Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, September 4, 2011

പലരും തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങള്‍ - പി. രാജീവ് എം പി അഴിമതി വിരുദ്ധ സമരത്തേക്കുറിച്ചു്

(Courtesy : Deshabhimani/30-08-2011)

അഴിമതിയുടെ അടിവേരുകള്‍ എവിടെയാണ്? സമീപകാലത്ത് ഭീതിജനകമാംവിധം അഴിമതി ശക്തിപ്പെട്ടത് എന്തുകൊണ്ടാണ്? ഹസാരെയും സംഘവും ഈ ചോദ്യം ഉയര്‍ത്തുന്നില്ലെങ്കിലും പാര്‍ലമെണ്ടില്‍ നടന്ന ചര്‍ച്ചയില്‍ ഇത്തരം അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ സജീവമായി ഉയരുകയുണ്ടായി. രാജ്യസഭയില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ച ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി തന്റേത് കുറ്റസമ്മതത്തിന്റെ ഭാഷകൂടിയാണെന്നു പരാമര്‍ശിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണനയങ്ങളെ സംബന്ധിച്ച് തനിയ്ക്ക് നേരത്തെയുണ്ടായിരുന്ന ധാരണകള്‍ പലതും തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നയങ്ങള്‍ക്കായി കൊണ്ടുവന്ന പല നിയമങ്ങളെയും ഇടതുപക്ഷം മാത്രമാണ് എതിര്‍ത്തിരുന്നതെന്നും അതില്‍ പലതും ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുന്നെന്നും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ പലരും ഇതേ അഭിപ്രായം പങ്കുവെയ്ക്കുകയുണ്ടായി. രാജ്യത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെണ്ട് തിരിച്ചറിവിലൂടെ കടന്നുപോകുന്നെന്നു തോന്നിപ്പിക്കുന്നതാണ് ഈ ചര്‍ച്ചകളെന്ന് സീതാറം യെച്ചൂരി അഭിപ്രായപ്പെട്ടു. കടുത്ത വലതുപക്ഷ നിലപാടുകളുടെ വക്താക്കാളായ പലരും ഇടതുപക്ഷമാണ് ശരിയെന്നു പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഉദാരവല്‍ക്കരണ നയങ്ങള്‍ രണ്ടു പതിറ്റാണ്ട് പിന്നിട്ടതിന്റെ അനുഭവങ്ങള്‍ മൂര്‍ത്തമായി വിശകലനം ചെയ്യേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്ന് ഈ കോളത്തില്‍ നേരത്തെ എഴുതിയിരുന്നു.

അഴിമതിയുടെ പുതിയ പുതിയ സാധ്യതകള്‍ തുറന്നിട്ടുവെന്നതാണ് ഈ നയത്തിന്റെ പ്രധാന സംഭാവന. സര്‍ക്കാരിന്റെ ലൈസന്‍സ് രാജ് അഴിമതിയുടെ പ്രധാന കേന്ദ്രമാണെന്നും ആ കാലം അവസാനിച്ചുവെന്നുമാണ് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 1991ല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ , ഇപ്പോള്‍ അത്തരം കാലത്തെയെല്ലാം വല്ലാതെ പുറകിലാക്കുന്ന രൂപത്തില്‍ അഴിമതി എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. കല്‍ക്കരിയും പ്രകൃതി വാതകവും എണ്ണയും ഭൂമിയുടെ അടിത്തട്ടില്‍നിന്നും കുഴിച്ചെടുക്കുന്നതാണ്. ഭൂമിയുടെ അടിയിലേക്ക് പോകുംതോറും അഴിമതിയുടെ അളവ് വര്‍ധിക്കുന്നു. സ്പെക്ട്രം ആകാശത്തിന്റെ പരപ്പുകളിലാണ്. അതാണ് അമ്പരപ്പിക്കുന്ന അഴിമതിയുടെ ഭൂമികയായി മാറിയത്. ഈ നയങ്ങളുടെ ഗുണഭോക്താക്കളായ വന്‍കിട കോര്‍പറേറ്റുകളുടെ ആസ്തി ഞെട്ടിപ്പിക്കുംവിധമാണ് രണ്ടു പതിറ്റാണ്ടുകൊണ്ട് വര്‍ധിച്ചത്. ഹസാരെ സമരത്തിന്റെ രസകരമായ ഒരുവശം കോര്‍പറേറ്റുകള്‍ പലരും അദ്ദേഹത്തെ ശക്തമായി പിന്തുണച്ചുവെന്നതാണ്.

ആരോഗ്യരംഗത്ത് ഇന്നു രാജ്യത്തെ പ്രധാന കുത്തകയായ മേദാന്തയാണ് ഹസാരെയുടെ ആരോഗ്യസംരഷണം ഏറ്റെടുത്തിരിക്കുന്നത്. നോയിഡയിലെ അവരുടെ മെഡിസിറ്റി ഈ രംഗത്തെ കോര്‍പറേറ്റ്‌വല്‍ക്കരണത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. ഹസാരെക്ക് പിന്തുണയര്‍പ്പിക്കുന്ന ചില കോര്‍പറേറ്റ് എംപിമാരുണ്ടു്. സംസ്ഥാന നിയമസഭകളിലെ എംഎല്‍എമാരെ വിലക്കു് വാങ്ങി രാജ്യസഭയിലേക്ക് സ്വതന്ത്ര പരിവേഷത്തോടെ കടന്നുവന്നവര്‍ അഴിമതിക്കെതിരെ നടത്തുന്ന പ്രസംഗം ആരുടേയോ ചാരിത്ര്യ പ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന ഞെട്ടിപ്പിക്കുന്ന നികുതി ഇളവുകളെ സംബന്ധിച്ച് ഇവരാരും ഒന്നും പറയുന്നില്ല. വിദേശമൂലധനത്തിന്റെ മുഖംമൂടി ധരിച്ച് ഇന്ത്യന്‍ മൂലധനം കടന്നുവരുന്നതിന് അവസരം ഒരുക്കിയത് ആരാണ്? ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ മൂലധനം വരുന്ന രാജ്യത്തിന്റെ പേര് മൗറീഷ്യസെന്നാണ്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മൗറീഷ്യസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന ഇരട്ട നികുതി ഒഴിവാക്കുന്ന കരാറാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.

അവിടെ മൂലധനത്തിനും ലാഭത്തിനും നികുതി ഇല്ലാത്തതുകൊണ്ട് ഇന്ത്യന്‍ കമ്പനികള്‍ അവിടെ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ഇന്ത്യന്‍ മൂലധനം വിദേശ മൂലധനമെന്ന മട്ടില്‍ രാജ്യത്തേക്ക് ഒഴുക്കുകയും ചെയ്യുന്നു. ഇരട്ട നികുതി ഒഴിവാക്കുന്നുവെന്ന അടിസ്ഥാന പ്രശ്നത്തെ തൊടാതെ എങ്ങനെയാണ് നികുതി വെട്ടിപ്പുകളെയും അഴിമതിയെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത്? അഴിമതിക്കെതിരെ വലിയ ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുന്ന മാധ്യമമാണ് ടൈംസ് ഓഫ് ഇന്ത്യ. ഇവരാണ് മാധ്യമ രംഗത്തെ പുതിയ നയങ്ങള്‍ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ചത്. ഇരുനൂറിലധികം വരുന്ന കമ്പനികളുമായി ടൈംസ് ഓഫ് ഇന്ത്യ സ്വകാര്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നു. ഈ കമ്പനികളിലെല്ലാം ഈ പത്രത്തിന് വലിയ ഓഹരികളുണ്ട്. ഇവര്‍ക്കെതിരായ ഒരു വാര്‍ത്തയും ടൈംസില്‍ പ്രതീക്ഷിക്കേണ്ട. ഇപ്പോള്‍ മാധ്യമങ്ങള്‍ ആ ഘട്ടവും കടന്ന് പെയ്ഡ് ന്യൂസില്‍ എത്തിയിരിക്കുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉദാരവല്‍ക്കരണ കാലത്തെ ചങ്ങാതിക്കൂട്ടത്തില്‍ ഇടം തേടിപിടിച്ചവരാണ്. വിവാദമായ റാഡിയ ടേപ്പുകള്‍ ഇതിന്റെ നാണിപ്പിക്കുന്ന രംഗങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

പുതിയ നയത്തിന്റെ ഭാഗമായി അഴിമതി കലയാക്കി വളര്‍ത്തിയെടുത്തവര്‍ ബ്യൂറോക്രസിയാണ്. സര്‍ക്കാരിന്റെ പല നയങ്ങളും ആവിഷ്കരിക്കുന്നത് അവരാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുകയെന്ന നയം നടപ്പിലാക്കിയതിന്റെ ഭാഗമായി രാജ്യത്തിന്റെ ഖജനാവിനു ലഭിക്കേണ്ട എത്രലക്ഷം കോടികളാണ് നഷ്ടപ്പെടുത്തിയത്. അതിന്റെ പങ്കുവെയ്ക്കലുകളില്‍ ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും പ്രധാനവീതം കൈയടക്കുന്നു. ഇക്കാലത്തെ അഴിമതിയുടെ മറ്റൊരു പ്രധാന ഉപകരണം സര്‍ക്കാര്‍ ഇതര സംഘടനകളാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധനസഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം ഒരു തരത്തിലുള്ള സൂക്ഷ്മ പരിശോധനക്കും വിധേയമാക്കുന്നില്ല. ഇവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നതിനെ സംബന്ധിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ ടീം അണ്ണ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. അതുപോലെതന്നെ ആഴത്തിലുള്ള അധ:പതനത്തിനു വിധേയമായ രംഗമാണ് നീതിന്യായ വ്യവസ്ഥ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജിയെ ഇംപീച്ച്മെന്റ് ചെയ്യുന്ന പ്രമേയം രാജ്യസഭ പാസാക്കിയെങ്കിലും ഏറെ ദുഷ്കരമാണ് ഈ സംവിധാനം.

അതുകൊണ്ടുതന്നെ ജഡ്ജിമാരെ വിലയിരുത്തുന്നതിനായി പ്രത്യേക സംവിധാനമുണ്ടാക്കണമെന്ന് തുടക്കം മുതല്‍ ഇടതുപക്ഷം ആവശ്യപ്പെടുന്നു. അറപ്പുളവാക്കുംവിധം അഴിമതി വ്യാപകമായി എന്നതാണ് ഹസാരെയുടെ സമരത്തിനു പ്രധാന്യം ലഭിക്കാന്‍ ഇടയായ പ്രധാന കാരണം. ആ സാഹചര്യം തിരിച്ചറിഞ്ഞ് മൂര്‍ത്തമായ സമരരൂപം ആവിഷ്കരിക്കാന്‍ ഹസാരെക്കു കഴിഞ്ഞുവെന്നതും കാണാതിരുന്നുകൂട. ശക്തമായ ലോക്പാല്‍ എന്ന വികാരം ശക്തമാക്കുന്നതിലും അതിന് അനുകൂലമായ ജനാഭിപ്രായം ശക്തിപ്പെടുത്തുന്നതിലും ഹസാരെയുടെ നിരാഹാരസമരം പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. എല്ലാത്തിനെയും അരാഷ്ട്രീയവല്‍ക്കരിക്കുകയും വ്യക്തികേന്ദ്രീകൃതമാക്കുകയും ചെയ്യുകയെന്ന ഉദാരവല്‍ക്കരണ രീതി ഇവിടെയും സമര്‍ഥമായി പ്രയോഗിക്കുന്നത് കാണാന്‍ കഴിയും. പ്രസ്ഥാനങ്ങള്‍ തെറ്റെന്നും വ്യക്തി മാത്രമാണ് ശരിയെന്നും സ്ഥാപിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ പ്രചാരവേലകളുടെ ഭാഗമായി മാറിയ ചിലര്‍പോലും ഇപ്പോള്‍ അപകടത്തിന്റെ ആഴം തിരിച്ചറിയുന്നുണ്ട്. അഴിമതി വ്യാപകമാക്കുന്ന നയങ്ങളെ വിമര്‍ശിക്കുമ്പോള്‍ വളര്‍ച്ചയുടെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രം അവതരിപ്പിക്കാനാണ് പലരും ശ്രമിക്കുന്നതു്.

ഇന്ത്യയില്‍ കക്കൂസുള്ള വീടുകളുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങ് അധികമാണ് മൊബൈല്‍ വരിക്കാരുടെ എണ്ണം എന്നതിനെ ഏതു വളര്‍ച്ചയായാണ് ഇവര്‍ കാണുന്നത്. രാജ്യസഭയില്‍ പ്രസംഗിച്ച പ്രൊഫസര്‍ കുര്യന്‍ അഴിമതി തടയുന്നതിനുള്ള ഒറ്റമൂലി കണ്ടെത്തുകയുണ്ടായി. ഭഗവദ്ഗീത വായിച്ചാല്‍ അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് കുര്യന്റെ കണ്ടുപിടിത്തം. രണ്ടു പതിറ്റാണ്ടിന്റെ ഉദാരവല്‍ക്കരണ നയങ്ങളുടെ അനുഭവം വിലയിരുത്തുന്നതിനും തിരുത്തല്‍ പ്രക്രിയക്ക് തുടക്കം കുറിക്കുന്നതിലേക്കും തിരിച്ചറിവുകള്‍ നയിക്കുന്നില്ലെന്നതാണ് ചര്‍ച്ചയുടെ അനുഭവവും പഠിപ്പിക്കുന്നതു്. എന്നാല്‍ , വൈവിധ്യം നിറഞ്ഞ അഭിപ്രായങ്ങള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ ശക്തമായ ലോക്പാല്‍ നിയമം പാസാക്കുന്നതിന് പുതിയ സാഹചര്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

2 comments:

Vivara Vicharam said...
This comment has been removed by the author.
Vivara Vicharam said...

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ മൂലധനം വരുന്ന രാജ്യത്തിന്റെ പേര് മൗറീഷ്യസെന്നാണ്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മൗറീഷ്യസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന ഇരട്ട നികുതി ഒഴിവാക്കുന്ന കരാറാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. അവിടെ മൂലധനത്തിനും ലാഭത്തിനും നികുതി ഇല്ലാത്തതുകൊണ്ട് ഇന്ത്യന്‍ കമ്പനികള്‍ അവിടെ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ഇന്ത്യന്‍ മൂലധനം വിദേശ മൂലധനമെന്ന മട്ടില്‍ രാജ്യത്തേക്ക് ഒഴുക്കുകയും ചെയ്യുന്നു. ഇരട്ട നികുതി ഒഴിവാക്കുന്നുവെന്ന അടിസ്ഥാന പ്രശ്നത്തെ തൊടാതെ എങ്ങനെയാണ് നികുതി വെട്ടിപ്പുകളെയും അഴിമതിയെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത്? അഴിമതിക്കെതിരെ വലിയ ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുന്ന മാധ്യമമാണ് ടൈംസ് ഓഫ് ഇന്ത്യ. ഇവരാണ് മാധ്യമ രംഗത്തെ പുതിയ നയങ്ങള്‍ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ചത്. ഇരുനൂറിലധികം വരുന്ന കമ്പനികളുമായി ടൈംസ് ഓഫ് ഇന്ത്യ സ്വകാര്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നു. ഈ കമ്പനികളിലെല്ലാം ഈ പത്രത്തിന് വലിയ ഓഹരികളുണ്ട്. ഇവര്‍ക്കെതിരായ ഒരു വാര്‍ത്തയും ടൈംസില്‍ പ്രതീക്ഷിക്കേണ്ട. ഇപ്പോള്‍ മാധ്യമങ്ങള്‍ ആ ഘട്ടവും കടന്ന് പെയ്ഡ് ന്യൂസില്‍ എത്തിയിരിക്കുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉദാരവല്‍ക്കരണ കാലത്തെ ചങ്ങാതിക്കൂട്ടത്തില്‍ ഇടം തേടിപിടിച്ചവരാണ്. വിവാദമായ റാഡിയ ടേപ്പുകള്‍ ഇതിന്റെ നാണിപ്പിക്കുന്ന രംഗങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

പുതിയ നയത്തിന്റെ ഭാഗമായി അഴിമതി കലയാക്കി വളര്‍ത്തിയെടുത്തവര്‍ ബ്യൂറോക്രസിയാണ്. സര്‍ക്കാരിന്റെ പല നയങ്ങളും ആവിഷ്കരിക്കുന്നത് അവരാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുകയെന്ന നയം നടപ്പിലാക്കിയതിന്റെ ഭാഗമായി രാജ്യത്തിന്റെ ഖജനാവിനു ലഭിക്കേണ്ട എത്രലക്ഷം കോടികളാണ് നഷ്ടപ്പെടുത്തിയത്. അതിന്റെ പങ്കുവെയ്ക്കലുകളില്‍ ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും പ്രധാനവീതം കൈയടക്കുന്നു. ഇക്കാലത്തെ അഴിമതിയുടെ മറ്റൊരു പ്രധാന ഉപകരണം സര്‍ക്കാര്‍ ഇതര സംഘടനകളാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധനസഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം ഒരു തരത്തിലുള്ള സൂക്ഷ്മ പരിശോധനക്കും വിധേയമാക്കുന്നില്ല. ഇവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നതിനെ സംബന്ധിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ ടീം അണ്ണ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. അതുപോലെതന്നെ ആഴത്തിലുള്ള അധ:പതനത്തിനു വിധേയമായ രംഗമാണ് നീതിന്യായ വ്യവസ്ഥ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജിയെ ഇംപീച്ച്മെന്റ് ചെയ്യുന്ന പ്രമേയം രാജ്യസഭ പാസാക്കിയെങ്കിലും ഏറെ ദുഷ്കരമാണ് ഈ സംവിധാനം.

Blog Archive