അണ്ണാ ഹസാരെ സമരം കോണ്‍ഗ്രസിന്റെ അഴിമതി പ്രേമം മാത്രമല്ല, എതിരാളികളെ ഒതുക്കി തങ്ങളുടെ അഴിമതി നിര്‍ബാധം തുടരാനുള്ള കുതന്ത്രങ്ങളും ഇക്കാര്യത്തില്‍ ഭരണ സംവിധാനത്തിന്റെ നഗ്നമായ ദുരുപയോഗവും തുറന്നു് കാട്ടപ്പെട്ടു. മാത്രമല്ല,സമരക്കാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു് സമരം തളര്‍ത്താനുള്ള ശ്രമം അഴിമതി തടയാനല്ല, തുടരാനാണു് കോണ്‍ഗ്രസിന്റെ ശ്രമമെന്നും തെളിയിച്ചു. അഴിമതിയോടുള്ള വിരോധം കൊണ്ടാണു് അണ്ണാഹസാരേയ്ക്കെതിരേയും ശാന്തിഭൂഷണെതിരേയും അരോപണം ഉന്നയിച്ചതെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതു് അവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. എന്നാല്‍, അതല്ല ഉണ്ടായതു്. മറിച്ചു് അരോപണം ഉന്നയിച്ചതു് സമരത്തെ തളര്‍ത്താന്‍ മാത്രമാണെന്നു് അണ്ണാഹസാരെയുടെ കാര്യത്തില്‍ മന്ത്രിമാരുടേയും പ്രധാന മന്ത്രിയുടേയും മാപ്പപേക്ഷകള്‍ തെളിയിച്ചു. ശാന്തി ഭൂഷന്റെ കാര്യത്തില്‍ വസ്തുതകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. ഏതായാലും കോണ്‍ഗ്രസിന്റെ കപട മുഖം അണ്ണാ ഹസാരേയുടെ കാര്യത്തിലെങ്കിലും ജനങ്ങള്‍ക്കു് ബോധ്യപ്പെടാന്‍ സമരം ഇടയാക്കി.
അഴിമതിക്കെതിരായി മൂമ്പെങ്ങും കണ്ടിട്ടില്ലാത്ത ശക്തമായ ഒരു സമരത്തിനു് ഇന്ത്യ സാക്ഷ്യം വഹിച്ചിരിക്കുന്നു.ആ സമരം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വ്യാപകമായ സമരമായിരുന്നു.
നിരാഹാരം അവസാനിപ്പിക്കാനായി അന്നാ ഹസാരെ ഉന്നയിച്ച മൂന്നു് നിര്‍ദ്ദേശങ്ങളിലും പാര്‍ലമെന്റില്‍ പൊതു സമ്മതി ഉണ്ടായിരിക്കുന്നതായി അറിയിച്ചതിനെ തുടര്‍ന്നാണു് അന്നാ ഹസാരെയുടെ നിരാഹാരം അവസാനിപ്പിച്ചതു്. സമരത്തിനാധാരമായി ഉന്നയിച്ച ജന ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകളും കൂടി പരിഗണിക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും പാര്‍ലമെണ്ടും സര്‍ക്കാരും നിര്‍ബ്ബന്ധിക്കപ്പെടുകയാണുണ്ടായതു്. പ്രതിപക്ഷത്തുള്ള ബിജെപിയാകട്ടെ അഴിമതിക്കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കിലും പ്രതിപക്ഷമെന്ന നിലയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ തയ്യാറാകേണ്ടി വന്നു. അഴിമതി രഹിത ഇന്ത്യയ്ക്കായുള്ള സമരം തുടരും എന്നു് അണ്ണാ ഹസാരെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കര്‍ശനമായ അഴിമതി വിരുദ്ധ സംവിധാനം ഒഴിവാക്കാന്‍ ഇനിയും പല കളികളും ഭരണാധികാരികളുടെ ഭാഗത്തു് നിന്നുണ്ടാകും. അതിനെ നേരിട്ടു് ഈ സമരം മുന്നേറുമെന്നുള്ളതിനുള്ള ഉറപ്പു് ജനങ്ങളുടെ ജാഗ്രത തന്നെയാണു്. ഈ സമരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള പ്രശ്നങ്ങളുടെ ആഴത്തിലുള്ള വിശകലനം ആവശ്യവും അടിയന്തിരവുമാണു്. കാരണം, സമരം ഇനിയും മുന്നോട്ടു് പോകേണ്ടി വരും. ഇനി വരും നാളുകളില്‍ സമരത്തിലെ അനാവശ്യ പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാതെ അഴിമതി വിരുദ്ധ സമരം മുന്നേറണം. നേട്ടങ്ങള്‍ ഉറപ്പിക്കപ്പെടുകയും കോട്ടങ്ങള്‍ ഒഴിവാക്കപ്പെടുകയും വേണം. ഇക്കാര്യത്തില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും സമരത്തിലണിനിരന്നവര്‍ക്കും ജനങ്ങള്‍ക്കും ഒട്ടേറെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടു്.
ഈ സമരത്തിലൂടെ ഉരുത്തിരിഞ്ഞിട്ടുള്ള സ്വാഗതാര്‍ഹമായ ജനാധിപത്യ സങ്കല്പങ്ങള്‍ ഉറപ്പിക്കുകയും ജനാധിപത്യ വിരുദ്ധമായ പ്രവണതകള്‍ ഒഴിവാക്കപ്പെടുകയും വേണം. അതിനാവശ്യമായ ചര്‍ച്ചയാണു് ഇന്ത്യന്‍ സമൂഹം ഏറ്റെടുക്കേണ്ടതു്. അതിനു് ഈ സമര മുന്നേറ്റം സാദ്ധ്യമാക്കിയ ആധുനിക സാങ്കേതിക വിദ്യയുടെ സിദ്ധികളൊരുക്കുന്ന ജനകീയ-ബഹുജന മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടു്. കോര്‍പ്പറേറ്റു് മാധ്യമങ്ങള്‍ താനേ പിന്തുടര്‍ന്നു് കൊള്ളും.
അഴിമതി പൊറുക്കാനാവാത്ത തരത്തില്‍ വ്യാപിച്ചു
സമരത്തിലേക്കു് നയിച്ച ഘടകങ്ങള്‍ പരിശോധിച്ചാല്‍ അഴിമതി എന്ന ദുര്‍ഭൂതത്തിന്റെ ഇരകളായി ജനതയാകെ മാറി എന്നതു് തന്നെയാണു് ഏറ്റവും പ്രധാനപ്പെട്ടതു്. അഴിമതി സമൂഹത്തിനു് ദ്രോഹകരമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള ധാരണ പുലര്‍ത്തിയിരുന്ന മുന്‍കാല മൂല്യ വ്യവസ്ഥ തന്നെ പുതിയ ഭരണ വര്‍ഗ്ഗം അതിന്റെ സ്വാര്‍ത്ഥ താല്പര്യത്തിനായി തകര്‍ത്തു എന്നതു് അഴിമതിയുടെ ക്രമാതീതമായ വ്യാപനത്തിനു് കളമൊരുക്കി. പുതിയ വ്യവസ്ഥ (മുതലാളിത്തം) നേരിട്ടുള്ള കൊള്ളയ്ക്കും ചൂഷണത്തിനും പകരം പരോക്ഷമായ കൊള്ളയും ചൂഷണവും കൂടി നടത്താന്‍ അഴിമതിയുടെ വിവിധ രൂപങ്ങള്‍ ഉപയോഗിച്ചു എന്നതാണു്, അഴഇമതിയുടെ വ്യാപനത്തിനുള്ള പ്രധാനപ്പെട്ട കാരണം. അതിനായി പുതിയ മൂല്യ വ്യവസ്ഥ തന്നെ മുതലാളിത്തം സൃഷ്ടിച്ചു.
അതിന്റെ ഭാഗമായാണു് അണ്ണാ ഹസാരെ സമര രംഗത്തു് വന്നപ്പോള്‍ തന്നെ അദ്ദേഹവും അഴിമതിക്കാരനാണെന്ന ആരോപണവുമായി മന്ത്രിമാരടക്കം രംഗത്തു് വന്നതു്. അണ്ണാഹസാരെ താന്‍ അഴിമതിക്കാരനാണെന്ന അരോപണത്തെ നേര്‍ക്കു് നേര്‍ ചോദ്യം ചെയ്തു. അഴിമതി ആരോപണം പിന്‍വലിക്കുന്നില്ലെങ്കില്‍ അതിനെതിരെ നിരാഹാരം ആരംഭിക്കുമെന്നു് സമരത്തിനിടയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. അഴിമതിയാരോപണം ഉന്നയിച്ചു് അവമതിച്ചു് പോലീസ് നടപടിയിലൂടെ സമരം തളര്‍ത്താനുള്ള ശ്രമമാണു് സര്‍ക്കാരിന്റെ ഭാഗത്തു് നിന്നും ഉണ്ടായതു്. അതു് ജനാധിപത്യത്തിന്മേലുള്ള കടന്നാക്രമാണമായി കണ്ടു് ഭരണക്കാരൊഴിച്ചു് മറ്റു് രാഷ്ട്രീയ പാര്‍ടികളെല്ലാം രംഗത്തു് വന്നു. എന്നാല്‍ കോണ്‍ഗ്രസിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നവരെയെല്ലാം അഴിമതിക്കാരാണെന്ന എതിര്‍ ആരോപണത്തിലൂടെയും നിയമപാലകരെ ഉപയോഗിച്ചുണ്ടാക്കുന്ന കള്ളക്കേസുകളിലൂടെയും നടത്തിയതിന്റെ ആവര്‍ത്തനമാണു് അണ്ണാ ഹസാരേക്കെതിരായ അരോപണമെന്ന കാര്യം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.
ഇവിടെ, ഇന്ത്യയില്‍ ഭരണത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടാല്‍ അതിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്കു് ബോദ്ധ്യപ്പെടും വിധം തുറന്നു് കാട്ടാനല്ല ഭരണാധികാരികള്‍ ശ്രദ്ധിച്ചതു്. മറിച്ചു് ഭരണത്തിനെതിരായ വിമര്‍ശനമെന്നു് കണ്ടു് അതു് മറച്ചു് പിടിക്കാനാണു്. തുടര്‍ന്നു്, ഒരു പടി കൂടി കടന്നു്, ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ ഉള്ളതും ഇല്ലാത്തതും പറഞ്ഞു് എതിര്‍ ആരോപണം ഉന്നയിക്കുന്നതിലേക്കും 'എല്ലാവരും അഴിമതിക്കാരാണു്', 'ആരും മാലാഖാമാരല്ല', 'കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്നിത്യാതി വാദങ്ങള്‍ ഉയര്‍ത്തി അഴിമതിക്കനുകൂലമായി മൂല്യ വ്യവസ്ഥയെ വികലമാക്കുകയും നിയമ പാലന വ്യവസ്ഥയെ തന്നെ നിഷ്ക്രിയമാക്കുകയുമാണുണ്ടായതു്. നവ ഉദാരവല്കരണ പരിപാടികളുടെ തുടക്കക്കാരനായ പി വി നരസിംഹറാവുവു വിപി സിങ്ങിനെതിരെ സെറ്റു് കിറ്റ്സ് കള്ള രേഖക്കേസ് കൃത്രിമമായി സൃഷ്ടിച്ചതായിരിക്കാം ഇത്തരത്തിലെ ആദ്യ സംഭവം. കേന്ദ്ര പോലീസു്-അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു് രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യുന്ന രീതി അറുപതുകളില്‍ തുടങ്ങിയിരുന്നതും ഉദാരവല്കരണ ഘട്ടത്തില്‍ വ്യാപകമായി. പല പ്രതിപക്ഷ-പ്രാദേശിക പാര്‍ടികളുടേയും നേതാക്കളും മത ജാതി സംഘടനാ നേതാക്കളും കോണ്‍ഗ്രസ് കൂടാരത്തില്‍ ഒതുങ്ങിക്കൂടാന്‍ ഇടവരുത്തിയതു് ഇത്തരം ഇടപെടലുകളിലൂടെയാണെന്നതിനു് കേരളത്തില്‍ തന്നെ ഉദാഹരണങ്ങള്‍ ഏറെ. എന്തിനേറെ കൃസ്ത്യന്‍ സഭകള്‍ അതിലും പ്രത്യേകിച്ചു് കത്തോലിക്കാ സഭകള്‍ വിദേശ പണം കൊണ്ടു് വരുന്നതും മറ്റുമായി ബന്ധപ്പെടുത്തി മിക്ക സഭാധികാരികളേയും മെരിക്കാന്‍ ഈ തന്ത്രം ഉപയോഗിക്കപ്പെടുന്നുണ്ടു്. ജാതി സംഘടനാ നേതാക്കളെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കുന്നതും ഇതേ വഴിയിലാടെ തന്നെ. ഇതിലൂടെ കിട്ടിയ നേട്ടം അഴിമതിക്കാരല്ലാത്തവരെ അഴിമതി ആരോപണത്തിനു് വിധേയമാക്കി അഴിമതിവിരുദ്ധ സമരം ക്ഷീണിപ്പിക്കാനുള്ള പ്രേരണയുമായി. ആയിരക്കണക്കിനു് ഉദാഹരണങ്ങള്‍ കേരളത്തിലെ പഞ്ചായത്തു്-നഗരപാലികാ സ്ഥാപനങ്ങളിലും ജില്ലാ ഭരണത്തിലും സംസ്ഥാന ഭരണത്തിലും പട്ടികപ്പെടുത്താം.
അക്കൂട്ടത്തില്‍ ഇഎംഎസിനെതിരെ അരി കുംഭകോണക്കേസും കരുണാകരനെതിരെ ചാരക്കേസും പിണറായി വിജയനെതിരെ ലാവ്‌ലിന്‍ കേസും വി എസ് അച്ചുതാനന്ദനെതിരെ ഏതോ ഒരു ബന്ധുവായ പട്ടാളക്കാരനു് സ്ഥലം കൊടുത്തുവെന്ന ആരോപണവും പെടും. ഇവയെല്ലാം അഴിമതിക്കാരായ കോണ്‍ഗ്രസുകാര്‍ തന്നെ ഉയര്‍ത്തിയതാണെന്ന കാര്യം ശ്രദ്ധാര്‍ഹമാണു്. ഇവയെല്ലാം കോണ്‍ഗ്രസുകാരുടെ കാപട്യം തുറന്നു് കാട്ടുന്നവയാണു്. ഈ പ്രവണതയുടെ സ്വാഭാവിക പരിണിതിയാണു് നിയമ വ്യവസ്ഥക്കും മൂല്യ വ്യവസ്ഥക്കും പുറത്തു് നടന്ന ഈ സമരം. നാളിതു് വരെ അഴിമതിക്കെതിരെ സമര രംഗത്തുണ്ടായിരുന്നതു് ഇടതു് പക്ഷമാണു്. സാമൂഹ്യ പുരോഗതിക്കു് വേണ്ടി നിലകൊള്ളുന്ന ഇന്ത്യന്‍ ഇടതു് പക്ഷം നയിക്കുന്ന പുരോഗമന പ്രസ്ഥാനം അഴിമതിക്കെതിരെ നടത്തി പോന്ന സമരവും അഴിമതി രഹിത ഭരണവും അഴിമതി രഹിത ഭരണ മാതൃകകളഉം മുന്നോട്ടു് പോകാതെ നോക്കാന്‍ മേധാവി വര്‍ഗ്ഗത്തിനു് കഴിഞ്ഞതിന്റെ അനന്തര ഫലം കൂടിയായിരുന്നു ഈ സമരം.
ഇടതു് പക്ഷത്തിനെതിരെ കേരളത്തില്‍ പരീക്ഷിച്ചു് വിജയിച്ചിരുന്ന മറു അഴിമതി ആരോപണം എന്ന തന്ത്രം അണ്ണാ ഹസാരേക്കെതിരെ പ്രയോഗിച്ചതു് പക്ഷെ, കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു് കുത്തിയിരിക്കുന്നു. അണ്ണാ ഹസാരെ ഇത്തരം ആരോപണത്തെ നേരിട്ട കാര്യത്തിലും നേരിട്ട മാര്‍ഗ്ഗത്തിന്റെ കാര്യത്തിലും അങ്ങേയറ്റത്തെ അഭിനന്ദനം അര്‍ഹിക്കുന്നു.
അഴിമതി വ്യാപകമാക്കേണ്ടതു് ആഗോളവല്കരണമെന്നറിയപ്പെടുന്ന ആഗോള ധന മൂലധനത്തിന്റെ വ്യാപനത്തിനായി മുന്നോട്ടു് വെയ്ക്കപ്പെട്ട നവ ഉദാരവല്കരണത്തിന്റെ ആവശ്യവുമായിരുന്നു. ധന മൂലധനത്തിന്റെ വളര്‍ച്ചക്കാനുപാതികമായി അതു് സൃഷ്ടിക്കുന്ന മിച്ചം വളരുന്നില്ല. ഈ മിച്ചം കൊണ്ടാണു് ഓഹരി ഉടമകള്‍ക്കു് ലാഭം നല്‍കേണ്ടതു്. ലാഭമില്ലെങ്കില്‍ ഓഹരിക്കമ്പോളം നിലനില്‍ക്കില്ല. അതിന്റെ നിലനില്പിനു് ലാഭം ഉണ്ടെന്നു് വരുത്തണം. ലാഭമില്ലെന്ന സത്യം മറച്ചു് വെച്ചു് ലാഭം കാണിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കപ്പെട്ടു. അവയെല്ലാം അഴിമതികളാണു്. പൊതു മുതലിന്റെ കൊള്ള, പൊതു മേഖല സ്വകാര്യ മൂലധനത്തിനു് കൈമാറല്‍, കോര്‍പ്പറേറ്റുകള്‍ക്കു് നികുതിയിളവു്, നഗ്നമായ ഖജനാവു് കൊള്ള, അഴിമതി കോണ്‍ട്രാക്ടുകള്‍ തുടങ്ങി അഴിമതിയുടെ വിവിധ രൂപങ്ങള്‍ ന്യായീകരിക്കപ്പെട്ടു. ഇതിലൂടെ കൈവശപ്പെടുത്തിയ ആസ്തികള്‍ ലാഭമായിക്കാണിക്കപ്പെട്ടു. ഓഹരി കമ്പോളം അടിവെച്ചടിവെച്ചു് മൂന്നേറി. അതിലൂടെയും മൂലധന പെരുപ്പിച്ചു. വിവര സാങ്കേതിക വിദ്യാമേഖല മറ്റിതര മേഖലകളില്‍ നിന്നു് സമ്പത്തു് ചോര്‍ത്തി. ഈ കൊള്ളകളിലെല്ലാം കൂടി സമാഹരിക്കപ്പെടുന്ന ആസ്തികല്‍ ധന മൂലധനം അഭൂത പൂര്‍വ്വമായി പെരുപ്പിക്കുകയാണു്. അതുണ്ടാക്കുന്ന മിച്ചത്തിന്റെ നിരക്കു് വീണ്ടും ഇടിയുന്നതിനാണു് ഇതു് ഇടവരുത്തുന്നതു്. അതൊരു വിഷമ വൃത്തം സൃഷ്ടിക്കുകയാണു്. 'കക്കും തോറും മുടിയും മുടിയും തോറും കക്കു'മെന്ന പഴഞ്ചൊല്ലു് അന്വര്‍ത്ഥമാക്കുന്നു.
ഉദാരവല്കരണത്തില്‍ നടക്കുന്ന കൊള്ളകളെ ന്യായീകരിക്കാനായി നാളതു് വരെ സര്‍ക്കാരില്‍ നിലനിന്നിരുന്ന കോഴക്കും കൈക്കൂലിക്കും എതിരായ ശിക്ഷാ നടപടികള്‍ എല്ലാം ഒഴിവാക്കപ്പെട്ടു. അറുപതുകളിലും എഴുപതു കളിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നടത്തപ്പെട്ട അന്വേഷണങ്ങളുടേയും കുറ്റവിചാരണയുടേയും ശിക്ഷകളുടേയും ഇന്നു് നടക്കുന്നവയുടേയും എണ്ണം താരതമ്യം ചെയ്താല്‍ അധികാരികള്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം വരുത്തിയ അയവു് പ്രകടമായി കാണാം. ഇതാണു് അഴിമതി താഴേത്തട്ടില്‍ വരെ വ്യാപിക്കാനുണ്ടായ കാരണം. അതു് സാധാരണക്കാരെ വരെ അസ്വസ്ഥരാക്കി. ആഗോളവല്‍ക്കരണത്തേയും അതു് വ്യാപകമാക്കിയ അഴിമതിയേയും അവര്‍ നേരിട്ടു് കാണുന്നില്ല.
അവരില്‍ 'മധ്യവര്‍ഗ്ഗമെന്നു്' ആരോപിക്കപ്പെടുന്നവര്‍ ആഗോളവല്കരണത്തിന്റെ ഗുണഭോക്താക്കളുമാണു്. അവര്‍ക്കു് തൊഴില്‍ ലഭിച്ചതു് പൊതു മേഖലാ സ്ഥാപനങ്ങളിലല്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്ല. 1984 മുതല്‍ നിയമന നിരോധനം നിലനില്‍ക്കുന്നു. അക്കാലം മുതല്‍ തന്നെ പൊതു മേഖലാ വികസനവും ഉണ്ടായിട്ടില്ല. അതിനാല്‍ എണ്‍പതുകള്‍ക്കു് ശേഷം തൊഴില്‍ ലഭിച്ചതു് നവ ഉദാരവല്കരണം കൊണ്ടുവന്ന പുതു തലമുറ സ്ഥാപനങ്ങളിലോ വിവര സാങ്കേതിക വിദ്യാ വ്യവസായത്തിലോ ആണെന്നതു് സ്വാഭാവികം. അവിടങ്ങളില്‍ തൊഴില്‍ ലഭിച്ചവര്‍ ഉദാരവല്കരണത്തിനു് അനുകൂലമായി ചിന്തിക്കുന്നതു് സ്വാഭാവികം. പൊതു മേഖലയില്‍ സൃഷ്ടിക്കപ്പെടേണ്ട തൊഴിലുകള്‍ക്കു് പകരമാണു് അവിടെ തൊഴില്‍ സൃഷ്ടിക്കപ്പെട്ടതെന്നു് അവര്‍ കാണാതെ പോയി എന്നതിനാലാണതു്. എന്നാല്‍, അത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന ചൂഷണവും പീഢനവും സഹിക്കാനാവാത്തതാണെന്നു് അവര്‍ അനുഭവിച്ചു് തുടങ്ങിയിട്ടുണ്ടു്. ക്രമേണ അവര്‍ മുതലാളിത്ത ചൂഷണത്തില്‍ എതിര്‍പ്പു് പ്രകടിപ്പിക്കാന്‍ നിര്‍ബ്ബന്ധിതരാകുകയും തൊഴിലാളി വര്‍ഗ്ഗ ചേരിയില്‍ അണിനിരക്കുകയും ചെയ്യേണ്ടവരാണു്. തൊഴിലാളി വര്‍ഗ്ഗത്തില്‍ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നവരെന്ന നിലയിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നവരാണവര്‍. അവര്‍ ഈ സമരത്തിനു് മൂന്‍കൈ എടുത്തതു് അവര്‍ കൊണ്ടു വരുന്ന സമ്പത്തു് തട്ടിമാറ്റുന്ന അഴിമതിക്കാരെ നേരില്‍ കണ്ടാണു്. അതു് സ്വാഭാവികമാണു്. തൊഴില്‍ സ്ഥിരതക്കും സാമൂഹ്യ സുരക്ഷയ്ക്കും വേണ്ടിയും ചൂഷണത്തിനെതിരായും അവരില്‍ വളരുന്ന രോഷത്തിന്റെ പരോക്ഷമായ പ്രകടനം കൂടിയായിരുന്നു സര്‍ക്കാരിനെതിരായ ഈ സമരം.
അഴിമതി നിയന്ത്രിക്കുന്നതില്‍ നിലവിലുള്ള ഭരണം പരാജയപ്പെട്ടു
അഴിമതിയുടെ വ്യാപനം കേവലമായ ഭരണ പരാജയമല്ല, മറിച്ചു് കരുതിക്കൂട്ടിയുള്ള നിലപാടിന്റെ ഫലമാണെന്നു് മുകളില്‍ കണ്ടു. പക്ഷെ, ഭരണക്കാര്‍ തന്നെ പരാജയത്തിനു് കാരണം നിയമ വ്യവസ്ഥയാണെന്നും ഭരണ വ്യവസ്ഥയാണെന്നും പറഞ്ഞു് തുടങ്ങി. അടിയന്തിരാവസ്ഥ സൃഷ്ടിച്ചു് ജനാധിപത്യം അട്ടിമറിച്ചതു് കോണ്‍ഗ്രസു് തന്നെയാണു്. അന്നു് അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ഭരണ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതു് ഓര്‍മ്മിക്കുക. വ്യവസ്ഥാ മാറ്റം എന്ന അജണ്ട, പാര്‍ലമെണ്ടറി വ്യവസ്ഥയ്ക്കു് പകരം പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥ ഉയര്‍ത്തിയതു് ബിജെപിയും. രണ്ടിന്റേയും പിന്നില്‍ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗം തന്നെ. മാത്രമല്ല, നാലു് പതിറ്റാണ്ടു് മുമ്പു് അഴിമതി നിയന്ത്രണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ലോക് പാല്‍ ബില്‍ നാളിതു് വരെ നിയമമാക്കാന്‍ മാറി മാറി വന്ന ഭരണ നേതൃത്വങ്ങള്‍ തയ്യാറായില്ല. അതില്‍ കോണ്‍ഗ്രസും ബിജെപിയും നയിച്ചവയാണു് കൂടുതലും. അവരുടെ പിന്തുണയോടെ നിലവില്‍ വന്നവയുമുണ്ടു്. അവയെല്ലാം ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടു്.
യഥാര്‍ത്ഥത്തില്‍ പാര്‍ലമെണ്ടറി ജനാധിപത്യ വ്യവസ്ഥയക്കെതിരെ വാളോങ്ങിയതും ജനാധിപത്യ സ്ഥാപനങ്ങളെ നാളിതു് വരെ അവമതിച്ചിട്ടുള്ളതും ഭരണ വര്‍ഗ്ഗവും അവരുടെ വൈതാളികരായി അധപ്പതിച്ച ഭരണ കൂടവും ജനപ്രതിനിധികളും തന്നെയാണു്. അക്കാര്യത്തിലും അണ്ണാസമരത്തേയും അതിന്റെ ഭാഗമായി നേതാക്കള്‍ പറഞ്ഞ വാക്കുകളേയും വ്യാഖ്യാനിച്ചു് അവയെല്ലാം ജനാധിപത്യ വ്യവസ്ഥയെ അവമതിക്കുന്നതാണെന്നു് വരുത്താനുള്ള ശ്രമം പല കോണുകളില്‍ നിന്നും നടക്കുന്നുണ്ടു്. ഇക്കാര്യങ്ങളിലും ഇനി വരുന്ന ദിനങ്ങളില്‍ അണ്ണാഹസാരേയും സംഘവും സര്‍ക്കാരിന്റെ വൃത്തികെട്ട മുഖം തുറന്നു് കാട്ടേണ്ടി വരും. അതുകളും യുപിഎയുടേയും കോണ്‍ഗ്രസിന്റേയും ഉറക്കം കെടുത്തുക തന്നെ ചെയ്യും.
മാത്രമല്ല, അഴിമതി വിരുദ്ധ സമരത്തിനും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പു് പരിഷ്കാരത്തിനു് വേണ്ടിയുള്ള സമരത്തിനും അണ്ണാ ഹസാരെ രംഗത്തിറങ്ങുമ്പോള്‍ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും കൂടുതല്‍ മുഖം മൂടികള്‍ അഴിഞ്ഞു് വീഴുകതന്നെ ചെയ്യും.
അതിന്റെ തുടക്കം മാത്രമാണു് അണ്ണാ ഹസാരേയ്ക്കെതിരായ അരോപണം വിഴുങ്ങേണ്ടി വന്നതും മന്ത്രിമാര്‍ പലരും മാപ്പു് പറയേണ്ടി വന്നതും സമരം ഒത്തു തീര്‍പ്പാക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടതും.
ജോസഫ് തോമസ് - 30-08-2011
Tuesday, August 30, 2011
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(75)
-
▼
August
(12)
- കോണ്‍ഗ്രസിനുണ്ടായ അപചയത്തിന്റെ ആഴം വെളിവാക്കിയ സമരം
- No socialism without Democracy & No democracy with...
- Significant victory - The Hindu
- ഹസാരെ സമരം വിജയിക്കുമ്പോള്‍ - ദേശാഭിമാനി
- അഴിമതി വിരുദ്ധ സമരം, ഒരു വിപ്ലവം തന്നെയാണു്, അതു് ...
- The ongoing anti-corruption struggle is justified ...
- Support the anti-corruption movement in India
- Rally and Dharna demanding Strong Lok Pal Bill and...
- Will the intelligentsia in India address the Govt ...
- Condemn the arrest of Anna Hazare and other anti-c...
- സ്വാതന്ത്ര്യ ദിന ചിന്തകള്‍ - 2011
- സാമ്രാജ്യത്വം കൊമ്പു് കുത്തുന്നു, മുതലാളിത്തം ഊരാക...
-
▼
August
(12)
1 comment:
അണ്ണാ ഹസാരെ സമരം കോണ്‍ഗ്രസിന്റെ അഴിമതി പ്രേമം മാത്രമല്ല, എതിരാളികളെ ഒതുക്കി തങ്ങളുടെ അഴിമതി നിര്‍ബാധം തുടരാനുള്ള കുതന്ത്രങ്ങളും ഇക്കാര്യത്തില്‍ ഭരണ സംവിധാനത്തിന്റെ നഗ്നമായ ദുരുപയോഗവും തുറന്നു് കാട്ടപ്പെട്ടു.
മാത്രമല്ല,സമരക്കാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു് സമരം തളര്‍ത്താനുള്ള ശ്രമം അഴിമതി തടയാനല്ല, തുടരാനാണു് കോണ്‍ഗ്രസിന്റെ ശ്രമമെന്നും തെളിയിച്ചു. അഴിമതിയോടുള്ള വിരോധം കൊണ്ടാണു് അണ്ണാഹസാരേയ്ക്കെതിരേയും ശാന്തിഭൂഷണെതിരേയും അരോപണം ഉന്നയിച്ചതെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതു് അവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. എന്നാല്‍, അതല്ല ഉണ്ടായതു്. മറിച്ചു് അരോപണം ഉന്നയിച്ചതു് സമരത്തെ തളര്‍ത്താന്‍ മാത്രമാണെന്നു് അണ്ണാഹസാരെയുടെ കാര്യത്തില്‍ മന്ത്രിമാരുടേയും പ്രധാന മന്ത്രിയുടേയും മാപ്പപേക്ഷകള്‍ തെളിയിച്ചു. ശാന്തി ഭൂഷന്റെ കാര്യത്തില്‍ വസ്തുതകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. ഏതായാലും കോണ്‍ഗ്രസിന്റെ കപട മുഖം അണ്ണാ ഹസാരേയുടെ കാര്യത്തിലെങ്കിലും ജനങ്ങള്‍ക്കു് ബോധ്യപ്പെടാന്‍ സമരം ഇടയാക്കി.
Post a Comment