(Courtesy : Deshabhimani - Posted on : 14-Jul-2014 01:57 AM)
3
ബീച്ചിലെ ലഹരിത്തിരകള്‍
പൂക്കോയയുടെയും കിണ്ടിസുരയുടെയും പൊന്നേട്ടന്റെയും ബിഗ്ഷോപ്പര്‍ സൗമിനിയുടെയും പോപ്പിന്‍സ് റാഫിയുടെയും ലോകമാണ് കോഴിക്കോട് ബീച്ച്. മണല്‍പരപ്പില്‍ കഞ്ചാവ് പൊതികള്‍ പൂഴ്ത്തിവച്ച് ആവശ്യക്കാരനെ തേടും പൂക്കോയ. ആള്‍ക്കൂട്ടത്തിനിടയില്‍ ലഹരി മണപ്പിച്ച് ഇരയെ വലയിലാക്കും കിണ്ടിസുര. ബിഗ് ഷോപ്പറില്‍ പലഹാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നത് ബിഗ്ഷോപ്പര്‍ സൗമിനി. മയക്കുമരുന്നുകള്‍ ഗോലി രൂപത്തിലാക്കി സെല്ലോടേപ്പ് വച്ച് ശരീരത്തില്‍ ഒട്ടിച്ച് മത്സ്യത്തൊഴിലാളിയുടെ വേഷത്തിലാണ് പൊന്നേട്ടന്‍ "അവതരിക്കുക". കോഴിക്കോട് നഗരത്തിന്റെ ലഹരിനുരയുന്ന ഇടനാഴികളില്‍ ഇവരുണ്ടാകും. മൊബൈല്‍ ഫോണിലൂടെ കച്ചവടം ഉറപ്പിച്ചശേഷം ബീച്ചില്‍വച്ചാണ് സാധനംകൈമാറുന്നത്. ചുമട്ടുതൊഴിലാളിയുടെ വേഷത്തില്‍ തലേക്കെട്ടിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചെത്തുന്ന തലേക്കെട്ട് സുനി, ഹിന്ദിയും ഇംഗ്ലീഷും കുത്തിയൊലിക്കുന്ന നാവിന്‍തുമ്പില്‍ ലഹരിയുമായെത്തുന്ന ബഹുഭാഷാ പണ്ഡിതന്‍ ഇംഗ്ലീഷ് റാഫി, ഒഴിഞ്ഞ സിഗരറ്റ് പായ്ക്കറ്റുകളില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും നിറച്ച് ബീച്ചില്‍ ഉപേക്ഷിച്ചനിലയില്‍ ഒളിപ്പിച്ച്് ആവശ്യക്കാരെ മൊബൈലില്‍ വിളിച്ചുവരുത്തുന്ന സിഗററ്റ് അനീഷ്... ഇവരെല്ലാം കോഴിക്കോടന്‍ അധോലോകത്തിലെ രാജാക്കന്മാരാണ്.
പൊട്ടും ന്യൂജനറേഷന്‍ അങ്കിള്‍സും
കോഴിക്കോട് നഗരത്തിലെ ബംഗ്ലാദേശ് കോളനി പാപം കഴുകിക്കളഞ്ഞ് ശാന്തി നഗര്‍ കോളനിയായപ്പോള്‍ അവിടത്തെ മുഴുവന്‍ അഴുക്കും വന്നടിഞ്ഞത് കോഴിക്കോട് ബീച്ചില്‍. നഗരത്തിലെ മയക്കുമരുന്നുകളുടെ മൊത്ത-ചില്ലറ വില്‍പ്പന കേന്ദ്രമായി ബീച്ച് മാറി. അഞ്ചുവര്‍ഷത്തിനിടെ നഗരപരിധിയിലെ 15 പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്ത മയക്കുമരുന്ന് കേസുകളില്‍ ഏറിയ പങ്കും ബീച്ച് ഉള്‍ക്കൊള്ളുന്ന ടൗണ്‍ സ്റ്റേഷനില്‍. ഈ വര്‍ഷംമാത്രം 17 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ചെയ്തു.
കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, വേദനസംഹാരി ഗുളികകളായ സ്പാസ്മോ പ്രോക്സിവോന്‍, ഡൈസൈക്ലാമീന്‍, നൈട്രാവേറ്റ് എന്നിവമയക്കുമരുന്നിന്റെ വകഭേദങ്ങള്‍. ട്രെയിന്‍മാര്‍ഗവും ട്രാവല്‍ഏജന്‍സി വാഹനങ്ങളുടെ സീറ്റിനടിയിലും ഉത്തരേന്ത്യയില്‍നിന്നെത്തുന്ന മാര്‍ബിള്‍-ഗ്രാനൈറ്റ് വണ്ടികളില്‍ സാധനങ്ങള്‍ക്കിടയില്‍ തിരുകിയുമാണ് ഇവയില്‍ ഭൂരിഭാഗവും എത്തുന്നത്. കൂടാതെ അതിര്‍ത്തികടന്നെത്തുന്ന കോഴിവണ്ടികളില്‍ കോഴിയുടെ ചിറകിനടിയില്‍ ഒളിപ്പിച്ചുവച്ചും മയക്കുമരുന്നുകള്‍ നഗരത്തിലെത്തുന്നു. ഇടുക്കി, കമ്പം, തേനി, ഉഡുമല്‍പേട്ട്, ബൈരക്കുപ്പ, മുംബൈ, എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് എത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് 10,000 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ഒരു ലക്ഷം രൂപയ്ക്കാണ് നഗരത്തില്‍ വിറ്റുപോകുന്നത്. പത്തു മുതല്‍ 25ഗ്രാം വരെയുള്ള ചെറിയ പൊതികള്‍ക്ക് 100 മുതല്‍ 500 രൂപവരെയാണ് ഈടാക്കുക. ഗോവ, മുംബൈ എന്നിവിടങ്ങളില്‍നിന്ന് എത്തിക്കുന്ന ബ്രൗണ്‍ഷുഗര്‍ "പൊട്ട്" എന്ന പേരില്‍ ചെറിയ പൊതികളിലാക്കിയാണ് നഗരത്തിലെ വില്‍പ്പന. ഒരു പൊട്ടിന് 500 രൂപമുതല്‍ 5,000 രൂപ വരെയാണ് വില. മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് വേദനസംഹാരി ഗുളികകളായ സ്പാസ്മോ പ്രോക്സിവോന്‍, ഡൈസൈക്ലാമീന്‍, നൈട്രാവേറ്റ് എന്നിവയെത്തുന്നത്. അവിടെ 10 രൂപയ്ക്കു വാങ്ങുന്ന 12 എണ്ണമുള്ള ഒരു ഷീറ്റ് ഗുളിക ഇവിടെ 300 രൂപ മുതല്‍ 2000 രൂപയ്ക്കാണ് വില്‍ക്കുന്നത്. മണമുണ്ടാകില്ലയെന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ബൈക്കിലും കാറിലുമാണ് ഇവ കടത്തുന്നത്. കോഴിക്കോട്ടെ മാളുകള്‍ കേന്ദ്രീകരിച്ച് മയക്കുഗുളിക വില്‍പ്പന സജീവം. വിദ്യാര്‍ഥികളുടെയും പുതുതലമുറയുടെയും സിരാകേന്ദ്രങ്ങളായ മാളുകളില്‍ ഇതിനായി "ന്യൂജനറേഷന്‍ അങ്കിള്‍സ്" പ്രവര്‍ത്തിക്കുന്നുണ്ട്. വൈറ്റ്നര്‍, ഫെവിക്യുക്ക് എന്നിവയില്‍ ലഹരി കണ്ടെത്തുന്ന സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിച്ചുവരുകയാണ്.
ക്ലാസ് മുറികളെയും വിടില്ല
"""സ്കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടിയിട്ടുണ്ട്. 2013വരെ സ്കൂളുകള്‍ക്ക് പുറത്തായിരുന്നു ഉപയോഗമെങ്കില്‍ ഇപ്പോള്‍ ക്ലാസ് മുറികളില്‍വരെ അത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. നഗരത്തിലെ ഫെവിക്യുക്കിന്റെ വില്‍പ്പനയില്‍ ക്രമാതീതമായ വര്‍ധനയാണുള്ളത്. ഇത് ആശങ്കജനകമാണ്"".- നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമീഷണര്‍ സി അരവിന്ദാക്ഷന്‍ പറഞ്ഞു. നിരോധിത പാന്‍ഉല്‍പ്പന്നങ്ങളുടെ കേന്ദ്രമായും ബീച്ച് മാറുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറികളിലും ട്രാവല്‍ ഏജന്‍സി ബസുകളിലുമാണ് ഇവയെത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോയി വരുമ്പോഴും പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെയെത്തിക്കുന്നു. മധു, ചൈനിഖൈനി, ഹാന്‍സ്, ശംഭു തുടങ്ങിയ പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ സുലഭം. ഒന്നുമുതല്‍ അഞ്ചുവരെ രൂപയ്ക്ക് വാങ്ങുന്ന പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ 20 മുതല്‍ 50 രൂപയ്ക്കാണ് വില്‍ക്കുന്നത്. വിദേശ വിനോദസഞ്ചാരികള്‍ക്ക് മാത്രമായി കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘവും നഗരത്തില്‍ സജീവം. കൊച്ചിയില്‍നിന്ന് ട്രാവല്‍ഏജന്‍സികളുടെ വാഹനങ്ങളിലാണ് വിദേശികളെ കോഴിക്കോട്ട് എത്തിക്കുന്നത്. കഞ്ചാവ് പഞ്ഞിയിലും കടലാസിലും പൊതിഞ്ഞ് സിഗരറ്റുകള്‍ ഉണ്ടാക്കുന്ന നൂതന യന്ത്രങ്ങളും ഇക്കൂട്ടരുടെ പോക്കറ്റിലുണ്ടാകും. അതേസമയം ബംഗ്ലാദേശ് കോളനിയില്‍ ഇപ്പോള്‍ മയക്കുമരുന്ന് കച്ചവടം അപൂര്‍വം. സൈക്കിള്‍ പ്രദീപനെപ്പോലുള്ള അവിടത്തുകാരില്‍ ചിലര്‍ കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ കച്ചവടത്തില്‍ ഇന്നും സജീവമാണെങ്കിലും കോളനി കേന്ദ്രീകരിച്ചല്ല വില്‍പ്പന.
ബോബ് മാര്‍ലി അംബാസഡറോ?
കേരളത്തിലെ മരുന്നടിക്കാരുടെ ബ്രാന്‍ഡ് അംബാസഡര്‍ ആരാണെന്നു ചോദിച്ചാല്‍ പൊലീസിന് അധികം ആലോചിക്കേണ്ട ആവശ്യമില്ല. വിശ്വപ്രസിദ്ധ ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയാണത്രേ ലഹരിയെ ഉപാസിക്കുന്നവരുടെ ആരാധനാകഥാപാത്രം. സ്വാഭാവികമായും മാര്‍ലിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകളും റസ്തഫാരിയന്‍ മതവിശ്വാസപ്രകാരമുള്ള മഞ്ഞ, പച്ച, കറുപ്പ്, ചുവപ്പ് വര്‍ണങ്ങളും പൊലീസിന്റെ കണ്ണില്‍ കരടായി. അതുകൊണ്ടുതന്നെ മാര്‍ലിയുടെ ചിത്രങ്ങളോ മേല്‍പ്പറഞ്ഞ വര്‍ണങ്ങളോ ഉള്ള ടീഷര്‍ട്ടുകളും ബാഗുകളും കീചെയിനുകളും ബ്രേസ്ലേറ്റുകളും കൈവശം വയ്ക്കുന്നവര്‍ കഞ്ചാവ് കച്ചവടക്കാരോ ലഹരി ഉപയോഗിക്കുന്നവരോ ആണെന്ന നിഗമനത്തില്‍ പൊലീസ് കാടടച്ച് വെടിവയ്ക്കല്‍ തുടങ്ങി. കൊച്ചിയില്‍ തുടങ്ങിയ വേട്ട ക്രമേണ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രധാനകണ്ണികളെ തൊടാന്‍പോലും കഴിയാതെയുള്ള ഈ പരാക്രമം കേരളത്തിലെ ലഹരിവ്യാപാരത്തെ പ്രതികൂലമായി ബാധിച്ചോയെന്ന ചോദ്യത്തിന് മൗനമായിരിക്കും ഉന്നതഉദ്യോഗസ്ഥരുടെ മറുപടി.
- See more at: http://www.deshabhimani.com/newscontent.php?id=481243#sthash.ExthHKaR.dpuf
No comments:
Post a Comment