Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, September 7, 2011

അഴിമതിയില്‍ കടുത്ത മത്സരം


പൊതുമുതല്‍ കൊള്ളയടിക്കുന്നതിലും മറ്റ് അഴിമതികളിലും പരസ്പരം മത്സരിക്കുന്ന രണ്ടു പാര്‍ടിയാണ് കോണ്‍ഗ്രസും ബിജെപിയും. കൂടുതല്‍ കാലം കേന്ദ്രഭരണത്തിലിരുന്നതുകൊണ്ട് കോണ്‍ഗ്രസിന് വേണ്ടത്ര അവസരം കിട്ടിയെന്നുമാത്രം. ഇരുപാര്‍ടികളുടെയും വര്‍ഗനയം ഒന്നുതന്നെയാണ്. ആഗോളവല്‍ക്കരണനയം നടപ്പാക്കുന്നതിലും ഇവര്‍ തമ്മില്‍ ഭേദമൊന്നുമില്ല. കോണ്‍ഗ്രസ് പേരിന് മതനിരപേക്ഷപാര്‍ടിയാണെന്ന് അവകാശപ്പെടാം. ബിജെപിയാകട്ടെ ഹിന്ദുവര്‍ഗീയവാദം അവസരോചിതം ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അതൊരു വര്‍ഗീയപാര്‍ടിയാണെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് വിഷമത്തിലാകുമ്പോള്‍ അഭിപ്രായവ്യത്യാസം മറന്ന് അവരുമായി സഹകരിച്ച ചരിത്രവും ബിജെപിക്കുണ്ട്.

വിലക്കയറ്റത്തിന്റെ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തപ്പോള്‍ ഇരുപാര്‍ടികളും ഒന്നിച്ച് വോട്ടുചെയ്തത് നാം കണ്ടതാണ്. ഒന്നിലധികംതവണ ഇത്തരത്തിലുള്ള സഹകരണം പാര്‍ലമെന്റിലുണ്ടായിട്ടുണ്ട്. ബൊഫോഴ്സ്, മുണ്‍ട്രാ ഇടപാട്, ഹര്‍ഷദ് മേത്ത ഓഹരി, ഹവാല, കോമണ്‍വെല്‍ത്ത് ഗെയിംസ്, 2ജി സ്പെക്ട്രം, മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ്, ഐപിഎല്‍ , കൃഷ്ണ ഗോദാവരി നദീതടങ്ങളിലെ പ്രകൃതിവാതകം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതികള്‍ സാക്ഷാല്‍ കോണ്‍ഗ്രസിന്റെ കണക്കിലുള്ളതാണ്. ബിജെപി കേന്ദ്രഭരണത്തിലുള്ളപ്പോള്‍ ആ പാര്‍ടിയുടെ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ നോട്ടുകെട്ടുകള്‍ എണ്ണിവാങ്ങി പെട്ടിയിലിടുന്നത് തെഹല്‍ക പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചതാണ്. ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിയും ശവപ്പെട്ടി കുംഭകോണവും പെട്രോള്‍പമ്പ് അഴിമതിയും ബിജെപി ഭരണത്തിലാണുണ്ടായത്. കര്‍ണാടകത്തില്‍ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അഴിമതികള്‍ മറനീക്കി പുറത്തുവന്നതാണ്. അദ്ദേഹം പിടിച്ചുനില്‍ക്കാന്‍ പതിനെട്ടടവും പയറ്റി, ഒടുവില്‍ രാജിവച്ചൊഴിയേണ്ടിവന്നു. പകരം സദാനന്ദഗൗഡ മുഖ്യമന്ത്രിയായി. ഖനിരാജാക്കന്മാരായ റെഡ്ഡിസഹോദരന്മാരെ മന്ത്രിസഭയിലുള്‍പ്പെടുത്താത്തതിന്റെ പേരിലുള്ള പ്രതിസന്ധി തുടരുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഖനിരാജാവ് ജനാര്‍ദനറെഡ്ഡിയെയും സഹോദരീഭര്‍ത്താവ് ശ്രീനിവാസറെഡ്ഡിയെയും സിബിഐ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. ഈ രണ്ടുപേരും ബിജെപി നേതാക്കളാണെന്നത് നിഷേധിക്കാന്‍ കഴിയുന്നതല്ല. രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ സിബിഐയെ ദുരുപയോഗിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പതിവാണെന്ന് കുറ്റപ്പെടുത്തി ബിജെപി വക്താവ് അലുവാലിയ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റെഡ്ഡിസഹോദരന്മാരുടെ അറസ്റ്റ് വളരെ നേരത്തെ വേണ്ടതായിരുന്നു എന്നതാണ് പൊതുജനാഭിപ്രായം. കോണ്‍ഗ്രസ് ഭരണാധികാരികള്‍ സിബിഐയെ ആയുധമാക്കാറുണ്ടെന്നത് തികച്ചും ശരിയാണ്. അത്തരത്തിലുള്ള നിരവധി അനുഭവം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ , ജനാര്‍ദനറെഡ്ഡി നിരപരാധിയാണെന്ന് പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത മൂന്നുകോടി രൂപയും 30 കിലോ സ്വര്‍ണവും സിബിഐ പിടിച്ചെടുക്കുകയുണ്ടായി. ശ്രീനിവാസറെഡ്ഡിയുടെ വീട്ടില്‍നിന്നും ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. റെഡ്ഡിസഹോദരന്മാരുടെ കാര്യത്തില്‍ ഇത് നിസ്സാരതുകയായിരിക്കാം. എന്നാല്‍ , 77 ശതമാനം ജനങ്ങള്‍ പ്രതിദിനം 20 രൂപ വരുമാനംകൊണ്ട് ജീവിക്കുന്ന ഈ രാജ്യത്ത്, ഇത് വലിയ തുകതന്നെയാണ്. 20 കോടി രൂപ ചെലവഴിച്ച് കൊട്ടാരം പണിത കുബേരനാണ് ജനാര്‍ദനറെഡ്ഡി. പൊതുമുതല്‍ കൊള്ളയടിച്ച തുകകൊണ്ടാണ് ബല്ലാരിയിലെ റെഡ്ഡിസഹോദരന്മാര്‍ ശതകോടീശ്വരന്മാരായത്. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാണ് ഈ കൊള്ളയടി നടന്നതെന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. അനധികൃതമായി ഇരുമ്പയിര് കുഴിച്ചെടുത്ത് നാട് കൊള്ളയടിക്കുകയായിരുന്നു ഇക്കൂട്ടര്‍ . ആന്ധ്രയുടെയും കര്‍ണാടകയുടെയും അതിര്‍ത്തിയിലാണ് ഈ കൊള്ളയടി. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖരറെഡ്ഡിയുടെ സഹായം ഇക്കൂട്ടര്‍ക്ക് ലഭിച്ചിരുന്നു. അദ്ദേഹം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെതുടര്‍ന്ന് റോസയ്യസര്‍ക്കാര്‍ അധികാരത്തില്‍വന്ന സന്ദര്‍ഭത്തിലാണ് 2009 ഡിസംബറില്‍ റെഡ്ഡിസഹോദരന്മാര്‍ക്കെതിരെ സിബിഐ കേസ് ചാര്‍ജുചെയ്തത്.

വൈ എസ് രാജശേഖരറെഡ്ഡി കോണ്‍ഗ്രസിന്റെ ദേശീയനേതാവായി ഉയര്‍ത്തിക്കാട്ടപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുകയും അതേ അവസ്ഥ തുടരുകയും ചെയ്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളായ റെഡ്ഡിസഹോദരന്മാരും ചേര്‍ന്നുള്ള ഈ കൊള്ളയടി വിരാമമില്ലാതെ തുടര്‍ന്നേനെ. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ജഗന്‍മോഹന്‍റെഡ്ഡി കോണ്‍ഗ്രസിനെതിരായി തിരിഞ്ഞു എന്ന ഒറ്റക്കാരണത്താലാണ് സിബിഐ അന്വേഷണം ആവഴിക്ക് പോയത്. എന്നിട്ടും രണ്ടുവര്‍ഷം കഴിഞ്ഞാണ് അറസ്റ്റ് നടന്നത്. ജനാര്‍ദനറെഡ്ഡിയെയും സഹോദരീഭര്‍ത്താവിനെയും ജാമ്യത്തിലിറക്കാന്‍ 11 അഭിഭാഷകരാണ് സിബിഐ കോടതിയില്‍ ഹാജരായതെന്നത് ഇവരുടെ പണക്കൊഴുപ്പ് വ്യക്തമാക്കാനുതകുന്നതാണ്. പണം വാരിവിതറിയാണ് ഇവര്‍ രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിച്ചതും തെരഞ്ഞെടുപ്പില്‍ ജയിച്ചതും. റെഡ്ഡിസഹോദരന്മാരുടെ പണത്തിന്റെ കുത്തൊഴുക്കിനുമുമ്പില്‍ ബിജെപി നേതാക്കളുടെ കണ്ണ് മഞ്ഞളിച്ചുപോയി. പ്രതിപക്ഷനേതാവ് സുഷമ സ്വരാജാണ് റെഡ്ഡിസഹോദരന്മാര്‍ക്ക് സഹായവും സംരക്ഷണവും നല്‍കിയത്. അഴിമതി നടത്തുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും മത്സരിക്കുകയായിരുന്നു. അഴിമതിക്കെതിരെയുള്ള അവരുടെ രോഷപ്രകടനം വെറും അഭിനയംമാത്രമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ . കോണ്‍ഗ്രസും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞുകഴിഞ്ഞു. ഇക്കൂട്ടരുടെ തനിനിറം മനസ്സിലാക്കാന്‍ , ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങളെ സഹായിക്കുമെന്ന് കരുതാം. ഈ കൊള്ളയടി അവസാനിപ്പിച്ചേ മതിയാകൂ.

(ദേശാഭിമാനി-എഡിറ്റോറിയല്‍-07-09-2011)

No comments:

Blog Archive