Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, September 7, 2011

അണ്ണാ ഹസാരെ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തിനു് ഇടതു് പക്ഷം നല്‍കുന്ന പിന്തുണ


ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ സമരത്തോടു് ഇടതു് പക്ഷം ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുകയും അതിനെ ജനാധിപത്യ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ ചെറുത്തു് നില്പു് സംഘടിപ്പിക്കുകയുമുണ്ടായി. അണ്ണാ ഹസാരെ നയിക്കുന്ന സമരത്തിന്റേയും അതു് മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടുകളുടേയും പരിമിതികള്‍ ചൂണ്ടിക്കാണിച്ചു് കൊണ്ടു് തന്നെയാണു് ആ സമരത്തെ ഇടതു് പക്ഷം പിന്തുണക്കുന്നതു്. ചൂഷണോപാധിയായും മൂലധനം സമാഹരിക്കാനുള്ള മാര്‍ഗ്ഗമായും വന്‍തോതില്‍ അഴിമതിയും പൊതു മുതല്‍ കൊള്ളയും നടത്തുന്നതും അതിലൂടെ ജന ജീവിതം ദുരിതമയമാക്കുന്ന പട്ടിണിയും പണപ്പെരുപ്പവും വിലക്കയറ്റവും വിഭവ ദാരിദ്ര്യവും സൃഷ്ടിക്കുന്നതും മൂലധനാധിപത്യമാണു് എന്നും അതാണു് ഇന്നു് അഴിമതിയുടെ മുഖ്യമായ ഉറവിടം എന്നും ഇടതു് പക്ഷം ചൂണ്ടിക്കാട്ടുന്നു. അവയടക്കം അഴിമതിയുടെ എല്ലാ രൂപങ്ങള്‍ക്കുമെതിരായ സമരമായി ലോക്പാല്‍ സമരത്തെ മുന്നോട്ടു് നയിക്കാനാണു് ഇടതു് പക്ഷം ശ്രമിക്കുന്നതു്. അതേ സമയം ഇടതു് പക്ഷ നിലപാടുകളുടെ പേരില്‍ അണ്ണാഹസാരെ നയിക്കുന്ന സമരം ഭരണ വര്‍ഗ്ഗത്തേയും സാമ്രാജ്യത്വത്തേയും സഹായിക്കുന്നതാണെന്നും കുത്തക മുതലാളിത്തവും മാധ്യമങ്ങളുമാണു് അവയ്ക്കു് പിന്നിലെന്നും അരാഷ്ട്രീയ വാദം ശക്തിപ്പെടുകയാണു് അതിലൂടെ നടക്കുന്നതെന്നും മറ്റുമുള്ള വിമര്‍ശനങ്ങളിലൂടെ ആ സമരത്തില്‍ നിന്നു് മാറി നില്കുക എന്ന നിലപാടും ഗണ്യമായ ഒരു വിഭാഗം ഇടതു് പക്ഷ ബുദ്ധി ജീവികള്‍ എടുത്തു് കാണുന്നു. ഇവിടെ പ്രശ്നം, വിശകലനവും വിമര്‍ശനവും ചൂണ്ടുന്ന ദിശയാണു്, അതിന്റെ ലക്ഷ്യമാണു്.

സമരം എതിര്‍ക്കപ്പെടേണ്ടതാണെന്ന നിലപാടിലേക്കെത്തിക്കുന്ന വാദങ്ങള്‍ പരിശോധിക്കാം.

* അണ്ണാ ഹസാരെ സമരത്തിനു് പിന്നില്‍ യുപിഎ സര്‍ക്കാരാണുള്ളതു്, ജനങ്ങള്‍ക്കു് സര്‍ക്കാരിനോടുള്ള രോഷം വഴിമാറ്റി വിടുകയാണു്, പ്രഷര്‍ കുക്കറിന്റെ സേഫ്റ്റിവാല്‍വു് പൊട്ടിത്തെറി ഒഴിവാക്കുന്നതു് പോലെ സര്‍ക്കാരിനെതിരായ ജനരോഷത്തിന്റെ മര്‍ദ്ദം കുറച്ചു് സര്‍ക്കാരിന്റെ പതനവും ബദല്‍ സംവിധാനം വരുന്നതും ഒഴിവാക്കി ആ സര്‍ക്കാരിനെ സഹായിക്കുന്നതാണു് ഈ സമരം.
* അണ്ണാ ഹസാരെ സമരത്തിനു് പിന്നില്‍ ബിജെപിയാണു്, സംസ്ഥാനങ്ങളില്‍ അഴിമതിയില്‍ മുങ്ങിയ ബിജെപി സര്‍ക്കാരുകള്‍ മൂലം വികൃതമായ ബിജെപിയുടെ മൂഖം രക്ഷിച്ചു് ബിജെപിയെ വളര്‍ത്താനാണു് അതുപകരിക്കുക.
* അണ്ണാ ഹസാരെ സമരത്തിനു് പിന്നില്‍ എന്‍ജിഓ കളും അവര്‍ക്കു് പിന്നില്‍ സാമ്രാജ്യത്വവുമാണു്
* മാധ്യമങ്ങളാണു് ഈ സമരം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതു്
* ഒരു വിഭാഗം കുത്തകകളാണു് സമരം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതു്
* അരാഷ്ട്രീയത പ്രചരിപ്പിക്കുന്നു, ഉറപ്പിക്കുന്നു
* ജനാധിപത്യ സ്ഥാപനങ്ങളെ അവമതിക്കുന്നു
* ജനങ്ങള്‍ക്കു് നിലവിലുള്ള വ്യവസ്ഥിതിയിലുള്ള വ്യാമോഹം നിലനിര്‍ത്തുന്നു, ഉറപ്പിക്കുന്നു


മേല്പറഞ്ഞ വിമര്‍ശനങ്ങള്‍ ചൂണ്ടുന്ന ദിശയെന്താണു് ? സമരമേ ശരിയല്ല, ശരിയായ ലക്ഷ്യമല്ല സമരക്കാര്‍ക്കുള്ളതു്, സമരം തന്നെ അഴിമതിക്കെതിരല്ല, മറിച്ചു് മറ്റെന്തോ ലക്ഷ്യമാണുള്ളതു്, സമരം ഒരു കാപട്യമാണു് എന്നൊക്കെയാണു് ഈ വാദഗതി സൂചിപ്പിക്കുന്നതു്. അതിനാല്‍, ജനങ്ങളും ഇടതു് പക്ഷവും ഈ സമരത്തിനെതിരെ നിലകൊള്ളുന്നതിലേക്കും സമരത്തിനു് ജന പിന്തുണ നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. എതിര്‍പ്പിലേക്കു് നീങ്ങുമ്പോള്‍ ഭരണ പക്ഷത്തോടൊപ്പം നിന്നു് സമരത്തെ എതിര്‍ക്കുന്നതിലേക്കും ഭരണ പക്ഷത്തെ സഹായിക്കുന്നതിലേക്കും നയിക്കുന്നു. സമരം ക്ഷീണിക്കുന്നു. അഴിമതി വിരുദ്ധ നിലപാടു് ക്ഷീണിക്കുന്നു. ഇപ്പോള്‍ തന്നെ, എല്ലാവരും അഴിമതിക്കാരാണെന്ന ഒരു പൊതു ബോധം ഒട്ടേറെ ആളുകളില്‍ അഴിമതിക്കാരായ മൂതലാളിത്ത ഭരണക്കാര്‍ സൃഷ്ടിച്ചിട്ടുണ്ടു്. മുതലാളിത്തം അഴിമതിയും പൊതു മുതല്‍ ധൂര്‍ത്തും നിര്‍ബാധം തുടരുന്നു. ജനസമ്പത്തു് ശോഷിക്കുന്നു. ജനങ്ങള്‍ വര്‍ദ്ധിച്ച ദുരിതം പേറുന്നു.

അതിനു് പകരം ഇടതു് പക്ഷത്തിന്റെ നിലപാടു്, പ്രായോഗികമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നതു് പോലെ, ഈ സമരത്തെ സഹായിക്കുക, പരിമിതികള്‍ ചൂണ്ടിക്കാട്ടി തിരുത്തുക, സമഗ്രമായ നിലപാടു് രൂപപ്പെടുത്തുക, സമരം മുന്നോട്ടു് നയിക്കുക, ശരിയായ നിലപാടുകളിലേക്കു് എത്തിക്കുക, ഭരണ വര്‍ഗ്ഗത്തേയും അതു് പിന്തുടരുന്ന ഉദാര നയങ്ങളേയും അതിന്റെ പ്രണേതാക്കളായ സാമ്രാജ്യത്വത്തേയും ധന മൂലധനത്തേയും തുറന്നു് കാട്ടുക, അവയ്ക്കെതിരായി ജനങ്ങളുടെ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നതാണു്.

അത്തരം ജനകീയ സമരങ്ങള്‍ക്കു് പിന്നില്‍ തല്പര കക്ഷികള്‍ അണിനിരക്കുക എന്നതും അവര്‍ക്കനുകൂലമായി സമരത്തെ വക്രീകരിക്കാന്‍ ശ്രമിക്കുക എന്നതും അവരുടെ താല്പര്യ സംരക്ഷണത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി അവര്‍ ചെയ്യുന്നതാണു്. അങ്ങിനെ അണിനിരക്കുന്നവരില്‍ വിരുദ്ധ താല്പര്യമുള്ളവരും ഉണ്ടാകാം. സമരത്തിന്റെ പിന്നില്‍ കാപട്യത്തോടെ ആരെങ്കിലും അണിനിരക്കുന്നതിന്റെ പേരില്‍ അഴിമതി വിരുദ്ധ സമരത്തേയും അഴിമതി വിരുദ്ധ നിലപാടില്‍ ഉറച്ചു് നിന്നു് സമരത്തില്‍ ആത്മാര്‍ത്ഥമായി അണിനിരന്നിരിക്കുന്നവരേയും അടച്ചാക്ഷേപിക്കുന്നതു് യുക്തി സഹമല്ല. ഇന്നത്തെ സങ്കീര്‍ണ്ണവും ഉദ്ദിഗ്നവുമായ ദശാ സന്ധിയില്‍ ഇത്തരം സങ്കീര്‍ണ്ണതകള്‍ കേവലമായ നിലപാടുകളിലൂടെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. അവയിലെ വൈരുദ്ധ്യങ്ങള്‍ കുലങ്കഷമായ വിലയിരുത്തലുകള്‍ക്കു് വിധേയമാക്കുകയും മാറ്റത്തിന്റെ ശക്തികളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും പിന്തിരിപ്പന്‍ ശക്തികളെ ഒറ്റപ്പെടുത്തുകയുമാണു് പുരോഗമന വാദികളുടെ കടമ.

ഭരണ കക്ഷി
ഭരണ കക്ഷി സമരത്തില്‍ ഇടപെടാനും സമരത്തെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടു്. അതു് കൂടുതലും ഭയത്തില്‍ നിന്നുണ്ടായ ഇടപെടലുകളാണു്. അതാണു് മന്ത്രിമാരുടെ അമിത ശുഷ്കാന്തിയും ഹസാരെയോടുള്ള ചര്‍ച്ചയും മറ്റും കാണിക്കുന്നതു്. ചില ഇടപെടലുകള്‍ സമരം മുതലെടുക്കാനുദ്ദേശിച്ചുള്ളതാണു്. പ്രതിപക്ഷത്തെ മാറ്റിനിര്‍ത്തിയുള്ള സംയുക്ത ലോക്പാല്‍ കമ്മിറ്റിയും മറ്റും കാണിക്കുന്നതു് പോലെ. അവരുടെ തന്ത്രം സമരക്കാരെ വിലയ്ക്കെടുക്കുകയോ സങ്കീര്‍ണ്ണമായ നിയമ നിര്‍മ്മാണത്തിന്റെ നൂലാമാല ചൂണ്ടിക്കാട്ടി നാളതു് വരെ തങ്ങളുടെ പിന്തുണക്കാരായിരുന്ന സമരക്കാരെ സമാധാനിപ്പിച്ചു് പിന്മാറ്റുകയോ സാദ്ധ്യമല്ലാതെ വന്നാല്‍ ഭീഷണിപ്പെടുത്തി സമരം പിന്‍വലിപ്പിക്കുകയോ ഒക്കെ ആകാം. എന്നാല്‍ സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍, കൈകാര്യം ചെയ്തരീതി മൂലം, പാളി. അതു് ഭരണ കക്ഷിക്കു് വലിയ തിരിച്ചടിയായി. ജനാധിപത്യ ധ്വംസനത്തിനെതിരെ ഇടതു് പക്ഷവും പ്രതിപക്ഷമൊന്നാകെയും രംഗത്തു് വന്നതും ഭരണ പക്ഷത്തെ വെട്ടിലാക്കി. ഇത്തരുണത്തില്‍, ഇടതു് പക്ഷത്തിന്റെ സമര പങ്കാളിത്തം ഭരണക്കാരെ കൂടുതല്‍ വിട്ടു് വീഴ്ചകള്‍ക്കു് നിര്‍ബ്ബന്ധിതമാക്കും. ശക്തമായ അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ക്കും വഴിയൊരുക്കും. അഴിമതി മൂലധനാധിപത്യത്തിന്റെ നിലനില്പിന്റെ മാര്‍ഗ്ഗമായിരിക്കെ പൊതു മുതലിന്റെ കൊള്ള എത്ര പരിമിതമായി പോലും അസാദ്ധ്യമാകുന്നതു് മുതലാളിത്ത പ്രതിസന്ധി രൂക്ഷമാക്കും.

ജനങ്ങള്‍ക്കു് സര്‍ക്കാരിനോടുള്ള രോഷം വഴിമാറ്റി വിടുകയാണു് സമരത്തിലൂടെ നടക്കുന്നതെന്നാണു് ഒരു വാദം. പ്രഷര്‍ കുക്കറിന്റെ സേഫ്റ്റിവാല്‍വു് പൊട്ടിത്തെറി ഒഴിവാക്കുന്നതു് പോലെ സര്‍ക്കാരിനെതിരായ ജനരോഷത്തിന്റെ മര്‍ദ്ദം കുറച്ചു് സര്‍ക്കാരിന്റെ പതനവും ബദല്‍ സംവിധാനം വരുന്നതും ഒഴിവാക്കി ആ സര്‍ക്കാരിനെ സഹായിക്കുന്നതാണു് പോലും ഈ സമരം. ഈ വാദഗതി സര്‍ക്കാരിന്റെ താല്പര്യത്തില്‍ ശരിയാണു്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതു് പോലെ തന്നെ കാര്യങ്ങള്‍ നടന്നാല്‍. സമരങ്ങളോടുള്ള തൊഴിലാളി വര്‍ഗ്ഗ നിലപാടിനെ മുതലെടുക്കാന്‍ ചില മാനേജ്മെന്റു് വിദഗ്ദ്ധര്‍ പറയാറുള്ള ഒരു വാദഗതിയാണതു്. കമ്പിത്തപാല്‍ തൊഴിലാളികളായ ഞങ്ങളുടെ സമ്മേളനത്തില്‍ വന്നു് 1987 ല്‍ ടെലികോം വകുപ്പിലെ സംയുക്ത ചര്‍ച്ചാവേദിയുടെ ചാര്‍ജ്ജുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞും ഞാന്‍ ഇതു് കേട്ടിട്ടുണ്ടു്. പക്ഷെ, ജനങ്ങളേയും തൊഴിലാളി വര്‍ഗ്ഗത്തേയും സംബന്ധിച്ചിടത്തോളം സമരം ഒരു തുടര്‍ പ്രക്രിയയാണു്. ചില ഘട്ടങ്ങളില്‍ ഒത്തു് തീര്‍പ്പുകള്‍ വേണ്ടിവരും. ചില സമരങ്ങള്‍ വിജയമായിരിക്കും. ചില സമരങ്ങള്‍ പരാജയപ്പെടും. വിജയമായാല്‍ അതിന്റെ നേട്ടം ഉപയോഗിച്ചും പരാജയപ്പെട്ടാല്‍ അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടും വീണ്ടും വര്‍ദ്ധിച്ച വീറോടെ സമര രംഗത്തിറങ്ങാന്‍ വര്‍ഗ്ഗ ഭരണം നിലനില്‍ക്കുവോളം ജനങ്ങളും തൊഴിലാളികളും നിര്‍ബന്ധിതരാണു്. അതിനാല്‍, ഏതു് സമരത്തേയും ഭരണ വര്‍ഗ്ഗത്തിനു് ആശ്വാസം പകരുന്ന ഒന്നായിട്ടും കാണാം. ഭരണ വര്‍ഗ്ഗത്തെ പരാജയപ്പെടുത്തി, ഭരണാധികാരം തൊഴിലാളി വര്‍ഗ്ഗം പിടിച്ചെടുക്കുന്ന സമരത്തെ പോലും അത്തരത്തില്‍ ആശ്വാസം പകരുന്നതായി അവതരിപ്പിക്കാം. പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ചു് കഴിഞ്ഞല്ലോ ? ഇനി കൂടുതല്‍ അപകടം, ഇനിയൊരു പൊട്ടിത്തെറി ഒഴിവാകുമല്ലോ ? എന്നിങ്ങെനെയും ചിന്തിക്കാം!

സമരത്തെ തൊഴിലാളി വര്‍ഗ്ഗ പക്ഷത്തു് നിന്നു് വിലയിരുത്തുന്ന രീതി പ്രഷര്‍ കുക്കര്‍ ഉദാഹരണത്തിലൂടെയല്ല. അഥവാ പ്രഷര്‍ കുക്കര്‍ ഉപമ ഉപയോഗിക്കുകയാണെങ്കില്‍, അതിനു് മറ്റൊരു വ്യാഖ്യാനമാണുള്ളതു്. പ്രഷര്‍ കുക്കര്‍ ബഹജന സമരമോ തൊഴിലാളി സമരമോ മാത്രമല്ല, മൊത്തം മുതലാളിത്ത വ്യവസ്ഥിതി തന്നെയാണു്. അതിനുള്ളില്‍ വര്‍ഗ്ഗ മര്‍ദ്ദനത്തിന്റേയും വര്‍ഗ്ഗ ചൂഷണത്തിന്റേയും വര്‍ഗ്ഗ സമരത്തിന്റേയും അമിതോല്പാദന പ്രതിസന്ധിയുടേയും വ്യാപാര മാന്ദ്യത്തിന്റേയും കോളനി വെട്ടിപ്പിടുത്തത്തിന്റേയും ലോക മഹായുദ്ധങ്ങളുടേയും ഉല്പാദന ശക്തികളുടെ വളര്‍ച്ചയുടേയും ബോധപൂര്‍വ്വമുള്ള നശീകരണത്തിന്റേയും ഭ്രാന്തന്‍ പ്രക്രിയകളാണു് നടക്കുന്നതു്. ചിലപ്പോള്‍ പുറത്തേയ്ക്കു് നീരാവി ചീറ്റും. അങ്ങിനെ ചീറ്റി പോകുന്ന അവസരങ്ങളാണു് മുകളില്‍ പറഞ്ഞ പല നിര്‍ണ്ണായക പ്രതിസന്ധികളും. തൊഴിലാളി സമരങ്ങള്‍ മാത്രമല്ല. പ്രഷര്‍ കുക്കറിന്റെ സുരക്ഷാ വാല്‍വിന്റെ ധര്‍മ്മം പൊട്ടിത്തെറി ഒഴിവാക്കുകയാണെന്നതു് മുതലാളിത്തത്തിന്റെ സൌകര്യമാണു്. അതിനെ പൊട്ടിത്തെറി ആസൂത്രിതമായി നടത്താന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് ഉപയോഗിക്കാനും കഴിയും. വാല്‍വിനു് മേല്‍ ചെറിയ മര്‍ദ്ദം കൊടുത്തു് അകത്തെ മര്‍ദ്ദം എത്ര വേണമെങ്കിലും ഉയര്‍ത്താനും തങ്ങള്‍ നിശ്ചയിക്കുന്ന സന്ദര്‍ഭത്തില്‍ മുതലാളിത്ത വ്യവസ്ഥയെന്ന പ്രഷര്‍ കുക്കര്‍ പൊട്ടിച്ചു് കളയാനും പുതിയ വ്യവസ്ഥിതി കെട്ടിപ്പടുക്കാനും തൊഴിലാളി വര്‍ഗ്ഗത്തിനുള്ള സൌകര്യം ഒരുക്കുന്നതിനാലാണതു് കഴിയുന്നതു്. ഏതായാലും പ്രഷര്‍കുക്കര്‍ തിയറി സമരത്തോടുള്ള തൊഴിലാളി വര്‍ഗ്ഗ വ്യാഖ്യാനത്തിനു് നിരക്കുന്നതല്ല. അണ്ണാ സംഘം നയിച്ച അഴിമതി വിരുദ്ധ സമരം കൊണ്ടു് യുപിഎ സര്‍ക്കാരിനു് നേട്ടമല്ല, കോട്ടമാണു് ഉണ്ടായിട്ടുള്ളതു്, മുതലാളിത്തത്തിനു് മൊത്തത്തില്‍ ഇനിയും ഉണ്ടാകാന്‍ പോകുന്നതും നേട്ടമല്ല.

ബിജെപി
ബിജെപിയാകട്ടെ, സമരത്തെ തട്ടിക്കൊണ്ടു് പോകാനും കോണ്‍ഗ്രസിനെതിരെ ജനങ്ങളെ അണിനിരത്തി ഭരണം പിടിച്ചെടുക്കാനും ശ്രമിക്കുന്നതു് പ്രതിപക്ഷമെന്ന പങ്കിനു് ചേര്‍ന്നതു് തന്നെ. അവരേയും കുറ്റം പറഞ്ഞിട്ടു് കാര്യമില്ല. സംസ്ഥാനങ്ങളില്‍ ബിജെപി ഭരണങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നതിനാല്‍ അഴിമതി വിരുദ്ധ സമരം നേരിട്ടു് നടത്താന്‍ അവര്‍ക്കാവാത്ത സ്ഥിതിയുണ്ടു്. അതിനു് പരിഹാരമായി അണ്ണാ സമരത്തെ ഉപയോഗിച്ചു് അഴിമതി വിരുദ്ധ മുഖം കൈവരിക്കാനും ജനശ്രദ്ധ തിരിച്ചു് വിടാനും അവര്‍ ശ്രമിക്കുന്നുണ്ടു്. ഇടതു് പക്ഷം ഇടപെട്ടു് മാത്രമേ സമരത്തെ അത്തരം മുതലെടുപ്പുകളില്‍ നിന്നു് രക്ഷിക്കാനാവൂ. മൂലധനാധിപത്യ വ്യവസ്ഥയുടെ പ്രയോക്താക്കളും ഗുണഭോക്താക്കളുമെന്ന നിലയില്‍ ബിജെപിക്കു് പൊതു മുതലിന്റെ കൊള്ളയോ ഇതര അഴിമതിയോ അവസാനിപ്പിക്കുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. വെറും മുതലെടുപ്പിനു് മാത്രം അഴിമതി വിരുദ്ധത പറയുന്നു എന്നേയുള്ളു. സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ നടത്തുന്ന അഴിമതികളും അവരുടെ ധന മൂലധന പ്രീണന നയങ്ങളും ഇക്കാര്യം തെളിയിക്കുന്നു.

എന്‍ജിഓകളും സാമ്രാജ്യത്വവും
അണ്ണാ ഹസാരെ സമരത്തിന്റെ പുറകില്‍ അണിനിരന്നിരിക്കുന്നതു് സന്നദ്ധ സംഘടനകളാണെന്നതു് നേരു്. അത്തരം സംഘടനകള്‍ നിലവിലുള്ള വ്യവസ്ഥ നിലനിര്‍ത്തുക എന്ന ദൌത്യമാണു് നിര്‍വഹിക്കുന്നതു് എന്നതും നേരു്. പല സംഘടനകള്‍ക്കും പിന്നില്‍ സാമ്രാജ്യത്വം കളിക്കുന്നുണ്ടെന്നതും ശരി. ഇവിടെ അണ്ണാ ഹസാരേയ്ക്കു് പിന്നില്‍ അണിനിരന്നിരിക്കുന്ന സംഘടനകള്‍ക്കു് വിദേശ പണം കിട്ടുന്നുണ്ടാകാം. അവയ്ക്കു് പിന്നിലും സാമ്രാജ്യത്വ അജണ്ടകളുണ്ടാകാം. ഒരു പക്ഷെ, സാമ്രാജ്യത്വത്തിനു് ഇന്ത്യാ സര്‍ക്കാരിനു് തലവേദന സൃഷ്ടിക്കുക എന്ന അജണ്ട പോലും ഉണ്ടാകാം. ഇന്നു് ഇന്ത്യയാണു് ചൈനക്കു് ശേഷം അമേരിക്ക ഏറ്റവുമേറെ കടപ്പെട്ടിരിക്കുന്നതു്. ചൈന ആ കടം ഉപയോഗിച്ചു് സാമ്രാജ്യത്വ മേധാവിത്വം തകര്‍ക്കാനായിരിക്കും നോക്കുക. ഇന്ത്യ പക്ഷെ, മുതലാളിത്ത താല്പര്യം കാരണം അങ്ങിനെയായിക്കൊള്ളണമെന്നില്ല. അതേ സമയം, ഇന്ത്യന്‍ താല്പര്യം സംരക്ഷിക്കാനുള്ള ഇന്ത്യയുടേയും ഭരണാധികാരികളുടേയും സ്വാഭാവിക ശ്രമങ്ങള്‍ അമേരിക്കക്കു് തലവേദന സൃഷ്ടിക്കാം. അതൊഴിവാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുക സ്വാഭാവികം. അതിന്റെ ഭാഗമാകാം അവരുടെ നോട്ടം. ഇടതു് പക്ഷം മാറി നിന്നാല്‍ അവരുടെ മുതലെടുപ്പും സാധ്യമാകും. മറിച്ചു് ഇടതു് പക്ഷം ഈ സമരത്തെ മുന്നോട്ടു് നയിച്ചാല്‍ അതു് സമ്രാജ്യത്വ അജണ്ടക്കെതിരായി ഉപയോഗപ്പെടും.

കുത്തക മാധ്യമങ്ങള്‍
മാധ്യമങ്ങള്‍ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി ഇത്തരം സമരങ്ങളുടെ പിന്നില്‍ അണിനിരന്നിട്ടുണ്ടു്. ഇത്തരം സമരങ്ങള്‍ വ്യവസ്ഥിതിക്കെതിരല്ലെന്നും അതിന്റെ നിലനില്പിനു് സഹായകരമാകുമെന്നും അവര്‍ കാണുന്നു. ഇടതു് പക്ഷത്തെ പിന്തുണക്കാന്‍ അതേ കാരണം കൊണ്ടു് അവര്‍ക്കു് കഴിയില്ല. അവരോടുള്ള വിരോധം വെച്ചു് സമരത്തെ നാം എതിര്‍ക്കേണ്ടതില്ലല്ലോ ? അവരില്‍ നിന്നു് സമരത്തെ രക്ഷപ്പെടുത്തി മുന്നോട്ടു് നീക്കാന്‍ ഇടതു് പക്ഷ സഹായവും പങ്കാളിത്തവും ഉപകരിക്കും. മാധ്യമങ്ങള്‍ ഇടതു് പക്ഷ മുന്‍കൈകളെ തമസ്കരിക്കുന്നതിനു് മറ്റു് സമരങ്ങളെ കുറ്റം പറയുന്നതു് പരിഹാരമല്ല. കുത്തക മൂലധനം നിയന്ത്രിക്കുന്ന മാധ്യമങ്ങളെ ആശ്രയിച്ചു് ഇടതു് പക്ഷത്തിനു് മുന്നേറാനാവില്ല. അതിനു് ഇടതു് പക്ഷം ബദല്‍ മാധ്യമങ്ങളുടെ ജനകീയ ശൃംഘല സൃഷ്ടിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു.

കുത്തക മൂലധന ശക്തികള്‍
മൂലധനാധിപത്യത്തിന്റെ ചില വിഭാഗങ്ങള്‍ ഈ സമരത്തിനു് പിന്നിലുണ്ടു്. ശരിയാണു്. ഇന്നു് നടക്കുന്ന കൊള്ളയില്‍ എതിര്‍പ്പുള്ളവരാകാം, കൊള്ളമുതല്‍ പങ്കു് വെയ്ക്കുന്നതില്‍ അസംതൃപ്തരായവരാകാം. ഏതായാലും മൂലധനാധിപത്യ ശക്തികള്‍ക്കിടയിലെ, മൂലധന വ്യവസ്ഥയിലെ, വിള്ളലോ നിലനില്‍ക്കുന്ന പ്രശ്നങ്ങളോ ആണു് വെളിവാക്കപ്പെടുന്നതു്. അവ മുതലെടുത്തു് സമരത്തെ മുന്നോട്ടു് നീക്കാന്‍ ഇടതു് പക്ഷ ഇടപെടല്‍ ആവശ്യമാണു്.

ഇടതു് പക്ഷം
മേല്പറഞ്ഞവയെല്ലാം നിലവിലുള്ള വ്യവസ്ഥിതിക്കുള്ളില്‍ രൂപം കൊള്ളുന്ന വൈരുദ്ധ്യങ്ങളുടെ പ്രതിഫലനമാണു്. അവയെ ഉപയോഗിക്കുകയും അവ മൂര്‍ച്ഛിപ്പിക്കുകയും ജനങ്ങളെ അണിനിരത്തി മുന്നേറുകയുമാണു് ഇടതു് പക്ഷത്തിന്റെ കടമ. ജനങ്ങള്‍ അഴിമതിക്കെതിരെ രംഗത്തു് വരുന്നു. ഇടതു് പക്ഷവും കൂടി ചേര്‍ന്നാല്‍ നല്ലൊരു ശക്തിയാകും. സമരം ശക്തമായി മുന്നേറിയാല്‍ ഇടതു് പക്ഷത്തിനു് നേട്ടമേ ഉണ്ടാകൂ. കോട്ടം ഭരണ വര്‍ഗ്ഗത്തിനു് മാത്രമാണു്.

മറിച്ചു് സമരത്തിന്റെ ഒരു ഘട്ടത്തില്‍, സമരത്തില്‍ നിന്നു് ഹസാരേയും കൂട്ടരും പിന്മാറിയാല്‍ അതു് സമര സജ്ജരായി രംഗത്തു് വന്നിട്ടുള്ള ജനങ്ങള്‍ സഹിക്കില്ല. അവര്‍ കൂടുതല്‍ വിശ്വസ്തരായ ഇടതു് പക്ഷത്തേക്കു് മാറി ചിന്തിക്കുക സ്വാഭാവികം. കാരണം ഇടതു് പക്ഷമാണു് അഴിമതിക്കെതിരായി ആത്മാര്‍ത്ഥമായി നിലകൊള്ളുന്ന ഒരേ ഒരു വിഭാഗമെന്നു് ജനങ്ങള്‍ക്കറിയാം. അവര്‍ പക്ഷെ ഇടതു് പക്ഷത്തണിനിരക്കാത്തതു് മറ്റു് രാഷ്ട്രീയ നിലപാടുകളിലെ മുന്‍വിധി കാരണമാണു്. അവരിലേക്കെത്താന്‍ ഇടതു് പക്ഷത്തിനാകാത്തതും കാരണമാണു്. അതിനുള്ള ഒരവസരമായി ഈ സമരം ഉപകരിക്കുന്നു. അതാകട്ടെ, ഇടതു് പക്ഷത്തിനു് മുന്നേറാനുള്ള മാര്‍ഗ്ഗം തന്നെയാണു്.

ഇവയെല്ലാം സമരത്തിന്റെ ഗതി വിഗതികളില്‍ ഉണ്ടാകാവുന്ന വളവു് തിരിവുകള്‍ക്കനുസരിച്ചു് വ്യത്യസ്തമാകാം. എങ്കിലും നേട്ടം ജനങ്ങള്‍ക്കും ഇടതു് പക്ഷത്തിനും തന്നെ. കാരണം, ഈ സമരത്തിനാധാരമായ വിഷയം ഇടതു് പക്ഷ സൃഷ്ടിയല്ല, പ്രതിസന്ധിയും ഇടതു് പക്ഷത്തിന്റേതല്ല, ഭരണവര്‍ഗ്ഗത്തിന്റേതാണു്. അതുപയോഗിക്കുകയും ജനങ്ങളെ അണിനിരത്തുകയും കൂടുതല്‍ ജനകീയ സമരങ്ങളിലേക്കു് നയിക്കുകയുമാണു് ഇടതു് പക്ഷം ചെയ്യേണ്ടതു്.

അഴിമതിയും കൈക്കൂലിയും
വലിയ അഴിമതിയും ചെറിയ അഴിമതിയും എന്ന ഒരു വേര്‍തിരിവു് ചിലര്‍ കൊണ്ടു് വന്നു് കാണുന്നു. ഹസാരെ സമരത്തില്‍ ഉയര്‍ത്തപ്പെട്ട ആവശ്യം ജനങ്ങളെ നേരിട്ടു് ബാധിക്കുന്ന ബാബുമാരുടെ അഴിമതിയായിരുന്നു. ദൃശ്യമാധ്യമക്കാര്‍ നടത്തിയ മുഖാമുഖങ്ങളില്‍ സാധാരണക്കാര്‍ ഉന്നയിച്ചവ ഏറിയ കൂറും അത്തരത്തിലുള്ളവയായിരുന്നു. അതു് സ്വാഭാവികം. അവര്‍ക്കറിയുന്നതു് അവയാണു്. കോര്‍പ്പറേറ്റു് തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതികള്‍ മൂടിവെയ്ക്കാന്‍ ബാദ്ധ്യതപ്പെട്ട കുത്തക മാധ്യമങ്ങളായിരുന്നു അവയ്ക്കു് പ്രചരണം കൊടുക്കാതിരുന്നതു്. പക്ഷെ, സമരം ഉയര്‍ന്നതു് തന്നെ കോര്‍പ്പറേറ്റു്-രാഷ്ട്രീയാഴിമതികളുടെ പശ്ചാത്തലത്തിലാണു്. അതിനെതിരായ പ്രതികരണമായാണു്. സ്വാഭാവികമായും അവയും ജനങ്ങളുടെ ശ്രദ്ധയിലേക്കു് വരാന്‍ സമരം ഉപകരിച്ചിട്ടുണ്ടു്. ഇടതു് പക്ഷത്തിന്റെ ഇടപെടല്‍ ആ ദിശയിലേക്കു് ചര്‍ച്ച തിരിച്ചു് വിടുകയും ചെയ്തു. മാത്രമല്ല, അഴിമതിക്കോ കൈക്കൂലിക്കോ മാത്രം, വലിയ അഴിമതിക്കോ ചെറിയ അഴിമതിക്കോ മാത്രം എതിരായ സമരം പോലും തുടങ്ങിക്കഴിഞ്ഞാല്‍ ക്രമേണ എല്ലാ വിധ അഴിമതിക്കും എതിരായ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തും. എന്തെന്നാല്‍, ഉദ്യോഗസ്ഥ തലത്തില്‍, താഴേ തട്ടിലുള്ള അഴിമതിയിലുണ്ടാകുന്ന കുറവും മൂലധനത്തെ തന്നെയാണു് ബാധിക്കുന്നതു്. കാരണം, കൈക്കൂലിയിലൂടെ കാര്യം കാണുന്നതു് ഏറിയകൂറും മൂലധന ഉടമകള്‍ തന്നെയാണു്. പാവപ്പെട്ടവനു് പാവപ്പെട്ടവനായതിനാല്‍ തന്നെ കൈക്കൂലി കൊടുക്കാനുള്ള കഴിവില്ല. ചെറുകിടമുതലാളിക്കു് പോലും അഴിമതി ഗുണകരമല്ല. കാരണം, അവര്‍ക്കു് കുത്തക മുതലാളിയുമായി കൈക്കൂലിക്കാര്യത്തില്‍ മത്സരിക്കാനുള്ള കഴിവില്ല. ഉദ്യോഗസ്ഥനു് കിട്ടുന്ന കൈക്കൂലി മൂലധന ഉടമകള്‍ക്കു് നല്‍കുന്ന പ്രത്യേകാനുകൂല്യങ്ങള്‍ക്കുള്ള പ്രതിഫലമാണു്. തുടര്‍ന്നു്, കൈക്കൂലിയോടുള്ള ആകര്‍ഷണം മൂലം ധനമൂലധന ശക്തികള്‍ നടത്തുന്ന പൊതുമുതല്‍ കൊള്ളയ്ക്കു് കൂട്ടു് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ അതു് മൂലം തന്നെ അഴിമതി ഭരണത്തിനു് അനുകൂലമായി ചിന്തിക്കുകയും അതു് നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുക സ്വാഭാവികമാണു്. അഴിമതിയും കൈക്കൂലിയും മൊത്തത്തിലോ, അഴിമതിനടക്കുമ്പോള്‍ തന്നെ കൈക്കൂലിമാത്രമായോ പോലും, തടയപ്പെടുന്നതിലൂടെ അഴിമതിയോടുള്ള അവരുടെ ആഭിമുഖ്യം ഇല്ലാതാകുകയും അഴിമതി സംവിധാനം അവസാനിപ്പിക്കാനുള്ള സമരത്തില്‍ അണിനിരിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യും.

ഈ സമരത്തിലൂടെ ഉണ്ടാകുന്ന ജനകീയ ഉണര്‍വ്വും ബോധവല്കരണവും കൂടുതല്‍ ജനാധിപത്യ വിപുലീകരണത്തിനായി ഉപയോഗിക്കാന്‍ ഇടതു് പക്ഷത്തിനു് കഴിയും. പാര്‍ലമെണ്ടിന്റെ പരമാധികാരം എന്നതൊക്കെ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗം അഴിമതി വിഷയത്തില്‍ നിന്നു് ഒളിച്ചോടാനുള്ള മാര്‍ഗ്ഗമായി ഉന്നയിച്ചതാണു്. ഭരണ വര്‍ഗ്ഗത്തിനു് പാര്‍ലമെണ്ടിനോടും ഭരണ ഘടനാ സ്ഥാപനങ്ങളോടുമുള്ള അവജ്ഞ അടിയന്തിരാവസ്ഥയിലും മറ്റും ജനങ്ങള്‍ കണ്ടതാണു്. അവരുടെ ജനാധിപത്യ പ്രേമത്തിനു് അതിലപ്പുറം അര്‍ത്ഥമില്ല. യഥാര്‍ത്ഥത്തില്‍ പാര്‍ലമെണ്ടിനല്ല, ജനങ്ങള്‍ക്കാണു് പരമാധികാരം എന്ന ഭരണ ഘടനാ നിലപാടു് അംഗീകരിച്ചെടുപ്പിക്കുക എന്നതു് ജനകീയ ഇടപെടലുകള്‍ക്കു് ആക്കം കൂട്ടുന്നതും ജനാധിപത്യ വിപുലീകരണത്തിനു് ഉപകരിക്കുന്നതുമാണു്.

ജനപ്രതിനിധികളെ തിരിച്ചു് വിളിക്കാനുള്ള അവകാശം എന്ന ഇടതു് പക്ഷത്തിന്റെ നിലപാടു് ഈ സമരത്തിലൂടെ ഹസാരേയും കൂട്ടരും ഏറ്റെടുത്തിരിക്കുന്നു. ഇടതു് പക്ഷത്തിനു് സന്തോഷിക്കാനുള്ള മറ്റൊരു കാര്യമാണതു്.

ഇടതു് പക്ഷമില്ലാതെ ഈ സമരം അധികം മുന്നോട്ടു് പോകില്ല. ഇടതു് പക്ഷം വിട്ടു് നിന്നാല്‍ ഇത്തരം സമരങ്ങളെ തളര്‍ത്താന്‍ ഭരണ പക്ഷത്തിനു് കഴിയും. ബിജെപി അതിനു് കൂട്ടു് നില്കുകയും ചെയ്യും. മാത്രമല്ല, ഈ സമരത്തിന്റെ പരാജയം ഇടതു് പക്ഷത്തിന്റെ ഭാവി സമരങ്ങളും ഭാഗികമായി പോകാന്‍ ഇടയാക്കും. ഈ സമരത്തില്‍ നിന്നു് വിട്ടു് നില്കുന്ന ഇടതു് പക്ഷത്തെ ഒരു വിഭാഗം ജനങ്ങളെങ്കിലും സംശയത്തോടെ കാണും. അതു് കുറേക്കാലത്തേയ്ക്കു് കൂടിയെങ്കിലും നിലവിലുള്ള വ്യവസ്ഥിതിയുടെ അതിജീവനത്തിനു് സഹായകമാകും. മറിച്ചു്, ഇടതു് പക്ഷവുമായി ചേര്‍ന്നുള്ള ഈ സംയുക്ത സമരത്തിന്റെ ഭാഗികമായി പോലുമുള്ള വിജയമോ പരാജയമോ കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്കുള്ള പശ്ചാത്തലമൊരുക്കുക മാത്രമാണു് ചെയ്യുക.

ചുരുക്കത്തില്‍ ഈ സമരത്തില്‍ പങ്കെടുക്കുന്നതിലൂടെ ജനങ്ങള്‍ക്കു് നേട്ടം മാത്രമാണുണ്ടാവുക, ഇടതു് പക്ഷത്തിന്റെ ശക്തി വര്‍ദ്ധിക്കുക മാത്രമേ ഉള്ളു. ഒന്നും നഷ്ടപ്പെടാനില്ല. ഇടതു് പക്ഷ നിലപാടു് ഈ സമരത്തിനു് അനുകൂലമായിരുന്നു. ഇടതു് പക്ഷം ഈ സമരത്തെ പിന്തുണച്ചിരുന്നു, ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. സ്വതന്ത്രമായി സമരം മുന്നോട്ടു് നയിച്ചിരുന്നു. വരും നാളുകളില്‍ സംയുക്ത സമരത്തിലേക്കു് മുന്നേറാനുള്ള പശ്ചാത്തലം ഒരുക്കപ്പെട്ടിരിക്കുന്നു.

ജോസഫ് തോമസ്.
അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം

No comments:

Blog Archive