ പ്രധാനം. അവര്‍ക്കുള്ള കണ്‍സള്‍ടന്‍സി നല്‍കുന്നതിനായി സ്വതന്ത്ര സോഫ്റ്റു്വെയര്‍ വിദഗ്ദ്ധരുടെ ഒരു സമിതി ഐറ്റി വകുപ്പിനു് കീഴില്‍ നിലനിര്‍ത്തണം. അതു് തന്നെ പദ്ധതിയുടെ പുരോഗതിയും പൂര്‍ത്തീകരണവും പരിശോധിക്കുകയും വേണം. ആദ്യത്തെ കുറെ പ്രോജക്ടുകള്‍ക്കു് മാത്രം പുറമേ നിന്നുള്ള അനൌദ്യോഗിക അംഗങ്ങളുണ്ടാവണം. അവരുടെ കൂടെ പ്രവര്‍ത്തിച്ചു് പരിചയം ലഭിക്കുന്ന മുറയ്ക്കു് ക്രമേണ ഐറ്റി വകുപ്പിലോ മിഷനിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കു് തന്നെ ഈ കര്‍ത്തവ്യം ഏറ്റെടുക്കാവുന്നതാണു്.
ആദ്യം സ്പെസിഫിക്കേഷനും ഡിസൈനും തുടര്‍ന്നു് പ്രോട്ടോടൈപ്പും അവ സമയ ബന്ധിതമായും ഗുണമേന്മ പുലര്‍ത്തിക്കൊണ്ടും ചെയ്തു് തീര്‍ക്കുന്നവരെ മാത്രം തുടര്‍ന്നുള്ള വ്യാപനവും ഏല്പിക്കുക എന്ന രീതിയില്‍ ചെയ്യേണ്ടതാണു്. ഇതായിരിക്കും പ്രാദേശിക ശാക്തീകരണത്തിനുള്ള മാര്‍ഗം. അതു് പ്രാദേശിക ചെറുകിട സംരംഭകര്‍ക്കു് പ്രോത്സാഹനവുമാകും. കേരളത്തിന്റെ ഐറ്റി വ്യവസായവല്‍ക്കരണത്തിനുള്ള സര്‍ക്കാരിന്റെ ഏറ്റവും മികച്ച പ്രോത്സാഹനവും സഹായവും അതായിരിക്കും. ഇത്തരം സംവിധാനങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാങ്കേതിക സ്വാംശീകരണത്തിനും സ്ഥാപന ശാക്തീകരണത്തിനുമായി അതതു് വകുപ്പുകളില്‍ നിന്നുള്ള ഒരു സംഘം ജീവനക്കാരെ കൂടി സേവന ദാതാക്കള്‍ക്കൊപ്പം പദ്ധതി നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. തുടര്‍ സേവനം ക്രമേണ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടു് അതതു് സ്ഥാപനത്തിലെ പരിചയം സിദ്ധിച്ച സംഘം ഏറ്റെടുക്കണം. അപ്പോഴേക്കും സേവന ദാതാക്കള്‍ പുറത്തുള്ള സ്ഥാപനങ്ങള്‍ക്കു് സേവനം നല്‍കാനും കമ്പോളത്തില്‍ മത്സരിച്ചു് ഓര്‍ഡര്‍ നേടാനും കെല്പുള്ളവരായി മാറി കഴിഞ്ഞിരിക്കും.
സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ വ്യാപനത്തിനു് തടസം സൃഷ്ടിക്കുന്ന മറ്റൊരു ഘടകം സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രവര്‍ത്തകരുടെ മൌലികവാദ പ്രവണതകളാണു്. പ്രൊപ്രൈറ്ററി സോഫ്റ്റു്വെയറുകളോടുള്ള അവരുടെ ശരിയും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടു് അറിവില്ലായ്മ കൊണ്ടോ തൊഴിലിന്റെ ഭാഗമായോ പോലും അവ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരോടും എതിര്‍പ്പും അകല്‍ച്ചയും ആയി മാറുന്നു. പലപ്പോഴും സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ മേന്മയുടെ പേരില്‍ മുതലെടുക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രവര്‍ത്തകരുടെ ശ്രമവും ഈ സ്ഥിതി വഷളാക്കുന്നുണ്ടു്.

കേരളത്തിലെ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഐടി ഉപയോഗം.

കേരളത്തിലെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും ഓണ്‍ ലൈന്‍ ഭരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പരിപാടികള്‍ ആലോചനയിലുണ്ടു്. ജീവനക്കാര്‍ പൊതുവെ സ്വതന്ത്ര സോഫ്റ്റു്വെയറിനനുകൂലമായി വാദിക്കുന്നുണ്ടെങ്കിലും മാനേജു്മെന്റു് പ്രൊപ്രൈറ്ററി സംവിധാനങ്ങള്‍ക്കനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയാണുള്ളതു്.
സ്വതന്ത്ര സോഫ്റ്റു്വെയറിലേയ്ക്കു് മാറിയാല്‍ ആര്‍ക്കും വിഭവം പാഴാകുന്നത് ഒഴിവാക്കാം. അതിലൂടെ മൊത്തം ചെലവിലുണ്ടാകുന്ന കുറവ് പ്രാദേശിക-ദേശീയ കമ്പോളം വികസിക്കുന്നതിനിടയാക്കും. പ്രാദേശിക-ദേശീയ സേവന ദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോളകുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവര വിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാനേജ് മെന്‍റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവ് മൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഐടിയുടെ പ്രയോഗം.
നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ് വെയറില്‍ യഥാര്‍ത്ഥ അറിവ് നേടാന്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപകരിക്കും. ഇന്നവര്‍ പ്രൊപ്രൈറ്റി സോഫ്റ്റു്വെയറുകളുടെ ഉള്ളറകള്‍ കാണാതെ പുറം മോടിയും അവയുടെ ഉപയോഗ ക്രമവും മാത്രമാണ് പഠിക്കുന്നത്. മറ്റ് വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്കാകട്ടെ, നിലവില്‍ സോഫ്റ്റു്വെയറിന്റെ ചെലവ് താങ്ങാനാവത്തത് മൂലം ബന്ധപ്പെട്ട മേഖലകളുടെ പഠനത്തിന് ആവശ്യമായവ ലഭിക്കാതെ പോകുന്നു. സ്വതന്ത്ര സോഫ്റ്റു്വെയറിലേയ്ക്കുള്ള മാറ്റം ഈ ദുസ്ഥിതിക്ക് പരിഹാരമാകും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോജക്ടുകള്‍

വൈദ്യുതി വകുപ്പിലെ "ഒരുമ"
കേരള സ്റ്റേറ്റു് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ "ജ്യോതി" എന്ന പേരില്‍ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ ആണു് ആദ്യകാലത്തു് ബില്ലിങ്ങിനായി ഏര്‍പ്പെടുത്തിയിരുന്നതു്. അതിലെ ജീവനക്കാരും ഓഫീസര്‍മാരും മുന്‍കൈയെടുത്തു് "ഒരുമ" എന്ന പേരില്‍ സ്വതന്ത്ര സോഫ്റ്റു്വെയറില്‍ ഒരു പാക്കേജ് സ്വന്തമായി വികസിപ്പിച്ചു് പ്രവര്‍ത്തിപ്പിച്ചു് വരുന്നു. ഗ്നൂ/ലിനക്സില്‍ പോസ്റ്റ്ഗ്രേ-എസ്ക്യൂഎല്‍ വിവര സംഭരണി ഉപയോഗിച്ചാണതു് വികസിപ്പിച്ചിട്ടുള്ളതു്. വ്യവസായ മാനദണ്ഡം നോക്കാതെ സ്വന്തമായി വികസിപ്പിച്ചതാണെന്നതിന്റെ പരിമിതികള്‍ ഉള്ളപ്പോഴും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുകരിണീയമായ ഒരു രീതി മാതൃക അവര്‍ അനുവര്‍ത്തിച്ചിട്ടുണ്ടു്. ഇത്തരം സോഫ്റ്റ്‌വെയര്‍ പരിഹാരങ്ങള്‍ സേവനദാതാക്കളും സ്വന്തം വിദഗ്ദ്ധരും അടങ്ങുന്ന സംഘത്തേക്കൊണ്ടു് വികസിപ്പിക്കുകയും തുടര്‍ന്നു് സ്വന്തമായി പ്രവര്‍ത്തിപ്പിക്കുകയുമാണു് കൂടുതല്‍ ഉചിതമായ രീതി. അതിലൂടെ തുടര്‍ന്നു് വരുന്ന വികസനത്തിനാവശ്യമായ അടിസ്ഥാന ധാരണകളും മാനദണ്ഡങ്ങളും രൂപപ്പെടുത്താനും സേവന ദാതാക്കളിലുള്ള അമിതാശ്രിതത്വം ഒഴിവാക്കാനും വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഴിയും.

ആസ്തി നടത്തിപ്പു് സംവിധാനം
ബിഎസു്എന്‍എല്‍ എറണാകുളം മേഖലാ ആസ്ഥാനത്തു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിച്ചു് ഓണ്‍ലൈന്‍ വിഭവ ഭരണ സംവിധാനത്തിന്റെ (Enterprise Resource Planning – ERP) നല്ലൊരു മാതൃക പ്രവര്‍ത്തിപ്പിച്ചു് വരുന്നു. ആസ്തികള്‍ വാങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ - മതിപ്പു് ചെലവു് കണക്കാക്കുന്നതു് മുതല്‍ അംഗീകാരം വാങ്ങുക, ഓര്‍ഡര്‍ നല്‍കുക, സാധനം കൈപ്പറ്റു് രശീതു്, ബില്‍ തയ്യാറാക്കി പണം നല്‍കല്‍, വിതരണം, പണി നടത്തല്‍, അതിനായുള്ള താല്കാലിക തുക നല്‍കല്‍, അവയുടെ ബില്‍ തയ്യാറാക്കലും അംഗീകരാവും, ആസ്തിയാക്കല്‍, ഉപയോഗം, നന്നാക്കല്‍, ഉപയോഗത്തില്‍ നിന്നു് മാറ്റല്‍ തുടങ്ങി അവസാനം സ്ക്രാപ്പു് വിറ്റു് പണം തിരിയെ എടുക്കുകയും സ്ക്രാപ്പു് കയ്യൊഴിയുകയും വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി നടത്തുന്നതാണീ സംവിധാനം. ഗ്നൂ/ലിനക്സില്‍ പോസ്റ്റ്ഗ്രേ-എസ്ക്യൂഎല്‍ വിവര സംഭരണിയാണു് ഈ വെബ്ബു് അധിഷ്ഠിത സംവിധാനത്തില്‍ ഉപയോഗിച്ചിട്ടുള്ളതു്. എറണാകുളം കേന്ദ്ര കമ്പി ഓഫീസിലെ ബില്‍ കളക്ഷന്‍ അക്കൌണ്ടിങ്ങു് സംവിധാനവും മേല്പറഞ്ഞ സ്വതന്ത്ര സോഫ്റ്റു്വെയറിലാണു് പ്രവര്‍ത്തിച്ചു് വരുന്നതു്.

ഐടി@സ്കൂള്‍ പദ്ധതി.

1999 ല്‍ കേരള സര്‍ക്കാര്‍ നിയമിച്ച യു. ആര്‍ റാവു അദ്ധ്യക്ഷനായുള്ള ദൌത്യ സംഘത്തിന്റെ റിപ്പോര്‍ടാണു് ഈ ഹൈസ്കൂളുകളില്‍ ഐടി പഠനം ഏര്‍പ്പെടുത്തുക എന്ന നിര്‍ദ്ദേശം മുന്നോട്ടു് വെച്ചതു്. 2000 നവമ്പര്‍ 22 നു് നല്‍കിയ റിപ്പോര്‍ടിലെ (IT in Education - Vision 2010) ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ 2001 സെപ്റ്റമ്പറില്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഐടി പഠനം ഉള്‍പ്പെടുത്തിക്കൊണ്ടു് സര്‍ക്കാര്‍ ഉത്തരവായി. ഹൈസ്കൂള്‍ അദ്ധ്യപകര്‍ക്കു് തന്നെ ഐടി പരിശീലനം നല്‍കിക്കൊണ്ടു് പദ്ധതി നടപ്പാക്കുകയായിരുന്നു. 2001 ല്‍ തന്നെ 108 അദ്ധ്യാപകര്‍ക്കു് മാസ്റ്റര്‍ പരിശീലകരായി പരിശീലനം നല്‍കപ്പെട്ടു. അവര്‍ മറ്റുള്ളവര്‍ക്കു് പരിശീലനം നല്‍കി. 2002 ജനുവരി 11 നു് മുഖ്യമന്ത്രി ശ്രീ. എ. കെ. ആന്റണി ഐടി@സ്കൂള്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു. 2002-2003 വര്‍ഷം മുതല്‍ കേരളത്തിലെ ഹൈസ്കൂളുകളില്‍ 8-ആം ക്ലാസില്‍ ഐടി പഠനം ആരംഭിച്ചു. തുടര്‍ന്ന വര്‍ഷങ്ങളില്‍ 9, 10 ക്ലാസുകളിലേയ്ക്കു് അതു് വ്യാപിപ്പിക്കുകയായിരുന്നു പരിപാടി. പ്രൊപ്രൈറ്റി പ്ലാറ്റു്ഫോമിലാണു് ആദ്യം ഐറ്റി@സ്കൂള്‍ പ്രോജക്ടു് ആരംഭിച്ചതു്. 250 സര്‍ക്കാര്‍ സ്കൂളുകള്‍ക്കു് ഒരു ലക്ഷം രൂപ വീതം പശ്ചാത്തല സൌകര്യം ഒരുക്കുന്നതിനായി നല്‍കപ്പെട്ടു. ഹൈസ്കൂളുകളില്‍ 50,000 കമ്പ്യൂട്ടറുകള്‍ നല്‍കിക്കൊണ്ടു് ഐടി പഠനം നിര്‍ബ്ബന്ധമാക്കപ്പെട്ടു. ഇതോടെ കേരളത്തിലെ നാട്ടിന്‍ പുറങ്ങളിലടക്കം വിവര സാങ്കേതിക വിദ്യയുടെ സൌകര്യങ്ങള്‍ ലഭ്യമായി. 2003 ല്‍ എസ്. എസ്. എല്‍. സി പരീക്ഷാഫലം ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടതു് ചരിത്ര സംഭവമായിരുന്നു. 2004 ല്‍ എല്ലാ സ്കൂളുകളിലും ഐടി കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചുകൊണ്ടു് ഉത്തരവായി. എല്ലാ ജില്ലകളിലും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുമായി.
2004 ല്‍ അദ്ധ്യാപക സംഘടനയായ KSTA യുടെ ശക്തമായ സംഘടിത ഇടപെടല്‍ മൂലം ഐടി@സ്കൂള്‍ പ്രോജക്ടു് സ്വതന്ത്ര സോഫ്റ്റു്വെയറിലേയ്ക്കു് മാറിയതു് ലോകം അത്ഭുതാദരങ്ങളോടെയാണു് നോക്കിക്കാണുന്നതു്. കേരളത്തിലെ സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗത്തിന്റേയും വ്യാപനത്തിന്റേയും ഏറ്റവും വലിയ പദ്ധതിയായി അതു് തുടരുന്നു. ലോകത്താകെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന വിദ്യാഭ്യാസ പദ്ധതികളില്‍ ഏറ്റവും വലുതുമാണതു്.
പഠനവും പരിശീലനവും നടത്തുന്നതിനപ്പുറം സ്വന്തമായി സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനും പ്രോജക്ടു് ശ്രദ്ധിച്ചു. 2004 ഡിസംബറില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താം ക്ലാസിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയിലെ ഐടി പ്രാക്ടിക്കല്‍ നടത്തിയതു് സോഫ്റ്റ് എക്സാം 3.0എന്ന സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു്. 2005 ല്‍ എസ്. എസ്. എല്‍. സി യുടെ ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയതും സോഫ്റ്റു്വെയര്‍ ഉപയോഗിച്ചാണു്. ഐടി@സ്കൂള്‍ പ്രോജക്ടിന്റെ ഭാഗമായി ഫ്രീസോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്റേയും കേരള സംസ്ഥാന ഐടി മിഷന്റേയും സഹായ സഹകരണങ്ങളോടെ കേരളത്തിലാദ്യമായി ഗ്നൂ/ലിനക്സിന്റെ വിതരണം ആരംഭിക്കപ്പെട്ടു. 2008 മുതല്‍ എസ്. എസ്. എല്‍. സി. പരീക്ഷാഫലപ്രഖ്യാപനം പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു് നടക്കുന്നതു്. പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിച്ചാണു് ചെയ്യുന്നതു്. ഉച്ചഭക്ഷണ പരിപാടി, അദ്ധ്യാപകരുടെ സ്ഥലംമാറ്റം (ഒട്ടേറെ പരാതികള്‍ക്കും അരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്ന വാര്‍ഷിക സ്ഥലം മാറ്റം സുതാര്യമായും പരാതിരഹിതമായും നടപ്പാക്കപ്പെടുന്നു. ഇതു് മറ്റു് വകുപ്പുകള്‍ക്കും മാതൃകയാക്കാവുന്നതാണു്), സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതി, പാഠപുസ്തക വിതരണം, സ്കോളര്‍ഷിപ്പിനു് അര്‍ഹരായവരെ തെരഞ്ഞെടുക്കല്‍ തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടന്നു് വരുന്നു.
തുടര്‍ന്നു് അപ്പര്‍ പ്രൈമറി ക്ലാസികളിലും ഐടി പഠനം ഏര്‍പ്പെടുത്തപ്പെട്ടു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലേയ്ക്കു് സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിച്ചുള്ള ഐടി പഠനം ആരംഭിക്കാനുള്ള തീരുമാനവും ആയിക്കഴിഞ്ഞിരിക്കുന്നു. എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിതമായിരിക്കുന്നു.
അടുത്തഘട്ടമെന്ന നിലയില്‍ 2010-2011 വര്‍ഷം മുതല്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ കണക്കു്, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പാക്കേജുകളുപയോഗിച്ചു് പഠിപ്പിക്കാനുള്ള പരിപാടിയും ആരംഭിച്ചു് കഴിഞ്ഞു.
അദ്ധ്യാപകരില്‍ നിന്നു് സ്വയം തയ്യാറായി വന്നവര്‍ക്കു് പരിശീലനം നല്‍കിക്കൊണ്ടു് അവരെ മാസ്റ്റര്‍ ട്രെയിനിമാരായി നിയമിക്കുകയും അവര്‍ ജില്ലാ തല പരിശീലകരെ പരിശീലിപ്പിക്കുകയും തുടര്‍ന്നു് അവര്‍ സ്കൂള്‍ തല പരിശീലകരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്ന രീതിയാണു് അനുവര്‍ത്തിച്ചതു്. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ തന്നെ നയിക്കുന്ന ഈ പരിശീലകരുടെ നിരയാണു് കേരളത്തിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതിയുടെ നട്ടെല്ലു്. 200 മാസ്റ്റര്‍ ട്രെയിനര്‍മാരും 5600 ഐടി കോ-ഓര്‍ഡിനേറ്റര്‍മാരുമാണുള്ളതു്. അവരിന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ വൈദഗ്ദ്ധ്യം നേടിയ ഏറ്റവും വലിയ കൂട്ടായ്മയായി മാറിയിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരണത്തിനും വ്യാപന പരിപാടികള്‍ക്കുമുള്ള സന്നദ്ധ സേവനമടക്കം കേരള സമൂഹത്തിനു് ഒട്ടേറെ സേവനങ്ങളാണു് അവര്‍ നല്‍കിക്കൊണ്ടിരിക്കുന്നതു്. മറ്റു് വകുപ്പുകള്‍ക്കു് വിവര ശേഖരം സൃഷ്ടിക്കുന്നതില്‍ സാങ്കേതികോപദേശവും പരിശീലനവും നല്‍കുന്നു. ഇ-ഭരണ പദ്ധതികള്‍ക്കു് സഹായം നല്‍കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന-വേതന സംവിധാനമായ "സ്പാര്‍ക്കു്" പാക്കേജില്‍ അവര്‍ക്കു് പരിശീലനം നല്‍കിയതു് ഐടി@സ്കൂള്‍ പരിശീലകരാണു്. ഇ-ഭരണവുമായി ബന്ധപ്പെട്ട ഒട്ടേറെ സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ ഇവര്‍ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ടു്. മനുഷ്യവിഭവ ശേഷി വികസിപ്പിക്കുന്നതില്‍ ഐടി@സ്കൂളിന്റെ ഈ മാതൃക ഏതു് വകുപ്പിനും സ്ഥാപനത്തിനും അനുകരണീയമാണു്. ആവശ്യമായിടങ്ങളില്‍ സോഫ്റ്റ്‌വെയര്‍ പരിഹാരം ഐടി സേവനദാതാക്കളില്‍ നിന്നു് വാങ്ങേണ്ടി വരാം. അക്കാര്യത്തിലും അതതു് വകുപ്പികളില്‍ പരിശീലനം നേടിയ സ്വന്തം ജീവനക്കാരും സേവനദാതാക്കളും ചേര്‍ന്നുള്ള സംയുക്ത സംഘം സോഫ്റ്റ്‌വെയര്‍ പരിഹാരം വികസിപ്പിക്കുക എന്ന രീതി കൂടി അനുവര്‍ത്തിച്ചാല്‍ മതിയാകും.
വിക്ടേഴ്സ് എന്ന പേരില്‍ സ്വന്തമായൊരു ടിവി ചാനല്‍ ഈ പദ്ധതിയുടെ ഭാഗമായി നിലവിലുണ്ടു്. അതിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിപാടികള്‍ സംപ്രേഷണം ചെയ്തു വരുന്നു. ഇന്റര്‍നെറ്റ് സൌകര്യം സ്കൂളുകളിലെത്തിക്കുന്നതിനും ഈ പദ്ധതിക്കായി. സ്കൂള്‍ വിക്കി സംരംഭത്തിലൂടെ കേരളത്തിലെ എല്ലാ സ്കൂളുകളുടേയും ചരിത്രവും പൊതു വിവരങ്ങളും ഇന്റര്‍നെറ്റില്‍ മലയാളത്തില്‍ ലഭ്യമാക്കി വരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ മാത്രമായി ഐടി മേള സംഘടിപ്പിച്ചു് വരുന്നു. ദേശീയ ഇ-ഭരണ പുരസ്കാരമടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ പദ്ധതി നേടിയിട്ടുണ്ടു്. ശ്രീ. അന്‍വര്‍ സാദത്തു് അതിന്റെ ഡയറക്ടറായി സേവനമനുഷ്ടിക്കുന്നു.

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം ഇന്ത്യയില്‍

ഇന്ത്യയില്‍ ഇന്നും സോഫ്റ്റു്വെയര്‍, പേറ്റന്‍റ് നിയമത്തിന്‍റെ പരിധിയിലല്ല. പരിധിയിലാക്കാനുള്ള ശ്രമം കുത്തകകളുടെ ഭാഗത്ത് നിന്നു് ആരംഭിച്ചിട്ടുണ്ടു്. അതിനെതിരെ സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രവര്‍ത്തകരും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും സമര രംഗത്തുണ്ടു്. ഈ രംഗത്തു് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍ ഇന്ത്യയിലും അതിന്റെ പ്രവര്‍ത്തനം അടുത്ത കാലത്തു് തുടങ്ങിയിട്ടുണ്ടു്.
ഇന്ത്യയില്‍ പല കേന്ദ്രങ്ങളിലും സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഗ്രൂപ്പുകള്‍ 1990 കളുടെ അവസാന പാദത്തില്‍ രൂപപ്പെട്ടു് പ്രവര്‍ത്തിച്ചു് തുടങ്ങി.
.............................അഖിലേന്ത്യാ പ്രസ്ഥാനം ------------------------------------------
കേരളത്തില്‍, തിരുവനന്തപുരത്തും എറണാകുളത്തും പല വ്യക്തികളും ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചു് വന്നു. എറണാകുളത്തു് മോഡല്‍ എഞ്ചിനിയറിങ്ങു് കോളേജില്‍ 1998 കാലത്തു് പോലും ലിനക്സു് ലാബ് പ്രവര്‍ത്തന ക്ഷമമായിരുന്നു. കമ്പ്യൂട്ടര്‍ വിഭാഗം മേധാവി പ്രൊഫസ്സര്‍ ജ്യോതി ജോണാണു് അതിനു് നേതൃത്വം നല്‍കിയതു്. 2000 ത്തോടെ കണ്ണൂര്‍ സര്‍വകലാശാലയിലും തുടര്‍ന്നു് പല എഞ്ചിനിയറിങ്ങു കോളേജുകളിലും സ്വതന്ത്ര സോഫ്റ്റു്വെയറില്‍ കോഴസുകള്‍ നടത്തപ്പെട്ടു് തുടങ്ങി. അതിനു് മുന്‍കൈ എടുത്തതു് സിന്‍ഡിക്കേറ്റു് അംഗം ശ്രീ. ജെയിംസ് മാത്യുവും അദ്ധ്യാപകന്‍ ശ്രീ ഇഗ്നേഷ്യസ് കുഞ്ഞുമോനുമായിരുന്നു. ശ്രീ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പല സ്വകാര്യ എഞ്ചിനിയറിങ്ങു് കോളേജുകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കോഴ്സുകളാരംഭിക്കുന്നതിനു് നേതൃത്വം കൊടുത്തിട്ടുണ്ടു്. പലരും സ്വതന്ത്ര സോഫ്റ്റു്വെയറുകളുടെ പ്രയോഗത്തിനും വ്യാപനത്തിനും നേതൃത്വം നല്‍കി. പലയിടങ്ങളിലും ലിനക്സു് യൂസേഴ്സു് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു് തുടങ്ങി. 1998-1999 വര്‍ഷം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ പെട്ട EIID പ്രോജക്ടിന്റെ ഭാഗമായി പഞ്ചായത്തു് വിവര വിനിമയ ശൃംഘലയുടെ വിവര സാങ്കേതികാവശ്യത്തിനു് ഒരു കൂട്ടം ഐറ്റി പ്രൊഫഷണലുകള്‍ സ്വതന്ത്ര സോഫ്റ്റു്വെയര്‍ ഉപയോഗിച്ചു് തുടങ്ങി. 2000 ജൂലൈയില്‍ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ മുന്‍കൈയോടെ സ്വതന്ത്ര സോഫ്റ്റു്വെയര്‍ മാത്രം ഉപയോഗിച്ചു് വിവര സാങ്കേതിക സേവനങ്ങള്‍ നല്‍കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഓപ്പണ്‍ സോഫ്റ്റു്വെയര്‍ സൊല്യൂഷന്‍സു് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവു് സൊസൈറ്റി (OSSICS) എന്ന വ്യവസായ സഹകരണ സംഘം സ്ഥാപിതമായി. 2001 ഏപ്രിലില്‍ എറണാകുളത്തു് സര്‍ക്കാര്‍-പൊതുമേഖല ട്രേഡു് യൂണിയന്‍ പ്രവര്‍ത്തകരും പ്രൊഫഷണലുകളും ചേര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹനം ലക്ഷ്യമിട്ടു് അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും (ATPS) എന്ന ചാരിറ്റബില്‍ സൊസൈറ്റിക്കു് രൂപം നല്‍കി. 2001 ജൂലൈയില്‍ തിരുവനന്തപുരത്തു് FSF ന്റെ സഹോദര സ്ഥാപനമെന്ന നിലയില്‍ ഏതാനും വ്യക്തികല്‍ മുന്‍കൈയെടുത്തു് FSF India (www.fsf.org.in) യും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇവയെല്ലാം ഈ മേഖലയിലെ സംഘടിതമായ ഇടപെടലിന്റെ ഉപകരണങ്ങളായിരുന്നു.
1998 മുതല്‍ എറണാകുളം കേന്ദ്രമായി വിവര സാങ്കേതിക വിദ്യയുടെ അപനിഗൂഢവല്‍ക്കരണം, സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്രചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സജീവമാണു്. 2002 മുതല്‍ സഹകരണ സംഘങ്ങള്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അവയുടെ ദൈനന്തിന പ്രവര്‍ത്തനങ്ങള്‍ക്കു് ഉപയോഗിച്ചു് തുടങ്ങി. 2003 ല്‍ എറണാകുളത്തു് വിവിധ സര്‍ക്കാര്‍ അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവര സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതിന്റെ പ്രശ്നങ്ങളും സാധ്യതകളും പഠന വിധേയമാക്കുന്നതിനു് "വിവര സംഗമം" സംഘടിപ്പിക്കുന്നതിനു് ATPS മുന്‍കൈ എടുത്തു. അതു് OSSICS നു് വേണ്ട സാങ്കേതിക-സാമ്പത്തിക പിന്തുണയും നല്‍കിവരുന്നു. OSSICS Ltd (www.ossics.com) സംസ്ഥാന സര്‍ക്കാര്‍, സഹകരണ സംഘങ്ങള്‍, ബി.എസു്.എന്‍.എല്‍. തുടങ്ങിയ മേഖലകളില്‍ അതിന്റെ മാര്‍ക്കറ്റിങ്ങു് പ്രവര്‍ത്തനങ്ങളിലൂടെ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ പ്രചരണ-വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. OSSICS ന്റെ സേവന പിന്തുണയോടെ സഹകരണ സംഘങ്ങള്‍, ബിഎസ്എന്‍എല്‍, പത്രസ്ഥാപനം തുടങ്ങിയവയില്‍ ലിനക്സു്-പോസ്റ്റു്ഗ്രേഎസു്ക്യൂഎല്‍ സ്വതന്ത്ര സോഫ്റ്റു്വെയര്‍ പ്ലാറ്റു്ഫോമുകളുടെ കഴിവും സാധ്യതയും പ്രാദേശികമായി അനുഭവവേദ്യമാക്കുന്നതിനുതകുന്ന ഓണ്‍ലൈന്‍ മാനേജു് മെന്റു് സംവിധാനങ്ങള്‍ സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിച്ചു് വരുന്നു. സിഡിറ്റു്, കെല്‍ട്രോണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു് സാങ്കേതിക പിന്തുണ നല്‍കുകയോ അവയുമായി ചേര്‍ന്നു് സംയുക്ത പ്രോജക്ടുകള്‍ ഏറ്റെടുക്കുകയോ ചെയ്തു പോന്നു. സീഡിറ്റും ഐറ്റി മിഷനും ചേര്‍ന്നാരംഭിച്ച എറണാകുളത്തെ CATFOSS എന്ന ഫിനിഷിങ്ങു് സ്കൂളിന്റെ ആശയം മുന്നോട്ടു് വെച്ചതും ആദ്യ സാങ്കേതികോപദേശവും പഠന സഹായവും നല്‍കിയതും OSSICS ആയിരുന്നു.
FSF (India) വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ പ്രാദേശികവല്‍ക്കരണത്തിനു് നേതൃത്വം നല്‍കി വരുന്നു. FSF (India) സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ സ്വതന്ത്ര സോഫ്റ്റു്വെയര്‍ വിഷയമാക്കി സെമിനാറുകള്‍ സംഘടിപ്പിച്ചു് വരുന്നുണ്ടു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് (SMC) എന്ന അനൌപചാരിക കൂട്ടായ്മ സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ മലയാളം പ്രാദേശികവല്‍ക്കരണ രംഗത്തു് മുന്‍ നിന്നു് പ്രവര്‍ത്തിക്കുന്നു.
സീഡാക്, സീഡിറ്റു്, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളില്‍ സ്വതന്ത്ര സോഫ്റ്റു്വെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടു്. കേരള സംസ്ഥാന ഐറ്റി മിഷനും FSFI യും കൂടി മുന്‍കൈയെടുത്തു് സ്ഥാപിച്ച സ്പേസു് (SPACE - Society for Promotion of Alternative Computing and Employment) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റു്വെയറില്‍ സേവനം നല്‍കി വരുന്നു. സൈക്സു്വെയര്‍ (തിരുവനന്തപുരം) ഫോക്കസു് ഇന്‍ഫോടെക്, ഐറ്റിഫ്ലക്സു്, ഫെംടോടെക്കു് (എറണാകുളം), സെഡ്ബീന്‍സു് (കോഴിക്കോടു്), കോസ്റ്റു്ഫോര്‍ഡു് (തൃശൂര്‍) തുടങ്ങി മറ്റു് പല സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റു്വെയറില്‍ സേവനം നല്‍കുന്നവയായുണ്ടു്. സര്‍ക്കാരിതര സ്വതന്ത്ര സോഫ്റ്റു്വെയര്‍ സേവനദാതാക്കളെ കോര്‍ത്തിണക്കി സ്വതന്ത്ര സോഫ്റ്റു്വെയര്‍ സേവന ദാതാക്കളുടെ കൂട്ടായ്മയും (Free Software Industries Assosciation – www.fsia.in) കേരളത്തില്‍ നിലവില്‍ വന്നിട്ടുണ്ടു്.

വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമ ചരിത്രം


വിവര വിനിമയം പ്രകൃതിയിലും സമൂഹത്തിലും എല്ലാക്കാലത്തും നടന്നു് പോന്നിട്ടുണ്ടു്. പ്രകൃതി പ്രതിഭാസങ്ങളിലെല്ലാം വിവര വിനിമയം നടക്കുന്നുണ്ടു്. സൂര്യോദയവും സൂര്യസ്തമയവുമടക്കം സൂര്യന്റെ പ്രയാണവും അതു് സൃഷ്ടിക്കുന്ന ദിന രാത്രങ്ങളും ആവര്‍ത്തിച്ചു് മാറിവരുന്ന കാലാവസ്ഥയും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും പ്രകൃതിയിലാകെ വിവര വിനിമയം നടത്തുന്നുണ്ടു്. വൃക്ഷ ലതാദികളുടെ വൃദ്ധിക്ഷയങ്ങളും പൂക്കാലവും പഴക്കാലവും ചുറ്റുപാടുകളില്‍ പ്രതിഫലിക്കുന്നതു് ഭൌതികാഘാതങ്ങള്‍ പോലെ തന്നെ വിവര വിനിമയത്തിലൂടെ കൂടിയാണു്.

സമൂഹത്തിലാകട്ടെ, എല്ലാക്കാലത്തും അന്നുണ്ടായിരുന്ന വിവര വിനിമയ രീതിക്കു് അതിന്റേതായ സങ്കേതങ്ങളും ഉണ്ടായിരുന്നു. സങ്കേതങ്ങള്‍ പല ഘട്ടങ്ങളിലും നവീകരിക്കപ്പെടുകയും അതനുസരിച്ചു് പുതിയ രീതികള്‍ ഉരുത്തിരിയുകയും ചെയ്തു് പോന്നിട്ടുണ്ടു്. ആദ്യഘട്ടത്തില്‍ അസ്പഷ്ടമായ ശബ്ദങ്ങളും ശരീര ചേഷ്ടകളുമായിരിക്കണം പരസ്പര വിവര വിനിമയം സാധ്യമാക്കിയതു്. തുടര്‍ന്നു് നിയതമായ അര്‍ത്ഥമുള്ള ശബ്ദങ്ങളും ആംഗ്യങ്ങളുമായി അവ വികസിച്ചിരിക്കും. ശരീരചലനങ്ങളും കൈമുദ്രകളും ചുവടുകളും ഈണത്തിലുള്ള ശബ്ദങ്ങളും സാധന സാമഗ്രികളില്‍ തട്ടിയും മുട്ടിയുമുണ്ടാക്കുന്ന ശബ്ദങ്ങളും വിവര വിനിമയോപാധികളായി ഉപയോഗിക്കാമെന്നു് സഹസ്രാബ്ദങ്ങളിലൂടെ പ്രാകൃത സമൂഹം മനസിലാക്കിയിരിക്കണം. വ്യത്യസ്ത ഘടകങ്ങളുടെ സമ്മേളനം വിവിധ കലാരൂപങ്ങളായി വികസിച്ചിരിക്കും. കല്ലിലോ ഗുഹാഭിത്തികളിലോ കോറിയിട്ട വരകളും ചിത്രങ്ങളും ക്രമേണ ലിപികളുടേയും ചിഹ്നങ്ങളുടേയും രൂപീകരണത്തിനു് വഴിവെച്ചിരിക്കും. അക്ഷരങ്ങളും വാക്കുകളും ഭാഷയും സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ടിട്ടുണ്ടാകും. എഴുത്തോലയും എഴുതാനുള്ള ഇതര പ്രതലങ്ങളും വിവരങ്ങള്‍ സ്ഥിരമായി സൂക്ഷിക്കുന്നതിനും ദൂരേയ്ക്കെത്തിക്കുന്നതിനും ഉപകരിച്ചു. പരിഷ്കരിക്കപ്പെട്ട വാദ്യോപകരണങ്ങളും തീയും പുകയും കൊടികളും ദൂരേയ്ക്കു് വിവരം എത്തിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. പക്ഷികളേയും മൃഗങ്ങളേയും ഉപയോഗിച്ചും മനുഷ്യര്‍ തന്നെ കൊണ്ടുപോയി കൊടുത്തും ദൂരേയ്ക്കു് വിവരം എത്തിക്കാന്‍ കഴിയുമെന്നായി. ക്രമേണ കടലാസ് കണ്ടു പിടിക്കപ്പെട്ടു. എഴുത്തും വായനയും വിവര കൈമാറ്റം എളുപ്പമാക്കി. തുടര്‍ന്നു് അച്ചടി കണ്ടുപിടിക്കപ്പെട്ടു. ആദ്യം എത്ര പ്രാകൃതമെങ്കിലും അതു് വിപ്ലവകരമായിരുന്നിരിക്കും. വിവിധ ഘട്ടങ്ങളില്‍ ഒട്ടേറെ തവണ പല രൂപങ്ങളില്‍ പരിഷ്കരിക്കപ്പെട്ടെങ്കിലും അടുത്ത കാലം വരെ കടലാസിലും അച്ചടിയിലും അധിഷ്ഠിതമായ വിവര കൈകാര്യ സംവിധാനമായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നതു്. ക്രമമായും ചിട്ടയായും വിദൂര വിവര വിനിമയം സാധ്യമാക്കുന്നതിനു് വേണ്ടിയുള്ള ശ്രമം സംഘടിത തപാല്‍ സംവിധാനത്തിലേക്കെത്തിച്ചു.

മേല്പറഞ്ഞവയിലോരോന്നിനും സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും ഉണ്ടായിരുന്നെന്നു് കാണാം. ആംഗ്യത്തിനു് ശരീര ഭാഗം ഹാര്‍ഡ്‌വെയറും അര്‍ത്ഥം സോഫ്റ്റ്‌വെയറുമാണു്. കടലാസും ഉള്ളടക്കവും, വാദ്യോപകരണവും അവ പുറപ്പെടുവിക്കുന്ന നാദവീചികളില്‍ അരോപിക്കപ്പെടുന്ന അര്‍ത്ഥവും, കത്തും അതിന്റെ ഉള്ളടക്കവും, ക്രമപ്രകാരം അവയുടെ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ആയിരുന്നു. തപാലുരുപ്പടികളില്‍ അയക്കുന്ന ആളിന്റെ മേല്‍വിലാസവും കിട്ടേണ്ട ആളിന്റെ മേല്‍വിലാസവും എവിടെ എഴുതണം, സ്റ്റാമ്പു് എവിടെ ഒട്ടിക്കണം, എങ്ങിനെ കവറൊട്ടിക്കണം, എവിടെ എങ്ങിനെ പോസ്റ്റു് ചെയ്യണം തുടങ്ങിയ നടപടിക്രമങ്ങള്‍ തപാല്‍ വിവര വിനിമയത്തിന്റെ പ്രോട്ടോകോള്‍ ആയിരുന്നു. അവയും സോഫ്റ്റ്‌വെയര്‍ തന്നെ.
സമയവും ദൂരവും കീഴടക്കാനും വേഗം കൈവരിക്കാനും അദ്ധ്വാനം ലഘൂകരിക്കാനും വേണ്ടിയുള്ള തെരച്ചില്‍ അപ്പോഴേക്കും സാധ്യമായ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുപയോഗിച്ചുള്ള മോഴ്സ് ടെലിഗ്രാഫിയിലേക്കെത്തി. ഒറ്റക്കമ്പിയില്‍ കീയും സൌണ്ടറും ബാറ്ററിയും കോര്‍ത്തു. രണ്ടറ്റവും ഭൂമിയിലേക്കു് കൊടുത്തു് ഭൂമി തിരിച്ചുള്ള പാതയാക്കിയാണു് ടെലിഗ്രാഫി പ്രവര്‍ത്തിപ്പിച്ചതു്. ടെലിഗ്രാഫിക്കു് ഉപയോഗിച്ച മോഴ്സ് കോഡ് ആണു് ആദ്യത്തെ വിദൂര വിവര വിനിമയ സോഫ്റ്റ്‌വെയര്‍. പക്ഷെ, അതു് മനുഷ്യനു് മാത്രം തിരിച്ചറിയാവുന്നതായിരുന്നു. വ്യത്യസ്ഥ നീളമുള്ള ശബ്ദമുപയോഗിച്ചായിരുന്നു ആ കോഡ് രൂപപ്പെടുത്തിയതു്. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ വിവരം എത്തിക്കാന്‍ യന്ത്രവല്കരണം ആവശ്യമായിരുന്നു. അതിനാകട്ടെ യന്ത്രത്തിനു് തിരിച്ചറിയാന്‍ കഴിയുന്ന ഭാഷയും. രണ്ടു് വ്യതിരിക്താവസ്ഥകള്‍ മാത്രം ഉള്ള ബൈനറി എന്ന യന്ത്രഭാഷ ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കപ്പെട്ടു. ദൂരേയ്ക്കു് വിവരം എത്തിക്കാന്‍ ബൈനറി ഉപയോഗിക്കുന്ന ടെലിപ്രിന്റര്‍ സാധ്യമായി.

ബൈനറി ഒരേ സമയം ഒരു ഭാഷയായും (ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവ പോലെയോ) അതേ സമയം സംഖ്യാക്രമമായും (ദശാംശ സംഖ്യാക്രമം, അഷ്ടാംശ സംഖ്യാക്രമം, ഹെക്സാഡെസിമല്‍ സംഖ്യാക്രമം എന്നിവ പോലെയോ) ഉപയോഗിക്കാന്‍ പര്യാപ്തമായിരുന്നു. അതിനാല്‍ കമ്പ്യൂട്ടറിനു് കണക്കും ഭാഷയും ഒരേ പോലെ കൈകാര്യ ചെയ്യാമെന്നായി. ഭാഷയുടേയും കണക്കിന്റേയും ഉല്‍ഗ്രഥനം സാധിച്ചു. ബൈനറിയിലുപയോഗിച്ച രണ്ടു് അടിസ്ഥാന ചിഹ്നങ്ങള്‍ 0, 1 (ഇല്ല, ഉണ്ടു്) എന്നിവയായിരുന്നു. ഈ ചിഹ്നങ്ങളുപയോഗിച്ചു് ചിത്രവും (0 = നിഴല്‍ & 1 = വെളിച്ചം) ശബ്ദവും (0 = നിശ്ശബ്ദം & 1 = ശബ്ദം) കൈകാര്യ ചെയ്യാമെന്ന സാധ്യത ശബ്ദ-ചിത്ര-ലിപി സംയോജനം തന്നെ സാധ്യമാക്കി. വിവര വിനിമയ വികാസത്തിനായി പല കൈവഴികളായി പിരിഞ്ഞു് വളര്‍ന്നു് വികസിച്ച ശബ്ദ വിനിമയ സാങ്കേതിക വിദ്യയും ചിത്ര വിനിമയ സാങ്കേതിക വിദ്യയും ലിപി വിനിമയ സാങ്കേതികവിദ്യയും അച്ചടി സാങ്കേതിക വിദ്യയും ഇവിടെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ എത്തിച്ചേര്‍ന്നു. ബഹുമാധ്യമ (Multi-media) സംവിധാനങ്ങള്‍ - ഉപകരണങ്ങളും ശൃംഖലകളും സോഫ്റ്റ്‌വെയറുകളും - നടപ്പായി.

സ്വത്തുടമസ്ഥതയും സ്വത്തുടമാവകാശവും

അറിവു് സമൂഹത്തിന്റെ പൊതുസ്വത്തായിരുന്നു. ഇന്നും ഒട്ടുമിക്കവാറും അത് തന്നെ സ്ഥിതി. പക്ഷെ, പലതും വളച്ചു് കെട്ടി കുത്തകാവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. സോഫ്റ്റ്‌വെയര്‍ അത്തരമൊന്നാണ്. കമ്പ്യൂട്ടര്‍ സോഫ്റ്റു്വെയറിന്റെ പ്രാഗ് രൂപമെന്നു് പറയാവുന്ന മോഴ്സു് കോഡോ, തുടര്‍ന്നു വന്ന ടെലിപ്രിന്റര്‍ കോഡോ, കമ്പ്യൂട്ടര്‍ മെഷീന്‍ ഭാഷയായ ബൈനറിയോ തുടര്‍ന്നു് രൂപപ്പെട്ട കമ്പ്യൂട്ടര്‍ പ്രോഗ്രാം ഭാഷകളോ ഒന്നും പ്രൊപ്രൈറ്ററി ആയിരുന്നില്ല. പൊതുസ്വത്തായാണു് കൈകാര്യം ചെയ്യപ്പെട്ടിരുന്നതു്. 1980 കള്‍ വരെ അതായിരുന്നു സ്ഥിതി. സേവനങ്ങളേക്കൂടി ചരക്കായി കണക്കാക്കണമെന്ന ഉറുഗ്വേ വട്ട വ്യാപാര ചര്‍ച്ചയ്ക്കും കരാറിനും അനുരോധമായാണു് സോഫ്റ്റ്‌വെയര്‍ പേറ്റന്‍റിങ്ങ് ആരംഭിച്ചത്. Q-DOS വാങ്ങിയ മൈക്രോസോഫ്റ്റു് അതു് MS-DOS ആയി പായ്ക്കു് ചെയ്തു് വിറ്റു തുടങ്ങി. തുടര്‍ന്നു് മറ്റു് പലതും രംഗത്തു് വന്നു. പൊതു സ്വത്തായിരുന്ന ഭൂമി വളച്ചു് കെട്ടി സ്വകാര്യമാക്കിയതു് പോലെ, മധ്യകാലഘട്ടത്തിലെ കൈത്തൊഴില്‍കാരുടെ തൊഴിലുപകരണങ്ങള്‍ പിടിച്ചുപറിച്ച് ആധുനിക മുതലാളിത്തം ഉരുത്തിരിഞ്ഞതു പോലെ മൂലധന രൂപീകരണത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു സവിശേഷ ഘട്ടത്തെയാണിത് സൂചിപ്പിക്കുന്നത്.

നാളതു് വരെ സോഫ്റ്റു്വെയര്‍ പ്രൊഫഷനലുകളുടെ അറിവായിരുന്നു. അവരുടെ പണിയായുധമായിരുന്നു സോഫ്റ്റു്വെയര്‍. കവര്‍ന്നെടുക്കപ്പെട്ടത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ സ്വാഭാവിക സമ്പത്തായ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു. തങ്ങളുടെ സ്വന്തമായിരുന്ന സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങള്‍ തങ്ങളുടെ കണ്‍മുമ്പില്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ അവരുടെ സ്വാഭാവിക പ്രതികരണവും ഉടനുണ്ടായി. സഹസ്രാബ്ദങ്ങള്‍കൊണ്ടു് നടന്ന ഭൂമിയുടെ വളച്ചു് കെട്ടല്‍ ഒട്ടേറെ എതിര്‍പ്പുകളും കലാപങ്ങള്‍ക്കും ഇടയാക്കിയെങ്കിലും ജനങ്ങളുടെയാകെ ഐക്യപ്പെടലിനുള്ള പശ്ചാത്തലം ഒരുങ്ങാതിരുന്നതു് മൂലം ഫലപ്രദമായി ചെറുക്കപ്പെടാതെ പോയി. അത്തരം ഒരു പശ്ചാത്തല സൃഷ്ടിക്കു് തന്നെ ഉല്പാദന ശേഷി വര്‍ദ്ധനവും അതിനായി വ്യക്തികളുടെ സംരംഭക ശേഷി വര്‍ദ്ധനവും മുന്‍കൈയും ആവശ്യമായിരുന്നു താനും. അതേപോലെ, മധ്യകാലഘട്ടത്തിലെ കൈത്തൊഴില്‍കാരുടെ സ്വന്തമായിരുന്ന ഉല്പാദനോപകരണങ്ങള്‍ നശിപ്പിച്ചുകൊണ്ടു് മൂലധന ഉടമകള്‍ വന്‍കിട യന്ത്രശാലകള്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ ഫലപ്രദമായി ചെറുക്കാനും അവരശക്തരായിരുന്നു. ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ടു് നടന്ന ഈ പ്രക്രിയക്കെതിരായ സമരം വിജയിക്കാനവശ്യം ആവശ്യമായിരുന്ന പശ്ചാത്തലം അന്നും ഒരുക്കപ്പെട്ടിരുന്നില്ല.

എന്നാലിന്നു്, പിടുച്ചുപറിക്കപ്പെട്ടവര്‍ - സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാര്‍ - സമൂഹത്തില്‍ വൈദഗ്ദ്ധ്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ടവരും അവരില്‍ തന്നെ ഏറ്റവും സംഘടിതരും (ട്രേഡ് യൂണിയനുകളിലല്ലെങ്കിലും വിവര ശൃംഖലയില്‍) ശാക്തീകരിക്കപ്പെട്ടവരും (വിവര സാങ്കേതിക വിദ്യയില്‍) ധനികരും (വിവര സമ്പത്തില്‍) ആയിരുന്നു. അവരാകട്ടെ സംരംഭകത്വത്തില്‍ മറ്റേതൊരു വിഭാഗത്തേക്കാളും മുമ്പന്തിയിലുമാണു്. അവരുടെ ചെറുത്തു് നില്പു് വിജയിക്കുക തന്നെ ചെയ്തു. കാരണം അതിനുള്ള പശ്ചാത്തലം ബൂര്‍ഷ്വാസി തന്നെ ഒരുക്കിക്കഴിഞ്ഞിരുന്നു. മാത്രമല്ല, ഇവിടെ സമരം സ്വാഭാവികമായി ബൌദ്ധികസ്വത്തുടമകളായ തൊഴിലാളികളും പിടിച്ചുപറിയിലൂടെ (ബൌദ്ധിക സ്വത്തു് സ്വന്തമായില്ലാതെ) സ്വത്തുടമാവകാശികളായ ബൂര്‍ഷ്വാസിയും തമ്മിലായിരുന്നു. നൈസര്‍ഗ്ഗികവും സ്വാഭാവികമായ സമ്പത്തിന്റെ ഉടമസ്തര്‍ വര്‍ഗ്ഗ പക്ഷപാതപരമായ നിയമങ്ങളാല്‍ സ്ഥാപിക്കപ്പെട്ട സ്വത്തുടമാവകാശികള്‍ക്കു് മേല്‍ വിജയം നേടുക എന്നതു് അത്രമേല്‍ സ്വാഭാവികവും അനിവാര്യവുമായിരുന്നു.

മൈക്രോസോഫ്റ്റിന്റെ മേധാവി ബില്‍ഗേറ്റ്സിന്റെ സമകാലികനും സമശീര്‍ഷനുമായ റിച്ചാര്‍ഡു് മാത്യു സ്റ്റാള്‍മാന്‍ തന്നെ സോഫ്റ്റു്വെയര്‍ സ്വകാര്യമാക്കുന്നതിനെതിരായ പ്രസ്ഥാനത്തിനു് തുടക്കമിട്ടു. 1983 ല്‍ പൊതു ഉടമസ്ഥതയിലൊരു ഓപ്പറേറ്റിങ്ങു് സംവിധാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ GNU Project ആരംഭിച്ചു. അതിനായി 1984 ല്‍ GNU Foundation എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തു. സ്വതന്ത്ര സോഫ്റ്റു്വെയര്‍ വ്യാപനത്തിനായി റിച്ചാര്‍ഡു് സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും കൂടി 1985 ല്‍ രൂപം നല്‍കിയതാണു് Free Software Foundation (FSF – www.fsf.org). സോഫ്റ്റു്വെയര്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള ഒരു നിയമ ചട്ടക്കൂടായി General Public Licence (GPL) സമ്പ്രദായം ഈ പ്രസ്ഥാനത്തിന്റെ സംഭാവനയാണു്. ഗ്നൂ പ്രോജക്ടിനു് പുതിയൊരു ഓപ്പറേറ്റിങ്ങു് സംവിധാനം പൂര്‍ണ്ണമായി സൃഷ്ടിക്കാനായില്ലെങ്കിലും ഓപ്പറേറ്റിങ്ങു് സംവിധാനത്തിനു് ആവശ്യമായ ഒട്ടേറെ ഘടകങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

ഏതാണ്ടിതേ കാലത്തു് Unix എന്ന കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ ദുര്‍വഹമായ വില കാരണം തന്റെ പഠനാവശ്യത്തിനു് അതു് വാങ്ങാന്‍ കഴിയാതിരുന്ന ലിനസു് ടോര്‍വാള്‍ഡ്സ് എന്ന, ഫിന്‍ലണ്ടുകാരനായ തൊഴിലാളിയുടെ മകനായ, സോഫ്റ്റു്വെയര്‍ വിദ്യാര്‍ത്ഥി യുണിക്സിനു് സമാനമായ ഒരു ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ കാമ്പു് (Kernel) രൂപപ്പെടുത്തി. അതു്, 1991 ല്‍, അപ്പോഴേയ്ക്കും വ്യാപകമായി വന്ന ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തുകയും അതു് പരിഷ്കരിച്ചു് വിപുലപ്പെടുത്തി നല്ലൊരു ഓപ്പറേറ്റിങ്ങു് സംവിധാനമാക്കി മാറ്റി ഉപയോഗിക്കാന്‍ ലോകത്താകമാനമുള്ള സോഫ്റ്റു്വെയര്‍ പ്രവര്‍ത്തകരോടു് ആഹ്വാനം ചെയ്യുകയും ചെയതു. GNU Foundation (www.gnu.org) ആ കടമ ഏറ്റെടുത്തു. അതിനു് നേതൃത്വം നല്‍കി. അതു് വികസിപ്പിച്ചെടുത്ത സൌകര്യങ്ങളും കൂടി ചേര്‍ത്തു് വികസിപ്പിക്കപ്പെട്ടതാണു് GNU/Linux എന്ന അപ്രതിരോധ്യമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ്ങു് സംവിധാനം. തുടര്‍ന്നിങ്ങോട്ടു് Unix ന്റെ ശൃംഖലാ സാധ്യതകളും മൈക്രോസോഫ്റ്റിന്റെ ഡെസ്കു്ടോപ്പു് സൌകര്യങ്ങളും ഒരുപോലെ നല്‍കുന്ന സ്വതന്ത്ര സോഫ്റ്റു്വെയര്‍ മേഖല വികസിച്ചു് വരുന്നു.

ലോകത്താകെ പരന്നു് കിടക്കുന്ന ആഗോള വിവര വിനിമയ ശൃംഖലയാല്‍ കോര്‍ത്തിണക്കപ്പെടുന്ന സാമൂഹ്യബോധവും സാങ്കേതിക മികവും കൈമുതലായ എണ്ണമറ്റ സോഫ്റ്റു്വെയര്‍ വിദഗ്ദ്ധരുടെ സമൂഹമാണു് സ്വതന്ത്ര സോഫ്റ്റു്വെയറിന്റെ മികവിനും വികാസത്തിനും പിന്നിലെ ചാലക ശക്തി. അവര്‍ സ്വന്തം ആവശ്യത്തിനായി, സ്വന്തം വരുമാനത്തിനു് വേണ്ടി കണ്ടുപിടിക്കുന്നതും സൃഷ്ടിക്കുന്നതും നിര്‍മ്മിക്കുന്നതുമായ സോഫ്റ്റു്വെയര്‍ ഉപകരണങ്ങളും പാക്കേജുകളും സൌകര്യങ്ങളും സമൂഹവുമായി പങ്കു് വെയ്ക്കുന്നു. അവ സ്വതന്ത്ര സോഫ്റ്റു്വെയര്‍ മേഖലയ്ക്കു് മുതല്‍ക്കൂട്ടാകുന്നു. പ്രശ്നങ്ങളും കുറവുകളും കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ അതറിയുന്ന സൌകര്യമുള്ള ആദ്യത്തെ ആള്‍ അതിനു് പരിഹാരം കണ്ടെത്തിയിരിക്കും. സ്വകാര്യ കുത്തക കമ്പനികള്‍ക്കു് ഊഹിക്കാന്‍ പോലും കഴിയാത്തത്ര മികവാണു് ഇതിലൂടെ സ്വതന്ത്ര സോഫ്റ്റു്വെയര്‍ മേഖല കൈവരിക്കുന്നതു്. അറിവിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ അവരില്‍ നിന്നു് തട്ടിപ്പറിക്കപ്പെട്ട ഉടമസ്ഥാവകാശം തിരിച്ചു പിടിച്ചു എന്നതാണു് ഇവിടെ നടന്നതു്.

വര്‍ഗ്ഗ സമരത്തിന്റെ പുതിയ മുഖം

നാളിതു് വരെ നടന്നു വന്നിരുന്ന വര്‍ഗ്ഗസമരത്തിന്റെ ഉള്ളടക്കം മിച്ചമൂല്യം പങ്കു വെക്കുക എന്നതായിരുന്നു. സ്വാഭവികമായും, അതു്, പരിമിതമായ വിഭവങ്ങളുടെ പങ്കുവെയ്പിനു് വേണ്ടിയുള്ളതായിരുന്നു. എന്നാല്‍, സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ നടന്നതു് പരിമിതമായതിന്റെ പങ്കു് പിടിച്ചു പറ്റുകയായിരുന്നില്ല. മറിച്ചു്, അറിവായിരുന്നതിനാല്‍ തന്നെ, പുതിയ അറിവു് സൃഷ്ടിച്ചുകൊണ്ടു്, അതിനെ അതിനു് മുമ്പുണ്ടായിരുന്നതിനേക്കാളെല്ലാം മെച്ചപ്പെടുത്തിക്കൊണ്ടു് പഴമയുടെ മേല്‍ പുതിയ ശക്തിയുടെ നിര്‍ണ്ണായക വിജയം ഉറപ്പിക്കുക തന്നെയായിരുന്നു. വര്‍ദ്ധിച്ച പുതിയ മൂല്യം ഉല്പാദിപ്പിച്ചുകൊണ്ടു് പഴയ കുറഞ്ഞമൂല്യത്തെ അപ്രസക്തമാക്കുകയായിരുന്നു. സജീവമായ, ജീവത്തായ അദ്ധ്വാനശേഷി, സഞ്ചിതമായ, മൃതമായ അദ്ധ്വാനത്തിനു് മേല്‍, മൂലധനത്തിനു് മേല്‍ അതിന്റെ ചരിത്രത്തിലാദ്യമായി നിര്‍ണ്ണായകമായ വിജയം നേടുക എന്നതാണിവിടെ നടന്നിരിക്കുന്നതു്. സ്വാഭാവികമായും ഇനി വിജയങ്ങളുടെ പരമ്പരകള്‍ സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും. കാരണം, ഈ പരാജയം മൂലധനത്തിന്റെ ആത്മവീര്യം കെടുത്തുന്നതും അദ്ധ്വാന ശേഷിയുടെ ആത്മാഭിമാനം ഉയര്‍ത്തുന്നതുമാണു്. സ്വകാര്യ ഉടമസ്ഥതയുടെ വൈകല്യങ്ങള്‍ സ്വകാര്യ സോഫ്റ്റ്‌വെയര്‍ വെളിവാക്കുമ്പോള്‍ സ്വതന്ത്ര സോഫ്റ്റു്വെയര്‍ സാമൂഹ്യോടമസ്ഥതയുടെ സ്വാഭാവിക മേന്മകള്‍ ഉയര്‍ത്തിക്കാട്ടുന്നതാണു്. ഉല്പാദനോപാധികളുടേയും ഉല്പാദനോപകരണങ്ങളുടേയും രംഗത്തും ഇതേ സാദ്ധ്യതകള്‍ നിലനില്കുന്നു എന്ന കാര്യം സമൂഹത്തിനെ എളുപ്പം ബോദ്ധ്യപ്പെടുത്താന്‍ ഈ വിജയ ഗാഥ വഴിതുറക്കും.

വിവര വിനിമയ ശൃംഖല തൊഴിലാളി വര്‍ഗ്ഗത്തിനു് സമരായുധം


നിലവില്‍ ആഗോള വിവിര വിനിമയ ശൃംഖല ആഗോള ധന മൂലധന ശക്തികളുടെ പിടിയിലും അവരുടെ ചൂഷണോപാധിയും ആണെങ്കിലും അതേ ധന മൂലധന ശക്തികള്‍ക്കെതിരെ തൊഴിലാളി വര്‍ഗത്തിന്റെ സംഘടനാ ശേഷി ഉയര്‍ത്താനും ഇതേ വിവര വിനിമയ സാങ്കേതിക വിദ്യയും അതുപയോഗിച്ചു് സ്ഥാപിക്കപ്പെടുന്ന സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖലയും ഉപയോഗപ്പെടുത്താവുന്നതാണു്. വികേന്ദ്രീകൃതവും വിതരിതവുമായ ഉല്പാദനം മൂലം തൊഴിലാളികളുടെ സംഘടനാ ശേഷിയും അവരുടെ സമരങ്ങളുടെ പ്രഹര ശേഷിയും കുറഞ്ഞു് വരുന്ന സ്ഥിതിക്കു് പരിഹാരം കാണാനും ഇതേ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം. ഫാക്ടറി തൊഴിലാളികളും ഖനി തൊഴിലാളികളും പൊതുമേഖലാ തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും സംഘടിതരായി മാറിയിട്ടുണ്ടു്. അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടാനതു് ഇടയാക്കിയിട്ടുണ്ടു്. ഇന്നും അസംഘടിതരായി തുടരുന്നതു് കര്‍ഷക തൊഴിലാളികളും പരമ്പരാഗത കൈത്തൊഴില്‍കാരും മാത്രമായിരുന്നു. എന്നാല്‍ ഇന്നു് സംഘടിത വ്യവസായങ്ങളിലേയ്ക്കു് തൊഴിലാളികളെ എടുക്കുന്നില്ല. തൊഴില്‍ നിയമങ്ങളോ സേവന വേതന വ്യവസ്ഥകളോ സംഘടനാ സ്വാതന്ത്ര്യമോ ഇല്ലാത്ത പുതു തലമുറ സ്ഥാപനങ്ങളാണു് ഇന്നു് ഉയര്‍ന്നു വരുന്നതു്. പൊതുമേഖല പുതുതായി ഉയരുന്നില്ല. നിലവിലുള്ളവ തന്നെ സ്വകാര്യവല്കരിക്കപ്പെടുന്നു. പൂട്ടപ്പെടുന്നു. പുതു തലമുറ സ്ഥാപനങ്ങളുടെ ഘടന കൈവരിക്കുന്നു. തൊഴിലാളികളുടെ പുതിയ തലമുറ പ്രായേണ അസംഘടിതരായി തുടരുവാന്‍ ഇതിടയാക്കുന്നു. പുതിയ സംഘടനാ രൂപത്തേക്കുറിച്ചു് ചിന്തിക്കേണ്ടിയിരിക്കുന്നു. അസംഘടിതരായ വിവിധ മേഖലകളിലെ തൊഴിലാളികളുടേയും ആധുനിക കരാര്‍ തൊഴിലാളികളുടേയും ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള പൊതു കൂട്ടായ്മകളെ ട്രേഡ് അടിസ്ഥാനത്തിലും പ്രാദേശികമായും ദേശീയമായും സാര്‍വദേശീയമായും കേന്ദ്രീകരിച്ചു് ശക്തവും ഫലപ്രദവുമായ സംഘടനാ രൂപം സൃഷ്ടിക്കാന്‍ വിവര സാങ്കേതിക ശൃംഖല ഉപകരിക്കും. സംഘടനയുടെ ശേഷിയും ചലനാത്മകതയും കൈവരിക്കാനും അതിലൂടെ കൂടുതല്‍ വിപുലമായ ഐക്യ പ്രസ്ഥാനം ഊട്ടി ഉറപ്പിക്കാനും സമരങ്ങളുടെ പ്രഹര ശേഷി വര്‍ദ്ധിപ്പിക്കാനും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടും.

പക്ഷെ, ഇന്ന് സംഘടിത തൊഴിലാളികളും അവരുടെ സംഘടനകളും ഈ പുതിയ സങ്കേതങ്ങളുപയോഗിക്കാനോ അവയില്‍ വൈദഗ്ദ്ധ്യം നേടാനോ താല്പര്യം കാണിക്കുന്നില്ല. പഠിച്ച പരമ്പരാഗത വിവര കൈകാര്യ രീതി തുടരാനാണു് അവര്‍ക്കു് പൊതുവേ താല്പര്യം. അസംഘടിതരായ പുതുതലമുറ സ്ഥാപനങ്ങളിലെ തൊഴിലാളികളാണു് പുതിയ സങ്കേതങ്ങളില്‍ വൈദഗ്ദ്ധ്യം നേടുന്നവരായിട്ടുള്ളതു്. അവരാകട്ടെ അസംഘടിതരായി സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കു് പുറത്തു് തുടരുകയുമാണു്.

പുതിയ വിവര സാങ്കേതിക വിദ്യയും അതൊരുക്കുന്ന ഇന്റര്‍നെറ്റടക്കം ആഗോള വിവര വിനിമയ ശൃംഖലയും അതിലൂടെ ഉരുത്തിരിയുന്ന സമാന്തര വ്യവഹാര രംഗവും മൂലധന ശക്തികള്‍ അവരുടെ ആവശ്യത്തിലും താല്പര്യത്തിലുമാണു് വികസിപ്പിച്ചു കൊണ്ടിരിക്കുന്നതു്. അവ തൊഴിലാളികളെ അപ്രസക്തരാക്കാനും അവരെ അവിദഗ്ദ്ധ തൊഴിലാളികളാക്കി മാറ്റാനും പുറന്തള്ളാനും നാളിതു് വരെ ഉപയോഗപ്പെട്ടിരുന്നതിനാല്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ മൂലധനത്തിനു് പ്രത്യേക താല്പര്യം തന്നെ ഉണ്ടായിരുന്നു. പുതു തലമുറ സ്ഥാപനങ്ങളും അവിടങ്ങളിലെ അസംഘടിതരായ തൊഴിലാളികളും ഈ പ്രവണതയുടെ നേരിട്ടുള്ള ഫലമാണു്. അങ്ങിനെ അവര്‍ സൃഷ്ടിച്ച ഈ സൌകര്യം തൊഴിലാളികള്‍ക്കും അവരുടെ സംഘടനകള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയും. ബൂര്‍ഷ്വാസി അതിന്റെ ശവക്കുഴി തോണ്ടാന്‍ പോന്ന തൊഴിലാളി വര്‍ഗ്ഗത്തേയും സൃഷ്ടിക്കുന്നതു് പോലെ തന്നെ, അതിനുള്ള ശക്തമായ ഉപാധികളും സൃഷ്ടിക്കുന്നുണ്ടു്. അതാണു് ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യയും ശൃംഖലയും. അതെടുത്തുപയോഗിക്കുകമാത്രമേ തൊഴിലാളി വര്‍ഗ്ഗം ചെയ്യേണ്ടതുള്ളു.

ഇന്റര്‍ നെറ്റിന്റെ നിര്‍വ്വചനം തന്നെ നെറ്റു് വര്‍ക്കുകളുടെ നെറ്റു് വര്‍ക്കു് എന്നാണു്. അതായതു് ഇന്റര്‍നെറ്റിന്റെ ഭാഗമായി തൊഴിലാളികള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും സ്വന്തം ഇന്‍ട്രാനെറ്റു് സ്ഥാപിക്കാം. നിലവില്‍ അമേരിക്കയില്‍ മാത്രം സ്ഥാപിതമായിരിക്കുകയും ലോകമാകെ ജനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്ന സെര്‍വ്വറുകള്‍, മെമ്മറി ഫാമുകള്‍, വിവര സംഭരണികള്‍ തുടങ്ങിയ ശൃംഖലാ വിഭവങ്ങള്‍ തൊഴിലാളി സംഘടനകള്‍ക്കു് സ്വന്തം ഓഫീസുകളില്‍ സ്ഥാപിച്ചു് സ്വന്തം സുരക്ഷാ ക്രമീകരണങ്ങളോടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി സ്വന്തം ആവശ്യങ്ങള്‍ക്കും അതു് പോലെ തന്നെ പൊതു ശൃംഖലയിലുള്ളവരുമായി ആശയ വിനിമയം നടത്താനും ഉപയോഗിക്കാവുന്നതാണു്. അതിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ സ്വാംശീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യാന്‍ തയ്യാറാകുകയാണു് വേണ്ടതു്. തങ്ങളുടെ സ്ഥാപന ഭരണത്തിനു് വിവര സാങ്കേതിക വിദ്യ പ്രയോഗിക്കുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെ ഉപയോഗിക്കണമെന്നു് നിഷ്കര്‍ഷിക്കുകയും നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്നതിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമൂഹ്യ സ്വാംശീകരണം ഉറപ്പാക്കാനും ധന മൂലധന ശക്തികള്‍ക്കെതിരായ പുതിയൊരു സമര മുഖം തുറക്കാനും കഴിയുകയും ചെയ്യും. മൊത്തത്തില്‍, അടിച്ചേല്പിക്കപ്പെട്ട സ്വത്തവകാശത്തില്‍ അധിഷ്ഠിതമായ മൂലധനാധിപത്യ കമ്പോള വ്യവസ്ഥയ്ക്കു് പകരം മൂലധനത്തിനും കമ്പോളത്തിനും മോല്‍ സമൂഹത്തിന്റെ ആധിപത്യം ഉറപ്പാക്കുന്നതിനാവശ്യമായ ബൌദ്ധിക സ്വത്തിന്റെ സമാഹരണത്തിനും സ്വാംശീകരണത്തിനും തുടക്കം കുറിക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനത്തിലൂടെയും പ്രയോഗത്തിലൂടെയും വിവര വിനിമയ ശൃംഖലയുടെ ഉപയോഗത്തിലൂടെയും കഴിയുകയും ചെയ്യും.

നേട്ടങ്ങള്‍ കൊയ്യുന്നതു് മുതലാളിത്തം.

പുതിയ വിവര വിനിമയ സാങ്കേതങ്ങള്‍ വര്‍ദ്ധമാനമായ തോതില്‍ ഉപയോഗിക്കുന്നത് മൂലധന ശക്തികളാണു്. സമഗ്രവും ചടുലവുമായ വിവര വിനിമയ ശൃംഖല മൂലധനത്തിന്റെ ചലനാത്മകത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പ്രാദേശികവും ദേശീയവുമായ കെട്ടുപാടുകളില്‍ നിന്ന് മൂലധനത്തെ അത് മോചിപ്പിച്ചിരിക്കുന്നു. എവിടെയാണു് കൂടുതല്‍ ലാഭം കിട്ടുന്നതെന്നു് നോക്കി മൂലധനം ലോകമാകെ ഒഴുകുന്നു. നടത്തിപ്പ്, ഉല്‍പ്പാദനം, വിപണനം, അസംസ്കൃത വസ്തുക്കളുടേയും ഉല്‍പ്പന്നങ്ങളുടേയും നീക്കം എന്നിവയിലെല്ലാം ചടുലത കൈവരിച്ചും ചെലവ് കുറച്ചും വ്യവസായ ലാഭം ഉയര്‍ത്താന്‍ അത് കുത്തക മൂലധനത്തെ സഹായിക്കുന്നു. അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നിടത്തോ കൂലി കുറഞ്ഞിടത്തോ കമ്പോളത്തിനടുത്തോ ഏതാണ് കൂടുതല്‍ ലാഭകരമെന്ന് നോക്കി അവിടെ ഉല്‍പ്പാദനം സംഘടിപ്പിക്കുന്നു. അസംസ്കൃത പദാര്‍ത്ഥങ്ങളുടെ സ്രോതസുകളും ഉല്‍പ്പാദന കേന്ദ്രവും കമ്പോളവും അവതമ്മിലുള്ള ക്രയവിക്രയങ്ങളും സാമ്പത്തിക വിനിമയവും അവ ഒരോന്നിന്റേയും പ്രവര്‍ത്തനങ്ങളുമടക്കം സര്‍വ്വ വിവരാധിഷ്ടിത പ്രക്രിയകളും വിവര ശൃംഖലവഴി ഉല്‍ഗ്രഥിച്ചു് നടപ്പാക്കാന്‍ കഴിയുന്നു. പ്രതീകങ്ങള്‍ കാട്ടി തെരഞ്ഞെടുക്കപ്പെടുന്നവ മാത്രം ഉല്പാദിപ്പിച്ചു് നല്‍കുന്നതിലൂടെ സ്റ്റോക്കു് കുറയ്ക്കാന്‍ കഴിയുന്നു. കമ്പോളവും ഉല്പാദന കേന്ദ്രവും തമ്മിലുള്ള ചടുലമായ പാരസ്പര്യത്തിലൂടെ വിറ്റഴിയപ്പെടുന്നവ മാത്രം ഉല്‍പ്പാദിപ്പിക്കുക എന്നതു് സാധ്യമായിരിക്കുന്നു. വിറ്റഴിയപ്പെടാതെ കെട്ടിക്കിടക്കുന്ന ചരക്കുകളുടെ അളവു് ഗണ്യമായി കുറയുന്നു. സ്റ്റോക്ക് കുറച്ച് മൂലധന നിക്ഷേപം കൂറയ്ക്കാന്‍ അതുപകരിക്കുന്നു. ക്ലാസിക്കല്‍ മുതലാളിത്തഘട്ടത്തിലെ വന്‍കിട ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് പകരം വികേന്ദ്രീകൃത ഉല്‍പാദന യൂണിറ്റുകള്‍ സംഘടിപ്പിക്കുന്നു. പലപ്പോഴും, പുറം പണി നല്കുന്നു. അത്തരത്തിലെല്ലാം സ്ഥിരം തൊഴില്‍ ഒഴിവാക്കുന്നു. പകരം കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലും കുടിത്തൊഴിലും ഏര്‍പ്പെടുത്തുന്നു. തൊഴില്‍ വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം കുറച്ചും അല്ലാത്തവരുടെ എണ്ണം കൂട്ടിയും കൂലി കുറയ്ക്കാനും പുതിയ സാങ്കേതിക വിദ്യ സഹായിക്കുന്നു. ബഹുഭൂരിപക്ഷത്തേയും കരാര്‍ തൊഴിലാളികളാക്കി ട്രേഡ് തലത്തിലുള്ള സംഘടനകളെ ക്ഷീണിപ്പിക്കാനും കഴിയുന്നു. അതിലൂടെയൊക്കെ തൊഴിലാളികളുടെ സംഘാടന സാധ്യതയും സംഘടിത ശേഷിയും കുറയ്ക്കുന്നു. ഈ പുതിയ വ്യവസായാന്തരീക്ഷം കൂലി കുറച്ചും തൊഴില്‍ സമയം കൂട്ടിയും ലാഭം ഉയര്‍ത്താന്‍ മൂലധന ശക്തികളെ പ്രാപ്തമാക്കി.
ഇന്നു്, വിവര സാങ്കേതിക വിദ്യ ബഹുരാഷ്ട്ര കുത്തകകളുടെ കയ്യിലെ ഏറ്റവും കരുത്തുറ്റ ചൂഷണോപാധിയായാണ് നിലനില്‍ക്കുന്നത്. ആഗോള മേധാവിത്വം സ്ഥാപിക്കാനുതകുന്ന കരുത്തുറ്റ ഉപാധിയുമാണ്. ഉപകരണനിര്‍മ്മാണത്തില്‍ അവര്‍ക്കു് ഏതാണ്ടു് പൂര്‍ണ്ണമായ നിയന്ത്രണമാണുള്ളതു്. സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ കുത്തക നിലനിര്‍ത്താന്‍ സോഫ്റ്റ്‌വെയറിന്റെ പേറ്റന്റു് സംവിധാനം അവരെ സഹായിക്കുന്നു. പുതിയതും മറ്റേതിനേക്കാളും വിപുലവുമായ ഒരു പുതിയ വ്യവസായ മേഖല തന്നെ അതു് തുറന്നു കൊടുത്തിട്ടുണ്ടു്. ഹാര്‍ഡ്‌വെയറിന്റേയും സോഫ്റ്റ്‌വെയറിന്റേയും രംഗങ്ങില്‍ സാമ്രാജ്യത്വത്തിനു് ലഭിക്കുന്ന കുത്തകലാഭം അതിന്റെ നിലനില്പു് കുറേക്കാലത്തേയ്ക്കെങ്കിലും നീട്ടിക്കിട്ടാന്‍ ഇടയാക്കിയിട്ടുമുണ്ടു്. അവകസിത, വികസ്വര നാടുകളില്‍ നിന്നു് കിട്ടുന്ന കുത്തക ലാഭം സാമ്രാജ്യത്വത്തിനെ ഒട്ടൊന്നുമല്ല സഹായിച്ചുകൊണ്ടിരിക്കുന്നതു്. അതു് മൂലം വിവര വിനിമയ ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ചെലവ് ഉയര്‍ന്നിരിക്കുന്നതിനാല്‍ കുത്തകകള്‍ക്ക് മാത്രമേ അത് താങ്ങാനാവൂ. പിന്നോക്ക നാടുകളിലെ പൊതുമേഖലയ്ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും അവ അപ്രാപ്യമാണ്. ബഹുരാഷ്ട്ര കുത്തകകളുമായുള്ള മത്സരത്തല്‍ അവ പിന്തള്ളപ്പെടുന്നു. അവയിലെ തൊഴിലാളികളും ദുരിതം പേറേണ്ടി വരുന്നു. ബഹുരാഷ്ട്ര കുത്തകകളുടെ മത്സര ശേഷി സാമ്രാജ്യത്വത്ത അതിജീവനത്തെ സഹായിക്കുന്നു.
ആഗോള കുത്തകകള്‍ക്കു് ലൈസന്‍സ് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടു മിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതര മേഖലകളില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ മേഖലയിലേയ്ക്കും അവികസിത-വികസ്വര നാടുകളില്‍ നിന്ന് വികസിത നാടുകളിലേയ്ക്കും സമ്പത്ത് ഒഴുകുന്നു. കടുത്ത സാമ്രാജ്യത്വ ചൂഷണത്തിന്റെ ഒരു മാര്‍ഗമായി ഇന്നത് മാറിയിരിക്കുന്നു. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളും വിവര സാങ്കേതിക രംഗത്തെ കുത്തകാധിപത്യത്തിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കുന്നവയാണിന്നു്. വിവര സാങ്കേതിക വിദ്യയുടെ വിവിധ ഘടകങ്ങളായ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, ശൃംഖല എന്നിവകളില്‍, അറിവ് മാത്രമാണെന്നതുകൊണ്ട് സാധാരണക്കാര്‍ക്കടക്കം കൂടുതല്‍ ഇടപെടാനും സ്വാധീനിക്കാനും സ്വായത്തമാക്കാനും അതിലൂടെ ഇതര ഘടകങ്ങളിലും ഇടപെടാനുള്ള കഴിവാര്‍ജ്ജിക്കാനും പശ്ചാത്തലമൊരുക്കുന്ന ഒന്നാണ് സോഫ്റ്റ്‌വെയര്‍ രംഗം.

വിവര വിനിമയ സാങ്കേതിക വിദ്യ


സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപയോഗം അതി വേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണു്. ആധുനിക സമൂഹത്തില്‍ വിവരത്തിന്റെ ഉപയോഗം സാര്‍വത്രികമാണ്. വിവരം ഉപയോഗിക്കുന്നിടങ്ങളിലെല്ലാം വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകളുമുണ്ട്. വിവര സാങ്കേതികവിദ്യയുടെ വികാസവും അതിന്റെ വര്‍ദ്ധിച്ചു് വരുന്ന പ്രയോഗവും മൂലം വ്യക്തികള്‍ തമ്മിലുള്ള ആശയ വിനിമയവും ഉല്ലാസ-വാര്‍ത്താ മാധ്യമങ്ങളും സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളും പുതിയൊരു രീതിയില്‍ പുനസംഘടിപ്പിക്കപ്പെടുകയാണു്. എല്ലാ പ്രക്രിയകളുടേയും പുനരാവിഷ്കരണം നടക്കുകയാണു്. പ്രക്രിയകളുടെ ക്ഷമത വര്‍ദ്ധിക്കുകയാണു്. അവയുടെ വ്യാപ്തിയില്‍, കഴിവില്‍, കാര്യക്ഷമതയില്‍, ഫലപ്രാപ്തിയില്‍ അവ വികസിക്കുകയാണു്.

ഭാഷകള്‍ മാറ്റത്തിനു് വിധേയമാകുന്നു. അച്ചടി വിദ്യ പാടെ മാറ്റത്തിനു് വിധേയമായിരിക്കുന്നു. സാഹിത്യ സൃഷ്ടികളുടെ സ്വഭാവം മാറുന്നു. പുതിയവ രംഗത്തു് വരുന്നു. വായനാ രീതി മാറുന്നു. ശീലം മാറുന്നു. വിവിധ കലാരൂപങ്ങള്‍ മാറ്റത്തിനു് വിധേയമാകുന്നു. പുതിയ കലാരൂപങ്ങള്‍ രംഗത്തു് വരുന്നു. കാലാസ്വാദന രീതിയും ശീലവും മാറ്റത്തിനു് വിധേയമാകുന്നു. സാംസ്കാരിക രംഗം മാറ്റത്തിനു് വിധേയമാകുന്നു. സംസ്കാരം തന്നെ മാറുന്നു.

ഇതര സാങ്കേതിക വിദ്യകളിലും വിവര സാങ്കേതിക വിദ്യയുടെ പങ്കു വര്‍ദ്ധിച്ചു വരുന്നു. യന്ത്രങ്ങള്‍ പരിഷ്കരിക്കപ്പെടുന്നു. അവയുടെ നിയന്ത്രണ സംവിധാനങ്ങള്‍ സ്വയംചലനാത്മകമാകുന്നു. ഉല്പാദന പ്രവര്‍ത്തനങ്ങള്‍ വന്‍കിട ഫാക്ടറികളില്‍ നിന്നു് വികേന്ദ്രീകൃതമാകുന്നു. വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അനുകൂല സാഹചര്യങ്ങളുള്ള വിവിധ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്നു. അവയുടെ ആസൂത്രണവും സംയോജനവും ഉല്‍ഗ്രഥനവും നിയന്ത്രണവും വിവര സാങ്കേതിക ശൃംഖലയിലൂടെ എളുപ്പത്തില്‍ നടത്താന്‍ കഴിയുന്നു. ഉല്പന്നങ്ങളുടെ വിപണനം വിവര ശൃംഖലയിലൂടെ നടക്കുന്നു. ക്രയവിക്രയവും വര്‍ദ്ധിച്ച തോതില്‍ വിവര ശൃംഖലയിലൂടെ സാധ്യമാകുന്നു. അവയുടെ വിനിമയമാകട്ടെ കൂടുതല്‍ വേഗവും കാര്യക്ഷമതയും കൈവരിക്കുന്നു.

സേവനങ്ങളെല്ലാം കൂടുതല്‍ കൂടുതല്‍ വിവരാധിഷ്ഠിതമാകുന്നു. അവ വിവര സാങ്കേതിക ശൃംഖലയില്‍ എവിടെയും ആര്‍ക്കും എത്തിക്കാമെന്നും ലഭ്യമാകുമെന്നും വന്നിരിക്കുന്നു. വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും പുതിയ രീതിയില്‍ പുനസംഘടിപ്പിക്കപ്പെടുന്നു. ആസൂത്രണം എളുപ്പവും സമഗ്രവുമാക്കാന്‍ വിവര സാങ്കേതിക വിദ്യയ്ക്കു് കഴിയും. സര്‍ക്കാര്‍ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും നടത്തിപ്പും തിരിച്ചറിയപ്പെടാത്ത വിധം മാറ്റത്തിനു് വിധേയമാകുന്നു. സര്‍ക്കാരിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും വകുപ്പുകളുടെ ഏകീകരണ-ഉല്‍ഗ്രഥന സാധ്യതകള്‍ അവയുടെ ഘടനയെത്തന്നെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. വ്യക്തി നിഷ്ഠവും സാമൂഹ്യവുമായ എല്ലാ ബന്ധങ്ങള്‍ക്കും കൂട്ടായ്മക്കും പ്രവര്‍ത്തനങ്ങള്‍ക്കും യഥാര്‍ത്ഥ ജീവിതമേഖലയ്ക്കു് അനുബന്ധമായും അതേസമയം സമാന്തരമായും പുതിയൊരു മാധ്യമം, പുതിയൊരിടം, പുതിയൊരു വ്യവഹാര രംഗം തന്നെ - സൈബര്‍ സ്പേസ് - വിവര വിനിമയ ശൃംഖലയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കാനായി വിവിധ ജനസമൂഹങ്ങളുടെ സമത്വാധിഷ്ഠിത കൂട്ടായ്മക്ക് രൂപം നല്‍കാനുള്ള സാധ്യതയും ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ സംഘടനകള്‍ ഈ മാറ്റം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ഈ സാങ്കേതിക വിദ്യ സ്വാംശീകരിക്കേണ്ടിയരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലൂടെ സാങ്കേതിക വിദ്യയുടെ സാമൂഹ്യ സ്വാംശീകരണം സാധ്യമാണു്. അതുപയോഗിച്ചു് സ്വന്തം ശൃഖലാ വിഭവങ്ങളും ശൃംഖലയും സ്ഥാപിച്ചു് സംരക്ഷിച്ചു് ഉപയോഗിക്കാം. അവയുടെ പ്രയോഗത്തിലൂടെ രാഷ്ട്രീയം, സാമ്പത്തികം, ധനകാര്യം, സ്വത്തുടമസ്ഥത, ട്രേഡ് യൂണിയന്‍, ബഹുജന സംഘടനകള്‍ എല്ലാറ്റിലും മാറ്റം അനിവാര്യമായിരിക്കുന്നു. പുതിയ സംഘാടന രീതികള്‍, കര്‍മ്മ പരിപാടികളുടെ പുനര്‍നിര്‍ണ്ണയം, ചടുലവും ആവശ്യാധിഷ്ഠിതവുമായ പ്രവര്‍ത്തന രീതികള്‍, അവയ്ക്കനുയോജ്യമായ ആഭ്യന്തര വിവര വിനിമയരീതികള്‍, പൊതു സമൂഹവുമായുള്ള ആശയ വിനിമയ രീതികള്‍ എന്നിങ്ങനെ പല മാറ്റങ്ങളും ആവശ്യമായിരിക്കുന്നു.

Blog Archive