ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 65-ആം വാര്‍ഷികം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കോളനി ഭരണത്തിനെതിരെ ലോകമാകെ വീശിയടിച്ച സ്വാതന്ത്ര്യ വാഞ്ഛയുടെ, മാനവ മോചനം എന്ന പൊതു സാമൂഹ്യ പ്രക്രിയയുടെ ഭാഗം തന്നെയായിരുന്നു. ഇന്ത്യന്‍ ജനതയുടെ സര്‍വ്വതോമുഖമായ പുരോഗതിയും സൌഖ്യവുമായിരുന്നു സ്വാതന്ത്ര്യ സമരത്തില്‍ അണിനിരന്ന ജനങ്ങളുടെ ലക്ഷ്യം. സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വളര്‍ന്നു കൊണ്ടിരുന്ന മുതലാളിത്തമാകട്ടെ അവരുടെ സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യമിട്ടതു്. ജനങ്ങളുടെ സ്വാതന്ത്ര്യാഭിനിവേശത്തെ അവര്‍ ഉത്തേജിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തെന്നതു് ശരിയും നല്ലതുമായിരുന്നു. മുതലാളിത്തം തന്നെ ശൈശവ ദശയിലായിരുന്ന ഇന്ത്യയില്‍ തൊഴിലാളി വര്‍ഗ്ഗം ശൈശവ ദശ പിന്നിട്ടിരുന്നില്ല. സ്വാഭാവികമായും അധികാരമേറ്റെടുത്ത മുതലാളിത്തം മുതലാളിത്ത പാത സ്വീകരിച്ചു. ശൈശവ ദശയിലുള്ള മുതലാളിത്തത്തിന്റെ സ്വാഭാവിക നേട്ടങ്ങള്‍ ജനങ്ങളുടെ ജീവിത നിലവാരത്തിലും പ്രതിഫലിച്ചു. സ്വാതന്ത്ര്യത്തിന്റെ ആദ്യ പതിറ്റാണ്ടുകളില്‍ കുറേയേറെ ഗുണ ഫലങ്ങള്‍ താഴേക്കു് അരിച്ചിറങ്ങി കിട്ടിയിരുന്നു. മുതലാളിത്തം അതിന്റെ നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിച്ചു് കൊണ്ടു് മാത്രമാണു് മുന്നേറിയതു്. അവരുടെ വളര്‍ച്ച, അവരുടെ മൂലധന വികാസം, ജനങ്ങളുടെ ചെലവിലാകാനേ തരമുണ്ടായിരുന്നുള്ളു. അതു് തന്നെ നടന്നു. ഇന്നു്, വളര്‍ന്നു് കഴിഞ്ഞ ഇന്ത്യന്‍ മുതലാളിത്തത്തിനു് അനുയോജ്യമായ കൂട്ടു് ആഗോള മുതലാളിത്തം തന്നെയായി കഴിഞ്ഞു. രാജ്യത്തിന്റേയും ജനങ്ങളുടേയും സ്വാതന്ത്ര്യമോ സുസ്ഥിതിയോ ഇന്നു് ഇന്ത്യന്‍ കുത്തക മുതലാളിത്തത്തിനു് പ്രശ്നമല്ലാതായി. അവര്‍ക്കിന്നു് ആവശ്യമായ സ്വാതന്ത്ര്യം ലോക കമ്പോളത്തില്‍ മത്സരിക്കാനുള്ള സ്വാതന്ത്ര്യമാണെന്നവര്‍ തിരിച്ചറിയുന്നു. അതിനായി ആഗോള ധന മൂലധനത്തിന്റെ ഭാഗമായി ഇന്ത്യന്‍ കുത്തക മൂലധനവും ലയിക്കുന്നു. ചെറുകിട ഇടത്തരം മുതലാളിമാരും കര്‍ഷകരും തൊഴിലാളികളും ഈ ധന മൂലധനത്തിന്റെ ചൂഷണത്തിനു് വിധേയമാക്കപ്പെടുകയാണു്.
ഇന്ത്യ സ്വന്തം കാലില്‍ നിന്നിരുന്നെങ്കില്‍, അതിനായി സമാന സാഹചര്യത്തിലുള്ള ഇതര രാജ്യങ്ങളുമായി ചേര്‍ന്നു് നീങ്ങിയിരുന്നെങ്കില്‍ ധനമൂലധനം ആഗോളമായി നേരിടുന്ന പ്രതിസന്ധിയില്‍ നിന്നു് വലിയൊരളവു് രക്ഷപ്പെട്ടു് നില്കാന് ഇന്ത്യയ്ക്കു് കഴിയുമായിരുന്നു. എന്നാല്‍ ആഗോള ധനമൂലധനവുമായി ഇന്ത്യയുടെ കെട്ടുപിണയല്‍ ഇന്ത്യയേയും ആഗോള ധന മൂലധന പ്രതിസന്ധിയുടെ നേരിട്ടുള്ള ഇരയായി മാറ്റിയിരിക്കുന്നു. ആഗോള മൂലധനത്തോടൊപ്പം ഒന്നിച്ചു് മുങ്ങുക എന്ന തീരുമാനം ഇന്ത്യന്‍ കുത്തക മൂലധനം എടുത്തതിന്റെ പരിണിതിയാണു് എണ്‍പതുകളില്‍ ആരംഭിച്ചു് തൊണ്ണൂറുകളില്‍ ശക്തി പ്രാപിച്ച ഉദാരവല്കരണവും തുടര്‍ന്നു് വന്ന യുപിഎ സര്‍ക്കാരിന്റെ നയ-നടപടികളും അമേരിക്കയോടുള്ള വിധേയത്വവും. അടുത്ത കാലത്തു് നടന്ന ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മോചനത്തിന്റെ പാത സാര്‍വ്വ ദേശീയ തൊഴിലാളിവര്‍ഗ്ഗ മോചനത്തിന്റെ പാതയോടു് കൂടുതല്‍ സമാന്തരമാക്കി മാറ്റിയിരിക്കുന്നു.
മാനവ രാശി മോചനം സ്വപ്നം കണ്ടു് തുടങ്ങിയിട്ടു് വര്‍ഷങ്ങളെത്രയായെന്നതിനു് കണക്കില്ല. ഒട്ടേറെ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ വന്നു് പോയി. പല മതങ്ങളും നിലവില്‍ വന്നു. പല ചിന്താ സരണികളും രൂപപ്പെട്ടു. അവയെല്ലാം വളര്‍ന്നു് വികസിച്ചു. കാരണം, മനുഷ്യന് മോചനം ആഗ്രഹിച്ചു, അവയെല്ലാം മാനവ മോചനം വാഗ്ദാനം ചെയ്തു. മിക്കവയും ആഗ്രഹ പ്രകടനങ്ങള്‍ മാത്രമായിരുന്നു. ചിലവ മാത്രം പരീക്ഷണങ്ങളും. അകാലത്തിലുള്ള പരീക്ഷണങ്ങള്‍ ഒട്ടേറെ പാഠങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനു് ഇടയാക്കിയെങ്കിലും സ്വാഭാവികമായും പരാജയപ്പെട്ടു. നിലനിന്നവയെല്ലാം അധികാരത്തിന്റെ തണലിലോ അധികാരത്തിന്റെ കേന്ദ്രം തന്നെയായോ മാറി മാനവ മോചന പ്രസ്ഥാനങ്ങള്‍ക്കു് വിലങ്ങു തടി സൃഷ്ടിക്കുന്നു.
വസ്തു നിഷ്ഠമായും ശാസ്ത്രീയമായും മാനവ മോചനത്തിനുള്ള പാത ചൂണ്ടിക്കാണിച്ചതു്, വളര്‍ന്നു് വരുന്ന തൊഴിലാളി വര്‍ഗ്ഗത്തേയും അവരുടെ ഐക്യത്തേയും മുന്നില്‍ കണ്ട മാര്‍ക്സും എംഗല്‍സുമായിരുന്നു. അവരതു് ചെയ്തതു്, അന്നേവരെ നിലവില്‍ വന്ന എല്ലാ മാനവ മോചന സരണികളും പരിശോധിച്ചും വിശകലനം ചെയ്തും വിലയിരുത്തിയുമായിരുന്നു. മാനവ മോചനത്തിന്റെ ഉപകരണം തൊഴിലാളി വര്‍ഗ്ഗമായിരിക്കുമെന്നു് അവര്‍ കണ്ടെത്തി. തൊഴിലാളി വര്‍ഗ്ഗത്തിന്റെ നിര്‍ണ്ണായക പങ്കും അവരുടെ വര്‍ദ്ധിച്ചു് വരിക മാത്രം ചെയ്യുന്ന എണ്ണവും അതിനാല്‍ തന്നെ ശക്തിയും മേധാവി വര്‍ഗ്ഗത്താല്‍ തന്നെ സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും സംഘടിപ്പിക്കപ്പെടുകയും അവരുടെ ചൂഷണത്താല്‍ ഐക്യപ്പെടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഉരുത്തിരിഞ്ഞു് വരുന്ന ഭൌതിക യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തിയുമാണു് അവരതു് ചെയ്തതു്.
അവര്‍ ദീര്‍ഘ ദര്‍ശനം നടത്തിയ ആഗോള മുതലാളിത്ത പ്രതിസന്ധിയും തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വ ദേശീയതയും ഇന്നു് യാഥാര്‍ത്ഥ്യമായിരിക്കുന്നു. വികസിച്ചു് വരുന്ന വാര്‍ത്താ വിനിമയ-ഗതാഗത ശൃംഖലകളും അവയെ ആധാരമാക്കി വളരുന്ന ആഗോള വ്യാപാരവുമാണു് അവരെ വ്യവസായ സമ്പദ്ഘടനയുടെ ഗതിവിഗതികളും അതിലൂടെ ഉരുത്തിരിയുന്ന ആഗോള മൂലധനവും അതിന്റെ സ്വാഭാവിക പ്രതിഫലനമായി തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയും അവ തമ്മിലുള്ള വര്‍ഗ്ഗ സമരവും തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയവും പ്രഖ്യാപിക്കാന്‍ സഹായിച്ചതു്. അന്നു്, 8 മണിക്കൂര്‍ തൊഴില്‍ സമയം നിയമപരമായ അവകാശമായി നേടുന്നതിനു് വേണ്ടി നടന്ന തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റം വിപ്ലവകാരിയായ വര്‍ഗ്ഗത്തെ കണ്ടെത്തുന്നതില്‍ അവര്‍ക്കു് സഹായകമായി. മൂലധനാധിപത്യത്തെ അവര്‍ വിശകലനം ചെയ്തതില്‍ കൂടുതലായി നാളിതു് വരെ ആരും ചെയ്തിട്ടില്ല. മൂലധനത്തിന്റെ ചലനാത്മകതയും ചടുലതയും അവര്‍ പ്രവചിച്ചതു് പോലെ തന്നെ പ്രകടമാക്കപ്പെടുന്നു. അതിലൂടെ, വിവര വിനിയ മേഖലയുടെ വികാസം മൂലധനാധിപത്യത്തിന്റെ വികാസത്തിനു് വഴിയൊരുക്കി. പുതിയ കമ്പോളങ്ങള്‍ കണ്ടെത്താനും വെട്ടിപ്പിടിക്കാനും അതിനു് കഴിഞ്ഞു. ലോക മാകെ വ്യാപിക്കാന്‍ കഴിഞ്ഞു. ദേശീയ വ്യവസായാടിത്തറകള്‍ കടപുഴക്കി ആഗോള മൂലധനാധിപത്യം ഉറപ്പിക്കാന്‍ ചരക്കുകളുടെ കുറഞ്ഞ വിലയും പുതിയ വിപണന തന്ത്രങ്ങളും സഹായിച്ചു. ഇന്നു് പ്രതിസന്ധിയും ആഗോളമായി. നടന്നു് കൊണ്ടിരിക്കുന്ന വിവര വിനിമയ വിപ്ലവം മൂലധന വ്യാപനത്തിന്റേതെന്ന പോലെ തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയുടേയും മൂര്‍ത്തവും ശക്തവുമായ ഉപകരണമായി പരിണമിച്ചിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗം ഇനി അതിന്റെ ചരിത്രപരമായ കടമ നിര്‍വ്വഹിക്കുകയേ വേണ്ടൂ.
സമൂഹത്തെയാകെ എല്ലാ വിധ മര്‍ദ്ദനത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ നിലവില്‍ മുതലാളിത്തത്തിന്റെ മര്‍ദ്ദനത്തിനും ചൂഷണത്തിനും വിധേയമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തിനു് സ്വയം മോചനം നേടാനാവില്ല എന്നതാണു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിന്റെ സാംഗത്യവും അനിവാര്യതയും ഉറപ്പും. വിപ്ലവം തനിയെ നടക്കുകയല്ല, മറിച്ചു് അതു് ജനങ്ങള്‍ നടത്തുകയാണു്. തൊഴിലാളി വര്‍ഗ്ഗം നേതൃത്വം ഏറ്റെടുക്കുകയാണു്. അത്തരം കടമ ഏറ്റെടുക്കാന്‍ ഉരുത്തിരിയുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗം നിര്‍ബ്ബന്ധിക്കപ്പെടുകയാണു് എന്നതാണു് അനിവാര്യത. തൊഴിലാളി വര്‍ഗ്ഗ വിപ്ലവം സാരാംശത്തില്‍ ആഗോളമാണെങ്കിലും രൂപത്തില്‍ ദേശീയമാണു്. കാരണം, ഓരോ രാജ്യത്തും അതാതിടങ്ങളിലെ തൊഴിലാളി വര്‍ഗ്ഗത്തിനു് മാത്രമേ അവിടങ്ങളിലെ മൂലധനാധിപത്യവുമായി കണക്കു് തീര്‍ക്കാനാവൂ എന്നു് മാര്‍ക്സു് പണ്ടേ നിരീക്ഷിച്ചതു് ഇന്നും ശരിയായി തന്നെ തുടരുകയാണു്.
ഇതിലേക്കു് വിരല്‍ ചൂണ്ടുന്ന ഒട്ടേറെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന ഉദ്ദിഗ്ന ദശാസന്ധിയിലൂടെയാണു് ലോകം കടന്നു് പോകുന്നതു്. ആശയ രംഗത്തു് മാര്‍ക്സിസത്തിനു് ശേഷം പ്രായോഗിക വിപ്ലവ രാഷ്ട്രീയത്തില്‍ ലെനിനിസം പോലെ പ്രധാനമാണു് തൊഴിലാളി വര്‍ഗ്ഗ സമര മുഖത്തു് മുതലാളിത്തത്തെ നേര്‍ക്കു് നേര് നേരിടാന്‍ തൊഴിലാളി വര്‍ഗ്ഗത്തെ ശാക്തീകരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനവും വിവിധ വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും നിലയുറപ്പിച്ചു് കഴിഞ്ഞു എന്നതു്. മുതലാളിത്തത്തെ, അതിന്റെ ആധുനിക കേന്ദ്രീകരണമായ ആഗോള ധന മൂലധനാധിപത്യത്തെ തൊലിയുരിച്ചു് കാട്ടുന്നതില്‍ വിക്കീ ലീക്സു് പോലയുള്ള സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ആഗോള മൂലധനാധിപത്യത്തെ നേര്‍ക്കു് നേര് വെല്ലുവിളിക്കുകയാണിന്നു്. പുതിയ വാര്‍ത്താവിനിയ സംവിധാനങ്ങളുടെ സഹായത്തോടെ ലോകമാകെ രാഷ്ട്രീയ രംഗത്തു് പുതിയ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ മുള പൊട്ടുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ഉപകരണവും ഉപാധിയുമായി തൊഴിലാളികള്‍ക്കു് മാത്രം വഴങ്ങുന്നതും സ്വത്തവകാശത്തിനു് സാംഗത്യമില്ലാത്തതുമായി സ്വതന്ത്ര വിജ്ഞാന സമ്പത്തു് മാറിക്കഴിഞ്ഞിരിക്കുന്നു.
ആഗോള ധനമൂലധനത്തിന്റെ (അതിനോടു് ഉല്ഗ്രഥിക്കപ്പെട്ടിരിക്കുന്ന ദേശീയ കുത്തക മൂലധനത്തിന്റേയും) നിലനില്പു് ഇന്നു് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ ഇടിയുന്ന ലാഭത്തോതു് തനി കൊള്ളയിലൂടെയല്ലാതെ ഇനിയൊരു നിമിഷം നിലനില്ക്കാനതിനു് കഴിയില്ലെന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നു. വെറും തട്ടിപ്പു് മാത്രമായി മാറിയിട്ടുള്ള പുതിയ ധന ഇടപാടുകളും ധന ഉപകരണങ്ങളും അവയുടെ ക്രയവിക്രയവും ഓഹരി വിപണിയിലെ ചൂതാട്ടവും ഒന്നും മിച്ചമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മേല്‍ പ്രക്രിയകളെല്ലാം ലാഭം പങ്കുവെപ്പിന്റെ രീതികളില്‍ മാത്രമേ മാറ്റം വരുത്തുന്നുള്ളു. ചുരുക്കം, മുതലാളിമാര്‍ തമ്മിലുള്ള കടിപിടി മാത്രമാണതു് പ്രകടമാക്കുന്നതു്. ഒഹരി ഉടമകള്‍ കബളിപ്പിക്കപ്പെടുക മാത്രമാണതിലൂടെ നടക്കുന്നതു്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ ധന മൂലധനം പിടിച്ചു് നില്കുന്നതു് തനി കൊള്ളയിലൂടെയാണു്. വിവര സാങ്കേതിക വിദ്യയുടെ പേരില്‍ ഇതര മേഖലകളില്‍ നിന്നുള്ള സമ്പത്തു് വലിച്ചെടുക്കുക, മൂലധന ഉടമകള്‍ക്കു് ലാഭനിരക്കു് നിലനിര്‍ത്താനായി നികുതി ഇളവുകള്‍ നല്‍കുക, 'ആധാര്‍' പോലെ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ സൃഷ്ടിച്ചു് ജനങ്ങളെ കൊള്ളയടിക്കുക, പെന്ഷന് ഫണ്ടും, ബാങ്കു് മൂലധനവും അടക്കം പൊതു മേഖലാ ആസ്തികള്‍ കൈമാറുക, ഊര്‍ജ്ജ സ്രോതസുകള്‍, വനഭൂമി, ജല സ്രോതസുകള്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുക, സ്പെക്ട്രം പോലുള്ള പുതിയ വിഭവങ്ങളെ ചരക്കാക്കി മാറ്റി ആസ്തി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ പൊതു സ്വത്തിന്റെ കൊള്ളയാണു് നടക്കുന്നതു്. പക്ഷെ, ഇത്തരത്തില്‍ കൊള്ളയിലൂടെ സമാഹരിക്കുന്ന ആസ്തികള്‍ ഓഹരി വിപണിയില്‍ ലാഭത്തിന്റെ കണക്കു് കാണിക്കാന്‍ ഉപകരിക്കുമെങ്കിലും വരും വര്‍ഷങ്ങളില്‍ ആ പുതിയ ആസ്തികള്‍ക്കും കൂടി ആവശ്യമായത്ര മിച്ചം (ലാഭം) കണ്ടെത്തണമെന്ന ഊരാക്കുടുക്കിലേക്കു് ആഗോള ധന മൂലധന വ്യവസ്ഥ അതി വേഗം മുതലക്കുപ്പു് കുത്തുകയാണു്. ലോക വ്യാപാരക്കുഴപ്പം ഈ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നു.
മാനവ രാശിയുടെ മോചനത്തിനുള്ള ഭൌതികാടിത്തറ രൂപപ്പെട്ടിരിക്കുന്നു. നേതൃത്വം കൊടുക്കാനാവശ്യമായ ആത്മ നിഷ്ഠ ഘടകം, രാഷ്ട്രീയ സംഘടനയും, നിലവില്‍ വന്നിരിക്കുന്നു. മാനവ രാശിയെ എന്നെന്നേയ്ക്കുമായി എല്ലാ വിധ മര്‍ദ്ദനങ്ങളില്‍ നിന്നും ചുഷണങ്ങളില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും വര്‍ഗ്ഗ വൈരങ്ങളില്‍ നിന്നും ഈ കാലഹരണപ്പെട്ട സാമൂഹ്യ വ്യവസ്ഥ സൃഷ്ടിക്കുന്ന ദുഷ്ടുകളില്‍ നിന്നും മോചിപ്പിക്കാന്‍ തൊഴിലാളി വര്‍ഗ്ഗം ആധുനിക സങ്കേതങ്ങളാല്‍ ശാക്തീകരിക്കപ്പെടുക മാത്രമാണിനി വേണ്ടതു്. അതിനുള്ള ഉപകരണം, ആഗോള വിവര വിനിമയ ശൃംഘലയും സ്ഥാപിതമായിരിക്കുന്നു. അതെടുത്തുപയോഗിക്കുകയേ വേണ്ടൂ.
സ്വാതന്ത്ര്യം കയ്യെത്തും ദൂരത്തായിരിക്കുന്നു.
ജോസഫ് തോമസ്.
ആഗസ്റ്റു്, 15, 2011
Monday, August 15, 2011
Subscribe to:
Post Comments (Atom)
Blog Archive
-
▼
2011
(75)
-
▼
August
(12)
- കോണ്‍ഗ്രസിനുണ്ടായ അപചയത്തിന്റെ ആഴം വെളിവാക്കിയ സമരം
- No socialism without Democracy & No democracy with...
- Significant victory - The Hindu
- ഹസാരെ സമരം വിജയിക്കുമ്പോള്‍ - ദേശാഭിമാനി
- അഴിമതി വിരുദ്ധ സമരം, ഒരു വിപ്ലവം തന്നെയാണു്, അതു് ...
- The ongoing anti-corruption struggle is justified ...
- Support the anti-corruption movement in India
- Rally and Dharna demanding Strong Lok Pal Bill and...
- Will the intelligentsia in India address the Govt ...
- Condemn the arrest of Anna Hazare and other anti-c...
- സ്വാതന്ത്ര്യ ദിന ചിന്തകള്‍ - 2011
- സാമ്രാജ്യത്വം കൊമ്പു് കുത്തുന്നു, മുതലാളിത്തം ഊരാക...
-
▼
August
(12)
1 comment:
മാനവ രാശിയുടെ മോചനത്തിനുള്ള ഭൌതികാടിത്തറ രൂപപ്പെട്ടിരിക്കുന്നു. നേതൃത്വം കൊടുക്കാനാവശ്യമായ ആത്മ നിഷ്ഠ ഘടകം, രാഷ്ട്രീയ സംഘടനയും, നിലവില്‍ വന്നിരിക്കുന്നു. മാനവ രാശിയെ എന്നെന്നേയ്ക്കുമായി എല്ലാ വിധ മര്‍ദ്ദനങ്ങളില്‍ നിന്നും ചുഷണങ്ങളില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും വര്‍ഗ്ഗ വൈരങ്ങളില്‍ നിന്നും ഈ കാലഹരണപ്പെട്ട സാമൂഹ്യ വ്യവസ്ഥ സൃഷ്ടിക്കുന്ന ദുഷ്ടുകളില്‍ നിന്നും മോചിപ്പിക്കാന്‍ തൊഴിലാളി വര്‍ഗ്ഗം ആധുനിക സങ്കേതങ്ങളാല്‍ ശാക്തീകരിക്കപ്പെടുക മാത്രമാണിനി വേണ്ടതു്. അതിനുള്ള ഉപകരണം, ആഗോള വിവര വിനിമയ ശൃംഘലയും സ്ഥാപിതമായിരിക്കുന്നു. അതെടുത്തുപയോഗിക്കുകയേ വേണ്ടൂ.
സ്വാതന്ത്ര്യം കയ്യെത്തും ദൂരത്തായിരിക്കുന്നു.
Post a Comment