ഇന്നത്തെ കാലഘട്ടം മുതലാളിത്തത്തിൽ നിന്നു് സോഷ്യലിസത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റേതാണു്. മുതലാളിത്ത സമൂഹത്തില്‍ നടക്കുന്ന തൊഴിലാളി - മുതലാളി വർഗസമരമാണ് ആ മാറ്റത്തിന്റെ ആന്തരിക ബലം. മുതലാളി വർഗം ലാഭം കൂട്ടാനും തൊഴിലാളി വർഗം കൂലി കൂട്ടാനും നിരന്തരം പരിശ്രമിക്കുന്നു. ലാഭ വര്‍ദ്ധനവു് കൂലി ഇടിയ്ക്കുന്നു. കൂലി വര്‍ദ്ധനവു് ലാഭം ഇടിയ്ക്കുന്നു. കൂലിയും ലാഭവും തമ്മിലുള്ള ഈ നിരന്തര സമരമാണു് മുതലാളിത്തത്തിലെ വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം.
ഇതു് വര്‍ഗ്ഗസമരത്തിന്റെ ലളിതമായ രൂപം. പക്ഷെ, വര്‍ഗ്ഗസമരം രൂക്ഷമാകുമ്പോള്‍ ഇതു് വളരെ സങ്കീര്‍ണ്ണ രൂപം കൈക്കൊള്ളുന്നതു് പുറകേ കാണാം.
മുതലാളിത്തത്തിനെതിരായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സമരരൂപങ്ങളിൽ സംഘടിക്കുക, ഐക്യപ്പെടുക, ആവശ്യങ്ങളുന്നയിക്കുക, അനുവദിക്കാതെ വന്നാൽ വില പേശുക, പണിമുടക്കക, വിലപേശലില്‍ വിജയിക്കുക, അല്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെടുകയോ മുന്നോട്ടു് കൊണ്ടുപോകാനാകതെ സമരം ഏകപക്ഷീയമായി പിന്‍വലിക്കുകയോ ചെയ്യുക എന്നിങ്ങനെയാണു് അവ വികസിക്കുന്നതു്. അവയുടെ ആവർത്തനത്തിലൂടെ അവയിലെ ഓരോ ഘടകവും ശക്തിപ്പെടും. അടിച്ചമര്‍ത്തപ്പെട്ടവയും പിന്‍വലിക്കപ്പെടുന്നവയും പരാജയമാണു് താല്കാലിക ഫലമെങ്കിലും തൊഴിലാളികളുടെ സംഘടിത ശേഷിയും സമര ശേഷിയും വളരുന്നതിനു് വഴിവെയ്ക്കും. വിജയങ്ങളാകട്ടെ, താല്കാലികം മാത്രമായി പരിണമിക്കുന്നു. ശാശ്വതമാകുകയില്ല. കാരണം മുതലാളിത്തം മറ്റുമാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കും.
മുതലാളിമാരാകട്ടെ, ആദ്യ ഘട്ടത്തില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ കായികമായി നേരിടുകയും സമരങ്ങല്‍ അടിച്ചൊതുക്കുകയും ചെയ്തു് പോന്നു. മുതലാളിത്ത ഭരണകൂടങ്ങളാകട്ടെ തൊഴിലാളികളുടെ സംഘടനാ ശ്രമങ്ങളേയും സമരങ്ങളേയും ആദ്യം ആദ്യം പോലീസിനേയും പട്ടാളത്തേയുമുപയോഗിച്ചു് അടിച്ചമർത്തുന്നു, പറ്റാതെ വരുമ്പോൾ ശക്തമായ സമര മുന്നേറ്റങ്ങളോട് സന്ധി ചെയ്ത് കുറെ ആവശ്യങ്ങൾക്ക് വഴങ്ങുന്നു. തൊഴിലാളികള്‍ വിജയം നേടുന്നിടങ്ങളില്‍ സംഘടിത മേഖല രൂപം കൊള്ളുന്നു. മറ്റുള്ളവയെ അവഗണിക്കുന്നു. അവ അസംഘടിത മേഖലകളിലേയ്ക്കു് തള്ളപ്പെടുന്നു. തൊഴിലാളി വര്‍ഗ്ഗത്തെ ഭിന്നിപ്പിക്കാനായി മുതലാളിമാര്‍ സംഘടിത മേഖലയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു. അസംഘടിത മേഖലയെ കടുത്ത ചൂഷണത്തിനിരയാക്കുന്നു. അസംഘടിത തൊഴിലാളികളും കര്‍ഷക തൊഴിലാളികളും കര്‍ഷകരും സ്വയംതൊഴില്‍ സംരംഭകരും അസംഘടിത വിഭാഗങ്ങളില്‍ പെടുന്നു. അവരെല്ലാം മുതലാളിത്തം നടത്തുന്ന ഭിന്നിപ്പിക്കല്‍ തന്ത്രത്തിന്റെ ഇരകളാകുന്നു.
കൂലി കുറയ്ക്കാനും ലാഭം കൂട്ടനും മുതലാളിമാര്‍ ബദൽ മാർഗങ്ങള്‍ തേടുന്നു. തങ്ങളുടെ ഉല്പന്നങ്ങൾക്ക് വില കൂട്ടിയും ഭരണകൂടത്തെ സ്വാധീനിച്ച് പണത്തിന്റെ മൂല്യം ഇടിച്ചും, നികുതി ഇളവും സഹായ ധനവും നേടിയും ലാഭം ഉയര്‍ത്തുന്നു. ഇവ തൊഴിലാളികളുടെ ജീവിത ചെലവു് ഉയര്‍ത്തുന്നു. കൂലി ആപേക്ഷികമായി ഇടിയ്ക്കുന്നു. പരോക്ഷമായി കൂലി കുറയ്ക്കാലാണിതു്. നേരിട്ടു് തന്നെ കൂലി കുറയ്ക്കാന്‍ തൊഴിലാളിക്ക് പകരം യന്ത്രങ്ങൾ ഉപയോഗിക്കുന്നു, സ്ഥിരം തൊഴിലിനു് പകരം താല്കാലിക തൊഴിലും കുടിത്തൊഴിലും പുറം കരാറും നടപ്പാക്കുന്നു. കൂലി കൂടിയ പ്രദേശത്തു നിന്നും സംഘടിത മേഖലയിൽ നിന്നും കൂലി കുറവുള്ള പ്രദേശങ്ങളിലേയ്ക്കും അസംഘടിത മേഖലയിലേയ്ക്കും പ്രവർത്തനം മാറ്റുന്നു. ഇവയെല്ലാം തൊഴിലാളികളുടെ കൂലി ഇടിയ്ക്കുന്നു. തൊഴിലാളി മുതലാളി വൈരുദ്ധ്യം രൂക്ഷമാകുന്നു.
ഇടയ്ക്കിടെ മുതലാളിത്തവും തൊഴിലാളി സംഘടനകളും വിജയ പരാജയങ്ങള്‍ മാറി മാറി നേടുന്നു. രണ്ടു വര്‍ഗ്ഗങ്ങളുടേയും വിജയങ്ങളും പരാജയങ്ങളും താല്കാലികം മാത്രമാണു്. കാരണം, കൂലി കൂട്ടാതെ തൊഴിലാളികള്‍ക്കോ ലാഭം കൂട്ടാതെ മുതലാളിമാര്‍ക്കോ നിലനില്കാനാവില്ല. കൂലിയും ലാഭവും തമ്മിലുള്ള വിടവു് കൂടുമ്പോള്‍ സമരം രൂക്ഷമാകുന്നു. സമരം കൊടുമ്പിരി കൊള്ളുമ്പോള്‍ അവ തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ മുതലാളിത്തം നിര്‍ബ്ബന്ധിക്കപ്പെടുന്നു. വിജയ പരാജയങ്ങളിലൂടെ വര്‍ഗ്ഗ സമരം മൊത്തത്തില്‍ രൂക്ഷമാകുകയാണു് ചെയ്യുക.
കൂലിയിലും ലാഭത്തിലും മാറ്റമുണ്ടാക്കാന്‍ പോരുന്ന മറ്റൊരു ഘടകമാണു് ചരക്കുകളുടെ വില. മുതലാളിത്ത വ്യവസ്ഥയില്‍ ഉല്പാദന പ്രക്രിയ സാമൂഹ്യമായിക്കഴിഞ്ഞിരിക്കുന്നു. മൂലധനം, അസംസ്കൃത പദാര്‍ത്ഥങ്ങള്‍, സാങ്കേതിക വിദ്യ തുടങ്ങിയ ഏതെങ്കിലും ഒരു ഘടകമോ മുതലാളി, തൊഴിലാളി, കര്‍ഷകര്‍ തുടങ്ങിയ ഏതെങ്കിലും വര്‍ഗ്ഗമോ ഏതെങ്കിലും പ്രദേശമോ ദേശമോ മാത്രമായി ഉല്പാദനം നടത്തുകയല്ല. വിവിധ രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള മേല്പറഞ്ഞ ഘടകങ്ങളെല്ലാം ഉല്പാദനത്തില്‍ പങ്കാളികളാകുന്നു. അതില്‍ നേരിട്ടുള്ള യഥാര്‍ത്ഥ ഉല്പാദകര്‍ തൊഴിലാളികളാണെങ്കിലും നേരിട്ടുള്ള മൂലധന ഉടമകളെന്ന നിലയില്‍, അസംസ്കൃത പദാര്‍ത്ഥങ്ങളുടെ ഉടമകളും കൂലി നല്‍കുന്നവരുമെന്ന നിലയില്‍, ഉല്പന്നങ്ങള്‍ മുതലാളിമാര്‍ കൈക്കലാക്കുന്നു. ഉല്പാദനം സാമൂഹ്യവും ഉല്പന്നങ്ങളുടെ കയ്യടക്കല്‍ സ്വകാര്യവുമാണു്. ഇതാണു് മുതലാളിത്തത്തില്‍ അപരിഹാര്യമായ വൈരുദ്ധ്യം. വ്യവസ്ഥാ മാറ്റമില്ലാതെ പരിഹാരമില്ല എന്നതാണിതു് കാണിക്കുന്നതു്.
സ്വകാര്യ സ്വത്തുടമാവകാശത്തിന്റെ പിന്‍ബലത്തിലാണു് അവരതു് നേടുന്നതു്. അവരവ ചരക്കുകളായി കമ്പോളത്തില്‍ വില്കുന്നു. വില മുതലാളിമാര്‍ നിശ്ചയിക്കുന്നു. ചരക്കുകള്‍ വാങ്ങുന്നവര്‍ ബഹുഭൂരിപക്ഷവും തൊഴിലാളികളടക്കം അദ്ധ്വാനിക്കുന്നവരാണു്. കൂടിയ വില അവരുടെ കൂലിയും വരുമാനവും ഇടിയ്ക്കുന്നു, മുതലാളിയുടെ ലാഭം ഉയര്‍ത്തുന്നു. കുറഞ്ഞ വില അദ്ധ്വാനിക്കുന്നവരുടെ വരുമാനത്തിന്റെ മൂല്യം ഉയര്‍ത്തുന്നു, മുതലാളിയുടെ ലാഭം ഇടിയ്ക്കുന്നു.
കൂലിയേയും ലാഭത്തേയും നിര്‍ണ്ണയിക്കുന്ന, അവ തമ്മിലുള്ള ബലാബലത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒരു ഘടകമാണു് ചരക്കുകളുടെ വില. ഇതാണു് കൂലി, വില, ലാഭം എന്നിവയുടെ പാരസ്പര്യം.
മുതലാളിത്തത്തില്‍ വില നിര്‍ണ്ണയിക്കപ്പെടുന്നതിനാധാരം കമ്പോളത്തില്‍ ചരക്കുകളുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള പാരസ്പര്യമാണു്. ചരക്കുകളുടെ വര്‍ദ്ധന കമ്പോളത്തെ വികസിപ്പിക്കുന്നു. മുതലാളിത്തം എല്ലാറ്റിനേയും ചരക്കുകളാക്കി മാറ്റുന്നു. അതോടെ, കമ്പോളം സമൂഹത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുക മാത്രമല്ല, നിയന്ത്രിക്കുക തന്നെ ചെയ്യുന്നു. കമ്പോളത്തിന്റെ പ്രവര്‍ത്തനം ചരക്കുകളുടെ ഉല്പാദനവും ക്രയവിക്രയവുമാണു്. മൂലധനത്തിന്മേലുള്ള ഉടമാവകാശത്തിന്റെ പേരില്‍ മുതലാളി ഉല്പന്നങ്ങള്‍ സ്വന്തമാക്കുന്നു. അവ ചരക്കുകളായി കമ്പോളത്തിലെത്തിക്കുന്നു. ചരക്കുകളുടെ ഉടമാവകാശം മൂലധനത്തിനാണു്. അതിനാല്‍ കമ്പോളത്തിന്റെ നിയന്ത്രണം മൂലധനത്തിനാണു്. ചരക്കുകളുടെ ലഭ്യത കൂട്ടാനും കുറയ്ക്കാനും അതിലൂടെ വില കുറയ്ക്കാനും കൂട്ടാനും മൂലധനത്തിനു് കഴിയുന്നു.
ഇതു് രണ്ടു് വിധത്തിലുള്ള മത്സരത്തിനു് വഴി വെയ്ക്കുന്നു. ഒന്നു് മുതലാളിമാര്‍ തമ്മിലുള്ള മത്സരം. അതായതു് വിവിധ മൂലധന ഉടമകളോ മൂലധന കൂട്ടായ്മകളോ തമ്മിലുള്ള സമരം. മറ്റൊന്നു്, മൂലധനമാകെയും മറ്റദ്ധ്വാനിക്കുന്നവരും തമ്മിലുള്ള സമരം. ഇവ രണ്ടും മാറി മാറി പ്രബലമാകുകയും പിന്നോട്ടു് മാറുകയും ചെയ്യാം. അതനുസരിച്ചു് കമ്പോളത്തില്‍ വിലയുടേയും അതനുസരിച്ചു് കൂലിയുടേയും മൂല്യത്തില്‍ ആപേക്ഷികമായി ചെറിയ മാറ്റങ്ങള്‍ സംഭവിക്കാം. പക്ഷെ, കമ്പോളത്തിന്റെ പൊതു സ്ഥിതി അതില്‍ മൂലധനത്തിനു് മേധാവിത്വം നിലനില്കുമെന്നതാണു്. കാരണം മൂലധനത്തിന്റെ ഉടമാവകാശം മുതലാളിക്കാണെന്നതാണു്.
ക്രമേണ മുതലാളിത്ത ഭരണകൂടങ്ങളും അവരുടെ സംഘടനകളും വിപുലമായി. ആദ്യമാദ്യം വ്യവസായമുതലാളിയും വ്യവസായ മൂലധനവും മാത്രമായിരുന്നു തൊഴിലാളികളെ നേരിടേണ്ടിയിരുന്നതു്. സര്‍ക്കാരും ബാങ്കര്‍മാരും ഭൂഉടമകളും ലാഭത്തിന്റെ പങ്കു് പറ്റിയിരുന്നെങ്കിലും തൊഴിലാളികളെ നേരിട്ടു് ചുഷണം ചെയ്തിരുന്നില്ല. ക്രമേണ വ്യവസായമൂലധനവും ബാങ്കിങ്ങ് മൂലധനവും ലയിച്ചു് ചേര്‍ന്നു് ധനമൂലധനമായി മാറി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ധന മൂലധനം രൂപപ്പെട്ടിരുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ദേശീയാടിസ്ഥാനത്തില്‍ തന്നെ അതു് സുസംഘടിതമായ ഓഹരി കമ്പോളത്തിനു് രൂപം നല്‍കി. അവര്‍ തൊഴിലാളി സംഘടനകളേയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും മുതലാളിത്ത വ്യസ്ഥയെന്ന നിലയില്‍ തന്നെ നേരിട്ടു് തുടങ്ങി.
കമ്പോളം വിപുലമായി. ദേശീയ കമ്പോളങ്ങള്‍ രൂപപ്പെട്ടു. ദേശീയ കമ്പോളം ദേശീയ കുത്തക മൂലധനത്തിന്റെ നിയന്ത്രണത്തിലായി. കര്‍ഷകരും സ്വയം തൊഴില്‍ സംരംഭകരും തൊഴിലാളികളും അടക്കം ഉല്പാദകരെ ചൂഷണം ചെയ്യുന്നതു് കമ്പോളത്തിന്റെ ഇടനിലയുപയോഗിച്ചാണു്. ചൂഷണം വളരെ പരോക്ഷണാണു്. ജീവിത മാര്‍ഗ്ഗം കൊണ്ടും ജീവിത സാഹചര്യം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഈ മൂന്നു് കൂട്ടരേയും മുതലാളിത്തം ഭിന്നിപ്പിച്ചു് നിര്‍ത്തുന്നു. ചൂഷണം നിര്‍ബ്ബാധം തുടരുന്നു. തൊഴിലാളി വര്‍ഗ്ഗത്തില്‍ പോലും വിള്ളലുണ്ടാക്കും വിധം സംഘടിത തൊഴിലാളി വിഭാഗങ്ങളില്‍ പെട്ട ചിലര്‍ക്കു് പല പ്രത്യേകാവകാശങ്ങളും നല്‍കപ്പെട്ടു തുടങ്ങി. അവരെ മറ്റിതര തൊഴിലാളികളുമായി ഐക്യപ്പെടുന്നതില്‍ നിന്നു് പിന്തിരിപ്പിക്കാനാണതു് തുടങ്ങിയതു്. സര്‍ക്കാരുദ്യോഗസ്ഥര്‍ക്കു് സ്ഥിരം തൊഴില്‍, പെന്‍ഷന്‍, കമ്പനി മേധാവികള്‍ക്കു് ഓഹരി പങ്കാളിത്തം തുടങ്ങി പ്രത്യേകാവകാശങ്ങള്‍ പലതും ഏര്‍പ്പെടുത്തപ്പെട്ടു. അതോടെ സംഘടിത തൊഴിലാളി വിഭാഗങ്ങളില്‍ പലരും ഓഹരികളില്‍ നിക്ഷേപിച്ചു് തുടങ്ങി. ഓഹരി പങ്കാളിത്തമുള്ള വ്യവസായത്തിന്റെ ഉല്പന്നങ്ങളായാലും ചരക്കുകളായി അവ കമ്പോളത്തിലെത്തുമ്പോള്‍ ഉടമാവകാശം മൂലധന ഉടമായായ മുതലാളിക്കാണു്, ഓഹരി ഉടമയ്ക്കില്ല. ഓഹരി ഉടമയായ തൊഴിലാളിക്കല്ല. ചരക്കുകളുടെ ലഭ്യത ഉയര്‍ത്തുന്നതിലോ കുറയ്ക്കുന്നതിലോ അതിലൂടെ വില നിശ്ചയിക്കുന്നതിലോ ഓഹരി ഉടമയ്ക്കു് പങ്കൊന്നുമില്ല. സ്വകാര്യ സ്വത്തുടമാ ബന്ധമാണു് ഈ സ്ഥിതിക്കടിസ്ഥാനം.
ഓഹരി ഉടമ ആ ഓഹരിത്തുകയിന്മേലുള്ള തന്റെ ഉടമസ്തത മുതലാളിക്കു് കൈമാറുകയാണു് ചെയ്യുന്നതു്. ആ തുകയ്ക്കുള്ള അവകാശമോ ബാധ്യതയോ അതിന്മേലുള്ള ലാഭവിഹിതമോ മാത്രമേ ഓഹരി ഉടമയ്ക്കുള്ളു. വ്യസായത്തിന്മേലോ അതിന്റെ നടത്തിപ്പിലോ ചരക്കുകളുടെ വിലയിന്മേലോ ഒന്നും ഓഹരി ഉടമയ്ക്കു് യാതൊരു അധികാരവുമില്ല.
ദേശീയ കുത്തകകളുടെ രൂപീകരണത്തോടൊപ്പം വര്‍ഗ്ഗ സമരത്തിന്റെ മുന്നേറ്റത്തില്‍ തൊഴിലാളി സംഘടനകളുടെ ഐക്യപ്രസ്ഥാനവും അവയുടെ കേന്ദ്രീകരണവും സ്ഥാപനത്തിന്റെ മതില്‍ കെട്ടുകള്‍ക്കു് പുറത്തേയ്ക്കു് വ്യാപിക്കുന്നു. വ്യവസായാടിസ്ഥാനത്തിലും പ്രാദേശിക ദേശീയാടിസ്ഥാനത്തിലും അവ ഐക്യപ്പെട്ടു് കേന്ദ്രീകരിക്കപ്പെടുന്നു. ദേശീയ ഫെഡറേഷനുകളും സാര്‍വ്വദേശീയ ഫെഡറേഷനുകളും രൂപപ്പെടുന്നു. മറ്റൊരു തലത്തില്‍ തൊഴിലാളികള്‍ അവരുടെ വര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അണിനിരക്കുന്നു. ഇടയ്ക്കിടെ തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിനു് മേല്ക്കൈ ലഭിക്കുന്നിടങ്ങളില്‍ അവര്‍ നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ നിന്നു് അവയെ സ്വാധീനിച്ചോ അധികാരം തന്നെ കയ്യാളിയോ മുന്നേറ്റമുണ്ടാക്കുന്നു. പക്ഷെ,
സ്വകാര്യ സ്വത്തുടമാവകാശം നിലനില്കുവോളം അടിസ്ഥാനപരമായ മാറ്റം കൈവരിക്കാനോ കമ്പോളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ അവര്‍ക്കു് കഴിയില്ല. അതേ സമയം കമ്പോളത്തിലിടപെട്ടു് തൊഴിലാളികളും മറ്റു് അദ്ധ്വാനിക്കുന്നവരുമടക്കം ഉപഭോക്താക്കള്‍ക്കു് താല്കാലികാശ്വാസം നല്‍കാന്‍ കഴിയുകയും ചെയ്യും.
ഇരുപതാം നൂറ്റാണ്ടില്‍ സോവിയറ്റു് സോഷ്യലിസത്തിന്റെ സ്ഥാപനം ഈ സാഹചര്യത്തില്‍ നിന്നുള്ള വലിയൊരു കുതിച്ചു ചാട്ടമായിരുന്നു. ലോകത്തിന്റെ ആറിലൊന്നു് ഭൂപ്രദേശത്തു് കമ്പോളത്തിന്റെ നിര്‍ണ്ണായക നിയന്ത്രണം ഒരു തൊഴിലാളി വര്‍ഗ്ഗ പാര്‍ടിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരപ്പെട്ടു. ആഭ്യന്തരമായും ബാഹ്യ ശക്തികളില്‍ നിന്നും മാറ്റത്തിനെതിരായ ശക്തമായി വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും അതേ വരെ മുന്‍ മാതൃകകളൊന്നുമില്ലായിരുന്നെങ്കിലും
അദ്ധ്വാനിക്കുന്നവരടക്കം ബഹുജനങ്ങള്‍ക്കു് മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്താന്‍ 72 വര്‍ഷക്കാലത്തെ അതിന്റെ നിലനില്പിലുടനീളം സോവിയറ്റു് ഭരണ കൂടത്തിനു് കഴിഞ്ഞു. ആദ്യമായി സ്ത്രീകള്‍ക്കു് വോട്ടവകാശം അനുവദിച്ചതു് മുതല്‍ ജനാധിപത്യ വികാസത്തിന്റേയും തൊഴിലാളികളടക്കം അദ്ധ്വാനിക്കുന്നവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന്റേയും ഒട്ടേറെ പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ അതിനു് കഴിഞ്ഞു. അതാകട്ടെ, ലോകമാകെ തൊഴിലാളി പ്രസ്ഥാനങ്ങളുടേയും ജനാധിപത്യത്തിന്റേയും ജനക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വിപുലീകരണ പ്രേരണയായി.
തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിനും ജനകീയ ഐക്യത്തിനും വിള്ളല്‍ വീഴ്ത്താന്‍ സംഘടിത-അസംഘടിത വ്യത്യാസങ്ങള്‍ മുതലാളിത്തം ഉപയോഗപ്പെടുത്തുന്നതിനേക്കുറിച്ചു് മുമ്പു് സൂചിപ്പിച്ചിരുന്നു.
തൊഴിലാളി വര്‍ഗ്ഗം ഭരണ വര്‍ഗ്ഗമായി ഉയരുന്ന സ്ഥിതിക്കു് തടയിടാന്‍ മറ്റു് പല വിഘടനാശയങ്ങളും മുതലാളിത്തം വളര്‍ത്തിത്തുടങ്ങി. അതിന്റെ ഭാഗമായാണു് രാഷ്ട്രത്തിന്റേയും വംശത്തിന്റേയും മതത്തിന്റേയും ജാതിയുടേയും കൂലീനതയുടേയും മഹിമകളുടെ പേരില്‍ വികാരം ഉണര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടന്നു് പോരുന്നതു്. രാഷ്ട്രത്തിന്റെ കമ്പോളസ്വാധീനത്തിന്റെ പേരില്‍ കമ്പോളം വെട്ടിപ്പിടിക്കാന്‍ ലോക മഹായുദ്ധം തന്നെ നടത്തിയ സാമ്രാജ്യത്വം തുടര്‍ന്നു് മറ്റു് ആശയങ്ങളും മുന്നോട്ടു് കൊണ്ടുവരാന്‍ തയ്യാറായി. സോവിയറ്റു് സോഷ്യലിസത്തിന്റെ മുന്നേറ്റത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നാസിസവും ഫാസിസവും പ്രോത്സാഹിപ്പിക്കപ്പെട്ടു. അതു് കമ്പോളം പുനര്‍ വിഭജനത്തിനുള്ള ആവശ്യം ഉയരുന്നതിനും തുടര്‍ന്നു് വെട്ടിപ്പിടിക്കാനായി രണ്ടാം ലോകമഹായുദ്ധത്തിനും വഴി വെച്ചു. പക്ഷെ, ഓരോ ലോക മഹായുദ്ധയും മുതലാളിത്ത കമ്പോളത്തിന്റെ കൂടുതല്‍ കൂടുതല്‍ പ്രദേശം മുതലാളിത്തത്തിനു് നഷ്ടപ്പെടുന്നതിന്റെ അനുഭവമാണു് ഉണ്ടാക്കിയതു്.
രണ്ടാം ലോക മഹായുദ്ധാനന്തരം ഫാസിസത്തിനു് മേല്‍ സോവിയറ്റു് യൂണിയനുണ്ടായ നിര്‍ണ്ണായക വിജയവും കിഴക്കന്‍ യൂറോപ്പിലാകെ സോഷ്യലിസത്തിനുണ്ടായ മുന്നേറ്റവും പുതിയൊരു ലോക സാഹചര്യം സൃഷ്ടിച്ചു. കോളനികള്‍ക്കു് സ്വാതന്ത്ര്യം നേടാനതു് ഉപകരിച്ചു. മുതലാളിത്തമെങ്കിലും അതിന്റേതായ പരിമിതികളോടെയെങ്കിലും ജനാധിപത്യ ഭരണ ക്രമം ലോകമാകെ വ്യാപകമായി. വികസിത മുതലാളിത്ത രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയില്‍ ശക്തമായ മൂലധന സാമ്രാജ്യത്വവും മറുവശത്തു് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള ശക്തമായ സോഷ്യലിസ്റ്റു് ചേരിയും തമ്മിലുള്ള മത്സരത്തിന്റേയും അതിലൂടെ അവതമ്മിലുള്ള സന്തുലനത്തിന്റേതുമായ ഒരു പുതിയ യുഗം പിറന്നു.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത ശേഷിയുടെ ഇത്തരം മുന്നേറ്റത്തേയും അതുമൂലമുണ്ടാകുന്ന ജനാധിപത്യ വികാസവും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും അവയെല്ലാം ചേര്‍ന്നു് ചൂഷണാധിഷ്ഠിത വ്യവസ്ഥയ്ക്കെതിരെ ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളേയും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മൂലധന സാമ്രാജ്യത്വവും അതിന്റേതായ തന്ത്രങ്ങള്‍ മെനഞ്ഞു് പോരുന്നു. മൂലധനാധിപത്യത്തിന്റേയും മുതലാളിത്ത വ്യവസ്ഥയുടേയും നിലനില്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിക്കു് പരിഹാരം കാണേണ്ടതു് മുഴുവന്‍ മൂലധന ഉടമകളുടേയും വ്യവസ്ഥയുടേയും ആവശ്യമായി വന്നു.
അതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന പുതിയ ഐക്യ വ്യവസ്ഥയാണു്
ആഗോള ധനമൂലധന മേധാവിത്വത്തിലുള്ള പുതിയ ധന മൂലധന സാമ്രാജ്യത്വം. ഇതു് സാധ്യമായതു് സാര്‍വ്വദേശീയമായ വിവര വിനിമയ ശൃംഖലയുടെ രംഗപ്രവേശമാണു്. ശൃംഖലയില്‍ ബന്ധിപ്പിക്കപ്പെട്ടതോടെ പ്രദേശിക-ദേശീയ മൂലധനം അതിന്റെ കെട്ടുപാടുകളില്‍ നിന്നു് മോചിതമായി. എവിടെനിന്നും എവിടേയ്ക്കും മൂലധനം നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ ഒഴുകി തുടങ്ങി. അതേവരെ ഒറ്റപ്പെട്ടും പരസ്പരം മത്സരിച്ചും വളര്‍ന്ന ദേശീയ മൂലധനങ്ങളുടെ കൂടിച്ചേരലിലൂടെ ആഗോള ധന മൂലധനം രൂപപ്പെട്ടു. ചരക്കുകളുടെ ക്രയവിക്രയവും ആഗോള തലത്തിലായി. ആഗോള കമ്പോളം രൂപപ്പെട്ടു. തൊഴിലാളികളേയും അവരുടെ സമരങ്ങളേയും സംഘടിത ശേഷിയേയും നേരിടാന്‍ ഉല്പാദനം തന്നെ വിതരിതമാക്കപ്പെട്ടു. ഒറ്റപ്പെട്ടു് കിടക്കുന്ന വിതരിത ഘടനകളെ ശൃംഖലയില്‍ കോര്‍ത്തിണക്കി വന്‍ ഉല്പാദന കേന്ദ്രങ്ങളുടെ ശക്തിയും സാധ്യതകളും നേടി. തൊഴിലാളികള്‍ക്കു് തങ്ങളുടെ യഥാര്‍ത്ഥ തൊഴിലുടമകളെ തന്നെ നേരിട്ടു് കാണാന്‍ കഴിയാതാകുന്നു. കൂടുതല്‍ കൂടുതല്‍ സംഘടിത തൊഴിലാളി വിഭാഗങ്ങള്‍ അസംഘടിത വിഭാഗങ്ങളായി മാറുന്നു. ഇതിനു് സമാന്തരമായി, പുതിയ ശേഷികള്‍ കൈവരിച്ച സാമ്രാജ്യത്വത്തിന്റെ കുത്തിത്തിരിപ്പുകളുടെ ഫലമായി സോവിയറ്റു് യൂണിയന്‍ തകര്‍ന്നു. അവിടെയും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസം പിന്നോട്ടടിപ്പിക്കപ്പെട്ടു. രാഷ്ട്രീയമായി പോലും മൂന്‍തൂക്കം സ്വപ്നം കണ്ടു തുടങ്ങിയ സംഘടിത തൊഴിലാളി പ്രസ്ഥാനത്തേയും സംഘടനകളേയും അവയുടെ പരമ്പരാഗത പ്രവര്‍ത്തനങ്ങളുടെ സംഘാടന ശേഷിയും പ്രസക്തിയും പ്രഹര ശേഷിയും ചോര്‍ന്നു് നിരാശ ബാധിച്ചരിക്കുന്നു. വിപ്ലവ സ്വപ്നങ്ങള്‍ അവര്‍ക്കു് അന്യമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിലൂടെയെല്ലാം, ആഗോള ധന മൂലധനത്തിന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കപ്പെടുകയാണു്.
പഴയ സാമ്രാജ്യത്വ രാഷ്ട്രങ്ങളില്‍ നിന്നുള്ളതു് മാത്രമല്ല, അവയില്‍ നിന്നുള്ള ധനമൂലധനത്തോടൊപ്പം മറ്റു് മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിന്നെല്ലാം തയ്യാറായി വരുന്ന ധനമൂലധനവും കൂടി ചേര്‍ന്നു് ആഗോള ധനമൂലധന മേധാവിത്വമായി പരിണമിക്കുകയാണുണ്ടായതു്. അതില്‍ നിന്നു് മാറി നില്കുന്ന മൂലധന വിഭാഗങ്ങള്‍ ഒറ്റപ്പെട്ടു് പോകുകയും തകര്‍ന്നടിയുകയോ ആഗോള ധനമൂലധന മേധാവിത്വത്തിന്റെ ചുഴിയിലേയ്ക്കു് വലിച്ചടുപ്പിക്കപ്പെടുകയോ ചെയ്യപ്പെടുന്നു. വലിപ്പത്തിലും മൂലധനശേഷിയിലും മുമ്പന്തിയിലുള്ള ഏതാണ്ടു് ഇരുന്നോറോളം ധനമൂലധന കുത്തകകളാണു് ഇന്നു് ആഗോള ധന മൂലധന വ്യവസ്ഥ നിയന്ത്രിക്കുന്നതും നയിക്കുന്നതും. അവയ്ക്കാണു് ശൃംഖലയുടെ മേലും ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ മേലും നിര്‍ണ്ണായക സ്വാധീനമുള്ളതു്. മറ്റുള്ളവ മേധാവിത്വത്തിന്റെ അനുബന്ധമായി വര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. .
ഈ മാറ്റം മുതലാളിത്ത ഭരണകൂടങ്ങളെയാണു് ഏറെ മാറ്റിമറിച്ചിരിക്കുന്നതു്.
ദേശീയ മുതലാളിത്ത ഭരണകൂടങ്ങള്‍ ഇന്നു് ആഗോള ധന മൂലധന മേധാവിത്വത്തിന്റെ നിയന്ത്രണത്തിലാണു്. മൂലധനത്തിന്റെ ഒഴുക്കു് നിയന്ത്രിച്ചു് ദേശീയ ഭരണ കൂടങ്ങളെ വരുതിയിലാക്കാന്‍ ആഗോള ധന മൂലധന മേധാവികള്‍ക്കു് കഴിയുന്നു. സ്വന്തം താല്പര്യവും നിലനില്പും അപകടപ്പെടുത്തിക്കൊണ്ടു് അവരെ പിണക്കാന്‍ ഒരു മുതലാളിത്ത ഭരണകൂടവും തയ്യാറാകില്ല. ദേശീയ മുതലാളിത്ത ഭരണകൂടങ്ങള്‍ തികച്ചും ആഗോള ധനമൂലധന ഉപകരണങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. അവര്‍ക്കു് ദേശീയത ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണു്. അതേ സമയം, രാജ്യത്തെ ജനങ്ങളേയും തൊഴിലാളികളേയും സംബന്ധിച്ചിടത്തോളം സര്‍വ്വശക്തമായ ദേശീയ ഭരണകൂടം ഇന്നും അവരുടെ മേല്‍ പ്രഹര ശേഷി നിലനിര്‍ത്തുന്നുണ്ടെങ്കിലും ആഗോള ധനമൂലധന കുത്തകകളുടെ വെറും ചട്ടുകങ്ങളായി പരിണമിച്ചിരിക്കുന്ന കാര്യം പക്ഷെ, അറിയാതെ പോകുന്നു. ആഗോള ധനമൂലധന കോര്‍പ്പറേഷനുകളുടെ മേധാവികളായി വര്‍ത്തിക്കുന്നവരെ തന്നെ ദേശീയ ഭരണകൂടങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ കുടിയിരുത്തിയും തിരിച്ചും ആഗോള ധനമൂലധന കോര്‍പ്പറേഷനുകള്‍ ആഗോളമായി മുതലാളിത്ത ലോകത്തിന്റേയാകെ നിയന്ത്രണം കയ്യാളുകയാണു്.
മേല്പറഞ്ഞ മാറ്റങ്ങളിലൂടെ ഭരണകൂടങ്ങളെ മൂലധനം അപ്രസക്തമാക്കിയിരിക്കുന്നു. ഭരണകൂടത്തെ ലെനിന്‍ അദ്ദേഹത്തിന്റെ 'ഭരണകൂടവും വിപ്ലവവും' എന്ന ഗ്രന്ഥത്തില്‍' നിര്‍വ്വചിച്ചതു് മേധാവിത്വം നേടുന്ന വര്‍ഗത്തിനു് (നിലവില്‍ മുതലാളിത്തത്തിനു്) മത്സരിക്കുന്ന വര്‍ഗ്ഗങ്ങളെ അമര്‍ച്ച ചെയ്തു് മുതലാളിത്തത്തില്‍ നടക്കുന്ന വര്‍ഗ്ഗ സമരം സമൂഹത്തിന്റെ പൊതു നാശത്തിലെത്താതെ സമരസപ്പെടുത്തുന്നതിനുള്ള ഉപകരണമായാണു്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അതു് മര്‍ദ്ദനോപകരണമാണു്. ഇന്നതു് മര്‍ദ്ദനോപകരണം മാത്രമായിരിക്കുന്നു. എന്തെങ്കിലും മേന്മകള്‍, ജനാധിപത്യമോ നിയമ വാഴ്ചയോ മറ്റെന്തെങ്കിലുമോ, അതിന്മേല്‍ മുന്‍കാലത്തു് കണ്ടിരുന്നെങ്കില്‍ അതൊന്നും ഇന്നു് കാണാനാവില്ല. മൂലധനത്തിനു് അതിന്റെ ആവശ്യം ഉല്പാദനമോ വിതരണമോ സംഘടിപ്പിക്കാനല്ല. ബങ്കിങ്ങു് നടത്താനോ നോട്ടടിക്കാനോ അല്ല. അവയെല്ലാം ശൃംഖല ഏറ്റെടുത്തിരിക്കുന്നു. അതിന്റെ നിയമങ്ങളാകട്ടെ ('കോഡുകള്‍' - സോഫ്റ്റ്‌വെയര്‍) സര്‍ക്കാരോ നിയമസഭകളോ അല്ല ഉണ്ടാക്കുന്നതു്. കൂലി അടിമകളായ സാങ്കേതിക വിദഗ്ദ്ധരാണു്. നടപ്പാക്കുന്നതു് പോലീസോ കോടതികളോ അല്ല. ശൃംഖലാ വിഭവങ്ങളാണു്. സമൂഹത്തിന്റെ നടത്തിപ്പിനു് ഭരണ കൂടം ഇനിയങ്ങോട്ടു് ഒരു അനാവശ്യവും ഒഴിവാക്കപ്പെടാവുന്നതുമായ അനുബന്ധം മാത്രമായിരിക്കുന്നു. മര്‍ദ്ദിത വര്‍ഗങ്ങല്‍ക്കു് മേല്‍ അവരുടെ ചെറുത്തുനില്പുകളെ നേരിട്ടു് തങ്ങളുടെ അധികാരം നിലനിര്‍ത്താനുള്ള മര്‍ദ്ദനോപാധി മാത്രമാണിന്നവ. അതായതു്, വര്‍ഗ്ഗരഹിതമാകുമ്പോള്‍ ഭരണകൂടം കൊഴിഞ്ഞുപോകേണ്ടതാണെന്ന മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടു് മുതലാളിത്തം തന്നെ ശരിയെന്നു് തെളിയിച്ചിരിക്കുന്നു. അതിനുള്ള ഉപാധി, സാര്‍വ്വദേശീയ ശൃംഖലയും ശൃംഖലാ വിഭവങ്ങളും പണത്തിനു് പകരം സംവിധാനങ്ങളും പണമില്ലാതെ തന്നെ കമ്പോളാവശ്യങ്ങള്‍ നിറവേറ്റാനുള്ള ഭൌതിക സാഹചര്യങ്ങളും മുതലാളിത്തം തന്നെ സൃഷ്ടിച്ചിരിക്കുന്നു. വിപ്ലവം വളരെയേറെ മുന്നേറിയിരിക്കുന്നു. മുതലാളിത്തം വിട്ടുപോയ കാര്യങ്ങള്‍ ചെയ്യുകയല്ല, അങ്ങിനെ ചെയ്തു് വിപ്ലവത്തിന്റെ മുന്നൊരുക്കം നടത്തുകയല്ല, മറിച്ചു് മുതലാളിത്തം ഉരുത്തിരിച്ചെടുത്ത ഉപാധികളും സാധ്യതകളും ഉപയോഗപ്പെടുത്തി വിപ്ലവത്തെ മുന്നോട്ടു് നയിക്കുകയാണു് ഇന്നത്തെ ഘട്ടത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തില്‍ അര്‍പ്പിതമായ കടമ.
തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഭരണകൂടത്തിന്റെ ആവശ്യം വിപ്ലവാനന്തരം മുതലാളിത്ത ശക്തികള്‍ക്കു് മേല്‍ സമൂഹത്തിന്റെ താല്പര്യത്തില്‍ നിയന്ത്രണം സാധിക്കുക എന്നതു് മാത്രമാണു്. അതാകട്ടെ, പോലീസിനും പട്ടാളത്തിനും മേലുള്ള നിയന്ത്രണമടക്കം ഏറ്റെടുക്കുന്നതിനും മുന്‍കാലത്തെന്നപോലെ വലിയ തോതിലുള്ള മര്‍ദ്ദനത്തിന്റേയോ രക്തച്ചൊരിച്ചിലിന്റേയോ ആവശ്യമില്ലാതെ തന്നെ നടത്താന്‍ കഴിയും വിധം അത്രമേല്‍ സമഗ്രവും ഉല്‍ഗ്രഥിതവുമായ ഭരണ നിര്‍വ്വഹണ വ്യവസ്ഥ മുതലാളിത്തം തന്നെ സൃഷ്ടിച്ചിട്ടുണ്ടു്.
അതിന്റെ കേന്ദ്രീകൃത ഘടനയ്ക്കു് പകരം വിതരിത ഘടന ഏര്‍പ്പെടുത്തിയാല്‍ മതി. അതിനാകട്ടെ, സാങ്കേതിക സ്വാംശീകരണം സാധിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍-സ്വതന്ത്ര വിജ്ഞാന വിഭവങ്ങള്‍ തയ്യാറായിക്കഴിഞ്ഞിട്ടുമുണ്ടു്. മാത്രമല്ല, എണ്ണത്തില്‍ നിസ്സാരമായ മുതലാളിമാരേയും അവരുടെ വൈതാളികരേയും നിലയ്ക്കു് നിര്‍ത്താന്‍ സ്വയം പ്രാദേശീക ഭരണകൂടമായി സംഘടിതരാകുന്ന തൊഴിലാളി-കര്‍ഷക-സ്വയംതൊഴില്‍ സംരംഭക കൂട്ടു് കെട്ടിനു് നേരിട്ടു് തന്നെ കഴിയുകയും ചെയ്യു.
ഇതു് തിരിച്ചറിയുന്നതിനും ഈ കാലഘട്ടത്തിനാവശ്യമായ വിപ്ലവ പാത വെട്ടിത്തുറക്കുന്നതിനും വിപ്ലവ കടമകള്‍ ഏറ്റെടുക്കുന്നതിനും സ്വയം തയ്യാറാകുകയാണു് തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി. അടിയന്തിരമായി സമൂഹത്തിന്റെ നടത്തിപ്പു് ഏറ്റെടുക്കുന്നതിനുള്ള കഴിവു് നേടി സ്വയം മാറിത്തീരുകയും ഇതര മര്‍ദ്ദിത വര്‍ഗ്ഗങ്ങളുടെയെല്ലാം സ്വാഭാവിക നേതൃത്വം തങ്ങളാണെന്നു് അവയെ ബോധ്യപ്പെടുത്തുകയും അവരെ വിപ്ലവത്തിനു് പ്രേരിപ്പിക്കുകയുമാണു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിനു് തൊഴിലാളി വര്‍ഗ്ഗം നടത്തേണ്ട മുന്നൊരുക്കം.
വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണു്. മൂലധനവും അദ്ധ്വാന ശേഷിയും തമ്മിലുള്ള, ലാഭവും കൂലിയും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ചുകൊണ്ടേയിരിക്കുകയാണു്. ആഗോള ധനമൂലധന മേധാവിത്വം ഒഴിവാക്കുക എന്ന വിപ്ലവകടമ അടിയന്തിരമായിരിക്കുകയും ചെയ്തിരിക്കുന്നു. ഇതിലുണ്ടാകുന്ന കാലതാമസം സമൂഹത്തെ കാടത്തത്തിലേയ്ക്കു് നയിക്കാന്‍ വെമ്പുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്കു് മേല്ക്കൈ കിട്ടുന്നതിനിടയാക്കും.
ധന മൂലധന മേധാവിത്വം ഒഴിവാക്കുന്നതിനും അതിനെ അപ്രസക്തമാക്കുന്നതിനും ധനമൂലധനാധിപത്യത്തിലുള്ള കമ്പോളത്തിനു് ബദല്‍ മാതൃകകള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി തൊഴിലാളി വര്‍ഗ്ഗത്തിന്റെ സൃഷ്ടിപരമായ ഇടപെടലുകള്‍ അടിയന്തിര അനിവാര്യതയായിരിക്കുന്നു. വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമല്ല, മൂര്‍ത്തമായ മാതൃകകളാണു് ആവശ്യം. അവ ഭാവി സമൂഹത്തിന്റെ മൂര്‍ത്ത മാതൃകകള്‍ സൃഷ്ടിക്കുന്നവയാകണം. തൊഴിലാളിവര്‍ഗ്ഗത്തിനും സഖ്യശക്തികള്‍ക്കും അവ സ്വീകാര്യമാകണം. സഖ്യശക്തികളെ ആകര്‍ഷിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യാനുതകുന്നവയാകണം, അവരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അനുവദിക്കപ്പെടുന്നവയും എല്ലാ ആശങ്കകളും ദൂരീകരിക്കപ്പെടാനുതകുന്നവയും ആകണം. നിലവില്‍ മുതലാളിത്ത വ്യവസ്ഥിതി നേരിടുന്ന പ്രതിസന്ധികള്‍ മൂര്‍ച്ഛിപ്പിക്കുന്നവയാകണം, അവയുടെ പരിഹാരമല്ല, മറിച്ചു് നിലവിലുള്ള വ്യവസ്ഥയുടെ തകര്‍ച്ചയാകണം ഫലം. നിലവിലുള്ള വ്യവസ്ഥയുടെ തകര്‍ച്ച ആഗോള ധന മൂലധനാധിപത്യത്തിന്റേയും അവയുടെ ചട്ടുകങ്ങളായ ദേശീയ ഭരണ കൂടങ്ങളുടെ തകര്‍ച്ചയും ഉറപ്പാക്കും. അപ്പോള്‍ തൊഴിലാളി വര്‍ഗ്ഗം അതിന്റെ ക്രിയാത്മ ഇടപെടലുകളിലൂടെ സൃഷ്ടിക്കപ്പെട്ട മാതൃകകള്‍ സമൂഹത്തിനു് മുമ്പിലുള്ള സ്വാഭാവികവും സ്വീകാര്യവുമായ ബദലുകളാകണം.
തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തിലുള്ള പ്രാദേശിക സ്വയംഭരണ സമൂഹങ്ങളും അവയുടെ പ്രാദേശിക-ദേശീയ-സാര്‍വ്വദേശീയ ശൃംഖലയും ശൃംഖലയിലൂടെ സംഘടിപ്പിക്കപ്പെടുന്ന ജീവിതോപാധികളുടെ ഉല്പാദന-വിതരണ-വിനിമയ പ്രക്രിയകളും അവയുടെ പങ്കാളിത്ത നിര്‍വ്വഹണവും വിഭവങ്ങളുടെ സാമൂഹ്യ ഉടമസ്ഥതയും അവയുടെ സുതാര്യമായ സ്വകാര്യ ഉപയോഗാവകാശവും അടങ്ങിയതാകണമതു്. അത്തരത്തില്‍ ധന മൂലധനാധിപത്യത്തെ നമ്മുടെ കമ്പോളത്തില്‍ നിന്നു് പുറത്തു് കടത്തുക. അതിന്റെ നീരാളി പിടുത്തത്തില്‍ നിന്നു് ഇതിലണിനിരക്കുന്നവരെ രക്ഷിക്കുക. അവരുടെ ഐക്യം ഊട്ടി ഉറപ്പിക്കുക. ധനമൂലധന കമ്പോളത്തിന്റെ തകര്‍ച്ചയ്ക്കു് വഴിയൊരുക്കുക. നിലവില്‍ വ്യാപാര മാന്ദ്യം നേരിടുന്ന ധന മൂലധനാധിപത്യത്തിലുള്ള കമ്പോളത്തിലുണ്ടാകുന്ന ആപേക്ഷികമായ ഇടിവു് പോലും അതിന്റെ തകര്‍ച്ചയ്ക്കു് തുടക്കമിടുന്നതാണു്.