Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, September 26, 2012

മലയാളിയുടെ ഭാവിക്കു് മലയാളം വളരണം, മലയാളത്തിന്റെ ഭാവി സ്വതന്ത്ര സോഫ്റ്റ്‌വെയറിനൊപ്പം



മലയാളം മലയാളികളുടെ പഠന മാധ്യമമാകണം. കേരളത്തിന്റെ ഭരണ ഭാഷയാകണം. നിയമ ഭാഷയാകണം. കോടതി ഭാഷയാകണം. ശാസ്ത്ര ഭാഷയാകണം. മലയാളി മലയാളത്തിലൂടെ ലോകം കാണണം. മലയാളത്തിലൂടെ മറ്റു് ഭാഷകള്‍ പഠിക്കണം. മലയാളിയെ മലയാളത്തിലൂടെ ലോകം അറിയണം. അതിനെല്ലാം മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിക്കണം. അതിനാകട്ടെ, മലയാളികള്‍ തന്നെ മുന്‍ കൈ എടുക്കണം. അതിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ മലയാളിയെ പ്രാപ്തനാക്കൂ. സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ മൂല കോഡുകള്‍ രഹസ്യമായതിനാലും അവയുടെ വികസനം നടത്തുന്നതില്‍ നിന്നു് എല്ലാവരേയും ലൈസന്‍സ് വ്യവസ്ഥയിലൂടെ തടഞ്ഞിരിക്കുന്നതിനാലും മലയാളിക്കു് അവയുപയോഗിച്ചു് മലയാളം വികസിപ്പിക്കാനാവില്ല.സ്വകാര്യ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളാകട്ടെ ലാഭം നോക്കി മാത്രമേ എന്തും ചെയ്യൂ. മലയാളികള്‍ എണ്ണത്തില്‍ കുറവായതിനാല്‍, കമ്പോളം ചെറുതായതിനാല്‍ മലയാളത്തിന്റെ ഊഴം വളരെ പുറകിലാകും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രയോഗത്തിലൂടെ മലയാളഭാഷാ വികസനത്തിനു് ചെറിയ തുടക്കം

"പ്രസിദ്ധീകരണത്തിനുപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ സ്ക്രൈബസിനു്, ഇപ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ക്കായുള്ള യുണിക്കോഡ് പിന്തുണ വികസിപ്പിച്ചെടുത്തിരിക്കുന്നു. എറണാകുളത്തു്, ശ്രീ കെ. വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനുയോജ്യ സാങ്കേതികവിദ്യാ പ്രോത്സാഹക സംഘം (ATPS) പ്രവര്‍ത്തകര്‍, തെലുങ്കു് ദിനപത്രമായ പ്രജാശക്തിയുടേയും, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റേയും (DAKF) സഹായത്തോടുകൂടിയാണു് ഇതു് വികസിപ്പിച്ചതു്. പ്രജാശക്തിയുടെ വിഭവാസൂത്രണ-എഡിറ്റോറിയല്‍ (ERP & Editorial Work Flow) സംവിധാനത്തിന്റെ ഭാഗമായാണു് ഈ പ്രവര്‍ത്തനം നടന്നതു്. ഏതു് പ്രസിദ്ധീകരണ സ്ഥാപനത്തിനും അതിന്റെ ആധുനികവല്കരണത്തിനായി ഉപയോഗിക്കാവുന്നതാണു് ഈ സംവിധാനം. മലയാള ഭാഷയുടേയും കേരളത്തിലെ വിവര സാങ്കേതിക വ്യവസായത്തിന്റേയും വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ചെറിയൊരു നേട്ടമാണിതു്.”

ചരിത്രപരവും സാങ്കേതികവുമായ കാരണങ്ങളാല്‍ വിവര സാങ്കേതിക വിദ്യയുടെ ഭാഷ ഇംഗ്ലീഷായി അറിയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ യന്ത്ര ഭാഷ ബൈനറിയാണു്. ബൈനറി ഉപയോഗിക്കുന്ന ഒട്ടേറെ ഭാഷകളില്‍ ഒന്നു് മാത്രമാണു് അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ചു് (ASCII). കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഏറെ വികസിച്ചതു് അമേരിക്കയിലായതിനാലും അവിടെ ഇംഗ്ലീഷാണു് ഭാഷയെന്നതിനാലും ASCII കമ്പ്യൂട്ടറിന്റെ ഭാഷയായി അംഗീകരിക്കപ്പെട്ടു. അതുപയോഗിച്ചു് ഇംഗ്ലീഷും മറ്റേതെങ്കിലും ഒരു ഭാഷയുമാണു് പൊതുവെ കൈകാര്യം ചെയ്യപ്പെട്ടു് പോന്നതു്. ഇംഗ്ലീഷിലാണു് കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായി നടന്നതെന്നതിനാലാണു് ഇംഗ്ലീഷിലാണു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന ധാരണ പരന്നതു്. ചരിത്രപരമായ കാരണങ്ങള്‍ക്കൊപ്പം (ബ്രിട്ടീഷ് കോളനിഭരണം) ഇതും ഇന്നത്തെ ഘട്ടത്തില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യവും അതിനോടുള്ള ആഭിമുഖ്യവും വര്‍ദ്ധിപ്പിക്കാനിടയാക്കി. ഇന്നു് ആഗോള ധന മൂലധനാധിപത്യത്തോടൊപ്പം ഇതും മലയാളികളുടെ ഇടയില്‍ ഇംഗ്ലീഷിനോടുള്ള അടിമ മനോഭാവം രൂപപ്പെടാന്‍ കാരണമായിട്ടുണ്ടു്.

അതേസമയം, ലോക ഭാഷകളെല്ലാം കൈകാര്യം ചെയ്യാന്‍ കഴിയത്തക്ക വിപുലമായ കമ്പ്യൂട്ടര്‍ ഭാഷ അടുത്ത കാലത്തു് രൂപപ്പെടുത്തപ്പെട്ടു. അതാണു് യുണീക്കോഡു്. മൂലധനാധിപത്യത്തിനായി സോഫ്റ്റ്‌വെയര്‍ സ്വകാര്യമാക്കപ്പെടുന്നതിനെതിരെ സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധര്‍ നടത്തിയ ഇടപെടലിന്റെ ഫലമായി സ്വതന്ത്രമായി എടുത്തുപയോഗിക്കുകയും പഠിക്കുകയും വികസിപ്പിക്കുകയും കൈമാറുകയോ വില്കുകയോ ചെയ്യാവുന്നതുമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും രംഗത്തെത്തി. ഇതു് പ്രാദേശിക ഭാഷാ ശാക്തീകരണത്തിനുള്ള എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കി.

ടൈപ്പു് റൈറ്റര്‍ ഘട്ടത്തില്‍ അതിനു് പാകപ്പെടുത്താനായി മലയാളം ലിപി പരിഷ്കരണം നടത്തിയതു് അന്നത്തെ ആവശ്യമായിരുന്നു. എന്നാല്‍ ആധുനിക വിവര സാങ്കേതിക വിദ്യയുടെ വരവോടെ അത്തരം ലിപി പരിഷ്കരണം ഇല്ലാതെ തന്നെ മലയാളം അനായാസം കൈകാര്യം ചെയ്യാമെന്നായിരിക്കുന്നു. പഴയ ലിപിയും പുതിയ ലിപിയും മാറിയും മറിച്ചും ഉപയോഗിക്കുന്ന രീതിയാണിന്നു് നിലനില്‍ക്കുന്നതു്. ഇക്കാര്യത്തില്‍ ഒരു ധാരണ രൂപപ്പെടേണ്ടതുണ്ടു്. കഴിഞ്ഞ കാലത്തു് നടന്നതിനേക്കുറിച്ചുള്ള തര്‍ക്കമല്ല, ഇനിയങ്ങോട്ടു് വേണ്ടതെന്തെന്ന ധാരണയും തീരുമാനവുമാണു് വേണ്ടതു്. ഇക്കാര്യത്തില്‍ വലിയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു് ഇടമില്ല. സാങ്കേതിക സാധ്യതകളുപയോഗിച്ചു് ഇതുമായി ബന്ധപ്പെട്ട ഏതു് പ്രശ്നവും പരിഹരിക്കാന്‍ കഴിയുമെന്നായിരിക്കുന്നു. പൊതു തീരുമാനത്തില്‍ എത്തിച്ചേരുന്നതിനു് ഔദ്യോഗികമായ ചില ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം.

യുണീകോഡിന്റേയും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേയും വ്യാപകമായ ഉപയോഗത്തിലൂടെ മലയാള ഭാഷയെ ഇംഗ്ലീഷിനൊപ്പം വികസിപ്പിക്കാനും മലയാളത്തിന്റെ തനിമയും ഉപയോഗവും തിരിച്ചു് കൊണ്ടുവരാനും അതേ സമയം ലോക ഭാഷകളുമായുള്ള പരസ്പര വിനിമയത്തിന്റെ അനന്ത സാധ്യതകള്‍ തുറക്കാനും കഴിയും.

ചിത്രം, എഴുത്തു്, വായന, സംസാരം, കാഴ്ച, കേള്‍വി, ചലച്ചിത്രം എന്നീ സംവേദനരീതികളുടെയൊക്കെ എകോപിതസംവിധാനമാണു് വിവരസാങ്കേതികവിദ്യ. ഇവയൊക്കെ കൈകാര്യം ചെയ്യാന്‍ അനുയോജ്യമായ ഭാഷാസാങ്കേതിക വിദ്യ മലയാളത്തിലും വികസിപ്പിക്കാവുന്നതാണു്. അവയില്‍ മിക്കതും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം വികസിപ്പിച്ചിട്ടുണ്ടു്. പലതും സമൂഹത്തില്‍ ഫലപ്രദമായും വ്യാപകമായും ഉപയോഗിക്കപ്പെടുന്നുമുണ്ടു്. അതിലൂടെ നമ്മുടെ ഭാഷക്കും, സംസ്കാരത്തിനും പുത്തനുണര്‍വു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നല്‍കിയിട്ടുണ്ടു്. എങ്കിലും ഇനിയുമേറെ ഭാഷാസാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടതുണ്ടു്.

മലയാളത്തില്‍ പ്രയോഗത്തിലിരിക്കുന്ന ഡിടിപി ചെയ്യുന്നതടക്കം മിക്ക സ്വകാര്യ സോഫ്റ്റ്‌വെയറുകളും ASCII യാണു് ഇന്നും ഉപയോഗിക്കുന്നതു്. അവയ്ക്കു് യൂണികോഡ് പിന്തുണ ലഭ്യമാക്കാന്‍ നാളിതു് വരെ അവയുടെ സ്വകാര്യ ഉടമസ്ഥര്‍ തയ്യാറായിട്ടില്ല. ഒട്ടുമിക്ക ഭാഷകളേയും അപേക്ഷിച്ചു് മലയാളത്തിന്റെ കമ്പോളം ചെറുതായതിനാലാണിതു്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ അവരുടെ ലാഭ താല്പര്യം മാനദണ്ഡമാക്കി മാത്രമേ അതു് ചെയ്യൂ. മൂല കോഡുകള്‍ രഹസ്യമാക്കി വെച്ചിരിക്കുന്നതിനാലും ലൈസന്‍സ് കരാറിലൂടെ അവയുടെ പഠനവും വികസനവും തടഞ്ഞിരിക്കുന്നതിനാലും പ്രാദേശിക ഭാഷാ സമൂഹത്തിനു് സ്വകാര്യ സോഫ്റ്റ്‌വെയറുകളില്‍ യൂണികോഡ് പിന്തുണ വികസിപ്പിക്കാന്‍ കഴിയാതെ പോകുന്നു. മലയാളം ഭാഷാ സമൂഹത്തിനു് സ്വതന്ത്രമായി ഭാഷോപകരണങ്ങള്‍ വികസിപ്പിക്കാന്‍ കഴിയുന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ മാത്രമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് അമിത ലാഭം ഉണ്ടാക്കാന്‍ സാധ്യമല്ലാത്തതിനാല്‍ മലയാളികളൊഴിച്ചു് മറ്റാര്‍ക്കും അതില്‍ മലയാളം ഉപകരണങ്ങള്‍ വകസിപ്പിക്കുന്നതില്‍ താല്പര്യവും ഉണ്ടാകില്ല. മലയാള ഭാഷ കൈകാര്യം ചെയ്യുന്നവര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപകമായി ഉപയോഗിച്ചു് തുടങ്ങിയിട്ടുമില്ല. ഈ അവസ്ഥ മലയാളത്തിന്റെ വികാസത്തെ ബാധിച്ചിട്ടുണ്ടു്.

മറ്റേതു് ഭാഷയിലും സൃഷ്ടിക്കപ്പെടുന്നതിനു് സമാനമോ ആനുപാതികമോ ആയ അളവില്‍ ഉള്ളടക്കം മലയാളത്തിലും സൃഷ്ടിക്കപ്പെടുന്നുണ്ടു്. പക്ഷെ, അവ ASCII സംവിധാനത്തിലായതിനാല്‍ ഇന്റര്‍നെറ്റില്‍ സാര്‍വ്വത്രികമായി ലഭ്യമാകുന്നില്ല. അതേപോലെ തന്നെ, വിവര്‍ത്തനം, ലിപ്യന്തരണം, ശബ്ദം എഴുത്തായും എഴുത്തു് ശബ്ദമായും മാറ്റുക തുടങ്ങി മലയാളം ഭാഷയെ ലോക വിജ്ഞാന ഭണ്ഡാരവുമായി ഉല്‍ഗ്രഥിക്കുന്നതിനും മലയാളം ഉള്ളടക്കം അനായാസം കൈകാര്യം ചെയ്യുന്നതിനുമുള്ള ഒട്ടേറെ സാങ്കേതികോപകരണങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടു്. അതായതു് സ്വകാര്യ സോഫ്റ്റ്‌വെയറുകളെ ആശ്രയിച്ചു് പോയാല്‍ മലയാളത്തിന്റെ വികാസം മറ്റു് ഭാഷകളെ അപേക്ഷിച്ചു് തുലോം പിന്നില്‍ മാത്രമേ എല്ലാക്കാലത്തും നടക്കൂ. വിവര സാങ്കേതിക വിദ്യയുടേയും ആഗോള വിവര വിനിമയ ശൃംഖലയുടേയും ജനാധിപത്യപരമായ ഘടനയും ഉള്ളടക്കവും ഉപയോഗപ്പെടുത്തി വികസിക്കാന്‍ മലയാളത്തിനു് കഴിയാതെ പോകും. മലയാളികള്‍ ഇംഗ്ലീഷു് മാധ്യമത്തിലുള്ള വിദ്യാഭ്യാസത്തിനു് പ്രാധാന്യം കൊടുക്കുന്നതിലും മലയാള ഭാഷതന്നെ അവഗണിക്കപ്പെടുന്നതിലും പിന്തള്ളപ്പെടുന്നതിലും ഈ പരിമിതി, ASCII യുടേയും അതു് മാത്രം ഉപയോഗിക്കുന്ന സ്വകാര്യ സോഫ്റ്റ്‌വെയറുകളുടേയും ഇന്നും തുടരുന്ന വ്യാപകമായ ഉപയോഗം, ഒരു വലിയ പങ്കു് വഹിക്കുന്നുണ്ടു്.

മലയാളികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറും യുണീകോഡും ഉപയോഗിച്ചു് തുടങ്ങുകയും അതില്‍ കഴിവു് നേടുകയും മലയാളത്തിനായുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍‌ ഉപകരണങ്ങള്‍ സ്വയം വികസിപ്പിക്കുകയുമാണു് ഈ പ്രശ്നം പരിഹരിക്കാനാവശ്യമായിട്ടുള്ളതു്. ഇത്തരം ഇടപെടല്‍ മലയാളികളുടെ വര്‍ദ്ധിച്ച അറിവും കഴിവും വൈദഗ്ദ്ധ്യവും വ്യാവസായിക പുരോഗതിയും ഉറപ്പാക്കുന്നതുമായ ഒന്നുകൂടിയാണു്. ഇതു് വെറും സാങ്കേതിക പ്രശ്നമല്ല. സാങ്കേതിക വിദഗ്ദ്ധര്‍ മാത്രം കൈകാര്യം ചെയ്യേണ്ടതുമല്ല. സാങ്കേതിക വിദഗ്ദ്ധരോടൊപ്പം ജനാധിപത്യ വിശ്വാസികളുടേയും ഭാഷാ സ്നേഹികളുടേയും ഇടപെടല്‍ ഉണ്ടാകേണ്ട ഒരു മേഖലയാണിതു്.

ഈ രംഗത്തു് നടന്ന ഒരു ചെറിയ ഇടപെടലും അതിന്റെ നേട്ടവുമാണു് മലയാളത്തില്‍ യൂണികോഡുപയോഗിക്കാനുള്ള ശേഷി സ്ക്രൈബസെന്ന പ്രസിദ്ധീകരണ സോഫ്റ്റ്‌വെയറില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതു്. സ്ക്രൈബസ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതിനാലാണതു് സാദ്ധ്യമായതു്.

മലയാളം പ്രസിദ്ധീകരണങ്ങള്‍ രൂപപ്പെടുത്തുവാനുള്ള, യുണിക്കോഡ് പിന്തുണയുള്ള മലയാളം ഡി ടി പി സോഫ്റ്റ്‌വെയറുകള്‍ നിലവിലില്ലാതിരുന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു വലിയ പരിമിതിയായിരുന്നു. കുത്തക സോഫ്റ്റ്‌വെയര്‍ രംഗത്തും യുണിക്കോഡ് പിന്തുണയുള്ള ഡി ടി പി സോഫ്റ്റ്‌വെയറുകള്‍ നിലവിലില്ല. എന്നാല്‍ അവരുടെ വിപണനതന്ത്രത്തിലൂടെ ഇക്കാര്യം അവര്‍ മൂടിവെക്കുകയും, ഭിന്ന ഭാഷകളെ കൈകാര്യം ചെയ്യുന്നതില്‍ പരിമിതിയുള്ള ASCII സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി ടി പി സോഫ്റ്റ്‌വെയറുകള്‍ പ്രസാധകരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. അവയെ നിരന്തരം ആശ്രയിക്കാന്‍ നിര്‍ബ്ബന്ധിതരായ മലയാളം പ്രസാധകര്‍, അവയേക്കാളേറെ സാദ്ധ്യത നല്‍കിയിരുന്ന, സ്ക്രൈബസ് (Scribus), ടെക്സ് (Tex) എന്നിവ കാണാതെ പോയി. മലയാളം പ്രസാധകര്‍ ഒന്നടങ്കം ASCII സംവിധാനത്തെ ആശ്രയിക്കുന്നതു് മലയാളം ഉള്ളടക്ക നിര്‍മ്മാണത്തെ സാങ്കേതികവും വ്യാവസായികവുമായ പ്രതിസന്ധിയിലാഴ്ത്തുന്നു.

ലോകത്താകെ ഫലപ്രദമായി ഉപയോഗിക്കുന്ന ഡി ടി പി സോഫ്റ്റ്‌വെയറായ സ്ക്രൈബസിനു്, ഇപ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ക്കായുള്ള യുണിക്കോഡ് പിന്തുണ വികസിപ്പിച്ചെടുത്തിരിക്കുന്നു. എറണാകുളത്തു്, ശ്രീ കെ. വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനുയോജ്യ സാങ്കേതികവിദ്യാ പ്രോത്സാഹക സംഘം (ATPS) പ്രവര്‍ത്തകര്‍, തെലുങ്കു് ദിനപത്രമായ പ്രജാശക്തിയുടേയും, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റേയും (DAKF) സഹായത്തോടുകൂടിയാണു് ഇതു് വികസിപ്പിച്ചതു്. പ്രജാശക്തിയുടെ വിഭവാസൂത്രണ-എഡിറ്റോറിയല്‍ (ERP & Editorial Work Flow) സംവിധാനത്തിന്റെ ഭാഗമായാണു് ഈ പ്രവര്‍ത്തനം നടന്നതു്. ഏതു് പ്രസിദ്ധീകരണ സ്ഥാപനത്തിനും അതിന്റെ ആധുനികവല്കരണത്തിനായി ഉപയോഗിക്കാവുന്നതാണു് ഈ സംവിധാനം. അതിനായി മേല്പറഞ്ഞ സംഘം സേവനം നല്‍കി വരുന്നുണ്ടു്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സര്‍വ്വതോമുഖമായ മേന്മ വെളിപ്പെടുത്തുന്ന ഒന്നാണു് മേല്പറഞ്ഞ നേട്ടം. തെലുഗു പത്രമായ പ്രജാശക്തിയുടെ ഉപയോഗത്തിനു് വേണ്ടി അവരുടെ ആവശ്യ പ്രകാരം അവരുടെ ചെലവില്‍ എടിപിഎസ് വികസിപ്പിച്ചതാണു് സ്ക്രൈബസിന്റെ ഇന്‍ഡിക് ഭാഷകളിലും ഉപയോഗിക്കാനുള്ള സൌകര്യം. മലയാളവും ആ വിഭാഗത്തില്‍ പെടുന്നതിനാല്‍ മലയാളത്തിനും അതു് നേട്ടമായി. സ്വകാര്യ കമ്പനികളാണു് ഇതു് ചെയ്തിരുന്നതെങ്കില്‍ ഈ നേട്ടം അമിത ലാഭത്തിനായി ഉപയോഗപ്പെടുത്തുമായിരുന്നു. എടിപിഎസ് ഒരു ധര്‍മ്മ സംഘവും ഒരു സന്നദ്ധ സാമൂഹ്യ സംഘടനയായ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ ഭാഗവുമായതിനാല്‍ അതിന്റെ പ്രവര്‍ത്തകര്‍ സന്നദ്ധമായി പണിയെടുത്തു് മലയാളത്തിലും ഉപയോഗിക്കുന്നതിനായി സ്ക്രൈബസിനെ പരുവപ്പെടുത്തുകയാണു് ചെയ്തതു്.

സ്ക്രൈബസിന്റെ ഉപയോഗം വ്യാപകമാക്കി, മലയാളം പ്രസിദ്ധീകരണ-ഉള്ളടക്ക നിര്‍മ്മാണ രംഗത്തെ സാങ്കേതിക-വ്യാവസായിക പ്രതിസന്ധി മാറ്റിയെടുക്കേണ്ടതുണ്ടു്, അതിനായി സ്ക്രൈബസിനു് വ്യാപകമായ പ്രചരണം നല്‍കേണ്ടതുണ്ടു്. ആവശ്യക്കാര്‍ക്കു് പരിശീലനം നല്‍കേണ്ടതുണ്ടു്. കേരളത്തിലെ സന്നദ്ധ സംഘടനകള്‍ക്കു് മാത്രമല്ല, ന്യായമായ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഏറ്റെടുക്കാവുന്ന ഒരു ലാഭാധിഷ്ഠിത പ്രവര്‍ത്തനം കൂടിയാണിതു്. ഉപയോഗിച്ചുവരുമ്പോള്‍, എന്തെങ്കിലും പിഴവു് കണ്ടെത്തുകയാണെങ്കില്‍, അവ പരിഹരിക്കേണ്ടതുണ്ടു്. കൂടുതല്‍ സേവനങ്ങളും സൌകര്യങ്ങളും കൂട്ടിച്ചേര്‍ക്കേണ്ടതുമുണ്ടു്. അതിനാവശ്യമായ പിന്തുണ എടിപിഎസ് നല്‍കും. ഇക്കാര്യത്തിലേയ്ക്കു്, പൊതുവെ ജനാധിപത്യ വിശ്വാസികളുടേയും ഭാഷാ സ്നേഹികളുടേയും പ്രത്യേകിച്ചു് പ്രസാധകരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും മറ്റു് അഭ്യുദയകാംക്ഷികളുടേയും സഹകരണവും പങ്കാളിത്തവും ക്ഷണിക്കുകയാണു് അനുയോജ്യ സാങ്കേതികവിദ്യാ പ്രോത്സാഹക സംഘം പ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നതു്.

ജോസഫ് തോമസ് എഫ് എസ് എം ഐ

No comments:

Blog Archive