യുഡിഎഫ് നടത്തുന്ന 'എമര്‍ജിങ്ങ് കേരള' വളരെ കൃത്യമായ ഒരു നയ സമീപനത്തിന്റെ പിന്‍ ബലത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതാണു്. കേരള വികസനത്തേക്കുറിച്ചുള്ള കോര്‍പ്പറേറ്റു് കാഴ്ചപ്പാടാണതു്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സാങ്കേതിക ഉപദേഷ്ടാവു് സാം പിത്രോദയും ആസൂത്രണ കമ്മീഷനിലെ അഹ്ലുവാലിയയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഓരേ സ്വരത്തില്‍ സംസാരിക്കുന്നതു് തന്നെ ഈ കോര്‍പ്പറേറ്റു് ധന മൂലധന താല്പര്യം അവരെല്ലാം പങ്കു് വെയ്ക്കുന്നു എന്നതു് മൂലമാണു്. അവരില്‍ ആര്‍ക്കെങ്കിലും കേരളത്തിന്റെ താല്പര്യമാണു് പരിഗണനാ വിഷയമായിരുന്നതെങ്കില്‍ ഇത്തരത്തില്‍ തികഞ്ഞ അഭിപ്രായ ഐക്യം ഉണ്ടാകുമായിരുന്നില്ല. അതാണു് കോണ്‍ഗ്രസ് നേതാവായിരുന്നിട്ടും വി എം സുധീരനേപ്പോലുള്ളവരുടെ വ്യത്യാസം. പക്ഷെ, യുവ ജനപ്രതിനിധികളുടെ 'പച്ചക്കൂട്ട'ത്തേപ്പോലെ സുധീരന്റേയും ലക്ഷ്യം കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സംരക്ഷണമായിമാത്രം കാണാന്‍ നാളിതു് വരേയുള്ള നമ്മുടെ അനുഭവം നമ്മെ പ്രേരിപ്പിക്കുന്നു. ഏതായാലും കോണ്‍ഗ്രസുകാര്‍ക്കു് പോലും അംഗീകരിക്കാനാവാത്ത കോര്‍പ്പറേറ്റു് ധന മൂലധന പ്രേമമാണു് യുപിഎ-യുഡിഎഫ് നേതൃത്വം പ്രകടിപ്പിക്കുന്നതെന്നു് 'എമര്‍ജിങ്ങ് കേരള' വെളിപ്പെടുത്തി.
കേരളത്തിന്റെ വികസനത്തേക്കുറിച്ചുള്ള ധന മൂലധന പരിപ്രേക്ഷ്യം മൊത്തം സമീപനത്തിലും ഓരോ പദ്ധതിയിലും പ്രകടമാണു്. പൊതു സമീപനം നിക്ഷേപം ആകര്‍ഷിക്കലാണു്. അതിനായി കേരളത്തിന്റെ ആവശ്യങ്ങളും സാധ്യതകളും സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങളും അവരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതു് അക്കൂട്ടത്തില്‍ പ്രധാനമാണു്. സ്വാഭാവികമായും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുമെന്നു് പറയുന്നുണ്ടെങ്കിലും അതു് മൂലധനത്തിന്റെ അജണ്ടയിലില്ലെന്നും ലാഭത്തിനു് വിധേയമായി മാത്രമേ അതു് പരിഗണിക്കപ്പെടൂ എന്നതും സമകാലിക ലോകത്തിലെ അനുഭവമാണു്. ഹരിതഗൃഹ വാതകവുമായി ബന്ധപ്പെട്ട ആഗോള വേദികളില്‍ നാമിതു് കണ്ടു. സ്പെക്ട്രവും കല്‍ക്കരി ഖനികളും എണ്ണപ്പാടങ്ങളും കൈമാറുന്ന എന്‍ഡിഎ-യുപിഎ നയ-നടപടികളിലും അനധികൃത ഇരുമ്പയിര്‍ ഖനനം നടത്തി കാടു് വെട്ടി വെളുപ്പിക്കുന്ന കര്‍ണാടകത്തിലെ ബിജെപി നേതാക്കളുടെ നടപടികളിലും കേരളത്തിലെ ഭൂമി അന്യാധീനപ്പെടുത്തുന്ന യുഡിഎഫിന്റെ ഭരണത്തിലും നാമുക്കതു് കാണാന്‍ കഴിഞ്ഞു. ലാഭമല്ലാതെ പ്രകൃതിയോ പരിസ്ഥിതിയോ മൂലധനത്തിനു് പ്രശ്നമല്ല. കേരളത്തിലെ പരിസ്ഥിതി സംരക്ഷിക്കപ്പെടുമോ എന്നതിന്റെ ഉറപ്പു് യുഡിഎഫിന്റെ നയമോ മൂലധനത്തിന്റെ ഔദാര്യമോ അല്ല, മറിച്ചു് ജനങ്ങളുടെ ജാഗ്രതയും സമയോചിതവും ശക്തവുമായ ഇടപെടലും മാത്രമാണു്.
പൊതുവെ നിക്ഷേപവും വികസനവും എന്ന വിഷയം യുഡിഎഫ് അവതരിപ്പിക്കുന്ന രീതി തന്നെ അവരുടെ ആത്മാര്‍ത്ഥതയില്ലായ്മ വെളിപ്പെടുത്തുന്നു. നിക്ഷേപം ആകര്‍ഷിക്കുകയാണു് ഈ പരിപാടിയുടെ ലക്ഷ്യമെന്നു് പറയുന്നതിലൂടെ നിക്ഷേപ വിഭവ പരിമിതിയാണു് നമ്മുടെ പ്രധാന പ്രശ്നമെന്നു് യുഡിഎഫ് കണ്ടെത്തിയിരിക്കുന്നു എന്നു് മനസിലാക്കാം. എന്നാല്‍ നിക്ഷേപം എന്തിനെന്ന കാര്യം മറന്നു് നിക്ഷേപമാണു് ആത്യന്തിക ലക്ഷ്യമെന്ന രീതിയിലാണു് വിഷയം അവതരിപ്പിക്കപ്പെടുന്നതു്. വികസനത്തിന്റെ ശരിയായ അളവു് കോലുകള്‍ നിക്ഷേപിക്കപ്പെടുന്ന തുകയല്ല, മറിച്ചു്, സൃഷ്ടിക്കപ്പെടുന്ന തൊഴിലും പുതിയ സമ്പത്തും വരുമാനവുമാണു് വികസനത്തിന്റെ അളവു് കോലെന്നു് ക്ലാസുകളിലും സ്വ ജീവിതത്തിലൂടെ അനുഭവിച്ചും പഠിച്ച കാര്യം ഓര്‍മ്മിച്ചെടുക്കുന്നതില്‍ നിന്നു് പോലും ജനങ്ങളെ തടയുന്ന വിധത്തില്‍ പ്രചണ്ഡമായ പ്രചരണമാണു് നിക്ഷേപം കൊണ്ടുവരുന്നതിനേക്കുറിച്ചു് നടത്തപ്പെടുന്നതു്. തൊഴിലും സമ്പത്തും വരുമാനവും സൃഷ്ടിക്കാന്‍ മിക്കപ്പോഴും നിക്ഷേപം അവശ്യം ആവശ്യമാണു്. കുറഞ്ഞ നിക്ഷേപം കൊണ്ടു് കൂടുതല്‍ തൊഴിലും സമ്പത്തും വരുമാനവും ഉണ്ടാക്കാവുന്ന മേഖലകളുണ്ടു്. അതേ പോലെ മറിച്ചും. ആവശ്യവും സാധ്യതയും വിഭവ ലഭ്യതയും പരിഗണിച്ചാണു് അവയുടെ തിരഞ്ഞെടുപ്പു്. ചുരുക്കത്തില്‍ സാധ്യമെങ്കില്‍ കുറഞ്ഞ നിക്ഷേപം കൊണ്ടു് കൂടുതല്‍ തൊഴിലും സമ്പത്തും വരുമാനവുമാണു് ആരും തിരഞ്ഞെടുക്കേണ്ടതു്. കാരണം, നിക്ഷേപം എന്നതു് ഒരു ആസ്തിയല്ല, ബാധ്യതയാണെന്ന കാര്യം ആസൂത്രകര്‍ അറിഞ്ഞിരിക്കേണ്ട അവശ്യ കാര്യമാണു്.
ആസ്തി സൃഷ്ടിക്കാന്‍ വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന അവശ്യ ബാധ്യതയാണു് നിക്ഷേപം. അതായതു് നിക്ഷേപം പരമാവധി കുറയ്ക്കുക എന്നതാണു് ആസൂത്രകരുടെ ധര്‍മ്മം. സാധ്യമായേടത്തോളം, കുറഞ്ഞ നിക്ഷേപത്തിലൂടെ പരമാവധി തൊഴിലും സമ്പത്തും വരുമാനവും സൃഷ്ടിക്കുന്നതാണു് മെച്ചപ്പെട്ട ആസൂത്രണം. ഇക്കാര്യം അറിയാത്തവരാണു് നമ്മുടെ ആസൂത്രണ വിദഗ്ദ്ധരും ഭരണാധികാരികളുമെന്നു് വിശ്വസിക്കാനാവില്ല. അതായതു്, ആര്‍ക്കോ വേണ്ടി മനപൂര്‍വ്വം ജനങ്ങളെ കബളിപ്പിക്കുകയാണു് അവര്‍ ചെയ്യുന്നതു് എന്നതു് വ്യക്തം. അവരുടെ യജമാനന്മാര്‍ മൂലധന ഉടമകളാണെന്നതു് അതിലേറെ വ്യക്തം. ആവശ്യത്തിലേറെ നിക്ഷേപം വേണമെന്നു് പെരുപ്പിച്ചു് കാണിച്ചാല്‍ മൂലധനത്തിന്റെ ലാഭം പെരുപ്പിക്കാം. സഹായിക്കുന്നവര്‍ക്കു് കമ്മീഷനും കിട്ടും. അവര്‍ തമ്മിലാണല്ലോ 'ജിമ്മി'ലും 'എമര്‍ജിങ്ങ് കേരള'യിലും ചര്‍ച്ചയും വിലപേശലും ഇടപാടുകളും നടക്കുന്നതു്. അവര്‍ക്കു് വേണ്ടി നിക്ഷേപ ഘടകം പെരുപ്പിക്കുകയും അങ്ങിനെ അവരുടെ ലാഭവിഹിതം ഉയര്‍ത്തുകയും നാട്ടിലുണ്ടാകേണ്ടുന്ന തൊഴിലിന്റേയും സമ്പത്തിന്റേയും നാട്ടിലേയ്ക്കു് എത്തുന്ന വരുമാനത്തിന്റേയും അളവു് കുറയ്ക്കുകയും എന്നതാണു് ഈ വാചാടോപങ്ങളുടേയും പ്രകടനപരതയുടേയും ലക്ഷ്യം. ഇതാണു് 'എമര്‍ജിങ്ങ് കേരള'യെ ജന വിരുദ്ധമാക്കുന്നതു്.
ആവശ്യമായ നിക്ഷേപത്തിന്റെ തോതു് ഓരോ വ്യവസായത്തിലും വ്യത്യസ്ഥമായിരിക്കും. ഇവിടെ പറഞ്ഞു് കേള്‍ക്കുന്ന പ്രധാന മേഖലകള്‍ നാണ്യവിളകളും വിവര സാങ്കേതിക വിദ്യയും ടൂറിസവുമാണു്. അവയാണല്ലോ നമ്മുടെ ആസൂത്രണ വിദഗ്ദ്ധന്‍ അഹ്ലുവാലിയ നമുക്കായി കല്പിച്ചു് തന്നിരിക്കുന്നതു്. കൂട്ടത്തില്‍ അടിസ്ഥാന പശ്ചാത്തല സൌകര്യങ്ങളായ ഗതാഗതവും വിദ്യാഭ്യാസവും ആരോഗ്യവും കൂടി വേണമെന്നു് യുഡിഎഫ് കാണുന്നുമുണ്ടാവാം. ഇവയില്‍ വന്‍തോതില്‍ നിക്ഷേപം ആവശ്യമുള്ളതു് ഗതാഗതത്തിനു് മാത്രമാണു്. അതു് പോലും യുക്തിപൂര്‍വ്വമായ ആസൂത്രണത്തിലൂടെ പരമാവധി കുറയ്ക്കാവുന്നതാണു്.
നിക്ഷേപ മൂലധനം വികസനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നു് മാത്രമാണു്. നമുക്കു് ഇല്ലാത്ത മറ്റു് ഘടകങ്ങള്‍ സംഘടിപ്പിക്കുന്നതിനു് നിക്ഷേപ മൂലധനം ആവശ്യമായി വരാം. വിവിധ ഘടകങ്ങളാകട്ടെ, സ്ഥലവും കെട്ടിടവും വൈദ്യുതിയും ഉപകരണങ്ങളും സാങ്കേതിക വിദ്യയും വൈദഗ്ദ്ധ്യവും അസംസ്കൃത പദാര്‍ത്ഥങ്ങളും തൊഴിലും മറ്റുമാണു്. പരാമര്‍ശിക്കപ്പെട്ട നമ്മുടെ മൂന്നു് മേഖലകളിലും പ്രവര്‍ത്തന മൂലധനം മാത്രമാണു് നിക്ഷേപമായി സമാഹരിക്കേണ്ടതു്. വൈദ്യുതി നാം ഉല്പാദിപ്പിച്ചേ തീരൂ. അതില്ലാതെ ഒരു നിക്ഷേപകനും കടന്നു് വരില്ല. വൈദ്യുതി കമ്മിയാണു് കേരളത്തിന്റെ ശാപം. അതു് പരിഹരിക്കാനുള്ള യാതൊരു ശ്രദ്ധയും യുഡിഎഫ് ഭരണം കാട്ടാറില്ല. 'എമര്‍ജിങ്ങു് കേരള'യിലും അതേക്കുറിച്ചു് കാര്യമായി കേട്ടില്ല. വിവര സാങ്കേതിക വ്യവസായ കാര്യത്തില്‍ യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതുമുണ്ടു്. അതിനുമുള്ള പണ വിഭവം കണണം. മറ്റു് ഘടകങ്ങളെല്ലാം നമ്മുടെ നാട്ടില്‍ നിലവില്‍ സുലഭമായി ഉള്ളതാണു്. അവ നമ്മുടേതാണു്. നമ്മുടെ വിഹിതമായി നിക്ഷേപിച്ചാല്‍ മതി. വരുമാന വിഹിതം നല്‍കിയാല്‍ മതി. അവയ്ക്കു് പകരം കൂടി പണ വിഭവം കണ്ടെത്തേണ്ട കാര്യമില്ല. ഗതാഗത സൌകര്യവും വൈദ്യുതിയുമടക്കം അടക്കം പല അടിസ്ഥാന സൌകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ടു്. പക്ഷെ, അവ വരുമാനം ഉണ്ടാകുന്ന മുറയ്ക്കു് ക്രമാനുഗതിമായി വികസിപ്പിച്ചാല്‍ മതി. നമുക്കു് ഇല്ലാത്ത ഘടകങ്ങളുടെ കാര്യത്തില്‍ (ഉദാഹരണം - കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍) നാം മിതത്വം പാലിക്കണം. അതേ പോലെ, ദൌര്‍ലഭ്യമുള്ള വൈദ്യൂതിയുടേയും പണ വിഭവത്തിന്റേയും കാര്യത്തിലും മിതവ്യയം ശീലിക്കണം. വരുമാന സൃഷ്ടിക്കായി അവ നീക്കി വെയ്ക്കണം. വരുമാനം വര്‍ദ്ധിക്കുന്ന മുറയ്ക്കു് അവയുടെ ലഭ്യത ഉയര്‍ത്താനുള്ള ശ്രമവും നടക്കണം. അതായതു്, പരമാവധി, നമ്മുടെ വിഭവങ്ങള്‍ ഉപയോഗിച്ചു് നടപ്പാക്കുന്ന ഉല്പാദന വികസന പ്രവര്‍ത്തനമാണു് തൊഴിലും സമ്പത്തും വരുമാനവും പരമാവധി ഉയര്‍ത്താനും സ്ഥായിയായി നിലനിര്‍ത്താനും ഉപകരിക്കുന്നതു്. അതല്ലാതെ, ബാധ്യത വര്‍ദ്ധിപ്പിക്കുന്ന നിക്ഷേപ മൂലധന സമാഹരണവും അതിന്റെ ധാരാളിത്തവും വികസനം മുരടിപ്പിക്കുകയേ ഉള്ളു.
ഇവിടെ നമുക്കുള്ള ഘടകങ്ങള്‍ക്കു് വേണ്ടിക്കൂടി പണ വിഭവം കണ്ടെത്താനുള്ള ശ്രമമാണു് 'എമര്‍ജിങ്ങ് കേരള'യിലൂടെ നടക്കുന്നതു്. അതു് ധന മൂലധനത്തെ പെരുപ്പിക്കാനും സഹായിക്കാനും മാത്രമാണെന്നതു് വ്യക്തം. അതിനു് പകരം നമ്മുടെ ഭൂമിയുടെ ഉടമസ്ഥരെ തന്നെ നിക്ഷേപകരും സംരംഭകരുമാകാന്‍ പ്രേരിപ്പിച്ചാല്‍ മതിയാകും. അവര്‍ക്കു് ലാഭ വിഹിതം ഉറപ്പാക്കുകയാണു് വേണ്ടതു്. അത്തരത്തില്‍ സംരംഭകത്വം നാട്ടില്‍ വളര്‍ത്തുകയാണു് സ്ഥായിയായ വികസനത്തിനുള്ള മാര്‍ഗ്ഗം. 'എമര്‍ജിങ്ങ് കേരള'യിലൂടെ മുന്നോട്ടു് വെയ്ക്കപ്പെടുന്നതു് വിഭവങ്ങളുടെ പുറത്തേയ്ക്കുള്ള ഒഴുക്കിനുള്ള മാര്‍ഗ്ഗമാണു്.
കയറ്റുമതിയെ ലക്ഷ്യമിട്ടുള്ള നാണ്യവിളകളിലും വിവര സാങ്കേതിക വിദ്യയിലും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചുള്ള ടൂറിസത്തിലും മാത്രം കേരളം ശ്രദ്ധിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശത്തിനു് പിന്നില്‍ വലിയൊരു വിപത്തു് ഒളിഞ്ഞിരിക്കുന്നുണ്ടു്. അവയെല്ലാം വിദേശ കമ്പോളത്തെ ഏതാണ്ടു് പൂര്‍ണ്ണമായി ആശ്രയിക്കുന്നവയാണു്. അതിനാല്‍, മേല്പറഞ്ഞ മൂന്നു് മേഖലകളിലൂന്നിയുള്ള വികസനം പരാശ്രിതത്വമാണു് സൃഷ്ടിക്കുക. നമ്മുടെ വിളകള്‍ക്കും സേവനങ്ങള്‍ക്കും വിലയിടിക്കാനുള്ള കഴിവു് പുറം കമ്പോളങ്ങള്‍ക്കു് നല്‍കുകയാണു് അത്തരം ആസൂത്രണത്തിന്റെ ഫലം. സുസ്ഥിര വികസനത്തിന്റെ കാഴ്ചപ്പാടു് വ്യത്യസ്തമാണു്. പരാശ്രിതത്വം പാടില്ല. നിരാശ്രിതത്വം ഇന്നത്തെ ലോകത്തു് പ്രായോഗികമല്ല. പരസ്പരാശ്രിതത്വമാണു് സാധ്യവും അഭികാമ്യവും സുസ്ഥിരവും. ആഭ്യന്തര കമ്പോളത്തെ ആശ്രയിച്ചും അതിനായുമുള്ള ഉല്പാദനമാണു് സുസ്ഥിരതയ്ക്കാവശ്യം. വിദേശ കമ്പോളത്തില്‍ വിലയിടിഞ്ഞാലും ആഭ്യന്തര ഉപഭോഗത്തിന്റെ ബലത്തില്‍ കടുത്ത തകര്‍ച്ചയും ദുരിതവും ഉണ്ടാകാതെ നോക്കാനാവും. കൃഷിയായാലും വിവര സാങ്കേതിക വിദ്യയായാലും ടൂറിസമായാലും അതാണു് വേണ്ടതു്. 'എമര്‍ജിങ്ങ് കേരള'യിലൂടെ മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു് പരാശ്രിതത്വത്തിന്റേതാണു്, വിദേശാശ്രിതത്വത്തിന്റേതാണു്. നാടിനു് ഗുണകരമല്ല. ഇതിനര്‍ത്ഥം ആ മേഖലകളില്‍ നാം ശ്രദ്ധിക്കേണ്ടതില്ല എന്നല്ല. അവ ഓരോന്നായി പരിശോധിക്കാം.
കേരള വികസനത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതിനായി ഉന്നയിക്കപ്പെട്ട മൂന്നു് മേഖലകളില്‍ ഒന്നാമത്തേതു് നാണ്യവിളകളുടേതാണു്. ഇതില്‍ തന്നെ ഒരു ജന വിരുദ്ധത അടങ്ങിയിരിക്കുന്നു. ഒരു കാര്യം ശരിയാണു്, കേരളത്തിന്റെ പ്രത്യേകതകളെ ഉപയോഗിക്കുകയാണു് രാജ്യത്തിനും ലോക സമൂഹത്തിനും നല്ലതു്. പക്ഷെ, അതു് കേരളീയരുടെ മാത്രം ചെലവിലാകരുതു്. നീതിപൂര്‍വ്വകമായിരിക്കണം. അതാണു് കേരളപ്പിറവിക്കു് ശേഷം അന്നത്തെ രാഷ്ട്രിയ നേതൃത്വം മുന്നോട്ടു് വെച്ച കാഴ്ചപ്പാടു്. ദേശീയ നേതൃത്വം അതംഗീകരിച്ചു. കേരളം നാണ്യവിളകള്‍ ഉല്പാദിപ്പിക്കണം. കേരളത്തിനാവശ്യമായ ഭക്ഷ്യ ധാന്യം കേന്ദ്രം ഉറപ്പാക്കും. ഒരുലക്ഷത്തി പതിനേഴായിരം ടണ്‍ ഭക്ഷ്യധാന്യം വരെ പ്രതിമാസം കേരളത്തിനു് കിട്ടിയിരുന്നു. യുപിഎ സര്‍ക്കാര്‍ ഇന്നതു് വെറും ഇരുപതിനായിരമോ മുപ്പതിനായിരമോ ടണ്ണായി വെട്ടിക്കുറച്ചു് കേരളീയരോടു് നീതികേടു് കാട്ടുകയാണു്. അതിനാല്‍, കേരളം നാണ്യവിളകളില്‍ ശ്രദ്ധിക്കണമെന്ന ആസൂത്രണ കമ്മീഷന്റെ മേല്പറഞ്ഞ നിര്‍ദ്ദേശം കേരളത്തിനു് സ്വീകരിക്കാന്‍ കഴിയില്ല. നെല്‍കൃഷിയേ വേണ്ടെന്ന വാദം അതിലേറെ ജനദ്രോഹപരമാണു്. കാരണം, നെല്പാടങ്ങളില്ലാതായാല്‍ ഭൂഗര്‍ഭ ജലത്തെ അതു് ബാധിക്കും. കുടിവെള്ള ലഭ്യത കുറയുന്നതും കേരളത്തിന്റെ പച്ചപ്പു് മായുന്നതുമടക്കം പരിസ്ഥിതി നാശമാണു് ഫലം. അതിനാല്‍ കേരള വികസനത്തിന്റെ ജനകീയ കാഴ്ചപ്പാടു് നെല്‍കൃഷി പരമാവധി ഉയര്‍ത്തുക മാത്രമല്ല, നാണ്യവിളകള്‍ക്കു് കമ്പോള തകര്‍ച്ചയുണ്ടാകുന്നതു് നേരിടാനായി ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ ഹ്രസ്വകാല വിളകള്‍ക്കുപയോഗിക്കുന്ന സ്ഥല വിസ്തൃതി ആസൂത്രിതമായി മറ്റു് ഭക്ഷ്യ വിളകളായ കപ്പ, ചേന, ചേമ്പു്, ചെറുകിഴങ്ങു്, മധുരക്കിഴങ്ങു് തുടങ്ങിയവയുടെ കൃഷിക്കായി ഉപയോഗിക്കുന്നതിനു് തയ്യാറാകുക എന്നതാണു്. കുരുമുളകും ഏലവും കമുകും റബ്ബറും അടക്കം നാണ്യവിളകളുടെ കൃഷി തെങ്ങും പ്ലാവും മാവുമടക്കം ഭക്ഷ്യ വിളകളുടെ കൃഷിയെ ബാധിക്കാത്ത വിധത്തില്‍ മാത്രം ആസൂത്രണം ചെയ്യുകയാണു് കേരളീയരുടെ താല്പര്യം. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും അതാവശ്യമാണു്.
നമ്മുടെ കാര്‍ഷിക വിളകളുടെ കാര്യത്തില്‍ മൂല്യ വര്‍ദ്ധന നേടാനുള്ള ശ്രമം തികച്ചും ശ്ലാഖനീയമാണു്. അതിനു് സാങ്കേതിക വിദ്യ ഇറക്കുമതി ആവശ്യമെങ്കില്‍ മറ്റു് രാജ്യങ്ങളോ വിദേശ സ്ഥാപനങ്ങളോ ആയി പരസ്പര സഹകരണം ആകാം. അതിലാര്‍ക്കും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല.
വിവര സാങ്കേതിക വിദ്യയുടെ രംഗത്തു് കേരളത്തിന്റെ നിലവിലുള്ള സ്ഥിതി പരിതാപകരമാണു്. ഇതേ സ്ഥിതി വളര്‍ത്തുകയാണു് 'എമര്‍ജിങ്ങ് കേരള'യില്‍ മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു്. ആഭ്യന്തര കമ്പോളത്തിനാവശ്യമായ യാതൊരു പരിഗണനയും നല്‍കപ്പെടുന്നില്ല. ഏതെല്ലാമോ വിദേശ താല്പര്യങ്ങള്‍ക്കു് വേണ്ടിയുള്ള പുറം കരാര്‍ പണികള്‍ മാത്രമാണു് നാം ശ്രദ്ധിക്കുന്നതു്. പുറം കമ്പനികള്‍ക്കും പുറം കരാറുകാര്‍ക്കുമായി ടെക്നോ പാര്‍ക്കും ഇന്‍ഫോപാര്‍ക്കും സ്മാര്‍ടു് സിറ്റിയും ടെക്നോ ലോഡ്ജുകളും നാമുണ്ടാക്കുന്നു. കേരളത്തിലെ ഇ-ഭരണത്തിനും സ്ഥാപനാസൂത്രണത്തിനും (ERP) വിദേശ കമ്പനികളെ നിരന്തരം ആശ്രയിക്കുന്നു. കേരളത്തിലെ വൈദ്യുതി വകുപ്പിന്റെ 239 കോടി രൂപയുടെ പ്രോജക്ടു് കൊറിയന്‍ കമ്പനിക്കു് നല്കി. വാട്ടര്‍ അതോറിറ്റിയിലെ 35 കോടി രൂപയുടെ പദ്ധതി ഒറാക്കിളിനെ അനുകൂലിക്കുന്ന കമ്പനികള്‍ക്കു് നല്‍കാനൊരുങ്ങുന്നു. കേരളത്തിലെ ഇ-ഭരണവും സ്ഥാപനാസൂത്രണവുമടക്കം പദ്ധതികള്‍ മുന്നില്‍ കണ്ടു് 'ഒറാക്കിളും' 'എമര്‍ജിങ്ങ് കേരള'യില്‍ എത്തിയിട്ടുണ്ടു്. മൈക്രോസോഫ്റ്റും സാപ്പും നേരത്തേതന്നെ ഭരണത്തിന്റെ ഇടനാഴികളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടു്. ഇ-ഭരണവും സ്ഥാപനാസൂത്രണവും സ്വകാര്യ സോഫ്റ്റ്‌വെയറുകളുപയോഗിക്കുന്ന അവരെ ഏല്പിച്ചാല്‍ നമ്മുടെ ഭരണവും സമ്പദ്ഘടനയും രാഷ്ട്രീയവും സംസ്കാരവും സമൂഹവും അവരുടെ നിയന്ത്രണത്തിലാകും. വിവര സാങ്കേതിക വിദ്യ വശമില്ലാത്ത ഭരണ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും അവരുടെ ഉപദേശം കേട്ടു് നടക്കാന്‍ നിര്‍ബ്ബന്ധിതരാകും. വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കാനും സ്വയം ശാക്തീകരിക്കാനും പ്രാദേശിക-ദേശീയ ശാക്തീകരണത്തിനും വ്യവസായാഭിവൃദ്ധിക്കും സുസ്ഥിര വികസനത്തിനും വിദ്യാഭ്യാസ ഗുണമേന്മയ്ക്കും വൈദഗ്ദ്ധ്യ പോഷണത്തിനും മാതൃ ഭാഷാ വികസനത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ആവശ്യമായിട്ടുള്ളതു്. സുസ്ഥിര വികസനത്തിനു് അവശ്യം ആവശ്യമായ സാങ്കേതിക സ്വാംശീകരണത്തിനു് ശ്രമിക്കാത്തതാണു് നമ്മുടെ ഇന്നത്തെ പതനത്തിനു് കാരണം. നമ്മുടെ സേവനങ്ങള്‍ വിദേശ കമ്പനികള്‍ക്കു് നല്‍കുമ്പോള്‍ വിഭവം പുറത്തേയ്ക്കൊഴുകുന്നു. വിദേശ ഡോക്ടര്‍മാര്‍ പറയുന്നതു് ടൈപ്പു് ചെയ്തു് കൊടുക്കുന്ന പണി നമ്മുടെ കമ്പനികള്‍ നടത്തുന്നു. അത്തരം കമ്പനികള്‍ക്കായി സ്ഥലവും വൈദ്യുതിയും സൌകര്യവുമൊരുക്കി നാം വികസന മേനി നടിക്കുന്നു. അവരുടെ ആവശ്യം കഴിയുമ്പോള്‍ അവയെല്ലാം ഇട്ടെറിഞ്ഞു് പോകുമ്പോള്‍ നമ്മുടെ സമ്പദ്ഘടന അവതാളത്തിലാകും. വന്‍ തോതില്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുന്നു. അവയുടെ ഉപയോഗത്തില്‍ ധാരാളിത്തം നടമാടുന്നു. വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നു് മറ്റുള്ളവരെ കാണിക്കാനായി അനാവശ്യമായി പോലും ഉപകരണങ്ങള്‍ വാങ്ങി കൂട്ടി വിഭവം പാഴാക്കുന്നു. പാടി പുകഴ്ത്തപ്പെടുന്ന ഇന്നത്തെ വിവര സാങ്കേതിക വികാസത്തിന്റെ നീക്കി ബാക്കി നമ്മുടെ വിഭവങ്ങളുടെ പുറത്തേയ്ക്കുള്ള ഒഴുക്കാണു്. അപഹാസ്യമണു് നമ്മുടെ വിവര സാങ്കേതിക വികസനം.
വേണ്ടതെന്തെന്നു് നോക്കാം. വൈദ്യുതി വകുപ്പിന്റേയും വാട്ടര്‍ അതോറിറ്റിയുടേയും അടക്കം നൂറിലേറെ വരുന്ന വകുപ്പുകളുടേയും അത്രയും തന്നെ വരുന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഇ-ഭരണവും സ്ഥാപനാസൂത്രണവുമായി ബന്ധപ്പെട്ട വിവര സാങ്കേതിക ജോലികള്‍ കേരളത്തിലെ സ്വയം തൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരെ ഏല്പിക്കണം. അവയുടെ വൈദഗ്ദ്ധ്യ പോഷണത്തിനും ശാക്തീകരണത്തിനും സംവിധാനങ്ങളുടെ ഉല്‍ഗ്രഥനത്തിനും സേവനങ്ങളുടേയും സാങ്കേതിക വിദ്യയുടേയും മാനനീകരണത്തിനും ഗുണമേന്മയുടെ നിലവാരം നിര്‍ണ്ണയിക്കുന്നതിനും ഉറപ്പാക്കുന്നതിനും കെല്‍ട്രോണ്‍ പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങളെ ഉപയോഗിക്കണം. രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു് കേരളത്തിലെ ഇ-ഭരണവും സ്ഥാപനാസൂത്രണവും നടത്താം. ഇന്നത്തെ സാര്‍വ്വദേശീയ നിരക്കില്‍ ഏകദേശം പതിനായിരം കോടി രൂപയുടെ കമ്പോളമാണിതു്. നമുക്കതു് രണ്ടായിരമോ മൂവായിരമോ കോടി രൂപയുടെ കൂലി ചെലവില്‍ നടപ്പിലാക്കാം. തൊഴിലും കൂലിയും വരുമാനവും നാട്ടുകാര്‍ക്കു് ലഭിക്കും. വന്‍ തോതിലുള്ള പദ്ധതികള്‍ക്കായി വിദേശ കമ്പനികളെ കൊണ്ടുവരുന്നതിനു് പകരം ചെറിയ തോതില്‍ തുടങ്ങണം. ആഭ്യന്തര കഴിവു് വളര്‍ത്തണം. അതിന്റെ അനുഭവവും പരിചയവും ഉപയോഗിച്ചും അവയുടെ മാതൃകകള്‍ എടുത്തു് കാട്ടിയും കേരളത്തിനു് അഖിലേന്ത്യാ തലത്തില്‍ ഇ-ഭരണ-സ്ഥാപന ഭരണ രംഗങ്ങളില്‍ പ്രവൃത്തികള്‍ ഏറ്റെടുത്തു് വരുമാനം കൊണ്ടുവരാം. തുടര്‍ന്നു് ആഗോളമായും. ഇത്രയേറെ കമ്പോള സാധ്യതകളുള്ള ഈ രംഗം ശ്രദ്ധിക്കാതെ പോകുന്നതും കേരളത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാതിരിക്കുന്നതും കേരള വികസനത്തോടു് ചെയ്യുന്ന പാതകമാണു്. അഞ്ചു് വര്‍ഷം കൊണ്ടു് പ്രതി വര്‍ഷം പതിനായിരം കോടി രൂപയുടെ അധിക വരുമാനം കേരളത്തിലേയ്ക്കു് കൊണ്ടു് വരാന്‍ ഈ വികസന തന്ത്രത്തിനു് കഴിയും.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക കഴിവും ഇ-ഭരണ സാങ്കേതിക വൈദഗ്ദ്ധ്യവും കേരളത്തിലും കെല്‍ട്രോണിലും തന്നെ ലഭ്യമാണു്. അതുപയോഗിക്കുകയേ വേണ്ടൂ. ഉപകരണങ്ങളുടെ കാര്യത്തില്‍ മിത വ്യയം ശീലിക്കണം. ആഭ്യന്തര കമ്പോളം മറുനാട്ടുകാര്‍ക്കു് മാത്രമായി കൊടുക്കുന്നതിനു് പകരം നാട്ടുകാര്‍ക്കു് തുറന്നു് കൊടുത്താല്‍ മതി.
ടെക്നോ പാര്‍ക്കോ ഇന്‍ഫോ പാര്‍ക്കോ മേല്പറഞ്ഞ ആഭ്യന്തര ശാക്തീകരണത്തിനു് അത്യാവശ്യമല്ല. അതതു് വകുപ്പുകളുടെ സ്ഥല സൌകര്യം തന്നെ മതി. വിവര സാങ്കേതിക വിദ്യയുടെ അവശ്യ അടിസ്ഥാന സൌകര്യം തുടര്‍ച്ചയായ വൈദ്യുതിയും ശൃംഖലാ ബന്ധവുമാണു്. ശൃംഖലാ ബന്ധം കേരളത്തില്‍ പരക്കെ ലഭ്യമാണു്. സൌരോര്‍ജ്ജം ഉപയോഗിക്കാം. കേന്ദ്ര സര്‍ക്കാര്‍ 75% സഹായം ലഭ്യമാക്കും. സൌരോര്‍ജ്ജ സാങ്കേതിക വിദ്യയുടെ സ്വാംശീകരണം തന്നെ അടുത്ത ഘട്ട വരുമാന വികസന മാര്‍ഗ്ഗമായി കേരളത്തിനു് പ്രയോജനപ്പെടും. സ്വയം തൊഴില്‍ സംരംഭകരുടെ ഓരോ വീടും ശൃംഖലയില്‍ വരുമ്പോള്‍ എല്ലാ സാങ്കേതിക പാര്‍ക്കുകളേക്കാളും വലിയ അടിസ്ഥാന സൌകര്യമായി അതു് മാറും.
അടുത്ത മേഖല ടൂറിസമാണു്. എത്ര പരസ്യം നല്‍കിയാലും എത്ര സ്റ്റാര്‍ ഹോട്ടലുകളോ രാത്രി വിനോദങ്ങളോ തിരുമ്മല്‍ കേന്ദ്രങ്ങളോ ഏര്‍പ്പെടുത്തിയാലും ഇന്നത്തേപ്പോലെ തെരുവുകളും മണ്ണും നീര്‍ച്ചാലുകളും ജലാശയങ്ങളും വൃത്തികേടായി തുടരുന്നിടത്തോളം കേരളത്തിന്റെ ടൂറിസം വ്യവസായം വികസിക്കില്ല. സാര്‍വ്വദേശീയമായി അവശ്യം കണ്ടിരിക്കേണ്ട ടൂറിസ്റ്റു് കേന്ദ്രങ്ങളുടെ ഗണത്തിലാണു് കേരളം പെട്ടിരിക്കുന്നതു്. കഴിഞ്ഞ രണ്ടു് പതിറ്റാണ്ടുകളായി ടൂറിസം പ്രോത്സാഹിപ്പിച്ചിട്ടും ആഗോള ടൂറിസ്റ്റുകളില്‍ വെറും 0.06 ശതമാനം മാത്രമാണു് കേരളം സന്ദര്‍ശിക്കുന്നതു്. ശുചിത്വം കൈവരിച്ചാല്‍, തെരുവുകളും റോഡുകളും പറമ്പുകളും നീര്‍ച്ചാലുകളും ജലാശയങ്ങളും വൃത്തിയാക്കിയിട്ടാല്‍ കേരളം ടൂറിസ്റ്റുകളുടെ സ്വര്‍ഗ്ഗമായി മാറും. കൂടിയ നിരക്കുള്ള ഹോട്ടലുകളേക്കാള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതു് കുറഞ്ഞ നിരക്കിലുള്ള വൃത്തിയുള്ള താമസ സൌകര്യമാണു്. അതിനു് പകരമാവില്ല, മാലിന്യ കൂമ്പാരങ്ങള്‍ക്കു് നടുവില്‍ വളച്ചു് കെട്ടി വൃത്തിയായി സൂക്ഷിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകള്‍. അവ വൃത്തിയുള്ളവയാണെന്നു് വിശ്വസിക്കാന്‍ വൃത്തി ഹീനമായ ചുറ്റുപാടുകള്‍ ഒരു ടൂറിസ്റ്റിനേയും അനുവദിക്കില്ല. ഇന്നത്തെ ടൂറിസം പ്രോത്സാഹനം പഞ്ച നക്ഷത്ര ഹോട്ടലുകള്‍ കെട്ടുന്ന ധന മൂലധനത്തിന്റെ നീരാളി പിടുത്തത്തിലേയ്ക്കു് കേരള സമ്പദ്ഘടനയെ എത്തിക്കാന്‍ മാത്രമേ ഉതകൂ. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ടൂറിസത്തിന്റെ ഏറിയ പങ്കും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടതാണു്. അതിന്റെ എത്രയോ മടങ്ങു് സാധാരണക്കാരെ കേരളത്തിലേയ്ക്കാകര്‍ഷിക്കാന്‍ വൃത്തിയുള്ള കേരളത്തിനു് കഴിയും !
ചുരുക്കത്തില്‍, ആഭ്യന്തര വിഭവങ്ങള്‍ ഉപയോഗിച്ചും ആഭ്യന്തര കമ്പോളം ലക്ഷ്യമാക്കിയുമുള്ള വികസനമാണു് സ്ഥായിയായതും ഉറപ്പുള്ളതും. അവ സാധ്യമല്ലാത്തിടത്താണു് മറ്റു് മാര്‍ഗ്ഗങ്ങള്‍ നോക്കേണ്ടി വരുന്നതു്. കേരളത്തിനു് മേല്പറഞ്ഞ മൂന്നു് മേഖലകളിലും സ്വന്തം വിഭവങ്ങളും സ്വന്തം കമ്പോളവും ലക്ഷ്യമിട്ടുള്ള വികസനം സാധ്യമാണു്. തുടര്‍ന്നു് മിച്ചോല്പന്നങ്ങളും ആഭ്യന്തരമായി ഗുണമേന്മ തെളിയിക്കപ്പെട്ട സേവനങ്ങളും വൈദഗ്ദ്ധ്യം നേടിയ മനുഷ്യ വിഭവവും കയറ്റുമതി ചെയ്യുകയുമാകാം. അവ മൂല്യ വര്‍ദ്ധനയും ഉറപ്പാക്കും.
നൂറ്റാണ്ടുകള്‍ വിദേശ ഭരണത്തില്‍ കഴിഞ്ഞതിന്റെ ബാക്കി പത്രമായി നില്‍ക്കുന്ന അടിമ മനോഭാവം കളഞ്ഞു് സ്വന്തം ആസ്തികളും കഴിവുകളും സാധ്യതകളും തിരിച്ചറിയുകയാണു് കേരള വികസനത്തിന്റെ മുന്നുപാധി. നമ്മുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നമുക്കു് നാളെയെ സധൈര്യം അഭിമുഖീകരിക്കാം. വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവും ചില്ലറ വ്യാപാര മേഖലയും ധന മൂലധന ശക്തികളുടെ നീരാളിപ്പിടുത്തത്തിലായിക്കൊണ്ടിരിക്കുന്നു. അവയടക്കം ഇതര മേഖലകളിലും ആഭ്യന്തര ശാക്തീകരണത്തിലും ആവശ്യങ്ങളിലും പരസ്പര സഹകരണത്തിലും അധിഷ്ഠിതമായ സമാന വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയും നടപ്പാക്കുകയുമാണു് കേരളം ഉയര്‍ന്നു് വരുന്നതിനാവശ്യമായിട്ടുള്ളതു്.
ജോസഫ് തോമസ്
No comments:
Post a Comment