Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, July 15, 2014

ഇടതുപക്ഷത്തിന്റെ ഇടങ്ങള്‍ : പ്രൊഫ. എം എം നാരായണന്‍


(Courtesy : Deshabhimani Posted on: 14-Jul-2014 10:15 PM) മോഡി അധികാരത്തില്‍ വന്നതോടെ കേവലം ഭരണമാറ്റമല്ല, ഭരണവ്യവസ്ഥയുടെതന്നെ മൗലികമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. ബ്രിട്ടീഷ് അധികാരികളോട് ഇടഞ്ഞും ഇണങ്ങിയും സ്വയം വളരാന്‍ മെയ്വഴക്കം കാട്ടിയ മൂന്നാംലോകത്തെ മൂപ്പെത്തിയ മുതലാളിത്തമാണ് ഇന്ത്യയിലുള്ളത്. മുമ്പൊക്കെ ചക്രവര്‍ത്തിമാരും സുല്‍ത്താന്മാരും പിന്നീട് കൊളോണിയലിസ്റ്റുകളും ജനങ്ങളുടെ പിന്തുണയോടെയല്ല, സ്വന്തം കൈക്കരുത്തിനെ അമിതമായി അവലംബിച്ചാണ് രാജ്യം ഭാരിച്ചത്. എന്നാല്‍, ഇന്ത്യന്‍ കുത്തകകള്‍ നയിച്ച സ്വതന്ത്രഭാരതഭരണം വമ്പിച്ച ജനപിന്തുണ നേടിയാണ് അധികാരത്തില്‍ വന്നത്. ജനാധിപത്യത്തിന്റെയും ദേശീയതയുടെയും മതേതരത്വത്തിന്റെയും പ്രത്യയശാസ്ത്രമാണ് മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. അന്ന് കോണ്‍ഗ്രസിന്റെ മുഖ്യ പ്രതിദ്വന്ദി കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ സോഷ്യലിസത്തിനും കമ്യൂണിസത്തിനും അഭൂതപൂര്‍വമായ ഒരാകര്‍ഷണവലയം കൈവന്നു. കമ്യൂണിസത്തെ കൈകാര്യംചെയ്യാനാണ് ജവാഹര്‍ലാല്‍ നെഹ്റു സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം, പഞ്ചവത്സരപദ്ധതി, പഞ്ചശീലങ്ങള്‍, ചേരിചേരാ പ്രസ്ഥാനം, സ്വതന്ത്രവും സാമ്രാജ്യവിരുദ്ധവുമായ വിദേശനയം തുടങ്ങിയ ബഹുവിധ തന്ത്രങ്ങള്‍ ആസൂത്രണംചെയ്തത്. പിന്നീട് ദേശീയ സാര്‍വദേശീയ രംഗങ്ങളിലുണ്ടായ മാറ്റങ്ങള്‍ക്കനുരോധമായി ഇന്ത്യയില്‍ ഭരണവര്‍ഗ നയങ്ങളിലും മാറ്റംവന്നു. ഭരണഘടനയുടെ രജതജൂബിലി വര്‍ഷത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ജനാധിപത്യത്തെയും 90കളില്‍ ദേശീയതയെയും ഇപ്പോള്‍ മോഡിവാഴ്ചയില്‍ മതേതരത്വത്തെയും ഭരണവര്‍ഗം കൈയൊഴിഞ്ഞിരിക്കുന്നു. മോഡിയെ ആദ്യം തങ്ങളുടെ "സിഇഒ" ആയും പിന്നെ പ്രധാനമന്ത്രിയായും നിശ്ചയിച്ചത് കോര്‍പറേറ്റുകളാണ്. ആര്‍എസ്എസിനും ബിജെപിക്കും എന്‍ഡിഎയ്ക്കും മോഡി ആദ്യം അത്ര സ്വീകാര്യനായിരുന്നില്ല. 2009ലെ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിമാരെ നിശ്ചയിക്കാനും അവര്‍ക്കുള്ള വകുപ്പുകള്‍ തെരഞ്ഞെടുക്കാനും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ നടത്തിയ അണിയറനീക്കങ്ങള്‍ പിന്നീട് പുറത്തുവന്നു. എന്നാലിപ്പോള്‍ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രധാനമന്ത്രി ആരാവണമെന്ന് സ്വയം നിശ്ചയിച്ച് എല്ലാ മന്ത്രിമാരെയും നിശ്ചയിക്കാനുള്ള അവകാശം ഒറ്റയടിക്ക് കോര്‍പറേറ്റുകള്‍ കൈവശപ്പെടുത്തുകയാണുണ്ടായത്. മോഡിയെ അക്ഷരംപ്രതി അനുസരിക്കുകയും ആശ്രയിച്ചുനില്‍ക്കുകയും ചെയ്യുന്നവരെമാത്രമാണ് മന്ത്രിമാരാക്കിയത് എന്നു കാണാന്‍ പ്രയാസമില്ല. അദ്വാനി, ജോഷി തുടങ്ങി അറിവും അനുഭവവുമുള്ളവരെ ആദ്യമേ ഒഴിവാക്കി. തന്റെ ഭക്തനായ രാജ്നാഥ്സിങ്ങിനെ ആഭ്യന്തരമന്ത്രിയാക്കി. ജനപിന്തുണയില്ലാത്ത, തെരഞ്ഞെടുപ്പില്‍ തോറ്റുതൊപ്പിയിട്ട അരുണ്‍ ജെയ്റ്റ്ലിക്ക് ധനകാര്യവും പ്രതിരോധവും നല്‍കി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട, മതിയായ വിദ്യാഭ്യാസമോ വിശ്വാസ്യതയോ ഇല്ലാത്ത ടെലിവിഷന്‍ താരമായ സ്മൃതി ഇറാനിയാണ് മാനവവിഭവവകുപ്പ് കൈകാര്യംചെയ്യുന്നത്. ഇരുപത്തിനാല് എംപിമാരുള്ള രാജസ്ഥാനില്‍നിന്ന് സ്ത്രീപീഡനത്തില്‍ പ്രതിയായ നിഹാല്‍ചന്ദിനെയാണ് മന്ത്രിയാക്കിയത്. അഴിമതി പുറത്തായതോടെ ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവന്ന ഗഡ്കരിക്കും മന്ത്രിസഭയില്‍ ഇടംനല്‍കി. ചുരുക്കത്തില്‍ ആത്മവിശ്വാസത്തോടെ, തന്റേടത്തോടെ തന്റെ മുന്നില്‍ തലനിവര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന ഒരാളും മന്ത്രിസഭയില്‍ ഇല്ലെന്ന് മോഡി ഉറപ്പുവരുത്തി. ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടവരെ മന്ത്രിസഭയിലെടുക്കുന്നതിന് നിയമതടസ്സമൊന്നുമില്ല. എന്നാല്‍, ലോക്സഭാംഗമാകാനുള്ള മത്സരത്തില്‍ ജനങ്ങള്‍ തോല്‍പ്പിച്ചവരെ തെരഞ്ഞുപിടിച്ച് മന്ത്രിസഭയിലെടുത്ത് ജനവിധി തനിക്ക് പുല്ലാണെന്ന് മോഡി പ്രഖ്യാപിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന്റെ പടിനടയില്‍ നമസ്കരിച്ചാണ് മോഡി സെന്‍ട്രല്‍ ഹാളില്‍ പ്രവേശിച്ചത്. എന്നാല്‍, പാര്‍ലമെന്ററി ഭരണരീതിയുടെ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും കീഴ്വഴക്കങ്ങളെയും ഒട്ടും വിലവയ്ക്കുന്നില്ലെന്ന് റെയില്‍ നിരക്ക് വര്‍ധനയടക്കമുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിക്കൊണ്ട് മോഡി സുവ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിക്കസ് ക്യൂറി ആയിരുന്നുകൊണ്ട് തന്റെ വലംകൈയായ അമിത്ഷായ്ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് സുപ്രീംകോടതി ജഡ്ജിമാരുടെ പാനലില്‍നിന്ന് ഏകപക്ഷീയമായി വെട്ടിക്കളഞ്ഞ് ജുഡീഷ്യറിയുടെ "വരിയുടച്ച്" തനിക്ക് വിധേയമാക്കാനുള്ള വൃത്തികെട്ടി ധൃതിയും മോഡി പ്രകടിപ്പിച്ചു. തന്നെ പ്രധാനമന്ത്രിയാക്കി നിശ്ചയിച്ച കോര്‍പറേറ്റുകളുടെ കല്‍പ്പനകള്‍ ഏറ്റെടുത്ത് ഒന്നൊന്നായി അതിവേഗം നടപ്പാക്കുകയാണ് മോഡി. സത്യപ്രതിജ്ഞ ചെയ്തനിമിഷം മുതല്‍ ഇന്ധനവില വധിപ്പിക്കാന്‍, റെയില്‍വേ നിരക്ക് കുത്തനെ കൂട്ടാന്‍, പ്രതിരോധ മേഖലയില്‍പോലും നൂറുശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ ഒക്കെ മോഡി ധൈര്യം കാട്ടി. പത്തുകൊല്ലംകൊണ്ട് ഉദാരവല്‍ക്കരണത്തിന്റെ "ഉസ്താദ്" ആയ മന്‍മോഹന്‍സിങ്ങിനു കഴിയാത്തത് വെറും പത്തുദിവസംകൊണ്ട് മോഡി സാധിച്ചെടുത്തു. ഏതായാലും മോഡി വന്നാല്‍ എല്ലാം ശുഭമാവുമെന്നു കരുതിയ ശുദ്ധാത്മാക്കള്‍പോലും വ്യാമോഹമുക്തരായിരിക്കുന്നു. മോഡിസര്‍ക്കാരിനും സാധാരണ ജനങ്ങള്‍ക്കും ഇടയിലുള്ള വൈരുധ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പിന്തുണച്ച ജനങ്ങളെ ഇത്രവേഗം ശത്രുക്കളാക്കി മാറ്റിയ ഒരു പ്രധാനമന്ത്രിയെ ഇന്ത്യ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടും സീറ്റും കുറഞ്ഞതില്‍ ചിലരൊക്കെ വലിയ ആഹ്ലാദത്തിലാണ്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മാത്രമാണോ പരാജയപ്പെട്ടത്? ദളിതരുടെ പാര്‍ടിയായ ബിഎസ്പിക്ക് ഒറ്റ സീറ്റും കിട്ടിയില്ല. മുലായംസിങ്ങും ലാലുപ്രസാദും നിതീഷ്കുമാറുമൊക്കെ നയിക്കുന്ന മറ്റു പിന്നോക്കജാതി പാര്‍ടികളുടെയും തോല്‍വി ദയനീയമായിരുന്നു. ന്യൂനപക്ഷങ്ങള്‍, മതനിരപേക്ഷവാദികള്‍, തൊഴിലാളികള്‍, ഗ്രാമീണ ദരിദ്രര്‍ ഇവര്‍ക്കൊന്നും പാര്‍ലമെന്റിനകത്ത് വേണ്ടത്ര പ്രാതിനിധ്യം ഇല്ല. വിരലിലെണ്ണാവുന്ന ഇടതുപക്ഷ എംപിമാരെ മാറ്റിനിര്‍ത്തിയാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ മുഴുവനും കോടീശ്വരന്മാരാണ്. ഭരണമാറ്റമല്ല നയംമാറ്റമാണ് രാജ്യത്തിനാവശ്യമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, മാധ്യമപിന്തുണയോടെ പ്രതിലോമശക്തികള്‍ സൃഷ്ടിച്ച നിരര്‍ഥകമായ ശബ്ദഘോഷങ്ങള്‍ക്കിടയില്‍ വേറിട്ട ആ സ്വരം വേണ്ടത്ര കേള്‍ക്കാതെപോയി. കണ്ടാലറിയാത്തവര്‍ കൊണ്ടാലറിഞ്ഞു തുടങ്ങുമല്ലോ. പുത്തന്‍ ഭരണത്തിന്റെ ആദ്യ നടപടികള്‍ കൊണ്ടുതന്നെ, മാറേണ്ടതു കേവലം ഭരണമല്ല, ഭരണനയങ്ങളാണെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പില്‍ തോറ്റുപോയെങ്കിലും ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയും പ്രസക്തിയും വര്‍ധിപ്പിക്കാന്‍ സാഹചര്യമൊരുക്കുന്നു. എന്നാല്‍, ഇന്ത്യന്‍ കോര്‍പറേറ്റുകളും അവരുടെ രാഷ്ട്രീയമുഖമായ മോഡിയും ഇടതുപക്ഷത്തിനും അതിന്റെ നേതൃത്വത്തിലുള്ള ബഹുജനപ്രക്ഷോഭങ്ങള്‍ക്കും വഴിതുറക്കുന്ന ഈ സാഹചര്യത്തെ നിഷ്ക്രിയമായി നോക്കിനില്‍ക്കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. അത്യന്തം ജനവിരുദ്ധമായ ഉദാരവല്‍ക്കരണ നയങ്ങള്‍ ഊക്കോടെ മുന്നോട്ടു കൊണ്ടുപോകുമ്പോള്‍തന്നെ അതില്‍ അസംതൃപ്തരായ ജനങ്ങളുടെ ബദലുകള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ അവര്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യും. ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്ക് സമാന്തരമായി സമൂഹത്തെ വര്‍ഗീയമായി വിഭജിച്ച് ജനകീയ ഐക്യം അസാധ്യമാക്കുകയും ജനസമരങ്ങള്‍ അലസിപ്പിക്കുകയും ചെയ്യാനുള്ള അസാധാരണമായ സാമര്‍ഥ്യവും മോഡിക്കും കൂട്ടര്‍ക്കുമുണ്ട്. മന്‍മോഹന്‍സിങ്ങില്‍നിന്ന് നരേന്ദ്രമോഡി വ്യത്യസ്തനാകുന്നത് ഈ മണ്ഡലത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുപിയിലും ബിഹാറിലും പശ്ചിമബംഗാളിലും വികസനത്തിന്റെയല്ല വര്‍ഗീയതയുടെ "കാര്‍ഡ്" ആണ് ബിജെപി പുറത്തിറക്കിയത്. പശ്ചിമ ബംഗാളില്‍ പല കാലങ്ങളിലായി പാര്‍ത്തുവരുന്ന ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ഥികളില്‍ ദുര്‍ഗാപൂജ നടത്തുന്നവര്‍ക്ക് ഇവിടെ കഴിയാമെന്നും മറ്റുള്ളവര്‍ ഉടന്‍ കെട്ടുകെട്ടണമെന്നും മോഡി പ്രസംഗിച്ചു. ആഗോളവല്‍ക്കരണവും യുദ്ധങ്ങളും കലാപങ്ങളും ലോകമെങ്ങും അഭയാര്‍ഥിപ്രവാഹങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. അവര്‍ അഭയംതേടിയ നാടുകളിലെല്ലാം അഭയാര്‍ഥികളെ ശത്രുക്കളായി മുദ്രകുത്തി ആക്രമിക്കുന്ന പ്രവണതയും ശക്തിപ്പെടുന്നു. എന്നാല്‍, കടന്നുപോയ ദശകങ്ങളില്‍ പശ്ചിമ ബംഗാള്‍, അവിടത്തെ ഇടതുമുന്നണി ഭരണം, അഭയാര്‍ഥി പ്രശ്നം ഒരു തീപ്പൊരിപോലും വീഴാതെ കൈകാര്യം ചെയ്തുവരികയായിരുന്നു. അവര്‍ക്കിടയിലാണ് മതവര്‍ഗീയതയുടെയും സങ്കുചിത ദേശീയതയുടെയും വിഷവിത്ത് മോഡി വിതയ്ക്കുന്നത്. രാജ്യരക്ഷയുടെ ചെലവില്‍പോലും വിദേശ മൂലധനത്തെ സ്വാഗതംചെയ്യുന്ന നാവുകൊണ്ടാണ് അഗതികളും അനാഥരുമായ അഭയാര്‍ഥികളെ ഹിന്ദുക്കളും മുസ്ലിങ്ങളുമായി വേര്‍തിരിച്ച് മുസ്ലിങ്ങളെ വിദേശികളായി വിശേഷിപ്പിച്ച് ആക്രമിക്കാന്‍ ആഹ്വാനംചെയ്യുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷവിഷം വമിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുകയും ഭരണ-നിയമ നടപടികളിലൂടെ അക്കൂട്ടരെ വിചാരണചെയ്ത് ശിക്ഷിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന ഇന്ത്യാ ബന്ധുവായ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെക്കൂടി മോഡിയുടെ ഈ നയം പ്രതിസന്ധിയിലാക്കും. മാത്രമല്ല, ബംഗ്ലാദേശിലെ ഇന്ത്യാവിരുദ്ധരായ മതമൗലികവാദികള്‍ക്ക് ശക്തിപ്പെടാന്‍ അവസരം നല്‍കുകയും ചെയ്യും. ഇറ്റലിയില്‍ മുസ്സോളിനി വന്ന വഴികളെപ്പറ്റി പറയുമ്പോള്‍ പഴയതിന് ജീവിക്കാനോ പുതിയതിന് ജനിക്കാനോ കഴിവില്ലാത്ത ഇടവേളകളില്‍ പലതരം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് അന്റോണിയോ ഗ്രാംഷി എഴുതിയിട്ടുണ്ട്. പഴയ കോണ്‍ഗ്രസ് പാടെ തകരുകയും ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം തുടരുകയും ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരിടവേളയാണിത്. ഈ ഇടവേളയില്‍ തലകാട്ടുന്ന രോഗലക്ഷണമല്ല, മാരകരോഗം തന്നെയാണ് നരേന്ദ്രമോഡി. അതുകൊണ്ടുതന്നെ, ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയും പ്രസക്തിയും മാത്രമല്ല, രാജ്യത്തോടും ജനങ്ങളോടുമുള്ള അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തവും വര്‍ധിച്ചുവരികയാണ്. - See more at: http://www.deshabhimani.com/newscontent.php?id=481340#sthash.iB1fFnCV.dpuf

No comments:

Blog Archive