Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, July 15, 2014

അമേരിക്കന്‍ ഇടപെടലും മോഡിസര്‍ക്കാരും : പ്രകാശ് കാരാട്ട്


(Courtesy : Deshabhimani - Posted on: 09-Jul-2014 10:47 PM) ലോകത്തിലെ 193 രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയെ (എന്‍എസ്എ) അധികാരപ്പെടുത്തിയതായി പ്രസ്തുത രേഖ ഉദ്ധരിച്ച് അമേരിക്കയിലെ പ്രമുഖ ദിനപത്രം "വാഷിങ്ടണ്‍ പോസ്റ്റ്" റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ 193 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും പെടും. മറ്റ് രാജ്യങ്ങളിലെ എല്ലാ സാമ്പത്തിക- രാഷ്ട്രീയ വിവരങ്ങളും ചോര്‍ത്തുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം; അതുവഴി തങ്ങളുടെ വിദേശനയം രൂപപ്പെടുത്തുക എന്നതും. മറ്റു രാജ്യങ്ങളെയും സംഘടനകളെയും വ്യക്തികളെയും എന്‍എസ്എ എങ്ങനെയാണ് നിരീക്ഷിക്കുന്നത് എന്ന എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുന്നതാണ് ഈ വാര്‍ത്ത. ന്യൂയോര്‍ക്കിലെ യുഎന്‍ സ്ഥിരംമിഷനിലും വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയിലും എങ്ങനെയാണ് എന്‍എസ്എ ചാരപ്രവര്‍ത്തനം നടത്തിയതെന്ന് സ്നോഡന്‍ ഫയലുകള്‍ വെളിപ്പെടുത്തുകയുണ്ടായി. മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍, വിദേശ രഹസ്യ നിരീക്ഷണ കോടതിയുടെ 2010 ജൂലൈയിലെ ഉത്തരവനുസരിച്ച് ലോകത്തിലെ ആറ് രാഷ്ട്രീയ കക്ഷികളെ നിരീക്ഷിക്കാന്‍ എന്‍എസ്എയെ അധികാരപ്പെടുത്തി എന്നതാണ്. ഈ രാഷ്ട്രീയ പാര്‍ടികളില്‍ ഒന്ന് ബിജെപിയാണ്. കോടതി നല്‍കിയ യഥാര്‍ഥ ഉത്തരവും വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചു. ഉയര്‍ന്ന യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കലും ഇത് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കലുമായിരുന്നു ഈ വാര്‍ത്തയോടുള്ള മോഡി സര്‍ക്കാരിന്റെ പ്രതികരണം. ഈ പ്രതിഷേധംകൊണ്ടൊന്നും അമേരിക്ക ചാരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നുവെന്നതുമാത്രമല്ല ഇവിടത്തെ പ്രശ്നം; ഫോണ്‍കോള്‍ ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് വാര്‍ത്താവിനിമയങ്ങളും ഇ മെയിലുകളും ഇന്റര്‍നെറ്റും ആസൂത്രിതമായ നിരീക്ഷണത്തിന് വിധേയമാക്കുന്നു എന്നതുകൂടിയാണ്. ഇന്ത്യന്‍ പൗരന്മാരെമാത്രമല്ല, രാഷ്ട്രത്തിന്റെ പരാമാധികാരത്തെയും ഇത് ദോഷകരമായി ബാധിക്കും. ഇത്തരം ചാരപ്രവര്‍ത്തനം ഇനി ഇന്ത്യയില്‍ നടത്തുകയില്ലെന്ന ഉറപ്പാണ് മോഡി സര്‍ക്കാര്‍ അമേരിക്കന്‍ സര്‍ക്കാരില്‍നിന്ന് വാങ്ങേണ്ടത്. ഇത്തരം ഉറപ്പ് ലഭിക്കാത്ത പക്ഷം അത് ഉഭയകക്ഷിബന്ധത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. ഈ വിഷയത്തില്‍ ഇന്ത്യന്‍സര്‍ക്കാര്‍ കണക്കിലെടുക്കാത്ത മറ്റൊരു വശമുണ്ട്. ഇതിനകംതന്നെ ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങള്‍ വാര്‍ത്താവിനിമയ ഇന്റര്‍നെറ്റ് ശൃംഖല ചോര്‍ത്താനും ചാരപ്രവര്‍ത്തനം നടത്താനും എന്‍എസ്എയെ സഹായിക്കാമെന്നു പറഞ്ഞ് അമേരിക്കയുമായി മൂന്നാംകക്ഷി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ 33 രാജ്യങ്ങളുടെ പട്ടിക സ്നോഡന്‍ ഫയലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ മൂന്നാംകക്ഷി കരാര്‍ ഒപ്പിട്ടത്. ഇതുവഴി എന്‍എസ്എക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാര്‍ടികളെയും ഇന്ത്യയിലെ ജനങ്ങളെയും നിരീക്ഷിക്കാന്‍ കഴിഞ്ഞു. ഈ വിവരങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി പങ്കുവയ്ക്കുകയുംചെയ്തു. സ്നോഡന്റെ വെളിപ്പെടുത്തലിനുശേഷമാണ് അമേരിക്ക ഇന്ത്യയില്‍ നടത്തിയ ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരവും പുറത്തുവന്നത്. അന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോന്‍ പറഞ്ഞത് സുരക്ഷയെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും അമേരിക്ക ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുന്നില്ലെന്നാണ്. ഇന്ത്യയില്‍ നിരീക്ഷണം നടത്തുന്നതിന് അനുമതി തേടിയ സാഹചര്യത്തില്‍ നല്‍കിയ ചെറിയ ഈ വാഗ്ദാനംപോലും അമേരിക്ക പാലിച്ചിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും പരമാധികാരം അമേരിക്ക ലംഘിക്കുകയാണ്. അതോടൊപ്പം ഈ രാജ്യങ്ങളിലെ പൗരന്മാരുടെ സ്വകാര്യതയെയും അവര്‍ കടന്നാക്രമിക്കുന്നു. ആത്മാഭിമാനമുള്ള ഏതൊരു സര്‍ക്കാരും ഇത്തരത്തിലുള്ള ചാരപ്രവര്‍ത്തനത്തിന് അന്ത്യമിടുകയാണ് വേണ്ടത്. മുന്‍ സര്‍ക്കാര്‍ അമേരിക്കയുമായി മൂന്നാംകക്ഷി കരാര്‍ ഒപ്പിട്ടെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. പരമാധികാരത്തെ അടിയറവച്ചെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇത്. കടുത്ത ഭാഷയില്‍ത്തന്നെ ഇത് അപലിക്കപ്പെടണം. ഇത്തരമൊരു മൂന്നാംകക്ഷി കരാര്‍ ഉണ്ടോ എന്ന കാര്യം പരസ്യമാക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണം. അത്തരമൊരു കരാര്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കണം. ഇന്ത്യയില്‍ നടത്തുന്ന എല്ലാ ചാരപ്രവര്‍ത്തനവും ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടുകയാണ് വേണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായാലും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരായാലും അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കുന്നതിലും സൈനികബന്ധം സ്ഥാപിക്കുന്നതിലും അതീവ തല്‍പ്പരരാണ്. പ്രതിരോധമേഖലയില്‍ എത്രമാത്രം വിദേശനിക്ഷേപം അനുവദിക്കണമെന്ന കാര്യമാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. സായുധ പ്രതിരോധ ഉല്‍പ്പാദനത്തില്‍ പങ്കാളിത്തംവേണമെന്ന അമേരിക്കയുടെ ശക്തമായ സമ്മര്‍ദം നിലനില്‍ക്കെയാണ് ഈ നീക്കം. അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യവും ഇന്ത്യയാണ്. "ദേശീയവാദിയായ" ബിജെപിക്ക് എന്നും അമേരിക്കന്‍ അനുകൂല ഭാവമുണ്ട്. അമേരിക്കയുടെ സ്വാഭാവിക സഖ്യകക്ഷിയാണ് ഇന്ത്യയെന്നു പറഞ്ഞത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണെന്ന കാര്യം ഓര്‍മിക്കുക. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ച് ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് അടുത്തിടെ ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാരിന് സമര്‍പ്പിച്ച വാര്‍ത്ത പുറത്തുവന്നു. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും ദോഷകരമായി ബാധിക്കുന്ന മേഖലയിലേക്കുപോലും വിദേശമൂലധനത്തെ ഹൃദയപൂര്‍വം ക്ഷണിക്കുന്നത് കേന്ദ്രസര്‍ക്കാര്‍തന്നെയാണെന്നതാണ് ഇതിലെ വിരോധാഭാസം. പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തയാഴ്ച ബ്രസീലിലേക്ക് പോവുകയാണ്. ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഈ യാത്ര. ബ്രിക്സില്‍ ഇന്ത്യക്കൊപ്പമുള്ള നാലു രാഷ്ട്രങ്ങളും അവരുടെ രാജ്യത്ത് അമേരിക്കയെ ചാരപ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചുള്ള മൂന്നാംകക്ഷി കരാര്‍ ഒപ്പുവച്ചിട്ടില്ല. ഇന്ത്യയെപ്പോലെ വികസ്വര രാഷ്ട്രങ്ങളായ ബ്രസീലും ദക്ഷിണാഫ്രിക്കയും അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങാതെ സ്വന്തം കാലില്‍നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നരേന്ദ്രമോഡി തയ്യാറാകണം. - See more at: http://www.deshabhimani.com/newscontent.php?id=479199#sthash.bMpySCX3.dpuf

No comments:

Blog Archive